(1) ഹേ, പുതച്ചു മൂടിയവനേ,(1)
1) നബി(ﷺ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച വഹ്യ് സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനങ്ങളായിരുന്നു. ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്യൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ജിബ്രീലിനെ നബി(ﷺ) കണ്ടതിനെത്തുടർന്ന് പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്.
(2) എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
(3) നിന്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക.
(4) നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക.
(5) പാപം വെടിയുകയും ചെയ്യുക.
(6) കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്.(2)
2) ജനങ്ങളില്‍ നിന്ന് പ്രത്യുപകാരമോ, ആനുകൂല്യങ്ങളോ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാകരുത് ഒരു സത്യവിശ്വാസി ഔദാര്യം കാണിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രമേ സത്യവിശ്വാസി ചെയ്യുന്ന ഏത് സല്‍കര്‍മത്തിന്റെയും ആത്യന്തികലക്ഷ്യമാകാവൂ.
(7) നിന്റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
(8) എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍
(9) അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
(10) സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
(11) എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3)
3) അവനെ അല്ലാഹു തന്നെ കൈകാര്യം ചെയ്തുകൊള്ളും എന്നര്‍ത്ഥം.
(12) അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
(13) സന്നദ്ധരായി നില്ക്കുന്ന സന്തതികളെയും (കൊടുത്തു).
(14) അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
(15) പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന് മോഹിക്കുന്നു.
(16) അല്ല, തീര്‍ച്ചയായും അവന് നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
(17) പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്.
(18) തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
(19) അതിനാല്‍ അവന് നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്?
(20) വീണ്ടും അവന് നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്?
(21) പിന്നീട് അവനൊന്നു നോക്കി.
(22) പിന്നെ അവന് മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
(23) പിന്നെ അവന് പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
(24) എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
(25) ഇത് മനുഷ്യന്റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(4)
4) നബി(ﷺ)യെ സന്ദര്‍ശിക്കുകയും വിശുദ്ധഖുര്ആന് അല്ലാഹുവിൽ നിന്നുള്ള വെളിപാടാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനുശേഷം അബൂജഹലിന്റെയും മറ്റും പ്രേരണയ്ക്കുവഴങ്ങി നബി(ﷺ)യെ തള്ളിപ്പറഞ്ഞ വലീദുബ്നു മുഗീറഃ എന്ന ഖുറൈശി പ്രമുഖന്റെ കാര്യത്തിലാണ് 11 മുതല്‍ 30 വരെ വചനങ്ങള്‍ അവതരിച്ചത്. അത്തരം നിലപാട് സ്വീകരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകമത്രെ.
(26) വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്.
(27) സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
(28) അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
(29) അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്.
(30) അതിന്റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്.
(31) നരകത്തിന്റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.(5) വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും 'അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെ'ന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
5) അഭൗതിക വിഷയങ്ങളെപ്പറ്റിയുള്ള ഏത് വിശദീകരണത്തെയും സത്യനിഷേധികള്‍ പുച്ഛിച്ചു തള്ളുകയാണ് പതിവ്. നരകത്തിന്റെ കാവല്‍ക്കാരായ മലക്കുകളുടെ എണ്ണവും അതുപോലെ അവരുടെ പരിഹാസത്തിന് വിധേയമാകുക സ്വാഭാവികമാണ്.
6) തൗറാത്തിലും ഇന്‍ജീലിലും മലക്കുകളെപ്പറ്റിയും സ്വര്‍ഗനരകങ്ങളെപ്പറ്റിയും ധാരാളം പരാമര്‍ശങ്ങളുള്ളതിനാല്‍ വേദക്കാര്‍ക്ക് ഈ വിഷയം അപരിചിതമായി തോന്നാനിടയില്ല.
7) 'എന്താണൊരു പത്തൊമ്പതിന്റെ കണക്ക്? പതിനെട്ടോ ഇരുപതോ അതില്‍ കൂടുതലോ കുറവോ ആയിക്കൂടെ' എന്നായിരിക്കും വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ അല്ലാഹുവിന്റെ നിശ്ചയങ്ങള്‍ അവന്റെ ഹിതവും യുക്തിയുമനുസരിച്ചുള്ളതാണ്. സൃഷ്ടികള്‍ക്ക് അവ യുക്തിപരമായി തോന്നിയേതീരൂ എന്ന് ശഠിക്കുന്നത് നിരര്‍ത്ഥകമാണ്. ഈ പത്തൊമ്പതിന് ചുറ്റും പലരും പലതരം ഊഹങ്ങള്‍ നെയ്തെടുത്തിട്ടുണ്ട്. ഖണ്ഡിതമായ തെളിവുകളുടെ പിന്‍ബലമില്ലാത്ത നിഗമനങ്ങള്‍ക്കൊപ്പിച്ച് ഖുര്‍ആന്‍ വാക്യങ്ങള്‍ വ്യാഖ്യാനിക്കുന്നത് അസംഗതമത്രെ.
(32) നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
(33) രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
(34) പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
(35) തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
(36) മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
(37) അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് പോകുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്.(8)
8) താക്കീതുകള്‍ ശ്രദ്ധിച്ചു സന്മാര്ഗത്തിലൂടെ മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാം. താക്കീതുകള്‍ അവഗണിച്ചു പിറകോട്ടു പോകുന്നവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്.
(38) ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(9)
9) ഏതൊരു മനുഷ്യനും ഇഹലോകത്ത് ചെയ്ത കര്‍മങ്ങളുടെ ഫലങ്ങള്‍ എന്നെന്നേക്കുമായി അനുഭവിക്കാന്‍ വിധിക്കപ്പെട്ടവനായിരിക്കും എന്നര്‍ത്ഥം.
(39) വലതുപക്ഷക്കാരൊഴികെ.(10)
10) സത്യവിശ്വാസം കൈകൊള്ളുകയും ദുഷ്കര്‍മങ്ങളെക്കാളധികം സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവര്‍ തങ്ങളുടെ ചില്ലറ തെറ്റുകള്‍ക്ക് ശിക്ഷയനുഭവിക്കേണ്ടിവരില്ല. ബോധപൂര്‍വം കുറ്റം ചെയ്യുകയും പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്നവര്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണ്ടിവരും.
(40) ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
(41) കുറ്റവാളികളെപ്പറ്റി.
(42) നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്.
(43) അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
(44) ഞങ്ങള്‍ അഗതിക്ക് ആഹാരം നല്കുമായിരുന്നില്ല.
(45) തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
(46) പ്രതിഫലത്തിന്റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
(47) അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
(48) ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
(49) എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
(50) അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
(51) സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍).
(52) അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്.(11)
11) മുഹമ്മദ് നബി(ﷺ)യെ പ്രവാചകനായി അംഗീകരിക്കാത്ത സത്യനിഷേധികളില്‍ ഓരോരുത്തരും, താന്‍ വിശ്വസിക്കണമെങ്കില്‍ തനിക്ക് തന്നെ നേരിട്ട് വേദം ലഭിച്ചേ തീരൂ എന്ന നിലപാടുകാരായിരുന്നുവെന്നര്‍ഥം.
(53) അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
(54) അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
(55) ആകയാല്‍ ആര് ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
(56) അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനം (നൽകാൻ) അവകാശപ്പെട്ടവനും.