(1) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അങ്ങേക്ക് അനുവദിച്ചു തന്ന ഒരു കാര്യം -അടിമസ്ത്രീയായ മാരിയയുമായി ബന്ധം വെക്കുക എന്നത്- എന്തിനാണ് അങ്ങ് സ്വന്തത്തിന് മേൽ നിഷിദ്ധമാക്കുന്നത്?! അവരോട് മറ്റു ഭാര്യമാർ ഈർഷ്യത വെച്ചതിനാൽ അവരെ തൃപ്തിപ്പെടുത്തുകയാണ് താങ്കൾ. അല്ലാഹുവാകട്ടെ; അങ്ങേക്ക് ഏറെ പൊറുത്തു തരുന്നവനും, അങ്ങയോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ്?!
(2) നിങ്ങളുടെ ശപഥങ്ങൾ (ശപഥം ചെയ്ത കാര്യത്തേക്കാൾ) നല്ലത് കണ്ടതിനാലോ, അവ നിങ്ങൾ ലംഘിച്ചാലോ ചെയ്യേണ്ട പരിഹാരം എന്താണെന്നത് അല്ലാഹു നിങ്ങൾക്ക് നിശ്ചയിച്ചു തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുന്നവനാണ്. നിങ്ങളുടെ അവസ്ഥകളും, നിങ്ങൾക്ക് യോജിക്കുന്നത് എന്താണെന്നും നന്നായി അറിയുന്ന 'അലീമും', മതനിയമങ്ങളിലും വിധിനിർണ്ണയത്തിലും ഏറ്റവും മഹത്തരമായ ലക്ഷ്യമുള്ള 'ഹകീമു'മാകുന്നു അവൻ.
(3) നബി -ﷺ- അവിടുത്തെ ഭാര്യയായ ഹഫ്സ്വയോട് ഒരു കാര്യം രഹസ്യമായി പറഞ്ഞ സന്ദർഭം ഓർക്കുക. അതിൽ ഒരു കാര്യം അവിടുന്ന് തൻ്റെ അടിമസ്ത്രീയായ മാരിയയെ ഇനി സമീപിക്കില്ലെന്നതായിരുന്നു. ഇക്കാര്യം ഹഫ്സ്വ ആഇഷയെ അറിയിച്ചു. നബി -ﷺ- യുടെ രഹസ്യം ഹഫ്സ്വ പരസ്യമാക്കിയ കാര്യം അല്ലാഹു അവിടുത്തെ അറിയിച്ചു. ആ വിഷയത്തിൽ അവിടുന്ന് ഹഫ്സ്വയെ ശാസിക്കവെ അവർ പറഞ്ഞ ചിലതെല്ലാം പറയുകയും, ചിലതിനെ കുറിച്ചെല്ലാം നിശബ്ദത പാലിക്കുകയും ചെയ്തു. അപ്പോൾ ഹഫ്സ്വ നബി -ﷺ- യോട് ചോദിച്ചു: (റസൂലേ!) ആരാണ് അങ്ങയെ ഇത് അറിയിച്ചത്?! അവിടുന്ന് പറഞ്ഞു: എല്ലാം അറിയുന്ന, തീർത്തും ഗോപ്യമായത് വരെ അറിയുന്ന 'അലീമും ഖബീറുമായ' അല്ലാഹുവാണ് എനിക്ക് ഇത് അറിയിച്ചു തന്നത്.
(4) നിർബന്ധമായും അല്ലാഹുവിലേക്ക് പശ്ത്താപിച്ചു മടങ്ങുകയാണ് നിങ്ങൾ ചെയ്യേണ്ടത്. കാരണം മാരിയയെ അകറ്റി നിർത്തുക എന്ന, നബി -ﷺ- ക്ക് അനിഷ്ടകരമായിരുന്ന ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നതിലേക്ക് നിങ്ങളുടെ ഹൃദയം ചാഞ്ഞു പോയിട്ടുണ്ട്. നബിയെ (മറ്റൊരു ഭാര്യക്കെതിരെ) തിരിക്കുക എന്ന നിങ്ങളുടെ മുൻപ്രവൃത്തിയിലേക്ക് തന്നെയാണ് നിങ്ങൾ മടങ്ങുന്നതെങ്കിൽ തീർച്ചയായും അല്ലാഹു അവിടുത്തെ സഹായിക്കുകയും പിന്താങ്ങുകയും ചെയ്യുന്നവനാണ്. അതു പോലെ ജിബ്രീലും മുസ്ലിംകളിലെ നല്ലവരായ വിശ്വാസികളും അവിടുത്തെ സഹായികളും സഹകാരികളുമാണ്. അല്ലാഹുവിൻ്റെ സഹായത്തിനൊപ്പം മലക്കുകളും അവിടുത്തെ സഹായികളും അവിടുത്തെ ഉപദ്രവിക്കുന്നവർക്കെതിരെ നിലകൊള്ളുന്നവരുമാണ്.
(5) നിങ്ങളെ നബി വിവാഹമോചനം നൽകി ഒഴിവാക്കുകയാണെങ്കിൽ അല്ലാഹു അവിടുത്തേക്ക് നിങ്ങളെക്കാൾ നല്ല ഭാര്യമാരെ പകരമായി നൽകുന്നതാണ്. അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവരും, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്നവരും, അല്ലാഹുവിനെ അനുസരിക്കുന്നവരും, തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് മടങ്ങുന്നവരും, അവരുടെ രക്ഷിതാവിനെ ആരാധിക്കുന്നവരും, നോമ്പനുഷ്ഠിക്കുന്നവരുമായ -വിധവകളും കന്യകകളുമായ- സ്ത്രീകളെ. എന്നാൽ നബി -ﷺ- അവിടുത്തെ ഭാര്യമാരെ വിവാഹമോചനം ചെയ്തില്ല.
(6) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമായി ഭയാനകമായ നരകത്തിൽ നിന്നൊരു പരിച നിങ്ങൾ സ്വീകരിക്കുക! അവിടെ കത്തിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ്. അതിൽ പ്രവേശിക്കുന്നവരോട് പരുഷമായും കഠിനമായും പെരുമാറുന്ന മലക്കുകളുടെ മേലാണ് നരകം ഏൽപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു അവരോട് എന്തെങ്കിലും കൽപ്പിച്ചാൽ അവർ അത് ധിക്കരിക്കുകയില്ല. ഒരു കാലതാമസമോ അമാന്തമോ ഇല്ലാതെ അവരോട് കൽപ്പിക്കുന്ന എല്ലാ കാര്യവും അവർ പ്രവർത്തിക്കുകയും ചെയ്യുന്നതാണ്.
(7) ഖിയാമത്ത് നാളിൽ (ഇസ്ലാമിനെ) നിഷേധിച്ചവരോട് പറയപ്പെടും: അല്ലാഹുവിൽ അവിശ്വസിച്ചവരേ! ഭൂമിയിലായിരിക്കെ നിങ്ങൾ ചെയ്തു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കും ഇന്നേ ദിവസം നിങ്ങൾ ഒഴിവുകഴിവ് പറയേണ്ടതില്ല. നിങ്ങളുടെ ഒഴിവുകഴിവുകളൊന്നും ഇവിടെ സ്വീകരിക്കപ്പെടുന്നതല്ല. ഈ ദിവസം നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നത് നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചു കൂട്ടിയ -അല്ലാഹുവിലുള്ള അവിശ്വാസത്തിനും, അവൻ്റെ റസൂലിനെ നിഷേധിച്ചതിനുമുള്ള- പ്രതിഫലമാണ്.
(8) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങളുടെ തെറ്റുകളിൽ നിന്ന് സത്യസന്ധമായി നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ തെറ്റുകൾ മായ്ച്ചു കളയുകയും, പരലോകത്ത് നിങ്ങളെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. നബിയെയും അവിടുത്തോടൊപ്പം (ഇസ്ലാമിൽ) വിശ്വസിച്ചവരെയും നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു നിന്ദിക്കാത്ത ദിവസത്തിൽ. സ്വിറാത്ത് പാലത്തിലായിരിക്കെ, അവരുടെ പ്രകാശം അവരുടെ മുന്നിലും വലതു ഭാഗത്തുമുണ്ടായിരിക്കും. അവർ പറഞ്ഞു കൊണ്ടിരിക്കും: ഞങ്ങളുടെ രക്ഷിതാവേ! സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന തരത്തിൽ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് നീ പൂർത്തീകരിച്ചു തരേണമേ! സ്വിറാത്ത് പാലത്തിൻ്റെ മദ്ധ്യത്തിൽ വെച്ച് പ്രകാശം കെട്ടുപോകുന്ന കപടവിശ്വാസികളെ പോലെ നീ ഞങ്ങളെ ആക്കരുതേ! ഞങ്ങളുടെ തെറ്റുകൾ നീ ഞങ്ങൾക്ക് പൊറുത്തു തരികയും ചെയ്യേണമേ! തീർച്ചയായും നീ എല്ലാത്തിനും കഴിവുള്ളവനാകുന്നു; ഞങ്ങളുടെ പ്രകാശം പൂർത്തീകരിച്ചു തരിക എന്നതും, ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരിക എന്നതും നിനക്ക് അസാധ്യമായ കാര്യമല്ല.
(9) അല്ലാഹുവിൻ്റെ റസൂലേ! (ഇസ്ലാമിനെ) നിഷേധിച്ചവരോട് താങ്കൾ ആയുധം കൊണ്ടും, കപടവിശ്വാസികളോട് നാവ് കൊണ്ട് സംസാരിച്ചും തെളിവുകൾ സ്ഥാപിച്ചും യുദ്ധത്തിലേർപ്പെടുക. അവരോട് നീ പരുഷമായി നിലകൊള്ളുക; നിന്നെയവർ ഭയക്കട്ടെ! പരലോകത്ത് അവർക്ക് ആശ്രയമായി മാറേണ്ട അഭയകേന്ദ്രം കത്തിജ്വലിക്കുന്ന നരകമാകുന്നു. ഇക്കൂട്ടർ മടങ്ങിച്ചെല്ലുന്ന ആ സങ്കേതം എത്ര മോശമായിരിക്കുന്നു.
(10) അല്ലാഹുവിലും അവൻ്റെ ദൂതനിലും അവിശ്വസിച്ചവരുടെ ഉദാഹരണമായി -അവർക്ക് (ഇസ്ലാമിൽ) വിശ്വസിച്ചവരുമായുള്ള കുടുംബബന്ധം യാതൊരു ഉപകാരവും ചെയ്യില്ലെന്നതിന്- ഉദാഹരണാമായി രണ്ട് നബിമാരുടെ -നൂഹിൻ്റെയും ലൂത്വിൻ്റെയും -عَلَيْهِمَا الصَّلَاةُ وَالسَّلَامُ- ഭാര്യമാരെ എടുത്തു കാണിച്ചിരിക്കുന്നു, അവർ രണ്ട് പേരും സച്ചരിതരായ അല്ലാഹുവിൻ്റെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തിരിച്ചും, തങ്ങളുടെ നിഷേധികളായ സമൂഹത്തെ സഹായിച്ചും പിന്തുണച്ചും അവർ തങ്ങളുടെ ഭർത്താക്കന്മാരെ വഞ്ചിച്ചു. എന്നാൽ ഈ രണ്ട് നബിമാരുടെ ഭാര്യമാരായി എന്നത് അവർക്ക് ഒരു ഉപകാരവും ചെയ്തില്ല. അവരോട് രണ്ടു പേരോടും പറയപ്പെട്ടു: നരകത്തിൽ പ്രവേശിക്കുന്ന നിഷേധികൾക്കും ദുർമാർഗികൾക്കുമൊപ്പം നിങ്ങൾ രണ്ടും നരകത്തിൽ പ്രവേശിക്കുക.
(11) അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് അവർ സത്യത്തിൽ നേരെ നിലകൊള്ളുന്നിടത്തോളം -(ഇസ്ലാമിനെ) നിഷേധിച്ചവരുമായി കുടുംബബന്ധമുണ്ട് എന്നത് ഉപദ്രവകരമാകില്ലെന്നതിന്- ഉദാഹരണമായി ഫിർഔനിൻ്റെ ഭാര്യയുടെ അവസ്ഥ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവർ പറഞ്ഞു: എൻ്റെ രക്ഷിതാവേ! നിൻ്റെ അടുത്ത് -സ്വർഗത്തിൽ- എനിക്കായി നീ ഒരു ഭവനം പണിയേണമേ! ഫിർഔനിൻ്റെ അതിക്രമത്തിൽ നിന്നും അധികാരത്തിന് കീഴിൽ നിന്നും, അവൻ്റെ തിന്മ നിറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും നീ എന്നെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ! അതിക്രമത്തിലും അനീതിയിലും അവനെ പിൻപറ്റിയ അതിക്രമികളായ ഈ സമൂഹത്തിൽ നിന്നും നീ എന്നെ രക്ഷിക്കേണമേ!
(12) അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർക്ക് ഉദാഹരണമായി ഇംറാൻ്റെ മകൾ മർയമിൻ്റെ അവസ്ഥയും അല്ലാഹു ഉദാഹരിച്ചിരിക്കുന്നു. വ്യഭിചരിച്ചിട്ടില്ലാത്ത, സ്വന്തം ചാരിത്ര്യം സൂക്ഷിച്ച സ്ത്രീയാണവർ. അല്ലാഹു ജിബ്രീലിനോട് അവരുടെ മേൽ ഊതാൻ കൽപ്പിച്ചു. അങ്ങനെ ഒരു പിതാവില്ലാതെ -അല്ലാഹുവിൻ്റെ സൃഷ്ടിപ്പിനാൽ- മർയമിൻ്റെ മകൻ ഈസയെ അവർ ഗർഭം ചുമന്നു. അല്ലാഹുവിൻ്റെ കൽപ്പനകളെയും, അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളെയും അവർ സത്യപ്പെടുത്തി. അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചും അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അല്ലാഹുവിനെ അനുസരിച്ച് ജീവിച്ച ഒരു സ്ത്രീയായിരുന്നു അവർ.