54 - Al-Qamar ()

|

(1) അന്ത്യനാളിൻ്റെ ആഗമനം അടുത്തിരിക്കുന്നു. നബി -ﷺ- യുടെ കാലത്ത് ചന്ദ്രൻ പിളരുകയും ചെയ്തു. നബി -ﷺ- യിലൂടെ പ്രകടമായ അനുഭവവേദ്യമായ അടയാളങ്ങളിലൊന്നായിരുന്നു അത്.

(2) നബി -ﷺ- യുടെ സത്യത ബോധ്യപ്പെടുത്തുന്ന ഏതൊരു തെളിവോ പ്രമാണമോ ദർശിച്ചാലും ബഹുദൈവാരാധകർ അത് സ്വീകരിക്കാതെ തിരിഞ്ഞു കളയുകയും, 'നമ്മൾ കണ്ടത് ഒരർഥവുമില്ലാത്ത മാരണം മാത്രമാണെന്ന്' പറയുകയും ചെയ്യും.

(3) അവർക്ക് വന്നെത്തിയ സത്യത്തെ അവർ നിഷേധിച്ചു തള്ളുകയും, കളവാക്കുന്നതിൽ തങ്ങളുടെ ദേഹേഛകളെ അവർ പിൻപറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യങ്ങളും -നന്മയാകട്ടെ തിന്മയാകട്ടെ- പരലോകത്ത് അതിന് അർഹമായ സ്ഥാനത്ത് തന്നെ വരുന്നതാകുന്നു.

(4) നിഷേധവും അതിക്രമങ്ങളും ചെയ്തു കൂട്ടിയ മുൻസമുദായങ്ങളെ അല്ലാഹു നശിപ്പിച്ചതിനെ കുറിച്ചുള്ള മതിയാവോളമുള്ള വാർത്തകൾ അവർക്ക് വന്നെത്തിയിട്ടുണ്ട്; ഇവരുടെ നിഷേധവും അതിക്രമവും അവസാനിപ്പിക്കുവാൻ അവ മതിയായതാണ്.

(5) അവർക്ക് വന്നെത്തിയ വാർത്തകൾ അവരുടെ മേൽ തെളിവുകൾ സ്ഥാപിതമാകാൻ പര്യാപ്തമായ പരിപൂർണ്ണമായ വിജ്ഞാനമാണ്. എന്നാൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവർക്ക് ഈ താക്കീതുകളൊന്നും ഉപകാരപ്പെടുന്നില്ല.

(6) അവർ സന്മാർഗം സ്വീകരിക്കുന്നില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾ അവരെ അവഗണിക്കുകയും, അവരിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തേക്കുക. -മനുഷ്യ സമൂഹം അവരുടെ ചരിത്രത്തിൽ ഒരിക്കലും വീക്ഷിച്ചിട്ടില്ലാത്തത്ര, ഭയാനകരമായ ഒരു കാര്യത്തിലേക്ക് കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ക്ഷണിക്കുന്ന ദിവസം നീ കാത്തിരിക്കുക.

(7) അവരുടെ കണ്ണുകൾ അന്ന് അപമാനഭാരത്താൽ താഴ്ന്നിരിക്കും. ഖബ്റുകളിൽ നിന്ന് പുറത്തിറങ്ങി, വിചാരണയുടെ ഭൂമിയിലേക്ക് -(നാലുപാടും) പരന്ന വെട്ടുകിളികളെ പോലെ- അവർ വേഗതയിൽ ചലിക്കും.

(8) വിചാരണയുടെ വേദിയിലേക്ക് ക്ഷണിക്കുന്നവൻ്റെ വിളി കേൾക്കുന്നിടത്തേക്ക് വേഗതയിൽ അവർ നടന്നു കൊണ്ടിരിക്കും. (ഇസ്ലാമിനെ) നിഷേധിച്ചവർ പറയും: ഇത് അങ്ങേയറ്റം പ്രയാസകരമായ ഒരു ദിവസം തന്നെ. അതിനു മാത്രം കാഠിന്യവും ഭയാനകതയും അതിനുണ്ടായിരിക്കും.

(9) നിൻ്റെ പ്രബോധനത്തെ നിഷേധിക്കുന്ന ഇക്കൂട്ടർക്ക് മുൻപ് -അല്ലാഹുവിൻ്റെ റസൂലേ!- നമ്മുടെ ദാസനായ നൂഹ് -عَلَيْهِ السَّلَامُ- നെ നാം അയച്ചപ്പോൾ ഇവരുടെ മുൻഗാമികൾ നിഷേധിച്ചിട്ടുണ്ട്. അവർ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് അദ്ദേഹമൊരു ഭ്രാന്തനാണ് എന്നായിരുന്നു. ചീത്ത വിളിച്ചും, ആക്ഷേപിച്ചും, ഭീഷണിപ്പെടുത്തിയും പല രൂപത്തിൽ അദ്ദേഹത്തെ അവർ ആട്ടിവിടുകയും ചെയ്തു. എന്നിട്ടുമദ്ദേഹം പ്രബോധനം അവസാനിപ്പിച്ചില്ല.

(10) അപ്പോൾ നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർഥിച്ചു: എൻ്റെ സമൂഹം എന്നെ പരാജയപ്പെടുത്തിയിരിക്കുന്നു. എനിക്കവർ ഉത്തരം നൽകിയില്ല. അതിനാൽ അവർക്ക് മേൽ ശിക്ഷയിറക്കി കൊണ്ട് നീ എന്നെ സഹായിക്കേണമേ!

(11) അപ്പോൾ തുടർച്ചയായി കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട് ആകാശത്തിൻ്റെ കവാടങ്ങൾ നാം തുറന്നു.

(12) ഭൂമിയെ നാം പിളർത്തുകയും, അവയിൽ വെള്ളം പൊട്ടിയൊഴുകുന്ന ഉറവകൾ ഉണ്ടായിത്തീരുകയും ചെയ്തു. അങ്ങനെ ആകാശത്ത് നിന്ന് പെയ്ത മഴ വെള്ളവും, ഭൂമിയിൽ നിന്ന് ഉറവ പൊട്ടിയൊഴുകുന്ന വെള്ളവും അല്ലാഹുവിൻ്റെ അനന്തമായ തീരുമാന പ്രകാരം കൂടിച്ചേർന്നു. അങ്ങനെ സർവ്വരും മുക്കി നശിപ്പിക്കപ്പെട്ടു; അല്ലാഹു രക്ഷപ്പെടുത്തിയവരൊഴികെ.

(13) പലകകളും ആണികളുമുള്ള ഒരു കപ്പലിൽ നൂഹിനെ നാം വഹിച്ചു. അദ്ദേഹത്തെയും ഒപ്പമുള്ളവരെയും മുങ്ങിമരിക്കുന്നതിൽ നിന്ന് നാം രക്ഷപ്പെടുത്തി.

(14) ഇളകിമറിയുന്ന വെള്ളത്തിൻ്റെ തിരമാലകൾക്ക് മുകളിലൂടെ ആ കപ്പൽ നമ്മുടെ കാഴ്ച്ചപ്പുറത്തും സംരക്ഷണത്തിലും സഞ്ചരിക്കുന്നു. തൻ്റെ സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങേണ്ടി വന്ന നൂഹിന് അല്ലാഹുവിങ്കൽ നിന്ന് വന്നതിനെ നിഷേധിച്ചു തള്ളിയ സമൂഹത്തിനെതിരെ ലഭിച്ച സഹായമാണത്.

(15) നാം അവർക്ക് നൽകിയ ആ ശിക്ഷയെ ഒരു ഗുണപാഠവും ഓർമ്മപ്പെടുത്തലുമാക്കി നാം ബാക്കി വെച്ചിരിക്കുന്നു. അപ്പോൾ ഗുണപാഠം ഉൾക്കൊള്ളുന്നവരായി ആരെങ്കിലുമുണ്ടോ?

(16) അപ്പോൾ നിഷേധികൾക്ക് മേൽ വന്നു പതിച്ച എൻ്റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരെ നശിപ്പിച്ചു കൊണ്ട് ഞാനവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?!

(17) ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?

(18) ആദ് സമുദായം അവരുടെ നബിയായ ഹൂദ് -عَلَيْهِ السَّلَامُ- നെ നിഷേധിച്ചു. അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!

(19) നരകത്തിൽ പ്രവേശിക്കുന്നത് വരെ അവരുടെ മേൽ നിന്ന് നാശവും ദുശ്ശകുനവും വിട്ടുമാറാത്ത ഒരു ദിവസത്തിൽ, അവർക്ക് നേരെ തണുത്തുറഞ്ഞ, ഉഗ്രമായ ഒരു കാറ്റ് നാം അയക്കുകയും ചെയ്തു.

(20) അതവരെ ഭൂമിയിൽ നിന്ന് പറിച്ചെറിയുകയും, അവരെ തലകീഴായി താഴെ പതിപ്പിക്കുകയും ചെയ്തു. അങ്ങനെ വേരോടെ പിഴുതെറിയപ്പെട്ട തലയില്ലാത്ത ഈന്തപ്പനത്തടികൾ പോലെ അവർ കിടന്നു.

(21) അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!

(22) ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?

(23) ഥമൂദ് ഗോത്രം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ സ്വാലിഹ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.

(24) നിഷേധം നിറഞ്ഞ മനസ്സോടെ അവർ പറഞ്ഞു: നമ്മളിൽ പെട്ട ഒരു മനുഷ്യനെ നാം പിന്തുടരുകയോ?! ഈ അവസ്ഥയിൽ അവനെ നാം പിന്തുടരുന്നെങ്കിൽ തീർച്ചയായും നാം സത്യത്തിൽ നിന്ന് വളരെ അകന്നും വ്യതിചലിച്ചും, പ്രയാസത്തിലുമായിരിക്കും.

(25) അവൻ്റെ മേൽ മാത്രം അല്ലാഹുവിൻ്റെ സന്ദേശം ഇറങ്ങുകയും, നമ്മുടെയെല്ലാം ഇടയിൽ നിന്ന് അവന് മാത്രം പ്രത്യേകത നൽകപ്പെടുകയും ചെയ്യുകയോ?! അല്ല! അവനൊരു വ്യാജവാദിയും അഹങ്കാരിയുമാകുന്നു.

(26) എന്നാൽ പരലോകത്ത് അവർ ആരാണ് -സ്വാലിഹാണോ അതല്ല അവരാണോ- വ്യാജവാദിയും അഹങ്കാരിയുമെന്ന് അറിഞ്ഞു കൊള്ളും.

(27) നാം പാറയുടെ ഇടയിൽ നിന്ന് ഒരു ഒട്ടകത്തെ പുറത്തു കൊണ്ടു വരുകയും, അതിനെ അവർക്കൊരു പരീക്ഷണമാക്കി അയക്കുന്നതുമാണ്. അതിനാൽ -ഹേ സ്വാലിഹ്!- നീ കാത്തിരിക്കുകയും, അവർ എന്താണ് പ്രവർത്തിക്കുന്നതെന്നും, അതിനെന്തു ശിക്ഷയാണ് അവർക്ക് ലഭിക്കുന്നതെന്നും നിരീക്ഷിക്കുകയും ചെയ്യുക. അവരുടെ ഉപദ്രവങ്ങളിൽ നീ ക്ഷമ കൈകൊള്ളുകയും ചെയ്യുക.

(28) അവരുടെ കിണറ്റിലെ വെള്ളം അവർക്കും ഒട്ടകത്തിനും ഇടയിൽ പങ്കുവെക്കപ്പെട്ടിരിക്കുന്നു എന്നതും നീ അവരെ അറിയിക്കുക. ഒട്ടകത്തിന് ഒരു ദിവസമെങ്കിൽ, അടുത്ത ദിവസം അവർക്ക് എന്ന നിലയിൽ. ഓരോരുത്തർക്കും നിശ്ചയിക്കപ്പെട്ട ദിവസം അവരവർ അവിടെ സന്നിഹിതരാകേണ്ടതാണ്.

(29) അപ്പോൾ ഒട്ടകത്തെ അറുത്തു കളയുന്നതിനായി അവർ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു. അവൻ തൻ്റെ സമൂഹത്തിൻ്റെ വാക്ക് കേട്ട്, വാളു കൊണ്ട് അതിനെ കൊന്നു കളഞ്ഞു.

(30) അപ്പോൾ അവർക്ക് ഞാൻ നൽകിയ ശിക്ഷ എങ്ങനെയുണ്ടായിരുന്നു?! അവരുടെ ശിക്ഷയിലൂടെ ഞാൻ മറ്റുള്ളവർക്ക് നൽകിയ താക്കീത് എങ്ങനെയുണ്ടായിരുന്നു?! മക്കക്കാരേ! ചിന്തിക്കുക!

(31) അവരുടെ നേർക്ക് നാം ഒരു ഘോരശബ്ദം അയച്ചു. അതവരെ നശിപ്പിച്ചു കളഞ്ഞു. അങ്ങനെ മൃഗങ്ങളുടെ ആല നിർമ്മിക്കുന്നവൻ അതിനായി എടുക്കുന്ന ഉണങ്ങിയ ചുള്ളിക്കമ്പുകൾ പോലെ അവർ ആയിത്തീർന്നു.

(32) ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?

(33) ലൂത്വിൻ്റെ സമൂഹം അവരിലേക്ക് നിയോഗിക്കപ്പെട്ട ദൂതനായ ലൂത്വ് -عَلَيْهِ السَّلَامُ- അവർക്ക് നൽകിയ താക്കീതുകളെ നിഷേധിച്ചു തള്ളി.

(34) അവർക്ക് നേരെ കല്ലുകൾ വർഷിക്കുന്ന ഒരു കാറ്റ് നാം അയച്ചു. ലൂത്വിൻ്റെ കുടുംബം ഒഴികെ. അവർക്ക് ശിക്ഷ ബാധിച്ചില്ല. അവരെ നാം രക്ഷിച്ചു. ശിക്ഷ സംഭവിക്കുന്നതിന് മുൻപ് രാത്രിയുടെ അവസാനത്തിൽ അവരെ അവിടെ നിന്ന് നീക്കിയിരുന്നു.

(35) നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹമായി കൊണ്ട് അവരെ ആ ശിക്ഷയിൽ നിന്ന് നാം രക്ഷപ്പെടുത്തി. ലൂത്വിന് നാം നൽകിയ, ഇതു പോലുള്ള പ്രതിഫലമാണ് അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവർക്ക് നാം പ്രതിഫലമായി നൽകുക.

(36) നമ്മുടെ ശിക്ഷയെ കുറിച്ച് ലൂത്വ് അവരെ ഭയപ്പെടുത്തിയിരുന്നു. എന്നാൽ അവർ അദ്ദേഹത്തിൻ്റെ താക്കീതിനെ കുറിച്ച് തർക്കിക്കുകയും, അദ്ദേഹത്തെ കളവാക്കുകയുമാണ് ചെയ്തത്.

(37) മ്ലേഛമായ സ്വവർഗരതിയെന്ന തിന്മക്കായി ലൂത്വിൻ്റെ അതിഥികളായ മലക്കുകളെ വിട്ടു നൽകാനും അദ്ദേഹത്തിൻ്റെ സമൂഹം ലൂത്വിനോട് ആവശ്യപ്പെട്ടു. അപ്പോൾ അവരുടെ കണ്ണുകളെ നാം തുടച്ചു നീക്കുകയും, അവർക്ക് കാഴ്ച്ച നഷ്ടപ്പെടുകയും ചെയ്തു. അവരോടായി നാം പറഞ്ഞു: എൻ്റെ താക്കീതിൻ്റെ ഫലമായി, ഈ ശിക്ഷ നിങ്ങൾ രുചിച്ചു കൊള്ളുക.

(38) അതിരാവിലെ അവരുടെ ശിക്ഷ അവർക്ക് വന്നെത്തി. അവർ പരലോകത്ത് വന്നെത്തുന്നത് വരെ ആ ശിക്ഷ അവരുടെ മേൽ തുടർന്നു കൊണ്ടേയിരിക്കും. (പരലോകത്ത് എത്തിയാലാകട്ടെ) അവിടെയുള്ള ശിക്ഷയും അവർക്ക് ലഭിക്കും.

(39) അവരോട് പറയപ്പെട്ടു: ലൂത്വ് നിങ്ങൾക്ക് നൽകിയ താക്കീതിൻ്റെ ഫലമായി, എൻ്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക.

(40) ഗുണപാഠം ഉൾക്കൊള്ളാനും ഉൽബോധനമായി തീരാനും വേണ്ടി ഖുർആൻ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. അപ്പോൾ അതിലെ പാഠങ്ങളും ഉപദേശങ്ങളും പരിഗണിക്കുന്ന ആരെങ്കിലുമുണ്ടോ?

(41) ഫിർഔനിൻ്റെ കുടുംബത്തിൽ നമ്മുടെ താക്കീതുകൾ മൂസയുടെയും ഹാറൂൻ്റെയും നാവിലൂടെ എത്തിയിട്ടുണ്ട്.

(42) അവർ നമ്മുടെ പക്കൽ നിന്നുള്ള തെളിവുകളെയും പ്രമാണങ്ങളെയും നിഷേധിച്ചു തള്ളി. അപ്പോൾ അവരുടെ നിഷേധത്തിൻ്റെ ശിക്ഷ നാം നൽകി; അപരാജിതനായ പ്രതാപിയുടെ, സർവ്വശക്തനായ ഒരുവൻ്റെ ശിക്ഷ തന്നെ.

(43) അല്ലയോ മക്കക്കാരേ! ഈ പറയപ്പെട്ട നൂഹിൻ്റെ സമുദായത്തെക്കാളും, ആദ്-ഥമൂദ് സമൂഹങ്ങളെക്കാളും, ലൂത്വിൻ്റെ സമുദായത്തെക്കാളും, ഫിർഔനിൻ്റെ ജനതയെക്കാളുമെല്ലാം ശ്രേഷ്ഠരാണോ നിങ്ങൾ?! അതല്ല, നിങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് വല്ല ഒഴിവുമുണ്ടെന്ന് ആകാശത്ത് നിന്ന് അവതരിക്കപ്പെട്ട ഏതെങ്കിലും ഗ്രന്ഥത്തിൽ പറയപ്പെട്ടിട്ടുണ്ടോ?!

(44) അതല്ല, മക്കയിലെ ഈ നിഷേധികൾ പറയുന്നത് 'ഞങ്ങൾക്ക് ഉപദ്രവമുദ്ദേശിക്കുന്നവരെയും, ഞങ്ങളെ പിരിക്കാൻ നോക്കുന്നവരെയും തടുത്തു വെക്കാൻ മാത്രം ഞങ്ങൾ സംഘടിതരാണ്' എന്നാണോ അവർ പറയുന്നത്?!

(45) എന്നാൽ ഈ നിഷേധികളുടെ ഒരുമ തകർക്കപ്പെടുകയും, അവർ (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് മുന്നിൽ നിന്ന് പിന്തിരിഞ്ഞോടുകയും ചെയ്യുന്നതാണ്. ഇത് പിന്നീട് ബദ്ർ യുദ്ധ ദിവസം സംഭവിച്ചു.

(46) എന്നാൽ അവർ നിഷേധിച്ചു തള്ളിക്കൊണ്ടിരിക്കുന്ന അന്ത്യനാളാകുന്നു അവരുടെ ശിക്ഷയുടെ ദിവസം. ആ ദിവസമാകട്ടെ; അതാകുന്നു ബദ്ർ യുദ്ധ ദിനം അവർ അനുഭവിച്ചതിനെക്കാൾ കൂടുതൽ ഭയാനകവും, കാഠിന്യമേറിയതും.

(47) (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും (ജീവിക്കുന്ന) ഈ കുറ്റവാളികൾ സത്യത്തിൽ നിന്ന് വഴിതെറ്റിയ നിലയിലും, ശിക്ഷയിലും, കടുത്ത പ്രയാസത്തിലുമാകുന്നു.

(48) നരകാഗ്നിയിലൂടെ മുഖം കുത്തിയ നിലയിൽ അവർ വലിച്ചിഴക്കപ്പെടുന്ന ദിവസം; അവരോട് ആക്ഷേപ സ്വരത്തിൽ പറയപ്പെടും: ഇതാ! നരകശിക്ഷ അനുഭവിച്ചു കൊള്ളുക.

(49) പ്രപഞ്ചത്തിലെ ഓരോ വസ്തുവും നാം സൃഷ്ടിച്ചിരിക്കുന്നത് മുൻപ് കഴിഞ്ഞു പോയ നമ്മുടെ നിർണ്ണയവും, അറിവും ഉദ്ദേശവും അനുസരിച്ചും, ലൗഹുൽ മഹ്ഫൂദ്വിൽ നാം രേഖപ്പെടുത്തിയത് പ്രകാരവുമാകുന്നു.

(50) നാമൊരു കാര്യം ഉദ്ദേശിച്ചാൽ നമ്മുടെ കാര്യം 'ഉണ്ടാകൂ' എന്ന ഒരൊറ്റ വാക്ക് പറയൽ മാത്രമാകുന്നു. അപ്പോൾ നാം ഉദ്ദേശിച്ചത് ഉടനടി -കണ്ണിമ വെട്ടുന്ന വേഗതയിൽ- ഉണ്ടാകും.

(51) നിങ്ങളുടേതിന് സമാനമായ നിഷേധം കാണിച്ച മുൻകഴിഞ്ഞ സമൂഹങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്. അപ്പോൾ ആരെങ്കിലും അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും, തൻ്റെ നിഷേധത്തിൽ നിന്ന് പിന്തിരിയുകയും ചെയ്യുന്നവരായുണ്ടോ?

(52) മനുഷ്യർ ചെയ്യുന്നതെല്ലാം അവരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി വെക്കുന്ന 'ഹഫദ്വതു'കളായ മലക്കുകളുടെ ഗ്രന്ഥങ്ങളിലുണ്ട്. അവർക്ക് അതിൽ ഒന്നും നഷ്ടപ്പെടുകയില്ല.

(53) ഓരോ ചെറുതും വലുതുമായ വാക്കുകളും പ്രവൃത്തികളും മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട ഏടുകളിലും, ലൗഹുൽ മഹ്ഫൂദ്വിലും എഴുതപ്പെട്ടിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ അവർക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നതാണ്.

(54) തീർച്ചയായും തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പാലിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവർ സ്വർഗത്തോപ്പുകളിലും, ഒഴുകുന്ന അരുവികൾക്കിടയിലുമായിരിക്കും.

(55) അനാവശ്യമോ തിന്മയോ ഇല്ലാത്ത സത്യത്തിൻ്റെ സദസ്സിൽ. സർവ്വാധികാരിയും സർവ്വശക്തനും എല്ലാം കഴിയുന്നവനുമായവൻ്റെ അടുക്കൽ. അവൻ അവർക്ക് മേൽ ചൊരിയുന്ന അവസാനമില്ലാത്ത അനുഗ്രഹങ്ങളെ കുറിച്ച് നീ ചോദിക്കേണ്ടതില്ല.