(1) ഭയങ്കരമായ ആ സംഭവം.
(2) ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
(3) ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
(4) മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
(5) പര്‍വ്വതങ്ങള്‍ കടഞ്ഞു വിതറപ്പെട്ട പഞ്ഞു പോലെയും ആയിത്തീരും.
(6) അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
(7) അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.(1)
1) സല്‍കര്‍മങ്ങളുടെ തുലാസ്സു തട്ടുകള്‍ക്ക് ഘനമുണ്ടെങ്കില്‍ പരലോകത്ത് സംതൃപ്തമായ ജീവിതം ഉറപ്പാണെന്നര്‍ത്ഥം. കര്‍മങ്ങളുടെ തൂക്കവും, അത് കണക്കാക്കാനുള്ള തുലാസ്സും അദൃശ്യലോകത്തെ യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശുദ്ധഖുര്‍ആന്‍ നമുക്ക് വെളിപ്പെടുത്തിത്തന്ന കാര്യങ്ങളാണ്. അതിന്റെ വിശദാംശങ്ങള്‍ ഈ ഭൗതിക ലോകത്തുവെച്ച് നമുക്ക് ഗ്രഹിക്കാനാവില്ല.
(8) എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
(9) അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
(10) ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
(11) ചൂടേറിയ നരകാഗ്നിയത്രെ അത്.