43 - Az-Zukhruf ()

|

(1) ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്.

(4) തീർച്ചയായും ഈ ഖുർആൻ ലൗഹുൽ മഹ്ഫൂദ്വിൽ ആകുന്നു. ഉന്നതവും ഔന്നത്യവുമുള്ള, വിജ്ഞാനസമ്പന്നമായ നിലയിലാകുന്നു അത്. അതിലെ ആയത്തുകൾ ഉൾക്കൊള്ളുന്ന കൽപ്പനകളും വിലക്കുകളും ഖണ്ഡിതമാക്കപ്പെട്ടിരിക്കുന്നു.

(5) നിങ്ങൾ ബഹുദൈവാരാധനയിലും തിന്മകളിലും അതിരുകവിഞ്ഞ ഒരു സമൂഹമാണെന്നതിനാൽ നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നത് നാം ഉപേക്ഷിക്കുകയോ?! നാം അങ്ങനെ ഒരിക്കലും ചെയ്യില്ല. നിങ്ങളോടുള്ള നമ്മുടെ കാരുണ്യം അതിന് വിപരീതമാണ് (നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നതിനോടാണ്) ആവശ്യപ്പെടുന്നത്.

(6) പൂർവ്വ സമുദായങ്ങളിൽ എത്രയോ നബിമാരെ നാം നിയോഗിച്ചിട്ടുണ്ട്.

(7) ആ പൂർവ്വ സമുദായങ്ങളിലെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതൻ വന്നെത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.

(8) ആ സമൂഹങ്ങളെക്കാൾ കയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. അതിനാൽ അവരെക്കാൾ ദുർബലരായ സമൂഹങ്ങളെ നശിപ്പിക്കുക എന്നത് നമുക്ക് അസാധ്യമേയല്ല. ആദിനെയും ഥമൂദിനെയും ലൂത്വ് നബിയുടെ സമൂഹത്തെയും മദ്യൻ നിവാസികളെയും പോലുള്ള, മുൻകഴിഞ്ഞ സമൂഹങ്ങളെ തകർത്തതിൻറെ വിവരണം ഖുർആനിൽ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്.

(9) അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചതെന്നും,' ആരാണ് ഭൂമിയെ സൃഷ്ടിച്ചതെന്നു'മെല്ലാം ചോദിച്ചാൽ അവർ താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയും: ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', എല്ലാം അറിയുന്നവനായ 'അലീമു'മായ (അല്ലാഹുവാണ്) അവയെ സൃഷ്ടിച്ചത്.

(10) നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരുക്കി നൽകുകയും, നിങ്ങളുടെ കാൽപാദങ്ങൾ ഉറച്ചു നിൽക്കുന്ന നിലയിൽ അതിനെ സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹു. ഭൂമിയിലെ പർവ്വതങ്ങളിലും താഴ്വാരങ്ങളിലും നിങ്ങളുടെ യാത്രകളിൽ നേർവഴി കണ്ടെത്താൻ പാതകൾ ഒരുക്കിയവൻ.

(11) നിങ്ങളുടെയും നിങ്ങളുടെ കന്നുകാലികളുടെയും കൃഷിയുടെയും ആവശ്യത്തിന് വേണ്ട വെള്ളം ആകാശത്ത് നിന്നു ചൊരിഞ്ഞു തന്നവൻ. അങ്ങനെ നാം ആ വെള്ളം കൊണ്ട് -ഒരു ചെടി പോലുമില്ലാതെ- ഉണങ്ങിക്കിടക്കുന്ന ഭൂമിയെ ജീവനുള്ളതാക്കി. ഉണങ്ങി വരണ്ട ഭൂമിയെ സസ്യജാലങ്ങൾ കൊണ്ട് ജീവനുള്ളതാക്കിയതു പോലെ അല്ലാഹു നിങ്ങളെയും പുനരുത്ഥാന നാളിൽ ഉയർത്തെഴുന്നേൽപ്പിക്കും.

(12) വ്യത്യസ്തങ്ങളായ സർവ്വ ഇനങ്ങളെയും സൃഷ്ടിച്ചവൻ; രാത്രിയും പകലും പോലെ, പുരുഷനും സ്ത്രീയും പോലെ. നിങ്ങളുടെ യാത്രകളിൽ നിങ്ങൾക്ക് സഞ്ചരിക്കാനായി കപ്പലുകളും കന്നുകാലികളും അവൻ നിങ്ങൾക്ക് വാഹനങ്ങളാക്കി തന്നു. കടലിൽ നിങ്ങൾ കപ്പലുകളിൽ സഞ്ചരിക്കുന്നു. കരയിൽ നിങ്ങളുടെ കന്നുകാലികൾക്ക് മുകളിലും.

(13) ഇതെല്ലാം നിങ്ങൾക്ക് വേണ്ടി അവൻ ഒരുക്കി തന്നത് യാത്രകളിൽ ആ വാഹനങ്ങൾക്ക് മുകളിൽ നിങ്ങൾ ഇരിപ്പുറപ്പിക്കാനും, ശേഷം അവയെ നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്ന നിങ്ങളുടെ രക്ഷിതാവിൻറെ അനുഗ്രഹം നിങ്ങൾ ഓർക്കുന്നതിനും വേണ്ടിയാണ്. എന്നിട്ട് നിങ്ങൾ ഇപ്രകാരം നാവു കൊണ്ട് പറയുന്നതിനും: ഈ വാഹനം നമുക്കായി എളുപ്പമാക്കി നൽകിയവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അങ്ങനെ നാമിതാ അവയുടെ മുകളിൽ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അല്ലാഹു ഇത് നമുക്ക് എളുപ്പമാക്കി തന്നില്ലായിരുന്നെങ്കിൽ നമുക്കിതിന് സാധിക്കുകയില്ലായിരുന്നു.

(14) തീർച്ചയായും നാം മരണശേഷം വിചാരണ ചെയ്യപ്പെടുകയും, പ്രതിഫലം ലഭിക്കുകയും ചെയ്യുന്നതിനായി നമ്മുടെ രക്ഷിതാവിങ്കലേക്ക് തന്നെ മടങ്ങിപ്പോകുന്നവരാകുന്നു.

(15) സൃഷ്ടികളിൽ ചിലത് സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് ജനിച്ചു വീണതാണെന്ന് ബഹുദൈവാരാധകർ ജൽപ്പിച്ചിരിക്കുന്നു. അവർ പറഞ്ഞു: മലക്കുകൾ അല്ലാഹുവിൻറെ പുത്രിമാരാണ്. ഇത്തരം വാദങ്ങൾ ജൽപ്പിക്കുന്നവർ തീർച്ചയായും തനിച്ച നിഷേധത്തിലും വഴികേടിലും അകപ്പെട്ടവൻ തന്നെയാകുന്നു.

(16) അല്ലയോ ബഹുദൈവാരാധകരേ! അല്ലാഹു തൻറെ സൃഷ്ടികളിൽ നിന്ന് ചിലതിനെ തൻറെ പെണ്മക്കളായി സ്വീകരിച്ചെന്നും, നിങ്ങൾക്ക് മാത്രം പ്രത്യേകമായി ആണ്മക്കളെ നൽകിയെന്നുമാണോ നിങ്ങൾ പറയുന്നത്?! നിങ്ങളീ ജൽപ്പിക്കുന്ന വേർതിരിവ് എന്തു (മാത്രം അനീതി നിറഞ്ഞ) വേർതിരിവാണ്?!

(17) അല്ലാഹുവിന് മകളുണ്ടെന്ന് പറയുന്ന ഇവർക്കാർക്കെങ്കിലും പെൺകുട്ടി ജനിച്ചെന്ന സന്തോഷവാർത്ത അറിയിക്കപ്പെട്ടാലാകട്ടെ; അവൻറെ മുഖം കടുത്ത സങ്കടത്താലും വിഷമത്താലും കറുത്തിരുളുന്നു. അവൻറെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തുന്നു. അപ്പോൾ എങ്ങനെയാണ് അവൻ സ്വന്തത്തിന് വിഷമവും ദുഃഖവുമുണ്ടാക്കുന്ന ഒന്ന് അല്ലാഹുവിലേക്ക് ചേർത്തി പറയുക?!

(18) അലങ്കാരങ്ങളിൽ വളർത്തപ്പെടുന്ന, സ്ത്രീ സഹജമായ ഗുണങ്ങളാൽ തർക്കത്തിൽ വ്യക്തമായി സംസാരിക്കാൻ കഴിയാത്ത സ്ത്രീയെയാണോ അവർ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത്?!

(19) സർവ്വ വിശാലമായ കാരുണ്യമുള്ള 'റഹ്മാനാ'യ അല്ലാഹുവിൻറെ ദാസന്മാരായ മലക്കുകളെ അവർ സ്ത്രീകളാക്കിയിരിക്കുന്നു. മലക്കുകൾ സ്ത്രീകളാണെന്ന് വ്യക്തമായി ബോധ്യപ്പെടാൻ മാത്രം, അല്ലാഹു അവരെ സൃഷ്ടിക്കുന്ന വേളയിൽ ഇവർ അവിടെ സന്നിഹിതരായിരുന്നോ?! അവരുടെ ഈ സാക്ഷ്യങ്ങൾ മലക്കുകൾ രേഖപ്പെടുത്തുന്നതാണ്. അതിനെ കുറിച്ച് പരലോകത്ത് അവർ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. അവരുടെ കളവിൻറെ ശിക്ഷ അവർക്ക് അവിടെ നൽകപ്പെടുകയും ചെയ്യും.

(20) അല്ലാഹുവിൻറെ വിധി പ്രകാരമാണ് എല്ലാം നടക്കുന്നതെന്നതിനെ (തങ്ങളുടെ വഴികേടിന്) തെളിവാക്കി കൊണ്ട് അവർ പറയും: നാം മലക്കുകളെ ആരാധിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കിൽ നാം അവരെ ആരാധിക്കില്ലായിരുന്നു. (മലക്കുകളെ നാം ആരാധിക്കുന്നുവെങ്കിൽ അത് അല്ലാഹു അങ്ങനെ സംഭവിക്കണമെന്ന് ഉദ്ദേശിച്ചതു കൊണ്ടാണ്;) അതിനാൽ നാം മലക്കുകളെ ആരാധിക്കുന്നത് അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു എന്നാണ് അതിൻറെ അർഥം. അവരുടെ ഈ വാദം എന്തെങ്കിലും വിജ്ഞാനത്തിൻറെ അടിസ്ഥാനത്തിലല്ല. അവർ കളവു പറയുക മാത്രമാണ് ചെയ്യുന്നത്.

(21) അതല്ല, നാം ഖുർആനിന് മുൻപ്, ഈ ബഹുദൈവാരാധകർക്ക് അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാൻ അനുമതി നൽകുന്ന വല്ല വേദഗ്രന്ഥവും നൽകിയിട്ടുണ്ടോ?! അങ്ങനെ അവർ ആ ഗ്രന്ഥം മുറുകെ പിടിക്കുകയും, അതിൽ നിന്ന് തെളിവ് സ്വീകരിക്കുകയുമാണോ?!

(22) ഇല്ല. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. മറിച്ച്, അവർ തങ്ങളുടെ അന്ധമായ അനുകരണം തെളിവാക്കുകയാണ് ചെയ്തത്. 'ഞങ്ങളുടെ പൂർവ്വപിതാക്കന്മാർ ഒരു മതവും മാർഗവും സ്വീകരിച്ചത് ഞങ്ങൾ കണ്ടു. അവർ വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. ഞങ്ങളും അവയെ ആരാധിച്ച്, അവരുടെ അതേ മാർഗത്തിൽ, അവരുടെ കാൽപ്പാടുകൾ പിൻപറ്റുന്നവരാകുന്നു.' - അവർ പറഞ്ഞു.

(23) ഇക്കൂട്ടർ (നിന്നെ) കളവാക്കുകയും, തങ്ങളുടെ പൂർവ്വ പിതാക്കന്മാരെ അന്ധമായി അനുകരിക്കുകയും ചെയ്തതു പോലെ, - പ്രവാചകരേ, - നിനക്ക് മുൻപ് ഏതൊരു ദൂതനെ അദ്ദേഹത്തിൻറെ നാട്ടിലേക്ക് നാം നിയോഗിച്ചപ്പോഴും അവരിലെ സുഖലോലുപരായ നേതാക്കന്മാരും തലവന്മാരും ഇപ്രകാരം പറയാതിരുന്നിട്ടില്ല. അവർ പറഞ്ഞു: 'ഞങ്ങളുടെ പൂർവ്വ പിതാക്കളെ ഏതൊരു മാർഗത്തിലും മതത്തിലും ഞങ്ങൾ കണ്ടെത്തിയോ; അതേ കാൽപ്പാടുകൾ പിൻപറ്റുന്നവർ തന്നെയാണ് ഞങ്ങളും.' അതിനാൽ ഈ നിലപാട് ആദ്യം സ്വീകരിക്കുന്നവരല്ല താങ്കളുടെ സമൂഹം.

(24) അവരുടെ ദൂതന്മാർ അവരോട് പറഞ്ഞു: നിങ്ങളുടെ പൂർവ്വപിതാക്കന്മാർ നിലകൊണ്ടിരുന്ന മാർഗത്തെക്കാൾ നല്ലതായ ഒരു മാർഗം ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നാലും നിങ്ങളുടെ പിതാക്കളെ തന്നെ നിങ്ങൾ പിൻപറ്റുകയോ?! അവർ പറഞ്ഞു: നീയും നിനക്കു മുൻപുള്ള ദൂതന്മാരും നിയോഗിക്കപ്പെട്ടത് നിഷേധിക്കുന്നവരാകുന്നു ഞങ്ങൾ.

(25) അപ്പോൾ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ നിഷേധിച്ച സമൂഹങ്ങളിൽ നിന്ന് നാം പകരംവീട്ടി. അവരെ നാം നശിപ്പിച്ചു കളഞ്ഞു. അപ്പോൾ തങ്ങളുടെ ദൂതന്മാരെ നിഷേധിച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ ചിന്തിക്കുക. വളരെ വേദന നിറഞ്ഞ അന്ത്യം തന്നെയായിരുന്നു അത്.

(26) അല്ലാഹുവിൻറെ റസൂലേ! ഇബ്രാഹീം അദ്ദേഹത്തിൻറെ പിതാവിനോടും സമൂഹത്തോടും ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങളീ ആരാധിക്കുന്ന വിഗ്രഹങ്ങളിൽ നിന്നെല്ലാം ഞാൻ ഒഴിവാണ്.

(27) എന്നെ സൃഷ്ടിച്ച അല്ലാഹുവൊഴികെ. തീർച്ചയായും അവനാകുന്നു എനിക്ക് നന്മയുള്ളതിലേക്ക് -അല്ലാഹുവിൻറെ നേരായ മതം പിൻപറ്റുന്നതിലേക്ക്- എന്നെ നയിക്കുന്നവൻ.

(28) ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന ഏകദൈവാരാധനയുടെ വചനം ഇബ്രാഹീം തൻറെ സന്താനപരമ്പരകളിൽ എന്നെന്നും നിലനിൽക്കുന്ന വചനമാക്കി മാറ്റി. അതിനാൽ എല്ലാ കാലഘട്ടത്തിലും അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുകയും ചെയ്യുന്നവർ അവരിൽ ഉണ്ടായിരിക്കും. ബഹുദൈവാരാധനയിൽ നിന്നും, തിന്മകളിൽ നിന്നും അല്ലാഹുവിലേക്ക് അവർ പശ്ചാത്തപിച്ചു മടങ്ങാൻ വേണ്ടിയത്രെ അത്.

(29) നിഷേധികളായ ഈ ബഹുദൈവാരാധകരെയും നാം പൊടുന്നനെ ശിക്ഷിക്കുകയുണ്ടായില്ല. മറിച്ച്, അവർക്കും അവരുടെ പൂർവ്വപിതാക്കന്മാർക്കും ഇഹലോകത്ത് സുഖകരമായ ജീവിതം നാം നൽകി. അങ്ങനെ അവർക്ക് ഖുർആൻ അവതരിക്കപ്പെടുകയും, സുവ്യക്തനായ ഒരു ദൂതൻ -മുഹമ്മദ് നബി -ﷺ-- അവരിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.

(30) സത്യമാണെന്നതിൽ ഒരു സംശയവുമില്ലാത്ത ഈ ഖുർആൻ അവർക്ക് വന്നെത്തിയപ്പോഴാകട്ടെ; അവർ പറഞ്ഞു: ഇത് മുഹമ്മദ് നമ്മുടെ മേൽ ചെയ്ത ഒരു മാരണമാകുന്നു. ഞങ്ങൾ ഇതിനെ നിഷേധിക്കുന്നവരാണ്. അതിലൊരിക്കലും ഞങ്ങൾ വിശ്വസിക്കുകയില്ല.

(31) നിഷേധികളായ ബഹുദൈവാരാധകർ പറഞ്ഞു: "അല്ലാഹുവിന് ഈ ഖുർആൻ മക്കയിലെയോ ത്വാഇഫിലെയോ മഹാന്മാരായ രണ്ടു വ്യക്തികളിൽ ആരുടെയെങ്കിലും മേൽ അവതരിപ്പിച്ചു കൂടായിരുന്നോ?! പകരം ദരിദ്രനും അനാഥനുമായ മുഹമ്മദിൻറെ മേൽ ഖുർആൻ അവതരിക്കപ്പെടുകയോ?!"

(32) അല്ലാഹുവിൻറെ റസൂലേ! തങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് നൽകാനും, അല്ലാത്തവരിൽ നിന്ന് തടഞ്ഞു വെക്കാനും കഴിയുന്ന രൂപത്തിൽ അവരാണോ നിൻറെ രക്ഷിതാവിൻറെ കാരുണ്യം പങ്കുവെച്ചു കൊടുക്കുന്നവർ?! അതല്ല, അല്ലാഹുവാണോ?! അവരുടെ ഭൗതിക ജീവിതത്തിലെ വിഭവങ്ങൾ നാമാണ് അവർക്കിടയിൽ വീതിച്ചത്. അവരിൽ ധനികനെയും ദരിദ്രനെയും നിശ്ചയിച്ചതും നാം തന്നെ. അങ്ങനെ അവരിൽ ചിലർ മറ്റു ചിലരെ പരിഹസിക്കുന്നവരായി മാറി. നിൻറെ രക്ഷിതാവ് അവൻറെ ദാസന്മാർക്ക് പരലോകത്ത് നൽകുന്ന കാരുണ്യമാണ്, ഇവരീ സ്വരുക്കൂട്ടി വെക്കുന്ന നശ്വരമായ ഈ ഐഹികവിഭവങ്ങളെക്കാൾ എത്രയോ ഉത്തമമായിട്ടുള്ളത്.

(33) മനുഷ്യരെല്ലാം അല്ലാഹുവിനെ നിഷേധിക്കുന്ന ഏകതരക്കാരായി മാറില്ലായിരുന്നെങ്കിൽ അല്ലാഹുവിനെ നിഷേധിക്കുന്നവരുടെ ഭവനങ്ങൾക്ക് വെള്ളി കൊണ്ടുള്ള മേൽപ്പുരകളും, അവർക്ക് കയറി പോകാൻ വെള്ളി കൊണ്ടുള്ള കോണികളും നാം ഉണ്ടാക്കി കൊടുക്കുമായിരുന്നു.

(34) അവരെ പൊടുന്നനെ പിടികൂടുന്നതിനും, അവർക്കൊരു പരീക്ഷണവുമായി കൊണ്ട് അവരുടെ വീടുകൾക്ക് (വെള്ളി കൊണ്ടുള്ള) വാതിലുകളും, ചാരിയിരിക്കാൻ കട്ടിലുകളും നാം നൽകുമായിരുന്നു.

(35) അവർക്ക് നാം സ്വർണ്ണവും നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഇഹലോകജീവിതത്തിലെ വിഭവങ്ങൾ മാത്രമാകുന്നു. ശാശ്വതമല്ലാത്ത ഇവയുടെ ഫലങ്ങളെല്ലാം വളരെ ചെറുതാകുന്നു. അല്ലാഹുവിൻറെ റസൂലേ! എന്നാൽ പരലോകത്ത് നിൻറെ രക്ഷിതാവിങ്കലുള്ള അനുഗ്രഹങ്ങളാകുന്നു കൂടുതൽ ഉത്തമമായിട്ടുള്ളത്. അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചും വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുന്നവർക്കാകുന്നു അവയുള്ളത്.

(36) വേണ്ടത്ര ശ്രദ്ധയോടെ ഖുർആൻ വീക്ഷിക്കാതെ, ക്രമേണ അതിൽ നിന്ന് തിരിഞ്ഞു കളയുന്നവർക്ക് ശിക്ഷയായി ഒരു പിശാചിനെ നാം ഏർപ്പെടുത്തി കൊടുക്കും. അവൻറെ വഴികേട് വർദ്ധിപ്പിച്ചു നൽകുന്ന കൂട്ടാളിയായി ആ പിശാച് അവനോടൊപ്പം ചേർന്നു നിൽക്കും.

(37) ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നവരുടെ മേൽ അധീശത്വം നൽകപ്പെട്ട ഈ കൂട്ടാളികൾ അവരെ അല്ലാഹുവിൻറെ മതം സ്വീകരിക്കുന്നതിൽ നിന്ന് തടയും. അങ്ങനെ അവർക്ക് അല്ലാഹുവിൻറെ കൽപ്പനകൾ നിറവേറ്റാനോ, അവൻറെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കാനോ സാധിക്കുകയില്ല. എന്നാൽ അവർ ധരിക്കുക തങ്ങൾ സന്മാർഗം സ്വീകരിച്ചവരാണെന്നായിരിക്കും. അതു കൊണ്ട് തന്നെ അവർ ഒരിക്കലും തങ്ങളുടെ വഴികേടിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയുമില്ല.

(38) അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് തിരിഞ്ഞു കളഞ്ഞവൻ പരലോകത്ത് എത്തിയാൽ കടുത്ത നിരാശയോടെ പറയും: "എൻറെ സന്തതസഹചാരിയായിരുന്നവനേ! എനിക്കും നിനക്കുമിടയിൽ കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള അകലമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!" എത്ര മോശം കൂട്ടുകാരനാണവൻ!

(39) അന്ത്യനാളിൽ അല്ലാഹു നിഷേധികളോട് പറയും: ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ച് സ്വന്തത്തോട് അതിക്രമം ചെയ്തവരാണ് നിങ്ങളെല്ലാമെന്നിരിക്കെ, ഇന്നേ ദിവസം നിങ്ങൾക്കെല്ലാം ശിക്ഷയുടെ പങ്കു ലഭിക്കുന്നു എന്നത് ഒരു ഉപകാരവും നിങ്ങൾക്ക് ചെയ്യില്ല. തിന്മയിൽ നിങ്ങളുടെ പങ്കാളികളായിരുന്നവർ നിങ്ങളുടെ ശിക്ഷയിൽ നിന്ന് യാതൊരു പങ്കും സ്വയം വഹിക്കുകയില്ല.

(40) തീർച്ചയായും ഇക്കൂട്ടർ സത്യം കേൾക്കാൻ സാധിക്കാത്ത ബധിരരും, കണ്ടറിയുവാൻ കഴിയാത്ത അന്ധരുമാകുന്നു. അപ്പോൾ -അല്ലാഹുവിൻറെ റസൂലേ!- ബധിരരെ കേൾപ്പിക്കാനും അന്ധർക്ക് വഴി കാണിക്കാനും താങ്കൾക്ക് സാധിക്കുമോ?! അല്ലെങ്കിൽ നേരായ പാതയിൽ നിന്ന് വ്യക്തമായ വഴികേടിൽ അകപ്പെട്ടിട്ടുള്ളവന് മാർഗദർശനം നൽകാൻ താങ്കൾക്ക് സാധിക്കുമോ?!

(41) ഇനി താങ്കളെ നാം അവരെ ശിക്ഷിക്കുന്നതിന് മുൻപ് മരിപ്പിക്കുകയാണെങ്കിൽ, ഇഹലോകത്തും പരലോകത്തും അവരെ ശിക്ഷക്ക് വിധേയരാക്കി കൊണ്ട് അവരിൽ നിന്ന് നാം പകരം വീട്ടുന്നതാണ്.

(42) അല്ലെങ്കിൽ നാം അവർക്ക് താക്കീത് നൽകിയ ശിക്ഷ യിൽ ചിലത് താങ്കൾക്ക് നാം കാണിച്ചു തന്നേക്കാം. അവർക്ക് മേൽ സർവ്വ ശക്തിയുമുള്ളവനാകുന്നു നാം. ഒരു നിലക്കും അവർക്ക് നമ്മെ പരാജയപ്പെടുത്തുക സാധ്യമല്ല.

(43) അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ റബ്ബ് ബോധനം നൽകിയതിനെ താങ്കൾ മുറുകെ പിടിക്കുക. അതനുസരിച്ച് പ്രവർത്തിക്കുക. തീർച്ചയായും താങ്കൾ ഒരവ്യക്തതയുമില്ലാത്ത സത്യപാതയിൽ തന്നെയാകുന്നു.

(44) തീർച്ചയായും ഈ ഖുർആൻ താങ്കൾക്കും താങ്കളുടെ സമൂഹത്തിനും ഒരു ആദരവ് തന്നെയാകുന്നു. അതിനാൽ നിങ്ങൾ ഇതിൽ വിശ്വസിക്കുകയും, ഇതിലെ മാർഗദർശനം പിൻപറ്റുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തുവോ എന്ന് പരലോകത്ത് ചോദ്യം ചെയ്യപ്പെടും.

(45) അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് നാം അയച്ച നമ്മുടെ ദൂതന്മാരോട് ചോദിച്ചു നോക്കുക: പരമകാരുണികനായ (റഹ്മാനായ അല്ലാഹുവിന്) പുറമെ മറ്റു വല്ല ആരാധ്യന്മാരെയും ആരാധിക്കാൻ വേണ്ടി അവർക്ക് നാം നിശ്ചയിച്ചു കൊടുത്തിരുന്നോ എന്ന്.

(46) മൂസയെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ സമൂഹത്തിലെ പൗരമുഖ്യന്മാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: "തീർച്ചയായും ഞാൻ സർവ്വസൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിൻറെ ദൂതനാകുന്നു."

(47) അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ അവരതിനെ പരിഹസിച്ചും ഇകഴ്ത്തിയും ചിരിച്ചു തള്ളി.

(48) മൂസ -عَلَيْهِ السَّلَامُ- കൊണ്ടു വന്നതിൻറെ സത്യത ബോധ്യപ്പെടുത്താൻ ഫിർഔനിനും അവൻറെ സമൂഹത്തിലെ പൗരപ്രമുഖർക്കും നാം കാണിച്ചു കൊടുത്ത തെളിവുകളെല്ലാം അതിനു മുൻപുള്ള തെളിവുകളെക്കാൾ മഹത്തരമായിരുന്നു. അവർ നിലകൊള്ളുന്ന നിഷേധത്തിൽ നിന്ന് മടങ്ങിവരുന്നതിനായി, ഇഹലോകത്ത് അവരെ നാം ശിക്ഷകൾ കൊണ്ടു പിടികൂടുകയും ചെയ്തു. പക്ഷേ അതൊന്നും ഒരുപകാരവും ചെയ്തില്ല.

(49) അവർക്ക് ചില ശിക്ഷകളെല്ലാം ബാധിച്ചപ്പോൾ മൂസ -عَلَيْهِ السَّلَامُ- നോട് അവർ പറഞ്ഞു: "അല്ലയോ പണ്ഡിതാ! നിന്നോട് വാഗ്ദാനം ചെയ്യപ്പെട്ടതു പോലെ, ഈ ശിക്ഷ നീക്കി തരാൻ നിൻറെ രക്ഷിതാവിനോട് നീ പ്രാർത്ഥിക്കുക! ഇത് ഞങ്ങളിൽ നിന്ന് അവൻ നീക്കം ചെയ്താൽ ഞങ്ങൾ അവനിൽ വിശ്വസിക്കുന്നതായിരിക്കും.

(50) അങ്ങനെ അവരിൽ നിന്ന് ശിക്ഷ നാം മാറ്റികളഞ്ഞപ്പോൾ അവരതാ, അവരുടെ കരാറുകൾ -പാലിക്കാതെ- ലംഘിക്കുന്നവരായി മാറുന്നു.

(51) ഫിർഔൻ തൻറെ സമൂഹത്തിൽ തൻറെ അധികാരഗർവ്വ് പ്രകടിപ്പിച്ചു കൊണ്ട് ഇപ്രകാരം വിളംബരം ചെയ്തു: എൻറെ ജനങ്ങളേ! ഈജിപ്തിൻറെ അധികാരം എനിക്കല്ലേ?! നൈൽ നദിയിൽ നിന്നൊഴുകി വരുന്ന ഈ അരുവികൾ എൻറെ കൊട്ടാരത്തിന് കീഴിലൂടെയല്ലേ ഒഴുകുന്നത്?! നിങ്ങൾ എൻറെ അധികാരം കാണുന്നില്ലേ?! എൻറെ മഹത്വം തിരിച്ചറിയുന്നില്ലേ?!

(52) ആട്ടിയോടിക്കപ്പെട്ട, ദുർബലനായ, നന്നായി സംസാരിക്കാൻ പോലും കഴിയാത്ത മൂസയെക്കാൾ ഉത്തമനാകുന്നു ഞാൻ.

(53) അല്ലാഹുവിന് അവൻ അയക്കുന്ന ദൂതൻറെ മേൽ അയാളൊരു നബിയാണെന്ന് തിരിച്ചറിയിക്കുന്ന തരത്തിൽ അദ്ദേഹത്തെ സ്വർണവളകൾ ധരിപ്പിച്ചു കൂടായിരുന്നോ?! അല്ലെങ്കിൽ അയാളോടൊപ്പം തുടരെത്തുടരെ മലക്കുകൾ വന്നു കൂടായിരുന്നോ?!

(54) അങ്ങനെ ഫിർഔൻ തൻറെ സമൂഹത്തെ വിഡ്ഢികളാക്കി. അവർ അവൻറെ വഴികേടിൽ അവനെ പിൻപറ്റുകയും ചെയ്തു. തീർച്ചയായും അവർ അല്ലാഹുവിനെ അനുസരിക്കുവാൻ വിസമ്മതിച്ച ഒരു സമൂഹം തന്നെയായിരുന്നു.

(55) അങ്ങനെ അവർ തങ്ങളുടെ നിഷേധത്തിൽ തുടർന്നു കൊണ്ട് നമ്മെ ദേഷ്യം പിടിപ്പിച്ചപ്പോൾ നാം അവരോട് പകരം വീട്ടി. അങ്ങനെ അവരെ മുഴുവൻ നാം മുക്കി നശിപ്പിച്ചു.

(56) അങ്ങനെ ഫിർഔനെയും കൂട്ടരെയും ജനങ്ങൾക്കും നിൻറെ സമൂഹത്തിലെ നിഷേധികൾക്കും പിൻപറ്റാവുന്ന ഒരു മാതൃകയാക്കി നാം നിശ്ചിയിച്ചു. ഗുണപാഠമുൾക്കൊള്ളുന്നവർക്ക് അവരുടേതിന് സമാനമായ പ്രവൃത്തി ചെയ്തു കൊണ്ട് സമാനമായ ശിക്ഷ അവർക്ക് മേലും വന്നു ഭവിക്കാതിരിക്കുന്നതിന് അവരെ നാം ഒരു ഗുണപാഠമാക്കുകയും ചെയ്തു.

(57) "തീർച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങൾ അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്" എന്ന അല്ലാഹുവിൻറെ വചനത്തിൽ നസ്വാറാക്കൾ ആരാധിച്ചിരുന്ന ഈസാ -عَلَيْهِ السَّلَامُ- യും ഉൾപ്പെടുമെന്ന ധാരണയിൽ, വിഗ്രഹങ്ങളെ ആരാധിക്കുന്നത് പോലെ അദ്ദേഹത്തെ ആരാധിക്കുന്നതും അല്ലാഹു നിരോധിച്ചിട്ടുള്ളതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കളുടെ സമൂഹമിതാ ആർത്തു വിളിച്ചും, അട്ടഹസിച്ചും തർക്കത്തിലേർപ്പെടുന്നു. അവർ പറയുന്നു: ഞങ്ങളുടെ ആരാധ്യവസ്തുക്കൾ ഈസായുടെ പദവിയിലാകുന്നതിൽ ഞങ്ങൾ തൃപ്തരാണ്. അപ്പോൾ അല്ലാഹു അവർക്ക് മറുപടിയായി അവതരിപ്പിച്ചു: "തീർച്ചയായും നമ്മുടെ പക്കൽ നിന്നു മുമ്പേ നന്മ ലഭിച്ചവരാരോ അവർ അതിൽ (നരകത്തിൽ) നിന്ന് അകറ്റി നിർത്തപ്പെടുന്നവരാകുന്നു."

(58) അവർ പറഞ്ഞു: ഞങ്ങളുടെ ആരാധ്യവസ്തുക്കളാണോ, അതല്ല ഈസയാണോ നല്ലത്?! ഇബ്നുസ്സബഅ്റയും അവനെ പോലുള്ളവരും ഈ ഉദാഹരണമൊക്കെ പറയുന്നത് സത്യം കണ്ടെത്താനുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല. മറിച്ച് തർക്കിക്കാൻ വേണ്ടി മാത്രമാണ്. പ്രകൃത്യാ താർക്കികന്മാരാണ് ഇക്കൂട്ടരെല്ലാം.

(59) ഈസ ബ്നു മർയം അല്ലാഹുവിൻറെ അടിമകളിൽ ഒരടിമ മാത്രമാണ്. അദ്ദേഹത്തിന് നാം പ്രവാചകത്വവും നമ്മുടെ സന്ദേശവും നൽകി അനുഗ്രഹിച്ചു. ഇസ്രാഈൽ സന്തതികൾക്ക് അല്ലാഹുവിൻറെ ശക്തിയുടെ ഉദാഹരണമായി മാറി അദ്ദേഹം; മാതാപിതാക്കളില്ലാതെ ആദമിനെ സൃഷ്ടിച്ചത് പോലെ, പിതാവില്ലാതെയാണ് ഈസയെ അല്ലാഹു സൃഷ്ടിച്ചത്.

(60) അല്ലയോ ആദം സന്തതികളേ! നാം നിങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ നശിപ്പിക്കുകയും നിങ്ങൾക്ക് പകരം ഭൂമിയിൽ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കു ചേർക്കുകയും ചെയ്യാത്ത മലക്കുകളെ പിൻഗാമികളാക്കുകയും ചെയ്യുമായിരുന്നു.

(61) അന്ത്യനാളിൻറെ വലിയ അടയാളങ്ങളിലൊന്നാണ് ഈസ -عَلَيْهِ السَّلَامُ-. അദ്ദേഹം ലോകാവസാനത്തിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുന്നതാണ്. അതിനാൽ അന്ത്യനാൾ സംഭവിക്കുമോ എന്നതിൽ നിങ്ങൾ സംശയിക്കേണ്ടതില്ല. ഞാൻ നിങ്ങൾക്ക് അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിൽ നിങ്ങൾ എന്നെ പിൻപറ്റുകയും ചെയ്യുക. ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തന്നിരിക്കുന്ന ഈ മാർഗമാണ് ഒരു വളവുമില്ലാത്ത നേരായ പാത (സ്വിറാത്വുൽ മുസ്തഖീം).

(62) പിശാച് നേരായ മാർഗത്തിൽ (സ്വിറാത്വുൽ മുസ്തഖീം) നിന്ന് അവൻറെ വഞ്ചനയും ചതിയുമായി നിങ്ങളെ തടയാതിരിക്കട്ടെ. തീർച്ചയായും അവൻ നിങ്ങളോട് വ്യക്തമായ ശത്രുത വെച്ചു പുലർത്തുന്ന പ്രത്യക്ഷ ശത്രു തന്നെ.

(63) ഈസ -عَلَيْهِ السَّلَامُ- താൻ അല്ലാഹുവിൻറെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവുകളോടെ അദ്ദേഹത്തിൻറെ സമൂഹത്തിലേക്ക് ചെന്ന സന്ദർഭം. അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. മതവിഷയങ്ങളിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയും. അതിനാൽ അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അവനെ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുകയും ചെയ്യുക.

(64) തീർച്ചയായും അല്ലാഹുവാകുന്നു എൻറെയും നിങ്ങളുടെയും രക്ഷിതാവ്. നമുക്കെല്ലാം രക്ഷിതാവായി അവനല്ലാതെ മറ്റാരുമില്ല. അതിനാൽ അവനെ മാത്രം നിങ്ങൾ നിഷ്കളങ്കമായി ആരാധിക്കുക. ഈ ഏകദൈവാരാധനയുടെ മാർഗമാണ് ഒരു വളവും ചെരിവുമില്ലാത്ത നേരായ മാർഗം (സ്വിറാത്വുൽ മുസ്തഖീം).

(65) അങ്ങനെ ഈസയുടെ വിഷയത്തിൽ നസ്വാറാക്കൾ അഭിപ്രായഭിന്നതയിലായി. അവരിൽ ചിലർ അദ്ദേഹം തന്നെയാണ് ആരാധ്യനായ ദൈവമെന്ന് പറഞ്ഞു. മറ്റു ചിലർ അദ്ദേഹം അല്ലാഹുവിൻറെ പുത്രനാണെന്ന് പറഞ്ഞു. ഇനിയും ചിലർ അദ്ദേഹവും അദ്ദേഹത്തിൻറെ മാതാവും ആരാധ്യന്മാരാണെന്ന് പറഞ്ഞു. അതിനാൽ ഈസയെ ദൈവമെന്നും ദൈവപുത്രനെന്നും തൃദൈവങ്ങളിൽ ഒരുവനെന്നുമെല്ലാം വിശേഷിപ്പിച്ചു കൊണ്ട് സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവർക്ക് പരലോകത്ത് അവരെ കാത്തിരിക്കുന്ന വേദനയേറിയ ശിക്ഷ കൊണ്ട് നാശമുണ്ടാകട്ടെ!

(66) ഈസയുടെ വിഷയത്തിൽ ഭിന്നിപ്പിലായിട്ടുള്ള ഈ കക്ഷികൾ പൊടുന്നനെ അന്ത്യനാൾ അവർക്ക് മേൽ -മുൻകൂട്ടി അറിയാൻ ഇടലഭിക്കാത്ത രൂപത്തിൽ- വന്നു ഭവിക്കുന്നതല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത്?! അങ്ങനെ അന്ത്യനാൾ വന്നുഭവിക്കുന്ന വേളയിൽ അവർ തങ്ങളുടെ നിഷേധത്തിലാണ് നിലകൊള്ളുന്നതെങ്കിൽ വേദനയേറിയ ശിക്ഷ തന്നെയായിരിക്കും അവരുടെ സങ്കേതം.

(67) വഴികേടിലും നിഷേധത്തിലും പരസ്പരം കൂട്ടുകാരും സുഹൃത്തുക്കളുമായിരുന്നവർ പരലോകത്ത് പരസ്പര ശത്രുക്കളായിരിക്കും. അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ചവരൊഴികെ; അവരുടെ സുഹൃദ്ബന്ധം ശാശ്വതമായി -മുറിയാതെ- നിലകൊള്ളും.

(68) അല്ലാഹു അവരോട് പറയും: എൻറെ ദാസന്മാരേ! ഭാവിയെക്കുറിച്ച് നിങ്ങൾക്കിനി ഭയമേ വേണ്ടതില്ല! ഇഹലോകത്ത് നഷ്ടപ്പെട്ടു പോയ ഐഹിക വിഭവങ്ങളോർത്ത് നിങ്ങളിനി ദുഃഖിക്കേണ്ടതുമില്ല.

(69) അവരുടെ ദൂതൻറെ മേൽ അവതരിക്കപ്പെട്ട ഖുർആനിൽ വിശ്വസിച്ചവരും, ഖുർആനിലെ കൽപ്പനകൾ പാലിച്ചു കൊണ്ടും, വിരോധങ്ങൾ ഉപേക്ഷിച്ചും അതിന് കീഴൊതുങ്ങിയവരുമായിരുന്നു അവർ.

(70) നിങ്ങളും നിങ്ങൾക്ക് സമാനരായ വിശ്വാസമുള്ളവരും സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക. ഒരിക്കലും അവസാനിച്ചു പോകാത്ത, നിലക്കാത്ത സുഖസൗകര്യങ്ങൾ നേടിയെടുത്തു കൊണ്ട് സന്തോഷഭരിതരായി (അവിടെ പ്രവേശിക്കുക!)

(71) സ്വർണ്ണത്തിൻറെ പാത്രങ്ങളും പിടിയില്ലാത്ത കോപ്പകളുമായി അവരുടെ സേവകന്മാർ അവരെ വലം വെച്ചു കൊണ്ടിരിക്കും. മനസ്സുകൾ ആഗ്രഹിക്കുന്നതും, കണ്ണുകൾക്ക് കുളിർമയേകുന്ന കാഴ്ചകളും സ്വർഗത്തിലുണ്ട്. നിങ്ങളതിൽ ശാശ്വതമായി വസിക്കുന്നവരായിരിക്കും; ഒരിക്കലും അതിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെടുകയില്ല.

(72) നിങ്ങൾക്ക് ഞാൻ വർണ്ണിച്ചു തന്ന ഈ സ്വർഗം; അതാകുന്നു അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാരണത്താൽ -അവൻറെ ഔദാര്യമായി- നിങ്ങൾക്ക് അനന്തരം നൽകുന്ന സ്വർഗം.

(73) നിങ്ങൾക്കതിൽ അവസാനിക്കാത്തത്ര ധാരാളം പഴങ്ങൾ ഉണ്ടാകും. അതിൽ നിന്ന് നിങ്ങൾ ഭക്ഷിക്കും.

(74) നിഷേധവും തിന്മകളും ചെയ്തു കൂട്ടിയ അധർമ്മികൾ നരകശിക്ഷയിൽ കാലാകാലം അനന്തമായി ശിക്ഷിക്കപ്പെടുന്നതാണ്.

(75) അവർക്ക് ഒരിക്കലും ശിക്ഷ ലഘൂകരിക്കപ്പെടുകയില്ല. അല്ലാഹുവിൻറെ കാരുണ്യത്തെ കുറിച്ച് അവർ നിരാശയടഞ്ഞവരായിരിക്കും.

(76) അവരെ നരകത്തിൽ പ്രവേശിപ്പിച്ചപ്പോൾ നാമവരോട് അനീതി പ്രവർത്തിച്ചിട്ടില്ല. എന്നാൽ അവർ തന്നെയാണ് നിഷേധികളായി മാറികൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചത്.

(77) നരകത്തിൻറെ കാവൽക്കാരനായ മാലികിനെ വിളിച്ചു കൊണ്ട് അവർ പറയും: ഹേ മാലിക്! നിൻറെ രക്ഷിതാവ് ഞങ്ങളെ മരിപ്പിച്ചു കൊള്ളട്ടെ! അങ്ങനെയെങ്കിലും ഞങ്ങൾക്ക് ഈ ശിക്ഷയിൽ നിന്നൊരു ആശ്വാസം ലഭിക്കട്ടെ! അപ്പോൾ മാലിക് അവരോട് മറുപടിയായി പറയും: നിങ്ങളീ ശിക്ഷയിൽ എന്നെന്നും കഴിച്ചു കൂട്ടേണ്ടവരാകുന്നു. ഇവിടെ നിങ്ങളൊരിക്കലും മരിക്കുകയില്ല. ശിക്ഷ നിങ്ങളുടെ മേൽ നിന്ന് വിട്ടു മാറുകയുമില്ല.

(78) ഇഹലോകത്തായിരിക്കെ ഒരു സംശയവുമില്ലാത്ത നിലയിൽ സത്യം നിങ്ങൾക്ക് നാം എത്തിച്ചു തന്നു. എന്നാൽ നിങ്ങളിൽ ബഹുഭൂരിപക്ഷവും സത്യത്തെ വെറുക്കുന്നവരാകുന്നു.

(79) നബി -ﷺ- ക്കെതിരെ അവർ വല്ല തന്ത്രവും ഒരുക്കി വെച്ചിരിക്കുന്നുവെങ്കിൽ; അവരുടെ തന്ത്രത്തെ കവച്ചു വെക്കുന്ന ഒരു തീരുമാനം നാമും നിശ്ചയിച്ചു വെച്ചിരിക്കുന്നു.

(80) അവർ ധരിച്ചു വെച്ചിരിക്കുന്നത് തങ്ങളുടെ ഹൃദയങ്ങളിൽ അവർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ലെങ്കിൽ ആരുമറിയാതെ അവർ നടത്തുന്ന രഹസ്യയോഗങ്ങൾ നാം കേൾക്കുന്നില്ലെന്നാണോ?! അല്ല! നാമതെല്ലാം കേൾക്കുന്നുണ്ട്. അവരുടെ അടുക്കൽ നമ്മുടെ മലക്കുകൾ അവർ പ്രവർത്തിക്കുന്നതെല്ലാം എഴുതി വെക്കുന്നുമുണ്ട്.

(81) അല്ലാഹുവിൻറെ റസൂലേ! അല്ലാഹുവിന് സന്താനങ്ങളുണ്ടെന്ന് ജൽപ്പിക്കുന്നവരോട് പറയുക: അല്ലാഹുവിന് ഒരു സന്താനമില്ല തന്നെ. ഒരു സന്താനമുണ്ടാവുക എന്നതിൽ നിന്ന് അവൻ പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിലും അവന് (യോജ്യമല്ലാത്തവയിൽ നിന്ന്) അവനെ പരിശുദ്ധപ്പെടുത്തുന്നതിലും ഞാൻ ഒന്നാമനാകുന്നു.

(82) ആകാശഭൂമികളുടെ രക്ഷിതാവും, സിംഹാസനത്തിൻറെ രക്ഷിതാവുമായ അല്ലാഹു ഈ ബഹുദൈവാരാധകർ അവനുണ്ടെന്ന് ജൽപ്പിക്കുന്ന പങ്കുകാരിൽ നിന്നും, ഇണയിൽ നിന്നും, സന്താനത്തിൽ നിന്നും പരിശുദ്ധനായിരിക്കുന്നു.

(83) അല്ലാഹുവിൻറെ റസൂലേ! അതിനാൽ താങ്കൾ അവരെ വിട്ടേക്കുക! തങ്ങളുടെ നിരർത്ഥകതയിൽ അവർ മുഴുകുകയും കളിച്ചു മറിയുകയും ചെയ്യട്ടെ! അവർക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന അന്ത്യനാളിനെ അവർ അഭിമുഖീകരിക്കുന്നത് വരെ.

(84) ആകാശങ്ങളിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവൻ അവനത്രെ. ഭൂമിയിൽ ആരാധിക്കപ്പെടാൻ അർഹതയുള്ളവനും അവൻ തന്നെ. തൻറെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും വിധിനിർണ്ണയത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്ന 'ഹകീമും', തൻറെ സൃഷ്ടികളുടെ അവസ്ഥകൾ ഏറ്റവും നന്നായി അറിയുന്ന 'അലീമു'മത്രെ അവൻ. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

(85) അല്ലാഹുവിൻറെ നന്മകളും അനുഗ്രഹവും അങ്ങേയറ്റം വർദ്ധിച്ചിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും ഏകാധിപത്യമുള്ളവനാകുന്നു അവൻ. അന്ത്യനാൾ സംഭവിക്കുന്ന സമയം അവൻറെ പക്കൽ മാത്രമാണുള്ളത്. അവനല്ലാത്ത മറ്റാർക്കും അതറിയുകയില്ല. അവനിലേക്ക് മാത്രമാണ് വിചാരണക്കും പ്രതിഫലത്തിനുമായി പരലോകത്ത് നിങ്ങൾ മടക്കപ്പെടുക.

(86) ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന ഒരാളും അല്ലാഹുവിങ്കൽ ശുപാർശ ഉടമപ്പെടുത്തുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന വചനം അറിഞ്ഞു കൊണ്ട് സാക്ഷ്യപ്പെടുത്തിയവരൊഴികെ. ഈസയും ഉസൈറും മലക്കുകളും ഉദാഹരണം.

(87) ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ ഉറപ്പായും അവർ പറയും: അല്ലാഹുവാണ് ഞങ്ങളെ സൃഷ്ടിച്ചതെന്ന്. അപ്പോൾ ഇതെല്ലാം അംഗീകരിച്ചതിന് ശേഷവും എങ്ങനെയാണ് അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൽ നിന്ന് അവർ വഴിതെറ്റിക്കപ്പെടുന്നത്?!

(88) തൻറെ സമൂഹം തന്നെ കളവാക്കുന്നതിനെ കുറിച്ചുള്ള നബി -ﷺ- യുടെ ആവലാതിയെ കുറിച്ചും അല്ലാഹുവിനറിയാം. അദ്ദേഹം പറയുന്നു: എൻറെ രക്ഷിതാവേ! തീർച്ചയായും ഈ സമൂഹം നീ അവരിലേക്ക് അയച്ചു തന്നതിൽ വിശ്വസിക്കുന്നില്ല.

(89) അതിനാൽ നീ അവരിൽ നിന്ന് തിരിഞ്ഞു കളയുക! അവരുടെ ഉപദ്രവം തടുത്തു നിർത്തുന്ന വാക്ക് നീ അവരോട് പറയുക. ഇത് മക്കയിൽ സംഭവിച്ച കാര്യമാണ്. അവർ അഭിമുഖീകരിക്കാനിരിക്കുന്ന ശിക്ഷ വഴിയെ അവർ അറിഞ്ഞു കൊള്ളും.