(1) അത്തിയും, ഒലീവും തന്നെ സത്യം.
(2) സീനാപര്‍വ്വതവും തന്നെ സത്യം.
(3) നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
(4) തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
(5) പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.(1)
1) മറ്റൊരു ജന്തുവര്‍ഗത്തിനും നേടാന്‍ സാധിക്കാത്ത നിരവധി നേട്ടങ്ങള്‍ നേടിയെടുക്കാന്‍ പാകത്തിലുള്ള സവിശേഷഘടനയോടെയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. മറ്റൊരു ജന്തുവിനും സാധിക്കാത്തവിധം അത്യന്തം ദുഷ്ടവും ഹീനവുമായ നിലവാരത്തിലേക്ക് അധഃപതിക്കാനുള്ള സാധ്യതയും മനുഷ്യന്റെ ഘടനയില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഔന്നത്യത്തിലേക്കും അധഃപതനത്തിലേക്കും നയിക്കുന്ന ജീവിതരീതികള്‍ ഏതൊക്കെയെന്ന് അവന്‍ മനുഷ്യന് വ്യക്തമാക്കിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.
(6) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
(7) എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയെ നിഷേധിച്ചു തള്ളാന്‍ (മനുഷ്യാ) നിന്നെ പ്രേരിപ്പിക്കുന്നതെന്താണ്?
(8) അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ?