37 - As-Saaffaat ()

|

(1) അല്ലാഹുവിനെ ആരാധിക്കുമ്പോൾ അടുത്തടുത്തായി ചേർന്നു അണി നിൽക്കുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(2) മേഘങ്ങളെ ശക്തിയായി തെളിക്കുകയും, അല്ലാഹു മഴ പെയ്യണമെന്ന് ഉദ്ദേശിച്ചിടത്തേക്ക് അതിനെ നയിക്കുകയും ചെയ്യുന്ന മലക്കുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) അല്ലാഹുവിൻറെ വചനം പാരായണം ചെയ്യുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.

(4) അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ യഥാർഥ ആരാധ്യൻ ഒരുവൻ മാത്രമാകുന്നു; അല്ലാഹുവാണവൻ. അവന് യാതൊരു പങ്കുകാരുമില്ല.

(5) ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെ രക്ഷിതാവും, വർഷം മുഴുവൻ (ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന) ഉദയാസ്തമയ സ്ഥാനങ്ങളിലെ സൂര്യൻ്റെ രക്ഷിതാവും.

(6) ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തെ മനോഹരമായ നക്ഷത്രാലങ്കാരം കൊണ്ട് നാം മോടി പിടിപ്പിച്ചിരിക്കുന്നു. അവ കാണുവാൻ തിളങ്ങുന്ന വജ്രങ്ങൾ പോലുണ്ട്.

(7) ഭൂമിയോട് അടുത്ത ആകാശത്തെ നാം നക്ഷത്രങ്ങളെ കൊണ്ട് കടുത്ത ധിക്കാരികളായ പിശാചുക്കളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവർ ഈ നക്ഷത്രങ്ങൾ കൊണ്ട് എറിയപ്പെടുന്നതാണ്.

(8) അല്ലാഹു മലക്കുകൾക്ക് അറിയിച്ചു കൊടുത്ത അവൻറെ മതനിയമങ്ങളെയോ പ്രപഞ്ചത്തിലെ തീരുമാനങ്ങളെയോ കുറിച്ച് അവർ ആകാശലോകത്ത് സംസാരിക്കുന്നത് ഈ പിശാചുക്കൾക്ക് കട്ടുകേൾക്കാനാവില്ല. (അതിന് ശ്രമിച്ചാൽ) നാനാഭാഗത്തു നിന്നും തീജ്വാലകൾ കൊണ്ട് അവർ എറിയപ്പെടുന്നതാണ്.

(9) (മലക്കുകളുടെ സംസാരം) കട്ടുകേൾക്കുന്നതിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടും അകറ്റപ്പെട്ടും (അവർ എറിയപ്പെടും). പരലോകത്താകട്ടെ, അവർക്ക് ഒരിക്കലും അവസാനിക്കാത്ത വേദനാജനകമായ ശിക്ഷയുമുണ്ട്.

(10) പിശാചുക്കളിൽ നിന്ന് എന്തെങ്കിലും (വാക്ക്) റാഞ്ചിയെടുത്തവരൊഴികെ. ഭൂമിയിലുള്ളവർക്ക് ഇതു വരെ അറിവ് ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും കാര്യത്തിൽ മലക്കുകൾക്കിടയിൽ നടക്കുന്ന സംസാരത്തിൽ നിന്നും, ചർച്ചയിൽ നിന്നും (പിശാചുക്കൾ കട്ടുകേൾക്കവെ) ലഭിക്കുന്നതാണ് ഈ വാക്ക്. അപ്പോൾ പ്രകാശിക്കുന്ന ഒരു തീജ്വാല അവനെ (പിശാചിനെ) പിന്തുടരുകയും കരിച്ചു കളയുകയും ചെയ്യുന്നതാണ്. ചിലപ്പോൾ തീജ്വാല പിടികൂടുന്നതിന് മുൻപ് അവനത് തൻ്റെ സുഹൃത്തുക്കളായ പിശാചുക്കൾക്ക് എത്തിച്ചു കൊടുക്കുകയും, അവരത് ജോത്സ്യന്മാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തേക്കാം. അവരാകട്ടെ, ലഭിച്ച ആ വാക്കിനോടൊപ്പം ഒരു നൂറ് കളവുകൾ കൂടി ചേർക്കും.

(11) ഓ മുഹമ്മദ്! പുനരുത്ഥാനത്തെ നിഷേധിക്കുന്ന കാഫിറുകളോട് ചോദിക്കുക: നാം സൃഷ്ടിച്ച ആകാശഭൂമികളെക്കാളും മലക്കുകളെക്കാളുമെല്ലാം കടുപ്പമുള്ള സൃഷ്ടിപ്പും, ശക്തമായ പ്രകൃതിയും, വലിയ അവയവങ്ങളുമുള്ളത് അവർക്കാണോ?! തീർച്ചയായും അവരെ (മനുഷ്യർ) നാം ഒട്ടുന്ന കളിമണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അങ്ങനെയിരിക്കെ ദുർബലമായ ഒരു സൃഷ്ടിയിൽ നിന്ന് -ഒട്ടുന്ന കളിമണ്ണിൽ നിന്ന്- സൃഷ്ടിക്കപ്പെട്ട ഇവർ എങ്ങനെയാണ് പുനരുത്ഥാനത്തെ നിഷേധിക്കുക?!

(12) ഹേ മുഹമ്മദ്! താങ്കൾ അല്ലാഹുവിൻ്റെ ശക്തിയിലും സൃഷ്ടികളുടെ കാര്യങ്ങളിലുള്ള അവൻ്റെ നിയന്ത്രണത്തിലും അത്ഭുതപ്പെടുന്നു. ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിക്കുന്നതിൽ അത്ഭുതം കൂറുന്നു. എന്നാൽ ഈ ബഹുദൈവാരാധകരാകട്ടെ, അവർ തങ്ങളുടെ കടുത്ത നിഷേധം കാരണത്താൽ താങ്കൾ പുനരുത്ഥാനത്തെ കുറിച്ച് പറയുന്നതിനെ പരിഹസിച്ചു തള്ളുകയും ചെയ്യുന്നു.

(13) എന്തെങ്കിലും ഉപദേശങ്ങൾ ഈ ബഹുദൈവാരാധകർക്ക് നൽകപ്പെട്ടാലാകട്ടെ; അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയോ അതിൽ നിന്ന് ഉപകാരമെടുക്കുകയോ ചെയ്യുന്നില്ല. അവരുടെ ഹൃദയകാഠിന്യമാണതിന് കാരണം.

(14) നബി -ﷺ- യുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഏതൊരു ദൃഷ്ടാന്തം ദർശിച്ചാലും അവരതിനെ അങ്ങേയറ്റം പരിഹസിക്കുകയും, അതിൽ ആശ്ചര്യം കൂറുകയും ചെയ്യുന്നു.

(15) അവർ പറയും: മുഹമ്മദ് -ﷺ- ഈ കൊണ്ടു വന്നിരിക്കുന്നത് വ്യക്തമായ മാരണമല്ലാതെ മറ്റൊന്നുമല്ല.

(16) നാം മരിക്കുകയും മണ്ണും നുരുമ്പി ചിതറിയ എല്ലുകളായിത്തീരുകയും ചെയ്ത ശേഷം നാം ജീവനുള്ളവരായി പുനരുജ്ജീവിപ്പിക്കപ്പെടുകയോ?! തീർച്ചയായും അത് അസംഭവ്യം തന്നെ.

(17) നമുക്ക് മുൻപ് മരണപ്പെട്ടു പോയ നമ്മുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!

(18) ഹേ മുഹമ്മദ്! അവർക്ക് മറുപടിയായി പറയുക: അതെ! മണ്ണും നുരുമ്പിയ എല്ലുകളുമായി തീർന്നതിന് ശേഷം നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടും. നിങ്ങളുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടും. നിന്ദ്യരും അപമാനിതരുമായി നിങ്ങളെല്ലാം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്!

(19) എന്നാൽ അത് കാഹളത്തിലുള്ള ഒരു ഊത്ത് മാത്രമായിരിക്കും. അപ്പോൾ അവരെല്ലാമതാ പരലോകദിനത്തിൻ്റെ ഭയാനതകൾ നോക്കി,എന്താണ് അല്ലാഹു തങ്ങളെ ചെയ്യാൻ പോകുന്നതെന്ന് കാത്തു നിൽക്കുന്നു. കാഹളത്തിൽ രണ്ടാമത് ഊതപ്പെടുന്ന വേളയാണ് അത്.

(20) പുനരുത്ഥാനത്തെ നിഷേധിക്കുന്ന ബഹുദൈവാരാധകർ പറയും: നമ്മുടെ നാശമേ! ഇതാണല്ലോ അല്ലാഹു തൻ്റെ അടിമകൾക്ക് അവർ ഇഹലോക ജീവിതത്തിൽ ചെയ്തു വെച്ചതിനുള്ള പ്രതിഫലം നൽകുന്ന പ്രതിഫലദിനം (യൗമുദ്ദീൻ).

(21) അപ്പോൾ അവരോട് പറയപ്പെടും: ഇതാകുന്നു അല്ലാഹുവിൻ്റെ അടിമകൾക്കിടയിൽ വിധി പ്രസ്താവിക്കപ്പെടുന്ന ദിനം. ഇതിനെയാണ് ഇഹലോകത്തായിരിക്കെ നിങ്ങൾ നിഷേധിക്കുകയും കളവാക്കുകയും ചെയ്തു കൊണ്ടിരുന്നത്!

(22) അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.

(23) അന്നേ ദിവസം മലക്കുകളോട് പറയപ്പെടും: അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർത്തു കൊണ്ട് അതിക്രമം പ്രവർത്തിച്ച ബഹുദൈവാരാധകരെയും, ശിർക്കിൻ്റെ കാര്യത്തിൽ അവരോട് സാദൃശ്യം പുലർത്തിയവരെയും, നിഷേധത്തിൽ അവരെ പിൻപറ്റിയവരെയും, അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന വിഗ്രഹങ്ങളെയും നിങ്ങൾ ഒരുമിച്ചു കൂട്ടുക. എന്നിട്ട് അവർക്ക് നരകത്തിലേക്കുള്ള വഴി അറിയിച്ചു കൊടുക്കുകയും, അതിലേക്ക് വഴികാട്ടുകയും, അവിടേക്ക് ആട്ടിത്തെളിക്കുകയും ചെയ്യുക. അതാകുന്നു അവരുടെ സങ്കേതം.

(24) നരകത്തിൽ അവരെ പ്രവേശിപ്പിക്കുന്നതിന് മുൻപ് വിചാരണക്കായി അവരെ പിടിച്ചു നിർത്തുക. അവർ (ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ) ചോദ്യം ചെയ്യപ്പെടുന്നവരാണ്. അതിന് ശേഷം അവരെ നരകത്തിലേക്ക് ആട്ടിത്തെളിച്ചേക്കുക.

(25) ആക്ഷേപസ്വരത്തിൽ അവരോട് പറയപ്പെടും: എന്താണ് നിങ്ങളുടെ അവസ്ഥ?! ഇഹലോകത്ത് പരസ്പരം സഹായിച്ചിരുന്നതു പോലെ ഇവിടെയെന്തേ നിങ്ങൾ പരസ്പരം സഹായിക്കാത്തത്?! നിങ്ങളുടെ വിഗ്രഹങ്ങൾ നിങ്ങളെ സഹായിക്കുമെന്നല്ലേ നിങ്ങൾ ജൽപ്പിച്ചു കൊണ്ടിരുന്നത്?!

(26) അല്ല! അന്നേ ദിവസം അവർ അല്ലാഹുവിൻ്റെ കൽപ്പനക്ക് അങ്ങേയറ്റം താഴ്മയോടെ കീഴൊതുങ്ങിയവരായിരിക്കും. അവർ പരസ്പരം സഹായിക്കുകയില്ല; അവർക്കതിന് കഴിയുകയില്ല. ഒരു ഉപായവും അവർ കണ്ടെത്തുകയുമില്ല.

(27) പരസ്പരം ആക്ഷേപിച്ചും തർക്കിച്ചും അവരിൽ ചിലർ മറ്റു ചിലർക്കെതിരെ തിരിയും. പക്ഷേ ആ സമയം ആക്ഷേപമോ തർക്കമോ യാതൊരു ഉപകാരവും ചെയ്യുകയില്ല.

(28) അനുയായികളായിരുന്നവർ അവരുടെ നേതാക്കന്മാരോട് പറയും: ഹേ പ്രമാണിമാരേ! മതത്തിൻ്റെയും സത്യത്തിൻ്റെയും പേരു പറഞ്ഞ് നിങ്ങൾ ഞങ്ങളുടെ അരികിൽ വരികയും, അല്ലാഹുവിനെ നിഷേധിക്കലും അവനിൽ പങ്കു ചേർക്കലും തിന്മകൾ പ്രവർത്തിക്കലും ഞങ്ങൾക്ക് ഭംഗിയുള്ളതാക്കി തോന്നിപ്പിച്ചു തരികയും, അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്ന സത്യത്തിൽ നിന്ന് ഞങ്ങളെ അകറ്റുകയുമായിരുന്നു.

(29) നേതാക്കൾ അനുയായികളായിരുന്നവരോട് പറയും: നിങ്ങൾ വാദിക്കുന്നതു പോലെയല്ല കാര്യം! മറിച്ച് നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നവർ തന്നെയായിരുന്നു. നിങ്ങളൊരിക്കലും (അല്ലാഹുവിൽ മാത്രം) വിശ്വസിക്കുന്നവരായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിൽ വിശ്വസിക്കുന്നതിനെ) തള്ളിപ്പറയുന്നവർ തന്നെയായിരുന്നു.

(30) അല്ലയോ അനുയായികളേ! നിങ്ങളെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരും, (അവനുള്ള ആരാധനയിൽ) പങ്കുചേർക്കുന്നവരും, തിന്മകൾ ചെയ്തു കൂട്ടുന്നവരുമാക്കാൻ മാത്രം ഞങ്ങൾക്ക് നിങ്ങളുടെ മേൽ അധീശത്വമോ, അധികാരമോ ഉണ്ടായിരുന്നില്ല. മറിച്ച്, നിങ്ങൾ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും വഴികേടിലും വളരെ അതിരു കവിഞ്ഞ ഒരു ജനത തന്നെയായിരുന്നു.

(31) അങ്ങനെ നമ്മുടെയും നിങ്ങളുടെയും മേൽ അല്ലാഹുവിൻ്റെ വാക്കിൽ പരാമർശിക്കപ്പെട്ട താക്കീത് അനിവാര്യമായിത്തീർന്നു.('നിന്നെയും അവരിൽ നിന്ന് നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട് ഞാൻ നരകം നിറക്കുക തന്നെ ചെയ്യും' (സ്വാദ്: 85) എന്ന സാരം വരുന്ന ആയത്താണ് ഉദ്ദേശം). അതിനാൽ -ഒരു സംശയവും വേണ്ട-; നമ്മുടെ രക്ഷിതാവ് താക്കീത് നൽകിയ ശിക്ഷ നാം രുചിക്കുന്നത് തന്നെയാകുന്നു.

(32) അപ്പോൾ ഞങ്ങൾ നിങ്ങളെ വഴികേടിലേക്കും (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും ക്ഷണിച്ചു. തീർച്ചയായും നാം സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിയവരായിരുന്നു.

(33) തീർച്ചയായും നേതാക്കളും അനുയായികളുമെല്ലാം പരലോകത്ത് ശിക്ഷയിൽ പങ്കാളികളായിരിക്കും.

(34) തീർച്ചയായും ഇക്കൂട്ടരെ കൊണ്ട് നാം ശിക്ഷ ആസ്വദിപ്പിച്ചതെങ്ങനെയാണോ; അതു പോലെ തന്നെ അവരല്ലാത്ത അധർമ്മകാരികളെയും നാം ചെയ്യുന്നതാണ്.

(35) തീർച്ചയായും ഈ ബഹുദൈവാരാധകർ ഇഹലോകത്തായിരിക്കെ അവരോട് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയപ്പെടുകയും, അതനുസരിച്ച് പ്രവർത്തിക്കാനും അതിന് എതിരായത് ഉപേക്ഷിക്കാനും കൽപ്പിക്കപ്പെട്ടാൽ അവരതിന് ഉത്തരം നൽകാതെ തള്ളിക്കളയുകയും, സത്യത്തിനെതിരിൽ അഹങ്കാരവും ഔന്നത്യവും നടിച്ചു കൊണ്ട് അതിന് കീഴൊതുങ്ങാൻ വിസമ്മതിക്കുകയും ചെയ്യുമായിരുന്നു.

(36) തങ്ങളുടെ നിഷേധത്തിന് ന്യായമായി കൊണ്ട് അവർ പറയും: ഭ്രാന്തനായ ഒരു കവിക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ആരാധ്യന്മാരെ ഉപേക്ഷിച്ച് കളയുകയോ?! അല്ലാഹുവിൻ്റെ ദൂതരായ മുഹമ്മദ് നബി -ﷺ- യെ ആണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്.

(37) തീർച്ചയായും അവർ അതിഗുരുതരമായ കളവ് കെട്ടിച്ചമച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ഭ്രാന്തനോ കവിയോ അല്ല. മറിച്ച്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്കും, അവൻ്റെ ദൂതരെ പിൻപറ്റുന്നതിലേക്കും ക്ഷണിക്കുന്ന ഖുർആനുമായാണ് അവിടുന്ന് വന്നത്. അല്ലാഹുവിങ്കൽ നിന്ന് മുൻകഴിഞ്ഞ ദൂതന്മാർ കൊണ്ടു വന്ന ഏകദൈവാരാധനയെയും പുനരുത്ഥാനത്തെയും അവിടുന്ന് സത്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലൊന്നും അവിടുന്ന് അവരോടാരോടും എതിരാവുകയും ചെയ്തിട്ടില്ല.

(38) ഹേ ബഹുദൈവാരാധകരേ! (അല്ലാഹുവിനെ) നിഷേധിച്ചതും നബിമാരെ കളവാക്കിയതും കാരണത്താൽ പരലോകത്ത് വേദനാജനകമായ ശിക്ഷ അനുഭവിക്കുന്നവരാകുന്നു നിങ്ങൾ.

(39) ഹേ ബഹുദൈവാരാധകരെ! ഇഹലോകത്ത് നിങ്ങൾ പ്രവർത്തിച്ചു കൂട്ടിയ അല്ലാഹുവിലുള്ള നിഷേധത്തിനും ചെയ്തു വെച്ച തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നില്ല.

(40) എന്നാൽ തന്നെ ആരാധിക്കുന്നതിനായി അല്ലാഹു പ്രത്യേകം സൃഷ്ടിച്ചവരായ, അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ച, അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാർ; അവർ ഈ ശിക്ഷയിൽ നിന്ന് സുരക്ഷിതരാണ്.

(41) അങ്ങനെയുള്ള നിഷ്കളങ്കരായ ദാസന്മാർ; അവർക്ക് അല്ലാഹു നൽകുന്ന പ്രത്യേകമായ ഉപജീവനമുണ്ട്. അതിൻ്റെ ശുദ്ധിയും നന്മയും ശാശ്വതത്വവും അറിയപ്പെട്ടതാകുന്നു.

(42) വിവിധ തരം പഴവർഗങ്ങളാണ് ആ ഉപജീവനം. അവർ ഭക്ഷിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വെച്ചേറ്റവും മുന്തിയവ ആയിരിക്കുമവ. പദവികൾ ഉയർത്തപ്പെട്ടു കൊണ്ടും, അല്ലാഹുവിൻറെ മഹത്വമേറിയ തിരുവദനത്തിലേക്ക് നോക്കാൻ കഴിഞ്ഞു കൊണ്ടും അതിനെല്ലാം മുകളിൽ അവർ ആദരിക്കപ്പെടുന്നവരുമാണ്.

(43) ഇതെല്ലാം എന്നെന്നും നിലനിൽക്കുന്ന ശാശ്വതമായ സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ അവർക്ക് ലഭിക്കുന്നതാണ്. അതൊരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ഇല്ല.

(44) അവർ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി നോക്കികൊണ്ട് ഇരിക്കുന്നവരായിരിക്കും.

(45) മദ്യചഷകങ്ങൾ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. ഒഴുകുന്ന ജലം പോലെ ശുദ്ധമായിരിക്കും അത്.

(46) വെളുത്ത നിറത്തിൽ, കുടിക്കുന്നവർക്ക് പരിപൂർണ്ണ ആസ്വാദനം നൽകുന്ന തരം (പാനീയം).

(47) ഇഹലോകത്തെ മദ്യം പോലെയായിരിക്കില്ല അത്. ബുദ്ധിയില്ലാതാക്കുന്ന ലഹരി അതിനില്ല. അത് ആസ്വദിച്ചവർക്ക് തലവേദനയും ബാധിക്കില്ല. കുടിക്കുന്നവൻ്റെ ശരീരവും ബുദ്ധിയും സുരക്ഷിതമായിരിക്കും.

(48) സ്വർഗത്തിൽ പതിവ്രതകളായ ഭാര്യമാരും അവർക്കുണ്ടായിരിക്കും. അഴകേറിയ നയനങ്ങളുള്ള അവരുടെ ആ കണ്ണുകൾ തങ്ങളുടെ ഇണകളിലേക്കല്ലാതെ നീളുകയില്ല.

(49) മഞ്ഞ കലർന്ന വെളുപ്പ് നിറമുള്ള അവരുടെ ശരീരത്തിലെ തൊലികൾ സൂക്ഷിച്ചു വെക്കപ്പെട്ട പക്ഷിയുടെ മുട്ടകളുടെ നിറം പോലെയിരിക്കും.

(50) ഇഹലോകത്ത് ഓരോരുത്തർക്കും സംഭവിച്ച കാര്യങ്ങളെ കുറിച്ചും, കഴിഞ്ഞു പോയ സംഭവങ്ങളെ കുറിച്ചുമെല്ലാം പരസ്പരം ചോദിച്ചു കൊണ്ട് സ്വർഗവാസികളിൽ ചിലർ ചിലർക്ക് അഭിമുഖമായി വരും.

(51) (അല്ലാഹുവിൽ) വിശ്വസിച്ച, അവരിൽ പെട്ട ഒരാൾ പറയും: തീർച്ചയായും ഇഹലോകത്ത് പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.

(52) പരിഹസിച്ചും നിഷേധിച്ചും കൊണ്ട് അവൻ എന്നോട് പറയുമായിരുന്നു: ഹേ കൂട്ടുകാരാ! മരിച്ചവർ പുനരുജ്ജീവിപ്പിക്കപ്പെടുമെന്നത് സത്യപ്പെടുത്തുന്നവരിൽ ഒരാളോ നീയും?!

(53) നാം മരിക്കുകയും മണ്ണും അസ്ഥിശകലങ്ങളുമായി മാറിയ ശേഷം നാം പുനരുജ്ജീവിക്കപ്പെടുകയും, ഇഹലോകത്ത് നാം ചെയ്തു കൂട്ടിയ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുമെന്നോ?!

(54) (പരലോകത്തെ നിഷേധിച്ച വ്യക്തിയുടെ) വിശ്വാസിയായിരുന്ന കൂട്ടുകാരൻ തൻ്റെ സ്വർഗക്കാരായ സുഹൃത്തുക്കളോട് പറയും: പുനരുത്ഥാനത്തെ നിഷേധിക്കുമായിരുന്ന എൻ്റെ ആ കൂട്ടുകാരൻ്റെ പര്യവസാനം കാണാൻ എന്നോടൊപ്പം എത്തിനോക്കൂ!

(55) അങ്ങനെ അദ്ദേഹം എത്തിനോക്കും. അപ്പോൾ തൻ്റെ കൂട്ടുകാരനെ നരകത്തിൻ്റെ മധ്യത്തിൽ അദ്ദേഹം കാണും.

(56) അദ്ദേഹം പറയും: ഹേ കൂട്ടുകാരാ! നീ എന്നെ ഏറെക്കുറെ നാശത്തിൽ അകപ്പെടുത്താനായിരുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും, പരലോകത്തിൽ അവിശ്വസിക്കുന്നതിലേക്കുമുള്ള നിൻ്റെ ക്ഷണം (സ്വീകരിച്ചിരുന്നെങ്കിൽ) ഞാനും നരകത്തിൽ പ്രവേശിച്ചേനേ!

(57) അല്ലാഹു അവനിൽ വിശ്വസിക്കാനുള്ള സന്മാർഗവും സൗഭാഗ്യവും നൽകിക്കൊണ്ട് എൻ്റെ മേൽ അനുഗ്രഹം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ, നരകശിക്ഷയിലേക്ക് എത്തിക്കപ്പെട്ട നിന്നെ പോലുള്ളവരിൽ ഞാനും ഉൾപ്പെടുമായിരുന്നു.

(58) നാം -സ്വർഗക്കാർ- മരിച്ചു പോകുന്നവരല്ല.

(59) ഇഹലോകത്ത് നമുക്കുണ്ടായ ആദ്യത്തെ മരണമല്ലാതെ. മറിച്ച്, നാമീ സ്വർഗത്തിൽ ശാശ്വതവാസികളായിരിക്കും. നരകക്കാർ ശിക്ഷിക്കപ്പെടുന്നത് പോലെ നാം ശിക്ഷിക്കപ്പെടുന്നതുമല്ല.

(60) നമ്മുടെ രക്ഷിതാവ് നമുക്ക് നൽകിയിരിക്കുന്ന ഈ പ്രതിഫലം -സ്വർഗപ്രവേശനവും അതിലുള്ള ശാശ്വതവാസവും നരകശിക്ഷയിൽ നിന്നുള്ള രക്ഷയും-; ഇത് തന്നെയാകുന്നു ഏറ്റവും മഹത്തരമായ വിജയം. ഒരു നേട്ടവും ഒരിക്കലും അതിന് സമാനമാവുകയില്ല.

(61) ഇതു പോലുള്ള അതിമഹത്തരമായ പ്രതിഫലത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നവർ നിർബന്ധമായും പ്രവർത്തിക്കേണ്ടത്. തീർച്ചയായും ഇത് തന്നെയാകുന്നു ലാഭകരമായ കച്ചവടം.

(62) അല്ലാഹു അവനെ അനുസരിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്ത തൻ്റെ ദാസന്മാർക്ക് വേണ്ടി ഒരുക്കിയ ഈ പറയപ്പെട്ട സുഖാനുഗ്രഹങ്ങളാണോ നല്ലതും ശ്രേഷ്ഠമായ സ്ഥാനവും ആദരണീയവുമായിട്ടുള്ളത്?! അതല്ല, ഖുർആനിലൂടെ ശപിക്കപ്പെട്ട, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഭക്ഷണമായ സഖ്ഖൂം വൃക്ഷമോ?! അത് പുഷ്ഠി നൽകുകയോ, വിശപ്പിൽ നിന്ന് ശമനം നൽകുകയോ ഇല്ല.

(63) (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും അതിക്രമം പ്രവർത്തിച്ചവർക്ക് ഈ മരത്തെ നാം ഒരു പരീക്ഷണമാക്കിയിരിക്കുന്നു. അവർ പറഞ്ഞു: തീർച്ചയായും നരകാഗ്നി മരത്തെ കരിച്ചു കളയുമല്ലോ?! അപ്പോൾ നരകത്തിൽ മരം വളരുക എന്നത് അസാധ്യമാണ്.

(64) തീർച്ചയായും സഖ്ഖൂം വൃക്ഷം വളരെ മ്ലേഛമായ ഇടത്തു നിന്നാകുന്നു മുളച്ചു പൊന്തുക. നരകത്തിൻ്റെ അഗാധഗർത്തത്തിൽ നിന്നായിരിക്കും അത് പുറത്തു വരിക.

(65) അതിൽ നിന്ന് പുറത്തു വരുന്ന ഫലങ്ങൾ കാണാൻ അറപ്പുണ്ടാക്കുന്നവ ആയിരിക്കും. പിശാചുക്കളുടെ തലകൾ പോലുണ്ടായിരിക്കും അവ. വികൃതമായ രൂപം അതിനുള്ളിലുള്ളതും വികൃതമായിരിക്കുമെന്ന് അറിയിക്കുന്നു. അതിൽ നിന്ന് സഖ്ഖൂം വൃക്ഷത്തിലെ ഫലങ്ങൾ വളരെ മോശം രുചിയുള്ളതായിരിക്കുമെന്നും മനസ്സിലാക്കാം.

(66) തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ അതിൻ്റെ കയ്പേറിയ വികൃതമായ ഫലങ്ങൾ ഭക്ഷിക്കുകയും, അവരുടെ ഒഴിഞ്ഞ വയറുകൾ അതു കൊണ്ട് നിറക്കുന്നതുമായിരിക്കും.

(67) പിന്നെ അവരതിൽ നിന്ന് ഭക്ഷിച്ചു കഴിഞ്ഞതിന് ശേഷം ചൂടേറിയ വളരെ വികൃതമായ ചേരുവയുള്ള ഒരു പാനീയവും അവർക്കുണ്ട്.

(68) ഇതിനെല്ലാം ശേഷം അവർ മടങ്ങുന്നതാകട്ടെ; നരകശിക്ഷയിലേക്ക് തന്നെയാകുന്നു. അങ്ങനെ ഒരു ശിക്ഷയിൽ നിന്ന് മറ്റൊരു ശിക്ഷയിലേക്ക് അവർ നീങ്ങിക്കൊണ്ടേയിരിക്കും.

(69) തീർച്ചയായും ഈ നിഷേധികൾ തങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയത് സന്മാർഗത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിയവരായാണ്. അപ്പോൾ ഒരു തെളിവുമില്ലാതെ ഇവർ അവരെ അന്ധമായി പിൻപറ്റി.

(70) അവർ വഴികേടിൽ തങ്ങളുടെ പിതാക്കന്മാരുടെ കാൽപ്പാടുകൾ പിൻപറ്റിക്കൊണ്ട് കുതിച്ചു പായുന്നു.

(71) ഇവർക്ക് മുമ്പ് പൂർവ്വികരിൽ അധികപേരും വഴിപിഴച്ചു പോയിട്ടുണ്ട്. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹം ആദ്യമായി വഴിപിഴച്ചു പോയവരൊന്നുമല്ല.

(72) ആ ആദ്യകാല സമൂഹങ്ങളിലേക്ക് നാം അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്ന ദൂതന്മാരെ നിയോഗിച്ചിട്ടുമുണ്ട്. എന്നാൽ അവർ നിഷേധിച്ചു തള്ളി.

(73) അല്ലാഹുവിൻറെ റസൂലേ! താങ്കൾ നോക്കുക; അല്ലാഹുവിൻ്റെ ദൂതന്മാർ താക്കീത് നൽകിയപ്പോൾ അതിന് ഉത്തരം നൽകാതിരുന്ന ആ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു?! തീർച്ചയായും അവരുടെ പര്യവസാനം -ചെയ്തു കൂട്ടിയ നിഷേധവും അല്ലാഹുവിൻ്റെ ദൂതന്മാരെ കളവാക്കിയതും കാരണത്താൽ- നരകത്തിൽ ശാശ്വതരായി പ്രവേശിക്കുക എന്നതായിരുന്നു.

(74) അല്ലാഹു അവനിൽ വിശ്വസിക്കുന്നതിനായി പ്രത്യേകം തിരഞ്ഞെടുത്തവരൊഴികെ. അവർ ഈ (നബിമാരെ) കളവാക്കിയ, (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പര്യവസാനമായി ലഭിച്ച ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നവരാണ്.

(75) നമ്മുടെ ദൂതനായ നൂഹ് -عَلَيْهِ السَّلَامُ- അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തെ നിഷേധിച്ചു തള്ളിയപ്പോൾ നമ്മെ വിളിച്ചു പ്രാർത്ഥിച്ചിട്ടുണ്ട്. അപ്പോൾ ഉത്തരം നൽകുന്നവരിൽ എത്ര നല്ലവനായിരുന്നു നാം. അവർക്കെതിരിലുള്ള അദ്ദേഹത്തിൻ്റെ പ്രാർഥനക്ക് ദ്രുതഗതിയിൽ നാം ഉത്തരം നൽകി.

(76) തീർച്ചയായും അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അവരുടെ ജനതയുടെ ഉപദ്രവത്തിൽ നിന്നും, അവരിലെ നിഷേധികളുടെ നേർക്ക് അയക്കപ്പെട്ട മഹാപ്രളയത്തിൽ മുങ്ങിമരിക്കുന്നതിൽ നിന്നും നാം രക്ഷപ്പെടുത്തി.

(77) അദ്ദേഹത്തിൻ്റെ കുടുംബത്തെയും വിശ്വാസികളായ അദ്ദേഹത്തിൻ്റെ അനുയായികളെയും മാത്രം നാം രക്ഷപ്പെടുത്തി. അല്ലാത്തവരെയെല്ലാം -അദ്ദേഹത്തിൻ്റെ ജനതയിലെ നിഷേധികളെ മുഴുവൻ- നാം മുക്കി നശിപ്പിക്കുകയും ചെയ്തു.

(78) ശേഷം വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തി നിലനിർത്തി നൽകുകയും, അവർ അദ്ദേഹത്തെ വാഴ്ത്തുകയും ചെയ്തു.

(79) ശേഷം വന്ന സമൂഹങ്ങളിൽ നൂഹിനെ കുറിച്ച് ആക്ഷേപം പറയപ്പെടുക എന്നതിൽ നിന്ന് അദ്ദേഹത്തിന് സമാധാനവും രക്ഷയുമുണ്ടാകട്ടെ! അല്ല! അദ്ദേഹത്തിൻ്റെ സൽകീർത്തിയും സൽപ്പേരും നിലനിൽക്കുന്നതാണ്.

(80) നൂഹിന് നൽകിയ ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിനു മാത്രമുള്ള തങ്ങളുടെ ആരാധന കൊണ്ടും, സൽകർമ്മങ്ങൾ കൊണ്ടും സദ് വൃത്തരായി തീർന്നവർക്ക് നാം നൽകുക.

(81) തീർച്ചയായും നൂഹ് (അല്ലാഹുവിൽ) വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത (നല്ലവരായ) നമ്മുടെ ദാസന്മാരുടെ കൂട്ടത്തിലാകുന്നു.

(82) പിന്നീട് ബാക്കിയുള്ളവരെ നാം അവരുടെ മേൽ അയച്ച പ്രളയത്തിൽ മുക്കി നശിപ്പിച്ചു. അപ്പോൾ അവരിൽ ഒരാളും ശേഷം അവശേഷിച്ചില്ല.

(83) അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തോട് (നൂഹിനോട്) യോജിച്ച, അദ്ദേഹത്തിൻ്റെ മതക്കാരിൽ പെട്ടയാൾ തന്നെയായിരുന്നു ഇബ്രാഹീമും.

(84) അല്ലാഹുവല്ലാത്തവർക്കുള്ള ആരാധനയിൽ നിന്ന് മുക്തമായ, അല്ലാഹുവിനായി അവൻ്റെ സൃഷ്ടികളോട് ഗുണകാംക്ഷ പുലർത്തിയ നിഷ്കളങ്കമായ ഹൃദയവുമായി അദ്ദേഹം തൻ്റെ രക്ഷിതാവിലേക്ക് വന്ന സന്ദർഭം ഓർക്കുക.

(85) അദ്ദേഹം തൻ്റെ പിതാവിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ആക്ഷേപസ്വരത്തിൽ ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!

(86) കെട്ടിച്ചമച്ചുണ്ടാക്കപ്പെട്ട ആരാധ്യന്മാരെയാണോ നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നത്?!

(87) ഓ എൻ്റെ സമൂഹമേ! അപ്പോൾ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചു കൊണ്ട് അവനെ നിങ്ങൾ കണ്ടുമുട്ടിയാൽ (എങ്ങനെയുണ്ടായിരിക്കുമെന്നാണ്) നിങ്ങൾ ധരിച്ചു വെച്ചിരിക്കുന്നത്?! അവൻ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്?!

(88) അപ്പോൾ ഇബ്രാഹീം തൻ്റെ സമൂഹത്തോടൊപ്പം പോകാതിരിക്കുന്നതിനായി ഒരു തന്ത്രം മെനയുന്നതിന് വേണ്ടി നക്ഷത്രങ്ങളിലേക്ക് തൻ്റെ നോട്ടമയച്ചു.

(89) തൻ്റെ സമൂഹത്തോടൊപ്പം അവരുടെ ആഘോഷസ്ഥലത്തേക്ക് പോകാതിരിക്കുന്നതിന് വേണ്ടി ഒരു കാരണമെന്നോണം ഇബ്രാഹീം പറഞ്ഞു: തീർച്ചയായും ഞാൻ ഒരു രോഗിയാണ്.

(90) അപ്പോൾ അവർ അദ്ദേഹത്തെ (നാട്ടിൽ) അവരുടെ പിന്നിൽ ഉപേക്ഷിച്ചു കൊണ്ട് (ആഘോഷത്തിനായി) പുറപ്പെട്ടു.

(91) അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്ന ആരാധ്യന്മാരിലേക്ക് ചാഞ്ഞു (നോക്കി) കൊണ്ട് അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു: നിങ്ങൾക്കായി ബഹുദൈവാരാധകർ ഉണ്ടാക്കി വെച്ചിട്ടുള്ള ഭക്ഷണത്തിൽ നിന്ന് നിങ്ങളെടുത്ത് കഴിക്കുന്നില്ലേ?!

(92) എന്തേ നിങ്ങളൊന്നും മിണ്ടാത്തത്?! നിങ്ങളോട് ചോദിക്കുന്നവർക്ക് നിങ്ങളെന്തേ ഉത്തരം നൽകാത്തത്?! ഇങ്ങനെയുള്ളത് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയോ?!

(93) അങ്ങനെ ഇബ്രാഹീം അവയിലേക്ക് തിരിഞ്ഞു കൊണ്ട്, തൻ്റെ വലതു കൈ കൊണ്ട് അവയോരോന്നായി തകർത്തു കളഞ്ഞു.

(94) അപ്പോൾ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവർ ഇബ്രാഹീമിന് നേരെ കുതിച്ചെത്തി.

(95) ഇബ്രാഹീം സ്ഥൈര്യത്തോടെ അവരെ നേരിട്ടു. അദ്ദേഹം ആക്ഷേപസ്വരത്തിൽ അവരോട് ചോദിച്ചു: അല്ലാഹുവിന് പുറമെ നിങ്ങൾ തന്നെ നിങ്ങളുടെ കൈകൾ കൊണ്ട് കൊത്തിയുണ്ടാക്കിയവയെയാണോ നിങ്ങൾ ആരാധിക്കുന്നത്?!

(96) അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്?! ഈ വിഗ്രഹങ്ങൾ നിങ്ങൾ പ്രവർത്തിച്ചുണ്ടാക്കിയതാണല്ലോ?! അതിനാൽ അല്ലാഹു മാത്രമാണ് ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനിൽ മറ്റാരെയും പങ്കുചേർക്കാൻ പാടില്ല.

(97) ഇബ്രാഹീമിനെ തെളിവുകൾ കൊണ്ട് ഖണ്ഡിക്കാൻ കഴിയാതെ വന്നപ്പോൾ അവർ ബലം പ്രയോഗിക്കുന്നതിലേക്ക് തിരിഞ്ഞു. ഇബ്രാഹീമിൻ്റെ കാര്യത്തിൽ എന്തു ചെയ്യണമെന്ന് പരസ്പരം കൂടിയാലോചിച്ച ശേഷം അവർ പറഞ്ഞു: അവന് വേണ്ടി നിങ്ങളൊരു ചൂള പണിയുക. അതിൽ വിറകുകൾ നിറച്ച ശേഷം അതിന് തീ കൊടുക്കുകയും, ശേഷം അവനെ അതിലേക്ക് എറിയുകയും ചെയ്യുക.

(98) അങ്ങനെ ഇബ്രാഹീമിൻ്റെ സമൂഹം അദ്ദേഹത്തെ ഉപദ്രവിക്കാനും, അദ്ദേഹത്തെ കൊലപ്പെടുത്താനും ഉദ്ദേശിച്ചു. അങ്ങനെ അദ്ദേഹത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും (അവർ പ്രതീക്ഷിച്ചു). അപ്പോൾ നാമവരെ പരാജിതരാക്കി തീർത്തു. (അവർ കത്തിച്ചു വെച്ച) അഗ്നിയെ അല്ലാഹു അദ്ദേഹത്തിന് തണുപ്പും സമാധാനവുമുള്ളതാക്കി.

(99) ഇബ്രാഹീം പറഞ്ഞു: എൻറെ ജനതയുടെ നാടുപേക്ഷിച്ചു കൊണ്ട് എൻ്റെ രക്ഷിതാവിലേക്ക് -അവനെ ആരാധിക്കാൻ കഴിയുന്നിടത്തേക്ക്- ഞാൻ പാലായനം ചെയ്യുന്നു. ഇഹലോകത്തും പരലോകത്തും എനിക്ക് ഉത്തമമായതേതോ; എൻ്റെ രക്ഷിതാവ് അതിലേക്ക് എന്നെ വഴിതെളിക്കുന്നതാണ്.

(100) എൻ്റെ രക്ഷിതാവേ! സുകൃതവാനായ ഒരു സന്താനത്തെ നീ എനിക്ക് നൽകേണമേ! (അങ്ങനെ അവൻ) എനിക്കൊരു സഹായിയും, എൻ്റെ ജനതയിൽ നിന്ന് (അകന്നു നിൽക്കുന്നതിനാൽ) സംഭവിച്ചിരിക്കുന്ന ഈ അപരിചിതത്വത്തിന് പരിഹാരമാവുകയും ചെയ്യുമല്ലോ?!

(101) അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, സന്തോഷിപ്പിക്കുന്ന ആ വാർത്ത നാം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വലുതായാൽ സഹനശീലനായിത്തീരുന്ന ഒരു സന്താനത്തെ കുറിച്ച് നാം അദ്ദേഹത്തെ സന്തോഷവാർത്ത അറിയിച്ചു. ഇസ്മാഈൽ നബി -عَلَيْهِ السَّلَامُ- യാണ് ഈ സന്താനം.

(102) അങ്ങനെ ഇസ്മാഈൽ ഒരു യുവാവായി തീരുകയും, തൻറെ പിതാവിൻറെ പ്രയത്നത്തിലേക്ക് അദ്ദേഹം എത്തുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ പിതാവായ ഇബ്രാഹീം ഒരു സ്വപ്നം കണ്ടു. നബിമാരുടെ സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണ്. താൻ കണ്ട സ്വപ്നത്തിന്റെ ഉള്ളടക്കം ഇബ്രാഹീം തൻറെ മകനെ അറിയിച്ചു. അദ്ദേഹം പറഞ്ഞു: എൻറെ പൊന്നുമകനേ! നിന്നെ അറുക്കുന്നതായി ഞാൻ സ്വപ്നത്തിൽ കണ്ടിരിക്കുന്നു. എന്താണ് ഈ കാര്യത്തിൽ നിൻറെ അഭിപ്രായമെന്ന് നീ ആലോചിക്കുക. ഇസ്മാഈൽ പിതാവിനുള്ള മറുപടിയായി പറഞ്ഞു: എൻറെ പിതാവേ! അല്ലാഹു കൽപ്പിച്ചതു പോലെ പ്രവർത്തിക്കുക; എന്നെ അറുത്തു കൊള്ളൂ. അല്ലാഹുവിൻറെ വിധിയിൽ തൃപ്തിയടയുന്ന, ക്ഷമാശീലരിൽ ഒരാളായി അങ്ങ് എന്നെ കണ്ടെത്തുന്നതാണ്; ഇൻശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ).

(103) അങ്ങനെ അവർ അല്ലാഹുവിന് താഴ്മയോടെ കീഴൊതുങ്ങിയപ്പോൾ, കൽപ്പിക്കപ്പെട്ട പ്രകാരം മകനെ അറുക്കുന്നതിനായി ഇബ്രാഹീം തൻ്റെ മകനെ നെറ്റിയുടെ മേൽ ചെരിച്ചു കിടത്തി.

(104) അല്ലാഹുവിൻ്റെ കൽപ്പന നടപ്പിലാക്കുന്നതിനായി മകനെ അറുക്കാൻ ഇബ്രാഹീം തുനിഞ്ഞപ്പോൾ നാം ഇബ്രാഹീമിനെ വിളിച്ചു: ഹേ ഇബ്രാഹീം!

(105) നിൻ്റെ മകനെ അറുക്കാനുള്ള ഉറച്ച തീരുമാനമെടുക്കുന്നതിലൂടെ ഉറക്കത്തിൽ കണ്ട സ്വപ്നം നീ യാഥാർഥ്യമാക്കിയിരിക്കുന്നു. നിന്നെ ഈ കടുത്ത പരീക്ഷണത്തിൽ നിന്ന് നാം രക്ഷപ്പെടുത്തിക്കൊണ്ട് നിനക്ക് നാം നൽകിയ ഈ പ്രതിഫലം പോലെ, സുകൃതവാന്മാരായ ദാസന്മാർക്ക് നാം പ്രതിഫലം നൽകുന്നതാണ്. അവരെ പ്രയാസങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും നാം കരകയറ്റുന്നതാണ്.

(106) തീർച്ചയായും ഇതു തന്നെയാകുന്നു വ്യക്തമായ പരീക്ഷണം. അതിൽ ഇബ്രാഹീം ഉറപ്പായും വിജയിച്ചു കഴിഞ്ഞു.

(107) ഇസ്മാഈലിന് പകരമായി അറുക്കേണ്ടതിനായി ഒരു വലിയ ആടിനെ നാം നൽകുകയും ചെയ്തു.

(108) ശേഷം വന്ന സമൂഹങ്ങളിൽ ഇബ്രാഹീമിൻ്റെ സൽകീർത്തി നാം നിലനിർത്തുകയും ചെയ്തു.

(109) അദ്ദേഹത്തിന് അല്ലാഹുവിങ്കൽ നിന്നുള്ള അഭിവാദ്യമാണിത്. അതോടൊപ്പം എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും അദ്ദേഹത്തിന് സുരക്ഷയുമുണ്ടാകട്ടെ എന്ന (മുസ്ലിംകളുടെ) പ്രാർത്ഥനയും.

(110) ഇബ്രാഹീമിന് അദ്ദേഹത്തിൻ്റെ അനുസരണത്തിന് നാം നൽകിയ ഈ പ്രതിഫലം പോലെയാണ് സുകൃതവാന്മാർക്ക് നാം പ്രതിഫലം നൽകുക.

(111) തീർച്ചയായും അല്ലാഹുവിനുള്ള അടിമത്വം ആവശ്യപ്പെടുന്നതെല്ലാം പൂർത്തീകരിച്ച നമ്മുടെ മുഅ്മിനുകളായ ദാസന്മാരിൽ പെട്ടയാളായിരുന്നു ഇബ്രാഹീം.

(112) ഒരു നബിയും സച്ചരിതനായ ദാസനുമായി മാറുന്ന മറ്റൊരു സന്താനത്തെ കുറിച്ചും അദ്ദേഹത്തിന് നാം സന്തോഷവാർത്ത അറിയിച്ചു. തൻ്റെ ഒരേയൊരു മകനെ അല്ലാഹുവിനുള്ള അനുസരണമായി അറുക്കുവാൻ തയ്യാറായതിനുള്ള പ്രതിഫലമായിരുന്നു അത്.

(113) അദ്ദേഹത്തിൻ്റെയും മകൻ ഇസ്ഹാഖിൻ്റെയും മേൽ നമ്മിൽ നിന്നുള്ള അനുഗ്രഹം നാം ചൊരിഞ്ഞു നൽകി. അങ്ങനെ അവർക്ക് നാം സുഖാനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകി. അവരുടെ രണ്ടു പേരുടെയും സന്തതിപരമ്പരയെ വർദ്ധിപ്പിച്ചു എന്നത് അതിലൊന്നാണ്. അവരുടെ രണ്ടു പേരുടെയും സന്തതിപരമ്പരകളിൽ അല്ലാഹുവിനെ അനുസരിച്ച് കൊണ്ടു സച്ചരിതരായവരും, (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും സ്വന്തത്തോട് വ്യക്തമായ അതിക്രമം പ്രവർത്തിച്ചവരും ഉണ്ട്.

(114) മൂസായ്ക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനും പ്രവാചകത്വം നൽകിക്കൊണ്ട് നാം ഔദാര്യം ചെയ്തു.

(115) അവരെയും അവരുടെ ജനതയെയും ഫിർഔൻ അവരെ തൻ്റെ അടിമകളാക്കി മാറ്റുന്നതിൽ നിന്നും, (കടലിൽ) മുങ്ങിമരിക്കുന്നതിൽ നിന്നും നാം രക്ഷിച്ചു.

(116) ഫിർഔനിനും അവൻ്റെ സൈന്യത്തിനുമെതിരിൽ നാം അവരെ സഹായിച്ചു. അപ്പോൾ ശത്രുവിനെതിരിൽ വിജയം അവർക്ക് തന്നെയായിരുന്നു.

(117) മൂസാക്കും അദ്ദേഹത്തിൻ്റെ സഹോദരൻ ഹാറൂനും അല്ലാഹുവിൽ നിന്നുള്ള ഗ്രന്ഥമായി ഒരു അവ്യക്തതകളുമില്ലാത്ത, സുവ്യക്തമായ തൗറാത്ത് നാം നൽകുകയും ചെയ്തു.

(118) അവരെ നാം വളവുകളില്ലാത്ത നേരായ മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു. സ്രഷ്ടാവായ അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന ഇസ്ലാം മതത്തിൻ്റെ വഴിയാണ് ഈ നേരായ മാർഗം.

(119) അവർക്ക് രണ്ടു പേർക്കും പിന്നീട് വന്ന സമൂഹങ്ങളിൽ നാം സൽകീർത്തിയും നല്ല സ്മരണയും അവശേഷിപ്പിച്ചു.

(120) അവർക്ക് രണ്ടു പേർക്കും അല്ലാഹുവിങ്കൽ നിന്നുള്ള നല്ല അഭിവാദ്യവും പ്രശംസയുമാണിത്. അതോടൊപ്പം എല്ലാ ഉപദ്രവങ്ങളിൽ നിന്നും സുരക്ഷയുമുണ്ടാകട്ടെ എന്ന (മുസ്ലിംകളുടെ) പ്രാർത്ഥനയും.

(121) മൂസായ്ക്കും ഹാറൂനിനും നാം നൽകിയ ഈ നല്ല പ്രതിഫലം പോലെയാണ് തങ്ങളുടെ രക്ഷിതാവിനെ അനുസരിച്ച സച്ചരിതർക്ക് നാം പ്രതിഫലം നൽകുക.

(122) തീർച്ചയായും മൂസായും ഹാറൂനും അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്ത നമ്മുടെ ദാസന്മാരിൽ പെട്ടവരാകുന്നു.

(123) തീർച്ചയായും ഇല്ല്യാസും തൻ്റെ രക്ഷിതാവിൻ്റെ ദൂതന്മാരിൽ ഒരാൾ തന്നെ. അദ്ദേഹത്തിന് അല്ലാഹു പ്രവാചകത്വവും (അല്ലാഹുവിൻ്റെ) സന്ദേശവും നൽകി അനുഗ്രഹിച്ചു.

(124) താൻ നിയോഗിക്കപ്പെട്ട ജനതയായ ഇസ്രാഈൽ സന്തതികളോട് അദ്ദേഹം പറഞ്ഞ സന്ദർഭം: എൻ്റെ സമൂഹമേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് (ഏകദൈവാരാധന) പോലുള്ള അവൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവന് പുറമെയുള്ളവരെ ആരാധിക്കുക എന്ന ശിർക് (ബഹുദൈവാരാധന) പോലുള്ള അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ?!

(125) അല്ലാഹുവിന് പുറമെ നിങ്ങളുടെ വിഗ്രഹമായ ബഅ്ലിനെ നിങ്ങൾ ആരാധിക്കുകയാണോ?! ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹുവിനെ ആരാധിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കുകയുമാണോ?!

(126) അല്ലാഹു; അവനാകുന്നു നിങ്ങളെയും നിങ്ങൾക്ക് മുൻപുള്ള നിങ്ങളുടെ പൂർവ്വപിതാക്കളെയും സൃഷ്ടിച്ചവൻ. അവനാകുന്നു സർവ്വ ആരാധനകൾക്കും അർഹതയുള്ളവൻ. അവന് പുറമെയുള്ള -ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത- വിഗ്രഹങ്ങളോ മറ്റോ അല്ല.

(127) അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് നിഷേധമല്ലാതെ മറ്റൊന്നുമുണ്ടായില്ല. (ഇല്യാസിനെ) അവർ നിഷേധിച്ചു എന്നതിൻ്റെ ഫലമായി അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടും.

(128) അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിച്ചിരുന്ന, വിശ്വാസിയായവരൊഴികെ; അവർ ശിക്ഷയിലേക്ക് കൊണ്ടു വരപ്പെടുന്നതിൽ നിന്ന് രക്ഷപ്പെടുന്നതാണ്.

(129) പിന്നീട് വന്ന സമൂഹങ്ങളിൽ അദ്ദേഹത്തിന് നാം സൽകീർത്തിയും നല്ല സ്മരണയും അവശേഷിപ്പിച്ചു.

(130) ഇല്യാസിന് അല്ലാഹുവിൽ നിന്നുള്ള അഭിവാദ്യവും പ്രശംസയും.

(131) ഇല്യാസിന് നാം നൽകിയ ഈ നല്ല പ്രതിഫലം പോലെയുള്ള പ്രതിഫലമാണ് നമ്മിൽ വിശ്വസിച്ചവരിൽ പെട്ട സച്ചരിതർക്ക് നാം നൽകുക.

(132) തീർച്ചയായും ഇല്യാസ് തങ്ങളുടെ റബ്ബിലുള്ള വിശ്വാസത്തിൽ സത്യസന്ധരായ, നമ്മുടെ യഥാർഥ വിശ്വാസികളിൽ പെട്ട ഒരാളായിരുന്നു.

(133) താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു ലൂത്വും.

(134) അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും അവരുടെ ജനതയിലേക്ക് അയക്കപ്പെട്ട ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തിയ സന്ദർഭം സ്മരിക്കുക.

(135) അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. തൻ്റെ സമൂഹത്തിന് വന്നെത്തിയ ശിക്ഷ ബാധിച്ചവരിൽ പെട്ടവളായിരുന്നു അവൾ. കാരണം, അവരെ പോലെ തന്നെ (അല്ലാഹുവിൽ) അവിശ്വസിച്ചവളായിരുന്നു അവൾ.

(136) ശേഷം അദ്ദേഹത്തിൻ്റെ ജനതയിൽ (ലൂത്വിനെ) നിഷേധിക്കുകയും, അദ്ദേഹം കൊണ്ടു വന്ന സന്ദേശത്തെ കളവാക്കുകയും ചെയ്ത ബാക്കിയുള്ളവരെയെല്ലാം നാം തകർത്തു കളഞ്ഞു.

(137) -ഹേ മക്കക്കാരേ!- നിങ്ങളാകട്ടെ അവരുടെ ഭവനങ്ങൾക്കരികിലൂടെ ശാമിലേക്കുള്ള നിങ്ങളുടെ യാത്രകളിൽ രാവിലെ കടന്നു പോകാറുമുണ്ട്.

(138) അതു പോലെ രാത്രിയിലും നിങ്ങൾ സഞ്ചരിക്കാറുണ്ട്. അപ്പോൾ നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?! (അല്ലാഹുവിനെ) നിഷേധിക്കുകയും (നബിമാരെ) കളവാക്കുകയും അവർക്ക് മുൻപ് ആരും ചെയ്തിട്ടില്ലാത്ത മ്ലേഛവൃത്തി (സ്വവർഗരതി) പ്രവർത്തിക്കുകയും ചെയ്ത ശേഷം അവരുടെ കാര്യങ്ങൾ പര്യവസാനിച്ച രൂപത്തിൽ നിന്ന് നിങ്ങൾ ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നില്ലേ?!

(139) താക്കീതുകാരും സന്തോഷവാർത്ത അറിയിക്കുന്നവരുമായി നാം അവരവരുടെ സമൂഹങ്ങളിലേക്ക് നിയോഗിച്ച ദൂതന്മാരിൽ ഒരാൾ തന്നെയാകുന്നു യൂനുസും.

(140) അദ്ദേഹം തൻ്റെ രക്ഷിതാവിൻ്റെ അനുമതിയില്ലാതെ അദ്ദേഹത്തിൻ്റെ സമൂഹത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട സന്ദർഭം. യാത്രക്കാരും ചരക്കുകളും കൊണ്ട് നിറഞ്ഞ ഒരു കപ്പലിൽ അദ്ദേഹം കയറി.

(141) അങ്ങനെ കപ്പൽ അതിൻ്റെ ഭാരം കാരണത്താൽ മുങ്ങാറായി. യാത്രക്കാരുടെ എണ്ണക്കൂടുതൽ കാരണത്താൽ കപ്പൽ മുങ്ങുമെന്ന് ഭയന്നപ്പോൾ അതിലെ യാത്രക്കാർ അവരിൽ ചിലരെ കടലിലേക്കെറിയാൻ വേണ്ടി നറുക്കെടുത്തു. അപ്പോൾ യൂനുസ് അതിൽ (നറുക്ക് വീണ) പരാജിതരുടെ കൂട്ടത്തിലായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തെ കടലിലേക്കെറിഞ്ഞു.

(142) അങ്ങനെ അദ്ദേഹത്തെ അവർ കടലിലെറിഞ്ഞപ്പോൾ ഒരു മത്സ്യം അദ്ദേഹത്തെ പിടികൂടുകയും, വിഴുങ്ങുകയും ചെയ്തു. അദ്ദേഹമാകട്ടെ തൻ്റെ രക്ഷിതാവിൻറെ അനുമതിയില്ലാതെ കടൽ (വഴി) രക്ഷപ്പെടാൻ ശ്രമിച്ചു എന്ന ആക്ഷേപകരമായ കാര്യം ചെയ്തിട്ടുമുണ്ട്.

(143) യൂനുസ് ഈ വിപത്ത് സംഭവിക്കുന്നതിന് മുൻപ് അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നില്ലെങ്കിൽ; അദ്ദേഹം ആ മത്സ്യത്തിൻ്റെ വയറ്റിൽ വെച്ചും അല്ലാഹുവിനെ പ്രകീർത്തിച്ചില്ലായിരുന്നെങ്കിൽ;

(144) അദ്ദേഹം ആ മത്സ്യത്തിൻറെ വയറ്റിൽ തന്നെ അന്ത്യനാൾ വരെ കഴിയുമായിരുന്നു. അങ്ങനെ അത് (മത്സ്യത്തിൻ്റെ വയർ) അദ്ദേഹത്തിൻ്റെ ഖബ്റായി മാറുമായിരുന്നു.

(145) അങ്ങനെ മത്സ്യത്തിൻ്റെ വയറ്റിൽ നിന്ന് അദ്ദേഹത്തെ നാം വൃക്ഷങ്ങളോ കെട്ടിടങ്ങളോ ഒന്നുമില്ലാത്ത ശൂന്യമായ ഒരു പ്രദേശത്ത് പുറംതള്ളി. ഒരു കാലയളവ് വരെ മത്സ്യത്തിൻ്റെ വയറ്റിൽ കഴിയേണ്ടി വന്നതിനാൽ അദ്ദേഹം ശാരീരികമായി അശക്തനാണ്.

(146) അങ്ങനെ ആ വിജനമായ ഭൂമിയിൽ അദ്ദേഹത്തിൻ്റെ മേൽ ചുരങ്ങ വിഭാഗത്തിൽ പെട്ട ഒരു മരം നാം മുളപ്പിച്ചു നൽകി. അത് അദ്ദേഹത്തിന് തണൽ നൽകി. അതിൽ നിന്ന് അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.

(147) അദ്ദേഹത്തിൻ്റെ ജനതയിലേക്ക് അദ്ദേഹത്തെ നാം നിയോഗിച്ചു. ഒരു ലക്ഷം പേരുണ്ടായിരുന്നു അവർ; അല്ല അതിൽ കൂടുതലുണ്ടായിരുന്നു.

(148) അങ്ങനെ അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും യൂനുസിൻ്റെ സന്ദേശത്തെ സത്യപ്പെടുത്തുകയും ചെയ്തു. അപ്പോൾ അല്ലാഹു നിശ്ചയിക്കപ്പെട്ട അവരുടെ ആയുസ്സ് അവസാനിക്കുവോളം അവർക്ക് ഭൗതികമായ സുഖാനുഗ്രഹങ്ങൾ ഐഹികജീവിതത്തിൽ നൽകി.

(149) ഹേ മുഹമ്മദ്! ആക്ഷേപസ്വരത്തിൽ ബഹുദൈവാരാധകരോട് താങ്കൾ ചോദിക്കുക: നിങ്ങൾ (നിങ്ങൾക്ക് ജനിക്കുന്നത്) വെറുക്കുന്ന പെണ്മക്കളെ അല്ലാഹുവിനും, (നിങ്ങൾക്ക് ജനിക്കാൻ) ഇഷ്ടപ്പെടുന്ന ആണ്മക്കളെ നിങ്ങൾക്കുമാക്കുകയാണോ?! എന്ത് ഓഹരിവെപ്പാണിത്?!

(150) മലക്കുകൾ പെണ്മക്കളാണെന്ന് അവരെങ്ങനെ വാദിക്കും?! അവരാകട്ടെ, മലക്കുകളുടെ സൃഷ്ടിപ്പിൻ്റെ വേളയിൽ അവിടെ സന്നിഹിതരാവുകയോ, അതിന് സാക്ഷികളാവുകയോ ചെയ്തിട്ടില്ല!

(151) അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനികളവു മാത്രമാണ്.

(152) അറിയുക! തീർച്ചയായും ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിൻ്റെ ഭാഗമായി അവന് സന്താനമുണ്ടെന്ന് ജൽപ്പിക്കുന്നു. അവരുടെ ഈ വാദം തനി കളവു മാത്രമാണ്.

(153) നിങ്ങൾ വെറുക്കുന്ന പെണ്മക്കളെ നിങ്ങൾ ഇഷ്ടപ്പെടുന്ന ആണ്മക്കൾക്ക് മുകളിൽ അല്ലാഹു (തൻ്റെ സന്താനങ്ങളായി) തിരഞ്ഞെടുത്തെന്നോ?! ഒരിക്കലുമില്ല!

(154) അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്കെന്തു പറ്റി?! അല്ലാഹുവിന് പെണ്മക്കളെയും നിങ്ങൾക്ക് ആണ്മക്കളെയും നിശ്ചയിക്കുന്നതിലൂടെ അനീതി നിറഞ്ഞ വിധിയാണല്ലോ നിങ്ങൾക്ക് കൽപ്പിക്കുന്നത്?!

(155) നിങ്ങൾ നിലകൊള്ളുന്ന അസത്യമായ ഈ വിശ്വാസത്തിൻ്റെ നിരർത്ഥകതയെ കുറിച്ച് നിങ്ങൾ ആലോചിച്ചു നോക്കുന്നില്ലേ?! അങ്ങനെ നിങ്ങൾ ചിന്തിച്ചു നോക്കിയിരുന്നെങ്കിൽ ഒരിക്കലും നിങ്ങൾ ഈ വാദം പറയില്ലായിരുന്നു.

(156) അതല്ല, (അല്ലാഹുവിൽ നിന്ന് അവതീർണ്ണമായ) വല്ല ഗ്രന്ഥത്തിലോ അല്ലാഹുവിൻ്റെ ഏതെങ്കിലും ദൂതനിൽ നിന്നോ വ്യക്തമായ വല്ല പ്രമാണമോ തെളിവോ ഇക്കാര്യത്തിൽ നിങ്ങൾക്കുണ്ടോ?!

(157) എന്നാൽ ഇതിനുള്ള ആ തെളിവടങ്ങുന്ന ഗ്രന്ഥം നിങ്ങൾ കൊണ്ടു വരൂ; വാദിക്കുന്ന കാര്യത്തിൽ നിങ്ങൾ സത്യസന്ധരാണെങ്കിൽ (അങ്ങനെയാണല്ലോ ചെയ്യേണ്ടത്).

(158) മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്ന് ജൽപ്പിച്ചതിലൂടെ, ബഹുദൈവാരാധകർ അല്ലാഹുവിനും, അവരുടെ കണ്ണുകൾക്ക് അദൃശ്യരായ മലക്കുകൾക്കും ഇടയിൽ കുടുംബബന്ധമുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. ഈ ബഹുദൈവാരാധകരെ അല്ലാഹു വിചാരണക്ക് ഹാജരാക്കുമെന്ന് മലക്കുകൾ മനസ്സിലാക്കിയിട്ടുണ്ട്.

(159) ബഹുദൈവാരാധകർ അല്ലാഹുവിനെ വിശേഷിപ്പിക്കുന്ന, അവന് യോജ്യമല്ലാത്ത എല്ലാത്തിൽ നിന്നും -സന്താനവും പങ്കുകാരനും പോലുള്ളവയിൽ നിന്നെല്ലാം- അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

(160) അല്ലാഹുവിൻ്റെ നിഷ്കളങ്കരായ ദാസന്മാർ ഒഴികെ. അവർ അല്ലാഹുവിന് അനുയോജ്യമായ മഹത്വത്തിൻ്റെയും പൂർണ്ണതയുടെയും വിശേഷണങ്ങൾ കൊണ്ട് മാത്രമേ അവനെ വിശേഷിപ്പിക്കുകയുള്ളൂ.

(161) അപ്പോൾ തീർച്ചയായും -ബഹുദൈവാരാധകരേ!- നിങ്ങൾക്കും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്നവക്കും;

(162) സത്യമതമായ (ഇസ്ലാമിൽ) നിന്ന് ആരെയും നിങ്ങൾക്ക് വഴിപിഴപ്പിക്കാനാവുകയില്ല.

(163) നരകക്കാരിൽ പെട്ടവനായിരിക്കും എന്ന് അല്ലാഹു വിധിച്ചവരൊഴികെ. തീർച്ചയായും, അല്ലാഹു അവൻ്റെ കാര്യത്തിൽ അല്ലാഹുവിൻ്റെ വിധി നടപ്പിലാക്കുകയും, അതിനാൽ അവൻ കാഫിറാവുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്യും. എന്നാൽ, നിങ്ങളോ നിങ്ങളുടെ ആരാധ്യവസ്തുക്കൾക്കോ അങ്ങനെ ചെയ്യുവാനുള്ള ഒരു ശക്തിയുമില്ല.

(164) മലക്കുകൾ അല്ലാഹുവിനുള്ള തങ്ങളുടെ അടിമത്വവും, ബഹുദൈവാരാധകരുടെ ജൽപ്പനങ്ങളിൽ നിന്നുള്ള അകൽച്ചയും വ്യക്തമാക്കി കൊണ്ട് പറയും: അല്ലാഹുവിനുള്ള ആരാധനയിലും അനുസരണത്തിലും അറിയപ്പെട്ട ഒരു സ്ഥാനമില്ലാത്ത ഒരാളും തന്നെ ഞങ്ങളിലില്ല.

(165) തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്.

(166) തീർച്ചയായും ഞങ്ങൾ മലക്കുകൾ അല്ലാഹുവിനുള്ള ആരാധനയിലും അനുസരണയിലും അണിയണിയായി നിരന്നു നിൽക്കുന്നവരാണ്. തീർച്ചയായും, ഞങ്ങൾ അല്ലാഹുവിന് യോജിക്കാത്ത വിശേഷണങ്ങളിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുന്നവരുമാണ്.

(167) മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

(168) മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

(169) മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

(170) മക്കക്കാരായ ബഹുദൈവാരാധകർ മുഹമ്മദ് നബി -ﷺ- യുടെ നിയോഗത്തിന് മുൻപ് പറയാറുണ്ടായിരുന്നു: മുൻഗാമികൾക്ക് ലഭിച്ചതു പോലുള്ള വല്ല ഗ്രന്ഥവും -തൗറാത്ത് പോലെ- നമ്മുടെ പക്കലും ഉണ്ടായിരുന്നെങ്കിൽ അല്ലാഹുവിനെ മാത്രം നിഷ്കളങ്കമായി ആരാധിക്കുന്നവരാകുമായിരുന്നു നമ്മളും. എന്നാൽ അവർ കളവാണ് പറയുന്നത്. മുഹമ്മദ് നബി -ﷺ- അവരിലേക്ക് ഖുർആനുമായി വന്നപ്പോൾ അതിനെ അവർ നിഷേധിക്കുകയാണുണ്ടായത്. പരലോകത്ത് അവരെ കാത്തിരിക്കുന്ന കടുത്ത ശിക്ഷ എന്താണെന്ന് അവർ വഴിയെ അറിയുന്നതാണ്.

(171) നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

(172) നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

(173) നമ്മുടെ ദൂതന്മാർക്കായി നമ്മുടെ വചനം മുൻകടന്നിട്ടുണ്ട്. അവരുടെ ശത്രുക്കൾക്കെതിരെ അല്ലാഹു അനുഗ്രഹമായി ചൊരിഞ്ഞു നൽകിയ തെളിവുകളും പ്രമാണങ്ങളുമായി (ആശയപരമായി) അവരാണ് സഹായിക്കപ്പെടുകയെന്നും, അല്ലാഹുവിൻ്റെ മാർഗത്തിൽ അവൻ്റെ വചനം ഉന്നതമാകുന്നതിന് വേണ്ടി പോരാടുന്ന നമ്മുടെ സൈന്യം തന്നെയാണ് വിജയിക്കുകയെന്നുമാണ് (ആ വചനം).

(174) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ നിഷേധികളായ ഈ ബഹുദൈവാരാധകരിൽ നിന്ന് താങ്കൾ ഒരു നിശ്ചിത അവധി വരെ തിരിഞ്ഞു കളയുക; അവരുടെ ശിക്ഷ വന്നെത്തുന്ന, അല്ലാഹുവിന് അറിയാവുന്ന ഒരു സമയമാണത്.

(175) ശിക്ഷ അവരുടെ മേൽ ഇറങ്ങുന്ന വേളയിൽ നീ അവരെ വീക്ഷിക്കുക. അവരാകട്ടെ; തിരിച്ചറിവുകൾ യാതൊരു ഫലവും ചെയ്യാത്ത സമയം (അത്) കണ്ടറിഞ്ഞു കൊള്ളും.

(176) അല്ലാഹുവിൻ്റെ ശിക്ഷയ്ക്കാണോ ഈ ബഹുദൈവാരാധകർ ധൃതി കൂട്ടുന്നത്?!

(177) അല്ലാഹുവിൻ്റെ ശിക്ഷ അവരുടെ മേൽ വന്നിറങ്ങിയാൽ എത്ര മോശം പ്രഭാതമായിരിക്കും അന്നത്തെ അവരുടെ പ്രഭാതം.

(178) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു അവരുടെ ശിക്ഷ നടപ്പിലാക്കുന്നതു വരെ നീ അവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക.

(179) നീ നോക്കുക! ഇക്കൂട്ടർ അവർക്ക് മേൽ വന്നുഭവിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷ നോക്കിക്കാണുന്നതായിരിക്കും.

(180) ഹേ മുഹമ്മദ്! ശക്തിയുടെ നാഥനായ നിൻ്റെ രക്ഷിതാവ് ബഹുദൈവാരാധകർ വിശേഷിപ്പിക്കുന്ന ന്യൂനതയുടെ വിശേഷണങ്ങളിൽ നിന്നെല്ലാം പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

(181) അല്ലാഹുവിൻ്റെ മാന്യന്മാരായ ദൂതന്മാർക്ക് മേൽ അവൻ്റെ അഭിവാദ്യവും പ്രശംസയും ഉണ്ടാകട്ടെ!

(182) സർവ്വസ്തുതികളും അല്ലാഹുവിന് മാത്രമാകുന്നു. അവനാകുന്നു അതിന് അർഹതയുള്ളവൻ. അവൻ സർവ്വ ലോകങ്ങളുടെയും രക്ഷിതാവാകുന്നു. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല.