(1) പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.
(2) നിനക്ക് -അല്ലാഹുവിൻ്റെ റസൂലേ!- ഇവിടെ നീ ചെയ്യുന്നത് അനുവദനീയമാണ്. വധിക്കപ്പെടാൻ അർഹതയുള്ളവരെ വധിക്കലും, തടവിലാക്കേണ്ടവരെ തടവിലാക്കലും (നിനക്ക് മാത്രം ഇവിടെ അനുവദനീയമാണ്).
(3) മനുഷ്യരുടെ പിതാവിനെ കൊണ്ടും, അദ്ദേഹത്തിൽ നിന്നുണ്ടായ സന്താനങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(4) മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് പ്രയാസവും ബുദ്ധിമുട്ടും സഹിക്കേണ്ട നിലയിലാകുന്നു; ഇഹലോകത്ത് അവൻ അനുഭവിക്കേണ്ട പ്രയാസങ്ങളാണ് ഉദ്ദേശം.
(5) തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാനോ, അവനോട് പകരം ചോദിക്കാനോ ആർക്കും കഴിയില്ലെന്നാണോ അവൻ ധരിക്കുന്നത്? അതിനി അവനെ സൃഷ്ടിച്ച രക്ഷിതാവിനാണെങ്കിൽ പോലും!
(6) കെട്ടുകെട്ടായി കിടക്കുന്ന, ധാരാളം സമ്പാദ്യം ഞാൻ ചിലവഴിച്ചിരിക്കുന്നു എന്നവൻ പറയുന്നു.
(7) അല്ലാഹു അവനെ കാണുന്നില്ലെന്നാണോ ഈ ഭോഷ്ക് പറയുന്നവൻ വിചാരിക്കുന്നത്? അവൻ്റെ സമ്പാദ്യത്തിൻ്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, എന്തെല്ലാം കാര്യത്തിൽ ചിലവഴിച്ചെന്നും- അല്ലാഹു വിചാരണ ചെയ്യില്ലെന്നാണോ അവൻ ധരിക്കുന്നത്?
(8) കാഴ്ച്ചകൾ കാണാൻ രണ്ട് കണ്ണുകൾ നാമവന് നൽകിയില്ലേ?
(9) സംസാരിക്കാനായി ഒരു നാവും രണ്ടു ചുണ്ടുകളും നൽകിയില്ലേ?
(10) നന്മയുടെ പാതയും, തിന്മയുടെ പാതയും നാം അവന് മനസ്സിലാക്കി കൊടുക്കുകയും ചെയ്തില്ലേ?
(11) സ്വർഗത്തെയും അവനെയും വേർതിരിക്കുന്ന ആ പാത മുറിച്ചു കടക്കുകയായിരുന്നു അവൻ ചെയ്യേണ്ടിയിരുന്നത്.
(12) സ്വർഗപ്രവേശനത്തിനായി ഓരോ മനുഷ്യനും താണ്ടിക്കടക്കേണ്ട പ്രയാസകരമായ ആ പാത ഏതാണെന്ന് നിനക്കറിയുമോ, റസൂലേ?!
(13) പുരുഷനോ സ്ത്രീയോ ആയ അടിമയെ മോചിപ്പിക്കലാണത്.
(14) ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന ദിവസങ്ങളിൽ ഭക്ഷണം കൊടുക്കലാണത്.
(15) തൻ്റെ കുടുംബത്തിൽ പെട്ട, പിതാവ് നഷ്ടപ്പെട്ട അനാഥനായ ഒരു കുട്ടിക്ക് (ഭക്ഷണം കൊടുക്കൽ).
(16) അല്ലെങ്കിൽ ഒരു സ്വത്തിൻ്റെയും ഉടമയല്ലാത്ത ദരിദ്രന്.
(17) ഇതിനെല്ലാം പുറമെ, അല്ലാഹുവിൽ വിശ്വസിക്കുകയും, പരസ്പരം സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിൽ ക്ഷമിക്കാൻ പരസ്പരം ഉപദേശിക്കുകയും, അല്ലാഹുവിൻ്റെ ദാസന്മാരോട് കാരുണ്യം ചൊരിയാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ ഉൾപ്പെടുകയും ചെയ്യുക.
(18) ഈ വിശേഷണങ്ങൾ ഉള്ളവർ തന്നെ വലതു പക്ഷത്തിൻ്റെ ആളുകൾ.
(19) നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവർ തന്നെയാകുന്നു ഇടതുപക്ഷത്തിൻ്റെ ആളുകൾ.
(20) അടച്ചു പൂട്ടപ്പെട്ട നരകാഗ്നി അവരുടെ മേലുണ്ടായിരിക്കും; അതിലവർ ശിക്ഷ അനുഭവിക്കുന്നതാണ്.