40 - Al-Ghaafir ()

|

(1) ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) മുഹമ്മദ് നബി (ﷺ) യുടെ മേൽ ഖുർആൻ അവതരിച്ചത് അല്ലാഹുവിൽ നിന്നാകുന്നു. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്തവനായ മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് ഏറ്റവും നന്നായി അറിയുന്ന സർവ്വജ്ഞാനിയും (അലീം) ആയ (അല്ലാഹുവിൽ നിന്ന്).

(3) തിന്മകൾ ചെയ്തവരുടെ തെറ്റുകൾ പൊറുത്തു കൊടുക്കുന്നവനും, തൻ്റെ അടിമകളിൽ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നവനും, തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാത്തവരെ കഠിനമായി ശിക്ഷിക്കുന്നവനും, ധാരാളമായി നന്മകളും ഔദാര്യങ്ങളും ചൊരിയുന്നവനുമത്രെ അവൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരും തന്നെയില്ല. പരലോകത്ത് അവങ്കലേക്ക് മാത്രമാണ് എല്ലാ അടിമകളുടെയും മടക്കം. അവിടെ അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്.

(4) അല്ലാഹുവിൻ്റെ ഏകത്വവും അവൻ്റെ ദൂതന്മാരുടെ സത്യതയും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെ നിഷേധിച്ചവരല്ലാതെ തർക്കിക്കുകയില്ല. അവരുടെ ബുദ്ധി നശിച്ചു പോയതു കൊണ്ടാണത്. അതിനാൽ നീ അവരുടെ കാര്യത്തിൽ വ്യസനിക്കേണ്ടതില്ല. അവരുടെ സമ്പത്തുകളിലും സുഖസൗകര്യങ്ങളിലുമുള്ള വിശാലത നിന്നെ വഞ്ചിക്കാതിരിക്കട്ടെ; അവരെ ഇങ്ങനെ വിട്ടേച്ചിരിക്കുന്നത് നിനച്ചിരിക്കാതെ അവരെ (അല്ലാഹു) പിടികൂടുന്നതിനും, അവർക്കെതിരെയുള്ള തന്ത്രമായി കൊണ്ടുമാണ്.

(5) ഇക്കൂട്ടർക്ക് മുൻപ് നൂഹിൻ്റെ ജനതയും, നൂഹിൻ്റെ ജനതക്ക് ശേഷം വിവിധ കക്ഷികളും -ആദും ഥമൂദും ലൂത്വിൻ്റെ ജനതയും മദ്യൻവാസികളും, ഫിർഔനും- നിഷേധിച്ചു തള്ളി. ഓരോ സമൂഹവും തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരെ പിടികൂടി കൊന്നുകളയാൻ ഉദ്യമിക്കുകയും ചെയ്തു. തങ്ങളുടെ പക്കലുള്ള അസത്യം കൊണ്ട് സത്യത്തെ ഇല്ലാതാക്കുവാൻ വേണ്ടി അവർ തർക്കിക്കുകയും ചെയ്തു. അപ്പോൾ ആ സമൂഹങ്ങളെയെല്ലാം ഞാൻ പിടികൂടി. അപ്പോൾ അവരെ ഞാൻ എങ്ങനെയായിരുന്നു ശിക്ഷിച്ചത് എന്ന കാര്യം നീ ചിന്തിക്കുക. തീർച്ചയായും അതെല്ലാം കടുത്ത ശിക്ഷകളായിരുന്നു (എന്ന് നിനക്ക് മനസ്സിലാകും).

(6) നിഷേധികളായ ആ സമുദായങ്ങളെ തകർത്തു കളയാൻ അല്ലാഹു വിധിച്ചു എന്നത് പോലെ, -അല്ലാഹുവിൻ്റെ റസൂലേ!- കാഫിറുകൾ നരകവാസികളായിരിക്കും എന്ന നിൻ്റെ രക്ഷിതാവിൻറെ വചനവും സത്യമായിരിക്കുന്നു.

(7) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിൻ്റെ സിംഹാസനം ചുമക്കുന്ന മലക്കുകളും, അവർക്ക് ചുറ്റുമുള്ളവരും തങ്ങളുടെ രക്ഷിതാവിന് അനുയോജ്യമല്ലാത്തവയിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തുകയും, അവനിൽ വിശ്വസിക്കുകയും, അല്ലാഹുവിൽ വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. തങ്ങളുടെ പ്രാർത്ഥനയിൽ അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ അറിവും കാരുണ്യവും എല്ലാത്തിനെയും ഉൾക്കൊണ്ടിരിക്കുന്നു. അതിനാൽ തങ്ങളുടെ തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും, നിൻ്റെ മതം (ഇസ്ലാം) പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തു കൊടുക്കേണമേ! നരകശിക്ഷ അവരെ സ്പർശിക്കുന്നതിൽ നിന്ന് നീ അവരെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ!

(8) മലക്കുകൾ പറയും: ഞങ്ങളുടെ രക്ഷിതാവേ! (അല്ലാഹുവിൽ) വിശ്വസിച്ചവരെ നീ അവർക്ക് വാഗ്ദാനം നൽകിയ ശാശ്വതവാസത്തിൻ്റെ സ്വർഗങ്ങളിൽ പ്രവേശിപ്പിക്കേണമേ! അവരുടെ പിതാക്കന്മാരിൽ നിന്നും, ഇണകളിൽ നിന്നും, സന്താനങ്ങളിൽ നിന്നും സൽപ്രവർത്തനം ചെയ്തവരെയും അവരോടൊപ്പം നീ (സ്വർഗത്തിൽ) പ്രവേശിപ്പിക്കേണമേ! തീർച്ചയായും നീ തന്നെയാകുന്നു ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപമുള്ളവനും (അസീസ്), വിധിനിർണ്ണയത്തിലും പ്രാപഞ്ചിക നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിയുള്ളവനും (ഹകീം).

(9) അവരുടെ തിന്മകളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അവരെ നീ കാത്തു രക്ഷിക്കേണമേ. അതിൻറെ പേരിൽ നീ അവരെ ശിക്ഷിക്കരുതേ! താൻ ചെയ്തു കൂട്ടിയ ദുഷ്പ്രവർത്തനങ്ങളുടെ ശിക്ഷയിൽ നിന്ന് ആരെയെങ്കിലും നീ കാത്തു രക്ഷിക്കുന്നെങ്കിൽ; അവനോട് തീർച്ചയായും നീ കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. അങ്ങനെ ശിക്ഷയിൽ നിന്ന് സംരക്ഷണം നൽകപ്പെടുകയും, സ്വർഗത്തിൽ പ്രവേശിക്കുന്നതിലൂടെ അല്ലാഹുവിൻറെ കാരുണ്യം ലഭിക്കുകയും ചെയ്യുക എന്നത് തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിന് അടുത്തെത്തുകയില്ല.

(10) തീർച്ചയായും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിഷേധിച്ചവർ; പരലോകത്ത് സ്വന്തത്തോട് തന്നെ അമർഷം പുലർത്തുകയും, സ്വയം ശപിക്കുകയും ചെയ്തു കൊണ്ട് നരകത്തിൽ പ്രവേശിക്കുന്ന വേളയിൽ അവരോട് ഇപ്രകാരം വിളിച്ചു പറയപ്പെടും: നിങ്ങൾ ഇഹലോകത്തായിരിക്കെ അല്ലാഹുവിൽ വിശ്വസിക്കുന്നതിലേക്ക് ക്ഷണിക്കപ്പെടുകയും, അത് നിങ്ങൾ നിഷേധിച്ചു തള്ളുകയും, അല്ലാഹുവിനോടൊപ്പം മറ്റു ആരാധ്യരെ നിങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്ന സന്ദർഭത്തിൽ അല്ലാഹുവിന് നിങ്ങളോടുണ്ടായിരുന്ന വെറുപ്പ് നിങ്ങൾക്ക് സ്വന്തത്തോടുള്ള വെറുപ്പിനേക്കാൾ കടുത്തതായിരുന്നു.

(11) പശ്ചാത്താപമോ ഏറ്റുപറച്ചിലോ ഒരുപകാരവും ചെയ്യാത്ത ആ സന്ദർഭത്തിൽ (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ തെറ്റുകൾ സമ്മതിച്ചു കൊണ്ട് പറയും: ഞങ്ങളുടെ രക്ഷിതാവേ! രണ്ടു തവണ നീ ഞങ്ങളെ മരിപ്പിച്ചു. ഒരു തവണ ഞങ്ങൾ തന്നെ ഇല്ലാതിരുന്ന വേളയിൽ; അങ്ങനെ നീ ഞങ്ങളെ സൃഷ്ടിച്ചു. അതിന് ശേഷം നീ ഞങ്ങളെ സൃഷ്ടിച്ച ശേഷം മരിപ്പിക്കുകയും ചെയ്തു. രണ്ടു തവണ നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു. ശൂന്യതയിൽ നിന്ന് ഞങ്ങളെ നീ സൃഷ്ടിച്ചപ്പോഴും, പുനരുത്ഥാനത്തിനായി ഞങ്ങൾക്ക് ജീവൻ (തിരിച്ചു) നൽകിയപ്പോഴും. ഞങ്ങൾ ചെയ്തു കൂട്ടിയ തിന്മകൾ ഞങ്ങളിതാ ഏറ്റു പറയുന്നു. ഇനി ഈ നരകത്തിൽ നിന്നൊന്നു രക്ഷപ്പെടാൻ വല്ല വഴിയുമുണ്ടോ?! അങ്ങനെയെങ്കിൽ ഞങ്ങൾ ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോവുകയും, ഞങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും, അങ്ങനെ നിൻ്റെ തൃപ്തി സമ്പാദിക്കുകയും ചെയ്യാം.

(12) അല്ലാഹു മാത്രമായി വിളിച്ചു പ്രാർത്ഥിക്കപ്പെടുകയും, അവനിൽ ഒരാളെയും പങ്കു ചേർക്കപ്പെടാതിരിക്കുകയും ചെയ്താൽ അതിനെ നിങ്ങൾ നിഷേധിക്കുകയും, അവന് പങ്കാളികളെ നിശ്ചയിക്കുകയും ചെയ്തിരുന്നതിനാലാണ് ഇപ്പോൾ അനുഭവിക്കുന്ന ഈ ശിക്ഷ നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നത്. എന്നാൽ അല്ലാഹുവിനോടൊപ്പം ഒരു പങ്കാളി കൂടി ആരാധിക്കപ്പെട്ടാൽ നിങ്ങളതിൽ വിശ്വസിക്കുകയും ചെയ്യും. വിധി കൽപിക്കാനാവകാശം അല്ലാഹുവിന് മാത്രമാകുന്നു. ഏറ്റവും ഉന്നതനും (അലിയ്യ്) ഏറ്റവും വലിയവനുമായ (കബീർ) അല്ലാഹുവിന്. അഥവാ, തൻ്റെ അസ്തിത്വത്താലും, വിശേഷണങ്ങളാലും, സർവ്വാധിപത്യത്താലും ഏറ്റവും ഉന്നതനായ അലിയ്യാണ് അവൻ. സർവ്വതും അവനെക്കാൾ ചെറുതാണ്. അങ്ങനെയുള്ള കബീർ ആകുന്നു അവൻ.

(13) അല്ലാഹു; അവനാകുന്നു ചക്രവാളങ്ങളിലും നിങ്ങളുടെ ശരീരങ്ങളിലും തൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചു നൽകുന്നവൻ. അവൻ്റെ ശക്തിയും ഏകത്വവും നിങ്ങൾക്കവ ബോധ്യപ്പെടുത്തി നൽകുന്നു. ആകാശത്ത് നിന്ന് നിങ്ങൾക്കവൻ മഴ വർഷിപ്പിച്ചു നൽകുകയും, അത് നിങ്ങളുടെ ഉപജീവനമായ സസ്യലതാദികളുടെ വളർച്ചക്ക് കാരണമാവുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുന്നത് അവനിലേക്ക് ഖേദത്തോടെ, നിഷ്കളങ്കമായി പശ്ചാത്തപിച്ചു മടങ്ങുന്നവർ മാത്രമത്രെ.

(14) അതിനാൽ -അല്ലയോ (ഇസ്ലാമിൽ) വിശ്വസിച്ചവരേ!- അനുസരണവും പ്രാർത്ഥനയും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് നിങ്ങൾ അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. നിങ്ങൾ അവനിൽ പങ്കു ചേർക്കുന്നവരാകാതിരിക്കുക. (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് അത് അനിഷ്ടകരമായാലും, അക്കാര്യം അവരെ ദേഷ്യം പിടിപ്പിച്ചാലും.

(15) പ്രാർത്ഥനയും അനുസരണവും നിഷ്കളങ്കമാക്കപ്പെടാൻ അർഹതയുള്ളവനത്രെ അവൻ. ഉയർന്ന പദവികളിൽ, തൻ്റെ സർവ്വ സൃഷ്ടികളിൽ നിന്നും വേറിട്ടു കൊണ്ടത്രെ അവനുള്ളത്. മഹത്തരമായ സിംഹാസനത്തിൻ്റെ ഉടമസ്ഥനുമാണവൻ. അവനുദ്ദേശിക്കുന്ന തൻ്റെ ദാസന്മാർക്ക് മേൽ അവൻ തൻ്റെ സന്ദേശം അവതരിപ്പിക്കുന്നു. അങ്ങനെ, അവർ ജീവനുള്ളവരാകുന്നതിനും മറ്റുള്ളവരെ അതുമുഖേന ജീവസുറ്റവരാക്കുന്നതിനും വേണ്ടി. ആദ്യകാലക്കാരും പിൽക്കാലക്കാരുമായ സർവ്വരും പരസ്പരം കണ്ടുമുട്ടുന്ന അന്ത്യനാളിനെ കുറിച്ച് ജനങ്ങളെ താക്കീത് ചെയ്യുന്നതിനും വേണ്ടിയത്രെ അത്.

(16) അവരെല്ലാം ഒരേയിടത്ത്, (ഏവർക്കും കാണാവുന്ന നിലക്ക്) പ്രത്യക്ഷരാകുന്ന ദിനം. അവരുടെ ഒരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയില്ല; അവരോ അവരുടെ പ്രവർത്തനങ്ങളോ അതിനുള്ള പ്രതിഫലമോ ഒന്നും തന്നെ. അന്നവൻ ചോദിക്കും: ആർക്കാണിന്ന് സർവ്വ അധികാരവും?! ഒരേയൊരു ഉത്തരമല്ലാതെ മറ്റൊന്നും അപ്പോൾ (പറയാൻ) ഇല്ല. "തൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം ഏകനും, സർവ്വരെയും വിജയിച്ചടക്കിയവനും ഏവരും കീഴൊതുങ്ങിയവനുമായ അല്ലാഹുവിന് മാത്രമാകുന്നു സർവ അധികാരവും."

(17) ഈ ദിവസം ഓരോ വ്യക്തിക്കും അവൻ ചെയ്തു കൂട്ടിയ പ്രവർത്തനത്തിനുള്ള പ്രതിഫലം നൽകപ്പെടും. നന്മയാണെങ്കിൽ നല്ല പ്രതിഫലവും, തിന്മയാണെങ്കിൽ മോശം പ്രതിഫലവും. യാതൊരു അനീതിയും അന്നേ ദിവസം ഉണ്ടായിരിക്കില്ല. കാരണം അങ്ങേയറ്റം നീതിമാനായ അല്ലാഹുവാണ് ഇന്ന് വിധികർത്താവ്. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ വിചാരണ അതിവേഗം നടത്തുന്നവനാകുന്നു; കാരണം അല്ലാഹു അവരെക്കുറിച്ചെല്ലാം ചൂഴ്ന്നറിഞ്ഞിരിക്കുന്നു.

(18) അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിനെ കുറിച്ച് അവർക്ക് താക്കീത് നൽകുക. ആസന്നമായിരിക്കുന്ന അന്ത്യനാൾ സംഭവിക്കുക തന്നെ ചെയ്യും. സംഭവിക്കാനിരിക്കുന്ന എല്ലാം തന്നെ വളരെ സമീപസ്ഥമാണ്. അന്നേ ദിവസം കടുത്ത ഭീതിയാൽ ഹൃദയങ്ങൾ തൊണ്ടക്കുഴികളിലേക്ക് ഉയരും. അവരാകട്ടെ; നിശബ്ദരായിരിക്കും. സർവ്വ വിശാലമായ കാരുണ്യമുള്ളവനായ (റഹ്മാൻ) അല്ലാഹു അനുമതി നൽകിയവരല്ലാതെ അന്ന് സംസാരിക്കുകയില്ല. എന്നാൽ ബഹുദൈവാരാധനയും തിന്മകളും ചെയ്തു കൂട്ടി സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് അന്നേ ദിവസം ഒരു ഉറ്റബന്ധുവോ കൂട്ടുകാരനോ ഉണ്ടായിരിക്കില്ല. സ്വീകരിക്കപ്പെടുന്ന ഒരു ശുപാർശകനും അവർക്കവിടെ ഉണ്ടായിരിക്കുകയില്ല. ആരെങ്കിലും അവർക്ക് വേണ്ടി ശുപാർശ ചെയ്യുമെന്ന് സങ്കൽപിച്ചാൽ പോലും!

(19) സൂക്ഷ്മമായി കണ്ണുകൾ കവർന്നെടുക്കുന്നതും, ഹൃദയാന്തരാളങ്ങൾ ഒളിച്ചു വെക്കുന്നതും അല്ലാഹു അറിയുന്നു. യാതൊന്നും അവന് അവ്യക്തമാവുകയില്ല.

(20) അല്ലാഹു നീതിപൂർവ്വം വിധിക്കുന്നു. ആരുടെയും നന്മകൾ കുറച്ചു കൊണ്ടോ, തിന്മകൾ വർദ്ധിപ്പിച്ചു കൊണ്ടോ അവൻ ഒരാളോടും അനീതി പ്രവർത്തിക്കുകയില്ല. എന്നാൽ ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ ആരാധിച്ചു കൊണ്ടിരിക്കുന്നവർ; അവർ യാതൊന്നും വിധിക്കുകയില്ല. കാരണം, അവർക്ക് ഒരു അധികാരവുമില്ല തന്നെ. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളുടെ സംസാരങ്ങളെല്ലാം നന്നായി കേൾക്കുന്നവനും (സമീഅ്), അവരുടെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതുമാണ്.

(21) ഈ ബഹുദൈവാരാധകർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ?! അങ്ങനെയെങ്കിൽ മുൻപ് നിഷേധിച്ചു തള്ളിയ സമുദായങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നെന്ന് അവർക്ക് ചിന്തിക്കാമായിരുന്നു. തീർച്ചയായും വളരെ മോശം അന്ത്യം തന്നെയായിരുന്നു അത്. ഇവരെക്കാൾ ശക്തിയുള്ളവരായിരുന്നു അവർ. ഇക്കൂട്ടർക്ക് ബാക്കി വെക്കാൻ സാധിക്കാത്ത വലിയ സ്മാരകങ്ങൾ കെട്ടിടങ്ങൾ നിർമിച്ചുകൊണ്ട് അവർ ഭൂമിയിൽ ബാക്കി വെച്ചിട്ടുമുണ്ട്. എന്നാൽ അവരുടെ തിന്മകൾ കാരണത്താൽ അല്ലാഹു അവരെ നശിപ്പിച്ചു കളഞ്ഞു. അപ്പോൾ അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു നിർത്താൻ ഒരാളും അവർക്കുണ്ടായില്ല.

(22) അല്ലാഹുവിൽ നിന്ന് വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി അവരിലേക്ക് ദൂതന്മാർ വന്നപ്പോഴെല്ലാം, അവർ അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചു തള്ളിയെന്നതു മാത്രമാണ് അവർക്ക് ഈ ശിക്ഷ ബാധിക്കാനുള്ള കാരണം. എത്ര വലിയ ശക്തി അവർക്കുണ്ടായെങ്കിലും അല്ലാഹു അവരെ പിടികൂടുകയും, അവരെ നശിപ്പിക്കുകയും ചെയ്തു. തീർച്ചയായും, അല്ലാഹു അങ്ങേയറ്റം ശക്തനും, അവനെ നിഷേധിക്കുകയും അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തവരെ കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു.

(23) നമ്മുടെ വ്യക്തമായ ദൃഷ്ടാന്തങ്ങളും, ഖണ്ഡിതമായ പ്രമാണവുമായി മൂസായെ നാം അയച്ചു.

(24) ഫിർഔനിൻ്റെയും അവൻ്റെ മന്ത്രിയായ ഹാമാനിൻ്റെയും, ഖാറൂനിൻ്റെയും അടുക്കലേക്ക്. അപ്പോൾ അവർ പറഞ്ഞു: മൂസാ മാരണക്കാരനും താനൊരു ദൂതനാണെന്ന് കളവ് പറയുന്നവനുമാണ്.

(25) അങ്ങനെ മൂസാ തൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന തെളിവുമായി അവരുടെ അടുക്കൽ ചെന്നപ്പോൾ ഫിർഔൻ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആൺമക്കളെ നിങ്ങൾ കൊന്നുകളയുക. അവർക്കൊരു അപമാനമായി കൊണ്ട് അവരിലെ പെൺമക്കളെ ബാക്കി വെച്ചേക്കുക. എന്നാൽ മുഅ്മിനുകളുടെ സംഘബലം കുറച്ചു കൊണ്ട് (അവരെ തകർക്കാമെന്ന) കാഫിറുകളുടെ കുതന്ത്രം നഷ്ടത്തിലേ ചെന്നവസാനിക്കുകയുള്ളൂ. അതിനൊരു ഫലവും കാണുകയില്ല.

(26) ഫിർഔൻ പറഞ്ഞു: എന്നെ നിങ്ങൾ വിടൂ. മൂസായെ അവനുള്ള ശിക്ഷയായി ഞാൻ കൊന്നു കളയട്ടെ! എന്നെ തടുത്തു നിർത്താൻ അവൻ്റെ രക്ഷിതാവിനോട് അവൻ പ്രാർത്ഥിച്ചു (നോക്കട്ടെ). അവൻ അവൻ്റെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിക്കുന്നത് എനിക്കൊരു വിഷയമേ അല്ല. നിങ്ങൾ നിലകൊള്ളുന്ന നിങ്ങളുടെ മതം അവൻ മാറ്റിമറിക്കുകയും, ഭൂമിയിൽ കൊലപാതകവും നാശവും വിതച്ചു കൊണ്ട് അവൻ കുഴപ്പം കുത്തിപ്പൊക്കുകയും ചെയ്യുമെന്നതാണ് എൻ്റെ പേടി.

(27) ഫിർഔനിൻ്റെ ഭീഷണിയെ കുറിച്ച് അറിഞ്ഞപ്പോൾ മൂസാ -ﷺ- പറഞ്ഞു: സത്യത്തിൽ നിന്നും അതിൽ വിശ്വസിക്കുന്നതിൽ നിന്നും അഹങ്കാരം നടിക്കുകയും, അന്ത്യനാളിലും അവിടെയുള്ള വിചാരണയിലും ശിക്ഷയിലും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അഹങ്കാരികളിൽ നിന്നും, എൻ്റെയും നിങ്ങളുടെയും രക്ഷിതാവിൽ ഞാൻ രക്ഷ തേടുകയും, അവനിൽ ഞാൻ ഭരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു.

(28) ഫിർഔനിൻ്റെ കുടുംബത്തിൽ പെട്ട, അല്ലാഹുവിൽ വിശ്വസിച്ചിരുന്ന, തൻ്റെ വിശ്വാസം മറച്ചു വെച്ചിരുന്ന ഒരാൾ; മൂസായെ കൊലപ്പെടുത്താനുള്ള തൻ്റെ കൂട്ടരുടെ തീരുമാനത്തെ എതിർത്തു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറഞ്ഞു എന്നതല്ലാതെ, യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരാളെ നിങ്ങൾ കൊലപ്പെടുത്തുകയോ?! അദ്ദേഹമാകട്ടെ, താൻ അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട ദൂതനാണെന്ന തൻ്റെ അവകാശവാദത്തിൻ്റെ സത്യത ബോധ്യപ്പെടുത്തുന്ന വ്യക്തമായ തെളിവുകളും പ്രമാണങ്ങളുമായാണ് നിങ്ങളിലേക്ക് വന്നിരിക്കുന്നത്. ഇനി അദ്ദേഹം കളവ് പറയുന്നവനാണെങ്കിൽ തന്നെയും, അതിൻ്റെ ഉപദ്രവം അദ്ദേഹത്തിന് തന്നെയാണ്. എന്നാൽ അദ്ദേഹം സത്യവാനാണെങ്കിൽ നിങ്ങൾക്ക് വന്നുഭവിക്കുമെന്ന് അദ്ദേഹം താക്കീത് ചെയ്തിരിക്കുന്ന ചില ശിക്ഷകളെല്ലാം നിങ്ങളെ ഈ ലോകത്തുതന്നെ ബാധിക്കുകയും ചെയ്യും. തീർച്ചയായും അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നതിൽ അതിരു കവിയുകയും, അല്ലാഹുവിൻ്റെയും അവൻ്റെ ദൂതരുടെയും മേൽ കള്ളം കെട്ടിച്ചമക്കുകയും ചെയ്തവരെ അവൻ സത്യത്തിലേക്ക് വഴിനടത്തുകയില്ല തന്നെ.

(29) എൻ്റെ ജനങ്ങളേ! ഈജിപ്തിൻ്റെ മണ്ണിൽ വിജയികളായി, അധികാരമുള്ളവരായി നിലകൊള്ളുന്നത് നിങ്ങൾ തന്നെ. എന്നാൽ മൂസായെ കൊലപ്പെടുത്തിയതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ ശിക്ഷ നമുക്ക് വന്നു കഴിഞ്ഞാൽ നമ്മെ സഹായിക്കാൻ ആരുണ്ട്?! ഫിർഔൻ പറഞ്ഞു: ഇവിടെ അവസാന അഭിപ്രായമെന്നാൽ എൻ്റെ അഭിപ്രായമാണ്. അന്തിമവിധിയും എൻ്റെ വിധി തന്നെ. (നാട്ടിൽ) കുഴപ്പവും പ്രശ്നങ്ങളും തടയുന്നതിന് മൂസായെ കൊന്നുകളയണമെന്നു തന്നെയാണ് എൻ്റെ അഭിപ്രായം. ശരിയിലേക്കും നേരായ മാർഗത്തിലേക്കുമല്ലാതെ നിങ്ങളെ ഞാൻ വഴിതെളിക്കില്ല.

(30) ആ വിശ്വസിച്ച ആൾ തൻ്റെ സമൂഹത്തെ ഗുണദോഷിച്ചു: അനീതിയായും, പകയാലും മൂസായെ നിങ്ങൾ കൊലപ്പെടുത്തിയാൽ മുൻകഴിഞ്ഞ ദൂതന്മാർക്കെതിരെ ഒത്തുചേർന്ന കക്ഷികൾക്ക് സംഭവിച്ചതു പോലുള്ള ശിക്ഷ നിങ്ങളെയും പിടികൂടുമെന്ന് ഞാൻ ഭയക്കുന്നു. അവരെയെല്ലാം അല്ലാഹു നശിപ്പിച്ചു കളഞ്ഞു.

(31) നൂഹിൻ്റെ ജനതയും, ആദ്-ഥമൂദ് ഗോത്രങ്ങളും അവർക്ക് ശേഷം വന്നവരും തങ്ങളുടെ ദൂതന്മാരെ നിഷേധിക്കുകയും അവിശ്വസിക്കുകയും ചെയ്ത അതേ രീതിക്ക് സമാനമായി. തീർച്ചയായും അവരുടെ നിഷേധത്താലും, അല്ലാഹുവിൻ്റെ ദൂതന്മാരെ കളവാക്കിയതിനാലും അല്ലാഹു അവരെയെല്ലാം നശിപ്പിച്ചു. അല്ലാഹു തൻ്റെ അടിമകൾക്ക് യാതൊരു അതിക്രമവും ഏൽപിക്കാൻ ഉദ്ദേശിക്കുന്നില്ല. അവരെ അവൻ ശിക്ഷിക്കുന്നത് അവരുടെ തിന്മകൾ കാരണം മാത്രമാണ്. അതാകട്ടെ, യോജിച്ച പ്രതിഫലവുമാണ്.

(32) എൻ്റെ ജനങ്ങളേ! നിങ്ങളുടെ കാര്യത്തിൽ പരലോകത്തെ ഞാൻ ഭയക്കുന്നു. ജനങ്ങൾ കുടുംബബന്ധങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പേരിൽ പരസ്പരം വിളിച്ചു കേഴുന്ന ദിവസം. ഭീതിദമായ ഈ അവസ്ഥയിൽ അതവർക്ക് ഉപകാരം ചെയ്യുമെന്ന ധാരണയിലാണ് ഇതെല്ലാം.

(33) നരകത്തിൽ നിന്ന് ഭയവിഹ്വലരായി നിങ്ങൾ പിന്തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ ഒരാളും അന്ന് നിങ്ങൾക്കുണ്ടായിരിക്കില്ല. അല്ലാഹു കൈവെടിയുകയും, വിശ്വാസത്തിലേക്ക് വഴിയൊരുക്കാതിരിക്കുകയും ചെയ്തവനാരോ; അവനെ നേർമാർഗത്തിലേക്ക് നയിക്കുന്ന ഒരാളുമില്ല. കാരണം, സത്യം സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകാൻ കഴിയുന്നവൻ അല്ലാഹു മാത്രമാണ്.

(34) അല്ലാഹുവിൻ്റെ ഏകത്വം ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങളുമായി മൂസാ നബിക്ക് മുമ്പ് യൂസുഫ് നിങ്ങളുടെ അടുക്കൽ വന്നിട്ടുണ്ട്. എന്നാൽ, അദ്ദേഹം കൊണ്ടു വന്നതിനെ സംശയിച്ചും നിഷേധിച്ചുമാണ് നിങ്ങൾ കഴിഞ്ഞു കൂടിയത്. അങ്ങനെ അദ്ദേഹം മരണപ്പെട്ടപ്പോൾ നിങ്ങളുടെ സംശയവും അവ്യക്തതയും വർദ്ധിച്ചു. 'യൂസുഫിന് ശേഷം ഇനിയൊരു ദൂതനെ അല്ലാഹു നിയോഗിക്കുകയില്ല' എന്നാണ് നിങ്ങൾ പറഞ്ഞത്. ഇങ്ങനെ നിങ്ങൾ സത്യത്തിൽ നിന്ന് വഴിതെറ്റിയത് പോലെ തന്നെയാണ് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ധിക്കരിക്കുന്നതിൽ അതിരുകവിയുകയും, അവൻ്റെ ഏകത്വത്തിൽ സംശയിക്കുകയും ചെയ്യുന്ന ഏവരെയും അല്ലാഹു വഴികേടിലാക്കുക.

(35) വ്യക്തമായ എന്തെങ്കിലും തെളിവോ പ്രമാണമോ വന്നു കിട്ടാതെ, അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ പരാജയപ്പെടുത്തുന്നതിനായി തർക്കിക്കുന്നവർ; അല്ലാഹുവിങ്കലും, അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരുടെ അടുക്കലും വളരെ കോപമുണ്ടാക്കുന്നതായിരിക്കുന്നു അവരുടെ ഈ തർക്കം. നമ്മുടെ ദൃഷ്ടാന്തങ്ങളെ പരാജയപ്പെടുത്തുന്നതിനായി തർക്കിക്കുന്ന ഇക്കൂട്ടരുടെ ഹൃദയങ്ങൾക്ക് നാം മുദ്ര വെച്ചതു പോലെ, സത്യത്തിൽ നിന്ന് അഹങ്കാരം നടിക്കുകയും ഗർവ്വ് പുലർത്തുകയും ചെയ്യുന്ന ഏതൊരുവൻ്റെ ഹൃദയത്തിനും അല്ലാഹു മുദ്ര വെക്കുന്നതായിരിക്കും. അവൻ ശരിയിലേക്ക് എത്തിച്ചേരുകയോ, നന്മയിലേക്ക് അവന് മാർഗദർശനം ലഭിക്കുകയോ ഇല്ല.

(36) ഫിർഔൻ തൻ്റെ മന്ത്രിയായ ഹാമാനോട് പറഞ്ഞു: അല്ലയോ ഹാമാൻ! ആ മാർഗങ്ങളിൽ എത്തിച്ചേരാൻ തക്കവണ്ണം എനിക്കായി നീയൊരു ഉന്നത സൗധം പണിതു തരൂ!

(37) (നീ പണിയുന്ന സൗധം മുഖേന) ആകാശത്തിൻ്റെ മാർഗങ്ങളിൽ ഞാനൊന്ന് എത്തിച്ചേരട്ടെ. അങ്ങനെ മൂസാ യഥാർഥ ആരാധ്യൻ എന്ന് ജൽപ്പിക്കുന്ന അവൻ്റെ ആരാധ്യനെ ഞാനൊന്ന് എത്തിനോക്കട്ടെ! തീർച്ചയായും എൻ്റെ ഊഹം മൂസാ ഈ പറയുന്നതെല്ലാം കളവാണെന്നാണ്. ഹാമാനോട് തൻ്റെ ഈ ആവശ്യം ഉന്നയിക്കുന്ന വേളയിൽ താൻ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം വളരെ നല്ലതാണെന്ന് ഫിർഔന് തോന്നിപ്പിക്കപ്പെട്ടത് ഇപ്രകാരമാണ്. അങ്ങനെ അവൻ സത്യത്തിൻ്റെ വഴിയിൽ നിന്ന് പിഴവിൻ്റെ മാർഗങ്ങളിലേക്ക് വഴിതിരിക്കപ്പെട്ടു. തൻ്റെ അസത്യത്തെ വിജയിപ്പിക്കുന്നതിനും, സത്യത്തെ പരാജയപ്പെടുത്തുന്നതിനും ഫിർഔൻ സ്വീകരിച്ച തന്ത്രമാകട്ടെ; തീർത്തും നിഷ്ഫലവുമായിരുന്നു. കാരണം, അവൻ്റെ പരിശ്രമങ്ങൾ നഷ്ടത്തിലും, അസ്ഥിരതയിലും, അവസാനമില്ലാത്ത ദൗർഭാഗ്യത്തിലുമായിരിക്കും പര്യവസാനിക്കുക.

(38) ഫിർഔനിൻ്റെ കുടുംബത്തിൽ പെട്ട വിശ്വാസിയായ ആ വ്യക്തി തൻ്റെ ജനതയെ ഉപദേശിച്ചു കൊണ്ടും, അവർക്ക് നേർവഴി കാട്ടിക്കൊണ്ടും പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ എന്നെ പിൻപറ്റുക! ഞാൻ നിങ്ങൾക്ക് ശരിയുടെ മാർഗം കാണിച്ചു തരികയും, അതിലേക്ക് നിങ്ങളെ നയിക്കുകയും, സത്യമാർഗം പിൻപറ്റാൻ സഹായിക്കുകയും ചെയ്യാം.

(39) എൻ്റെ ജനങ്ങളേ! തീർച്ചയായും ഈ ഐഹികജീവിതം നശിച്ചു പോകാനിരിക്കുന്ന ചില ആസ്വാദനങ്ങളുടെ അനുഭവങ്ങൾ മാത്രമാണ്. ഇവിടെയുള്ള തുഛമായ വിഭവങ്ങൾ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ! തീർച്ചയായും പരലോകഭവനമാകുന്നു സ്ഥിരവാസവും നിലനിൽപ്പുമുള്ള ഗേഹം. കാരണം, അവിടെയുള്ള അനുഗ്രഹങ്ങളെല്ലാംതന്നെ അവസാനിക്കാതെ, ശാശ്വതമായി നിലനിൽക്കുന്നതാണ്. അതിനാൽ അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് നിങ്ങൾ അതിന് വേണ്ടി പരിശ്രമിക്കുക. പാരത്രിക ലോകത്തിന് വേണ്ടിയുള്ള പരിശ്രമത്തിൽ നിന്ന് ഐഹിക ജീവിതം നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ!

(40) ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവൻ ചെയ്തതിന് തുല്യമായ ശിക്ഷയേ അവന് നൽകപ്പെടുകയുള്ളൂ. അവൻ്റെ ശിക്ഷ (ചെയ്ത തിന്മയെക്കാൾ) വർദ്ധിപ്പിക്കപ്പെടുകയില്ല. ആരെങ്കിലും അല്ലാഹുവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് ഒരു നന്മ പ്രവർത്തിച്ചാൽ -അതൊരു പുരുഷനോ സ്ത്രീയോ ആകട്ടെ-; അവൻ അല്ലാഹുവിലും അവൻറെ ദൂതരിലും വിശ്വസിക്കുന്നവനാണെങ്കിൽ; ഈ സ്തുത്യർഹമായ വിശേഷണങ്ങൾ ഉള്ളവരാണ് അവരെങ്കിൽ അവർ പരലോകത്ത് സ്വർഗത്തിൽ പ്രവേശിക്കുന്നതായിരിക്കും. അവിടെ അല്ലാഹു അവർക്കായി ഒരുക്കി വെച്ചിരിക്കുന്ന ഫലവർഗങ്ങളും ശാശ്വതമായ സുഖാനുഗ്രഹങ്ങളും കണക്കില്ലാതെ അവനവർക്ക് നൽകുന്നതായിരിക്കും. അവയൊന്നും ഒരിക്കലും അവസാനിക്കുകയില്ല.

(41) എൻ്റെ ജനങ്ങളേ! അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടും ഇഹലോകത്തും പരലോകത്തുമുള്ള നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ ഞാൻ ക്ഷണിക്കുമ്പോൾ, നിങ്ങളെങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിച്ചു കൊണ്ടും അവനെ ധിക്കരിച്ചും നരകത്തിൽ പ്രവേശിക്കാൻ എന്നെ ക്ഷണിക്കുക?!

(42) നിങ്ങളെന്നെ ക്ഷണിക്കുന്നത് നിങ്ങളുടെ അസത്യത്തിലേക്കാണ്. അങ്ങനെ ഞാൻ അല്ലാഹുവിൽ അവിശ്വസിക്കുകയും, അവനോടൊപ്പം ആരാധിക്കപ്പെടാൻ പാടുണ്ടോ എന്നതിൽ എനിക്കൊരു ഉറപ്പുമില്ലാത്തവയെ ആരാധിക്കുവാനുമാണ് (നിങ്ങൾ ആവശ്യപ്പെടുന്നത്). ആർക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത പ്രതാപശാലിയും (അസീസ്) തൻ്റെ അടിമകൾക്ക് വിശാലമായി പൊറുത്തു കൊടുക്കുന്നവനുമായ (ഗഫ്ഫാർ) അല്ലാഹുവിൽ വിശ്വസിക്കാനാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്.

(43) നിങ്ങൾ എന്നോട് വിശ്വസിക്കാനും അനുസരിക്കാനും കൽപ്പിക്കുന്നവർ; അവർ ഇഹലോകത്തോ പരലോകത്തോ പ്രാർത്ഥിക്കപ്പെടാൻ യാതൊരു അർഹതയും ഇല്ലാത്തവരാണെന്നത് തീർച്ച! അവരെ വിളിച്ചു പ്രാർത്ഥിച്ചവർക്ക് അവർ ഉത്തരം നൽകുകയുമില്ല. നമ്മുടെയെല്ലാം മടക്കം അല്ലാഹുവിലേക്ക് മാത്രമാണെന്നതും, നിഷേധത്തിലും തിന്മകളിലും അതിരുകവിഞ്ഞവർ തന്നെയാണ് നരകാവകാശികൾ എന്നതും തീർച്ച തന്നെ. (നരകാവകാശികൾ); പരലോകത്ത് അവരതിൽ ശാശ്വതവാസികളായിരിക്കും.

(44) അപ്പോൾ അവർ ആ ഉപദേശം തള്ളിക്കളഞ്ഞു. അദ്ദേഹം പറഞ്ഞു: ഞാൻ നിങ്ങൾക്ക് നൽകിയ ഉപദേശം നിങ്ങൾ ഓർക്കുന്നതാണ്. ഇത് സ്വീകരിക്കാതെ പോയതിൽ നിങ്ങളന്ന് ഖേദിക്കുകയും ചെയ്യും. എൻ്റെ കാര്യങ്ങളെല്ലാം ഞാൻ അല്ലാഹുവിൽ മാത്രം ഭരമേൽപ്പിക്കുന്നു. തീർച്ചയായും അല്ലാഹുവിന് തൻ്റെ ദാസന്മാരുടെ ഒരു പ്രവർത്തനവും അവ്യക്തമാവുകയില്ല.

(45) അദ്ദേഹത്തെ കൊന്നുകളയാനുള്ള അവരുടെ കുതന്ത്രത്തിൽ നിന്ന് അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. മുക്കി നശിപ്പിക്കപ്പെടുക എന്ന ശിക്ഷ ഫിർഔനിൻ്റെ കൂട്ടരെ ഒന്നടങ്കം വലയം ചെയ്തു. തീർച്ചയായും അല്ലാഹു അവനെയും അവൻ്റെ സൈന്യത്തെയും ഒന്നടങ്കം ഇഹലോകത്ത് തന്നെ മുക്കി നശിപ്പിച്ചു.

(46) മരണശേഷം -തങ്ങളുടെ ഖബ്റുകളിൽ- രാവിലെയും വൈകുന്നേരവും നരകത്തിന് മുന്നിൽ അവർ പ്രദർശിപ്പിക്കപ്പെടും. അന്ത്യനാളിൽ പറയപ്പെടും: ഫിർഔനിൻ്റെ കൂട്ടാളികളെ നിങ്ങൾ ഏറ്റവും കടുത്തതും കഠിനവുമായ ശിക്ഷയിൽ പ്രവേശിപ്പിക്കുക. അവർ നിഷേധിക്കുകയും (സത്യത്തെ) കളവാക്കുകയും അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാലാണത്.

(47) അല്ലാഹുവിൻ്റെ റസൂലേ! നരകത്തിൽ നേതാക്കന്മാരും അനുയായികളും നടത്തുന്ന തർക്കം നീ പറഞ്ഞു കൊടുക്കുക. അവിടെ ദുർബലരായ അനുയായികൾ അഹങ്കാരികളായിരുന്ന നേതാക്കന്മാരോട് പറയും: തീർച്ചയായും ഞങ്ങൾ നിങ്ങളുടെ വഴിപിഴവിൽ നിങ്ങളെ പിൻപറ്റിയിരുന്നവരായിരുന്നല്ലോ?! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് ഏതെങ്കിലുമൊന്ന് ഞങ്ങളിൽ നിന്ന് വഹിച്ചു കൊണ്ട് ഞങ്ങളെ സഹായിക്കാമോ?!

(48) അഹങ്കാരികളായിരുന്ന നേതാക്കന്മാർ പറയും: നാമെല്ലാം -നേതാവും അനുയായിയുമെല്ലാം- നരകത്തിൽ തന്നെ. നമ്മളിലാരും മറ്റൊരാളുടെയും ശിക്ഷയിൽ നിന്ന് എന്തെങ്കിലും ഏറ്റെടുക്കുകയില്ല. തീർച്ചയായും അല്ലാഹു സൃഷ്ടികൾക്കിടയിൽ വിധിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോരുത്തർക്കും അർഹമായത് അവൻ നൽകിയിരിക്കുന്നു.

(49) നരകത്തിൽ നിന്ന് രക്ഷപ്പെടാനും ഇഹലോകത്തേക്ക് തിരിച്ചു പോകാനും പശ്ചാത്തപിക്കുവാനും കഴിയില്ലെന്ന് (ബോധ്യപ്പെടുകയും) നിരാശരാവുകയും ചെയ്താൽ അവിടെ ശിക്ഷിക്കപ്പെടുന്ന നേതാക്കളും അനുയായികളുമെല്ലാം നരകത്തിൻ്റെ കാവൽക്കാരായ മലക്കുകളോട് പറയും: നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർത്ഥിക്കുക! ഈ അവസാനിക്കാത്ത ശിക്ഷയിൽ നിന്ന് ഒരു ദിവസമെങ്കിലും അവൻ ഞങ്ങൾക്കൊന്ന് ഇളവ് നൽകട്ടെ.

(50) (അല്ലാഹുവിനെ) നിഷേധിച്ചവരോട് നരകത്തിൻ്റെ കാവൽക്കാരായ മലക്കുകൾ പറയും: വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി നിങ്ങളിലേക്ക് ദൂതന്മാർ വന്നിട്ടില്ലായിരുന്നുവോ?! നിഷേധികൾ പറയും: അതെ. അവർ വ്യക്തമായ പ്രമാണങ്ങളും തെളിവുകളുമായി ഞങ്ങളുടെ അടുക്കൽ വന്നിരുന്നു. പരിഹാസത്തോടെ മലക്കുകൾ അവരോട് പറയും: എങ്കിൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചു കൊള്ളുക. ഞങ്ങൾ ഒരിക്കലും (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് വേണ്ടി ശുപാർശ പറയുകയില്ല. കാഫിറുകളുടെ പ്രാർത്ഥന നഷ്ടത്തിലും വൃഥാവിലുമേ ആവുകയുള്ളൂ. അവർ (അല്ലാഹുവിനെ) നിഷേധിച്ചു എന്നതിനാൽ അതവരിൽ നിന്ന് സ്വീകരിക്കപ്പെടുകയില്ല.

(51) തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരെയും ഇഹലോകത്തും പരലോകത്തും സഹായിക്കും. ഇഹലോകത്ത് അവർക്ക് പ്രാമാണികമായ വിജയവും, അവരുടെ ശത്രുക്കൾക്കെതിരെ പിൻബലവും നാം നൽകും. പരലോകത്താകട്ടെ, അവരെ സ്വർഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും, ഇഹലോകത്തെ അവരുടെ എതിരാളികളെ നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും നാമവരെ സഹായിക്കും. (അല്ലാഹുവിൻ്റെ സന്ദേശം ജനങ്ങൾക്ക്) എത്തിയിട്ടുണ്ടെന്നും, നിഷേധികളായ സമൂഹം അവയെ തള്ളിക്കളയുകയുമാണ് ഉണ്ടായത് എന്ന കാര്യം നബിമാരും മലക്കുകളും സാക്ഷ്യം വഹിച്ചതിന് ശേഷമായിരിക്കും അതുണ്ടാവുക.

(52) (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ തങ്ങളുടെ അതിക്രമങ്ങൾക്ക് പറയുന്ന ഒഴിവുകഴിവുകൾ ഉപകാരപ്പെടാത്ത ദിനം. അന്നേ ദിവസം അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് അവർ ആട്ടിയോടിക്കപ്പെടും. പരലോകത്ത് അനുഭവിക്കേണ്ടി വരുന്ന വേദനാജനകമായ ശിക്ഷയാൽ ചീത്തഭവനവും അവർക്കായിരിക്കും.

(53) ഇസ്രാഈൽ സന്തതികൾക്ക് സത്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന വിജ്ഞാനം മൂസാക്ക് നാം നൽകി. അവർക്കിടയിൽ തലമുറ തോറും അനന്തരമായി കൈമാറപ്പെടുന്ന ഗ്രന്ഥമായി തൗറാത്തിനെ നാം നിശ്ചയിക്കുകയും ചെയ്തു.

(54) ശരിയായ ബുദ്ധിയുള്ളവർക്ക് സത്യത്തിൻ്റെ വഴിയിലേക്കുള്ള മാർഗദർശനവും, ഉൽബോധനവുമായി കൊണ്ട്.

(55) അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന നിഷേധത്തിലും ഉപദ്രവങ്ങളിലും ക്ഷമിക്കുക! തീർച്ചയായും താങ്കളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യം തന്നെയാകുന്നു; അതിൽ യാതൊരു സംശയവുമില്ല. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പശ്ചാത്തപിക്കുക. താങ്കളുടെ രക്ഷിതാവിൻ്റെ സ്തുതികീർത്തനങ്ങൾ രാവിലെയും വൈകുന്നേരവും പ്രകീർത്തിക്കുകയും ചെയ്യുക.

(56) തീർച്ചയായും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ തകർക്കാൻ ശ്രമിച്ചു കൊണ്ട്, -അല്ലാഹുവിൽ നിന്ന് വന്നെത്തിയ- ഒരു തെളിവോ പ്രമാണമോ ഇല്ലാതെ അതിൽ തർക്കത്തിൽ ഏർപ്പെടുന്നവർ; അവരെ അതിന് പ്രേരിപ്പിക്കുന്നത് സത്യത്തിന് മേൽ ഔന്നത്യവും അഹങ്കാരവും നടിക്കണമെന്ന ചിന്തയല്ലാതെ മറ്റൊന്നുമല്ല. അവർ ഉദ്ദേശിക്കുന്ന ആ ഔന്നത്യം ഒരിക്കലും അവർക്ക് നേടിയെടുക്കാൻ കഴിയില്ല. അതിനാൽ -അല്ലാഹുവിൻറെ റസൂലേ!- താങ്കൾ അല്ലാഹുവിൻറെ മേൽ ഭരമേൽപ്പിക്കുക! തീർച്ചയായും അവൻ തൻറെ ദാസന്മാരുടെ വാക്കുകൾ നന്നായി കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ നന്നായി കണ്ടറിയുന്നവനും (ബസ്വീർ) ആകുന്നു. അതിലൊന്നും അവൻറെ പക്കൽ നിന്ന് നഷ്ടപ്പെട്ടു പോവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

(57) ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുക എന്നതാണ് മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ വലുത്. അത്ര മാത്രം ഭീമാകാരവും വിശാലവുമാണ് അവ രണ്ടും. മരിച്ചവരെ അവരുടെ ഖബ്റുകളിൽ നിന്ന് വിചാരണക്കും പ്രതിഫലത്തിനുമായി പുനരുജ്ജീവിപ്പിക്കാൻ ഭീമാകാരമായ ഈ ആകാശഭൂമികളെ സൃഷ്ടിച്ചവൻ കഴിവുള്ളവനാണ്.എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അത് മനസ്സിലാക്കുകയോ, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയോ, ഇത്ര വ്യക്തമായ ദൃഷ്ടാന്തങ്ങളെ പുനരുത്ഥാനത്തിനുള്ള തെളിവായി പരിഗണിക്കുകയോ ചെയ്യുന്നില്ല.

(58) കാണാൻ കഴിവുള്ളവനും, അതിന് കഴിവില്ലാത്തവനും സമമാവുകയില്ല. അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതരെ സത്യപ്പെടുത്തുകയും തങ്ങളുടെ പ്രവർത്തനങ്ങൾ നന്നാക്കുകയും ചെയ്തവർ, തെറ്റായ വിശ്വാസം വെച്ചു പുലർത്തിയും തിന്മകൾ ചെയ്തും തങ്ങളുടെ പ്രവർത്തനങ്ങൾ മോശമാക്കിയവർക്ക് തുല്യവുമാകില്ല. നിങ്ങൾ വളരെ കുറച്ച് മാത്രമേ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. കാരണം, നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ ഈ രണ്ട് വിഭാഗത്തിനുമിടയിൽ വ്യക്തമായ വേർതിരിവുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു; അങ്ങനെ, അല്ലാഹുവിൻ്റെ തൃപ്തി തേടിക്കൊണ്ട്, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരോടൊപ്പമാകാനും നിങ്ങൾ പരിശ്രമിക്കുമായിരുന്നു.

(59) തീർച്ചയായും അല്ലാഹു മനുഷ്യരെ വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേൽപ്പിക്കുന്ന അന്ത്യനാൾ തീർച്ചയായും സംഭവിക്കാനുള്ളത് തന്നെയാണ്. അതിൽ യാതൊരു സംശയവുമില്ല. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അത് സംഭവിക്കുമെന്ന കാര്യം വിശ്വസിക്കുന്നവരല്ല. അതു കൊണ്ടാണ് അവർ അതിനായി മുന്നൊരുക്കം നടത്താത്തത്.

(60) ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നെ മാത്രം ആരാധിക്കുകയും, എന്നോട് മാത്രം (നിങ്ങളുടെ ആവശ്യങ്ങൾ) ചോദിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, നിങ്ങൾക്ക് പൊറുത്തു തരികയും, നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുകയും ചെയ്യാം. തീർച്ചയായും എന്നെ മാത്രം ആരാധിക്കുന്നതിൽ അഹങ്കാരം നടിക്കുന്നവർ പരലോകത്ത് നിന്ദ്യരും നികൃഷ്ടരുമായി നരകത്തിൽ പ്രവേശിക്കുന്നതാണ്.

(61) അല്ലാഹു; അവനാകുന്നു നിങ്ങൾക്ക് താമസിക്കുവാനും വിശ്രമിക്കാനും തക്കവണ്ണം രാത്രിയെ ഇരുട്ടുള്ളതാക്കി തന്നതും, പകലിനെ നിങ്ങൾക്ക് ജോലിയെടുക്കാൻ തക്കവണ്ണം പ്രകാശവും വെളിച്ചവുമുള്ളതാക്കി തന്നതും. തീർച്ചയായും, അല്ലാഹു ജനങ്ങളോട് ധാരാളമായി ഔദാര്യം ചൊരിയുന്നവനാകുന്നു; പ്രത്യക്ഷവും പരോക്ഷവുമായ അവൻ്റെ അനുഗ്രഹങ്ങൾ ധാരാളമായി അവരുടെ മേൽ അവൻ കോരിച്ചൊരിഞ്ഞിരിക്കുന്നു. എന്നാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവരല്ല.

(62) നിങ്ങൾക്ക് അനുഗ്രഹങ്ങൾ ഔദാര്യമായി നൽകിയവൻ; അവനാകുന്നു അല്ലാഹു. എല്ലാത്തിൻ്റെയും സ്രഷ്ടാവാകുന്നു അവൻ. അവനല്ലാതെ ഒരു സ്രഷ്ടാവില്ല. അവനല്ലാതെ ആരാധനക്ക് അർഹതയുള്ള മറ്റാരുമില്ല. അപ്പോൾ, എങ്ങനെയാണ് അവനെ മാത്രം ആരാധിക്കുക എന്നതിൽ നിന്ന് ഒരു ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്താത്തവരെ ആരാധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങൾ മാറിപ്പോകുന്നത്?!

(63) അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുന്നതിൽ നിന്ന് ഇക്കൂട്ടർ തെറ്റിക്കപ്പെട്ടതു പോലെ, (ആരാധ്യതയിൽ) അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന തെളിവുകളെ നിഷേധിച്ചവർ -എല്ലായിടത്തും എല്ലാ കാലവും- (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടും. അവർ സത്യത്തിലേക്ക് വഴിനയിക്കപ്പെടുകയോ, സന്മാർഗത്തിലേക്ക് എത്താനുള്ള സൗഭാഗ്യം അവർക്ക് നൽകപ്പെടുകയോ ഇല്ല.

(64) ജനങ്ങളേ! അല്ലാഹുവാകുന്നു ഭൂമിയെ നിങ്ങൾക്ക് വസിക്കാൻ കഴിയുന്ന വണ്ണം ഒരുക്കി നൽകിയതും, ആകാശത്തെ ഉറച്ചു നിൽക്കുന്ന മേൽക്കൂരയായി നിങ്ങൾക്ക് മുകളിൽ -താഴെ വീഴാതെ- നിർത്തിയതും. നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ അവൻ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ നിങ്ങളുടെ രൂപങ്ങൾ അവൻ നല്ലതാക്കി. ഭക്ഷ്യവിഭവങ്ങളിൽ അനുവദനീയവും വിശിഷ്ടവുമായത് നിങ്ങൾക്കവൻ ഉപജീവനമായി നൽകി. ഈ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് നൽകിയവൻ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോൾ എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു. അവനല്ലാതെ മറ്റൊരു രക്ഷിതാവും അവർക്കില്ല.

(65) ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ (ഹയ്യ്) അവനാകുന്നു. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അതിനാൽ അവൻ്റെ തിരുവദനം മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവനെ നിങ്ങൾ ആരാധിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുക. അവൻ്റെ സൃഷ്ടികളിൽ ഒന്നിനെയും അവൻ്റെ പങ്കാളികളാക്കി നിങ്ങൾ നിശ്ചയിക്കരുത്. എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് സർവ്വ സ്തുതികളും.

(66) അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും അല്ലാഹുവിന് പുറമെയുള്ള, ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അല്ലാഹു എന്നെ വിലക്കിയിരിക്കുന്നു. കാരണം, ഇവയെ ആരാധിക്കുന്നതിൻ്റെ നിരർഥകത ബോധ്യപ്പെടുത്തുന്ന തെളിവുകളും പ്രമാണങ്ങളും എനിക്ക് വന്നു കിട്ടിയിരിക്കുന്നു. അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് അവന് കീഴൊതുങ്ങാൻ അല്ലാഹു എന്നോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവ്. അവന് പുറമെ മറ്റൊരു രക്ഷിതാവില്ല.

(67) അവനാകുന്നു നിങ്ങളുടെ (ആദ്യ)പിതാവ് ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. പിന്നെ അവൻ നിങ്ങളുടെ സൃഷ്ടിപ്പ് ബീജകണത്തിൽ നിന്നും, ശേഷം കട്ടപിടിച്ച രക്തമായ ഭ്രൂണത്തിൽ നിന്നുമായി നിശ്ചയിച്ചു. പിന്നെ, അതിന് ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ നിന്ന് ചെറിയ കുഞ്ഞുങ്ങളായി അവൻ നിങ്ങളെ പുറത്തു കൊണ്ടു വരുന്നു. ശേഷം നിങ്ങൾ ശാരീരികമായ പൂർണ്ണ ശക്തിയിൽ എത്തിച്ചേരുന്നു. അതിന് ശേഷം നിങ്ങൾക്ക് വയസാവുകയും നിങ്ങൾ വൃദ്ധരായി തീരുകയും ചെയ്യുന്നു. വാർദ്ധക്യം എത്തുന്നതിന് മുൻപ് മരിക്കുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അല്ലാഹുവിൻ്റെ അറിവിൽ നിർണ്ണയിക്കപ്പെട്ട ഒരു അവധി വരെ അങ്ങനെ നിങ്ങൾ എത്തുന്നു; അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യില്ല. അല്ലാഹുവിൻ്റെ ശക്തിയുടെയും ഏകത്വത്തിൻ്റെയും തെളിവുകളും പ്രമാണങ്ങളുമായ ഈ കാര്യങ്ങളെ കുറിച്ച് ഒരു വേള നിങ്ങൾ ചിന്തിച്ചേക്കാമല്ലോ?!

(68) ജീവൻ നൽകുക എന്നത് അവൻ്റെ നിയന്ത്രണത്തിൽ മാത്രമാകുന്നു. മരിപ്പിക്കുക എന്നതും അവൻ്റെ മാത്രം നിയന്ത്രണത്തിൽ തന്നെ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു.

(69) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ സുവ്യക്തമായ ആയത്തുകളെ നിഷേധിച്ചു കൊണ്ട് അവയുടെ കാര്യത്തിൽ തർക്കിക്കുന്നവരെ താങ്കൾ കണ്ടില്ലേ?! സത്യം ഇത്ര വ്യക്തമായിട്ടും അതിൽ നിന്ന് അവർ തിരിഞ്ഞു കളയുന്നതിൽ നീ അത്ഭുതപ്പെടുക തന്നെ ചെയ്യും.

(70) ഖുർആനിനെയും, നമ്മുടെ ദൂതന്മാരോടൊപ്പം നാം അയച്ച സത്യത്തെയും നിഷേധിച്ചവരത്രെ അവർ. തങ്ങളുടെ നിഷേധത്തിൻ്റെ ഫലം അവർ അറിയുന്നതാണ്. മോശം അന്ത്യവും അവർക്ക് സംഭവിക്കുന്നതാണ്.

(71) കഴുത്തിൽ കുരുക്കുകളും, കാലുകളിൽ ചങ്ങലകളുമായി ശിക്ഷയുടെ മലക്കുകൾ -സബാനിയ്യഃ- അവരെ വലിച്ചിഴക്കുന്ന വേളയിൽ തങ്ങളുടെ നിഷേധത്തിൻ്റെ പര്യവസാനം അവർ അറിയുന്നതാണ്.

(72) അങ്ങേയറ്റം ചുട്ടു തിളക്കുന്ന ചൂടു വെള്ളത്തിലൂടെ അവർ വലിച്ചിഴക്കപ്പെടും. പിന്നെ അവർ നരകത്തിൽ എരിക്കപ്പെടുകയും ചെയ്യും.

(73) ശേഷം അവരുടെ സങ്കടം വർദ്ധിപ്പിച്ചു കൊണ്ടും,അവരെ പരിഹസിച്ചുകൊണ്ടും പറയപ്പെടും: നിങ്ങൾ ആരാധിച്ചു കൊണ്ടിരുന്ന, ആരാധ്യന്മാരെന്ന് നിങ്ങൾ ജൽപ്പിച്ചിരുന്നവർ എവിടെ?!

(74) അല്ലാഹുവിന് പുറമെ (നിങ്ങൾ ആരാധിച്ചിരുന്ന) ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത നിങ്ങളുടെ വിഗ്രഹങ്ങൾ?! (അല്ലാഹുവിനെ) നിഷേധിച്ചവർ പറയും: അവരെല്ലാം ഞങ്ങളെ വിട്ടുപോയി. അവരെയിപ്പോൾ ഞങ്ങൾ കാണുന്നേയില്ല. അല്ല! ഇഹലോകത്തായിരിക്കെ ആരാധിക്കപ്പെടാൻ അർഹതയുള്ള ഒന്നിനെയുമല്ല ഞങ്ങൾ ആരാധിച്ചത്. ഇക്കൂട്ടരെ വഴികേടിലാക്കിയത് പോലെയാണ് അല്ലാഹു (അവനെ) നിഷേധിച്ചവരെ -എല്ലായിടത്തും എല്ലാ കാലവും- സത്യത്തിൽ നിന്ന് വഴികേടിലാക്കുക.

(75) അവരോട് പറയപ്പെടും: നിങ്ങൾ നിലകൊണ്ടിരുന്ന ബഹുദൈവാരാധനയുടെ പേരിൽ ആഘോഷിക്കുകയും, അമിതമായി ആഹ്ളാദിക്കുകയും ചെയ്തതിൻ്റെ ഫലമാണ് ഈ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ.

(76) നരകത്തിലെ ശാശ്വതവാസികളായി, അതിൻ്റെ കവാടങ്ങളിലൂടെ പ്രവേശിച്ചു കൊള്ളുക. അഹങ്കാരികളുടെ സങ്കേതം എത്ര മോശമായിരിക്കുന്നു!

(77) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ താങ്കളുടെ സമൂഹത്തിൻ്റെ ഉപദ്രവങ്ങളിലും നിഷേധത്തിലും താങ്കൾ ക്ഷമിക്കുക. തീർച്ചയായും താങ്കൾക്ക് വിജയം നൽകുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാകുന്നു; അതിൽ യാതൊരു സംശയവുമില്ല. അവർക്ക് നാം താക്കീത് ചെയ്ത ശിക്ഷയിൽ ചിലത് താങ്കളുടെ ജീവിതകാലത്ത് തന്നെ നാം കാണിച്ചു തന്നേക്കാം; ബദ്ർ യുദ്ധ ദിനം സംഭവിച്ചത് ഉദാഹരണം. അല്ലെങ്കിൽ, അതിന് മുൻപ് താങ്കളെ നാം മരിപ്പിച്ചേക്കാം. അപ്പോൾ നമ്മുടെ അടുക്കലേക്ക് തന്നെയാണ് അവർ മടങ്ങി വരുന്നത്. അവിടെ അവരുടെ പ്രവർത്തനങ്ങൾക്ക് നാം പ്രതിഫലം നൽകുകയും, ശാശ്വതവാസികളായി അവരെ നാം നരകത്തിൽ പ്രവേശിപ്പിക്കുന്നതുമായിരിക്കും.

(78) അല്ലാഹുവിൻറെ റസൂലേ! താങ്കൾക്ക് മുൻപ് ധാരാളം ദൂതന്മാരെ അവരവരുടെ സമുദായങ്ങളിലേക്ക് നാം നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവർ തങ്ങളുടെ ദൂതന്മാരെ നിഷേധിക്കുകയും അവർക്ക് ഉപദ്രവങ്ങളേൽപ്പിക്കുകയും ചെയ്തു. അങ്ങനെ ആ ദൂതന്മാർ തങ്ങളുടെ സമൂഹത്തിൻറെ നിഷേധവും ഉപദ്രവങ്ങളും ക്ഷമിക്കുകയുണ്ടായി. ഈ ദൂതന്മാരിൽ ചിലരുടെ ചരിത്രം താങ്കൾക്ക് നാം വിവരിച്ചു തന്നിട്ടുണ്ട്. അവരിൽ മറ്റു ചിലരുടെ ചരിത്രം നാം അറിയിച്ചു തന്നിട്ടുമില്ല. അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ ഒരു ദൂതനും തങ്ങളുടെ സമൂഹത്തിന് തൻറെ രക്ഷിതാവിൽ നിന്ന് എന്തെങ്കിലും ദൃഷ്ടാന്തവുമായി വരാൻ കഴിയില്ല. അതു കൊണ്ട് തന്നെ നബിമാരോട് ദൃഷ്ടാന്തങ്ങൾ കൊണ്ടു വരാൻ ആവശ്യപ്പെട്ട ഓരോ സമൂഹവും ചെയ്തത് അന്യായമാണ്. (നബിമാർക്ക്) വിജയം നൽകിക്കൊണ്ടോ, പരലോകത്ത് അവർക്കും അവരുടെ സമൂഹങ്ങൾക്കുമിടയിൽ തീരുമാനം പ്രഖ്യാപിച്ചു കൊണ്ടോ ഉള്ള അല്ലാഹുവിൻറെ കൽപ്പന വന്നു കഴിഞ്ഞാൽ അവൻ അവർക്കിടയിൽ നീതിപൂർവ്വം വിധി കൽപ്പിക്കുന്നതാണ്. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ നശിപ്പിക്കപ്പെടുകയും, അല്ലാഹുവിൻറെ ദൂതന്മാർ രക്ഷപ്പെടുകയും ചെയ്യും. അല്ലാഹു അടിമകൾക്കിടയിൽ വിധി കൽപ്പിക്കുന്ന ആ വേളയിൽ അസത്യവാദികൾ നഷ്ടത്തിലാവുകയും ചെയ്യും; തങ്ങളുടെ നിഷേധം കാരണത്താൽ സ്വന്തങ്ങളെ അവർ നാശകരമായ ഇടങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നു.

(79) അല്ലാഹു; അവനാകുന്നു നിങ്ങൾക്ക് ഒട്ടകത്തെയും ആടുമാടുകളെയും നിശ്ചയിച്ചു നൽകിയവൻ; അവയിൽ ചിലതിനെ നിങ്ങൾ വാഹനമായി ഉപയോഗിക്കുന്നതിനും, മറ്റു ചിലതിൻ്റെ മാംസം നിങ്ങൾക്ക് ഭക്ഷിക്കുന്നതിനും വേണ്ടി.

(80) ഈ സൃഷ്ടികളിലെല്ലാം നിങ്ങൾക്ക് വ്യത്യസ്തങ്ങളായ -ഓരോ കാലഘട്ടത്തിലും മാറിമാറി വരുന്ന- പ്രയോജനങ്ങളുണ്ട്. അവയെ കൊണ്ട് നിങ്ങളുടെ മനസ്സുകളിൽ ആഗ്രഹിക്കുന്ന അനേകം ആവശ്യങ്ങൾ നിങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നു. അതിൽ പ്രധാനപ്പെട്ടത് കരയിലൂടെയും കടലിലൂടെയുമുള്ള നിങ്ങളുടെ സഞ്ചാരം തന്നെ.

(81) അല്ലാഹു അവൻ്റെ ശക്തിയും ഏകത്വവും ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നു. അപ്പോൾ അവൻ്റെ ഏത് ദൃഷ്ടാന്തങ്ങളെയാണ് -അവ നിങ്ങളുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങളാണെന്ന് ബോധ്യപ്പെട്ട ശേഷവും- നിങ്ങൾ അംഗീകരിക്കാതിരിക്കുന്നത്?!

(82) ഈ നിഷേധികൾ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?! അങ്ങനെ അവർക്ക് മുൻപ് കഴിഞ്ഞു പോയ നിഷേധികളായ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നവർ ചിന്തിക്കുകയും, അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും ചെയ്യുന്നില്ലേ?! (നശിപ്പിക്കപ്പെട്ട) ആ സമൂഹങ്ങൾ ഇവരെക്കാൾ സമ്പാദ്യവും ശക്തിയുമുള്ളവരും, ഭൂമിയിൽ (ഇവരെക്കാൾ ശക്തമായ) അടയാളങ്ങൾ ബാക്കിവെച്ചവരുമായിരുന്നു. എന്നാൽ -അവരെ നശിപ്പിച്ചു കളയുന്ന- അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തിയപ്പോൾ നേടിയെടുത്ത കരുത്തൊന്നും അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല.

(83) വ്യക്തമായ തെളിവുകളുമായി അവരുടെ ദൂതന്മാർ അവരെ സമീപിച്ചപ്പോൾ അവരതിനെ കളവാക്കി. നബിമാർ കൊണ്ടു വന്നതിന് എതിരു നിൽക്കുന്ന, അവരുടെ പക്കലുള്ള (ചില) വിജ്ഞാനങ്ങളിൽ അവർ തൃപ്തിയടഞ്ഞു. അങ്ങനെ അവരുടെ ദൂതന്മാർ അവരെ ഭയപ്പെടുത്തി കൊണ്ടിരുന്ന ശിക്ഷ -അവർ പരിഹസിച്ചു തള്ളിയിരുന്ന അതേ ശിക്ഷ- അവരുടെ മേൽ വന്നു ഭവിച്ചു.

(84) നമ്മുടെ ശിക്ഷ കണ്ടപ്പോൾ -(സത്യം) അംഗീകരിക്കേണ്ട സമയം കഴിഞ്ഞതിനു ശേഷം, (നബിമാരെ) അംഗീകരിച്ചു കൊണ്ട്- അവർ പറഞ്ഞു: ഞങ്ങളിതാ അല്ലാഹുവിൽ മാത്രം വിശ്വസിച്ചിരിക്കുന്നു. അവന് പുറമെ ഞങ്ങൾ ആരാധിച്ചിരുന്ന പങ്കുകാരെയും വിഗ്രഹങ്ങളെയും ഞങ്ങളിതാ നിഷേധിക്കുകയും ചെയ്തിരിക്കുന്നു.

(85) നമ്മുടെ ശിക്ഷ കണ്മുന്നിൽ സംഭവിക്കുന്നത് കണ്ടപ്പോഴുള്ള അവരുടെ വിശ്വാസം യാതൊരു ഉപകാരവും ചെയ്തില്ല. തൻ്റെ ദാസന്മാരുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമമാകുന്നു ഇത്; ശിക്ഷ നേരിൽ കണ്ടതിന് ശേഷം അവർ വിശ്വസിക്കുന്നത് അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല എന്നതാണത്. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചും, ശിക്ഷ നേരിൽ കാണുന്നതിന് മുൻപ് പശ്ചാത്തപിക്കാതെയും സ്വന്തത്തെ നാശത്തിൻ്റെ ഇടങ്ങളിൽ എത്തിച്ച ആ നിഷേധികൾ അവൻ്റെ ശിക്ഷ ഇറങ്ങിയപ്പോൾ (വ്യക്തമായ) നഷ്ടത്തിലായി.