49 - Al-Hujuraat ()

|

(1) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ റസൂലിനെ വാക്കു കൊണ്ടോ പ്രവർത്തിയാലോ നിങ്ങൾ മുൻകടക്കരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങളുടെ വാക്കുകൾ എല്ലാം കേൾക്കുന്ന 'സമീഉം', നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുന്ന 'അലീമും'മാകുന്നു. അവന് അതിലൊന്നും മറഞ്ഞു പോവുകയില്ല; അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.

(2) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! അല്ലാഹുവിൻറെ പ്രവാചകനോട് നിങ്ങൾ മര്യാദയുള്ളവരാവുക. നിങ്ങളുടെ ശബ്ദം നബി -ﷺ- യുടെ ശബ്ദത്തിന് മുകളിലാക്കുന്ന തരത്തിൽ അവിടുത്തോട് നിങ്ങൾ സംസാരിക്കരുത്. നിങ്ങൾ പരസ്പരം വിളിക്കുന്നതു പോലെ, അവിടുത്തെ പേരെടുത്ത് വിളിക്കുകയുമരുത്. മറിച്ച്, നബിയേ എന്നോ റസൂലോ എന്നോ, വിനയം നിറഞ്ഞ സ്വരത്തിൽ നിങ്ങൾ അവിടുത്തെ വിളിക്കുക. പ്രതിഫലം നഷ്ടപ്പെട്ടു പോകുമെന്ന് വിചാരിക്കപ്പെടാത്ത, നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഈ പ്രവൃത്തിയാൽ നഷ്ടപ്പെട്ടു പോയേക്കാം എന്നു ഭയപ്പെടുകയും ചെയ്യുക.

(3) അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- അടുക്കൽ ശബ്ദം താഴ്ത്തുന്നവർ; അവരുടെ ഹൃദയങ്ങൾ തന്നെയാകുന്നു അല്ലാഹു പരീക്ഷണത്തിന് വിധേയമാക്കുകയും, (അല്ലാഹുവിനെ) സൂക്ഷിക്കുന്ന, നിഷ്കളങ്ക ഹൃദയങ്ങളാക്കി തീർത്തതും. അവരുടെ തെറ്റുകൾക്ക് അവർക്ക് പാപമോചനമുണ്ട്. അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. പരലോകത്ത് മഹത്തരമായ പ്രതിഫലവും അവർക്കുണ്ട്. അല്ലാഹു അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നതാണ് അത്.

(4) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ പത്നിമാരുടെ മുറികൾക്ക് പുറത്ത് നിന്ന് നിന്നെ വിളിക്കുന്ന ഗ്രാമീണ അറബികളിൽ പെട്ടവരിൽ ബഹുഭൂരിപക്ഷവും ചിന്തിച്ചു മനസ്സിലാക്കുന്നവരല്ല.

(5) അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ ഭാര്യമാരുടെ മുറികൾക്ക് പിന്നിൽ നിന്ന് അങ്ങയെ വിളിക്കുന്നവർ ക്ഷമയോടെ നിൽക്കുകയും, അങ്ങ് പുറത്തിറങ്ങുന്നത് വരെ കാത്തു നിൽക്കുകയും, അങ്ങയോട് ശബ്ദം താഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നെങ്കിൽ അതായിരുന്നു അവർക്ക് അങ്ങയെ പിന്നിൽ നിന്ന് വിളിക്കുന്നതിനെക്കാൾ നല്ലത്. കാരണം അങ്ങനെ ചെയ്യുന്നതിലാണ് ബഹുമാനവും ആദരവുമുള്ളത്. അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചവർക്കും അല്ലാത്തവർക്കും, അറിവില്ലാതെ തെറ്റുകൾ സംഭവിച്ചു പോയവർക്കും ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.

(6) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! ഒരു അധർമ്മകാരി ഏതെങ്കിലും വിഭാഗത്തെ കുറിച്ച് നിങ്ങളുടെ അടുക്കൽ ഒരു വാർത്തയുമായി വന്നാൽ അതിൻ്റെ സത്യാവസ്ഥ നിങ്ങൾ ഉറപ്പു വരുത്തുക. ഉടനടി നിങ്ങൾ അവനെ സത്യപ്പെടുത്തരുത്. ഉറപ്പു വരുത്തുന്നതിന് മുൻപ് അവൻ്റെ വാർത്ത നിങ്ങൾ സത്യപ്പെടുത്തുകയും, അങ്ങനെ നിങ്ങൾ - യാഥാർഥ്യം അറിയാതെ - ഏതെങ്കിലും ജനതയെ അക്രമിക്കുകയും ചെയ്തു പോയേക്കാം. പിന്നീട് നിങ്ങൾ കേട്ട വാർത്ത കളവാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് നിങ്ങളെ ഖേദവാന്മാരാക്കും.

(7) (ഇസ്ലാമിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കിടയിൽ വഹ്യ് ഇറക്കപ്പെടുന്ന അല്ലാഹുവിൻ്റെ ദൂതരാണ് ഉള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. അവിടുത്തോട് നിങ്ങൾ കളവ് പറയുകയും, പിന്നീട് അല്ലാഹു നിങ്ങൾ കളവു പറഞ്ഞു എന്നത് അവിടുത്തെ അറിയിക്കുകയും ചെയ്യുന്നത് നിങ്ങൾ ഭയക്കുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് അല്ലാഹുവിന് നന്നായി അറിയാം. നിങ്ങൾ മുന്നോട്ടു വെക്കുന്ന അനേകം അഭിപ്രായങ്ങളിൽ അവിടുന്ന് നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ, നിങ്ങൾക്ക് തന്നെ തൃപ്തികരമല്ലാത്ത പ്രയാസങ്ങളിൽ നിങ്ങൾ പെട്ടു പോകുമായിരുന്നു. എന്നാൽ അല്ലാഹു അവൻ്റെ ഔദാര്യത്താൽ (ഇസ്ലാമിൽ) വിശ്വസിക്കുന്നത് നിങ്ങൾക്ക് പ്രിയങ്കരമാക്കിയിരിക്കുന്നു. അതവൻ നിങ്ങളുടെ മനസ്സിൽ മനോഹരമാക്കുകയും, അങ്ങനെ നിങ്ങൾ വിശ്വസിക്കുകയും ചെയ്തു. (ഇസ്ലാമിനെ) നിഷേധിക്കുന്നതും, അല്ലാഹുവിനെ അനുസരിക്കാതിരിക്കുന്നതും, അവനെ ധിക്കരിക്കുന്നതും അവൻ നിങ്ങൾക്ക് വെറുപ്പുള്ളതാക്കി. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാണ് ശരിയുടെയും സന്മാർഗത്തിൻ്റെയും വഴിയിൽ പ്രവേശിച്ചിട്ടുള്ളത്.

(8) നന്മയോട് നിങ്ങളുടെ മനസ്സിൽ ഇഷ്ടം തോന്നിപ്പിച്ചുവെന്നതും, തിന്മയോട് നിങ്ങൾക്ക് വെറുപ്പുണ്ടാക്കി എന്നതും അല്ലാഹുവിൻ്റെ ഔദാര്യം മാത്രമാകുന്നു. അവൻ നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹമാണത്. തൻ്റെ അടിമകളിൽ ആരെല്ലാമാണ് നന്ദി പ്രകടിപ്പിക്കുകയെന്നും, അങ്ങനെ അവർക്ക് (കൂടുതൽ നന്മകളിലേക്ക്) സൗകര്യം ചെയ്തു കൊടുക്കേണ്ടതെന്നും ഏറ്റവും അറിയുന്നവനാണ് അല്ലാഹു. എല്ലാ കാര്യങ്ങളും ഏറ്റവും യോജ്യമായ സ്ഥലത്ത് നിശ്ചയിക്കുന്ന 'ഹകീമു'മാകുന്നു അവൻ.

(9) (ഇസ്ലാമിൽ) വിശ്വസിച്ചവരിൽ പെട്ട രണ്ടു വിഭാഗങ്ങൾ പരസ്പരം പോരടിച്ചാൽ - വിശ്വാസികളേ! - അവർക്കിടയിലെ അഭിപ്രായവ്യത്യാസം പരിഹരിക്കാൻ അല്ലാഹുവിൻ്റെ നിയമം അനുസരിച്ച് വിധിക്കുന്നതിലേക്ക് അവരെ നിങ്ങൾ ക്ഷണിക്കുക. അവരിൽ ഒരു കൂട്ടർ രഞ്ജിപ്പിന് തയ്യാറാകാതെ, അതിക്രമം പ്രവർത്തിച്ചാൽ അക്കൂട്ടരോട് - അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വരുന്നത് വരെ - നിങ്ങൾ പോരാടുക. ഇനി അവർ അല്ലാഹുവിൻ്റെ വിധിയിലേക്ക് മടങ്ങി വന്നാൽ അവർക്കിടയിൽ നീതിപൂർവ്വകമായി നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. അവർക്കിടയിൽ വിധി കൽപ്പിക്കുന്നതിൽ നിങ്ങളും നീതി പുലർത്തുക. തീർച്ചയായും അല്ലാഹു തങ്ങളുടെ വിധികളിൽ നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

(10) (ഇസ്ലാമിൽ) വിശ്വസിച്ച (മുസ്ലിംകൾ) ഇസ്ലാമിക സഹോദരങ്ങളാണ്. വിശ്വാസികളേ! നിങ്ങൾക്കിടയിൽ പരസ്പരം ഇടഞ്ഞു നിൽക്കുന്ന നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കാൻ ഈ ഇസ്ലാമിക സാഹോദര്യം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിക്കുക; നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയപ്പെട്ടേക്കാം.

(11) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! നിങ്ങൾ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. അല്ലാഹുവിൻ്റെ അടുക്കൽ ഏതവസ്ഥയിലാണ് എന്നതാണല്ലോ പരിഗണനീയമായിട്ടുള്ളതും?! ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കാതിരിക്കട്ടെ. ചിലപ്പോൾ പരിഹസിക്കപ്പെടുന്നവർ ആയിരിക്കാം അല്ലാഹുവിൻ്റെ അടുത്ത് കൂടുതൽ നല്ലവർ. നിങ്ങളുടെ സഹോദരങ്ങളെ നിങ്ങൾ കുത്തിപ്പറയരുത്; അവർക്ക് നിങ്ങളുടെ അതേ സ്ഥാനം തന്നെയുണ്ട്. നിങ്ങൾ പരസ്പരം ഒരാൾക്ക് വെറുപ്പുള്ള ഇരട്ടപ്പേരു വിളിക്കരുത്. നബി -ﷺ- മദീനയിലേക്ക് എത്തുന്നതിന് മുൻപ് അൻസ്വാറുകൾക്കിടയിൽ ഈ രീതി ഉണ്ടായിരുന്നു. നിങ്ങളിൽ നിന്ന് ആരെങ്കിലും ഇതെല്ലാം ചെയ്യുന്നെങ്കിൽ അവൻ ദുർമാർഗിയാണ്. ഇസ്ലാമിൽ വിശ്വസിച്ചതിന് ശേഷം ദുർമാർഗിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് എത്ര മോശമാണ്! അതിനാൽ ആരെങ്കിലും ഈ തിന്മകളിൽ നിന്ന് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർ തന്നെയാകുന്നു തിന്മകൾ പ്രവർത്തിച്ചു കൊണ്ട് തങ്ങളെ നാശത്തിൻ്റെ പടുകുഴികളിലേക്ക് വലിച്ചിട്ട, സ്വന്തങ്ങളോട് അതിക്രമം ചെയ്തവർ.

(12) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! പ്രസക്തമായ കാരണങ്ങളോ സാഹചര്യത്തെളിവുകളോ ഇല്ലാത്ത ഊഹാപോഹങ്ങളിൽ അധികവും നിങ്ങൾ വെടിയുക. തീർച്ചയായും ചില ഊഹങ്ങൾ പാപമാകുന്നു. ബാഹ്യമായി നന്മ കാണപ്പെടുന്ന വ്യക്തിയെ കുറിച്ച് മോശം വിചാരിക്കുക എന്നത് ഉദാഹരണം. (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ന്യൂനതകൾ രഹസ്യമായി നിങ്ങൾ ചികഞ്ഞന്വേഷിക്കരുത്. നിങ്ങളുടെ സഹോദരന് അവന് വെറുപ്പുള്ള രൂപത്തിൽ നിങ്ങൾ സ്മരിക്കുകയുമരുത്. അവൻ മരിച്ചു കിടക്കവെ അവൻ്റെ മാസം തിന്നുന്നതിന് സമാനമാകുന്നു അത്. നിങ്ങളിലാരെങ്കിലും തൻ്റെ സഹോദരൻ്റെ മൃതശരീരത്തിൽ നിന്ന് ഭക്ഷിക്കുന്നത് ഇഷ്ടപ്പെടുമോ?! അത് നിങ്ങൾ വെറുക്കുന്നത് പോലെ തന്നെ, തൻ്റെ സഹോദരനെ പരദൂഷണം പറയുന്നതും നിങ്ങൾ വെറുക്കുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ച് മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്ന 'തവ്വാബും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.

(13) അല്ലയോ ജനങ്ങളേ! തീർച്ചയായും നാം നിങ്ങളെ ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളുടെ പിതാവായ ആദമും മാതാവായ ഹവ്വാഉമാകുന്നു അവർ. നിങ്ങളുടെയെല്ലാം പിതൃപരമ്പര ഒന്നു തന്നെ. അതിനാൽ നിങ്ങൾ പരസ്പരം തറവാടിൻ്റെ പേരിൽ അഹങ്കാരം നടിക്കാതിരിക്കുക. നിങ്ങളെ അതിന് ശേഷം വിവിധ സമുദായങ്ങളും പരന്നു കിടക്കുന്ന ഗോത്രങ്ങളുമാക്കി മാറ്റിയത് നിങ്ങൾക്ക് പരസ്പരം തിരിച്ചറിയുന്നതിനാണ്. ഒരിക്കലും അതിൻ്റെ പേരിൽ മേന്മ നടിക്കാനല്ല. കാരണം മനുഷ്യർ വേർതിരിയുന്നത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ്. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: നിങ്ങളിൽ അല്ലാഹുവിങ്കൽ ഏറ്റവും ആദരണീയനായിട്ടുള്ളത് നിങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിക്കുന്നവരാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ അവസ്ഥകളെല്ലാം അറിയുന്ന 'അലീമും', നിങ്ങളിൽ ഉള്ള കുറവുകളും മേന്മകളും സൂക്ഷ്മമായി അറിയുന്ന 'ഖബീറു'മാകുന്നു. അവന് യാതൊന്നും തന്നെ അവ്യക്തമാവുകയില്ല.

(14) ഗ്രാമീണ അറബികളിൽ പെട്ട ചിലർ നബി -ﷺ- യുടെ അടുക്കൽ വന്നപ്പോൾ അവർ 'ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്നു. നബിയേ! അവരോട് പറയുക: നിങ്ങൾ ഈ സമയം വരെ വിശ്വാസികളായിട്ടില്ല. പക്ഷേ ഞങ്ങൾ കീഴൊതുങ്ങുകയും സമർപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞോളൂ. ഇപ്പോഴും വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചിട്ടില്ല. ചിലപ്പോൾ ഇനിയൊരു സമയം അത് നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിച്ചേക്കാം. അല്ലയോ ഗ്രാമീണ അറബികളേ! നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതരെയും വിശ്വാസം സ്വീകരിക്കുന്നതിലും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും നിഷിദ്ധങ്ങൾ വെടിയുന്നതിലും അനുസരിച്ചാൽ, അല്ലാഹു നിങ്ങളുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും തന്നെ കുറവ് വരുത്തുകയില്ല. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിക്കുന്നവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു.

(15) യഥാർഥ (ഇസ്ലാമിക) വിശ്വാസികൾ എന്നാൽ അവർ അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കുകയും, ശേഷം തങ്ങളുടെ വിശ്വാസത്തിൽ സംശയം കൂട്ടിക്കലർത്താതിരിക്കുകയും, തങ്ങളുടെ സമ്പാദ്യങ്ങളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്തവരാണ്. അതിലൊന്നിലും അവർ യാതൊരു പിശുക്കും പ്രകടിപ്പിച്ചില്ല. ഈ വിശേഷണങ്ങൾ ഉള്ളവരാണ് തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധതയുള്ളവർ.

(16) അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികളോട് പറയുക: നിങ്ങൾ അല്ലാഹുവിന് നിങ്ങളുടെ മതം (എങ്ങനെയായിരിക്കണമെന്ന്) പഠിപ്പിച്ചു കൊടുക്കുകയും, പറഞ്ഞു കൊടുക്കുകയുമാണോ?! അല്ലാഹുവാകട്ടെ; ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെ കുറിച്ചും അങ്ങേയറ്റം അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അതിനാൽ നിങ്ങൾ നിങ്ങളുടെ മതത്തെ കുറിച്ച് അവനെ പഠിപ്പിക്കേണ്ട ആവശ്യമില്ല.

(17) അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികൾ അവർ ഇസ്ലാം സ്വീകരിച്ചു എന്നത് താങ്കളോട് ചെയ്ത ഔദാര്യമായി പറയുന്നു. അവരോട് പറയുക: അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് നിങ്ങൾ എന്നോട് ചെയ്ത ഔദാര്യമായി എടുത്തു പറയരുത്. ഇസ്ലാം സ്വീകരിച്ചതു കൊണ്ട് എന്തൊരു നന്മയുണ്ടെങ്കിലും അതെല്ലാം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുന്നത്. മറിച്ച്, അല്ലാഹുവാകുന്നു നിങ്ങൾക്ക് (ഇസ്ലാമിൽ) വിശ്വസിക്കാൻ സൗകര്യം ചെയ്തു തന്നു കൊണ്ട് നിങ്ങളോട് ഔദാര്യം ചെയ്യുന്നത്. നിങ്ങൾ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് സത്യമാണെങ്കിൽ (അത് നിങ്ങൾ അംഗീകരിക്കുക).

(18) തീർച്ചയായും അല്ലാഹു ആകാശങ്ങളിലെ അദൃശ്യകാര്യങ്ങളും, ഭൂമിയിലെ അദൃശ്യകാര്യങ്ങളും അറിയുന്നു. അവന് അതിലൊരു കാര്യവും അവ്യക്തമാവുകയില്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. - നന്മയാകട്ടെ, തിന്മയാകട്ടെ - അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.