(1) അളവിൽ കുറക്കുന്നവർക്ക് മഹാനാശം.
(2) മറ്റുള്ളവരിൽ നിന്ന് അളന്നു വാങ്ങുകയാണെങ്കിൽ തങ്ങളുടെ അവകാശം ഒട്ടും കുറവ് വരുത്താതെ നേടിയെടുക്കുകയും;
(3) അവർ ജനങ്ങൾക്ക് അളന്നു കൊടുക്കുകയാണെങ്കിൽ തൂക്കത്തിലും അളവിലും കുറവ് വരുത്തുകയും ചെയ്യും. നബി -ﷺ- പാലായനം ചെയ്ത് മദീനയിലേക്ക് വരുമ്പോൾ അവിടെയുള്ളവരുടെ സ്ഥിതി ഇപ്രകാരമായിരുന്നു.
(4) ഈ തിന്മ പ്രവർത്തിക്കുന്നവർ തങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തെഴുന്നേൽപ്പിക്കപ്പെടും എന്നതിൽ ഉറച്ചു വിശ്വസിക്കുന്നില്ലേ?
(5) വിചാരണക്കും പ്രതിഫലം നൽകപ്പെടുന്നതിനുമായി പരീക്ഷണങ്ങളും ഭീകരതയും നിറഞ്ഞു നിൽക്കുന്ന ഭയങ്കരമായ ഒരു ദിവസത്തിൽ (ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന്).
(6) എല്ലാ സൃഷ്ടികളുടെയും രക്ഷിതാവിങ്കലേക്ക് ജനങ്ങൾ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം.
(7) മരണ ശേഷം ഒരു പുനരുജ്ജീവനമുണ്ടാകുകയില്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! ഇസ്ലാമിനെ നിഷേധിച്ച അധർമ്മകാരികളുടെയും കപടവിശ്വാസികളുടെയും ഗ്രന്ഥം ഭൂമിക്കടിയിൽ വളരെ താഴ്ചയിൽ നഷ്ടം സംഭവിച്ച അവസ്ഥയിലായിരിക്കും.
(8) ഹേ റസൂൽ! 'സിജ്ജീൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
(9) അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.
(10) അന്നേ ദിവസം കളവാക്കിയവർക്ക് നാശവും നഷ്ടവുമുണ്ടാകട്ടെ.
(11) അല്ലാഹു അടിമകൾക്ക് അവരുടെ ഇഹലോകത്തെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന പ്രതിഫലദിവസത്തെ നിഷേധിക്കുന്നവർക്ക്.
(12) അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ലംഘിച്ചവനും, ധാരാളമായി തിന്മകൾ പ്രവർത്തിക്കുന്നവനുമല്ലാതെ ആ ദിവസത്തെ നിഷേധിക്കുകയില്ല.
(13) നമ്മുടെ ദൂതനായ മുഹമ്മദിൻ്റെ -ﷺ- മേൽ അവതരിപ്പിക്കപ്പെട്ട (ഖുർആനിലെ) ആയത്തുകൾ പാരായണം ചെയ്ത് കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇത് പഴമക്കാരുടെ പുരാണങ്ങളാണ്. ഇതൊന്നും അല്ലാഹുവിൽ നിന്നുള്ളതല്ല.
(14) നിഷേധികളായ ഇവർ ധരിച്ചു വെച്ചതു പോലെയല്ല കാര്യം! എന്നാൽ ചെയ്തു വെച്ച തിന്മകൾ അവരുടെ ബുദ്ധിയെ കീഴടക്കുകയും, അതിന് മറയിടുകയും ചെയ്തിരിക്കുന്നു. അതിനാൽ തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അവർക്ക് സത്യം കാണാൻ കഴിയില്ല.
(15) ഉറപ്പായും അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് അന്ത്യനാളിൽ തടയപ്പെടുന്നതാണ്.
(16) പിന്നെ അവർ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിക്കുകയും ചെയ്യുന്നതാണ്.
(17) പിന്നീട് അവരെ ആക്ഷേപിച്ചു കൊണ്ട് ഇങ്ങനെ പറയപ്പെടും: ദുനിയാവിൽ നിങ്ങളുടെ റസൂൽ പറഞ്ഞു തന്നപ്പോൾ നിഷേധിച്ച അതേ ശിക്ഷയാണ് നിങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
(18) വിചാരണയോ പ്രതിഫലമോ ഇല്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! തീർച്ചയായും സൽകർമ്മികളുടെ ഗ്രന്ഥം 'ഇല്ലിയ്യീനിൽ' ആയിരിക്കും.
(19) ഹേ റസൂൽ! 'ഇല്ലിയ്യൂൻ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?
(20) അതിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.
(21) ഓരോ ആകാശത്തിലെയും സാമീപ്യം സിദ്ധിച്ച മലക്കുകൾ ഈ ഗ്രന്ഥത്തിൻ്റെ അടുക്കൽ സന്നിഹിതരാകും.
(22) ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.
(23) അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ നോക്കിക്കൊണ്ടിരിക്കും; അവരുടെ മനസ്സുകളെ പ്രശോഭിതവും സന്തോഷപൂരിതവുമാക്കുന്ന എല്ലാത്തിലേക്കും (അവർ നോക്കിക്കൊണ്ടിരിക്കും).
(24) നീ അവരെ കണ്ടാൽ അവരുടെ മുഖങ്ങളിൽ സുഖാനുഭൂതികളുടെ അടയാളവും ഭംഗിയും തിളക്കവും കാണാൻ കഴിയും.
(25) അവരുടെ ഭൃതന്മാർ അവർക്കായി മുദ്ര വെക്കപ്പെട്ട പാത്രങ്ങളിൽ നിന്ന് മദ്യം പകർന്നു കൊണ്ടിരിക്കും.
(26) അതിൽ നിന്ന് തുടക്കം മുതൽ അവസാനം വരെ കസ്തൂരിയുടെ മണം അടിച്ചു കൊണ്ടിരിക്കും. അല്ലാഹുവിന് തൃപ്തികരമായ പ്രവർത്തനങ്ങൾ ചെയ്തും, അവന് വെറുപ്പുണ്ടാക്കുന്നവ വെടിഞ്ഞും മത്സരിക്കുന്നവർ മത്സരിക്കേണ്ടത് ഈ മാന്യമായ പ്രതിഫലത്തിന് വേണ്ടിയത്രെ.
(27) മുദ്ര വെക്കപ്പെട്ട ഈ പാനീയത്തിൽ 'തസ്നീം' എന്നു പേരുള്ള ഉറവയിൽ നിന്നും കലർത്തുന്നതാണ്.
(28) തസ്നീം' എന്നാൽ സ്വർഗത്തിൽ ഏറ്റവും മുകളിലുള്ള ഉറവയാണ്. അല്ലാഹുവിനോട് കൂടുതൽ സാമീപ്യം സിദ്ധിച്ചവർക്ക് അതിൽ നിന്ന് കലർപ്പില്ലാതെ ശുദ്ധമായി കുടിക്കാൻ ലഭിക്കുന്നതാണ്. ബാക്കിയുള്ളവർക്ക് അത് മറ്റു പാനീയങ്ങളിൽ കലർത്തിയ രൂപത്തിൽ കുടിക്കാൻ ലഭിക്കുന്നതാണ്.
(29) (ഇസ്ലാമിനെ) നിഷേധിക്കുകയും, അതിക്രമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നവർ (ഇസ്ലാമിൽ) വിശ്വസിച്ചിരുന്നവരെ പരിഹസിച്ച് ചിരിക്കുമായിരുന്നു.
(30) (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ അടുക്കൽ കൂടെ നടന്നു പോകുമ്പോൾ അവർ പരിഹാസത്തോടെയും ഇകഴ്ത്തിയും കണ്ണിട്ടു കാണിക്കുമായിരുന്നു.
(31) (ഇസ്ലാമിനെ) നിഷേധിച്ചതിലും, (ഇസ്ലാമിൽ) വിശ്വസിക്കുന്നവരെ പരിഹസിച്ചതിലുമുള്ള ആഹ്ളാദത്തിൽ അവർ തങ്ങളുടെ കുടുംബത്തിലേക്ക് തിരിച്ചു പോകുമായിരുന്നു.
(32) മുസ്ലിമീങ്ങളെ കണ്ടുകഴിഞ്ഞാൽ അവർ പറയുമായിരുന്നു: തങ്ങളുടെ പിതാക്കന്മാരുടെ മാർഗം ഉപേക്ഷിച്ച ഇക്കൂട്ടർ സത്യപാതയിൽ നിന്ന് വഴി തെറ്റിയവർ തന്നെ.
(33) ഇങ്ങനെ (വിധി) പറയാൻ അവരുടെ പ്രവർത്തനങ്ങൾ തിട്ടപ്പെടുത്തി വെക്കാൻ ഇവരെ ഏൽപ്പിച്ചിട്ടൊന്നുമില്ല.
(34) അന്ത്യനാളിൽ അല്ലാഹുവിൽ വിശ്വസിച്ചവർ ഇസ്ലാമിനെ (നിഷേധിച്ചവരെ) നോക്കി ചിരിക്കുന്നതാണ്; ഇഹലോകത്ത് അവർ ഇവരെ നോക്കി ചിരിച്ചിരുന്നത് പോലെ.
(35) അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അവർ അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച ശാശ്വതമായ അനുഗ്രഹങ്ങൾ നോക്കിക്കൊണ്ടിരിക്കും.
(36) ഉറപ്പായും ഇഹലോകത്ത് (ഇസ്ലാമിനെ) നിഷേധിച്ചവർ ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾക്ക് നിന്ദ്യമായ ശിക്ഷ തന്നെ പ്രതിഫലമായി നൽകപ്പെട്ടിരിക്കുന്നു.