(1) ത്വാ സീൻ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. താങ്കൾക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ആയത്തുകൾ ഖുർആനിലെ ആയത്തുകളാകുന്നു. യാതൊരു അവ്യക്തതയുമില്ലാത്ത, സുവ്യക്തമായ ഗ്രന്ഥത്തിലെയും (ആയത്തുകളാകുന്നു). ആരെങ്കിലും അതിനെ കുറിച്ച് ഉറ്റാലോചിക്കുന്നുവെങ്കിൽ ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് അവന് ബോധ്യപ്പെടും.
(2) ഈ ആയത്തുകൾ സത്യത്തിലേക്ക് വഴികാണിക്കുന്നതും, അതിലേക്ക് നയിക്കുന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് സന്തോഷവാർത്ത അറിയിക്കുന്നതുമത്രെ.
(3) നിസ്കാരം അതിൻ്റെ ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും, തങ്ങളുടെ സമ്പത്തിൽ നിന്ന് നിർബന്ധദാനം (സകാത്ത്) നൽകുകയും ചെയ്യുന്നവർ; ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിലും ശിക്ഷയിലുമെല്ലാം ഉറച്ചു വിശ്വസിക്കുന്നവരുമാണവർ.
(4) പരലോകത്തിലും, അവിടെയുള്ള പ്രതിഫലത്തിലും ശിക്ഷയിലും വിശ്വസിക്കാത്ത, (അല്ലാഹുവിനെ) നിഷേധിച്ചവർ; അവരുടെ മോശം പ്രവർത്തനങ്ങൾ അവർക്ക് നാം നന്നാക്കി തോന്നിപ്പിച്ചിരിക്കുന്നു. അങ്ങനെ അവരതിൽ തുടർന്നു പോവുകയും ചെയ്തിരിക്കുന്നു. ശരിയിലേക്കോ സന്മാർഗത്തിലേക്കോ വഴികണ്ടെത്താനാകാതെ, പരിഭ്രാന്തരായാണ് അവർ നിലകൊള്ളുന്നത്.
(5) ഈ പറയപ്പെട്ട ഗുണവിശേഷണങ്ങളുള്ളവർ; അവർക്ക് തന്നെയാണ് ഇഹലോകത്തും പരലോകത്തും ഏറ്റവും മോശം ശിക്ഷയുള്ളത്. ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യും. പരലോകത്ത് ജനങ്ങളിൽ ഏറ്റവും നഷ്ടക്കാർ അവരായിരിക്കുകയും ചെയ്യും. കാരണം, അവിടെ അവർ സ്വദേഹങ്ങളെയും അവരുടെ കുടുംബങ്ങളെയും ശാശ്വതമായ നരകശിക്ഷയിലേക്ക് തള്ളിവിട്ടു കൊണ്ട് നഷ്ടത്തിലാകുന്നതായിരിക്കും.
(6) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ നീ സ്വീകരിക്കുന്നത് തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിയുള്ളവനും (ഹകീം), തൻ്റെ സൃഷ്ടികൾക്ക് ഏറ്റവും അനുയോജ്യമായത് ഏതെന്നതിൽ ഒരു അവ്യക്തതയുമില്ലാത്ത, സർവ്വവും അറിയുന്നവനുമായ (അലീം) അല്ലാഹുവിൽ നിന്നാകുന്നു.
(7) അല്ലാഹുവിൻ്റെ റസൂലേ! മൂസാ തൻ്റെ കുടുംബത്തോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. ഞാനിതാ ഒരു തീ കണ്ടിരിക്കുന്നു. അത് കത്തിച്ചു വെച്ചവരിൽ നിന്ന് നമ്മുടെ വഴി മനസ്സിലാക്കി തരുന്ന എന്തെങ്കിലും വാർത്തയുമായോ, അതിൽ നിന്ന് -നിങ്ങൾക്ക് തണുപ്പിൽ നിന്ന് തീകായാൻ- ഒരു തീക്കൊള്ളിയുമായോ ഞാൻ നിങ്ങളുടെ അടുത്തേക്ക് (തിരിച്ചു) വരാം.
(8) അങ്ങനെ അദ്ദേഹം കണ്ട ആ തീയിൻ്റെ അരികിൽ അദ്ദേഹം എത്തിയപ്പോൾ അല്ലാഹു അദ്ദേഹത്തെ വിളിച്ചു കൊണ്ട് പറഞ്ഞു: ഈ തീയിൽ ഉള്ളവരും, അതിന് ചുറ്റുമുള്ളവരായ മലക്കുകളും പരിശുദ്ധരാക്കപ്പെട്ടിരിക്കുന്നു. വഴികേടിലായവർ വിശേഷിപ്പിക്കുന്ന, അല്ലാഹുവിന് അനുയോജ്യമല്ലാത്ത വിശേഷണങ്ങളിൽ നിന്ന് ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ പരിശുദ്ധിയും മഹത്വവും വാഴ്ത്തപ്പെട്ടിരിക്കുന്നു.
(9) അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: തീർച്ചയായും ഞാനാകുന്നു അല്ലാഹു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), എൻ്റെ സൃഷ്ടിപ്പിലും നിശ്ചയത്തിലും നിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനും (ഹകീം).
(10) നിൻ്റെ വടി താഴെയിടുക.' മൂസാ (അല്ലാഹുവിൻ്റെ കൽപ്പന) അനുസരിച്ചു. അങ്ങനെ (ആ വടി) ഒരു സർപ്പത്തെ പോലെ ചലിക്കുകയും ഇളകുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടി; അദ്ദേഹം തിരിച്ചു വന്നില്ല. അപ്പോൾ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: അതിനെ താങ്കൾ പേടിക്കേണ്ടതില്ല. എൻ്റെ അടുക്കൽ (എൻ്റെ) ദൂതന്മാർ സർപ്പത്തെയോ മറ്റെന്തു വസ്തുവിനെയോ ഭയക്കേണ്ടതില്ല.
(11) എന്നാൽ ആരെങ്കിലും തിന്മകൾ പ്രവർത്തിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിക്കുകയും, ശേഷം പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കിൽ തീർച്ചയായും അവന് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവനോട് ഏറെ കരുണ ചെയ്യുന്നവനും (റഹീം) ആകുന്നു ഞാൻ.
(12) കഴുത്തിന് താഴെയുള്ള കുപ്പായ വിടവിലൂടെ താങ്കളുടെ കൈ പ്രവേശിപ്പിക്കുക. അങ്ങനെ പ്രവേശിപ്പിച്ചു കഴിഞ്ഞാൽ -പാണ്ഡോ മറ്റോ കാരണമായല്ലാതെ- മഞ്ഞു പോലെ വെളുത്തതായി അത് പുറത്തു വരും. ഫിർഔനും അവൻ്റെ ജനതക്കും നിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ഒമ്പത് ദൃഷ്ടാന്തങ്ങളിൽ പെട്ടതാണിത്. ആ ഒമ്പത് ദൃഷ്ടാന്തങ്ങൾ ഇവയാണ്: (കൈ (പ്രകാശിക്കുക), വടി (സർപ്പമാവുക), വരൾച്ചയുണ്ടാവുക, കൃഷിവിഭവങ്ങൾ കുറയുക, പ്രളയം സംഭവിക്കുക, വെട്ടുകിളിയുടെയും (കൃഷി നശിപ്പിക്കുന്ന) പേനുകളുടെയും, തവളകളുടെയും (ശല്യം), (കുടിവെള്ളമെല്ലാം) രക്തമാവുക.തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ നിഷേധിക്കുന്ന ജനതയായിരുന്നു.
(13) അങ്ങനെ മൂസായെ പിന്താങ്ങുന്ന നമ്മുടെ ഈ വ്യക്തവും പ്രകടവുമായ ദൃഷ്ടാന്തങ്ങൾ അവർക്ക് വന്നെത്തിയപ്പോൾ അവർ പറഞ്ഞു: മൂസാ ഈ കൊണ്ടുവന്നിരിക്കുന്ന ദൃഷ്ടാന്തങ്ങളെല്ലാം വ്യക്തമായ മാരണമാകുന്നു.
(14) വ്യക്തമായ ഈ ദൃഷ്ടാന്തങ്ങളെ അവർ അംഗീകരിക്കാതെ നിഷേധിച്ചു തള്ളി. അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന ദൃഢബോധ്യമുണ്ടായിട്ടും അവരുടെ അതിക്രമവും സത്യം സ്വീകരിക്കുന്നതിലുള്ള അഹങ്കാരവും കാരണത്താലാണ് അവരപ്രകാരം ചെയ്തത്. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- ചിന്തിച്ചു നോക്കുക: (അല്ലാഹുവിനെ) നിഷേധിച്ചും അവനെ ധിക്കരിച്ചും ഭൂമിയിൽ കുഴപ്പം വിതച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു. അവരെയെല്ലാം നാം തകർത്തുതരിപ്പണമാക്കി കളഞ്ഞു.
(15) ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും നാം അറിവ് നൽകി. അതിൽ പെട്ടതായിരുന്നു പക്ഷികളുടെ സംസാരം അറിയാൻ കഴിയുക എന്നത്. ദാവൂദും സുലൈമാനും അല്ലാഹുവിനോട് നന്ദിയായിക്കൊണ്ട് പറഞ്ഞു: പ്രവാചകത്വവും വിജ്ഞാനവും നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാരിൽ എത്രയോ പേരെക്കാൾ നമുക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും.
(16) അങ്ങനെ സുലൈമാൻ തൻ്റെ പിതാവായ ദാവൂദിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വവും വിജ്ഞാനവും അധികാരവും അനന്തരമായി സ്വീകരിച്ചു. അല്ലാഹു തനിക്കും തൻ്റെ പിതാവിനും നൽകിയ അനുഗ്രഹങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ജനങ്ങളേ! പക്ഷികളുടെ ശബ്ദങ്ങൾ ഗ്രഹിക്കാനുള്ള വിവരം അല്ലാഹു ഞങ്ങൾക്ക് നൽകിയിരിക്കുന്നു. നബിമാർക്കും രാജാക്കന്മാർക്കും നൽകിയ എല്ലാ കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് അവൻ നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് ഈ നൽകിയിരിക്കുന്നത് തന്നെയാകുന്നു വ്യക്തവും പ്രകടവുമായ അനുഗ്രഹം.
(17) സുലൈമാന് വേണ്ടി അദ്ദേഹത്തിൻ്റെ, മനുഷ്യരുടെയും ജിന്നുകളുടെയും പക്ഷികളുടെയും സൈന്യത്തെ ഒരുമിച്ചു കൂട്ടപ്പെട്ടു. അവരെല്ലാം കൃത്യമായി നിരത്തിനിർത്തപ്പെട്ടു.
(18) അങ്ങനെ അവർ (സൈന്യങ്ങൾ) നയിക്കപ്പെടുകയും, ശാമിലുള്ള ഒരു പ്രദേശമായ വാദിന്നംലിൽ എത്തുകയും ചെയ്തപ്പോൾ ഉറുമ്പുകളുടെ കൂട്ടത്തിലുള്ള ഒരു ഉറുമ്പ് പറഞ്ഞു: ഉറുമ്പുകളേ! നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചു കൊള്ളുക; സുലൈമാനും അദ്ദേഹത്തിൻ്റെ സൈന്യവും അവർ അറിയാതെ നിങ്ങളെ നശിപ്പിച്ചേക്കാം. അവർ അറിഞ്ഞു കൊണ്ട് നിങ്ങളെ ഒരിക്കലും ചവിട്ടിയരക്കില്ല.
(19) ആ (ഉറുമ്പിൻ്റെ) സംസാരം കേട്ടപ്പോൾ സുലൈമാൻ പുഞ്ചിരിതൂകി. തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീ എനിക്ക് പ്രചോദനം നൽകുകയും, അതിന് സൗകര്യം നൽകുകയും ചെയ്യേണമേ! നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കാനും നീ എനിക്ക് സൗകര്യപ്പെടുത്തണേ! നിൻ്റെ കാരുണ്യത്താൽ നിൻ്റെ സച്ചരിതരായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
(20) പക്ഷികളുടെ സൈന്യത്തെ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ മരംകൊത്തിയെ സുലൈമാൻ നബി കണ്ടില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തു പറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ? അതിനെ കാണുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഉള്ളതു കൊണ്ടാണോ, അതല്ല മരംകൊത്തി പോയ്മറഞ്ഞതാണോ?!
(21) മരംകൊത്തി എവിടെയോ പോയിമറഞ്ഞതാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അതിന് ഞാൻ കടുത്ത ശിക്ഷ തന്നെ നൽകും. അല്ലെങ്കിൽ ഇവിടെ ഹാജരാകാത്തതിനുള്ള ശിക്ഷയായി അതിനെ ഞാൻ അറുത്തു കളയുക തന്നെ ചെയ്യും. അതല്ലെങ്കിൽ എന്തു കൊണ്ട് ഇവിടെ ഹാജരായില്ലെന്നതിന് വ്യക്തമായ ഒരു ന്യായം അതെനിക്ക് കൊണ്ടുവന്നു തരട്ടെ.
(22) വളരെ അധികം സമയമൊന്നും അസന്നിഹിതനാകാതെ തന്നെ മരംകൊത്തി (തിരിച്ചെത്തി). അങ്ങനെ അത് വന്നപ്പോൾ സുലൈമാനോട് പറഞ്ഞു: നിങ്ങൾ കാണാത്ത ചിലത് ഞാൻ കണ്ടിരിക്കുന്നു. സബഅ് ദേശത്ത് നിന്ന് സത്യസന്ധമായ -സംശയിക്കേണ്ടതില്ലാത്ത- ഒരു വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്.
(23) അവരെ ഭരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കാണുകയുണ്ടായി. ശക്തിയുടെയും അധികാരത്തിൻ്റെയും എല്ലാ മാർഗങ്ങളും അവൾക്ക് നൽകപ്പെട്ടിരിക്കുന്നു. ഗംഭീരമായ ഒരു സിംഹാസനവും അവൾക്കുണ്ട്; അതിന് മുകളിലിരുന്നു കൊണ്ടാണ് തൻ്റെ ജനതയുടെ കാര്യങ്ങൾ അവൾ നിയന്ത്രിക്കുന്നത്.
(24) ഈ സ്ത്രീയും അവളുടെ സമൂഹവും സൂര്യന് മുൻപിലാണ് സാംഷ്ടാംഗം ചെയ്യുന്നത്; അല്ലാഹുവിനല്ല. അവർ നിലകൊള്ളുന്ന ബഹുദൈവാരാധനയും തിന്മകളും നിറഞ്ഞ ഈ പ്രവൃത്തി പിശാച് അവർക്ക് ഭംഗിയാക്കി തോന്നിപ്പിക്കുകയും, അവരെ സത്യപാതയിൽ നിന്ന് വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ അതിലേക്ക് വഴിപ്രാപിക്കുന്നില്ല.
(25) ആകാശത്തിൽ ഒളിപ്പിച്ചു വെച്ച മഴയെയും, ഭൂമിയിൽ ഒളിപ്പിച്ച ചെടികളെയും പുറത്തു കൊണ്ടുവരികയും, നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതുമായ പ്രവർത്തനങ്ങളെ -അതിലൊന്നിലും അവ്യക്തതയില്ലാതെ- അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് മാത്രം സാഷ്ടാംഗം ചെയ്യുന്നവരായി അവർ മാറാതിരിക്കുന്നതിന് പിശാച് അവരുടെ ബഹുദൈവാരാധനയും തിന്മകളും ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു.
(26) അല്ലാഹു; അവന് പുറമെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മഹത്തരമായ സിംഹാസനത്തിൻ്റെ രക്ഷിതാവത്രെ അവൻ.
(27) സുലൈമാൻ -عَلَيْهِ السَّلَامُ- മരംകൊത്തിയോട് പറഞ്ഞു: നീ ഈ പറഞ്ഞതെല്ലാം സത്യമാണോ, അതല്ല കളവാണോ എന്ന് നാം പരിശോധിക്കുന്നതാണ്.
(28) അങ്ങനെ സുലൈമാൻ ഒരു കത്ത് എഴുതുകയും, അത് മരംകൊത്തിയെ ഏൽപ്പിക്കുകയും ചെയ്തു. ശേഷം അതിനോട് അദ്ദേഹം പറഞ്ഞു: നീ എൻ്റെ ഈ കത്തും കൊണ്ട് സബഉകാരുടെ അടുക്കൽ പോവുകയും, അവരെ ഇത് ഏൽപ്പിക്കുകയും ചെയ്യുക. അതിനെ കുറിച്ച് അവരെന്താണ് പരസ്പരം ചർച്ച ചെയ്യുന്നതെന്ന് കേൾക്കാനായി നീ അവരിൽ നിന്ന് കുറച്ച് മാറിനിൽക്കുകയും ചെയ്യുക.
(29) അങ്ങനെ രാജ്ഞി ആ കത്ത് കൈപ്പറ്റുകയും, അവർ പറയുകയും ചെയ്തു: അല്ലയോ പ്രമുഖരേ! എനിക്കിതാ മാന്യവും പ്രൗഢവുമായ ഒരു കത്ത് ലഭിച്ചിരിക്കുന്നു.
(30) സുലൈമാനിൽ നിന്നുള്ള ഈ കത്തിൻ്റെ ഉള്ളടക്കം ആരംഭിക്കുന്നത് "ബിസ്മില്ലാഹി റഹ്മാനി റഹീം" (സർവ്വവിശാലമായ കാരുണ്യമുള്ളവനും (റഹ്മാൻ) അങ്ങേയറ്റം കരുണ ചൊരിയുന്നവനുമായ (റഹീം) അല്ലാഹുവിൻ്റെ നാമത്തിൽ) എന്നു പറഞ്ഞു കൊണ്ടാണ്.
(31) നിങ്ങൾ അഹങ്കാരം കാണിക്കരുത്. ഞാൻ നിങ്ങളെ ക്ഷണിക്കുന്ന ഏകനായ അല്ലാഹുവിനെ ആരാധിക്കുക എന്ന തൗഹീദിന് കീഴൊതുങ്ങിയും സമർപ്പിച്ചും, നിങ്ങൾ നിലകൊള്ളുന്ന -സൂര്യാരാധന പോലുള്ള- അല്ലാഹുവിന് പങ്കാളികളെ നിശ്ചയിക്കുന്ന ശിർക്ക് ഉപേക്ഷിച്ചു കൊണ്ടും എൻ്റെ അടുത്ത് വരിക.
(32) രാജ്ഞി പറഞ്ഞു: പൗരപ്രമുഖരേ! നേതാക്കളേ! എൻ്റെ ഈ വിഷയത്തിൽ എന്താണ് ശരിയെന്ന് നിങ്ങൾ എനിക്ക് വിശദീകരിച്ചു തരിക. നിങ്ങളുടെ സാന്നിധ്യത്തിൽ, നിങ്ങളുടെ അഭിപ്രായം പ്രകടമാക്കിയതിന് ശേഷമല്ലാതെ ഞാൻ ഒരു കാര്യത്തിലും വിധി പ്രസ്താവിക്കാറില്ലല്ലോ?!
(33) അവരുടെ ജനതയിലെ പൗരപ്രമുഖർ പറഞ്ഞു: നാം വളരെ ശക്തിയുള്ളവരും, യുദ്ധത്തിൽ കടുത്ത പോരാട്ടവീര്യമുള്ളവരും തന്നെയാണ്. മഹതിയുടെ അഭിപ്രായമെന്തോ; അത് തന്നെയാണ് (നമ്മുടെയും) അഭിപ്രായം. അത് നടപ്പിലാക്കാൻ ശേഷിയുള്ളവർ തന്നെയാണ് നാം.
(34) രാജ്ഞി പറഞ്ഞു: തീർച്ചയായും രാജാക്കന്മാർ ഏതെങ്കിലും നാട്ടിൽ പ്രവേശിച്ചാൽ കൊന്നും കൊള്ളയടിച്ചും പിടിച്ചെടുത്തും, അവിടെയുള്ള പ്രതാപവും ശേഷിയുമുണ്ടായിരുന്ന നേതാക്കളെയും പൗരപ്രമുഖരെയും നിന്ദ്യരാക്കിയും ആ നാട് നശിപ്പിക്കാറാണ് പതിവ്. ഏതെങ്കിലും നാട്ടിൽ അധികാരം പിടിച്ചെടുത്താൽ ആ നാട്ടുകാരിൽ ഭയവും ബഹുമാനവും നിറക്കാൻ അപ്രകാരമാണ് രാജാക്കന്മാർ സ്ഥിരം പ്രവർത്തിക്കാറുള്ളത്.
(35) ഈ കത്തെഴുതിയ വ്യക്തിക്കും, അദ്ദേഹത്തിൻ്റെ സമൂഹത്തിനും നാം ഒരു സമ്മാനം അയക്കുകയാണ്. ഈ സമ്മാനം അയച്ചു കൊടുത്ത ശേഷം ദൂതന്മാർ എന്തു വിവരവുമായാണ് തിരിച്ചെത്തുന്നതെന്ന് ഞാൻ നോക്കട്ടെ.
(36) അങ്ങനെ അവളുടെ (രാജ്ഞിയുടെ) ദൂതനും അയാളോടൊപ്പം സുലൈമാനുള്ള പാരിതോഷികം വഹിക്കുന്ന സഹായികളും സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ പാരിതോഷികം അയച്ചതിൽ അനിഷ്ടം പ്രകടമാക്കി കൊണ്ട് അദ്ദേഹം പറഞ്ഞു: സമ്പത്ത് നൽകി സഹായിച്ചുകൊണ്ട് എന്നെ നിങ്ങളിൽ നിന്ന് തടുത്തു നിർത്താൻ ശ്രമിക്കുകയാണോ നിങ്ങൾ?! എങ്കിൽ, അല്ലാഹു എനിക്ക് നൽകിയ പ്രവാചകത്വവും അധികാരവും സമ്പാദ്യവുമാണ് നിങ്ങൾ നൽകിയതിനെക്കാൾ ഉത്തമമായിട്ടുള്ളത്. എന്നാൽ നിങ്ങളാകുന്നു ഐഹികജീവിതത്തിൻ്റെ വിഭവങ്ങൾ സമ്മാനമായി നൽകപ്പെടുമ്പോൾ സന്തോഷിക്കുന്നവർ.
(37) സുലൈമാൻ -عَلَيْهِ السَّلَامُ- രാജ്ഞിയുടെ ദൂതനോട് പറഞ്ഞു: നീ കൊണ്ട് വന്ന പാരിതോഷികവുമായി അവരുടെ അടുത്തേക്ക് തന്നെ തിരിച്ചു പോവുക. അവൾക്കും അവളുടെ ജനതക്കും നേരിടാൻ സാധിക്കാത്ത സൈന്യങ്ങളുമായി നാം അവരുടെ അടുക്കൽ വരുന്നതാണ്. നമ്മുടെയരികിൽ കീഴൊതുക്കത്തോടെ അവർ വരുന്നില്ലെങ്കിൽ, പ്രതാപത്തോടെ ജീവിച്ചിരുന്ന അവസ്ഥക്ക് ശേഷം നിന്ദ്യരായി അവരെ സബഇൽ നിന്ന് നാം പുറത്താക്കുകയും ചെയ്യുന്നതാണ്.
(38) രാജ്യതന്ത്രജ്ഞരെ വിളിച്ചു കൊണ്ട് സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അല്ലയോ പ്രമുഖരേ! നിങ്ങളിൽ ആരാണ് അവളുടെ (സബഇലെ രാജ്ഞിയുടെ) അധികാരക്കസേര (സിംഹാസനം) അവരിവിടെ കീഴൊതുങ്ങിയവരായി എത്തുന്നതിന് മുൻപ് എനിക്ക് എത്തിച്ചു തരിക?!
(39) ജിന്നുകളിൽ പെട്ട മല്ലനായ ഒരുവൻ പറഞ്ഞു: അവളുടെ സിംഹാസനം താങ്കൾ ഇപ്പോൾ ഇരിക്കുന്ന ഈ സദസ്സിൽ നിന്ന് താങ്കൾ എഴുന്നേൽക്കുന്നതിന് മുൻപ് ഞാൻ കൊണ്ടു വന്നുതരാം. തീർച്ചയായും അത് കൊണ്ടുവരാൻ മാത്രം ശക്തനും, അതിലുള്ളത് സംരക്ഷിക്കുന്ന വിശ്വസ്തനുമാണ് ഞാൻ. അതിൽ നിന്ന് ഒന്നും തന്നെ ഞാൻ കുറക്കുകയില്ല.
(40) സുലൈമാൻ്റെ അരികിൽ ഉണ്ടായിരുന്ന പണ്ഡിതനും സച്ചരിതനുമായിരുന്ന, വേദഗ്രന്ഥത്തിലെ വിജ്ഞാനമുണ്ടായിരുന്ന, അല്ലാഹു വിളിച്ചു പ്രാർത്ഥിക്കപ്പെട്ടാൽ ഉത്തരം നൽകുന്ന അവൻ്റെ 'ഏറ്റവും മഹത്തരമായ നാമം (ഇസ്മുൽ അഅ്ദ്വം)' അറിയുമായിരുന്ന ഒരാൾ പറഞ്ഞു: താങ്കളുടെ കണ്ണിമ വെട്ടുന്നതിന് മുൻപ് ഞാൻ അവളുടെ സിംഹാസനം കൊണ്ടു വന്നുതരാം. അതിനായി ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട താമസം അവൻ അത് കൊണ്ടുവന്നു തരും. അങ്ങനെ അദ്ദേഹം വിളിച്ചു പ്രാർത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിൻ്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും ചെയ്തു. തൻ്റെ അരികിലായി അവളുടെ സിംഹാസനം എത്തിനിൽക്കുന്നത് കണ്ടപ്പോൾ സുലൈമാൻ പറഞ്ഞു: ഇത് എൻ്റെ രക്ഷിതാവിൻ്റെ ഔദാര്യമാകുന്നു. ഞാൻ അവൻ്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കുമോ, അതല്ല നന്ദികേട് കാണിക്കുകയാണോ ചെയ്യുക എന്ന് അവൻ എന്നെ പരീക്ഷിക്കുന്നതിന് വേണ്ടിയാകുന്നു ഇത്. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിച്ചാൽ അവൻ്റെ നന്ദിപ്രകടനത്തിൻ്റെ ഗുണഫലം അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു അതിൽ നിന്നെല്ലാം പരമധന്യനാണ്; അടിമകളുടെ നന്ദി അവന് എന്തെങ്കിലും വർദ്ധിപ്പിക്കുന്നില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുകയും അതിന് നന്ദി പ്രകടിപ്പിക്കാതിരിക്കുകയും ചെയ്താൽ തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ്റെ നന്ദിയിൽ നിന്ന് ധന്യനാണ്. അവൻ അങ്ങേയറ്റം ഉൽകൃഷ്ടതയുള്ളവനുമാണ്; അതു കൊണ്ടാണ് അവൻ്റെ അനുഗ്രഹങ്ങൾ നിഷേധിക്കുന്നവർക്ക് മേലും അവൻ അവ ചൊരിഞ്ഞു നൽകുന്നത്.
(41) സുലൈമാൻ -عَلَيْهِ السَّلَامُ- പറഞ്ഞു: അവളുടെ സിംഹാസനം അതിൻ്റെ മുൻപുള്ള രൂപത്തിൽ നിന്ന് വ്യത്യാസപ്പെടുത്തുക. അത് തൻ്റെ സിംഹാസനമാണെന്ന് തിരിച്ചറിയുന്നവരായിരിക്കുമോ അവൾ, അതല്ല തങ്ങളുടെ വസ്തുവകകൾ തിരിച്ചറിയാത്തവരിലാണോ അവൾ ഉൾപ്പെടുക എന്ന് നമുക്ക് നോക്കാം.
(42) സബഇലെ രാജ്ഞി സുലൈമാൻ്റെ അരികിൽ എത്തിയപ്പോൾ അവളോട് -ഒരു പരീക്ഷണമെന്ന നിലക്ക്- ചോദിക്കപ്പെട്ടു: ഇത് നിങ്ങളുടെ സിംഹാസനം പോലുണ്ടോ? അവൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു: അത് പോലെയുണ്ടെന്ന് തോന്നുന്നു. അപ്പോൾ സുലൈമാൻ പറഞ്ഞു: അല്ലാഹു ഇവൾക്ക് മുൻപ് തന്നെ നമുക്ക് അറിവ് നൽകിയിട്ടുണ്ട്. അത്തരം കാര്യങ്ങൾക്കെല്ലാം അവന് കഴിവുണ്ട് എന്നതിനാൽ. നാമാകട്ടെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുകയും, അവനെ അനുസരിക്കുകയും ചെയ്തിരുന്ന (മുസ്ലിംകൾ) ആയിരുന്നു താനും.
(43) തൻ്റെ ജനതയെ അന്ധമായി പിൻപറ്റിക്കൊണ്ട് അവൾ ആരാധിച്ചിരുന്ന ആരാധ്യവസ്തുക്കൾ അല്ലാഹുവിനെ ഏകനാക്കുക എന്നതിൽ നിന്ന് അവളെ വഴിതെറ്റിച്ചിരുന്നു. തീർച്ചയായും അവൾ അല്ലാഹുവിനെ നിഷേധിക്കുന്ന ഒരു ജനതയിൽ പെട്ടവളായിരുന്നു. അതിനാൽ അവളും അവരെ പോലെ (അല്ലാഹുവിനെ) നിഷേധിക്കുന്നവളായിരുന്നു.
(44) കൊട്ടാരത്തിൽ പ്രവേശിച്ചു കൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. അതാകട്ടെ ഒരു പ്രതലം പോലെയാണുള്ളത്. അങ്ങനെ അത് കണ്ടപ്പോൾ വെള്ളമാണെന്ന് അവൾ ധരിച്ചു പോവുകയും, അതിൽ ചവിട്ടുന്നതിനായി തൻ്റെ കണങ്കാലിൽ നിന്ന് വസ്ത്രം ഉയർത്തുകയും ചെയ്തു. സുലൈമാൻ പറഞ്ഞു: ഇത് മിനുക്കിയ സ്ഫടികം കൊണ്ടുള്ള കൊട്ടാരമാകുന്നു. അങ്ങനെ അദ്ദേഹം അവളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവൾ ഇസ്ലാം സ്വീകരിച്ചു കൊണ്ട് പറഞ്ഞു: എൻ്റെ രക്ഷിതാവേ! തീർച്ചയായും ഞാൻ നിന്നോടൊപ്പം മറ്റുള്ളവരെയും ആരാധിച്ചു കൊണ്ട് എന്നോട് തന്നെ അതിക്രമം പ്രവർത്തിച്ചിരിക്കുന്നു. (എന്നാൽ ഇപ്പോൾ) സുലൈമാനോടൊപ്പം സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് ഞാൻ കീഴൊതുങ്ങിയിരിക്കുന്നു.
(45) അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കൂ എന്ന സന്ദേശവുമായി ഥമൂദ് ഗോത്രത്തിലേക്ക് അവരുടെ വംശസഹോദരൻ സ്വാലിഹിനെ നാം നിയോഗിച്ചു. അപ്പോൾ അവരതാ അദ്ദേഹത്തിൻ്റെ പ്രബോധനത്തിന് ശേഷം രണ്ട് കക്ഷികളായി മാറുന്നു. ഒരു വിഭാഗം (അല്ലാഹുവിൽ) വിശ്വസിച്ചവരും, മറുവിഭാഗം (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായി. അങ്ങനെ ആരാണ് സത്യത്തിലെന്ന് പരസ്പരം അവർ തർക്കിച്ചു കൊണ്ടിരുന്നു.
(46) സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: അല്ലാഹുവിൻ്റെ കാരുണ്യത്തിന് മുൻപ് അവൻ്റെ ശിക്ഷക്ക് നിങ്ങൾ ധൃതികൂട്ടുന്നതെന്തിനാണ്?! നിങ്ങളുടെ തിന്മകൾ പൊറുക്കാനും, അങ്ങനെ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയാനും അല്ലാഹുവിനോട് നിങ്ങൾക്ക് തേടാമായിരുന്നില്ലേ?!
(47) സത്യത്തിനെതിരെ ഉറച്ചു നിന്നു കൊണ്ട് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞു: നീയും നിന്നോടൊപ്പമുള്ള വിശ്വാസികളും ഞങ്ങൾക്കൊരു ശകുനമായിരിക്കുന്നു. സ്വാലിഹ് -عَلَيْهِ السَّلَامُ- അവരോട് പറഞ്ഞു: ഏതൊരു പ്രയാസം നിങ്ങളെ ബാധിക്കുന്നതു കാരണത്താലാണോ നിങ്ങൾ ശകുനത്തെ പഴിക്കുന്നത്, അതിനെ കുറിച്ചുള്ള എല്ലാ അറിവും അല്ലാഹുവിങ്കലാകുന്നു. അവന് യാതൊന്നും അവ്യക്തമാവുകയില്ല. എന്നാൽ നിങ്ങളാകട്ടെ; നിങ്ങൾക്ക് തുറന്നു നൽകപ്പെട്ട നന്മകളാലും, നിങ്ങളെ ബാധിക്കുന്ന തിന്മകളാലും പരീക്ഷിക്കപ്പെടുന്ന ഒരു സമൂഹമത്രെ.
(48) ഹിജ്ർ പട്ടണത്തിൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും ഭൂമിയിൽ കുഴപ്പം വിതക്കുന്ന ഒമ്പതു പേരുണ്ടായിരുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടോ, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ ഭൂമിയിൽ നന്മയുണ്ടാക്കാത്തവരായിരുന്നു അവർ.
(49) അവർ പരസ്പരം പറഞ്ഞു: നമുക്ക് സ്വാലിഹിൻ്റെ വീട്ടിലേക്ക് രാത്രി ചെല്ലാമെന്നും, അങ്ങനെ അവനെയും അവൻ്റെ കുടുംബത്തെയും കൊന്നുകളയാമെന്നും, ശേഷം അവൻ്റെ രക്തബന്ധുക്കളോട് 'ഞങ്ങൾ സ്വാലിഹിൻ്റെയോ കുടുംബത്തിൻ്റെയോ കൊലപാതകത്തിന് സാക്ഷികളായിട്ടില്ലെന്നും, ഞങ്ങൾ ഈ പറയുന്നതിൽ സത്യവാന്മാരാണെന്നും' അവരോട് പറയുകയും ചെയ്യാമെന്ന് നിങ്ങളോരോരുത്തരും അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യുക.
(50) സ്വാലിഹിനെയും അദ്ദേഹത്തെ പിൻപറ്റിയ മുഅ്മിനുകളെയും നശിപ്പിക്കാനായി രഹസ്യമായി അവർ ഒരു തന്ത്രം മെനഞ്ഞു. എന്നാൽ അദ്ദേഹത്തെ അവരുടെ തന്ത്രത്തിൽ നിന്നും രക്ഷപ്പെടുത്താനും അദ്ദേഹത്തെ സഹായിക്കാനും അദ്ദേഹത്തിൻ്റെ ജനതയിലെ കാഫിറുകളെ നശിപ്പിക്കാനും നാം ഒരു തന്ത്രം മെനയുകയും ചെയ്തു. എന്നാൽ അവരതിനെ കുറിച്ച് ബോധവാന്മാരായിരുന്നില്ല.
(51) അല്ലാഹുവിൻ്റെ റസൂലേ! ചിന്തിച്ചു നോക്കുക! അവരുടെ തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും പര്യവസാനം എങ്ങനെയായിരുന്നു?! നമ്മുടെ പക്കൽ നിന്നുള്ള ശിക്ഷ കൊണ്ട് നാം അവരെ വേരോടെ പിഴുതെറിയുകയും, അവരെല്ലാം നശിക്കുകയും ചെയ്തു.
(52) അതാ അവരുടെ വീടുകൾ; അവയുടെ ചുമരുകൾ മേൽക്കൂരയോടെ തകർന്നടിഞ്ഞു കിടക്കുന്നു. വീട്ടുകാരില്ലാതെ അവയെല്ലാം ശൂന്യമായി തീർന്നു. അവരുടെ അതിക്രമം കാരണത്താലായിരുന്നു അത്. തീർച്ചയായും അവരുടെ അതിക്രമം കാരണത്താൽ അവരെ ബാധിച്ച ഈ ശിക്ഷയിൽ (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനതക്ക് ഗുണപാഠമുണ്ട്. (വിശ്വസിച്ചവർ;) അവർ തന്നെയാകുന്നു ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നവർ.
(53) സ്വാലിഹ് -عَلَيْهِ السَّلَامُ- ൻ്റെ ജനതയിൽ നിന്ന് അല്ലാഹുവിൽ വിശ്വസിച്ചവരെ നാം രക്ഷപ്പെടുത്തി. അവർ അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരായിരുന്നു.
(54) അല്ലാഹുവിൻ്റെ റസൂലേ! ലൂത്വിനെ താങ്കൾ സ്മരിക്കുക. അദ്ദേഹം തൻ്റെ ജനതയെ ആക്ഷേപിച്ചു കൊണ്ടും, അവരുടെ തിന്മ വിലക്കി കൊണ്ടും പറഞ്ഞു: നിങ്ങൾ നിങ്ങളുടെ സദസ്സുകളിൽ ഈ നീചവൃത്തി -സ്വവർഗസംഭോഗം- പരസ്യമായി ചെയ്യുകയും, അങ്ങോട്ടുമിങ്ങോട്ടും അത് വീക്ഷിക്കുകയുമാണോ?!
(55) കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്മാരെയാണോ നിങ്ങൾ സമീപിക്കുന്നത്?! ചാരിത്ര്യസംരക്ഷണമോ സന്താനങ്ങളെയോ നിങ്ങൾ ആഗ്രഹിക്കുന്നില്ല; കേവലം മൃഗതുല്ല്യമായ തൃഷ്ണയടക്കുക എന്ന ലക്ഷ്യം മാത്രമാണ് നിങ്ങൾക്കുള്ളത്. അല്ല! നിങ്ങൾക്ക് മേൽ നിർബന്ധമായിട്ടുള്ള വിശ്വാസവും പരിശുദ്ധിയും തിന്മകളിൽ നിന്നുള്ള അകൽച്ചയും എന്തെല്ലാമാണെന്ന് അറിയാത്ത വിഡ്ഢികളായ ഒരു ജനതയാകുന്നു നിങ്ങൾ.
(56) അദ്ദേഹത്തിൻ്റെ സംസാരത്തിന് മറുപടിയായി ആ ജനതക്ക് പറയാനുണ്ടായിരുന്നത് ഇതു മാത്രമാണ്: ലൂത്വിൻ്റെ കൂട്ടരെ നിങ്ങളുടെ നാട്ടിൽ നിന്ന് നിങ്ങൾ പുറത്താക്കുക. തീർച്ചയായും അവർ വൃത്തികേടുകളിൽ നിന്നും മ്ലേഛതകളിൽ നിന്നുമൊക്കെ ശുദ്ധി പാലിക്കുന്ന കൂട്ടരാകുന്നു. തങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മ്ലേഛതകളിൽ പങ്കാളികളാകാതെ അതിനെ എതിർക്കുന്നവരാണ് അവർ എന്നതിനാൽ ലൂത്വിനോടൊപ്പമുള്ളവരെ പരിഹസിച്ചു കൊണ്ടാണ് അവർ അപ്രകാരം പറഞ്ഞത്.
(57) അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിൻ്റെ ഭാര്യയൊഴികെ. ശിക്ഷക്കായി പിന്തിനിൽക്കുകയും, അതിൽ നശിച്ചു പോവുകയും ചെയ്യുന്നവരിലാണ് അവളെ നാം നിശ്ചയിച്ചത്.
(58) ആകാശത്ത് നിന്ന് അവർക്ക് മേൽ നാം കല്ലുമഴ പെയ്യിച്ചു. ശിക്ഷയെ കുറിച്ച് താക്കീത് ചെയ്യപ്പെടുകയും, അതിന് ഉത്തരം നൽകാതിരിക്കുകയും ചെയ്തവരെ ബാധിച്ച ആ മഴ വളരെ മോശവും നാശകരവുമായിരുന്നു.
(59) അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് സർവ്വസ്തുതിയും. ലൂത്വിൻ്റെയും സ്വാലിഹിൻ്റെയും സമൂഹങ്ങൾക്ക് ബാധിച്ചതു പോലുള്ള ശിക്ഷയിൽ നിന്ന് നബി -ﷺ- യുടെ അനുചരന്മാർക്ക് രക്ഷയുണ്ടാവുകയും ചെയ്യട്ടെ. യഥാർഥ ആരാധ്യനും, എല്ലാ വസ്തുക്കളുടെയും സർവ്വാധികാരമുള്ളവനുമായ അല്ലാഹുവാണോ; അതല്ല ബഹുദൈവാരാധകർ ആരാധിക്കുന്ന ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത ആരാധ്യവസ്തുക്കളാണോ നല്ലത്?!
(60) ആകാശങ്ങളെയും ഭൂമിയെയും മുൻമാതൃകയൊന്നുമില്ലാതെ സൃഷ്ടിക്കുകയും, -ജനങ്ങളേ!- നിങ്ങൾക്കായി ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ നിങ്ങൾക്ക് വേണ്ടി ഭംഗിയും സൗന്ദര്യവുമുള്ള പൂന്തോട്ടങ്ങൾ -അതിലെ ചെടികൾ മുളപ്പിക്കാൻ നിങ്ങൾക്കൊരിക്കലും സാധിക്കില്ലെന്നിരിക്കെ- അവ മുളപ്പിക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇവയെല്ലാം പ്രവർത്തിക്കാൻ സാധിക്കുന്ന മറ്റൊരു ആരാധ്യനോ?! അല്ല! അവർ സത്യത്തിൽ നിന്ന് വ്യതിചലിക്കുകയും, സ്രഷ്ടാവിനെയും സൃഷ്ടികളെയും അന്യായമായി സമപ്പെടുത്തുകയും ചെയ്യുന്നവരത്രെ.
(61) അഥവാ, ഭൂമിയെ വാസയോഗ്യമാക്കുകയും, അതിന് മുകളിൽ വസിക്കുന്നവരെയും കൊണ്ട് കുലുങ്ങാതിരിക്കുന്ന രൂപത്തിൽ ഉറപ്പിച്ചു നിർത്തുകയും, അതിനുള്ളിൽ ഒഴുകുന്ന നദികൾ നിശ്ചയിക്കുകയും, ഉറപ്പിച്ചു നിർത്തുന്ന പർവ്വതങ്ങൾ ഉണ്ടാക്കുകയും, ഉപ്പുരസമുള്ളതും ശുദ്ധമായതുമായ രണ്ട് സമുദ്രങ്ങൾക്കിടയിൽ അവ പരസ്പരം കൂടിച്ചേരുകയും, അങ്ങനെ ശുദ്ധവെള്ളം കുടിക്കാൻ പറ്റാത്ത രൂപത്തിലാവുകയും ചെയ്യാതിരിക്കുന്നതിന് വേണ്ടി അവ രണ്ടിനുമിടയിൽ ഒരു തടസ്സം നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിനോടൊപ്പം, ഈ പറഞ്ഞതെല്ലാം പ്രവർത്തിച്ച മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! എന്നാൽ അവരിൽ ബഹുഭൂരിപക്ഷം പേരും അറിയുന്നവരല്ല. അവർക്ക് (യാഥാർഥ്യം) അറിയുമായിരുന്നെങ്കിൽ അവർ അല്ലാഹുവിനോടൊപ്പം അവൻ്റെ സൃഷ്ടികളെ പങ്കാളികളാക്കി നിശ്ചയിക്കുമായിരുന്നില്ല.
(62) തൻ്റെ കാര്യങ്ങൾ കടുത്തപ്രയാസത്തിലാവുകയും, കഠിനമായിത്തീരുകയും ചെയ്തവൻ വിളിച്ചു പ്രാർത്ഥിച്ചാൽ അവന് ഉത്തരം നൽകുകയും, മനുഷ്യനെ ബാധിക്കുന്ന രോഗവും ദാരിദ്ര്യവും മറ്റും പോലുള്ള പ്രയാസങ്ങൾ അവന് നീക്കിക്കൊടുക്കുകയും, ഒരു തലമുറ പിന്നിട്ടാൽ അടുത്ത തലമുറയെന്ന നിലയിൽ നിങ്ങളെ ഭൂമിയിൽ പിന്തുടർച്ചാവകാശികളാക്കുകയും ചെയ്തവനായ അല്ലാഹുവോടൊപ്പം ഇതെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനുണ്ടെന്നോ?! അല്ല! നിങ്ങൾ വളരെ കുറച്ച് മാത്രമെ ഉറ്റാലോചിക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും ചെയ്യുന്നുള്ളൂ.
(63) കരയുടെ ഇരുട്ടുകളിലും, കടലിൻ്റെ ഇരുട്ടുകളിലും അല്ലാഹു നിശ്ചയിച്ച വഴിയടയാളങ്ങളിലൂടെയും നക്ഷത്രങ്ങളിലൂടെയും നിങ്ങൾക്ക് വഴികാണിക്കുകയും, തൻ്റെ അടിമകളുടെ മേൽ കാരുണ്യം വിതറുന്ന മഴ വർഷിക്കാനായിട്ടുണ്ടെന്ന സന്തോഷവാർത്ത നൽകുന്ന കാറ്റുകളെ അയക്കുകയും ചെയ്തവനായ അല്ലാഹുവിന് പുറമെ ഇവയെല്ലാം പ്രവർത്തിക്കുന്ന മറ്റൊരു ആരാധ്യനെന്നോ?! അവർ പങ്കുചേർക്കുന്ന അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട പങ്കാളികളിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനാവുകയും മഹത്വമുള്ളവനാവുകയും ചെയ്തിരിക്കുന്നു.
(64) ഘട്ടംഘട്ടമായി ഗർഭപാത്രത്തിൽ സൃഷ്ടിപ്പ് ആരംഭിക്കുകയും, ശേഷം അവനെ മരിപ്പിച്ചതിന് ശേഷം വീണ്ടും ഉയിർത്തെഴുന്നേൽപ്പിക്കുകയും, ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിക്കുന്ന മഴയിലൂടെ നിങ്ങൾക്ക് ഉപജീവനം നൽകുകയും, ഭൂമിയിൽ മുളപ്പിക്കുന്ന ചെടികളിലൂടെ നിങ്ങൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നവനായ അല്ലാഹുവോടൊപ്പം അപ്രകാരം ചെയ്യുന്ന മറ്റൊരു ആരാധ്യനോ?! അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ നിലകൊള്ളുന്ന ഈ ബഹുദൈവാരാധനക്ക് നിങ്ങളുടെ പ്രമാണം കൊണ്ടുവരൂ! നിങ്ങളാണ് സത്യത്തിൽ നിലകൊള്ളുന്നത് എന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (അപ്രകാരം ചെയ്യുക).
(65) അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശങ്ങളിലുള്ള മലക്കുകളോ, ഭൂമിയിലുള്ള മനുഷ്യരോ അദൃശ്യമറിയുകയില്ല. എന്നാൽ അല്ലാഹു മാത്രമാകുന്നു അദൃശ്യം അറിയുന്നവൻ. (ഇഹലോകത്ത് പ്രവർത്തിച്ചതിനുള്ള) പ്രതിഫലം നൽകപ്പെടുന്നതിനായി എന്നാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക എന്ന കാര്യം ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരാൾക്കും അറിയുകയില്ല.
(66) അതല്ല, അന്ത്യനാളിനെ കുറിച്ചുള്ള അവരുടെ വിവരം വർദ്ധിക്കുകയും, അങ്ങനെ അവർക്കതിനെ കുറിച്ച് ദൃഢബോധ്യം വന്നിരിക്കുകയുമാണോ?! അല്ല! മറിച്ച്, അവർ പരലോകത്തെ കുറിച്ച് സംശയത്തിലും പരിഭ്രാന്തിയിലുമാകുന്നു. എന്നാൽ അവരുടെ ഉൾക്കണ്ണുകൾ അതിനെ കുറിച്ചുള്ള അന്ധതയിലാകുന്നു.
(67) (അല്ലാഹുവിനെ) നിഷേധിച്ചവർ അത്ഭുതത്തോടെ ചോദിക്കുന്നു: നാം മരിക്കുകയും, മണ്ണായിത്തീരുകയും ചെയ്താൽ വീണ്ടും ജീവനുള്ളവരായി ഉയിർത്തെഴുനേൽപ്പിക്കപ്പെടുമെന്നോ?!
(68) ഞങ്ങൾക്കും, ഞങ്ങൾക്ക് മുൻപ് ഞങ്ങളുടെ പിതാക്കൾക്കും ഈ കാര്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്; ഞങ്ങളെല്ലാം പുനരുജ്ജീവിപ്പിക്കപ്പെടുന്നതാണെന്ന്. എന്നാൽ അത് പുലരുന്നത് ഞങ്ങളാരും കണ്ടില്ല. (അതിനാൽ) നമുക്കെല്ലാം നൽകപ്പെട്ടിരിക്കുന്ന ഈ വാഗ്ദാനം കേവലം പൂർവ്വികർ അവരുടെ ഏടുകളിൽ രേഖപ്പെടുത്തിയ ചില കള്ളങ്ങൾ മാത്രമാകുന്നു.
(69) അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് താങ്കൾ പറയുക: നിങ്ങൾ ഭൂമിയിൽ ഏതു ദിശയിലേക്കും സഞ്ചരിച്ചു കൊള്ളുക. എന്നിട്ട് എങ്ങനെയായിരുന്നു പുനരുത്ഥാനത്തെ നിഷേധിച്ച അതിക്രമികളുടെ പര്യവസാനം എന്നു ചിന്തിക്കുക! അന്ത്യനാളിനെ നിഷേധിച്ചതിനാൽ അവരെയെല്ലാം നാം നശിപ്പിച്ചു കളഞ്ഞു.
(70) ബഹുദൈവാരാധകർ താങ്കളുടെ പ്രബോധനത്തിൽ നിന്ന് തിരിഞ്ഞു കളയുന്നതിൽ താങ്കൾ ദുഃഖിക്കേണ്ടതില്ല. അവരുടെ കുതന്ത്രമോർത്ത് താങ്കളുടെ ഹൃദയം നുറുങ്ങേണ്ടതുമില്ല. അല്ലാഹു അവർക്കെതിരെ താങ്കളെ സഹായിക്കുന്നതാണ്.
(71) നിൻ്റെ സമൂഹത്തിലെ പുനരുത്ഥാനത്തെ കളവാക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ പറയുന്നു: നീയും (അല്ലാഹുവിൽ) വിശ്വസിച്ചവരും വാഗ്ദാനം നൽകുന്ന ഈ ശിക്ഷ എന്നാണ് യാഥാർഥ്യമായി പുലരുക?! നിങ്ങൾ വാദിക്കുന്നത് സത്യമാണെങ്കിൽ (അതു പറഞ്ഞു തരിക).
(72) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങൾ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ശിക്ഷകളിൽ ചിലത് നിങ്ങളുടെ അരികിൽ തന്നെ എത്തിയിരിക്കാം.
(73) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ് ജനങ്ങളോട് വളരെ ഔദാര്യമുള്ളവനാകുന്നു. അതു കൊണ്ടാണ് അവർ നിഷേധത്തിലും തിന്മകളിലും നിലകൊണ്ടിട്ടും അവൻ അവരെ ഉടനടി ശിക്ഷിക്കാത്തത്. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നില്ല.
(74) നിൻ്റെ റബ്ബ് അവരുടെ ഹൃദയങ്ങൾ മറച്ചു വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അറിയുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവനവർക്ക് നൽകുന്നതുമാണ്.
(75) ആകാശങ്ങളിൽ ജനങ്ങൾക്ക് മേൽ മറഞ്ഞു കിടക്കുന്നതോ, ഭൂമിയിൽ മറഞ്ഞു കിടക്കുന്നതോ ആയ ഒരു കാര്യവും വ്യക്തമായ രേഖയിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെടാത്തതായില്ല.
(76) തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ ഇസ്രാഈൽ സന്തതികൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ബഹുഭൂരിപക്ഷം കാര്യങ്ങളും അവർക്ക് വിവരിച്ചു കൊടുക്കുകയും, അവരുടെ വഴികേട് വ്യക്തമാക്കി നൽകുകയും ചെയ്യുന്നു.
(77) തീർച്ചയായും ഇത് (ഖുർആൻ) (അല്ലാഹുവിൽ) വിശ്വസിക്കുകയും, (ഖുർആനിലുള്ളത്) പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് സന്മാർഗദർശിയും കാരുണ്യവുമാകുന്നു.
(78) അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കളുടെ രക്ഷിതാവ് ജനങ്ങൾക്കിടയിൽ -അവനിൽ വിശ്വസിച്ചവർക്കും, അവനെ നിഷേധിച്ചവർക്കുമിടയിൽ- അന്ത്യനാളിൽ അവൻ്റെ നീതിപൂർവ്വകമായ വിധി നടപ്പിലാക്കുന്നതാണ്. അപ്പോൾ (അവനിൽ) വിശ്വസിച്ചവരുടെ മേൽ അവൻ കാരുണ്യം ചൊരിയുകയും, നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നതാണ്. അവനാകുന്നു മഹാപ്രതാപി (അസീസ്); തൻ്റെ ശത്രുക്കളോട് പ്രതികാരനടപടി സ്വീകരിക്കുന്നവനാണവൻ. ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. എല്ലാം അറിയുന്നവനുമാണ് അവൻ (അലീം); സത്യവാനും അസത്യവാദിയും ആരെന്നത് അവന് അവ്യക്തമാവുകയില്ല.
(79) അതിനാൽ താങ്കൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുക. താങ്കളുടെ സർവ്വവിഷയങ്ങളിലും അവനെ അവലംബമാക്കുകയും ചെയ്യുക. തീർച്ചയായും താങ്കൾ വ്യക്തമായ സത്യത്തിൽ തന്നെയാകുന്നു.
(80) അല്ലാഹുവിൻ്റെ റസൂലേ! മരിച്ചവരെ കേൾപ്പിക്കാൻ താങ്കൾക്കാവില്ല. അഥവാ അല്ലാഹുവിനെ നിഷേധിച്ചതിനാൽ ഹൃദയം മൃതിയടഞ്ഞവരെ താങ്കൾക്ക് കേൾപ്പിക്കാനാവുകയില്ല. സത്യം കേൾക്കാൻ കഴിയാത്തവിധം അല്ലാഹു കേൾവിക്ക് ബധിരത ബാധിപ്പിച്ചവരെയും, അവർ താങ്കളെ അവഗണിച്ചു തിരിഞ്ഞുപോവുകയാണെങ്കിൽ താങ്കൾക്ക് കേൾപ്പിക്കാൻ കഴിയില്ല.
(81) സത്യം സ്വീകരിക്കാത്ത, തങ്ങളുടെ ഉൾക്കാഴ്ചക്ക് അന്ധത ബാധിച്ചവരെ നേർവഴിയിലാക്കാൻ താങ്കൾക്ക് സാധിക്കുകയില്ല. അതിനാൽ അവരുടെ കാര്യത്തിൽ താങ്കൾ വ്യസനിക്കുകയോ, സ്വയം പ്രയാസപ്പെടുത്തുകയോ വേണ്ടതില്ല. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരെയെല്ലാതെ മറ്റാർക്കും കാര്യം ഗ്രഹിപ്പിച്ചു നൽകാൻ താങ്കൾക്ക് സാധിക്കുകയില്ല. കാരണം, അവർ മാത്രമാകുന്നു അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവർ.
(82) ശിക്ഷ അവർക്ക് മേൽ നിർബന്ധമാവുകയും, അവരുടെ നിഷേധത്തിലും തിന്മകളിലും തുടർന്നതിനാൽ അതവരുടെ മേൽ ഉറക്കുകയും ചെയ്താൽ അന്ത്യനാളിൻ്റെ മുൻപായി -അന്ത്യനാൾ അടുത്തിരിക്കുന്നു എന്നതിനുള്ള പ്രധാന അടയാളങ്ങളിലൊന്നായ- ഒരു ജീവിയെ (ദാബതുൽ അർദ്വ്) നാം പുറത്തു കൊണ്ടുവരുന്നതാണ്. ജനങ്ങൾക്ക് മനസ്സിലാകുന്ന തരത്തിൽ അത് അവരോട് സംസാരിക്കുന്നതാണ്. അവർ (ജനങ്ങൾ) നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ആയത്തുകളെ സത്യപ്പെടുത്താത്തവരാണ് എന്ന കാര്യം അതവരോട് പറയും.
(83) അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച എല്ലാ സമുദായത്തിൽ നിന്നും അവരിലെ പ്രമാണിമാരുടെ കൂട്ടങ്ങളെ നാം ഒരുമിച്ചു കൂട്ടുകയും, അവരെയെല്ലാം ആദ്യം മുതൽ അവസാനം വരെ തെളിച്ചു കൊണ്ടു വരികയും, ശേഷം വിചാരണക്കായി നയിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭം സ്മരിക്കുക.
(84) അങ്ങനെ അവരെ തെളിച്ചു കൊണ്ടു വരികയും, അവർ വിചാരണയുടെ ഇടത്തേക്ക് എത്തുകയും ചെയ്താൽ അവരെ ആക്ഷേപിച്ചുകൊണ്ട് അല്ലാഹു പറയും: എന്നെ ഏകനാക്കണമെന്ന തൗഹീദും, എൻ്റെ മതനിയമങ്ങളും ഉൾക്കൊള്ളുന്ന ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയാണോ നിങ്ങൾ ചെയ്തത്?! അത് നിരർത്ഥകമാണെന്ന് വ്യക്തമായി ബോധ്യപ്പെടാത്തവരായിരിക്കെ നിങ്ങൾക്കെങ്ങനെ അവ നിഷേധിക്കാൻ സാധിക്കും?! അതല്ല; അവ കൊണ്ട് നിങ്ങളെന്താണ് -സത്യപ്പെടുത്തുകയോ നിഷേധിക്കുകയോ- ചെയ്തത്?
(85) അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തതിലൂടെ അതിക്രമം പ്രവർത്തിച്ചതിനാൽ അവരുടെ മേൽ ശിക്ഷ വന്നുഭവിച്ചു. സ്വയം പ്രതിരോധിക്കുന്നതിനായി അവർ ഒന്നും സംസാരിക്കുകയില്ല; കാരണം അവരുടെ ന്യായങ്ങൾ നിരർത്ഥകമാണെന്നതിനാൽ അതിനവർക്ക് സാധിക്കുകയില്ല.
(86) പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ നോക്കിയിട്ടില്ലേ? നാമവർക്ക് രാത്രിയെ ഉറക്കത്തിലൂടെ സമാധാനമടയാനുള്ള വേളയാക്കുകയും, പകലിനെ അവർക്ക് കാഴ്ച്ചകൾ കാണാനും, അവരുടെ ജോലികൾ നിർവ്വഹിക്കാനും സാധിക്കും വിധം പ്രകാശപൂരിതമാക്കുകയും ചെയ്തുവെന്ന്?! തീർച്ചയായും ആവർത്തിച്ചു വരുന്ന ഈ മരണത്തിലും അതിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിലും (അല്ലാഹുവിൽ) വിശ്വസിക്കുന്ന ജനങ്ങൾക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്.
(87) അല്ലാഹുവിൻ്റെ റസൂലേ! കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് രണ്ടാമത് കാഹളത്തിൽ ഊതുന്ന സന്ദർഭം സ്മരിക്കുക. അപ്പോൾ ആകാശങ്ങളിലും ഭൂമിയിലുമുള്ളവർ ഭയവിഹ്വലരാകും; അല്ലാഹു അവൻ്റെ ഔദാര്യമായി ആ ഭയത്തിൽ നിന്ന് ഒഴിച്ചു നിർത്തിയവരൊഴികെ. അന്നേ ദിവസം അല്ലാഹുവിൻ്റെ എല്ലാ സൃഷ്ടികളും അനുസരണയുള്ളവരും വിധേയരുമായി അവൻ്റെ അരികിൽ വരും.
(88) അന്നേ ദിവസം പർവ്വതങ്ങളെ നീ കാണും. അവ ഉറച്ചു നിൽക്കുന്നുവെന്നും ഇളകുന്നില്ലെന്നും നീ ധരിക്കും. എന്നാൽ യഥാർത്ഥത്തിൽ മേഘങ്ങൾ ചലിക്കുന്നത് പോലെ അവ അതിവേഗം ചലിക്കുന്നുണ്ടായിരിക്കും. അല്ലാഹുവിൻ്റെ പ്രവർത്തനമത്രെ അത്. അവനാകുന്നു അവയെ ചലിപ്പിക്കുന്നവൻ. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ചെല്ലാം വളരെ സൂക്ഷ്മമായി അറിയുന്നവനാകുന്നു അവൻ. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.
(89) ആരെങ്കിലും (അല്ലാഹുവിൽ) വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടുമാണ് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വരുന്നതെങ്കിൽ അവന് സ്വർഗമുണ്ട്. അല്ലാഹു നൽകുന്ന നിർഭയത്വത്താൽ അന്ത്യനാളിൻ്റെ ഭയവിഹ്വലതയിൽ നിന്ന് അവർ സുരക്ഷിതരുമായിരിക്കും.
(90) ആരെങ്കിലും (അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ടും, തിന്മകൾ പ്രവർത്തിച്ചു കൊണ്ടുമാണ് വന്നതെങ്കിൽ അവർക്ക് നരകമുണ്ടായിരിക്കും. അവരുടെ മുഖം കുത്തിയ നിലയിൽ അവരതിലേക്ക് വലിച്ചെറിയപ്പെടുന്നതാണ്. അവരെ ഇകഴ്ത്തിക്കൊണ്ടും ആക്ഷേപിച്ചുകൊണ്ടും പറയപ്പെടും: ഇഹലോകത്ത് നിങ്ങൾ ചെയ്തുകൂട്ടിയ നിഷേധത്തിനും തിന്മകൾക്കുമല്ലാതെ നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നുണ്ടോ?!
(91) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: മക്കയെ പവിത്രഭൂമിയാക്കിയ അതിൻ്റെ രക്ഷിതാവിനെ മാത്രം ആരാധിക്കുവാനത്രെ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്. അവിടെ രക്തം ചിന്തപ്പെടുകയോ, ആരോടെങ്കിലും അതിക്രമം പ്രവർത്തിക്കപ്പെടുകയോ, മൃഗങ്ങൾ വേട്ടയാടപ്പെടുകയോ, വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യാവതല്ല. അല്ലാഹുവിനാകുന്നു സർവ്വതിൻ്റെയും അധികാരം. അല്ലാഹുവിന് സമർപ്പിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് അവന് കീഴൊതുങ്ങുകയും ചെയ്യുന്നവരിൽ ഉൾപ്പെടുവാനാണ് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത്.
(92) ജനങ്ങൾക്ക് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കുവാനും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ആരെങ്കിലും ഖുർആനിൻ്റെ നേർമാർഗം സ്വീകരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്താൽ സന്മാർഗം സ്വീകരിച്ചതിൻ്റെ ഗുണഫലം അവനു തന്നെ. ആരെങ്കിലും വഴിപിഴക്കുകയും അതിലുള്ളതിൽ നിന്ന് വ്യതിചലിക്കുകയും, അതിനെ നിഷേധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവനോട് നീ പറയുക: ഞാൻ താക്കീതുകാരിൽ പെട്ട ഒരാൾ മാത്രമാകുന്നു. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഞാൻ നിങ്ങളെ താക്കീത് ചെയ്യുന്നു. നിങ്ങളെ സന്മാർഗത്തിലാക്കുക എന്നത് എൻ്റെ നിയന്ത്രണത്തിലല്ല.
(93) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എണ്ണിക്കണക്കാക്കുവാനാകാത്ത അനുഗ്രഹങ്ങൾക്കുള്ള സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ സ്വശരീരങ്ങളിലും ആകാശത്തിലും ഭൂമിയിലും നിങ്ങളുടെ ഉപജീവനത്തിലും നിങ്ങൾക്ക് കാണിച്ചു നൽകുന്നതാണ്. അപ്പോൾ അവയെല്ലാം നിങ്ങൾ തിരിച്ചറിയുകയും, അത് നിങ്ങളെ സത്യത്തിന് കീഴൊതുങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്. താങ്കളുടെ രക്ഷിതാവ് നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അശ്രദ്ധനല്ല. മറിച്ച്, അവൻ അവയെല്ലാം അറിയുന്നു. യാതൊരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.