34 - Saba ()

|

(1) ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവിന് സർവ്വ സ്തുതിയും. അവനാകുന്നു പരലോകത്ത് ആവർത്തിക്കപ്പെടുന്ന സ്തുതികളുള്ളത്. തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം), തൻ്റെ അടിമകളുടെ അവസ്ഥാന്തരങ്ങൾ സൂക്ഷ്മമായി അറിയുന്നവനുമത്രെ (ഖബീർ) അല്ലാഹു. അതിൽ ഒന്നും അവന് അവ്യക്തമാവുകയില്ല.

(2) വെള്ളവും ചെടികളും പോലെ ഭൂമിയിൽ പ്രവേശിക്കുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. ചെടികളും മറ്റും പോലെ ഭൂമിയിൽ നിന്നു പുറത്തു വരുന്നതും എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മഴയും മലക്കുകളും ഉപജീവനവും പോലെ ആകാശത്ത് നിന്ന് ഇറങ്ങുന്നത് എന്തെല്ലാമാണെന്ന് അവൻ അറിയുന്നു. മലക്കുകളെയും മനുഷ്യരുടെ പ്രവർത്തനങ്ങളെയും ആത്മാവുകളെയും പോലെ മുകളിലേക്ക് കയറിപ്പോകുന്നവയും അവൻ അറിയുന്നു. തീർച്ചയായും അവൻ തന്നിൽ വിശ്വസിച്ചവരായ അടിമകൾക്ക് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം), തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ) ആകുന്നു.

(3) അല്ലാഹുവിനെ നിഷേധിച്ചവർ പറഞ്ഞു: അന്ത്യനാൾ നമുക്കൊരിക്കലും വന്നെത്തുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ല! അല്ലാഹു തന്നെ സത്യം! നിങ്ങൾ നിഷേധിച്ചു കൊണ്ടിരിക്കുന്ന അന്ത്യനാൾ നിങ്ങളിലേക്ക് വന്നെത്തുക തന്നെ ചെയ്യും. എന്നാൽ അതിൻ്റെ സമയം അല്ലാഹുവിനല്ലാതെ അറിയുകയില്ല. അന്ത്യനാളിനെക്കുറിച്ചും അല്ലാത്തതുമായ അദൃശ്യകാര്യങ്ങളെല്ലാം അറിയുന്നവനാകുന്നു അവൻ. അവൻ്റെ അറിവിൽ നിന്ന് ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള -ഏറ്റവും ചെറിയ ഒരു ഉറുമ്പിൻ്റെ വലുപ്പത്തോളമുള്ള കാര്യം പോലും- മറഞ്ഞു പോവുകയില്ല. ആ പറഞ്ഞതിനെക്കാളും ചെറുതോ വലുതോ ആയ ഒന്നും തന്നെ അവനിൽ നിന്ന് മറഞ്ഞു പോവുകയില്ല. അവയെല്ലാം വ്യക്തമായ ഒരു ഗ്രന്ഥത്തിൽ -ലൗഹുൽ മഹ്ഫൂദ്വിൽ- രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിൽ അന്ത്യനാൾ വരെ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

(4) ലൗഹുൽ മഹ്ഫൂദ്വിൽ സ്ഥിരപ്പെടുത്തേണ്ടതെല്ലാം അല്ലാഹു സ്ഥിരപ്പെടുത്തിയത് അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് പ്രതിഫലം നൽകുന്നതിനായാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർക്ക് അല്ലാഹുവിങ്കൽ നിന്ന് അവരുടെ തെറ്റുകൾക്ക് പാപമോചനമുണ്ട്; അവൻ അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. അവർക്ക് മാന്യമായ ഉപജീവനവുമുണ്ട്; പരലോകത്ത് ലഭിക്കുന്ന അല്ലാഹുവിൻ്റെ സ്വർഗമാണത്.

(5) അല്ലാഹു അവതരിപ്പിച്ച ആയത്തുകളെ (ഖുർആനിലെ വചനങ്ങൾ) നിഷ്ഫലമാക്കുന്നതിനായി കഠിനപരിശ്രമം നടത്തുകയും, അതിനെ കുറിച്ച് 'ഇതൊരു മാരണമാണ്' എന്നും, നമ്മുടെ ദൂതനെ കുറിച്ച് അദ്ദേഹമൊരു ജ്യോത്സ്യനും മാരണക്കാരനും കവിയുമാണ് എന്നും പറഞ്ഞവർ; ഈ പറഞ്ഞ സ്വഭാവവിശേഷണങ്ങളുള്ളവർക്ക് പരലോകത്ത് ഏറ്റവും കഠിനവും മോശവുമായ ശിക്ഷയുണ്ട്.

(6) (നബി -ﷺ- യുടെ അനുചരന്മാരായ) സ്വഹാബികളിലെ പണ്ഡിതന്മാരും, വേദക്കാരിൽ നിന്ന് (അല്ലാഹുവിൽ) വിശ്വസിച്ചവരായ ജ്ഞാനികളും അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്ന ഈ സന്ദേശം തന്നെയാണ് ഒരു സംശയവുമില്ലാത്ത സത്യം എന്ന് സാക്ഷ്യം വഹിക്കുന്നുണ്ട്. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), ഇഹലോകത്തും പരലോകത്തും സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് അത് നയിക്കുന്നു.

(7) നബി -ﷺ- കൊണ്ടു വന്ന സന്ദേശത്തിൽ അത്ഭുതം കൂറിയും അതിനെ പരിഹസിച്ചു കൊണ്ടും അല്ലാഹുവിനെ നിഷേധിച്ചവർ പരസ്പരം പറയുന്നു: നിങ്ങൾ മരണപ്പെടുകയും, ധാരാളം കഷ്ണങ്ങളാക്കപ്പെടുകയും ചെയ്ത ശേഷം, മരിച്ച ശേഷവും ജീവനുള്ളവരായി നിങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന് പറയുന്ന ഒരു മനുഷ്യനെ കുറിച്ച് ഞങ്ങൾ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?!

(8) അവർ പറഞ്ഞു: ഈ മനുഷ്യൻ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, നമ്മൾ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടും എന്ന് ജൽപ്പിക്കുകയുമാണോ ചെയ്തത്?! അതല്ലെങ്കിൽ ഇവൻ വല്ല ഭ്രാന്തനുമാണെന്നതിനാൽ യാഥാർത്ഥ്യമില്ലാത്തത് പുലമ്പുകയാണോ?! എന്നാൽ ഇക്കൂട്ടർ ജൽപ്പിച്ചതു പോലെയൊന്നുമല്ല കാര്യം. എന്നാൽ ചുരുക്കം പറഞ്ഞാൽ, അന്ത്യനാളിൽ വിശ്വസിക്കാത്തവർ പരലോകത്ത് കഠിനമായ ശിക്ഷയിലായിരിക്കും. ഇഹലോകത്ത് സത്യത്തിൽ നിന്ന് വളരെ വഴിദൂരം അകലെയും.

(9) പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർ അവർക്ക് മുമ്പിലുള്ള ഭൂമിയെയും, അവർക്ക് പിന്നിലുള്ള ആകാശത്തെയും നോക്കിക്കാണുന്നില്ലേ?! അവരുടെ കാലുകൾക്കടിയിലൂടെ ഭൂമിയിൽ അവരെ ആഴ്ത്തിക്കളയാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ താഴ്ഭാഗത്തു കൂടെ നാം ആഴ്ത്തിക്കളയുക തന്നെ ചെയ്യുമായിരുന്നു. ആകാശത്ത് നിന്ന് അവർക്ക് മേൽ കഷ്ണങ്ങൾ വീഴ്ത്തുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ മേൽ നാമങ്ങനെ വീഴ്ത്തുകയും ചെയ്യുമായിരുന്നു. തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനിലേക്ക് ധാരാളമായി മടങ്ങുന്ന ഏതൊരു ദാസനും ഈ പറഞ്ഞതിൽ അല്ലാഹുവിൻ്റെ ശക്തി ബോധ്യപ്പെടുത്തുന്ന ഖണ്ഡിതമായ ദൃഷ്ടാന്തമുണ്ട്. ഈ പറഞ്ഞതിനെല്ലാം കഴിവുള്ളവൻ, മരണശേഷം നിങ്ങളുടെ ശരീരങ്ങൾ കഷ്ണങ്ങളായി മാറിയതിന് ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ളവൻ തന്നെയാണ്.

(10) ദാവൂദ് നബി -عَلَيْهِ السَّلَامُ- ന് നാം നമ്മുടെ പക്കൽ നിന്ന് പ്രവാചകത്വവും അധികാരവും നൽകി. പർവ്വതങ്ങളോട് നാം പറഞ്ഞു: പർവ്വതങ്ങളേ! ദാവൂദിനൊപ്പം നിങ്ങൾ അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുക. അതു പോലെ തന്നെ പക്ഷികളോടും നാം പറഞ്ഞു. അദ്ദേഹത്തിനായി ഉദ്ദേശിക്കുന്ന പോലെ ഉപകരണങ്ങൾ പണിയാൻ കഴിയുന്ന രൂപത്തിൽ ഇരുമ്പ് നാം മയപ്പെടുത്തി നൽകുകയും ചെയ്തു.

(11) ഹേ ദാവൂദ്! നിന്നോടൊപ്പമുള്ള പടയാളികളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്ന വിശാലമായ പടയങ്കികൾ നിർമ്മിക്കുക. അതിൻ്റെ വളയങ്ങളിൽ അടിക്കുന്ന ആണികൾ അവക്ക് അനുയോജ്യമായ നിലക്കുമാക്കുക; തീരെ ചെറുതാക്കിയാൽ അവ അതിൽ ഉറച്ചു നിൽക്കുകയില്ല. വളരെ തടിയുള്ളതാക്കിയാൽ അവ അതിൽ പ്രവേശിക്കുകയുമില്ല. നിങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം നന്നായി കണ്ടറിയുന്നവനാകുന്നു; നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ എനിക്ക് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം ഞാൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

(12) ദാവൂദിൻ്റെ മകൻ സുലൈമാന് നാം കാറ്റിനെ കീഴ്പെടുത്തിക്കൊടുത്തു. പ്രഭാതത്തിൽ (പ്രഭാത സമയം കൊണ്ട്) ഒരു മാസം വഴിദൂരവും, സായാഹ്നത്തിൽ (സായാഹ്ന സമയം കൊണ്ട്) ഒരു മാസം വഴിദൂരവും ആ കാറ്റ് സഞ്ചരിക്കും. ഉദ്ദേശിക്കുന്ന വസ്തുക്കൾ ഉണ്ടാകുന്നതിനായി ചെമ്പ് അദ്ദേഹത്തിന് നാം ഉരുക്കി നൽകി. അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ ആജ്ഞപ്രകാരം ജിന്നുകളിൽ നിന്ന് ഒരു വിഭാഗം അദ്ദേഹത്തിന് മുമ്പാകെ പണിയെടുക്കുന്ന നിലയിൽ അവരെയും നാം അദ്ദേഹത്തിന് കീഴ്പെടുത്തിനൽകി. ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ ആജ്ഞയിൽ നിന്ന് വ്യതിചലിച്ചാൽ കത്തിജ്വലിക്കുന്ന നരകശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്.

(13) ആ ജിന്നുകൾ സുലൈമാന് വേണ്ടി അദ്ദേഹം ഉദ്ദേശിക്കുന്ന രൂപത്തിൽ നിസ്കാരത്തിനായുള്ള മസ്ജിദുകളും കൊട്ടാരങ്ങളും, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലുള്ള ശിൽപ്പങ്ങളും, വലിയ ജലസംഭരണികൾ (ഹൗദ്വുകൾ) പോലുള്ള തളികകളും, വലിപ്പം കാരണത്താൽ ചലിക്കാത്ത തരത്തിലുള്ള ഉറച്ചു നിൽക്കുന്ന പാചകപാത്രങ്ങളും നിർമ്മിച്ചു നൽകിയിരുന്നു. അവരോടായി നാം പറഞ്ഞു: ദാവൂദ് കുടുംബമേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കുള്ള നന്ദിയായി നിങ്ങൾ പ്രവർത്തിക്കുക! ഞാൻ ചെയ്തു നൽകിയ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി കാണിക്കുന്നവർ എൻ്റെ ദാസന്മാരിൽ വളരെ കുറവത്രെ.

(14) സുലൈമാന് മേൽ നാം മരണം വിധിച്ചപ്പോൾ അദ്ദേഹം മരിച്ചിട്ടുണ്ട് എന്ന വിവരം ജിന്നുകൾ അറിഞ്ഞത് അദ്ദേഹം ഊന്നിനിന്നിരുന്ന വടി തിന്നുതീർത്ത ചിതലുകൾ കാരണത്താലാണ്. അങ്ങനെ അദ്ദേഹം താഴെ വീണപ്പോൾ തങ്ങൾക്ക് അദൃശ്യമറിയാൻ കഴിയില്ലെന്ന് ജിന്നുകൾക്ക് ബോധ്യമായി. കാരണം, അവർക്ക് അദൃശ്യമറിയുമായിരുന്നെങ്കിൽ അവരെ അപമാനിതരാക്കിയ ഈ ശിക്ഷയിൽ അവർ കഴിച്ചു കൂട്ടേണ്ടി വരില്ലായിരുന്നുവല്ലോ?! അദ്ദേഹത്തിന് ജീവനുണ്ടെന്നും, തങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നുമുള്ള ധാരണയിൽ അവർ പ്രയാസകരമായ പണികളായിരുന്നു സുലൈമാന് വേണ്ടി എടുത്തു കൊണ്ടിരുന്നത്.

(15) സബഅ് ഗോത്രത്തിന് അവർ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ അല്ലാഹുവിൻ്റെ ശക്തിയുടെയും അവരുടെ മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളുടെയും പ്രകടമായ അടയാളമുണ്ടായിരുന്നു. വലതുഭാഗത്തും ഇടതുഭാഗത്തുമായി ഉണ്ടായിരുന്ന രണ്ട് തോട്ടങ്ങളായിരുന്നു അത് (അടയാളം). നാമവരോട് പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിൻ്റെ ഉപജീവനത്തിൽ നിന്ന് ഭക്ഷിക്കുകയും, അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുകയും ചെയ്യുക. ഇതാ നല്ലൊരു നാട്! ഇതാ തന്നോട് പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനായ (ഗഫൂർ) രക്ഷിതാവായ അല്ലാഹുവും!

(16) എന്നാൽ അവർ അല്ലാഹുവിന് നന്ദി കാണിക്കുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ ദൂതന്മാരിൽ വിശ്വസിക്കുന്നതിൽ നിന്നും തിരിഞ്ഞു കളഞ്ഞു. അപ്പോൾ അവരുടെ അനുഗ്രഹങ്ങളെ ശിക്ഷകളാക്കി നാം മാറ്റിക്കളഞ്ഞു. അങ്ങനെ അവർക്ക് മേൽ നാം ശക്തമായ ജലപ്രവാഹം അയക്കുകയും, അത് അവരുടെ അണക്കെട്ട് തകർക്കുകയും, അവരുടെ കൃഷിയിടങ്ങൾ മുക്കിക്കളയുകയും ചെയ്തു. അവരുടെ (മുൻപുള്ള) രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പ്പുള്ള ഫലങ്ങൾ മുളപ്പിക്കുന്ന രണ്ട് തോട്ടങ്ങൾ നാം നൽകി. അതിൽ കായ്ഫലമില്ലാത്ത കാറ്റാടി മരങ്ങളും, അല്പം ചില മുൾമരങ്ങളും നാം നൽകി.

(17) അവർക്ക് ലഭിച്ചു വന്നിരുന്ന അനുഗ്രഹങ്ങൾ മാറ്റിമറിക്കപ്പെട്ടു എന്ന ഈ ശിക്ഷ അവരുടെ നിഷേധത്തിൻ്റെയും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നത് അവർ അവഗണിച്ചതിൻ്റെയും ഫലമായി അവർക്ക് നൽകപ്പെട്ടതാകുന്നു. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളോട് കടുത്ത നന്ദികേടും, അങ്ങേയറ്റത്തെ നിഷേധവും കാണിക്കുന്നവർക്കല്ലാതെ ഇത്തരമൊരു കടുത്ത ശിക്ഷ നാം നൽകുകയില്ല.

(18) യമനിലെ സബഅ് ദേശക്കാർക്കും നാം അനുഗ്രഹം ചൊരിഞ്ഞ ശാമിലെ ഗ്രാമങ്ങൾക്കുമിടയിൽ അടുത്തടുത്തായി നാം ഗ്രാമങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ഒരു ഗ്രാമത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രൂപത്തിൽ ശാമിലേക്ക് എത്തുന്ന വിധം അതിലൂടെയുള്ള യാത്ര നാം നിർണയിക്കുകയും ചെയ്തു. നാമവരോട് പറഞ്ഞു: നിങ്ങൾ ഉദ്ദേശിക്കുന്ന രൂപത്തിൽ -ശത്രുവിൻ്റെ അക്രമമോ വിശപ്പോ ദാഹമോ ബാധിക്കുന്നത് ഭയപ്പെടാതെ- രാത്രിയോ പകലോ അതിലൂടെ യാത്ര ചെയ്തു കൊള്ളുക.

(19) വിദൂരമായ യാത്ര എളുപ്പമാക്കി നൽകിയെന്ന അല്ലാഹുവിൻ്റെ അനുഗ്രഹത്തെ അവർ നിസ്സാരമാക്കി കളഞ്ഞു. അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! (വഴിമദ്ധ്യേയുള്ള) ആ ഗ്രാമങ്ങളെ നീ ഇല്ലാതാക്കുക; ഞങ്ങൾ യാത്രയുടെ പ്രയാസമൊന്നറിയട്ടെ! അങ്ങനെ ഞങ്ങളുടെ യാത്രാവാഹനങ്ങളുടെ സവിശേഷത (എല്ലാവർക്കും) പ്രകടമാകട്ടെ! അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിസ്സാരപ്പെടുത്തുകയും, അവന് നന്ദി കാണിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, അവരിലെ ദരിദ്രരോട് അസൂയ പുലർത്തുകയും ചെയ്തതിലൂടെ അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിച്ചു. അങ്ങനെ പിൽക്കാലത്തുള്ളവർക്ക് സംസാരിച്ചിരിക്കാൻ തക്കവണ്ണം അവരെ നാം കഥാവശേഷരാക്കി. നാടുകളിൽ നാമവരെ ചിതറിത്തെറിപ്പിച്ചു കളഞ്ഞു. അങ്ങനെ പരസ്പരം ബന്ധപ്പെടാൻ അവർക്ക് സാധിക്കാതെയായി. സബഉകാർക്ക് മേൽ അല്ലാഹു ചൊരിഞ്ഞ അനുഗ്രഹങ്ങളും, ശേഷം അവർ (അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ) നിഷേധിച്ചതിൻ്റെയും നിസ്സാരപ്പെടുത്തിയതിൻ്റെയും ഫലമായി അവരോട് അല്ലാഹു പകരം വീട്ടിയതിൻ്റെയും (കഥ പറയുന്ന ഈ) ചരിത്രത്തിൽ അല്ലാഹുവിനെ അനുസരിക്കുന്നതിലും അവനെ ധിക്കരിക്കാതിരിക്കുന്നതിലും (തന്നെ ബാധിച്ച) ദുരിതങ്ങളിലും നന്നായി ക്ഷമിക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് ധാരാളമായി നന്ദി പ്രകടിപ്പിക്കുന്നവർക്കും തീർച്ചയായും പാഠമുണ്ട്.

(20) സത്യത്തിൽ നിന്ന് അവരെ തെറ്റിക്കാനും വഴികേടിലാക്കാനും കഴിയുമെന്ന തൻ്റെ ധാരണ ഇബ്'ലീ സ് അവരുടെ കാര്യത്തിൽ യാഥാർഥ്യമാക്കി. അങ്ങനെ നിഷേധത്തിലും വഴികേടിലും അവനെ അവർ പിന്തുടർന്നു; (അല്ലാഹുവിൽ) വിശ്വസിച്ച ഒരു കൂട്ടമാളുകളൊഴികെ. അവർ അവനെ പിൻപറ്റാതെ, പിശാചിൻ്റെ പ്രതീക്ഷയെ അസ്ഥാനത്താക്കി.

(21) അവരെ വഴികേടിലേക്ക് നിർബന്ധിച്ചു കൊണ്ടെത്തിക്കാൻ കഴിയുന്ന വിധം യാതൊരു അധികാരവും ഇബ്'ലീ സിന് അവരുടെ മേൽ ഉണ്ടായിരുന്നില്ല. അവൻ അവർക്ക് ചീത്തയായത് ഭംഗിയാക്കി കാണിച്ചു കൊടുക്കുകയും, അവരെ വഴികേടിലാക്കുകയും മാത്രമാണ് ചെയ്തത്. ആരാണ് പരലോകത്തിലും അവിടെയുള്ള പ്രതിഫലത്തിലും വിശ്വസിക്കുന്നതെന്നും, അതിൽ സംശയമുള്ളത് ആർക്കെല്ലാമാണെന്നും വ്യക്തമായി പ്രകടമാകുന്നതിന് അവരെ വഴികേടിലാക്കാൻ നാമവനെ അഴിച്ചു വിട്ടിരിക്കുന്നു എന്നു മാത്രം. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവ് എല്ലാ കാര്യങ്ങളും സൂക്ഷിക്കുന്നവനാകുന്നു; തൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ അവൻ സൂക്ഷിക്കുകയും, അവക്കുള്ള പ്രതിഫലം അവൻ നൽകുകയും ചെയ്യുന്നതാണ്.

(22) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങളുടെ ആരാധ്യരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെയെല്ലാം വിളിക്കുക; അവർ നിങ്ങൾക്കെന്തെങ്കിലും ഒരു ഉപകാരം നേടിത്തരുകയോ, ഏതെങ്കിലുമൊരു ഉപദ്രവം നിങ്ങളിൽ നിന്ന് നീക്കിത്തരികയോ ചെയ്യട്ടെ! ആകാശങ്ങളിലോ ഭൂമിയിലോ ഒരു ഉറുമ്പിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ (ഉടമസ്ഥതയിൽ) അല്ലാഹുവിനോടൊപ്പം എന്തെങ്കിലുമൊരു പങ്കും അവർക്കില്ല. സഹായിക്കുന്ന ഒരു സഹായിയും അവരുടെ കൂട്ടത്തിൽ അല്ലാഹുവിനില്ല. അവൻ എല്ലാ പങ്കുകാരിൽ നിന്നും സഹായികളിൽ നിന്നും പരിപൂർണ്ണ ധന്യനത്രെ!

(23) അല്ലാഹുവിൻ്റെ അനുമതി നൽകപ്പെട്ടവർക്കല്ലാതെ ശുപാർശ യാതൊരു ഉപകാരവും ചെയ്യുകയില്ല. അല്ലാഹു അവൻ തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ ശുപാർശക്ക് അനുമതി നൽകുകയുമില്ല; അവൻ്റെ മഹത്വം കാരണത്താലാണത്. അവൻ സംസാരിച്ചാൽ മലക്കുകൾ അല്ലാഹുവിൻ്റെ സംസാരത്തിന് കീഴൊതുങ്ങിക്കൊണ്ട് അവരുടെ ചിറകുകൾ അടിക്കും എന്നത് അല്ലാഹുവിൻ്റെ മഹത്വത്തിൽ പെട്ടതാണ്. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് ഭയം നീങ്ങിക്കഴിഞ്ഞാൽ മലക്കുകൾ ജിബ്രീലിനോട് ചോദിക്കും: എന്താണ് നിങ്ങളുടെ രക്ഷിതാവ് പറഞ്ഞത്?! ജിബ്രീൽ പറയും: സത്യമാണ് അവൻ പറഞ്ഞത്. അസ്തിത്വവും സർവ്വാധീശത്വവും ഉന്നതമായ സർവ്വോന്നതനും (അലിയ്യ്) മറ്റെല്ലാം അവൻ്റെ താഴെ മാത്രം വരുന്നത്ര വലിയവനും (കബീർ) ആകുന്നു അവൻ (അല്ലാഹു).

(24) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ആകാശങ്ങളിൽ നിന്ന് മഴ വർഷിപ്പിച്ചും, ഭൂമിയിൽ ഫലവർഗങ്ങളും ധാന്യങ്ങളും പഴങ്ങളും മറ്റും മുളപ്പിച്ചും നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ ആരാകുന്നു?! പറയുക: അല്ലാഹു; അവനാകുന്നു അതിൽ നിന്നെല്ലാം നിങ്ങൾക്ക് ഉപജീവനം നൽകുന്നവൻ. അല്ലയോ ബഹുദൈവാരാധകരേ! ഒന്നല്ലെങ്കിൽ നിങ്ങളോ അല്ലെങ്കിൽ ഞങ്ങളോ സത്യപാതയിലേക്കുള്ള നേരായവഴിയിലോ തെറ്റിയ വഴിയിലോ ആണ്. എന്തായാലും നമ്മളിലൊരാൾ അപ്രകാരമാണെന്നതിൽ സംശയമില്ല. (അല്ലാഹുവിൽ) വിശ്വസിച്ചവരാണ് സത്യത്തിൻ്റെ മാർഗത്തിലെന്നും, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്ന ബഹുദൈവാരാധകരാണ് വഴികേടിൻ്റെ വക്താക്കളെന്നതിലും സംശയമില്ല.

(25) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: പരലോകത്ത് ഞങ്ങൾ ചെയ്തു വെച്ച തിന്മകളെ കുറിച്ച് നിങ്ങളോ, നിങ്ങൾ ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് ഞങ്ങളോ ചോദ്യം ചെയ്യപ്പെടുന്നതല്ല.

(26) അവരോട് പറയുക: അല്ലാഹു പരലോകത്ത് ഞങ്ങളെയും നിങ്ങളെയും ഒരുമിച്ചുകൂട്ടുന്നതാണ്. ശേഷം നമുക്കും നിങ്ങൾക്കുമിടയിൽ അവൻ നീതിപൂർവം വിധി കൽപ്പിക്കുകയും ചെയ്യുന്നതാണ്. അപ്പോൾ അസത്യവാദികളിൽ നിന്ന് സത്യവാന്മാർ വേർതിരിയുന്നതുമാണ്. അവനാകുന്നു നീതിപൂർവ്വം വിധിക്കുന്ന വിധികർത്താവും (ഫത്താഹ്), താൻ വിധിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്ന സർവ്വജ്ഞനും (അലീം).

(27) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവിൻ്റെ പങ്കാളികളായി നിങ്ങൾ നിശ്ചയിക്കുകയും, അല്ലാഹുവിനുള്ള ആരാധനയിൽ നിങ്ങൾ പങ്കുചേർക്കുകയും ചെയ്യുന്നവരെ നിങ്ങളെനിക്കൊന്ന് കാണിച്ചു തരൂ! അല്ല! നിങ്ങൾ ധരിച്ചതു പോലെ അല്ലാഹുവിന് പങ്കാളികളില്ല! മറിച്ച് അവൻ ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്) തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമായ (ഹകീം) അല്ലാഹുവത്രെ.

(28) അല്ലാഹുവിൻ്റെ റസൂലേ! എല്ലാ മനുഷ്യർക്കും വേണ്ടിയല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല. (അല്ലാഹുവിനെ) സൂക്ഷിക്കുന്നവർക്ക് സ്വർഗമുണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുവാനും, (അല്ലാഹുവിനെ) നിഷേധിക്കുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് നരകമുണ്ടെന്ന് താക്കീത് നൽകുകയും ചെയ്യുന്നതിന് വേണ്ടി(യാണ് താങ്കളെ നിയോഗിച്ചിരിക്കുന്നത്). എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അതറിയുന്നില്ല. അവർ അത് തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർ താങ്കളെ കളവാക്കുകയില്ലായിരുന്നു.

(29) തങ്ങൾക്ക് താക്കീത് നൽകപ്പെടുന്ന ശിക്ഷ വേഗത്തിലാക്കാൻ ധൃതി കൂട്ടിക്കൊണ്ട് ബഹുദൈവാരാധകർ പറയുന്നു: എപ്പോഴാണ് ഈ ശിക്ഷയുടെ വാഗ്ദാനം (സംഭവിക്കുക)?! അത് യാഥാർഥ്യമാണെന്ന് നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ (അതിൻ്റെ സമയം കൂടി പറയുക).

(30) അല്ലാഹുവിൻ്റെ റസൂലേ! ശിക്ഷക്ക് വേണ്ടി ധൃതി കൂട്ടുന്ന ഇക്കൂട്ടരോട് പറയുക: നിങ്ങൾക്ക് നിശ്ചയിക്കപ്പെട്ട ഒരു ദിവസം വരെ അവധിയുണ്ട്. അതിൽ നിന്ന് ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ടോ മുന്നോട്ടോ പോവുകയില്ല. ആ ദിവസമാകുന്നു അന്ത്യനാൾ!

(31) അല്ലാഹുവിൽ അവിശ്വസിച്ചവർ പറഞ്ഞു: മുഹമ്മദ് തൻ്റെ മേൽ അവതരിച്ചതാണെന്ന് അവകാശപ്പെടുന്ന ഈ ഖുർആനിലോ, മുൻകാല വേദഗ്രന്ഥങ്ങളിലോ ഞങ്ങൾ വിശ്വസിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! വിചാരണക്കായി പരലോകത്ത് അതിക്രമകാരികളെ പിടിച്ചു നിർത്തിയിരിക്കുന്നത് താങ്കൾ കണ്ടിരുന്നെങ്കിൽ! അവർ പരസ്പരം തർക്കിക്കുകയും, അവരോരോരുത്തരും പരസ്പരം പഴിചാരുകയും മറ്റുള്ളവരുടെ മേൽ ഉത്തരവാദിത്തം ചാർത്തുകയും ചെയ്യും. അടിച്ചമർത്തപ്പെട്ടവരായ അനുയായികൾ ഇഹലോകത്ത് തങ്ങളെ അടക്കിഭരിച്ച നേതാക്കന്മാരോട് പറയും: നിങ്ങൾ ഞങ്ങളെ വഴികേടിലാക്കിയില്ലായിരുന്നെങ്കിൽ ഞങ്ങൾ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുന്നവരാകുമായിരുന്നു.

(32) സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ നേതാക്കന്മാർ തങ്ങൾ അടക്കി ഭരിച്ചിരുന്ന അവരുടെ അനുയായികളോട് പറയും: മുഹമ്മദ് -ﷺ- നിങ്ങൾക്ക് കൊണ്ടു വന്നു തന്ന സത്യത്തിൽ നിന്ന് ഞങ്ങളാണോ നിങ്ങളെ തടഞ്ഞത്?! അല്ല! മറിച്ച് നിങ്ങൾ തന്നെ അതിക്രമികളും കുഴപ്പത്തിൻ്റെയും നശീകരണത്തിൻ്റെയും ആളുകളുമായിരുന്നു.

(33) പ്രമാണിമാർ അടിച്ചമർത്തിയവരായിരുന്ന അനുയായികൾ സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചവരായ തങ്ങളുടെ നേതാക്കന്മാരോട് പറയും: എന്നാൽ സത്യത്തിൽ നിന്ന് ഞങ്ങളെ തടഞ്ഞത് രാത്രിയും പകലുമായി നിങ്ങൾ നടത്തിയ കുതന്ത്രമാണ്. അല്ലാഹുവിൽ അവിശ്വസിക്കാനും, അവന് പുറമെ സൃഷ്ടികളെ ആരാധിക്കാനും നിങ്ങൾ ഞങ്ങളോട് കൽപ്പിച്ചിരുന്നല്ലോ?! ശിക്ഷ നേരിൽ വീക്ഷിച്ചു കഴിഞ്ഞാൽ ഇഹലോകത്ത് തങ്ങൾ (അല്ലാഹുവിനെ) നിഷേധിച്ചിരുന്നതിൻ്റെ ഖേദം അവർ മനസ്സിൽ ഒളിപ്പിക്കും. തങ്ങൾ ശിക്ഷിക്കപ്പെടുന്നവരാണെന്ന് അവർക്ക് ബോധ്യപ്പെടുകയും ചെയ്യും. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. അവർ ഇഹലോകത്തായിരിക്കെ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിച്ചതിൻ്റെയും തിന്മകൾ പ്രവർത്തിച്ചതിൻ്റെയും ഫലമായിട്ടല്ലാതെ അവർക്ക് ഈ ശിക്ഷ നൽകപ്പെടുന്നില്ല.

(34) അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവരായി ഏതൊരു ദൂതനെ അയച്ചപ്പോഴും, എല്ലാ നാട്ടിലുമുള്ള അധികാരവും സ്ഥാനവും സമ്പത്തുമുള്ള സുഖലോലുപന്മാർ 'ഹേ ദൂതന്മാരേ! നിങ്ങൾ ഏതൊന്നുമായാണോ നിയോഗിക്കപ്പെട്ടത്; അതിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു' എന്ന് പറയാതിരുന്നിട്ടില്ല.

(35) പ്രമാണിമാരായ ഇക്കൂട്ടർ അഹങ്കാരത്തോടെയും പൊങ്ങച്ചത്തോടെയും പറഞ്ഞു: ഞങ്ങൾ കൂടുതൽ സമ്പത്തും സന്താനങ്ങളുമെല്ലാം ഉള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടും എന്ന നിങ്ങളുടെ ജൽപ്പനം പച്ചക്കള്ളമാകുന്നു. ഞങ്ങൾ ഇഹലോകത്തോ പരലോകത്തോ ശിക്ഷിക്കപ്പെടുന്നവരേയല്ല.

(36) അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന അനുഗ്രഹങ്ങളിൽ വഞ്ചിതരായിരിക്കുന്ന ഇക്കൂട്ടരോട് പറയുക: എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കി നൽകുന്നു; അവർ നന്ദി കാണിക്കുമോ നന്ദികേട് കാണിക്കുമോ എന്ന പരീക്ഷണമാണത്. ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു; അവർ ക്ഷമിക്കുമോ അതല്ല കോപിഷ്ഠരാകുമോ എന്ന പരീക്ഷണമാണത്. എന്നാൽ ബഹുഭൂരിപക്ഷം ജനങ്ങളും അല്ലാഹു അങ്ങേയറ്റം യുക്തിയുള്ളവനാണ് എന്ന കാര്യം അറിയുന്നില്ല; അവൻ ഒരു കാര്യവും വളരെ മഹത്തരമായ ഒരു ലക്ഷ്യത്തോടെയല്ലാതെ നിശ്ചയിക്കില്ല. അത് മനസ്സിലായവർക്ക് മനസ്സിലായി; അറിയാതെ പോയവർ അറിയാതെ പോയി.

(37) നിങ്ങൾ പൊങ്ങച്ചം കാണിക്കുന്ന നിങ്ങളുടെ ഈ സമ്പാദ്യങ്ങളോ സന്താനങ്ങളോ ഒന്നും അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് നിങ്ങളെ നയിക്കുകയില്ല. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ; അവർ ഇരട്ടിയിരട്ടിയാക്കപ്പെടുന്ന പ്രതിഫലം നേടിയെടുത്തിരിക്കുന്നു. സമ്പാദ്യങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിച്ചാൽ അല്ലാഹുവിലേക്ക് അടുപ്പിക്കും. സന്താനങ്ങൾ അവനു വേണ്ടി പ്രാർത്ഥിച്ചാലും അപ്രകാരം തന്നെ. അപ്പോൾ (അല്ലാഹുവിൽ) വിശ്വസിച്ച, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവർ; അവർക്ക് അവർ ചെയ്ത നന്മകൾ കാരണം, ഇരട്ടിയിരട്ടിയായി നൽകപ്പെടുന്ന പ്രതിഫലമുണ്ട്. അവർ ശിക്ഷയോ മരണമോ സുഖാനുഭൂതികൾ നിന്നുപോകുന്നതോ ഒന്നും ഭയക്കാതെ -നിർഭയരായി- സ്വർഗത്തിലെ ഉന്നതസൗധങ്ങളിൽ വസിക്കുന്നതാണ്.

(38) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ജനങ്ങളെ വഴിതിരിച്ചു വിടാൻ വേണ്ടി പരമാവധി ശ്രമം ചെലവഴിക്കുകയും, തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന (അല്ലാഹുവിനെ) നിഷേധിച്ചവർ; അവർ ഇഹലോകത്ത് നഷ്ടക്കാരും പരലോകത്ത് ശിക്ഷിക്കപ്പെടുന്നവരുമായിരിക്കും.

(39) അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും എൻ്റെ രക്ഷിതാവ് അവൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുകയും, ഉദ്ദേശിക്കുന്നവർക്ക് അത് ഇടുക്കമുള്ളതാക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അല്ലാഹു ഇഹലോകത്ത് അതിനെക്കാൾ നല്ലത് നിങ്ങൾക്ക് പകരം നൽകുകയും, പരലോകത്ത് വിശാലമായ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു; അവനാകുന്നു ഏറ്റവും നന്നായി ഉപജീവനം നൽകുന്നവൻ. അതിനാൽ ആരെങ്കിലും ഉപജീവനം അന്വേഷിക്കുന്നെങ്കിൽ അല്ലാഹുവിലേക്ക് തേടിച്ചെല്ലട്ടെ!

(40) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ കുറിച്ച് സ്മരിക്കുക. ശേഷം, അല്ലാഹു ബഹുദൈവാരാധകരെ ഭയപ്പെടുത്തിക്കൊണ്ടും, ആക്ഷേപിച്ചുകൊണ്ടും മലക്കുകളോടായി പറയും: എനിക്ക് പുറമെ ഇഹലോകത്ത് വെച്ച് നിങ്ങളെ ആരാധിച്ചത് ഇക്കൂട്ടരാണോ?!

(41) മലക്കുകൾ പറയും: (അല്ലാഹുവേ!) നീ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അവരല്ല; നീ മാത്രമാണ് ഞങ്ങളുടെ രക്ഷാധികാരി (വലിയ്യ്). ഞങ്ങൾക്കും ഇവർക്കുമിടയിൽ യാതൊരു നിലക്കുള്ള അടുപ്പവുമില്ല. എന്നാൽ ഈ ബഹുദൈവാരാധകർ ആരാധിച്ചിരുന്നത് പിശാചുക്കളെയായിരുന്നു. അവർ മലക്കുകളെന്ന് തോന്നിക്കുന്ന രൂപത്തിൽ അവർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുകയും, ഇവർ അവരെ ആരാധിക്കുകയുമാണുണ്ടായത്. അവരിൽ ബഹുഭൂരിപക്ഷവും പിശാചുക്കളിൽ വിശ്വസിക്കുന്നവരത്രെ.

(42) (എല്ലാവരും) ഒരുമിച്ചു കൂട്ടപ്പെടുകയും, വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന ദിവസം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെട്ടവർ തങ്ങളെ ആരാധിച്ചിരുന്നവർക്ക് എന്തെങ്കിലുമൊരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരോട് നാം പറയും: നിങ്ങൾ ഇഹലോകത്തായിരിക്കെ നിഷേധിച്ചു കൊണ്ടിരുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക!

(43) ഈ നിഷേധികളായ ബഹുദൈവാരാധകർക്ക് മുൻപിൽ നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ആയത്തുകൾ -ഒരു അവ്യക്തതയുമില്ലാത്ത നിലയിൽ- സ്പഷ്ടമായി പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഇത് കൊണ്ടു വന്ന മനുഷ്യൻ നിങ്ങളുടെ പിതാക്കൾ നിലകൊണ്ടിരുന്ന മാർഗത്തിൽ നിന്ന് നിങ്ങളെ വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന ഒരാൾ മാത്രമാകുന്നു. അവർ പറയും: ഈ ഖുർആൻ അല്ലാഹുവിൻ്റെ മേൽ ഇവൻ കെട്ടിച്ചമച്ച കളവു മാത്രമാകുന്നു. അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൽ നിന്ന് അവർക്കെത്തിയ ഖുർആനിനെ കുറിച്ച് പറഞ്ഞു: ഇത് വ്യക്തമായ ഒരു മാരണമല്ലാതെ മറ്റൊന്നുമല്ല. കാരണം, ഭർത്താവിനും ഭാര്യക്കുമിടയിലും, പിതാവിനും മകനുമിടയിലും ഇത് വേർതിരിവുണ്ടാക്കുന്നു.

(44) മുഹമ്മദ് കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഈ ഖുർആൻ എന്ന് പറയാൻ മാത്രം ഇതിന് മുൻപ് മറ്റു വല്ല ഗ്രന്ഥങ്ങളും അവർക്ക് വായിക്കാനായി നാം നൽകിയിട്ടില്ല. അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നിയോഗിക്കുന്നതിന് മുൻപ് അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന മറ്റൊരു ദൂതനെയും അവരിലേക്ക് നാം നിയോഗിച്ചിട്ടുമില്ല.

(45) മുൻകാല സമുദായങ്ങൾ നിഷേധിച്ചു തള്ളിയിട്ടുണ്ട്. ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ. താങ്കളുടെ ജനതയിൽ പെട്ട ഈ ബഹുദൈവാരാധകരാകട്ടെ; അവർ എത്തിയ ശക്തിയുടെയും പ്രതാപത്തിൻ്റെയും സമ്പത്തിൻ്റെയും ജനസംഖ്യയുടെയും പത്തിലൊന്നു പോലും എത്തിയിട്ടില്ല. അവരോരോരുത്തരും തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചു. അപ്പോൾ അവർക്ക് നൽകപ്പെട്ട സമ്പത്തോ ശക്തിയോ എണ്ണമോ ഒന്നും അവരെ സഹായിച്ചില്ല. അങ്ങനെ, എൻ്റെ ശിക്ഷ അവരുടെ മേൽ വന്നുഭവിച്ചു. അപ്പോൾ അല്ലാഹുവിൻ്റെ റസൂലേ! നോക്കുക; എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പ്?! എങ്ങനെയുണ്ടായിരുന്നു അവർക്കുള്ള എൻ്റെ ശിക്ഷ?!

(46) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: ഞാൻ നിങ്ങളോട് ഉപദേശിക്കുന്നതും മുന്നോട്ടു വെക്കുന്നതും ഒരേയൊരു കാര്യമാണ്. ദേഹേഛകളെല്ലാം മാറ്റിവെച്ചു കൊണ്ട് അല്ലാഹുവിനായി രണ്ടു പേരോ ഒറ്റക്കോ ആയി നിന്നതിന് ശേഷം നിങ്ങളുടെ കൂട്ടുകാരനായ മുഹമ്മദിൻ്റെ ചരിത്രത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കുക! നിങ്ങൾ തന്നെ നേരിട്ടറിഞ്ഞിട്ടുള്ള അവിടുത്തെ ബുദ്ധിയും സത്യസന്ധതയും വിശ്വസ്തതയും ആലോചിക്കുക. അവിടുന്നൊരു ഭ്രാന്തുള്ളവനല്ലെന്ന് നിങ്ങൾക്ക് മനസ്സിലാകും. അല്ലാഹുവിൽ പങ്കു ചേർക്കുക എന്നതിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങിയില്ലെങ്കിൽ (നിങ്ങളെ ബാധിക്കാനിരിക്കുന്ന) കഠിനമായ ഒരു ശിക്ഷയുടെ മുമ്പ് നിങ്ങൾക്ക് താക്കീത് നൽകുന്ന ഒരാൾ മാത്രമാകുന്നു അവിടുന്ന്.

(47) അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകിയിരിക്കുന്ന ഈ സന്മാർഗത്തിനും നന്മക്കും വല്ല പ്രതിഫലവും ഞാൻ ചോദിച്ചിട്ടുണ്ടെന്ന് സങ്കൽപിക്കുക. എങ്കിൽ, അത് നിങ്ങൾക്ക് തന്നെയാണ്. എൻ്റെ പ്രതിഫലം അല്ലാഹുവിങ്കൽ മാത്രമാകുന്നു. അവൻ എല്ലാ കാര്യത്തിനും സാക്ഷിയാകുന്നു. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നിട്ടുണ്ടെന്നതിനും, നിങ്ങൾ ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾക്കുമെല്ലാം അവൻ സാക്ഷിയായിട്ടുണ്ട്. അതിൻ്റെയെല്ലാം പ്രതിഫലം പരിപൂർണ്ണമായി അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

(48) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ രക്ഷിതാവ് സത്യത്തിന് അസത്യത്തിന് മുകളിൽ അധീശത്വം നൽകുകയും, അസത്യത്തെ തകർത്തു കളയുകയും ചെയ്യുന്നു. അവൻ അദൃശ്യകാര്യങ്ങളെല്ലാം നന്നായി അറിയുന്നവനാകുന്നു. ആകാശങ്ങളിലോ ഭൂമിയിലോ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളും അവന് മറഞ്ഞു പോവുകയില്ല.

(49) അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: സത്യം -അതായത് ഇസ്ലാം- വന്നിരിക്കുന്നു. അസത്യം നീങ്ങിപ്പോയിരിക്കുന്നു. അതിൻ്റെ യാതൊരു അടയാളമോ ശക്തിയോ ഇനി ബാക്കി നിൽക്കുകയില്ല. ഇനിയൊരിക്കൽ കൂടി അത് നടപ്പിലാക്കപ്പെടുന്ന നിലയിൽ തിരിച്ചു വരികയുമില്ല.

(50) അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾക്ക് ഞാൻ എത്തിച്ചു നൽകുന്ന ഈ സത്യത്തിൽ നിന്ന് ഞാൻ വഴിതെറ്റിപ്പോയാൽ എൻ്റെ വഴികേടിൻ്റെ ദോഷഫലം എൻ്റെ മേൽ മാത്രമായിരിക്കും. അതിൻ്റെ ഒരു ഫലവും നിങ്ങളെ ബാധിക്കുകയില്ല. ഇനി ഞാൻ സന്മാർഗം സ്വീകരിച്ചിട്ടുണ്ടെങ്കിൽ; അതാകട്ടെ എൻ്റെ രക്ഷിതാവ് എനിക്ക് നൽകിയ സന്ദേശം കാരണത്താലാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്നവനും (സമീഅ്), സമീപസ്ഥനുമാണ് (ഖരീബ്); ഞാൻ പറയുന്നതൊന്നും അവന് കേൾക്കാൻ കഴിയാതെയാകില്ല.

(51) അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിൽ ശിക്ഷ നേരിൽ കാണുമ്പോൾ (അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർ പരിഭ്രാന്തരായിത്തീരുന്നത് നീ കണ്ടിരുന്നെങ്കിൽ തീർച്ചയായും അത്ഭുതകരമായ ഒരു കാര്യം തന്നെയായിരിക്കും ആ കാഴ്ച. അപ്പോൾ അവർക്ക് അതിൽ നിന്ന് ഒരു നിലക്കും ഓടിരക്ഷപ്പെടുക സാധ്യമല്ല. ഒരു അഭയസ്ഥാനവും അവർക്കുണ്ടാവുകയുമില്ല. ആദ്യത്തെ അവസരത്തിൽ തന്നെ പിടികൂടാൻ വളരെ എളുപ്പമുള്ള, സമീപസ്ഥമായ ഒരിടത്ത് നിന്ന് അവർ പിടികൂടപ്പെടുന്നതാണ്.

(52) തങ്ങൾക്ക് ചെന്നുചേരാനുള്ള സ്ഥലം കണ്ടുകഴിഞ്ഞാൽ അവർ പറയും: ഞങ്ങളിതാ പരലോകത്തിൽ വിശ്വസിച്ചിരിക്കുന്നു. പക്ഷെ, ഇനിയെങ്ങനെയാണ് അവർക്ക് ഈ വിശ്വാസം പ്രാവർത്തികമാക്കാനും നേടിയെടുക്കാനും സാധിക്കുക?!കാരണം ഇഹലോകത്ത് നിന്ന് പുറത്തു കടന്നതോടെ, വിശ്വാസം സ്വീകരിക്കപ്പെടുന്ന സ്ഥലത്തു നിന്ന് അവർ ഏറെ വിദൂരത്തായിക്കഴിഞ്ഞു. ഇഹലോകമാണ് പ്രവർത്തനത്തിനുള്ള സ്ഥലം. അത് പ്രതിഫലത്തിൻ്റെ സ്ഥലമല്ല. അവരിപ്പോൾ പ്രതിഫലത്തിൻ്റെ സ്ഥലത്ത് -പരലോകത്ത്- എത്തിയിരിക്കുന്നു; ഇത് പ്രവർത്തിക്കാനുള്ള കേന്ദ്രമല്ല.

(53) എങ്ങനെയാണ് അവരിൽ നിന്ന് (പരലോകത്തിലുള്ള) വിശ്വാസം ഉണ്ടാവുകയും, അത് സ്വീകരിക്കപ്പെടുകയും ചെയ്യുക?! ഇഹലോകത്തായിരിക്കെ അവരതിനെ നിഷേധിച്ചവരായിരുന്നു. സത്യത്തോട് വിദൂരമായി പോലും യോജിക്കാത്ത ഊഹങ്ങൾ കൊണ്ട് ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു അവർ. അല്ലാഹുവിൻ്റെ റസൂലി -ﷺ- നെ കുറിച്ച്, അവിടുന്ന് മാരണക്കാരനെന്നും, ജ്യോത്സ്യനെന്നും കവിയെന്നുമൊക്കെ അവർ പറഞ്ഞു കൊണ്ടിരുന്നത് പോലെ.

(54) അങ്ങനെ ഐഹിക സുഖസൗകര്യങ്ങളിൽ നിന്നും, തങ്ങൾ ചെയ്തു പോയ നിഷേധത്തിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നതിൽ നിന്നും, നരകത്തിൽ നിന്ന് രക്ഷപ്പെടുന്നതിൽ നിന്നും, ഇഹലോകത്തേക്ക് മടങ്ങിപ്പോകുന്നതിൽ നിന്നും അവർ തടയപ്പെട്ടു. അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ, അവരോട് സമാനരായ മുൻസമുദായങ്ങളോടും ഇപ്രകാരം തന്നെയാണ് ചെയ്യപ്പെട്ടത്. തീർച്ചയായും അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടു വന്ന അല്ലാഹുവിനെ ഏകനാക്കുക എന്ന തൗഹീദിനോടും, പുനരുത്ഥാനത്തിലുള്ള വിശ്വാസത്തോടും കടുത്ത സംശയത്തിലായിരുന്നു അവർ. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്ക് എത്തിക്കുന്ന സംശയമായിരുന്നു അത്.