(1) ജനങ്ങളെ കുറിച്ച് ധാരാളമായി പരദൂഷണം പറയുകയും, അവരെ കുത്തി പറയുകയും ചെയ്യുന്നവർക്ക് നാശവും കടുത്ത ശിക്ഷയുമുണ്ടാകട്ടെ.
(2) അവൻ്റെ കാര്യമായ ചിന്ത സമ്പത്ത് സ്വരുക്കൂട്ടലും അതെണ്ണി തിട്ടപ്പെടുത്തി വെക്കലുമാണ്. അതല്ലാത്ത മറ്റൊരു ചിന്തയും അവനില്ല.
(3) അവൻ ഒരുമിച്ചു കൂട്ടിയ സമ്പാദ്യം മരണത്തിൽ നിന്ന് അവനെ രക്ഷിക്കുകയും, അങ്ങനെ ഭൂമിയിൽ കാലാകാലം വസിക്കാമെന്നുമാണ് അവൻ ധരിക്കുന്നത്.
(4) ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. കാഠിന്യം കാരണം വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന, നരകാഗ്നിയിൽ അവൻ വലിച്ചെറിയപ്പെടുക തന്നെ ചെയ്യും.
(5) അല്ലാഹുവിൻ്റെ റസൂലേ! വന്നു വീഴുന്നതിനെയെല്ലാം തകർക്കുകയും പൊട്ടിച്ചെറിയുകയും ചെയ്യുന്ന ഈ നരകാഗ്നി -ഹുത്വമ- എന്താണെന്ന് അങ്ങേക്ക് അറിയുമോ?
(6) കത്തിജ്വലിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ നരഗാഗ്നിയാകുന്നു അത്.
(7) മനുഷ്യരുടെ ശരീരങ്ങൾ കത്തിക്കരിച്ചതിന് ശേഷം അത് അവരുടെ ഹൃദയങ്ങളിലേക്ക് എത്തും.
(8) അതിൽ ശിക്ഷിക്കപ്പെടുന്നവരുടെ മേൽ അടച്ചു മൂടപ്പെട്ട നിലയിലായിരിക്കും അത്.
(9) അതിൽ നിന്ന് പുറത്തു കടക്കാതിരിക്കാൻ നീട്ടിയുണ്ടാക്കപ്പെട്ട തൂണുകളിൽ (ബന്ധിക്കപ്പെടും)