63 - Al-Munaafiqoon ()

|

(1) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സദസ്സിൽ കപടവിശ്വാസികൾ സന്നിഹിതരായാൽ അവർ ഇസ്ലാം പുറത്തേക്ക് കാണിക്കുകയും, ഇസ്ലാമിനോടുള്ള നിഷേധം മനസ്സിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്യും. 'നിങ്ങൾ ശരിക്കും അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു' എന്ന് അവർ പറയുന്നു. എന്നാൽ നീ ശരിയായ ദൂതനാണെന്ന് അല്ലാഹുവിനറിയാം. മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് തങ്ങൾ ഹൃദയത്തിൽ തൊട്ട് സാക്ഷ്യം വഹിക്കുന്നു എന്ന കപടവിശ്വാസികളുടെ വർത്തമാനം തനിച്ച കളവാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

(2) തങ്ങളും മുസ്ലിംകളാണെന്ന് വാദിക്കുന്നതിനായി ശപഥങ്ങളെ അവർ തങ്ങളുടെ പരിചയാക്കി നിർത്തിയിരിക്കുകയാണ്. യുദ്ധത്തിൽ നിന്നും തടവുശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ അതൊരു മറയും രക്ഷാകവചവുമാക്കി അവർ തീർത്തിരിക്കുന്നു. സംശയങ്ങൾ പ്രചരിപ്പിച്ചും കുഴപ്പങ്ങൾ സൃഷ്ടിച്ചും അവർ ജനങ്ങളെ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കൊണ്ടിരിക്കുകയാണ്. ഇവരുടെ ഈ കാപട്യവും കള്ളശപഥങ്ങളും എന്തു മാത്രം വികൃതമായിരിക്കുന്നു!

(3) അവർ കാപട്യം നിറഞ്ഞ വിശ്വാസം സ്വീകരിച്ചതിനാലാണ് അത്. അവരുടെ ഹൃദയങ്ങളിലേക്ക് ഇസ്ലാമിൻ്റെ വിശ്വാസം എത്തിയിട്ടില്ല. ശേഷം രഹസ്യമായി അവർ അല്ലാഹുവിനെ നിഷേധിക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു അവരുടെ നിഷേധം കാരണത്താൽ അവരുടെ ഹൃദയങ്ങൾക്ക് മേൽ മുദ്ര വെച്ചു; ഇനി അതിൽ (ഇസ്ലാമിക) വിശ്വാസം പ്രവേശിക്കുകയില്ല. അവരുടെ ഹൃദയങ്ങൾ മുദ്ര വെക്കപ്പെട്ടതിനാൽ തന്നെ തങ്ങളുടെ നന്മയും സന്മാർഗവും ഏതിലാണെന്ന് തിരിച്ചറിയാനും അവർക്കിനി കഴിയില്ല.

(4) നോക്കി നിന്നാൽ അവരുടെ ശരീരപ്രകൃതികളും രൂപങ്ങളും നിന്നെ അത്ഭുതപ്പെടുത്തും; കാരണം അത്ര മാത്രം അനുഗ്രഹങ്ങളിലും സുഖാഢംഭരങ്ങളിലുമാണ് അവർ ജീവിക്കുന്നത്. അവർ സംസാരിച്ചാൽ നീ അത് കേട്ടിരുന്നു പോകും; അത്ര മാത്രം മനോഹരമാണ് വാക്കുകൾ! അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ സദസ്സിൽ ചാരി വെച്ച മരത്തടി പോലെയാണ് അവർ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. നീ പറയുന്നതൊന്നും അവർക്ക് മനസ്സിലാകുന്നില്ല; അതവർ ഉൾക്കൊള്ളുന്നുമില്ല. എല്ലാ ശബ്ദവും തങ്ങൾക്കെതിരാണെന്നാണ് അവർ ധരിക്കുന്നത്; അത്ര വലിയ പേടിത്തൊണ്ടന്മാരാണ് അവർ. അവർ തന്നെയാകുന്നു യഥാർഥ ശത്രു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ സൂക്ഷിക്കുക! നിൻ്റെ രഹസ്യങ്ങൾ അവർ പരസ്യമാക്കുകയോ, നിനക്കെതിരെ അവർ തന്ത്രം മെനയുകയോ ചെയ്തേക്കാം. അല്ലാഹു അവരെ ശപിക്കട്ടെ! എങ്ങനെയാണ് ഇത്ര വ്യക്തമായ തെളിവുകൾ ദർശിച്ചിട്ടും അവർ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിപ്പോയത്?!

(5) അല്ലാഹുവിൻ്റെ ദൂതരോട് നിങ്ങൾ ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞു കൊണ്ട് അവിടുത്തെ അരികിലേക്ക് വരൂ! അവിടുന്ന് നിങ്ങൾക്ക് വേണ്ടി അല്ലാഹുവിനോട് പാപമോചനം തേടും' എന്ന് ഈ കപടവിശ്വാസികളോട് പറയപ്പെട്ടാൽ അവർ തല തിരിച്ചു കൊണ്ട് പരിഹാസത്തോടും പുഛത്തോടും കൂടി തിരിഞ്ഞു പോകും. കൽപ്പിക്കപ്പെട്ടതിൽ നിന്ന് -സത്യം സ്വീകരിക്കാതെയും അതിന് കീഴൊതുങ്ങാതെയും- അഹങ്കാരത്തോടെ അവർ തിരിഞ്ഞു പോകുന്നതും നിനക്ക് കാണാം.

(6) അല്ലാഹുവിൻ്റെ റസൂലേ! നീ അവർക്ക് വേണ്ടി പാപമോചനം തേടുന്നതും തേടാതിരിക്കുന്നതുമൊക്കെ സമമാണ്. അല്ലാഹു അവരുടെ തിന്മകൾ അവർക്ക് പൊറുത്തു കൊടുക്കുകയില്ല. തീർച്ചയായും അല്ലാഹു അവനെ അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവനെ ധിക്കരിക്കുന്നതിൽ തുടർന്നു പോവുകയും ചെയ്യുന്ന ദുർമാർഗികളായ കൂട്ടർക്ക് അല്ലാഹു സന്മാർഗത്തിലേക്ക് സൗകര്യം ചെയ്യുകയില്ല.

(7) നബിയുടെ ഒപ്പമുള്ള ദരിദ്രർക്കും മദീനയുടെ പരിസരപ്രദേശങ്ങളിലെ അഅ്റാബികൾക്കും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് നിങ്ങൾ ദാനം ചെയ്യരുത്; അവർ നബിയെ വിട്ട് ഉപേക്ഷിച്ചു പോയാലല്ലാതെ' എന്ന് പറയുന്നവർ ഇക്കൂട്ടരാകുന്നു. എന്നാൽ അല്ലാഹുവിങ്കൽ മാത്രമാണ് ആകാശങ്ങളിലെയും ഭൂമിയിലെയും ഖജാനകളുള്ളത്. അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകൾക്ക് അതിൽ നിന്ന് അവൻ നൽകുന്നതാണ്. പക്ഷേ ഉപജീവനത്തിൻ്റെ ഖജാനകൾ അല്ലാഹുവിങ്കലാണെന്ന് കപടവിശ്വാസികൾക്ക് അറിയുകയില്ല.

(8) കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്നവൻ പറയുന്നു: ഞങ്ങൾ മദീനയിലേക്ക് മടങ്ങിയാൽ കൂടുതൽ പ്രതാപമുള്ളവർ -അതയാത് ഞാനും എന്നോടൊപ്പമുള്ളവരും- അവിടെ നിന്ന് നിന്ദ്യരും ദുർബലരുമായവരെ -അതായത് മുഹമ്മദും കൂട്ടരും- പുറത്താക്കുക തന്നെ ചെയ്യും. അല്ലാഹുവിന് മാത്രമാകുന്നു പ്രതാപമുള്ളത്; അവൻ്റെ ദൂതനും (ഇസ്ലാമിൽ) വിശ്വസിച്ചവർക്കുമാകുന്നു പ്രതാപമുള്ളത്. അബ്ദുല്ലാഹിബ്നു ഉബയ്യിനോ അവൻ്റെ കൂട്ടാളികൾക്കോ അല്ല പ്രതാപമുള്ളത്. പക്ഷേ അല്ലാഹുവിനും അവൻ്റെ ദൂതനും (ഇസ്ലാമിൽ) വിശ്വസിച്ചവർക്കുമാകുന്നു പ്രതാപമുള്ളത് എന്ന കാര്യം കപടവിശ്വാസികൾ അറിയുന്നില്ല.

(9) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ സമ്പാദ്യമോ നിങ്ങളുടെ സന്താനങ്ങളോ, നിസ്കാരത്തിൽ നിന്നോ ഇസ്ലാമിലെ മറ്റ് നിർബന്ധ കർമ്മങ്ങളിൽ നിന്നോ നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ! ആരെയെങ്കിലും അവൻ്റെ സമ്പാദ്യമോ സന്താനങ്ങളോ അല്ലാഹു അവൻ്റെ മേൽ നിർബന്ധമാക്കിയ നിസ്കാരം പോലുള്ള കർമ്മങ്ങളിൽ നിന്ന് അശ്രദ്ധയിലാക്കുന്നെങ്കിൽ അവർ തന്നെയാകുന്നു യഥാർഥ പരാജിതർ. അവരും അവരുടെ കുടുംബങ്ങളും പരലോകത്ത് നഷ്ടത്തിലായിരിക്കുന്നു.

(10) അല്ലാഹു നിങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് -മരണം നിങ്ങൾക്ക് വന്നെത്തുന്നത് മുൻപ്- നിങ്ങൾ ചിലവഴിക്കുക. ആ സമയത്ത് അവൻ തൻ്റെ രക്ഷിതാവിനോട് പറയും: എൻ്റെ രക്ഷിതാവേ! ചെറിയൊരു അവധിയെങ്കിലും എനിക്ക് നീട്ടിത്തന്നുകൂടേ! അങ്ങനെയെങ്കിൽ ഞാൻ എൻ്റെ സമ്പാദ്യം അല്ലാഹുവിൻ്റെ മാർഗത്തിൽ ചിലവഴിച്ചു കൊള്ളാം. പ്രവർത്തനങ്ങൾ നന്നാക്കി, സച്ചരിതരുടെ മാർഗത്തിൽ ഞാൻ ഉൾപ്പെട്ടു കൊള്ളാം.

(11) അല്ലാഹു ഒരാൾക്കും അവൻ്റെ അവധി ആസന്നമാവുകയും, ആയുസ്സ് അവസാനിക്കുകയും ചെയ്താൽ പിന്നെ ആയുസ്സ് നീട്ടിക്കൊടുക്കുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷമമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മയും, തിന്മയാണെങ്കിൽ അതും നിങ്ങൾക്ക് ലഭിക്കുന്നതാണ്.