26 - Ash-Shu'araa ()

|

(1) ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) അസത്യത്തെ സത്യത്തിൽ നിന്ന് വ്യക്തമായി വേർതിരിക്കുന്ന ഖുർആനിലെ ആയത്തുകളത്രെ അവ.

(3) അല്ലാഹുവിൻ്റെ റസൂലേ! അവർ സന്മാർഗത്തിൽ എത്തുന്നതിനായുള്ള കടുത്ത പരിശ്രമം നിമിത്തം ഉണ്ടാകുന്ന സങ്കടവും വിഷമവും കാരണത്താൽ താങ്കൾ സ്വയം നശിപ്പിച്ചേക്കാം.

(4) ആകാശത്ത് നിന്ന് അവർക്ക് മേൽ ഒരു ദൃഷ്ടാന്തം ഇറക്കണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ഇറക്കുമായിരുന്നു. അങ്ങനെ അവരുടെ പിരടികൾ അതിന് കീഴൊതുങ്ങുന്നതും അനുസരണയുള്ളതുമായിത്തീരും. എന്നാൽ അവർക്കൊരു പരീക്ഷണമെന്ന നിലക്ക് -അവർ അദൃശ്യത്തിൽ വിശ്വസിക്കുമോ എന്നറിയുന്നതിനായി- നാം അങ്ങനെ ഉദ്ദേശിക്കുന്നില്ല.

(5) സർവ്വവിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹുവിൽ നിന്ന് ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിൻ്റെ ഏകത്വത്തിനും അവൻ്റെ ദൂതൻ്റെ സത്യതക്കും തെളിവായി കൊണ്ട് എന്തൊരു പുതിയ ഉൽബോധനം വന്നെത്തിയാലും അവരത് കേൾക്കുന്നതിൽ നിന്നും, അതിനെ സത്യപ്പെടുത്തുന്നതിൽ നിന്നും തിരിഞ്ഞു കളയാതിരിക്കുകയില്ല.

(6) അവരുടെ റസൂൽ അവർക്ക് കൊണ്ടു വന്നു നൽകിയതിനെ അവർ കളവാക്കി. എന്നാൽ അവർ പരിഹസിച്ചതെന്തോ; അത് യാഥാർഥ്യമായി അവർക്ക് വന്നെത്തുകയും, ശിക്ഷ അവരുടെ മേൽ പതിക്കുകയും ചെയ്യുന്നതാണ്.

(7) ഇവർ അവരുടെ നിഷേധത്തിൽ തന്നെ തുടർന്നു പോവുകയാണോ?! ഭൂമിയിലേക്ക് അവർ നോക്കുകയും, അവിടെ മനോഹരവും ഉപകാരപ്രദവുമായ എല്ലാ തരം സസ്യവർഗങ്ങളിൽ നിന്നും എത്രയെല്ലാമാണ് നാം മുളപ്പിച്ചിരിക്കുന്നത് എന്ന് അവർ കാണുകയും ചെയ്യുന്നില്ലേ?!

(8) തീർച്ചയായും വ്യത്യസ്തങ്ങളായ ഇനം സസ്യങ്ങളെ ഭൂമിയിൽ മുളപ്പിച്ചതിൽ മരിച്ചവരെ ജീവിപ്പിക്കുവാൻ അല്ലാഹു കഴിവുള്ളവനാണെന്നത് ബോധ്യപ്പെടുത്തുന്ന വ്യക്തമായ ദൃഷ്ടാന്തമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.

(9) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത, എല്ലാവരെയും വിജയിച്ചടക്കിയവനായ മഹാപ്രതാപിയും (അസീസ്), തൻ്റെ ദാസന്മാരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനും (റഹീം).

(10) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടും, മൂസായുടെ ജനതയെ (ഇസ്റാഈൽ സന്തതികളെ) അടിച്ചമർത്തി കൊണ്ടും അതിക്രമികളായി തീർന്ന ഒരു ജനതയുടെ അടുക്കലേക്ക് ചെല്ലുവാൻ കൽപ്പിച്ചു കൊണ്ട് മൂസായെ നിൻ്റെ രക്ഷിതാവ് വിളിച്ച സന്ദർഭം സ്മരിക്കുക.

(11) അതായത് ഫിർഔനിൻ്റെ ജനത. അവരോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കാൻ സൗമ്യമായും അനുകമ്പയോടും കൂടി കൽപ്പിക്കുക.

(12) മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: നിൻ്റെ അടുക്കൽ നിന്ന് ഞാൻ അവർക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ വിഷയത്തിൽ അവർ എന്നെ കളവാക്കുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു.

(13) അവർ എന്നെ നിഷേധിച്ചാൽ എൻ്റെ ഹൃദയം ഞെരുങ്ങുകയും, എനിക്ക് സംസാരിക്കാൻ നാവ് ഉയരാതെ വരികയും ചെയ്യും. അതിനാൽ എനിക്കൊരു സഹായമായി കൊണ്ട്, എൻ്റെ സഹോദരനായ ഹാറൂനിൻ്റെ അടുക്കലേക്ക് നീ ജിബ്രീലിനെ അയക്കേണമേ!

(14) (മുൻപ്) ഒരു ഖിബ്ത്വിയെ (കോപ്റ്റിക് വംശജൻ) ഞാൻ വധിച്ചു പോയതിനാൽ അവർക്കെൻ്റെ മേൽ (ആരോപിക്കാൻ) ഒരു തെറ്റുണ്ട്. അതിനാൽ അവർ എന്നെ വധിച്ചു കളയുമെന്നും ഞാൻ ഭയപ്പെടുന്നു.

(15) മൂസാ -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല. അവർ നിന്നെ വധിക്കുകയില്ല. അതിനാൽ നീയും നിൻ്റെ സഹോദരൻ ഹാറൂനും നിങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ചെല്ലുക. നാം നിങ്ങളെ സഹായിച്ചും പിന്തുണച്ചും, നിങ്ങൾ പറയുന്നതും നിങ്ങളോട് പറയപ്പെടുന്നതും കേട്ടുകൊണ്ടും രണ്ടു പേരോടും ഒപ്പമുണ്ട്. അതിൽ ഒരു കാര്യവും നാം അറിയാതെ പോവുകയില്ല.

(16) എന്നിട്ട് നിങ്ങൾ രണ്ടു പേരും ഫിർഔനിൻ്റെ അടുക്കൽ ചെല്ലുകയും, അവനോട് പറയുകയും ചെയ്യുക: സർവ്വസൃഷ്ടികളുടെയും രക്ഷിതാവിൽ നിന്ന് നിൻ്റെ അടുക്കലേക്ക് നിയോഗിക്കപ്പെട്ട രണ്ട് ദൂതന്മാരാണ് ഞങ്ങൾ.

(17) ഇസ്റാഈൽ സന്തതികളെ ഞങ്ങൾക്കൊപ്പം അയക്കുക എന്ന് (അറിയിക്കുവാനുള്ള ദൂതന്മാർ).

(18) മൂസായോടായി ഫിർഔൻ പറഞ്ഞു: നിന്നെ ചെറുപ്രായത്തിൽ ഞങ്ങളുടെ കൂടെ നാം വളർത്തിയില്ലേ?! നിൻ്റെ ആയുസ്സിൽ കുറെ കൊല്ലങ്ങൾ നീ ഞങ്ങൾക്കിടയിൽ കഴിച്ചു കൂട്ടുകയും ചെയ്തില്ലേ?! ഇപ്പോൾ ഇങ്ങനെയൊരു പ്രവാചകത്വം വാദിക്കാൻ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?!

(19) നിൻ്റെ സമൂഹത്തിൽ പെട്ട ഒരാളെ സഹായിക്കുന്നതിനായി ഒരു ഖിബ്ത്വിയെ കൊലപ്പെടുത്തുക എന്ന ഗുരുതരമായ ഒരു പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി. നീയാകട്ടെ, ഞാൻ നിനക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളെ നിഷേധിക്കുന്നവനുമായിരുന്നു.

(20) ഫിർഔനിനോട് തൻ്റെ തെറ്റ് അംഗീകരിച്ചു കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞു: അയാളെ ഞാൻ കൊലപ്പെടുത്തിയ വേളയിൽ ഞാൻ വിവരമില്ലാത്തവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു; അന്നെനിക്ക് അല്ലാഹുവിൻ്റെ ബോധനം വന്നെത്തിയിട്ടില്ലായിരുന്നു.

(21) അങ്ങനെ അയാളെ കൊലപ്പെടുത്തിയ ശേഷം നിങ്ങൾ എന്നെ കൊലപ്പെടുത്തുമോ എന്ന ഭയം കാരണത്താൽ മദ്യൻ പ്രദേശത്തേക്ക് ഞാൻ ഓടിപ്പോയി. അങ്ങനെ എൻ്റെ രക്ഷിതാവ് എനിക്ക് വിജ്ഞാനം നൽകുകയും, ജനങ്ങളിലേക്ക് അവൻ നിയോഗിക്കുന്ന അവൻ്റെ ദൂതന്മാരിൽ ഒരാളായി എന്നെ നിശ്ചയിക്കുകയും ചെയ്തു.

(22) ഇസ്റാഈൽ സന്തതികളെ നീ അടിമകളാക്കി വെച്ചിരിക്കെ എന്നെ നീ അപ്രകാരം അടിമയാക്കാതെ പോറ്റിവളർത്തി എന്ന് നീ അനുഗ്രഹമായി എടുത്തു പറയുന്ന കാര്യം ശരി തന്നെ. എന്നാൽ അത് (സന്മാർഗത്തിലേക്ക്) നിന്നെ ക്ഷണിക്കുന്നതിൽ നിന്ന് എന്നെ തടയുന്നില്ല.

(23) ഫിർഔൻ മൂസാ -عَلَيْهِ السَّلَامُ- യോട് പറഞ്ഞു: എന്താണ് ഈ ലോകങ്ങളുടെയെല്ലാം സ്രഷ്ടാവ്?! നീ അവൻ്റെ ദൂതനാണെന്നാണല്ലോ പറയുന്നത്?!

(24) ഫിർഔനിന് മറുപടിയായി കൊണ്ട് മൂസാ പറഞ്ഞു: സൃഷ്ടികളുടെയെല്ലാം രക്ഷിതാവ്; അവനാകുന്നു ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും. അവയുടെയെല്ലാം രക്ഷിതാവ് അവനാണ് എന്ന് നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക.

(25) തൻ്റെ ചുറ്റുമുള്ള പൗരനേതാക്കളോടായി ഫിർഔൻ പറഞ്ഞു: മൂസായുടെ മറുപടി നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?! അതിലവൻ ജൽപ്പിക്കുന്ന കള്ളവാദം ശ്രദ്ധിച്ചില്ലേ?!

(26) അവരോടായി മൂസാ പറഞ്ഞു: അല്ലാഹു നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവാകുന്നു.

(27) ഫിർഔൻ പറഞ്ഞു: നിങ്ങളിലേക്കുള്ള ദൂതനാണെന്ന് അവകാശപ്പെടുന്നവൻ തീർച്ചയായും ഒരു ഭ്രാന്തൻ തന്നെയാകുന്നു; താൻ പറയുന്നതെന്താണെന്ന് മനസ്സിലാക്കാൻ പോലും അവന് കഴിവില്ല. ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ് അവനീ പറയുന്നത്.

(28) മൂസാ പറഞ്ഞു: ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് ഏതൊരു അല്ലാഹുവിലേക്കാണോ; അവനാകുന്നു കിഴക്കിൻ്റെയും പടിഞ്ഞാറിൻ്റെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവ്. ചിന്തിച്ചു മനസ്സിലാക്കാനുള്ള ബുദ്ധി നിങ്ങൾക്കുണ്ടെങ്കിൽ.

(29) മൂസായോട് വാദിച്ചു നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ ഫിർഔൻ പറഞ്ഞു: ഞാനല്ലാത്ത മറ്റൊരു ആരാധ്യനെ നീ ആരാധിക്കുന്നുവെങ്കിൽ നിന്നെ ഞാൻ തടവിലാക്കുന്നതാണ്.

(30) മൂസാ ഫിർഔനിനോട് പറഞ്ഞു: ഞാൻ അല്ലാഹുവിൽ നിന്നു കൊണ്ടുവന്നിരിക്കുന്ന ഈ കാര്യത്തിൽ സത്യസന്ധനാണെന്നതിനുള്ള തെളിവ് നിനക്ക് ഞാൻ കൊണ്ടു വന്നുതന്നാലും നീ എന്നെ തടവുകാരിൽ ഉൾപ്പെടുത്തുമെന്നോ?!

(31) അവൻ (ഫിർഔൻ) പറഞ്ഞു: നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവ് എന്ന് പറഞ്ഞതെന്തോ; അത് നീ കൊണ്ടുവരിക. നീ വാദിക്കുന്നതിൽ സത്യസന്ധനാണെങ്കിൽ (അപ്രകാരം ചെയ്യുക).

(32) അപ്പോൾ മൂസാ തൻ്റെ വടി താഴെയിട്ടു. അപ്പോഴതാ അത് പൊടുന്നനെ, കണ്ണുകൾക്ക് വ്യക്തമായ നിലയിൽ കാണാവുന്ന ഒരു സർപ്പമായി മാറുന്നു.

(33) അദ്ദേഹം തൻ്റെ കൈ കുപ്പായക്കീറിലേക്ക് ഇട്ടു. ഇടുമ്പോൾ വെളുത്ത നിറത്തിലല്ലാതിരുന്ന കൈ പുറത്തെടുത്തപ്പോഴതാ -പാണ്ഡ് ബാധിച്ച നിലയിലല്ലാതെ- പ്രകാശപൂരിതമായ നിലയിൽ വെള്ളനിറമായിരിക്കുന്നു. അതും കാഴ്ചക്കാർക്ക് കാണാൻ കഴിയുന്ന രൂപത്തിലാണ്.

(34) ഫിർഔൻ തൻ്റെ ചുറ്റുമുള്ള പൗരനേതാക്കന്മാരോട് പറഞ്ഞു: തീർച്ചയായും ഇവൻ മാരണം നന്നായി പഠിച്ച ഒരു മാരണക്കാരൻ തന്നെ.

(35) അവൻ തൻ്റെ മാരണം കൊണ്ട് നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങളെ പുറത്താക്കാനാണ് ഉദ്ദേശിക്കുന്നത്. അപ്പോൾ അവൻ്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ അഭിപ്രായപ്പെടുന്നത്?!

(36) അവർ അവനോട് പറഞ്ഞു: അവനും അവൻ്റെ സഹോദരനും ഒരവധി നൽകുക. അവരെ ഉടൻ തന്നെ ശിക്ഷിക്കേണ്ടതില്ല. ഈജിപ്തിലെ അങ്ങാടികളിൽ നിന്ന് മാരണക്കാരെ ഒരുമിച്ചു കൂട്ടുന്നതിനായി ദൂതന്മാരെ നിയോഗിക്കുകയും ചെയ്യുക.

(37) മാരണത്തെ കുറിച്ച് നല്ല വിവരമുള്ള എല്ലാ ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുത്ത് കൊണ്ടു വരട്ടെ.

(38) അങ്ങനെ നിശ്ചയിക്കപ്പെട്ട സ്ഥലത്തും സമയത്തും മൂസായെ എതിരിടുന്നതിനായി ഫിർഔൻ തൻ്റെ മാരണക്കാരെ ഒരുമിച്ചു കൂട്ടി.

(39) ജനങ്ങളോടെല്ലാം പറയപ്പെട്ടു: ആരാണ് വിജയി -മൂസാ ആയിരിക്കുമോ അതല്ല മാരണക്കാരോ- എന്നറിയാൻ നിങ്ങളെല്ലാം ഒരുമിച്ചു കൂടുമല്ലോ?

(40) മൂസായെ പരാജയപ്പെടുത്താൻ മാരണക്കാർക്ക് സാധിക്കുകയാണെങ്കിൽ അവരുടെ മതം നമുക്കും പിൻപറ്റാമല്ലോ?!

(41) അങ്ങനെ മാരണക്കാർ മൂസായെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തിൽ ഫിർഔനിൻ്റെ അടുക്കൽ എത്തിയപ്പോൾ അവർ അവനോട് ചോദിച്ചു: മൂസായെ ഞങ്ങൾ പരാജയപ്പെടുത്തുകയാണെങ്കിൽ ഞങ്ങൾക്ക് ഭൗതികനേട്ടങ്ങളും സ്ഥാനമാനങ്ങളുമുണ്ടായിരിക്കില്ലേ?!

(42) ഫിർഔൻ അവരോട് പറഞ്ഞു: അതെ! നിങ്ങൾക്ക് പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവൻ്റെ മേൽ നിങ്ങൾ വിജയിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഉന്നത സ്ഥാനമാനങ്ങൾ നൽകിക്കൊണ്ട് ഞാൻ നിങ്ങളെ എൻ്റെ സമീപസ്ഥരിൽ പെടുത്തുന്നതാണ്.

(43) അല്ലാഹുവിൻ്റെ സഹായത്തിൽ ഉറച്ച പ്രതീക്ഷയോടെയും, തൻ്റെ പക്കലുള്ളത് മാരണമല്ലെന്ന് വ്യക്തമാക്കി കൊണ്ടും മൂസാ പറഞ്ഞു: നിങ്ങൾക്ക് ഇടാനുള്ള കയറുകളും വടികളുമെല്ലാം ഇട്ടുകൊള്ളുക.

(44) അങ്ങനെ അവർ തങ്ങളുടെ കയറുകളും വടികളും ഇട്ടു. അവ ഇടുമ്പോൾ അവർ പറഞ്ഞു: ഫിർഔനിൻ്റെ മഹത്വം തന്നെ സത്യം! നാം തന്നെയാണ് വിജയികൾ. മൂസ ഉറപ്പായും പരാജിതനാകും.

(45) അപ്പോൾ മൂസാ തൻ്റെ വടി താഴെയിട്ടു. അപ്പോളത് സർപ്പമായി മാറുകയും, അവർ ജനങ്ങൾക്ക് മാരണത്തിലൂടെ ഉണ്ടാക്കിയ തോന്നലുകളെയെല്ലാം വിഴുങ്ങുകയും ചെയ്യുന്നു!

(46) മൂസായുടെ വടി തങ്ങൾ മാരണം ചെയ്തവയെ വിഴുങ്ങുന്നത് കണ്ടതോടെ ആ മാരണക്കാർ സാഷ്ടാംഗം നമിക്കുന്നവരായി വീണു.

(47) അവർ പറഞ്ഞു: സർവ്വസൃഷ്ടികളുടെയും രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.

(48) മൂസയുടെയും ഹാറൂനിൻ്റെയും (عليهما السلام) രക്ഷിതാവിൽ.

(49) മാരണക്കാരുടെ വിശ്വാസത്തെ എതിർത്തു കൊണ്ട് ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് മൂസായിൽ നിങ്ങൾ വിശ്വസിച്ചുവെന്നോ?! തീർച്ചയായും മൂസാ നിങ്ങൾക്ക് മാരണം പഠിപ്പിച്ചു തന്ന നിങ്ങളുടെ തലവൻ തന്നെ. നിങ്ങളെല്ലാം ഒരുമിച്ചു കൂടി ഈജിപ്തുകാരെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കാൻ തന്ത്രം മെനഞ്ഞിരിക്കുകയാണ്. ഞാൻ നിങ്ങൾക്ക് ഏൽപ്പിക്കാൻ പോകുന്ന ശിക്ഷ എന്താണെന്ന് നിങ്ങൾ വഴിയെ അറിയുന്നതാണ്. നിങ്ങളിൽ ഓരോരുത്തരുടെയും കൈകാലുകൾ വിപരീതദിശയിൽ -ഇടതു കാലും വലതു കൈയും, അല്ലെങ്കിൽ നേരെ തിരിച്ച്- ഞാൻ മുറിച്ചു മാറ്റുകയും, നിങ്ങളെയെല്ലാം ഈത്തപ്പന തടികൾക്ക് മുകളിൽ ഞാൻ കുരിശിൽ തറക്കുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ഒരാളെയും ഞാൻ ബാക്കി വെച്ചേക്കുകയില്ല.

(50) മാരണക്കാർ ഫിർഔനിനോട് പറഞ്ഞു: ഈ ലോകത്ത് അംഗവിഛേദം നടത്തുകയും, കുരിശിലേറ്റുകയും ചെയ്യുമെന്ന നിൻ്റെ ഭീഷണിയിൽ യാതൊരു കുഴപ്പവുമില്ല. നിൻ്റെ ശിക്ഷ അവസാനിക്കുന്നതാണ്. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങിപ്പോകുന്നവരാണ്. അവൻ ശാശ്വതമായ അവൻ്റെ കാരുണ്യത്തിൽ ഞങ്ങളെ പ്രവേശിപ്പിക്കുന്നതാണ്.

(51) മൂസായിൽ ആദ്യം വിശ്വസിച്ചവരും അദ്ദേഹത്തെ ആദ്യം സത്യപ്പെടുത്തിയവരും ഞങ്ങളാണെന്നതിനാൽ, ഞങ്ങൾ മുൻപ് ചെയ്തു പോയ ഞങ്ങളുടെ തിന്മകൾ അല്ലാഹു ഞങ്ങൾക്ക് പൊറുത്തു തരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

(52) ഇസ്രാഈൽ സന്തതികളെയും കൊണ്ട് രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു കൊണ്ട് മൂസായ്ക്ക് നാം സന്ദേശം നൽകി. തീർച്ചയായും ഫിർഔനും അവനോടൊപ്പമുള്ളവരും അവരെ -ഇസ്റാഈൽ സന്തതികളെ- തിരിച്ചു കൊണ്ടുവരുന്നതിനായി അവരെ പിന്തുടരുന്നതാണ്.

(53) അപ്പോൾ ഫിർഔൻ തൻ്റെ സൈന്യങ്ങളിൽ നിന്ന് ചിലരെ നാടുകളിലേക്ക് അയച്ചു. ഇസ്റാഈൽ സന്തതികളെ -അവർ ഈജിപ്ത് വിട്ടുപോവുകയാണെന്നറിഞ്ഞപ്പോൾ- അവിടേക്ക് തന്നെ തിരിച്ചു കൊണ്ടു വരുന്നതിനായുള്ള സൈന്യങ്ങളെ അവർ ഒരുമിച്ചു കൂട്ടി.

(54) ഇസ്റാഈല്യരെ കുറച്ചു കാണിച്ചു കൊണ്ട് ഫിർഔൻ പറഞ്ഞു: തീർച്ചയായും ഇക്കൂട്ടർ മഹാന്യൂനപക്ഷമാണ്.

(55) അവർ നമ്മെ അരിശം പിടിപ്പിക്കുന്ന പ്രവൃത്തി തന്നെയാകുന്നു ചെയ്യുന്നത്.

(56) നാമാകട്ടെ, അവർക്കായി തയ്യാറെടുത്തു നിൽക്കുന്നവരും, ജാഗ്രത കൈക്കൊണ്ടവരുമാകുന്നു.

(57) അങ്ങനെ ഫിർഔനിനെയും അവൻ്റെ ജനതയെയും മനോഹരമായ പൂന്തോട്ടങ്ങളും, വെള്ളമൊഴുകുന്ന ഉറവകളുമുള്ള ഈജിപ്തിൻ്റെ മണ്ണിൽ നിന്ന് നാം പുറത്തെത്തിച്ചു.

(58) സമ്പാദ്യം സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളിൽ നിന്നും, മനോഹരമായ വാസസ്ഥലങ്ങളിൽ നിന്നും.

(59) ഫിർഔനിനെയും അവൻ്റെ ജനതയെയും ഈ പറഞ്ഞ അനുഗ്രഹങ്ങളിൽ നിന്നെല്ലാം നാം പുറത്താക്കിയതു പോലെ, ഈ അനുഗ്രഹങ്ങളെല്ലാം അവർക്ക് ശേഷം ഇസ്രാഈൽ സന്തതികൾക്ക് ശാമിൻ്റെ മണ്ണിൽ നാം ഒരുക്കി നൽകുകയും ചെയ്തു.

(60) അങ്ങനെ ഫിർഔനും അവൻ്റെ ജനതയും ഇസ്രാഈല്യരെ പിന്തുടർന്നു കൊണ്ട് സൂര്യോദയവേളയിൽ പുറപ്പെട്ടു.

(61) ഫിർഔനും കൂട്ടരും മൂസായെയും അനുചരന്മാരെയും മുഖാമുഖം കാണുകയും, അവർക്ക് പരസ്പരം കാണാൻ കഴിയുകയും ചെയ്തപ്പോൾ മൂസായോടൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു: തീർച്ചയായും ഫിർഔനും കൂട്ടരും നമ്മെ പിടികൂടുന്നതാണ്. അവരിൽ നിന്ന് നമുക്കിനി രക്ഷയില്ല.

(62) മൂസാ തൻ്റെ അനുചരന്മാരോട് പറഞ്ഞു: നിങ്ങൾ ധരിക്കുന്നത് പോലെയല്ല കാര്യം. തീർച്ചയായും എന്നോടൊപ്പം പിന്തുണയും സഹായവുമേകി എൻ്റെ രക്ഷിതാവുണ്ട്. അവൻ എനിക്ക് നേർവഴി കാണിക്കുകയും, രക്ഷയുടെ മാർഗം കാണിച്ചു തരികയും ചെയ്യുന്നതാണ്.

(63) അപ്പോൾ നാം മൂസായോട് കടലിൽ അദ്ദേഹത്തിൻ്റെ വടി കൊണ്ട് അടിക്കാൻ കൽപ്പിച്ചു കൊണ്ട് അദ്ദേഹത്തിന് സന്ദേശം നൽകി. അങ്ങനെ അദ്ദേഹം അത് കൊണ്ട് അടിച്ചപ്പോൾ കടൽ പിളരുകയും, ഇസ്റാഈൽ സന്തതികളിലെ വിവിധ ഗോത്രങ്ങളുടെയത്ര എണ്ണമായി -പന്ത്രണ്ട് വഴികളായി- പിളരുകയും ചെയ്തു. അപ്പോൾ കടലിൽ നിന്നുള്ള ഓരോ കഷ്ണങ്ങളും വലിപ്പത്തിലും ഉറപ്പിലും ഭീമാകാരമായ പർവ്വതസമാനമായിരുന്നു; അവയിൽ നിന്ന് വെള്ളം ഒഴുകുന്നേയില്ല!

(64) ഫിർഔനിനെയും അവനോടൊപ്പമുള്ളവരെയും നാം കടലിൻ്റെ അടുത്തെത്തിച്ചു; പ്രവേശിക്കാൻ സാധ്യമായ വഴിയാണവ എന്ന ധാരണയിലാണവർ.

(65) മൂസായെയും അദ്ദേഹത്തോടൊപ്പമുള്ള ഇസ്റാഈൽ സന്തതികളെയും നാം രക്ഷപ്പെടുത്തി. അവരിൽ ഒരാൾ പോലും നശിച്ചില്ല.

(66) ശേഷം ഫിർഔനിനെയും അവൻ്റെ കൂട്ടാളികളെയും നാം കടലിൽ മുക്കി നശിപ്പിച്ചു.

(67) മൂസാക്ക് വേണ്ടി കടൽ പിളർന്നു മാറിയതിലും, അദ്ദേഹം രക്ഷപ്പെട്ടതിലും, ഫിർഔനും കൂട്ടരും നശിച്ചതിലുമെല്ലാം മൂസായുടെ (പ്രവാചകത്വത്തിൻ്റെ) സത്യസന്ധതക്കുള്ള തെളിവുണ്ട്. എന്നാൽ ഫിർഔനിനോടൊപ്പം ഉണ്ടായിരുന്ന ബഹുഭൂരിപക്ഷം പേരും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.

(68) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(69) അല്ലാഹുവിൻ്റെ റസൂലേ! അവർക്ക് നീ ഇബ്രാഹീമിൻ്റെ ചരിത്രം പാരായണം ചെയ്തു കേൾപ്പിക്കുക.

(70) അദ്ദേഹം തൻ്റെ പിതാവ് ആസറിനോടും ബഹുദൈവാരാധകരായ അദ്ദേഹത്തിൻ്റെ സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെ നിങ്ങൾ എന്തിനെയാണ് ഈ ആരാധിക്കുന്നത്?!

(71) അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും, അവയെ ആരാധിച്ചു കൊണ്ട് ഭജനമിരുന്നു കൊണ്ട് കഴിച്ചു കൂട്ടുകയും ചെയ്യുന്നു.

(72) ഇബ്രാഹീം അവരോട് പറഞ്ഞു: ഈ വിഗ്രഹങ്ങൾ നിങ്ങൾ അവരെ വിളിച്ചു പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമോ?!

(73) അല്ലെങ്കിൽ, നിങ്ങൾ അവരെ അനുസരിച്ചാൽ നിങ്ങൾക്ക് ഉപകാരം ചെയ്യുകയോ, നിങ്ങൾ അവരെ ധിക്കരിച്ചാൽ നിങ്ങളെ ഉപദ്രവിക്കുകയോ ചെയ്യുമോ?!

(74) അവർ പറഞ്ഞു: ഞങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവ ഞങ്ങളുടെ പ്രാർത്ഥന കേൽക്കുകയോ, ഞങ്ങൾ അവരെ അനുസരിച്ചാൽ അവ ഞങ്ങൾക്കെന്തെങ്കിലും ഉപകാരം ചെയ്യുകയോ, ധിക്കരിച്ചാൽ ഉപദ്രവിക്കുകയോ ഒന്നുമില്ല. എന്നാൽ കാര്യമെന്തെന്നാൽ, ഞങ്ങളുടെ പിതാക്കന്മാർ ഇപ്രകാരം ചെയ്യുന്നത് ഞങ്ങൾ കണ്ടുവെന്നു മാത്രം. അതിനാൽ അവരെ ഞങ്ങളതിൽ അന്ധമായി അനുകരിക്കുന്നു എന്നു മാത്രം.

(75) ഇബ്രാഹീം പറഞ്ഞു: നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് നിങ്ങൾ ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തിട്ടുണ്ടോ?!

(76) നിങ്ങളുടെ പൂർവ്വപിതാക്കന്മാർ ആരാധിച്ചിരുന്നതിനെ കുറിച്ചും.

(77) തീർച്ചയായും അവരെല്ലാം എനിക്ക് ശത്രുക്കളാകുന്നു; കാരണം അവയെല്ലാം നിരർത്ഥകങ്ങളാകുന്നു. സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവൊഴികെ.

(78) അതായത് എന്നെ സൃഷ്ടിച്ചവൻ. അവനാകുന്നു ഇഹ-പരലോകങ്ങളിലെ നന്മകളിലേക്ക് എന്നെ വഴിനടത്തുന്നവൻ.

(79) എനിക്ക് വിശന്നാൽ ഭക്ഷണം നൽകുകയും, ഞാൻ ദാഹിച്ചാൽ എന്നെ കുടിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരുവൻ.

(80) ഞാൻ രോഗിയായാൽ അവൻ മാത്രമാണ് രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്തുന്നവൻ. അവനല്ലാതെ ശമനം നൽകുന്ന മറ്റാരും തന്നെ എനിക്കില്ല.

(81) എൻ്റെ ആയുസ്സ് അവസാനിച്ചാൽ എന്നെ മരിപ്പിക്കുകയും, എൻ്റെ മരണ ശേഷം എന്നെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരുവൻ.

(82) പ്രതിഫലനാളിൽ എൻ്റെ തെറ്റുകൾ പൊറുത്തു നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന ഒരേയൊരുവനും.

(83) ഇബ്രാഹീം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്ക് നീ മതത്തിൽ അവഗാഹം നൽകുകയും, എനിക്ക് മുൻപുള്ള സച്ചരിതരായ നബിമാരുടെ കൂട്ടത്തിൽ -അവരോടൊപ്പം സ്വർഗത്തിൽ എന്നെയും പ്രവേശിപ്പിച്ചു കൊണ്ട്- എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!

(84) എൻ്റെ ശേഷം വരുന്ന തലമുറകളിൽ എനിക്ക് സൽകീർത്തിയും ഉത്തമമായ പ്രശംസയും നീ നിശ്ചയിക്കേണമേ!

(85) അനന്തരമായി സ്വർഗീയസ്ഥാനങ്ങൾ നേടിയെടുക്കുകയും, സുഖാനുഗ്രഹങ്ങളിൽ ജീവിക്കുകയും ചെയ്യുന്ന നിൻ്റെ വിശ്വാസികളായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും, അവിടെ (സ്വർഗത്തിൽ) എന്നെ നീ വസിപ്പിക്കുകയും ചെയ്യേണമേ!

(86) എൻ്റെ പിതാവിന് നീ പൊറുത്തു കൊടുക്കേണമേ! ബഹുദൈവാരാധന കാരണത്താൽ സത്യത്തിൽ നിന്ന് വഴിതെറ്റിയവരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം. തൻ്റെ പിതാവ് നരകക്കാരിൽ പെട്ടവനാണെന്ന കാര്യം ബോധ്യപ്പെടുന്നതിന് മുൻപാണ് ഇബ്രാഹീം -عَلَيْهِ السَّلَامُ- ഇപ്രകാരം പ്രാർത്ഥിച്ചത്. എന്നാൽ അക്കാര്യം അദ്ദേഹത്തിന് വ്യക്തമായപ്പോൾ പിതാവിൽ നിന്ന് അദ്ദേഹം അകൽച്ച പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം അയാൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടില്ല.

(87) മനുഷ്യരെ വിചാരണക്കായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസം (നരകത്തിൽ) ശിക്ഷിച്ചു കൊണ്ട് നീ എന്നെ അപമാനിക്കരുതേ!

(88) മനുഷ്യൻ ഇഹലോകത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമോ, അവൻ സഹായം കണ്ടെത്തിയിരുന്ന അവൻ്റെ മക്കളോ അവന് ഉപകാരപ്പെടാത്ത ദിവസം.

(89) അല്ലാഹുവിങ്കൽ കുറ്റമറ്റ ഹൃദയവുമായി വന്നവനൊഴികെ. (ആ ഹൃദയത്തിൽ) ബഹുദൈവാരാധനയോ കാപട്യമോ ലോകമാന്യമോ അഹംഭാവമോ ഇല്ല. തീർച്ചയായും അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ച അവൻ്റെ സമ്പാദ്യവും, അവന് വേണ്ടി പ്രാർഥിക്കുന്ന അവൻ്റെ സന്താനങ്ങളും (അത്തരക്കാർക്ക്) ഉപകാരപ്പെടും.

(90) തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവർക്കായി സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്.

(91) സത്യമതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) വഴികേടിലായ ദുർമാർഗികൾക്ക് മഹ്ശറിൽ (മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്നയിടം) നരകം പ്രദർശിപ്പിക്കപ്പെടുന്നതാണ്.

(92) അവരെ ആക്ഷേപിച്ചുകൊണ്ട് അവരോട് ചോദിക്കപ്പെടും: നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെവിടെ?!

(93) അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന വിഗ്രഹങ്ങൾ? അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിച്ചു കൊണ്ട് അവ നിങ്ങളെ സഹായിക്കുകയോ, അതല്ലെങ്കിൽ സ്വന്തത്തിന് വേണ്ടി സഹായം ചെയ്യുന്നുണ്ടോ അവരിപ്പോൾ?!

(94) അങ്ങനെ മേൽക്കുമേൽ മറിഞ്ഞു വീഴുന്ന തരത്തിൽ അവരും അവരെ വഴിപിഴപ്പിച്ചവരും നരകത്തിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്.

(95) പിശാചുക്കളിൽ പെട്ട എല്ലാ ഇബ്'ലീസിൻ്റെ സഹായികളും. അതിൽ ഒരാളും ഒഴിവായിപ്പോവുകയില്ല.

(96) അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും, അവരെ അല്ലാഹുവിന് പുറമെയുള്ള പങ്കാളികളായി സ്വീകരിക്കുകയും ചെയ്ത ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവരുമായി തർക്കിച്ചു കൊണ്ടിരിക്കെ പറയും:

(97) അല്ലാഹു സത്യം! തീർച്ചയായും നാം സത്യത്തിൽ നിന്ന് വ്യക്തമായും വഴികേടിലായവരായിരുന്നു.

(98) നിങ്ങളെ ഞങ്ങൾ സർവ്വതിൻ്റെയും സ്രഷ്ടാവിനെ പോലെയാക്കിയ വേളയിൽ. അങ്ങനെ അല്ലാഹുവിനെ ആരാധിക്കുന്നത് പോലെ നിങ്ങളെയും ഞങ്ങൾ ആരാധിച്ചു.

(99) സത്യത്തിൻ്റെ വഴിയിൽ നിന്ന് ഞങ്ങളെ വഴിതെറ്റിച്ചത്, ഇവയെ ആരാധിക്കുന്നതിന് ഞങ്ങളെ ക്ഷണിച്ച ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല.

(100) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്താനായി അല്ലാഹുവിനോട് ശുപാർശ പറയാൻ ശുപാർശക്കാരായി ഞങ്ങൾക്കാരുമില്ല.

(101) ഞങ്ങൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയും, ശുപാർശ പറയുകയും ചെയ്യാൻ നിഷ്കളങ്കമായി ഞങ്ങളെ സ്നേഹിച്ച ഒരു കൂട്ടുകാരനും ഞങ്ങൾക്കില്ല.

(102) ഇഹലോകത്തേക്ക് ഒരു മടക്കം ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ; എങ്കിൽ ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരിൽ ഉൾപ്പെടുമായിരുന്നു.

(103) തീർച്ചയായും ഈ പറഞ്ഞ ഇബ്രാഹീമിൻ്റെ ചരിത്രത്തിലും, നിഷേധികളുടെ പര്യവസാനത്തിലും ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.

(104) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(105) നൂഹ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.

(106) അവരുടെ കുടുംബ സഹോദരനായ നൂഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!

(107) തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു എനിക്ക് സന്ദേശം നൽകിയതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.

(108) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(109) എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.

(110) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(111) അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: അല്ലയോ നൂഹ്! ജനങ്ങളിൽ വളരെ തരംതാഴ്ന്നവർ മാത്രമാണ് നിൻ്റെ അനുയായികൾ എന്നിരിക്കെ -അക്കൂട്ടത്തിൽ നേതാക്കളും പ്രമാണിമാരുമായി ആരുമില്ലെന്നിരിക്കെ- ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയും, നീ കൊണ്ടു വന്നത് പിൻപറ്റുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുകയോ?!

(112) നൂഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഈ മുഅ്മിനുകൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ കുറിച്ച് എനിക്കെന്ത് അറിയാനാണ്? ഞാൻ അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി സൂക്ഷിക്കുന്ന ആളല്ല.

(113) അവരുടെ വിചാരണ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. അവരുടെ രഹസ്യങ്ങളും പരസ്യങ്ങളും അവനാണ് അറിയുന്നത്. അതൊന്നും എൻ്റെ കാര്യമല്ല. നിങ്ങൾ ബോധമുള്ളവരായിരുന്നെങ്കിൽ ഈ പറഞ്ഞതൊന്നും പറയുമായിരുന്നില്ല.

(114) നിങ്ങളുടെ ആവശ്യം അംഗീകരിച്ചു കൊണ്ട് -നിങ്ങൾ (എന്നിൽ) വിശ്വസിക്കുന്നതിനായി- (അല്ലാഹുവിൽ) വിശ്വസിച്ചവരെ എൻ്റെ സദസ്സിൽ നിന്ന് ഞാൻ ആട്ടിക്കളയുകയില്ല.

(115) വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ; അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ ഞാൻ താക്കീത് ചെയ്യുന്നു.

(116) അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഈ കാര്യം നീ നിർത്തിവെച്ചില്ലെങ്കിൽ ആക്ഷേപിതനും, കല്ലെറിഞ്ഞ് കൊല്ലപ്പെടുന്നവനുമായി നീ മാറുക തന്നെ ചെയ്യും.

(117) നൂഹ് തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ! എൻ്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. ഞാൻ നിൻ്റെ പക്കൽ നിന്ന് അവർക്ക് കൊണ്ടുവന്നു നൽകിയതിൽ അവർ എന്നെ സത്യപ്പെടുത്തിയില്ല.

(118) അതിനാൽ എനിക്കും അവർക്കുമിടയിൽ നീ വ്യക്തമായ ഒരു തീരുമാനമെടുക്കുകയും, അസത്യത്തിൽ തുടർന്നു പോയതിനാൽ അവരെ അതിലൂടെ നീ നശിപ്പിക്കുകയും ചെയ്യേണമേ! എന്നെയും എന്നോടൊപ്പമുള്ള മുഅ്മിനുകളെയും എൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കുന്നതിൽ നീ ഉൾപ്പെടുത്താതെ രക്ഷിക്കുകയും ചെയ്യേണമേ!

(119) അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ച മുഅ്മിനുകളെയും നാം, ജനങ്ങളെയും മൃഗങ്ങളെയും കൊണ്ട് നിറഞ്ഞ കപ്പലിൽ രക്ഷപ്പെടുത്തുകയും ചെയ്തു.

(120) ശേഷം അവർക്ക് പുറമെയുള്ള നൂഹിൻ്റെ ജനതയെ മുഴുവൻ നാം മുക്കി നശിപ്പിക്കുകയും ചെയ്തു.

(121) തീർച്ചയായും നൂഹിൻ്റെയും അദ്ദേഹത്തിൻ്റെ ജനതയുടെയും ഈ ചരിത്രത്തിലും, നൂഹും അദ്ദേഹത്തോടൊപ്പമുള്ള മുഅ്മിനുകളും രക്ഷപ്പെട്ടതിലും, അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകൾ നശിച്ചതിലുമെല്ലാം ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. അപ്പോൾ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.

(122) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ റബ്ബ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(123) തങ്ങളുടെ ദൂതനായ ഹൂദിനെ -عَلَيْهِ السَّلَامُ- നിഷേധിച്ചതിലൂടെ ആദ് സമുദായം അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചു തള്ളി.

(124) അവരുടെ കുടുംബ സഹോദരനായ ഹൂദ് അവരോട് പറഞ്ഞ സന്ദർഭം സ്മരിക്കുക: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!

(125) തീർച്ചയായും അല്ലാഹു നിങ്ങളിലേക്കായി അയച്ച ഒരു ദൂതനാകുന്നു ഞാൻ. അല്ലാഹു (നിങ്ങൾക്ക്) എത്തിച്ചു നൽകാൻ എന്നോട് കൽപ്പിച്ചതിൽ കൂട്ടുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.

(126) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(127) എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.

(128) ഉയരമുള്ള എല്ലാ പ്രദേശങ്ങളിലും, ഇഹലോകത്തോ പരലോകത്തോ നിങ്ങൾക്ക് ഒരു ഉപകാരവും നൽകാത്ത കെട്ടിടങ്ങൾ വൃഥാ പണിയുകയാണോ നിങ്ങൾ?

(129) ഇഹലോകത്ത് നിന്ന് ഒരിക്കലും യാത്രയാവില്ലെന്ന പോലെ, സ്ഥിരവാസികളെന്ന രീതിയിൽ കൊട്ടാരങ്ങളും കോട്ടകളും പണിയുകയാണോ നിങ്ങൾ?

(130) നിങ്ങൾ (ശത്രുക്കളെ) അടിക്കുകയോ കൊല്ലുകയോ ചെയ്യുമ്പോൾ നിഷ്ഠൂരന്മാരായി കൊണ്ടാണ് അവരെ അക്രമിക്കുന്നത്; യാതൊരു കാരുണ്യമോ അനുകമ്പയോ നിങ്ങൾ പുലർത്തുന്നില്ല.

(131) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(132) നിങ്ങൾക്കറിയാവുന്ന അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകിയ അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ ഭയക്കുകയും ചെയ്യുക.

(133) നിങ്ങൾക്കവൻ കന്നുകാലികളെ നൽകിയിരിക്കുന്നു. സന്താനങ്ങളെയും അവൻ നിങ്ങൾക്ക് നൽകിയിരിക്കുന്നു.

(134) നിങ്ങൾക്കവൻ തോട്ടങ്ങളും ഒഴുകുന്ന അരുവികളും നൽകിയിരിക്കുന്നു.

(135) എൻ്റെ ജനങ്ങളേ! നിങ്ങൾക്ക് മേൽ ഭയാനകമായ ഒരു ദിവസത്തെ -ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലെ- ശിക്ഷ ഞാൻ ഭയപ്പെടുന്നു.

(136) അദ്ദേഹത്തിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളെ ഉപദേശിക്കുന്നതും, ഉപദേശിക്കാതിരിക്കുന്നതും ഞങ്ങൾക്ക് സമമാണ്. ഞങ്ങളൊരിക്കലും നിന്നിൽ വിശ്വസിക്കുകയില്ല. ഞങ്ങൾ നിലകൊള്ളുന്ന മാർഗത്തിൽ നിന്ന് ഞങ്ങൾ പിന്തിരിയുകയുമില്ല.

(137) ഇത് പൂർവ്വികരുടെ മതവും, അവരുടെ ശൈലിയും സ്വഭാവങ്ങളുമല്ലാതെ മറ്റൊന്നുമല്ല.

(138) ഞങ്ങൾ ശിക്ഷപ്പെടുന്നവരല്ല.

(139) അങ്ങനെ അവർ തങ്ങളുടെ നബിയായ ഹൂദിനെ നിഷേധിക്കുന്നതിൽ തന്നെ തുടർന്നു പോന്നു. അപ്പോൾ നാം അവരുടെ നിഷേധം കാരണത്താൽ ഒരു നന്മയുമില്ലാത്ത കാറ്റ് കൊണ്ട് അവരെ നശിപ്പിച്ചു കളഞ്ഞു. തീർച്ചയായും അവരുടെ നാശത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.

(140) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് നിന്ന് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(141) ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ -عَلَيْهِ السَّلَامُ- നിഷേധിച്ചതിലൂടെ അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.

(142) അവരുടെ കുടുംബ സഹോദരനായ സ്വാലിഹ് അവരോട് പറഞ്ഞ സന്ദർഭം: അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!

(143) തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.

(144) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(145) എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.

(146) നിങ്ങൾ നിലകൊള്ളുന്ന അനുഗ്രഹങ്ങളിലും നന്മകളിലും നിർഭയരായി വിട്ടേക്കപ്പെടുമെന്ന് നിങ്ങൾ ആഗ്രഹിക്കുകയും, (അല്ലാഹുവിൻ്റെ ശിക്ഷയെ) ഭയക്കാതിരിക്കുകയുമാണോ നിങ്ങൾ?

(147) പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.

(148) വയലുകളിലും, ഈത്തപ്പനകളിലും; അവയുടെ ഫലങ്ങൾ മൃദുവും പാകമൊത്തതുമാകുന്നു.

(149) നിങ്ങൾക്ക് താമസിക്കുന്നതിനായി വീടുകൾ പണിയുന്നതിന് വേണ്ടി നൈപുണ്യത്തോടെ പർവ്വതങ്ങൾ നിങ്ങൾ തുരക്കുകയും ചെയ്യുന്നു.

(150) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(151) തിന്മകൾ ചെയ്തു കൂട്ടികൊണ്ട് സ്വന്തം കാര്യത്തിൽ അതിരുകവിഞ്ഞവരുടെ കൽപ്പനകൾക്ക് നിങ്ങൾ കീഴൊതുങ്ങി കൊടുക്കുകയുമരുത്.

(152) ഭൂമിയിൽ തിന്മകൾ വിതച്ചു കൊണ്ട് കുഴപ്പമുണ്ടാക്കുന്നവരുടെ കൽപനകൾ. അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചു നിന്നുകൊണ്ട് സ്വയം നന്നാക്കാത്തവരുടെ.

(153) അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: അനേകം തവണ മാരണം ബാധിക്കുകയും, അങ്ങനെ മാരണം ബുദ്ധിയെ കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ ഒരുത്തൻ മാത്രമാണ് നീ.

(154) ഞങ്ങളെ പോലുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു നീ. അല്ലാഹുവിൻ്റെ ദൂതനാകാൻ മാത്രം നിനക്ക് ഞങ്ങളെക്കാൾ എന്തെങ്കിലും പ്രത്യേകതയില്ല. അതിനാൽ നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന നിൻ്റെ വാദത്തിന് തെളിവായി എന്തെങ്കിലും ഒരു അടയാളം നീ കൊണ്ടുവരിക.

(155) സ്വാലിഹ് -അദ്ദേഹത്തിന് അല്ലാഹു ഒരു ദൃഷ്ടാന്തം നൽകിയിരുന്നു. പാറക്കുള്ളിൽ നിന്ന് അല്ലാഹു പുറത്തു കൊണ്ടു വന്ന ഒരു ഒട്ടകമായിരുന്നു ആ ദൃഷ്ടാന്തം- അവരോട് പറഞ്ഞു: ഇത് കാണാനും തൊട്ടുനോക്കാനുമെല്ലാം കഴിയുന്ന ഒരു ഒട്ടകമാണ്. അതിന് വെള്ളത്തിൽ ഒരു പങ്കുണ്ടായിരിക്കും. നിങ്ങൾക്കും ഒരു നിശ്ചിത പങ്കുണ്ടായിരിക്കും. നിങ്ങളുടെ പങ്കിൻ്റെ ദിവസം ഒട്ടകം വെള്ളം കുടിക്കുകയില്ല. അതിൻ്റെ പങ്ക് നിശ്ചയിക്കപ്പെട്ട ദിവസം നിങ്ങളും വെള്ളമെടുക്കരുത്.

(156) അറുക്കുകയോ അടിക്കുകയോ ചെയ്തു കൊണ്ട് എന്തെങ്കിലും ഉപദ്രവം അതിന് നിങ്ങൾ ഏൽപ്പിക്കരുത്. അങ്ങനെ ചെയ്താൽ അക്കാരണത്താൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുകയും, ഭയാനകമായ ഒരു ദിവസം ആ ശിക്ഷ നിങ്ങളെ നശിപ്പിച്ചു കളയുകയും ചെയ്യും. നിങ്ങൾക്കുമേൽ ഇറങ്ങുന്ന ദുരന്തം കാരണത്താലാണ് ആ ദിവസം അപ്രകാരം ഭീകരമാകുന്നത്.

(157) അവർ അതിനെ അറുത്തു കളയാമെന്ന തീരുമാനത്തിൽ ഒത്തൊരുമിച്ചു. അവരുടെ കൂട്ടത്തിൽ ഏറ്റവും ദൗർഭാഗ്യവാനായ ഒരുത്തൻ അതിനെ അറുത്തു കളഞ്ഞു. അങ്ങനെ തങ്ങൾ ചെയ്തു വെച്ച പ്രവൃത്തി കാരണത്താൽ ശിക്ഷ തീർച്ചയായും വന്നിറങ്ങുമെന്ന് ബോധ്യപ്പെട്ടപ്പോൾ അവർ ഖേദവാന്മാരായി തീർന്നു. എന്നാൽ ശിക്ഷ കൺമുന്നിൽ കാണുമ്പോഴുള്ള ഖേദം ഒരുപകാരവും ചെയ്യുകയില്ല.

(158) അങ്ങനെ് താക്കീത് നൽകപ്പെട്ട ശിക്ഷ അവരെ പിടികൂടി. ഭൂകമ്പവും ഘോരശബ്ദവുമായിരുന്നു അവർക്കുള്ള ശിക്ഷ. തീർച്ചയായും ഈ പറയപ്പെട്ട, സ്വാലിഹിൻ്റെയും അദ്ദേഹത്തിൻ്റെ ജനതയുടെയും ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ വിശ്വസിക്കുന്നവരായിരുന്നില്ല.

(159) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരം ചെയ്യുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(160) തങ്ങളുടെ ദൂതനായ ലൂത്വ് നബി -عَلَيْهِ السَّلَامُ- യെ നിഷേധിച്ചതിലൂടെ അദ്ദേഹത്തിൻ്റെ സമൂഹം അല്ലാഹുവിൻ്റെ ദൂതന്മാരെ നിഷേധിച്ചു.

(161) അവരുടെ കുടുംബ സഹോദരനായ ലൂത്വ് അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!

(162) തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.

(163) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(164) എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.

(165) നിങ്ങൾ പുരുഷന്മാരെ ഗുദഭോഗം നടത്തുവാനായി സമീപിക്കുകയാണോ?!

(166) അല്ലാഹു നിങ്ങളുടെ കാമനിവൃത്തിക്കായി സൃഷ്ടിച്ചു തന്ന നിങ്ങളുടെ ഇണകളുടെ ഗുഹ്യസ്ഥാനങ്ങളെ സമീപിക്കാതെ ഉപേക്ഷിക്കുകയുമാണോ?! അല്ല! ഈ വൈകൃതമേറിയ തിന്മ ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ (നന്മതിന്മകളുടെ) അതിർവരമ്പുകൾ വിട്ടുകടന്നവർ തന്നെ നിങ്ങൾ.

(167) അദ്ദേഹത്തിൻ്റെ സമൂഹം അദ്ദേഹത്തോട് പറഞ്ഞു: ലൂത്വേ! നീ ഞങ്ങളെ ഈ പ്രവൃത്തിയിൽ നിന്ന് വിലക്കുന്നതും, ഞങ്ങളെ തിരുത്തുന്നതും അവസാനിപ്പിക്കുന്നില്ലെങ്കിൽ നീയും നിന്നോടൊപ്പമുള്ളവരും ഞങ്ങളുടെ നാട്ടിൽ നിന്ന് പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.

(168) ലൂത്വ് അവരോടായി പറഞ്ഞു: തീർച്ചയായും നിങ്ങൾ ഈ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയെ വെറുക്കുകയും അതിനോട് വിരോധം വെച്ചുപുലർത്തുകയും ചെയ്യുന്നവരുടെ കൂട്ടത്തിലാകുന്നു ഞാൻ.

(169) അദ്ദേഹം തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! എന്നെയും എൻ്റെ കുടുംബത്തെയും ഈ കൂട്ടർ ചെയ്തു വരുന്ന മ്ലേഛവൃത്തി കാരണത്താൽ ബാധിക്കാനിരിക്കുന്ന ശിക്ഷയിൽ നിന്ന് നീ രക്ഷപ്പെടുത്തേണമേ!

(170) അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകുകയും, അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ മുഴുവൻ കുടുംബത്തെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു.

(171) അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. അവൾ (അല്ലാഹുവിനെ) നിഷേധിച്ചവളായിരുന്നു. നശിച്ചുപോയവരുടെ കൂട്ടത്തിലായിരുന്നു അവൾ ഉൾപ്പെട്ടത്.

(172) ശേഷം ലൂത്വും അദ്ദേഹത്തിൻ്റെ കുടുംബവും സദൂം എന്ന ആ നാട്ടിൽ നിന്ന് പുറത്തു പോയ ശേഷം അദ്ദേഹത്തിൻ്റെ ജനതയിലെ ബാക്കിയുള്ളവരെയെല്ലാം നാം കഠിനമായ ശിക്ഷയിലൂടെ നശിപ്പിച്ചു.

(173) അവരുടെ മേൽ ആകാശത്ത് നിന്ന് നാം കല്ലുകൾ മഴ പോലെ വർഷിച്ചു. അവർ അവരുടെ മ്ലേഛവൃത്തിയിൽ തുടരുകയാണെങ്കിൽ അവരെ ബാധിക്കുമെന്ന് ലൂത്വ് താക്കീത് ചെയ്യുകയും സൂക്ഷിക്കാൻ ഓർമ്മപ്പെടുത്തുകയും ചെയ്ത അല്ലാഹുവിൻ്റെ ആ ശിക്ഷയുടെ മഴ എത്ര മോശമായിരുന്നു!

(174) തീർച്ചയായും ഈ പറഞ്ഞ മ്ലേഛവൃത്തി പ്രവർത്തിച്ചതിനാൽ ലൂത്വിൻ്റെ സമൂഹത്തെ ബാധിച്ച ശിക്ഷയിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.

(175) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(176) തിങ്ങിനിറഞ്ഞ മരക്കൂട്ടങ്ങളുടെ നാട്ടിൽ താമസിച്ചവരും തങ്ങളുടെ ദൂതനായ ശുഐബിനെ നിഷേധിച്ചതിലൂടെ റസൂലുകളെ മുഴുവൻ കളവാക്കുകയുണ്ടായി.

(177) അവരുടെ ദൂതനായ ശുഐബ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞ സന്ദർഭം: ബഹുദൈവാരാധന ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനെ ഭയക്കുകയും ചെയ്യുന്നില്ലേ നിങ്ങൾ?!

(178) തീർച്ചയായും അല്ലാഹു നിങ്ങളിലേക്ക് നിയോഗിച്ച ദൂതനാകുന്നു ഞാൻ. അല്ലാഹുവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു തരുന്നതിൽ എന്തെങ്കിലും വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാത്ത വിശ്വസ്തനുമാകുന്നു ഞാൻ.

(179) അതിനാൽ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിലക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ എന്നെ നിങ്ങൾ അനുസരിക്കുകയും ചെയ്യുക.

(180) എൻ്റെ രക്ഷിതാവിൽ നിന്ന് നിങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിന് എന്തെങ്കിലും പ്രതിഫലം നിങ്ങളോട് ഞാൻ ചോദിക്കുന്നില്ല. എൻ്റെ പ്രതിഫലം സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രമാകുന്നു. മറ്റൊരാൾക്കും അതിൻ്റെ ബാധ്യതയില്ല.

(181) നിങ്ങൾ വിൽക്കുന്ന വേളയിൽ ജനങ്ങൾക്ക് അളവ് പൂർത്തിയാക്കി നൽകുക. ജനങ്ങൾക്ക് വിൽക്കുന്ന വേളയിൽ അളവിൽ കുറവു വരുത്തുന്നവരിൽ നിങ്ങൾ ഉൾപ്പെടരുത്.

(182) നിങ്ങൾ തൂക്കിക്കണക്കാക്കുമ്പോൾ നീതിപൂർവ്വകമായ തുലാസ് കൊണ്ട് തൂക്കുകയും ചെയ്യുക.

(183) ജനങ്ങളുടെ അവകാശങ്ങളിൽ നിങ്ങൾ കുറവു വരുത്തരുത്. ഭൂമിയിൽ തിന്മകൾ ചെയ്തു കൂട്ടിക്കൊണ്ട് നിങ്ങൾ കുഴപ്പം അധികരിപ്പിക്കുകയും അരുത്.

(184) നിങ്ങളെ സൃഷ്ടിക്കുകയും, പൂർവ്വികതലമുറകളെ സൃഷ്ടിക്കുകയും ചെയ്തവനെ നിങ്ങൾ ഭയപ്പാടോടെ സൂക്ഷിക്കുക; അവൻ്റെ ശിക്ഷ നിങ്ങൾക്ക് മേൽ വന്നിറങ്ങിയേക്കാം.

(185) ശുഐബിൻ്റെ ജനത അദ്ദേഹത്തോട് പറഞ്ഞു: നിരവധി തവണ മാരണം ബാധിക്കുകയും, അങ്ങനെ ബുദ്ധിയെ മാരണം കീഴടക്കുകയും, ബുദ്ധി നഷ്ടപ്പെടുകയും ചെയ്തവരിൽ പെട്ട ഒരുത്തൻ മാത്രമാകുന്നു നീ.

(186) നീ ഞങ്ങളെ പോലുള്ള ഒരു മനുഷ്യനല്ലാതെ മറ്റൊന്നുമല്ല. ഞങ്ങളെക്കാൾ ഒരു പ്രത്യേകതയും നിനക്കില്ല. അപ്പോൾ നീയെങ്ങനെയാണ് ഒരു ദൂതനാവുക? ഞാനൊരു ദൂതനാണെന്ന് കള്ളം പറയുന്ന ഒരുത്തനായല്ലാതെ നിന്നെ ഞങ്ങൾ മനസ്സിലാക്കുന്നില്ല.

(187) നിൻ്റെ ജൽപ്പനത്തിൽ സത്യവാനാണ് നീയെങ്കിൽ ഞങ്ങൾക്ക് മേൽ ആകാശത്തെ നീ കഷ്ണങ്ങളായി വീഴ്ത്തുക.

(188) ശുഐബ് അവരോട് പറഞ്ഞു: എൻ്റെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിച്ചു കൂട്ടുന്ന ബഹുദൈവാരാധനയെയും തിന്മകളെയും കുറിച്ച് നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(189) അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടർന്നു. അപ്പോൾ അവരെ ഭയങ്കരമായ ഒരു ശിക്ഷ ബാധിച്ചു. കടുത്ത ചൂടുള്ള ഒരു ദിവസത്തിന് ശേഷം ഒരു മേഘം അവർക്ക് തണൽ വിരിച്ചു. പൊടുന്നനെ അതവർക്ക് മേൽ തീ വർഷിക്കുകയും, അവരെ കരിച്ചു കളയുകയും ചെയ്തു. തീർച്ചയായും അവരുടെ നാശത്തിൻ്റെ ദിവസം തീർത്തും ഭയാനകമായ ഒരു ദിവസം തന്നെയായിരുന്നു.

(190) തീർച്ചയായും ശുഐബിൻ്റെ സമൂഹം നശിക്കപ്പെട്ട ഈ ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും (അല്ലാഹുവിൽ) വിശ്വസിക്കുന്നവരായിരുന്നില്ല.

(191) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് തന്നെയാകുന്നു തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം).

(192) തീർച്ചയായും നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ടത് തന്നെയാകുന്നു.

(193) വിശ്വസ്തനായ ജിബ്രീൽ -عَلَيْهِ السَّلَامُ- അത് കൊണ്ട് ഇറങ്ങിയിരിക്കുന്നു.

(194) അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഹൃദയത്തിൽ അദ്ദേഹം അത് (ഖുർആൻ) ഇറക്കിയിരിക്കുന്നത്, ജനങ്ങളെ താക്കീത് ചെയ്യുകയും അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് അവരെ ഭയപ്പെടുത്തുകയും ചെയ്യുന്ന ദൂതനായി താങ്കൾ മാറുന്നതിനത്രെ അത്.

(195) വ്യക്തമായ അറബി ഭാഷയിലാണ് അദ്ദേഹം അത് ഇറക്കിയിരിക്കുന്നത്.

(196) തീർച്ചയായും ഈ ഖുർആൻ മുൻകാലക്കാരുടെ വേദഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതിന് മുൻപ് (അല്ലാഹുവിൽ നിന്ന്) അവതരിച്ച ഉന്നതവേദഗ്രന്ഥങ്ങൾ ഈ ഖുർആനിനെ കുറിച്ച് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.

(197) ഇസ്രാഈൽ സന്തതികളിൽ പെട്ട -അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ള- പണ്ഡിതന്മാർക്ക് താങ്കൾക്ക് മേൽ അവതരിച്ചതിൻ്റെ സത്യത ബോധ്യപ്പെട്ടിരിക്കുന്നു എന്നത് (ഖുർആനിനെ) നിഷേധിക്കുന്നവർക്ക് താങ്കളുടെ സത്യസന്ധത ബോധ്യപ്പെടുത്തി നൽകുന്ന ഒരു ദൃഷ്ടാന്തമായി വർത്തിക്കുന്നില്ലേ?!

(198) അറബി സംസാരിക്കാത്ത ഏതെങ്കിലും അനറബികൾക്ക് മേൽ നാം ഈ ഖുർആൻ അവതരിപ്പിച്ചിരുന്നെങ്കിൽ;

(199) അങ്ങനെ (അനറബിയായ ആ വ്യക്തി) അവർക്ക് അത് പാരായണം ചെയ്തു കേൾപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ ഇതിൽ വിശ്വസിക്കുന്നവരാകുമായിരുന്നില്ല. കാരണം അവർ പറയും: ഞങ്ങൾക്ക് ഇത് മനസ്സിലാകുന്നില്ല. അതിനാൽ അല്ലാഹു ഈ ഖുർആൻ അവരുടെ തന്നെ ഭാഷയിൽ അവതരിപ്പിച്ചു എന്നതിന് അവർ അല്ലാഹുവിന് സ്തുതി അർപ്പിക്കട്ടെ.

(200) അപ്രകാരം നിഷേധവും കളവാക്കലും അതിക്രമികളുടെ ഹൃദയങ്ങളിൽ നാം പ്രവേശിപ്പിച്ചിരിക്കുന്നു.

(201) അവരിപ്പോൾ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് അവർക്ക് മാറ്റം വരുകയും, അവർ (അല്ലാഹുവിൽ) വിശ്വസിക്കുകയും ചെയ്യുക എന്നത് വേദനാജനകമായ ശിക്ഷ കാണുന്നത് വരെ അവരിൽ നിന്ന് ഉണ്ടാവുകയില്ല.

(202) അപ്പോൾ പൊടുന്നനെയായിരിക്കും അവർക്ക് ആ ശിക്ഷ വന്നെത്തുക. നിനച്ചിരിക്കാതെ, ശിക്ഷ വരുന്നുണ്ടെന്ന് അവർ പ്രതീക്ഷിച്ചിരിക്കാത്ത നിലയിലായിരിക്കും അവർ.

(203) ശിക്ഷ പൊടുന്നനെ അവരുടെ മേൽ വന്നുഭവിച്ചാൽ കടുത്ത ഖേദത്താൽ അവർ പറയും: ഞങ്ങൾക്ക് കുറച്ചൊരു അവധി നൽകപ്പെടുമോ?! ഞങ്ങൾക്കൊന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് വേണ്ടി...

(204) അപ്പോൾ നമ്മുടെ ശിക്ഷയുടെ കാര്യത്തിലാണോ ഈ കാഫിറുകൾ തിരക്കു കൂട്ടിക്കൊണ്ട് ഇപ്രകാരം പറയുന്നത്: 'നീ വാദിച്ചതു പോലെ ആകാശം കഷ്ണങ്ങളായി ഞങ്ങളുടെ മേൽ വീഴ്ത്തുന്നത് വരെ നിന്നിൽ ഞങ്ങൾ വിശ്വസിക്കുകയില്ല'?!

(205) അല്ലാഹുവിൻ്റെ റസൂലേ! എന്നോട് താങ്കൾ പറയൂ! നിങ്ങൾ (അവർക്ക്) കൊണ്ടുവന്നു നൽകിയ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളഞ്ഞിരിക്കുന്ന ഈ കാഫിറുകൾക്ക് ധാരാളം കാലം നാം അനുഗ്രഹങ്ങൾ കൊണ്ട് സുഖം നൽകിയെങ്കിൽ;

(206) ശേഷം ഈ പറഞ്ഞ അനുഗ്രഹങ്ങളെല്ലാം നേടിയെടുത്ത ശേഷം അവർക്ക് താക്കീത് നൽകപ്പെട്ടു കൊണ്ടിരുന്ന ശിക്ഷ അവരെ ബാധിച്ചെങ്കിൽ;

(207) ഇഹലോകത്ത് അവർക്കുണ്ടായിരുന്ന സുഖാനുഗ്രഹങ്ങൾ എന്ത് ഉപകാരമാണ് അവർക്ക് ചെയ്യുക?! ആ അനുഗ്രഹങ്ങളെല്ലാം അവരെ വിട്ടുപിരിയും. അതൊന്നും യാതൊരു ഉപകാരവും ചെയ്യുകയുമില്ല.

(208) ഒരു സമുദായത്തെയും അവരിലേക്ക് ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷമല്ലാതെ നാം ശിക്ഷിച്ചിട്ടില്ല.

(209) അവർക്കൊരു ഓർമ്മപ്പെടുത്തലും ഉൽബോധനവുമായി കൊണ്ടാണ് അത്. ദൂതന്മാരെ നിയോഗിക്കുകയും, വേദഗ്രന്ഥങ്ങൾ ഇറക്കുകയും ചെയ്തു കൊണ്ട് തെളിവ് സ്ഥാപിച്ചതിന് ശേഷം മാത്രമാണ് അക്കൂട്ടരെ നശിപ്പിച്ചത് എന്നതിനാൽ നാം അവരോട് അതിക്രമം കാണിക്കുന്നവരായിരുന്നില്ല.

(210) അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- ഹൃദയത്തിൽ ഈ ഖുർആൻ കൊണ്ട് പിശാചുക്കൾ ഇറങ്ങിയിട്ടില്ല.

(211) അവിടുത്തെ ഹൃദയത്തിന് മേൽ അവർ ഖുർആൻ കൊണ്ട് ഇറങ്ങുക എന്നത് ശരിയാവുകയുമില്ല. അവർക്കതിന് സാധിക്കുകയുമില്ല.

(212) അവർക്കത് സാധിക്കില്ല; കാരണം ഖുർആൻ അവതരിക്കപ്പെടുന്ന ആകാശലോകത്തെ സ്ഥാനങ്ങളിൽ നിന്ന് അവർ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് അവർക്ക് അതിലേക്ക് എത്തിച്ചേരാൻ സാധിക്കുക?! എങ്ങനെയാണ് അതും കൊണ്ട് (ഭൂമിയിലേക്ക്) ഇറങ്ങുവാൻ കഴിയുക?!

(213) അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നീ ആരാധിക്കുകയോ, അല്ലാഹുവിനോടൊപ്പം അവനെ പങ്കാളിയാക്കുകയോ ചെയ്യരുത്. അങ്ങനെ നീ ചെയ്താൽ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുന്നതായിരിക്കും.

(214) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹത്തിൽ അങ്ങയോട് ഏറ്റവും അടുത്ത ബന്ധുക്കൾക്ക് -ശേഷം അതിനോട് അടുത്തവർക്ക്- എന്നിങ്ങനെ താങ്കൾ താക്കീത് ചെയ്യുക; അവർ ബഹുദൈവാരാധനയിൽ തന്നെ തുടർന്നു കൊണ്ട് അല്ലാഹുവിൻ്റെ ശിക്ഷ അവരെ ബാധിക്കാതിരിക്കുന്നതിന്.

(215) നിന്നെ പിൻപറ്റിയ മുഅ്മിനുകളോട് അനുകമ്പയായും കാരുണ്യമായും വാക്കിലും പ്രവൃത്തിയിലും സൗമ്യത പുലർത്തുക.

(216) അവർ നിന്നെ ധിക്കരിക്കുകയും, അല്ലാഹുവിനെ ഏകനാക്കുകയും അവനെ അനുസരിക്കുകയും ചെയ്യണമെന്ന നിൻ്റെ കൽപ്പനകൾക്ക് അവർ ഉത്തരം നൽകാതിരിക്കുകയുമാണെങ്കിൽ അവരോട് പറഞ്ഞേക്കുക. തീർച്ചയായും ഞാൻ നിങ്ങൾ ചെയ്തു കൂട്ടുന്ന ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും ഒഴിവാണ്.

(217) തൻ്റെ ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്ന മഹാപ്രതാപിയും (അസീസ്), അവരിൽ നിന്ന് പശ്ചാത്തപിച്ച് നന്മകൾ ചെയ്തു കൊണ്ട് മടങ്ങുന്നവർക്ക് മേൽ ധാരാളമായി കാരുണ്യം ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ മേൽ നിൻ്റെ എല്ലാ കാര്യങ്ങളും നീ ഭരമേൽപ്പിക്കുക.

(218) നീ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ നിന്നെ കാണുന്നവനത്രെ അവൻ.

(219) നിസ്കരിക്കുന്നവരുടെ ഇടയിൽ ഒരവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് താങ്കൾ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത് കാണുന്നു അവൻ. താങ്കളോ മറ്റുള്ളവരോ ചെയ്യുന്ന ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(220) തീർച്ചയായും അവൻ തന്നെയാകുന്നു നിസ്കാരത്തിൽ നീ പാരായണം ചെയ്യുന്ന ഖുർആനും നിൻ്റെ പ്രകീർത്തനങ്ങളും കേൾക്കുന്നവനും (സമീഅ്), നിൻ്റെ മനസ്സിലെ ഉദ്ദേശം നന്നായി അറിയുന്നവനും (അലീം).

(221) ഖുർആൻ കൊണ്ട് ഇറങ്ങിയ പിശാചുക്കൾ എന്ന് നിങ്ങൾ പറയുന്ന ഈ പിശാചുക്കൾ ആരുടെ മേലാണ് ഇറങ്ങുക എന്ന് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!

(222) പിശാചുക്കൾ എല്ലാ മഹാകള്ളന്മാരും വൻപാപികളും ധിക്കാരികളുമായ ജ്യോത്സ്യന്മാർക്ക് മേലാണ് ഇറങ്ങുന്നത്.

(223) ഉന്നത സദസ്സുകളിൽ (മലക്കുളിൽ) നിന്ന് അവർ കട്ടുകേൾക്കുകയും, അങ്ങനെ അത് തങ്ങളുടെ കൂട്ടാളികളായ ജ്യോത്സ്യന്മാർക്ക് അവർ ഇട്ടുകൊടുക്കയും ചെയ്യുന്നു. ജ്യോത്സ്യന്മാരിൽ അധികവും കള്ളന്മാരാകുന്നു. അവർ ഏതെങ്കിലും ഒരു വാക്കിൽ സത്യം പറഞ്ഞാൽ തന്നെയും നൂറ് കളവുകൾ അതിനോടൊപ്പം ചേർക്കുന്നതുമാണ്.

(224) മുഹമ്മദ് നബി -ﷺ- ഒരു കവിയാണെന്ന് നിങ്ങൾ ആരോപിച്ചു. ഈ പറഞ്ഞ കവികളാകട്ടെ; സന്മാർഗത്തിൽ നിന്നും (സത്യത്തിന് മേലുള്ള) സ്ഥൈര്യതയിൽ നിന്നും പിഴച്ചു പോയവരാണ് അവരെ പിൻപറ്റുകയും, കവികൾ പാടുന്ന കവിതകൾ ചൊല്ലിപ്പകർന്നു നൽകുകയും ചെയ്യാറുള്ളത്.

(225) അല്ലാഹുവിൻ്റെ റസൂലേ! അവർ എല്ലാ താഴ്വാരങ്ങളിലും -പുകഴ്ത്തിയും ചിലപ്പോൾ ആക്ഷേപം ചൊരിഞ്ഞും മറ്റുമെല്ലാം- അലയുന്നവരാണെന്നത് അവരുടെ വഴികേടിൻ്റെ പ്രത്യക്ഷലക്ഷണങ്ങളിൽ പെട്ടതാണ് എന്ന് താങ്കൾ കാണുന്നില്ലേ?!

(226) അവർ കളവു പറയുന്നവരാണെന്നും; ഞങ്ങൾ ഇങ്ങനെയെല്ലാം ചെയ്തുവെന്ന് അവർ പറയും. യഥാർഥത്തിൽ അവർ അപ്രകാരം ചെയ്തിട്ടുണ്ടായിരിക്കുകയില്ല.

(227) കവികളുടെ കൂട്ടത്തിൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും, അതിക്രമത്തിന് വിധേയനാക്കപ്പെട്ട ശേഷം അല്ലാഹുവിൻ്റെ ശത്രുക്കൾക്കെതിരിൽ നടപടി സ്വീകരിക്കുകയും ചെയ്ത ഹസ്സാനുബ്നു ഥാബിതിനെ പോലുള്ളവർ ഒഴികെ. അല്ലാഹുവിൽ പങ്കുചേർത്തും, അല്ലാഹുവിൻ്റെ ദാസന്മാർക്ക് നേരെ അതിക്രമം പ്രവർത്തിച്ചും നടന്നവർ എന്തൊരു പര്യവസാനത്തിലേക്കാണ് തങ്ങൾ മടങ്ങുക എന്ന് വഴിയെ അറിഞ്ഞു കൊള്ളും. ഭയങ്കരമായ ഒരു വേദിയിലേക്കും, സൂക്ഷ്മമായ വിചാരണയിലേക്കുമാണ് അവർ വഴിയെ മടങ്ങുക.