(1) നൂൻ; സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു പേനയെയും, മനുഷ്യർ പേനകൾ കൊണ്ട് എഴുതുന്നതിനെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
(2) അല്ലയോ റസൂൽ! അല്ലാഹു അങ്ങേക്ക് ചൊരിഞ്ഞു തന്ന പ്രവാചകത്വത്തിൻ്റെ അനുഗ്രഹത്താൽ താങ്കൾ ഒരു ഭ്രാന്തനായിട്ടില്ല. നിനക്ക് ബുദ്ധിഭ്രംശം സംഭവിച്ചിരിക്കുന്നു എന്ന മുശ്രിക്കുകളുടെ ആരോപണത്തിൽ നിന്ന് നീ മുക്തനാണ്.
(3) (ഇസ്ലാമിൻ്റെ) സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നീ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലം തന്നെയുണ്ട്. അതിൽ ഒരാൾക്കും നിൻ്റെ മേൽ ഔദാര്യമില്ല.
(4) ഖുർആൻ ക്ഷണിക്കുന്ന, ഏറ്റവും മഹത്തരമായ സ്വഭാവത്തിൽ തന്നെയാകുന്നു നീയുള്ളത്. അതിൽ പരാമർശിക്കപ്പെട്ട സ്വഭാവഗുണങ്ങൾ ഏറ്റവും പൂർണ്ണമായ രൂപത്തിൽ മുറുകെ പിടിച്ചവൻ തന്നെയാകുന്നു നീ.
(5) നീ വഴിയെ മനസ്സിലാക്കും; (നിന്നെ) നിഷേധിക്കുന്ന ഇക്കൂട്ടരും മനസ്സിലാക്കും.
(6) സത്യം വെളിപ്പെടുമ്പോൾ നിങ്ങളിൽ ആർക്കായിരുന്നു ഭ്രാന്തെന്നും ബോധ്യമാകും.
(7) അല്ലയോ റസൂൽ! തീർച്ചയായും നിൻ്റെ രക്ഷിതാവിന് അവൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചവരെ അറിയാം. അതിലേക്ക് സന്മാർഗം സിദ്ധിച്ചവരെയും അവന് നല്ലവണ്ണം അറിയാം. (നിന്നെ എതിർക്കുന്നവരാണ്) വഴികേടിലായിട്ടുള്ളത് എന്നും, നീ നേരായ മാർഗത്തിലാണ് എന്നും അവന് അറിയാം.
(8) അല്ലയോ റസൂൽ! അതിനാൽ നീ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവരെ ഒരിക്കലും നീ അനുസരിക്കരുത്.
(9) മതവിഷയങ്ങളിൽ നീ ഒന്ന് മയപ്പെടുത്തുകയും അവരോട് അനുകമ്പ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ, അവർക്കും നിന്നോടു മയപ്പെടുത്തുകയും അനുകമ്പ സ്വീകരിക്കുകയും ചെയ്യാമായിരുന്നു എന്നവർ ആഗ്രഹിക്കുന്നുണ്ട്.
(10) ധാരാളമായി കള്ളസത്യം ചെയ്യുന്നവനും, നിന്ദ്യനുമായിട്ടുള്ള ഒരാളെയും നീ അനുസരിക്കരുത്.
(11) ധാരാളമായി ജനങ്ങളെ പരദൂഷണം പറയുകയും, അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഏഷണിയുമായി നടക്കുന്നവനും;
(12) ധാരാളമായി നന്മക്ക് തടസ്സം നിൽക്കുകയും, ജനങ്ങളോട് അവരുടെ സമ്പത്തിലും ശരീരത്തിലും അഭിമാനത്തിലും അതിക്രമം കാണിക്കുകയും, അനേകം തിന്മകളും പാപങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നവൻ.
(13) പരുക്കനും ക്രൂരനും, തൻ്റെ സമൂഹത്തിൽ വ്യാജ കുടുംബപരമ്പരയുമായി കയറിപ്പറ്റിയ;
(14) സ്വത്തും സന്താനങ്ങളും ഉള്ളവനാണ് താൻ എന്നതിനാൽ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിൽ നിന്ന് അവൻ അഹങ്കാരം നടിച്ചിരിക്കുന്നു.
(15) നമ്മുടെ ദൃഷ്ടാന്തങ്ങൾ അവന് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇവ ആദ്യ കാലക്കാരുടെ അന്ധവിശ്വാസങ്ങൾ രേഖപ്പെടുത്തപ്പെട്ടതു മാത്രമാണ്.
(16) അവൻ്റെ മൂക്കിന് മേൽ അവനെ നിന്ദ്യനാക്കുന്ന, ഒരിക്കലും വിട്ടു പോകാത്ത ഒരടയാളം നാം ഉണ്ടാക്കുന്നതാണ്.
(17) തോട്ടക്കാരെ നാം പരീക്ഷിച്ചതു പോലെ ഈ ബഹുദൈവാരാധകരെയും നാം പട്ടിണിയും വിശപ്പും കൊണ്ട് പരീക്ഷിച്ചിരിക്കുന്നു. അവർ തങ്ങളുടെ തോട്ടത്തിലെ ഫലങ്ങൾ പുലരിയുടെ വേളയിൽ പറിച്ചെടുക്കുമെന്ന് ശപഥം ചെയ്ത സന്ദർഭം; ഒരു ദരിദ്രനും അതിൽ നിന്ന് കഴിക്കാതിരിക്കുന്നതിനാണ് അവർ അപ്രകാരം പറഞ്ഞത്.
(18) അവരുടെ ശപഥങ്ങളിൽ 'അല്ലാഹു ഉദ്ദേശിച്ചാൽ' (ഇൻശാ അല്ലാഹ്) എന്ന് അവർ പറഞ്ഞതുമില്ല.
(19) അങ്ങനെ അല്ലാഹു ആ തോട്ടത്തിന് നേരെ ഒരു അഗ്നിയെ അയച്ചു. തോട്ടത്തിൻ്റെ ഉടമസ്ഥർ ഉറക്കത്തിലായിരിക്കെ ആ അഗ്നി അവരുടെ തോട്ടം മുഴുവൻ കരിച്ചു കളഞ്ഞു. അവർക്ക് ആ അഗ്നിയെ തടുക്കാനായില്ല.
(20) അങ്ങനെ ആ തോട്ടം ഇരുണ്ട രാത്രിയെ പോലെ കരിഞ്ഞു പോയി.
(21) പുലർച്ചയായപ്പോൾ അവർ പരസ്പരം വിളിച്ചു.
(22) നിങ്ങൾ ഫലങ്ങൾ പറിച്ചെടുക്കുന്നുണ്ടെങ്കിൽ - ദരിദ്രർ അവിടെ എത്തിച്ചേരുന്നതിന് മുൻപ് - വളരെ നേരത്തെ പുറപ്പെടുക എന്ന് പറഞ്ഞുകൊണ്ട്.
(23) വളരെ ശബ്ദം താഴ്ത്തി, പരസ്പരം സംസാരിച്ചു കൊണ്ട് അവർ തങ്ങളുടെ കൃഷ്ടിയിടത്തിലേക്ക് പോയി.
(24) അവർ പരസ്പരം പറയുന്നുണ്ടായിരുന്നു: ഇന്ന് നിങ്ങളുടെ തോട്ടത്തിൽ ഒരു ദരിദ്രനും കയറാതിരിക്കട്ടെ.
(25) ദരിദ്രർക്ക് ഒരാൾക്കും തങ്ങളുടെ വിളവിൽ നിന്ന് ഒന്നും കൊടുക്കുകയില്ലെന്ന ഉറച്ച തീരുമാനത്തോടെ പ്രഭാതത്തിൽ നേരത്തെ തന്നെ അവർ സഞ്ചരിച്ചു.
(26) കത്തിനശിച്ച നിലയിൽ തങ്ങളുടെ തോട്ടം കണ്ടപ്പോൾ അവർ പരസ്പരം പറഞ്ഞു: നമുക്ക് വഴി തെറ്റിയിരിക്കുന്നു.
(27) അല്ല! ദരിദ്രർക്ക് ഭക്ഷണം തടയാമെന്ന തീരുമാനം എടുത്തതിനാൽ തന്നെ ഈ തോട്ടത്തിലെ ഫലവർഗങ്ങൾ പറിക്കാൻ നമുക്ക് കഴിയാതെ വരികയാണുണ്ടായത്.
(28) അവരുടെ കൂട്ടത്തിൽ ഏറ്റവും നല്ലവൻ പറഞ്ഞു: ദരിദ്രരെ തടയാമെന്ന ഈ തീരുമാനമെല്ലാം നിങ്ങൾ എടുക്കുമ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ; നിങ്ങൾക്ക് അല്ലാഹുവിനെ പ്രകീർത്തിക്കുകയും, അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്തു കൂടേ എന്ന്?!
(29) അവർ പറഞ്ഞു: (സുബ്ഹാനല്ലാഹ്) ഞങ്ങളുടെ രക്ഷിതാവ് എത്ര പരിശുദ്ധൻ ! നമ്മുടെ തോട്ടത്തിലെ ഫലവർഗങ്ങൾ ദരിദ്രർക്ക് തടഞ്ഞു വെക്കാം എന്ന് തീരുമാനിച്ച വേളയിൽ നാം സ്വന്തത്തോട് തന്നെ അതിക്രമം ചെയ്തവരായി പോയി.
(30) പരസ്പരം കുറ്റപ്പെടുത്തുന്നവരായി, അവർ തങ്ങൾ പറഞ്ഞ വാക്കുകളിൽ ഖേദമുള്ളവരായി തീർന്നു.
(31) ഖേദത്തോടെ അവർ പറഞ്ഞു: നമ്മുടെ നാശമേ! ദരിദ്രരുടെ അവകാശം തടഞ്ഞ സന്ദർഭത്തിൽ നാം അതിര് ലംഘിച്ചവരായി പോയി.
(32) നമ്മുടെ രക്ഷിതാവ് ഈ തോട്ടത്തെക്കാൾ നല്ലത് നമുക്ക് പകരമായി തന്നേക്കാം. നാമെല്ലാം അല്ലാഹുവിലേക്ക് മാത്രമാണല്ലോ ആഗ്രഹിക്കുന്നത്. അവൻ്റെ വിട്ടുവീഴ്ച്ച പ്രതീക്ഷിക്കുകയും, അവൻ്റെ നന്മ തേടുകയും ചെയ്യുന്നു.
(33) ഉപജീവനം തടയുന്നതു പോലുള്ള ഇത്തരം ശിക്ഷകൾ കൊണ്ടാണ് നാം നമ്മെ ധിക്കരിക്കുന്നവരെ ശിക്ഷിക്കുക. പരലോകശിക്ഷയാണ് ഇതിനെക്കാളെല്ലാം കഠിനവും പ്രയാസകരവും; അവർ അതിൻ്റെ കാഠിന്യവും അത് ശാശ്വതമാണെന്നതും അറിഞ്ഞിരുന്നെങ്കിൽ!
(34) അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ സുഖാനുഭൂതികളിൽ ലയിക്കാൻ അനേകം സുഖാനുഗ്രഹങ്ങളുണ്ട്. അവയൊന്നും ഒരിക്കലും അവസാനിക്കുകയില്ല.
(35) അപ്പോൾ - മക്കയിലെ ബഹുദൈവാരാധകർ പറയുന്നത് പോലെ - മുസ്ലിംകളെ (ഇസ്ലാമിനെ) നിഷേധിച്ചവരെ പോലെ നാം പ്രതിഫലത്തിൽ സമമാക്കുകയോ?!
(36) അല്ല ബഹുദൈവാരാധകരേ! നിങ്ങൾക്കെന്തു പറ്റി?! എങ്ങനെയാണ് ഈ ചതിയും കുതന്ത്രവും നിറഞ്ഞ വിധി നിങ്ങൾ കൽപ്പിക്കുന്നത്?
(37) അല്ലാഹുവിനെ അനുസരിക്കുന്നവനും ധിക്കരിക്കുന്നവനും ഒരു പോലെയാണെന്നത് നിങ്ങളുടെ പക്കലുള്ള വല്ല ഗ്രന്ഥത്തിലും നിങ്ങൾ വായിക്കുന്നതാണോ?
(38) നിങ്ങൾ തിരഞ്ഞെടുക്കുന്ന (പ്രതിഫലം) തന്നെയാണ് പരലോകത്ത് നിങ്ങൾക്കുണ്ടാവുക (എന്നും ആ ഗ്രന്ഥത്തിലുണ്ടോ?)
(39) നിങ്ങൾക്ക് സ്വന്തം കാര്യത്തിൽ തോന്നുന്നത് പോലെ വിധിക്കാം എന്ന ഉറപ്പ് ഉൾക്കൊള്ളുന്ന എന്തെങ്കിലും കരാർ നമ്മുടെ മേൽ നിങ്ങൾക്കുണ്ടോ?!
(40) അല്ലയോ റസൂലേ! ഇതൊക്കെ പറയുന്നവരോട് ചോദിക്കുക: ആരാണ് നിങ്ങൾക്കിതൊക്കെ ഉറപ്പ് തന്നത്?!
(41) പരലോകത്ത് (ഇസ്ലാമിൽ) വിശ്വസിച്ചവരെ പോലെ അവർക്ക് തുല്ല്യ പ്രതിഫലം നൽകാവുന്ന വല്ല പങ്കുകാരും അല്ലാഹുവിന് പുറമേ അവർക്കുണ്ടോ? അങ്ങനെയെങ്കിൽ അവരുടെ വാദം പോലെ ആ ശുപാർശകരെയും കൂട്ടി അവർ വരട്ടെ,
(42) അന്ത്യനാളിൽ ഭയാനകത പ്രകടമാവുകയും, നമ്മുടെ രക്ഷിതാവ് അവൻ്റെ കണങ്കാൽ വെളിവാക്കുകയും ചെയ്യും. ജനങ്ങളെല്ലാം അല്ലാഹുവിന് സുജൂദ് (സാഷ്ടാംഘം) ചെയ്യാൻ ക്ഷണിക്കപ്പെടുകയും, (ഇസ്ലാമിൽ) വിശ്വസിച്ച എല്ലാവരും സാഷ്ടാംഘം വീഴുകയും ചെയ്യും. എന്നാൽ അതിന് സാധിക്കാതെ (ഇസ്ലാമിൽ) വിശ്വസിക്കാത്തവരും കപടവിശ്വാസികളും മാത്രം ബാക്കിയാകും.
(43) അവരുടെ കണ്ണുകൾ താഴ്ന്നിരിക്കും; അതിനെ അപമാനവും നിരാശയും മൂടിയിരിക്കും. ഇഹലോകത്തായിരിക്കെ അല്ലാഹുവിന് സാഷ്ടാംഘം വീഴാൻ അവരോട് ആവശ്യപ്പെടാറുണ്ടായിരുന്നു; ഇന്ന് അവരനുഭവിക്കുന്ന പ്രയാസമൊന്നും അവർക്ക് അന്നില്ലായിരുന്നു.
(44) ഹേ റസൂലേ! എന്നെയും നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനിനെയും നിഷേധിക്കുന്നവരെ നീ വിട്ടേക്കുക. അവരെ നാം അവർ പോലുമറിയാതെ ശിക്ഷയിലേക്ക് പടിപടിയായി നയിക്കുന്നതായിരിക്കും; ഇത് തനിക്ക് വെച്ചിട്ടുള്ള ഒരു തന്ത്രമാണെന്ന് അവന് മനസ്സിലാകില്ല.
(45) അവരെ അവരുടെ തിന്മകളിൽ കുറച്ചു കാലം നീ വിട്ടേക്കുക. (ഇസ്ലാമിനെ) നിഷേധിക്കുകയും കളവാക്കുകയും ചെയ്തവർക്ക് ഞാൻ കരുതി വെച്ചിട്ടുള്ള തന്ത്രം വളരെ ശക്തമാകുന്നു. അതിനാൽ അവർക്ക് എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എൻ്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടുകയുമില്ല.
(46) അല്ലയോ റസൂലേ! നീ അവരെ (ഇസ്ലാമിലേക്ക്) ക്ഷണിക്കുന്നതിന് അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അതു വലിയ ബാധ്യതയായതിനാലാണോ നിന്നിൽ നിന്ന് അവർ തിരിഞ്ഞു കളയുന്നത്?! എന്നാൽ യാഥാർഥ്യം അതിന് വിരുദ്ധമാണ്. നീ അവരിൽ നിന്ന് ഒരു പ്രതിഫലവും വാങ്ങുന്നില്ല; എന്നിട്ടും എന്തു കൊണ്ടാണ് അവർ നിന്നെ പിൻപറ്റാത്തത്?
(47) ഇനി അവർക്ക് വല്ല അദൃശ്യ ജ്ഞാനം ഉണ്ടായിരിക്കുകയും, താങ്കളോട് തർക്കിക്കാനുള്ള തെളിവുകൾ അവരതിൽ നിന്ന് എഴുതിയെടുത്തു കൊണ്ടിരിക്കുകയുമാണോ?!
(48) അല്ലയോ റസൂലേ! അതിനാൽ അവരെ പതുക്കെ പതുക്കെ പിടികൂടാം എന്ന അല്ലാഹുവിൻ്റെ വിധിയിൽ താങ്കൾ ക്ഷമിക്കുക! തൻ്റെ സമൂഹത്തിൻ്റെ കാര്യത്തിൽ അക്ഷമനായ മത്സ്യത്തിൻ്റെ ആളായ യൂനുസ് നബി -عَلَيْهِ السَّلَامُ- യെ പോലെ നീ ആകരുത്. അദ്ദേഹം സമുദ്രത്തിൻ്റെ അന്ധകാരത്തിൽ -മത്സ്യത്തിൻ്റെ വയറ്റിലെ അന്ധകാരത്തിൽ- പ്രയാസത്തിൽ നിന്നു കൊണ്ട് അല്ലാഹുവിനെ വിളിച്ച സന്ദർഭം.
(49) അല്ലാഹുവിൻ്റെ കാരുണ്യം അദ്ദേഹത്തിന് ലഭിച്ചില്ലായിരുന്നെങ്കിൽ മത്സ്യം ആക്ഷേപാർഹനായ നിലയിൽ അദ്ദേഹത്തെ ഒരു പാഴ്ഭൂമിയിൽ ഉപേക്ഷിക്കുമായിരുന്നു.
(50) അപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. തൻ്റെ സച്ചരിതരായ ദാസന്മാരിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു.
(51) അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തവർ നിൻ്റെ മേൽ അവതരിപ്പിച്ച ഖുർആൻ കേൾക്കുമ്പോൾ, നിന്നെ തുറിച്ചു നോക്കി അവരുടെ കണ്ണുകൾ കൊണ്ട് നിന്നെ വീഴ്ത്താറായിരിക്കുന്നു. തങ്ങളുടെ ദേഹേഛയെ പിൻപറ്റി കൊണ്ടും സത്യത്തെ തമസ്കരിച്ചു കൊണ്ടും അവർ പറയുന്നു: നമുക്ക് വന്നിരിക്കുന്ന ഈ റസൂൽ ഒരു ഭ്രാന്തൻ തന്നെയാകുന്നു.
(52) നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കുമുള്ള ഒരു ഉൽബോധനവും, ഒരു ഓർമ്മപ്പെടുത്തലുമല്ലാതെ മറ്റൊന്നുമല്ല.