76 - Al-Insaan ()

|

(1) മനുഷ്യന് ഒരു അസ്തിത്വമേ ഇല്ലാതിരുന്ന വലിയൊരു കാലഘട്ടം കഴിഞ്ഞു പോയിട്ടുണ്ട്; പറയപ്പെടാവുന്ന ഒന്നുമായിരുന്നില്ല അവൻ.

(2) തീർച്ചയായും മനുഷ്യനെ നാം പുരുഷൻ്റെയും സ്ത്രീയുടെയും ബീജസങ്കലനത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു; അവൻ്റെ മേൽ ബാധ്യതയാക്കപ്പെടുന്ന നിയമനിർദേശങ്ങൾ പാലിക്കുമോ എന്ന് പരിശോധിക്കുന്നതിനായി. അതിനായി അവനെ നാം കേൾവിയും കാഴ്ച്ചയുമുള്ളവനാക്കിയിരിക്കുന്നു.

(3) നമ്മുടെ നബിമാരുടെ നാവിലൂടെ അവന് നാം സന്മാർഗത്തിൻ്റെ വഴി വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. അതിനാൽ തന്നെ വഴികേടിൻ്റെ മാർഗമേതാണെന്ന് അവന് മനസ്സിലായിട്ടുമുണ്ട്. അതിന് ശേഷം ഒന്നുകിൽ അവന് നേരായ പാതയിലേക്കുള്ള സന്മാർഗം സ്വീകരിക്കാം. അങ്ങനെ അവന് അല്ലാഹുവിൻ്റെ വിശ്വാസിയും നന്ദിയുള്ളവനുമായ അടിമായാകാം. അല്ലെങ്കിൽ അവന് വഴികേട് സ്വീകരിക്കാം; അങ്ങനെ അവന് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവനുമാകാം.

(4) അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് അവരെ നരകത്തിലേക്ക് കെട്ടിവലിക്കാനുള്ള ചങ്ങലകളും, പിരടിയിൽ കെട്ടി വലിക്കുന്ന വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകവും നാം ഒരുക്കി വെച്ചിരിക്കുന്നു.

(5) തീർച്ചയായും അല്ലാഹുവിനെ അനുസരിക്കുന്ന വിശ്വാസികൾ പരലോകത്ത് സുഗന്ധം നിറഞ്ഞ കർപ്പൂരം മിശ്രിതമായി ചേർത്ത മദ്യം നിറച്ച കോപ്പകളിൽ നിന്ന് കുടിക്കുന്നതായിരിക്കും.

(6) അല്ലാഹുവിനെ അനുസരിച്ചവർക്കായി ഒരുക്കപ്പെട്ട ഈ പാനീയം എളുപ്പത്തിൽ കോരിയെടുക്കാവുന്ന ഒരു ഉറവയിൽ നിന്നാണ് പുറപ്പെടുന്നത്. അതൊരിക്കലും വറ്റിപ്പോവുകയില്ല. അല്ലാഹുവിൻ്റെ ദാസന്മാർ അതിൽ നിന്ന് കുടിക്കും. അവർ ഉദ്ദേശിക്കുന്നേടത്തേക്ക് അതിനെ അവർ ഒഴുക്കും.

(7) ഈ പറഞ്ഞ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാർ; സ്വന്തത്തിന് മേൽ നേർച്ച കൊണ്ട് നിർബന്ധമാക്കിയ കാര്യങ്ങൾ പൂർത്തീകരിക്കുന്നവരാണ് അവർ. ആപത്തു പടർന്നു പിടിക്കുന്ന അന്ത്യനാളിനെ അവർ ഭയപ്പെടുകയും ചെയ്യുന്നു.

(8) ഭക്ഷണം ആവശ്യവും ഇഷ്ടവുമുള്ളതോടൊപ്പം തന്നെ അവർ ദരിദ്രർക്കും അനാഥകൾക്കും തടവുകാർക്കും മറ്റ് ആവശ്യക്കാർക്കും ഭക്ഷണം നൽകുന്നവരുമാണ്.

(9) തങ്ങൾ ഇങ്ങനെ മറ്റുള്ളവർക്ക് ഭക്ഷണം നൽകുന്നത് അല്ലാഹുവിൻ്റെ പ്രീതി പ്രതീക്ഷിച്ചു കൊണ്ട് മാത്രമാണെന്ന് അവർ സ്വയം മനസ്സിൽ പറയും. മറ്റാരിൽ നിന്നും ഒരു പ്രതിഫലമോ പ്രശംസയോ അവർ ആഗ്രഹിക്കുന്നില്ല.

(10) ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ ചുളിഞ്ഞു പോകുന്ന, കഠിനവും പ്രയാസകരവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിൽ നിന്ന് ഞങ്ങൾ ഭയക്കുന്നു.

(11) അതിനാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ ഭയാനകമായ ആ ദിവസത്തിൽ അവരെ രക്ഷിക്കുന്നതാണ്. അവരോടുള്ള ആദരവായി കൊണ്ട്, അവരുടെ മുഖങ്ങളിൽ പ്രസന്നതയും തിളക്കവും, ഹൃദയങ്ങളിൽ സന്തോഷവും അവൻ ഇട്ടു കൊടുക്കുന്നതാണ്.

(12) നന്മകൾ ചെയ്യുന്നതിലും, തിന്മകളിൽ നിന്ന് വിട്ടു നിൽക്കുന്നതിലും, അല്ലാഹുവിൻ്റെ വിധികളിലും അവർ ക്ഷമയോടെ നിലകൊണ്ടു എന്നതിനാൽ അല്ലാഹു അവർക്ക് പ്രതിഫലമായി സ്വർഗം നൽകുന്നതാണ്. അതിൽ അവർ സുഖാനുഭവങ്ങൾ ആസ്വദിക്കുകയും, പട്ടുവസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുന്നതാണ്.

(13) അലങ്കൃതമായ കട്ടിലുകളിൽ അവർ ചാരിയിരിക്കുന്നതായിരിക്കും. അവരെ പ്രയാസപ്പെടുത്തുന്ന സൂര്യരഷ്മികൾ ആ സ്വർഗത്തിലില്ല. കടുത്ത തണുപ്പുമില്ല അവിടെ. ചൂടോ തണുപ്പോ ഇല്ലാത്ത, ഒരിക്കലും അവസാനിക്കാത്ത തണലുകൾക്ക് കീഴിലായിരിക്കും അവർ.

(14) സ്വർഗത്തിലെ തണലുകൾ അവർക്ക് അടുത്ത് തന്നെയുണ്ടായിരിക്കും. അതിലെ ഫലവർഗങ്ങൾ ഉദ്ദേശിക്കുന്നവർക്കായി കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നു. നിന്നും ഇരുന്നും കിടന്നുമെല്ലാം അതവർക്ക് എടുക്കാവുന്നതാണ്.

(15) അവർ പാനീയം കുടിക്കാൻ ഉദ്ദേശിച്ചാൽ വെള്ളിയുടെ പാത്രങ്ങളുമേന്തി, ശുദ്ധമായ കോപ്പകളുമായി അവരുടെ വേലക്കാർ ചുറ്റുമുണ്ടായിരിക്കും.

(16) അതിൻ്റെ ശുദ്ധി കാരണത്താൽ അവ കണ്ണാടി പോലിരിക്കും; എന്നാലത് വെള്ളിയാണ്. അവർക്ക് കുടിക്കാൻ വേണ്ടതെത്രയോ; അത്രയുമാണ് അതിൽ പാനീയമുണ്ടായിരിക്കുക. അതിൽ കുറവോ കൂടുതലോ ഉണ്ടാകില്ല.

(17) ഇഞ്ചിയുടെ ചേരുവ ചേർത്ത മദ്യം കോപ്പകളിൽ ആദരണീയരായ സ്വർഗവാസികൾ കുടിക്കുന്നതായിരിക്കും.

(18) സൽസബീൽ എന്ന് പേരുള്ള, സ്വർഗത്തിലെ ഒരു ഉറവയിൽ നിന്ന് അവർ കുടിക്കും.

(19) യൗവ്വനം വിട്ടു മാറിയിട്ടില്ലാത്ത കുട്ടികൾ അവർക്ക് ചുറ്റുമുണ്ടായിരിക്കും; അവരുടെ മുഖത്തിൻ്റെ പ്രകാശവും തിളങ്ങുന്ന നിറവും; അവിടെയുമിവിടയുമായി നടക്കുന്ന അവരെ കൂട്ടമായി കണ്ടാൽ വിതറിയ മുത്തുകളാണല്ലോ ഇതെന്ന് നീ വിചാരിക്കും.

(20) സ്വർഗം നീ കണ്ടു കഴിഞ്ഞാൽ; പറഞ്ഞു തീർക്കാൻ കഴിയാത്ത സുഖാനുഗ്രഹങ്ങളാണ് നീ കാണുക! സമാനതകളില്ലാത്ത വിശാലമായ അധികാരവും നീയവിടെ കാണും.

(21) അവരുടെ ശരീരത്തിൽ പ്രൗഢി നിറഞ്ഞ കട്ടിയുള്ളതും നേർത്തതുമായ പട്ടു വസ്ത്രങ്ങൾ ഉണ്ടായിരിക്കും. വെള്ളിയുടെ വളകൾ അവർക്ക് ധരിപ്പിക്കപ്പെടും. ഒരു കലർപ്പുമില്ലാത്ത, ശുദ്ധമായ പാനീയം അല്ലാഹു അവർക്ക് അവിടെ കുടിക്കാൻ നൽകുകയും ചെയ്യും.

(22) ആദരവായി അവരോട് പറയപ്പെടും: നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്ന ഈ സുഖാനുഗ്രഹങ്ങളെല്ലാം നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലമായി നൽകപ്പെട്ടതാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു.

(23) അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നാം ഈ ഖുർആൻ ഘട്ടംഘട്ടമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു; ഒറ്റത്തവണയായി അവതരിപ്പിച്ചിട്ടില്ല.

(24) അല്ലാഹുവിൻ്റെ പ്രാപഞ്ചികവും മതപരവുമായ തീരുമാനങ്ങളിൽ നീ ക്ഷമയോടെ നിലകൊള്ളുക. തിന്മയിലേക്ക് ക്ഷണിക്കുന്ന ഒരു പാപിയെയോ, നന്ദികേടിന് പ്രോത്സാഹിപ്പിക്കുന്ന നന്ദികെട്ട ഒരുത്തനെയോ നീ അനുസരിക്കരുത്.

(25) പകലിൻ്റെ ആദ്യത്തിൽ ഫജ്ർ നിസ്കാരത്തിലും, പകലിൻ്റെ അവസാനത്തിൽ ദുഹ്ർ അസ്വർ നിസ്കാരങ്ങളിലും നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിനെ സ്മരിക്കുക.

(26) രാത്രിയുള്ള രണ്ട് നിസ്കാരങ്ങളിൽ -മഗ്രിബ് ഇശാ നിസ്കാരങ്ങളിലും- നീ അല്ലാഹുവിനെ സ്മരിക്കുകയും, അതിന് ശേഷം നിശാ നിസ്കാരം (തഹജ്ജുദ്) നിർവ്വഹിക്കുകയും ചെയ്യുക.

(27) ഈ ബഹുദൈവാരാധകർ ഐഹികജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുകയും, അതിനായി കടുത്ത പരിശ്രമം നടത്തുകയും ചെയ്യുന്നു. എന്നാൽ അവർക്ക് പിന്നിൽ പരലോക ജീവിതത്തെ അവർ അവഗണിച്ചു തള്ളുകയും ചെയ്യുന്നു. അതാകട്ടെ; പ്രയാസങ്ങളും ദുരിതങ്ങളും നിറഞ്ഞ ഭാരമേറിയ ദിവസവുമാകുന്നു.

(28) നാമാണ് അവരെ സൃഷ്ടിക്കുകയും അവരുടെ അവയവങ്ങളും പേശികളും ബലപ്പെടുത്തിയതിലൂടെ അവരെ ശക്തരാക്കുകയും ചെയ്തത്. നാം ഉദ്ദേശിച്ചാൽ അവരെ നശിപ്പിക്കാനും അവർക്ക് പകരം അവരെ പോലുള്ളവരെ കൊണ്ട് വരാനും നമുക്ക് കഴിയുന്നതാണ്.

(29) ഖുർആനിലെ ഈ സൂറത്ത് (അദ്ധ്യായം) ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ തൃപ്തിയിലേക്ക് എത്തിക്കുന്ന വഴി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ അത് സ്വീകരിക്കട്ടെ.

(30) അല്ലാഹുവിൻ്റെ തൃപ്തി നേടാനുള്ള വഴിയിൽ പ്രവേശിക്കാൻ നിങ്ങൾ ഉദ്ദേശിക്കുകയില്ല, അല്ലാഹു നിങ്ങളിൽ നിന്ന് അത് ഉദ്ദേശിച്ചാലല്ലാതെ. എല്ലാ കാര്യങ്ങളും അവനിലേക്കാകുന്നു. അല്ലാഹു അവൻ്റെ അടിമകൾക്ക് യോജ്യമായത് ഏതാണെന്ന് ഏറ്റവും നന്നായി അറിയുന്ന 'അലീമും', തൻ്റെ സൃഷ്ടിപ്പിലും നടപ്പിലാക്കുന്ന വിധിയിലും അവതരിപ്പിച്ച മതത്തിലും പരിപൂർണ്ണമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു.

(31) അവൻ ഉദ്ദേശിക്കുന്ന അവൻ്റെ അടിമകളെ തൻ്റെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നു. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും അവൻ എളുപ്പം ചെയ്തു കൊടുക്കും. എന്നാൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് വേദനയേറിയ നരക ശിക്ഷയുണ്ട്.