87 - Al-A'laa ()

|

(1) എല്ലാ സൃഷ്ടികൾക്കും മുകളിൽ ഔന്നത്യമുള്ളവനായ നിൻ്റെ രക്ഷിതാവിനെ സ്മരിക്കുമ്പോഴും മഹത്വപ്പെടുത്തുമ്പോഴും അല്ലാഹുവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് അവനെ പരിശുദ്ധപ്പെടുത്തുക.

(2) മനുഷ്യരെ ശരിയായ നിലയിൽ സൃഷ്ടിക്കുകയും, അവൻ്റെ നിൽപ്പ് ശരിയാക്കുകയും ചെയ്തവനായ അല്ലാഹു.

(3) സൃഷ്ടികളുടെ ഇനങ്ങളും തരങ്ങളും വിശേഷണങ്ങളും കണക്കാക്കുകയും, ഓരോ സൃഷ്ടിയെയും അതിന് യോജിച്ചതും ഇണങ്ങുന്നതുമായ വഴിയിലേക്ക് മാർഗദർശനം നൽകുകയും ചെയ്തവൻ.

(4) നിങ്ങളുടെ കന്നുകാലികൾക്ക് മേയാനായുള്ള ഭക്ഷണം ഭൂമിയിൽ നിന്ന് പുറത്തു കൊണ്ടു വന്നവൻ.

(5) അങ്ങനെ പച്ചപ്പും പുതുക്കവുമുണ്ടായിരുന്ന അതിനെ അവൻ മങ്ങിയ കറുപ്പ് നിറമുള്ള ഉണങ്ങിയ ചവറാക്കി മാറ്റി.

(6) നബിയേ, നിനക്ക് നാം ഖുർആൻ പാരായണം ചെയ്തു തരാം; നീ മറന്നു പോകാത്ത നിലക്ക് അത് നിൻ്റെ ഹൃദയത്തിൽ നാം ഒരുമിപ്പിച്ചു നൽകുകയും ചെയ്യാം. ഇനി നീ മുൻപ് ചെയ്തിരുന്നത് പോലെ ജിബ്രീൽ നിനക്ക് ഖുർആൻ കേൾപ്പിച്ചു തരുമ്പോൾ -മറന്നു പോകാതിരിക്കാൻ- അദ്ദേഹത്തോട് മത്സരിച്ചു കൊണ്ട് ധൃതിപ്പെട്ട് ഖുർആൻ ഓതേണ്ടതില്ല.

(7) അല്ലാഹു അവൻ ഉദ്ദേശിക്കുന്ന ഒരു കാരണം കൊണ്ട് നീ മറക്കാൻ ഉദ്ദേശിച്ചവയൊഴികെ. തീർച്ചയായും അല്ലാഹു പരസ്യമാക്കപ്പെടുന്നതും രഹസ്യമാക്കപ്പെടുന്നതും അറിയുന്നു. ഒന്നും തന്നെ അവന് മറഞ്ഞു പോവുകയില്ല.

(8) സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന, അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നാം നിനക്ക് എളുപ്പമാക്കി തരുന്നതാണ്.

(9) അതിനാൽ നാം നിനക്ക് സന്ദേശമായി നൽകുന്ന ഖുർആൻ കൊണ്ട് നീ ജനങ്ങളെ ഉപദേശിക്കുക. കേൾക്കുന്നിടത്തോളം നീ അവരെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുക.

(10) അല്ലാഹുവിനെ ഭയക്കുന്നവർ നിൻ്റെ ഉപദേശത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതാണ്. കാരണം അവർക്ക് മാത്രമേ ഉപദേശങ്ങൾ ഉപകാരപ്പെടുകയുള്ളൂ.

(11) ഉപദേശങ്ങളിൽ നിന്ന് (ഇസ്ലാമിനെ) നിഷേധിച്ചവർ അകന്നു പോകുന്നതാണ്. അന്ത്യനാളിൽ നരകത്തിൽ പ്രവേശിക്കുന്നതിനാൽ തന്നെ മനുഷ്യരിൽ ഏറ്റവും ദൗർഭാഗ്യവാനും അവനത്രെ.

(12) പരലോകത്ത് ഭീമാകരമായ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് എന്നെന്നേക്കുമായി അനുഭവിക്കുകയും ചെയ്യുന്നവനാണ് അവൻ.

(13) പിന്നെ അവൻ നരകത്തിൽ ശാശ്വതനായി തീരും. മരിക്കുകയും നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് ആശ്വസിക്കുകയും ചെയ്യാൻ അവന് കഴിയില്ല. ആദരണീയമായ ഒരു ജീവിതവും അവനവിടെ ലഭിക്കുന്നതല്ല.

(14) ബഹുദൈവാരാധനയിൽ നിന്നും തിന്മകളിൽ നിന്നും പരിശുദ്ധനായവൻ തൻ്റെ ലക്ഷ്യം നേടുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.

(15) തൻ്റെ രക്ഷിതാവിൻ്റെ നാമം നബി (സ) പഠിപ്പിച്ച പ്രകീർത്തനങ്ങൾ കൊണ്ട് സ്മരിക്കുകയും, പഠിപ്പിക്കപ്പെട്ട രൂപത്തിൽ നിസ്കാരം നിർവ്വഹിക്കുകയും ചെയ്തവൻ.

(16) പക്ഷേ, നിങ്ങൾ ഇഹലോകജീവിതത്തിനാണ് കൂടുതൽ മുൻഗണന നൽകുകയും, പരലോകത്തെക്കാൾ അതിനെയാണ് കൂടുതൽ ശ്രേഷ്ഠത കൽപ്പിക്കുന്നതും. എന്നാൽ അവക്ക് രണ്ടിനുമിടയിലാകട്ടെ, വലിയ അന്തരമുണ്ട് താനും.

(17) പരലോകമാകുന്നു ഇഹലോകത്തെക്കാളും അതിലുള്ള എല്ലാ ആസ്വാദനങ്ങളെക്കാളും വിഭവങ്ങളെക്കാളും നല്ലതും നിലനിൽക്കുന്നതും. കാരണം പരലോകത്തിൻ്റെ സുഖാനുഭൂതികൾ ഒരിക്കലും അവസാനിക്കുകയില്ല തന്നെ.

(18) നാം നിങ്ങൾക്ക് അറിയിച്ചു തന്ന ഈ വിധിവിലക്കുകളും വൃത്താന്തങ്ങളുമെല്ലാം ഖുർആനിന് മുൻപ് ഇറക്കപ്പെട്ട ഏടുകളിലും ഉണ്ട്; തീർച്ച.

(19) ഇബ്രാഹീമിൻ്റെയും മൂസയുടെയും മേൽ ഇറക്കപ്പെട്ട ഏടുകളിൽ.