(1) ആകാശഭൂമികളിലുള്ള എല്ലാം അല്ലാഹുവിനെ അവന് യോജ്യമല്ലാത്ത എല്ലാ കാര്യങ്ങളിൽ നിന്നും അവനെ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിവിലക്കുകളിലും വിധിനിർണയത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മാകുന്നു അവൻ.
(2) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ ചെയ്യാത്തത് 'ഞങ്ങൾ ചെയ്തിട്ടുണ്ട്' എന്ന് എന്തിനാണ് നിങ്ങൾ പറയുന്നത്? എൻ്റെ വാളുമെടുത്ത് ഞാൻ യുദ്ധം ചെയ്യുകയും പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്തു എന്ന് പറഞ്ഞ ചിലരെ പോലെ; അവർ യുദ്ധം ചെയ്തിട്ടുമില്ല. പോരാടിയിട്ടുമില്ല.
(3) നിങ്ങൾ ചെയ്യാത്തത് പറയുക എന്ന, അല്ലാഹുവിങ്കൽ വളരെ കോപാർഹമായ ഈ കാര്യം ഗുരുതരമായിരിക്കുന്നു. അല്ലാഹുവിനോട് സത്യസന്ധനാകാതിരിക്കുക എന്നത് ഒരു മുസ്ലിമിന് യോജിച്ചതല്ല. അവൻ്റെ പ്രവർത്തനം അവൻ്റെ വാക്കിനെ സത്യപ്പെടുത്തുന്നതായിരിക്കണം.
(4) അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട്, ഒരു ഉറപ്പുള്ള കെട്ടിടം പോലെ, പരസ്പരം തോളോടു തോൾ ചേർന്നു നിന്നു കൊണ്ട് പോരാടുന്ന വിശ്വാസികളെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നു.
(5) അല്ലാഹുവിൻ്റെ റസൂലേ! മൂസ തൻ്റെ സമൂഹത്തോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. (അദ്ദേഹം പറഞ്ഞു:) എൻ്റെ സമൂഹമേ! എൻ്റെ കൽപ്പനകൾ ധിക്കരിച്ചു കൊണ്ട് എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്?! ഞാൻ നിങ്ങളിലേക്കുള്ള അല്ലാഹുവിൻ്റെ ദൂതനാണെന്ന് നിങ്ങൾക്കറിയുകയും ചെയ്യാം! എന്നാൽ അവർക്ക് വന്നെത്തിയ സത്യത്തിൽ നിന്ന് അവർ വ്യതിചലിച്ചപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ സത്യത്തിൽ നിന്നും, അതിൽ സ്ഥിരതയോടെ നിൽക്കുന്നതിൽ നിന്നും നീക്കി. അല്ലാഹുവിനെ അനുസരിക്കാത്ത ജനതക്ക് അവൻ ഒരിക്കലും സത്യത്തിലേക്ക് സൗകര്യം ചെയ്യുകയില്ല.
(6) അല്ലാഹുവിൻ്റെ റസൂലേ! മർയമിൻ്റെ മകനായ ഈസ -عَلَيْهِ السَّلَامُ- പറഞ്ഞ സന്ദർഭവും നീ സ്മരിക്കുക: 'അല്ലയോ ഇസ്രാഈൽ സന്തതികളേ! ഞാൻ അല്ലാഹുവിൻ്റെ ദൂതനാകുന്നു; എനിക്ക് മുൻപ് അവതരിച്ച തൗറാത്തിനെ സത്യപ്പെടുത്തി കൊണ്ട് അവനാകുന്നു നിങ്ങളിലേക്ക് എന്നെ നിയോഗിച്ചയച്ചത്. ഞാൻ ആദ്യമായി വന്ന അല്ലാഹുവിൻ്റെ ദൂതനൊന്നുമല്ല. എനിക്ക് ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള അല്ലാഹുവിൻ്റെ ദൂതനെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നതിന് കൂടിയാണ് എന്നെ അവൻ നിയോഗിച്ചത്. എന്നാൽ ഈസ അദ്ദേഹത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളുമായി അവരിലേക്ക് ചെന്നപ്പോൾ അവർ പറഞ്ഞു: ഇത് വ്യക്തമായ മാരണമാകുന്നു; ഞങ്ങൾ ഇവനെ പിൻപറ്റുകയില്ല.
(7) ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പരിശുദ്ധമായ ഏകദൈവാരാധനയുടെ മതമായ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചു കൊണ്ട് അവന് പങ്കാളികളെ നിശ്ചയിക്കുകയും, അവരെ ആരാധിക്കുകയും ചെയ്യുന്നവനെക്കാൾ അതിക്രമിയായി ഒരാളും തന്നെയില്ല. ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിക്കുന്ന ഒരു സമൂഹത്തെ അല്ലാഹു സന്മാർഗത്തിലേക്കും ശരിയിലേക്കും നയിക്കുകയില്ല.
(8) നിരർത്ഥകമായ വാദങ്ങൾ കെട്ടിപ്പടുത്തും, സത്യത്തിൻ്റെ മുഖം വികൃതമാക്കിയും അല്ലാഹുവിൻ്റെ പ്രകാശം ഊതിക്കെടുത്താനാണ് ഈ നിഷേധികൾ ഉദ്ദേശിക്കുന്നത്. എന്നാൽ അല്ലാഹു അവൻ്റെ പ്രകാശം അവർക്ക് എത്ര ഇഷ്ടമായില്ലെങ്കിലും പൂർത്തികരിക്കുക തന്നെ ചെയ്യുന്നതാണ്. അവൻ്റെ മതത്തിന് കിഴക്കും പടിഞ്ഞാറും അവൻ വിജയം നൽകും; അവിടെയെല്ലാം അവൻ്റെ വചനം അവൻ ഉന്നതമാക്കുകയും ചെയ്യും.
(9) ഇസ്ലാം മതവുമായി തൻ്റെ ദൂതൻ മുഹമ്മദിനെ -ﷺ- നിയോഗിച്ചവനാകുന്നു അല്ലാഹു. സന്മാർഗത്തിൻ്റെയും നന്മയിലേക്കുള്ള വഴി തെളിക്കുന്നതുമായ മതമാണത്. ഉപകാരപ്രദമായ വിജ്ഞാനത്തിൻ്റെയും സൽകർമ്മങ്ങളുടെയും മതം. ഇസ്ലാമിന് ഭൂമിയിൽ വിജയം ലഭിക്കുന്നതിൽ അരിശം പൂണ്ടു നിൽക്കുന്ന ബഹുദൈവാരാധകർക്ക് അനിഷ്ടകരമായാലും അവൻ തൻ്റെ മതത്തിന് മറ്റെല്ലാ മതങ്ങൾക്കും മീതെ വിജയം നൽകുന്നതാണ്.
(10) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അങ്ങേയറ്റം ലാഭകരമായ, വേദനയേറിയ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!
(11) ലാഭകരമായ ഈ കച്ചവടം ഈ പറയുന്നതാണ്: നിങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ തൃപ്തി പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സമ്പാദ്യവും ശരീരങ്ങളും ഉപയോഗിച്ച് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്യുക. നിങ്ങൾക്ക് അറിയുമെങ്കിൽ അതാണ് നിങ്ങൾക്ക് നന്നായിട്ടുള്ളത്; അതിലേക്ക് നിങ്ങൾ തിരക്കിട്ട് മുന്നേറുക.
(12) ഈ കച്ചവടം കൊണ്ട് നിങ്ങൾക്കുണ്ടാകുന്ന ലാഭം ഇതാണ്: അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും, കൊട്ടാരങ്ങൾക്കും വൃക്ഷലതാദികൾക്കും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗങ്ങളിൽ നിങ്ങളെ അവൻ പ്രവേശിപ്പിക്കുകയും, ഒരിക്കലും മാറിക്കൊടുക്കേണ്ടി വരാത്ത സ്വർഗീയ ഭവനങ്ങളിൽ അവൻ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും. ഈ പറഞ്ഞ പ്രതിഫലം; അതു തന്നെയാകുന്നു മഹത്തരമായ വിജയം. അതിനോട് അടുത്ത് നിൽക്കുന്ന ഒരു വിജയവുമില്ല.
(13) ഈ കച്ചവടത്തിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന മറ്റൊരു ലാഭം കൂടിയുണ്ട്; നിങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന -ഭൂമിയിൽ വെച്ചു തന്നെ നിങ്ങൾക്ക് ലഭിക്കുന്ന- ഒന്നാണത്. അല്ലാഹു നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങളെ സഹായിക്കുകയും, വളരെ അടുത്ത് തന്നെ നിങ്ങൾക്ക് വിജയം തുറന്നു തരികയും ചെയ്യും. മക്കാ വിജയവും മറ്റുമാണ് ഇവിടെ ഉദ്ദേശം. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!-; ഇസ്ലാമിൽ വിശ്വസിച്ചവർക്ക് ഇഹലോകത്ത് അല്ലാഹുവിൻ്റെ സഹായവും, പരലോകത്ത് സ്വർഗമെന്ന വിജയവുമുണ്ടെന്ന് അവരെ അറിയിക്കുക.
(14) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ ദൂതൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്ന അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിനെ സഹായിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിൻ്റെ സഹായികളാവുക! ഹവാരികൾ സഹായിച്ചതു പോലെ. 'ആരുണ്ട് അല്ലാഹുവിലേക്ക് എൻ്റെ സഹായികളായി?' എന്ന് ഈസ -عَلَيْهِ السَّلَامُ- ചോദിച്ചപ്പോൾ അവർ ഉടനെ പറഞ്ഞു: ഞങ്ങളുണ്ട് അല്ലാഹുവിൻ്റെ സഹായികളായി. അങ്ങനെ ഇസ്രാഈൽ സന്തതികളിൽ പെട്ട ഒരു കൂട്ടർ ഈസയിൽ വിശ്വസിച്ചു. എന്നാൽ മറ്റൊരു കൂട്ടർ അദ്ദേഹത്തെ നിഷേധിക്കുകയും ചെയ്തു. അപ്പോൾ നിഷേധിച്ചവരുടെ മേൽ നാം വിശ്വസിച്ചവർക്ക് പിൻബലം നൽകി. അങ്ങനെ അവർ മറ്റുള്ളവരുടെ മേൽ വിജയികളായി തീരുകയും ചെയ്തു.