20 - Taa-Haa ()

|

(1) ത്വാഹാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) അല്ലാഹുവിൻ്റെ റസൂലേ! നിനക്ക് നാം ഖുർആൻ അവതരിപ്പിച്ചു തന്നത് നിൻ്റെ സമൂഹം നിന്നിൽ വിശ്വസിക്കാത്തതിലുള്ള ഖേദം കാരണത്താൽ നിൻ്റെ മനസ്സ് പരവശമാകുന്നതിനല്ല.

(3) അല്ലാഹുവിനോട് ഭയഭക്തിയുള്ളവരാകാൻ അവൻ സൗഭാഗ്യം നൽകുന്നവർക്ക് ഒരു ഉൽബോധനമായിക്കൊണ്ടല്ലാതെ നാം ഈ ഖുർആൻ അവതരിപ്പിച്ചിട്ടില്ല.

(4) ഭൂമിയെയും ഉന്നതങ്ങളായ ആകാശങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു അത് അവതരിപ്പിച്ചത്. അത് മഹത്തരമായ ഒരു ഖുർആൻ തന്നെയാകുന്നു; കാരണം മഹാനായ അല്ലാഹു അവതരിപ്പിച്ചതാണത്.

(5) മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) സിംഹാസനത്തിന് മേൽ ഔന്നത്യമുള്ളവനാവുകയും ആരോഹിതനാവുകയും ചെയ്തിരിക്കുന്നു. അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിലുള്ള സിംഹാസനാരോഹണമാണത്.

(6) അവന് മാത്രമുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലും ഭൂമിക്കടിയിലുമുള്ളതായ സർവ്വ സൃഷ്ടികളും. അവയെ എല്ലാം അവനാകുന്നു സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്.

(7) അല്ലാഹുവിൻ്റെ റസൂലേ! നീ സംസാരം പരസ്യമാക്കുകയോ പതുക്കെയാക്കുകയോ ചെയ്താലും അല്ലാഹു അവയെല്ലാം അറിയുന്നതാണ്. അവൻ രഹസ്യങ്ങളും രഹസ്യങ്ങളെക്കാൾ സൂക്ഷ്മമായതും -ഉദാഹരണത്തിന് മനസ്സിലൂടെ മിന്നിമറഞ്ഞു പോകുന്ന ചിന്തകൾ വരെ- അറിയുന്നു. അവന് അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല.

(8) അല്ലാഹു; അവനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അവന് മാത്രമാകുന്നു എല്ലാ ഉൽകൃഷ്ടതകളിലും അങ്ങേയറ്റം പരിപൂർണ്ണതയെത്തിയ നാമങ്ങൾ ഉള്ളത്.

(9) അല്ലാഹുവിൻ്റെ റസൂലേ! ഇംറാനിൻ്റെ മകൻ മൂസായുടെ -عَلَيْهِ السَّلَامُ- ചരിത്രം നിനക്ക് വന്നെത്തിയിരിക്കുന്നു.

(10) അദ്ദേഹം തൻ്റെ യാത്രാമദ്ധ്യേ ഒരു തീ കണ്ടു. അപ്പോൾ തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. അതിൽ നിന്ന് നിങ്ങൾക്ക് വേണ്ടി ഒരു തീക്കൊള്ളി എനിക്ക് കൊണ്ടുവരാൻ കഴിഞ്ഞേക്കാം. അല്ലെങ്കിൽ എനിക്ക് വഴികാട്ടി നൽകാൻ ആരെയെങ്കിലും കണ്ടെത്താൻ സാധിച്ചേക്കാം.

(11) അങ്ങനെ അദ്ദേഹം തീയിൻ്റെ അടുക്കൽ എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ!

(12) തീർച്ചയായും ഞാനാകുന്നു നിൻ്റെ രക്ഷിതാവായ അല്ലാഹു. അതിനാൽ എന്നോട് സംസാരിക്കാനുള്ള തയ്യാറെടുപ്പായി നീ നിൻ്റെ ചെരുപ്പ് അഴിച്ചു വെക്കുക. പരിശുദ്ധമായ ത്വുവാ താഴ്വരയിലാകുന്നു നീ ഇപ്പോൾ ഉള്ളത്.

(13) ഹേ മൂസാ! എൻ്റെ സന്ദേശം എത്തിച്ചു നൽകുന്നതിനായി ഞാൻ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നൽകുന്ന സന്ദേശം നീ ശ്രദ്ധിച്ചു കേൾക്കുക.

(14) തീർച്ചയായും ഞാനാകുന്നു അല്ലാഹു; ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരും തന്നെയില്ല. അതിനാൽ നീ എന്നെ മാത്രം ആരാധിക്കുക. എന്നെ സ്മരിക്കുന്നതിനായി നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ നീ നിർവ്വഹിക്കുകയും ചെയ്യുക.

(15) തീർച്ചയായും അന്ത്യനാൾ സംഭവിക്കുന്നതാണ്. അത് നടക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, അത് ഞാൻ ഗോപ്യമാക്കി വെച്ചേക്കാം; അതിനാൽ ഒരു സൃഷ്ടിയും അതിൻ്റെ സമയം അറിയുകയില്ല. എന്നാൽ നബിമാർ അറിയിക്കുന്ന അതിൻ്റെ അടയാളങ്ങൾ അവർക്ക് അറിയാൻ കഴിയും. ഓരോരുത്തർക്കും അവൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നൽകപ്പെടുന്നതിനത്രെ അത്; അത് നന്മയായാലും തിന്മയായാലും.

(16) പരലോകത്തിൽ വിശ്വസിക്കാത്ത, തങ്ങളുടെ ദേഹേഛകളാകുന്ന നിഷിദ്ധങ്ങളെ പിൻപറ്റുന്ന നിഷേധികൾ നിന്നെ, അതിനെ സത്യപ്പെടുത്തുകയും അതിന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് തയ്യാറെടുക്കുകയും ചെയ്യുന്നതിൽ നിന്ന് തിരിച്ചു കളയാതിരിക്കട്ടെ. (അങ്ങനെ സംഭവിച്ചാൽ) അത് കാരണത്താൽ നീയും നശിച്ചു പോകും.

(17) നിൻ്റെ വലതു കയ്യിലുള്ളത് എന്താകുന്നു മൂസാ?!

(18) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: ഇത് എൻ്റെ വടിയാകുന്നു. നടക്കുമ്പോൾ ഞാനതിൻ്റെ മേൽ ഊന്നിനടക്കുകയും, എൻ്റെ ആടുകൾക്ക് ഭക്ഷിക്കാനുള്ള ഇലകൾ വീഴ്ത്തുന്നതിന് വേണ്ടി അത് കൊണ്ട് ഞാൻ മരത്തിലടിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞതല്ലാത്ത ചില ഉപകാരങ്ങളും അതു കൊണ്ട് എനിക്കുണ്ട്.

(19) അല്ലാഹു പറഞ്ഞു: മൂസാ! അത് നീ താഴെയിടൂ!

(20) അങ്ങനെ മൂസാ അത് ഇട്ടപ്പോൾ ആ വടിയതാ ഒരു പാമ്പായി മാറുകയും, വഴക്കത്തോടെ വേഗതയിൽ ഇഴയുകയും ചെയ്യുന്നു.

(21) അല്ലാഹു മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: നീ ആ വടി എടുക്കുക! അത് പാമ്പായി മാറിയതിൽ നീ ഭയക്കേണ്ടതില്ല. നീ അത് എടുത്തു കഴിഞ്ഞാൽ അതിൻ്റെ ആദ്യത്തെ അവസ്ഥയിലേക്ക് തന്നെ നാം അതിനെ മടക്കുന്നതാണ്.

(22) നിൻ്റെ കൈ നിൻ്റെ പാർശ്വത്തിലേക്ക് ചേർത്തു പിടിക്കുക; പാണ്ഡൊന്നും കൂടാതെ അത് വെള്ള നിറമായി പുറത്തു വരും. നിനക്കുള്ള രണ്ടാമത്തെ അടയാളമാണത്.

(23) മൂസാ! ഈ രണ്ട് ദൃഷ്ടാന്തങ്ങൾ നാം നിനക്ക് കാണിച്ചു തന്നത് നമ്മുടെ ശക്തി ബോധ്യപ്പെടുത്തുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളിൽ ചിലത് നിനക്ക് കാണിച്ചു തരുന്നതിനും, നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ്.

(24) മൂസാ! നീ ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.

(25) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ രക്ഷിതാവേ!ഉപദ്രവങ്ങൾ സഹിക്കാൻ കഴിയുംവിധം എൻ്റെ ഹൃദയത്തെ നീ വിശാലമാക്കേണമേ!

(26) എനിക്ക് എൻ്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ!

(27) നല്ല ഭാഷയിൽ സംസാരിക്കാനുള്ള ശേഷി എനിക്ക് നീ നൽകേണമേ!

(28) നിൻ്റെ സന്ദേശം ഞാൻ അവർക്ക് എത്തിച്ചു നൽകിയാൽ അവർ എൻ്റെ സംസാരം ഗ്രഹിക്കുന്നതിനായി.

(29) എൻ്റെ കാര്യങ്ങളിൽ എന്നെ സഹായിക്കാൻ എൻ്റെ കുടുംബത്തിൽ നിന്ന് ഒരു സഹായിയെ എനിക്ക് നിശ്ചയിച്ചു നൽകേണമേ!

(30) ഇംറാനിൻ്റെ മകൻ ഹാറൂനിനെ; എൻ്റെ സഹോദരനെ.

(31) അവൻ മുഖേന എനിക്ക് പിന്തുണ ശക്തമാക്കി തരേണമേ!

(32) അവനെ എൻ്റെ ഈ പ്രവാചകത്വത്തിൽ നീ പങ്കാളിയാക്കുകയും ചെയ്യേണമേ!

(33) നിന്നെ ഞങ്ങൾ ധാരാളമായി പരിശുദ്ധപ്പെടുത്തുന്നതിന് വേണ്ടിയും,

(34) ധാരാളമായി നിന്നെ ഞങ്ങൾ സ്മരിക്കുവാനും വേണ്ടിയും.

(35) തീർച്ചയായും നീ ഞങ്ങളെ കുറിച്ച് നന്നായി കണ്ടറിയുന്നവനാകുന്നു. ഞങ്ങളുടെ കാര്യങ്ങളിൽ ഒന്നും തന്നെ നിനക്ക് അവ്യക്തമാവുകയില്ല.

(36) അല്ലാഹു പറഞ്ഞു: മൂസാ! നാം നീ ആവശ്യപ്പെട്ടത് നിനക്ക് നൽകിയിരിക്കുന്നു.

(37) നിൻ്റെ മേൽ മറ്റൊരിക്കലും നാം അനുഗ്രഹം ചൊരിഞ്ഞു നൽകിയിട്ടുണ്ട്.

(38) ഫിർഔനിൻ്റെ തന്ത്രത്തിൽ നിന്ന് നിന്നെ സംരക്ഷിക്കുന്നതിന് വേണ്ടി നാം നിൻ്റെ മാതാവിന് തോന്നൽ നൽകിയ സന്ദർഭം.

(39) നാം അവൾക്ക് ബോധനം നൽകിയ സന്ദർഭത്തിൽ അവളുടെ പ്രസവശേഷം കുട്ടിയെ ഒരു പെട്ടിയിലാക്കുവാനും, ആ പെട്ടി കടലിൽ എറിയുവാനും അവളോട് കൽപ്പിച്ചു. അങ്ങനെ നമ്മുടെ കൽപ്പനപ്രകാരം സമുദ്രം അതിനെ തീരത്ത് തള്ളും. അവിടെ നിന്ന് എൻ്റെയും അവൻ്റെയും ശത്രുവായ ഒരാൾ -അതായത് ഫിർഔൻ- അതെടുക്കും. (ഹേ മൂസാ) എൻ്റെ പക്കൽ നിന്നുള്ള സ്നേഹം നാം നിനക്ക് നിശ്ചയിച്ചു നൽകുകയും ചെയ്തു. അതിനാൽ ജനങ്ങൾ നിന്നെ സ്നേഹിച്ചു. എൻ്റെ കൺമുന്നിൽ, എൻ്റെ സംരക്ഷണത്തിലും പരിചരണത്തിലും നീ വളരുന്നതിന് വേണ്ടിയായിരുന്നു അത്.

(40) പെട്ടി ഒഴുകുന്നതിന് അനുസരിച്ച് നിൻ്റെ സഹോദരി അതിനെ പിന്തുടരുകയും ചെയ്ത സന്ദർഭം. അങ്ങനെ ആ പെട്ടി എടുത്തവരോട് അവൾ പറഞ്ഞു: ഈ കുട്ടിയെ സംരക്ഷിക്കുകയും അതിന് മുലകൊടുക്കുകയും അതിനെ വളർത്തുകയും ചെയ്യുന്ന ഒരാളെ ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?! അങ്ങനെ നിന്നെ നിൻ്റെ മാതാവിൻ്റെ അടുക്കലേക്ക് തന്നെ തിരിച്ചയച്ചു കൊണ്ട് നാം നിനക്ക് മേൽ ഔദാര്യം ചൊരിഞ്ഞു. അവൾക്ക് കൺകുളിർമയാകുന്നതിനും, നിന്നെ നഷ്ടപ്പെട്ടതിൻ്റെ പേരിൽ അവൾ ദുഃഖിക്കാതിരിക്കുന്നതിനും വേണ്ടിയായിരുന്നു അത്. (പിന്നീട്) നീ മുഷ്ടി ചുരുട്ടി ഇടിച്ച ആ ഖിബ്തിയെ നീ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ (അതിൻ്റെ പേരിൽ ജനങ്ങൾ നിന്നെ) ശിക്ഷിക്കുന്നതിൽ നിന്ന് നിന്നെ രക്ഷപ്പെടുത്തി കൊണ്ടും നിൻ്റെ മേൽ നാം ഔദാര്യം ചൊരിഞ്ഞു. അങ്ങനെ നീ നേരിട്ട ഓരോ പരീക്ഷണങ്ങളിൽ നിന്നും ഒന്നിന് പിറകെ ഒന്നായി നിന്നെ നാം രക്ഷപ്പെടുത്തി. അങ്ങനെ നീ (ഈജിപ്തിൽ നിന്ന്) പുറത്തു കടക്കുകയും, മദ്യൻകാരോടൊപ്പം നീ വർഷങ്ങളോളം കഴിച്ചു കൂട്ടുകയും ചെയ്തു. ശേഷം -മൂസാ!- നിനക്ക് വന്നെത്താൻ വിധിക്കപ്പെട്ട സമയത്ത് നീ ഇതാ വന്നിരിക്കുന്നു; (അല്ലാഹു നിന്നോട്) സംസാരിക്കുന്നതിന്.

(41) ഞാൻ നിനക്ക് സന്ദേശമായി നൽകുന്നത് ജനങ്ങൾക്ക് എത്തിച്ചു നൽകാനുള്ള എൻ്റെ ദൂതനായി നിന്നെ നാം തിരഞ്ഞെടുത്തിരിക്കുന്നു.

(42) ഹേ മൂസാ! നീയും നിൻ്റെ സഹോദരൻ ഹാറൂനും അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും തെളിയിക്കുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. എന്നിലേക്ക് ക്ഷണിക്കുന്നതിലോ, എന്നെ സ്മരിക്കുന്നതിലോ നിങ്ങൾ ദുർബലരാകരുത്.

(43) നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കലേക്ക് പോവുക. തീർച്ചയായും അവൻ (അല്ലാഹുവിനെ) നിഷേധിക്കുന്നതിലും അവനോട് ധിക്കാരം കാണിക്കുന്നതിലും സർവ്വസീമകളും ലംഘിച്ചിരിക്കുന്നു.

(44) അവനോട് നിങ്ങൾ സൗമ്യമായ -പരുഷതയില്ലാത്ത- വാക്ക് പറയുക. അവൻ ചിന്തിച്ചു മനസ്സിലാക്കുകയും, അല്ലാഹുവിനെ ഭയക്കുകയും അങ്ങനെ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തേക്കാം.

(45) മൂസായും -عَلَيْهِ السَّلَامُ- ഹാറൂനും -عَلَيْهِ السَّلَامُ- പറഞ്ഞു: അവനെ (ഇസ്ലാമിലേക്ക്) ക്ഷണിച്ചു തീരുന്നതിന് മുൻപ് തന്നെ അവൻ ഉടനടി ഞങ്ങളെ ശിക്ഷിച്ചേക്കുമെന്ന് ഞങ്ങൾ ഭയക്കുന്നു. അതല്ലെങ്കിൽ ഞങ്ങളെ കൊലപ്പെടുത്തുകയോ മറ്റോ ചെയ്തു കൊണ്ട് ഞങ്ങളോട് അവൻ അതിരുവിട്ട് അതിക്രമം കാണിക്കുമെന്നും ഞങ്ങൾ ഭയപ്പെടുന്നു.

(46) അല്ലാഹു അവരോട് രണ്ടു പേരോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഭയക്കേണ്ടതില്ല. തീർച്ചയായും ഞാൻ നിങ്ങൾ രണ്ടു പേരെയും സഹായിച്ചു കൊണ്ടും പിന്തുണച്ചു കൊണ്ടും നിങ്ങളോട് ഒപ്പം തന്നെയുണ്ട്. നിങ്ങൾക്കും അവനും ഇടയിൽ നടക്കുന്നതെല്ലാം ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്.

(47) അതിനാൽ നിങ്ങൾ രണ്ടു പേരും അവൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് ഇപ്രകാരം പറയുകയും ചെയ്യുക: ഹേ ഫിർഔൻ! ഞങ്ങൾ നിൻ്റെ രക്ഷിതാവിൻ്റെ അടുക്കൽ നിന്നുള്ള രണ്ട് ദൂതന്മാരാണ്. അതിനാൽ ഇസ്രാഈൽ സന്തതികളെ നീ ഞങ്ങളോടൊപ്പം അയക്കുക. അവരുടെ കുട്ടികളെ കൊന്നൊടുക്കിയും, അവരിലെ സ്ത്രീകളെ ജീവിക്കാൻ വിട്ടും നീ അവരെ ഉപദ്രവിക്കരുത്. ഞങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന, നിൻ്റെ രക്ഷിതാവിങ്കൽ നിന്നുള്ള ദൃഷ്ടാന്തങ്ങളുമായാണ് ഞങ്ങൾ നിൻ്റെയടുക്കൽ വന്നിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ സന്മാർഗം പിൻപറ്റുകയും ചെയ്തവർക്കാകുന്നു അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്നുള്ള നിർഭയത്വമുള്ളത്.

(48) തീർച്ചയായും ഇഹലോകത്തും പരലോകത്തും ശിക്ഷയുണ്ടായിരിക്കുക അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിക്കുകയും ചെയ്തവർക്കായിരിക്കുമെന്ന് ഞങ്ങൾക്ക് അല്ലാഹു സന്ദേശം നൽകിയിരിക്കുന്നു.

(49) അവർ രണ്ടു പേരും കൊണ്ടു വന്നതിനെ തള്ളിക്കളഞ്ഞു കൊണ്ട് ഫിർഔൻ ചോദിച്ചു: നിങ്ങളെ രണ്ടു പേരെയും അയച്ചിരിക്കുന്നു എന്ന് നിങ്ങളീ പറയുന്ന നിങ്ങളുടെ രണ്ടു പേരുടെയും രക്ഷിതാവ് ആരാണ്, മൂസാ?!

(50) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എല്ലാ വസ്തുക്കൾക്കും അതിന് യോജിച്ചതായ രൂപവും പ്രകൃതവും നൽകുകയും, ശേഷം സൃഷ്ടികൾക്കെല്ലാം അവ സൃഷ്ടിക്കപ്പെട്ടതെന്തിനോ അതിലേക്ക് വഴികാട്ടുകയും ചെയ്തവൻ; അവനാണ് ഞങ്ങളുടെ രക്ഷിതാവ്.

(51) ഫിർഔൻ പറഞ്ഞു: അപ്പോൾ (നീ ഈ പറഞ്ഞതിന് വിരുദ്ധമായത് വിശ്വസിച്ചു കൊണ്ട്) നിഷേധത്തിലായിരുന്ന മുൻപ് കഴിഞ്ഞുപോയ തലമുറകളുടെ സ്ഥിതിയെന്താണ്?!

(52) മൂസാ -عَلَيْهِ السَّلَامُ- ഫിർഔനോട് പറഞ്ഞു: ആ സമൂഹങ്ങൾ എപ്രകാരമായിരുന്നു എന്നതിനെ കുറിച്ചുള്ള അറിവ് എൻ്റെ രക്ഷിതാവിങ്കൽ, ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. എൻ്റെ രക്ഷിതാവിന് അത് അറിയുന്നതിൽ പിഴവ് സംഭവിക്കുകയോ, അതിൽ നിന്ന് അവൻ അറിഞ്ഞത് മറന്നു പോവുകയോ ഇല്ല.

(53) ഭൂമിയെ നിങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമാക്കി തന്നവനായ എൻ്റെ രക്ഷിതാവിങ്കൽ (ഉണ്ട് അതിനെ കുറിച്ചുള്ള അറിവ്). അതിലൂടെ യാത്ര ചെയ്യാൻ അനുയോജ്യമായ വഴികൾ നിങ്ങൾക്ക് വേണ്ടി അവൻ ഉണ്ടാക്കി നൽകുകയും, ആകാശത്ത് നിന്ന് മഴവെള്ളം വർഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ആ വെള്ളം മുഖേന വ്യത്യസ്ത ഇനങ്ങളിൽ പെട്ട സസ്യങ്ങൾ നാം പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

(54) ജനങ്ങളേ! നാം നിങ്ങൾക്ക് മുളപ്പിച്ചുതന്നിരിക്കുന്നതിൽ നിന്ന് പരിശുദ്ധമായത് നിങ്ങൾ ഭക്ഷിക്കുകയും, നിങ്ങളുടെ കന്നുകാലികൾക്ക് തീറ്റകൊടുക്കുകയും ചെയ്തു കൊള്ളുക. തീർച്ചയായും ഈ പറയപ്പെട്ട അനുഗ്രഹങ്ങളിൽ ബുദ്ധിയുള്ളവർക്ക് അല്ലാഹുവിൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തി നൽകുന്ന തെളിവുകളുണ്ട്.

(55) ആ ഭൂമിയിലെ മണ്ണിൽ നിന്നാണ് നിങ്ങളുടെ പിതാവ് ആദമിനെ -عَلَيْهِ السَّلَامُ- നാം സൃഷ്ടിച്ചത്. നിങ്ങൾ മരിച്ചു കഴിഞ്ഞാൽ അതിലേക്ക് തന്നെ നാം നിങ്ങളെ മടക്കുന്നതുമാണ്. ഇനിയൊരിക്കൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിൽ നിന്ന് തന്നെ നിങ്ങളെ നാം പുനരുത്ഥാനദിവസത്തിനായി പുറത്തു കൊണ്ട് വരികയും ചെയ്യുന്നതാണ്.

(56) നമ്മുടെ പക്കൽ നിന്നുള്ള ഒമ്പത് ദൃഷ്ടാന്തങ്ങൾ മുഴുവനും നാം ഫിർഔന് കാണിച്ചു കൊടുക്കുകയും ചെയ്തു. അവൻ അത് വീക്ഷിക്കുകയും, എന്നിട്ടും അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു. അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്കുള്ള ക്ഷണത്തിന് ഉത്തരം നൽകാതെ അവൻ വിസമ്മതിച്ചു നിൽക്കുകയും ചെയ്തു.

(57) ഫിർഔൻ പറഞ്ഞു: നീ കൊണ്ടുവന്നിരിക്കുന്ന ഈ മാരണത്തിലൂടെ ഞങ്ങളെയെല്ലാം ഈജിപ്തിൽ നിന്ന് പുറത്താക്കാനും, അങ്ങനെ നിനക്ക് ഇവിടെയുള്ള അധികാരം ലഭിക്കുന്നതിനുമാണോ -മൂസാ!- നീ വന്നിരിക്കുന്നത്?!

(58) ഹേ മൂസാ! എങ്കിൽ നിൻ്റെ മാരണത്തിന് സമാനമായ മാരണവുമായി ഞങ്ങളും വരിക തന്നെ ചെയ്യും. അതിനാൽ നമുക്കും നിനക്കുമിടയിൽ നിശ്ചയിക്കപ്പെട്ട ഒരു ദിവസത്തിൽ, ഒരു സ്ഥലം നിർണ്ണയിച്ചു കൊള്ളുക. ഞങ്ങളോ നീയോ ആ സമയത്തിൽ നിന്ന് വൈകരുത്. രണ്ടു വിഭാഗക്കാർക്കും മദ്ധ്യത്തിൽ, നിരപ്പായ ഒരു സ്ഥാനത്താകട്ടെ നിശ്ചയിക്കുന്ന ആ സ്ഥലം.

(59) മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോട് പറഞ്ഞു: നമുക്കും നിങ്ങൾക്കുമിടയിലുള്ള വാഗ്ദാനദിവസം ഉത്സവദിനമാകുന്നു. ജനങ്ങൾ അവരുടെ ഉത്സവാഘോഷങ്ങൾക്കായി ഒത്തുചേരുന്ന ആ ദിവസം പൂർവ്വാഹ്നത്തിലാകട്ടെ (ഈ സമയം).

(60) ശേഷം ഫിർഔൻ പിന്തിരിഞ്ഞു പോവുകയും, അവൻ്റെ തന്ത്രവും കുബുദ്ധിയും സ്വരുക്കൂട്ടുകയും ചെയ്തു. ശേഷം മത്സരത്തിനായി നിശ്ചയിക്കപ്പെട്ട സ്ഥലത്ത്, നിർണ്ണയിക്കപ്പെട്ട സമയത്ത് അവൻ വരികയും ചെയ്തു.

(61) ഫിർഔൻ്റെ മാരണക്കാരെ ഗുണദോഷിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിങ്ങൾ സൂക്ഷിച്ചു കൊള്ളുക! അല്ലാഹുവിൻ്റെ മേൽ നിങ്ങൾ കള്ളം കെട്ടിച്ചമക്കുകയും, നിങ്ങൾ പടച്ചുണ്ടാക്കുന്ന മാരണത്തിലൂടെ ജനങ്ങളെ വഞ്ചിക്കുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ അല്ലാഹു അവനിൽ നിന്നുള്ള ശിക്ഷയിലൂടെ നിങ്ങളെ വേരോടെ പിഴുതെറിഞ്ഞേക്കാം. അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവൻ തീർച്ചയായും നശിച്ചിരിക്കുന്നു.

(62) മൂസ -عَلَيْهِ السَّلَامُ- യുടെ സംസാരം കേട്ടപ്പോൾ മാരണക്കാർ പരസ്പരം ചർച്ചയിലേർപ്പെട്ടു. അവർ പരസ്പരം രഹസ്യമായി കൂടിയാലോചിക്കുകയും ചെയ്തു.

(63) മാരണക്കാരിൽ ചിലർ ഒപ്പമുള്ളവരോട് രഹസ്യമായി പറഞ്ഞു: തീർച്ചയായും മൂസായും ഹാറൂനും രണ്ട് മാരണക്കാരാണ്. അവർ കൊണ്ടുവന്നിരിക്കുന്ന അവരുടെ മാരണത്തിലൂടെ നിങ്ങളെ ഈജിപ്തിൽ നിന്ന് പുറത്താക്കുവാനാണ് അവർ ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ഉന്നതമായ ജീവിതരീതിയെയും, വിശിഷ്ടമായ മാർഗത്തെയും ഇല്ലാതെയാക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്.

(64) അതിനാൽ നിങ്ങളുടെ കാര്യങ്ങളെല്ലാം കൃത്യമാക്കുകയും, നിങ്ങൾ പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക. ശേഷം അണിയൊപ്പിച്ച് നിങ്ങൾ മുന്നേറുകയും, നിങ്ങളുടെ പക്കലുള്ളതെല്ലാം ഒരുമിച്ച് കാഴ്ച വെക്കുകയും ചെയ്യുക. ഇന്ന് തൻ്റെ എതിരാളിയെ പരാജയപ്പെടുത്താൻ കഴിഞ്ഞവൻ ആഗ്രഹിക്കുന്നത് നേടിയെടുക്കുന്നതാണ്.

(65) മാരണക്കാർ മൂസായോട് -عَلَيْهِ السَّلَامُ- പറഞ്ഞു: ഹേ മൂസാ! രണ്ടാലൊരു കാര്യം നിനക്ക് തിരഞ്ഞെടുക്കാം. ഒന്നുകിൽ നിൻ്റെ പക്കലുള്ള മാരണങ്ങൾ നീ ഇട്ടുകൊണ്ട് തുടങ്ങാം. അല്ലെങ്കിൽ ഞങ്ങളാകാം തുടക്കം കുറിക്കുന്നത്.

(66) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ല! നിങ്ങളുടെ പക്കലുള്ളത് നിങ്ങൾ തന്നെ ഇട്ടുകൊള്ളുക. അങ്ങനെ അവർ അവരുടെ പക്കലുള്ളതെല്ലാം താഴെയിട്ടു. അപ്പോഴതാ അവർ താഴെയിട്ട അവരുടെ കയറുകളും വടികളുമെല്ലാം വേഗതയിൽ ഇഴയുന്ന സർപ്പങ്ങളാണെന്ന് അവർ ചെയ്ത മാരണം കാരണത്താൽ മൂസാക്ക് തോന്നിപ്പിക്കപ്പെടുന്നു.

(67) അവർ നിർമ്മിച്ചുണ്ടാക്കിയതിൽ മൂസാക്ക് മനസ്സിൽ രഹസ്യമായി ഒരു ഭയമുണ്ടായി.

(68) മൂസായെ സമാധാനിപ്പിച്ചു കൊണ്ട് അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: നിനക്ക് തോന്നിപ്പിക്കപ്പെട്ടിരിക്കുന്ന ഇവയെല്ലാം കണ്ട് നീ ഭയക്കേണ്ടതില്ല. മൂസാ! തീർച്ചയായും അവർക്ക് മേൽ വിജയിച്ചു കൊണ്ടും സഹായം ലഭിച്ചും ഔന്നത്യമുള്ളവനാകുന്നത് നീ തന്നെയായിരിക്കും.

(69) നിൻ്റെ വലതു കയ്യിലുള്ള വടി താഴെയിടുക. അത് ഒരു പാമ്പായി മാറുകയും, അവർ നിർമ്മിച്ചുണ്ടാക്കിയ മാരണത്തെയെല്ലാം വിഴുങ്ങുകയും ചെയ്യും. അവർ ഉണ്ടാക്കിയിരിക്കുന്നതെല്ലാം മാരണക്കാരൻ്റെ ചില തന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല. മാരണക്കാരൻ എവിടെയായിരുന്നാലും അവൻ്റെ ഉദ്ദേശം നടപ്പിലാവുകയില്ല.

(70) അങ്ങനെ മൂസാ അദ്ദേഹത്തിൻ്റെ വടി താഴെയിടുകയും, അത് സർപ്പമായി മാറുകയും, മാരണക്കാർ നിർമ്മിച്ചതിനെയെല്ലാം വിഴുങ്ങുകയും ചെയ്തു. മൂസായുടെ കയ്യിലുള്ളത് മാരണമല്ലെന്നും, അത് അല്ലാഹുവിൽ നിന്നുള്ള ദൃഷ്ടാന്തം മാത്രമാണെന്നും തിരിച്ചറിഞ്ഞ ആ നിമിഷം മാരണക്കാർ അല്ലാഹുവിന് സാഷ്ടാംഗം നമിച്ചു കൊണ്ട് വീണു. അവർ പറഞ്ഞു: ഞങ്ങൾ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ, മൂസായുടെയും ഹാറൂനിൻ്റെയും രക്ഷിതാവിൽ വിശ്വസിച്ചിരിക്കുന്നു.

(71) മാരണക്കാർ (അല്ലാഹുവിൽ) വിശ്വസിച്ചതോടെ അവരെ എതിർത്തു കൊണ്ട് ഭീഷണിയുടെ സ്വരത്തിൽ ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് നിങ്ങൾ ഫിർഔനിൽ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ നേതാവ് തന്നെയാകുന്നു! നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ ഞാൻ മുറിച്ചു നീക്കുന്നതാണ്. മരിക്കുന്നത് വരെ നിങ്ങളെ ഞാൻ ഈത്തപ്പനത്തടിയുടെ മുകളിൽ കുരിശിൽ തറക്കുന്നതുമാണ്. നിങ്ങളെ ഞാൻ മറ്റുള്ളവർക്കൊരു പാഠമാക്കും. ഞങ്ങളിൽ ആരാണ് -ഞാനോ അതല്ല മൂസയുടെ രക്ഷിതാവോ- ഏറ്റവും കഠിനവും നീണ്ടുനിൽക്കുന്നതുമായ ശിക്ഷ നൽകുന്നവൻ എന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും!

(72) ഫിർഔനോട് മാരണക്കാർ പറഞ്ഞു: ഫിർഔൻ! ഞങ്ങൾക്ക് വന്നുകിട്ടിയ വ്യക്തമായ ദൃഷ്ടാന്തങ്ങളെ പിൻപറ്റുന്നതിനെക്കാൾ നിന്നെ പിൻപറ്റുന്നതിന് ഒരിക്കലും ഞങ്ങൾ മുൻഗണന നൽകുകയില്ല?! ഞങ്ങളെ സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ നിനക്ക് യാതൊരു ശ്രേഷ്ഠതയും ഞങ്ങൾ കൽപ്പിക്കുകയുമില്ല. അതിനാൽ നീ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്തോ; അത് ചെയ്തു കൊള്ളുക. നശിച്ചു പോകുന്ന ഈ ഐഹികജീവിതത്തിലല്ലാതെ നിനക്ക് ഞങ്ങളുടെ മേൽ യാതൊരു അധികാരവുമില്ല. (ഇവിടെ കഴിഞ്ഞാൽ) നിൻ്റെ അധികാരം അവസാനിക്കുന്നതാണ്.

(73) ഞങ്ങളുടെ കഴിഞ്ഞു പോയ തെറ്റുകൾ -അല്ലാഹുവിനെ നിഷേധിച്ചതും മറ്റുമെല്ലാം- അല്ലാഹു ഞങ്ങൾക്ക് പൊറുത്തു നൽകുന്നതിനായി ഞങ്ങളുടെ രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. നിൻ്റെ നിർബന്ധത്താൽ ഞങ്ങൾ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മാരണത്തിൻ്റെ പാപവും, മൂസായെ പരാജയപ്പെടുത്താൻ ശ്രമിച്ചതിൻ്റെ തെറ്റും അവൻ ഞങ്ങൾക്ക് മാപ്പാക്കി തരുന്നതിനും വേണ്ടി (ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു). നീ ഞങ്ങൾക്ക് വാഗ്ദാനം നൽകിയതിനെക്കാൾ ഉത്തമമായ പ്രതിഫലം വാഗ്ദാനം നൽകുന്നവൻ അല്ലാഹുവാകുന്നു. നീ ഭീഷണിപ്പെടുത്തുന്ന ശിക്ഷയെക്കാൾ എന്നെന്നും നിലനിൽക്കുന്ന ശിക്ഷ നൽകുന്നവനും അവൻ തന്നെ.

(74) ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ രക്ഷിതാവിങ്കൽ എത്തിച്ചേരുന്നത് അവനിൽ അവിശ്വസിച്ചു കൊണ്ടാണെങ്കിൽ അവന് നരകാഗ്നിയായിരിക്കും ഉണ്ടായിരിക്കുക എന്നതാണ് യാഥാർഥ്യം. അവനതിൽ എന്നെന്നും കഴിഞ്ഞു കൂടുന്ന നിലക്ക് പ്രവേശിക്കുന്നതാണ്. അവിടെ അവൻ മരിക്കുകയില്ല; (മരിച്ചിരുന്നെങ്കിൽ) അവന് അതിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വാസം ലഭിക്കുമായിരുന്നു. അവിടെ അവൻ സുഖകരമായ ജീവിതം ജീവിക്കുകയുമില്ല.

(75) ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ആരെങ്കിലും തൻ്റെ രക്ഷിതാവിങ്കൽ ചെല്ലുന്നത് അവനിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചവനായിട്ടാണെങ്കിൽ; ആ മഹനീയ ഗുണങ്ങളുള്ളവർക്ക് മഹത്തരമായ സ്ഥാനങ്ങളും, ഉന്നതമായ പദവികളുമുണ്ടായിരിക്കും.

(76) ആ പദവികൾ സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകളാണ്. അതിലെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അവരതിൽ എന്നെന്നും കഴിയുന്നവരായിരിക്കും. (അല്ലാഹുവിനെ) നിഷേധിക്കുന്നതിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധി കാത്തുസൂക്ഷിച്ചവർക്കുള്ള പ്രതിഫലമാകുന്നു ഈ പറഞ്ഞത്.

(77) നാം മൂസാക്ക് ബോധനം നൽകി: എൻ്റെ ദാസന്മാരുമായി ആരും അറിയാതെ രാത്രിയിൽ ഈജിപ്തിൽ നിന്ന് യാത്ര പുറപ്പെടുക. സമുദ്രത്തിൽ വടികൊണ്ട് അടിച്ച് അവർക്കായി ഉണങ്ങിയ ഒരു വഴി തുറന്നുകൊടുക്കുകയും ചെയ്യുക. നിർഭയനായി പുറപ്പെടുക; ഫിർഔനും കൂട്ടരും നിങ്ങളെ പിടികൂടുമെന്ന് ഭയക്കേണ്ട. സമുദ്രത്തിൽ മുങ്ങിപ്പോകുമെന്ന പേടിയും വേണ്ട.

(78) അപ്പോൾ ഫിർഔൻ തൻ്റെ സൈന്യത്തെയും കൂട്ടി അവരെ പിന്തുടർന്നു. അങ്ങനെ ആ സമുദ്രത്തിൽ അവരെ മൂടിയതെല്ലാം അവരെ മൂടി; അതിൻ്റെ യാഥാർഥ്യം അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അതോടെ അവരെല്ലാം മുങ്ങിനശിക്കുകയും, മൂസായും അദ്ദേഹത്തോടൊപ്പം ഉള്ളവരും രക്ഷപ്പെടുകയും ചെയ്തു.

(79) ഫിർഔൻ അവൻ്റെ ജനതയെ (അല്ലാഹുവിനെ) നിഷേധിക്കുന്നത് ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് വഴികേടിലാക്കി. അസത്യങ്ങൾ കൊണ്ട് അവനവരെ വഞ്ചിക്കുകയും ചെയ്തു. അവൻ അവരെ സത്യത്തിൻ്റെ പാതയിലേക്ക് നയിച്ചതുമില്ല.

(80) ഫിർഔനിൽ നിന്നും അവൻ്റെ സൈന്യത്തിൽ നിന്നും രക്ഷപ്പെടുത്തിയ ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: ഹേ ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ ശത്രുവിൽ നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു. ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തുള്ള താഴ്വരയുടെ വലതു ഭാഗത്ത് വെച്ച് മൂസായുമായി സംസാരിക്കാമെന്ന് നാം നിങ്ങൾക്ക് വാഗ്ദാനം നൽകുകയും ചെയ്തു. തണലിന് താഴെയായി നമ്മുടെ അനുഗ്രഹങ്ങളിൽ നിന്ന് മധുരതരമായ തേൻ പോലുള്ള പാനീയവും, രുചികരമായ മാംസമുള്ള കാടയെ പോലുള്ള ചെറുപക്ഷിയെയും നിങ്ങൾക്ക് നാം ഇറക്കിത്തന്നു.

(81) നാം നിങ്ങൾക്ക് നൽകിയ അനുവദനീയമായ ഭക്ഷണങ്ങളിൽ നിന്ന് രുചികരമായത് നിങ്ങൾ കഴിച്ചു കൊള്ളുക. നാം അനുവദിച്ചു തന്നതിൽ നിന്ന് അതിരുകടന്ന് നിഷിദ്ധമായതിലേക്ക് നിങ്ങൾ പോകരുത്. അങ്ങനെ ചെയ്താൽ എൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ ഇറങ്ങുന്നതാണ്. എൻ്റെ കോപം ആരുടെയെങ്കിലും മേൽ പതിച്ചാൽ അവൻ നശിക്കുകയും, ഇഹലോകത്തും പരലോകത്തും ദൗർഭാഗ്യവാനായി തീരുകയും ചെയ്തിരിക്കുന്നു.

(82) തീർച്ചയായും എന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, എന്നിൽ വിശ്വസിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും, ശേഷം സത്യത്തിൽ നേരെ നിലകൊള്ളുകയും ചെയ്തവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനാകുന്നു ഞാൻ.

(83) ഹേ മൂസാ! നിൻ്റെ പിറകിൽ നിൻ്റെ ജനതയെ വിട്ടേച്ച്, അവരെക്കാൾ മുൻപ് ധൃതിപിടിച്ചു വരാനുള്ള കാരണമെന്താണ്?!

(84) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അവർ എൻ്റെ പിറകിൽ തന്നെയുണ്ട്. അവർ എന്നോടൊപ്പം ചേരുന്നതാണ്. അവരെ പിറകിലാക്കി നിൻ്റെ അരികിലേക്ക് ഞാൻ ധൃതിപിടിച്ചു വന്നത്, നിൻ്റെ അടുത്തേക്ക് ധൃതികൂട്ടിയതിനാൽ നീ എന്നെ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ്.

(85) അല്ലാഹു പറഞ്ഞു: എന്നാൽ നീ വിട്ടേച്ചു പോന്ന നിൻ്റെ സമൂഹത്തെ പശുക്കുട്ടിക്കുള്ള ആരാധന കൊണ്ട് നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി (എന്ന ഒരാൾ) പശുക്കുട്ടിയെ ആരാധിക്കാൻ അവരോട് പറഞ്ഞിരിക്കുന്നു. അങ്ങനെ അവൻ അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു.

(86) അങ്ങനെ മൂസാ തൻ്റെ ജനത പശുക്കുട്ടിയെ ആരാധിച്ചിരിക്കുന്നു എന്നതിൽ കോപാകുലനായും ദുഃഖിതനായും കൊണ്ട് മടങ്ങിച്ചെന്നു. മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ സമൂഹമേ! അല്ലാഹു നിങ്ങൾക്ക് തൗറാത്ത് ഇറക്കി നൽകാമെന്നും, നിങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്നുമുള്ള ഉൽകൃഷ്ടമായ ഒരു വാഗ്ദാനം നൽകിയതായിരുന്നില്ലേ?! അപ്പോൾ കാലമേറെ നീണ്ടുപോയതിനാൽ അതെല്ലാം നിങ്ങൾ മറന്നു പോയതാണോ?! അതല്ല, നിങ്ങളുടെ ഈ പ്രവൃത്തിയിലൂടെ മതഭ്രഷ്ടരായി തീരുവാനും, അല്ലാഹുവിൻ്റെ കോപം നിങ്ങളുടെ മേൽ ഇറങ്ങുകയും, നിങ്ങളെ അവൻ്റെ ശിക്ഷ ബാധിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണോ (ഇപ്രകാരം ചെയ്തത്)?! അതിനാലാണോ ഞാൻ നിങ്ങളിലേക്ക് മടങ്ങിവരുന്നത് വരെ നന്മകളിൽ ഉറച്ചു നിലകൊള്ളാമെന്ന വാഗ്ദാനം നിങ്ങൾ ലംഘിച്ചത്?!

(87) മൂസായുടെ ജനത പറഞ്ഞു: മൂസാ! ഞങ്ങൾ നിന്നോടുള്ള വാഗ്ദാനം സ്വന്തം ഇഷ്ടപ്രകാരം ലംഘിച്ചതൊന്നുമല്ല. മറിച്ച്, നിർബന്ധിതരായി അങ്ങനെ ചെയ്യേണ്ടി വന്നതാണ്. ഫിർഔനിൻ്റെ ജനതയുടെ ആഭരണങ്ങളിൽ നിന്ന് ധാരാളം ചുമടുകളും ഭാരവും ഞങ്ങൾ വഹിച്ചിരുന്നു. അങ്ങനെ അവ ഉപേക്ഷിക്കുന്നതിനായി ഞങ്ങൾ അതെല്ലാം ഒരു കുഴിയിലേക്ക് എറിഞ്ഞു. ഞങ്ങൾ കുഴിയിലേക്ക് അവയെല്ലാം എറിഞ്ഞതു പോലെ തന്നെ സാമിരിയും അവൻ്റെ പക്കലുണ്ടായിരുന്ന, ജിബ്രീലിൻ്റെ കുതിരയുടെ കുളമ്പിനടിയിലെ മണ്ണ് എറിഞ്ഞു.

(88) അപ്പോൾ സാമിരി ഇസ്രായീല്യരുടെ ആഭരണങ്ങളിൽ നിന്ന് ഒരു ആത്മാവില്ലാത്ത പശുക്കുട്ടിയുടെ രൂപം നിർമ്മിച്ചു. അതിന് പശു മുക്രയിടുന്നത് പോലെ ഒരു ശബ്ദമുണ്ട്. അവരുടെ കൂട്ടത്തിൽ സാമിരിയുടെ പ്രവർത്തിയിൽ വഞ്ചിതരായവർ പറഞ്ഞു: ഇത് തന്നെയാകുന്നു നിങ്ങളുടെയും മൂസായുടെയും രക്ഷിതാവ്. അദ്ദേഹം അത് മറന്നു പോവുകയും, ഇവിടെ അതിനെ ഉപേക്ഷിക്കുകയും ചെയ്തതാണ്.

(89) ആ പശുക്കുട്ടിയിൽ വഞ്ചിതരായി പോവുകയും, അതിനെ ആരാധിക്കുകയും ചെയ്തവർ കാണുന്നില്ലേ അതവരോട് ഒന്നും തന്നെ സംസാരിക്കുകയോ, അവർക്ക് മറുപടി പറയുകയോ ചെയ്യുന്നില്ലെന്ന്? അവരെയോ മറ്റുള്ളവരെയോ ബാധിക്കുന്ന എന്തെങ്കിലുമൊരു ഉപദ്രവം തടുക്കാനോ, അവർക്കോ മറ്റാർക്കെങ്കിലുമോ എന്തെങ്കിലും ഉപകാരം നേടിക്കൊടുക്കാനോ അതിന് സാധിക്കുന്നില്ലെന്നും (അവർ കാണുന്നില്ലേ?!).

(90) മൂസാ അവർക്കരികിലേക്ക് മടങ്ങിവരുന്നതിന് മുൻപ് തന്നെ ഹാറൂൻ അവരോട് പറഞ്ഞിരുന്നു 'ഈ പശുക്കുട്ടിയുടെ നിർമ്മിതിയും, അതിൻ്റെ മുക്രശബ്ദവും നിങ്ങൾക്കുള്ള പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അതിലൂടെ (അല്ലാഹുവിൽ) വിശ്വസിച്ചവനും അവനെ നിഷേധിച്ചവനും വേർതിരിയുന്നതിനത്രെ അത്. എൻ്റെ സമൂഹമേ! തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്; അവനാകുന്നു കാരുണ്യം ഉടമപ്പെടുത്തുന്നവൻ. നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുന്നത് പോയിട്ട്, നിങ്ങൾക്ക് ഒരു ഉപകാരമോ എന്തെങ്കിലും ഉപദ്രവമോ ചെയ്യാൻ സാധിക്കാത്തവരല്ല (നിങ്ങളുടെ രക്ഷിതാവ്). അതിനാൽ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിങ്ങൾ എന്നെ പിന്തുടരുക. അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്നത് വെടിഞ്ഞു കൊണ്ട് നിങ്ങൾ എൻ്റെ കൽപ്പന അനുസരിക്കുക.

(91) പശുക്കുട്ടിയിൽ വഞ്ചിതരായിപ്പോയവർ പറഞ്ഞു: മൂസാ നമ്മുടെ അടുക്കലേക്ക് മടങ്ങിവരുന്നത് വരെ ഞങ്ങൾ ഇതിനെ ആരാധിച്ചു കഴിഞ്ഞു കൂടുന്നതാണ്.

(92) മൂസാ തൻ്റെ സഹോദരനായ ഹാറൂനിനോട് ചോദിച്ചു: അല്ലാഹുവിന് പുറമെ ഒരു പശുക്കുട്ടിയെ ഇവർ ആരാധിച്ചു കൊണ്ട് ഇവർ വഴിപിഴച്ചു പോയത് കണ്ടപ്പോൾ നിന്നെ തടഞ്ഞു നിർത്തിയതെന്താണ്?!

(93) അവരെ ഉപേക്ഷിച്ചു കൊണ്ട്, എന്നോടൊപ്പം വന്നു ചേരാൻ (നിനക്ക് തടസ്സമായതെന്താണ്)? അവരുടെ മേൽ നിന്നെ ഏൽപ്പിച്ചു പോയപ്പോൾ നീ എൻ്റെ കൽപ്പന ധിക്കരിക്കുകയാണോ ഉണ്ടായത്?!

(94) മൂസാ ഹാറൂനിൻ്റെ താടിയിലും തലയിലും പിടിച്ച് ഹാറൂൻ ചെയ്ത പ്രവർത്തിയെ ആക്ഷേപിച്ചു കൊണ്ട് അദ്ദേഹത്തെ തന്നിലേക്ക് പിടിച്ചു വലിച്ചപ്പോൾ, മൂസയെ അനുനയപ്പെടുത്തി കൊണ്ട് ഹാറൂൻ പറഞ്ഞു: നീ എൻ്റെ താടിയിലും തലമുടിയിലും പിടിക്കാതിരിക്കൂ! അവരോടൊപ്പം നിന്നതിന് എനിക്ക് ന്യായമുണ്ടായിരുന്നു. ഞാൻ അവരെ ഒറ്റക്ക് വിട്ടേച്ചു പോന്നാൽ, അവർ ഭിന്നിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. ഞാനാണ് അവരെ ഭിന്നിപ്പിച്ചതെന്നും, നിൻ്റെ ഉപദേശം ഞാൻ സൂക്ഷിച്ചില്ലെന്നും നീ പറയുമെന്നും ഞാൻ ഭയന്നു.

(95) മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: ഹേ സാമിരീ! നിൻ്റെ കാര്യമെന്താണ്? നീ ഈ പ്രവർത്തിച്ചതിന് നിന്നെ പ്രേരിപ്പിച്ചതെന്താണ്?

(96) സാമിരി മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: അവരൊന്നും കണ്ടുമനസ്സിലാക്കാത്തത് ഞാൻ കണ്ടുമനസ്സിലാക്കി. ജിബ്രീലിനെ അദ്ദേഹത്തിൻ്റെ കുതിരപ്പുറത്ത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ അദ്ദേഹത്തിൻ്റെ കുതിരയുടെ കുളമ്പ് പതിച്ച മണ്ണ് ഞാൻ എടുക്കുകയും, അത് പശുക്കുട്ടിയുടെ രൂപത്തിൽ ഉരുക്കിയ സ്വർണാഭരണങ്ങൾക്ക് മേൽ എറിയുകയും ചെയ്തു. അങ്ങനെ അതിൽ നിന്ന് ഒരു മുക്രയിടുന്ന ശബ്ദമുള്ള പശുക്കുട്ടിയുടെ ശരീരം രൂപപ്പെട്ടു. അപ്രകാരമാണ് ഞാൻ ചെയ്തത് നല്ലതാണെന്ന് എൻ്റെ മനസ്സിന് തോന്നിയത്.

(97) മൂസാ -عَلَيْهِ السَّلَامُ- സാമിരിയോട് പറഞ്ഞു: എങ്കിൽ നീ പോവുക (ഇവിടെ നിന്ന്). നീ ജീവിച്ചിരിക്കുവോളം 'ഞാൻ സ്പർശിക്കുകയോ, എന്നെ സ്പർശിക്കുകയോ വേണ്ട' എന്നു പറഞ്ഞു കൊണ്ടേയിരിക്കും. അങ്ങനെ അകറ്റപ്പെട്ടവനായി നീ ജീവിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളാണ് നിനക്കുള്ള അവധി. അന്ന് നീ വിചാരണ ചെയ്യപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു ആ സമയത്തിൽ നിന്ന് നിന്നെ പിന്തിക്കുകയില്ല. നീ നിൻ്റെ ആരാധ്യനായി സ്വീകരിക്കുകയും, അല്ലാഹുവിനെ പുറമെ ആരാധിച്ചു കൊണ്ട് കൂടുകയും ചെയ്ത പശുക്കുട്ടിയെ നോക്ക്! അത് ഉരുകിത്തീരുന്നത് വരെ നാം അതിനെ തീയിലിട്ട് ചുട്ടെരിക്കും. ശേഷം ഒരു ശേഷിപ്പും ബാക്കിവെക്കാത്ത നിലയിൽ നാമതിനെ കടലിൽ വിതറുകയും ചെയ്യും.

(98) ജനങ്ങളേ! നിങ്ങളുടെ യഥാർഥ ആരാധ്യൻ അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. എല്ലാത്തിനെയും അവൻ തൻ്റെ അറിവ് കൊണ്ട് വലയം ചെയ്തിരിക്കുന്നു. ഒന്നിനെ കുറിച്ചുള്ള അറിവും അവന് നഷ്ടമാവുകയില്ല.

(99) മൂസായുടെയും ഫിർഔൻ്റെയും അവരുടെ ജനതകളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തന്നതു പോലെ -അല്ലാഹുവിൻ്റെ റസൂലേ!- നിനക്ക് മുൻപ് കഴിഞ്ഞു പോയ നബിമാരുടെയും സമൂഹങ്ങളുടെയും ചരിത്രം നാം നിനക്ക് വിവരിച്ചു തരുന്നു; (ഈ ചരിത്രങ്ങൾ) നിനക്ക് സാന്ത്വനമായി മാറുന്നതിനത്രെ അത്. ഉൽബോധനം ഉൾക്കൊള്ളുന്നവർക്ക് മതിയാവുന്ന ഉൽബോധനമായി നമ്മുടെ പക്കൽ നിന്ന് നിനക്ക് ഖുർആൻ നാം നൽകുകയും ചെയ്തിരിക്കുന്നു.

(100) നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആനിൽ നിന്ന് ആരെങ്കിലും തിരിഞ്ഞുകളയുകയും, അതിൽ വിശ്വസിക്കാതിരിക്കുകയും, അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഗുരുതരമായ പാപഭാരവുമായി വേദനാജനകമായ ശിക്ഷക്ക് അർഹനായി കൊണ്ട് അവൻ വരുന്നതാണ്.

(101) അവർ ആ ശിക്ഷയിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ വഹിക്കുന്ന ആ ഭാരം എത്ര മോശം!

(102) പുനരുത്ഥാനത്തിനായി മലക്ക് രണ്ടാം തവണ കാഹളത്തിൽ ഊതുന്ന ദിവസം. അന്നേ ദിവസം (അല്ലാഹുവിനെ) നിഷേധിച്ചവരെ നീലനിറത്തിലായി കൊണ്ട് നാം ഒരുമിച്ചു കൂട്ടുന്നതാണ്. പരലോകത്ത് നേരിട്ട ഭീകരതയുടെ കാഠിന്യത്താൽ അവരുടെ നിറവും കണ്ണുകളും മാറിമറിഞ്ഞിരിക്കും.

(103) അവർ പരസ്പരം പതുക്കെ മന്ത്രിക്കും: മരണശേഷം ഖബ്റിൽ പത്ത് രാത്രികളല്ലാതെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടില്ല.

(104) അവർ പരസ്പരം രഹസ്യം പറയുന്നത് നാം നല്ലവണ്ണം അറിയുന്നുണ്ട്. അതിൽ ഒന്നും നാം അറിയാതെ പോവുകയില്ല. അവരുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ളവൻ പറയുന്ന സന്ദർഭം: ഖബ്റിൽ നിങ്ങൾ ഒരു ദിവസം മാത്രമേ കഴിച്ചു കൂട്ടിയിട്ടുള്ളൂ; അതിൽ കൂടുതൽ കഴിഞ്ഞിട്ടില്ല.

(105) അല്ലാഹുവിൻ്റെ റസൂലേ! ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പർവ്വതങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് അവർ നിന്നോട് ചോദിക്കുന്നു. അവരോട് പറയുക: പർവ്വതങ്ങളെ എൻ്റെ രക്ഷിതാവ് അടിയോടെ പിഴുതെടുക്കുകയും, അവയെ ഛിന്നഭിന്നമാക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അവ ധൂളികളായി മാറും.

(106) എന്നിട്ട് പർവ്വതങ്ങളെ വഹിച്ചിരുന്ന ഭൂമിയെ അവൻ നിരപ്പാക്കി വിടുന്നതാണ്. അതിൽ ഒരു നിർമ്മിതിയോ ചെടിയോ ഉണ്ടാവുകയില്ല.

(107) ഭൂമിയെ നോക്കുന്നവനേ! ഭൂമി പരിപൂർണ്ണമായി നിരപ്പായതിനാൽ അവിടെ ഒരു ചെരിവോ കയറ്റമോ ഇറക്കമോ നിനക്ക് കാണാൻ കഴിയില്ല.

(108) അന്നേ ദിവസം ജനങ്ങളെല്ലാം വിചാരണയുടെ മഹ്ശറിലേക്ക് (വിചാരണവേദിയിലേക്ക്) വിളിക്കുന്നവൻ്റെ ശബ്ദത്തെ പിന്തുടരുന്നതാണ്. അയാളെ പിൻപറ്റാതെ അവർക്ക് വേറെ വഴിയില്ല. ശബ്ദങ്ങളെല്ലാം മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിനെ) ഭയന്നുകൊണ്ട് കെട്ടടങ്ങും. നേരിയ ഒരു ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും അന്ന് നീ കേൾക്കുകയില്ല.

(109) ഭയങ്കരമായ ആ ദിവസത്തിൽ ഒരു ശുപാർശകൻ്റെയും ശുപാർശ ഉപകാരപ്പെടുകയില്ല; അല്ലാഹു ശുപാർശ പറയാൻ അനുമതി നൽകുകയും, ശുപാർശയുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തവൻ്റെ ശുപാർശയല്ലാതെ.

(110) മനുഷ്യരെ ഭാവിയിൽ കാത്തിരിക്കുന്ന പരലോകത്തെ കാര്യങ്ങളും, മനുഷ്യർ ബാക്കിവെച്ച ഇഹലോകത്തെ കാര്യങ്ങളും അല്ലാഹു അറിയുന്നു. എന്നാൽ അടിമകൾക്കാർക്കും അല്ലാഹുവിൻ്റെ അസ്തിത്വത്തെയോ, അവൻ്റെ വിശേഷണങ്ങളെയോ പരിപൂർണ്ണമായി വലയം ചെയ്യുക (പരിപൂർണ്ണമായി അറിയുക) സാധ്യമല്ല.

(111) അടിമകളുടെ മുഖങ്ങൾ, ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനും (ഹയ്യ്), തൻ്റെ ദാസന്മാരുടെ കാര്യങ്ങൾ നിയന്ത്രിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നവനും (ഖയ്യൂം) ആയ അല്ലാഹുവിന് കീഴൊതുങ്ങുകയും താഴ്മയുള്ളതാവുകയും ചെയ്തിരിക്കുന്നു. തെറ്റുകൾ പേറിയവൻ തൻ്റെ സ്വന്തത്തെ നാശത്തിൻ്റെ വഴികളിലേക്ക് വലിച്ചിഴച്ചു കൊണ്ട് നഷ്ടക്കാരനായി തീർന്നിരിക്കുന്നു.

(112) ആരെങ്കിലും അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ അവന് അവൻ്റെ പ്രതിഫലം പരിപൂർണ്ണമായി ലഭിക്കുന്നതാണ്. അവൻ ചെയ്യാത്ത പ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടു കൊണ്ട് ഒരു അനീതി ചെയ്യപ്പെടുകയോ, അവൻ്റെ സൽകർമ്മങ്ങൾക്ക് പ്രതിഫലം കുറയുകയോ ചെയ്യുമെന്ന് അവൻ ഭയക്കേണ്ടതില്ല.

(113) മുൻകാലക്കാരുടെ ചരിത്രം നാം അവതരിപ്പിച്ചതു പോലെ, ഈ ഖുർആൻ വ്യക്തമായ അറബി ഭാഷയിൽ നാം അവതരിപ്പിച്ചിരിക്കുന്നു. അതിൽ വ്യത്യസ്തതരത്തിൽ നാം ഭയപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും ചെയ്തുകൊണ്ട് താക്കീതുകൾ വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. അവർ അല്ലാഹുവിനെ ഭയക്കുകയോ, അതല്ലെങ്കിൽ ഖുർആൻ അവർക്ക് ഉൽബോധനമോ ഗുണപാഠമോ നൽകുകയോ ചെയ്യുന്നതിനാണത്.

(114) അല്ലാഹു അത്യുന്നതനും പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. സർവ്വതിൻ്റെയും അധികാരമുള്ളവനായ രാജാധിരാജൻ (മലിക്). അവനാണ് യാഥാർഥ്യമായുള്ളവൻ; അവൻ്റെ വാക്കുകളാണ് സത്യം. ബഹുദൈവാരാധകർ അവനെ വിശേഷിപ്പിക്കുന്നതിൽ നിന്നെല്ലാം അവൻ ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ജിബ്രീൽ താങ്കൾക്ക് ഖുർആൻ എത്തിച്ചു തീരുന്നതിന് മുൻപ് അദ്ദേഹത്തോടൊപ്പം ഖുർആൻ പാരായണം ചെയ്യുന്നതിൽ താങ്കൾ ധൃതികൂട്ടേണ്ടതില്ല. താങ്കൾ പറയുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! നീ എനിക്ക് പഠിപ്പിച്ചു തന്നതിനോടൊപ്പം ഇനിയും എനിക്ക് അറിവ് വർദ്ധിപ്പിച്ചു തരേണമേ!

(115) ആദമിനോട് നാം മുൻപ് (സ്വർഗത്തിലെ) ഒരു മരത്തിൽ നിന്ന് ഭക്ഷിക്കരുതെന്ന് നിർദേശിക്കുകയും, അതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, അങ്ങനെ ചെയ്താൽ ഉണ്ടാകാവുന്ന അനന്തരഫലം വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം ആ നിർദേശം മറക്കുകയും, വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തു. അക്കാര്യത്തിൽ അദ്ദേഹത്തിന് ക്ഷമിച്ചു നിൽക്കാനായില്ല. നാം നിർദേശിച്ച കാര്യം സൂക്ഷിക്കുന്നതിൽ അദ്ദേഹത്തിൻ്റെ അടുക്കൽ ദൃഢനിശ്ചയമുള്ളതായി നാം കണ്ടില്ല.

(116) അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് പറഞ്ഞ സന്ദർഭം ഓർക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സാഷ്ടാംഗം ചെയ്യുക. അപ്പോൾ അവരെല്ലാം ആദമിന് സാഷ്ടാംഗം ചെയ്തു; മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പമായിരുന്ന ഇബ്'ലീസ് ഒഴികെ. അവൻ അഹങ്കാരത്തോടെ അതിൽ നിന്ന് വിസമ്മതിച്ചു നിന്നു.

(117) അപ്പോൾ നാം പറഞ്ഞു: ആദമേ! തീർച്ചയായും, ഇബ്'ലീസ് നിൻ്റെയും നിൻ്റെ ഇണയുടെയും ശത്രുവാകുന്നു. അവൻ നിന്നെയും നിൻ്റെ ഭാര്യയെയും ദുർബോധനത്തിലൂടെ അവനെ അനുസരിപ്പിച്ചു കൊണ്ട് സ്വർഗത്തിൽ നിന്ന് പുറത്താക്കാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാൽ നീ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരും.

(118) സ്വർഗത്തിൽ അല്ലാഹു നിനക്ക് ഭക്ഷണം നൽകുകയും വസ്ത്രം നൽകുകയും ചെയ്യുക അല്ലാഹു ഏറ്റിരിക്കുന്നു. ഇവിടെ നിനക്ക് വിശക്കുകയോ നീ നഗ്നനാവുകയോ ഇല്ല.

(119) അവൻ നിന്നെ കുടിപ്പിക്കുകയും, നിനക്ക് തണൽ നൽകുകയും ചെയ്യും. അതിനാൽ നിനക്ക് ദാഹിക്കുകയില്ല. സൂര്യൻ്റെ ചൂട് നിന്നെ ബാധിക്കുകയുമില്ല.

(120) അപ്പോൾ പിശാച് ആദമിന് ദുർബോധനം നൽകി. അവൻ പറഞ്ഞു: നിനക്ക് ഞാൻ ഒരു മരത്തെ കുറിച്ച് അറിയിച്ചു നൽകട്ടെയോ? അതിൽ നിന്ന് ആരെങ്കിലും ഭക്ഷിച്ചാൽ അവൻ പിന്നീടൊരിക്കലും മരിക്കുകയില്ല. മറിച്ച്, അവൻ ശാശ്വതനായി എന്നെന്നും ജീവനോടെ കഴിയുകയും, ഒരിക്കലും മുറിഞ്ഞു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത അധികാരം ഉടമപ്പെടുത്തുകയും ചെയ്യും.

(121) അങ്ങനെ ആദമും ഹവ്വാഉം അവരോട് ഭക്ഷിക്കരുതെന്ന് വിലക്കപ്പെട്ട ആ മരത്തിൽ നിന്ന് ഭക്ഷിച്ചു. അതോടെ മുൻപ് മറക്കപ്പെട്ടിരുന്ന അവരുടെ ഗുഹ്യസ്ഥാനങ്ങൾ അവർക്ക് വെളിപ്പെട്ടു. സ്വർഗത്തിലെ മരങ്ങളിൽ നിന്ന് ഇലകൾ പറിച്ചു കൊണ്ട് അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങൾ മറയ്ക്കാനാരംഭിച്ചു. (സ്വർഗത്തിലെ) മരത്തിൽ നിന്ന് ഭക്ഷിക്കരുത് എന്ന കൽപ്പന പ്രാവർത്തികമാക്കാതെ ആദം അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനക്ക് എതിരു പ്രവർത്തിച്ചു. അങ്ങനെ അദ്ദേഹത്തിന് അനുവാദമില്ലാത്ത കാര്യം അദ്ദേഹം അതിരുവിട്ട് പ്രവർത്തിച്ചു.

(122) ശേഷം അല്ലാഹു അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും, അദ്ദേഹത്തിൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും, അദ്ദേഹത്തെ സന്മാർഗത്തിലേക്ക് നയിക്കുകയും ചെയ്തു.

(123) അല്ലാഹു ആദമിനോടും ഹവ്വായോടും പറഞ്ഞു: നിങ്ങൾ രണ്ടു പേരും ഇബ്'ലീസും സ്വർഗത്തിൽ നിന്ന് ഇറങ്ങുക. അവൻ നിങ്ങളുടെ രണ്ടു പേരുടെയും ശത്രുക്കളും, നിങ്ങൾ രണ്ടു പേരും അവൻ്റെ ശത്രുക്കളുമാണ്. ഇനി നിങ്ങൾക്ക് എൻ്റെ അടുക്കൽ നിന്ന് എൻ്റെ വഴി വിശദീകരിക്കുന്ന (സന്ദേശം) വന്നുകിട്ടിയാൽ, നിങ്ങളിൽ നിന്ന് ആര് അത് പിൻപറ്റുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും, അതിൽ നിന്ന് തെറ്റിപ്പോകാതിരിക്കുകയും ചെയ്തുവോ; അവർ സത്യത്തിൽ നിന്ന് വഴിപിഴക്കുന്നതല്ല. പരലോകത്ത് ശിക്ഷ മൂലം അവൻദൗർഭാഗ്യവാനാവുകയില്ല. മറിച്ച്, അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്.

(124) ആര് എൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുകയും, അത് സ്വീകരിക്കാതിരിക്കുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തുവോ; തീർച്ചയായും അവന് ഇഹലോകത്തും ഖബർ ജീവിതത്തിലും ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിചാരണയുടെ വേദിയിലേക്ക് കാഴ്ചയും തെളിവുകളും നഷ്ടപ്പെട്ടവനായി നാം അവനെ നയിക്കുന്നതാണ്.

(125) അല്ലാഹുവിൻ്റെ ഉൽബോധനത്തിൽ നിന്ന് തിരിഞ്ഞു കളഞ്ഞ ഈ മനുഷ്യൻ പറയും: എൻ്റെ രക്ഷിതാവേ! നീ എന്തിനാണെന്നെ ഇന്ന് അന്ധനായി എഴുന്നേൽപ്പിച്ചു കൊണ്ടുവന്നത്?! ഇഹലോകത്തായിരിക്കെ ഞാൻ കാഴ്ചയുള്ളവനായിരുന്നല്ലോ?!

(126) അവന് മറുപടിയായി കൊണ്ട് അല്ലാഹു പറയും: അപ്രകാരമാണ് നീ ഇഹലോകത്തായിരിക്കെ പ്രവർത്തിച്ചത്. നമ്മുടെ ദൃഷ്ടാന്തങ്ങൾ നിനക്ക് വന്നെത്തുകയുണ്ടായി. അപ്പോൾ നീ അവയിൽ നിന്ന് തിരിഞ്ഞു കളയുകയും, അവയെ ഉപേക്ഷിക്കുകയും ചെയ്തു. അപ്രകാരം നീയും ഇന്നേ ദിവസം ശിക്ഷയിൽ വിട്ടേക്കപ്പെടുന്നതാണ്.

(127) നിഷിദ്ധമാക്കപ്പെട്ട ദേഹേഛകളിൽ മുഴുകുകയും, തൻ്റെ രക്ഷിതാവിൽ നിന്ന് വന്നെത്തിയ തെളിവുകളിൽ വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർക്ക് ഇപ്രകാരമുള്ള പ്രതിഫലമാണ് നാം നൽകുക. ഇഹലോകത്തും ഖബറിലും അനുഭവിക്കുന്ന ഇടുങ്ങിയ ജീവിതത്തെക്കാളും പരലോകത്തുള്ള അല്ലാഹുവിൻ്റെ ശിക്ഷ തന്നെയാണ് കൂടുതൽ ഭീതിജനകവും കടുത്തതും എന്നെന്നും നിലനിൽക്കുന്നതും.

(128) ഈ ബഹുദൈവാരാധകർക്ക് മുൻപ് എത്രയധികം സമൂഹങ്ങളെയാണ് നാം നശിപ്പിച്ചതെന്ന് അവർക്ക് ബോധ്യപ്പെട്ടില്ലേ?! അവരാകട്ടെ, നശിപ്പിക്കപ്പെട്ട ആ ഭവനങ്ങൾക്ക് മുകളിലൂടെ നടന്നു പോവുകയും, മുൻ സമുദായങ്ങൾക്ക് ബാധിച്ചതിൻ്റെ അടയാളങ്ങൾ നോക്കിക്കാണുകയും ചെയ്യുന്നു. ധാരാളക്കണക്കിന് വരുന്ന ആ സമൂഹങ്ങൾക്ക് ബാധിച്ച നാശത്തിലും തകർച്ചയിലും ബുദ്ധിയുള്ളവർക്ക് അനേകം ഗുണപാഠങ്ങളുണ്ട്.

(129) അല്ലാഹുവിൻ്റെ റസൂലേ! തെളിവുകൾ സ്ഥാപിക്കുന്നതിന് മുൻപ് ആരെയും അല്ലാഹു നശിപ്പിക്കുകയില്ലെന്നുള്ള വാക്ക് നിൻ്റെ രക്ഷിതാവ് മുൻപ് തന്നെ നിശ്ചയിക്കുകയും, അവർക്കായി നിർണ്ണയിക്കപ്പെട്ട ഒരു അവധി അവൻ്റെ അടുക്കൽ ഉണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കിൽ അവരെ അവൻ ഉടനടി ശിക്ഷിച്ചേനേ! കാരണം, അവർ അതിന് അർഹരായവർ തന്നെയാണ്.

(130) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കൾക്ക് നിഷേധികൾ ചാർത്തി നൽകുന്ന അടിസ്ഥാനമില്ലാത്ത വിശേഷണങ്ങളിൽ താങ്കൾ ക്ഷമിക്കുക. സൂര്യോദയത്തിന് മുൻപ് ഫജ്ർ നിസ്കാരത്തിലും, സൂര്യാസ്തമയത്തിന് മുൻപ് അസ്ർ നിസ്കാരത്തിലും, രാത്രിസമയങ്ങളിലെ മഗ്'രിബ് നിസ്കാരത്തിലും ഇശാ നിസ്കാരത്തിലും, പകലിൻ്റെ ആദ്യഭാഗം അവസാനിക്കുകയും സൂര്യൻ മദ്ധ്യത്തിൽ നിന്ന് തെറ്റുകയും ചെയ്ത വേളയിൽ ദ്വുഹ്ർ നിസ്കാരത്തിലും, പകലിൻ്റെ രണ്ടാം ഭാഗം അവസാനിച്ച ശേഷം മഗ്`രിബ് നിസ്കാരവേളയിലും നീ നിൻ്റെ രക്ഷിതാവിൻ്റെ സ്തുതികൾ പ്രകീർത്തിക്കുക. (അങ്ങനെ പ്രവർത്തിച്ചാൽ) നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം നിൻ്റെ രക്ഷിതാവിങ്കൽ നിനക്ക് ലഭിക്കുന്നതാണ്.

(131) (അല്ലാഹുവിനെയും റസൂലിനെയും കളവാക്കിയ) പലതരം നിഷേധികൾക്കും ഒരു പരീക്ഷണമായി കൊണ്ട് നാം നൽകിയിരിക്കുന്ന ഐഹികജീവിതത്തിലെ അലങ്കാരങ്ങളിൽ പെട്ട സുഖാഡംബരങ്ങളിലേക്ക് നീ നോക്കേണ്ടതില്ല. തീർച്ചയായും അവർക്ക് നാം നൽകിയിരിക്കുന്നതെല്ലാം ഇല്ലാതെയാകും. നിൻ്റെ രക്ഷിതാവ് നിനക്ക് വാഗ്ദാനം നൽകിയിരിക്കുന്ന, നീ തൃപ്തിപ്പെടുന്ന രൂപത്തിലുള്ള പ്രതിഫലം; അതാകുന്നു ഇവർക്ക് ഇഹലോകത്ത് അവൻ നൽകിയിരിക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ ഉത്തമവും എന്നെന്നും നിലനിൽക്കുന്നതുമായിട്ടുള്ളത്. (കാരണം പരലോകത്തുള്ള പ്രതിഫലം ഇഹലോകത്തെ സുഖാനുഭവങ്ങളെ പോലെ) നിലച്ചുപോവുകയില്ല.

(132) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ കുടുംബത്തോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കുക. അത് നിർവ്വഹിക്കുന്നതിൽ നീയും ക്ഷമയോടെ നിലകൊള്ളുക. നിനക്കോ മറ്റാർക്കെങ്കിലുമോ നിൻ്റെ അടുക്കൽ നിന്ന് ഉപജീവനം നൽകണമെന്ന് നാം ആവശ്യപ്പെടുന്നില്ല. നിൻ്റെ ഉപജീവനം നാം ഏറ്റെടുത്തിരിക്കുന്നു. സ്തുത്യർഹമായ പര്യവസാനം ഇഹലോകത്തും പരലോകത്തും ഉണ്ടായിരിക്കുക ധർമ്മനിഷ്ഠ പാലിച്ചവർക്കായിരിക്കും. അല്ലാഹുവിനെ ഭയക്കുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അവർ.

(133) നബി -ﷺ- യെ കളവാക്കുന്ന ഈ നിഷേധികൾ പറഞ്ഞു: മുഹമ്മദിന് അവൻ അല്ലാഹുവിൻ്റെ ദൂതനാണെന്ന് തെളിയിക്കുന്ന ഒരു ദൃഷ്ഠാന്തം അവൻ്റെ രക്ഷിതാവിങ്കൽ നിന്ന് നമുക്കായി കൊണ്ടുവന്നു കൂടായിരുന്നോ?! എന്നാൽ ഈ നിഷേധികൾക്ക് ഖുർആൻ വന്നെത്തിയിട്ടില്ലേ; അതിന് മുൻപുള്ള വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതാണല്ലോ അത്?!

(134) നബി -ﷺ- യെ നിഷേധിച്ച ഇക്കൂട്ടരിലേക്ക് ഒരു ദൂതനെ അയക്കുകയോ, ഒരു ഗ്രന്ഥം അവതരിപ്പിക്കുകയോ ചെയ്യുന്നതിന് മുൻപ് തന്നെ, അവരുടെ നിഷേധവും ധിക്കാരവും കാരണത്താൽ അവരെ നാം നശിപ്പിച്ചിരുന്നുവെങ്കിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ തങ്ങളുടെ നിഷേധത്തിനുള്ള ഒഴിവുകഴിവായി ഇപ്രകാരം പറയുമായിരുന്നു: ഞങ്ങളുടെ രക്ഷിതാവേ! ഇഹലോകത്തായിരിക്കെ ഞങ്ങളിലേക്ക് ഒരു ദൂതനെ അയച്ചു കൂടായിരുന്നോ നിനക്ക്?! അങ്ങനെയെങ്കിൽ നിൻ്റെ ശിക്ഷയാൽ ഈ അപമാനവും നിന്ദ്യതയും ബാധിക്കുന്നതിന് മുൻപ് തന്നെ, ഞങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹം കൊണ്ടുവന്ന ദൃഷ്ടാന്തങ്ങളെ പിൻപറ്റുകയും ചെയ്യുമായിരുന്നല്ലോ?!

(135) അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളോട് പറയുക: നമ്മളും നിങ്ങളുമെല്ലാം അല്ലാഹു എന്താണ് നടപ്പാക്കുക എന്നത് കാത്തിരിക്കുകയാണ്. അതിനാൽ നിങ്ങൾ കാത്തിരിക്കുക. ഞങ്ങളോ അതല്ല നിങ്ങളോ; നേരായവഴിയുടെ ആളുകളാരാണെന്നും, സന്മാർഗം ലഭിച്ചതാർക്കാണെന്നും നിങ്ങൾ വഴിയേ അറിയുന്നതാണ്; അതിൽ യാതൊരു സംശയവും വേണ്ട.