(1) മലക്കുകൾ ഇറങ്ങി വരുന്നത് കാരണത്താൽ ആകാശം പൊട്ടിപ്പിളർന്നാൽ;
(2) ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
(3) മാവ് പരത്തപ്പെടുന്നതു പോലെ ഭൂമിയെ അല്ലാഹു പരത്തിയാൽ
(4) ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.
(5) ആകാശം അതിൻ്റെ രക്ഷിതാവിൻ്റെ (കൽപ്പന) കീഴൊതുക്കത്തോടെ കേൾക്കുകയും ചെയ്താൽ; അങ്ങനെ കീഴ്പ്പെടാൻ അത് ബാധ്യതപ്പെട്ടിരിക്കുന്നു താനും.
(6) അല്ലയോ മനുഷ്യാ! നീ ഒന്നല്ലെങ്കിൽ നന്മയോ, അതല്ലെങ്കിൽ തിന്മയോ പ്രവർത്തിക്കുന്നവനായി കൊണ്ട് നിൻ്റെ രക്ഷിതാവിനെ അന്ത്യനാളിൽ കണ്ടുമുട്ടുന്നതാണ്. അവൻ നിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.
(7) എന്നാൽ ഏതൊരാൾക്ക് തൻ്റെ പ്രവർത്തനങ്ങളുടെ രേഖ വലതു കയ്യിൽ നൽകപ്പെട്ടുവോ;
(8) അവനെ അല്ലാഹു വളരെ എളുപ്പമുള്ള ഒരു വിചാരണക്ക് വിധേയനാക്കുന്നതാണ്; ഒരു ശിക്ഷയും വിധിക്കാതെ, അവൻ ചെയ്ത പ്രവർത്തനങ്ങൾ അവന് കാണിച്ചു കൊടുക്കുക മാത്രമാണുണ്ടാവുക.
(9) അവൻ തൻ്റെ കുടുംബക്കാരുടെ അടുക്കലേക്ക് സന്തോഷവാനായി തിരിച്ചു പോകും.
(10) എന്നാൽ ഏതൊരുവന് അവൻ്റെ മുതുകിന് പിന്നിലൂടെ, ഇടതു കയ്യിൽ തൻ്റെ രേഖ നൽകപ്പെട്ടുവോ;
(11) സ്വയം നാശമേ എന്നവൻ വിലപിച്ചു കൊണ്ടിരിക്കും.
(12) അവൻ നരകത്തിൻ്റെ തീയിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യും.
(13) അവൻ ഇഹലോകജീവിതത്തിൽ തൻ്റെ കുടുംബത്തോടൊപ്പം, അവൻ നിലകൊള്ളുന്ന നിഷേധത്തിലും തിന്മകളിലും സന്തോഷവാനായി ജീവിച്ചിരുന്നവനായിരുന്നു.
(14) തൻ്റെ മരണത്തിന് ശേഷം ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടങ്ങേണ്ടി വരികയേ ഇല്ലെന്ന് അവൻ ധരിച്ചു.
(15) അതെ! അവനെ അല്ലാഹു ആദ്യം സൃഷ്ടിച്ചതു പോലെ ഒരിക്കൽ കൂടി ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരിക തന്നെ ചെയ്യുന്നതാണ്. അവൻ്റെ രക്ഷിതാവ് അവൻ്റെ അവസ്ഥ കാണുന്നവനാകുന്നു. ഒന്നും അവനിൽ നിന്നും മറഞ്ഞുപോകുന്നില്ല. അവൻ്റെ പ്രവർത്തനങ്ങൾക്കനുസരിച്ച് അവൻ പ്രതിഫലം നൽകുകയും ചെയ്യും.
(16) സൂര്യാസ്തമയത്തിന് ശേഷം ചക്രവാളത്തിൽ കാണപ്പെടുന്ന അസ്തമയശോഭ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(17) രാത്രിയെ കൊണ്ടും അതിൽ ഒരുമിച്ചു ചേർക്കപ്പെട്ടവ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.
(18) ചന്ദ്രൻ ഒരുമിച്ചു കൂടുകയും, പൂർണ്ണചന്ദ്രനായി തീരുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(19) അല്ലയോ ജനങ്ങളേ! നിങ്ങൾ ഒരവസ്ഥയിൽ നിന്ന് മറ്റൊരവസ്ഥയിലേക്ക് കയറിക്കൊണ്ടേ ഇരിക്കുന്നവരാണ്. ബീജത്തിൽ നിന്നും അണ്ഡമായും ശേഷം സിക്താണ്ഡമായും തീരുന്നത് പോലെ. ജീവിതത്തിൽ നിന്ന് മരണത്തിലേക്കും, ശേഷം പുനരുജ്ജീവനത്തിലേക്കും.
(20) (ഇസ്ലാമിനെ) നിഷേധിച്ച ഇക്കൂട്ടർക്കെന്തു പറ്റി? അവർ അല്ലാഹുവിലോ അന്ത്യദിനത്തിലോ വിശ്വസിക്കുന്നില്ല.
(21) അവർക്ക് ഖുർആൻ ഓതികേൾപ്പിക്കപ്പെട്ടാൽ അവർ തങ്ങളുടെ രക്ഷിതാവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യുന്നുമില്ല.
(22) പക്ഷേ ഇസ്ലാമിനെ നിഷേധിച്ചവർ അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നതിനെ കളവാക്കുകയാണ്.
(23) അവരുടെ ഹൃദയങ്ങൾ മൂടിവെക്കുന്നതിനെ കുറിച്ച് അല്ലാഹു നന്നായി അറിയുന്നവനാകുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് മറഞ്ഞു പോവുകയില്ല.
(24) അല്ലയോ റസൂലേ! അവരെ കാത്തിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് അവരെ അറിയിക്കുക.
(25) അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ; അവർക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്; സ്വർഗമാണത്.