58 - Al-Mujaadila ()

|

(1) ഖൗല ബിൻത് ഥഅ്ലബഃ എന്ന സ്ത്രീ തൻ്റെ ഭർത്താവായ ഔസു ബ്നു സ്വാമിത് തന്നെ 'ദ്വിഹാർ' ചെയ്ത വിഷയത്തിൽ താങ്കളുമായി ചർച്ച ചെയ്തത് അല്ലാഹു കേട്ടിരിക്കുന്നു. തൻ്റെ ഭർത്താവ് അവളോട് ചെയ്തതിനെ കുറിച്ച് അല്ലാഹുവോട് അവൾ ആവലാതി ബോധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ രണ്ട് പേരുടെയും സംസാരവും ചർച്ചയും അവൻ കേൾക്കുന്നുണ്ടായിരുന്നു. അതിൽ ഒരു കാര്യവും അവന് അവ്യക്തമായിട്ടില്ല. അവൻ തൻ്റെ അടിമകളുടെ സംസാരം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങൾ കാണുന്ന 'ബസ്വീറു'മാകുന്നു. അതിലൊന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(2) തങ്ങളുടെ സ്ത്രീകളെ 'ദ്വിഹാർ' നടത്തുന്നവർ - എൻ്റെ ഉമ്മയെ പോലെയാണ് നീ എനിക്ക് ഇനി മുതൽ എന്ന് തങ്ങളുടെ ഭാര്യമാരോട് പറയുന്നതിനാണ് ദ്വിഹാർ എന്ന് പറയുന്നത്-; അവർ കളവാണ് യഥാർഥത്തിൽ പറയുന്നത്. അവരുടെ ഭാര്യമാർ അവരുടെ മാതാക്കളല്ല. അവരെ പ്രസവിച്ചവർ മാത്രമാണ് അവരുടെ മാതാക്കൾ. ഇങ്ങനെയൊക്കെ പറയുക എന്നത് വളരെ വൃത്തികേടും കളവുമാണ്. തീർച്ചയായും അല്ലാഹു ഏറെ വിട്ടു കൊടുക്കുന്ന 'അഫുവ്വും', അങ്ങേയറ്റം പൊറുക്കുന്ന 'ഗഫൂറു'മാകുന്നു. അതിനാൽ ഈ തെറ്റിൽ അകപ്പെട്ടു പോകുന്നവർക്കായി അവൻ അവർക്ക് പാപപരിഹാരമായി 'കഫാറത്' നിശ്ചയിച്ചിരിക്കുന്നു.

(3) ഈ വൃത്തികെട്ട വാക്ക് പറയുന്നവർ, പിന്നീട് അങ്ങനെ പറഞ്ഞകറ്റിയ തങ്ങളുടെ ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിക്കുന്നെങ്കിൽ അവർ പാപപരിഹാരമായി അതിന് മുൻപ് ഒരു അടിമയെ മോചിപ്പിക്കട്ടെ. ഈ വിധി നിങ്ങളെ അറിയിക്കുന്നത് ഇനി 'ദ്വിഹാറിൽ' നിന്ന് വിട്ടു നിൽക്കുന്നതിനായാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(4) നിങ്ങളിൽ ആർക്കെങ്കിലും മോചിപ്പിക്കാൻ അടിമയെ ലഭിച്ചില്ലെങ്കിൽ -'ദ്വിഹാറി'ലൂടെ അകറ്റി നിർത്തിയ ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുൻപ്- അവൻ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കണം. ആർക്കെങ്കിലും രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാനും കഴിയുന്നില്ലെങ്കിൽ അവൻ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകണം. നാം നിശ്ചയിച്ച ഈ വിധി നിങ്ങൾ ഇതെല്ലാം അല്ലാഹുവിൻ്റെ വിധിയാണെന്ന് വിശ്വസിക്കുകയും, അവ പ്രാവർത്തികമാക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങൾക്ക് നാം നിശ്ചയിച്ചിരിക്കുന്ന ഈ വിധിവിലക്കുകളെല്ലാം തൻ്റെ അടിമകൾക്ക് മേൽ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളാണ്. അതിനാൽ അവ നിങ്ങൾ മറികടക്കരുത്. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ നിഷേധിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.

(5) അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവർ മുൻസമുദായങ്ങളിൽ അപ്രകാരം ചെയ്തവർക്ക് സംഭവിച്ചത് പോലെ അപമാനിക്കപ്പെടുകയും നിന്ദ്യരാക്കപ്പെടുകയും ചെയ്തിരിക്കുന്നു. സുവ്യക്തമായ ദൃഷ്ടാന്തങ്ങൾ നാം അവതരിപ്പിച്ചിരിക്കുന്നു; അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അവൻ്റെ ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവർക്ക് അപമാനകരമായ ശിക്ഷയുണ്ട്.

(6) അല്ലാഹു അവരെയെല്ലാം ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം; അതിൽ നിന്ന് ഒരാളും തന്നെ ഒഴിവാകില്ല. അങ്ങനെ അല്ലാഹു അവർ ഇഹലോകത്ത് പ്രവർത്തിച്ച മ്ലേഛപ്രവൃത്തികളെ കുറിച്ച് അവരെ അറിയിക്കും. അതെല്ലാം -ഒന്നു പോലും നഷ്ടപ്പെടാതെ- അല്ലാഹു കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു. എന്നാൽ അവരതെല്ലാം മറന്നു പോയിരുന്നു. എന്നാൽ അവയെല്ലാം തങ്ങളുടെ ഏടുകളിൽ ചെറുതോ വലുതോ ആയ ഒന്നും വിട്ടു പോകാതെ രേഖപ്പെടുത്തപ്പെട്ടതായി അവർ കാണും. അല്ലാഹു എല്ലാ കാര്യവും കണ്ടിരിക്കുന്നു; അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(7) അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അല്ലാഹു അറിയുമെന്നും, അവയിലുള്ളതൊന്നും അവന് അവ്യക്തമാവില്ലെന്നും അങ്ങേക്ക് ബോധ്യമായിട്ടില്ലേ? മൂന്നു പേർ രഹസ്യമായി സംസാരിക്കുന്നുവെങ്കിൽ നാലമനായി അല്ലാഹു അത് അറിയാതെയില്ല. അഞ്ചു പേരാണെങ്കിൽ ആറാമനായി അല്ലാഹു അതറിയുന്നുണ്ട്. ഈ പറഞ്ഞതിനെക്കാൾ കുറവോ കൂടുതലോ എണ്ണമുണ്ടാകട്ടെ; അവർ എവിടെയാണെങ്കിലും അതെല്ലാം അറിഞ്ഞു കൊണ്ട് അല്ലാഹു അവരോടൊപ്പമുണ്ട്. അവരുടെ സംസാരത്തിൽ ഒന്നും അവന് അവ്യക്തമാവുകയില്ല. ശേഷം അന്ത്യനാളിൽ അവർ പ്രവർത്തിച്ചതിനെ കുറിച്ചെല്ലാം അല്ലാഹു അവരെ അറിയിക്കുന്നതാണ്. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു; അവന് യാതൊന്നും അവ്യക്തമാവുകയില്ല.

(8) അല്ലാഹുവിൻ്റെ റസൂലേ! ഒരു സത്യവിശ്വാസിയെ കണ്ടാൽ പരസ്പരം രഹസ്യസംഭാഷണത്തിൽ ഏർപ്പെടുന്ന യഹൂദരെ നീ കണ്ടില്ലേ?! അങ്ങനെ അല്ലാഹു അവരോട് ഈ രഹസ്യസംഭാഷണം വിലക്കി. പക്ഷേ അല്ലാഹു വിലക്കിയതിലേക്ക് തന്നെ അവരതാ തിരിച്ചു പോകുന്നു. തിന്മകൾ അടങ്ങിയ രഹസ്യസംഭാഷണങ്ങളാണ് അവർ പരസ്പരം നടത്തുന്നത്. (ഇസ്ലാമിൽ) വിശ്വസിച്ചവരെ കുറിച്ചുള്ള പരദൂഷണവും, അവർക്കെതിരെ ശത്രുത പരത്തലും, നബിയോടുള്ള ധിക്കാരവുമാണ് അവരുടെ രഹസ്യസംഭാഷണങ്ങളിൽ ഉള്ളത്. റസൂലേ! അങ്ങയുടെ അടുക്കൽ വന്നാൽ അല്ലാഹു താങ്കളെ അഭിവാദ്യം ചെയ്ത രൂപത്തിലല്ല അവർ അഭിവാദ്യം ചെയ്യുക. 'അസ്സലാമു അലൈക്കും' (അല്ലാഹുവിൻ്റെ രക്ഷ താങ്കളുടെ മേലുണ്ടാകട്ടെ) എന്നതിന് പകരം 'അസ്സാമു അലൈക്കും' (നിനക്ക് മരണമുണ്ടാകട്ടെ) എന്നാണവർ പറയുക. അങ്ങ് നബിയല്ല എന്നതിനുള്ള തെളിവെന്നോണം അവർ പറയും: നമ്മൾ പറയുന്ന ഈ വാക്ക് കൊണ്ട് അല്ലാഹുവെന്തേ നമ്മെ ശിക്ഷിക്കാത്തത്?! അവൻ ശരിക്കും നബിയായിരുന്നെങ്കിൽ അവൻ നമ്മളെ ഇതിന് ശിക്ഷിക്കേണ്ടതല്ലേ?! ഈ പറഞ്ഞതിനുള്ള ശിക്ഷയായി അവർക്ക് നരകം തന്നെ മതിയായതാണ്. അതിൻ്റെ ചൂട് അവർ അനുഭവിച്ചറിയുന്നതാണ്. എത്ര വികൃതമാണ് ചെന്നുചേരാനുള്ള അവരുടെ സങ്കേതം!

(9) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരേ! യഹൂദരെ പോലെ തിന്മയോ ശത്രുതയോ നബിയോടുള്ള ധിക്കാരമോ നടത്തുന്നതിന് വേണ്ടിയുള്ള രഹസ്യസംഭാഷണങ്ങളിൽ നിങ്ങൾ ഏർപ്പെടരുത്. അല്ലാഹുവിനുള്ള അനുസരണമായും, അവനെ ധിക്കരിക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നതിനും വേണ്ടി നിങ്ങൾ രഹസ്യസംഭാഷണം നടത്തുക. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ നിങ്ങൾ സൂക്ഷിക്കുക! അവനിലേക്ക് മാത്രമാണ് അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുക.

(10) തിന്മക്കും ശത്രുതക്കും നബിയെ ധിക്കരിക്കുന്നതിനും വേണ്ടിയുള്ള ഈ രഹസ്യസംഭാഷണം പിശാച് അവൻ്റെ കൂട്ടാളികൾക്ക് ഭംഗിയാക്കി കൊടുക്കുന്നതും അവൻ്റെ ദുർമന്ത്രണവുമാണ്. തങ്ങൾക്കെതിരിൽ വല്ല കുതന്ത്രവും മെനയുകയാണോ അവർ എന്ന വ്യഥ മുസ്ലിംകൾക്ക് ഉണ്ടാക്കാനത്രെ അത്. എന്നാൽ പിശാചോ അവൻ ഭംഗിയാക്കിയ കാര്യങ്ങളോ -അല്ലാഹുവിൻ്റെ ഉദ്ദേശമോ തീരുമാനമോ- ഇല്ലാതെ മുസ്ലിമീങ്ങൾക്ക് ഒരുപദ്രവവും ചെയ്യുകയില്ല തന്നെ. അതിനാൽ (ഇസ്ലാമിൽ) വിശ്വസിച്ചവർ അല്ലാഹുവിൻ്റെ മേൽ മാത്രം തങ്ങളുടെ എല്ലാ കാര്യങ്ങളും ഭരമേൽപ്പിക്കട്ടെ!

(11) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരേ! സദസ്സുകളിൽ വിശാലതയുണ്ടാക്കാൻ നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ വിശാലതയുണ്ടാക്കുക. അല്ലാഹു നിങ്ങളുടെ ഐഹിക-പാരത്രിക ജീവിതങ്ങളിൽ നിങ്ങൾക്ക് വിശാലത നൽകുന്നതാണ്. ആദരണീയരായ ചിലർക്ക് വേണ്ടി ചില സദസ്സുകളിൽ നിന്ന് എഴുന്നേൽക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ നിങ്ങൾ അവിടെ നിന്ന് എഴുന്നേൽക്കുക. നിങ്ങളിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിച്ചവർക്കും മതവിജ്ഞാനം നൽകപ്പെട്ടവർക്കും അല്ലാഹു മഹത്തരമായ പദവികൾ ഉയർത്തി നൽകുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാണ്. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാം അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുന്നതുമാണ്.

(12) സ്വഹാബികൾ നബി (ﷺ) യുമായുള്ള രഹസ്യസംഭാഷണം അധികരിപ്പിച്ചപ്പോൾ അല്ലാഹു അവരോടായി പറയുന്നു: അല്ലയോ (ഇസ്ലാം) വിശ്വാസികളേ! നിങ്ങൾ നബി -ﷺ- യുമായി രഹസ്യ സംഭാഷണം ഉദ്ദേശിക്കുന്നെങ്കിൽ അതിന് മുൻപ് ഒരു ദാനധർമ്മം നൽകുക. അങ്ങനെ ദാനധർമ്മം ആദ്യത്തിൽ നൽകുന്നതാണ് നിങ്ങൾ കൂടുതൽ നല്ലതും പരിശുദ്ധവുമായിട്ടുള്ളത്. കാരണം ഹൃദയത്തെ ശുദ്ധീകരിക്കുന്ന ഒരു നന്മയാണത്. ഇനി ദാനമായി നൽകാൻ നിങ്ങളുടെ പക്കൽ ഒന്നുമില്ലെങ്കിലും, അവിടുത്തോട് രഹസ്യസംഭാഷണം നടത്തുന്നതിൽ ഒരു അപരാധവുമില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ തിന്മകൾ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവർക്ക് സാധ്യമാകുന്നത് മാത്രം അവരുടെ മേൽ ബാധ്യതയാക്കുന്ന 'റഹീമു'മാകുന്നു.

(13) നബിയോട് രഹസ്യസംഭാഷണം നടത്തുന്നതിന് മുൻപ് ദാനധർമ്മം നൽകിയാൽ നിങ്ങൾക്ക് ദാരിദ്ര്യം സംഭവിക്കുമെന്ന് നിങ്ങൾ ഭയന്നു പോയോ?! നിങ്ങൾ (അക്കാര്യത്തിൽ) അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയിട്ടില്ലെങ്കിൽ; അല്ലാഹു നിങ്ങൾക്ക് പൊറുത്തു തന്നിരിക്കുന്നു. അവൻ നിങ്ങൾക്ക് അക്കാര്യത്തിൽ ഇളവ് നൽകിയിരിക്കുന്നു. അതിനാൽ നിങ്ങൾ നിസ്കാരം അതിൻ്റെ പൂർണ്ണമായ രൂപത്തിൽ തന്നെ നിർവ്വഹിക്കുകയും, നിങ്ങളുടെ സമ്പാദ്യത്തിലെ നിർബന്ധദാനം (സകാത്) നൽകുകയും ചെയ്യുക. അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിങ്ങൾ അനുസരിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് അവൻ സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു പ്രവർത്തനവും അവന് അവ്യക്തമാവുകയില്ല. അവക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതാണ്.

(14) അല്ലാഹുവിൻ്റെ റസൂലേ! നിഷേധവും തിന്മകളും കാരണത്താൽ അല്ലാഹുവിൻ്റെ കോപത്തിന് പാത്രീഭൂതരായ യഹൂദരെ ഉറ്റമിത്രങ്ങളാക്കിയ കപടവിശ്വാസികളെ നീ കണ്ടില്ലേ?! ഈ കപടന്മാർ മുസ്ലിമീങ്ങളിൽ പെട്ടവരല്ല; യഹൂദരുടെ കൂട്ടത്തിലും പെട്ടവരല്ല. മറിച്ച് അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ ആടിക്കളിക്കുന്നവരാണിവർ. തങ്ങൾ മുസ്ലിംകളാണെന്നും, അവരുടെ രഹസ്യങ്ങൾ യഹൂദരെ അറിയിച്ചിട്ടില്ലെന്നും അവർ ശപഥം ചെയ്തു പറയുന്നു. എന്നാൽ അവർ കള്ളസത്യം മാത്രമാണ് ചെയ്യുന്നത്.

(15) അല്ലാഹു അവർക്കായി പരലോകത്ത് കഠിനമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു; നരകത്തിൻ്റെ ഏറ്റവും അടിത്തട്ടിൽ അവരെ അവൻ പ്രവേശിപ്പിക്കുന്നതാണ്. (ഇസ്ലാമിനെ) നിഷേധിച്ചു കൊണ്ടുള്ള അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾ വളരെ ദുഷിച്ചതായിരിക്കുന്നു.

(16) തങ്ങളുടെ ശപഥങ്ങളെ അവിശ്വാസം കാരണം വധിക്കപ്പെടുന്നതിൽ നിന്നുള്ള സംരക്ഷണമായി അവർ സ്വീകരിച്ചിരിക്കുന്നു. തങ്ങളുടെ രക്തവും സമ്പാദ്യവും സംരക്ഷിക്കാൻ ഇസ്ലാമിനെ പ്രകടമാക്കുകയും മുസ്ലിംകളിൽ സംശയവും അവ്യക്തതയുമുണ്ടാക്കി സത്യത്തിൽ നിന്ന് ജനങ്ങളെ അകറ്റുകയും ചെയ്യുന്നു. അതിനാൽ അവർക്ക് അപമാനകരവും നിന്ദ്യവുമായ ശിക്ഷയുണ്ട്.

(17) അവരുടെ സമ്പാദ്യമോ സന്താനങ്ങളോ അല്ലാഹുവിങ്കൽ യാതൊന്നും അവർക്ക് നേടിക്കൊടുക്കുകയില്ല. ഇവർ നരകാവകാശികളാകുന്നു; അതിൽ അവർ പ്രവേശിക്കുകയും, എന്നെന്നും അതിൽ തന്നെ വസിക്കുകയും ചെയ്യുന്നതാണ്. ഒരു നിമിഷനേരത്തേക്ക് പോലും ശിക്ഷ അവരെ വിട്ടുപിരിയുകയില്ല.

(18) അല്ലാഹു എല്ലാവരെയും ഉയർത്തെഴുന്നേൽപ്പിക്കുന്ന ദിവസം ഒരാളെയും പ്രതിഫലത്തിന് വേണ്ടി പുനർജനിപ്പിക്കാതെ അവൻ വെറുതെ വിടില്ല. (ഇസ്ലാമിൽ) വിശ്വസിച്ചവരോട് ഭൂമിയിൽ വെച്ച് ശപഥം ചെയ്തിരുന്നത് പോലെ, അന്ത്യനാളിലും 'തങ്ങൾ നിഷേധികളോ കപടവിശ്വാസികളോ ഒന്നുമായിരുന്നില്ല; അല്ലാഹുവിന് തൃപ്തികരമായത് പ്രവർത്തിച്ച വിശ്വാസികൾ തന്നെയായിരുന്നു ഞങ്ങളും' എന്നവർ ശപഥം ചെയ്യും. ഈ ശപഥങ്ങൾ കൊണ്ടെല്ലാം അല്ലാഹുവിങ്കൽ എന്തൊക്കെയോ ഉപകാരങ്ങൾ നേടാമെന്നും, ശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്നുമാണ് ഇവർ വിചാരിക്കുന്നത്. അറിയുക! ഇവർ തന്നെയാണ് ഇഹലോകത്തും പരലോകത്തും കള്ളസത്യം ചെയ്യുന്ന യഥാർഥ കള്ളന്മാർ!

(19) പിശാച് അവരുടെ മേൽ വിജയം നേടിയിരിക്കുന്നു. അവൻ്റെ ദുർമന്ത്രണങ്ങളിലൂടെ അല്ലാഹുവിനെ കുറിച്ച് അവരെ അവൻ മറപ്പിച്ചു കളഞ്ഞിരിക്കുന്നു. അതിനാൽ അല്ലാഹുവിന് തൃപ്തികരമായത് അവർ പ്രവർത്തിച്ചില്ല; അവന് കോപമുണ്ടാക്കുന്നത് മാത്രമാണ് അവർ പ്രവർത്തിച്ചത്. ഈ വിശേഷണങ്ങളെല്ലാം ഉള്ളവർ തന്നെയാണ് ഇബ്ലീസിൻ്റെ (പിശാചുക്കളുടെ നേതാവ്) സൈന്യവും അവൻ്റെ അനുയായികളും. അറിയുക! തീർച്ചയായും ഇബ്ലീസിൻ്റെ സൈന്യവും അവൻ്റെ കൂട്ടാളികളും തന്നെയാണ് ഇഹ-പരലോകങ്ങളിലെ പരാജിതർ! സന്മാർഗം വിറ്റു കൊണ്ടവർ വഴികേട് വിലക്ക് വാങ്ങിയിരിക്കുന്നു. സ്വർഗം വിറ്റ് നരകവും!

(20) അല്ലാഹുവിനോടും അവൻ്റെ ദൂതനോടും ശത്രുത വെച്ചു പുലർത്തുന്നവർ; അക്കൂട്ടർ ഇഹ-പരലോകങ്ങളിൽ അല്ലാഹു നിന്ദിച്ചവരുടെയും, അവൻ അപമാനിച്ച നിഷേധികളായ സമൂഹങ്ങളുടെയും കൂട്ടത്തിലാകുന്നു.

(21) തെളിവുകൾ കൊണ്ടും ശക്തി കൊണ്ടും അല്ലാഹുവും അവൻ്റെ ദൂതന്മാരും മാത്രമേ വിജയിക്കൂ എന്ന് അല്ലാഹു അവൻ്റെ അനന്തമായ അറിവിൽ വിധിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹു അവൻ്റെ ദൂതന്മാരെ സഹായിക്കാൻ ശക്തിയുള്ള 'ഖവിയ്യും', അവൻ്റെ ശത്രുക്കളോട് പകരം വീട്ടുന്ന 'അസീസു'മാകുന്നു.

(22) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സമൂഹം അല്ലാഹുവിനോടും റസൂലിനോടും ശത്രുത പുലർത്തുന്നവരുമായി ആത്മബന്ധം സ്ഥാപിക്കുന്നത് നീ കാണുകയില്ല. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കൾ ഇനി അവരുടെ പിതാക്കളോ, സന്താനങ്ങളോ, സഹോദരങ്ങളോ, അവർ ചേർന്നു നിൽക്കുന്ന കുടുംബക്കാരോ തന്നെയായിരുന്നാലും. കാരണം അവരുടെ (ഇസ്ലാമിലുള്ള) വിശ്വാസം അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കുന്നതിൽ നിന്ന് അവരെ തടയും. അതോടൊപ്പം (ഇസ്ലാമിക) വിശ്വാസത്തിൻ്റെ അടിത്തറയിലുള്ള ബന്ധം മറ്റെല്ലാ ബന്ധങ്ങളെക്കാളും ശക്തവുമാണ്. ഈ രണ്ട് ബന്ധങ്ങളും എതിരെ വന്നാൽ (ഇസ്ലാമിക) ബന്ധമാണ് മുൻപിൽ വെക്കേണ്ടത്. അല്ലാഹുവിൻ്റെയും അവൻ്റെ ദൂതൻ്റെയും ശത്രുക്കളുമായി ആത്മബന്ധം സ്ഥാപിക്കാത്തവർ; അവരുടെ ഹൃദയങ്ങളിലാണ് മാറ്റം സംഭവിക്കാത്ത തരത്തിൽ അല്ലാഹു വിശ്വാസം ഊട്ടിയുറപ്പിച്ചിരിക്കുന്നത്. അവനിൽ നിന്നുള്ള തെളിവുകളും സാക്ഷ്യങ്ങളും കൊണ്ട് അവർക്ക് അവൻ ശക്തി പകർന്നിരിക്കുന്നു. പരലോകത്ത് അവരെ സ്വർഗപ്പൂന്തോപ്പുകളിൽ അവൻ പ്രവേശിപ്പിക്കുന്നതാണ്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ എന്നെന്നേക്കുമായി വസിക്കും. അതിലെ അനുഗ്രഹങ്ങൾ എന്നെങ്കിലും നിന്നു പോവുകയോ, തീരുകയോ ഇല്ല. ഇനിയൊരിക്കലും ദേഷ്യപ്പെടാത്ത വിധം അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവസാനിക്കാത്ത അനുഗ്രഹങ്ങൾ അവർക്ക് നൽകിയ അല്ലാഹുവിനെയും അവർ തൃപ്തിപ്പെട്ടിരിക്കുന്നു. ആ അനുഗ്രഹങ്ങളിൽ ഒന്നാണ് അല്ലാഹുവിനെ അവർക്ക് കാണാൻ കഴിഞ്ഞു എന്നത്! ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവരാണ് അല്ലാഹുവിൻ്റെ സൈന്യം! അവൻ കൽപ്പിച്ചത് പ്രാവർത്തികമാക്കുകയും, അവൻ വിരോധിച്ചതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർ. അറിയുക! അല്ലാഹുവിൻ്റെ സൈന്യം തന്നെയാകുന്നു തങ്ങളുടെ ലക്ഷ്യം നേടിയെടുക്കുകയും, ഭയപ്പാട് നീങ്ങുകയും ചെയ്യുന്നതിലൂടെ (അന്തിമ) വിജയികളായി തീരുക.