17 - Al-Israa ()

|

(1) അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു; മറ്റാർക്കും സാധിക്കാത്തത് ചെയ്യാൻ കഴിവുള്ളവനാകുന്നു അവൻ. തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- യെ ആത്മാവോടെയും ശരീരത്തോടെയും ഉണർച്ചയിലായി കൊണ്ട് രാത്രിയുടെ ഒരു ഭാഗത്തിൽ മസ്ജിദുൽ ഹറമിൽ നിന്ന് ബയ്തുൽ മുഖദ്ദസിലേക്ക് യാത്ര ചെയ്യിപ്പിച്ചവനാകുന്നു അവൻ. ഫലവർഗങ്ങളും കൃഷിയും, നബിമാരുടെ വാസസ്ഥലങ്ങളുമായി നാം അനുഗ്രഹം ചൊരിഞ്ഞ പരിസരമാണ് ബയ്തുൽ മുഖദ്ദസിൻ്റേത്. അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ അദ്ദേഹം കാണുന്നതിന് വേണ്ടിയായിരുന്നു (ആ യാത്ര). തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനാകുന്നു (സമീഅ്); അവന് ഒരു ശബ്ദവും അവ്യക്തമാവുകയില്ല. അവൻ എല്ലാം കാണുന്നവനുമാകുന്നു; അവന് യാതൊരു കാഴ്ചയും മറഞ്ഞു പോവുകയില്ല.

(2) മൂസ -عَلَيْهِ السَّلَامُ- ക്ക് നാം തൗറാത്ത് നൽകി. ഇസ്രാഈൽ സന്തതികൾക്ക് വഴികാട്ടിയും നേർമാർഗദർശിയുമായി നാം അതിനെ നിശ്ചയിക്കുകയും ചെയ്തു. ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: നിങ്ങളുടെ കാര്യങ്ങൾ ഭരമേൽപ്പിക്കാനായി എനിക്ക് പുറമെ മറ്റൊരു രക്ഷാധികാരിയെ നിങ്ങൾ സ്വീകരിക്കരുത്. മറിച്ച്, നിങ്ങൾ എൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുക.

(3) മഹാപ്രളയത്തിൽ മുങ്ങിമരിക്കാതെ, നമ്മുടെ അനുഗ്രഹത്താൽ നൂഹ് നബി -عَلَيْهِ السَّلَامُ- യോടൊപ്പം നാം രക്ഷപ്പെടുത്തിയവരുടെ സന്തതിപരമ്പരയാകുന്നു നിങ്ങൾ. അതിനാൽ ആ അനുഗ്രഹം നിങ്ങൾ സ്മരിക്കുക. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ടും, അവനെ അനുസരിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവിന് നന്ദി കാണിക്കുകയും ചെയ്യുക. അക്കാര്യത്തിൽ നിങ്ങൾ നൂഹിനെ പിൻപറ്റുക; തീർച്ചയായും അദ്ദേഹം അല്ലാഹുവിനോട് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവരായിരുന്നു.

(4) ഇസ്രാഈൽ സന്തതികളെ തൗറാത്തിൽ നാം ഇപ്രകാരം അറിയിച്ചിരിക്കുന്നു: അവർ ചെയ്തു കൂട്ടുന്ന തിന്മകളാലും അഹങ്കാരത്താലും ഭൂമിയിൽ രണ്ട് തവണ കുഴപ്പമുണ്ടാകുന്നതാണ്; തീർച്ച. അങ്ങനെ അവർ അനീതിയിലൂടെയും അതിക്രമത്തിലൂടെയും ജനങ്ങൾക്ക് മേൽ അധികാരം നേടുകയും, മനുഷ്യർക്ക് മേൽ അതിരുവിട്ട നിലക്ക് അഹങ്കാരം നടിക്കുകയും ചെയ്യുന്നതാണ്.

(5) അവരെ കൊണ്ടുണ്ടാകുന്ന ആദ്യത്തെ കുഴപ്പം സംഭവിച്ചാൽ ശക്തരും അതീവ പരാക്രമശാലികളുമായ നമ്മുടെ ചില അടിമകൾക്ക് അവർക്ക് മേൽ നാം അധീശത്വം നൽകുന്നതാണ്. അവർ ഇസ്രാഈൽ സന്തതികളെ കൊന്നൊടുക്കുകയും, ചിന്നഭിന്നമാക്കുകയും ചെയ്യുന്നതാണ്. അങ്ങനെ കടന്നുപോകുന്ന വഴികളിലെല്ലാം നാശം വിതച്ചു കൊണ്ട് അവർ അവരുടെ വീടുകളിൽ കയറിയിറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ ആ വാഗ്ദാനം സംഭവിക്കുന്നത് തന്നെയാണ്; അതിൽ യാതൊരു സംശയവുമില്ല.

(6) ശേഷം -ഇസ്രാഈൽ സന്തതികളേ!- നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയപ്പോൾ നിങ്ങളുടെ രാജ്യവും, നിങ്ങൾക്ക് മേൽ അധീശത്വം പുലർത്തിയവർക്ക് മേൽ വിജയവും നാം തിരിച്ചു നൽകി. നിങ്ങളുടെ സമ്പാദ്യങ്ങൾ കൊള്ളയടിക്കപ്പെടുകയും, നിങ്ങളുടെ സന്താനങ്ങൾ അടിമകളാക്കപ്പെടുകയും ചെയ്ത ശേഷം അവയും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു നൽകി. നിങ്ങളുടെ ശത്രുക്കളെക്കാൾ നിങ്ങളെ നാം അംഗബലമുള്ളവരാക്കുകയും ചെയ്തു.

(7) ഇസ്രാഈൽ സന്തതികളേ! നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ നന്നാക്കുകയും, കൽപ്പിക്കപ്പെട്ട രൂപത്തിൽ അവ നിങ്ങൾ നിർവ്വഹിക്കുകയും ചെയ്താൽ അതിൻ്റെ പ്രതിഫലം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുക. അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യക്കാരനല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങൾ മോശമാക്കുകയാണെങ്കിൽ അതിൻ്റെ പര്യവസാനവും നിങ്ങൾക്ക് മേലായിരിക്കും. അല്ലാഹുവിന് നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുന്നതു കൊണ്ട് എന്തെങ്കിലും ഉപകാരമോ, നിങ്ങൾ അവ മോശമാക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപദ്രവമോ വരാനില്ല. (ഭൂമിയിൽ നിങ്ങൾ) രണ്ടാമതും കുഴപ്പമുണ്ടാക്കുക എന്നത് സംഭവിച്ചു കഴിഞ്ഞാൽ നിങ്ങളെ നിന്ദ്യരാക്കാൻ നിങ്ങളുടെ ശത്രുക്കൾക്ക് നാം അധികാരം നൽകും. വ്യത്യസ്ത തരത്തിലുള്ള അപമാനങ്ങൾ രുചിപ്പിക്കുന്നതിലൂടെ അവർ നിങ്ങളുടെ മുഖങ്ങളിൽ നിന്ദ്യത പ്രകടമാക്കുകയും ചെയ്യും. അങ്ങനെ അവർ ബൈതുൽ മുഖദ്ദസിൽ പ്രവേശിക്കുകയും, ആദ്യമൊരിക്കൽ അതിൽ പ്രവേശിച്ചപ്പോൾ ചെയ്തതു പോലെ അതിനെ തകർക്കുകയും ചെയ്യും. അവർ വിജയിച്ചടക്കിയ നാടുകൾ പരിപൂർണ്ണമായി അവർ തകർത്തു തരിപ്പണമാക്കുകയും ചെയ്യും.

(8) ഇസ്രാഈൽ സന്തതികളേ! അല്ലാഹു അവൻ്റെ ഈ കടുത്ത പ്രതികാരനടപടിക്കു ശേഷം നിങ്ങളോട് കാരുണ്യം കാണിച്ചേക്കാം; നിങ്ങൾ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയുമാണെങ്കിൽ. ഇനി മൂന്നാമതും അതിലധികം തവണയും വീണ്ടും കുഴപ്പമുണ്ടാക്കുന്നതിലേക്കാണ് നിങ്ങൾ മടങ്ങുന്നതെങ്കിൽ നാമും നിങ്ങളോട് വീണ്ടും പ്രതികാരം വീട്ടും. (അല്ലാഹുവിനെ) നിഷേധിക്കുന്നവർക്ക് നരകത്തെ നാം ഒരു വിരിപ്പും തൊട്ടിലുമാക്കിയിരിക്കുന്നു. അവർക്കതിൽ നിന്ന് രക്ഷപ്പെടുക സാധ്യമല്ല.

(9) തീർച്ചയായും മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഖുർആൻ മാർഗങ്ങളിൽ ഏറ്റവും നല്ലതിലേക്ക് വഴികാണിക്കുന്നു; ഇസ്ലാമിൻ്റെ വഴിയാണത്. സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന, അല്ലാഹുവിൽ വിശ്വസിച്ചിട്ടുള്ളവർക്ക് സന്തോഷമേകുന്ന വാർത്തകളും ഈ ഖുർആൻ അവരെ അറിയിക്കുന്നു. അല്ലാഹുവിങ്കൽ അവർക്ക് മഹത്തരമായ പ്രതിഫലമുണ്ട് എന്ന വാർത്തയാകുന്നു അത്.

(10) ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിശ്വസിക്കാത്തവർക്ക് അവരെ ദുഃഖിപ്പിക്കുന്ന വാർത്തയും ഈ ഖുർആൻ അറിയിക്കുന്നു. പരലോകത്ത് വേദനയേറിയ ശിക്ഷ നാം അവർക്ക് ഒരുക്കി വെച്ചിട്ടുണ്ട് എന്നതാകുന്നു അത്.

(11) മനുഷ്യൻ സ്വന്തത്തിന് നന്മ ലഭിക്കാൻ പ്രാർത്ഥിക്കുന്നത് പോലെ തന്നെ, ദേഷ്യം പിടിച്ചു കഴിഞ്ഞാൽ അവൻ്റെ വിവരക്കേട് കാരണത്താൽ സ്വന്തത്തിനെതിരെയും മക്കൾക്കും സമ്പാദ്യത്തിനും എതിരെയും പ്രാർത്ഥിക്കുന്നു. തിന്മക്ക് വേണ്ടിയുള്ള അവൻ്റെ പ്രാർത്ഥനക്ക് നാം ഉത്തരം നൽകിയിരുന്നെങ്കിൽ അവൻ ഉടനടി നശിക്കുകയും, അവൻ്റെ സമ്പാദ്യവും സന്താനങ്ങളും നശിക്കുകയും ചെയ്യുമായിരുന്നു. മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തന്നെ ധൃതിയുള്ളവനായാണ്. അതിനാൽ ചിലപ്പോൾ അവന് ഉപദ്രവമുണ്ടാക്കുന്ന കാര്യത്തിന് വേണ്ടിയും അവൻ ധൃതികൂട്ടിയേക്കാം.

(12) രാത്രിയെയും പകലിനെയും അല്ലാഹുവിൻ്റെ ഏകത്വവും ശക്തിയും ബോധ്യപ്പെടുത്തുന്ന രണ്ട് അടയാളങ്ങളായി നാം സൃഷ്ടിച്ചിരിക്കുന്നു. അവയുടെ ദൈർഘ്യത്തിലും കുറവിലും ചൂടിലും തണുപ്പിലുമുള്ള വ്യത്യാസങ്ങളിൽ ഈ ദൃഷ്ടാന്തങ്ങളുണ്ട്. അങ്ങനെ നാം രാത്രിയെ വിശ്രമത്തിനും ഉറക്കത്തിനും യോജിക്കുന്ന തരത്തിൽ ഇരുട്ടുള്ളതാക്കിയിരിക്കുന്നു. പകലിനെയും നാം പ്രകാശമുള്ളതുമാക്കിയിരിക്കുന്നു; അല്ലാഹു നിങ്ങൾക്ക് വിധിച്ച അവൻ്റെ ഔദാര്യമായ ഉപജീവനം നിങ്ങൾ അന്വേഷിക്കുന്നതിനത്രെ അത്. രാത്രിയും പകലും മാറിമാറിവരുന്നതിലൂടെ വർഷങ്ങളുടെ എണ്ണവും, നിങ്ങൾക്ക് ആവശ്യമുള്ള മാസങ്ങളുടെയും ദിവസങ്ങളുടെയും മണിക്കൂറുകളുടെയും കണക്ക് അറിയുന്നതിനുമാണ് ഇതെല്ലാം. കാര്യങ്ങൾ വേർതിരിഞ്ഞ് മനസ്സിലാകുന്നതിനായി നാം എല്ലാ കാര്യവും വിശദീകരിക്കുന്നു. സത്യവാനും അസത്യവാദിയും അതിലൂടെ വേർതിരിയുന്നു.

(13) ഓരോ മനുഷ്യനിൽ നിന്നും സംഭവിക്കുന്ന പ്രവർത്തനങ്ങൾ -കഴുത്തിൽ മാല ചേർന്നു കിടക്കുന്നതു പോലെ- അവനോട് ചേർന്നു നിൽക്കുന്നതായി നാം നിശ്ചയിച്ചിരിക്കുന്നു. അതിൻ്റെ പേരിൽ അവൻ വിചാരണ ചെയ്യപ്പെടുന്നത് വരെ അത് അവനിൽ നിന്ന് വേർപ്പെടുകയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവൻ പ്രവർത്തിച്ച നന്മയും തിന്മയുമെല്ലാം രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം നാം അവന് വേണ്ടി പുറത്തെടുത്തു നൽകുന്നതാണ്. നിവർത്തി, തുറന്നു വെക്കപ്പെട്ട നിലയിൽ തൻ്റെ മുന്നിൽ അവൻ ആ ഗ്രന്ഥം കണ്ടെത്തുന്നതാണ്.

(14) അന്നേ ദിവസം അവനോട് നാം പറയും: ഹേ മനുഷ്യാ! നിൻ്റെ ഗ്രന്ഥം വായിച്ചു നോക്കുക! നിൻ്റെ പ്രവർത്തനങ്ങൾക്കുള്ള വിചാരണ നീ തന്നെ ഏറ്റെടുത്തു കൊള്ളുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നിൻ്റെ വിചാരണക്ക് നീ തന്നെ മതിയായവനാണ്.

(15) ആരെങ്കിലും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്ക് മാർഗദർശനം സ്വീകരിച്ചാൽ അവൻ്റെ സന്മാർഗസ്വീകരണത്തിനുള്ള പ്രതിഫലം അവന് തന്നെയാണ്. ആരെങ്കിലും വഴികേടിലായാൽ ആ വഴികേടിൻ്റെ ശിക്ഷയും അവൻ്റെ മേലാണ്. ഒരാളും മറ്റൊരാളുടെ തിന്മ ഏറ്റെടുക്കുകയില്ല. നമ്മുടെ ദൂതന്മാരെ അയച്ചു കൊണ്ട് തെളിവുകൾ സ്ഥാപിക്കുന്നത് വരെ ഒരു ജനതയെയും നാം നശിപ്പിക്കുകയില്ല.

(16) നാം ഏതെങ്കിലും ഒരു രാജ്യത്തെ അവരുടെ അതിക്രമം കാരണത്താൽ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ അനുഗ്രഹങ്ങളുടെ ആധിക്യം അഹങ്കാരമുണ്ടാക്കിയവരോട് നാം കൽപ്പനകൾ നൽകും; അപ്പോൾ അവരത് പാലിക്കുകയില്ല. മറിച്ച്, അല്ലാഹുവിനെ ധിക്കരിക്കുകയും, അവനെ അനുസരിക്കുന്നത് ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മേൽ അടിമേൽ പിഴുതെറിയുന്ന ശിക്ഷയുടെ വാക്ക് പുലരുകയും, നാം അവരെ പരിപൂർണ്ണമായി നശിപ്പിക്കുകയും ചെയ്യും.

(17) നിഷേധികളായ എത്രയധികം സമൂഹങ്ങളെയാണ് നൂഹിന് ശേഷം നാം നശിപ്പിച്ചിട്ടുള്ളത്. ആദിനെയും ഥമൂദിനെയും പോലെ. അല്ലാഹുവിൻ്റെ റസൂലേ! തൻ്റെ അടിമകളുടെ തിന്മകളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനും കാണുന്നവനുമായി നിൻ്റെ രക്ഷിതാവ് മതി. അവന് അതിലൊന്നും തന്നെ അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്കവൻ നൽകുന്നതുമാണ്.

(18) ആരെങ്കിലും -പരലോകത്തിൽ വിശ്വസിക്കാതെയും, അതിന് യാതൊരു പരിഗണനയും നൽകാതെയും- തൻ്റെ സൽകർമ്മങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത് ഐഹികജീവിതമാണെങ്കിൽ, ഇഹലോകത്ത് വെച്ച് -അവൻ ഉദ്ദേശിക്കുന്ന സുഖാനുഗ്രഹങ്ങളല്ല- മറിച്ച് നാം ഉദ്ദേശിക്കുന്നത് അവന് നാം നൽകും; നമ്മുടെ ഉദ്ദേശം അപ്രകാരമാണെങ്കിൽ. ശേഷം നരകം നാമവന് നൽകുകയും ചെയ്യും. പരലോകത്ത് അവനതിൽ പ്രവേശിക്കുകയും, നരകത്തിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്. ഇഹലോകം തിരഞ്ഞെടുക്കുകയും, പരലോകത്തെ നിഷേധിക്കുകയും ചെയ്തതിൽ ആക്ഷേപാർഹനും, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമായ നിലയിലായിരിക്കും അവൻ (അന്ന് നരകത്തിൽ പ്രവേശിക്കുക).

(19) ആരെങ്കിലും അല്ലാഹു വിശ്വസിക്കൽ നിർബന്ധമാക്കിയ കാര്യങ്ങളിൽ വിശ്വസിച്ചു കൊണ്ട്, (താൻ ചെയ്യുന്ന) സൽകർമ്മങ്ങൾ കൊണ്ട് പരലോകത്തുള്ള പ്രതിഫലം ലക്ഷ്യം വെക്കുകയും, അതിന് വേണ്ടി ലോകമാന്യമോ ജനങ്ങൾ കേൾക്കണമെന്ന ആഗ്രഹമോ ഇല്ലാതെ അതിൻ്റേതായ അധ്വാനം അധ്വാനിക്കുകയും ചെയ്യുന്നെങ്കിൽ; അക്കൂട്ടരുടെ പരിശ്രമം അല്ലാഹുവിങ്കൽ സ്വീകാര്യമായിരിക്കും. അവർക്ക് അതിനുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.

(20) ഈ രണ്ടു വിഭാഗക്കാർക്കും -സൽകർമ്മികൾക്കും ദുഷ്കർമ്മികൾക്കും- നിൻ്റെ രക്ഷിതാവിൻ്റെ ദാനം നാം അധികരിപ്പിച്ചു നൽകുന്നതാണ്. ഇഹലോകത്തായിരിക്കെ നിൻ്റെ രക്ഷിതാവിൻ്റെ ദാനം ഒരാളിൽ നിന്നും തടയപ്പെടുകയില്ല; അയാളിനി സൽകർമ്മിയോ ദുഷ്കർമ്മിയോ ആകട്ടെ.

(21) അല്ലാഹുവിൻ്റെ റസൂലേ! ഇഹലോകത്ത് ഉപജീവനത്തിലും പദവികളിലും അവരിൽ ചിലരെ മറ്റുചിലരെക്കാൾ നാം ഉൽകൃഷ്ടരാക്കിയിരിക്കുന്നത് എങ്ങനെയാണെന്ന് ചിന്തിച്ചു നോക്കൂ! എന്നാൽ സുഖാനുഗ്രഹങ്ങളുടെ പദവികൾ ഏറ്റവും കൂടുതൽ വ്യത്യാസപ്പെട്ടിരിക്കുകയും, ഏറ്റവും കൂടുതൽ ശ്രേഷ്ഠതയുള്ളതാകുന്നതും പരലോകത്തു തന്നെയാണ്. അതിനാൽ (അല്ലാഹുവിൽ) വിശ്വസിക്കുന്നവർ അതിനായി പരിശ്രമിക്കട്ടെ.

(22) അല്ലാഹുവിൻ്റെ ദാസരേ! അല്ലാഹുവിനൊപ്പം മറ്റൊരു ആരാധ്യനെ നിശ്ചയിച്ചു കൊണ്ട് അവരെ നിങ്ങൾ ആരാധിക്കരുത്. അങ്ങനെ നീ ചെയ്താൽ അല്ലാഹുവിങ്കൽ ആക്ഷേപാർഹനായി നീ മാറും. അവൻ്റെ സച്ചരിതരായ ദാസന്മാർക്കിടയിൽ നിന്നെ പുകഴ്ത്താൻ ഒരാളുമുണ്ടാവുകയില്ല. ഒരു സഹായിയുമില്ലാത്ത പരാജിതനായി നീ മാറുകയും ചെയ്യും.

(23) അല്ലാഹുവിൻ്റെ ദാസരേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് അവനല്ലാതെ മറ്റാരും ആരാധിക്കപ്പെടരുതെന്ന് കൽപ്പിക്കുകയും അത് നിങ്ങൾക്ക് മേൽ നിർബന്ധമാക്കുകയും ചെയ്തിരിക്കുന്നു. മാതാപിതാക്കളോട് നന്മ ചെയ്യുവാനും അവൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു; പ്രത്യേകിച്ച് അവർ വാർദ്ധക്യം പ്രാപിച്ചാൽ. മാതാപിതാക്കളിൽ ഒരാളോ അല്ലെങ്കിൽ അവർ രണ്ടു പേരും തന്നെയോ നിൻ്റെയടുക്കൽ വാർദ്ധക്യം പ്രാപിച്ചാൽ അവരിൽ നിന്ന് നീ ബുദ്ധിമുട്ട് കാണിക്കുകയോ, നിൻ്റെ ബുദ്ധിമുട്ട് അറിയിക്കുന്ന സംസാരം പറയുകയോ ചെയ്യരുത്. അവരോട് നീ കയർക്കുകയോ, സംസാരത്തിൽ പരുഷത പുലർത്തുകയോ ചെയ്യരുത്. സൗമ്യതയും അനുകമ്പയും നിറഞ്ഞ മാന്യമായ സംസാരം നീ അവരോട് നടത്തുക.

(24) അവരോട് താഴ്മയോടും കാരുണ്യത്തോടും കൂടി നീ വിനയം കാണിക്കുക. നീ ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുക: എൻ്റെ രക്ഷിതാവേ! എൻ്റെ ചെറുപ്രായത്തിൽ അവർ എന്നെ പോറ്റിവളർത്തിയതിനാൽ നീ അവർക്ക് രണ്ടു പേർക്കും മേൽ നീ കാരുണ്യം ചൊരിയേണമേ!

(25) ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് നന്നായി അറിയുന്നവനാകുന്നു. അല്ലാഹുവിനുള്ള ആരാധനകളിലും സൽകർമ്മങ്ങളിലും, മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിലും നിങ്ങൾ അല്ലാഹുവിന് നിഷ്കളങ്കതയുള്ളവരാണോ എന്നത് അവൻ അറിയുന്നു. നിങ്ങളുടെ ആരാധനകളിലും, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലും മറ്റുമെല്ലാം നിങ്ങളുടെ ഉദ്ദേശങ്ങൾ നല്ലതാണെങ്കിൽ തീർച്ചയായും അല്ലാഹു അവനിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് ധാരാളമായി മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനാകുന്നു. തൻ്റെ രക്ഷിതാവിനെ അനുസരിക്കുന്നതിലോ, മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലോ സംഭവിച്ച കുറവുകളിൽ നിന്ന് ആരെങ്കിലും പശ്ചാത്തപിച്ചു മടങ്ങുന്നെങ്കിൽ അല്ലാഹു അവന് പൊറുത്ത് കൊടുക്കുന്നതാണ്.

(26) അല്ലയോ (അല്ലാഹുവിൽ) വിശ്വസിക്കുന്നവനേ! കുടുംബബന്ധമുള്ളവനോട് അവൻ്റെ അവകാശമായ കുടുംബബന്ധം ചേർക്കുക. ആവശ്യക്കാരനായ ദരിദ്രന് ദാനം നൽകുക. യാത്രയിൽ പ്രയാസം നേരിട്ടവനും ദാനം നൽകുക. നിൻ്റെ സമ്പാദ്യം അല്ലാഹുവിനെ ധിക്കരിക്കുന്നതിനോ, ധൂർത്തടിച്ചു കളയുന്ന തരത്തിലോ നീ ചെലവഴിക്കരുത്.

(27) തീർച്ചയായും തങ്ങളുടെ സമ്പാദ്യങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുന്നതിനുവേണ്ടി, ചെലവഴിക്കുന്നവരും ധൂർത്തടിക്കുന്നവരും പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. അവർ ഇവരോട് ധൂർത്തിനും ദുർവ്യയത്തിനും കൽപ്പിക്കുന്നു; അതിവർ അനുസരിക്കുന്നു. പിശാചാകട്ടെ; അവൻ്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. അല്ലാഹുവിനെ ധിക്കരിച്ചു കൊണ്ടല്ലാതെ അവൻ പ്രവർത്തിക്കുകയില്ല. അല്ലാഹുവിന് കോപമുണ്ടാക്കുന്നതല്ലാതെ അവൻ കൽപ്പിക്കുകയുമില്ല.

(28) അല്ലാഹു നിനക്ക് തുറന്നു തരുന്ന ഉപജീവനത്തിൻ്റെ മാർഗം പ്രതീക്ഷിച്ചു കൊണ്ട്, ദാനം നൽകാൻ ഒന്നുമില്ലാത്തതിനാൽ നീ അവർക്ക് നൽകാതിരിക്കുന്നെങ്കിൽ അവരോട് സൗമ്യവും മയവുമുള്ള വാക്ക് പറയുക. ഉദാഹരണത്തിന് അവർക്ക് ഉപജീവനത്തിൽ വിശാലത ലഭിക്കാൻ പ്രാർത്ഥിക്കുകയോ, അല്ലെങ്കിൽ അല്ലാഹു നിനക്ക് ഉപജീവനം നൽകിയാൽ നീ അവർക്ക് അതിൽ നിന്ന് നൽകുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്യുക.

(29) ഒരു ദാനവും ചെയ്യാതെ നീ നിൻ്റെ കൈ പിടിച്ചു വെക്കരുത്. ചെലവഴിക്കുന്നതിൽ നീ അതിരുകവിയുകയുമരുത്. അങ്ങനെ ചെലവഴിക്കാതെ നീ പിടിച്ചു വെച്ചാൽ നിൻ്റെ പിശുക്ക് കാരണത്താൽ ജനങ്ങൾ നിന്നെ ആക്ഷേപിക്കുന്ന സ്ഥിതിയുണ്ടാവും. നിൻ്റെ ധൂർത്ത് കാരണത്താൽ, ദാനം ചെയ്യാൻ ഒന്നും കണ്ടെത്താൻ കഴിയാതെ, സമ്പാദ്യം ചിലവഴിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ടാവും.

(30) തീർച്ചയായും നിൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുകയും, അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അതിലെല്ലാം അവന് മഹത്തരമായ ലക്ഷ്യമുണ്ട്. തീർച്ചയായും അവൻ തൻ്റെ അടിമകളെ സൂക്ഷ്മമായി അറിയുന്നവനും (ഖബീർ) നല്ലവണ്ണം കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അതിനാൽ അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവരെ അവൻ നിയന്ത്രിക്കുന്നു.

(31) ഭാവിയിൽ ചെലവിന് നൽകേണ്ടി വരുമെന്നും, അങ്ങനെ ദാരിദ്ര്യമുണ്ടാകുമെന്നും ഭയന്നുകൊണ്ട് നിങ്ങളുടെ കുട്ടികളെ നിങ്ങൾ കൊല്ലരുത്. നാം അവരുടെ ഉപജീവനം ഏറ്റെടുത്തിരിക്കുന്നു. നിങ്ങളുടെ ഉപജീവനവും നാം ഏറ്റെടുത്തിരിക്കുന്നു. തീർച്ചയായും അവരെ കൊല്ലുക എന്നത് ഭീമമായ അപരാധമാകുന്നു; കാരണം അവർ ഒരു തെറ്റും ചെയ്തിട്ടില്ല. അവരെ കൊല്ലാൻ യാതൊരു കാരണവുമില്ല.

(32) നിങ്ങൾ വ്യഭിചാരത്തെ സൂക്ഷിക്കുക. അതിലേക്ക് താൽപ്പര്യം ജനിപ്പിക്കുന്നതെല്ലാം നിങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അങ്ങേയറ്റം മ്ലേഛവും, മോശം വഴിയുമാകുന്നു അത്. അതിലൂടെ ജനങ്ങളുടെ കുടുംബപരമ്പരകൾ പരസ്പരം കൂടിക്കലരുകയും, അല്ലാഹുവിൻ്റെ ശിക്ഷ ഇറങ്ങുകയും ചെയ്യുന്നു.

(33) (ഇസ്ലാം) സ്വീകരിച്ചതിലൂടെയോ (കരാറിലൂടെയോ മറ്റോ) സുരക്ഷ വാഗ്ദാനം നൽകപ്പെട്ടു കൊണ്ടോ അല്ലാഹു സംരക്ഷിച്ച ജീവനെ നിങ്ങൾ കൊലപ്പെടുത്തരുത്. (ഇസ്ലാം ഉപേക്ഷിച്ചു കൊണ്ട്) മതഭ്രഷ്ടനാവുകയോ, വിവാഹത്തിന് ശേഷം വ്യഭിചരിച്ചു കൊണ്ടോ, മറ്റൊരാളെ കൊന്നതിന് പകരമായിട്ടോ അല്ലാതെ (ഒരാളെയും കൊലപ്പെടുത്താൻ അനുവാദമില്ല). കൊല്ലപ്പെടാൻ അർഹതയുള്ള ഒരു കാരണവുമില്ലാതെ ആരെങ്കിലും അന്യായമായി കൊല ചെയ്യപ്പെട്ടാൽ അവൻ്റെ കാര്യങ്ങൾ ഏറ്റെടുത്തിട്ടുള്ള അനന്തരാവകാശിക്ക് കൊലപാതകിയുടെ കാര്യത്തിൽ നാം അധികാരം നൽകിയിരിക്കുന്നു. അയാൾക്ക് ഒന്നുകിൽ കൊലപാതകിയെ കൊല്ലാൻ ആവശ്യപ്പെടാം. അല്ലെങ്കിൽ പകരമായി ഒന്നും ചോദിക്കാതെ പൊറുത്തു കൊടുക്കാം. അല്ലെങ്കിൽ രക്തത്തിനുള്ള തുക വാങ്ങിച്ചു കൊണ്ട് പൊറുത്തു കൊടുക്കാം. എന്നാൽ അല്ലാഹു അവന് അനുവദിച്ചു നൽകിയതിൽ അതിരുവിട്ടു കൊണ്ട് കൊലപാതകിയുടെ ശരീരം രൂപഭംഗം വരുത്താനോ, അവൻ കൊന്ന രൂപത്തിലല്ലാതെ കൊലപ്പെടുത്താനോ, കൊലപാതകിയല്ലാത്ത മറ്റാരെയെങ്കിലും കൊലപ്പെടുത്താനോ പാടില്ല. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനും പിന്തുണ നൽകപ്പെടുന്നവനുമാകുന്നു.

(34) പിതാവ് മരിച്ച അനാഥകുട്ടികളുടെ സമ്പാദ്യത്തിൽ അവന് (അനാഥന്) ഏറ്റവും പ്രയോജനകരമായ രൂപത്തിലല്ലാതെ നിങ്ങൾ കൈകാര്യം നടത്തരുത്. അവൻ ബുദ്ധിവളർച്ചയും വിവേകവും എത്തുന്നത് വരെ അവൻ്റെ സമ്പാദ്യം വർദ്ധിപ്പിക്കുകയും, സംരക്ഷിക്കുകയും വേണം. നിങ്ങൾക്കും അല്ലാഹുവിനും ഇടയിലുള്ള കരാറുകളും, നിങ്ങൾക്കും അല്ലാഹുവിൻ്റെ ദാസന്മാർക്കും ഇടയിലുള്ള കരാറുകളും ഒരു കുറവോ ലംഘനമോ വരുത്താതെ നിങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കരാർ നൽകിയവരെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ചോദ്യം ചെയ്യുന്നതാണ്; അവൻ തൻ്റെ കരാർ പൂർത്തീകരിച്ചോ അതല്ല കരാർ ലംഘിച്ചോ എന്ന്. പൂർത്തീകരിച്ചെങ്കിൽ അല്ലാഹു അവന് പ്രതിഫലം നൽകുകയും, ഇല്ലെങ്കിൽ അവനെ ശിക്ഷിക്കുകയും ചെയ്യും.

(35) മറ്റുള്ളവർക്ക് തൂക്കി നൽകുമ്പോൾ നിങ്ങൾ തൂക്കം പൂർത്തീകരിച്ചു കൊടുക്കുകയും, അതിൽ കുറവ് വരുത്താതിരിക്കുകയും ചെയ്യുക. വസ്തുക്കൾ കുറച്ചു കാണിക്കുകയോ, ഭാരംകുറക്കുകയോ ചെയ്യാത്ത നീതിപൂർവ്വകമായ തുലാസുകളിൽ നിങ്ങൾ തൂക്കുകയും ചെയ്യുക. അങ്ങനെ തൂക്കം പൂർത്തീകരിക്കുന്നതാണ് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. തൂക്കവും അളവും കുറക്കുന്നതിനെക്കാളും അവയിൽ കൃത്രിമം കാണിക്കുന്നതിനെക്കാളും നല്ല പര്യവസാനമുള്ളതും അതിനാണ്.

(36) ആദമിൻ്റെ മകനേ! നിനക്ക് അറിവില്ലാത്ത ഒന്നിനെയും നീ പിൻപറ്റരുത്. അങ്ങനെ ഊഹങ്ങളെയോ വ്യക്തമായി അറിയാത്തതിനെയോ നീ പിൻപറ്റരുത്. തീർച്ചയായും തൻ്റെ കേൾവിയും കാഴ്ചയും ഹൃദയവും എന്തു കാര്യത്തിലാണ് -നന്മയിലോ തിന്മയിലോ- ഉപയോഗപ്പെടുത്തിയത് എന്ന് മനുഷ്യൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. അങ്ങനെ നന്മയാണെങ്കിൽ അതിന് പ്രതിഫലം നൽകപ്പെടുകയും, തിന്മയാണെങ്കിൽ അതിന് ശിക്ഷ നൽകപ്പെടുകയും ചെയ്യും.

(37) ഭൂമിയിലൂടെ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും നീ നടക്കരുത്. അപ്രകാരം ഔന്നത്യത്തോടെ നടന്നാൽ ഭൂമിയെ നിൻ്റെ നടത്തം കൊണ്ട് പിളർത്താൻ നിനക്ക് കഴിയുകയൊന്നുമില്ല. പർവ്വതങ്ങൾ എത്തിയ ഉയരത്തോളവും പൊക്കത്തോളവും നിൻ്റെ ഉയരം എത്തുകയുമില്ല. അപ്പോൾ പിന്നെന്തു കണ്ടാണ് നീ അഹങ്കരിക്കുന്നത്?!

(38) മേൽ പരാമർശിക്കപ്പെട്ടതിൽ മോശമായതെല്ലാം -മനുഷ്യാ!- നിൻ്റെ രക്ഷിതാവിങ്കൽ നിഷിദ്ധമാകുന്നു. അവ ചെയ്യുന്നവനെ അല്ലാഹു തൃപ്തിപ്പെടുകയില്ല. മറിച്ച്, അവനോട് അല്ലാഹു കോപിക്കുന്നതാണ്.

(39) നാം വിശദമാക്കി തന്ന ഈ കൽപ്പനകളും നിരോധനങ്ങളും വിധിവിലക്കുകളും നിൻ്റെ രക്ഷിതാവ് നിനക്ക് സന്ദേശമായി നൽകിയ യുക്തിയിൽ പെട്ടതാണ്. അതിനാൽ മനുഷ്യാ! നീ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെ സ്വീകരിക്കരുത്. അങ്ങനെ ചെയ്താൽ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകാഗ്നിയിലേക്ക് നീ വലിച്ചെറിയപ്പെടുന്നതായിരിക്കും. (അപ്പോൾ) നീ തന്നെ നിന്നെ ആക്ഷേപിക്കും. ജനങ്ങളും നിന്നെ ആക്ഷേപിക്കും. അങ്ങനെ, നീ ആക്ഷേപിതനും, എല്ലാ നന്മകളിൽ നിന്നും ആട്ടിയകറ്റപ്പെട്ടവനുമായിരിക്കും.

(40) മലക്കുകൾ അല്ലാഹുവിൻ്റെ പെൺമക്കളാണെന്ന് പറയുന്ന ബഹുദൈവാരാധകരേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് മക്കളിൽ നിന്ന് ആണ്മക്കളെ പ്രത്യേകമായി തിരഞ്ഞെടുത്തു നൽകുകയും, സ്വന്തത്തിനായി മലക്കുകളെ പെൺമക്കളായി സ്വീകരിക്കുകയും ചെയ്യുകയോ?! നിങ്ങൾ പറയുന്നതിൽ നിന്ന് അല്ലാഹു ഉന്നതനായിരിക്കുന്നു. അല്ലാഹുവിലേക്ക് സന്താനങ്ങളെ ചേർത്തു പറയുകയും, അവന് പെണ്മക്കളാണ് ഉള്ളത് എന്ന് ജൽപ്പിക്കുകയും ചെയ്യുന്നതിലൂടെ അല്ലാഹുവിൻ്റെ മേൽ അങ്ങേയറ്റം മ്ലേഛത നിറഞ്ഞ വാക്ക് കെട്ടിച്ചമക്കുകയും, അല്ലാഹുവിനെ നിഷേധിക്കുന്നതിൽ ആണ്ടുപോവുകയുമാണ് നിങ്ങൾ ചെയ്യുന്നത്; തീർച്ച!

(41) ജനങ്ങൾക്ക് ഗുണപാഠമുൾക്കൊള്ളുന്നതിനും, അങ്ങനെ അവർക്ക് ഉപകാരപ്രദമായ വഴിയിൽ പ്രവേശിക്കുകയും, ഉപദ്രവകരമായത് ഉപേക്ഷിക്കുകയും ചെയ്യുന്നതിനായി ഈ ഖുർആനിൽ വിധിവിലക്കുകളും ഉപദേശങ്ങളും ഉദാഹരണങ്ങളും നാം വ്യക്തമായി വിവരിച്ചിരിക്കുന്നു. എന്നാൽ പ്രകൃതം തന്നെ തലതിരിഞ്ഞു പോയ ചിലർക്ക് അത് സത്യത്തിൽ നിന്നുള്ള അകൽച്ചയും, അതിനോടുള്ള വെറുപ്പുമല്ലാതെ വർദ്ധിപ്പിച്ചില്ല എന്നതാണ് യാഥാർഥ്യം.

(42) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇവർ കള്ളം കെട്ടിയുണ്ടാക്കി പറയുന്നത് പോലെ, അല്ലാഹുവോടൊപ്പം മറ്റു ആരാധ്യന്മാരുണ്ടായിരുന്നെങ്കിൽ ആ പടച്ചുണ്ടാക്കപ്പെട്ട ആരാധ്യന്മാർ സിംഹാസനത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവിനെ പരാജയപ്പെടുത്തുകയും അവൻ്റെ രാജാധികാരം നേടിയെടുക്കുകയും അവനോട് എതിരിടുകയും ചെയ്യുന്നതിനുള്ള മാർഗം അന്വേഷിക്കുമായിരുന്നു.

(43) ബഹുദൈവാരാധകർ വിശേഷിപ്പിക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനും ആയിരിക്കുന്നു. അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹു അങ്ങേയറ്റം ഔന്നത്യമുള്ളവനാവുകയും ചെയ്തിരിക്കുന്നു.

(44) ആകാശങ്ങളും ഭൂമിയും അവയിലുള്ള സൃഷ്ടികളുമെല്ലാം അല്ലാഹുവിൻ്റെ പരിശുദ്ധിയെപ്രകീർത്തിക്കുന്നു. അഥവാ തസ്ബീഹ് ചൊല്ലുന്നു. ഏതൊരു വസ്തുവാകട്ടെ; അല്ലാഹുവെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കാത്തതായി ആരുമില്ല. എന്നാൽ അവരുടെ തസ്ബീഹിൻ്റെ രൂപം നിങ്ങൾ ഗ്രഹിക്കുന്നില്ലെന്ന് മാത്രം. നിങ്ങൾക്ക് നിങ്ങളുടെ ഭാഷയിൽ തസ്ബീഹ് ചെയ്യുന്നവരുടെ തസ്ബീഹ് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. തീർച്ചയായും അല്ലാഹു അങ്ങേയറ്റം സഹനശീലനാകുന്നു (ഹലീം); അവൻ ധൃതിപ്പെട്ടു ശിക്ഷിക്കുകയില്ല. അവനോട് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി അവൻ പൊറുത്തു കൊടുക്കുകയും ചെയ്യും.

(45) അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ ഖുർആൻ പാരായണം ചെയ്യുകയും, അതിലുള്ള താക്കീതുകളും ഉപദേശങ്ങളും അവർ കേൾക്കുകയും ചെയ്താൽ നിനക്കും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ വിശ്വസിക്കാത്തവർക്കും ഇടയിൽ നാം ഒരു മറ നിശ്ചയിക്കുന്നതാണ്. അവരുടെ അവഗണനക്കുള്ള ശിക്ഷയായി ഖുർആൻ മനസ്സിലാക്കുന്നതിൽ നിന്ന് അത് അവരെ തടയുന്നതാണ്.

(46) അവരുടെ ഹൃദയങ്ങൾക്ക് മേൽ നാം ഒരു മൂടിവെച്ചിരിക്കുന്നു; അവർ ഖുർആൻ ഗ്രഹിക്കാതിരിക്കുന്നതിന് വേണ്ടി. അവരുടെ ചെവികളിൽ നാം ഒരു ഭാരം വെക്കുകയും ചെയ്തിരിക്കുന്നു; ഖുർആൻ കൊണ്ട് ഉപകാരമുണ്ടാകുന്ന തരത്തിൽ അവർ ഒന്നും കേൾക്കാതിരിക്കാനാണത്. നീ ഖുർആനിൽ അല്ലാഹുവിനെ കുറിച്ച് മാത്രം സ്മരിക്കുകയും, അവരുടെ നിർമ്മിതങ്ങളായ ആരാധ്യവസ്തുക്കളെ സ്മരിക്കാതിരിക്കുകയും ചെയ്താൽ നിഷ്കളങ്കമായി അല്ലാഹുവിനെ മാത്രം ഏകനാക്കുക എന്നതിൽ നിന്ന് അവർ പിന്തിരിഞ്ഞു പോയ്ക്കളയുന്നതാണ്.

(47) അവരിലെ നേതാക്കന്മാർ ഖുർആൻ കേൾക്കുന്നത് എങ്ങനെയെന്ന് നമുക്ക് നന്നായി അറിയാം. അവരതിൽ നിന്ന് സന്മാർഗം കണ്ടെത്താൻ ഉദ്ദേശിക്കുന്നില്ല. മറിച്ച്, നീ ഖുർആൻ പാരായണം ചെയ്യുമ്പോൾ അതിനെ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് അവർ ഉദ്ദേശിക്കുന്നത്. ഖുർആനിനെ നിഷേധിക്കാനും അതിൽ നിന്ന് ജനങ്ങളെ തടുക്കുവാനും അവർ നടത്തിക്കൊണ്ടിരിക്കുന്ന സ്വകാര്യസംഭാഷണങ്ങളെ കുറിച്ചും നമുക്ക് നന്നായി അറിയാം. അല്ലാഹുവിനെ നിഷേധിച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർ പറഞ്ഞ സന്ദർഭം: ജനങ്ങളേ! നിങ്ങൾ പിൻപറ്റുന്നത് ബുദ്ധി മറിഞ്ഞു പോയ, മാരണം ബാധിക്കപ്പെട്ട ഒരാളെ മാത്രമാണ്.

(48) അല്ലാഹുവിൻ്റെ റസൂലേ! അവർ നിനക്ക് ചാർത്തി നൽകിയ വൈരുദ്ധ്യം നിറഞ്ഞ ആക്ഷേപത്തിൻ്റെ വിശേഷണങ്ങൾ നോക്കൂ! നീ അത്ഭുതപ്പെട്ടുപോകും. അങ്ങനെ അവർ സത്യത്തിൽ നിന്ന് വഴിതെറ്റുകയും, അന്ധാളിപ്പിലാവുകയും ചെയ്തിരിക്കുന്നു. സന്മാർഗത്തിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞില്ല.

(49) ബഹുദൈവാരാധകർ പുനരുത്ഥാനത്തെ നിഷേധിച്ചു കൊണ്ട് പറയുന്നു: നാം മരിക്കുകയും എല്ലുകളായി തീരുകയും, നമ്മുടെ ശരീരം നുരുമ്പിപ്പോവുകയും ചെയ്തതിന് ശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുകയോ?! തീർച്ചയായും അത് അസാധ്യമാകുന്നു.

(50) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഹേ ബഹുദൈവാരാധകരേ! നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ ഉറപ്പുള്ള കല്ലോ, ശക്തിയുള്ള ഇരുമ്പോ ആയിത്തീരുക. എന്നാൽ അതിനൊന്നും നിങ്ങൾക്ക് സാധിക്കുകയില്ല.

(51) അതല്ലെങ്കിൽ അവയെക്കാൾ നിങ്ങളുടെ മനസ്സിൽ ഗംഭീരമായി തോന്നുന്ന മറ്റെന്തെങ്കിലും സൃഷ്ടിയായി കൊള്ളുക. തീർച്ചയായും അല്ലാഹു നിങ്ങളെ ആദ്യം തുടങ്ങിവെച്ചത് പോലെ തന്നെ തിരിച്ചു കൊണ്ടുവരുന്നതും, ആദ്യതവണ സൃഷ്ടിച്ചത് പോലെ തന്നെ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതുമാണ്. അപ്പോൾ നിൻ്റെ ശത്രുക്കൾ ചോദിക്കും: നമ്മുടെ മരണ ശേഷം നമ്മെ വീണ്ടും ജീവനുള്ളവരായി തിരിച്ചു കൊണ്ടുവരുന്നത് ആരാണ്?! അവരോട് പറയുക: ഒരു മുൻ മാതൃകയുമില്ലാതെ ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചതാരാണോ; അവൻ തന്നെ നിങ്ങളെ വീണ്ടും കൊണ്ടുവരുന്നതാണ്. നിൻ്റെ മറുപടി കേൾക്കുമ്പോൾ പരിഹാസത്തോടെ തലയിളക്കി -(മരണശേഷമുള്ള മടക്കം) അസാധ്യമാണെന്ന് ധരിച്ചു കൊണ്ട് അവർ ചോദിക്കും: എപ്പോഴാണ് ഈ പറയുന്ന മടക്കം?! അവരോട് പറയുക: ചിലപ്പോൾ അടുത്ത് തന്നെയായിരിക്കാം. സംഭവിക്കുമെന്നുറപ്പുള്ളതെല്ലാം അടുത്ത് തന്നെയാകുന്നു.

(52) സൃഷ്ടികൾ ഒരുമിച്ചു കൂടുന്ന മഹ്ശറിലേക്ക് നിങ്ങളെ അല്ലാഹു വിളിക്കുന്ന ദിനം; അന്ന് അല്ലാഹു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് കീഴൊതുങ്ങിക്കൊണ്ടും, അവനെ സ്തുതിച്ചു കൊണ്ടും നിങ്ങൾ അവന് ഉത്തരം നൽകുന്നതാണ്. ഭൂമിയിൽ വളരെ കുറഞ്ഞ സമയമല്ലാതെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടില്ലെന്നായിരിക്കും അന്ന് നിങ്ങൾ ധരിക്കുന്നത്.

(53) അല്ലാഹുവിൻ്റെ റസൂലേ! എന്നിൽ വിശ്വസിച്ച എൻ്റെ ദാസന്മാരോട് പറയുക: അവർ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നല്ല വാക്ക് സംസാരിക്കുകയും, അകൽച്ചയുണ്ടാക്കുന്ന മോശം വാക്കുകൾ തീർത്തും ഉപേക്ഷിക്കുകയും ചെയ്യട്ടെ. കാരണം, പിശാച് അവ മുതലെടുക്കുകയും, അവർക്കിടയിൽ അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ കുഴപ്പമുണ്ടാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യും. തീർച്ചയായും പിശാച് മനുഷ്യനോട് വ്യക്തമായ ശത്രുത പുലർത്തുന്ന അവൻ്റെ കടുത്ത ശത്രുവാകുന്നു. അതിനാൽ പിശാചിനെ സൂക്ഷിക്കുക മനുഷ്യന് നിർബന്ധമാണ്.

(54) ജനങ്ങളേ! അല്ലാഹു നിങ്ങളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുവാൻ അവൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുന്നതും, (അല്ലാഹുവിൽ) വിശ്വസിക്കാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും നിങ്ങൾക്ക് സൗകര്യം ചെയ്യുന്നതുമാണ്. അതല്ല, നിങ്ങളെ ശിക്ഷിക്കാനാണ് അവൻ ഉദ്ദേശിച്ചതെങ്കിൽ ഈമാൻ സ്വീകരിക്കാനുള്ള ഭാഗ്യം നൽകാതെ അവൻ നിങ്ങളെ കൈവെടിയുകയും കുഫ്റിലായി മരിപ്പിക്കുകയും ചെയ്യും. അങ്ങനെ അവൻ നിങ്ങളെ ശിക്ഷിക്കും. അല്ലാഹുവിൻ്റെ റസൂലേ! അവർ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, (അല്ലാഹുവിനെ) നിഷേധിക്കുന്നത് തടയുന്നതിനും അവരുടെ മേൽ നിർബന്ധം ചെലുത്തുകയും, അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി വെക്കുകയും ചെയ്യുന്ന മേൽനോട്ടക്കാരനായി നാം അങ്ങയെ നിയോഗിച്ചിട്ടില്ല. അല്ലാഹു എത്തിച്ചു നൽകാൻ കൽപ്പിച്ചത് എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു താങ്കൾ.

(55) അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാവരെ കുറിച്ചും, അവരുടെ അവസ്ഥകളെ കുറിച്ചും, അവർക്ക് അർഹമായതിനെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു നിൻ്റെ രക്ഷിതാവ്. കൂടുതൽ പിൻഗാമികളെ നൽകിക്കൊണ്ടും, വേദഗ്രന്ഥങ്ങൾ നൽകിക്കൊണ്ടും ചില നബിമാരെ മറ്റു ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. ദാവൂദിന് നാം സബൂറെന്ന വേദഗ്രന്ഥം നൽകുകയും ചെയ്തിരിക്കുന്നു.

(56) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്ക് മേൽ വല്ല ഉപദ്രവവും വന്നുഭവിച്ചാൽ അല്ലാഹുവിന് പുറമെയുള്ള ആരാധകരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെ വിളിക്കൂ; അവർക്ക് നിങ്ങളിൽ നിന്ന് ഉപദ്രവം തടുക്കാൻ കഴിയുകയില്ല. നിങ്ങളിൽ നിന്ന് മറ്റാരിലേക്കെങ്കിലും അത് മാറ്റുവാനും അവർക്ക് സാധിക്കുകയില്ല. അവർ ദുർബലരാണ്. ഇത്തരം ദുർബലതകളുള്ളവർ ഒരിക്കലും ആരാധ്യനാവുകയില്ല.

(57) അവർ വിളിച്ചു പ്രാർത്ഥിക്കുന്ന മലക്കുകളും അവരെ പോലുള്ളവരും അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്ന സൽകർമ്മങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്. സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് തങ്ങളിലാരാണ് അല്ലാഹുവിനോട് കൂടുതൽ സാമീപ്യമുള്ളവൻ എന്നതിൽ അവർ മത്സരിച്ചു കൊണ്ടിരിക്കുകയുമാണ്. അല്ലാഹു അവരോട് കാരുണ്യം ചൊരിയുമെന്ന പ്രതീക്ഷയിലും, അവൻ അവരെ ശിക്ഷിക്കുമോ എന്ന ഭയത്തിലുമാണവർ. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവിൻ്റെ ശിക്ഷ ഭയപ്പെടാൻ അർഹമായതു തന്നെയാകുന്നു.

(58) ഏതൊരു നാടോ പട്ടണമോ ആകട്ടെ; അവിടെയുള്ളവർ അല്ലാഹുവിനെ നിഷേധിച്ചവരാണെങ്കിൽ അവരുടെ നിഷേധം കാരണത്താൽ അവർക്ക് മേൽ നാം ഇഹലോകത്ത് തന്നെ ശിക്ഷയും നാശവും അവതരിപ്പിക്കാതിരിക്കില്ല. അതുമല്ലെങ്കിൽ അവരുടെ നിഷേധം കാരണത്താൽ യുദ്ധമോ മറ്റോ മുഖേന അവരെ നാം പരീക്ഷിക്കുന്നതാണ്. ഈ ശിക്ഷയും അവരെ ബാധിച്ച നാശവുമെല്ലാം -ലൗഹുൽ മഹ്ഫൂദ്വ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ- അല്ലാഹുവിൽ നിന്നുള്ള വിധിമാത്രമാണ്.

(59) ബഹുദൈവാരാധകർ ആവശ്യപ്പെടുന്നത് പോലെ, റസൂലിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന -മരിച്ചവരെ ജീവിപ്പിക്കുന്നത് പോലുള്ള- അനുഭവവേദ്യമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിക്കാതെ നാം ഉപേക്ഷിച്ചത് ആദ്യകാല സമുദായങ്ങൾക്ക് നാം അപ്രകാരം അവതരിപ്പിച്ചു കൊടുക്കുകയും, അവർ അതിനെ നിഷേധിച്ചു തള്ളുകയും ചെയ്തു എന്നതിനാലാണ്. ഥമൂദ് ഗോത്രത്തിന് വ്യക്തവും മഹത്തരവുമായ ഒരു ദൃഷ്ടാന്തം നാം അവതരിപ്പിച്ചു നൽകി. (പാറക്കുള്ളിൽ നിന്ന് പുറത്തുവന്ന) ഒട്ടകമായിരുന്നു അത്. എന്നാൽ അവരതിനെ നിഷേധിച്ചു. അപ്പോൾ ഉടനടി അവർക്ക് നാം ശിക്ഷ ഇറക്കി. ദൂതന്മാരുടെ പക്കൽ നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നത് അവരുടെ സമൂഹത്തെ ഭയപ്പെടുത്താൻ വേണ്ടിമാത്രമാണ്; അങ്ങനെ അവർ ഇസ്ലാം സ്വീകരിക്കുന്നതിന് വേണ്ടി.

(60) അല്ലാഹുവിൻ്റെ റസൂലേ! നാം താങ്കളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: തീർച്ചയായും നിൻ്റെ രക്ഷിതാവ് സർവ്വ മനുഷ്യരെയും അവൻ്റെ ശക്തികൊണ്ട് വലയം ചെയ്തിരിക്കുന്നു. അവരെല്ലാം അവൻ്റെ പിടുത്തത്തിലാണ്. അവരിൽ നിന്നെല്ലാം അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്. അതിനാൽ എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് നീ അവർക്ക് എത്തിച്ചു കൊടുക്കുക. ഇസ്റാഇൻ്റെ (രാപ്രയാണം) രാത്രിയിൽ നാം നിനക്ക് കാണിച്ചു നൽകിയ കാഴ്ചയെല്ലാം ജനങ്ങൾക്ക് ഒരു പരീക്ഷണമാകുന്നു; അവരതെല്ലാം സത്യപ്പെടുത്തുമോ, അല്ല അതിനെ കളവാക്കുമോ (എന്ന പരീക്ഷണം)? ഖുർആനിൽ പരാമർശിക്കപ്പെട്ട, നരകത്തിൻ്റെ അടിത്തട്ടിൽ വളരുന്ന സഖൂം വൃക്ഷവും അവർക്കൊരു പരീക്ഷണമായല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. അവർ ഈ രണ്ട് ദൃഷ്ടാന്തങ്ങളിൽ വിശ്വസിച്ചില്ലെങ്കിൽ മറ്റു ദൃഷ്ടാന്തങ്ങളിലും അവർ വിശ്വസിക്കുകയില്ല. ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു കൊണ്ട് നാം അവരെ ഭയപ്പെടുത്തുന്നു; എന്നാൽ ദൃഷ്ടാന്തങ്ങൾ ഇറക്കിക്കൊണ്ടുള്ള ഈ ഭയപ്പെടുത്തൽ അവർക്ക് (അല്ലാഹുവിലുള്ള) നിഷേധവും വഴികേടിലുള്ള ഉറപ്പും വർദ്ധിപ്പിക്കുക മാത്രമാകുന്നു.

(61) അല്ലാഹുവിൻ്റെ റസൂലേ! നാം മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: നിങ്ങൾ ആദമിന് അഭിവാദ്യമായി കൊണ്ട് സുജൂദ് (സാഷ്ടാംഗം) ചെയ്യുക; ആരാധനയുടെ അർഥത്തിലുള്ള സാഷ്ടാംഗമല്ല അത്. അപ്പോൾ അവരെല്ലാം അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റുകയും, അദ്ദേഹത്തിന് സാഷ്ടാംഗം ചെയ്യുകയും ചെയ്തു. എന്നാൽ ഇബ്'ലീസ് അഹങ്കാരത്തോടെ (ആദമിന്) സാഷ്ടാംഗം ചെയ്യാൻ വിസമ്മതിച്ചു. അവൻ പറഞ്ഞു: മണ്ണിൽ നിന്ന് നീ സൃഷ്ടിച്ച ഒരുവന് ഞാൻ സാഷ്ടാംഗം ചെയ്യുകയോ?! ഞാനാകട്ടെ; എന്നെ നീ സൃഷ്ടിച്ചിരിക്കുന്നത് തീയിൽ നിന്നാണ്?! അതിനാൽ ഞാനാണ് അവനെക്കാൾ ശ്രേഷ്ഠതയുള്ളവൻ.

(62) ഇബ്'ലീസ് തൻ്റെ രക്ഷിതാവിനോട് പറഞ്ഞു: എന്നോട് സാഷ്ടാംഗം ചെയ്യാൻ കൽപ്പിച്ചു കൊണ്ട്, എന്നെക്കാൾ നീ ആദരിച്ചിരിക്കുന്ന ഈ സൃഷ്ടിയെ കുറിച്ച് നീ എനിക്ക് പറഞ്ഞു തരൂ! ഇഹലോക ജീവിതത്തിൻ്റെ അവസാനം വരെ നീ എനിക്ക് ജീവിതം നീട്ടിനൽകുകയാണെങ്കിൽ ഉറപ്പായും ഇവൻ്റെ സന്തതികളെ ഞാൻ വഴിതെറ്റിക്കുകയും, നിൻ്റെ നേരായപാതയിൽ നിന്ന് പിഴപ്പിക്കുകയും ചെയ്യും; അവരുടെ കൂട്ടത്തിൽ നിന്ന് നീ സംരക്ഷിച്ച കുറച്ചു പേരെയൊഴികെ. നിൻ്റെ നിഷ്കളങ്കരായ ദാസന്മാരാകുന്നു അവർ.

(63) അവൻ്റെ രക്ഷിതാവ് അവനോട് പറഞ്ഞു: നീയും അവരിൽ നിന്ന് നിന്നെ പിൻപറ്റിയവരും പൊയ്ക്കൊള്ളുക. തീർച്ചയായും നിൻ്റെയും അവരുടെയും പ്രതിഫലം നരകമാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് തികഞ്ഞ പരിപൂർണ്ണമായ പ്രതിഫലം തന്നെ.

(64) തിന്മയിലേക്ക് ക്ഷണിക്കുന്ന നിൻ്റെ ശബ്ദം കൊണ്ട് അവരിൽ നിന്ന് നിനക്ക് ഇളക്കിവിടാൻ കഴിയുന്നവരെയെല്ലാം ഇളക്കിവിട്ടു കൊള്ളുക. നിന്നെ പിന്തുടരാൻ ക്ഷണിക്കുന്ന നിൻ്റെ കുതിരപ്പടയെയും കാലാൾപ്പടയെയും ആഞ്ഞുതെളിക്കുകയും ചെയ്യുക. മതനിയമങ്ങൾക്ക് വിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ ഭംഗിയാക്കി തോന്നിപ്പിച്ചു കൊണ്ട് അവരുടെ സമ്പത്തിൽ നീ പങ്കുചേരുക. സന്താനങ്ങളെ കളവ് പറഞ്ഞ് മക്കളാണെന്ന് അവകാശപ്പെട്ടും, വ്യഭിചാരത്തിലൂടെ സന്താനങ്ങളെ ഉണ്ടാക്കിയും, കുട്ടികൾക്ക് അല്ലാഹുവല്ലാത്തവരുടെ അടിമയെന്നറിയിക്കുന്ന പേരുകൾ നൽകിയും അവരുടെ സന്താനങ്ങളിലും നീ പങ്കുചേരുക. കള്ളവാഗ്ദാനങ്ങളും നിരർത്ഥകമായ സ്വപ്നങ്ങളും അവർക്ക് നീ അലംകൃതമായി തോന്നിപ്പിക്കുകയും ചെയ്യുക. എന്നാൽ പിശാച് അവരെ വഞ്ചനയിൽ പെടുത്തുന്ന കള്ളവാഗ്ദാനങ്ങളല്ലാതെ നൽകുകയില്ല.

(65) തീർച്ചയായും എന്നിൽ വിശ്വസിക്കുകയും, എന്നെ അനുസരിച്ചു കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന എൻ്റെ ദാസന്മാർ; അവർക്ക് മേൽ -ഹേ ഇബ്'ലീസ്- നിനക്ക് യാതൊരു അധികാരവുമില്ല. കാരണം അല്ലാഹു അവരിൽ നിന്ന് നിൻ്റെ ഉപദ്രവം തടുത്തു വെക്കുന്നതാണ്. തൻ്റെ കാര്യങ്ങൾ അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിച്ചവന് അല്ലാഹു മതിയായവനാണ്.

(66) അല്ലയോ ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്കായി സമുദ്രത്തിലൂടെ കപ്പലുകളെ സഞ്ചരിപ്പിക്കുന്നവനാകുന്നു. കച്ചവടത്തിലൂടെയുള്ള ലാഭത്തിലൂടെയും മറ്റും നിങ്ങൾക്ക് അവൻ്റെ ഉപജീവനം തേടിപ്പിടിക്കുന്നതിനാകുന്നു അത്. തീർച്ചയായും അവൻ നിങ്ങളോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനാകുന്നു; അതിനാലാണ് അവൻ നിങ്ങൾക്കീ മാർഗങ്ങളെല്ലാം എളുപ്പമാക്കി തന്നത്.

(67) ബഹുദൈവാരാധകരെ! കടലിലായിരിക്കെ നിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമോ ദുരിതമോ ബാധിക്കുകയും, മുങ്ങിനശിക്കുമെന്ന് നിങ്ങൾ ഭയക്കുകയും ചെയ്താൽ അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചിരുന്ന സർവ്വതും നിങ്ങളുടെ ചിന്തയിൽ നിന്ന് മറഞ്ഞു പോകുന്നു. അല്ലാഹുവിനെയല്ലാതെ അപ്പോൾ നിങ്ങൾ ഓർക്കുന്നില്ല. അങ്ങനെ, നിങ്ങൾ അല്ലാഹുവിനോട് സഹായത്തിന് അപേക്ഷിക്കുകയും, അവൻ നിങ്ങളെ സഹായിക്കുകയും നിങ്ങൾ ഭയപ്പെടുന്നതിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തുകയും, നിങ്ങളെ കരയിലെത്തിക്കുയും ചെയ്താൽ നിങ്ങളതാ അല്ലാഹുവിനെ ഏകനാക്കുന്നതിൽ നിന്നും, അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുന്നതിൽ നിന്നും തിരിഞ്ഞു കളയുന്നു. നിങ്ങളുടെ വിഗ്രഹങ്ങളിലേക്ക് തന്നെ നിങ്ങൾ തിരിച്ചു ചെല്ലുന്നു. മനുഷ്യൻ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്നവൻ തന്നെ.

(68) ബഹുദൈവാരാധകരേ! നിങ്ങളെ കരയിലേക്ക് രക്ഷപ്പെടുത്തിയതോടെ അല്ലാഹു ഭൂമിയെ നിങ്ങളെയും കൊണ്ട് ആണ്ടുപോകുന്നതാക്കുകയില്ലെന്ന് നിങ്ങൾ നിർഭയരായിരിക്കുകയാണോ?! അല്ലെങ്കിൽ, ലൂത്വ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തെ അല്ലാഹു ചെയ്തതു പോലെ, ആകാശത്ത് നിന്ന് അല്ലാഹു നിങ്ങൾക്ക് മേൽ ചരൽമഴ അയക്കുകയും, ശേഷം നിങ്ങളെ സംരക്ഷിക്കാൻ ഒരു സംരക്ഷകനെയോ, നാശത്തിൽ നിന്ന് നിങ്ങളെ സഹായിക്കാൻ ഒരു സഹായിയെയോ കണ്ടെത്താൻ കഴിയാതെ പോകുകയും ചെയ്യുന്നതിൽ നിന്ന് നിങ്ങൾ നിർഭയരായിരിക്കുകയാണോ?!

(69) അതല്ലെങ്കിൽ അല്ലാഹു നിങ്ങളെ ഒരിക്കൽ കൂടെ കടലിലേക്ക് തിരിച്ചയക്കുകയും, നിങ്ങൾക്ക് മേൽ കഠിനമായ ഒരു കാറ്റിനെ നിയോഗിക്കുകയും, ആദ്യതവണ അല്ലാഹു നിങ്ങളെ രക്ഷപ്പെടുത്തിയപ്പോൾ അവൻ്റെ അനുഗ്രഹത്തിന് നിങ്ങൾ നന്ദികേട് കാണിച്ചതിൻ്റെ ഫലമായി നിങ്ങളെ അത് മുഖേന അവൻ മുക്കിനശിപ്പിക്കുകയും, ശേഷം നാം നിങ്ങളോട് ചെയ്തതിന് നിങ്ങൾക്ക് വേണ്ടി പ്രതികാരം ചോദിക്കാൻ ഒരാളെയും നിങ്ങൾ കണ്ടെത്താതിരിക്കുകയും ചെയ്യുന്നതിനെ കുറിച്ച് നിങ്ങൾ നിർഭയരാണോ?!

(70) ആദമിൻ്റെ സന്തതികളെ നാം ബുദ്ധികൊണ്ടും, മലക്കുകളെ കൊണ്ട് അവരുടെ പിതാവിന് സാഷ്ടാംഗം ചെയ്യിപ്പിച്ചും മറ്റുമെല്ലാം ആദരിച്ചിരിക്കുന്നു. കരയിൽ അവരെ വഹിക്കാൻ മൃഗങ്ങളെയും വാഹനങ്ങളെയും, കടലിൽ കപ്പലുകളെയും അവർക്ക് നാം കീഴ്പ്പെടുത്തി നൽകുകയും ചെയ്തിരിക്കുന്നു. ഭക്ഷിക്കാനും കുടിക്കാനും രമിക്കാനും വിശിഷ്ടമായത് നാം അവർക്ക് നൽകുകയും ചെയ്തിരിക്കുന്നു. നമ്മുടെ ധാരാളം സൃഷ്ടികളെക്കാൾ അവർക്ക് നാം വലിയ ശ്രേഷ്ഠത നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ അല്ലാഹു അവരോട് ചെയ്ത അനുഗ്രഹങ്ങൾക്ക് അവർ നന്ദി കാണിക്കട്ടെ.

(71) അല്ലാഹുവിൻ്റെ റസൂലേ! എല്ലാ സംഘങ്ങളെയും -ഇഹലോകത്ത് അവർ പിൻപറ്റിയിരുന്ന- അവരുടെ നേതാക്കന്മാർക്കൊപ്പം നാം വിളിച്ചു കൂട്ടുന്ന ദിനത്തെ കുറിച്ച് സ്മരിക്കുക. ആർക്കെങ്കിലും അവൻ്റെ പ്രവർത്തനങ്ങളുടെ ഏടുകൾ വലതു കൈയിൽ നൽകപ്പെട്ടാൽ അവർ തങ്ങളുടെ ഗ്രന്ഥം സന്തോഷപൂർവം വായിക്കുന്നതാണ്. അവരുടെ പ്രതിഫലങ്ങളിൽ യാതൊരു കുറവും ഉണ്ടാകുന്നതല്ല; ഒരു വിത്തിൻ്റെ കഷ്ണത്തിലെ നാരിനോളം ചെറുതാണ് അതെങ്കിലും.

(72) ആരെങ്കിലും ഈ ഐഹികജീവിതത്തിൽ സത്യം സ്വീകരിക്കുന്നതിൽ നിന്നും, അതിന് കീഴൊതുങ്ങുന്നതിൽ നിന്നും ഹൃദയാന്ധത പുലർത്തിയെങ്കിൽ അവൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അതിനെക്കാൾ കടുത്ത അന്ധതയുള്ളവനായിരിക്കും. അതിനാൽ സ്വർഗത്തിൻ്റെ വഴിയിലേക്ക് അവൻ എത്തിപ്പെടുകയില്ല. സന്മാർഗത്തിൽ നിന്ന് ഏറ്റവും കടുത്ത വഴികേടിലുമായിരിക്കും അവൻ. കാരണം പ്രവർത്തനത്തിന് അനുസരിച്ചായിരിക്കും ഓരോരുത്തർക്കും പ്രതിഫലം നൽകപ്പെടുക.

(73) അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്ക് അവതരിപ്പിച്ചു തന്ന ഖുർആനിൽ നിന്ന് ബഹുദൈവാരാധകർ നിന്നെ തിരിച്ചു കളയാനായിരിക്കുന്നു. അവരുടെ ദേഹേഛകൾക്ക് യോജിക്കുന്നത് നീ നമ്മുടെ മേൽ കെട്ടിച്ചമക്കുന്നതിന് വേണ്ടിയാണത്. അവർ ഉദ്ദേശിച്ചത് നീ ചെയ്തു കൊടുത്താൽ അവർ നിന്നെ പ്രിയങ്കരനായി തിരഞ്ഞെടുക്കും.

(74) സത്യത്തിന് മേൽ നിന്നെ ഉറപ്പിച്ചു നിർത്തിക്കൊണ്ട് നാം നിൻ്റെ മേൽ ഔദാര്യം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ നീ അൽപ്പം അവരിലേക്ക് ചാഞ്ഞു പോകാൻ ആവുകയും, അവർ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങളിൽ നീ അവരോട് യോജിക്കുകയും ചെയ്യുമായിരുന്നു. അവരുടെ വഞ്ചനയുടെ കാഠിന്യവും, കടുത്ത തന്ത്രവും അത്രമാത്രമുണ്ട്.മാത്രമല്ല, അവർ അല്ലാഹുവിലും അവൻ്റെ ദീനിലും വിശ്വസിക്കണമെന്ന് നീ കഠിനമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അവരിലേക്ക് ചാഞ്ഞു പോകുന്നതിൽ നിന്ന് നാം നിന്നെ സംരക്ഷിച്ചിരിക്കുന്നു.

(75) അവർ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങളിൽ നീ അവരിലേക്ക് ചാഞ്ഞുപോയിരുന്നെങ്കിൽ നാം ഇഹലോകത്തും പരലോകത്തും ഇരട്ടിയിരട്ടി ശിക്ഷ നിന്നെ ബാധിപ്പിക്കുമായിരുന്നു. ശേഷം നമുക്കെതിരെ നിന്നെ സഹായിക്കാനോ നിന്നിൽ നിന്ന് ശിക്ഷ തടുത്തു നിർത്താനോ പോന്ന ഒരു സഹായിയെ നിനക്ക്കാണുക സാധ്യമല്ല.

(76) (അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ ശത്രുതയാൽ നിന്നെ പ്രയാസപ്പെടുത്തി കൊണ്ട് മക്കയിൽ നിന്ന് പുറത്താക്കാനായിരിക്കുന്നു. എന്നാൽ നിന്നെ പുറത്താക്കുന്നതിൽ നിന്ന് അല്ലാഹു അവരെ തടഞ്ഞുവെച്ചിരിക്കുന്നു; അല്ലാഹുവിൻ്റെ കൽപ്പനയാൽ നീ (മക്കയിൽ നിന്ന്) പലായനം ചെയ്യുന്നത് വരെ. നിന്നെ അവർ പുറത്താക്കിയിരുന്നെങ്കിൽ അതിന് ശേഷം വളരെ കുറച്ച് കാലമല്ലാതെ അവർ അവിടെ കഴിഞ്ഞു കൂടില്ലായിരുന്നു.

(77) നിന്നെ പുറത്താക്കിയതിന് ശേഷം കുറച്ചു കാലമല്ലാതെ അവർ അവിടെ കഴിച്ചു കൂട്ടുകയില്ല എന്ന വിധി നിനക്ക് മുൻപുള്ള അല്ലാഹുവിൻ്റെ ദൂതന്മാരുടെ കാര്യത്തിൽ നിരന്തരമായി തുടരുന്ന അല്ലാഹുവിൻ്റെ നടപടിക്രമമാണ്. അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആരെയെങ്കിലും അദ്ദേഹത്തിൻ്റെ സമൂഹം അവിടെ നിന്ന് പുറത്താക്കിയാൽ അല്ലാഹു അവർക്ക് മേൽ ശിക്ഷ ഇറക്കുമെന്നതാണ് ആ നടപടിക്രമം. അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കാണുകയില്ല. മറിച്ച്, ഒരു മാറ്റവുമില്ലാതെ എന്നും അത് തുടരുന്നത് നിനക്ക് കാണാൻ സാധിക്കും.

(78) നിസ്കാരം അതിൻ്റെ പരിപൂർണ്ണ രൂപത്തിൽ നിർവ്വഹിച്ചു കൊണ്ട്, അതിൻ്റെ സമയത്ത് തന്നെ നീ നിർവ്വഹിക്കുക. സൂര്യൻ ആകാശത്തിൻ്റെ മദ്ധ്യത്തിൽ നിന്ന് തെറ്റിയത് മുതൽ -അതിൽ ദ്വുഹ്ർ നിസ്കാരവും അസ്ർ നിസ്കാരവും ഉൾപ്പെടും- രാത്രിയുടെ ഇരുട്ട് വരെ -അതിൽ മഗ്'രിബ് നിസ്കാരവും ഇശാഅ് നിസ്കാരവും ഉൾപ്പെടും-. സുബ്ഹ് നിസ്കാരവും നീ നിലനിർത്തുക; അതിലെ ഖുർആൻ പാരായണം നീ ദീർഘിപ്പിക്കുകയും ചെയ്യുക. സുബ്ഹ് നിസ്കാരം (ആകാശലോകത്ത് നിന്ന് ഇറങ്ങുകയും, അവിടേക്ക് കയറിപ്പോവുകയും ചെയ്യുന്ന) രാവിലെയും രാത്രിയുമുള്ള മലക്കുകൾ സാക്ഷ്യംവഹിക്കുന്ന നിസ്കാരമാകുന്നു.

(79) അല്ലാഹുവിൻ്റെ റസൂലേ! രാത്രിയിൽ എഴുന്നേറ്റ് കുറച്ച് സമയം നിസ്കരിക്കുക. നിൻ്റെ (സ്വർഗീയ)പദവികൾ വർദ്ധിക്കുവാൻ നിൻ്റെ നിസ്കാരം കാരണമാകുന്നതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ജനങ്ങൾ നിലകൊള്ളുന്ന ഭയാനകമായ സ്ഥിതിവിശേഷത്തിൽ നിന്ന് രക്ഷപ്പെടാൻ നിന്നെ നിൻ്റെ രക്ഷിതാവ് ശുപാർശകനാക്കാനും അത് കൂടുതൽ കാരണമാകും. അങ്ങനെ ആദ്യകാലക്കാരും പിൽക്കാലക്കാരുമെല്ലാം പുകഴ്ത്തിപ്പറയുന്ന, ഉന്നതമായ ശുപാർശയുടെ സ്ഥാനം (മഖാമുൻ മഹ്മൂദ്) നിനക്ക് ലഭിക്കുകയും ചെയ്യും.

(80) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവേ! എൻ്റെ പ്രവേശനവും പുറപ്പാടുമെല്ലാം നിൻ്റെ തൃപ്തിയിലും നിന്നെ അനുസരിച്ചു കൊണ്ടുമാക്കേണമേ! എൻ്റെ ശത്രുവിനെതിരിൽ എന്നെ സഹായിക്കുന്ന നിൻ്റെ പക്കൽ നിന്നുള്ള വ്യക്തമായ തെളിവ് നീ എനിക്ക് ഏർപ്പെടുത്തി തരുകയും ചെയ്യേണമേ!

(81) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഇസ്ലാം വന്നിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായവാഗ്ദാനം സത്യമായി പുലരുകയും ചെയ്തിരിക്കുന്നു. ബഹുദൈവാരാധനയും നിഷേധവും പോയ്മറയുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അസത്യം നശിക്കുകയും മാഞ്ഞുപോവുകയും ചെയ്യുന്നതാകുന്നു. സത്യത്തിന് മുൻപിൽ അതിന് നിലയുറപ്പിക്കാൻ സാധിക്കുകയില്ല.

(82) ഹൃദയങ്ങളിലെ അജ്ഞതക്കും നിഷേധത്തിനും സംശയത്തിനുമുള്ള ശമനം ഖുർആനിൽ നാം അവതരിപ്പിക്കുന്നു. അതു കൊണ്ട് മന്ത്രിക്കപ്പെട്ടാൽ ശരീരത്തിനും ശമനമുണ്ട്. അതനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് കാരുണ്യവും അതിലൂടെ നാം ഇറക്കുന്നു. ഈ ഖുർആൻ (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാശമല്ലാതെ അധികരിപ്പിക്കുകയില്ല. കാരണം അത് കേൾക്കുന്നത് അവരെ ദേഷ്യം പിടിപ്പിക്കുന്നു. നിഷേധവും (ഖുർആനിൽ നിന്നുള്ള) അകൽച്ചയും അതവർക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

(83) മനുഷ്യന് നാം ആരോഗ്യമോ സമ്പത്തോ പോലുള്ള വല്ല അനുഗ്രഹവും നൽകിയാൽ അവനതാ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അവനെ അനുസരിക്കുന്നതിൽ നിന്നും തിരിഞ്ഞു കളയുകയും, അഹങ്കാരത്തോടെ അതിൽ നിന്നെല്ലാം അകലം പാലിക്കുകയും ചെയ്യുന്നു. അവന് വല്ല രോഗമോ ദാരിദ്ര്യമോ പോലുള്ള വല്ലതും ബാധിച്ചാലാകട്ടെ, അവനതാ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് കടുത്ത നിരാശയുള്ളവനും പ്രതീക്ഷയറ്റവനുമായി തീരുന്നു.

(84) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എല്ലാ മനുഷ്യനും അവസ്ഥക്ക് അനുയോജ്യമായ അവൻ്റെ വഴിയിൽ, സന്മാർഗത്തിലോ അല്ലെങ്കിൽ, ദുർമാർഗത്തിലോ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ആരാണ് സത്യത്തിൻ്റെ വഴിയിലേക്ക് ഏറ്റവും സന്മാർഗം ലഭിച്ചവനെന്ന് നിങ്ങളുടെ രക്ഷിതാവ് നന്നായി അറിയുന്നവനാകുന്നു.

(85) അല്ലാഹുവിൻ്റെ റസൂലേ! വേദക്കാരിൽ പെട്ട നിഷേധികൾ ആത്മാവിൻ്റെ യാഥാർഥ്യത്തെ കുറിച്ച് താങ്കളോട് ചോദിക്കുന്നു. അവരോട് പറയുക: ആത്മാവിൻ്റെ യാഥാർഥ്യത്തെ കുറിച്ച് അല്ലാഹുവിനല്ലാതെ ആർക്കും അറിയില്ല. അല്ലാഹുവിൻ്റെ അറിവിനെ അപേക്ഷിച്ചു നോക്കുമ്പോൾ നിങ്ങൾക്കും സർവ്വസൃഷ്ടികൾക്കും വളരെ കുറഞ്ഞ അറിവല്ലാതെ നൽകപ്പെട്ടിട്ടില്ല.

(86) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു സത്യം! നിനക്ക് നാം അവതരിപ്പിച്ചു തന്ന സന്ദേശം ഹൃദയങ്ങളിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും മായ്ച്ചു കൊണ്ട്, ഇല്ലാതെയാക്കാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാം അപ്രകാരം ചെയ്യുമായിരുന്നു. പിന്നീട് നിന്നെ സഹായിക്കുവാനോ, നിനക്ക് അത് തിരിച്ചു കൊണ്ടുവന്ന് തരാമെന്ന് ഏൽക്കാനോ ഒരാളെയും നീ കണ്ടെത്തുകയില്ല.

(87) എന്നാൽ നാം അത് (ഈ സന്ദേശം) എടുത്തു കളഞ്ഞില്ല; മറിച്ച് സുരക്ഷിതമാക്കപ്പെട്ട നിലയിൽ നാമതിനെ വിട്ടേച്ചിരിക്കുന്നു. നിന്നോടുള്ള കാരുണ്യമായി കൊണ്ടാണ് നാം അപ്രകാരം ചെയ്തത്. തീർച്ചയായും നിൻ്റെ രക്ഷിതാവ് നിനക്ക് നൽകിയ ഔദാര്യങ്ങൾ വളരെ മഹത്തരമാകുന്നു. അവൻ നിന്നെ ദൂതനാക്കുകയും, നബിമാരിൽ അന്തിമനാക്കുകയും ചെയ്തു. നിനക്ക് അവൻ ഖുർആൻ അവതരിപ്പിക്കുകയും ചെയ്തു.

(88) അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിനക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ഖുർആൻ പോലൊന്ന് -സാഹിത്യഭംഗിയിലും മനോഹരമായ ഘടനയിലും ഉച്ചാരണഭംഗിയിലും ഇതിനോട് കിടപിടിക്കുന്ന ഒന്ന്- കൊണ്ടുവരുന്നതിനായി സർവ്വ മനുഷ്യരും ജിന്നുകളും ഒരുമിച്ചു കൂടിയാലും അവർക്ക് ഒരിക്കലും അങ്ങനെയൊന്ന് കൊണ്ടുവരാൻ സാധിക്കുകയില്ല. അവർ പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്താലും (അവർക്കതിന് സാധിക്കുകയില്ല).

(89) ജനങ്ങൾക്ക് പാഠമുൾക്കൊള്ളാൻ കഴിയാവുന്ന, എല്ലാനിലക്കുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും കൽപ്പനകളും വിലക്കുകളും ചരിത്രങ്ങളും ഈ ഖുർആനിൽ നാം വിശദീകരിക്കുകയും, വ്യത്യസ്ത രീതികളിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു. അവർ വിശ്വസിക്കുന്നതിന് വേണ്ടിയാണത്. അപ്പോൾ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഈ ഖുർആനിനെ നിഷേധിക്കാനും നിരാകരിക്കാനുമല്ലാതെ തയ്യാറായില്ല.

(90) ബഹുദൈവാരാധകർ പറഞ്ഞു: മക്കയുടെ മണ്ണിൽ വറ്റാതെ ഒഴുകുന്ന ഒരു ഉറവ നീ ഞങ്ങൾക്കായി കൊണ്ടുവന്നു തരുന്നത് വരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല.

(91) അതല്ലെങ്കിൽ ഈന്തപ്പനകളുടെയും മുന്തിരിയുടെയും ഒരു തോട്ടം നിനക്ക് ഉണ്ടാവുകയും, അതിലൂടെ സമൃദ്ധമായി ഒഴുകുന്ന അരുവികൾ നീ ഒഴുക്കുകയും ചെയ്യുന്നത് വരെ.

(92) അതല്ലെങ്കിൽ -നീ പറഞ്ഞതു പോലെ- ശിക്ഷയുടെ ഭാഗമായി ആകാശത്തെ കഷ്ണംകഷ്ണമായി നീ ഞങ്ങൾക്ക് മേൽ വീഴ്ത്തുന്നത് വരെ. അതുമല്ലെങ്കിൽ അല്ലാഹുവിനെയും മലക്കുകളെയും കണ്ണുകൊണ്ട് കാണാൻ കഴിയുന്ന തരത്തിൽ നീ കൊണ്ടുവരുകയും, അവർ നീ ജൽപ്പിക്കുന്നത് സത്യമാണെന്ന് നിനക്ക് വേണ്ടി സാക്ഷ്യം വഹിക്കുകയും ചെയ്യുന്നത് വരെ.

(93) അതല്ലെങ്കിൽ നിനക്ക് സ്വർണ്ണം കൊണ്ടും മറ്റും അലങ്കരിക്കപ്പെട്ട ഒരു വീട് ഉണ്ടാകുന്നത് വരെ. അതുമല്ലെങ്കിൽ നീ ആകാശത്തേക്ക് കയറിപ്പോവുന്നത് വരെ. ആകാശത്തേക്ക് കയറിപ്പോവുകയും, അവിടെ നിന്ന് 'നീ അല്ലാഹുവിൻ്റെ ദൂതനാണെന്ന്' വായിക്കാൻ കഴിയുന്ന ഒരു ഗ്രന്ഥം അല്ലാഹുവിൻ്റെ പക്കൽ നിന്ന് നീ കൊണ്ടുവരികയും ചെയ്യുന്നത് വരെ നീ ഒരു ദൂതനാണെന്ന് ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: എൻ്റെ രക്ഷിതാവ് എത്ര പരിശുദ്ധൻ! മറ്റെല്ലാ റസൂലുകളെയും പോലെ, ഒരു റസൂലായ മനുഷ്യൻ മാത്രമല്ലെയോ ഞാൻ?! എനിക്ക് ഒന്നും തന്നെ കൊണ്ടുവരാൻ കഴിയില്ല. നിങ്ങൾ പറയുന്നതെല്ലാം ഞാനെങ്ങനെ കൊണ്ടുവരാനാണ്?

(94) നിഷേധികൾക്ക് അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കാനും, നബി -ﷺ- കൊണ്ടുവന്നത് പ്രാവർത്തികമാക്കാനും തടസ്സമായി നിന്നത് മനുഷ്യരുടെ കൂട്ടത്തിൽ നിന്ന് അല്ലാഹുവിൻ്റെ ഒരു ദൂതൻ വരുക എന്നത് അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. അത്ഭുതത്തോടെ അവർ ചോദിച്ചു: അല്ലാഹു നമ്മിലേക്ക് ഒരു മനുഷ്യനെ ദൂതനായി നിയോഗിക്കുകയോ?!

(95) അല്ലാഹുവിൻ്റെ റസൂലേ! അവർക്കുള്ള മറുപടിയായി കൊണ്ട് പറയുക: ഭൂമിക്ക് മുകളിൽ നിങ്ങളെ പോലെ സമാധാനത്തോടെ വസിക്കുന്നതും സഞ്ചരിക്കുന്നതും മലക്കുകളായിരുന്നെങ്കിൽ നാം അവരിലേക്ക് മലക്കുകളിൽ പെട്ട ഒരു ദൂതനെ നിയോഗിക്കുമായിരുന്നു. കാരണം മലക്കുകൾക്ക് അയക്കപ്പെട്ട സന്ദേശം അവർക്ക് മനസ്സിലാക്കി നൽകാൻ കഴിയുക മലക്കായ ഒരു ദൂതനാണ്. അവരിലേക്ക് മനുഷ്യരിൽ പെട്ട ഒരു ദൂതനെ നിയോഗിക്കുക എന്നത് യുക്തിയല്ല. അതു പോലെ തന്നെയാണ് നിങ്ങളുടെയും സ്ഥിതി.

(96) അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ അല്ലാഹുവിൻ്റെ ദൂതനാണ് എന്നതിനും, നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകിയിട്ടുണ്ട് എന്നതിനും സാക്ഷിയായി എനിക്കും നിങ്ങൾക്കുമിടയിൽ അല്ലാഹു മതി. തീർച്ചയായും അവൻ തൻ്റെ ദാസന്മാരുടെ അവസ്ഥകൾ ചൂഴ്ന്നറിയുന്നവനും (ഖബീർ), അവരുടെ മനസ്സുകളിലെ സൂക്ഷ്മരഹസ്യങ്ങൾ കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

(97) ആർക്കെങ്കിലും അല്ലാഹു സന്മാർഗത്തിലേക്ക് സൗകര്യം നൽകിയാൽ അവനാണ് യഥാർത്ഥത്തിൽ സന്മാർഗം ലഭിച്ചവൻ. ആരെയെങ്കിലും അവൻ സന്മാർഗത്തിലാക്കാതെ കൈവെടിയുകയും വഴിതെറ്റിക്കുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവരെ സത്യത്തിലേക്ക് വഴിനയിക്കുകയും, അവരിൽ നിന്ന് ഉപദ്രവം തടുത്തു വെക്കുകയും, അവർക്ക് ഉപകാരം നേടിക്കൊടുക്കുകയും ചെയ്യുന്ന ഒരു രക്ഷാധികാരിയെയും താങ്കൾക്ക് കാണാൻ കഴിയില്ല. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ മുഖങ്ങളിൽ വലിച്ചിഴക്കപ്പെടുന്ന നിലയിൽ നാം അവരെ ഒരുമിച്ചു കൂട്ടുന്നതാണ്. അന്ന് കാണാനോ സംസാരിക്കാനോ കേൾക്കാനോ അവർക്ക് സാധിക്കുകയില്ല. അവർ എത്തിച്ചേരുന്ന അവരുടെ ഭവനം നരകമാകുന്നു. അതിൻ്റെ ജ്വലനം താഴുമ്പോഴെല്ലാം നാം അത് ആളിക്കത്തിച്ചു കൊണ്ടിരിക്കും.

(98) നമ്മുടെ ദൂതൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, പുനരുത്ഥാനത്തെ അസംഭവ്യമായി കണ്ടുകൊണ്ട് 'നാം മരിക്കുകയും, നുരുമ്പിയ എല്ലുകളായി തീരുകയും ചിതറിയ കഷ്ണങ്ങളായി മാറുകയും ചെയ്ത ശേഷം പുതിയൊരു സൃഷ്ടിയായി നാം പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ' എന്ന് ചോദിക്കുകയും ചെയ്തതിനുള്ള പ്രതിഫലമാണ് അവർ അനുഭവിക്കുന്ന ആ ശിക്ഷ.

(99) ഭീമാകാരമായ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹു അവരെപോലുള്ളവരെ സൃഷ്ടിക്കാൻ ശക്തിയുള്ളവനാണ് എന്ന കാര്യം പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അറിയുന്നില്ലേ? വളരെ വലിയ ഒന്നിനെ സൃഷ്ടിക്കാൻ കഴിഞ്ഞവന് അതിൽ താഴെയുള്ളത് സൃഷ്ടിക്കാൻ എന്തായാലും സാധിക്കും. തീർച്ചയായും ഐഹികജീവിതത്തിൽ അവർക്ക് അല്ലാഹു ഒരു നിശ്ചിതസമയം അനുവദിച്ചു നൽകിയിരിക്കുന്നു; അത് അവസാനിക്കുമ്പോൾ അവരുടെ ജീവിതവും അവസാനിക്കും. അവരെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ഒരു അവധിയും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു; അതിൽ യാതൊരു സംശയവുമില്ല. എന്നാൽ പുനരുത്ഥാനത്തിൻ്റെ തെളിവുകൾ ഇത്ര പ്രകടവും വ്യക്തവുമായിട്ടും ബഹുദൈവാരാധകർ അതിനെ നിഷേധിക്കാനല്ലാതെ തയ്യാറായില്ല.

(100) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഒരിക്കലും തീർന്നു പോവുകയോ അവസാനിക്കുകയോ ചെയ്യാത്ത എൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തിൻ്റെ ഖജനാവുകൾ നിങ്ങൾ അധീനപ്പെടുത്തിയിരുന്നെങ്കിൽ അത് തീർന്നു പോവുകയും അങ്ങനെ ദരിദ്രരായി തീരുകയും ചെയ്യുമോ എന്ന ഭയം കാരണത്താൽ അതിൽ നിന്ന് ചെലവഴിക്കാൻ നിങ്ങൾ വിസമ്മതിക്കുമായിരുന്നു. മനുഷ്യൻ്റെ പ്രകൃതിയിൽ പെട്ടതാണ് അവൻ കടുത്ത പിശുക്കനാണെന്നത്; അല്ലാഹുവിൽ വിശ്വസിക്കുന്നവനാണെങ്കിൽ ഒഴികെ. അവൻ അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ദാനം ചെയ്യുന്നതാണ്.

(101) മൂസാക്ക് -അദ്ദേഹത്തിൻ്റെ (സത്യസന്ധത) സാക്ഷ്യപ്പെടുത്തുന്ന ഒമ്പത് വ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം നൽകി. (താഴെയിട്ടാൽ സർപ്പമായി മാറുന്ന) വടി, (കക്ഷത്തിൽ വെച്ച് പുറത്തെടുത്താൽ വെളുത്ത നിറത്തിൽ പ്രകാശിക്കുന്ന) കൈ, വരൾച്ച, വിഭവങ്ങളിലെ കുറവ്, വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിവയായിരുന്നു അവ. അല്ലാഹുവിൻ്റെ റസൂലേ! യഹൂദരോട് ചോദിക്കുക: മൂസാ അവരുടെ പൂർവ്വികരുടെ അടുക്കൽ ഈ ദൃഷ്ടാന്തങ്ങളുമായി ചെല്ലുകയും, ഫിർഔൻ അദ്ദേഹത്തോട് ഇങ്ങനെ പറയുകയും ചെയ്തതിനെക്കുറിച്ച്: മൂസാ! ഇത്തരം വിചിത്രമായ കാര്യങ്ങൾ കൊണ്ടുവരുന്നതിനാൽ, മാരണം ബാധിച്ച ഒരുവനായാണ് നിന്നെ ഞാൻ മനസ്സിലാക്കുന്നത്

(102) മൂസ -عَلَيْهِ السَّلَامُ- അവന് മറുപടിയായി കൊണ്ട് പറഞ്ഞു: ഹേ ഫിർഔൻ! തീർച്ചയായും ഈ ദൃഷ്ടാന്തങ്ങൾ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവായ അല്ലാഹുവല്ലാതെ മറ്റാരുമല്ല അവതരിപ്പിച്ചതെന്ന് നിനക്ക് ഉറച്ച ബോധ്യം വന്നിട്ടുണ്ട്. അവൻ്റെ ശക്തിയുടെയും, അവൻ്റെ ദൂതൻ്റെ സത്യസന്ധതയുടെയും തെളിവുകളായാണ് ഈ ദൃഷ്ടാന്തങ്ങൾ അവൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നീ അവയെ നിഷേധിച്ചു തള്ളിയിരിക്കുന്നു. ഹേ ഫിർഔൻ! തീർച്ചയായും നീ ഒരു നശിച്ച, നഷ്ടകാരി തന്നെയാണ് എന്ന് എനിക്ക് അറിയാം.

(103) അപ്പോൾ ഫിർഔൻ മൂസയെയും അദ്ദേഹത്തിൻ്റെ ജനതയെയും ഈജിപ്തിൽ നിന്ന് പുറത്താക്കി കൊണ്ട്, അവരെ ശിക്ഷിക്കാൻ ഉദ്ദേശിച്ചു. എന്നാൽ നാം അവനെയും അവനോടൊപ്പമുള്ള അവൻ്റെ സൈന്യത്തിൽ പെട്ടവരെയും മുഴുവൻ മുക്കിനശിപ്പിച്ചു.

(104) ഫിർഔനെയും അവൻ്റെ സൈന്യത്തെയും നശിപ്പിച്ചതിന് ശേഷം ഇസ്രാഈൽ സന്തതികളോട് നാം പറഞ്ഞു: നിങ്ങൾ ശാമിൻ്റെ മണ്ണിൽ താമസിച്ചു കൊള്ളുക. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വന്നെത്തിയാൽ നിങ്ങളെയെല്ലാം വിചാരണയുടെ വേദിയിലേക്ക് നാം ഒരുമിച്ചു കൂട്ടുന്നതാണ്.

(105) സത്യത്തോട് കൂടിയാണ് മുഹമ്മദ് നബി -ﷺ- യുടെ മേൽ നാം ഈ ഖുർആൻ അവതരിപ്പിച്ചത്. സത്യത്തോട് കൂടി തന്നെയാണ് -ഒരു മാറ്റത്തിരുത്തലോ ഭേദഗതികളോ ഇല്ലാതെയാണ്- അത് അദ്ദേഹത്തിന് മേൽ അവതീർണ്ണമായതും. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് സ്വർഗം സന്തോഷവാർത്ത അറിയിക്കുന്നവരും, (അല്ലാഹുവിനെ) നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവർക്ക് നരകം താക്കീത് നൽകുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല.

(106) ജനങ്ങൾക്ക് മേൽ സാവകാശത്തിൽ ഒഴുക്കോടെ പാരായണം ചെയ്തു നൽകുന്നതിന് വേണ്ടി നാം ഈ ഖുർആനിനെ ഭാഗങ്ങളാക്കി തിരിക്കുകയും, വ്യക്തമാക്കുകയും ചെയ്തു കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. കാരണം (അങ്ങനെ പാരായണം ചെയ്യുന്നതാണ്) കൂടുതൽ അവഗാഹമുണ്ടാകുവാനും ഉറ്റാലോചിക്കാനും സഹായകമായിട്ടുള്ളത്. സംഭവവികാസങ്ങൾക്കും അവസ്ഥാന്തരങ്ങൾക്കും അനുസരിച്ച് ഒന്നിന് പിറകെ ഒന്നായി നാം ഖുർആനിനെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

(107) അല്ലാഹുവിൻ്റെ റസൂലേ! പറയുക: നിങ്ങൾ ഇതിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുക. നിങ്ങളുടെ വിശ്വാസം കൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും വർദ്ധിക്കാനില്ല. നിങ്ങൾ നിഷേധിച്ചതു കൊണ്ട് ഇതിന് എന്തെങ്കിലും കുറവ് വരാനുമില്ല. മുൻപ് അവതരിച്ച അല്ലാഹുവിൻ്റെ ഗ്രന്ഥങ്ങൾ വായിക്കുകയും, അല്ലാഹുവിൻ്റെ സന്ദേശമെന്താണെന്നും പ്രവാചകത്വം എന്താണെന്നും മനസ്സിലാക്കുകയും ചെയ്തവർ; അവർക്ക് ഈ ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അല്ലാഹുവിനോട് നന്ദിയായി കൊണ്ട്, അവർ തങ്ങളുടെ മുഖങ്ങളിൽ സാഷ്ടാംഗം നമിച്ചു വീഴുന്നതാണ്.

(108) അവർ തങ്ങളുടെ സുജൂദിൻ്റെ വേളയിൽ പറയും: വാഗ്ദാനം ലംഘിക്കുക എന്നതിൽ നിന്ന് ഞങ്ങളുടെ രക്ഷിതാവ് പരിശുദ്ധനായിരിക്കുന്നു. മുഹമ്മദ് എന്ന പേരിൽ ഒരു നബിയെ നിയോഗിക്കും എന്ന അവൻ്റെ വാഗ്ദാനം സംഭവിക്കുന്നതാണ്. തീർച്ചയായും നമ്മുടെ രക്ഷിതാവിൻ്റെ വാഗ്ദാനങ്ങൾ -ഇതും ഇതല്ലാത്തതും- സംഭവിക്കുന്നത് തന്നെയാണ്; അതിൽ സംശയമില്ല.

(109) അവർ അല്ലാഹുവിനായി തങ്ങളുടെ മുഖങ്ങളിൽ സാഷ്ടാംഗം നമിച്ചു കൊണ്ട് സുജൂദിൽ വീഴുകയും, അവനെ കുറിച്ചുള്ള ഭയത്താൽ കരയുകയും ചെയ്യും. ഖുർആൻ കേൾക്കുകയും, അതിൻ്റെ ആശയാർത്ഥങ്ങൾ ഉറ്റാലോചിക്കുകയും ചെയ്യുന്നത് അവരിൽ അല്ലാഹുവിനോടുള്ള കീഴ്വണക്കവും അവനോടുള്ള ഭയഭക്തിയും വർദ്ധിപ്പിക്കുകയും ചെയ്യും.

(110) അല്ലാഹുവിൻ്റെ റസൂലേ! നീ പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവേ! റഹ്മാനേ! എന്നിങ്ങനെ വിളിക്കുന്നത് എതിർക്കുന്നവരോട് പറയുക: അല്ലാഹു എന്നതും, റഹ്മാൻ (മഹാവിശാലമായ കാരുണ്യമുള്ളവൻ) എന്നതും അല്ലാഹുവിൻ്റെ രണ്ട് നാമങ്ങളാണ്. ആ രണ്ടിൽ ഏതു കൊണ്ടും നിങ്ങൾക്ക് അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാം. അതല്ലാത്ത അവൻ്റെ പേരുകളിലും നിങ്ങൾക്കവനെ വിളിക്കാം. അവനാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) ഉള്ളത്. ഈ രണ്ട് നാമങ്ങൾ അതിൽ പെട്ടവയാകുന്നു. അതിനാൽ ആ രണ്ടു പേരുകൾ കൊണ്ടോ, അവൻ്റെ ഉൽകൃഷ്ട നാമങ്ങളിൽ പെട്ട ഏതു നാമം കൊണ്ടുമോ നിങ്ങളവനെ വിളിച്ചു പ്രാർത്ഥിക്കുക. നിൻ്റെ നിസ്കാരത്തിലുള്ള പാരായണം -ബഹുദൈവാരാധകർ കേൾക്കുന്ന തരത്തിൽ- വളരെ ഉച്ചത്തിലാക്കാതിരിക്കുക. വിശ്വാസികൾക്ക് കേൾക്കാൻ കഴിയാത്ത തരത്തിൽ, വളരെ പതുക്കെയുമാക്കാതിരിക്കുക. അതിന് രണ്ടിനുമിടയിൽ ഒരു മദ്ധ്യമ നിലപാട് സ്വീകരിക്കുക.

(111) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എല്ലാ നിലക്കുമുള്ള സ്തുതികൾക്കും അർഹനായ അല്ലാഹുവിന് സർവ്വസ്തുതികളും. ഒരു സന്താനമോ പങ്കാളിയോ ഉണ്ടാവുക എന്നതിൽ നിന്ന് പരിശുദ്ധനാണവൻ. അവൻ്റെ അധികാരത്തിൽ അവനൊരു പങ്കാളിയില്ല. അപമാനമോ നിന്ദ്യതയോ അവനെ ബാധിക്കുകയുമില്ല. അതിനാൽ ഒരു സഹായിയെയോ പ്രതാപം നൽകുന്നവനെയോ അവന് ആവശ്യവുമില്ല. അതിനാൽ അവനെ നീ ധാരാളമായി മഹത്വപ്പെടുത്തുക. സന്താനമോ അധികാരത്തിൽ പങ്കാളിയോ സഹായിയോ പിന്തുണനൽകുന്നവനോ അവനുണ്ടെന്ന് നീ ചേർത്തിപ്പറയരുത്.