(1) അല്ലയോ ജനങ്ങളേ! സമ്പാദ്യവും സന്താനങ്ങളും കൊണ്ടുള്ള പെരുമ നടിക്കൽ നിങ്ങളെ അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിച്ചിരിക്കുന്നു.
(2) നിങ്ങൾ മരിക്കുകയും, നിങ്ങളുടെ ഖബ്റുകളിൽ സന്ദർശിക്കുകയും ചെയ്യുന്നത് വരെ.
(3) അല്ലാഹുവിനുള്ള അനുസരണയിൽ നിന്ന് ഈ പൊങ്ങച്ചം നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാൻ പാടില്ലായിരുന്നു. ഇതിൻ്റെ പരിണിതഫലം നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
(4) വീണ്ടും! നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.
(5) നിങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവർ ആണെന്നും, അവൻ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുമെന്നും നിങ്ങൾക്ക് ദൃഢമായ ബോധ്യമുണ്ടായിരുന്നെങ്കിൽ നിങ്ങളൊരിക്കലും സമ്പാദ്യവും സന്താനവും കൊണ്ട് പെരുമ നടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി മാറുമായിരുന്നില്ല. സത്യം!
(6) അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.
(7) വീണ്ടും! നിങ്ങൾ നരകത്തെ -ഒരു സംശയവുമില്ലാത്ത വണ്ണം- നന്നായി കാണുക തന്നെ ചെയ്യും.
(8) പിന്നീട് അല്ലാഹു നിങ്ങളോട് അന്നേ ദിവസം നിങ്ങൾക്ക് മേൽ ചൊരിഞ്ഞ ഓരോ അനുഗ്രഹത്തെ കുറിച്ചും -ആരോഗ്യവും സമ്പാദ്യവും മറ്റുമെല്ലാം- ചോദിക്കുക തന്നെ ചെയ്യും.