(1) ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
(2) നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ് താനും.(1)
1) 'ഹില്ല്' എന്ന പദത്തിന് നിവാസി എന്നും, അനുവാദമുള്ളവന്‍ എന്നും സ്വാതന്ത്ര്യമുള്ളവന്‍ എന്നും അര്‍ത്ഥമുണ്ട്.
(3) ജനയിതാവിനെയും, അവന്‍ ജനിപ്പിക്കുന്നതിനെയും(3) തന്നെയാണ സത്യം.
2) ഒരാള്‍ ജനയിതാവും മറ്റൊരാള്‍ ജാതനും ആകുന്നത് -മാതാവും പിതാവും സന്തതിയുമാകുന്നത്- പ്രജനനവുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ അതിസൂക്ഷ്മമായ വ്യവസ്ഥ പ്രകാരമത്രെ.
(4) തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.(3)
3) ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും നിദാനം കഠിനാധ്വാനമാണ്. ഒട്ടും അധ്വാനിക്കാനോ ക്ലേശം സഹിക്കാനോ തയ്യാറില്ലാത്തവന് ജീവിതവിജയം അസാധ്യമായിരിക്കും.
(5) അവനെ പിടികൂടാന്‍ ആര്‍ക്കും സാധിക്കുകയേ ഇല്ലെന്ന് അവന്‍ വിചാരിക്കുന്നുണ്ടോ?
(6) അവന്‍ പറയുന്നു: ഞാന്‍ മേല്‍ക്കുമേല്‍ പണം തുലച്ചിരിക്കുന്നു എന്ന്.(4)
4) റബ്ബിനെ ഭയമില്ലാത്ത ധനികരൊക്കെ അധാര്‍മികമായി ധനം ധൂര്‍ത്തടിക്കുന്നവരും അതിന്റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നവരും തങ്ങളുടെ ചെയ്തികള്‍ അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന ബോധമില്ലാത്തവരുമാകുന്നു.
(7) അവന്‍ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്?
(8) അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?
(9) ഒരു നാവും രണ്ടു ചുണ്ടുകളും?
(10) തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍(5) അവന്നു നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
5) സത്യത്തിന്റെയും അസത്യത്തിന്റെയും പാതകള്‍ തെളിഞ്ഞുകിടക്കുകയാണ്. ഒരു സംശയത്തിനും ഇടയില്ലാത്തവിധം പ്രവാചകന്മാര്‍ മുഖേന അല്ലാഹു ആ പാതകള്‍ വേര്‍തിരിച്ചു കാണിച്ചിട്ടുണ്ട്.
(11) എന്നിട്ട് ആ മലമ്പാതയില്‍(6) അവന്‍ തള്ളിക്കടന്നില്ല.
6) സത്യത്തിന്റെ പാത അനായാസം നടന്നുപോകാവുന്നതല്ല. അല്പം പ്രയാസപൂര്‍വം കയറിക്കടന്നുപോകേണ്ട മലമ്പാതയോടാണ് അതിന് സാമ്യം.
(12) ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ?
(13) ഒരു അടിമയെ മോചിപ്പിക്കുക.
(14) അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക.
(15) കുടുംബബന്ധമുള്ള അനാഥയ്ക്ക്.
(16) അല്ലെങ്കില്‍ കടുത്ത ദാരിദ്ര്യമുള്ള സാധുവിന്.
(17) പുറമെ, വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയിത്തീരുകയും ചെയ്യുക.
(18) അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍.
(19) നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ(7) ആള്‍ക്കാര്‍.
7) വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍ എന്നീ വാക്കുകളുടെ വിവക്ഷയെപ്പറ്റി മനസ്സിലാക്കാന്‍ സൂറത്തുല്‍ വാഖിഅഃയുടെ പരിഭാഷയും വ്യാഖ്യാനവും നോക്കുക.
(20) അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്.