(1) ഖുർആനിലെ ചില സൂറത്തുകൾ ആരംഭിച്ചിട്ടുള്ള അക്ഷരങ്ങളിൽ പെട്ടതാണ് {الم} എന്നത്. ( ...أ، ب، ت) എന്നിങ്ങനെ ഒറ്റയായി വന്നാൽ സ്വയം അർത്ഥമില്ലാത്ത അക്ഷരമാലയിലെ അക്ഷരങ്ങളാണവ. എന്നാൽ ഖുർആനിൽ അവ പരാമർശിക്കപ്പെട്ടതിൽ ചില ലക്ഷ്യങ്ങളും ഉദ്ദേശങ്ങളുമുണ്ട്. കാരണം യുക്തിയില്ലാത്ത ഒന്നും തന്നെ ഖുർആനിലില്ല. അതിൻറെ പ്രധാന ലക്ഷ്യങ്ങളിൽ പെട്ടതാണ്: അറബികൾക്ക് സുപരിചിതമായതും അവർ സംസാരിക്കുന്നതുമായ ഈ അക്ഷരങ്ങൾ തന്നെ കൂടിച്ചേർന്നുണ്ടായ ഖുർആൻ കൊണ്ട്, അതുപോലൊന്ന് കൊണ്ടുവരാൻ അവരെ വെല്ലുവിളിക്കുക എന്നത്. അത് കൊണ്ടാണ് അധികവും, ഇത്തരം അക്ഷരങ്ങൾക്ക് ശേഷം ഖുർആനിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും പരാമർശിക്കപെടുന്നത് . ഈ സൂറത്തിലും അങ്ങനെത്തന്നെ.
(2) ഈ മഹത്തായ ഖുർആൻ, അത് എവിടെ നിന്ന് അവതരിപ്പിക്കപ്പെട്ടുവെന്നതിലോ, അതിലെ വാക്കുകളിലോ ആശയത്തിലോ യാതൊരുവിധ സംശയവുമില്ല. അത് അല്ലാഹുവിൻറെ സംസാരമാകുന്നു. സൂക്ഷ്മത പാലിക്കുന്നവരെ അവനിലേക്കെത്തുന്ന മാർഗത്തിലേക്ക് അത് നയിക്കുന്നു.
(3) 3 - 4 - (ഗൈബിൽ അഥവാ) അദൃശ്യത്തിൽ വിശ്വസിക്കുന്നവരും - പരലോകം പോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തതും നമ്മിൽ നിന്ന് അദൃശ്യമായതും അല്ലാഹുവോ റസൂലോ അറിയിച്ചതുമായ കാര്യങ്ങൾക്കാണ് ഗൈബ് എന്ന് പറയുന്നത് - അല്ലാഹു നിയമമാക്കിയ രൂപത്തിൽ ശർത്തുകളും, റുക്നുകളും, വാജിബുകളും, സുന്നത്തുകളും പാലിച്ച് കൊണ്ട് നമസ്കാരം നിലനിർത്തുന്നവരും, അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിർബന്ധമായ സക്കാത്ത് പോലുള്ളതും, നിർബന്ധമല്ലാത്ത മറ്റ് ദാനങ്ങളും അല്ലാഹുവിൻറെ പ്രതിഫലം മാത്രമാഗ്രഹിച്ച് നിർവ്വഹിക്കുന്നവരുമാണവർ. നബിയേ, താങ്കൾക്ക് അവതരിക്കപ്പെട്ട വഹ്'യിലും താങ്കൾക്ക് മുമ്പുള്ള മറ്റ് നബിമാർക്ക് ഇറക്കപ്പെട്ടതിലും വിവേചനമില്ലാതെ വിശ്വസിക്കുന്നവരും, പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷകളിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാകുന്നു അവർ.
(4) 3 - 4 - (ഗൈബിൽ അഥവാ) അദൃശ്യത്തിൽ വിശ്വസിക്കുന്നവരും - പരലോകം പോലെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയാത്തതും നമ്മിൽ നിന്ന് അദൃശ്യമായതും അല്ലാഹുവോ റസൂലോ അറിയിച്ചതുമായ കാര്യങ്ങൾക്കാണ് ഗൈബ് എന്ന് പറയുന്നത് - അല്ലാഹു നിയമമാക്കിയ രൂപത്തിൽ ശർത്തുകളും, റുക്നുകളും, വാജിബുകളും, സുന്നത്തുകളും പാലിച്ച് കൊണ്ട് നമസ്കാരം നിലനിർത്തുന്നവരും, അല്ലാഹു അവർക്ക് നൽകിയിട്ടുള്ളതിൽ നിന്ന് നിർബന്ധമായ സക്കാത്ത് പോലുള്ളതും, നിർബന്ധമല്ലാത്ത മറ്റ് ദാനങ്ങളും അല്ലാഹുവിൻറെ പ്രതിഫലം മാത്രമാഗ്രഹിച്ച് നിർവ്വഹിക്കുന്നവരുമാണവർ. നബിയേ, താങ്കൾക്ക് അവതരിക്കപ്പെട്ട വഹ്'യിലും താങ്കൾക്ക് മുമ്പുള്ള മറ്റ് നബിമാർക്ക് ഇറക്കപ്പെട്ടതിലും വിവേചനമില്ലാതെ വിശ്വസിക്കുന്നവരും, പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷകളിലും അടിയുറച്ച് വിശ്വസിക്കുന്നവരുമാകുന്നു അവർ.
(5) ഈ വിശേഷണങ്ങൾക്കർഹരായവർ സന്മാർഗം പ്രാപിച്ചവരാകുന്നു. ഇഹലോകത്തും പരലോകത്തും - അവർ ആഗ്രഹിക്കുന്നത് കരസ്ഥമാക്കിയതിനാലും അവർ ഭയപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടതിനാലും - അവരാകുന്നു വിജയികൾ.
(6) ഒരിക്കലും വിശ്വസിക്കുന്നതല്ല എന്ന അല്ലാഹുവിൻ്റെ വിധി പുലർന്നു കഴിഞ്ഞവർ തങ്ങളുടെ വഴികേടിലും എതിർപ്പിലും തുടർന്നു പോകുന്നതാണ്. അവരെ നീ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തുല്യമാണ്.
(7) കാരണം, അല്ലാഹു അവരുടെ ഹൃദയങ്ങളിൽ സീൽ വെക്കുകയും, അതിലുള്ള അസത്യങ്ങൾ സഹിതം അത് അടച്ചുമൂടുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകൾക്ക് അവൻ മുദ്ര വെച്ചിരിക്കുന്നു. അക്കാരണത്താൽ സത്യം സ്വീകരിക്കാനും അനുസരിക്കാനുമുള്ള കേൾവി അവർ കേൾക്കുകയില്ല. അവരുടെ കണ്ണുകൾക്കുമേൽ അവൻ ഒരു മറ വെച്ചിരിക്കുന്നു. അതിനാൽ സത്യം വ്യക്തമായിട്ടുപോലും അവരത് കാണുകയില്ല. അവർക്ക് പരലോകത്ത് ഭീകരമായ ശിക്ഷയാണുള്ളത്.
(8) തങ്ങൾ മുഅ്മിനുകളാണെന്ന് വാദിക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ കൂട്ടത്തിലുണ്ട്. അവർ അങ്ങനെ പറയുന്നത് ജീവനിലും സ്വത്തിലുമുള്ള ഭയം നിമിത്തമാണ്. യഥാർത്ഥത്തിൽ ഉള്ളിൽ അവർ കാഫിറുകൾ തന്നെയാണ്.
(9) അവരുടെ അജ്ഞത നിമിത്തം അവർ ഉറച്ചു വിശ്വസിക്കുന്നത് -(അല്ലാഹുവിലുള്ള) വിശ്വാസം പ്രകടമാക്കുകയും നിഷേധം മറച്ചുവെക്കുകയും ചെയ്യുന്നതിലൂടെ- അവർ അല്ലാഹുവിനെയും സത്യവിശ്വാസികളെയുമാണ് വഞ്ചിക്കുന്നത് എന്നാണ്. എന്നാൽ അവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല; കാരണം അല്ലാഹു രഹസ്യവും മറഞ്ഞതുമെല്ലാം അറിയുന്നവനത്രെ. അല്ലാഹു അവരുടെ സ്വഭാവഗുണങ്ങളും അവസ്ഥകളും വിശ്വാസികൾക്ക് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു.
(10) കാരണം, അവരുടെ ഹൃദയങ്ങളിൽ ഈമാനിനു വിരുദ്ധമായ സംശയമുണ്ട്. അല്ലാഹു അവരുടെ സംശയത്തിനു മേൽ സംശയം വർധിപ്പിച്ചു നൽകി. പ്രവർത്തനത്തിനനുസരിച്ചുള്ള പ്രതിഫലം. നരകത്തിൻറെ ഏറ്റവും അടിത്തട്ടിൽ അവർക്ക് വേദനാജനകമായ ശിക്ഷയുണ്ട്. അല്ലാഹുവിനെയും ജനങ്ങളെയും കുറിച്ച് കളവ് പറഞ്ഞതും, നബി (സ) കൊണ്ട് വന്ന ദീനിനെ നിഷേധിച്ചതുമാണ് കാരണം.
(11) കുഫ്റും പാപങ്ങളുമൊക്കെ കൊണ്ട് ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ, അവർ അത് നിഷേധിക്കുകയും ഞങ്ങൾ നന്മയുടെയും രഞ്ജിപ്പിന്റെയും ആളുകളാണ് എന്ന് പറയുകയും ചെയ്യും.
(12) യഥാർത്ഥത്തിൽ അവരാണ് കുഴപ്പമുണ്ടാക്കുന്നവർ. എന്നാൽ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ പ്രവർത്തനമാണ് യഥാർത്ഥ കുഴപ്പം എന്നും അവരറിയുന്നില്ല.
(13) മുഹമ്മദ് നബി (സ) യുടെ സ്വഹാബിമാർ വിശ്വസിച്ചത് പോലെ വിശ്വസിക്കാൻ അവരോട് കൽപ്പിക്കപ്പെട്ടാൽ "ഈ ബുദ്ധിയില്ലാത്തവർ വിശ്വസിച്ചത് പോലെ ഞങ്ങളും വിശ്വസിക്കുകയോ?"എന്ന് പരിഹാസത്തോടെയും നിഷേധത്തോടെയും അവർ പറയും. സത്യത്തിൽ അവരാണ് മൂഢന്മാർ, പക്ഷെ അവരതറിയുന്നില്ല.
(14) മുഅ്മിനുകളെ അവർ കണ്ട് മുട്ടിയാൽ "നിങ്ങൾ വിശ്വസിക്കുന്ന കാര്യത്തിൽ ഞങ്ങളും വിശ്വസിക്കുന്നു" എന്നവർ പറയും. മുഅ്മിനുകളെക്കുറിച്ചുള്ള ഭയം കാരണമാണ് അവരങ്ങനെ പറയുന്നത്. മുഅ്മിനുകളുടെ അരികിൽ നിന്ന് പിരിഞ്ഞുപോകുകയും അവരുടെ നേതാക്കന്മാരോടൊപ്പം തനിച്ചാവുകയും ചെയ്യുമ്പോൾ, അവരുടെ അനുയായികൾ തന്നെയാണ് തങ്ങളെന്ന കാര്യം ഉറപ്പിച്ചുകൊണ്ട് അവർ പറയും: ഞങ്ങൾ നിങ്ങളോടൊപ്പം നിങ്ങളുടെ മാർഗത്തിൽ തന്നെയാണ്. പുറമേക്ക് മുഅ്മിനുകളോട് ഞങ്ങൾ യോജിപ്പ് പ്രകടിപ്പിക്കുന്നത് അവരെ പരിഹസിക്കാനും കളിയാക്കാനുമാണ്.
(15) മുഅ്മിനുകളെ പരിഹസിക്കുന്നതിന് പകരമായി അല്ലാഹു അവരെയും പരിഹസിക്കുന്നു. അവരുടെ പ്രവർത്തനത്തിനനുസരിച്ച പ്രതിഫലം. അതുകൊണ്ടാണ് ദുൻയാവിൽ അവർക്ക് അല്ലാഹു മുസ്ലിംകളുടെ അതേ വിധിവിലക്കുകൾ ബാധകമാക്കിയത്. എന്നാൽ പരലോകത്ത് അവരുടെ കാപട്യത്തിനും കുഫ്റിനുമുള്ള പ്രതിഫലം തന്നെ അവൻ നൽകും. അതുപോലെ, അവരുടെ വഴികേടിലും അതിക്രമത്തിലും വിഹരിക്കാൻ അല്ലാഹു അവരെ അയച്ചു വിട്ടിരിക്കുന്നു. അങ്ങനെ സംശയാലുക്കളും പരിഭ്രാന്തരുമായി അവർ കഴിഞ്ഞു കൂടുന്നു.
(16) വിശ്വാസത്തിന് പകരം അവിശ്വാസത്തെ പകരമാക്കിയ ഇവർ; അല്ലാഹുവിലുള്ള വിശ്വാസത്തിന് പകരം അവർ സ്വീകരിച്ചിരിക്കുന്നത് നിഷേധമത്രെ. എന്നാൽ അവരുടെ കച്ചവടം ലാഭകരമായില്ല. കാരണം അല്ലാഹുവിലുള്ള വിശ്വാസമാണ് അവർക്ക് നഷ്ടമായത്. അവർ സത്യത്തിലേക്ക് സന്മാർഗം പ്രാപിച്ചവരുമല്ല.
(17) ഈ മുനാഫിഖുകളെക്കുറിച്ച് അല്ലാഹു രണ്ട് ഉദാഹരണങ്ങൾ വിവരിക്കുന്നു: ഒന്ന്: തീയിന്റെ ഉദാഹരണവും മറ്റൊന്ന്: വെള്ളത്തിന്റെ ഉദാഹരണവും. തീ കൊണ്ടുള്ള ഉപമയെന്നാൽ: ഒരാൾ വെളിച്ചം ലഭിക്കാനായി തീ കത്തിച്ചു. അതിന്റെ പ്രകാശം പരക്കുകയും വെളിച്ചം കൊണ്ടുള്ള പ്രയോജനം ലഭിക്കുമെന്നുമായപ്പോഴേക്കും അത് കെട്ടുപോയി. പ്രകാശം പരത്തുകയെന്ന തീയിന്റെ പ്രയോജനം ഇല്ലാതായി. പൊള്ളലുണ്ടാക്കുകയെന്ന ഉപദ്രവം മാത്രം ബാക്കിയായി. അങ്ങനെ, അവിടെയുണ്ടായിരുന്നവർ ഒന്നും കാണുകയോ സന്മാർഗ്ഗം പ്രാപിക്കുകയോ ചെയ്യാത്തവരായി അവശേഷിക്കുന്നു.
(18) സത്യം ഉൾക്കൊള്ളാൻ വേണ്ടിയുള്ള കേൾവി കേൾക്കാത്ത ബധിരന്മാരാണവർ. യാഥാർത്ഥ്യം സംസാരിക്കാത്ത മൂകൻമാരാണവർ. അത് കാണാത്ത അന്ധൻമാരുമാകുന്നു അവർ. അതിനാൽ അവരുടെ വഴികേടിൽ നിന്ന് അവർ തിരിച്ചുവരികയില്ല.
(19) വെള്ളം കൊണ്ടുള്ള അവരുടെ ഉപമ: ഇരുണ്ട മേഘങ്ങളുടെ അന്ധകാരങ്ങൾക്കൊപ്പം ഇടിയും മിന്നലുമുള്ള വമ്പിച്ച മഴ പോലെയാകുന്നു. ഒരുകൂട്ടം ആളുകളിൽ ആ മഴയിറങ്ങിയപ്പോൾ കഠിനമായ ഭയം അവരെ പിടികൂടി. ശക്തമായ ഇടിയുടെ ഘോര ശബ്ദം കാരണം മരണം ഭയന്ന് അവർ ചെവിയിൽ വിരൽ തിരുകുന്നു. അല്ലാഹു കാഫിറുകളെ വലയം ചെയ്തിട്ടുള്ളവനാകുന്നു. അവർക്ക് അല്ലാഹുവിനെ തോൽപിച്ച് രക്ഷപ്പെടുക സാധ്യമേയല്ല.
(20) മിന്നലിൻറെ അതിപ്രസരവും ശക്തിയും അവരുടെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തിയേക്കും എന്ന അവസ്ഥയാണുള്ളത്. മിന്നലിൻറെ വെളിച്ചം ലഭിക്കുമ്പോൾ അവർ അൽപമൊന്ന് നടന്നു നീങ്ങുവാൻ ശ്രമിക്കും. അതിന്റെ വെളിച്ചം ഇല്ലെങ്കിൽ അവർ ഇരുട്ടിലങ്ങനെ സഞ്ചരിക്കാൻ കഴിയാതെ നിൽക്കും. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ, എല്ലാം വസ്തുക്കളെയും എന്തും ചെയ്യാൻ സാധിക്കുന്ന അവൻറെ പൂർണമായ കഴിവ് കൊണ്ട് അവരുടെ കേൾവിയും കാഴ്ചയും മടക്കി ലഭിക്കാത്ത വിധം എടുത്ത് കളയുമായിരുന്നു. അവർ സത്യത്തിൽ നിന്ന് പിന്തിരിഞ്ഞ് കളഞ്ഞത് കാരണമത്രെ അത്. മഴയോട് ഉപമിക്കപ്പെട്ടത് ഖുർആനാകുന്നു. അതിലെ താക്കീതുകളും ശാസനകളും ഇടിയുടെ ശബ്ദങ്ങളോടും, ഇടക്കിടെ അവർക്ക് പ്രകടമാകുന്ന സത്യങ്ങളെ മിന്നലുകളോടും ഉപമിക്കപ്പെട്ടിരിക്കുന്നു. സത്യത്തിൽ നിന്ന് അവർ പിന്തിരിയുന്നതും അത് അവർ സ്വീകരിക്കാത്തതും, ഇടിയുടെ ശക്തി കാരണം ചെവി പൊത്തുന്നതിനോടുമാണ് ഉപമിച്ചിരിക്കുന്നത്. ഈ രണ്ട് ഉപമകളിൽ പരാമർശിക്കപ്പെട്ടവരും മുനാഫിഖുകളും തമ്മിലുള്ള സാദൃശ്യം അവർ അത് കൊണ്ട് ഒരു പ്രയോജനവും നേടുന്നില്ല എന്നതാണ് . തീ കൊണ്ടുള്ള ഉപമയിൽ, തീ കത്തിക്കുന്നവർക്ക് ഇരുട്ടും പൊള്ളലുമല്ലാതെ മറ്റൊരു പ്രയോജനവും ലഭിച്ചില്ല. വെള്ളം കൊണ്ടുള്ള ഉപമയിൽ, മഴ കൊണ്ട് അവർക്ക് ഇടിയും മിന്നലും നിമിത്തമുള്ള ഭയമല്ലാതെ ഒന്നും പ്രയോജനപ്പെട്ടില്ല. ഇപ്രകാരം മുനാഫിഖുകൾ ഇസ്ലാമിൽ കാഠിന്യവും തീവ്രതയുമല്ലാതെ മറ്റൊന്നും കാണുന്നില്ല.
(21) ജനങ്ങളെ, നിങ്ങൾ നിങ്ങളുടെ റബ്ബിനെ മാത്രം ഇബാദത് ചെയ്യുക. കാരണം അവനാണ് നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ള ജനസമൂഹങ്ങളെയും സൃഷ്ടിച്ചത്. അല്ലാഹുവിന്റെ ശിക്ഷക്കും നിങ്ങൾക്കുമിടയിൽ തഖ്വയാകുന്ന പരിചയുണ്ടാകാൻ ആഗ്രഹിച്ചുകൊണ്ട് അവനെ മാത്രം നിങ്ങൾ ഇബാദത് ചെയ്യുക. അവൻറെ കൽപനകൾ അനുസരിച്ചും അവൻ വിരോധിച്ച കാര്യങ്ങൾ വെടിഞ്ഞുകൊണ്ടുമാണ് അത് ചെയ്യേണ്ടത്.
(22) ഭൂമിയെ നിങ്ങൾക്കായി ഒരുക്കി വെച്ച വിരിപ്പാക്കിയതും, അതിനു മേൽ, കൃത്യമായി പടുത്തുയർത്തിയ ആകാശത്തെ നിശ്ചയിച്ചതും അവനാണ്. മഴ ചൊരിഞ്ഞനുഗ്രഹിച്ചതും അത് മുഖേന വിവിധ ഇനം ഫലങ്ങൾ നിങ്ങൾക്കുള്ള ഉപജീവനമായി ഭൂമിയിൽ മുളപ്പിച്ചതും അവൻ തന്നെ. അതിനാൽ അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവില്ലെന്ന് നിങ്ങൾക്ക് അറിയാമെന്നിരിക്കെ, അവനോടൊപ്പം മറ്റാരെയെങ്കിലും ആരാധിച്ചുകൊണ്ട് റബ്ബിന് നിങ്ങൾ പങ്കുകാരെയും സമന്മാരെയുമുണ്ടാക്കരുത്.
(23) ജനങ്ങളേ, നമ്മുടെ അടിമയായ മുഹമ്മദ് നബി (സ) ക്ക് അവതരിക്കപ്പെട്ട ഖുർആനിൽ നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിന് തുല്യമായ ഒരദ്ധ്യായമെങ്കിലും കൊണ്ടുവരാൻ നാം (അല്ലാഹു) നിങ്ങളെ വെല്ലുവിളിക്കുന്നു. അത് ഖുർആനിലെ ഏറ്റവും ചെറിയ അദ്ധ്യായം പോലെയുള്ളതാണെങ്കിലും ശരി. നിങ്ങൾക്ക് സാധിക്കുന്ന സഹായികളെയെല്ലാം നിങ്ങൾ വിളിച്ച് കൊള്ളുക. നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യ സന്ധരാണെങ്കിൽ.
(24) നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ -നിങ്ങൾക്കത് ഒരിക്കലും ചെയ്യാൻ കഴിയുകയുമില്ല- ശിക്ഷാർഹരായ മനുഷ്യരും, അവർ ആരാധിച്ചിരുന്നതും അല്ലാത്തതുമായ പലയിനം കല്ലുകളും കത്തിക്കപ്പെടുന്ന നരകത്തെ നിങ്ങൾ സൂക്ഷിക്കുക. നരകം അല്ലാഹു കാഫിറുകൾക്ക് വേണ്ടി ഒരുക്കി തയ്യാറാക്കി വെച്ചതാകുന്നു.
(25) മുൻകഴിഞ്ഞ താക്കീതുകൾ കാഫിറുകൾക്കുള്ളതാണെങ്കിൽ, - നബിയേ - അല്ലാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുക. അതിലെ കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്നുണ്ടാകും. അതിലെ വിശിഷ്ടമായ പഴങ്ങൾ ഭക്ഷിക്കാൻ ലഭിക്കുമ്പോഴെല്ലാം, ഇഹലോകത്തെ പഴങ്ങളോട് അതിന് ഏറെ സാദൃശ്യമുള്ളതിനാൽ "മുമ്പും ഞങ്ങൾക്ക് ലഭിച്ചതാണല്ലോ ഇത്" എന്നവർ പറയും. പേരിലും രൂപത്തിലും അവയ്ക്ക് ദുൻയാവിലുള്ളതിനോട് സാദൃശ്യം നൽകിയത്, നേരത്തെ പരിചയമുള്ളതിനാൽ അവ കഴിക്കാനായി അവർ മുന്നോട്ടുചെല്ലാൻ വേണ്ടിയാണ്. എന്നാൽ സ്വാദിലും രുചിയിലും അതിന് ഏറെ വ്യത്യാസമുണ്ട്. പരിശുദ്ധരായ ഇണകളും അവർക്കവിടെയുണ്ട്. ഈ ലോകത്ത് പൊതുവെ മനുഷ്യർ അകന്നു നിൽക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മുക്തരായ ഇണകൾ. തീർന്നു പോകാത്ത അനശ്വരമായ അനുഗ്രഹത്തിലായിരിക്കുമവർ. ദുൻയാവിലെ മുറിഞ്ഞുപോകുന്ന സുഖം പോലെയല്ല അത്.
(26) തീർച്ചയായും അല്ലാഹു ഏതൊരു വസ്തുവേയും ഉപമയാക്കുന്നതിൽ ലജ്ജിക്കുകയില്ല. കൊതുകിനെയോ അതിനേക്കാൾ വലുതോ ചെറുതോ ആയവയെ അല്ലാഹു ഉപമയാക്കും. ഈ ഉപമകളുടെ വിഷയത്തിൽ ജനങ്ങൾ രണ്ട് വിഭാഗക്കാരാണ്: അതിൽ വിശ്വസിക്കുന്ന മുഅ്മിനുകളും, വിശ്വസിക്കാത്ത കാഫിറുകളും. മുഅ`മിനുകൾ അത് വിശ്വസിക്കുകയും ആ ഉദാഹരണത്തിനു പിന്നിൽ മഹത്തായൊരു ലക്ഷ്യമുണ്ടെന്ന് മനസിലാക്കുകയും ചെയ്യും. എന്നാൽ കാഫിറുകൾ പരിഹാസത്തോടെ ചോദിക്കും: കൊതുക്, ഈച്ച, എട്ടുകാലി പോലുള്ള നിസ്സാരമായ സൃഷ്ടികളെ അല്ലാഹു ഉദാഹരണമായി പറഞ്ഞതിൻറെ ലക്ഷ്യമെന്താണ്? അതിന് അല്ലാഹു ഉത്തരം പറയുന്നു: ഈ ഉപമകൾ, സന്മാർഗ്ഗവും പല മാർഗ്ഗനിർദ്ദേശങ്ങളും ജനങ്ങൾക്കുള്ള പരീക്ഷണവും ഉൾക്കൊള്ളുന്നു. അവയെ കുറിച്ച് ചിന്തിക്കാതെ പിന്തിരിഞ്ഞതിനാൽ അല്ലാഹു വഴിപിഴവിലാക്കിയ ധാരാളമാളുകൾ അവരിലുണ്ട്. അതിൽ നിന്ന് പാഠമുൾക്കൊണ്ട കാരണത്താൽ അവൻ നേർമാർഗ്ഗത്തിലാക്കിയ ധാരാളമാളുകളും അവരുടെ കൂട്ടത്തിലുണ്ട്. വഴികേടിന് അർഹരായവരെയല്ലാതെ അവൻ വഴിപിഴപ്പിക്കുകയില്ല. അല്ലാഹുവിനെ അനുസരിക്കാതെ പുറത്തുകടന്ന മുനാഫിഖുകളെപ്പോലെയുള്ളവരെ.
(27) അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, മുൻപ് കഴിഞ്ഞുപോയ പ്രവാചകന്മാരാൽ സുവിശേഷമറിയിക്കപ്പെട്ട അവൻറെ പ്രവാചകനെ പിൻപറ്റണമെന്നുമുള്ള അല്ലാഹുവിൻ്റെ കരാറിനെ ലംഘിക്കുന്നവരാകുന്നു അവർ. അല്ലാഹു കൂട്ടിച്ചേർക്കാൻ കൽപ്പിച്ച കുടുംബ ബന്ധം പോലുള്ളവ മുറിച്ച് കളയുകയും, പാപങ്ങളാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നവരുമാകുന്നു അവർ. അതിനാൽ ഇഹലോകത്തും പരലോകത്തും അവരുടെ വിഹിതം തുലഞ്ഞുപോയിരിക്കുന്നു.
(28) അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാത്തവരേ, നിങ്ങളുടെ കാര്യം മഹാ അത്ഭുതം തന്നെ! നിങ്ങൾക്കെങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിക്കാൻ കഴിയുക? അവൻറെ മഹത്തായ കഴിവിൻറെ തെളിവുകൾ നിങ്ങളുടെ സ്വന്തം കാര്യത്തിൽ തന്നെ നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു. നിങ്ങൾ ഒന്നുമല്ലാത്തവരായിരുന്നു. അങ്ങനെ നിങ്ങളെ അവൻ സൃഷ്ടിക്കുകയും ജീവൻ നൽകുകയും ചെയ്തു. ശേഷം രണ്ടാമത്തെ മരണം നിങ്ങളെ അവൻ മരിപ്പിക്കുകയും, വീണ്ടും രണ്ടാമത്തെ ജീവിതം ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നെ അവനിലേക്ക് നിങ്ങളെ അവൻ തിരിച്ചുകൊണ്ടുപോകുന്നു. ചെയ്തുവെച്ചതിനെ കുറിച്ച് നിങ്ങളെ വിചാരണ ചെയ്യുവാൻ വേണ്ടി.
(29) ഭൂമിയിലുള്ള എല്ലാ വസ്തുക്കളെയും -നദികളും വൃക്ഷങ്ങളും പോലെ എണ്ണമില്ലാത്ത വസ്തുക്കൾ- നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചത് അല്ലാഹു മാത്രമാകുന്നു. അവൻ കീഴ്പെടുത്തിത്തന്നവയെ നിങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പിന്നെ, അവൻ ആകാശത്തിലേക്ക് തിരിഞ്ഞു. അവയെ സമമായ ഏഴ് ആകാശങ്ങളാക്കി സൃഷ്ടിച്ചു. അവൻ്റെ അറിവ് സർവ്വതിനെയും വലയം ചെയ്തിരിക്കുന്നു.
(30) അല്ലാഹു മലക്കുകളോട് പറഞ്ഞതായി അവൻ പറയുന്നു: അല്ലാഹുവിനെ അനുസരിച്ച് കൊണ്ട് ഭൂമിയിൽ ജീവിക്കാൻ, ഒരു തലമുറക്ക് ശേഷം മറ്റൊന്നെന്ന നിലയിൽ വന്നുകൊണ്ടിരിക്കുന്ന മനുഷ്യരെ ഭൂമിയിൽ അവൻ ഏർപെടുത്താൻ പോകുന്നു. അപ്പോൾ മനുഷ്യരെ, തുടരെ വരുന്ന തലമുറയായി ഭൂമിയിൽ നിശ്ചയിക്കുന്നതിന്റെ യുക്തിയെ പറ്റി മലക്കുകൾ അവരുടെ റബ്ബിനോട് ചോദിച്ചു: മനുഷ്യർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും, അന്യായമായി രക്തം ചിന്തുകയും ചെയ്യുമല്ലോ. കാര്യം ശരിക്കു മനസിലാക്കാനും അറിയാനും വേണ്ടിയായിരുന്നു അവരുടെ ചോദ്യം. ചോദിക്കുമ്പോൾ അവർ ഇങ്ങനെ കൂടി പറഞ്ഞു: ഞങ്ങളാണെങ്കിൽ നിന്നെ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ്. ഞങ്ങൾ നിന്നെ സ്തുതിക്കുകയും പരിശുദ്ധപ്പെടുത്തുകയും, നിൻറെ മഹത്വത്തെയും പൂർണതയെയും അങ്ങേയറ്റം ആദരിക്കുകയും ചെയ്യുന്നു. ഞങ്ങളത് ഒരിക്കലും നിർത്തിവെക്കാത്തവരുമാണ്. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: അവരെ സൃഷ്ടിക്കുന്നതിന്റെ പിന്നിലുള്ള മഹത്തായ യുക്തിയും, അവരെ തുടരെ വരുന്ന തലമുറയാക്കുന്നതിന്റെ ഉന്നതമായ ലക്ഷ്യങ്ങളും എനിക്കറിയാം. നിങ്ങൾക്കറിയാത്ത അക്കാര്യങ്ങൾ അറിയുന്നവനാണ് ഞാൻ.
(31) ആദമി(عليه السلام)ൻറെ മഹത്വം വ്യക്തമാകുന്നതിന് വേണ്ടി അല്ലാഹു അദ്ദേഹത്തിന് ജീവനുള്ളതും അല്ലാത്തതുമായ സകല വസ്തുക്കളുടെയും നാമങ്ങളും ഉദ്ദേശവും പഠിപ്പിച്ചു. പിന്നീട് ആ വസ്തുക്കളെ മലക്കുകൾക്ക് പ്രദർശിപ്പിച്ചു. അവരോടവൻ പറഞ്ഞു: ഇവയുടെ പേരുകൾ നിങ്ങൾ എനിക്ക് പറഞ്ഞു തരിക! ഞങ്ങളാണ് ഈ സൃഷ്ടിയേക്കാൾ മാന്യരും ശ്രേഷ്ഠരുമെന്ന് നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ.
(32) തങ്ങളുടെ കുറവുകൾ അംഗീകരിച്ചുകൊണ്ടും ഔദാര്യമെല്ലാം അല്ലാഹുവിന്റേതാണെന്ന് സമ്മതിച്ചും കൊണ്ടും മലക്കുകൾ പറഞ്ഞു: അല്ലാഹുവേ, നിന്റെ വിധിയിലോ നിയമത്തിലോ നിന്നോട് എതിരു പറയാവതല്ല. അതിൽ നിന്നെല്ലാം നീ എത്രയോ പരിശുദ്ധനാണ്. നിന്നെ ഞങ്ങൾ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. നീ അറിയിച്ച് തന്നതല്ലാതെ മറ്റൊരറിവും ഞങ്ങൾക്കില്ല. ഒന്നും ഗോപ്യമായി പോകാത്ത വിധം അറിവുള്ള അൽ- അലീമാകുന്നു നീ. നിൻറെ പ്രാപഞ്ചികമായ വിധിയിലും മതപരമായ വിധിയിലും കാര്യങ്ങളെ അതിൻറെ യഥാ സ്ഥാനത്ത് സ്ഥാപിക്കുന്ന മഹായുക്തിമാനായ അൽ- ഹകീമുമത്രെ നീ.
(33) അപ്പോൾ അല്ലാഹു ആദമിനോട് പറഞ്ഞു: ആ വസ്തുക്കളുടെ പേരുകൾ അവർക്ക് പറഞ്ഞു കൊടുക്കുക. അല്ലാഹു പഠിപ്പിച്ച വിധം ആദം അവർക്ക് അവയുടെ പേരുകൾ പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു മലക്കുകളോട് ചോദിച്ചു: ആകാശങ്ങളിലോ ഭൂമിയിലോ മറഞ്ഞിരിക്കുന്നതെന്തും, പുറമെ നിങ്ങൾ പ്രകടമാക്കുന്ന കാര്യങ്ങളും, നിങ്ങളുടെ മനസ്സിൽ കരുതുന്നതും എനിക്കറിയാമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ?
(34) ബഹുമാനത്തിൻറെയും ആദരവിൻറെയും സുജൂദ് നിങ്ങൾ ആദമിന് ചെയ്യുക എന്ന് അല്ലാഹു മലക്കുകളോട് കൽപ്പിച്ച കാര്യം അല്ലാഹു വിവരിക്കുന്നു. ജിന്നുകളിൽ പെട്ട ഇബ്'ലീസ് ഒഴികെ മറ്റെല്ലാവരും ഉടനെ അല്ലാഹുവിൻറെ കൽപ്പന അനുസരിച്ചു. അല്ലാഹുവിന്റെ കൽപനയോട് ധിക്കാരം നടിച്ചും ആദമിനേക്കാൾ വലിയവനാണ് താനെന്ന അഹങ്കാരത്തോടെയും അവൻ അത് നിരസിച്ചു. അങ്ങനെ അവൻ അല്ലാഹുവിനെ നിഷേധിച്ച കാഫിറായിത്തീർന്നു.
(35) നാം പറഞ്ഞു: ആദമേ, നീയും നിൻറെ ഇണയായ ഹവ്വാഉം സ്വർഗ്ഗത്തിൽ വസിക്കുക. അതിലെ സുഭിക്ഷമായ, വെറുപ്പിക്കുന്നതൊന്നുമില്ലാത്ത ഭക്ഷണം നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ കഴിച്ചുകൊള്ളുക. എന്നാൽ തിന്നരുതെന്ന് നിങ്ങളെ വിലക്കിയ മരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താൽ എൻറെ കൽപ്പന ധിക്കരിച്ചതു കാരണത്താൽ നിങ്ങൾ അക്രമികളുടെ കൂട്ടത്തിലായിത്തീരും.
(36) പിശാച് അവർക്ക് ദുർമന്ത്രണം നടത്തുകയും അല്ലാഹു വിലക്കിയ കാര്യം ചെയ്യുകയെന്നത് ഭംഗിയാക്കി കാണിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു. ആ അബദ്ധത്തിലും തെറ്റിലും അവർ അകപ്പെടുന്നത് വരെ അവനത് തുടർന്നു. അങ്ങനെ അവർ അല്ലാഹു അവരെ വിലക്കിയ മരത്തിൽ നിന്ന് ഭക്ഷിച്ചു. തത്ഫലമായി ഇതുവരെ കഴിഞ്ഞ സ്വർഗ്ഗത്തിൽ നിന്ന് അവരെ പുറത്താക്കി. അവർ രണ്ട് പേരോടും പിശാചിനോടും അല്ലാഹു പറഞ്ഞു: നിങ്ങൾ ഭൂമിയിലേക്ക് ഇറങ്ങുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലവും താമസവും ഉണ്ടായിരിക്കും. അതിലെ സുഖസൗകര്യങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ ആയുസ് അവസാനിക്കുന്നത് വരെ. ഖിയാമത്ത് നാൾ സംഭവിക്കുന്നത് വരെ.
(37) അല്ലാഹു ആദമിന് നൽകിയ വചനങ്ങൾ അദ്ദേഹം സ്വീകരിച്ചു. അത് മുഖേന പ്രാർത്ഥിക്കാൻ അല്ലാഹു ആദമിന് ബോധനം നൽകി. قَالاَ رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ സൂറത്തുൽ അഅ്റാഫിലെ ഇരുപത്തി മൂന്നാം ആയത്തായ ഇതിൽ പരാമർശിക്കപ്പെട്ട വചനങ്ങളാണവ. അർത്ഥം: "അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചുപോയിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തു തരികയും, ഞങ്ങളോട് കരുണ ചെയ്യുകയും ചെയ്തില്ലെങ്കിൽ, നിശ്ചയമായും ഞങ്ങൾ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിത്തീരുകതന്നെ ചെയ്യും." അങ്ങനെ അല്ലാഹു അവർക്ക് പൊറുത്ത് കൊടുത്തു. അല്ലാഹു ധാരാളമായി അടിമകളുടെ തൗബ സ്വീകരിക്കുന്നവനും അവരോട് ഏറെ റഹ്മത്ത് ചെയ്യുന്നവനുമാകുന്നു.
(38) നാം (അല്ലാഹു) അവരോട് പറഞ്ഞു: നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുക. എൻറെ റസൂലുകളിലൂടെ നിങ്ങൾക്ക് ഹിദായത് (സന്മാർഗം) വന്നാൽ, അതിനെ പിൻപറ്റുകയും എന്റെ റസൂലുകളിൽ വിശ്വസിക്കുകയും ചെയ്തവർ പരലോകത്ത് ഭയപ്പെടേണ്ടി വരികയില്ല. വിട്ടേച്ചുപോന്ന ഇഹലോകത്തെയോർത്ത് അവർ ദുഃഖിക്കേണ്ടി വരികയുമില്ല.
(39) എന്നാൽ നമ്മുടെ (അല്ലാഹുവിൻറെ) ദൃഷ്ടാന്തങ്ങൾ കളവാക്കുകയും അവിശ്വസിക്കുകയും ചെയ്തവർ; അവർ തന്നെയാണ് നരകാവകാശികൾ. ഒരിക്കലും അവർ അതിൽ നിന്ന് പുറത്തു കടക്കുന്നതല്ല.
(40) അല്ലാഹുവിന്റെ നബിയായ യഅ്ഖൂബിന്റെ സന്തതികളേ, അല്ലാഹു നിങ്ങൾക്ക് തുടർച്ചയായി നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുകയും അതിന് നന്ദി കാണിക്കുകയും ചെയ്യുക. എന്നിലും (അല്ലാഹുവിലും) എൻറെ പ്രവാചകന്മാരിലും വിശ്വസിക്കാമെന്നും, എൻറെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാമെന്നും നിങ്ങൾ എന്നോട് (അല്ലാഹുവിനോട്) ചെയ്ത കരാർ പാലിക്കുക. നിങ്ങൾ ആ കരാറുകൾ നിറവേറ്റിയാൽ ഞാൻ നിങ്ങളോട് ചെയ്ത കരാറും നിറവേറ്റുന്നതാണ്. അഥവാ, ഇഹലോകത്ത് നല്ല ജീവിതവും, പരലോകത്തെ നല്ല പ്രതിഫലവും ഞാൻ നിങ്ങൾക്ക് നൽകും. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുകയും എന്നോടുള്ള കരാറുകൾ ലംഘിക്കാതിരിക്കുകയും ചെയ്യുക.
(41) മുഹമ്മദ് നബി(ﷺ)ക്ക് ഞാൻ അവതരിപ്പിച്ച ഖുർആനിൽ നിങ്ങൾ വിശ്വസിക്കുക. മാറ്റത്തിരുത്തലുകൾക്ക് വിധേയമാകുന്നതിന് മുമ്പുണ്ടായിരുന്ന തൗറാത്തിനോട് യോജിക്കുന്നതാണ് ഖുർആൻ. അല്ലാഹുവിന്റെ തൗഹീദും മുഹമ്മദ് നബി(ﷺ)യുടെ നുബുവ്വതുമെല്ലാം പരാമർശിക്കപ്പെട്ട യഥാർത്ഥ തൗറാത്തിനോട് ഖുർആൻ യോജിക്കുന്നു. ഖുർആനിനെ നിഷേധിക്കുന്ന ഒന്നാമത്തെ വിഭാഗം തന്നെ നിങ്ങളാവരുത്. ഇഹലോകത്തെ സ്ഥാനമാനങ്ങൾ പോലുള്ള തുച്ഛമായ കാര്യങ്ങൾ നിങ്ങൾ എന്റെ ആയത്തുകൾക്ക് പകരം വാങ്ങരുത്. എൻറെ കോപത്തെയും ശിക്ഷയെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.
(42) എൻറെ റസൂലുകൾക്ക് അവതരിപ്പിച്ച സത്യത്തെ, നിങ്ങൾ കെട്ടിയുണ്ടാക്കുന്ന കളവുകളുമായി കൂട്ടിക്കലർത്തരുത്. മുഹമ്മദ് നബി(ﷺ)യുടെ വിശേഷണങ്ങൾ നിങ്ങളുടെ കിതാബുകളിൽ വന്നിട്ടുണ്ട്. മുഹമ്മദ് നബി(ﷺ)യെ നിങ്ങൾക്കറിയാമെന്നിരിക്കെ, നബിയുടെ കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടെന്നിരിക്കെ, ആ സത്യത്തെ നിങ്ങൾ മറച്ച് വെക്കരുത്.
(43) നമസ്കാരം അതിൻറെ റുക്നുകൾ (അവിഭാജ്യ ഘടകങ്ങൾ) വാജിബുകൾ (നിർബന്ധ ഘടകങ്ങൾ), സുന്നത്തുകൾ (ഐച്ഛിക ഘടകങ്ങൾ) എന്നിവ സഹിതം പൂർണമായി നിങ്ങൾ നിർവ്വഹിക്കുക. നിങ്ങളുടെ കൈകളിൽ അല്ലാഹു നൽകിയിട്ടുള്ള ധനത്തിന് നിങ്ങൾ സക്കാത്ത് നൽകുക. മുഹമ്മദ് നബിയുടെ സമുദായത്തിൽ നിന്ന് അല്ലാഹുവിന് കീഴൊതുങ്ങിയവരോടൊപ്പം നിങ്ങളും കീഴൊതുങ്ങുക.
(44) ഈമാനും സൽപ്രവർത്തിയും മറ്റുള്ളവരോട് കൽപ്പിക്കുകയും, സ്വന്തം കാര്യത്തിൽ അത് മറന്നുപോവുകയും അതിൽ നിന്ന് പിന്തിരിഞ്ഞു കളയുകയും ചെയ്യുന്നത് എത്ര ചീത്ത! നിങ്ങളാകട്ടെ തൗറാത്ത് പാരായണം ചെയ്യുന്നു! അല്ലാഹുവിൻറെ ദീൻ പിൻപറ്റണമെന്നും അവൻറെ റസൂലുകളിൽ വിശ്വസിക്കണമെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾക്കറിയാം. നിങ്ങളുടെ ബുദ്ധി കൊണ്ട് നിങ്ങൾക്ക് ഒരു പ്രയോജനവുമില്ലേ?!
(45) ദീനിന്റെയും ദുന്യാവിന്റെയും എല്ലാ കാര്യങ്ങളിലും അല്ലാഹുവിനോട് നിങ്ങൾ സഹായം തേടുക. അല്ലാഹുവിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന കാര്യങ്ങളായ നമസ്കാരത്തിലൂടെയും ക്ഷമയിലൂടെയും നിങ്ങൾ അവനോട് സഹായം തേടുക. എങ്കിൽ അവൻ നിങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും നിങ്ങളുടെ പ്രയാസങ്ങൾ നീക്കുകയും ചെയ്യും. റബ്ബിന് കീഴൊതുങ്ങിയവർക്കൊഴികെ നമസ്കാരം വലിയ പ്രയാസവും ബുദ്ധിമുട്ടും തന്നെയാണ്.
(46) കാരണം അവർ ഉറച്ച് വിശ്വസിക്കുന്നു, അന്ത്യനാളിൽ അവരുടെ റബ്ബിലേക്ക് ചെല്ലുമെന്നും അവനെ കണ്ടുമുട്ടുമെന്നും, കർമ്മങ്ങൾക്ക് പ്രതിഫലം നൽകാൻ അവങ്കലേക്ക് തിരിച്ചുപോകുമെന്നും.
(47) യഅ്ഖൂബ് നബിയുടെ സന്തതികളെ, ഞാൻ നിങ്ങൾക്ക് ചെയ്ത് തന്ന മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ! ധാരാളം നബിമാരെയും രാജാക്കന്മാരെയും നിങ്ങളുടെ കൂട്ടത്തിൽ നാം നിശ്ചയിച്ചു. അങ്ങനെ പ്രവാചകത്വവും അധികാരവും മുഖേന നിങ്ങളുടെ സമകാലികരെക്കാൾ നിങ്ങളെ നാം ശ്രേഷ്ഠരാക്കിയതും ഓർക്കുക.
(48) അല്ലാഹു കൽപിച്ചത് പ്രവർത്തിക്കുകയും, വിലക്കിയത് വെടിയുകയും ചെയ്തുകൊണ്ട് ഖിയാമത്ത് നാളിലെ ശിക്ഷയിൽ നിന്നും നിങ്ങൾ നിങ്ങളെ സംരക്ഷിക്കുക. ആ ദിവസം ഒരാളും മറ്റൊരാൾക്കും ഒരു ഉപകാരവും ചെയ്യാണ് കഴിയില്ല. ഉപദ്രവം തടയാനോ ഉപകാരം ലഭിക്കാനോ അല്ലാഹുവിൻറെ അനുമതി കൂടാതെ ഒരാളുടെ ശുപാർശയും അന്ന് സ്വീകരിക്കപ്പെടുകയില്ല. ഭൂമി നിറയെ സ്വർണ്ണം തന്നെ ആയാൽ പോലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ മോചനദ്രവ്യം നൽകിയാൽ വാങ്ങുകയില്ല. അന്ന് അവരെ സഹായിക്കാൻ ഒരാളുമുണ്ടാവുകയില്ല. ശുപാർശകനോ മോചനദ്രവ്യമോ സഹായിയോ ഉപകാരപ്പെടില്ലെങ്കിൽ രക്ഷപ്പെടാൻ പിന്നെന്തു മാർഗം?!
(49) ഇസ്രായീൽ സന്തതികളേ, ഫിർഔനിൻറെ അനുയായികളിൽ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തിയത് നിങ്ങൾ ഓർക്കുവിൻ! അവർ നിങ്ങളെ പല വിധ ശിക്ഷമുറകളുപയോഗിച്ച് പീഡിപ്പിച്ചു. നിങ്ങൾക്ക് തലമുറ നിലനിൽക്കാതിരിക്കാൻ നിങ്ങളുടെ ആൺകുട്ടികളെ അവർ അറുത്തു കളഞ്ഞിരുന്നു. അവർക്ക് സേവനം ചെയ്യാൻ പെൺകുട്ടികളെ ജീവിക്കാനനുവദിച്ചു. അങ്ങനെ അവർ നിങ്ങളെ അങ്ങേയറ്റം അപമാനിക്കുകയും നിന്ദിക്കുകയും ചെയ്തു. ഫിർഔനിൻറെയും അവൻറെ അനുയായികളുടെയും പീഡനത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയതിൽ നിങ്ങളുടെ റബ്ബിന്റെ മഹത്തായ പരീക്ഷണമുണ്ട്. നിങ്ങൾ നന്ദി കാണിക്കുന്നവരാകാൻ വേണ്ടി.
(50) കടൽ പിളർത്തി നിങ്ങൾക്ക് സഞ്ചരിക്കാൻ ഉണങ്ങിയ വഴി ഉണ്ടാക്കി നിങ്ങളെ രക്ഷപ്പെടുത്തുകയും, നിങ്ങളുടെ ശത്രുവായ ഫിർഔനെയും അനുയായികളെയും നിങ്ങൾ കണ്ട് കൊണ്ടിരിക്കെ മുക്കിക്കൊല്ലുകയും ചെയ്ത് നിങ്ങളെ നാം അനുഗ്രഹിച്ചത് നിങ്ങൾ ഓർക്കുക.
(51) സന്മാർഗ്ഗവും പ്രകാശവുമായ തൗറാത്ത് അവതരണം പൂർത്തിയാക്കാൻ മൂസാ നബി (അ) ക്ക് നാം നാൽപ്പത് ദിവസം നിശ്ചയിച്ചു. നാം ചെയ്തുതന്ന അനുഗ്രഹങ്ങളിൽ അതും നിങ്ങളോർത്ത് നോക്കുക . പക്ഷെ നിങ്ങൾ ഈ കാലയളവിൽ കാളക്കുട്ടിയെ ആരാധിക്കുകയാണ് ചെയ്തത്. ഈ പ്രവർത്തനം ചെയ്യുക വഴി കടുത്ത അക്രമമാണ് നിങ്ങൾ ചെയ്തത്.
(52) എന്നിട്ട് നിങ്ങൾ തൗബ ചെയ്ത ശേഷം നിങ്ങൾക്ക് നാം മാപ്പുനൽകി. നിങ്ങളെ നാം ശിക്ഷിച്ചില്ല. അല്ലാഹുവിനെ നല്ല രൂപത്തിൽ ഇബാദത് ചെയ്യുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാൻ വേണ്ടിയത്രെ അത്.
(53) മൂസാ നബിക്ക് തൗറാത്ത് നൽകിയെന്ന നമ്മുടെ അനുഗ്രഹവും നിങ്ങളോർത്ത് നോക്കുക. തൗറാത്ത്, സത്യവും അസത്യവും വേർതിരിക്കുന്ന, സന്മാർഗ്ഗവും ദുർമാർഗ്ഗവും തമ്മിൽ വേർപെടുത്തുന്ന കിതാബായിരുന്നു. അത് മുഖേന നിങ്ങൾ സന്മാർഗം പ്രാപിക്കാൻ വേണ്ടിയത്രെ അത്.
(54) ഈ അനുഗ്രഹങ്ങളിൽ നിന്നും നിങ്ങളോർക്കുക; കാളക്കുട്ടിയെ ആരാധിച്ച ശേഷവും പശ്ചാത്താപത്തിന് അല്ലാഹു നിങ്ങൾക്ക് അവസരം നൽകി എന്നത്. മൂസാ (അ) നിങ്ങളോട് പറഞ്ഞു: കാളക്കുട്ടിയെ ആരാധിക്കാനുള്ള ഇലാഹായി സ്വീകരിക്കുക വഴി നിങ്ങൾ നിങ്ങളോട് തന്നെ അക്രമം പ്രവർത്തിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. പരസ്പരം കൊലപ്പെടുത്തലാണ് നിങ്ങൾക്കുള്ള പശ്ചാത്താപം.ഈ രൂപത്തിൽ പശ്ചാത്തപിക്കലാണ് നരകത്തിൽ ശാശ്വതമാവുന്ന കുഫ്റിൽ ഉറച്ച് നിൽക്കുന്നതിനേക്കാൾ നിങ്ങൾക്ക് നല്ലത്. അങ്ങനെ, അല്ലാഹുവിൻറെ തൗഫീഖും അവന്റെ സഹായവും കൊണ്ട് നിങ്ങൾ അപ്രകാരം പ്രവർത്തിച്ചു. അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. അവൻ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും തൻറെ അടിമകളോട് ഏറെ റഹ്മത് ചെയ്യുന്നവനുമാകുന്നു.
(55) നിങ്ങളുടെ പൂർവപിതാക്കൾ മൂസാ നബിയോട് ഇങ്ങനെ ചോദിക്കാൻ ധൈര്യം കാണിച്ചതും നിങ്ങളോർക്കുക. "അല്ലാഹുവിനെ ഒരു മറയുമില്ലാതെ, നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് വരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല!" ആ കടുത്ത ധിക്കാരത്തിന്റെ ഫലമായി നിങ്ങൾ പരസ്പരം നോക്കികൊണ്ടിരിക്കെ, കരിച്ച് കളയുന്ന തീ നിങ്ങളെ പിടികൂടി.
(56) എന്നിട്ട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം പുനർജീവിപ്പിച്ചു. അവൻ ചെയ്തു തന്ന ആ അനുഗ്രഹത്തിന് നിങ്ങൾ നന്ദി ചെയ്യാൻ വേണ്ടിയായിരുന്നു അത്.
(57) ഭൂമിയിൽ നിങ്ങൾ അലഞ്ഞു നടന്നപ്പോൾ സൂര്യതാപത്തിൽ നിന്ന് തണലായി മേഘത്തെ അയച്ചത് നാം നിങ്ങൾക്ക് നൽകിയ അനുഗ്രഹമായിരുന്നു. തേനിനോട് സാദൃശ്യമുള്ള മന്നയെന്ന മധുരമുള്ള പാനീയവും, കാടപ്പക്ഷിയോട് സാദൃശ്യമുള്ള സൽവയെന്ന, നല്ല മാംസമുള്ള ചെറിയ പക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു. എന്നിട്ട് നാം നിങ്ങളോട് പറഞ്ഞു: നാം നൽകിയ വിശിഷ്ടമായ ആഹാരം നിങ്ങൾ ഭക്ഷിച്ചുകൊള്ളുക. ഈ അനുഗ്രഹങ്ങളെ നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്തത് നിമിത്തം നമുക്ക് ഒരു കുറവും അവർ വരുത്തിയിട്ടില്ല. മറിച്ച്, പ്രതിഫലം നഷ്ടപ്പെടുത്തുകയും ശിക്ഷക്ക് വിധേയരാവുകയും ചെയ്ത് കൊണ്ട് അവർ അവരോട് തന്നെയാണ് അക്രമം പ്രവർത്തിച്ചത്.
(58) അല്ലാഹു നിങ്ങൾക്ക് നൽകിയ ഈ അനുഗ്രഹവും നിങ്ങളോർക്കുക. അഥവാ, നാം നിങ്ങളോട് ഇങ്ങനെ പറഞ്ഞ സന്ദർഭം: നിങ്ങൾ ബൈത്തുൽ മുഖദ്ദസിൽ പ്രവേശിക്കുകയും വിശിഷ്ടമായത് നിങ്ങൾക്കിഷ്ടമുള്ളിടത്തുനിന്ന് യഥേഷ്ടം സുഭിക്ഷമായി ഭക്ഷിക്കുകയും ചെയ്യുക. അവിടേക്ക് അല്ലാഹുവിന് കീഴൊതുങ്ങി തല കുനിച്ചു കൊണ്ടും, 'ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് തരണേ' എന്ന് പറഞ്ഞുകൊണ്ടും പ്രവേശിക്കുക. എങ്കിൽ നാം നിങ്ങൾക്ക് ഉത്തരം നൽകുകയും നന്നായി പ്രവർത്തിച്ചവർക്ക് അതിന്റെ പ്രതിഫലം നാം വർദ്ധിപ്പിച്ചു തരികയും ചെയ്യും.
(59) എന്നാൽ അവരിലെ അക്രമികൾ ചെയ്യാൻ പറഞ്ഞ പ്രവർത്തിക്കു പകരം മറ്റൊന്ന് ചെയ്തു. പറയാൻ പറഞ്ഞ വാക്കിനുപകരം മറ്റൊന്ന് പറഞ്ഞു. അല്ലാഹുവിനെ പരിഹസിച്ചുകൊണ്ട് ചന്തികുത്തി നിരങ്ങിയും, "ഒരു നാരിൽ ഒരു ധാന്യമണി" എന്ന് പറഞ്ഞുകൊണ്ടുമാണ് അവർ അവിടെ പ്രവേശിച്ചത്. (പാപമോചനം തേടാനുള്ള "ഹിത്ത" എന്ന വാക്കിനെ പരിഹസിച്ച് "ധാന്യമണി" എന്നർത്ഥമുള്ള "ഹിൻത്ത" എന്ന് അവർ മാറ്റിപ്പറഞ്ഞു.) ആ അക്രമികൾക്കുള്ള പ്രതിഫലമായി അല്ലാഹു ആകാശത്തു നിന്നും ശിക്ഷയിറക്കി. അല്ലാഹുവിന്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചതിന്റെയും മത നിയമത്തിന്റെ അതിർവരമ്പ് മുറിച്ചു കടന്നതിന്റെയും ഫലമാണത്.
(60) നിങ്ങൾ തീഹ് മരുഭൂമിയിലായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങളോർക്കുക. അതികഠിനമായ ദാഹം നിങ്ങളെ പിടികൂടുകയും മൂസാ നബി (അ) നിങ്ങൾക്ക് വെള്ളം നൽകാൻ തൻറെ റബ്ബിനോട് കേണപേക്ഷിക്കുകയും ചെയ്തു. അപ്പോൾ നാം മൂസാ നബിയോട് തൻറെ വടി കൊണ്ട് പാറമേൽ അടിക്കാൻ കൽപ്പിച്ചു. അദ്ദേഹം അതിലടിച്ചപ്പോൾ നിങ്ങളിലെ ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി. നിങ്ങൾക്കിടയിൽ തർക്കമുണ്ടാകാതിരിക്കാൻ വേണ്ടി ഓരോ ഗോത്രത്തിനും വെള്ളമെടുക്കാൻ പ്രത്യേകം സ്ഥലം നാം നിശ്ചയിച്ചുതരികയും ചെയ്തു. നാം നിങ്ങളോട് പറഞ്ഞു: നിങ്ങളുടെ പ്രവർത്തനമോ അദ്ധ്വാനമോ ഇല്ലാതെ ലഭിച്ച, അല്ലാഹു തന്ന രിസ്ഖിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കി നടക്കരുത്.
(61) നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹങ്ങള നിങ്ങൾ നിഷേധിച്ച സന്ദർഭം ഓർക്കുക! അല്ലാഹു നിങ്ങൾക്ക് ഇറക്കിത്തന്ന മന്നയും സൽവയും (തേൻകട്ടിയും കാടപ്പക്ഷിയും) ഭക്ഷിക്കുന്നത് നിങ്ങൾക്ക് മടുക്കുകയും, മാറ്റമില്ലാത്ത ഒരേതരം ആഹാരവുമായി ക്ഷമിച്ചു കഴിയുവാൻ ഞങ്ങൾക്ക് സാധിക്കുകയില്ല എന്ന് നിങ്ങൾ പറയുകയും ചെയ്തു. അതിനാൽ മണ്ണിൽ മുളച്ചുണ്ടാവുന്ന ചീരയും വെള്ളരിയും ഗോതമ്പും, പയറും ഉള്ളിയും പോലുള്ളവ നിങ്ങൾക്ക് മുളപ്പിച്ചു നൽകാൻ വേണ്ടി പ്രാർത്ഥിക്കുന്നതിന് നിങ്ങൾ മൂസാ നബിയോട് ആവശ്യപ്പെട്ടു. നിങ്ങളുടെ ആവശ്യം നിരസിച്ചു കൊണ്ട് മൂസാ പറഞ്ഞു: തേൻകട്ടിക്കും കാടപ്പക്ഷിക്കും പകരമായി അതിനേക്കാൾ താഴ്ന്ന ഭക്ഷണമാണോ നിങ്ങൾ ആവശ്യപ്പെടുന്നത്?! അവ കൂടുതൽ നല്ലതും ശ്രേഷ്ഠവുമാണ് എന്നതിനൊപ്പം, ഒരു അദ്ധ്വാനമോ പ്രയാസമോ ഇല്ലാതെയാണ് നിങ്ങൾക്കവ ലഭിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങൾ ഈ പ്രദേശം വിട്ട് ഏത് പട്ടണത്തിൽ വേണമെങ്കിലും പോയ്ക്കൊള്ളുക. അവിടെയുള്ള കൃഷിസ്ഥലങ്ങളിലും, അങ്ങാടികളിലും നിങ്ങളാവശ്യപ്പെട്ടത് ലഭ്യമാകും. തങ്ങളുടെ ദേഹേച്ഛകളെ അവർ പിൻപറ്റുകയും, അല്ലാഹു നൽകിയതിനോട് അവർ തുടർച്ചയായി വിമുഖത കാണിക്കുകയും ചെയ്തതിനാൽ നിന്ദ്യതയും ദാരിദ്ര്യവും ക്ലേശവും അവരെ വിടാതെ പിടികൂടി. അല്ലാഹുവിൻറെ മതത്തിൽ നിന്ന് അവർ പിന്തിരിയുകയും, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിനാൽ അവർ അല്ലാഹുവിൻറെ കോപത്തിന് പാത്രമായിത്തീർന്നു. അല്ലാഹുവിനെ ധിക്കരിക്കുകയും അവൻറെ നിയമങ്ങളുടെ പരിധി ലംഘിക്കുകയും ചെയ്തത് കൊണ്ടത്രെ അതെല്ലാം അവരെ ബാധിച്ചത്.
(62) അല്ലാഹുവിന്റെ ദീനിൽ വിശ്വസിച്ച ഈ ഉമ്മത്തിൽ (സമുദായത്തിൽ) പ്പെട്ടവരും, മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച യഹൂദികൾക്കും നസ്രാനികൾക്കും സാബിഉകൾക്കും അവരുടെ റബ്ബിന്റെയരികിൽ അവരുടെ പ്രതിഫലമുണ്ട്. മുൻകഴിഞ്ഞ ചില നബിമാരെ പിൻപറ്റിയ ഒരു വിഭാഗത്തെയാണ് സാബിഉകൾ എന്ന് പറയുന്നത്. മുന്നിൽ നേരിടാനിരിക്കുന്ന പരലോകത്ത് അവർ ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞുപോയ ദുൻയാവിന്റെ പേരിൽ അവർ ദുഃഖിക്കേണ്ടിവരികയുമില്ല.
(63) അല്ലാഹുവിലും അവൻറെ റസൂലുകളിലും വിശ്വസിക്കാമെന്ന ശക്തമായ കരാർ നിങ്ങളിൽ നിന്ന് നാം സ്വീകരിച്ച സന്ദർഭം ഓർക്കുക. നിങ്ങളെ ഭയപ്പെടുത്താനും, കരാറനുസരിച്ച് പ്രവർത്തിക്കാതിരിക്കരുതെന്ന താക്കീതായിക്കൊണ്ടും നിങ്ങൾക്കു മുകളിൽ നാം പർവ്വതത്തെ ഉയർത്തി. തൗറാത്തിൽ നാം അവതരിപ്പിച്ചത് ഉത്സാഹത്തോടെയും താൽപര്യത്തോടെയും നിങ്ങൾ സ്വീകരിക്കണമെന്ന് കൽപ്പിച്ചു കൊണ്ടായിരുന്നു പർവതത്തെ നിങ്ങൾക്കുമേൽ നാം ഉയർത്തിയത്. നിസാരവത്കരിക്കുകയോ അലസത കാണിക്കുകയോ ചെയ്യാതെ അത് നിങ്ങൾ ചെയ്യണമെന്ന് നാം കൽപിച്ചു. തൗറാത്തിലുള്ളത് നിങ്ങൾ സൂക്ഷിക്കുകയും മനഃപാഠമാക്കുകയും അതിനെക്കുറിച്ചു നന്നായി ചിന്തിക്കുകയും ചെയ്യുക. അപ്രകാരം പ്രവർത്തിച്ചാൽ അല്ലാഹുവിൻറെ ശിക്ഷയെ നിങ്ങൾക്ക് സൂക്ഷിക്കാൻ സാധിച്ചേക്കാം.
(64) ഉറച്ച കരാർ നിങ്ങളിൽ നിന്ന് സ്വീകരിച്ച ശേഷവും നിങ്ങൾ ധിക്കരിക്കുകയും ദീനിനെ അവഗണിക്കുകയുമായിരുന്നു. നിങ്ങൾക്ക് വിട്ടുവീഴ്ച് ചെയ്തു കൊണ്ടുള്ള അല്ലാഹുവിൻറെ അനുഗ്രഹവും, പശ്ചാത്താപം സ്വീകരിച്ചു കൊണ്ടുള്ള അവൻറെ കാരുണ്യവും ഇല്ലായിരുന്നെങ്കിൽ ധിക്കാരവും അവഗണനയും നിമിത്തം നിങ്ങൾ നഷ്ടക്കാരിൽപ്പെട്ടുപോകുമായിരുന്നു.
(65) നിങ്ങളുടെ പൂർവ്വികരുടെ വിവരം ഒരു സംശയവുമില്ലാത്ത നിലക്ക് നിങ്ങൾ അറിഞ്ഞിട്ടുണ്ട്.വേട്ട നിരോധിക്കപ്പെട്ട ശനിയാഴ്ച ദിവസം വേട്ടയാടിക്കൊണ്ട് അവർ അതിക്രമം പ്രവർത്തിച്ചു. അതിനവർ ഒരു കുതന്ത്രം പ്രയോഗിക്കുകയും ചെയ്തു. ശനിയാഴ്ചക്ക് മുമ്പ് വലകൾ നാട്ടും. വേട്ടയാടിയത് ഞായറാഴ്ച പുറത്തെടുക്കുകയും ചെയ്യും. ആ കുതന്ത്രക്കാരെ അല്ലാഹു നിന്ദ്യരായ കുരങ്ങന്മാരാക്കി മാറ്റി. അവരുടെ കുതന്ത്രത്തിനുള്ള ശിക്ഷയായിരുന്നു അത്.
(66) ഈ അതിക്രമികളുടെ നാടിനെ അയൽ നാടുകൾക്കും, ശേഷം വരുന്നവർക്കുമുള്ള ഒരു ഗുണപാഠമാക്കി. അവരുടെ അതേ പ്രവർത്തനം പ്രവർത്തിച്ച് അവരുടെ അതേ ശിക്ഷ ഇനിയാരും വാങ്ങാതിരിക്കാൻ. അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെടുന്ന സൂക്ഷ്മതയുള്ളവർക്ക് ഒരു ഓർമപ്പെടുത്തലാണത്. അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള അവന്റെ ശിക്ഷയെയും പ്രതികാരത്തെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.
(67) നിങ്ങളുടെ പൂർവ്വികരുടെ ചരിത്രത്തിൽ നിന്ന് ഒരു സംഭവം നിങ്ങളോർക്കുക. മൂസാ നബി(عليه السلام)ക്കും അവർക്കുമിടയിൽ നടന്ന ഒരു സംഭവം. ഏതെങ്കിലുമൊരു പശുവിനെ അറുക്കാൻ അല്ലാഹുവിൻറെ കൽപ്പനയുണ്ടെന്ന് മൂസാ (عليه السلام) അവരെ അറിയിച്ചു. റബ്ബിന്റെ കൽപ്പന വേഗം നടപ്പിലാക്കുന്നതിനു പകരം 'നീ ഞങ്ങളെ പരിഹസിക്കുകയാണോ' എന്ന് ധിക്കാരത്തോടെ ചോദിക്കുകയാണവർ ചെയ്തത്. മൂസാ നബി (عليه السلام) പറഞ്ഞു: ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അല്ലാഹുവിൻറെ പേരിൽ കളവ് പറയുകയും ജനങ്ങളെ പരിഹസിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുന്നതിൽ നിന്ന് അവനോട് ഞാൻ കാവൽ ചോദിക്കുന്നു.
(68) മൂസാ നബിയോട് അവർ പറഞ്ഞു: അറുക്കാൻ കൽപ്പിച്ച പശു ഏത് തരമായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചു തരാൻ വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: അല്ലാഹു പറയുന്നു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അത്. നിങ്ങൾ നിങ്ങളുടെ റബ്ബിന്റെ കൽപന വേഗം നടപ്പിലാക്കുക.
(69) അവർ അവരുടെ കുതർക്കത്തിലും ധിക്കാരത്തിലും തന്നെ തുടർന്നുകൊണ്ട് മൂസാ നബിയോട് പറഞ്ഞു: അതിൻറെ നിറമെന്തായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചുതരുവാൻ താങ്കൾ താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ നബി പറഞ്ഞു: അല്ലാഹു പറയുന്നു: അതിനെ നോക്കുന്നവർക്ക് കൗതുകം തോന്നിക്കുന്ന, കടുത്ത മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അത്.
(70) വീണ്ടും അവർ അവരുടെ ധിക്കാരത്തിൽ തന്നെ തുടർന്നു കൊണ്ട് പറഞ്ഞു: അറുക്കേണ്ട പശുവിന്റെ വിശേഷണങ്ങൾ കൂടുതൽ വിശദമാക്കിത്തരാൻ നീ നിൻറെ റബ്ബിനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുക. പറയപ്പെട്ട വിശേഷണങ്ങളുള്ള പശുക്കൾ ധാരാളമുണ്ട്. അവയിൽ നിന്ന് വേണ്ടത് തെരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നില്ല. ഇൻ ശാ അല്ലാഹ് അറുക്കേണ്ട പശുവിലേക്ക് ഞങ്ങൾക്ക് എത്താൻ സാധിക്കും.
(71) മൂസാ നബി (عليه السلام) അവരോട് പറഞ്ഞു: അല്ലാഹു പറയുന്നു: ആ പശുവെന്നാൽ, കാർഷിക ജോലികൾക്കോ വിള നനക്കുവാനോ ഉപയോഗിക്കാത്തതും, ന്യൂനതകളില്ലാത്തതും, അതിന്റെ നിറമായ മഞ്ഞ നിറമില്ലാത്ത മറ്റ് പാടുകളൊന്നുമില്ലാത്തതുമായിരിക്കണം. അപ്പോൾ അവർ പറഞ്ഞു: ഇപ്പോഴാണ് മറ്റ് പശുക്കളിൽ നിന്ന് വേർതിരിച്ചറിയാൻ സാധിക്കുന്ന സൂക്ഷ്മമായ വിവരണം നീ നൽകിയത്. അങ്ങനെ ഒടുവിൽ അവരതിനെ അറുത്തു. തർക്കവും, ധിക്കാരവും കാരണമായി അറുക്കാനേ കഴിയില്ല എന്നായതിനു ശേഷമാണ് അവർക്കതു സാധിച്ചത്.
(72) നിങ്ങൾ നിങ്ങളിൽ പെട്ട ഒരാളെ കൊലപ്പെടുത്തുകയും പരസ്പരം ആരോപണം നടത്തുകയും ചെയ്ത സന്ദർഭം ഓർക്കുക. ഓരോരുത്തരും താൻ കൊല നടത്തിയിട്ടില്ലെന്ന് നിഷേധിക്കുകയും മറ്റുള്ളവരിൽ അത് ആരോപിക്കുകയും ചെയ്തുകൊണ്ട് പരസ്പരം തർക്കിച്ചു. നിങ്ങൾ മറച്ചുവെച്ച, ആ നിരപരാധിയുടെ കൊലയുടെ കാര്യം അല്ലാഹു പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും.
(73) അപ്പോൾ നാം നിങ്ങളോട് പറഞ്ഞു: അറുക്കാൻ കൽപ്പിക്കപ്പെട്ട പശുവിൻറെ ഒരു ഭാഗം കൊണ്ട് ആ മൃതദേഹത്തിൽ അടിക്കുക. കൊന്നവൻ ആരാണെന്ന് പറയാൻ വേണ്ടി അല്ലാഹു അയാളെ ജീവിപ്പിക്കും. അവർ അങ്ങനെ ചെയ്തു. അയാൾ കൊലപാതകിയാരാണെന്ന് അറിയിക്കുകയും ചെയ്തു. ഈ മയ്യിത്തിനെ ജീവിപ്പിച്ചത് പോലെ ഖിയാമത്ത് നാളിൽ അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കും. അല്ലാഹുവിൻറെ മഹത്തായ കഴിവിനുള്ള വ്യക്തമായ തെളിവുകൾ അവൻ നിങ്ങൾക്ക് കാണിച്ചു തരുന്നു. നിങ്ങൾ ചിന്തിക്കുകയും അല്ലാഹുവിൽ യഥാവിധി വിശ്വസിക്കുകയും ചെയ്യാൻ വേണ്ടിയത്രെ അത്.
(74) മഹത്തരമായ മുഅ്ജിസത്തുകൾ (അത്ഭുത സംഭവങ്ങൾ) കണ്ടിട്ടും ഹൃദയത്തിൽ തട്ടുന്ന ഉപദേശങ്ങൾ ലഭിച്ചിട്ടും നിങ്ങളുടെ ഹൃദയങ്ങൾ കടുത്തു പോയി. അത് പാറക്കല്ലുകൾ പോലെയായിത്തീർന്നു. അല്ല, അതിനെക്കാൾ കടുത്തുറച്ചുപോയി. അവയുടെ ആ സ്ഥിതിക്ക് മാറ്റം വരികയില്ല. കല്ലുകൾക്കാകട്ടെ മാറ്റവും സ്ഥാനചലനവുമെല്ലാം സംഭവിക്കാറുണ്ട്. കല്ലുകളിൽ ചിലതിൽ നിന്ന് നദികൾ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളർന്ന് ഭൂമിയിലൂടെ ഒഴുകുന്ന അരുവികൾ പുറത്ത് വരുന്നു. അത് മനുഷ്യർക്കും മൃഗങ്ങൾക്കും ഉപകാരപ്പെടുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള പേടിയും ഭയപ്പാടും കൊണ്ട് പർവ്വതങ്ങളുടെ മുകളിൽ നിന്ന് താഴോട്ട് ഉരുണ്ടു വീഴുന്ന കല്ലുകളുമുണ്ട്. നിങ്ങളുടെ ഹൃദയങ്ങൾ അങ്ങനെ പോലുമല്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അല്ലാഹു അശ്രദ്ധനല്ല. മറിച്ച് അതെല്ലാം അറിയുന്നവനാണവൻ. അവൻ നിങ്ങൾക്ക് അതിനുള്ള പ്രതിഫലം നൽകുകയും ചെയ്യും.
(75) ഓ മുഅ്മിനുകളേ, ജൂതന്മാരുടെ തനി സ്വഭാവവും ധിക്കാരവും അറിഞ്ഞതിന് ശേഷവും, അവർ വിശ്വസിക്കുകയും നിങ്ങൾക്ക് ഉത്തരം ചെയ്യുകയും ചെയ്യുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുകയാണോ?അവരിലെ ഒരു വിഭാഗം പണ്ഡിതന്മാർ തൗറാത്തിൽ അവർക്ക് അവതരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ വചനം കേട്ടു. അത് അറിയുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം അതിലെ പദങ്ങളും ആശയങ്ങളും മാറ്റിമറിക്കുകയും ചെയ്തു. അവർ ചെയ്യുന്ന പാപത്തിൻറെ ഗൗരവം അറിഞ്ഞു കൊണ്ട് തന്നെയാകുന്നു അവരത് ചെയ്തത്.
(76) ജൂതന്മാരുടെ വൈരുദ്ധ്യങ്ങളിലും കുതന്ത്രങ്ങളിലും പെട്ട കാര്യമാണ്: അവരിൽ ചിലർ മുഅ്മിനുകളെ കണ്ടുമുട്ടിയാൽ മുഹമ്മദ് നബി(ﷺ)യുടെ സത്യസന്ധത അംഗീകരിക്കുമെന്നത്. മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ യഥാർത്ഥ ദൂതനാണെന്നും തൗറാത്ത് അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അവർ ആ സമയത്ത് അംഗീകരിക്കും. എന്നാൽ ജൂതന്മാർ മാത്രം ഒരുമിച്ചു കൂടിയാൽ ഈ അംഗീകരിച്ചതിനെ അങ്ങോട്ടുമിങ്ങോട്ടും ആക്ഷേപിക്കുകയും ചെയ്യും. മുഹമ്മദ് നബി(ﷺ)യുടെ പ്രവാചകത്വം സത്യമാണെന്ന് അവർ അംഗീകരിച്ചത് മുസ്ലിംകൾ അവർക്കെതിരിൽ തെളിവായി സ്ഥാപിക്കുമെന്നതായിരുന്നു അതിന് കാരണം.
(77) അവർ ഒളിച്ചുവെക്കുന്നതും പരസ്യമാക്കുന്നതുമായ വാക്കും പ്രവർത്തിയുമെല്ലാം അല്ലാഹു അറിയുന്നുണ്ട്. അക്കാര്യത്തിൽ അശ്രദ്ധയിലാണ്ടു പോയതു പോലെയാണ് ജൂതന്മാരുടെ ഈ വൃത്തികെട്ട മാർഗ്ഗത്തിലൂടെയുള്ള സഞ്ചാരം. എന്നാൽ അല്ലാഹു അതെല്ലാം അറിയുന്നു. അതെല്ലാം അല്ലാഹു അവൻറെ അടിമകൾക്ക് വെളിപ്പെടുത്തിക്കൊടുക്കുകയും അവരെ വഷളാക്കുകയും ചെയ്യും.
(78) തൗറാത്തിൻറെ പാരായണമല്ലാതെ, അതിലെ ആശയങ്ങളെക്കുറിച്ച് ഒന്നുമറിയാത്ത ഒരു വിഭാഗം ജൂതന്മാരിലുണ്ട്. അതിലുള്ള വിഷയങ്ങളൊന്നും അവർ മനസിലാക്കുന്നില്ല. അവരുടെ നേതാക്കന്മാരിൽ നിന്ന് കേട്ടിട്ടുള്ള കളവുകൾ മാത്രമാണ് അവരുടെ പക്കലുള്ളത്. അല്ലാഹു ഇറക്കിയ തൗറാത്താണ് അതെന്ന് അവർ കരുതുന്നു.
(79) സ്വന്തം കൈകൾ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതാണെന്ന് കള്ളം പറയുകയും ചെയ്യുന്നവരെ കാത്തിരിക്കുന്നത് നാശവും കഠിനമായ ശിക്ഷയുമാകുന്നു. സമ്പത്തും അധികാരവും പോലുള്ള, ദുൻയാവിലെ വില കുറഞ്ഞ നേട്ടങ്ങൾ കരസ്ഥമാക്കാൻ വേണ്ടി സത്യത്തെയും സന്മാർഗ്ഗത്തെയും മാറ്റിമറിക്കാനാണ് അവരിത് ചെയ്യുന്നത്. അവരുടെ കൈകൾ കൊണ്ട് അല്ലാഹുവിൻറെ പേരിൽ കള്ളം എഴുതിയുണ്ടാക്കിയതിനാൽ അവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ട്. അതു വഴി അധികാരവും സമ്പത്തുമൊക്കെ നേടിയ വകയിലും അവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ട്.
(80) യഹൂദികൾ പറഞ്ഞു: ഏതാനും ദിവസങ്ങളിലല്ലാതെ ഞങ്ങളെ നരക ശിക്ഷ ബാധിക്കുകയോ നരകത്തിൽ ഞങ്ങൾ പ്രവേശിക്കുകയോ ഇല്ല. അവരുടെ നുണയാണത്. അവരകപ്പെട്ട വഞ്ചനയുമാണത്. നബിയേ അവരോട് ചോദിക്കുക: നിങ്ങൾ അല്ലാഹുവിങ്കൽ നിന്ന് വല്ല കരാറും വാങ്ങിയിട്ടുണ്ടോ? ഇങ്ങനെ ഒരു ഉറച്ച വാഗ്ദാനം അവൻ നിങ്ങൾക്കവൻ നൽകിയിട്ടുണ്ടോ?എങ്കിൽ തീർച്ചയായും അല്ലാഹു തൻറെ കരാർ ലംഘിക്കുകയില്ല. അതല്ല, അറിയാത്ത കാര്യം നിങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളംകെട്ടിച്ചമച്ചു പറയുകയാണോ?
(81) ഇക്കൂട്ടർ വിചാരിക്കുന്നത് പോലെയല്ല കാര്യം. കുഫ്ർ പ്രവർത്തിച്ച, എല്ലാ വശത്തുനിന്നും സ്വന്തം പാപങ്ങൾ വലയം ചെയ്ത ആരുണ്ടോ അവരെയെല്ലാം അല്ലാഹു ശിക്ഷിക്കും. അവർക്കു പ്രതിഫലമായി അവൻ നരകം നൽകുകയും അതിലവരെ ശാശ്വത വാസികളാക്കുകയും ചെയ്യും. എന്നെന്നും അവരതിൽ കഴിയേണ്ടിവരും.
(82) അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും, സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് അല്ലാഹുവിങ്കലുള്ള പ്രതിഫലം സ്വർഗ്ഗപ്രവേശനമാണ്. അവരതിൽ ശാശ്വതരുമായിരിക്കും. എന്നെന്നും അവർക്കവിടെ കഴിയാം.
(83) ഇസ്രാഈൽ സന്തതികളേ! അല്ലാഹുവിനെ ഏകനാക്കണമെന്നും അവനെ അല്ലാതെ നിങ്ങൾ ആരാധിക്കരുത് എന്നും, മാതാപിതാക്കൾക്കും ബന്ധുക്കൾക്കും അനാഥകൾക്കും ആവശ്യക്കാരായ അഗതികൾക്കും നന്മ ചെയ്യണം എന്നും ജനങ്ങളോട് നന്മ കൽപ്പിച്ചും തിന്മവിരോധിച്ചും പരുഷതയോ കാഠിന്യമോ ഇല്ലാതെ നല്ല വാക്ക് പറയണം എന്നും നമസ്കാരം ഞാൻ കൽപ്പിച്ച മുറ പ്രകാരം നിർവ്വഹിക്കുകയും, നല്ല മനസ്സോടെ അവകാശികൾക്ക് സകാത്ത് നൽകുകയും ചെയ്യണം എന്നുമെല്ലാം നാം നിങ്ങളോട് കരാർ വാങ്ങിയ സന്ദർഭം (ഓർക്കുക). എന്നാൽ നിങ്ങൾ ആ കരാറിൽ നിന്ന് വിമുഖതയോടെ പിന്മാറിക്കളയുകയാണ് ചെയ്തത്. അല്ലാഹു സംരക്ഷിച്ച ചിലർ മാത്രം അതിൽ നിന്ന് രക്ഷപ്പെട്ടു, അവർ അല്ലാഹുവിൻ്റെ കരാറുകൾ പൂർത്തീകരിച്ചു.
(84) തൗറാത്തിൽ നിങ്ങളോട് നാം ശക്തമായ ഉറപ്പ് വാങ്ങിയ സന്ദർഭവും ഓർക്കുക. അതിലൂടെ, നിങ്ങൾ അന്യോന്യം രക്തം ചിന്തുന്നതും, വീടുകളിൽ നിന്ന് പുറത്താക്കുന്നതും നിങ്ങൾക്ക് നാം ഹറാമാക്കുകയുണ്ടായി. എന്നിട്ട് നിങ്ങളാ കരാർ സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. അത് സത്യമാണെന്ന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.
(85) എന്നിട്ടും നിങ്ങൾ ഈ കരാർ ലംഘിക്കുന്നു. പരസ്പരം കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളിലൊരു വിഭാഗത്തെ അവരുടെ വീടുകളിൽ നിന്നും ശത്രുക്കളുടെ സഹായത്തോടെ കുറ്റകരമായും അതിക്രമപരമായും ഇറക്കി വിട്ടുകൊണ്ടിരിക്കുന്നു. ശത്രുക്കളുടെ യുദ്ധത്തടവുകാരായി അവർ നിങ്ങളിലേക്ക് വന്നാൽ നിങ്ങൾ മോചനമൂല്യം നൽകി അവരെ മോചിപ്പിക്കാൻ ശ്രമിക്കുന്നു. യഥാർത്ഥത്തിൽ അവരെ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കുന്നത് തന്നെ നിങ്ങൾക്ക് ഹറാമായിരുന്നു. എങ്ങനെയാണ് തൗറാത്തിലെ ചിലത് നിങ്ങൾ വിശ്വസിക്കുകയും ചിലത് നിഷേധിക്കുകയും ചെയ്യുന്നത്? അഥവാ, തടവുകാരെ മോചിപ്പിക്കൽ നിർബന്ധമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. പക്ഷെ, രക്തം ചിന്തരുതെന്നും അത് സംരക്ഷിക്കണമെന്നും അന്യോന്യം വീടുകളിൽ നിന്ന് പുറത്താക്കരുതെന്നുമുള്ള തൗറാത്തിലെ കൽപന നിങ്ങൾ നിഷേധിക്കുന്നു. നിങ്ങളിൽ നിന്ന് ഇങ്ങനെ ചെയ്യുന്നവർക്ക് ഇഹലോകജീവിതത്തിൽ നിന്ദ്യതയും അപമാനവുമല്ലാതെ മറ്റൊരു ഫലവും കിട്ടാനില്ല. പരലോകത്താകട്ടെ, അതികഠിനമായ ശിക്ഷയിലേക്ക് അവർ തള്ളപ്പെടുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അല്ലാഹു അതെല്ലാം അറിയുകയും അതിനെല്ലാമുള്ള പ്രതിഫലം നിങ്ങൾക്ക് നൽകുകയും ചെയ്യും.
(86) പരലോകം വിറ്റ് ഇഹലോകജീവിതം പകരം വാങ്ങിയവരാകുന്നു അത്തരക്കാർ. എന്നെന്നും നിലനിൽക്കുന്നതിനേക്കാൾ നശിച്ചുപോകുന്നതിന് അവർ മുൻതൂക്കം നൽകി. അവർക്ക് പരലോകത്ത് ശിക്ഷയിൽ ഇളവ് നൽകപ്പെടുകയില്ല. അന്നേദിവസം അവരെ സഹായിക്കാൻ ഒരു സഹായിയും ഉണ്ടാവുകയുമില്ല.
(87) മൂസാക്ക് നാം തൗറാത്ത് നൽകി. അദ്ദേഹത്തിന് ശേഷം തുടർച്ചയായി നാം ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മർയമിൻറെ മകനായ ഈസാക്ക് മരണപ്പെട്ടവരെ ജീവിപ്പിക്കുക, അന്ധനായി ജനിച്ചവർക്ക് കാഴ്ച്ച നൽകുക, വെള്ളപ്പാണ്ടുള്ളവരെ സുഖപ്പെടുത്തുക പോലുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങൾ നൽകുകയും, അദ്ദേഹത്തെ ജിബ്രീൽ എന്ന മലക്കിനെ കൊണ്ട് നാം ശക്തിപ്പെടുത്തുകയും ചെയ്തു. എന്നിട്ട് -ഇസ്രാഈൽ സന്തതികളേ!- നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിക്കാത്ത കാര്യങ്ങളുമായി അല്ലാഹുവിന്റെ വല്ല ദൂതനും നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങൾ അഹങ്കരിക്കുകയും, സത്യത്തിന് മേൽ നിങ്ങൾ ഔന്നിത്യം നടിക്കുകയും ചെയ്തു. അവരിൽ ചില ദൂതന്മാരെ നിങ്ങൾ നിഷേധിക്കുകയും, മറ്റു ചിലരെ നിങ്ങൾ വധിക്കുകയും ചെയ്തു.
(88) മുഹമ്മദ് നബിയെ പിൻപറ്റാതിരിക്കാനുള്ള ന്യായമായി യഹൂദർ പറയും: ഞങ്ങളുടെ ഹൃദയങ്ങൾ മൂടപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ പറയുന്നതൊന്നും അതിലേക്ക് പ്രവേശിക്കുകയില്ല. അത് മനസ്സിലാക്കാനും ഞങ്ങളുടെ ഹൃദയങ്ങൾക്ക് സാധിക്കുകയില്ല. എന്നാൽ കാര്യം നിങ്ങൾ പറയുന്ന പോലെ അല്ല; മറിച്ച് അവരുടെ അവിശ്വാസം നിമിത്തം അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റിയതാകുന്നു. അല്ലാഹു അവതരിപ്പിച്ചതിൽ വളരെ കുറച്ച് മാത്രമേ അവർ വിശ്വസിക്കുകയുള്ളൂ.
(89) അല്ലാഹുവിൽ നിന്ന് വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടപ്പോൾ അവർ അതിനെ നിഷേധിച്ചു. അടിസ്ഥാന വിഷയങ്ങളിലെല്ലാം തൗറാത്തിനോടും ഇഞ്ചീലിനോടും യോജിക്കുന്നതാണ് ഖുർആൻ. അവരാണെങ്കിൽ ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് പറയാറുണ്ടായിരുന്നു: ഒരു നബി വരാനുണ്ട്. അദ്ദേഹം നിയോഗിക്കപ്പെട്ടാൽ ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അവിടുത്തെ പിൻപറ്റുകയും മുശ്രിക്കുകൾക്കെതിരിൽ വിജയം നേടുകയും ചെയ്യും. എന്നാൽ അവർക്കറിയാവുന്ന എല്ലാ വിശേഷണങ്ങളോടും കൂടി മുഹമ്മദ് നബി വരികയും,അവർക്കറിയാവുന്ന സത്യവുമായി ഖുർആൻ അവതരിക്കുകയും ചെയ്തപ്പോൾ അവർ നിഷേധിക്കുകയാണ് ചെയ്തത്. അല്ലാഹുവിലും അവന്റെ റസൂലിലും അവിശ്വസിക്കുന്നവർക്കാണ് അല്ലാഹുവിൻറെ ശാപം.
(90) അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസത്തിന് പകരമായി അവർ സ്വീകരിച്ച സ്വാർത്ഥ താത്പര്യങ്ങൾ എത്ര ചീത്ത! മുഹമ്മദ് നബിക്ക് പ്രവാചകത്വവും ഖുർആനും അവതരിപ്പിച്ചതിലുള്ള അസൂയ കാരണം അക്രമമായി, അല്ലാഹു അവതരിപ്പിച്ചതിൽ അവർ അവിശ്വസിക്കുകയും അവന്റെ റസൂലുകളെ നിഷേധിക്കുകയും ചെയ്തു. മുമ്പ് തൗറാത്ത് മാറ്റിമറിച്ചതിനാലും, മുഹമ്മദ് നബിയെ നിഷേധിച്ചതിനാലും അല്ലാഹുവിൽ നിന്നുള്ള ഇരട്ടി ക്രോധത്തിന് അവർ അർഹരായി. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൽ അവിശ്വസിക്കുന്ന കാഫിറുകൾക്ക് ഖിയാമത്ത് നാളിൽ നിന്ദ്യമായ ശിക്ഷയാണുള്ളത്.
(91) അല്ലാഹു മുഹമ്മദ് നബിക്ക് അവതരിപ്പിച്ച സന്മാർഗത്തിലും സത്യത്തിലും നിങ്ങൾ വിശ്വസിക്കൂ എന്ന് യഹൂദികളോട് പറയപ്പെട്ടാൽ, ഞങ്ങളുടെ നബിമാർക്ക് അവതീർണ്ണമായ സന്ദേശത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ട് എന്നാണവർ പറയുക. അതിനപ്പുറമുള്ളത് അവർ വിശ്വസിക്കുന്നില്ല. മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ടത് അവർ നിഷേധിക്കുന്നു. ഖുർആനാകട്ടെ, പരിപൂർണ സത്യമാണ്. അല്ലാഹുവിൽ നിന്നുള്ളതും അവരുടെ പക്കലുള്ളതുമായതിനോട് ഖുർആൻ യോജിക്കുകയും ചെയ്യുന്നു. അവർക്കവതരിപ്പിക്കപ്പെട്ടതിൽ സത്യമായും അവർ വിശ്വസിച്ചിരുന്നെങ്കിൽ ഖുർആനിലും അവർ വിശ്വസിക്കുമായിരുന്നു. ഓ നബിയേ, അവരോടു മറുപടി പറയുക: യഥാർത്ഥത്തിൽ നിങ്ങൾ മുഅ്മിനുകളാണെങ്കിൽ പിന്നെ എന്തിനായിരുന്നു, സത്യവുമായി നിങ്ങളിലേക്ക് വന്ന അല്ലാഹുവിൻറെ നബിമാരെ നിങ്ങൾ കൊന്നുകളഞ്ഞത്?
(92) നിങ്ങളുടെ റസൂലായ മൂസാ (عليه السلام) അദ്ദേഹത്തിൻറെ സത്യസന്ധതക്കുള്ള വ്യക്തമായ തെളിവുകളുമായി നിങ്ങളിലേക്ക് വന്നു. അതിന് ശേഷം, മൂസാ തൻറെ റബ്ബ് നിശ്ചയിച്ച സമയത്ത് അവനുമായുള്ള സംഭാഷണത്തിനായി പോയി. ആ സമയം കാളക്കുട്ടിയെ നിങ്ങൾ ഇലാഹായി സ്വീകരിച്ചു. അതിനെ നിങ്ങൾ ആരാധിച്ചു. അങ്ങനെ അല്ലാഹുവിൽ പങ്കുചേർക്കുകയെന്ന അക്രമം നിങ്ങൾ പ്രവർത്തിച്ചു. യഥാർത്ഥത്തിൽ അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ. അവനല്ലാത്ത മറ്റാർക്കും അതിനർഹതയില്ല.
(93) മൂസാ നബി (عليه السلام) നെ പിൻപറ്റണമെന്നും, അവിടുന്ന് അല്ലാഹുവിൽ നിന്ന് കൊണ്ട് വരുന്നത് സ്വീകരിക്കണമെന്നും നിങ്ങളോട് നാം ശക്തമായ കരാർ വാങ്ങുകയും, നിങ്ങൾക്ക് മീതെ ഭയപ്പെടുത്താനായി പർവ്വതത്തെ നാം ഉയർത്തിപ്പിടിക്കുകയും ചെയ്ത സന്ദർഭവും ഓർക്കുക. നാം നിങ്ങളോട് പറഞ്ഞു: നിങ്ങൾക്ക് നാം നൽകിയ തൗറാത്തിനെ ഗൗരവപൂർവം ഉത്സാഹത്തോടെ മുറുകെപിടിക്കുക. കേൾക്കുകയും അനുസരിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്യുക. അല്ലെങ്കിൽ ഈ പർവതത്തെ നാം നിങ്ങൾക്ക് മേലെ വീഴ്ത്തും. അപ്പോൾ നിങ്ങൾ പറഞ്ഞു: ഞങ്ങൾ ഞങ്ങളുടെ ചെവി കൊണ്ട് കേൾക്കുകയും പ്രവർത്തികൊണ്ട് ധിക്കരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കുഫ്റിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ആരാധന അവരുടെ ഹൃദയങ്ങളിൽ ലയിച്ചു ചേർന്നു കഴിഞ്ഞിരുന്നു. ഓ നബിയേ, പറയുക: അല്ലാഹുവിനെ നിഷേധിക്കുക എന്ന് കൽപിക്കുന്ന നിങ്ങളുടെ ഈ ഈമാൻ എത്ര മോശമാണ്! നിങ്ങൾ മുഅ്മിനുകളാണെങ്കിൽ! കാരണം യഥാർത്ഥ ഈമാനിനോടൊപ്പം ഒരിക്കലും കുഫ്റുണ്ടാവുകയില്ല.
(94) നബിയേ പറയുക: ജൂതന്മാരേ, പരലോകത്ത് സ്വർഗ്ഗം മറ്റാരും പ്രവേശിക്കാത്ത വിധം നിങ്ങൾക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണെങ്കിൽ നിങ്ങൾ മരണം കൊതിക്കുകയും തേടുകയും ചെയ്യുക. എന്നാൽ ആ പദവി വേഗത്തിൽ കരസ്ഥമാക്കുകയും, ഇഹലോകത്തെ പ്രയാസങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും വിശ്രമിക്കുകയും ചെയ്യാമല്ലോ. നിങ്ങളുടെ ഈ വാദം സത്യമാണെങ്കിൽ അതാണല്ലോ വേണ്ടത്.
(95) അല്ലാഹുവിലുള്ള അവിശ്വാസം, അവന്റെ റസൂലുകളെ നിഷേധിക്കൽ, അവൻറെ കിതാബുകളിൽ മാറ്റിത്തിരുത്തലുകൾ വരുത്തൽ തുടങ്ങി അവർ അവരുടെ ജീവിത കാലത്ത് മുൻചെയ്തു വെച്ചിട്ടുള്ളത് നിമിത്തം അവർ മരണം ഒരു കാലത്തും കൊതിക്കുകയില്ല തന്നെ. അല്ലാഹു അവരിലും മറ്റുള്ളവരിലുമുള്ള അക്രമികളെപ്പറ്റി അറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവരുടെ കർമ്മമനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
(96) നബിയേ, തീർച്ചയായും ജനങ്ങളിൽ വെച്ച് ഇഹലോകജീവിതത്തോട് - അതെത്ര നിസ്സാരവും നിന്ദ്യവുമായാലും - ഏറ്റവും ആർത്തിയുള്ളവരായി യഹൂദരെ നിനക്ക് കാണാം. മരണത്തിനു ശേഷമുള്ള ഉയിർത്തെഴുനേൽപിലോ വിചാരണയിലോ വിശ്വസിക്കാത്ത മുശ്രിക്കുകളെക്കാളും അതിനോട് ആർത്തി പൂണ്ടവരാണ് യഹൂദികൾ. ഉയിർത്തെഴുനേൽപ്പിലും വിചാരണയിലും വിശ്വസിക്കുന്ന അഹ്ലുകിതാബ് (വേദക്കാർ) ആയിരുന്നിട്ടും അവരുടെ സ്ഥിതി ഇതാണ്. അവരിൽ ഓരോരുത്തരും കൊതിക്കുന്നത് തനിക്ക് ആയിരം കൊല്ലത്തെ ആയുസ്സ് കിട്ടിയിരുന്നെങ്കിൽ എന്നാണ്. ഒരാൾക്ക് എത്ര ദീർഘായുസ്സ് ലഭിച്ചാലും അത് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പോന്നതല്ല. അവർ പ്രവർത്തിക്കുന്നതെല്ലാം നോക്കിക്കൊണ്ടിരിക്കുന്നവനും അത് ഏറ്റവും നന്നായി കാണുന്നവനുമാകുന്നു അല്ലാഹു. ഒന്നും അവനിൽ നിന്ന് മറയുകയില്ല. പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ അവർക്കു നൽകുകയും ചെയ്യും.
(97) നബിയേ, "മലക്കുകളിൽ ജിബ്രീൽ ഞങ്ങളുടെ ശത്രുവാണ്" എന്ന് പറയുന്ന ജൂതന്മാരോട് പറയുക: ജിബ്രീലിനോടാണ് ആർക്കെങ്കിലും ശത്രുതയെങ്കിൽ അദ്ദേഹമാകുന്നു അല്ലാഹുവിൻറെ ഉത്തരവനുസരിച്ച് ഖുർആൻ നിൻറെ ഹൃദയത്തിൽ അവതരിപ്പിച്ചത്. തൗറാത്തും ഇൻജീലും പോലുള്ള, അല്ലാഹു മുൻപ് അവതരിപ്പിച്ച കിതാബുകളെ ശരിവെച്ചുകൊണ്ടുള്ളതാകുന്നു ഖുർആൻ. നന്മയിലേക്ക് വഴി കാട്ടുന്നതും, മുഅ്മിനുകൾക്ക് അല്ലാഹു ഒരുക്കി വെച്ച സ്വർഗീയാനുഗ്രഹങ്ങളെ കുറിച്ച് സന്തോഷവാർത്ത നൽകുന്നതുമായിട്ടാണ് അത് അവതരിച്ചിട്ടുള്ളത്. ആരെങ്കിലും അങ്ങിനെയുള്ള വിശേഷണങ്ങളും പ്രവർത്തനവുമുള്ളവനോട് (ജിബ്രീലിനോട്) ശത്രുവായാൽ അവൻ വഴിപിഴച്ചവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.
(98) ആർക്കെങ്കിലും അല്ലാഹുവോടും അവൻറെ മലക്കുകളോടും റസൂലുകളോടും അവൻറെ ഏറ്റവും അടുത്ത രണ്ട് മലക്കുകളായ ജിബ്രീലിനോടും മീകാഈലിനോടുമെല്ലാം ശത്രുതയാണെങ്കിൽ നിങ്ങളിലും മറ്റുള്ളവരിലുമുള്ള ആ കാഫിറുകളുടെ ശത്രുതന്നെയാകുന്നു അല്ലാഹു. അല്ലാഹു ആരുടെ ശത്രുവായോ അവന് മഹാനഷ്ടം പിണഞ്ഞിരിക്കുന്നു.
(99) നബിയേ, താങ്കൾ അല്ലാഹുവിന്റെ നബിയാണെന്നതും അല്ലാഹുവിന്റെ വഹ്യ് (സന്ദേശം) താങ്കൾക്ക് ലഭിക്കുന്നു എന്നതും സത്യമാണെന്നതിന് വ്യക്തമായ തെളിവുകൾ നാം താങ്കൾക്ക് അവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിൻറെ മതത്തിൽ നിന്ന് പുറത്ത് പോയവരല്ലാതെ സുവ്യക്തവും സ്പഷ്ടവുമായ ഈ തെളിവുകളെ നിഷേധിക്കുകയില്ല.
(100) ജൂതന്മാരുടെ ചീത്ത സ്വഭാവങ്ങളിൽ പെട്ടതാണ് അവർ ഏതൊരു കരാറിലേർപ്പെട്ടാലും അവരിലൊരു വിഭാഗം അത് ലംഘിക്കുമെന്നത്. തൗറാത്തിൽ തെളിവ് വന്നിട്ടുള്ള, മുഹമ്മദ് നബി(ﷺ)യുടെ നുബുവ്വത്തിൽ (പ്രവാചകത്വത്തിൽ) വിശ്വസിക്കൽ ആ കരാറുകളിലൊന്നാണ്. എന്നാൽ യഹൂദന്മാരിൽ അധികപേരും അല്ലാഹു അവതരിപ്പിച്ച കാര്യങ്ങളിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നേയില്ല. കാരണം, ഈമാൻ കരാർ പാലിക്കാൻ പ്രേരിപ്പിക്കും.
(101) അല്ലാഹുവിങ്കൽ നിന്നുള്ള റസൂലായ മുഹമ്മദ് നബി(ﷺ) അവരിലേക്കു വന്നു. തൗറാത്തിൽ പറയപ്പെട്ട വിശേഷണങ്ങൾ ആ നബിയിൽ യോജിച്ചുവന്നിട്ടുമുണ്ട്. എന്നാൽ അവരിലെ ഒരു വിഭാഗം തൗറാത്ത് കൊണ്ട് തെളിഞ്ഞ കാര്യം അവഗണിക്കുകയാണുണ്ടായത്. ഒട്ടും പരിഗണിക്കാതെ അവരത് പുറകോട്ട് വലിച്ചെറിഞ്ഞു. അതിലുള്ള സന്മാർഗ്ഗവും സത്യവും ഉപകാരപ്പെടുത്തുകയോ പരിഗണിക്കുകയോ ചെയ്യാത്ത വിവരംകെട്ടവനെപ്പോലെയാണ് അവർ പെരുമാറിയത്.
(102) അവർ അല്ലാഹുവിൻറെദീനിനെ ഉപേക്ഷിച്ചപ്പോൾ പകരം അവർ പിൻപറ്റിയത് സുലൈമാൻ നബി (عليه السلام) യുടെ രാജാധികാരത്തെ സംബന്ധിച്ച് പിശാചുക്കൾ കെട്ടിച്ചമച്ച കളവിനെയാണ്. മാരണം കൊണ്ടാണ് അദ്ദേഹം തൻറെ രാജാധികാരം ഉറപ്പിച്ചത് എന്നവർ ജൽപ്പിച്ചു. യഹൂദികൾ ജൽപ്പിക്കുന്നത് പോലെ സിഹ്ർ ചെയ്ത് കൊണ്ട് സുലൈമാൻ നബി (عليه السلام) കാഫിറായിട്ടില്ല. ജനങ്ങളെ സിഹ്ർ പഠിപ്പിച്ച് കൊണ്ട് പിശാചുക്കളാണ് കാഫിറായത്. ഇറാഖിലെ ബാബിൽ പട്ടണത്തിൽ ഹാറൂത്ത്, മാറൂത്ത് എന്നീ പേരുകളുള്ള രണ്ട് മലക്കുകൾക്ക് ഇറക്കപ്പെട്ട സിഹ്ർ പിശാചുക്കൾ അവരെ പഠിപ്പിച്ചു. അത് മനുഷ്യർക്കുള്ള ഒരു പരീക്ഷണമായിരുന്നു. ഞങ്ങൾ ജനങ്ങൾക്കുള്ള ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ സിഹ്ർ പഠിച്ചുകൊണ്ട് നീ കാഫിറായിപ്പോകരുത് എന്ന് പറയുകയും താക്കീത് നൽകുകയും ചെയ്യാതെ ആ രണ്ടു മലക്കുകൾ ആരെയും സിഹ്ർ പഠിപ്പിക്കുമായിരുന്നില്ല. എന്നാൽ അവരുടെ ഉപദേശം സ്വീകരിക്കാത്തവർ അവരിൽ നിന്ന് സിഹ്ർ പഠിച്ചു. അന്യോന്യം ശത്രുതയുണ്ടാക്കി ഭാര്യാഭർത്താക്കന്മാരെ പരസ്പരം ഭിന്നിപ്പിക്കുന്നത് സിഹ്റിന്റെ ഇനങ്ങളിലൊന്നാണ്. എന്നാൽ അല്ലാഹുവിൻറെ ഉദ്ദേശവും അവന്റെ അനുമതിയും ഇല്ലാതെ ഒരാൾക്കും ഉപദ്രവം വരുത്താൻ ആ മാരണക്കാർക്ക് സാധ്യമല്ല. അവർക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവർ പഠിച്ചു കൊണ്ടിരുന്നത്. അല്ലാഹുവിൻറെ ഗ്രന്ഥത്തിന് പകരം സിഹ്റിനെ സ്വീകരിച്ചവർക്ക് പരലോകത്ത് യാതൊരു ഓഹരിയും വിഹിതവുമില്ലെന്ന് യഹൂദികൾക്കറിയാം. അവർ അല്ലാഹുവിൻറെ മതത്തിനും ബോധനത്തിനും പകരം സിഹ്റിനെ വിലക്ക് വാങ്ങി സ്വന്തത്തെ വിറ്റുകളഞ്ഞത് എത്ര ചീത്ത! അവർക്ക് ഉപകാരപ്പെടുന്നത് അവർക്കറിയുന്ന പക്ഷം ഈ വ്യക്തമായ വഴികേടിലേക്കും വൃത്തികെട്ട പ്രവർത്തനത്തിലേക്കും അവർ ഒരുമ്പിട്ടിറങ്ങുമായിരുന്നില്ല.
(103) യഹൂദികൾ യഥാവിധി അല്ലാഹുവിൽ വിശ്വസിക്കുകയും അവൻറെ കൽപ്പനകളനുസരിച്ചും പാപം വെടിഞ്ഞും അവനെ സൂക്ഷിച്ചുജീവിച്ചിരുന്നെങ്കിൽ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരുടെ നിലവിലെ സ്ഥിതിയെക്കാൾ എത്രയോ മഹത്തരമാണത്. അവർക്കുപകാരപ്പെടുന്നത് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!
(104) ഏറ്റവും നല്ല പദങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് (അഭിസംബോധന ചെയ്യാൻ) അല്ലാഹു മുഅ്മിനുകളെ ഉണർത്തിക്കൊണ്ട് പറയുന്നു: ഹേ: മുഅ്മിനുകളേ, നിങ്ങൾ (നബിയോട്) റാഇനാ - ഞങ്ങളെ പരിഗണിക്കണം - എന്ന് പറയരുത്. കാരണം യഹൂദികൾ നബി (ﷺ)യെ അഭിസംബോധന ചെയ്യുമ്പോൾ അതിനെ മാറ്റിമറിച്ച് വിഡ്ഢി എന്നർത്ഥം ഉദ്ദേശിച്ചു കൊണ്ട് മോശമായ രൂപത്തിൽ ആ പദം ഉപയോഗിക്കാറുണ്ട്. ഈ വാതിൽ കൊട്ടിയടക്കാൻ ആ പദം ഉപയോഗിക്കുന്നത് അല്ലാഹു വിലക്കുകയും പകരം ഉൻളുർനാ (ഞങ്ങളെ ശ്രദ്ധിച്ചാലും. താങ്കൾ പറയുന്നത് ഞങ്ങൾ ശ്രദ്ധിക്കും) എന്ന് പറയാൻ കൽപ്പിക്കുകയും ചെയ്യുന്നു. ആ പദത്തിൽ മറ്റു മോശമായതൊന്നുമില്ല. ആ ആശയം എത്തിക്കാൻ അത് മതിയാവുകയും ചെയ്യും.അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.
(105) നിങ്ങളുടെ റബ്ബിൽ നിന്നും വല്ല നന്മയും നിങ്ങൾക്കായി ഇറങ്ങുന്നത് കാഫിറുകൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. മുശ്രിക്കുകളോ അഹ്ലു കിതാബോ ആയ ഏത് കാഫിറാകട്ടെ, ചെറുതോ വലുതോ ആയ ഒരു നന്മയും നിങ്ങൾക്കിറങ്ങുന്നത് അവർക്കിഷ്ടമല്ല. അല്ലാഹു അവൻറെ കാരുണ്യം കൊണ്ട് അവൻ ഇച്ഛിക്കുന്നവരെ പ്രവാചകത്വം, ശരിയായ വിശ്വാസം, വഹ്'യ് എന്നിവ കൊണ്ട് പ്രത്യേകം അനുഗ്രഹിക്കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ്. അവനിൽ നിന്നല്ലാതെ ഒരാൾക്കും ഒരു അനുഗ്രഹവും ലഭിക്കുന്നില്ല തന്നെ. കിതാബുകൾ അവതരിപ്പിക്കുന്നതും റസൂലുകളെ നിയോഗിക്കുന്നതും അവൻറെ അനുഗ്രഹങ്ങളിൽ പെട്ടതാണ്.
(106) അല്ലാഹു വിവരിക്കുന്നു. ഖുർആനിലെ വല്ല ആയത്തിലുമടങ്ങിയ വിധി അവൻ ദുർബലപ്പെടുത്തുകയോ അതല്ല, ആയത്തിന്റെ പദങ്ങൾ തന്നെ അവനിലേക്കുയർത്തി ജനങ്ങളെ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പകരം ഇഹലോകത്തും പരലോകത്തും അതിനേക്കാൾ ഉപകാരപ്രദമായത് അവൻ കൊണ്ടുവരുന്നതാണ്. അല്ലെങ്കിൽ അതിന് തുല്യമായത് അല്ലാഹു കൊണ്ടുവരുന്നതാണ്. അതെല്ലാം അല്ലാഹുവിൻറെ അറിവിനും യുക്തിക്കുമനുസരിച്ചാണ്. അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണ് എന്നും അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുകയും വിധിക്കുകയും ചെയ്യുന്നു എന്നും നബിയേ, താങ്കൾക്കറിയാം.
(107) നബിയേ, തീർച്ചയായും താങ്കൾക്കറിയാം; അല്ലാഹുവാണ് ആകാശഭൂമികളുടെ അധിപതി എന്നും അവനുദ്ദേശിക്കുന്നത് അവൻ വിധിക്കുന്നു എന്നും അവനുദ്ദേശിക്കുന്നത് അവൻറെ അടിമകളോട് അവൻ കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്നു എന്നും. മത നിയമങ്ങളിൽ നിന്ന് അവനുദ്ദേശിക്കുന്നത് അവൻ നിയമമായി നിലനിർത്തുകയും അവനുദ്ദേശിക്കുന്നത് അവൻ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾക്ക് നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കാനും അല്ലാഹുവല്ലാതെ ഒരു രക്ഷാധികാരിയുമില്ല. നിങ്ങളിൽ നിന്ന് ഉപദ്രവങ്ങൾ തടക്കുവാൻ അല്ലാഹുവെ കൂടാതെ ഒരു സഹായിയും നിങ്ങൾക്കില്ല. അല്ലാഹുവാണ് അതിന്റെയെല്ലാം രക്ഷാധികാരിയും അതെല്ലാം ഏറ്റെടുത്തവനും. അതിന് കഴിയുന്നവനും അവൻ തന്നെ.
(108) ഓ മുഅ്മിനുകളേ, 'ഞങ്ങൾക്ക് നീ അല്ലാഹുവിനെ പ്രത്യക്ഷത്തിൽ കാണിച്ചു തരണ'മെന്ന് (നിസാഅ്: 153) മുമ്പ് മൂസാനബിയുടെ ജനത അവരുടെ നബിയോട് ചോദിച്ചത് പോലുള്ള എതിർപ്പിന്റെയും അതിരുവിടലിന്റെയും ചോദ്യങ്ങൾ നിങ്ങളുടെ റസൂലിനോട് ചോദിക്കുക എന്നത് നിങ്ങൾക്ക് പാടുള്ളതല്ല. ഈമാനിന് പകരം കുഫ്റിനെ സ്വീകരിക്കുന്നവരാരോ അവർ നേർമാർഗത്തിൽ നിന്നു വ്യതിചലിച്ചു പോയിരിക്കുന്നു. നേരായ മാർഗമെന്നാൽ അത് അതിരുകവിച്ചലില്ലാത്ത മധ്യമ മാർഗമാകുന്നു.
(109) നിങ്ങൾ ഈമാൻ സ്വീകരിച്ച ശേഷം നിങ്ങളെ കാഫിറുകളാക്കി മാറ്റിയെടുക്കുവാനാണ് യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട മിക്കവരും ആഗ്രഹിക്കുന്നത്. നിങ്ങൾ മുമ്പ് വിഗ്രഹങ്ങളെ ആരാധിച്ചത് പോലെയാവാൻ അവരാഗ്രഹിക്കുന്നു. നബി (ﷺ) കൊണ്ടുവന്നത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്ന് വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് അവരങ്ങനെ ആഗ്രഹിക്കുന്നത്. എന്നാൽ അവരുടെ കാര്യത്തിൽ അല്ലാഹു അവൻറെ കൽപ്പന കൊണ്ടുവരുന്നത് വരെ - മുഅ്മിനുകളേ - നിങ്ങൾ അവരുടെ ഉള്ളിലുള്ള ദുഷിച്ച കാര്യം പൊറുക്കുകയും അവരുടെ അജ്ഞത ക്ഷമിക്കുകയും ചെയ്യുക. പിന്നീട്, ഈ ആയത്തിൽ സൂചിപ്പിക്കപ്പെട്ട, അല്ലാഹുവിൻറെ കൽപ്പനയും വിധിയും വന്നു: അഥവാ, കാഫിറിന് മൂന്നു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാം. ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുക. അല്ലെങ്കിൽ ജിസ്യ നൽകുക. അതുമല്ലെങ്കിൽ യുദ്ധം ചെയ്യുക. നിസ്സംശയം, അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ. അവർ അവനെ തോൽപിക്കാൻ സാധ്യമല്ല.
(110) നിങ്ങൾ നമസ്കാരം അതിൻറെ റുക്നുകളും (അവിഭാജ്യ ഘടകങ്ങൾ) നിർബന്ധ കർമ്മങ്ങളും ഐച്ഛിക കർമ്മങ്ങളും അനുഷ്ഠിച്ച് കൊണ്ട് മുറപ്രകാരം നിർവ്വഹിക്കുകയും സകാത്ത് അതിൻറെ അവകാശികൾക്ക് നൽകുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതൊരു സൽകർമ്മം പ്രവർത്തിക്കുകയും, അതുവഴി, മരണത്തിന് മുമ്പ് സ്വന്തം ഗുണത്തിനായി നിങ്ങൾ സമ്പാദിക്കുകയും ചെയ്താൽ അതിൻറെ ഫലം അല്ലാഹുവിങ്കൽ പരലോകത്ത് നിങ്ങൾക്ക് കണ്ടെത്താവുന്നതാണ്. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകും. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകും.
(111) യഹൂദികളും നസ്റാനികളും പറയുന്നത് സ്വർഗ്ഗം അവർക്ക് മാത്രമുള്ളതാണ് എന്നാണ്. യഹൂദിയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് യഹൂദികൾ പറയുന്നു. നസ്റാനിയല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല എന്ന് നസ്റാനികളും പറയുന്നു. അതൊക്കെ അവരുടെ നിരർത്ഥകമായ വ്യാമോഹങ്ങളും തെറ്റിപ്പോയ വിചാരവുമാണ്. അവരോട് മറുപടി പറയുക നബിയേ, നിങ്ങൾ വാദിക്കുന്നതിൽ നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങളുടെ തെളിവ് കൊണ്ടു വരൂ എന്ന്.
(112) സ്വർഗത്തിൽ പ്രവേശിക്കുക അല്ലാഹുവിനുള്ള ഇഖ്ലാസോടെ (എല്ലാ ആരാധനാകർമങ്ങളും അല്ലാഹുവിനു മാത്രമാക്കിക്കൊണ്ട്) അവനിലേക്ക് തിരിഞ്ഞവൻ മാത്രമാകുന്നു. ഇഖ്ലാസിനോടൊപ്പം റസൂൽ പഠിപ്പിച്ചതു പോലെ ചെയ്തുകൊണ്ട് അവൻ തന്റെ ഇബാദത്തുകൾ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവനാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക; അവൻ ഏത് വിഭാഗത്തിൽ പെട്ടവനായാലും. അവന്ന് തൻറെ റബ്ബിങ്കൽ അതിൻറെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാർക്ക് നേരിടാനിരിക്കുന്ന പരലോകത്തെ കുറിച്ച് യാതൊന്നും ഭയപ്പെടേണ്ടതില്ല ; ഇഹലോകത്ത് വിട്ടേച്ചുപോന്നതിനെ സംബന്ധിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. ഈ വിശേഷണങ്ങൾ നബി (ﷺ) യുടെ ആഗമന ശേഷം മുസ്ലിങ്ങൾക്കല്ലാതെ യോജിക്കുകയില്ല.
(113) യഹൂദർ പറഞ്ഞു; നസ്വാറാക്കൾ യഥാർത്ഥ മതത്തിലല്ല എന്ന്. നസ്വാറാക്കൾ പറഞ്ഞു; യഹൂദർ യഥാർത്ഥ മതത്തിലല്ല എന്ന്. അവരെല്ലാം അല്ലാഹു അവർക്കവതരിപ്പിച്ച വേദഗ്രന്ഥം പാരായണം ചെയ്യുന്നവരാണ് താനും. അവർ നിഷേധിച്ചതിനെ സത്യപ്പെടുത്തുന്ന വിവരങ്ങളും, എല്ലാ പ്രവാചകന്മാരിലും വ്യത്യാസം കൂടാതെ വിശ്വസിക്കണമെന്നുള്ള കൽപ്പനയും അതിലുണ്ട്. അവരുടെ ഈ പ്രവർത്തനം; മുഴുവൻ പ്രവാചകന്മാരിലും അവർക്കവതരിപ്പിക്കപ്പെട്ടതിലും അവിശ്വസിച്ച വിവരമില്ലാത്ത മുശ്രിക്കുകളുടെ വിശ്വാസത്തോട് സാദൃശ്യപ്പെട്ടിരിക്കുന്നു. അതിനാൽ വിശ്വാസത്തിൽ നിന്ന് പിന്തിനിൽക്കുന്ന എല്ലാവർക്കിടയിലും അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നീതിപൂർവ്വം വിധി കൽപ്പിക്കും. അല്ലാഹു അവതരിപ്പിച്ച എല്ലാറ്റിലും വിശ്വസിക്കുന്നതിലല്ലാതെ വിജയമില്ല എന്ന് അവൻ തൻറെ അടിമകളെ അറിയിച്ച വിധിയാണത്.
(114) അല്ലാഹുവിൻറെ മസ്ജിദുകളിൽ അവൻറെ നാമം പ്രകീർത്തിക്കപ്പെടുന്നതിന് തടസ്സമുണ്ടാക്കുകയും നമസ്കാരവും ദിക്റുകളും ഖുർആൻ പാരായണവുമൊക്കെ തടയുകയും ചെയ്തവനെക്കാൾ വലിയ അക്രമി ആരുമില്ല. മസ്ജിദുകളെ തകർക്കുകയോ അല്ലെങ്കിൽ അതിലെ ഇബാദതുകൾ തടയുകയോ ചെയ്തുകൊണ്ട് അതിന്റെ തകർച്ചക്കും നാശത്തിനും വേണ്ടി ശ്രമിച്ചവനെക്കാൾ വലിയ അതിക്രമകാരി മറ്റാരുമില്ല. അവ തകർക്കാൻ ശ്രമിച്ചവർക്ക് ഹൃദയം നടുങ്ങുന്ന ഭയപ്പാടോടു കൂടിയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ പാടില്ലായിരുന്നു. അവരുടെ കുഫ്റും, മസ്ജിദുകളിൽ നിന്ന് അവർ ജനങ്ങളെ തടഞ്ഞതും കാരണത്താൽ യഥാർത്ഥത്തിൽ അങ്ങനെയല്ലാതെ അല്ലാഹുവിന്റെ മസ്ജിദുകളിൽ പ്രവേശിക്കാൻ അവർക്കു പാടില്ലായിരുന്നു. മുഅ്മിനുകളുടെ കൈകളാൽ അവർക്ക് ഇഹലോകത്ത് നിന്ദ്യതയും അപമാനവുമാണുള്ളത്. പരലോകത്താകട്ടെ അല്ലാഹുവിൻറെ മസ്ജിദുകളിൽ നിന്ന് ജനങ്ങളെ തടഞ്ഞതു കാരണത്താൽ കഠിനശിക്ഷയുമാണുള്ളത്.
(115) കിഴക്കും പടിഞ്ഞാറും അതിനിടയിലുള്ളതുമെല്ലാം അല്ലാഹുവിൻറെത് തന്നെയാകുന്നു. അവനുദ്ദേശിക്കുന്നത് തൻറെ അടിമകളോട് അവൻ കൽപ്പിക്കുന്നു. നിങ്ങൾ എവിടേക്ക് തിരിഞ്ഞാലും അല്ലാഹുവിനെയാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്. അതിനാൽ, ബൈത്തുൽ മുഖദ്ദസിലേക്കോ കഅ്ബയിലേക്കോ തിരിയാൻ അവൻ നിങ്ങളോട് കൽപ്പിക്കുകയോ അല്ലെങ്കിൽ, അബദ്ധത്തിൽ നിങ്ങൾക്ക് ഖിബ്'ല മാറിപ്പോവുകയോ ഖിബ്'ലയിലേക്ക് തിരിയൽ നിങ്ങൾക്ക് ദുഷ്കരമാവുകയോ ചെയ്താൽ അതിന്റെ പേരിൽ നിങ്ങൾക്ക് കുറ്റമില്ല. കാരണം, സർവദിശകളും അല്ലാഹുവിന്റെതു തന്നെ. അല്ലാഹു അങ്ങേയറ്റം വിശാലതയുള്ള 'അൽ വാസിഅ്' ആകുന്നു. അവൻറെ കാരുണ്യം അവൻറെ സൃഷ്ടികൾക്ക് മുഴുവൻ അവൻ വിശാലമാക്കി കൊടുക്കുന്നു. അവന്റെ കാരുണ്യം അവരെയെല്ലാം ഉൾക്കൊള്ളുന്നു. എളുപ്പമുണ്ടാക്കിക്കൊടുത്തുകൊണ്ട് അവർക്കവൻ വിശാലത നൽകുന്നു. അവരുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളുമെല്ലാം അറിയുന്ന 'അൽ അലീം' (സർവ്വജ്ഞനു) മാകുന്നു അല്ലാഹു.
(116) യഹൂദികളും നസ്രാനികളും മുശ്രിക്കുകളും പറയുന്നു: അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്!. അതിൽ നിന്നെല്ലാം അവനെത്ര പരിശുദ്ധൻ! സൃഷ്ടികളിൽ നിന്ന് അവൻ ധന്യനത്രെ. സന്താനത്തെ ആവശ്യമുള്ളവനാണ് സന്താനത്തെ സ്വീകരിക്കുക. എന്നാൽ, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ പരിശുദ്ധനായ അവൻറെതാകുന്നു. എല്ലാ സൃഷ്ടികളും അവന്റെ അടിമകളും അവന്ന് കീഴ്പെട്ടവരുമാകുന്നു. അവൻ ഉദ്ദേശിക്കുന്നത് അവരെ അവൻ ചെയ്യും.
(117) ആകാശങ്ങളെയും ഭൂമിയെയും അതിനിടയിലുള്ളതിനേയും മുൻ മാതൃകയില്ലാതെ പടച്ചുണ്ടാക്കിയവനാകുന്നു പരിശുദ്ധനായ അല്ലാഹു. അവനൊരു കാര്യം കണക്കാക്കുകയും ഉണ്ടാകണമെന്ന് ഉദ്ദേശിക്കുകയും ചെയ്താൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അല്ലാഹു ഉദ്ദേശിച്ചതുപോലെ അതുണ്ടാകുന്നു. അവൻറെ വിധിയെയും കൽപ്പനയെയും തടയാൻ ഒരാളുമില്ല.
(118) വേദക്കാരിലെയും മുശ്രിക്കുകളിലെയും വിവരമില്ലാത്തവർ സത്യത്തെ എതിർത്ത് കൊണ്ട് പറഞ്ഞു: എന്തുകൊണ്ട് ഞങ്ങളോട് നേരിട്ട് അല്ലാഹു സംസാരിക്കുന്നില്ല? അല്ലെങ്കിൽ ഞങ്ങൾക്ക് മാത്രമായി പ്രത്യക്ഷമായ ഒരു ദൃഷ്ടാന്തം വന്നുകിട്ടുന്നില്ല? അവർ പറഞ്ഞതു പോലെത്തന്നെ ഇവർക്ക് മുമ്പ് പ്രവാചകന്മാരെ കളവാക്കിയ സമൂഹങ്ങളും - അവരുടെ കാലവും ദേശവും വ്യത്യസ്തമാണെങ്കിലും - പറഞ്ഞിട്ടുണ്ട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും അഹന്തയുടെയും കാര്യത്തിൽ ഇവരുടെയും മുൻകാലക്കാരുടെയും ഹൃദയങ്ങൾ സമാനമാകുന്നു. സത്യത്തിൽ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങൾക്ക് നാം ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കികൊടുത്തിട്ടുണ്ട്. അവർക്ക് സംശയമുണ്ടാവുകയോ എതിർപ്പ് അവരെ തടയുകയോ ചെയ്യില്ല.
(119) നബിയേ, തീർച്ചയായും താങ്കളെ നാം സംശയമില്ലാത്ത സത്യ മതവുമായി അയച്ചിരിക്കുന്നു. മുഅ്മിനുകൾക്ക് സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കാനും, കാഫിറുകൾക്ക് നരകം കൊണ്ട് താക്കീത് നൽകുവാനും. വ്യക്തമായ പ്രബോധനമല്ലാതെ താങ്കൾക്ക് ബാധ്യതയില്ല. താങ്കളിൽ വിശ്വസിക്കാത്ത നരകാവകാശികളെപ്പറ്റി ഒരിക്കലും അല്ലാഹു താങ്കളോട് ചോദിക്കുന്നതല്ല.
(120) തൻറെ പ്രവാചകന് മുന്നറിയിപ്പായി അദ്ദേഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു: നീ അവരുടെ മാർഗം പിൻപറ്റുകയും ഇസ്ലാമിനെ ഒഴിവാക്കുകയും ചെയ്യുന്നത് വരെ യഹൂദർക്കോ ക്രൈസ്തവർക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല. പറയുക: അല്ലാഹുവിൻ്റെ ഗ്രന്ഥവും അതിൻ്റെ വിശദീകരണവുമാണ് യഥാർത്ഥ സന്മാർഗം. അല്ലാതെ അവർ നിലകൊള്ളുന്ന അസത്യത്തിൻ്റെ വഴിയല്ല. യഥാർത്ഥ സത്യം വന്നുകിട്ടിയതിനു ശേഷം താങ്കളോ അനുയായികളോ അവരെ പിൻപറ്റിയാൽ അല്ലാഹുവിൽ നിന്ന് യാതൊരു വിജയമോ സഹായമോ കണ്ടെത്താൻ നിനക്ക് കഴിയുകയുമില്ല. സത്യം ഒഴിവാക്കുകയും അസത്യത്തിൻറെ ആളുകളെ പിൻപറ്റുകയും ചെയ്യുന്നതിൻറെ ഗൗരവം വ്യക്തമാക്കുന്നതിനാണ് അല്ലാഹു ഇപ്രകാരം ഇവിടെ പറഞ്ഞത്.
(121) അവർക്കവതരിപ്പിക്കപ്പെട്ട കിതാബനുസരിച്ച് പ്രവർത്തിക്കുകയും യഥാവിധി പിൻപറ്റുകയും ചെയ്യുന്ന ഒരുവിഭാഗം വേദക്കാരെ സംബന്ധിച്ചാണ് അല്ലാഹു പറയുന്നത്. അവർ ആ വേദങ്ങളിൽ നിന്ന് മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിൻറെ സത്യസന്ധതക്കുള്ള അടയാളങ്ങൾ മനസ്സിലാക്കുകയും, അതിനാൽ അദ്ദേഹത്തിൽ വിശ്വസിക്കാൻ ധൃതികാണിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗം അവരുടെ കുഫ്റിൽ തന്നെ ഉറച്ച് നിൽക്കുന്നു. അവരാണ് നഷ്ടം പറ്റിയവർ.
(122) ഇസ്രായീൽ സന്തതികളേ, ഞാൻ നിങ്ങൾക്ക് ചെയ്ത് തന്ന മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ! നിങ്ങളിൽ നബിമാരെയും രാജാക്കന്മാരെയും ഏർപെടുത്തിക്കൊണ്ട് നിങ്ങളുടെ സമകാലികരെക്കാൾ നിങ്ങളെ ശ്രേഷ്ഠരാക്കിയതും നിങ്ങളോർക്കുവിൻ !
(123) നിങ്ങൾക്കും ഖിയാമത്ത് നാളിലെ അല്ലാഹുവിൻറെ ശിക്ഷക്കും ഇടയിൽ അവൻറെ കൽപ്പന അനുധാവനം ചെയ്തും വിരോധങ്ങൾ വെടിഞ്ഞും ഒരു സംരക്ഷണ കവചം സ്വീകരിക്കുക. അന്ന് ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി ഒരു ഉപകാരവും ചെയ്യാൻ സാധിക്കുകയില്ല. ഒരാളിൽ നിന്നും ഒരു പ്രായശ്ചിത്തവും - എത്ര വലുതായിരുന്നാലും - മേടിക്കപ്പെടുകയുമില്ല. ഒരാളിൽ നിന്നും ഒരു ശുപാർശയും - ശുപാർശ പറയുന്നവൻ എത്ര ഉന്നതനായാലും - സ്വീകരിക്കപ്പെടുകയില്ല. അല്ലാഹുവിന് പുറമെ സഹായിക്കാൻ ആർക്കും ആരുമുണ്ടാവുകയുമില്ല.
(124) ഇബ്രാഹീമിനെ അദ്ദേഹത്തിൻറെ റബ്ബ് വിധികളും നിയമങ്ങളുമാകുന്ന കൽപനകൾ കൊണ്ട് പരീക്ഷിക്കുകയും, അദ്ദേഹമത് ഏറ്റവും പൂർണമായ രൂപത്തിൽ നിറവേറ്റുകയും ചെയ്ത കാര്യവും നിങ്ങൾ അനുസ്മരിക്കുക. അല്ലാഹു തൻറെ നബിയ്യായ ഇബ്റാഹീമിനോട് പറഞ്ഞു: ഞാൻ നിന്നെ മനുഷ്യർക്ക് മാതൃകയാക്കുകയാണ്. താങ്കളുടെ പ്രവർത്തനങ്ങളിലും സ്വഭാവങ്ങളിലും അവർക്ക് പിൻപറ്റാനുള്ള മാതൃക. ഇബ്രാഹീം പറഞ്ഞു: എൻറെ സന്തതികളിൽ പെട്ടവരെയും ജനങ്ങൾ പിൻപറ്റേണ്ടുന്ന നേതാക്കളാക്കണമേ. അല്ലാഹു പറഞ്ഞു: താങ്കളെ ഞാൻ ദീനിൽ നേതൃത്വം നൽകിയ കരാർ താങ്കളുടെ സന്താനങ്ങളിലെ അക്രമികൾക്ക് ബാധകമാവുകയില്ല.
(125) കഅ്ബയെ നാം ജനങ്ങൾക്ക് ഹൃദയബന്ധമുള്ള, തിരിച്ചുചെല്ലാനുള്ള ഇടമാക്കിയത് നിങ്ങളോർക്കുക. അവിടം വിട്ടുപോന്നാലെല്ലാം വീണ്ടുമവർ അവിടേക്ക് തിരിച്ചുപോകുന്നു. അതിനെ നാം, അവർക്ക് നേരെ അക്രമങ്ങളൊന്നുമുണ്ടാകാത്ത നിർഭയ സ്ഥാനമാക്കി. എന്നിട്ട് അല്ലാഹു ജനങ്ങളോട് പറഞ്ഞു: ഇബ്രാഹീം കഅ്ബ നിർമിക്കുമ്പോൾ കയറി നിന്നിരുന്ന കല്ലിനെ നിങ്ങൾ നമസ്കാരത്തിനുള്ള സ്ഥലമായി സ്വീകരിക്കുക. ഇബ്രാഹീമിനും ഇസ്മാഈലിനും നാം കൽപന നൽകി: നിങ്ങൾ മസ്ജിദുൽ ഹറാമിനെ വിഗ്രഹങ്ങളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കുക എന്ന്. ത്വവാഫ് ചെയ്തും ഇഅ്തികാഫ് ഇരുന്നും നിസ്കരിച്ചുമൊക്കെ അവിടെ വെച്ച് അല്ലാഹുവിനെ ഇബാദത് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി നിങ്ങൾ ആ പരിശുദ്ധ ഭവനം ഒരുക്കിവെക്കുക.
(126) ഓ നബിയേ ഓർക്കുക: ഇബ്റാഹീം തന്റെ റബ്ബിനെ വിളിച്ചുപ്രാർഥിച്ച സന്ദർഭം: എൻറെ റബ്ബേ, നീ മക്കയെ, ഒരാളും ഉപദ്രവിക്കപ്പെടാത്ത നിർഭയത്വത്തിന്റെ നാടാക്കേണമേ. മക്കയിലെ ആളുകൾക്ക് പലവിധ പഴവർഗങ്ങൾ ഉപജീവനമായി നൽകേണമേ. അവരിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്ക് മാത്രമായി നീ അത് നൽകേണമേ. അല്ലാഹു പറഞ്ഞു: അവരിൽ പെട്ട കാഫിറിനും ഞാൻ ആഹാരം നൽകുന്നതാണ്. അൽപകാലത്തെ ജീവിതസുഖം മാത്രമാണ് അവന്ന് ഞാൻ നൽകുക. പിന്നീട് പരലോകത്ത് അവനെ നിർബന്ധപൂർവം ഞാൻ നരകത്തിലാക്കുന്നതാണ്. ഖിയാമത്ത് നാളിൽ അവന് ചെന്നു ചേരാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
(127) നബിയേ, ഇബ്രാഹീമും ഇസ്മാഈലും കൂടി കഅ്ബയുടെ അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭം അനുസ്മരിക്കുക. അവർ വിനയത്തോടെയും കീഴ്പ്പെട്ട് കൊണ്ടും പ്രാർത്ഥിച്ചു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രവർത്തനങ്ങളെ - കഅ്ബയുടെ നിർമാണം അതിൽ പെട്ടതാണ് - നീ സ്വീകരിക്കേണമേ. തീർച്ചയായും നീ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുന്നവനും ഞങ്ങളുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും അറിയുന്നവനുമാകുന്നു.
(128) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ ഇരുവരെയും നിൻറെ കൽപ്പന അംഗീകരിക്കുന്നവരും നിനക്ക് കീഴ്പെടുന്നവരുമാക്കേണമേ. നിന്നിൽ മറ്റാരെയും ഞങ്ങൾ പങ്ക് ചേർക്കാത്തവരാക്കേണമേ. ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും, നിന്നെ എങ്ങിനെ ആരാധിക്കണമെന്ന് ഞങ്ങൾക്ക് കാണിച്ചുതരികയും, ഞങ്ങളുടെ പാപങ്ങളും, നിന്നെ അനുസരിക്കുന്നതിൽ സംഭവിച്ച പോരായ്മകളും പൊറുക്കുകയും ചെയ്യേണമേ. തീർച്ചയായും നീ നിൻറെ അടിമകളുടെ പശ്ചാത്താപം ഏറെ സ്വീകരിക്കുന്ന തവ്വാബും അവരോട് കരുണ ചെയ്യുന്ന റഹീമുമാകുന്നു.
(129) ഞങ്ങളുടെ റബ്ബേ, ഇസ്മാഈലിൻറെ സന്തതികളിൽ നിന്നു അവരിലേക്ക് ഒരു റസൂലിനെ നീ നിയോഗിക്കേണമേ. നീ അവതരിപ്പിക്കുന്ന നിൻറെ ആയത്തുകൾ അവർക്ക് ഓതികേൾപ്പിക്കുകയും, ഖുർആനും സുന്നത്തും അവരെ പഠിപ്പിക്കുകയും ശിർക്കിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും അവരെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ. തീർച്ചയായും നീ എപ്പോഴും വിജയിക്കുന്ന അതിശക്തനാകുന്നു. നീ തീരുമാനിക്കുന്ന കാര്യങ്ങളിലും നിന്റെ പ്രവർത്തനങ്ങളിലും മഹത്തായ യുക്തിയുള്ളവനുമാകുന്നു.
(130) ഇബ്രാഹീം ( عليه السلام ) ന്റെ മതം വിട്ട് മറ്റൊരു മതത്തിലേക്ക് ഒരാളും പോവുകയില്ല. സ്വന്തത്തോട് തന്നെ അതിക്രമം ചെയ്യുകയും തനിക്ക് നിന്ദ്യത മതിയെന്ന് തൃപ്തിപ്പെടുകയും സത്യമുപേക്ഷിച്ച് ദുർമാർഗം സ്വീകരിക്കുകയും അതു വഴി മോശമായ പദ്ധതി ഒരുക്കുകയും ചെയ്തവനൊഴികെ. ഇഹലോകത്തിൽ ഇബ്രാഹീം ( عليه السلام ) നെ നാം ഖലീലും (നമുക്ക് ഏറെ പ്രിയങ്കരനും) റസൂലുമായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം, അല്ലാഹു നിർബന്ധമാക്കിയതെല്ലാം നിർവ്വഹിക്കുകയും അങ്ങനെ ഉന്നതമായ പദവികൾ കരസ്ഥമാക്കുകയും ചെയ്ത സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും.
(131) 131 - ഇബാദത്തുകൾ (ആരാധനകൾ) എനിക്ക് മാത്രമാക്കുകയും അനുസരണയോടെ എനിക്ക് കീഴ്പെടുകയും ചെയ്യുക എന്ന് ഇബ്റാഹീമിനോട് അദ്ദേഹത്തിന്റെ റബ്ബ് പറഞ്ഞു: ഉടനെ ഇസ്ലാമിലേക്ക് ഇബ്രാഹീം ധൃതിപ്പെട്ടുചെന്നതിനാൽ അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഇബ്റാഹീം തന്റെ റബ്ബിനോട് മറുപടി പറഞ്ഞു: ഞാനിതാ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിമായിരിക്കുന്നു. അടിമകളുടെ മുഴുവനും സ്രഷ്ടാവും ഉപജീവനം നൽകുന്നവനും കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നവനുമായ അല്ലാഹുവിന് ഞാനിതാ കീഴ്പെട്ടിരിക്കുന്നു.
(132) 132 -ഇബ്രാഹീം തൻറെ മക്കളെ (സർവ്വലോകരുടെയും റബ്ബിന് ഞാനിതാ (കീഴ്പെട്ട) മുസ്ലിമായിരിക്കുന്നു) എന്ന വചനം കൊണ്ട് ഉപദേശിച്ചു. അപ്രകാരം തന്നെ യഅ്ഖൂബും തൻറെ സന്തതികളെ ഉപദേശിച്ചു. അവർ രണ്ടാളും അവരുടെ മക്കളോട് പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഇസ്ലാമിനെ തെരഞ്ഞെടുത്തുതന്നിരിക്കുന്നു. അതിനാൽ മരണം വരുന്നത് വരെ നിങ്ങളത് മുറുകെ പിടിക്കുക. ഉള്ളിലും പുറത്തും ഒരു പോലെ നിങ്ങൾ അല്ലാഹുവിന് കീഴ്പെട്ട മുസ്ലിംകളായിരിക്കുക.
(133) "എൻറെ മരണശേഷം എന്തിനെയാണ് നിങ്ങൾ ആരാധിക്കുക" എന്ന് യഅ്ഖൂബ് മരണം ആസന്നമായ സന്ദർഭത്തിൽ തൻറെ സന്തതികളോട് ചോദിച്ചപ്പോൾ നിങ്ങളവിടെ സന്നിഹിതരായിരുന്നോ? അവർ അദ്ദേഹത്തിന്റെ ചോദ്യത്തിന് ഇങ്ങനെ മറുപടി പറഞ്ഞു: താങ്കളുടെ ഇലാഹായ, താങ്കളുടെ പിതാക്കളായ ഇബ്രാഹീമിൻറെയും ഇസ്മാഈലിൻറെയും ഇസ്ഹാഖിൻറെയും ഇലാഹായ ഏകഇലാഹിനെ മാത്രം ഞങ്ങൾ ആരാധിക്കും. അവന് പങ്കുകാരില്ല. ഞങ്ങൾ അവന്ന് മാത്രം കീഴ്പെട്ട് അവനെ അനുസരിച്ച് ജീവിക്കുന്നവരുമായിരിക്കും.
(134) നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങളിൽ പെട്ട ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ചതിലേക്ക് അതിന്റെ ഫലമനുഭവിക്കാനായി അവർ കടന്നുപോയി. ചീത്തയോ നന്മയോ ആയി അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. മറിച്ച്, ഓരോരുത്തർക്കും അവർ ചെയ്തതിനാണ് പ്രതിഫലം നൽകപ്പെടുക. നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പ്രവർത്തികളെക്കുറിച്ച് ചിന്തിച്ച് നിങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധയിലായിപ്പോകരുത്. അല്ലാഹുവിൻറെ കാരുണ്യം കഴിഞ്ഞാൽ ഒരാൾക്കും അവന്റെ സൽക്കർമ്മങ്ങളല്ലാതെ മറ്റൊന്നും ഉപകാരപ്പെടുകയില്ല.
(135) യഹൂദികൾ ഈ സമുദായത്തോട് പറഞ്ഞു: നിങ്ങൾ യഹൂദികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. നസ്റാനികൾ പറഞ്ഞു: നിങ്ങൾ നസ്റാനികളാവുക, എങ്കിൽ നിങ്ങൾ സന്മാർഗത്തിലാകും. എന്നാൽ നബിയേ, അവരോട് മറുപടി പറയുക: അല്ല; ഇബ്രാഹീമിൻറെ മതമാണ് ഞങ്ങൾ പിൻപറ്റുക. എല്ലാ അസത്യ മതങ്ങളിൽ നിന്നും പരിപൂർണമായി അകന്ന് സത്യ മതമായ ഇസ്ലാമിലേക്ക് മാത്രം ചേർന്ന ഇബ്റാഹീമിന്റെ മാർഗം. അദ്ദേഹം അല്ലാഹുവിൽ ആരെയെങ്കിലും പങ്ക് ചേർക്കുന്ന മുശ്രിക്കുകളിൽപെട്ടവനായിരുന്നില്ല.
(136) യഹൂദികളിലും ക്രിസ്ത്യാനികളിലും പെട്ട നിരർത്ഥകമായ ഈ വാദക്കാരോട് മുഅ്മിനുകളേ നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയ ഖുർആനിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഇബ്രാഹീമിനും അദ്ദേഹത്തിൻറെ സന്തതികളായ ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. യഅ്ഖൂബ് സന്തതികളിലെ നബിമാർക്ക് അല്ലാഹു അവതരിപ്പിച്ച് കൊടുത്തതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. മൂസാ നബിക്ക് അല്ലാഹു നൽകിയ തൗറാത്തിലും ഈസാ നബിക്ക് അല്ലാഹു അവതരിപ്പിച്ച ഇൻജീലിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. സർവ്വ നബിമാർക്കും അല്ലാഹു നൽകിയ കിതാബുകളിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ചിലരിൽ വിശ്വസിച്ചും മറ്റുചിലരിൽ അവിശ്വസിച്ചും അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. മറിച്ച്, എല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങൾ പരിശുദ്ധനായ അല്ലാഹുവിന്ന് മാത്രം കീഴ്പെട്ടും അവന്റെ കൽപനകൾക്ക് വഴിപ്പെട്ടും ജീവിക്കുന്നവരുമാകുന്നു.
(137) നിങ്ങൾ ഈ വിശ്വസിച്ചത് പോലെ യഹൂദികളും നസ്റാനികളും മറ്റുള്ള കാഫിറുകളും വിശ്വസിച്ചാൽ അവർ അല്ലാഹു തൃപ്തിപ്പെടുന്ന നേർമാർഗത്തിലായിക്കഴിഞ്ഞു. മുഴുവൻ നബിമാരിലോ അല്ലെങ്കിൽ ചില നബിമാരിലോ അവിശ്വസിച്ച് അവർ ഈമാനിൽ നിന്ന് പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ അവർ ഭിന്നതയിലും ശത്രുതയിലും തന്നെയാണ്. നബിയേ, താങ്കൾ ദുഃഖിക്കേണ്ടതില്ല. തീർച്ചയായും അവരുടെ ഉപദ്രവത്തിൽ നിന്നും താങ്കളെ സംരക്ഷിക്കാൻ അല്ലാഹു മതി. അവരുണ്ടാക്കുന്ന കുഴപ്പങ്ങളിൽ നിന്ന് അല്ലാഹു താങ്കളെ കാത്തുകൊള്ളും. അവർക്കെതിരിൽ അവൻ താങ്കളെ സഹായിക്കുകയും ചെയ്യും. അവൻ അവരുടെ വാക്കുകൾ എല്ലാം കേൾക്കുന്നവനും, അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനുമത്രെ.
(138) അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു നൽകിയ ശുദ്ധപ്രകൃതിയാകുന്ന അവന്റെ ദീനിൽ നിങ്ങൾ ഉറച്ചുനിൽക്കുക.അകത്തും പുറത്തും അല്ലാഹുവിൻറെ മതത്തെ നിങ്ങൾ മുറുകെ പിടിക്കുക.അല്ലാഹുവിൻറെ മതത്തേക്കാൾ നല്ല മറ്റൊരു മതവുമില്ല. അതാകുന്നു ശുദ്ധപ്രകൃതിയോട് യോജിക്കുന്ന മതം. നന്മകൾ കൊണ്ടുവരികയും തിന്മകൾ തടയുകയും ചെയ്യുന്ന ദീൻ. അതിനാൽ, ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു, അവനിൽ മറ്റാരെയും പങ്ക്ചേർക്കുകയില്ല എന്ന് നിങ്ങൾ പറയുകയും ചെയ്യുക.
(139) നബിയേ, പറയുക: വേദക്കാരേ, നിങ്ങളുടെ മതം പുരാതനവും വേദഗ്രന്ഥം കാലപ്പഴക്കമുള്ളതുമായതിനാൽ നിങ്ങൾ അല്ലാഹുവിലേക്ക് ഞങ്ങളെക്കാൾ അടുത്തവരാണ് എന്ന് പറഞ്ഞുകൊണ്ട് നിങ്ങൾ ഞങ്ങളോട് തർക്കിക്കുകയാണോ ? എന്നാലത് നിങ്ങൾക്കുപകാരപ്പെടുകയില്ല. അല്ലാഹു എല്ലാവരുടെയും റബ്ബാണ്. നിങ്ങൾക്ക് മാത്രം പ്രത്യേകമായുള്ളവനല്ല. ഞങ്ങൾക്കുള്ളത് ഞങ്ങളുടെ കർമ്മങ്ങളാണ്. അതിനെകുറിച്ച് നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾക്കുള്ളത് നിങ്ങളുടെ കർമ്മങ്ങളും. അതിനെക്കുറിച്ച് ഞങ്ങളും ചോദിക്കപ്പെടുകയില്ല. ഓരോരുത്തർക്കും അവരുടെ പ്രവർത്തനങ്ങൾക്കനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. ഞങ്ങൾ അവനെ മാത്രം ആരാധിക്കുന്നവരും അനുസരിക്കുന്നവരുമാണ്. അവനിൽ മറ്റാരെയും പങ്ക് ചേർക്കാത്തവരുമാകുന്നു.
(140) ഇബ്രാഹീമും ഇസ്മാഈലും, ഇസ്ഹാഖും, യഅ്ഖൂബും, യഅ്ഖൂബ് സന്തതികളിലെ നബിമാരുമെല്ലാം യഹൂദരോ ക്രൈസ്തവരോ ആയിരുന്നു എന്നാണോ വേദക്കാരേ നിങ്ങൾ പറയുന്നത്? നബിയേ, ചോദിക്കുക: നിങ്ങൾക്കാണോ കൂടുതൽ അറിവുള്ളത് ? അതോ അല്ലാഹുവിനോ? ആ നബിമാരെല്ലാം അവരുടെ മാർഗ്ഗത്തിലായിരുന്നു എന്നാണ് അവർ വാദിക്കുന്നതെങ്കിൽ അവർ കള്ളമാണ് പറയുന്നത്. കാരണം അവർ നിയോഗിക്കപ്പെട്ടതും മരണപ്പെട്ടതുമെല്ലാം തൗറാത്തും ഇൻജീലും അവതരിപ്പിക്കപ്പെടുന്നതിന് മുൻപായിരുന്നു. അതിനാൽ, അവർ അല്ലാഹുവിന്റെയും അവന്റെ റസൂലുകളുടെയും പേരിൽ കളവു പറയുകയാണെന്ന് വ്യക്തമാണ്. അവർക്കിറക്കപ്പെട്ട സത്യം അവർ മറച്ചുവെച്ചു. വേദക്കാരുടെ ചെയ്തി പോലെ, അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചതും, തൻറെ പക്കലുള്ളതുമായ സാക്ഷ്യം മറച്ചു വെച്ചവനേക്കാൾ കടുത്ത അതിക്രമകാരി മറ്റാരുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
(141) നിങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു സമുദായമാകുന്നു അത്. അവർ പ്രവർത്തിച്ച കാര്യങ്ങളിലേക്ക് അതിന്റെ പ്രതിഫലം ലഭിക്കുവാനായി അവർ കടന്ന്പോയി. അവർ പ്രവർത്തിച്ചതിൻറെ ഫലം അവർക്കാകുന്നു. നിങ്ങൾ പ്രവർത്തിച്ചതിൻറെ ഫലം നിങ്ങൾക്കും. അവർ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതല്ല. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അവരും ചോദ്യം ചെയ്യപ്പെടുന്നതല്ല. ഒരാളും മറ്റൊരാളുടെ പാപത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയില്ല. ഒരാൾക്കും മറ്റൊരാളുടെ കർമ്മം ഉപകാരപ്പെടുകയുമില്ല. ഓരോരുത്തർക്കും അവർ ചെയ്തുവെച്ചതിന്റെ പ്രതിഫലം ലഭിക്കും.
(142) മുമ്പ് ഖിബ്'ലയായിരുന്ന ബൈത്തുൽ മുഖദ്ദസിൽ നിന്ന് മുസ്ലിംകളെ തിരിച്ചുവിട്ട കാരണമെന്താണെന്ന് ബുദ്ധി കുറഞ്ഞ മൂഢന്മാരായ ജൂതന്മാരും അവരെപോലുള്ള മുനാഫിഖുകളും ചോദിക്കും. നബിയേ, അവരോട് മറുപടി പറയുക : കിഴക്കിൻറെയും പടിഞ്ഞാറിൻറെയും അതല്ലാത്ത മറ്റ് ദിശകളുടെയും ആധിപത്യം അല്ലാഹുവിനു മാത്രമാണ്. തൻറെ അടിമകളിൽ നിന്ന് അവനുദ്ദേശിക്കുന്നവരെ അവനുദ്ദേശിക്കുന്ന ഭാഗത്തേക്ക് അവൻ തിരിക്കും. അവൻ ഉദ്ദേശിക്കുന്ന തൻറെ അടിമകളെ അവൻ വളവോ വ്യതിയാനമോ ഇല്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
(143) നാം തൃപ്തിപ്പെട്ട ഒരു ഖിബ്'ല നിങ്ങൾക്ക് നിശ്ചയിച്ചുതന്നപോലെ നാം നിങ്ങളെ നീതിമാന്മാരായ ഒരു ഉത്തമസമുദായമാക്കിയിരിക്കുന്നു. വിശ്വാസങ്ങളിലും ആരാധനകളിലും ഇടപാടുകളിലും മറ്റ് സമുദായങ്ങൾക്കിടയിൽ നിങ്ങളെ ശരിയായ മധ്യമ നിലാപാടുള്ളവരാക്കിയിരിക്കുന്നു. ഖിയാമത്ത് നാളിൽ അല്ലാഹുവിൻറെ റസൂലുകൾ അവരോട് കൽപ്പിക്കപ്പെട്ട പ്രബോധനം തങ്ങളുടെ സമുദായത്തിൽ നിർവ്വഹിച്ചിട്ടുണ്ട് എന്നതിന് നിങ്ങൾ സാക്ഷികളാവാനും, മുഹമ്മദ് നബി (ﷺ) നിയോഗിക്കപ്പെട്ട കാര്യം നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട് എന്നതിന് അദ്ദേഹം നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും വേണ്ടിയത്രെ അത്. അല്ലാഹുവിൻറെ നിയമത്തിൽ തൃപ്തിപ്പെടുന്നവരും അതിന് കീഴ്പെടുന്നവരും റസൂലിനെ പിൻപറ്റുന്നതുമാരൊക്കെയെന്നും, അല്ലാഹുവിൻറെ നിയമത്തിന് കീഴൊതുങ്ങാത്തവരും മതത്തിൽ നിന്ന് പുറത്തുപോകുന്നവരും ദേഹേച്ഛകളെ പിൻപറ്റുന്നതും ആരൊക്കെയെന്നും നാം അറിയാൻ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്ന ബൈത്തുൽ മുഖദ്ദസിൽ നിന്നുള്ള ഖിബ്'ല മാറ്റത്തെ നാം നിശ്ചയിച്ചത്. അല്ലാഹു അറിയാൻ വേണ്ടിയെന്നാൽ പ്രകടമായി സംഭവിച്ചറിയുക എന്നാണ് ഉദ്ദേശം. അതിനനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുക. അല്ലാഹു യഥാർത്ഥ വിശ്വാസത്തിലാക്കിയവർക്കൊഴിച്ച് മറ്റെല്ലാവർക്കും ഖിബ് ല മാറ്റം ഒരു വലിയ പ്രശ്നമായിത്തീർന്നിരിക്കുന്നു. അല്ലാഹു തൻറെ അടിമകൾക്ക് ഒരു കാര്യം മതപരമായി നിശ്ചയിക്കുന്നത് തികഞ്ഞ യുക്തിയോടെ തന്നെയാണ്. അല്ലാഹുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ അവൻ പാഴാക്കിക്കളയുന്നതല്ല. അത്പോലെ തന്നെയാണ് ഖിബ്'ല മാറ്റുന്നതിന് മുമ്പുള്ള നിങ്ങളുടെ നമസ്കാരവും. തീർച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ള റഊഫും ഏറെ കരുണ ചൊരിയുന്ന റഹീമുമാകുന്നു. അവൻ അവർക്ക് പ്രയാസം ഉണ്ടാക്കുകയില്ല. അവരുടെ പ്രവർത്തനത്തിൻറെ ഫലം നഷ്ടപ്പെടുത്തുകയുമില്ല.
(144) നബിയേ, താങ്കൾ ഇഷ്ടപ്പെടുന്ന ഭാഗത്തേക്ക് ഖിബ്'ല മാറ്റുന്ന വിഷയത്തിൽ വഹ്'യ് ഇറങ്ങുന്നതും പ്രതീക്ഷിച്ച് താങ്കളുടെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ ബൈത്തുൽ മുഖദ്ദസിന് പകരം നിനക്ക് ഇഷ്ടവും തൃപ്തിയുമുള്ള ഒരു ഖിബ്'ലയിലേക്ക് അഥവാ, മസ്ജിദുൽ ഹറാമിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേൽ നീ നിൻറെ മുഖം മക്കയിലെ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിക്കുക. മുഅ്മിനുകളേ, നിങ്ങൾ എവിടെയായിരുന്നാലും നമസ്കാരത്തിന് അതിൻറെ നേർക്കാണ് മുഖം തിരിക്കേണ്ടത്. കിതാബ് നൽകപ്പെട്ട ജൂതന്മാർക്കും നസ്റാനികൾക്കും ഖിബ്'ലമാറ്റം തങ്ങളുടെ സ്രഷ്ടാവും നിയന്താവുമായവനിൽ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. കാരണം അക്കാര്യം അവരുടെ കിതാബിലുണ്ട്. സത്യത്തിൽ നിന്ന് പിന്തിരിഞ്ഞുകളയുന്ന ഇക്കൂട്ടർ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. അതിനുള്ള പ്രതിഫലം അവർക്കവൻ നൽകുകയും ചെയ്യും.
(145) അല്ലാഹുവാണെ സത്യം, നബിയേ, കിതാബ് നൽകപ്പെട്ട ജൂത - നസ്റാനികളുടെ അടുക്കൽ ഖിബ്'ല മാറ്റം സത്യമാണെന്നതിന് നീ എല്ലാവിധ തെളിവും ദൃഷ്ടാന്തവും കൊണ്ട് ചെന്നാലും അവർ നിൻറെ ഖിബ്'ലയെ പിന്തുടരുന്നതല്ല. താങ്കൾ കൊണ്ടുവന്നതിനോടുള്ള മർക്കടമുഷ്ടിയും സത്യത്തെ പിൻപറ്റാനുള്ള അഹങ്കാരവും നിമിത്തമത്രെ അത്. അല്ലാഹു താങ്കളുടെ ഖിബ്'ലയെ മാറ്റിയ ശേഷം അവരുടെ ഖിബ്'ലയെ താങ്കളും പിന്തുടരുന്നതല്ല. അവരിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിൻറെ ഖിബ്'ലയെ പിന്തുടരുകയുമില്ല. കാരണം അവരിലെ അവരിലെ ഓരോ കക്ഷിയും പരസ്പരം കാഫിറാക്കുകയാണ് ചെയ്യുന്നത്. സംശയമില്ലാത്ത ശരിയായ അറിവ് നിനക്ക് വന്നുകിട്ടിയ ശേഷം ഖിബ്'ലയുടെയോ മറ്റ് മതനിയമങ്ങളുടെയോ വിധികളുടെയോ വിഷയത്തിൽ നീയെങ്ങാനും അവരുടെ ഇച്ഛകളെ പിൻപറ്റിയാൽ നീ അതിക്രമകാരികളുടെ കൂട്ടത്തിൽ തന്നെയായിരിക്കും. കാരണം അങ്ങനെ ചെയ്താൽ നീ സന്മാർഗം വെടിയുകയും തോന്നിവാസം പിൻപറ്റുകയും ചെയ്തവനായിത്തത്തീരും. അവരെ പിൻപറ്റുന്നതിൻറെ നെറികേട് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്. കാരണം നബി (ﷺ) യെ അതിൽ നിന്നെല്ലാം അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. നബിക്കു ശേഷം നബിയുടെ സമുദായത്തിനുള്ള താക്കീതുമാണത്.
(146) നാം വേദം നൽകിയിട്ടുള്ള ജൂത ക്രൈസ്തവ പണ്ഡിതന്മാർ സ്വന്തം മക്കളെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയുന്നതു പോലെ ഖിബ്'ല മാറ്റം മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തിൻറെ അടയാളമാണെന്ന് അറിയാവുന്നവരാണ്. എന്നിട്ടും അവരിൽ ഒരു വിഭാഗം അസൂയ നിമിത്തം അറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം കൊണ്ടുവന്ന സത്യം മറച്ചുവെക്കുകയാകുന്നു. അതാണ് സത്യം എന്നറിഞ്ഞുകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നത്.
(147) നബിയേ, നിൻറെ റബ്ബിന്റെ പക്കൽ നിന്നുള്ള സത്യമാകുന്നു ഇത്. അതിനാൽ അതിൻറെ സത്യതയിൽ സംശയമുള്ളവരുടെ കൂട്ടത്തിൽ നീ പെട്ടുപോകരുത്.
(148) എല്ലാ വിഭാഗക്കാർക്കും അവർ തിരിഞ്ഞുനിൽക്കേണ്ട ദിശയുണ്ട്. ശരീരം കൊണ്ടു തന്നെ തിരിയേണ്ടതോ അല്ലെങ്കിൽ, ആശയപരമായതോ ആയ ദിശ. അതിൽ പെട്ടതാണ് മുൻകഴിഞ്ഞ സമുദായങ്ങൾക്കിടയിലുള്ള ഖിബ്'ലവ്യത്യാസവും അവർക്ക് അല്ലാഹു നിയമമാക്കിയ നിയമങ്ങളിലെ വ്യത്യാസവും. അല്ലാഹുവിൻറെ കൽപ്പനയും നിയമവുമനുസരിച്ചാണെങ്കിൽ ആ വൈവിധ്യം ഉപദ്രവകരമല്ല. അതിനാൽ മുഅ്മിനുകളേ, നിങ്ങൾ നിങ്ങളോട് കൽപ്പിക്കപ്പെട്ട സൽപ്രവർത്തനങ്ങൾക്കായി മുന്നോട്ട് വരിക. നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകാൻ ഖിയാമത്ത് നാളിൽ അല്ലാഹു നിങ്ങളെയെല്ലാം ഒന്നിച്ചു കൊണ്ടുവരുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. നിങ്ങളെ ഒരുമിച്ചുകൂട്ടാനും പ്രതിഫലം നൽകാനും അല്ലാഹു അശക്തനല്ല.
(149) നബിയേ, ഏതൊരിടത്ത് നിന്ന് താങ്കളും താങ്കളുടെ അനുയായികളും പുറപ്പെടുകയാണെങ്കിലും എവിടെയായിരുന്നാലും നമസ്കാരം ഉദ്ദേശിക്കുമ്പോൾ മസ്ജിദുൽ ഹറാമിൻറെ നേർക്ക് മുഖം തിരിക്കേണ്ടതാണ്. തീർച്ചയായും അത് നിൻറെ റബ്ബിങ്കൽനിന്ന് വഹ്'യ് നൽകപ്പെട്ട യഥാർത്ഥ സത്യമാകുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല. അവൻ എല്ലാം കാണുന്നവനും അതിന് പ്രതിഫലം നൽകുന്നവനുമാണ്.
(150) നബിയേ! താങ്കൾ എവിടെ നിന്ന് യാത്ര തിരിച്ചാലും നിസ്കാരം ഉദ്ദേശിച്ചാൽ മസ്ജിദുൽ ഹറാമിൻറെ നേർക്ക് തിരിഞ്ഞു നിൽക്കുക. (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ എവിടെയൊക്കെയായിരുന്നാലും നിസ്കാരം ഉദ്ദേശിച്ചാൽ അതിൻറെ നേർക്കാണ് നിങ്ങളുടെ മുഖങ്ങൾ തിരിക്കേണ്ടത്. നിങ്ങൾക്കെതിരായി ജനങ്ങൾക്ക് ഇനി യാതൊരു ന്യായവും ഇല്ലാതിരിക്കുവാൻ വേണ്ടിയാണിത്. അവരിൽ പെട്ട ചില അതിക്രമകാരികൾ (തർക്കിച്ചേക്കാമെന്നത്) അല്ലാതെ. അവർ അവരുടെ ശാഠ്യത്തിൽ ഉറച്ചുനിൽക്കും. ദുർബലമായ തെളിവുകൾ നിങ്ങൾക്കെതിരെ അവർ കൊണ്ടുവരികയും ചെയ്യും. എന്നാൽ നിങ്ങൾ അവരെ ഭയപ്പെടേണ്ടതില്ല. മറിച്ച്, നിങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ മാത്രം ഭയപ്പെടുക. കഅ്ബ നിങ്ങളുടെ ദിശയായി അല്ലാഹു നിശ്ചയിച്ചത് നിങ്ങൾക്ക് മേലുള്ള അവൻ്റെ അനുഗ്രഹം പൂർത്തീകരിക്കുന്നതിനത്രെ. ഇതിലൂടെ മറ്റെല്ലാ സമുദായങ്ങളിൽ നിന്നും നിങ്ങളെ അവൻ വേർതിരിച്ചിരിക്കുന്നു. അതോടൊപ്പം ജനങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ദിശകളിൽ ഏറ്റവും ശ്രേഷ്ഠമായതിലേക്ക് നിങ്ങളെ നയിക്കുന്നതിനുമത്രെ ഈ നിയമം.
(151) നിങ്ങൾക്ക് നാം മറ്റൊരു അനുഗ്രഹം കൂടി ചെയ്തതുപോലെ. അഥവാ, നിങ്ങളിൽ നിന്നുള്ള ഒരു റസൂലിനെ നിങ്ങളിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം നിങ്ങൾക്ക് നമ്മുടെ ആയത്തുകൾ ഓതിത്തരുന്നു. നന്മയും ശ്രേഷ്ടഗുണങ്ങളും നിങ്ങളോട് കൽപ്പിച്ചുകൊണ്ടും, മ്ലേച്ഛമായതും വെറുക്കപ്പെട്ടതും വിരോധിച്ചുകൊണ്ടും ആ റസൂൽ നിങ്ങളെ ശുദ്ധീകരിക്കുന്നു. ഖുർആനും സുന്നത്തും അദ്ദേഹം നിങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് അറിയുമായിരുന്നില്ലാത്ത മത - ഭൗതിക കാര്യങ്ങൾ നിങ്ങൾക്ക് പഠിപ്പിച്ചു തരുകയും ചെയ്യുന്നു.
(152) ആകയാൽ എന്നെ നിങ്ങൾ ഹൃദയം കൊണ്ടും അവയവങ്ങൾ കൊണ്ടും ഓർക്കുക. നിങ്ങളെ സംരക്ഷിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും ഞാനും നിങ്ങളെ ഓർക്കുന്നതാണ്. പ്രവർത്തനം പോലെയുള്ള പ്രതിഫലം. ഞാൻ നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് എന്നോട് നിങ്ങൾ നന്ദികാണിക്കുക. ആ അനുഗ്രഹങ്ങളെ നിഷേധിച്ചും വിരോധിക്കപ്പെട്ട മാർഗ്ഗത്തിൽ ഉപയോഗിച്ചും നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്.
(153) മുഅ്മിനുകളേ, നിങ്ങൾ സഹനവും നമസ്കാരവും മുഖേന സഹായം തേടുക. എന്നെ അനുസരിക്കാനും എൻറെ കൽപനകളെ അംഗീകരിക്കാനും സാധിക്കാനുള്ള സഹായം ചോദിക്കുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു. അവരെ അവൻ സഹായിക്കുകയും നന്മകൾ ചെയ്യാൻ സൗകര്യപ്പെടുത്തുകയും ചെയ്യും.
(154) മുഅ്മിനുകളേ, അല്ലാഹുവിൻറെ മാർഗത്തിലുള്ള ജിഹാദിൽ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവർ എന്ന് നിങ്ങൾ പറയരുത്. അഥവാ മറ്റുള്ളവർ മരണപ്പെടുന്നത് പോലെ അവരും മരണപ്പെട്ടിട്ടുണ്ട് എന്ന് നിങ്ങൾ പറയാൻ പാടില്ല. മറിച്ച്, അവർ അവരുടെ റബ്ബിന്റെ അരികിൽ ജീവിച്ചിരിക്കുന്നവരാണ്. പക്ഷെ, അവരുടെ ജീവിതം നിങ്ങൾക്ക് മനസ്സിലാക്കാൻ സാധ്യമല്ല. അല്ലാഹുവിൽ നിന്നുള്ള വഹ്'യ് മുഖേനയല്ലാതെ മനസിലാക്കാൻ സാധിക്കാത്ത പ്രത്യേകതരം ജീവിതമാണത്.
(155) വിവിധതരം പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ശത്രുക്കളെക്കുറിച്ചുള്ള ഭയം, ഭക്ഷണക്കുറവുകൊണ്ടുള്ള പട്ടിണി, സമ്പത്ത് നശിക്കുക അല്ലെങ്കിൽ അത് നേടാനുള്ള പ്രയാസം, ജനങ്ങളെ നശിപ്പിക്കുന്ന വിപത്തുകൾ കൊണ്ടോ അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള രക്ത സാക്ഷിത്വം കൊണ്ടോ ഉള്ള ജീവനഷ്ടം, ഭൂമി ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങളിലുള്ള കുറവ് തുടങ്ങി വിവിധ പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. നബിയേ, അത്തരം പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അവരെ സന്തോഷിപ്പിക്കുന്നത് ഉണ്ടാകും എന്ന സന്തോഷവാർത്ത അറിയിക്കുക.
(156) അവർക്ക് വല്ല ആപത്തും ബാധിച്ചാൽ അവർ (ആ ക്ഷമാശീലർ) തൃപ്തിയോടെയും കീഴൊതുങ്ങിയും പറയുന്നത്; ഞങ്ങൾ അല്ലാഹുവിൻറെ അധീനത്തിലാണ്, അവനുദ്ദേശിക്കുന്നത് ഞങ്ങളിൽ അവൻ പ്രവർത്തിക്കും. ഖിയാമത്ത് നാളിൽ അവങ്കലേക്ക് മടങ്ങേണ്ടവരാണ് ഞങ്ങൾ, അവനാണ് ഞങ്ങളെ പടച്ചതും ധാരാളം അനുഗ്രഹങ്ങൾ നൽകിയതും, അവനിലേക്കാണ് ഞങ്ങളുടെ മടക്കവും പര്യവസാനവും എന്നായിരിക്കും.
(157) ഈ വിശേഷണങ്ങൾക്കർഹരായവർക്ക് ഉന്നതമായ മലക്കുകളുടെ ലോകത്ത് അല്ലാഹുവിൻറെ പുകഴ്ത്തലുകളുണ്ടാവും. അവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമിറങ്ങും. അവരത്രെ സത്യമാർഗ്ഗത്തിലേക്ക് സന്മാർഗം പ്രാപിച്ചവർ.
(158) സ്വഫ, മർവ എന്നറിയപ്പെടുന്ന കഅ്ബക്കടുത്തുള്ള രണ്ട് മലകൾ പ്രകടമായ മതാടയാളങ്ങളിൽ പെട്ടതത്രെ. കഅ്ബാ മന്ദിരത്തിൽ ചെന്ന് ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവ രണ്ടിനുമിടയിൽ നടക്കുകയെന്ന കർമം നിർവഹിക്കുന്നതിൽ കുറ്റമൊന്നുമില്ല. അവക്കിടയിലുള്ള നടത്തം ജാഹിലിയ്യാ സമ്പ്രദായമാണ് എന്ന് വിശ്വസിച്ച് അത് ചെയ്യാൻ പ്രയാസം തോന്നിയിരുന്ന മുസ്ലിംകൾക്കുള്ള ആശ്വാസമാണ് "കുറ്റമില്ല" എന്ന പ്രയോഗം. അത് ഹജ്ജിൻറെ കർമ്മങ്ങളിൽ പെട്ടതാണെന്ന് അല്ലാഹു വ്യക്തമാക്കുന്നു. ആരെങ്കിലും നിർബന്ധമല്ലാത്ത സൽകർമങ്ങൾ സ്വയം സന്നദ്ധനായി, റബ്ബിനു വേണ്ടി മാത്രമായി ചെയ്യുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതിനോട് 'ശാകിർ' (നന്ദിയുള്ളവൻ) ആകുന്നു. ആ നന്മ അവനിൽ നിന്ന് സ്വീകരിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്നവനാകുന്നു. നന്മ ചെയ്യുന്നവരെയും പ്രതിഫലത്തിന് അർഹരായവരെയും അറിയുന്ന 'അൽ അലീം' (സർവ്വജ്ഞനു)മാകുന്നു.
(159) മുഹമ്മദ് നബിയുടെയും അദ്ദേഹം കൊണ്ടുവന്നതിന്റെയും സത്യതക്ക് നാമവതരിപ്പിച്ച തെളിവുകളും മാർഗദർശനവും വേദഗ്രന്ഥത്തിലൂടെ ജനങ്ങൾക്ക് നാം വിശദമാക്കികൊടുത്തതിന് ശേഷം അത് മറച്ചുവെക്കുന്ന ജൂതരോ ക്രൈസ്തവരോ ആരായിരുന്നാലും അവരെ അല്ലാഹു അവൻറെ കാരുണ്യത്തിൽ നിന്ന് അകറ്റുന്നതാണ്. മലക്കുകളും പ്രവാചകന്മാരും മുഴുവൻ ജനങ്ങളും അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്ന് അവരെ അകറ്റാൻ പ്രാർത്ഥിക്കുകയും ചെയ്യും.
(160) എന്നാൽ ആ വ്യക്തമായ തെളിവുകൾ മറച്ചുവെച്ചതിൽ പശ്ചാത്തപിച്ചവരൊഴികെ. എന്നിട്ട് പുറമെ കാണാവുന്നതും ഉള്ളിലുള്ളതുമായ പ്രവർത്തനങ്ങൾ അവർ നന്നാക്കിത്തീർക്കുകയും, മറച്ചുവെച്ച സത്യവും സന്മാർഗ്ഗവും വിവരിച്ചുകൊടുക്കുകയും ചെയ്താൽ എന്നെ അനുസരിക്കുന്നതിലേക്ക് അവർ മടങ്ങിവന്നത് ഞാൻ സ്വീകരിക്കുന്നതാണ്. ഞാൻ അത്യധികം അടിമകളുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും അവരോട് ഏറെ കരുണ ചൊരിയുന്നവനുമാകുന്നു.
(161) കാഫിറുകളാവുകയും പശ്ചാത്തപിക്കാതെ കാഫിറുകളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേൽ അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നകറ്റപ്പെടുന്ന ശാപം ഉണ്ടായിരിക്കും. അല്ലാഹുവിൻറെ കാരുണ്യത്തിൽ നിന്നകറ്റപ്പെടാനായി മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം പ്രാർത്ഥനയുമുണ്ടായിരിക്കുന്നതാണ്
(162) ഈ ശാപം അവർ ശാശ്വതമായി അനുഭവിക്കുന്നതാണ്. ഒരു ദിവസം പോലും അവർക്ക് ശിക്ഷ ഇളവ് ചെയ്യപ്പെടുകയില്ല. ഖിയാമത്ത് നാളിൽ അവർക്ക് സമയം നീട്ടി കൊടുക്കപ്പെടുകയുമില്ല.
(163) ജനങ്ങളേ, നിങ്ങളുടെ ആരാധനകൾക്ക് അർഹൻ ഏകനായവൻ മാത്രമാകുന്നു. അവൻ ഒരുവനാണ്. അല്ലാഹുവിന്റെ വിശേഷണങ്ങളിലും അവൻ ഏകനാകുന്നു. ആരാധനക്കർഹനായി അവനല്ലാതെ മറ്റാരുമില്ല. അവൻ വിശാലമായ കാരുണ്യത്തിനുടമയായ റഹ്മാനും, തൻറെ അടിമകൾക്ക് എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിയ റഹീമുമാകുന്നു.
(164) ആകാശഭൂമികളുടെ സൃഷ്ടിപ്പിലും അതിലുള്ള അത്ഭുതകരമായ സൃഷ്ടികളിലും, രാപകലുകൾ ഒന്നിനു പിറകെ ഒന്നായി വരുന്നതിലും, ഭക്ഷണം ,വസ്ത്രം, കച്ചവടച്ചരക്കുകൾ തുടങ്ങി മനുഷ്യർക്ക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത് നിന്ന് അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട് ചെടികളും പുല്ലും മുളപ്പിച്ച് ഭൂമിക്ക് അതു മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാതരം ജന്തുവർഗങ്ങളെയും വ്യാപിപ്പിച്ചതിലും, വിവിധ ഭാഗങ്ങളിലേക്കുള്ള കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ച് നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്നവർക്കും തെളിവുകൾ മനസ്സിലാക്കുന്നവർക്കും അല്ലാഹുവിൻറെ ഏകത്വത്തെക്കുറിച്ച് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്; തീർച്ച.
(165) ഇങ്ങനെയുള്ള വ്യക്തമായ തെളിവുകളുണ്ടായിട്ടും അല്ലാഹുവിന് പുറമെയുള്ളവരെ ആരാധ്യന്മാരാക്കുകയും അല്ലാഹുവിന് സമന്മാരാക്കുകയും ചെയ്യുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകൾ അവരെയും സ്നേഹിക്കുന്നു. എന്നാൽ ഇവർക്ക് അവരുടെ ആരാധ്യന്മാരോടുള്ളതിനേക്കാൾ അതിശക്തമായ സ്നേഹം മുഅ്മിനുകൾക്ക് അല്ലാഹുവോടുണ്ട്. കാരണമവർ അല്ലാഹുവിനോടൊപ്പം മറ്റാരെയും പങ്കുചേർക്കുന്നില്ല. സന്തോഷത്തിലും സന്താപത്തിലും അവർ അവനെ സ്നേഹിക്കുന്നു. എന്നാൽ അവർ സന്തോഷങ്ങളിൽ മാത്രമാണ് അവരുടെ ആരാധ്യരെ ഇഷ്ടപ്പെടുന്നത്. പ്രയാസങ്ങളിൽ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ചുപ്രാർത്ഥിക്കുന്നില്ല. ശിർക്ക് ചെയ്യുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് അക്രമകളായവർ പരലോകശിക്ഷ കണ്മുമ്പിൽ കാണുന്ന സമയത്തുള്ള അവരുടെ അവസ്ഥ കണ്ടിരുന്നുവെങ്കിൽ അവർ അറിഞ്ഞേനെ. ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അവനെ ധിക്കരിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും. അതവർ കണ്ടിരുന്നെങ്കിൽ അവർ അവനോടൊപ്പം മറ്റാരെയും പങ്കുചേർക്കുകയില്ലായിരുന്നു.
(166) ഖിയാമത്ത് നാളിലെ ഭയാനകതയും കാഠിന്യവും കണ്ടതിനാൽ പിന്തുടരപ്പെട്ട നേതാക്കൾ പിന്തുടർന്ന ദുർബലരായ അനുയായികളെ വിട്ട് ഒഴിഞ്ഞ് മാറുന്ന സമയമാണത്. അവർക്ക് രക്ഷപ്പെടാനുള്ള സകല വഴികളും അറ്റുപോയിരിക്കുന്നു.
(167) ദുർബലരായിരുന്ന അനുയായികൾ അന്നു പറയും : ഞങ്ങൾക്ക് ഇഹലോകത്തേക്ക് ഒരു തിരിച്ചുപോക്കിന്നവസരം കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാരുമായി അകന്നു നിൽക്കുമായിരുന്നു. ഇവർ ഇപ്പോൾ ഞങ്ങളെ വിട്ടൊഴിഞ്ഞ് മാറിയത് പോലെ . പരലോകത്ത് കഠിനമായ ശിക്ഷ അല്ലാഹു അവരെ കാണിച്ചുകൊടുത്ത പോലെ അസത്യത്തിൽ അവരുടെ നേതാക്കന്മാരെ പിൻപറ്റിയതിന്റെ ദുരന്തഫലവും അല്ലാഹു അവർക്ക് കാണിച്ചുകൊടുക്കും. അതവർക്ക് ദുഃഖവും ഖേദവുമായിരിക്കും. നരകാഗ്നിയിൽ നിന്ന് അവർക്ക് ഒരിക്കലും പുറത്ത് കടക്കാനാവുകയുമില്ല.
(168) മനുഷ്യരേ, ഭൂമിയിലുള്ള സസ്യങ്ങൾ, പഴങ്ങൾ,മാംസം എന്നിവയിൽ വിശിഷ്ടമായതും മ്ലേഛമല്ലാത്തതുമായവ നിങ്ങൾ കഴിച്ചുകൊള്ളുക. അത് അനുവദനീയമായ നിലക്ക് സമ്പാദിച്ചതുമായിരിക്കണം. പിശാച് നിങ്ങളെ പടിപടിയായി കൊണ്ടുപോകാൻ ശ്രമിക്കുന്ന അവന്റെ മാർഗം നിങ്ങൾ പിന്തുടരാൻ പാടില്ല. അവൻ നിങ്ങളുടെ ശത്രു തന്നെയാകുന്നു. അവന് നിങ്ങളോടുള്ള ശത്രുത വ്യക്തമാണ്. തന്നെ പിഴപ്പിക്കാനും ഉപദ്രവിക്കാനും ശ്രമിക്കുന്ന ശത്രുവിനെ പിന്തുടരുക ബുദ്ധിയുള്ള ഒരാൾക്കും യോജിക്കുകയില്ല.
(169) നീചമായ പാപങ്ങളും കടുത്ത തെറ്റുകളുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്. വിശ്വാസ കാര്യങ്ങളിലും മതനിയമങ്ങളിലും, അല്ലാഹുവിൽ നിന്നോ അവന്റെ റസൂലുകളിൽ നിന്നോ നിങ്ങൾക്ക് അറിവ് വന്നുകിട്ടാത്ത കാര്യം അല്ലാഹുവിൻറെ പേരിൽ പറഞ്ഞുണ്ടാക്കുവാനുമാണ് അവൻ നിങ്ങളോട് കൽപിക്കുന്നത്.
(170) അല്ലാഹു അവതരിപ്പിച്ച സന്മാർഗ്ഗവും പ്രകാശവും നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് ഈ കാഫിറുകളോട് ആരെങ്കിലും പറഞ്ഞാൽ, അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ട വിശ്വാസങ്ങളും പാരമ്പര്യങ്ങളും മാത്രമേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും ധിക്കാരത്തോടെ അവർ പറയുന്നത്. അവരുടെ പിതാക്കൾ യാതൊരു വെളിച്ചമോ സന്മാർഗമോ ചിന്തിച്ച് മനസ്സിലാക്കാത്തവരും നേർവഴി കണ്ടെത്താത്തവരും അല്ലാഹു തൃപ്തിപ്പെടുന്ന സത്യത്തിലേക്ക് നയിക്കുന്നവരല്ലെങ്കിൽ പോലും അവരെ പിൻപറ്റുകയാണോ?
(171) പിതാക്കളെ പിൻപറ്റുന്നതിൽ കാഫിറുകളെ ഉപമിക്കാവുന്നത് തൻറെ മൃഗങ്ങളോട് ഒച്ചയിടുന്ന ഇടയനെ പോലെയാകുന്നു. അവ ശബ്ദം കേൾക്കുന്നുണ്ട് എന്നാൽ പറയുന്നത് അവക്ക് മനസ്സിലാകുന്നില്ല. ഉപകാരപ്പെടുന്ന രൂപത്തിൽ സത്യം കേൾക്കാൻ കഴിയാത്ത ബധിരരും സത്യം സംസാരിക്കാൻ കഴിയാത്ത ഊമകളും അത് കാണാൻ കഴിയാത്ത അന്ധരുമാകുന്നു അവർ. അതിനാൽ നീ ക്ഷണിക്കുന്ന സന്മാർഗം അവർ ചിന്തിച്ചു ഗ്രഹിക്കുകയില്ല
(172) അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് നൽകിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായതും അനുവദനീയമായതും ഭക്ഷിച്ചു കൊള്ളുക. അനുഗ്രഹങ്ങൾ നൽകിയതിന് അല്ലാഹുവോട് നിങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും നന്ദികാണിക്കുകയും ചെയ്യുക ; അവനെ അനുസരിച്ച് പ്രവർത്തിക്കലും അവനെ ധിക്കരിക്കുന്ന പാപങ്ങൾ വെടിയലും അവനുള്ള നന്ദിയിൽ പെട്ടതാണ്. നിങ്ങൾ യഥാർത്ഥത്തിൽ അവനെ മാത്രം ആരാധിക്കുകയും അവനിൽ മറ്റാരെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവരാണെങ്കിൽ.
(173) മതത്തിൽ അംഗീകരിക്കപ്പെട്ട അറവ് കൊണ്ടല്ലാതെ ചത്തുപോയ ശവം, ഒഴുക്കപ്പെട്ട രക്തം, പന്നിമാംസം, അറുക്കുമ്പോൾ അല്ലാഹുവിൻറെതല്ലാത്ത നാമം സ്മരിക്കപ്പെട്ടത് എന്നിവ മാത്രമേ ഭക്ഷണത്തിൽ നിന്നും അവൻ നിങ്ങൾക്ക് നിഷിദ്ധമാക്കിയിട്ടുള്ളൂ. ഇനി ആരെങ്കിലും അത് കഴിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന രൂപത്തിൽ നിർബന്ധിതനായാൽ അവനു കുറ്റമോ ശിക്ഷയോ ഇല്ല. എന്നാൽ ആവശ്യമില്ലാതെ കഴിക്കുകയെന്ന അക്രമം ചെയ്യാതെയും അനിവാര്യതയുടെ പരിധി കവിയാതെയും ആയിരിക്കുകയും അത്. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു. നിർബന്ധിത സമയത്ത് നിഷിദ്ധമാക്കപ്പെട്ടവ ഭക്ഷിക്കുന്നത് അനുവദിച്ചു എന്നത് അവൻറെ കാരുണ്യമത്രെ.
(174) ജൂത ക്രൈസ്തവർ ചെയ്തത് പോലെ, അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥവും അതിലുള്ള സത്യവും മുഹമ്മദ് നബി (ﷺ) യുടെ പ്രവാചകത്വത്തെക്കുറിച്ച് അതിലുള്ള തെളിവുകളും മറച്ചുവെക്കുകയും, അതിന്നു വിലയായി നേതൃത്വം, സമ്പത്ത്, സ്ഥാനമാനങ്ങൾ തുടങ്ങിയ തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിക്ക് കാരണമാവുന്നതല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവരിഷ്ടപ്പെടുന്ന തരത്തിൽ അല്ലാഹു അവരോട് സംസാരിക്കുകയില്ല; മറിച്ച്, അവർ ഇഷ്ടപ്പെടാത്തതായിരിക്കും അവൻ അവരോട് സംസാരിക്കുക. അവൻ അവരെ ശുദ്ധീകരിക്കുകയോ അവരെക്കുറിച്ച് നല്ലതു പറയുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും.
(175) ജനങ്ങൾക്കാവശ്യമായ വിജ്ഞാനം മറച്ചുവെക്കുകയെന്ന സ്വഭാവമുള്ളവർ സന്മാർഗത്തിനു പകരം ദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു. യഥാർത്ഥ വിജ്ഞാനം മറച്ചുവെച്ചപ്പോൾ അതാണവർക്ക് സംഭവിച്ചത്. നരകത്തിൽ പ്രവേശിക്കാൻ കാരണമാകുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവർക്കെന്തൊരു ക്ഷമയാണ്! നരകം സഹിക്കാം എന്നു കരുതി അതിലുള്ള ശിക്ഷയെ അവർ കാര്യമാക്കുന്നേയില്ല എന്നതു പോലെയുണ്ട്.
(176) സത്യം വ്യക്തമാക്കിക്കൊണ്ട് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതിനാലാണ് വിജ്ഞാനവും സന്മാർഗ്ഗവും മറച്ചുവെക്കുന്നതിന് ആ പ്രതിഫലം നൽകുന്നത്. വ്യക്തമാക്കുകയും മറച്ചുവെക്കാതിരിക്കുകയും ചെയ്യണം എന്നതാണ് അത് അവതരിപ്പിച്ചതിന്റെ താൽപര്യം. അല്ലാഹു അവനിൽ നിന്നിറക്കിയ കിതാബുകളുടെ കാര്യത്തിൽ ഭിന്നിക്കുകയും അങ്ങനെ അവയിൽ ചിലതിൽ വിശ്വസിക്കുകയും ചിലത് മറച്ചുവെക്കുകയും ചെയ്യുന്നവർ പരസ്പരം കടുത്ത ഭിന്നിപ്പിലാകുന്നു. സത്യത്തിൽ നിന്നകന്ന കക്ഷിമാത്സര്യത്തിലാകുന്നു.
(177) കിഴക്കോ പടിഞ്ഞാറോ മറ്റുള്ളതോ ആയ ഭാഗത്തേക്ക് മുഖം തിരിക്കുക, എന്നത് മാത്രം അല്ലാഹുവിങ്കൽ തൃപ്തികരമായ പുണ്യമാവുകയില്ല. എന്നാൽ എല്ലാവിധ നന്മയുമുള്ളത് ഏകആരാധ്യനായ അല്ലാഹുവിൽ വിശ്വസിച്ചവനിലാണ്. അതോടൊപ്പം അന്ത്യദിനത്തിലും, മുഴുവൻ മലക്കുകളിലും, മുഴുവൻ അല്ലാഹുവിൽ നിന്ന് അവതരിച്ച മുഴുവൻ ഗ്രന്ഥങ്ങളിലും, വേർതിരിവ് കാണിക്കാതെ മുഴുവൻ പ്രവാചകന്മാരിലും വിശ്വസിച്ചവരിൽ. കൂടാതെ, സ്വത്തിനോട് പ്രിയമുണ്ടായിട്ടും ബന്ധുക്കൾക്കും, പ്രായപൂർത്തിയാകും മുൻപേ പിതാവിനെ നഷ്ടപെട്ട അനാഥകൾക്കും, അഗതികൾക്കും, യാത്രയിലായതിനാൽ നാടും കുടുംബവുമായുള്ള ബന്ധം മുറിഞ്ഞുപോയ വഴിപോക്കന്നും, ജനങ്ങളോട് ചോദിക്കേണ്ടിവന്ന അത്യാവശ്യക്കാരനും, അടിമകളെയും തടവുകാരെയും മോചിപ്പിക്കാനും സമ്പത്ത് നൽകുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. നമസ്കാരം അല്ലാഹു കൽപിച്ച മുറപ്രകാരം പൂർണമായ രൂപത്തിൽ നിർവ്വഹിക്കുകയും, നിർബന്ധ സകാത്ത് നൽകുകയും, കരാറിൽ ഏർപെട്ടാൽ അത് നിറവേറ്റുകയും ചെയ്യുന്നവരിലാണ് നന്മയുള്ളത്. കൂടാതെ, ദാരിദ്ര്യവും ദുരിതങ്ങളും രോഗവും നേരിടുമ്പോഴും, യുദ്ധം കടുക്കുമ്പോൾ ഒളിച്ചോടാതെയും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു നന്മയുള്ളവർ. ഈ വിശേഷണങ്ങളുള്ളവരാണ് സ്വന്തം വിശ്വാസത്തിലും കർമ്മങ്ങളിലും അല്ലാഹുവിനോട് സത്യസന്ധരായവർ. അവർ തന്നെയാകുന്നു അല്ലാഹുവിൻറെ കൽപ്പനകൾ സൂക്ഷിച്ചും വിരോധങ്ങൾ വെടിഞ്ഞും തഖ്വ പാലിച്ചവർ.
(178) അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളേ, മനഃപൂർവ്വവും ശത്രുതയോടെയും മറ്റുള്ളവരെ കൊലചെയ്യുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത് നിങ്ങൾക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. കൊലയാളിക്ക് അവന്റെ കുറ്റകൃത്യത്തിനനുസരിച്ച ശിക്ഷയായിരിക്കണം. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും കൊല്ലപ്പെടേണ്ടതാണ്. ഇനി കൊല്ലപ്പെട്ടവൻ മരണത്തിനുമുമ്പ് ഇളവ് നൽകുകയോ, മരണപ്പെട്ടവൻറെ രക്ഷാകർത്താക്കൾ ദിയ (നഷ്ടപരിഹാരം) - മാപ്പുനൽകുന്നതിന് വേണ്ടി കൊലയാളി നൽകുന്ന ധനം - സ്വീകരിച്ച് ഇളവ് നൽകുകയോ ചെയ്താൽ, മാപ്പുനൽകിയവർ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിൽ മര്യാദ പാലിക്കണം; എടുത്തുപറഞ്ഞും ഉപദ്രവിച്ചുമാവരുത്. കൊന്നവൻ നഷ്ടപരിഹാരം കാലതാമസം വരുത്തിയും താമസിപ്പിച്ചും പിന്തിപ്പിക്കാതെ നല്ല നിലയിൽ കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നഷ്ടപരിഹാരം സ്വീകരിക്കാനും മാപ്പുനൽകാനുമുള്ള അവസരം നിശ്ചയിച്ചു എന്നത് നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള ഒരു വിട്ടുവീഴ്ചയും ഈ സമുദായത്തോടുള്ള അവന്റെ കാരുണ്യവുമാകുന്നു. ഇനി മാപ്പുനൽകി നഷ്ടപരിഹാരം സ്വീകരിച്ച ശേഷവും ആരെങ്കിലും കൊലയാളിയോട് അതിക്രമം പ്രവർത്തിക്കുകയാണെങ്കിൽ അവന് അല്ലാഹുവിൽ നിന്ന് വേദനയേറിയ ശിക്ഷയുണ്ടായിരിക്കും.
(179) പ്രതിക്രിയ നടപ്പാക്കൽ അല്ലാഹു നിയമമാക്കിയതിലാണ് നിങ്ങളുടെ ജീവിതത്തിൻറെ നിലനിൽപ്. അത് നിങ്ങളുടെ രക്തം സംരക്ഷിക്കുകയും അതിക്രമം തടയുകയും ചെയ്യുന്നു. അല്ലാഹുവിൻറെ നിയമങ്ങൾ സൂക്ഷിച്ചും കൽപ്പനകളനുസരിച്ച് പ്രവർത്തിച്ചും അവനെ സൂക്ഷിക്കുന്ന ബുദ്ധിമാന്മാർക്കാണ് അത് മനസ്സിലാക്കാൻ സാധിക്കുക.
(180) നിങ്ങളിലാർക്കെങ്കിലും മരണത്തിൻറെ അടയാളങ്ങളും കാരണങ്ങളും ആസന്നമാവുകയാണെങ്കിൽ, അയാൾ ഒരുപാട് ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി മതം നിശ്ചയിച്ച പരിധിയായ മൂന്നിലൊന്നിൽ കൂടാതെ വസ്വിയ്യത്ത് ചെയ്യുവാൻ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ശക്തമായ ഒരു കടമയത്രെ അത്. ഈ വിധി അനന്തരാവകാശ നിയമങ്ങൾ വിവരിക്കുന്ന ആയത്തുകൾ അവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് അവതരിപ്പിക്കപ്പെട്ടതാണ്. അനന്തരാവകാശ നിയമങ്ങൾ അവതരിപ്പിക്കപ്പെട്ട ശേഷം മയ്യിത്തിന്റെ സ്വത്ത് അനന്തരമെടുക്കുന്നവർ ആരൊക്കെയെന്നും ഓരോരുത്തരുടെയും ഓഹരി എത്ര എന്നും വിശദമാക്കപ്പെട്ടിട്ടുണ്ട്.
(181) വസ്വിയ്യത്ത് അറിഞ്ഞതിനു ശേഷം ആരെങ്കിലും അത് കുറച്ചോ കൂടുതലാക്കിയോ കൊടുക്കാതെ മുടക്കിയോ മാറ്റിമറിക്കുകയാണെങ്കിൽ അതിൻറെ കുറ്റം മാറ്റിമറിക്കുന്നവർക്ക് മാത്രമാകുന്നു; വസിയ്യത്ത് ചെയ്തവർക്കല്ല. തീർച്ചയായും അല്ലാഹു തൻറെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അവരുടെ അവസ്ഥകളിൽ നിന്ന് ഒന്നും അവന് വിട്ടുപോവുകയില്ല.
(182) ഇനി ആരെങ്കിലും വസ്വിയ്യത്ത് ചെയ്യുന്ന ആളുടെ ഭാഗത്തു നിന്നു വസിയ്യത്തിൽ വല്ല അനീതിയോ അതിക്രമമോ സംഭവിച്ചതായി അറിയുകയും വസിയ്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായവർക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയുമാണെങ്കിൽ അങ്ങനെ ചെയ്തയാൾക്ക് കുറ്റമില്ല. മറിച്ച്, നന്മയുണ്ടാക്കിയതിന് അയാൾക്ക് പ്രതിഫലം ലഭിക്കും. തീർച്ചയായും അല്ലാഹു ഖേദിച്ചു മടങ്ങുന്ന അവന്റെ അടിമകളോട് ഏറെ പൊറുക്കുന്നവനും അവർക്ക് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.
(183) അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത വിശ്വാസികളേ, നിങ്ങൾക്കു മുമ്പുള്ള സമുദായങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോമ്പ് നിങ്ങളുടെ റബ്ബിൽ നിന്നും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ചുജീവിക്കാൻ വേണ്ടിയാണത്. അഥവാ, സൽകർമങ്ങൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കും അല്ലാഹുവിന്റെ ശിക്ഷക്കുമിടയിൽ തഖ്വയെന്ന പരിച നിങ്ങൾ സ്വീകരിക്കാൻ വേണ്ടി. നോമ്പ് മഹത്തരമായ സൽകർമ്മങ്ങളിലൊന്നാകുന്നു.
(184) നിങ്ങൾക്ക് മേൽ നിർബന്ധമാക്കപ്പെട്ട നോമ്പുകൾ വർഷത്തിൽ എണ്ണപ്പെട്ട കുറച്ചു ദിവസങ്ങൾ മാത്രമാണ്. നിങ്ങളിലാരെങ്കിലും നോമ്പ് നോൽക്കാൻ പ്രയാസകരമാവുന്ന തരത്തിൽ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ അവന് നോമ്പ് ഒഴിവാക്കുകയും മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം നോറ്റുവീട്ടുകയും ചെയ്യാവുന്നതാണ്. നോമ്പ് നോൽക്കാൻ സാധിക്കുന്നവർ നോമ്പ് ഒഴിവാക്കിയാൽ ഓരോ ദിവസത്തിനും ഓരോ പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. ആരെങ്കിലും ഒന്നിൽ കൂടുതൽ ദരിദ്രർക്ക് ഭക്ഷണം നൽകുകയോ, നോമ്പ് നോൽക്കുന്നതിനൊപ്പം ദരിദ്രന് ഭക്ഷണം നൽകുകയോ ചെയ്താൽ അതവന് ഉത്തമം തന്നെ. എന്നാൽ നോമ്പ് ഒഴിവാക്കുകയും, ദരിദ്രർക്ക് ഭക്ഷണം നൽകുകയും ചെയ്യുക എന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത് നോമ്പ് നോൽക്കുക എന്നതാണ്; നോമ്പിലുള്ള ശ്രേഷ്ഠത നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ (അക്കാര്യം നിങ്ങൾക്ക് ബോധ്യപ്പെടുമായിരുന്നു). ഈ നിയമം -ഇഷ്ടമുള്ളവർ നോമ്പ് നോൽക്കുകയും ഇഷ്ടമുള്ളവർ നോമ്പ് ഒഴിവാക്കി പ്രായശ്ചിത്തം നൽകുകയും ചെയ്താൽ മതി എന്ന നിയമം- നോമ്പ് നിർബന്ധമാക്കപ്പെട്ട ആദ്യസന്ദർഭത്തിലെ രീതിയായിരുന്നു. പിന്നീട് പ്രായപൂർത്തി എത്തിയ, കഴിവുള്ള എല്ലാവരും നോമ്പ് നോൽക്കുക എന്നത് അല്ലാഹു നിർബന്ധമാക്കി.
(185) ലൈലത്തുൽ ഖദ്റിൽ നബി (ﷺ) ക്ക് ഖുർആൻ അവതരിക്കാനാരംഭിച്ച മാസമാകുന്നു റമദാൻ മാസം. ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടാണ് അല്ലാഹു അത് അവതരിപ്പിച്ചത്. അതിൽ നേർവഴിയുടെ വ്യക്തമായ തെളിവുകളുണ്ട്. സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമാകുന്നു അത്. അതു കൊണ്ട്, ആർ ആ മാസത്തിൽ ആരോഗ്യത്തോടെയും നാട്ടിൽ താമസിക്കുന്നവനായും സന്നിഹിതരാണോ അവർ ആ മാസം നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും നോമ്പ് പ്രയാസകരമാകുന്ന തരത്തിൽ രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ നോമ്പ് ഒഴിവാക്കാവുന്നതാണ്. ഒഴിവാക്കിയതിന് പകരം അത്രയും എണ്ണം പിന്നീട് നോറ്റുവീട്ടുകയും വേണം. ഈ നിയമങ്ങൾ നിശ്ചയിച്ചതിലൂടെ അല്ലാഹു നിങ്ങൾക്ക് എളുപ്പമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്. നിങ്ങളെ പ്രയാസപ്പെടുത്താനല്ല. നിങ്ങൾ നോമ്പ് മാസത്തെ എണ്ണം പൂർത്തിയാക്കുവാനും, റമദാൻ അവസാനിച്ച് പെരുന്നാൾ ദിവസം നിങ്ങൾ അല്ലാഹുവിൻറെ മഹത്വം പ്രകീർത്തിക്കുന്ന തക്ബീർ ചൊല്ലുവാനും വേണ്ടിയാണിത്. അഥവാ, നിങ്ങൾക്ക് നോമ്പ് നോൽക്കാനുള്ള സൗകര്യം നൽകിയതിനും അത് പൂർത്തിയാക്കാൻ നിങ്ങളെ സഹായിച്ചതിനും നിങ്ങൾ അവനെ പ്രകീർത്തിക്കാൻ. അങ്ങനെ അല്ലാഹു തൃപ്തിപ്പെടുന്ന ഈ മതത്തിലേക്ക് നിങ്ങളെ വഴിനടത്തിയതിന് നിങ്ങൾ അല്ലാഹുവിനോട് നന്ദിയുള്ളവരായിത്തീർന്നേക്കാം.
(186) നബിയേ, എൻറെ അടിമകൾ നിന്നോട് എൻറെ സാമീപ്യത്തെപ്പറ്റിയും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നതിനെപ്പറ്റിയും ചോദിച്ചാൽ ഞാൻ അവർക്ക് ഏറ്റവും അടുത്തുള്ളവനും, അവരുടെ അവസ്ഥ അറിയുന്നവനും, പ്രാർത്ഥന കേൾക്കുന്നവനുമാകുന്നു. അതിനാൽ അവർക്ക് ഒരു ഇടയാളന്റെയും ആവശ്യമില്ല. അവർ ശബ്ദമുയർത്തേണ്ടതുമില്ല. പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ ഞാൻ ആ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്നതാണ്. അതുകൊണ്ട് അവർ എനിക്കു കീഴൊതുങ്ങുകയും എൻറെ കൽപ്പനകൾ സ്വീകരിക്കുകയും അവരുടെ ഈമാനിൽ ഉറച്ചുനിൽക്കുകയും ചെയ്യട്ടെ. അതാണ് എനിക്കുത്തരം നൽകാനുള്ള ഏറ്റവും ഉപകാരപ്രദമായ മാർഗം. മതപരവും ഭൗതികവുമായ കാര്യങ്ങളിൽ അവർ നേർവഴി പ്രാപിക്കുവാൻ വേണ്ടിയാണിത്.
(187) നോമ്പിൻറെ രാത്രിയിൽ ഉറങ്ങുകയും ഫജറിൻറെ മുമ്പ് ഉണരുകയും ചെയ്താൽ ഭക്ഷണം കഴിക്കലും ഭാര്യമാരെ സമീപിക്കലും ആദ്യ കാലത്ത് നിഷിദ്ധമായിരുന്നു. ആ വിധി അല്ലാഹു ദുർബലപ്പെടുത്തി. മുഅ്മിനുകളേ, നോമ്പിൻറെ രാത്രിയിൽ നിങ്ങളുടെ ഭാര്യമാരുമായുള്ള ശാരീരികബന്ധം നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവർ നിങ്ങൾക്കൊരു മറയും ചാരിത്ര്യവുമാകുന്നു. നിങ്ങൾ അവർക്കും ഒരു മറയും ചാരിത്ര്യവുമാകുന്നു. ഒരാൾക്ക് മറ്റൊരാളില്ലാതെ കഴിയില്ല. നിഷിദ്ധമായത് ചെയ്തുകൊണ്ട് നിങ്ങൾ ആത്മവഞ്ചനയിൽ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാൽ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും നിങ്ങൾക്ക് ഇളവ് നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇനി മേൽ നിങ്ങൾ അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും, അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ച സന്താനങ്ങളെ തേടുകയും ചെയ്തുകൊള്ളുക. രാത്രി മുഴുവൻ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; ശരിയായ പുലരി തെളിഞ്ഞ് കാണുകയും രാത്രിയുടെ ഇരുട്ട് മാറുകയും ചെയ്യുന്നത് വരെ. എന്നിട്ട് സൂര്യോദയം മുതൽ അസ്തമയം വരെ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. അങ്ങനെ നോമ്പ് പൂർത്തിയാക്കുക. എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരു (ഭാര്യമാരു) മായി ശാരീരിക ബന്ധത്തിലേർപ്പെടരുത്. അങ്ങനെ ചെയ്താൽ ഇഅ്തികാഫ് മുറിഞ്ഞുപോകും. ഹലാലിൻറെയും ഹറാമിൻറെയും ഇടയിലുള്ള അല്ലാഹുവിൻറെ അതിർ വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങൾ ഒരിക്കലും അവയെ അതിലംഘിക്കുവാനടുക്കരുത്. അല്ലാഹുവിന്റെ അതിർ വരമ്പുകളിലേക്കു ചെല്ലുന്നവർ ഹറാമിൽ പ്രവേശിക്കുന്നു. ഈ വിധികളുടെ വ്യക്തമായ വിശദീകരണം പോലെ, ജനങ്ങൾ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവൻറെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് വ്യക്തമാക്കികൊടുക്കുന്നു.
(188) മോഷണം, പിടിച്ചുപറി, വഞ്ചന തുടങ്ങി അന്യായമായ മാർഗ്ഗത്തിലൂടെ നിങ്ങൾ അന്യോന്യം സ്വത്തുക്കൾ നേടിയെടുക്കരുത്. അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ടെന്നറിഞ്ഞുകൊണ്ടു തന്നെ, ആളുകളുടെ സ്വത്തുക്കളിൽ നിന്ന് വല്ലതും അധാർമ്മികമായി നേടിയെടുത്തു തിന്നുവാൻ വേണ്ടി നിങ്ങളതുമായി വിധികർത്താക്കളെ സമീപിക്കുകയും ചെയ്യരുത്. നിഷിദ്ധമാണെന്നറിഞ്ഞുകൊണ്ട് പാപങ്ങൾ ചെയ്യുന്നത് അങ്ങേയറ്റം മോശമാണ്. കടുത്ത ശിക്ഷക്ക് കാരണമാവുന്നതും.
(189) നബിയേ, നിന്നോടവർ ചന്ദ്രക്കലയുടെ രൂപവൽക്കരണത്തെ പറ്റിയും അതിൻറെ അവസ്ഥാമാറ്റത്തെ പറ്റിയും ചോദിക്കുന്നു. അവയ്ക്കു പിന്നിലുള്ള ലക്ഷ്യത്തെക്കുറിച്ച് അവരോട് മറുപടി പറയുക: മനുഷ്യരുടെ കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ. ഹജ്ജ് മാസം, നോമ്പിൻറെ മാസം, സക്കാത്തിന് വർഷം പൂർത്തിയാവുന്നത് പോലുള്ള അവരുടെ ആരാധനാ സമയങ്ങളും, കടം, പ്രായശ്ചിത്തം പോലുള്ള ഇടപാടുകളുടെ സമയങ്ങളും അറിയാൻ അത് കൊണ്ട് സാധിക്കുന്നു. ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്യുന്ന വേളകളിൽ, ജാഹിലിയ്യ കാലത്ത് നിങ്ങൾ വാദിച്ചിരുന്നത് നിങ്ങൾ വീടുകളിലേക്ക് അവയുടെ മുകളിലൂടെ കയറുന്നതാണ് പുണ്യം എന്നായിരുന്നു. എന്നാൽ അതിലല്ല പുണ്യം. പ്രത്യുത, പ്രത്യക്ഷത്തിലും പരോക്ഷത്തിലും അല്ലാഹുവിനെ സൂക്ഷിക്കുന്നവനാരോ അവന്റെ പുണ്യമാണ് യഥാർത്ഥ പുണ്യം. വീടുകളിൽ അവയുടെ വാതിലുകളിലൂടെ പ്രവേശിക്കലാണ് നിങ്ങൾക്ക് എളുപ്പമുള്ളതും പ്രയാസരഹിതവും. നിങ്ങൾക്ക് പ്രയാസകരമായ കാര്യങ്ങൾക്ക് അല്ലാഹു നിർബന്ധിക്കുന്നില്ല. അല്ലാഹുവിൻറെ ശിക്ഷക്കും നിങ്ങൾക്കുമിടയിൽ സൽക്കർമ്മങ്ങളുടെ സംരക്ഷണം നിങ്ങൾ സ്വീകരിക്കുക. നിങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ നേടിക്കൊണ്ടും, ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്നു രക്ഷപ്പെട്ടു കൊണ്ടും അങ്ങനെ നിങ്ങൾക്ക് വിജയം വരിക്കാം.
(190) അല്ലാഹുവിൻറെ വചനം ഉന്നതമാകാൻ ആഗ്രഹിച്ചു കൊണ്ട് അല്ലാഹുവിൻറെ മതത്തിൽ നിന്ന് നിങ്ങളെ തടയാൻ നിങ്ങളോട് യുദ്ധം ചെയ്യുന്ന കാഫിറുകളുമായി (അവിശ്വാസികളുമായി) നിങ്ങളും യുദ്ധം ചെയ്യുക. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും വധിക്കുക, കൊല്ലപ്പെട്ടവരെ അംഗവിച്ഛേദനം ചെയ്യുക തുടങ്ങിയവ ചെയ്ത് അല്ലാഹുവിൻറെ പരിധി നിങ്ങൾ ലംഘിക്കരുത്. അവൻ നിയമമാക്കിയതിലും വിധിക്കുന്നതിലും പരിധിവിട്ട് പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ.
(191) അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവർ നിങ്ങളെ പുറത്താക്കിയേടത്ത് - മക്കയിൽ - നിന്ന് നിങ്ങൾ അവരെ പുറത്താക്കുകയും ചെയ്യുക. മുഅ്മിനിനെ സത്യമതത്തിൽ നിന്ന് തടയുകയും അവിശ്വാസത്തിലേക്ക് അവനെ മടക്കികൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തുകൊണ്ട് അവരുണ്ടാക്കിയ കുഴപ്പം കൊലയെക്കാൾ ഗൗരവതരമാണ്. മസ്ജിദുൽ ഹറാമിന്നടുത്ത് വെച്ച് നിങ്ങൾ അവരോട് യുദ്ധം തുടങ്ങരുത്. അതിനോടുള്ള ആദരവാണത്. അവർ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവർ നിങ്ങളോട് മസ്ജിദുൽ ഹറാമിൽ വെച്ച് യുദ്ധത്തിൽ ഏർപെടുകയാണെങ്കിൽ അവരെ കൊന്നുകളയുക. ഇത് പോലുള്ള പ്രതിഫലമാണ് - അഥവാ, അവരെ കൊന്നുകളയുക പോലെയുള്ള പ്രതിഫലമാണ്- മസ്ജിദുൽ ഹറാമിൽ വെച്ച് അതിക്രമം കാണിച്ചാൽ കാഫിറുകൾക്കുള്ള പ്രതിഫലം.
(192) ഇനി അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതും അവരുടെ കുഫ്റും അവസാനിപ്പിക്കുകയാണെങ്കിൽ നിങ്ങളും അവരോടുള്ള യുദ്ധം അവസാനിപ്പിക്കുക. തീർച്ചയായും പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനാണ് അല്ലാഹു. മുൻ പാപങ്ങൾക്ക് അല്ലാഹു അവരെ ശിക്ഷിക്കുകയില്ല. അവരോട് കരുണയുള്ളവനുമാണ് അല്ലാഹു. ധൃതിപ്പെട്ട് അവൻ അവരെ ശിക്ഷിക്കുകയില്ല.
(193) ശിർക്കും ജനങ്ങളെ അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയലും, അവിശ്വാസവും ഇല്ലാതാവുകയും, പ്രകടമായ മതം അല്ലാഹുവിൻറെ മതമാവുകയും ചെയ്യുന്നത് വരെ നിങ്ങൾ അവിശ്വാസികളോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാൽ അവർ അവിശ്വാസത്തിൽ നിന്നും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുന്നതിൽ നിന്നും വിരമിക്കുകയാണെങ്കിൽ അവരോട് യുദ്ധം ചെയ്യൽ നിങ്ങൾ ഒഴിവാക്കുക. അവിശ്വാസവും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ നിന്ന് തടയുകയും ചെയ്യുന്ന അക്രമികളോടല്ലാതെ ശത്രുതയില്ല തന്നെ.
(194) ഹിജ്റ ഏഴാം വർഷം ഹറമിൽ പ്രവേശിക്കാനും ഉംറ നിർവഹിക്കാനും നിങ്ങൾക്കല്ലാഹു സൗകര്യം ചെയ്തുതന്ന വിലക്കപ്പെട്ട മാസം, ഹിജ്റ ആറാം വർഷം മുശ്രിക്കുകൾ നിങ്ങളെ തടഞ്ഞതിന് പകരമാകുന്നു. പവിത്രമായ കാര്യങ്ങൾ - ഹറമിൻറെയും വിലക്കപ്പെട്ട മാസത്തിൻറെയും ഇഹ്റാമിൻറെയും പവിത്രത പോലുള്ളവ - നില നിൽക്കുന്ന സമയത്തും അതിക്രമകാരികളോട് പ്രതിക്രിയ ചെയ്യേണ്ടതാണ്. അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്കെതിരെ ആർ അതിക്രമം കാണിച്ചാലും അവൻ നിങ്ങളുടെ നേർക്ക് കാണിച്ച അതിക്രമത്തിന് തുല്യമായ പ്രവർത്തനം അവൻറെ നേരെയും കാണിച്ചുകൊള്ളുക. തുല്യതയുടെ പരിധി വിട്ടുകടക്കരുത്. അല്ലാഹുവിന്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുകയില്ല. അവനനുവദിച്ച പരിധി ലംഘിക്കുന്നതിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അല്ലാഹു അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണെന്ന് മനസ്സിലാക്കുകയും ചെയ്യുക. അവരെ സഹായിച്ചുകൊണ്ടും ശക്തിപ്പെടുത്തിക്കൊണ്ടും അവൻ അവരുടെ കൂടെയുണ്ടാവും.
(195) ജിഹാദിനും മറ്റുമായി അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ ചെലവ് ചെയ്യുക. ജിഹാദും അവൻറെ മാർഗ്ഗത്തിൽ ചിലവ് ചെയ്യലും ഉപേക്ഷിച്ച് നിങ്ങളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളിക്കളയരുത്. അല്ലെങ്കിൽ നിങ്ങളുടെ നാശത്തിന് ഹേതുവാകുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങൾ നിങ്ങളെ നാശത്തിലകപ്പെടുത്തരുത്. നിങ്ങളുടെ ആരാധനകളിലും ഇടപാടുകളിലും സ്വഭാവങ്ങളിലും നല്ല രൂപത്തിലും പ്രവർത്തിക്കുക. എല്ലാ കാര്യങ്ങളിലും നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടും. അവർക്കവൻ പ്രതിഫലം മഹത്തരമായി നൽകുകയും നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും ചെയ്യും.
(196) നിങ്ങൾ അല്ലാഹുവിന് വേണ്ടി -അവൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട്- ഹജ്ജും ഉംറഃയും പൂർണ്ണമായി നിർവ്വഹിക്കുക. ഇനി രോഗമോ ശത്രുവിൻ്റെ ഉപദ്രവമോ കാരണത്താൽ നിങ്ങൾക്ക് ഹജ്ജ് പൂർത്തീകരിക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെട്ടാൽ ഇഹ്റാമിൽ നിന്നും ഒഴിവാകുന്നതിന് വേണ്ടി നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ -ഒട്ടകം, ആട്, മാട് എന്നിവയിൽ നിന്നും- ബലിയർപ്പിക്കേണ്ടതാണ്. ബലിമൃഗം അറുക്കുന്നത് അനുവദിക്കപ്പെട്ട സ്ഥാനത്ത് എത്തുന്നത് വരെ നിങ്ങൾ തല മുണ്ഡനം ചെയ്യുകയോ തലമുടി വെട്ടുകയോ ചെയ്യരുത്. ഹറമിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയപ്പെട്ട അവസ്ഥയിലാണെങ്കിൽ തടയപ്പെട്ട ഇടത്താണ് ബലിയർപ്പിക്കേണ്ടത്. ഇനി ഹറമിൽ നിന്ന് തടയപ്പെട്ടിട്ടില്ല എങ്കിൽ ദുൽഹജ്ജ് പത്തിനോ അതിന് ശേഷമുള്ള അയ്യാമുത്തശ്രീഖിൻറെ (മൂന്ന്) ദിവസങ്ങളിലോ ഹറമിൽ വെച്ചും അറവ് നിർവ്വഹിക്കണം. നിങ്ങളിലാർക്കെങ്കിലും രോഗമോ, തലയിൽ പേൻ പോലുള്ള വല്ല ശല്യവും അനുഭവപ്പെടുകയോ ചെയ്താൽ മുടി (സമയമാകുന്നതിന് മുൻപ്) മുണ്ഡനം ചെയ്യുന്നതിന് കുഴപ്പമില്ല. അതിനുള്ള പ്രായശ്ചിത്തമായി മൂന്ന് ദിവസം നോമ്പെടുക്കുകയോ, ഹറമിലെ സാധുക്കളിൽ നിന്ന് ആറു പേരെ ഭക്ഷിപ്പിക്കുകയോ, ആടിനെ ബലിയറുത്ത് ഹറമിലെ ദരിദ്രർക്കിടയിൽ വിതരണം ചെയ്യുകയോ ചെയ്താൽ മതിയാകും. ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഹജ്ജ് മാസങ്ങളിലൊന്നിൽ ഉംറഃ നിർവ്വഹിച്ചിട്ട് ഹജ്ജിന് ഇഹ്റാം ചെയ്യുന്നത് വരെ അവന് ഇഹ്റാമിൽ നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ആടിനെയോ, അല്ലെങ്കിൽ മാട് ഒട്ടകം എന്നിവയിൽ ഏഴാളുകൾ പങ്ക് ചേർന്നോ ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്. ഇനി ആർക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നാട്ടിൽ തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്ത് ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്. ബലി നിർബന്ധമാകുന്നതും കഴിയാത്തവർ നോമ്പനുഷ്ഠിക്കലും മസ്ജിദുൽ ഹറമിൻ്റെ പരിസരത്തല്ലാതെ താമസിക്കുന്നവർക്കാകുന്നു. അല്ലാഹുവിൻറെ നിയമങ്ങളെ പിൻപറ്റിയും പരിധികളെ മഹത്വപ്പെടുത്തിയും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അവൻറെ കൽപ്പനകൾക്കെതിര് പ്രവർത്തിക്കുന്നവരെ അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക.
(197) അറിയപ്പെട്ട മാസങ്ങളാണ് ഹജ്ജിന്റെ സമയം. ശവ്വാൽ മാസം മുതൽ ദുൽഹിജ്ജ 10 വരെയാകുന്നു അത്. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ അതിൻറെ ആമുഖങ്ങൾ പോലുമോ പാടുള്ളതല്ല. പാപങ്ങൾ ചെയ്ത് അല്ലാഹുവിനെ അനുസരിച്ചുള്ള ജീവിതത്തിൽ നിന്ന് പുറത്ത് കടക്കലും കടുത്ത നിഷിദ്ധമാകുന്നു. സ്ഥല കാല മഹത്വം കാരണമത്രെ അത്. ശണ്ഠയിലേക്കും കോപത്തിലേക്കുമെത്തുന്ന തർക്കവും നിഷിദ്ധമാകുന്നു. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും. ഹജ്ജ് നിർവ്വഹിക്കാൻ പോകുമ്പോൾ നിങ്ങൾക്കുവേണ്ട ഭക്ഷണവും പാനീയവും ഒരുക്കിപ്പോകുക. എന്നാൽ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത്അല്ലാഹുവിനെ സൂക്ഷിക്കലാകുന്നു.കേടുപറ്റാത്ത നല്ല ബുദ്ധിയുള്ളവരേ, എൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും എന്നെ നിങ്ങൾ ഭയപ്പെടുക.
(198) ഹജ്ജിനിടയിൽ കച്ചവടം മുഖേനയോ മറ്റുമാർഗ്ഗങ്ങളിലൂടെയോ അനുവദനീയമായ ഉപജീവനം തേടുന്നതിന് നിങ്ങൾക്ക് കുറ്റമില്ല. ദുൽഹിജ്ജ ഒൻപതിന് അറഫയിൽ നിന്നതിന് ശേഷം പത്തിൻറെ രാവിൽ മുസ്ദലിഫയിലേക്ക് നിങ്ങൾ പുറപ്പെട്ടാൽ മുസ്ദലിഫയിലെ മശ്അറുൽ ഹറാമിനടുത്ത് വെച്ച് പ്രാർത്ഥന, തസ്ബീഹ്, തഹ്ലീൽ എന്നിവയിലൂടെ നിങ്ങൾ അല്ലാഹുവിനെ സ്മരിക്കുക. അവൻറെ മതത്തിന്റെ ചിഹ്നങ്ങൾ പഠിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് സന്മാർഗം നൽകിയതിനും, അവൻറെ ഭവനത്തിൽ ഹജ്ജ് ചെയ്യാൻ അവസരം നൽകിയതിനും നിങ്ങൾ അല്ലാഹുവിനെ ഓർക്കുക. അതിന് മുമ്പ് അവൻറെ മതനിയമങ്ങളെക്കുറിച്ച് നിങ്ങൾ അശ്രദ്ധരായിരുന്നു.
(199) എന്നിട്ട് ഇബ്രാഹിം നബിയെ പിന്തുടരുന്നവർ പ്രവർത്തിക്കുന്ന പോലെ അറഫയിൽ നിന്ന് നിങ്ങളും പുറപ്പെടുക; ജാഹിലിയ്യത്തിലെ ചില ആളുകൾ പ്രവർത്തിക്കുന്നത് പോലെ, അറഫയിൽ നിൽക്കാതിരിക്കുകയല്ല വേണ്ടത്. അല്ലാഹു നിയമമാക്കിയവ പ്രവർത്തിക്കുന്നതിൽ സംഭവിക്കുന്ന വീഴ്ചകൾക്ക് നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. പശ്ചാത്തപിക്കുന്ന തൻറെ അടിമകൾക്ക് ഏറെ പൊറുക്കുന്നവനും അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു അല്ലാഹു.
(200) അങ്ങനെ നിങ്ങൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചു കഴിഞ്ഞു അതിൽ നിന്ന് വിരമിച്ചാൽ നിങ്ങളുടെ പിതാക്കളെ നിങ്ങൾ പ്രകീർത്തിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്ന പോലെ അല്ലാഹുവെ നിങ്ങൾ ഓർക്കുകയും ധാരാളമായി പ്രകീർത്തിക്കുകയും ചെയ്യുക. അല്ലെങ്കിൽ പിതാക്കളെ നിങ്ങൾ പ്രകീർത്തിച്ചതിനേക്കാൾ ശക്തമായ നിലയിൽ അല്ലാഹുവെ നിങ്ങൾ പ്രകീർത്തിക്കുക. കാരണം നിങ്ങളനുഭവിക്കുന്ന മുഴുവൻ അനുഗ്രഹങ്ങളും അല്ലാഹുവിൻറെ അനുഗ്രഹമത്രെ. ജനങ്ങൾ പല വിഭാഗമാകുന്നു. രക്ഷിതാവിനോട് സന്താനം, സമ്പത്ത്, ആരോഗ്യം തുടങ്ങിയ ഐഹിക ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചല്ലാതെ മറ്റൊന്നും ചോദിക്കാത്ത കാഫിറുകളും മുശ്രിക്കുകളും അവരിലുണ്ട്. അവർക്ക് ഈ ലോക ജീവിതത്തിൽ മാത്രമേ വിശ്വാസമുള്ളൂ. ഇഹലോകം മാത്രമാഗ്രഹിച്ചതിനാലും പരലോകത്തിൽ നിന്ന് പിന്തിരിഞ്ഞതിനാലും അവർക്ക് പരലോകത്ത് മുഅ്മിനുകളായ അവന്റെ അടിമകൾക്കുവേണ്ടി അല്ലാഹു സജ്ജമാക്കിയ ഒരു ഓഹരിയും ലഭിക്കുകയില്ല.
(201) ജനങ്ങളിൽ ഒരു വിഭാഗം അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ളവൻ തന്റെ റബ്ബിനോട് സ്വർഗപ്രവേശനമെന്ന വിജയവും നരക ശിക്ഷയിൽ നിന്നുള്ള മോചനവും ചോദിക്കുന്ന പോലെ ഇഹലോകാനുഗ്രഹങ്ങളും സൽക്കർമ്മങ്ങളും ചോദിക്കുന്നു.
(202) ഇഹപര നന്മകൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് ഇഹലോകത്ത് അവർ സമ്പാദിച്ച സൽക്കർമ്മങ്ങളുടെ ഫലമായി മഹത്തായ പ്രതിഫലത്തിൻറെ വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തിൽ കർമ്മങ്ങളുടെ കണക്ക് നോക്കുന്നവനാകുന്നു.
(203) കുറച്ച് ദിവസങ്ങളിൽ അഥവാ, ദുൽഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിവസങ്ങളിൽ നിങ്ങൾ തക്ബീറും തഹ്ലീലും കൊണ്ട് അല്ലാഹുവെ സ്മരിക്കുക. പന്ത്രണ്ടിന് കല്ലെറിഞ്ഞ ശേഷം മിനയിൽ നിന്ന് പുറത്തുകടന്ന് ആരെങ്കിലും ധൃതിപ്പെട്ട് പോരുന്ന പക്ഷം, അങ്ങിനെ ചെയ്യാവുന്നതാണ്. അവന് കുറ്റമില്ല. അതിന് അല്ലാഹു അവന് ഇളവു നൽകിയിരിക്കുന്നു.എന്നാൽ പതിമൂന്നിന് കല്ലെറിയുന്നത് വരെ താമസിച്ചു പോരുന്നവന് അങ്ങിനെയും ചെയ്യാവുന്നതാണ്. അതിനും കുഴപ്പമില്ല. അവൻ നബി (ﷺ) യുടെ പ്രവർത്തി പിൻപറ്റുകയും പൂർണമായി ചെയ്യുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം ഹജ്ജിൽ അല്ലാഹുവെ സൂക്ഷിക്കുകയും അവൻറെ കൽപ്പനകൾ നിറവേറ്റുകയും ചെയ്തവർക്കത്രെ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും അവങ്കലേക്ക് മാത്രമാണ് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുകയെന്നും നിങ്ങളുടെ കർമ്മങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും ഉറച്ചു വിശ്വസിക്കുകയും ചെയ്യുക.
(204) ജനങ്ങളിൽ മുനാഫിഖു (കപടവിശ്വാസി)കളുണ്ട്. ഐഹികജീവിത കാര്യത്തിൽ അവരുടെ സംസാരം - നബിയേ - താങ്കൾക്ക് കൗതുകം തോന്നിക്കും. സത്യവും സദുപദേശവുമാണ് അവരുദ്ദേശിക്കുന്നതെന്ന് തോന്നും വിധം നന്നായി സംസാരിക്കുന്നവരായി അവരെ നിനക്ക് കാണാം. അവരുടെ ലക്ഷ്യം സ്വന്തം സമ്പത്തും ശരീരവും സംരക്ഷിക്കലാണ്. അവരുടെ ഹൃദയത്തിൽ ഈമാനും നന്മയുമുണ്ടെന്ന് അവർ അല്ലാഹുവിനെ സാക്ഷിയാക്കി കള്ളം പറയുകയും ചെയ്യും. വാസ്തവത്തിൽ അവർ മുസ്ലിംകളോട് കടുത്ത ഭിന്നതയുള്ളവരും ശത്രുത പുലർത്തുന്നവരുമത്രെ.
(205) അവർ താങ്കളുടെ സമീപത്ത് നിന്ന് തിരിച്ചുപോയാൽ തിന്മ പ്രവർത്തിച്ചു ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, കാലികളെ വധിക്കാനുമാണ് ശ്രമിക്കുക. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.കുഴപ്പമുണ്ടാക്കുന്നവരെയും അവനിഷ്ടപ്പെടുകയില്ല.
(206) അല്ലാഹുവിൻറെ നിയമങ്ങളെ മാനിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവെ സൂക്ഷിക്കുക എന്ന് കുഴപ്പമുണ്ടാക്കുന്നവനോട് ആരെങ്കിലും ഗുണകാംക്ഷയോടെ പറഞ്ഞാൽ ദുരഭിമാനവും അഹങ്കാരവും സത്യത്തിലേക്ക് മടങ്ങുന്നതിൽ നിന്ന് അവരെ തടയുകയും, പാപത്തിൽ പിടിച്ച് നിർത്തുകയും ചെയ്യുന്നു. അവർക്ക് മതിയാകുന്ന പ്രതിഫലം നരകപ്രവേശനമത്രെ. അത് അവിടെ കഴിയേണ്ടിവരുന്നവർക്ക് എത്ര മോശമായ സങ്കേതം!
(207) മനുഷ്യരിൽ സ്വന്തത്തെ തന്നെ വിൽക്കുന്ന മുഅ്മിനുകളുണ്ട്. അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള ജിഹാദിനും അവനുള്ള അനുസരണയിലും അവൻറെ തൃപ്തിക്കും ജീവിതം ചെലവഴിക്കുന്നവരാണവർ. അല്ലാഹു തൻറെ അടിമകളോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവനും അവരോട് അത്യധികം ദയയുള്ളവനാകുന്നു.
(208) അല്ലാഹുവിൽ വിശ്വസിക്കുകയും അവന്റെ റസൂലിനെ പിൻപറ്റുകയും ചെയ്യുന്ന വിശ്വാസികളെ, നിങ്ങൾ ഇസ്ലാമിൽ പൂർണമായി പ്രവേശിക്കുവിൻ. കിതാബിൽ ചിലത് വിശ്വസിക്കുകയും മറ്റു ചിലത് അവിശ്വസിക്കുകയും ചെയ്യുന്ന വേദക്കാരെ പോലെ അതിൽ നിന്ന് ഒന്നും നിങ്ങൾ ഒഴിവാക്കരുത്. പിശാചിൻറെ മാർഗ്ഗങ്ങളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. അവൻ നിങ്ങളോടുള്ള ശത്രുത പരസ്യമാക്കിയ പ്രത്യക്ഷ ശത്രുവാകുന്നു.
(209) സംശയരഹിതമായ സുവ്യക്ത തെളിവുകൾ നിങ്ങൾക്ക് വന്നുകിട്ടിയതിനു ശേഷം നിങ്ങൾ വഴുതിപ്പോവുകയോ അസത്യത്തിലേക്ക് ചെരിഞ്ഞുപോവുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾ മനസ്സിലാക്കണം; അല്ലാഹു അവന്റെ കഴിവിലും അധികാരത്തിലും പ്രതാപവാനാണെന്ന്. അവന്റെ നിയന്ത്രണത്തിലും വിധിയിലും അങ്ങേയറ്റം യുക്തിയുള്ളവനാണെന്നും. അതിനാൽ അവനെ നിങ്ങൾ ഭയപ്പെടുകയും മഹത്വപ്പെടുത്തുകയും ചെയ്യുക.
(210) സത്യമാർഗ്ഗത്തിൽ നിന്ന് പിന്തിരിഞ്ഞ് പിശാചിൻറെ വഴികളെ പിന്തുടരുന്നവർ അവർക്കിടയിൽ വിധികല്പിക്കാൻ മേഘമേലാപ്പിൽ അല്ലാഹു അവന്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ വരുന്നതിനെയും, എല്ലാ ഭാഗങ്ങളിലൂടെയും വലയം ചെയ്ത് മലക്കുകൾ വരുന്നതിനെയുമല്ലാതെ കാത്തിരിക്കുന്നില്ല. അപ്പോൾ അവരിൽ അവൻറെ വിധി നടപ്പാക്കപ്പെടുകയും അവരുടെ കാര്യം അല്ലാഹു തീർപ്പാകുകയും ചെയ്യും. സൃഷ്ടികളുടെ മുഴുവൻ കാര്യങ്ങളും സംഗതികളും അല്ലാഹുവിലേക്ക് മാത്രമാണ് മടക്കപ്പെടുന്നത്.
(211) നബിയേ, ഇസ്രായീല്യരോട് അവരുടെ പിഴവ് ബോധ്യപ്പെടുത്താൻ ചോദിച്ചു നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ് റസൂലുകളുടെ സത്യസന്ധതക്ക് തെളിവായി അല്ലാഹു നിങ്ങൾക്ക്വിവരിച്ചു തന്നിട്ടുള്ളത്!. നിങ്ങൾ അവ കളവാക്കുകയും അതിൽ നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു. തനിക്ക് അല്ലാഹുവിൻറെ അനുഗ്രഹം വന്നുകിട്ടി അറിഞ്ഞശേഷം വല്ലവനും അത് നിഷേധിക്കുകയും അതിനെ കുഫ്റാക്കി മാറ്റിമറിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിഷേധികളായ കാഫിറുകളെ കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.
(212) അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് ഐഹിക ജീവിതവും അതിലെ നൈമിഷിക വിഭവങ്ങളും മുറിഞ്ഞുപോവുന്ന ആസ്വാദനങ്ങളും അലംകൃതമായി തോന്നിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസികളെ അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ ഒഴിവാക്കിയും അവനെ സൂക്ഷിച്ച് ജീവിക്കുന്നവർ പരലോകത്ത് ഈ കാഫിറുകൾക്ക് മേലെയായിരിക്കും. അവരെ അല്ലാഹു സ്ഥിരവാസത്തിൻറെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കും. അല്ലാഹു അവനുദ്ദേശിക്കുന്ന തൻറെ അടിമകൾക്ക് എണ്ണമോ കണക്കോ ഇല്ലാതെ നൽകുന്നു.
(213) മനുഷ്യർ അവരുടെ ആദിപിതാവായ ആദമിൻറെ മതത്തിൽ -സന്മാർഗ്ഗത്തിൽ- ഒരുമിച്ച ഒരൊറ്റ സമുദായമായിരുന്നു. പിശാച് അവരെ വഴിപിഴപ്പിക്കുന്നത് വരെ അവർ അപ്രകാരമായിരുന്നു. അതോടെ അവർ (അല്ലാഹുവിൽ) വിശ്വസിച്ചവരും അവനെ നിഷേധിച്ചവരുമായി ഭിന്നിച്ചു. അക്കാരണത്താൽ (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് അവൻ ഒരുക്കി വെച്ച അവൻറെ കാരുണ്യത്തെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കാനും (അവനെ) നിഷേധിച്ചവർക്കുള്ള കഠിന ശിക്ഷയെക്കുറിച്ച് താക്കീത് നൽകാനും അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവർക്കിടയിൽ ഭിന്നതയുള്ള വിഷയങ്ങളിൽ തീർപ്പ് കല്പിക്കാൻ സംശയരഹിതമായ സത്യമുൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങളും തൻ്റെ ദൂതന്മാരുടെ മേൽ അവൻ അവതരിപ്പിച്ചു. ആല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥമായ തൗറാതിൻ്റെ വിജ്ഞാനം ലഭിക്കുകയും, അത് അല്ലാഹുവിൽ നിന്നുള്ള സത്യമാണെന്നും അതിനോട് എതിരാകാൻ പാടില്ലെന്നും അവരെ ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങൾ വന്നെത്തുകയും ചെയ്ത ശേഷം തന്നെയാണ് യഹൂദർ അതിൻ്റെ വിഷയത്തിൽ ഭിന്നിച്ചു പോയത്. അവരുടെ ഭാഗത്ത് നിന്നുള്ള അതിക്രമമായിരുന്നു അത്. അപ്പോൾ അല്ലാഹുവിൽ വിശ്വസിച്ചവർക്ക് സന്മാർഗം ദുർമാർഗത്തിൽ നിന്ന് വേർതിരിച്ചറിയാൻ അല്ലാഹു -അവൻ്റെ അനുമതിയോടെയും ഉദ്ദേശത്തോടെയും- വഴിയൊരുക്കി. അല്ലാഹു അവനുദ്ദേശിക്കുന്നവരെ വക്രതയില്ലാത്ത പാതയിലേക്ക് -(അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെ മാർഗത്തിലേക്ക്- നയിക്കുന്നതാണ്.
(214) മുഅ്മിനുകളേ, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർക്കുണ്ടായതു പോലുള്ള പരീക്ഷണങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ ? കഠിന ദാരിദ്ര്യവും രോഗവും അവരെ ബാധിക്കുകയുണ്ടായി. ഭയപ്പാടുകൾ അവരെ വിറപ്പിച്ചു. അല്ലാഹുവിൻറെ സഹായം ലഭിക്കാൻ ധൃതി കൂട്ടിപ്പോകുവാൻ മാത്രം അവർ പരീക്ഷിക്കപ്പെട്ടു. അല്ലാഹുവിൻറെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ റസൂലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മുഅ്മിനുകളും പറഞ്ഞുപോയി. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവർക്ക് അവന്റെ സഹായം അടുത്തു തന്നെയുണ്ട്.
(215) നബിയേ, വിവിധയിനം സ്വത്തുക്കളിൽ നിന്ന് അവരെന്താണ് ചെലവഴിക്കേണ്ടതെന്നും എവിടെയാണ് ചെലവഴിക്കേണ്ടതെന്നും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു. താങ്കൾ അവരോട് മറുപടി പറയുക: നിങ്ങൾ ഹലാലും വിശിഷ്ടവുമായ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും ആവശ്യത്തിനനുസരിച്ച് അടുത്ത ബന്ധുക്കൾക്കും വേണ്ടി ചെലവഴിക്കുക. ആവശ്യക്കാരായ അനാഥർക്കും, സമ്പത്തില്ലാത്തവർക്കും, നാടും കുടുംബവും വിട്ട് യാത്രചെയ്യുന്ന വഴിപോക്കന്മാർക്കും വേണ്ടിയും ചെലവഴിക്കുക. ഓ, മുഅ്മിനുകളേ, ചെറുതോ വലുതോ ആയ നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അത് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. ഒന്നും അവനിൽ നിന്ന് ഗോപ്യമാവുകയില്ല. അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.
(216) മുഅ്മിനുകളേ, അല്ലാഹുവിൻറെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യൽ നിങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. സമ്പത്തും സ്വദേഹവും ചിലവഴിക്കേണ്ടതിനാൽ പൊതുവെ മനുഷ്യമനസിന് അത് അനിഷ്ടകരമാണെങ്കിലും. ഒരു കാര്യം നിങ്ങൾ വെറുക്കുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് ഗുണകരമായിരിക്കുകയും ചെയ്യാം.അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള യുദ്ധം അങ്ങനെയൊന്നാണ്. ഇസ്ലാമികയുദ്ധത്തിനൊപ്പം മഹത്തായ പ്രതിഫലവും ശത്രുക്കൾക്ക് മേൽ വിജയവും അല്ലാഹുവിൻറെ വചനം ഉന്നതമാക്കലുമുണ്ട്. ഒരു കാര്യം നിങ്ങൾ ഇഷ്ടപ്പെടുകയും യഥാർത്ഥത്തിൽ അത് നിങ്ങൾക്ക് തിന്മയും മോശമായ ഫലം നൽകുന്നതുമായിരിക്കാം. ജിഹാദിൽ നിന്ന് വിട്ടുനിൽക്കുകയെന്നത് അത്തരം കാര്യങ്ങളിലൊന്നാണ്. അത് പരാജയവും ശത്രുക്കൾക്ക് നിങ്ങളുടെ ആധിപത്യം ചെലുത്താൻ കാരണമാവുകയും ചെയ്യും. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും പൂർണമായി അറിയുന്നവൻ അല്ലാഹുവാണ്. നിങ്ങൾക്കതറിയുകയില്ല തന്നെ.അതിനാൽ നിങ്ങൾ അവൻറെ കൽപ്പനക്ക് ഉത്തരം നൽകുക. അതിലാണ് നിങ്ങൾക്ക് നന്മയുള്ളത്.
(217) ദുൽഖഅ്ദ, ദുൽഹിജ്ജ, മുഹറം, റജബ് എന്നീ പവിത്രമായ മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനെപ്പറ്റി നബിയേ, ജനങ്ങൾ താങ്കളോട് ചോദിക്കുന്നു. അവരോട് മറുപടി പറയുക: ആ മാസങ്ങളിൽ യുദ്ധം ചെയ്യുകയെന്നത് അല്ലാഹുവിങ്കൽ വലിയ അപരാധവും വെറുക്കപ്പെട്ട കാര്യവും തന്നെയാകുന്നു. എന്നാൽ മുശ്രിക്കുകൾ ചെയ്യുന്ന പോലെ അല്ലാഹുവിന്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതും അപരാധം തന്നെയാകുന്നു. മസ്ജിദുൽ ഹറാമിൽ നിന്നു മുഅ്മിനുകളെ തടയുന്നതും, മസ്ജിദുൽ ഹറാമിൻറെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കൽ വിലക്കപ്പെട്ട മാസങ്ങളിൽ യുദ്ധം ചെയ്യുന്നതിനേക്കാൾ ഗൗരവമുള്ളതാകുന്നു. അവർ നിലകൊള്ളുന്ന ശിർക്ക് കൊലയെക്കാൾ ഗുരുതരമായതാകുന്നു. അവർക്ക് സാധിക്കുകയാണെങ്കിൽ നിങ്ങളുടെ സത്യ മതത്തിൽ നിന്ന് അവരുടെ തെറ്റായ മതത്തിലേക്ക് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവർ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളിൽ നിന്നാരെങ്കിലും തൻറെ മതത്തിൽ നിന്ന് പിന്മാറി അല്ലാഹുവിൽ ശരിയായ വിശ്വാസമില്ലാത്ത കാഫിറായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ സൽക്കർമ്മങ്ങൾ നിഷ്ഫലമായിത്തീരുന്നതാണ്. പരലോകത്ത് അവർക്ക് പോകാനുള്ള സങ്കേതം നരകമാണ്. അവരതിൽ നിത്യവാസികളുമായിരിക്കും.
(218) അല്ലാഹുവിലും അവൻറെ റസൂലിലും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും ഹിജ്റ പോവുകയും അല്ലാഹുവിൻറെ വചനം ഉന്നതമായിത്തീരാൻ ജിഹാദിൽ ഏർപെടുകയും ചെയ്തവരാരോ അവർ അല്ലാഹുവിൻറെ കാരുണ്യവും പാപമോചനവും പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ പൊറുക്കുന്നവനും അവരോട് ഏറെ കാരുണ്യം ചൊരിയുന്നവനുമാകുന്നു.
(219) നബിയേ, താങ്കളുടെ അനുയായികൾ താങ്കളോട് മദ്യത്തെ (ബുദ്ധിയെ മറയ്ക്കുകയും നീക്കിക്കളയുകയും ചെയ്യുന്ന എല്ലാ വസ്തുക്കളുമാണ് മദ്യം എന്നത് കൊണ്ട് ഉദ്ദേശം)ക്കുറിച്ച് ചോദിക്കുന്നു. അത് കുടിക്കുന്നതിനെയും വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും കുറിച്ച് ചോദിക്കുന്നു ? ചൂതാട്ടത്തെക്കുറിച്ചും അവർ ചോദിക്കുന്നു. (മത്സരങ്ങളിലൂടെ പണം സമ്പാദിക്കലാണ് ചൂതാട്ടം. അഥവാ പന്തയത്തിൽ പങ്കെടുക്കുന്ന രണ്ടു കക്ഷികളും അതിൽ തോറ്റാൽ പണം പകരം വെക്കുന്നു.) അവരോട് ഉത്തരം പറയുക: അവ രണ്ടിലും പല ദോഷങ്ങളുമുണ്ട്. അഥവാ, ബുദ്ധിയും സമ്പത്തും നശിപ്പിക്കുക, പരസ്പരം ശത്രുതയും വിദ്വേഷവും വളർത്തുക പോലുള്ള ദുന്യാവിനെയും ദീനിനെയും ബാധിക്കുന്ന നിരവധിഉപദ്രവകരമായ കാര്യങ്ങളുണ്ട്. സമ്പത്തുണ്ടാക്കൽ പോലുള്ള ചില പ്രയോജനങ്ങളുമുണ്ട്. എന്നാൽ അതിന്റെ ദൂഷ്യഫലങ്ങളും അതുകൊണ്ടുണ്ടാകുന്ന പാപവും പ്രയോജനത്തെക്കാൾ വലുതാണ്. ഉപകാരത്തെക്കാൾ ഉപദ്രവമുള്ള കാര്യങ്ങളിൽ നിന്ന് ബുദ്ധിയുള്ളവരെല്ലാം അകന്നുനിൽക്കും. മദ്യം നിഷിദ്ധമാക്കുന്നതിൻറെ ആമുഖമായിട്ടാണ് ഈ വിശദീകരണം അല്ലാഹു നൽകിയത്. ഓ നബിയേ, താങ്കളുടെ സഹാബിമാർ ചോദിക്കുന്നു, പുണ്യം ലഭിക്കാൻ എത്രയാണവർ ചെലവ് ചെയ്യേണ്ടതെന്ന്. നീ പറയുക: അത്യാവശ്യം കഴിച്ച് മിച്ചമുള്ളത് നിങ്ങൾ ചിലവഴിക്കുക. (ഇത് ആദ്യകാലങ്ങളിലെ നിയമമായിരുന്നു. പിന്നീട് നിശ്ചിത ഇനം സമ്പത്തിൽ നിശ്ചിത തോതനുസരിച്ച് സകാത്ത് നിർബന്ധമാക്കപ്പെട്ടു). നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് ഇതുപോലെ സംശയരഹിതമായി തെളിവുകൾ വിവരിച്ചുതരുന്നു.
(220) ഐഹിക പാരത്രിക ലോകത്ത് നിങ്ങൾക്ക് ഉപകാരപ്രദമായവയെ സംബന്ധിച്ച് നിങ്ങൾ ചിന്തിക്കുന്നതിനാണ് അത് നിയമമാക്കിയത്. അനാഥകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെപ്പറ്റിയും താങ്കളുടെ അനുയായികൾ താങ്കളോട് ചോദിക്കുന്നു: എങ്ങിനെയാണ് അവരുമായി ബന്ധപ്പെട്ട ഇടപാടുകൾ കൈകാര്യം ചെയ്യേണ്ടതെന്ന്? ചെലവിനും ഭക്ഷണത്തിനും താമസത്തിനുമുള്ള അവരുടെ ധനം തങ്ങളുടേതുമായി കൂട്ടിക്കലർത്താൻ പാടുണ്ടോ ? പറയുക: അവരുടെ ധനത്തിന് നന്മ ഉദ്ദേശിച്ചും പകരം വാങ്ങാതെയും കൂട്ടിക്കലർത്താതെയും ക്രയവിക്രയം ചെയ്യലാണ് അല്ലാഹുവിൻറെ അടുക്കൽ കൂടുതൽ പ്രതിഫലാർഹവും നിങ്ങൾക്ക് ഉത്തമവും. അവരുടെ സമ്പത്ത് സംരക്ഷിക്കപ്പെടാനും ഉത്തമം അതത്രെ. താമസം ചിലവ് തുടങ്ങിയവക്കുള്ളതിൽ അവരുടെ ധനം നിങ്ങളുടെ സമ്പത്തുമായി കൂട്ടിക്കലർത്തുന്നതിൽ തെറ്റില്ല. അവർ നിങ്ങളുടെ സഹോദരങ്ങളാണല്ലോ ? സഹോദരങ്ങൾ പരസ്പരം സഹായിക്കുന്നവരും പരസ്പരം കാര്യങ്ങൾ നോക്കിനടത്തുന്നവരുമാണ്. അനാഥകളുടെ സമ്പത്ത് കൂട്ടിക്കലർത്തി നാശമുണ്ടാക്കുന്നവനെയും നന്മവരുത്തുന്നവനെയും അല്ലാഹു വേർതിരിച്ചറിയുന്നതാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ യതീമുകളുടെ കാര്യത്തിൽ അവൻ നിങ്ങൾക്ക് ക്ലേശമുണ്ടാക്കുമായിരുന്നു. എന്നാൽ അവരുമായുള്ള ഇടപാട് അവൻ നിങ്ങൾക്ക് എളുപ്പമാക്കിത്തരികയാണ് ചെയ്തത്. തീർച്ചയായും അല്ലാഹു പ്രതാപശാലിയും യുക്തിമാനുമാകുന്നു. അല്ലാഹുവിൻറെ മതം എളുപ്പത്തിൻറെ മതമാകുന്നു. ഒരാൾക്കും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയും, സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമാണത്തിലും യുക്തിജ്ഞാനിയുമാകുന്നു അല്ലാഹു.
(221) മുഅ്മിനുകളേ, മുശ്രിക്കുകളായ (ബഹുദൈവവിശ്വാസികൾ) സ്ത്രീകൾ അല്ലാഹുവിൽ വിശ്വസിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുകയും ചെയ്യുന്നത് വരെ നിങ്ങളവരെ വിവാഹം കഴിക്കരുത്. അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്ന ഒരു അടിമസ്ത്രീയാണ് ബിംബങ്ങളെ ആരാധിക്കുന്ന സ്വതന്ത്രയായ സ്ത്രീയേക്കാൾ നല്ലത്. അവളുടെ സൗന്ദര്യവും സമ്പത്തും നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. മുശ്രിക്കുകളായ പുരുഷന്മാർക്ക് മുസ്ലിം സ്ത്രീകളെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു അടിമയാണ് മുശ്രിക്കായ സ്വതന്ത്രനെക്കാൾ നല്ലത്. അവൻ നിങ്ങൾക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ശിർക്കിന്റെ ആളുകളായ ആ പുരുഷന്മാരും സ്ത്രീകളും അവരുടെ വാക്കുകൊണ്ടും പ്രവർത്തനം കൊണ്ടും നരകത്തിലകപ്പെടുന്നതിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവൻറെ ഹിതമനുസരിച്ചുകൊണ്ടും അവന്റെ ഔദാര്യത്താലും സ്വർഗത്തിലേക്കും, പാപമോചനത്തിലേക്കും എത്തുന്ന സൽക്കർമ്മങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹു തൻറെ ആയത്തുകൾ മനുഷ്യർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. അവ ചൂണ്ടികാട്ടുന്ന കാര്യങ്ങൾ അവർ ശ്രദ്ധിച്ച് മനസ്സിലാക്കുവാനും അതനുസരിച്ചു പ്രവർത്തിക്കാനും വേണ്ടി.
(222) നബിയേ, താങ്കളുടെ അനുയായികൾ ആർത്തവത്തെപ്പറ്റി താങ്കളോട് ചോദിക്കുന്നു. (പ്രത്യേക സമയങ്ങളിൽ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്ന് പുറപ്പെടുന്ന പ്രകൃതി പരമായ രക്തമാണത്) പറയുക; സ്ത്രീക്കും പുരുഷനും ആർത്തവം ഒരു പ്രയാസമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കേണ്ടതാണ്. രക്തം നിലക്കുകയും അവർ കുളിച്ചു ശുദ്ധിയാവുകയും ചെയ്യുന്നത് വരെ അതിനുവേണ്ടി അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ രക്തം നിലക്കുകയും അവർ ശുചീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്കനുവദിക്കപ്പെട്ട വിധത്തിൽ നിങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുകൊള്ളുക. അഥവാ ശുദ്ധയിലുള്ള അവരുടെ യോനിയിലൂടെ ബന്ധപ്പെടുക. തീർച്ചയായും അല്ലാഹു പാപങ്ങളിൽ നിന്ന് ധാരാളമായി പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. മാലിന്യങ്ങളിൽ നിന്ന് നന്നായി ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.
(223) നിങ്ങളുടെ ഭാര്യമാർ നിങ്ങൾക്ക് സന്താനങ്ങളെ പ്രസവിക്കുന്ന കൃഷിയിടമാകുന്നു. ഫലം ഉൽപ്പാദിപ്പിക്കുന്ന ഭൂമി പോലെ. അതിനാൽ നിങ്ങൾ ഇച്ഛിക്കുന്ന ഭാഗത്ത് കൂടെയും ഉദ്ദേശിക്കുന്ന രൂപത്തിലും നിങ്ങളുടെ കൃഷിയിടത്തിൽ ചെല്ലാവുന്നതാണ്. അഥവാ, യോനിയിലൂടെ നിങ്ങൾക്കിഷ്ടമുള്ള വശത്തുകൂടെ ബന്ധപ്പെടാം. നന്മകൾ പ്രവർത്തിച്ചുകൊണ്ട് നിങ്ങൾക്കു വേണ്ടത് നിങ്ങൾ മുൻകൂട്ടി ചെയ്തു വെക്കേണ്ടതുമാണ്. അല്ലാഹുവിലേക്കടുക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഭാര്യമാരെ സമീപിക്കലും നല്ല മക്കളെ ആഗ്രഹിക്കലും അത്തരം നന്മകളിൽ പെട്ടതത്രെ. നിങ്ങൾ അല്ലാഹുവിൻറെ കൽപനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവനെ സൂക്ഷിക്കുക. സ്ത്രീകളുടെ കാര്യത്തിൽ അല്ലാഹു പഠിപ്പിച്ച നിയമങ്ങൾ അതിൽപെട്ടതാണ്. അല്ലാഹുവിനെ നിങ്ങൾ ഖിയാമത്ത് നാളിൽ കണ്ടുമുട്ടേണ്ടതുണ്ടെന്നും അവൻറെ മുമ്പിൽ നിൽക്കേണ്ടവരാണെന്നും അറിഞ്ഞിരിക്കുകയും ചെയ്യുക. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യും. നബിയേ, മുഅ്മിനുകൾക്ക് അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ ലഭിക്കാനിരിക്കുന്ന നിത്യാനുഗ്രഹങ്ങളെപ്പറ്റിയും അവന്റെ തിരു മുഖദർശനത്തെ പറ്റിയും സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.
(224) അല്ലാഹുവിൻറെ പേരിൽ നിങ്ങൾ ചെയ്ത ശപഥം നന്മയും ധർമ്മവും ചെയ്യുന്നതിനോ ജനങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുന്നതിനോ നിങ്ങൾ ഒരു തടസ്സമാക്കി വെക്കരുത്. മറിച്ചു പുണ്യകരമായത് ഉപേക്ഷിക്കാൻ നിങ്ങൾ ശപഥം ചെയ്താൽ നിങ്ങൾ നന്മ ചെയ്യുകയും ശപഥം ചെയ്തതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്യുക. അല്ലാഹു നിങ്ങളുടെ വാക്കുകൾ കേൾക്കുന്നവനും പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
(225) ലാ വല്ലാഹ്, ബലാ,വല്ലാഹ് (അല്ലാഹുവാണ് സത്യം എന്നർത്ഥം) എന്നിങ്ങനെ ബോധപൂർവ്വമല്ലാതെ വെറുതെ പറഞ്ഞു പോകുന്ന ശപഥവാക്കുകൾ മൂലം അല്ലാഹു നിങ്ങളെ പിടികൂടുന്നതല്ല. അങ്ങിനെയുള്ളവക്ക് പ്രായശ്ചിത്തം ചെയ്യേണ്ടതുമില്ല, അതിന് ശിക്ഷയുമില്ല. എന്നാൽ ആ ശപഥങ്ങൾ മുഖേന നിങ്ങൾ മനസ്സിൽ ഉദ്ദേശിച്ചതെന്തോ അതിന് അല്ലാഹു നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. അല്ലാഹു തൻറെ അടിമകളുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും, അവരെ ധൃതിപ്പെട്ട് ശിക്ഷിക്കാത്ത സഹനശീലനുമാകുന്നു.
(226) തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്ത് അകന്നു നിൽക്കുന്നവർക്ക് ശപഥം ചെയ്തത് മുതൽ നാലുമാസത്തിൽ കൂടാത്ത സമയം കാത്തിരിക്കാവുന്നതാണ്. ഈലാഅ് എന്ന പേരിലാണ് അതറിയപ്പെടുന്നത്. നാല് മാസമോ അതിൽ കുറഞ്ഞ സമയമോ കൊണ്ട് അവർ ശപഥം വിട്ട് ദാമ്പത്യത്തിലേക്ക് മടങ്ങുകയാണെങ്കിൽ അല്ലാഹു ഏറെ പൊറുക്കുന്നവനാണ്. അവരിൽ നിന്ന് സംഭവിച്ചത് അവർക്കവൻ പൊറുത്ത് കൊടുക്കും. ശപഥത്തിന് പ്രായശ്ചിത്തം നിശ്ചയിച്ച കരുണാനിധിയുമത്രെ അവൻ.
(227) അവർ ദാമ്പത്യത്തിലേക്ക് മടങ്ങാതിരിക്കുകയും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുന്നത് തുടരുകയും അത് വഴി ത്വലാഖ് (വിവാഹമോചനം) ഉദ്ദേശിക്കുകയുമാണെങ്കിൽ അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു. ത്വലാഖ് ഉൾപ്പെടെയുള്ള അവരുടെ വാക്കുകളെല്ലാം അവൻ കേൾക്കുന്നു. അല്ലാഹു അവരുടെ അവസ്ഥകളും ഉദ്ദേശങ്ങളും അറിയുന്നവനുമാണ്. അവയ്ക്കുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.
(228) വിവാഹമോചിതകൾ മൂന്നു മാസമുറകൾ വരെ വിവാഹിതരാവാതെ കാത്തിരിക്കേണ്ടതാണ്. തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഗർഭം ഒളിച്ചു വെക്കാൻ അവർക്ക് പാടുള്ളതല്ല. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നതിൽ അവർ സത്യസന്ധരാണെങ്കിൽ. ഇദ്ദ കാലത്ത് അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കന്മാർ ഏറ്റവും അർഹതയുള്ളവരാകുന്നു; വിവാഹമോചനം കൊണ്ടുണ്ടായ അകൽച്ച ഇല്ലാതാക്കി ഇണക്കമാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ. ജനങ്ങൾക്ക് സുപരിചിതമായ കടമകൾ സ്ത്രീകൾക്ക് ഭർത്താക്കന്മാരോട് ഉള്ളതുപോലെ തന്നെ അവർക്ക് അവകാശങ്ങളുമുണ്ട്. പുരുഷന്മാർക്ക് സ്ത്രീകളെക്കാൾ ഉയർന്ന പദവിയുണ്ട്. അഥവാ, അവരെ നിയന്ത്രിക്കാനുള്ള അവകാശം പുരുഷൻമാർക്കാണ്. വിവാഹമോചനത്തിന്റെ കാര്യവും പുരുഷൻമാരുടെ കൈകളിലാണ്. അല്ലാഹു ആരാലും അതിജയിക്കാൻ കഴിയാത്ത പ്രതാപശാലിയാകുന്നു. അവന്റെ നിയമങ്ങളിലും നിയന്ത്രണങ്ങളിലും അങ്ങേയറ്റം യുക്തിമാനുമാകുന്നു അവൻ.
(229) മടക്കിയെടുക്കാൻ ഭർത്താവിന് അനുമതിയുള്ള വിവാഹമോചനം രണ്ടു തവണയാകുന്നു. തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക വീണ്ടും തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക എന്നിങ്ങനെ. പിന്നെ ഒന്നുകിൽ നല്ലരീതിയിൽ കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ല നിലയിൽ അവകാശങ്ങൾ കൊടുത്ത് മൂന്നാം തവണ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ഭർത്താക്കന്മാരേ, നിങ്ങൾ ഭാര്യമാർക്ക് നല്കിയിട്ടുള്ള വിവാഹ മൂല്യത്തിൽ (മഹ്റിൽ) നിന്നു യാതൊന്നും തിരിച്ചുവാങ്ങാൻ നിങ്ങൾക്ക് അനുവാദമില്ല. ശാരീരികമോ സ്വഭാവപരമോ ആയ ദൂഷ്യങ്ങൾ കാരണം ഭാര്യ ഭർത്താവിനെ വെറുക്കുന്നുവെങ്കിലല്ലാതെ. ഈ വെറുപ്പ് നിമിത്തം പരസ്പരമുള്ള അവകാശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് ആശങ്ക തോന്നുകയും ചെയ്യുന്നുവെങ്കിൽ അപ്പോളവർ കുടുംബ ബന്ധമുള്ളവരോടോ മറ്റോ അവരുടെ കാര്യം പറയുക. അങ്ങനെ അവർക്കിടയിലെ ദാമ്പത്യം നിലനിർത്താൻ കഴിയില്ലെന്ന് രക്ഷാധികാരികൾ ഭയപ്പെട്ടാൽ അവൾ വല്ലതും ഭർത്താവിന് വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. ഹലാലും ഹറാമും വേർതിരിക്കുന്ന അല്ലാഹുവിൻറെ നിയമപരിധികളത്രെ അവ. അതിനാൽ അവയെ നിങ്ങൾ ലംഘിക്കരുത്. അല്ലാഹുവിൻറെ നിയമപരിധികൾ - ഹലാലും ഹറാമും - ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു നാശം വരുത്തിവെക്കുകയും അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും നിമിത്തമാവുകയും ചെയ്ത അക്രമികൾ.
(230) മൂന്നാമതും ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമല്ല; മറ്റൊരു ഭർത്താവ് അവളെ ശരിയായ രൂപത്തിൽ ദാമ്പത്യ മോഹത്താൽ -ചടങ്ങ് നിൽക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ല- വിവാഹം കഴിക്കുന്നതുവരെ. ശേഷം ഈ വിവാഹം മുഖേന അവൻ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടണം. എന്നിട്ട് രണ്ടാമത്തെ ഭർത്താവ് അവളെ വിവാഹമോചനം ചെയ്യുകയോ, മരണപ്പെടുകയോ ചെയ്യുകയാണെങ്കിൽ ഒന്നാമത്തെ ഭർത്താവിന് പുതിയ വിവാഹ ഉടമ്പടിയും മഹ്റും മുഖേന അവളെ തിരിച്ചെടുക്കുന്നതിൽ അയാൾക്കോ അയാളുടെ ഭാര്യക്കോ കുറ്റമില്ല. മതനിയമങ്ങൾ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിൻറെ ഈ നിയമങ്ങൾ അവൻറെ വിധിവിലക്കുകളും നിയമപരിധികളും മനസ്സിലാക്കുന്നവർക്ക് വേണ്ടി അല്ലാഹു വിവരിച്ചുതരുന്നു. അത് ഉപയോഗപ്പെടുത്തുന്നവർ അവരാകുന്നു.
(231) നിങ്ങൾ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട് അവരുടെ ഇദ്ദാകാലം അവസാനിക്കാറായാൽ ഒന്നുകിൽ അവരെ തിരിച്ചെടുക്കുകയോ ഇദ്ദയുടെ കാലം കഴിയുന്നത് വരെ തിരിച്ചെടുക്കാതെ വിടുകയോ ചെയ്യാം. ജാഹിലിയ്യാ കാലത്ത് നിലവിലുണ്ടായിരുന്ന പോലെ ദ്രോഹിക്കുവാനും പ്രയാസപ്പെടുത്തുവാനും വേണ്ടി നിങ്ങളവരെ തിരിച്ചെടുക്കരുത്. അപ്രകാരം ദ്രോഹിക്കാൻ വേണ്ടി വല്ലവനും പ്രവർത്തിക്കുന്ന പക്ഷം അവൻ തനിക്ക് തന്നെയാണ് ദ്രോഹം വരുത്തിവെക്കുന്നത്. പാപത്തിനും ശിക്ഷക്കും അവൻ വിധേയനാക്കപ്പെടും. അല്ലാഹുവിൻറെ ആയത്തുകൾ നിങ്ങൾ തമാശയാക്കിക്കളയരുത്. അതിനെതിരിൽ ഒരുമ്പിട്ടിറങ്ങരുത്. അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക. നിങ്ങൾക്കവതരിപ്പിച്ച ഖുർആനും സുന്നത്തും അതിൽ ഏറ്റവും മഹത്തരമത്രെ. അല്ലാഹുവെക്കുറിച്ച് ഭയമുണ്ടാവാനും പ്രതീക്ഷയുണ്ടാവാനുമാണ് ഇത് നിങ്ങളെ ഉണർത്തുന്നത്. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്നും ഒന്നും അവന് ഗോപ്യമാകില്ലെന്നും നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുമെന്നും മനസ്സിലാക്കുകയും ചെയ്യുക.
(232) നിങ്ങൾ സ്ത്രീകളെ മൂന്നിൽ കുറഞ്ഞ വിവാഹമോചനം ചെയ്തു. എന്നിട്ട് അവരുടെ ഇദ്ദാകാലം അവർ പൂർത്തിയാക്കുകയും ചെയ്തു. സ്ത്രീകളുടെ രക്ഷാധികാരികളേ, അതിനുശേഷം അവർ അവരുടെ ഭർത്താക്കന്മാരെ തന്നെ വീണ്ടും വിവാഹം ഇഷ്ടപ്പെടുകയാണെങ്കിൽ പുതിയ നികാഹിലൂടെ തങ്ങളുടെ ഭർത്താക്കന്മാരുമായി വിവാഹത്തിൽ ഏർപെടുന്നതിന് നിങ്ങൾ തടസ്സമുണ്ടാക്കരുത്. അവരെ തടയരുതെന്ന വിധി നിങ്ങളിൽ നിന്ന് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർക്കുള്ള ഉപദേശമാണ്. അതാണ് നിങ്ങൾക്ക് ഏറ്റവും ഗുണകരവും മ്ലേച്ഛതകളിൽ നിന്ന് നിങ്ങളുടെ പ്രവർത്തനങ്ങളെയും അഭിമാനത്തെയും സംശുദ്ധമാക്കാൻ ഏറ്റവും നല്ലതും. കാര്യങ്ങളുടെ യാഥാർഥ്യവും പര്യവസാനവും അല്ലാഹു അറിയുന്നു. നിങ്ങൾ അതറിയുന്നില്ല.
(233) മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ മുലകുടി പൂർണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കാണ് ഇങ്ങനെ രണ്ടു വർഷത്തിന്റെ പരിധി നിശ്ചയിച്ചിട്ടുള്ളത്. മുലകൊടുക്കുന്ന വിവാഹമോചിതകളായ മാതാക്കൾക്ക്, മതനിയമങ്ങൾക്ക് എതിരല്ലാത്ത നാട്ടുരീതിയനുസരിച്ച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ സമ്പത്തിലും കഴിവിലുമുപരി നൽകാൻ അല്ലാഹു നിർബന്ധിക്കുന്നില്ല. മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളെ ഉപദ്രവിക്കാനുള്ള മാർഗ്ഗമാക്കാനും പാടില്ല. പിതാവിന്റെ അഭാവത്തിൽ അവകാശികൾക്കും കുട്ടിയുടെ കാര്യത്തിൽ അതു പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് കുട്ടിക്ക് ഗുണകരമാവുന്ന തരത്തിൽ മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികൾക്ക് മുലകൊടുക്കുന്ന സ്ത്രീകളെ കൊണ്ട് മുലകൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക്ക് കുറ്റമില്ല; ആ പോറ്റമ്മമാർക്ക് നിങ്ങൾ നൽകേണ്ടത് മര്യാദയനുസരിച്ച് താമസം വരുത്താതെ കൊടുത്തു തീർക്കുകയാണെങ്കിൽ. കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. അതിലൊന്നു പോലും അവൻ കാണാതെ പോകുന്നില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകും.
(234) ഗർഭിണികളല്ലാത്ത ഭാര്യമാരെ വിട്ടേച്ചു കൊണ്ട് ഭർത്താക്കന്മാർ മരണപ്പെടുകയാണെങ്കിൽ ഭാര്യമാർ തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും നിർബന്ധമായും കാത്തിരിക്കേണ്ടതാണ്. അപ്പോഴവർ ഭർത്താവിൻറെ വീട്ടിൽ നിന്ന് പുറത്ത് പോവുക, വിവാഹിതരാവുക, അലങ്കാരമണിയുക എന്നിവയിൽ നിന്ന് വിട്ടുനിൽക്കണം. എന്നിട്ട് അവരുടെ ആ അവധി കഴിഞ്ഞാൽ - ആ കാലയളവിൽ വിരോധിക്കപ്പെട്ടവ - ദീനിലും സാമാന്യനാട്ടുരീതിയിലും അംഗീകരിക്കപ്പെട്ട രൂപത്തിൽ അവർ പ്രവർത്തിക്കുന്നതിൽ - രക്ഷാകർത്താക്കളേ - നിങ്ങൾക്ക് കുറ്റമൊന്നുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്. നിങ്ങളുടെ ബാഹ്യവും ആന്തരികവും അവന് ഗോപ്യമല്ല. അതിനുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകും.
(235) ഭർത്താവ് മരണപ്പെടുകയോ, പൂർണമായി വിവാഹമോചിതയാവുകയോ ആയ സ്ത്രീയുടെ ഇദ്ദഃയുടെ ഘട്ടത്തിൽ അവരുമായുള്ള വിവാഹാലോചന വ്യക്തമാക്കാതെ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല. "നിൻറെ ഇദ്ദയുടെ കാലം കഴിഞ്ഞാൽ എന്നെ അറിയിക്കണം" എന്നത് പോലെയുള്ള വാക്കുകൾ പറയുന്നതിൽ കുറ്റമില്ല. ഇദ്ദയിൽ കഴിയുന്ന സ്ത്രീയെ ഇദ്ദയുടെ കാലശേഷം വിവാഹം കഴിക്കാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നതിനും കുഴപ്പമില്ല. അവരെ വിവാഹം കഴിക്കാനുള്ള തീവ്രമായ ആഗ്രഹം കാരണം അവരെ നിങ്ങൾ ഓർത്തേക്കുമെന്ന് അല്ലാഹുവിന്നറിയാം. അതിനാൽ സൂചന നൽകൽ അനുവദിക്കപ്പെട്ടിരിക്കുന്നു. വ്യക്തമാക്കി പറയാൻ അനുവാദമില്ല. ഇങ്ങനെ മാന്യമായ നിലയിൽ സൂചന നൽകുക എന്നതിൽ കവിഞ്ഞു രഹസ്യമായി അവർക്ക് വാഗ്ദാനം നൽകുന്നത് നിങ്ങൾ സൂക്ഷിക്കുക. ഇദ്ദഃയുടെ കാലത്ത് വിവാഹകാരാർ നിങ്ങൾ ഉറപ്പിക്കരുത്. നിങ്ങൾക്കനുവദിച്ചതോ വിരോധിച്ചതോ ആയ ഏതു കാര്യമായാലും നിങ്ങളുടെ മനസ്സുകളിലുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ അവനെ നിങ്ങൾ സൂക്ഷിക്കുക. അവൻറെ കൽപനകളെ ധിക്കരിക്കരുത്. അല്ലാഹു പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും ധൃതിപ്പെട്ടു ശിക്ഷിക്കാത്ത സഹനശീലനുമാണെന്നും നിങ്ങൾ മനസ്സിലാക്കുക.
(236) നിങ്ങൾ വിവാഹം കഴിച്ച ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയോ, അവരുടെ വിവാഹമൂല്യം നിശ്ചയിക്കുകയോ ചെയ്യുന്നതിനു മുമ്പായി നിങ്ങളവരെ വിവാഹമോചനം നടത്തുകയാണെങ്കിൽ നിങ്ങൾക്കതിൽ കുറ്റമില്ല. ഈ അവസ്ഥയിൽ ത്വലാഖ് ചൊല്ലുകയാണെങ്കിൽ അവർക്ക് മഹ്ർ നൽകൽ നിങ്ങൾക്ക് നിർബന്ധവുമില്ല. എന്നാൽ ജീവിതവിഭവമെന്ന നിലക്കും അവരുടെ മനസ്സിന് ഒരു ആശ്വാസം എന്ന നിലക്കും എന്തെങ്കിലും നൽകൽ നിർബന്ധമാണ്. ഓരോരുത്തരും തന്റെ കഴിവനുസരിച്ച് നൽകണം.ധാരാളം സമ്പത്തുള്ളവനാണെങ്കിലും കുറച്ചു മാത്രം ധനമുള്ള ഞെരുക്കമനുഭവിക്കുന്നവനാണെങ്കിലും ശരി. പ്രവർത്തികളിലും ഇടപാടുകളിലും നന്മ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇതൊരു ബാധ്യതയത്രെ.
(237) നിങ്ങൾ ഭാര്യമാരുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് മുമ്പ് തന്നെ വിവാഹബന്ധം വേർപെടുത്തുകയും, അവരുടെ വിവാഹമൂല്യം നിങ്ങൾ നിശ്ചയിച്ച് കഴിഞ്ഞിരിക്കുകയും ആണെങ്കിൽ നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി നൽകൽ നിർബന്ധമാണ്. ഭാര്യമാർ പ്രായപൂർത്തിയെത്തിയവരാണെങ്കിൽ അവർ വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. അല്ലെങ്കിൽ ഭർത്താവ് മഹ്ർ പൂർണ്ണമായി അവർക്ക് നല്കിക്കൊണ്ട് വിട്ടുവീഴ്ച ചെയ്യുന്നുവെങ്കിലല്ലാതെ. നിങ്ങൾ പരസ്പരമുള്ള ബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതാണ് അല്ലാഹുവിനോടുള്ള ഭയത്തോടും അവനുള്ള അനുസരണയോടും കൂടുതൽഅടുത്ത് നിൽക്കുന്നത്. അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യലും ഔദാര്യം കാണിക്കലും - ജനങ്ങളേ - നിങ്ങൾ ഒഴിവാക്കരുത്. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. അതിനാൽ നന്മ പ്രവർത്തിച്ച് അല്ലാഹുവിൻറെ പ്രതിഫലം കരഗതമാക്കാൻ നിങ്ങൾ പരിശ്രമിക്കുക.
(238) നമസ്കാരം അല്ലാഹു കൽപ്പിച്ച പോലെ പൂർണമായി നിർവ്വഹിക്കുന്നതിൽ നിങ്ങൾ നിഷ്ഠപുലർത്തുക. നമസ്കാരങ്ങൾക്ക് നടുവിലുള്ള അസ്ർ നമസ്കാരവും നിങ്ങൾ സൂക്ഷ്മതയോടെ നിർവ്വഹിക്കുക.അല്ലാഹുവിൻറെ മുമ്പിൽ ഭക്തിയോടെയും അനുസരണയോടെയും നിന്ന് നമസ്കരിക്കുകയും ചെയ്യുക.
(239) നിങ്ങൾ ശത്രുവിനെയോ മറ്റോ ഭയപ്പെടുകയും, നിങ്ങൾക്ക് നിസ്കാരം പൂർണരൂപത്തിൽ നിർവ്വഹിക്കാൻ കഴിയാതെ വരികയും ചെയ്താൽ കാൽനടയായോ, ഒട്ടകമോ കുതിരയോ പോലുള്ള വാഹനങ്ങളിലായോ, നിങ്ങൾക്ക് സാധ്യമാകുന്ന രൂപത്തിലോ നിങ്ങൾ നമസ്കരിക്കുക. ഇനി നിങ്ങളുടെ ഭയം നീങ്ങിയാൽ അല്ലാഹുവിനെ എല്ലാ നിലക്കും നിങ്ങൾ സ്മരിക്കുക. പൂർണമായ രൂപത്തിൽ നിസ്കരിക്കുക എന്നത് അതിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവില്ലാതിരുന്ന പ്രകാശവും സന്മാർഗവും അവൻ നിങ്ങൾക്ക് പഠിപ്പിച്ചു തന്നതു പ്രകാരം (നിങ്ങൾ അവനെ സ്മരിക്കുക).
(240) നിങ്ങളിൽ നിന്ന് ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുന്നവർ തങ്ങളുടെ ഭാര്യമാർക്ക് ഒരു കൊല്ലത്തേക്ക് ആവശ്യമായ താമസവും ചെലവും നൽകാൻ വസ്വിയ്യത്ത് ചെയ്യേണ്ടതാണ്. അനന്തരാവകാശികൾ അവരെ പുറത്താക്കാതിരിക്കാനും അവർക്ക് ബാധിച്ച പ്രയാസത്തിന് പരിഹാരമായും മരണപ്പെട്ട മയ്യിത്തിനോടുള്ള കടമകളുടെ പൂർത്തീകരണമായുമത്രെ അത്. എന്നാൽ വർഷം പൂർത്തിയാകുന്നതിന് മുമ്പ് അവർ സ്വയം പുറത്ത് പോകുന്ന പക്ഷം തങ്ങളുടെ സ്വന്തം കാര്യത്തിൽ മര്യാദയനുസരിച്ച് അവർ പ്രവർത്തിക്കുന്നതിൽ നിങ്ങൾക്കും അവർക്കും കുറ്റമില്ല.അവർ അലങ്കാരമണിയുകയോ സുഗന്ധം പൂശുകയോ ചെയ്യുന്നതിൽ തെറ്റില്ല. അല്ലാഹു ആർക്കും തോൽപിക്കാൻ കഴിയാത്ത പ്രതാപവാനും, വിധിയിലും നിയന്ത്രണത്തിലും സൂക്ഷ്മജ്ഞാനമുള്ളവനുമാകുന്നു. ബഹുഭൂരിപക്ഷം ഖുർആൻ വ്യാഖ്യാതാക്കളും ഈ ആയത്തിലെ വിധി "നിങ്ങളിലാരെങ്കിലും ഭാര്യമാരെ വിട്ടേച്ചു മരിച്ചുപോയാൽ ആ ഭാര്യമാർ നാല് മാസവും പത്തു ദിവസവും തങ്ങളുടെ കാര്യത്തിൽ കാത്തിരിക്കേണ്ടതാണ്" (അൽ ബഖറഃ 234) എന്ന ആയത്തുകൊണ്ട് ദുർബലപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായക്കാരാണ്.
(241) വിവാഹമോചിതരായ സ്ത്രീകൾക്ക് വസ്ത്രമോ ധനമോ മറ്റെന്തെങ്കിലുമോ ജീവിതവിഭവമായി നൽകേണ്ടതാണ്. വിവാഹമോചനം കാരണം തകർന്ന അവരുടെ മനസ്സിന് ആശ്വാസം നൽകാനത്രെ അത്. ഭർത്താവിൻറെ സാമ്പത്തിക കഴിവ് പരിഗണിച്ചുകൊണ്ട് ന്യായമായ നിലയിലാണ് അത് നൽകേണ്ടത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിക്കുകയും വിരോധങ്ങൾ വെടിയുകയും ചെയ്യുന്ന ഭയഭക്തിയുള്ളവർക്ക് അതൊരു ബാധ്യതയത്രെ
(242) മുഅ്മിനുകളേ, മുൻ വിവരിക്കപ്പെട്ടത് പോലെ, അല്ലാഹുവിൻറെ വിധികളും നിയമപരിധികളും അടങ്ങിയ അവന്റെ ആയത്തുകൾ നിങ്ങൾക്കവൻ വിവരിച്ചുതരുന്നു. നിങ്ങൾ ഗ്രഹിക്കേണ്ടതിനും അതനുസരിച്ചു പ്രവർത്തിക്കുന്നതിന് വേണ്ടിയുമാകുന്നു അത്. അതുനിമിത്തം ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മ കരസ്ഥമാക്കാൻ കഴിയും.
(243) ധാരാളം ആളുകളുണ്ടായിട്ടും പകർച്ചവ്യാധിയോ മറ്റോ കൊണ്ടുള്ള മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ താങ്കളറിഞ്ഞില്ലേ നബിയേ? ബനൂഇസ്രാഈല്യരിൽ പെട്ട ഒരു വിഭാഗമായിരുന്നു അവർ. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങൾ മരിച്ചു കൊള്ളുക. അങ്ങിനെ അവർ മരണമടഞ്ഞു. പിന്നീട് അല്ലാഹു അവർക്ക് ജീവൻ നല്കി. കാര്യങ്ങൾ അല്ലാഹുവിങ്കലാണെന്നും സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവർക്ക് സാധിക്കില്ല എന്നും അവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു അത്. തീർച്ചയായും അല്ലാഹു മനുഷ്യർക്ക് ഒരുപാട് നൽകുന്നവനും അവരോട് ഔദാര്യം കാണിക്കുന്നവനുമാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദികാണിക്കുന്നില്ല.
(244) ഓ മുഅ്മിനുകളേ, അല്ലാഹുവിൻറെ മതത്തെ സഹായിക്കാനും അവൻറെ വചനം ഉയർന്ന് കാണാനും അല്ലാഹുവിൻറെ ശത്രുക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങളറിയുക: അല്ലാഹു നിങ്ങളുടെ എല്ലാവാക്കുകളും കേൾക്കുന്നവനും പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും അറിയുന്നവനുമാണെന്ന്. അതിനുള്ള പ്രതിഫലം നിങ്ങൾക്കവൻ നൽകുകയും ചെയ്യും.
(245) ഇഷ്ടമുള്ള മനസ്സോടെയും നല്ല ഉദ്ദേശത്തോടെയും അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ധനം ചിലവഴിച്ച് കടം കൊടുക്കുന്നവനെപ്പോലെ പ്രവർത്തിക്കാനാരുണ്ട്? എങ്കിൽ അനേകം ഇരട്ടികളാക്കി വർദ്ധിപ്പിച്ച് അതവന് തന്നെ ലഭിക്കും. ഉപജീവനത്തിലും ആരോഗ്യത്തിലും മറ്റുള്ള കാര്യങ്ങളിലും അല്ലാഹു കുടുസ്സാക്കുകയും വിശാലമാക്കുകയും ചെയ്യുന്നു. അതെല്ലാം അവൻറെ നീതിയും യുക്തിയുമനുസരിച്ചാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു പരലോകത്ത് നിങ്ങൾ മടക്കപ്പെടുന്നത്. അപ്പോഴവൻ നിങ്ങളുടെ കർമ്മങ്ങൾക്ക് പ്രതിഫലം നൽകും.
(246) മൂസായുടെ ശേഷം ഉണ്ടായിരുന്ന ചില ഇസ്രായീലീ പ്രമാണിമാർ തങ്ങളുടെനബിയോട് ഞങ്ങൾക്കൊരു രാജാവിനെ നിയോഗിച്ച് തരൂ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ സന്ദർഭം നബിയേ താങ്കൾ അറിഞ്ഞില്ലേ? അവരുടെ നബി ചോദിച്ചു: നിങ്ങൾക്ക് യുദ്ധത്തിന്ന് കൽപന കിട്ടിയാൽ നിങ്ങൾ യുദ്ധം ചെയ്യാതിരുന്നേക്കാൻ സാധ്യതയുണ്ട്. ആ നബിയുടെ ഊഹം നിഷേധിച്ചുകൊണ്ട് അവർ പറഞ്ഞു: യുദ്ധം ചെയ്യാതിരിക്കാൻ എന്താണ് ഞങ്ങൾക്കു തടസം? ഞങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്നും ഞങ്ങളെ പുറത്താക്കുകയും സന്തതികളെ ശത്രുക്കൾ ബന്ധനസ്ഥരാക്കുകയും ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്കെങ്ങനെ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യാതിരിക്കാൻ കഴിയും? നിങ്ങളുടെ നാട് വീണ്ടെടുക്കാനും സന്താനങ്ങളെ മോചിപ്പിക്കാനും ഞങ്ങൾ യുദ്ധം ചെയ്യും. എന്നാൽ അല്ലാഹു അവർക്ക് യുദ്ധം നിർബന്ധമാക്കിയപ്പോൾ അല്പം പേരൊഴിച്ച് എല്ലാവരും വാഗ്ദാനം പാലിക്കാതെ പിന്മാറുകയാണുണ്ടായത്. അല്ലാഹു അവൻറെ കൽപ്പനയിൽ നിന്ന് പിന്തിരിയുകയും അവനോടുള്ള കരാർ ലംഘിക്കുകയും ചെയ്ത അക്രമികളെ നന്നായി അറിയുന്നവനാകുന്നു. അവർക്കതിനവൻ പ്രതിഫലം നൽകുകയും ചെയ്യും.
(247) അവരോട് അവരുടെ നബി പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് യുദ്ധത്തിന് നേതൃത്വം വഹിക്കാനായി ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവരിലെ പ്രമാണിമാർ ആ തെരെഞ്ഞെടുത്തത് അംഗീകരിക്കാതെ എതിർത്ത് കൊണ്ട് പറഞ്ഞു: അയാൾക്കെങ്ങനെ ഞങ്ങളുടെ രാജാവാകാൻ പറ്റും? രാജാധികാരത്തിന് അയാളെക്കാൾ കൂടുതൽ അർഹതയുള്ളത് ഞങ്ങൾക്കാണല്ലോ. അയാൾ രാജസന്തതിയിൽ പെട്ടവനോ, രാജാധികാരത്തിന് സഹായകരമായ തരത്തിൽ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമോ അല്ലല്ലോ? അവരുടെ നബി അവരോട് പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളെക്കാൾ കൂടുതൽ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവൻറെ കാരുണ്യവും യുക്തിയും നിമിത്തം ആധിപത്യം അവൻ ഉദ്ദേശിക്കുന്നവർക്ക് കൊടുക്കുന്നു. അവൻ വിപുലമായ ഔദാര്യവാനുമാകുന്നു. അവനുദ്ദേശിക്കുന്നവർക്ക് അവൻ നൽകുന്നു. അവൻ, സൃഷ്ടികളിൽ നിന്ന് അതിന് അർഹരായവർ ആരാണെന്ന് നന്നായി അറിയുന്നവനുമാകുന്നു.
(248) അവരോട് അവരുടെ നബി പറഞ്ഞു: ത്വാലൂതിൻറെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങൾക്ക് തിരിച്ചുകിട്ടുക എന്നതാണ്. ബനൂഇസ്രാഈല്യർ ആദരിക്കുന്ന പെട്ടിയായിരുന്നു അത്. അവരിൽ നിന്ന് അത് എടുക്കപ്പെടുകയാണുണ്ടായത്. അതിന്റെ കൂടെ നിങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള മനഃശാന്തിയുണ്ട്. മൂസായുടെയും ഹാറൂന്റെയും കുടുംബങ്ങൾ വിട്ടേച്ചുപോയ വടി, തൗറാത് എഴുതിയ ഫലകങ്ങൾ പോലുള്ള അവശിഷ്ടങ്ങളുമുണ്ട്. നിങ്ങൾ യഥാർത്ഥ വിശ്വാസികളാണെങ്കിൽ നിസ്സംശയം നിങ്ങൾക്കതിൽ മഹത്തായ ദൃഷ്ടാന്തമുണ്ട്.
(249) അങ്ങനെ സൈന്യവുമായി ആ രാജ്യത്ത് നിന്ന് പുറപ്പെട്ടപ്പോൾ ത്വാലൂത് പറഞ്ഞു: അല്ലാഹു ഒരു നദി മുഖേന നിങ്ങളെ പരീക്ഷിക്കുന്നതാണ്. ആർ അതിൽ നിന്ന് കുടിച്ചുവോ അവൻ എൻറെ മാർഗത്തിലല്ല. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കരുത്. ആരതു രുചിച്ച് നോക്കാതിരുന്നുവോ അവൻ എൻറെ മാർഗത്തിലാകുന്നു. യുദ്ധത്തിൽ അവരെന്നെ അനുഗമിക്കട്ടെ. എന്നാൽ അത്യാവശ്യം കാരണത്താൽ തൻറെ കൈകൊണ്ട് ഒരു കോരൽ മാത്രം കോരി കുടിച്ചവന് കുഴപ്പമില്ല. സൈന്യത്തിൽ നിന്ന് ചുരുക്കം പേരൊഴികെ അതിൽ നിന്ന് കുടിച്ചു. കഠിന ദാഹമുണ്ടായിട്ടും അവരിൽ കുറച്ചുപേർ ക്ഷമിച്ചു. അങ്ങനെ, ത്വാലൂതും കൂടെയുള്ള മുഅ്മിനുകളും ആ നദി കടന്നു കഴിഞ്ഞപ്പോൾ സൈന്യത്തിൽ ചിലർ പറഞ്ഞു: ജാലൂതിനെയും അവൻറെ സൈന്യങ്ങളെയും നേരിടാൻ മാത്രമുള്ള കഴിവ് ഇന്ന് നമുക്കില്ല. അപ്പോൾ, തങ്ങൾ അല്ലാഹുവുമായി കണ്ടുമുട്ടേണ്ടവരാണ് എന്ന ഉറച്ച വിശ്വാസമുള്ളവർ പറഞ്ഞു: മുഅ്മിനുകളുടെ എത്രയെത്ര ചെറിയ സംഘങ്ങളാണ് അല്ലാഹുവിൻറെ അനുമതിയോടെയും സഹായത്തോടെയും കാഫിറുകളുടെ വലിയ സംഘങ്ങളെ കീഴ്പെടുത്തിയിട്ടുള്ളത്! വിജയത്തിൻറെ മാനദണ്ഡം വിശ്വാസമാണ്; ആധിക്യമല്ല. അല്ലാഹു ക്ഷമിക്കുന്ന അവൻറെ അടിമകളുടെ കൂടെയാകുന്നു. അവരെ അവൻ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
(250) അങ്ങനെ അവർ ജാലൂതിനും സൈന്യങ്ങൾക്കുമെതിരെ പോരിനിറങ്ങിയപ്പോൾ അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചു: ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ ഹൃദയങ്ങൾക്ക് മേൽ നീ ക്ഷമ നന്നായി ചൊരിഞ്ഞുതരികയും, ശത്രുക്കൾക്ക് മുന്നിൽ പിന്തിരിഞ്ഞോടുകയോ പരാജയപ്പെടുകയോ ചെയ്യാത്ത വിധം ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിർത്തുകയും, കാഫിറുകളായ ജനങ്ങൾക്കെതിരിൽ നിന്റെ ശക്തിയും സഹായവും മുഖേന ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ.
(251) അങ്ങനെ അല്ലാഹുവിൻറെ അനുമതി പ്രകാരം ശത്രുക്കളെ അവർ പരാജയപ്പെടുത്തി. ദാവൂദ് അവരുടെ നേതാവായ ജാലൂതിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് അല്ലാഹു രാജാധികാരവും നുബുവ്വത്തും (പ്രവാചകത്വം) നൽകുകയും, അവനുദ്ദേശിക്കുന്ന വിവിധ ജ്ഞാനങ്ങൾ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ ഇഹലോകവും പരലോകവും നന്നായിത്തീരുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഒരുമിച്ചു നൽകപ്പെട്ടു. മനുഷ്യരിൽ ചിലരുടെ കുഴപ്പങ്ങളെ മറ്റു ചിലർ മുഖേന അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കിൽ ഭൂലോകം നാശകാരികളുടെ ആധിപത്യം കാരണം കുഴപ്പത്തിലാകുമായിരുന്നു. പക്ഷെ അല്ലാഹു മുഴുവൻ സൃഷ്ടികളോടും വളരെ ഉദാരനത്രെ.
(252) അല്ലാഹുവിൻറെ സ്പഷ്ടവും വ്യക്തവുമായ ദൃഷ്ടാന്തങ്ങളാകുന്നു അവയൊക്കെ. നബിയേ, താങ്കൾക്ക് നാം അവ ഓതികേൾപിച്ച് തരുന്നു. അതിൽ പ്രതിപാദിച്ച വിവരങ്ങളെല്ലാം സത്യസന്ധമാണ്. വിധിവിലക്കുകളെല്ലാം നീതിപൂർവകമാണ്. തീർച്ചയായും നീ സർവലോകരുടെയും റബ്ബായവന്റെ റസൂലുകളിൽ ഒരാളാകുന്നു.
(253) നാം നിനക്ക് വിവരിച്ചു തന്ന ആ ദൂതന്മാരിൽ ചിലർക്ക് നാം മറ്റു ചിലരെക്കാൾ അവർക്ക് നൽകിയ സന്ദേശത്തിലും അവരുടെ അനുയായികളുടെ എണ്ണത്തിലും സ്ഥാനങ്ങളിലും ശ്രേഷ്ഠത നല്കിയിരിക്കുന്നു. അല്ലാഹു നേരിൽ സംസാരിച്ചിട്ടുള്ളവർ അവരിലുണ്ട്; മൂസാ നബിയെ (അ) പോലെ. മുഹമ്മദ് നബി (സ) യെ പോലെ ഉന്നതമായ പദവികളിലേക്ക് ഉയർത്തിയവരും അവരിലുണ്ട്. കാരണം അദ്ദേഹം നിയോഗിക്കപ്പെട്ടത് സർവ്വ ജനങ്ങളിലേക്കുമായിട്ടായിരുന്നു. അദ്ദേഹത്തിലൂടെ പ്രവാചകത്വം പൂർത്തീകരിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻറെ സമുദായം മറ്റ് സമുദായങ്ങളേക്കാൾ ശ്രേഷ്ഠരാക്കപ്പെടുകയും ചെയ്തു. മർയമിന്റെ മകൻ ഈസാക്ക് അദ്ദേഹം നബിയാണെന്നതിനുള്ള തെളിവായി -മരിച്ചവരെ ജീവിപ്പിക്കുക, അന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുക പോലുള്ള- വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം നൽകുകയും ചെയ്തു. അല്ലാഹുവിൻറെ കൽപ്പനകൾ നിർവ്വഹിക്കാൻ ജിബ്രീൽ (അ) മുഖേന അദ്ദേഹത്തിന് നാം പിൻബലം നല്കുകയും ചെയ്തു. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നബിമാരുടെ പിൻഗാമികൾ വ്യക്തമായ തെളിവ് വന്നുകിട്ടിയതിനു ശേഷവും അന്യോന്യം പോരടിക്കുമായിരുന്നില്ല. എന്നാൽ അവർ അഭിപ്രായഭിന്നതയിലാവുകയും, അങ്ങനെ ചിന്നിച്ചിതറുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൽ വിശ്വസിച്ചവരും അവനെ നിഷേധിച്ചവരും അവരുടെ കൂട്ടത്തിലുണ്ടായി. അവർ പോരടിക്കരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവർ പോരടിക്കുമായിരുന്നില്ല. പക്ഷെ അല്ലാഹു താൻ ഉദ്ദേശിക്കുന്നത് ചെയ്യുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ്റെ കാരുണ്യവും അനുഗ്രഹവും മുഖേന നേർമാർഗ്ഗത്തിലേക്ക് നയിക്കുകയും അവനുദ്ദേശിക്കുന്നവരെ അവൻ്റെ യുക്തിയും നീതിയും മുഖേന വഴി പിഴവിലാക്കുകയും ചെയ്യുന്നു.
(254) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ഖിയാമത്ത് നാൾ വന്നെത്തുന്നതിന് മുൻപ് നിങ്ങൾക്ക് നാം നല്കിയിട്ടുള്ള അനുവദനീയമായ സമ്പാദ്യങ്ങളിൽ നിന്ന് നിങ്ങൾ ചെലവഴിക്കുവിൻ. തനിക്ക് ഉപകാരപ്രദമായത് സമ്പാദിച്ചു കൂട്ടാവുന്ന രൂപത്തിലുള്ള കച്ചവടമോ, പ്രയാസങ്ങളിൽ സഹായകമാവുന്ന സുഹൃദ്ബന്ധങ്ങളോ ഇല്ലാത്ത; അല്ലാഹു തൃപ്തിപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്താലല്ലാതെ ഉപകാരം ചെയ്യുകയോ ഉപദ്രവം തടയുകയോ ചെയ്യുന്ന ഒരു ശുപാർശയോ ഇല്ലാത്ത ദിവസമത്രെ അത്. അല്ലാഹുവിൽ അവിശ്വസിച്ചതിനാൽ സത്യനിഷേധികൾ തന്നെയാകുന്നു യഥാർത്ഥ അതിക്രമകാരികൾ.
(255) അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ആരാധ്യനായി അവനല്ലാതെ മറ്റൊരാളുമില്ല. മരണമോ എന്തെങ്കിലുമൊരു ന്യൂനതയോ ഇല്ലാത്ത പരിപൂർണ്ണമായ ജീവിതമുള്ളവൻ (ഹയ്യ്). മറ്റൊരു സൃഷ്ടിയുടെയും ആശ്രയമില്ലാതെ സ്വയം നിലനിൽക്കുന്ന, സർവ്വ സൃഷ്ടികൾക്കും അവരുടെ എല്ലാ അവസ്ഥാന്തരങ്ങളിലും ആശ്രയമായിട്ടുള്ള, അവരെ നിലനിർത്തുന്നവനായ നിയന്താവ് (ഖയ്യൂം). പരിപൂർണ്ണമായ ജീവിതവും സർവ്വതിനെയും നിയന്ത്രിക്കുന്നവനുമായ അവന് ഉറക്കമോ മയക്കമോ ബാധിക്കുകയില്ല. ഭൂമിയിലുള്ളതിൻ്റെയും ആകാശത്തുള്ളതിൻ്റെയും ആധിപത്യം അവന് മാത്രമാണ്. അവൻ്റെ അനുമതിയും തൃപ്തിയുമില്ലാതെ ഒരാൾക്കും മറ്റൊരാൾക്ക് വേണ്ടി അവങ്കൽ ശുപാർശ പറയാൻ കഴിയുകയില്ല. സംഭവിച്ചു കഴിഞ്ഞ ഭൂതകാല കാര്യങ്ങളും വരാനിരിക്കുന്ന ഭാവി കാര്യങ്ങളും അവൻ അറിയുന്നു. അവൻ്റെ ജ്ഞാനത്തിൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവനറിയിച്ചു കൊടുത്തതല്ലാതെ ഒരു കാര്യവും ആർക്കും ചൂഴ്ന്നറിയുക സാധ്യമല്ല. അല്ലാഹുവിൻ്റെ പാദപീഠം ആകാശങ്ങളെയും ഭൂമിയെയും -മഹത്തരമായ വിശാലതയും വലിപ്പവുമുള്ളതാണ് അവയെന്നിരിക്കെ- അവയെ മുഴുവനായി വലയം ചെയ്തിരിക്കുന്നു. അവ സംരക്ഷിക്കുന്നത് അവന് പ്രയാസമുണ്ടാക്കുകയോ ബുദ്ധിമുട്ട് സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും അധീശത്വത്തിലും അവൻ പരമോന്നതനാകുന്നു. തൻ്റെ അധികാരത്തിലും ആധിപത്യത്തിലും അവൻ അങ്ങേയറ്റം മഹത്വമുള്ളവനാകുന്നു.
(256) ഇസ്ലാം മതത്തിൽ പ്രവേശിക്കാൻ ഒരാളുടെ മേലും ഭീഷണിയില്ല. കാരണം അത് വ്യക്തമായ സത്യത്തിൻ്റെ മതമാകുന്നു. അതിനാൽ ഒരാളെയും അതിലേക്ക് നിർബന്ധിക്കേണ്ട ആവശ്യമേയില്ല. സന്മാർഗം ദുർമാർഗത്തിൽ നിന്ന് വ്യക്തമായി വേർതിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്ന സകല വസ്തുക്കളെയും നിഷേധിക്കുകയും അതിൽ നിന്നെല്ലാം അകൽച്ച പാലിക്കുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്യുന്നുവെങ്കിൽ പരലോക രക്ഷക്ക് കാരണമാകുന്ന ദീനിലെ ഏറ്റവും ശക്തമായ -മുറിഞ്ഞു പോകാത്ത- വഴിയാണ് അവൻ മുറുകെ പിടിച്ചിരിക്കുന്നത്. അല്ലാഹു അവൻ്റെ അടിമകളുടെ വാക്കുകൾ കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങൾ നന്നായി അറിയുന്നവനുമാകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുകയും ചെയ്യും.
(257) അല്ലാഹുവിൽ വിശ്വസിച്ചവരെ അവൻ ഏറ്റെടുക്കുന്നു. അവരെ സന്മാർഗത്തിലേക്ക് നയിക്കുകയും, സഹായിക്കുകയും ചെയ്യുന്നു. നിഷേധത്തിൻ്റെയും അറിവില്ലായ്മയുടെയും ഇരുട്ടുകളിൽ നിന്ന് (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിലേക്ക് അവൻ അവരെ കൊണ്ടു വരുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കൂട്ടാളികൾ വിഗ്രഹങ്ങളും (അല്ലാഹുവിന് പുറമെ) ആരാധിക്കപ്പെടുന്നവരുമാകുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നത് അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചത് അക്കൂട്ടരത്രെ. (അല്ലാഹുവിലുള്ള) വിശ്വാസത്തിൻറെയും അറിവിൻറെയും വെളിച്ചത്തിൽ നിന്ന് അവിശ്വാസത്തിൻറെയും അജ്ഞതയുടെയും ഇരുട്ടുകളിലേക്കാണ് അവർ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികൾ. അവരതിൽ നിത്യവാസികളാകുന്നു.
(258) അല്ലാഹുവാണ് ഏകനായ സൃഷ്ടിപരിപാലകൻ എന്നതിനെ കുറിച്ചും, അവൻ്റെ ഏകത്വത്തെ കുറിച്ചും ഇബ്റാഹീം നബിയോട് തർക്കിച്ച സ്വേഛാധിപതിയുടെ ധിക്കാരത്തെക്കാൾ അത്ഭുതകരമായത് നബിയേ താങ്കൾ കണ്ടിട്ടുണ്ടോ? അല്ലാഹു അവന്ന് ആധിപത്യം നല്കിയിരിക്കുന്നു എന്നതിനാലാണ് അവനിൽ ഈ തർക്കം ഉടലെടുത്തത്. അങ്ങനെ അവൻ തീർത്തും അതിരുകവിഞ്ഞു. അപ്പോൾ ഇബ്റാഹീം നബി (അ) അവന് തൻ്റെ റബ്ബിൻ്റെ വിശേഷണങ്ങൾ വിവരിച്ചു കൊടുത്തു. അദ്ദേഹം പറഞ്ഞു: സൃഷ്ടികളെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാകുന്നു എൻ്റെ രക്ഷിതാവ്. അപ്പോൾ ആ സ്വേഛാധിപതി പറഞ്ഞു: എനിക്കിഷ്ടമുള്ളവരെ വധിച്ചും ഇഷ്ടമുള്ളവർക്ക് മാപ്പുനൽകിയും ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുവല്ലോ. അപ്പോൾ ഇബ്രാഹീം അതിനേക്കാൾ മഹത്തരമായ മറ്റൊരു തെളിവ് നൽകി. അദ്ദേഹം പറഞ്ഞു: ഞാൻ ആരാധിക്കുന്ന എൻ്റെ രക്ഷിതാവ് സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോൾ ആ ധിക്കാരി പരിഭ്രാന്തിയിലാവുകയും, അവൻ്റെ ഉത്തരം മുട്ടുകയും ചെയ്തു. തെളിവിൻറെ ശക്തിക്ക് മുൻപിൽ അവൻ പരാജയപ്പെട്ടു. അക്രമികളായ ജനതയെ -അവർ പ്രവർത്തിച്ചു കൂട്ടിയ അതിക്രമവും ധിക്കാരവും കാരണത്താൽ- അല്ലാഹു അവൻ്റെ മാർഗ്ഗത്തിലേക്ക് വഴിനയിക്കുകയില്ല.
(259) അല്ലെങ്കിൽ, മേൽക്കൂരകൾ വീണടിഞ്ഞും ചുമരുകൾ തകർന്നും താമസക്കാർ നശിച്ചും ശൂന്യവും വിജനവുമായ ഒരു പട്ടണത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരാളുടെ ഉദാഹരണം താങ്കൾ കണ്ടില്ലേ. അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞു: നിർജീവമായിപ്പോയതിനു ശേഷം ഈ പട്ടണവാസികളെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടർന്ന് അല്ലാഹു അദ്ദേഹത്തെ നൂറു വർഷം മരിപ്പിക്കുകയും പിന്നീട് അദ്ദേഹത്തെ ജീവിപ്പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം മരിച്ച നിലയിൽ കഴിഞ്ഞു കൂടി? അദ്ദേഹം പറഞ്ഞു: ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്പഭാഗമോ ആണ് ഞാൻ കഴിച്ചുകൂട്ടിയത്. അല്ലാഹു പറഞ്ഞു: അല്ല, നീ നൂറു വർഷം പൂർണമായി കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങൾ നോക്കൂ. വളരെ പെട്ടെന്ന് മാറ്റം വരുന്നവയായിട്ടുപോലും അവക്ക് മാറ്റം വന്നിട്ടില്ല. (എന്നാൽ അതേ) സമയം നിൻ്റെ കഴുത ചത്തു പോവുകയും ചെയ്തിരിക്കുന്നു. ഈ ജനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ അല്ലാഹു കഴിവുള്ളവനാണ് എന്നതിന് നീയൊരു തെളിവായി മാറുന്നതിനാണ് ഇതെല്ലാം. ചത്തുപോയ നിന്റെ കഴുതയുടെ എല്ലുകൾ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തിൽ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക. ശേഷം നാമതിലേക്ക് ജീവൻ തിരികെ കൊണ്ടുവരുന്നു. അങ്ങനെ അത് കണ്ടപ്പോൾ അദ്ദേഹത്തിന് കാര്യം വ്യക്തമാവുകയും അല്ലാഹുവിൻറെ കഴിവ് ബോധ്യപ്പെടുകയും ചെയ്തു. അക്കാര്യം അംഗീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: തീർച്ചയായും അല്ലാഹു എല്ലാകാര്യങ്ങൾക്കും കഴിവുള്ളവനാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.
(260) എന്റെ റബ്ബേ! മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് എങ്ങനെയാണെന്ന് നീ എനിക്ക് കൺമുന്നിൽ കാണിച്ചുതരേണമേ' എന്ന് ഇബ്രാഹീം പറഞ്ഞ സന്ദർഭവും -നബിയേ- താങ്കൾ ഓർക്കുക. അല്ലാഹു അദ്ദേഹത്തോട് ചോദിച്ചു: നീ ഇക്കാര്യത്തിൽ വിശ്വസിച്ചിട്ടില്ലേ? ഇബ്രാഹീം പറഞ്ഞു: അതെ, ഞാൻ വിശ്വസിച്ചിട്ടുണ്ട്. പക്ഷെ, എന്റെ മനസ്സിന് കൂടുതൽ സമാധാനം ലഭിക്കാൻ വേണ്ടിയാകുന്നു. അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു: എന്നാൽ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും അവയെ കഷ്ണിച്ചിട്ട് അവയുടെ ഓരോ അംശം നിൻറെ ചുറ്റുമുള്ള ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അപ്പോൾ അവ -ജീവൻ തിരികെ നൽകപ്പെട്ട നിലയിൽ- നിൻ്റെ അടുക്കലേക്ക് വേഗതയിൽ തിരിച്ചു വരുന്നതാണ്. ഇബ്രാഹീം! അല്ലാഹു അവൻ്റെ ആധിപത്യത്തിൽ മഹാപ്രതാപമുള്ളവനും, തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും വിധികൽപ്പനകളിലും അങ്ങേയറ്റം യുക്തിമാനുമാണ് എന്ന് നീ അറിഞ്ഞു കൊള്ളുക.
(261) അല്ലാഹുവിന്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്ന വിശ്വാസികൾക്കുള്ള പ്രതിഫലത്തിൻറെ ഉപമ ഒരു ഫലഭൂയിഷ്ടമായ ഭൂമിയിൽ കർഷകൻ കൃഷിചെയ്യുന്ന ഒരു ധാന്യമണിയുടെ ഉപമയാകുന്നു. അത് ഏഴ് കതിരുകൾ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് പ്രതിഫലം ഇരട്ടിയാക്കുകയും കണക്കില്ലാതെ പ്രതിഫലം നൽകുകയും ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുകയും, അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുന്നവനാണ്. ആർക്കാണ് പതിന്മടങ്ങുകളായി പ്രതിഫലം നല്കേണ്ടത് എന്നത് നന്നായി അറിയുന്നവനുമാണ് അവൻ.
(262) അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങളിലും, അവനെ അനുസരിക്കുന്നതിലും തങ്ങളുടെ സമ്പാദ്യങ്ങൾ ചെലവഴിക്കുകയും, ശേഷം അതിൻ്റെ പ്രതിഫലം നിഷ്ഫലമാക്കുന്ന തരത്തിൽ ചെലവ് ചെയ്തത് ജനങ്ങളോട് എടുത്തുപറയാതെയും, അവരെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ശല്യപ്പെടുത്താതെയും ഇരിക്കുന്നവർ ആരോ; അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കും. ഭാവിയെക്കുറിച്ച് അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർക്കുള്ള അനുഗ്രഹത്തിൻറെ മഹത്വം കാരണം കഴിഞ്ഞുപോയതിനെപ്പറ്റി അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല.
(263) വിശ്വാസിയുടെ ഹൃദയത്തിന് സന്തോഷമുണ്ടാക്കുന്ന മാന്യമായ വാക്കും, നിന്നോട് തിന്മ പ്രവർത്തിച്ചവരോട് വിട്ടുവീഴ്ച ചെയ്യലുമാണ് ധർമം നല്കിയവനോട് അതെടുത്ത് പറഞ്ഞു കൊണ്ട് അവനെ ബുദ്ധിമുട്ടിക്കുന്നതിനേക്കാൾ നല്ലത്. അല്ലാഹു അടിമകളിൽ നിന്ന് അങ്ങേയറ്റം ധന്യതയുള്ളവനും, അവരെ ഉടനടി ശിക്ഷിക്കാതെ തീർത്തും ക്ഷമിക്കുന്നവനുമാകുന്നു.
(264) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! ദാനം നൽകിയത് എടുത്തുപറഞ്ഞ് കൊണ്ടും, ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമ്മങ്ങളുടെ പ്രതിഫലം നിഷ്ഫലമാക്കിക്കളയരുത്. ജനങ്ങൾ കാണുന്നതിന് വേണ്ടിയും, അവർ പുകഴ്ത്തുന്നതിന് വേണ്ടിയും തൻ്റെ സമ്പാദ്യം ദാനം ചെയ്യുന്നവനെ പോലെയാകുന്നു അങ്ങനെ ചെയ്യുന്നവൻ്റെ ഉപമ. അല്ലാഹുവിലും പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വാസമില്ലാത്ത നിഷേധിയാകുന്നു അവൻ. അവനെ ഉപമിക്കാവുന്നത് മുകളിൽ അല്പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്ത മഴ പതിച്ചു. ആ മഴ മണ്ണിനെ മാറ്റിക്കളയുകയും അതിനെ ഒരു മൊട്ടപ്പാറയാക്കുകയും ചെയ്തു. അപ്രകാരമാണ് ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നവർ. അവർ പ്രവർത്തിച്ചതിൻറെയും ചിലവാക്കിയതിൻറെയും പ്രതിഫലം ഇല്ലാതെയാകും. അതിൽ യാതൊന്നും അല്ലാഹുവിങ്കൽ അവശേഷിക്കുന്നതല്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ അവൻ തൃപ്തിപ്പെടുന്ന മാർഗ്ഗത്തിലേക്ക് നയിക്കുന്നതല്ല. അവരുടെ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും അവർക്ക് ഉപകാരപ്പെടുന്ന രൂപത്തിലാവാൻ അവൻ വഴിയൊരുക്കുകയുമില്ല.
(265) അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും, അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണെന്ന ഉറച്ച വിശ്വാസത്തോടെ ശാന്തമായ മനസ്സോടെ -സ്വേഛയോടെ- തങ്ങളുടെ സമ്പത്ത് ദാനം ചെയ്യുന്നവരുടെ ഉപമ ഒരു ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന, നല്ല മണ്ണുള്ള ഒരു പ്രദേശത്തെ തോട്ടത്തിൻ്റെ ഉപമയാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോൾ അത് അനേകം മടങ്ങ് കായ്കനികൾ നല്കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറൽ മഴയേ ലഭിച്ചുള്ളൂ എങ്കിൽ അതും മതിയാകുന്നതാണ്. കാരണം ആ ഭൂമി അത്ര നല്ലതാണ്. ഇതു പോലെയാണ് അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുന്നവരുടെ ദാനധർമ്മങ്ങൾ. അതെത്ര ചെറുതാണെങ്കിലും അല്ലാഹു അത് സ്വീകരിക്കുകയും, അതിൻ്റെ പ്രതിഫലം ഇരട്ടിപ്പിക്കുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. ആത്മാർത്ഥതയുള്ളവരുടെയും ലോകമാന്യമുള്ളവരുടെയും അവസ്ഥ അല്ലാഹുവിന് ഗോപ്യമാവുകയില്ല. ഓരോന്നിനും അർഹിക്കുന്ന പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നു.
(266) നിങ്ങളിൽ ഒരാൾക്ക് ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള ഒരു തോട്ടമുണ്ടെന്ന് കരുതുക. അവയുടെ ചാരെകൂടെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നു. എല്ലാതരം സമൃദ്ധമായ കായ്കനികളും അയാൾക്കതിലുണ്ട്. അങ്ങനെയിരിക്കെ അയാൾക്ക് വാർദ്ധക്യം ബാധിക്കുകയും, പണിയെടുക്കാനോ സമ്പാദിക്കാനോ കഴിയാത്തവിധം അയാൾ വൃദ്ധനാവുകയും ചെയ്തു. ജോലി ചെയ്യാൻ കഴിയാത്ത രണ്ട് ദുർബലരായ ചെറിയ കുട്ടികളാണ് അയാൾക്കുള്ളത്. അങ്ങനെ തീയോടു കൂടിയ ഒരു ചുഴലിക്കാറ്റ് അയാളുടെ തോട്ടത്തെ ബാധിക്കുകയും, അത് മുഴുവൻ കരിച്ചു കളയുകയും ചെയ്തു. അയാളാണെങ്കിൽ തൻ്റെ വാർദ്ധക്യവും മക്കളുടെ ദുർബലതയും കാരണം അതിന് ഏറ്റവും ആവശ്യമുള്ള അവസ്ഥയിലും. ഇത്തരം ഒരു സ്ഥിതിയിലാകാൻ നിങ്ങളാരെങ്കിലും ആഗ്രഹിക്കുമോ? ജനങ്ങളെ കാണിക്കാൻ വേണ്ടി ദാനം നൽകുന്നവൻ്റെ അവസ്ഥ ഇതുപോലെയാകുന്നു. നന്മകൾ ഏറ്റവും ആവശ്യമുള്ള ഖിയാമത്ത് നാളിൽ യാതൊരു നന്മയുമില്ലാതെയായിരിക്കും അയാൾ വരിക. നിങ്ങൾ ചിന്തിക്കുന്നതിനു വേണ്ടി ഇഹലോകത്തും പരലോകത്തും ഉപകാരപ്പെടുന്നവ അല്ലാഹു വിവരിച്ചുതരുന്നു.
(267) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ അനുവദനീയമായ നല്ല വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്ന് നിങ്ങൾക്ക് നാം ഉല്പാദിപ്പിച്ച് തന്നതിൽ നിന്നും നിങ്ങൾ ചെലവഴിക്കുവിൻ. നിങ്ങളുടെ സമ്പത്തിൽ വളരെ മോശമായത് ദാനം ചെയ്യാൻ വേണ്ടി നിങ്ങൾ തിരഞ്ഞെടുക്കരുത്; അവയെങ്ങാനും നിങ്ങൾക്ക് നൽകപ്പെട്ടിരുന്നെങ്കിൽ വളരെ മോശമായ വസ്തുവാണ് എന്നതിനാൽ തീർത്തും അനിഷ്ടത്തോടെയല്ലാതെ നിങ്ങളവ സ്വീകരിക്കുമായിരുന്നില്ല. അപ്പോൾ നിങ്ങൾ സ്വന്തത്തിന് തൃപ്തിപ്പെടാത്തത് അല്ലാഹുവിന് വേണ്ടി നിങ്ങൾ എങ്ങിനെയാണ് തൃപ്തിപ്പെടുക? അല്ലാഹു നിങ്ങളുടെ ദാനങ്ങൾ ആവശ്യമില്ലാത്ത സമ്പൂർണ്ണ ധന്യതയുള്ളവനും, തൻ്റെ അസ്തിത്വത്തിലും തൻ്റെ പ്രവർത്തനങ്ങളിലും അങ്ങേയറ്റം സ്തുത്യർഹനുമാകുന്നു എന്ന് നിങ്ങൾ അറിയുക!
(268) പിശാച് ദാരിദ്ര്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, പിശുക്ക് കാണിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നീചവൃത്തികളും പാപങ്ങളും പ്രവർത്തിക്കുന്നതിന് അവൻ നിങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ, നിങ്ങളുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു നൽകാമെന്നും, നിങ്ങൾക്ക് വിശാലമായ ഉപജീവനം നൽകാമെന്നും വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിശാലമായി ഔദാര്യം ചൊരിയുന്നവനും, തൻ്റെ ദാസന്മാരുടെ അവസ്ഥകൾ എല്ലാം അറിയുന്നവനുമാകുന്നു.
(269) അല്ലാഹു ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് ശരിയായ വാക്കുകളും, നേരായ പ്രവർത്തനങ്ങളും അവൻ നൽകുന്നതാണ്. ഏതൊരുവന്ന് അത് നല്കപ്പെട്ടുവോ, അവന്ന് ധാരാളം നന്മകൾ നല്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രകാശം കൊണ്ട് വഴിയിൽ വെളിച്ചമന്വേഷിക്കുകയും, അവൻ്റെ സന്മാർഗത്തിലേക്ക് വഴി തേടുകയും ചെയ്യുന്ന മഹാബുദ്ധിമാന്മാരല്ലാതെ അല്ലാഹുവിൻ്റെ ആയത്തുകളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയില്ല.
(270) അല്ലാഹുവിൻറെ പ്രീതി ആഗ്രഹിച്ച് ചെറുതോ വലുതോ ആയ എന്തെങ്കിലും നിങ്ങൾ ചെലവഴിക്കുകയോ, അല്ലാഹുവിന് വേണ്ടി -മതത്തിൽ നിർബന്ധമില്ലാത്ത- ഏതെങ്കിലും പുണ്യകർമ്മം ചെയ്യാമെന്ന് നിങ്ങൾ സ്വയം നിർബന്ധമാക്കുകയോ (നേർച്ച നേരുക) ചെയ്തുവെങ്കിൽ തീർച്ചയായും അല്ലാഹു അതെല്ലാം അറിയുന്നതാണ്. അതിൽ നിന്ന് ഒന്നും അവങ്കൽ പാഴായിപ്പോവുകയില്ല തന്നെ. അതിനവൻ മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും. തങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത് തടഞ്ഞു വെക്കുകയും, അല്ലാഹുവിൻറെ പരിധികൾ ലംഘിക്കുകയും ചെയ്യുന്ന അക്രമകാരികളിൽ നിന്ന് ഖിയാമത്ത് നാളിലെ ശിക്ഷ തടയുന്ന സഹായികളാരും അവർക്ക് ഉണ്ടായിരിക്കുന്നതല്ല.
(271) നിങ്ങൾ ചെയ്യുന്ന ദാനധർമ്മങ്ങൾ പരസ്യമാക്കുന്നെങ്കിൽ എത്ര നല്ലതാണ് ആ ദാനധർമ്മം! എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെങ്കിൽ അതാണ് ദാനം പരസ്യമാക്കുന്നതിനേക്കാൾ നിങ്ങൾക്ക് കൂടുതൽ ഉത്തമം; കാരണം അല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കുക എന്നതിനോട് കൂടുതൽ അടുത്തത് അതാകുന്നു. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി പ്രവർത്തിക്കുന്നവരുടെ ധർമ്മം അവരുടെ പല തിന്മകളെയും മറച്ചുവെക്കുകയും, അവ പൊറുത്തു നൽകപ്പെടാൻ കാരണമാവുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവനിൽ നിന്ന് ഗോപ്യമാവുന്നില്ല.
(272) നബിയേ, അവരെ സത്യം സ്വീകരിപ്പിക്കാനും അതിലേക്ക് കീഴൊതുക്കാനും അതിന് അവരെ നിർബന്ധിക്കാനും നീ ബാധ്യസ്ഥനല്ല. സത്യത്തിലേക്ക് വഴി കാണിച്ചു കൊടുക്കുകയും, അതവർക്ക് മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്നതാണ് നിൻ്റെ മേൽ ബാധ്യതയായിട്ടുള്ളത്. സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യവും, അതിലേക്കുള്ള സന്മാർഗവും അല്ലാഹുവിൻ്റെ കയ്യിലാകുന്നു. അവനുദ്ദേശിക്കുന്നവരെ അവൻ ഹിദായത്തിലാക്കുന്നു. നിങ്ങൾ എന്തൊരു നന്മ ചെലവഴിച്ചാലും അതിൻ്റെ പ്രയോജനം നിങ്ങൾക്ക് തന്നെയാണ്; കാരണം അല്ലാഹു അവയുടെ യാതൊരു ആവശ്യവുമില്ലാത്ത, സമ്പൂർണ്ണ ധന്യതയുള്ളവനാണ്. അതിനാൽ നിങ്ങളുടെ ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതാകട്ടെ. അല്ലാഹുവിൽ യഥാർത്ഥ വിശ്വാസമുള്ളവർ അവൻ്റെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ടല്ലാതെ ചിലവഴിക്കുകയില്ല. കുറച്ചോ ധാരാളമോ ആകട്ടെ, നിങ്ങൾ എന്തൊരു നല്ലത് ദാനം നൽകിയാലും അതിന്നുള്ള പ്രതിഫലം നിങ്ങൾക്ക് പൂർണ്ണമായി നല്കപ്പെടുന്നതാണ്. അല്ലാഹു ആരോടും അനീതി കാണിക്കുകയില്ല.
(273) അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഉപജീവനം തേടുന്നതിനായി യാത്ര ചെയ്യാൻ സാധിക്കാത്ത ദരിദ്രന്മാർക്ക് നിങ്ങളുടെ ദാനങ്ങൾ നൽകുക. അവരുടെ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവർ അവർ ധനികരാണെന്ന് ധരിച്ചേക്കും; കാരണം (ജനങ്ങളോട്) ചോദിക്കാൻ അവർ മടികാണിക്കുന്നവരാണ്. എന്നാൽ അടയാളങ്ങളിൽ നിന്ന് അവരെ നോക്കുന്നവർക്ക് അവരെ മനസ്സിലാക്കാൻ സാധിക്കും; ആവശ്യകാര്യങ്ങളിലുള്ള കുറവുകൾ അവരുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടെത്താൻ കഴിയും. മറ്റ് ദരിദ്രരെപോലെ ജനങ്ങളോട് ചോദിച്ച് മുഷിപ്പിക്കുന്നവരല്ല അവർ എന്നത് അവരുടെ സവിശേഷതയാണ്. സമ്പത്തോ മറ്റോ ആയി എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്. അതിനവൻ ഏറ്റവും മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.
(274) ലോകമാന്യതയോ പ്രശസ്തിയോ ആഗ്രഹിക്കാതെ രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണ്. വരാനിരിക്കുന്നതിനെക്കുറിച്ച് അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹലോകത്ത് നഷ്ടപ്പെട്ടതിനെക്കുറിച്ച് അവർ ദുഃഖിക്കേണ്ടി വരികയുമില്ല. അല്ലാഹുവിങ്കൽ നിന്നുള്ള ഔദാര്യവും അനുഗ്രഹവുമത്രെ അത്.
(275) പലിശ ഇടപാട് നടത്തുകയും, പലിശ വാങ്ങുകയും ചെയ്യുന്നവർ ഖിയാമത്ത് നാളിൽ തങ്ങളുടെ ഖബറുകളിൽ നിന്ന് പിശാച് ബാധിച്ചവനെ പോലെയല്ലാതെ എഴുന്നേൽക്കുകയില്ല. ഭ്രാന്ത് ബാധിച്ചവൻ നിൽക്കുകയും മറിഞ്ഞു വീഴുകയും ചെയ്യുന്നത് പോലെ മറിഞ്ഞു വീണുകൊണ്ടായിരിക്കും അവർ തൻ്റെ ഖബറുകളിൽ നിന്ന് എഴുന്നേൽക്കുക. പലിശ ഭക്ഷിക്കുന്നത് അനുവദനീയമാണ് എന്ന് അവർ പറഞ്ഞതിനാലത്രെ അത്. പലിശയും, അല്ലാഹു അനുവദിച്ച കച്ചവടത്തിലൂടെയുള്ള സമ്പാദ്യവും തമ്മിൽ യാതൊരു വ്യത്യാസവും അവർ കണ്ടില്ല. കച്ചവടം പലിശ പോലെ അനുവദനീയം തന്നെയാണെന്ന് അവർ പറഞ്ഞു. രണ്ടും സമ്പത്ത് വർദ്ധിക്കാനും അതിൽ സമൃദ്ധി ലഭിക്കാനുമുള്ള കാരണമാണെന്നായിരുന്നു അവരുടെ വാദം. അല്ലാഹു അവരുടെ വാദത്തിന് മറുപടി നൽകുകയും, അവരുടെ ഈ താരതമ്യത്തിൻ്റെ നിരർത്ഥകത വ്യക്തമാക്കുകയും, അവർ കളവു പറയുകയാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. കച്ചവടം അല്ലാഹു അനുവദിച്ചത് അതിൽ വൈയക്തികവും സാമൂഹികവുമായ പ്രയോജനങ്ങൾ ഉള്ളതിനാലാണെന്നും, പലിശ നിരോധിച്ചത് അതിൽ അതിക്രമവും, ജനങ്ങളുടെ സ്വത്ത് അന്യായമായി -മറ്റൊന്നിന് പകരമായല്ലാതെ- ഭക്ഷിക്കുക എന്ന അനീതി ഉള്ളതിനാലാണെന്നും അല്ലാഹു വിവരിക്കുന്നു. പലിശയിൽ നിന്ന് വിലക്കുകയും, അതിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുന്ന തൻ്റെ രക്ഷിതാവിൻ്റെ സദുപദേശം ആർക്കെങ്കിലും വന്നെത്തുകയും, അവൻ പലിശ അവസാനിപ്പിക്കുകയും, അതിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ മുൻപ് അവൻ നേരത്തെ സ്വീകരിച്ച പലിശ അവന് എടുക്കാവുന്നതാണ്. ഇനി ഭാവിയിലേക്കുള്ള അവൻ്റെ കാര്യം അല്ലാഹുവിൻ്റെ അടുക്കലാകുന്നു. പലിശ നിരോധിച്ചു കൊണ്ടുള്ള അല്ലാഹുവിൻ്റെ വിലക്ക് തനിക്ക് വന്നെത്തുകയും, അവൻ്റെ മേൽ തെളിവ് സ്ഥാപിക്കപ്പെടുകയും ചെയ്തതിന് ശേഷം ആരെങ്കിലും അതിലേക്ക് തിരിച്ചു പോവുകയാണെങ്കിൽ അവൻ നരകത്തിൽ പ്രവേശിക്കാനും അതിൽ ശാശ്വതവാസം നയിക്കാനും അർഹനായിരിക്കുന്നു. ശ്രദ്ധിക്കുക; ആയത്തിൽ പരാമർശിക്കപ്പെട്ട ശാശ്വതനരകവാസം പലിശ അനുവദീയമാണെന്ന് വിശ്വസിക്കുന്നവർക്കാണ്. അതുമല്ലെങ്കിൽ ദീർഘകാലം നരകത്തിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്നതാണ് ആ പ്രയോഗത്തിൻ്റെ ഉദ്ദേശം. കാരണം ശാശ്വതനരകവാസമെന്നത് അല്ലാഹുവിനെ നിഷേധിച്ച കാഫിറുകൾക്കല്ലാതെ ഉണ്ടാകുന്നതല്ല. അല്ലാഹുവിനെ ഏകനാക്കുന്ന (മുസ്ലിമീങ്ങൾ) നരകത്തിൽ ശാശ്വതരാകുന്നതല്ല.
(276) പലിശയിലൂടെയുള്ള സമ്പത്തിനെ അല്ലാഹു നശിപ്പിക്കുകയും, അതിനെ അവൻ ഇല്ലാതെയാക്കുകയും ചെയ്യുന്നു. ഒന്നല്ലെങ്കിൽ കണ്ടറിയാവുന്ന രൂപത്തിൽ തന്നെ അത് അവൻ നശിപ്പിച്ചു കളയുകയോ മറ്റോ ചെയ്യും. അതുമല്ലെങ്കിൽ അതിലുള്ള സമൃദ്ധി അവൻ എടുത്തു കളയും. എന്നാൽ ദാന ധർമ്മങ്ങളെ അവൻ വർദ്ധിപ്പിക്കുകയും, അവയുടെ പ്രതിഫലം പതിന്മടങ്ങാക്കി കൊണ്ട് അവയെ വളർത്തുകയും ചെയ്യുന്നു. ഒരു നന്മക്ക് പത്തിരട്ടി മുതൽ എഴുനൂറ് ഇരട്ടിയോളവും അതിലും അനേകം മടങ്ങുകളുമായും പ്രതിഫലം നൽകപ്പെടുന്നതാണ്. ദാനധർമ്മികളുടെ സമ്പത്തിൽ അവൻ അനുഗ്രഹം ചൊരിയുന്നു. അല്ലാഹുവിനോട് അങ്ങേയറ്റം എതിരുനിൽക്കുകയും, അവൻ നിഷിദ്ധമാക്കിയതിനെ അനുവദനീയമാക്കുകയും ചെയ്യുന്ന സർവ്വ നിഷേധികളെയും, തിന്മകളിലും പാപങ്ങളിലും അവസാനമില്ലാതെ തുടരുന്ന മഹാപാപികളെയും അവൻ ഇഷ്ടപ്പെടുന്നില്ല.
(277) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും, സൽക്കർങ്ങൾ പ്രവർത്തിക്കുകയും, നിസ്കാരം അല്ലാഹു നിയമമാക്കിയ പ്രകാരം പൂർണ്ണമായി നിർവ്വഹിക്കുകയും, സകാത് അതിന് അർഹരായവർക്ക് കൊടുക്കുകയും ചെയ്യുന്നവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കുന്നതാണ്. തങ്ങളുടെ കാര്യത്തിൽ ഭാവിയിൽ എന്തു സംഭവിക്കുമെന്നതിനെ കുറിച്ച് അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. ഇഹലോകത്ത് നഷ്ടപ്പെട്ടുപോയ അനുഗ്രഹങ്ങളെ സംബന്ധിച്ച് അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല.
(278) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ അല്ലാഹുവെ -അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും- സൂക്ഷിക്കുക! ജനങ്ങളിൽ നിന്ന് പലിശവകയിൽ ബാക്കി കിട്ടാനുള്ളത് നിങ്ങൾ വിട്ടുകളയുകയും ചെയ്യുക. നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിൽ വിശ്വസിക്കുകയും പലിശ അവൻ നിഷിദ്ധമാക്കിയിട്ടുണ്ടെന്ന് അംഗീകരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ (അപ്രകാരം ചെയ്യുക).
(279) നിങ്ങളോട് കൽപിക്കപ്പെട്ടത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻറെയും റസൂലിൻറെയും പക്ഷത്തു നിന്നുള്ള യുദ്ധവിളംബരത്തെ കുറിച്ച് നിങ്ങൾ അറിയുകയും, അക്കാര്യം നിങ്ങൾ ഉറപ്പിക്കുകയും ചെയ്തുകൊള്ളുക. നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും പലിശ ഉപേക്ഷിക്കുകയുമാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്ക് തന്നെ കിട്ടുന്നതാണ്. മൂലധനത്തെക്കാൾ അധികം (പലിശയായി) വാങ്ങിക്കൊണ്ട് നിങ്ങൾ ആരോടും അക്രമം ചെയ്യരുത്. മൂലധനത്തിൽ കുറവ് വരുത്തിക്കൊണ്ട് നിങ്ങളോടും അതിക്രമം ചെയ്യപ്പെടുന്നതല്ല.
(280) കടം വാങ്ങിയവൻ കടംവീട്ടാൻ കഴിയാത്ത ഞെരുക്കത്തിലാണെങ്കിൽ അവന്ന് കടം വീട്ടാൻ കഴിയുംവിധം പണം സ്വരൂപിക്കാൻ സൗകര്യം കിട്ടുന്നത് വരെ അവന് ഇടകൊടുക്കേണ്ടതാണ്. എന്നാൽ നിങ്ങൾ അവൻ്റെ മേലുള്ള ബാധ്യത ദാനമായി വിട്ടു കൊടുക്കുകയോ, അതിൽ നിന്ന് ചിലതെങ്കിലും ഒഴിവാക്കി കൊടുക്കുകയോ ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഉത്തമം; അങ്ങനെ ചെയ്യുന്നതിന് അല്ലാഹുവിങ്കലുള്ള മഹത്വം എത്ര വലുതാണെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ!
(281) നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുകയും അവൻറെ മുമ്പിൽ നിൽക്കുകയും ചെയ്യുന്ന ഒരു ദിവസത്തെ നിങ്ങൾ ഭയപ്പെടുക. എന്നിട്ട് ഓരോരുത്തർക്കും അവരവർ പ്രവർത്തിച്ചതിൻറെ ഫലം പൂർണ്ണമായി നൽകപ്പെടുന്നതാണ്; നന്മയാണെങ്കിൽ നന്മയും തിന്മയാണെങ്കിൽ തിന്മയും. അവരുടെ നന്മകളുടെ പ്രതിഫലത്തിൽ കുറവു വരുത്തിക്കൊണ്ടോ, തിന്മകളുടെ ശിക്ഷ വർദ്ധിപ്പിച്ചു കൊണ്ടോ അവരോട് (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.
(282) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്ത സത്യവിശ്വാസികളേ! നിങ്ങൾ ഒരു നിശ്ചിത കാലാവധി വരേക്കുമായി കടമിടപാട് നടത്തുകയാണെങ്കിൽ -അതായത് നിങ്ങൾ പരസ്പരം കടം നൽകുകയാണെങ്കിൽ- ആ കടം നിങ്ങൾ എഴുതി വെക്കുക. ഇസ്ലാമിക നിയമങ്ങളോട് യോജിച്ചു കൊണ്ട്, നീതിയും സത്യവും പാലിച്ചു കൊണ്ട് ഒരു എഴുത്തുകാരൻ അത് നിങ്ങൾക്കിടയിൽ രേഖപ്പെടുത്തി വെക്കട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം നീതിയോടെ എഴുതാൻ വിസമ്മതിക്കരുത്. കടബാധ്യതയുള്ളവൻ പറഞ്ഞുകൊടുക്കുന്ന വാചകം അവൻ എഴുതട്ടെ. (കടബാധ്യതയുള്ളവൻ തന്നെ പറഞ്ഞു കൊടുക്കുന്നതോടെ) തൻ്റെ മേൽ കടമുണ്ടെന്ന കാര്യം അവൻ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അവൻ തൻറെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. കടത്തിൻറെ പരിധിയോ, ഇനമോ, രൂപമോ അവൻ കുറവ് വരുത്തരുത്. ഇനി കടബാധ്യതയുള്ള ആൾ സാമ്പത്തിക ക്രയവിക്രയം ചെയ്യാൻ അറിയാത്തവനോ, പ്രായക്കുറവോ ബുദ്ധിയില്ലായ്മയോ കാരണത്താൽ ദുർബലതയുള്ളവനോ, ബധിരത കാരണത്താൽ കടവാചകം പറഞ്ഞു കൊടുക്കാൻ കഴിയാത്തവനോ ആണെങ്കിൽ അയാളുടെ രക്ഷാധികാരി അയാൾക്ക് വേണ്ടി നീതിപൂർവ്വം വാചകം പറഞ്ഞു കൊടുക്കേണ്ടതാണ്. നീതിമാന്മാരും ബുദ്ധിയുള്ളവരുമായ രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷികളായി അന്വേഷിക്കുകയും ചെയ്യുക. ഇനി രണ്ട് പുരുഷന്മാരെ സാക്ഷിയായി ലഭിച്ചില്ലെങ്കിൽ നിങ്ങൾക്ക് തൃപ്തികരമായ മതനിഷ്ഠയും വിശ്വസ്തതയുമുള്ള ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയും നിങ്ങൾ സാക്ഷികളാക്കുക. (സ്ത്രീകൾ രണ്ട് പേർ വേണമെന്നു പറഞ്ഞത്) അവരിൽ ഒരുവൾക്ക് തെറ്റ് പറ്റിയാൽ മറ്റവൾ അവളെ ഓർമിപ്പിക്കാൻ വേണ്ടിയാണ്. കടമിടപാടിൻ്റെ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടാൽ സാക്ഷികൾ അതിൽ നിന്ന് വിട്ടുനിൽക്കരുത്. വിളിക്കപ്പെട്ടാൽ തങ്ങളുടെ സാക്ഷ്യം പറയുക എന്നത് അവരുടെ മേൽ നിർബന്ധമാകുന്നു. ഇടപാട് ചെറുതായാലും വലുതായാലും അതിൻറെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കുന്നതിൽ നിങ്ങൾക്ക് മടുപ്പ് തോന്നരുത്. കടം എഴുതിവെക്കുക എന്നതാണ് അല്ലാഹുവിൻ്റെ ദീനിൽ ഏറ്റവും നീതിപൂർവ്വകമായതും, സാക്ഷ്യം തെളിയിക്കാനും പൂർണ്ണമായി ബോധ്യപ്പെടുത്താനും ഏറ്റവും സഹായകമായുള്ളതും. കടത്തിൻറെ രൂപത്തിലും അവയുടെ കണക്കിലും കാലാവധിയിലും നിങ്ങൾക്ക് സംശയം ജനിക്കാതിരിക്കാൻ കൂടുതൽ അനുയോജ്യമായിട്ടുള്ളതും അതു തന്നെ. എന്നാൽ നിങ്ങൾ അന്യോന്യം നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകൾ -കച്ചവട വസ്തുവും, അതിൻ്റെ വിലയും ഒരേ സമയം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിൽ- ഇതിൽ നിന്നൊഴിവാകുന്നു. ഇത്തരം സന്ദർഭങ്ങളിൽ ക്രയവിക്രയം എഴുതിവെക്കേണ്ട ആവശ്യമില്ല എന്നതിനാൽ എഴുത്ത് ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. എന്നാൽ പിന്നീട് തർക്കങ്ങൾ ഉടലെടുക്കാതിരിക്കാൻ (കച്ചവടത്തിൽ) സാക്ഷികളെ നിർത്തുകയാവാം. എഴുത്തുകാരോ സാക്ഷികളോ ദ്രോഹിക്കപ്പെടാൻ പാടില്ല. അവരുടെ രേഖയോ സാക്ഷ്യമോ ആവശ്യപ്പെടുന്നവരെ പ്രയാസപ്പെടുത്താൻ അവർക്കും പാടില്ല. നിങ്ങൾ ഉപദ്രവം ചെയ്യുകയാണെങ്കിൽ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിരോധങ്ങൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവെ ഭയക്കുക. ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് നന്മയുള്ളത് അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. ഒന്നും അവന് ഗോപ്യമാവുകയില്ല തന്നെ.
(283) ഇനി നിങ്ങൾ യാത്രയിലാവുകയും കടത്തിൻറെ രേഖ എഴുതിവെക്കാൻ ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ കടം വാങ്ങുന്നവൻ കടം നൽകുന്നവന് പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി. കടം നൽകാനുള്ളവൻ അത് തിരിച്ചുനൽകുന്നത് വരെ അതവന് ഈടായി വെക്കാം. ഇനി നിങ്ങൾക്ക് പരസ്പരം ഉറപ്പുണ്ട് എങ്കിൽ കടം എഴുതുകയോ, കടം നൽകിയതിന് സാക്ഷി നിർത്തുകയോ, പണയവസ്തു വാങ്ങുകയോ ചെയ്യണമെന്ന നിർബന്ധമില്ല. കടം വാങ്ങിയവനെ സംബന്ധിച്ചിടത്തോളം കടം നൽകിയവനോടുള്ള ബാധ്യതയും ഉത്തരവാദിത്തവുമാണ് ഈ ഇടപാട്. അത് തിരിച്ചു നൽകുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. തൻ്റെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യത്തിൽ അവൻ അല്ലാഹുവിനെ സൂക്ഷിക്കുകയും, തൻ്റെ മേലുള്ള കടത്തിൽ ഒരു ഭാഗവും അവൻ നിഷേധിക്കുകയുമരുത്. കടം വാങ്ങിയവൻ അക്കാര്യം നിഷേധിക്കുകയാണ് എങ്കിൽ ഈ ഇടപാടിന് സാക്ഷിയായവൻ തൻ്റെ സാക്ഷ്യം നിറവേറ്റണം. അത് മറച്ചു വെക്കുക എന്നത് അവന് അനുവദനീയമല്ല. ആരെങ്കിലും തൻ്റെ സാക്ഷ്യം മറച്ചു വെക്കുന്നു എങ്കിൽ അവൻ്റെ ഹൃദയം ഒരു അധർമ്മിയുടെ ഹൃദയം തന്നെ. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി അറിയുന്നവനാകുന്നു. അവന് ഒന്നും ഗോപ്യമാകുന്നില്ല തന്നെ. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതാണ്.
(284) ആകാശഭൂമികൾ സർവ്വവും അല്ലാഹുവിൻ്റേതാകുന്നു; അവയെ സൃഷ്ടിച്ചതും അവയെ ഉടമപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവൻ മാത്രമാണ്. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അത് അല്ലാഹു അറിയും. അതിൻറെ പേരിൽ അവൻ നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക് അവൻറെ കാരുണ്യവും അനുഗ്രഹവും കൊണ്ട് പൊറുത്തു കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻറെ നീതിയുടെയും യുക്തിയുടെയും ഭാഗമായി ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
(285) തൻറെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബി (സ) വിശ്വസിച്ചിരിക്കുന്നു. (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരും അവയിലെല്ലാം വിശ്വസിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും, അവൻറെ മുഴുവൻ മലക്കുകളിലും, അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും, അവൻ അയച്ച അവൻറെ എല്ലാ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് അവർ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ പറഞ്ഞു: (അല്ലാഹുവേ!) നീ ഞങ്ങളോട് കൽപ്പിച്ചതും വിരോധിച്ചതും ഞങ്ങളിതാ കേട്ടിരിക്കുന്നു. നീ കൽപ്പിച്ചത് പ്രവർത്തിച്ചു കൊണ്ടും, നീ വിരോധിച്ചത് വെടിഞ്ഞു കൊണ്ടും ഞങ്ങൾ നിന്നെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് നീ പൊറുക്കേണമേ. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ അഭയം നിന്നിലേക്ക് മാത്രമാകുന്നു.
(286) അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാത്ത പ്രവർത്തനങ്ങൾ ചെയ്യാൻ നിർബന്ധിക്കുകയില്ല. അല്ലാഹുവിൻറെ ദീൻ നിലകൊള്ളുന്നത് എളുപ്പത്തിന്മേലാണ്. അതിൽ യാതൊരു പ്രയാസവുമില്ല. ആര് നന്മ പ്രവർത്തിച്ചാലും അവൻ പ്രവർത്തിച്ചതിൻറെ പ്രതിഫലം ഒരു കുറവുമില്ലാതെ അവനുതന്നെയാകുന്നു. ആര് തിന്മ പ്രവർത്തിച്ചാലും ഒരു കുറവുമില്ലാതെ അതിൻറെ ശിക്ഷയും അവൻ്റെ മേൽ തന്നെയാകുന്നു. മറ്റാരും അതേറ്റെടുക്കുകയില്ല തന്നെ. അല്ലാഹുവിൻ്റെ റസൂലും (അല്ലാഹുവിൽ) വിശ്വസിച്ചവരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങളുടെ ഉദ്ദേശത്തോടെയല്ലാതെ വാക്കുകളിലോ പ്രവർത്തിയിലോ ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ റബ്ബേ! അതിക്രമം പ്രവർത്തിച്ച യഹൂദരെ ശിക്ഷിച്ചു കൊണ്ട് അവർക്ക് മേൽ ചുമത്തിയതു പോലുള്ള ഭാരങ്ങൾ ഞങ്ങൾക്ക് മേൽ നീ ചുമത്തരുതേ! ഞങ്ങളുടെ റബ്ബേ! ഞങ്ങൾക്ക് കഴിവില്ലാത്ത കൽപനകളും വിരോധങ്ങളും ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ നീ മാപ്പാക്കുകയും, ഞങ്ങൾക്ക് പൊറുത്തു തരികയും, നിൻറെ ഔദാര്യത്താൽ ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരിയും ഞങ്ങളുടെ സഹായിയും. അതുകൊണ്ട് നിന്നെ നിഷേധിച്ച ജനങ്ങൾക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ.