22 - Al-Hajj ()

|

(1) അല്ലയോ ജനങ്ങളെ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കൽപ്പിച്ചവ പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അന്ത്യനാളിനൊപ്പം സംഭവിക്കുന്ന ഭൂമിയുടെ പ്രകമ്പനവും മറ്റ് ഭയാനക സംഭവങ്ങളും വളരെ ഗുരുതരം തന്നെയാകുന്നു. അതിനാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു കൊണ്ട് അന്നേക്കു വേണ്ടി തയ്യാറെടുക്കുക എന്നത് നിർബന്ധമാകുന്നു.

(2) നിങ്ങൾ അതിന് സാക്ഷിയാകുന്ന ദിവസം; തൻ്റെ മുലകുടിക്കുന്ന കുഞ്ഞിനെ കുറിച്ച് മുലയൂട്ടുന്ന ഏതൊരു സ്ത്രീയും അശ്രദ്ധയാകും. ഭയത്തിൻ്റെ കാഠിന്യം കാരണത്താൽ ഗർഭവതികളായ സ്ത്രീകൾ പ്രസവിച്ചു പോവുകയും ചെയ്യും. ജനങ്ങൾ ആ സാഹചര്യത്തിൻ്റെ കടുത്ത ഭയാനകത കാരണത്താൽ അവരുടെ ബുദ്ധി നഷ്ടപ്പെട്ട നിലയിൽ ലഹരി ബാധിച്ചവരെ പോലെ ആയതായി നീ കാണും. എന്നാൽ മദ്യപിച്ചതു കൊണ്ട് അവർക്ക് ലഹരി ബാധിച്ചതല്ല. പക്ഷേ അല്ലാഹുവിൻ്റെ ശിക്ഷ കഠിനമായതിനാൽ അത് അവരുടെ ബുദ്ധി നഷ്ടപ്പെടുത്തിയതാകുന്നു.

(3) മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ അല്ലാഹുവിന് കഴിയുമോ എന്ന കാര്യത്തിൽ ഒരറിവിൻ്റെയും പിൻബലമില്ലാതെ തർക്കിക്കുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. തൻ്റെ വിശ്വാസത്തിൻ്റെയും വാക്കുകളുടെയും കാര്യത്തിൽ അല്ലാഹുവിനെ അങ്ങേയറ്റം ധിക്കരിക്കുന്ന എല്ലാ പിശാചുക്കളെയും വഴികേടിൻ്റെ നേതാക്കളെയും അവൻ പിൻപറ്റുകയും ചെയ്യും.

(4) അല്ലാഹുവിനോട് കടുത്ത ധിക്കാരം വെച്ചു പുലർത്തുന്ന എല്ലാ മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ അവരെ പിൻപറ്റുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവരെ സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിച്ചു കളയും എന്നത് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും തിന്മകളിലേക്കും നയിച്ചു കൊണ്ട് അവരെ അവൻ നരകശിക്ഷയിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ്.

(5) ഹേ ജനങ്ങളേ! മരണ ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് സാധിക്കുമോ എന്ന കാര്യത്തിൽ വല്ല സംശയവും നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുക. നാം നിങ്ങളുടെ പിതാവ് ആദമിനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. ശേഷം അദ്ദേഹത്തിൻ്റെ സന്തതികളെ സ്ത്രീയുടെ ഗർഭപാത്രത്തിൽ സ്രവിക്കുന്ന പുരുഷബീജത്തിൽ നിന്ന് നാം സൃഷ്ടിച്ചു. ശേഷം ആ ബീജം ഒരു രക്തക്കട്ടയായി മാറുകയും, ശേഷം ആ രക്തക്കട്ട ഒരു മാംസക്കഷ്ണമാകുന്നു. ചവക്കപ്പെട്ട ഒരു ഇറച്ചിക്കഷ്ണം പോലെയാണത്. ശേഷം ആ ഇറച്ചിക്കഷ്ണം ഒന്നുകിൽ ഒരു പൂർണ്ണരൂപമുള്ള സൃഷ്ടിപ്പായി രൂപം മാറുകയും അങ്ങനെ, അത് ജീവനുള്ള കുഞ്ഞായി പുറത്തു വരുന്നത് വരെ ഗർഭപാത്രത്തിൽ തന്നെ കഴിയുകയും ചെയ്യുന്നു. അല്ലെങ്കിൽ അത് പൂർണരൂപം പ്രാപിക്കാത്തതാവുകയും ഗർഭപാത്രം അതിനെ പുറന്തള്ളുകയും ചെയ്യുന്നു. നിങ്ങളെ ഘട്ടംഘട്ടമായി സൃഷ്ടിക്കാൻ കഴിവുള്ളവനാണ് നാം എന്ന് നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്നതിന് വേണ്ടിയാണത്. ഗർഭസ്ഥശിശുക്കളിൽ നാം ഉദ്ദേശിക്കുന്നവയെ നിശ്ചയിക്കപ്പെട്ട ഒരു അവധിയിൽ -അതായത് ഒൻപത് മാസങ്ങൾ- പ്രസവിക്കുന്നത് വരെ നാം ഗർഭപാത്രത്തിൽ തന്നെ നിലനിർത്തുന്നു. ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രത്തിൽ നിന്ന് ശിശുക്കളായി നാം നിങ്ങളെ പുറത്തു കൊണ്ടുവരുന്നു. അങ്ങനെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തിയിലേക്കും ബുദ്ധിയിലേക്കും എത്തിച്ചേരുന്നതിന് വേണ്ടി. നിങ്ങളുടെ കൂട്ടത്തിൽ അതിന് മുൻപ് മരിക്കുന്നവരുമുണ്ട്. വാർദ്ധക്യത്തിൽ എത്തിച്ചേർന്ന്, ശക്തിയും ബുദ്ധിയുമെല്ലാം ദുർബലമായി, മുൻപ് അറിഞ്ഞിരുന്നതെല്ലാം അറിയാത്ത സ്ഥിതിയിൽ,കുട്ടികളെക്കാൾ മോശം സ്ഥിതിയിലെത്തിച്ചേരുന്നവരും നിങ്ങളിലുണ്ട്. ഭൂമിയെ ഉണങ്ങിവരണ്ട്, ചെടികളില്ലാത്ത നിലയിൽ നീ കാണുന്നു; ശേഷം നാം അവിടെ മഴവെള്ളം വർഷിച്ചാലാകട്ടെ, അതിൽ നിന്ന് ചെടികൾ പുറത്തു വരുകയും, അതിലെ ചെടികൾ പൊട്ടിവിരിഞ്ഞതിനാൽ ഭൂമി ഉയരുകയും ചെയ്യുന്നത് കാണാം. അങ്ങനെ മനോഹരമായ കാഴ്ച നൽകുന്ന എല്ലാ തരം ചെടികളും അത് പുറത്തേക്ക് കൊണ്ടുവരുന്നു.

(6) നാം നിങ്ങളോട് ഈ കാര്യങ്ങളെല്ലാം -സൃഷ്ടിപ്പിൻ്റെ ആരംഭവും നിങ്ങളെ ഘട്ടങ്ങളായി സൃഷ്ടിച്ചതും നിങ്ങളിൽ ജനിച്ചു വീഴുന്നവരുടെ വ്യത്യസ്ത അവസ്ഥകളുമെല്ലാം- അറിയിച്ചു തന്നത് നിങ്ങളെ സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു യാതൊരു സംശയത്തിനുമിടയില്ലാത്ത വിധം സത്യമായുള്ളവൻ എന്ന് നിങ്ങൾ വിശ്വസിക്കുന്നതിന് വേണ്ടിയാണ്. നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ പോലെയല്ല അവൻ. അല്ലാഹുവാകുന്നു ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, ഒന്നും തന്നെ അവന് അസാധ്യമാവില്ലെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണ്.

(7) അന്ത്യനാൾ വരിക തന്നെ ചെയ്യുമെന്നും, അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്നും, അല്ലാഹു മരണപ്പെട്ടവരെ അവരുടെ ഖബ്റുകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുമെന്നും, അവർക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകുമെന്നും നിങ്ങൾ വിശ്വസിക്കുന്നതിനും വേണ്ടിയാണത്.

(8) സത്യത്തിലേക്ക് എത്തിക്കാൻ പര്യാപ്തമായ ഒരു അറിവോ, വഴികാണിച്ചു നൽകുന്ന ഒരു സന്മാർഗദർശിയെ പിൻപറ്റുക എന്നതോ, അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട, നേർമാർഗത്തിലേക്ക് പ്രകാശം ചൊരിയുന്ന ഒരു ഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിൻ്റെ ഏകത്വത്തെ സംബന്ധിച്ച് തർക്കിക്കുന്ന ചിലർ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

(9) ജനങ്ങളെ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്ന് തെറ്റിച്ചു കളയുന്നതിനും, അല്ലാഹുവിൻ്റെ മതത്തിൽ (ഇസ്ലാമിൽ) അവർ പ്രവേശിക്കാതിരിക്കുന്നതിനും വേണ്ടി അഹങ്കാരത്തോടെ തൻ്റെ കഴുത്ത് തിരിച്ചു പോകുന്നവൻ; അവന് ഇഹലോകത്ത് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ശിക്ഷയാൽ നിന്ദ്യതയുണ്ടായിരിക്കും. പരലോകത്താകട്ടെ; കരിച്ചു കളയുന്ന നരകശിക്ഷ നാമവനെ ആസ്വദിപ്പിക്കുകയും ചെയ്യും.

(10) അവനോട് പറയപ്പെടും: നീ ആസ്വദിച്ച ആ ശിക്ഷ നീ സമ്പാദിച്ചു വെച്ച നിഷേധവും തിന്മകളും കാരണത്താലാണ്. അല്ലാഹു അവൻ്റെ സൃഷ്ടികളിൽ ആരെയും അവൻ്റെ തിന്മ കാരണത്താലല്ലാതെ ശിക്ഷിക്കുകയില്ല.

(11) മനുഷ്യരിൽ അന്ധാളിപ്പിൽ കഴിയുകയും സംശയത്തോടെ അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അവന് ആരോഗ്യവും സമ്പത്തും പോലുള്ള നന്മകൾ ലഭിച്ചാൽ അവൻ തൻ്റെ വിശ്വാസത്തിൽ തന്നെ തുടരുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ചെയ്യും. ഇനി, അവന് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ പോലുള്ള പരീക്ഷണം ബാധിച്ചാലാകട്ടെ; തൻ്റെ മതത്തിൽ അവൻ ദുഃശകുനം ദർശിക്കുകയും, അങ്ങനെ ഇസ്ലാം ഉപേക്ഷിച്ചു പോവുകയും ചെയ്യും. ദുനിയാവ് അവന് നഷ്ടത്തിലായിരിക്കുന്നു; അവൻ്റെ നിഷേധം കാരണത്താൽ ഇഹലോകത്ത് അവന് രേഖപ്പെടുത്തപ്പെടാത്ത ഒന്നും തന്നെ അവന് കൂടുതലായി ലഭിക്കുകയില്ല. പരലോകത്ത് അവൻ നേരിടേണ്ടി വരുന്ന അല്ലാഹുവിൻ്റെ ശിക്ഷ കാരണത്താൽ അവൻ്റെ പരലോകവും നഷ്ടപ്പെട്ടിരിക്കുന്നു. അത് തന്നെയാകുന്നു വ്യക്തമായ നഷ്ടവും.

(12) ധിക്കരിക്കുന്നവരെ ഉപദ്രവിക്കാനോ, അനുസരിക്കുന്നവരെ സഹായിക്കാനോ കഴിയാത്ത വിഗ്രഹങ്ങളെയാണ് അല്ലാഹുവിന് പുറമെ അവൻ ആരാധിക്കുന്നത്. അങ്ങനെ ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വിഗ്രഹങ്ങളെ ആരാധിക്കുന്നതാകട്ടെ; അത് തന്നെയാകുന്നു സത്യത്തിൽ നിന്നുള്ള വ്യക്തമായ വഴികേട്.

(13) വിഗ്രഹങ്ങളെ ആരാധിക്കുന്ന ഈ നിഷേധി വിളിച്ചു പ്രാർത്ഥിക്കുന്നവ കൊണ്ടുള്ള ഉപദ്രവം ഉറപ്പാണ്. അവ കൊണ്ട് ഉപകാരമേതുമില്ല. അവ കൊണ്ടുള്ള ഉപദ്രവമാണ് ഉപകാരത്തെക്കാൾ അടുത്തു നിൽക്കുന്നത്. ഉപകാരത്തെക്കാൾ ഉപദ്രവം ചെയ്യുന്ന ആരാധ്യൻ എത്ര മോശം! സഹായം തേടുന്നവർക്ക് അവയെത്ര മോശം സഹായി! കൂടെക്കൂടിയവർക്ക് എത്ര മോശം കൂട്ടുകാരാണവ!

(14) തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരെ കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവനുദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ കാരുണ്യം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് മേൽ കാരുണ്യം ചൊരിയുകയും, ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ ആരും തന്നെയില്ല.

(15) അല്ലാഹു തൻ്റെ നബിയെ -ﷺ- ഇഹലോകത്തും പരലോകത്തും സഹായിക്കില്ലെന്ന് ധരിക്കുന്നവർ തൻ്റെ വീടിൻ്റെ മേൽക്കൂരയിലേക്ക് ഒരു കയർ നീട്ടിയിടുകയും, ശേഷം തൻ്റെ കഴുത്തിൽ കയർ കുരുക്കി ആത്മാഹുതി നടത്തി നോക്കുകയും ചെയ്യട്ടെ. അങ്ങനെ അത് അവൻ്റെ മനസ്സിൽ അനുഭവിക്കുന്ന രോഷത്തെ ഇല്ലാതെയാക്കുന്നുണ്ടോ എന്ന് അവൻ നോക്കട്ടെ. എന്തായാലും അല്ലാഹു അവൻ്റെ നബിയെ സഹായിക്കുന്നതാണ്. ധിക്കാരികളായ എതിരാളികൾക്ക് അത് ഇഷ്ടമായാലും വെറുപ്പായാലും.

(16) പുനരുത്ഥാനത്തിൻ്റെ വ്യക്തമായ തെളിവുകൾ നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നതു പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേൽ നാം ഖുർആനാകുന്ന വ്യക്തമായ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു അവൻ്റെ ഔദാര്യത്താൽ അവൻ ഉദ്ദേശിക്കുന്നവരെ സന്മാർഗത്തിൻ്റെയും ശരിയുടെയും വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

(17) തീർച്ചയായും ഈ സമുദായത്തിൽ (മുസ്ലിം സമുദായം) നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരും, യഹൂദരും, ചില നബിമാരുടെ അനുയായികളിൽ പെട്ട ഒരു വിഭാഗമായ സ്വാബിഉകളും, നസ്വാറാക്കളും, അഗ്നിയാരാധകരും, വിഗ്രഹാരാധകരുമെല്ലാം; അല്ലാഹു അവർക്കെല്ലാമിടയിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധിപ്രഖ്യാപിക്കുന്നതാണ്. അപ്പോൾ മുഅ്മിനുകൾ സ്വർഗത്തിൽ പ്രവേശിക്കുകയും, മറ്റുള്ളവർ നരകത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളുടെ എല്ലാ വാക്കുകൾക്കും പ്രവൃത്തികൾക്കും സാക്ഷിയാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

(18) അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ള മലക്കുകളും, ഭൂമിയിലുള്ള മുഅ്മിനുകളായ ജിന്നുകളും മനുഷ്യരും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് സാഷ്ടാംഗം നമിക്കുന്നുണ്ടെന്ന് താങ്കൾക്ക് അറിയില്ലേ?! ആകാശത്തിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ഭൂമിയിലെ പർവ്വതവും മരങ്ങളും മൃഗങ്ങളും അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് സുജൂദ് ചെയ്യുന്നതും താങ്കൾക്ക് അറിയില്ലേ?! ജനങ്ങളിൽ ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യുന്നു. ധാരാളം പേർ അവനെ അനുസരിച്ചുകൊണ്ട് സുജൂദ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നു. അതിനാൽ അവരുടെ നിഷേധത്തിൻ്റെ ഫലമായുള്ള ശിക്ഷ അവർക്ക് മേൽ നിർബന്ധമായിരിക്കുന്നു. ആരുടെയെങ്കിലും മേൽ അവൻ്റെ നിഷേധം കാരണത്താൽ അല്ലാഹു നിന്ദ്യതയും അപമാനവും വിധിച്ചു കഴിഞ്ഞാൽ അവനെ ആദരിക്കാൻ ആരും തന്നെയില്ല. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു. അവൻ്റെ മേൽ ബലം ചെലുത്താൻ ആരും തന്നെയില്ല.

(19) ഈ രണ്ടു കക്ഷികൾ അവരുടെ രക്ഷിതാവിൻ്റെ കാര്യത്തിൽ തങ്ങളിൽ ആരാണ് സത്യത്തിൻ്റെ വക്താക്കൾ എന്ന് തർക്കിച്ചു കൊണ്ടിരിക്കുന്നവരാണ്. (അല്ലാഹുവിൽ) വിശ്വസിച്ച വിഭാഗവും, അവനെ നിഷേധിച്ച വിഭാഗവും (എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ). അപ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച കക്ഷി; വസ്ത്രം അത് ധരിക്കുന്ന മനുഷ്യൻ്റെ ശരീരത്തെ പൊതിയുന്ന പോലെ, നരകം അവരെ പൊതിയുന്നതാണ്. അവരുടെ തലക്കു മുകളിലൂടെ അങ്ങേയറ്റം ചൂട്ടുപൊള്ളുന്ന വെള്ളം കോരിയൊഴിക്കപ്പെടുന്നതുമാണ്.

(20) അതു കൊണ്ട് അവരുടെ വയറുകൾക്കുള്ളിലെ ശരീരഭാഗങ്ങൾ ഉരുകിപ്പോവുകയും, അത് അവരുടെ തൊലിയിലെത്തുകയും അതിനെയും ഉരുക്കി കളയുകയും ചെയ്യും.

(21) നരകത്തിൽ അവർക്ക് ഇരുമ്പിൻ്റെ ദണ്ഡുകളുമുണ്ടായിരിക്കും. മലക്കുകൾ അതു കൊണ്ട് അവരുടെ തലക്ക് അടിക്കുന്നതായിരിക്കും.

(22) നരകത്തിൽ നേരിടേണ്ടി വരുന്ന കടുത്ത ദുരിതങ്ങൾ കാരണത്താൽ അവർ അവിടെ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുമ്പോഴെല്ലാം അതിലേക്ക് തന്നെ അവർ മടക്കപ്പെടുന്നതാണ്. അവരോട് പറയപ്പെടും: കരിച്ചു കളയുന്ന നരകശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.

(23) എന്നാൽ വിശ്വാസികളുടെ സംഘം; അതായത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവരെ അല്ലാഹു വൃക്ഷങ്ങൾക്കും കൊട്ടാരങ്ങൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ പ്രവേശിപ്പിക്കുന്നതാണ്. സ്വർണ്ണത്തിൻ്റെ വളകൾ ആഭരണമായി ധരിപ്പിച്ചു നൽകിക്കൊണ്ടും, മുത്തുകൾ അണിയിച്ചും അല്ലാഹു അവരെ അലങ്കരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.

(24) അല്ലാഹു ഇഹലോകത്ത് അവരെ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല), അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ), അൽഹംദുലില്ലാഹ് (സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു) എന്നതു പോലുള്ള ഉത്തമമായ വചനങ്ങളിലേക്ക് മാർഗദർശനം നൽകുകയും, സ്തുത്യർഹമായ ഇസ്ലാമിൻ്റെ വഴിയിലേക്ക് അവർക്ക് വഴികാണിക്കുകയും ചെയ്തു.

(25) മക്കയിലെ ബഹുദൈവാരാധകർ ഹുദൈബിയ്യ സന്ധിയുടെ വർഷം ചെയ്തതു പോലെ, അല്ലാഹുവിനെ നിഷേധിക്കുകയും ഇസ്ലാമിൽ പ്രവേശിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ തടയുകയും, മസ്ജിദുൽ ഹറാമിൽ നിന്ന് ജനങ്ങളെ തടുക്കുകയും ചെയ്യുന്നവർ; അവർക്ക് നാം വേദനയേറിയ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്; തീർച്ച. ജനങ്ങൾക്ക് അവരുടെ നിസ്കാരത്തിനുള്ള ദിശയായും (ഖിബ്'ല), ഹജ്ജിൻ്റെയും ഉംറയുടെയും കർമ്മമായി നാം നിശ്ചയിച്ച മസ്ജിദാണ് അത് (മസ്ജിദുൽ ഹറാം). അവിടെ മക്കയിൽ താമസിക്കുന്ന മക്കക്കാരനും, മക്കക്കാരല്ലാത്ത പുറംനാടുകളിൽ നിന്ന് അവിടെ വന്നെത്തിയവനും സമമാണ്. ആരെങ്കിലും ബോധപൂർവ്വം അവിടെ തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സത്യത്തിൽ നിന്ന് വഴിമാറിനടക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവന് നാം വേദനാജനകമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്.

(26) അല്ലാഹുവിൻ്റെ റസൂലേ! ഇബ്രാഹീമിന് നാം കഅ്ബയുടെ സ്ഥാനവും അതിരുകളും വ്യക്തമാക്കിക്കൊടുത്ത സന്ദർഭം സ്മരിക്കുക. അതിനു മുൻപ് അദ്ദേഹത്തിന് അത് അറിയില്ലായിരുന്നു. എനിക്കുള്ള ആരാധനയിൽ ഒന്നിനെയും നീ പങ്കുചേർക്കരുത്, മറിച്ച്, എന്നെ മാത്രം നീ ആരാധിക്കുക എന്ന് നാം അദ്ദേഹത്തിന് ബോധനം നൽകി. എൻ്റെ ഭവനത്തെ അവിടെ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, നിസ്കരിക്കുന്നവർക്കും വേണ്ടി എല്ലാ മാലിന്യങ്ങളിൽ നിന്നും -മാലിന്യം പുരണ്ട വസ്തുവോ ആശയമോ ആകട്ടെ; അതിൽ നിന്നെല്ലാം-; നീ ശുദ്ധീകരിക്കുകയും ചെയ്യുക.

(27) നാം താങ്കളോട് നിർമ്മിക്കാൻ കൽപ്പിച്ച ഭവനത്തിലേക്ക് ഹജ്ജിന് വരുന്നതിനായി ജനങ്ങൾക്കിടയിൽ അവരെ ക്ഷണിച്ചു കൊണ്ട് താങ്കൾ വിളംബരം നടത്തുകയും ചെയ്യുക. അവർ നടന്നു കൊണ്ടും, യാത്രാക്ലേശം സഹിച്ചതിനാൽ മെലിഞ്ഞതായി തീർന്ന എല്ലാ ഒട്ടകങ്ങളുടെ പുറത്തും അവർ വരുന്നതാണ്. വിദൂരമായ വഴികളിൽ നിന്നെല്ലാം അവരെയും വഹിച്ച് ഒട്ടകങ്ങൾ വന്നു ചേരുന്നതാണ്.

(28) പാപമോചനവും മഹത്തരമായ പ്രതിഫലവും ഐക്യവും മറ്റും പോലുള്ള അവർക്ക് പ്രയോജനകരമായ കാര്യങ്ങൾക്ക് അവർ സന്നിഹിതരാകുന്നതിന് വേണ്ടിയും, അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് നിശ്ചയിക്കപ്പെട്ട ദിനങ്ങളിൽ അവർ ബലിയർപ്പിക്കുന്നതിനും വേണ്ടി. ദുൽ ഹിജ്ജയിലെ പത്താം ദിവസവും, അതിന് ശേഷമുള്ള മൂന്ന് ദിവസങ്ങളുമാണ് അവ. അല്ലാഹു അവർക്ക് നൽകിയ ഒട്ടകങ്ങൾക്കും പശുക്കൾക്കും ആടുമാടുകൾക്കുമുള്ള നന്ദിയായി കൊണ്ടാണത്. അതിനാൽ നിങ്ങൾ ആ ബലിമൃഗങ്ങളെ ഭക്ഷിക്കുകയും, കടുത്ത ദാരിദ്ര്യം ബാധിച്ചവർക്ക് അതിൽ നിന്ന് ഭക്ഷിക്കാൻ നൽകുകയും ചെയ്യുക.

(29) ശേഷം അവരുടെ മേൽ ബാക്കിയുള്ള ഹജ്ജിൻ്റെ കർമ്മങ്ങൾ അവർ പൂർത്തീകരിക്കട്ടെ. അവരുടെ തലമുടി വടിച്ചു കൊണ്ടും നഖങ്ങൾ വെട്ടിയും ഇഹ്റാമിലായിരുന്നതിനാൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്ക് വൃത്തിയാക്കി കൊണ്ടും അവർ ഇഹ്റാമിൽ നിന്ന് വിരമിക്കട്ടെ. അതിലൂടെ അവർ തങ്ങൾക്ക് മേൽ നിർബന്ധമാക്കിയ ഹജ്ജ്, ഉംറ, ബലികർമം എന്നിവ പൂർത്തീകരിക്കട്ടെ. സ്വേഛാധിപതികളുടെ കൈകളിൽ നിന്ന് അല്ലാഹു മോചിപ്പിച്ച ആ ഭവനത്തെ (കഅ്ബയെ) അവർ ത്വവാഫുൽ ഇഫാദ്വ (പ്രദക്ഷിണം) നടത്തുകയും ചെയ്യട്ടെ.

(30) നിങ്ങളോട് കൽപ്പിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം -തലമുടി വടിച്ചു കൊണ്ടും നഖം വെട്ടിക്കൊണ്ടും അഴുക്ക് വൃത്തിയാക്കി കൊണ്ടും നേർച്ച പൂർത്തീകരിച്ചും ത്വവാഫ് ചെയ്തു കൊണ്ടും ഇഹ്റാമിൽ നിന്ന് വിരമിക്കുക എന്നത്- അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യമാണ്. അതിനാൽ അല്ലാഹു നിങ്ങൾക്ക് മേൽ നിർബന്ധമാക്കിയ കാര്യത്തെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും -അല്ലാഹുവിൻ്റെ അതിർവരമ്പുകളെ ലംഘിക്കാതെയും നിഷിദ്ധങ്ങൾ പ്രവർത്തിക്കാതെയും അവയോട് ആദരവ് പുലർത്തി കൊണ്ട്- ഇഹ്റാമിൻ്റെ വേളയിൽ അല്ലാഹു ഉപേക്ഷിക്കാൻ പറഞ്ഞവ ഉപേക്ഷിച്ചാൽ; അത് അവന് അല്ലാഹുവിൻ്റെ പക്കൽ ഇഹത്തിലും പരത്തിലും നന്മയായിരിക്കും. ജനങ്ങളേ! കന്നുകാലികളിൽ ഒട്ടകം, പശു, ആട് എന്നിവ നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അതിൽ ഹാമിയോ (ധാരാളം ഒട്ടകങ്ങളെ ജനിപ്പിച്ച ഒട്ടകം), ബഹീറയോ (ധാരാളം ഒട്ടകങ്ങളെ പ്രസവിച്ചു കഴിയുകയും ചെവി അറുക്കപ്പെടുകയും ചെയ്തവ) വസ്വീലയോ (ഒന്നിനു പിറകെ ഒന്നായി പെണ്ണൊട്ടകങ്ങളെ പ്രസവിച്ച ഒട്ടകം) ഒന്നും അവൻ നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിട്ടില്ല. അല്ലാഹു ഖുർആനിൽ നിഷിദ്ധമാക്കിയതായി നിങ്ങൾ കാണുന്ന ശവം, രക്തം പോലുള്ളവ മാത്രമല്ലാതെ മറ്റൊന്നും അവൻ അക്കൂട്ടത്തിൽ നിഷിദ്ധമാക്കിയിട്ടില്ല. അതിനാൽ വിഗ്രഹങ്ങളാകുന്ന മാലിന്യങ്ങളെ നിങ്ങൾ അകറ്റി നിർത്തുക. അല്ലാഹുവിൻ്റെ മേലും മനുഷ്യരുടെ മേലും കെട്ടിച്ചമക്കപ്പെടുന്ന നിരർത്ഥകമായ കള്ളവർത്തമാനങ്ങളിൽ നിന്നും നിങ്ങൾ അകന്നു നിൽക്കുക.

(31) അല്ലാഹുവിങ്കൽ തൃപ്തികരമായ അവൻ്റെ മതമൊഴികെ മറ്റെല്ലാം ഉപേക്ഷിച്ചു കൊണ്ടും, അവനുള്ള ആരാധനയിൽ ഒരാളെയും പങ്കുചേർക്കാതെയും നിങ്ങൾ അവ (വിഗ്രഹങ്ങളും കള്ളവാർത്തകളും) ഉപേക്ഷിക്കുക. ആരെങ്കിലും അല്ലാഹുവിൽ പങ്കുചേർത്താൽ അവൻ ആകാശത്ത് നിന്നു വീണവനെ പോലെയാണ്. വല്ല പക്ഷിയും അവൻ്റെ ഇറച്ചിയും എല്ലും റാഞ്ചി കൊണ്ടു പോവുകയോ, കാറ്റ് അവനെ വിദൂരമായ എവിടെയെങ്കിലും കൊണ്ടുപോയി ഇടുകയോ ചെയ്യും.

(32) അല്ലാഹുവിനെ ഏകനാക്കലും അവനെ നിഷ്കളങ്കമായി ആരാധിക്കലും വിഗ്രഹങ്ങളെ ഉപേക്ഷിക്കലും വ്യാജവർത്തമാനങ്ങൾ വെടിയലും; അതാകുന്നു അല്ലാഹു കൽപ്പിച്ചത്. ആരെങ്കിലും അല്ലാഹുവിൻ്റെ മതത്തിൻ്റെ അടയാളങ്ങളെ -ബലിമൃഗങ്ങളും ഹജ്ജിൻ്റെ കർമ്മങ്ങളും അതിൽ പെട്ടതാകുന്നു- ആദരിക്കുന്നുവെങ്കിൽ, ആ ആദരവ് ഹൃദയങ്ങളിൽ അതിൻ്റെ രക്ഷിതാവിനോടുള്ള സൂക്ഷ്മതയിൽ നിന്നാകുന്നു.

(33) നിങ്ങൾ കഅ്ബയുടെ അടുത്തായി ബലിയർപ്പിക്കുന്ന ബലിമൃഗങ്ങളിൽ ഒരു നിശ്ചിത അവധി വരെ -അതായത് സ്വേഛാധിപതികളിൽ നിന്ന് അല്ലാഹു സ്വതന്ത്രമാക്കിയ കഅ്ബയെന്ന ഭവനത്തിൻ്റെ അരികിൽ അറുക്കുന്ന സന്ദർഭം വരെ- നിങ്ങൾക്ക് പ്രയോജനങ്ങളുണ്ട്. യാത്രക്ക് അവയെ ഉപയോഗപ്പെടുത്തുന്നതും, അവയുടെ കമ്പിളിയും, കന്നുകാലികളുടെ കുട്ടികളും, പാലുമെല്ലാം (അവയുടെ ഉപകാരങ്ങൾക്ക്) ഉദാഹരണം.

(34) കഴിഞ്ഞു പോയ എല്ലാ സമുദായത്തിനും അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ട് ബലിയർപ്പിക്കുക എന്നതിനായി നാം ആരാധനാകർമ്മം നിശ്ചയിച്ചിട്ടുണ്ട്. അവർ അല്ലാഹുവിലേക്ക് സാമീപ്യത്തിനായി ബലിയർപ്പിക്കുന്ന വേളയിൽ അല്ലാഹുവിൻ്റെ നാമം സ്മരിക്കുന്നതിന് വേണ്ടിയാണത്. ഒട്ടകങ്ങളെയും പശുക്കളെയും ആടുകളെയും അല്ലാഹു അവർക്ക് നൽകിയതിന് നന്ദിയായി കൊണ്ടും. ജനങ്ങളെ! അതിനാൽ നിങ്ങളുടെ യഥാർത്ഥ ആരാധ്യൻ യാതൊരു പങ്കുകാരനുമില്ലാത്ത ഏകനായ ആരാധ്യനാകുന്നു. താഴ്മ കാണിക്കുകയും അനുസരിക്കുകയും ചെയ്തു കൊണ്ട് അവന് മാത്രം നിങ്ങൾ കീഴൊതുങ്ങുക. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ഭയഭക്തി പുലർത്തുകയും, നിഷ്കളങ്കമായി അവനെ ആരാധിക്കുകയും ചെയ്യുന്നവർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്ത അറിയിക്കുക.

(35) അല്ലാഹുവിനെ പറ്റി പരാമർശിക്കപ്പെട്ടാൽ അവൻ്റെ ശിക്ഷയെ ഭയക്കുകയും, അവൻ്റെ കൽപ്പനയെ ധിക്കരിക്കുന്നതിൽ നിന്ന് അകന്നു നിൽക്കുകയും, എന്തെങ്കിലും ആപത്ത് ബാധിച്ചാൽ ക്ഷമിക്കുകയും, നിസ്കാരം പരിപൂർണ്ണമായി നിർവ്വഹിക്കുകയും, അല്ലാഹു നൽകിയതിൽ നിന്ന് നന്മയുടെ മാർഗങ്ങളിൽ ദാനം നൽകുകയും ചെയ്യുന്നവരത്രെ അവർ.

(36) കഅ്ബയുടെ അരികിൽ ബലിയർപ്പിക്കപ്പെടുന്ന ഒട്ടകങ്ങളെയും പശുക്കളെയും നിങ്ങൾക്ക് ദീനിൻ്റെ അടയാളവും ചിഹ്നവുമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതിൽ നിങ്ങൾക്ക് മതപരവും ഭൗതികവുമായ പ്രയോജനങ്ങളുണ്ട്. അതിനാൽ അവയെ അറുക്കുന്ന വേളയിൽ കുതറിയോടാതിരിക്കാൻ അതിൻ്റെ കൈകളിലൊന്ന് കെട്ടിവെക്കുകയും, മറ്റുള്ളവ നിരത്തിവെക്കുകയും ചെയ്ത ശേഷം അല്ലാഹുവിൻ്റെ നാമം (ബിസ്മില്ലാഹ് എന്ന്) നിങ്ങൾ ഉച്ചരിക്കുകയും ചെയ്യുക. അങ്ങനെ അവയെ അറുത്ത ശേഷം അതിൻ്റെ പാർശ്വത്തിൽ അത് വീണു കഴിഞ്ഞാൽ -ബലിയർപ്പിച്ചവരേ- നിങ്ങൾ അതിൽ നിന്ന് ഭക്ഷിക്കുക. യാചിക്കുന്നതിൽ നിന്ന് ധന്യത പുലർത്തുന്ന പാവപ്പെട്ടവർക്കും, എന്തെങ്കിലും ലഭിക്കുന്നതിനായി നിൽക്കുന്ന ദരിദ്രർക്കും നിങ്ങൾ അതിൽ നിന്ന് നൽകുകയും ചെയ്യുക. നിങ്ങൾക്ക് വിഭവങ്ങൾ വഹിപ്പിക്കാനും യാത്ര ചെയ്യാനും കഴിയും വിധം അവയെ നാം കീഴ്പെടുത്തി തന്നതു പോലെ, അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിനായി അവയെ ബലിയറുക്കാൻ കഴിയും വിധവും നാം നിങ്ങൾക്കവയെ കീഴ്പെടുത്തി തന്നിരിക്കുന്നു. അവയെ കീഴ്പെടുത്തി നൽകിയ അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദി കാണിക്കാനത്രെ അത്.

(37) നിങ്ങൾ ബലിയർപ്പിച്ച മൃഗങ്ങളുടെ മാംസങ്ങളോ രക്തമോ അല്ലാഹുവിൻ്റെ അടുക്കൽ എത്തുകയില്ല. അതൊന്നും അവനിലേക്ക് ഉയർത്തപ്പെടുകയുമില്ല. മറിച്ച്, അതിൽ നിങ്ങൾ പുലർത്തിയ സൂക്ഷ്മതയാകുന്നു അല്ലാഹുവിലേക്ക് എത്തുക. ഈ ബലികർമ്മത്തിലൂടെ അല്ലാഹുവിലേക്ക് സാമീപ്യം തേടുന്നതിൽ നിങ്ങൾ പുലർത്തുന്ന നിഷ്കളങ്കത; (അതാകുന്നു അല്ലാഹുവിലേക്ക് എത്തുക). അപ്രകാരം അല്ലാഹു അവയെ നിങ്ങൾക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. നിങ്ങളെ സത്യത്തിലേക്ക് നയിച്ചതിന് നന്ദി പ്രകടിപ്പിക്കുന്നതിനായി അല്ലാഹുവിനെ നിങ്ങൾ മഹത്വപ്പെടുത്തുന്നതിന് (അല്ലാഹു അക്ബർ എന്ന് തക്ബീർ ചൊല്ലൽ) വേണ്ടി. അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നത് നന്നാക്കുകയും, അല്ലാഹുവിൻ്റെ സൃഷ്ടികളോട് ഇടപഴുകുന്നത് നന്നാക്കുകയും ചെയ്യുന്നവർക്ക് സന്തോഷമേകുന്ന വാർത്ത അറിയിക്കുക.

(38) തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ അവരുടെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് പ്രതിരോധിക്കുന്നതാണ്. തീർച്ചയായും, തൻ്റെ ഉത്തരവാദിത്തങ്ങളെ അങ്ങേയറ്റം വഞ്ചിക്കുകയും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ അവയെ നിരന്തരം നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. മറിച്ച്, അല്ലാഹു അവരെ വെറുക്കുന്നു.

(39) തങ്ങളോട് യുദ്ധം ചെയ്യുന്ന ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ അല്ലാഹു (അവനിൽ) വിശ്വസിക്കുന്നവർക്ക് അനുമതി നൽകിയിരിക്കുന്നു. കാരണം, അവരുടെ ശത്രുക്കൾ അവരോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ യുദ്ധമില്ലാതെ തന്നെ അവരുടെ ശത്രുക്കൾക്കെതിരിൽ സഹായിക്കാൻ കഴിവുള്ളവനാകുന്നു. എന്നാൽ മുഅ്മിനുകളെ പരീക്ഷിക്കുന്നതിനായി (അല്ലാഹുവിനെ) നിഷേധിക്കുന്നവരോട് യുദ്ധമുണ്ടാകണമെന്ന് അവൻ യുക്തിപൂർവ്വം നിശ്ചയിച്ചിരിക്കുന്നു.

(40) (അല്ലാഹുവിനെ) നിഷേധിച്ചവർ തങ്ങളുടെ വീടുകളിൽ നിന്ന് അന്യായമായി പുറത്താക്കിയവർ. 'ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്; അവനല്ലാതെ മറ്റൊരു രക്ഷിതാവ് ഞങ്ങൾക്കില്ല' എന്നു പറഞ്ഞതല്ലാതെ ഒരു ആക്ഷേപവും അവർക്ക് മേലില്ല. അല്ലാഹു അവൻ്റെ നബിമാർക്കും അവനിൽ വിശ്വസിച്ചവർക്കും അവരുടെ ശത്രുക്കൾക്കെതിരെ യുദ്ധം നിയമമാക്കിയില്ലായിരുന്നെങ്കിൽ ആരാധനാകേന്ദ്രങ്ങൾക്ക് മേൽ അവർ അതിക്രമം നടത്തുമായിരുന്നു. അങ്ങനെ സന്യാസിമാരുടെ മഠങ്ങളും, നസ്വാറാക്കളുടെ പള്ളികളും, യഹൂദരുടെ ആരാധനാകേന്ദ്രങ്ങളും, നിസ്കാരത്തിനായി നിശ്ചയിക്കപ്പെട്ട, മുസ്ലിംകൾ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുന്ന അവരുടെ മസ്ജിദുകളും ഇവർ തകർത്തെറിയുമായിരുന്നു. അല്ലാഹു അവൻ്റെ മതത്തെയും അവൻ്റെ നബിയെയും സഹായിക്കുന്നവരെ സഹായിക്കുക തന്നെ ചെയ്യും. തീർച്ചയായും അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുന്നവരെ സഹായിക്കാൻ അതീവശക്തിയുള്ളവനും (ഖവിയ്യ്), ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപവാനും (അസീസ്) ആകുന്നു.

(41) സഹായം വാഗ്ദാനം ചെയ്യപ്പെട്ട ഈ വിഭാഗം; ശത്രുക്കൾക്കെതിരെ സഹായിച്ചു കൊണ്ട് നാം ഭൂമിയിൽ സ്വാധീനം നൽകിയാൽ നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ നിലക്ക് നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പാദ്യത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിൻ്റെ മതം കൽപ്പിക്കുന്നത് (ജനങ്ങളോട്) കൽപ്പിക്കുകയും, വിലക്കിയതിൽ നിന്ന് (ജനങ്ങളെ) വിലക്കുകയും ചെയ്യുന്നവരാകുന്നു. എല്ലാ കാര്യങ്ങളുടെയും പര്യവസാനം അല്ലാഹുവിലേക്ക് മാത്രമാകുന്നു; അവക്കുള്ള പ്രതിഫലവും ശിക്ഷയുമെല്ലാം (അവൻ്റെ അടുക്കൽ മാത്രമാകുന്നു).

(42) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്തിൻ്റെ നിഷേധം നേരിടേണ്ടി വരുന്ന ആദ്യത്തെ നബിയല്ല താങ്കൾ. താങ്കളുടെ സമൂഹത്തിന് മുൻപ് നൂഹിൻ്റെ ജനത നൂഹിനെയും, ആദ് സമൂഹം ഹൂദിനെയും, ഥമൂദ് ഗോത്രം സ്വാലിഹിനെയും നിഷേധിച്ചിട്ടുണ്ട്.

(43) ഇബ്രാഹീമിൻ്റെ ജനത ഇബ്രാഹീമിനെയും, ലൂത്വിൻ്റെ ജനത ലൂത്വിനെയും കളവാക്കിയിട്ടുണ്ട്.

(44) മദ്യൻ നിവാസികൾ ശുഐബിനെയും നിഷേധിച്ചു തള്ളി. ഫിർഔനും അവൻ്റെ ജനതയും മൂസായെ നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ സമൂഹങ്ങൾക്കുള്ള ശിക്ഷ നാം പിന്തിച്ചു; വഴിയെ പടിപടിയായി അവരെ പിടികൂടുന്നതിന് വേണ്ടിയായിരുന്നു അത്. ശേഷം ഞാനവരെ ശിക്ഷ കൊണ്ട് പിടികൂടി. അപ്പോൾ -ചിന്തിക്കുക!- എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെഎതിർപ്പ്?! അവരുടെ നിഷേധത്തിൻ്റെ ഫലമായി ഞാൻ അവരെ നശിപ്പിച്ചു കളഞ്ഞു.

(45) എത്രയധികം നാടുകളെയാണ് നാം വേരോടെ പിഴുതെറിയുന്ന ശിക്ഷയിലൂടെ നശിപ്പിച്ചത് -അവയാകട്ടെ അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായിരുന്നു . അവരുടെ നാട് അതാ തകർന്നടിഞ്ഞ്, ആരും താമസിക്കാനില്ലാതെ ശൂന്യമായി കിടക്കുന്നു. എത്രയെത്ര കിണറുകളാണ് നശിച്ചു പോയതിനാൽ ആരും വെള്ളമെടുക്കാൻ വരാതെ ഒഴിഞ്ഞുകിടക്കുന്നത്! എത്രയെത്ര അലങ്കരിക്കപ്പെട്ട ഉയർന്ന കൊട്ടാരങ്ങളാണ് അതിൽ വസിച്ചിരുന്നവരെ സംരക്ഷിക്കാതെ പോയത്!

(46) അല്ലാഹുവിൻ്റെ റസൂൽ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെയെങ്കിൽ നശിപ്പിക്കപ്പെട്ട ആ നാടുകളുടെ ബാക്കിപത്രങ്ങൾ അവർക്ക് കണ്ണുകൊണ്ട് കണ്ടറിയാമായിരുന്നു. അങ്ങനെ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്ന തരത്തിൽ അവർക്ക് ചിന്തിക്കുകയും, പാഠങ്ങൾ പഠിക്കുന്നതിനായി അവരുടെ കഥകൾ കേട്ടുൾക്കൊള്ളുകയും ചെയ്യാമായിരുന്നു. തീർച്ചയായും അന്ധതയെന്നാൽ കണ്ണുകളുടെ അന്ധതയല്ല. മറിച്ച്, നാശത്തിലേക്ക് വലിച്ചിഴക്കുന്ന വിനാശകരമായ അന്ധത ഉൾക്കാഴ്ചക്കുണ്ടാകുന്ന അന്ധതയാണ്. അപ്പോഴാണ് മനുഷ്യൻ ഗുണപാഠം ഉൾക്കൊള്ളുകയോ ഉൽബോധനം സ്വീകരിക്കുകയോ ചെയ്യാതെയാവുക.

(47) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജനതയിൽ (അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്ത് ഉടനടിയും ശേഷം പരലോകത്തും ശിക്ഷ ലഭിക്കുമെന്ന് താക്കീത് നൽകപ്പെട്ടപ്പോൾ ശിക്ഷക്കായി താങ്കളോട് ധൃതികൂട്ടുന്നു. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയേയില്ല. ഇഹലോകത്തുതന്നെ അവർക്ക് ലഭിച്ച ശിക്ഷയിൽ പെട്ടതായിരുന്നു ബദ്ർ യുദ്ധത്തിൽ അവരെ ബാധിച്ച പരാജയം. ഇഹലോകത്ത് നിങ്ങൾ കണക്കാക്കുന്ന ആയിരം വർഷങ്ങൾ പോലെയാണ് പരലോകത്തുള്ള ശിക്ഷയുടെ ഒരു ദിവസം; ശിക്ഷയുടെ കാഠിന്യം കാരണത്താലാണത്.

(48) അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് അതിക്രമികളായി കഴിയുന്ന എത്ര നാടുകൾക്ക് നാം ശിക്ഷ വൈകിച്ചിട്ടുണ്ട്. വഴിയെ അവരെ പൊടുന്നനെ പിടികൂടുന്നതിനായി നാം അവരെ ഉടനടി ശിക്ഷിക്കാതിരിക്കുകയാണ് ചെയ്തത്. ശേഷം വേരോടെ പിഴുതെറിയുന്ന ശിക്ഷയാൽ നാമവരെ പിടികൂടി. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ എൻ്റെ അടുക്കലേക്ക് മാത്രമാണ് അവർ മടങ്ങുന്നത്. അപ്പോൾ അവരുടെ നിഷേധത്തിന് എന്നെന്നും നിലനിൽക്കുന്ന ശിക്ഷ ഞാൻ പ്രതിഫലമായി നൽകുന്നതാണ്.

(49) പറയുക: ജനങ്ങളേ! എൻ്റെ കയ്യിൽ അയക്കപ്പെട്ടിരിക്കുന്ന സന്ദേശം നിങ്ങൾക്ക് എത്തിച്ചു നൽകുന്ന, വ്യക്തമായ താക്കീത് നൽകുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു ഞാൻ.

(50) അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കാകുന്നു അവരുടെ രക്ഷിതാവിൽ നിന്ന് അവരുടെ തെറ്റുകൾക്കുള്ള പാപമോചനമുള്ളത്. സ്വർഗത്തിൽ ഒരിക്കലും അവസാനിക്കാത്ത മാന്യമായ ഉപജീവനവും അവർക്കുണ്ടായിരിക്കും.

(51) അല്ലാഹുവിനെ പരാജയപ്പെടുത്താമെന്നും, അവൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാമെന്നും അവന് തങ്ങളെ ശിക്ഷിക്കാൻ കഴിയില്ലെന്നുമുള്ള കണക്കുകൂട്ടലിൽ നമ്മുടെ ദൃഷ്ടാന്തങ്ങൾ കളവാക്കുവാൻ പരിശ്രമിക്കുന്നവർ; അവർ നരകവാസികളാകുന്നു. കൂട്ടുകാരോടൊപ്പം ചേർന്നു നിൽക്കുന്ന സന്തതസഹചാരിയെ പോലെ അവർ നരകത്തിൽ വസിക്കുന്നതാണ്.

(52) അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് മുൻപ് ഒരു റസൂലിനെയോ നബിയെയോ നാം നിയോഗിച്ചിട്ടില്ല; അദ്ദേഹം അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോഴെല്ലാം ആ പാരായണത്തിൽ പിശാച് എന്തെങ്കിലും ദുർമന്ത്രണം ചെയ്തിട്ടല്ലാതെ. അതും അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണെന്ന് (അത് കേൾക്കുന്ന) ജനങ്ങൾക്ക് തോന്നിപ്പിക്കുന്ന തരത്തിൽ പിശാച് അപ്രകാരം പ്രവർത്തിക്കും. എന്നാൽ പിശാച് മനസ്സുകളിൽ ഇടുന്നതിനെ അല്ലാഹു നിഷ്ഫലമാക്കുകയും, അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ അവൻ സ്ഥിരപ്പെടുത്തുകയും ചെയ്യും. അല്ലാഹു എല്ലാത്തിനെ കുറിച്ചും അറിവുള്ളവനാകുന്നു (അലീം). അവന് യാതൊന്നും അവ്യക്തമാവുകയില്ല. അവൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു.

(53) നബിയുടെ പാരായണത്തെ കുറിച്ച് പിശാച് ഉണ്ടാക്കുന്ന ദുർമന്ത്രണങ്ങളെ അല്ലാഹു കപടവിശ്വാസികൾക്കും ബഹുദൈവാരാധകരിൽ നിന്ന് ഹൃദയം കടുത്തു പോയവർക്കും ഒരു പരീക്ഷണമാക്കി മാറ്റുന്നതിന് വേണ്ടിയാണത്. കപടവിശ്വാസികളിലും ബഹുദൈവാരാധകരിലും പെട്ട അതിക്രമികൾ അല്ലാഹുവിനോടും അവൻ്റെ ദൂതരോടും കടുത്ത ശത്രുതയിലും, സത്യത്തിൽ നിന്നും നേർമാർഗത്തിൽ നിന്നും വിദൂരവുമാകുന്നു.

(54) അല്ലാഹു വിജ്ഞാനം നൽകിയവർക്ക് ഖുർആൻ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടതാണെന്നും, അത് തന്നെയാണ് അല്ലാഹു താങ്കളുടെ മേൽ അവതരിപ്പിച്ച സത്യമെന്നും ദൃഢമായി ബോധ്യപ്പെടുന്നതിനുമാണത്. അങ്ങനെ അവർക്കതിലുള്ള വിശ്വാസം വീണ്ടും വർദ്ധിക്കുകയും, അവരുടെ ഹൃദയങ്ങൾ താഴ്മയുള്ളതും ഭയഭക്തിയുള്ളതുമായി തീരുകയും ചെയ്യുന്നു. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ചവരെ ഒരു വളവുമില്ലാത്ത, നേരായ സത്യപാതയിലേക്ക് നയിക്കുന്നവനാകുന്നു. അല്ലാഹുവിനോടുള്ള അവരുടെ കീഴൊതുങ്ങലിനുള്ള പ്രതിഫലമാകുന്നു അത്.

(55) അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവർ അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിനെ കുറിച്ച് എപ്പോഴും സംശയത്തിൽ തന്നെയായിരിക്കും. അതേ നിലപാടിൽ തന്നെ അവർ ഉറച്ചു നിൽക്കവെ, അന്ത്യനാൾ അവർക്ക് മേൽ പൊടുന്നനെ സംഭവിക്കുന്നതു വരെ അവരതിൽ തുടരും. അതല്ലെങ്കിൽ അവർക്ക് യാതൊരു കാരുണ്യമോ നന്മയോ ഇല്ലാത്ത ഒരു ദിവസത്തിൽ ശിക്ഷ അവർക്ക് മേൽ വന്നു പതിക്കുന്നതു വരെ; അവരെ സംബന്ധിച്ചിടത്തോളം അവരുടെ അന്ത്യനാൾ (ആ ശിക്ഷ സംഭവിക്കുന്ന) അന്നാകുന്നു.

(56) ഇവർക്ക് താക്കീത് നൽകപ്പെട്ടിരുന്ന ശിക്ഷ അവർക്ക് വന്നെത്തുന്ന ദിവസമായ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സമ്പൂർണ്ണ ആധിപത്യം അല്ലാഹുവിന് മാത്രമായിരിക്കും. അന്ന് അവനോട് എതിർത്തു നിൽക്കുവാൻ ആരുമുണ്ടായിരിക്കുകയില്ല. (അവനിൽ) വിശ്വസിച്ചവർക്കും നിഷേധിച്ചവർക്കും ഇടയിൽ അല്ലാഹുവാണ് അന്ന് വിധി കൽപ്പിക്കുക. അവരിൽ ഓരോരുത്തർക്കും അർഹമായത് അല്ലാഹു വിധിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ; അവർക്ക് മഹത്തരമായ പ്രതിഫലം ഉണ്ടായിരിക്കും. ഒരിക്കലും അവസാനിക്കാത്ത അനുഗ്രഹങ്ങളുടെ സ്വർഗത്തോപ്പുകളാണവ.

(57) അല്ലാഹുവിനെ നിഷേധിക്കുകയും, നമ്മുടെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ കളവാക്കുകയും ചെയ്തവരാരോ; അവരെ നിന്ദ്യരാക്കി തീർക്കുന്ന നരകശിക്ഷ നൽകിക്കൊണ്ട് അല്ലാഹു അവരെ അപമാനിക്കുന്നതാണ്.

(58) അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ടും അവൻ്റെ മതത്തിന് പ്രതാപം ആഗ്രഹിച്ചു കൊണ്ടും തങ്ങളുടെ ഭവനങ്ങളും നാടുകളും ഉപേക്ഷിക്കുകയും, ശേഷം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയോ, അല്ലെങ്കിൽ മരിക്കുകയോ ചെയ്തവർ; അവർക്ക് അല്ലാഹു സ്വർഗത്തിൽ ഉൽകൃഷ്ടമായ ഉപജീവനം -ഒരിക്കലും അവസാനിക്കാത്ത, എന്നെന്നും നിലനിൽക്കുന്ന ഉപജീവനം- നൽകുന്നതാണ്. തീർച്ചയായും അല്ലാഹു; അവൻ തന്നെയാകുന്നു ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമൻ.

(59) അവർ തൃപ്തിപ്പെടുന്ന ഒരിടത്ത് -സ്വർഗത്തിൽ- അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീർച്ചയായും അല്ലാഹു അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്നവനും (അലീം), അവർ കുറവ് വരുത്തിയ കാര്യങ്ങളിൽ ഉടനടി ശിക്ഷിക്കാതിരുന്ന സഹനശീലനും (ഹലീം) ആകുന്നു.

(60) അത് (അങ്ങനെ തന്നെയാകുന്നു). അല്ലാഹുവിൻ്റെ മാർഗത്തിൽ പലായനം ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞതും, അതിക്രമിച്ചവനെ അതിന് തുല്യമായ രൂപത്തിൽ പകരം നൽകുന്നതിൽ തെറ്റില്ലെന്നുമുള്ള കാര്യം. അതിക്രമി വീണ്ടും അവൻ്റെ അതിക്രമം ആവർത്തിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതിക്രമിക്കപ്പെട്ടവനെ സഹായിക്കുന്നതാണ്. തീർച്ചയായും അല്ലാഹു (അവനിൽ) വിശ്വസിച്ചവരുടെ തിന്മകൾ മാപ്പാക്കുന്നവനും (അഫുവ്വ്), അവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ) ആകുന്നു.

(61) അതിക്രമിക്കപ്പെട്ടവനെ അല്ലാഹു സഹായിക്കുമെന്ന് പറഞ്ഞത് അല്ലാഹു എല്ലാത്തിനും കഴിവുള്ളവനായതു കൊണ്ടാണ്. അല്ലാഹുവിൻ്റെ ശക്തിയിൽ പെട്ടതാണ് രാത്രിയെ അവൻ പകലിൽ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്നത്. ചിലപ്പോൾ രാത്രി പകലിനെക്കാളും, മറ്റു ചിലപ്പോൾ പകൽ രാത്രിയെക്കാളും വർദ്ധിപ്പിക്കുന്നതിലൂടെ (അവൻ അപ്രകാരം ചെയ്യുന്നു). അല്ലാഹു അവൻ്റെ അടിമകളുടെ സംസാരങ്ങൾ എല്ലാം കേൾക്കുകയും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുകയും (അലീം) ചെയ്യുന്നവനാണ് എന്നതുകൊണ്ടുമാണത്. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

(62) അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും പകലിനെ രാത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന് അവൻ പറഞ്ഞത് അല്ലാഹുവാകുന്നു യാഥാർത്ഥ്യമായുള്ളവൻ എന്നതിനാലാണ്. അവൻ്റെ മതം സത്യമാണ്; അവൻ്റെ വാഗ്ദാനവും അവനിൽ വിശ്വസിച്ചവരെ അവൻ സഹായിക്കുമെന്നതും സത്യമാണ്. ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ; അവ നിരർത്ഥകങ്ങളുമാണ്. അവക്ക് യാതൊരു അടിസ്ഥാനവുമില്ല. അല്ലാഹു തന്നെയാകുന്നു അവൻ്റെ സൃഷ്ടികൾക്ക് മേൽ അസ്തിത്വപരമായും വിശേഷണങ്ങളിലും അധീശത്വത്തിലും ഔന്നത്യമുള്ളവൻ (അലിയ്യ്). പ്രൗഢിയും മഹത്വവും ആദരവുമുള്ള ഏറ്റവും വലിയവനും (കബീർ) ആകുന്നു അല്ലാഹു.

(63) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴ വർഷിക്കുകയും, അങ്ങനെ ആ മഴ ഇറങ്ങിയതിന് ശേഷം ഭൂമി അവിടെ മുളച്ചു വന്ന ചെടികളാൽ പച്ചപ്പു നിറഞ്ഞതായി തീരുകയും ചെയ്യുന്നത് താങ്കൾ കണ്ടില്ലേ?! തീർച്ചയായും അല്ലാഹു അവൻ്റെ അടിമകളോട് അനുകമ്പയുള്ളവനാകുന്നു (ലത്വീഫ്); അതു കൊണ്ടാണ് അവൻ അവർക്ക് മേൽ മഴ വർഷിച്ചു നൽകിയതും, ഭൂമിയിൽ ചെടികൾ മുളപ്പിച്ചു നൽകിയതും. അവൻ അവർക്ക് പ്രയോജനപ്രദമായത് ഏതാണെന്നതിനെ കുറിച്ച് സൂക്ഷ്മജ്ഞാനമുള്ളവനും (ഖബീർ) ആകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

(64) അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെ സർവ്വാധികാരവും. തീർച്ചയായും അല്ലാഹു തന്നെയാകുന്നു സമ്പൂർണ്ണ ധന്യതയുള്ളവൻ (ഗനിയ്യ്); അവൻ്റെ സൃഷ്ടികളിൽ ഒരു സൃഷ്ടിയുടെയും ആവശ്യം അവനില്ല. എല്ലാ നിലക്കും സ്തുത്യർഹനും (ഹമീദ്) അവനത്രെ.

(65) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്കും മനുഷ്യർക്കും വേണ്ടി ഭൂമിയിലുള്ള കന്നുകാലികളെയും നിർജ്ജീവ വസ്തുക്കളെയും നിങ്ങളുടെ ഉപകാരങ്ങൾക്കും ആവശ്യങ്ങൾക്കും വേണ്ട വിധം കീഴ്പ്പെടുത്തി തന്നത് താങ്കൾ കണ്ടില്ലേ?! അല്ലാഹുവിൻ്റെ കൽപ്പന പ്രകാരവും അവൻ കീഴ്പെടുത്തി നൽകിയതിനാലും ഒരു നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലേക്ക് സമുദ്രത്തിലൂടെ സഞ്ചരിക്കുവാൻ കഴിയും വിധം കപ്പലുകളെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തരുകയും, അല്ലാഹുവിൻ്റെ അനുമതിപ്രകാരമല്ലാതെ ഭൂമിക്ക് മേൽ പതിക്കാത്തവണ്ണം ആകാശത്തെ പിടിച്ചു നിർത്തുകയും ചെയ്തതും (താങ്കൾ കണ്ടില്ലേ?!) ഭൂമിക്ക് മേൽ പതിക്കാൻ ആകാശത്തിന് അല്ലാഹു അനുമതി നൽകിയിരുന്നെങ്കിൽ അത് താഴെ വീഴുമായിരുന്നു. തീർച്ചയായും അല്ലാഹു ജനങ്ങളോട് വളരെ ദയയുള്ളവനും (റഊഫ്), അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും (റഹീം) ആകുന്നു. അതു കൊണ്ടാണല്ലോ ഇത്രയെല്ലാം അതിക്രമങ്ങൾ പ്രവർത്തിച്ചിട്ടും അവർക്ക് വേണ്ടി അവൻ ഇവയെയെല്ലാം കീഴ്പെടുത്തി നൽകിയത്.

(66) അല്ലാഹുവാകുന്നു ശൂന്യതയിൽ നിന്ന് ജീവനുള്ളവരായി നിങ്ങളെ സൃഷ്ടിച്ചത്. ശേഷം നിങ്ങളുടെ ആയുസ്സ് അവസാനിച്ചാൽ അവൻ നിങ്ങളെ മരിപ്പിക്കുന്നതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിചാരണ നടത്തുന്നതിനായി മരണശേഷം വീണ്ടും അവൻ നിങ്ങൾക്ക് ജീവൻ നൽകുന്നതാണ്. എന്നിട്ട് (നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള) പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. തീർച്ചയായും മനുഷ്യൻ അല്ലാഹുവല്ലാത്തവരെ അവനോടൊപ്പം ആരാധിച്ചു കൊണ്ട്, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ -അവ ഇത്ര മേൽ പ്രകടമായിട്ടും- അങ്ങേയറ്റം നിഷേധിക്കുന്നവനാകുന്നു.

(67) ഓരോ സമുദായത്തിനും നാം ഓരോ മതനിയമങ്ങൾ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. അവർ അവരുടെ നിയമങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ ബഹുദൈവാരാധകരും മറ്റു മതവിശ്വാസികളും താങ്കളുടെ മതനിയമങ്ങളിൽ താങ്കളെ എതിർക്കേണ്ടതില്ല. അവരെക്കാളെല്ലാം സത്യത്തിനോട് ഏറ്റവും അടുപ്പമുള്ളത് താങ്കൾക്കാണ്. കാരണം, അവർ അസത്യത്തിൻ്റെ വക്താക്കളാണ്. നീ ജനങ്ങളെ അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുവാൻ ക്ഷണിക്കുക. തീർച്ചയായും നീ യാതൊരു വളവുമില്ലാത്ത നേരായ മാർഗത്തിലാകുന്നു.

(68) തെളിവുകൾ വ്യക്തമായ ശേഷവും നിന്നോട് തർക്കിക്കാതെ പറ്റില്ലെന്നാണെങ്കിൽ അവരുടെ കാര്യം നീ അല്ലാഹുവിലേക്ക് വിട്ടുകൊള്ളുക. താക്കീതായി നീ അവരോട് പറയുക: അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന ഓരോ പ്രവൃത്തിയും ഏറ്റവും നന്നായി അറിയുന്നുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

(69) അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും അവനെ നിഷേധിച്ചവർക്കും ഇടയിൽ- ഇഹലോകത്തായിരിക്കെ അവർ അഭിപ്രായവ്യത്യാസത്തിലായിരുന്ന മതപരമായ വിഷയങ്ങളിൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിധികൽപ്പിച്ചു കൊള്ളും.

(70) അല്ലാഹുവിൻ്റെ റസൂലേ! ആകാശത്തിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നു എന്ന് താങ്കൾക്ക് അറിഞ്ഞുകൂടേ?! അവന് ആകാശത്തോ ഭൂമിയിലോ ഉള്ള ഒന്നും തന്നെ അവ്യക്തമാവുകയില്ല. അതിനെ കുറിച്ചുള്ള അറിവെല്ലാം 'ലൗഹുൽ മഹ്ഫൂദ്വ്' എന്ന രേഖയിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. തീർച്ചയായും അതെല്ലാം അറിയുക എന്നത് അല്ലാഹുവിന് വളരെ നിസ്സാരമാകുന്നു.

(71) അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളിൽ തെളിവായി അവതരിപ്പിച്ചിട്ടില്ലാത്തതും, എന്തെങ്കിലും വിജ്ഞാനത്തിൽ നിന്ന് അവർക്ക് തെളിവില്ലാത്തതുമായ വിഗ്രഹങ്ങളെയാണ് ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്നത്. അക്കാര്യത്തിൽ അവർക്കുള്ള ഏകഅടിസ്ഥാനം തങ്ങളുടെ പ്രപിതാക്കന്മാരെ അന്ധമായി അനുകരിക്കുക എന്നത് മാത്രമാകുന്നു. തങ്ങളുടെ മേൽ ഇറങ്ങാനിരിക്കുന്ന അല്ലാഹുവിൻ്റെ ശിക്ഷയെ തടുത്തു വെക്കാൻ അതിക്രമകാരികൾക്ക് ഒരു സഹായിയുമില്ല തന്നെ.

(72) താങ്കൾ അവർക്ക് മേൽ ഖുർആനിലുള്ള നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിച്ചാൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ മുഖങ്ങൾ അവ കേൾക്കുമ്പോൾ അതിനോടുള്ള നീരസത്താൽ ചുളിയുന്നതായി നിനക്ക് കാണാൻ കഴിയും. കടുത്ത ദേഷ്യം കാരണത്താൽ അവർക്ക് നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു നൽകുന്നവരെ അവർ പിടികൂടുക വരെ ചെയ്തേക്കാം. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ ഈ ദേഷ്യത്തെക്കാളും മുഖം ചുളിക്കലിനെക്കാളും മോശമായ ഒരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?! അല്ലാഹു അവനെ നിഷേധിച്ചവരെ പ്രവേശിപ്പിക്കും എന്ന് താക്കീത് ചെയ്ത നരകമാണത്. അവർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.

(73) മനുഷ്യരേ! ഒരു ഉദാഹരണമിതാ പറയുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളും മറ്റുമെല്ലാം ഒരു ഈച്ചയെ പോലും -എത്ര ചെറുതാണത്! അതിനെ പോലും- സൃഷ്ടിക്കുകയില്ല. കാരണം, അവർക്ക് അതിനുള്ള ശക്തിയില്ല. ഇനി അവരെല്ലാം ഈച്ചയെ സൃഷ്ടിക്കുന്നതിനായി ഒരുമിച്ചു കൂടിയാലും അവർക്കതിന് സാധിക്കുകയില്ല. ഈച്ച അവരുടെ അടുക്കലുള്ള എന്തെങ്കിലും നല്ലതോ മറ്റോ എടുത്തു കൊണ്ടു പോയാൽ അതിൻ്റെ കയ്യിൽ നിന്ന് അത് തിരിച്ചെടുക്കാൻ പോലും അവർക്ക് സാധിക്കുകയില്ല. ഒരു ഈച്ചയെ പോലും സൃഷ്ടിക്കാൻ സാധിക്കാത്ത, അതിൻ്റെ കയ്യിൽ നിന്ന് അവരുടെ വസ്തുക്കൾ തിരിച്ചു പിടിക്കാൻ പോലും സാധിക്കാത്തവരാണ് ഇവരെങ്കിൽ അതിനെക്കാൾ വലിയ കാര്യങ്ങൾ അവർക്കൊരിക്കലും സാധിക്കുകയില്ല എന്ന് ഇതിൽ നിന്ന് വ്യക്തമാകും. അപ്പോൾ അങ്ങനെയാണ് -ഇത്ര അശക്തരായവരെ- അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുക?! ഈച്ച തട്ടിയെടുത്തത് തിരിച്ചെടുക്കാൻ പോലും സാധിക്കാത്ത, അതിൻ്റെ പിന്നിൽ പിന്തുടരുന്ന ഈ വിഗ്രഹവും ദുർബലനായിരിക്കുന്നു. പിന്തുടരപ്പെടുന്ന ഈച്ചയും ദുർബലനായിരിക്കുന്നു.

(74) അല്ലാഹുവിനോടൊപ്പം അവൻ്റെ സൃഷ്ടികളെ ആരാധിച്ചതിലൂടെ അവർ അല്ലാഹുവിനെ ആദരിക്കേണ്ട മുറപ്രകാരം ആദരിച്ചിട്ടില്ല. തീർച്ചയായും അല്ലാഹു അതീവശക്തിയുള്ളവനാണ് (ഖവിയ്യ്); അവൻ്റെ ശക്തിയുടെയും കഴിവിൻ്റെയും ഭാഗമാണ് ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ചു എന്നത്. അവൻ മഹാപ്രതാപിയുമാണ് (അസീസ്); ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. എന്നാൽ ബഹുദൈവാരാധകർ ആരാധിക്കുന്ന വിഗ്രഹങ്ങളാകട്ടെ; അവ അശക്തവും നിന്ദ്യവുമാണ്. അവക്കൊന്നിനെയും സൃഷ്ടിക്കാൻ കഴിയുകയില്ല.

(75) അല്ലാഹു മലക്കുകളിൽ നിന്ന് ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അപ്രകാരം മനുഷ്യരിൽ നിന്നും അവൻ ദൂതന്മാരെ തിരഞ്ഞെടുക്കുന്നു. അങ്ങനെ ചില മലക്കുകളെ അവൻ നബിമാരുടെ അടുക്കലേക്ക് അയക്കുന്നു. മനുഷ്യരിലുള്ള ദൂതന്മാരിലേക്ക് അയച്ച ജിബ്രീൽ എന്ന മലക്ക് ഉദാഹരണം. മനുഷ്യരിൽ പെട്ട ദൂതന്മാരെ ജനങ്ങളിലേക്കും അവൻ അയക്കുന്നു. തീർച്ചയായും, അല്ലാഹു അവൻ്റെ ദൂതന്മാരെ കുറിച്ച് ബഹുദൈവാരാധകർ പറയുന്നത് നന്നായി കേൾക്കുന്നവനും (സമീഅ്), അവൻ്റെ സന്ദേശം എത്തിച്ചു നൽകാൻ തിരെഞ്ഞെടുത്ത ദൂതന്മാരെ കുറിച്ച് നല്ലവണ്ണം കണ്ടറിഞ്ഞവനും (ബസ്വീർ) ആകുന്നു.

(76) മലക്കുകളിലും മനുഷ്യരിലും പെട്ട തൻ്റെ ദൂതന്മാർ സൃഷ്ടിക്കപ്പെടുന്നതിന് മുൻപും അവരുടെ മരണശേഷവും അവർ എപ്രകാരമായിരുന്നു എന്ന് അറിയുന്നവനാകുന്നു അല്ലാഹു. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മടങ്ങുക. അന്ന് അവൻ തൻ്റെ ദാസന്മാരെ പുനരുജ്ജീവിപ്പിക്കുകയും, അവർ മുൻകൂട്ടി ചെയ്തു വെച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവർക്ക് നൽകുകയും ചെയ്യും.

(77) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ നിസ്കാരത്തിൽ നിങ്ങൾ അല്ലാഹുവിനായി മാത്രം റുകൂഅ് ചെയ്യുകയും സുജൂദിൽ വീഴുകയും ചെയ്യുക. നിങ്ങൾ കുടുംബബന്ധം ചേർത്തും ദാനധർമ്മങ്ങൾ ചെയ്തും മറ്റുമെല്ലാം നന്മ പ്രവർത്തിക്കുക. നിങ്ങൾ തേടുന്നത് നിങ്ങൾക്ക് എത്തിപ്പിടിക്കുകയും, നിങ്ങൾ ഭയക്കുന്നതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

(78) നിങ്ങൾ അല്ലാഹുവിൻ്റെ തിരുവദനം ഉദ്ദേശിച്ചു കൊണ്ട് നിഷ്കളങ്കമായി അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുക. അവൻ നിങ്ങളെ തിരഞ്ഞെടുക്കുകയും, നിങ്ങളുടെ ദീനിനെ ഇടുക്കമോ കാഠിന്യമോ ഇല്ലാത്ത ലളിതമായ മതമാക്കുകയും ചെയ്തിരിക്കുന്നു. ഈ എളുപ്പമുള്ള മാർഗം; അത് തന്നെയാകുന്നു നിങ്ങളുടെ പിതാവായ ഇബ്രാഹീമിൻ്റെയും മാർഗം. അല്ലാഹു അവൻ്റെ മുൻവേദങ്ങളിലും ഖുർആനിലും മുസ്ലിംകൾ എന്ന് നിങ്ങൾക്ക് പേര് നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതൻ അവിടുത്തോട് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് നിങ്ങൾക്ക് എത്തിച്ചു തന്നിരിക്കുന്നുവെന്ന് നിങ്ങളുടെ കാര്യത്തിൽ സാക്ഷ്യം പറയുന്നതിനത്രെ അത്. മുൻകഴിഞ്ഞ സമൂഹങ്ങൾക്ക് അവരുടെ ദൂതന്മാർ (അല്ലാഹുവിൻ്റെ സന്ദേശം) എത്തിച്ചു നൽകിയിട്ടുണ്ട് എന്ന് നിങ്ങൾ സാക്ഷ്യം പറയുന്നതിനുമത്രെ അത്. അതിനാൽ ഈ അനുഗ്രഹത്തിന് അല്ലാഹുവിനോടുള്ള നന്ദിയായി കൊണ്ട് നിങ്ങൾ നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, അല്ലാഹുവിലേക്ക് അഭയം തേടുകയും അവൻ്റെ മേൽ നിങ്ങളുടെ കാര്യങ്ങളിലെല്ലാം ഭരമേൽപ്പിക്കുകയും ചെയ്യുക. അവനെ രക്ഷാധികാരിയായി സ്വീകരിച്ച മുഅ്മിനുകൾക്ക് എത്ര നല്ല രക്ഷാധികാരിയാണവൻ! അവനോട് സഹായം തേടുന്നവർക്ക് എത്ര നല്ല സഹായിയുമാണവൻ. അതിനാൽ അവനെ നിങ്ങൾ രക്ഷാധികാരിയായി സ്വീകരിക്കുക; അവൻ നിങ്ങളെ രക്ഷിക്കും. അവനോട് നിങ്ങൾ സഹായത്തിന് അപേക്ഷിക്കുക; അവൻ നിങ്ങളെ സഹായിക്കും.