111 - Al-Masad ()

|

(1) അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.(1)
1) നബി(ﷺ)യുടെ പിതൃവ്യനായിരുന്നു അബൂലഹബ് എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട അബ്ദുല്‍ ഉസ്സാ. നബി(ﷺ)യുടെ പ്രബോധനത്തോട് കടുത്ത എതിര്‍പ്പു പുലര്‍ത്തുകയും നബി(ﷺ)ക്ക് എതിരില്‍ ദുഷ്പ്രചരണം നടത്തുകയും നബി(ﷺ)യെ പല വിധത്തില്‍ ദ്രോഹിക്കുകയും ചെയ്തുപോന്നതിനാല്‍ അയാള്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് പാത്രമാവുകയാണുണ്ടായത്.

(2) അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.

(3) തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ കടന്നെരിയുന്നതാണ്‌.

(4) വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.

(5) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(2)
2) 'വിറകുചുമട്ടുകാരി' എന്നത് ഏഷണിക്കാരി എന്ന അര്‍ത്ഥത്തിലുള്ള അലങ്കാര പ്രയോഗമാണെന്നാണ് ചില വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്. നബി(ﷺ) നടക്കുന്ന വഴിയില്‍ അവള്‍ മുള്ളുകള്‍ കൊണ്ടുവന്ന് ഇട്ടിരുന്നതുകൊണ്ടാണ് അവളെ അങ്ങനെ വിശേഷിപ്പിച്ചതെന്നാണ് മറ്റൊരഭിപ്രായം. അവളുടെ കഴുത്തില്‍ കയറുണ്ടായിരിക്കും എന്ന് പറഞ്ഞത് മുള്ളുകെട്ടിക്കൊണ്ടുവരാന്‍ വേണ്ടി കയറും കഴുത്തിലിട്ട് നടക്കുകയാണവള്‍ എന്ന അര്‍ത്ഥത്തിലായിരിക്കാം. നരകത്തില്‍ അവള്‍ക്ക് ലഭിക്കാന്‍ പോകുന്ന ശിക്ഷയാണ് അതുകൊണ്ടുദ്ദേശ്യമെന്നാണ് ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം.