12 - Yusuf ()

|

(1) (അലിഫ് ലാം റാ) പോലുള്ളവയെ സംബന്ധിച്ച് സൂറത്തുൽ ബഖറഃയുടെ ആരംഭത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഈ സൂറത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തുകൾ ഖുർആൻ ഉൾക്കൊള്ളുന്ന സ്പഷ്ടമായ ആയത്തുകളിൽ പെട്ടതാകുന്നു.

(2) അറബികളേ, ഖുർആനിനെ നാം അറബി ഭാഷയിൽ അവതരിപ്പിച്ചത് നിങ്ങൾ അതിൻ്റെ ആശയം ഗ്രഹിക്കാൻ വേണ്ടിയത്രെ.

(3) നിനക്ക് ഈ ഖുർആൻ ഇറക്കുക വഴി സത്യതയിലും സാഹിത്യത്തിലും വാക്കുകളിലെ സുരക്ഷയിലും ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നൽകിക്കൊണ്ടിരിക്കുന്നത്. തീർച്ചയായും ഇതവതരിപ്പിക്കപ്പെടുന്നതിന് മുമ്പ് നീ ഈ ചരിത്രത്തെപ്പറ്റി ബോധമില്ലാത്തവനും അറിവില്ലാത്തവനുമായിരുന്നു.

(4) എൻ്റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു എന്ന് യൂസുഫ് തൻ്റെ പിതാവായ യഅ്ഖൂബിനോട് പറഞ്ഞതിനെ പറ്റി നബിയേ താങ്കളെ നാം അറിയിക്കുന്നു. ഈ സ്വപ്നം യൂസുഫ് നബിക്ക് ഇഹലോകത്തുതന്നെ ലഭിച്ച സന്തോഷവാർത്തകളിൽ പെട്ടതായിരുന്നു.

(5) യഅ്ഖൂബ് തൻ്റെ മകനായ യൂസുഫിനോട് പറഞ്ഞു: എൻ്റെ കുഞ്ഞുമകനേ, നിൻ്റെ സ്വപ്നം നീ നിൻ്റെ സഹോദരന്മാരോട് പറയരുത്. അവർ അത് മനസ്സിലാക്കുകയും നിന്നോട് അസൂയ വെച്ചുപുലർത്തുകയും ചെയ്യും. അസൂയ നിമിത്തം അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച് മനുഷ്യൻ്റെ പ്രത്യക്ഷ ശത്രുവാകുന്നു,

(6) യൂസുഫേ, നീ ആ സ്വപ്നം ദർശിച്ച പോലെ നിൻ്റെ രക്ഷിതാവ് നിന്നെ തെരഞ്ഞെടുക്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് നിനക്കവൻ പഠിപ്പിച്ചുതരികയും ചെയ്യും. നിനക്ക് മുമ്പ് നിൻ്റെ രണ്ട് പിതാക്കളായ ഇബ്റാഹീം, ഇസ്ഹാഖ് എന്നിവർക്ക് അവൻ്റെ പ്രവാചകത്വമാകുന്ന അനുഗ്രഹങ്ങൾ പൂർത്തിയാക്കി നൽകിയത് പോലെ നിനക്കും അവൻ അനുഗ്രഹങ്ങൾ നിറവേറ്റി തരുന്നതാണ്. തീർച്ചയായും നിൻ്റെ രക്ഷിതാവ് തൻ്റെ സൃഷ്ടികളെപ്പറ്റി സർവ്വജ്ഞാനിയും, തൻ്റെ നിയന്ത്രണത്തിൽ യുക്തിമാനുമാകുന്നു

(7) തീർച്ചയായും യൂസുഫിൻ്റെയും അദ്ദേഹത്തിൻ്റെ സഹോദരന്മാരുടെയും വാർത്തകളിൽ അത് ചോദിച്ച് മനസ്സിലാക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളുമുണ്ട്.

(8) യൂസുഫും അവൻ്റെ ഏകോദര സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ കുറെ ആളുകളുള്ള ഒരു സംഘമാണ് താനും. എന്നിട്ടും എങ്ങിനെയാണ് അവർക്ക് പിതാവ് നമ്മളെക്കാൾ ശ്രേഷ്ടത നൽകിയത്? കാരണമില്ലാതെ അവർക്ക് നമ്മെക്കാൾ ശ്രേഷ്ടത നൽകിയതിൽ നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവിൽ തന്നെയാണ്' എന്ന് അദ്ദേഹത്തിൻ്റെ സഹോദരന്മാർ പരസ്പരം പറഞ്ഞ സന്ദർഭം

(9) നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല വിദൂരപ്രദേശത്തും അവനെ കൊണ്ടുപോയി ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിൻ്റെ അടുപ്പം നിങ്ങൾക്ക് മാത്രമായി കിട്ടും. അപ്പോൾ അദ്ദേഹം പൂർണമായി നിങ്ങളെ സ്നേഹിക്കും. അവനെ കൊല്ലുകയോ വിദൂരപ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയോ ചെയ്ത ശേഷം നിങ്ങൾക്ക് നല്ല ആളുകളായികഴിയുകയും, പശ്ചാത്തപിക്കുകയും ചെയ്യാം.

(10) അവരിലൊരു സഹോദരൻ പറഞ്ഞു: യൂസുഫിനെ നിങ്ങൾ കൊല്ലരുത്. അവനെ നിങ്ങൾ ഒരു കിണറ്റിനുള്ളിലേക്ക് ഇട്ടേക്കുക. അതിലൂടെ പോകുന്ന ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും. അതാണ് കൊല്ലുന്നതിനേക്കാൾ ലഘുവായിട്ടുള്ളത്. നിങ്ങൾ പറഞ്ഞത് പ്രവർത്തിക്കാൻ നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ ചെയ്തുകൊള്ളുക.

(11) അവനെ നാടുകടത്താൻ വേണ്ടി ഒരുമിച്ച് തീരുമാനിച്ച ശേഷം അവർ പിതാവായ യഅ്ഖൂബിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ: താങ്കൾക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തിൽ താങ്കൾ ഞങ്ങളെ വിശ്വസിക്കുന്നില്ല? ഞങ്ങളാകട്ടെ തീർച്ചയായും അവനോട് കരുണയുള്ളവരാണ്. അവന് ബാധിക്കുന്ന വിപത്തുകളിൽ നിന്ന് ഞങ്ങളവനെ സംരക്ഷിക്കും. മടങ്ങിവരുന്നത് വരെ അവനെ രക്ഷിക്കുന്നവരും അവനോട് ഗുണകാംക്ഷയുള്ളവരുമാണ് ഞങ്ങൾ എന്നിരിക്കെ, ഞങ്ങളോടൊപ്പം അവനെ പറഞ്ഞയക്കുന്നതിൽ നിന്ന് താങ്കളെ തടയുന്നതെന്താണ് ?

(12) നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവൻ തിന്നു രസിച്ചുല്ലസിച്ച് കളിക്കട്ടെ. തീർച്ചയായും അവന് ബാധിക്കുന്ന എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളവനെ കാത്തുരക്ഷിച്ച് കൊള്ളാം.

(13) യഅ്ഖൂബ് മക്കളോട് പറഞ്ഞു: നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിപ്പിക്കും. അവനെ വിട്ടുനിൽക്കാൻ എനിക്ക് സാധ്യമല്ല. നിങ്ങൾ കളികളിലും മറ്റുമായി അശ്രദ്ധരായിരിക്കെ അവനെ ചെന്നായ തിന്നേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു.

(14) അവർ പറഞ്ഞു: ഞങ്ങൾ ഒരു പ്രബലമായ സംഘമുണ്ടായിട്ടും യൂസുഫിനെ ചെന്നായ തിന്നുകയാണെങ്കിൽ ഞങ്ങൾ ഒന്നിനും കൊള്ളാത്തവരായിരിക്കും. ചെന്നായയിൽ നിന്നവനെ തടയാൻ കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ മഹാനഷ്ടക്കാരുമായിരിക്കും

(15) അങ്ങനെ അവനെ യഅ്ഖൂബ് അവരോടൊപ്പം അയച്ചു. അവർ അവനെയും കൊണ്ടു വിദൂരസ്ഥലത്ത് പോകുകയും, കിണറ്റിൻ്റെ ആഴത്തിലേക്ക് തള്ളാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ യൂസുഫിന് നാം ബോധനം നൽകി: അവരുടെ ഈ ചെയ്തിയെപ്പറ്റി നീ അവർക്ക് ഒരിക്കൽ വിവരിച്ചുകൊടുക്കുക തന്നെ ചെയ്യും. അവർ അന്ന് അതിനെപറ്റി ബോധവാന്മാരായിരിക്കുകയില്ല തന്നെ.

(16) അങ്ങിനെ യൂസുഫിൻ്റെ സഹോദരന്മാർ സന്ധ്യാസമയത്ത് അവരുടെ പിതാവിന്റെ അടുക്കൽ അവരുടെ കുതന്ത്രം ബോധ്യപ്പെടുത്താൻ അഭിനയിച്ചു കരഞ്ഞുകൊണ്ട് ചെന്നു.

(17) അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾ മത്സരിച്ച് ഓടിപ്പോകുകയും, അമ്പുകളെറിഞ്ഞു കൊണ്ട് മൽസരിക്കുകയും ചെയ്തു. യൂസുഫിനെ ഞങ്ങളുടെ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും അടുത്ത് അവ നോക്കാനേൽപ്പിക്കുകയും ചെയ്തു. അപ്പോൾ അവനെ ചെന്നായ തിന്നുകളഞ്ഞു. ഞങ്ങൾ സത്യം പറയുന്നവരാണെങ്കിൽ പോലും താങ്കൾ ഞങ്ങളെ വിശ്വസിക്കുകയില്ല.

(18) ചെന്നായ പിടിച്ചതാണെന് ബോധ്യപ്പെടുത്താനായി യൂസുഫിൻ്റെ കുപ്പായത്തിൽ യൂസുഫിൻറെതല്ലാത്ത ചോര പുരട്ടിയാണ് അവർ വന്നത്. അവർ കളവാണ് പറയുന്നതെന്ന് യഅ്ഖൂബ് മനസ്സിലാക്കി. കാരണം വസ്ത്രം കീറിയിട്ടില്ലായിരുന്നു. പിതാവ് പറഞ്ഞു: നിങ്ങൾ പറഞ്ഞതല്ല കാര്യം. നിങ്ങൾ ചെയ്ത നീചവൃത്തി നിങ്ങളുടെ മനസ്സ് നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാൽ ഞാൻ അക്ഷമനാവാതെ നല്ല ക്ഷമ കൈക്കൊള്ളുകയാണ്. യൂസുഫിൻ്റെ കാര്യത്തിൽ നിങ്ങളീ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് അല്ലാഹുവോടാണ് ഞാൻ സഹായം തേടുന്നത്.

(19) ഒരു യാത്രാസംഘം വന്നു. അവർ അവർക്ക് വെള്ളം കൊണ്ട് വരുന്ന ജോലിക്കാരനെ അയച്ചു. അവൻ തൻറെ തൊട്ടി കിണറ്റിലിറക്കി. അപ്പോൾ യൂസുഫ് കയറിൽ പിടിച്ചു. അത് കണ്ടപ്പോൾ അവൻ സന്തോഷത്തോടെ പറഞ്ഞു: ഹാ, സന്തോഷം! ഇതാ ഒരു കുട്ടി! വെള്ളമെടുത്തയാളും അയാളുടെ ഏതാനും കൂട്ടുകാരും യൂസുഫിനെ അവരുടെ ഒരു കച്ചവടച്ചരക്കെന്ന പോലെ യാത്രാസംഘത്തിലെ മറ്റുള്ളവരിൽ നിന്ന് ഒളിച്ചുവെച്ചു. അവർ യൂസുഫിനെ വിൽക്കുന്നതും ചെയ്യുന്നതും അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ഒന്നും അവന് ഗോപ്യമാവുന്നില്ല.

(20) ആ യാത്രാ സംഘം തുച്ഛമായ വിലയ്ക്ക് ഈജിപ്തിൽ വെച്ച് യൂസുഫിനെ വിറ്റു. അവർ അവൻ്റെ കാര്യത്തിൽ താല്പര്യമില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു. യൂസുഫ് അടിമയല്ലെന്നറിഞ്ഞതിനാൽ പെട്ടെന്ന് തന്നെ അവനെ ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. അവൻ്റെ കുടുംബങ്ങൾ അന്വേഷിച്ചു വരുമോ എന്നവർ ഭയപ്പെട്ടു. അല്ലാഹുവിൻ്റെ കാരുണ്യമത്രെ അത്; അക്കാരണത്താൽ യൂസുഫ് അവരോടൊപ്പം ദീർഘകാലം കഴിയേണ്ടിവന്നില്ല.

(21) ഈജിപ്തിൽ നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്ത ആൾ തൻ്റെ ഭാര്യയോട് പറഞ്ഞു: ഇവനോട് നല്ല നിലയിൽ വർത്തിക്കുക. നമ്മോടൊപ്പം മാന്യമായ താമസസൗകര്യം നൽകുകയും ചെയ്യുക. ചില കാര്യങ്ങൾ ചെയ്യാൻ അവൻ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കിൽ നമുക്കവനെ മകനായി സ്വീകരിക്കാം. കൊലയിൽ നിന്ന് രക്ഷപ്പെടുത്തുകയും, കിണറിൽ നിന്ന് പുറത്തെത്തിക്കുകയും ചെയ്തപോലെ അസീസിൻ്റെ ഹൃദയത്തിൽ അദ്ദേഹത്തോട് നാം ദയ ഇട്ടുകൊടുക്കുകയും, ഈജിപ്തിൽ അദ്ദേഹത്തിന് സൗകര്യമുണ്ടാക്കികൊടുക്കുകയും ചെയ്തു. സ്വപ്നവാർത്തകളുടെ വ്യാഖ്യാനത്തിൽ നിന്ന് അദ്ദേഹത്തിന് നാം അറിയിച്ച് കൊടുക്കാൻ വേണ്ടിയും കൂടിയാണത്. അല്ലാഹു തൻ്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. അവൻ ഉദ്ദേശിക്കുന്നതൊക്കെ സംഭവിക്കുന്നതുമത്രെ. അവനെ നിർബന്ധിക്കാൻ ആർക്കും സാധ്യമല്ല. പക്ഷെ മനുഷ്യരിൽ അധികപേരും -അഥവാ അവിശ്വാസികൾ- അത് മനസ്സിലാക്കുന്നില്ല.

(22) അങ്ങനെ യൂസുഫിന് ശാരീരിക ശക്തി പ്രാപിക്കുന്ന പ്രായമെത്തിയപ്പോൾ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നൽകി. അദ്ദേഹത്തിന് നൽകിയതുപോലുള്ള പ്രതിഫലമാണ് അല്ലാഹുവിനെ ആരാധിക്കുന്ന സദ്'വൃത്തർക്ക് നാം നൽകുക.

(23) അസീസിൻറെ ഭാര്യ തന്ത്രത്തിലൂടെയും സൗമ്യമായും യൂസുഫിനോട് അവളുമായി വ്യഭിചാരത്തിന് ആവശ്യപ്പെട്ടു. ഒറ്റക്കാവാൻ വാതിലുകൾ അടച്ച് പൂട്ടിയിട്ട് അവൾ പറഞ്ഞു: എൻ്റെ അടുത്തേക്ക് വാ. യൂസുഫ് പറഞ്ഞു. നീ വിളിക്കുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം! നിശ്ചയമായും എൻ്റെ യജമാനൻ എൻ്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു, ഞാൻ അദ്ദേഹത്തെ വഞ്ചിക്കുകയില്ല. ഞാനദ്ദേഹത്തെ വഞ്ചിച്ചാൽ ഞാൻ അക്രമികളിലകപ്പെടും. തീർച്ചയായും അക്രമം പ്രവർത്തിക്കുന്നവർ വിജയിക്കുകയില്ല.

(24) അവനുമായി വ്യഭിചരിക്കാൻ അവൾക്ക് ആഗ്രഹം ജനിച്ചു. അതിൽ നിന്ന് തടയുന്ന അല്ലാഹുവിൻ്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നെങ്കിൽ അവന്ന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം കാണിച്ചുകൊടുത്തത് തിന്മ അവനിൽ നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയും, വഞ്ചനയിൽ നിന്നും വ്യഭിചാരത്തിൽ നിന്നും അവനെ അകറ്റുന്നതിനും വേണ്ടിയാകുന്നു. തീർച്ചയായും യൂസുഫ് നുബുവ്വത്തിനും രിസാലത്തിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട നമ്മുടെ ദാസന്മാരിൽ പെട്ടവനാകുന്നു.

(25) അവർ രണ്ടുപേരും വാതിൽക്കലേക്ക് മത്സരിച്ചോടി: അവളിൽ നിന്ന് രക്ഷപ്പെടാൻ യൂസുഫും, പുറത്ത് പോകുന്നതിൽ നിന്ന് അവനെ തടയാൻ അവളും. അവൾ പിന്നിൽ നിന്ന് അവൻ്റെ കുപ്പായം പിടിച്ചു കീറി. അവർ ഇരുവരും വാതിൽക്കൽ വെച്ച് അവളുടെ ഭർത്താവിനെ കണ്ടുമുട്ടി. അസീസിൻറെ ഭാര്യ അസീസിനോട് തന്ത്രം പ്രയോഗിച്ചുകൊണ്ട് പറഞ്ഞു: താങ്കളുടെ ഭാര്യയുമായി വ്യഭിചരിക്കാൻ ദുരുദ്ദേശം പുലർത്തിയവനുള്ള പ്രതിഫലം അവൻ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റെന്തെങ്കിലും ശിക്ഷയോ തന്നെ ആയിരിക്കണം

(26) യൂസുഫ് (عليه السلام) പറഞ്ഞു: അവളാണ് എന്നോട് വ്യഭിചരിക്കുവാൻ ആവശ്യപ്പെട്ടത്. ഞാൻ അവളിൽ നിന്ന് അതാഗ്രഹിച്ചിട്ടില്ല. അങ്ങനെ അവളുടെ കുടുംബത്തിൽ പെട്ട ഒരാൾ സാക്ഷ്യം പറഞ്ഞു: യൂസുഫിൻ്റെ കുപ്പായം മുന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൾ സത്യമാണ് പറഞ്ഞത് എന്നതിനുള്ള സൂചനയാണത്. അവൾ അവനെ തടഞ്ഞതു കൊണ്ടാണ് അത് സംഭവിച്ചത്. അപ്പോൾ യൂസുഫ് കളവു പറയുകയാണ് (എന്ന് മനസ്സിലാക്കാം).

(27) എന്നാൽ അവൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളതെങ്കിൽ അവൻ്റെ സത്യസന്ധതക്ക് തെളിവാണത്. കാരണം, അവൻ അവളിൽ നിന്ന് ഓടിപ്പോകുമ്പോൾ അവൾ അവനെ വശീകരിക്കുകയായിരുന്നു. അപ്പോൾ അവൾ പറയുന്നത് കളവായിരിക്കുകയും ചെയ്യും.

(28) അങ്ങനെ യൂസുഫിൻ്റെ കുപ്പായം പിന്നിൽ നിന്നാണ് കീറിയിട്ടുള്ളത് എന്ന് അസീസ് കണ്ടപ്പോൾ യൂസുഫിൻ്റെ സത്യസന്ധത അയാൾക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: തീർച്ചയായും ഈ ആരോപണം നിങ്ങളുടെ - സ്ത്രീകളുടെ - തന്ത്രത്തിൽ പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരം തന്നെ.

(29) അദ്ദേഹം യൂസുഫിനോട് പറഞ്ഞു: യൂസുഫേ നീ ഇത് അവഗണിച്ചേക്കുക. ആരോടും നീ ഇത് പറയരുത്. പെണ്ണേ, നീ നിൻ്റെ പാപത്തിന് മാപ്പുതേടുക. യൂസുഫിനെ വശീകരിച്ചത് നിമിത്തം തീർച്ചയായും നീ പാപികളുടെ കൂട്ടത്തിലാകുന്നു.

(30) അവളുടെ വാർത്ത നഗരത്തിൽ പ്രചരിച്ചു. ചില സ്ത്രീകൾ എതിർപ്പോടെ പറഞ്ഞു: പ്രഭുവിൻ്റെ ഭാര്യ തൻ്റെ അടിമയെ വശീകരിക്കാൻ ശ്രമിക്കുന്നു. അവനോടുള്ള പ്രേമം അവളുടെ ഹൃദയത്തിൽ സ്പർശിച്ചിരിക്കുന്നു. അവൾ സ്വന്തം അടിമയായ അവനെ വശീകരിക്കുകയും അവനോട് പ്രേമം വെച്ചുപുലർത്തുകയും ചെയ്യുന്നതിനാൽ അവൾ വ്യക്തമായ പിഴവിൽ അകപ്പെട്ടതായി ഞങ്ങൾ കാണുന്നു.

(31) അങ്ങനെ ആ സ്ത്രീകളുടെ എതിർപ്പിനെപ്പറ്റിയും അവരുടെ പരദൂഷണത്തെ പറ്റിയും അസീസിൻറെ ഭാര്യ കേട്ടറിഞ്ഞപ്പോൾ യൂസുഫിനെ അവർക്ക് കാണിച്ചുകൊടുക്കാനായി അവരുടെ അടുത്തേക്ക് അവൾ ആളെ അയക്കുകയും അവർക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങളൊരുക്കുകയും ചെയ്തു. അവരിൽ ഓരോരുത്തർക്കും പഴങ്ങൾ മുറിക്കുന്ന ഓരോ കത്തിയും കൊടുത്തു. യൂസുഫിനോട് അവൾ പറഞ്ഞു: നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവർ കണ്ടപ്പോൾ അവർക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, സൗന്ദര്യവും ഭംഗിയും അവരെ ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ആശ്ചര്യം നിമിത്തം അവരുടെ സ്വന്തം കൈകൾ അവർ തന്നെ അറുത്ത് പോകുകയും ചെയ്തു. അവർ പറഞ്ഞു: അല്ലാഹു എത്ര പരിശുദ്ധൻ! ഇതൊരു മനുഷ്യനല്ല. അവനുള്ള സൗന്ദര്യം മനുഷ്യരിൽ കാണപ്പെടുന്നതുമല്ല. മലക്കുകളിൽ പെട്ട ആദരണീയനായ ഒരു മലക്ക് തന്നെയാണ് അവൻ.

(32) സ്ത്രീകൾക്ക് ബാധിച്ചത് കണ്ടപ്പോൾ അസീസിൻറെ ഭാര്യ പറഞ്ഞു: എന്നാൽ ഏതൊരുവനോടുള്ള പ്രേമത്തിൻറെ കാര്യത്തിലാണോ നിങ്ങളെന്നെ ആക്ഷേപിച്ചത് അവനാണിത്. ഞാനവനെ തന്ത്രപൂർവം വശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവൻ അതിൽ നിന്നൊഴിഞ്ഞുമാറി. ഭാവിയിൽ ഞാനവനോട് കല്പിക്കുന്ന പ്രകാരം അവൻ ചെയ്തില്ലെങ്കിൽ തീർച്ചയായും അവൻ തടവിലാക്കപ്പെടുകയും, നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും

(33) യൂസുഫ് തൻ്റെ രക്ഷിതാവിനോട് തേടി: എൻ്റെ രക്ഷിതാവേ, ഇവർ എന്നെ ക്ഷണിക്കുന്ന നീചവൃത്തിയെക്കാളും എനിക്ക് കൂടുതൽ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ അവരിലേക്ക് ഞാൻ ചായുകയും അവർ എന്നിൽ നിന്ന് ഉദ്ദേശിക്കുന്ന കാര്യം ഞാൻ അനുസരിക്കുകയും ചെയ്യുന്നപക്ഷം ഞാൻ അവിവേകികളുടെ കൂട്ടത്തിൽ ആയിപോകുകയും ചെയ്യും

(34) അപ്പോൾ അദ്ദേഹത്തിൻ്റെ പ്രാർത്ഥന അദ്ദേഹത്തിൻ്റെ രക്ഷിതാവ് സ്വീകരിച്ചു. അസീസിൻറെ ഭാര്യയുടെയും നഗരത്തിലെ സ്ത്രീകളുടെയും കുതന്ത്രം അദ്ദേഹത്തിൽ നിന്ന് അവൻ നീക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു യൂസുഫിൻ്റെയും, എല്ലാ പ്രാർത്ഥിക്കുന്നവരുടെയും പ്രാർത്ഥന കേൾക്കുന്നവനും അവസ്ഥകൾ അറിയുകയും ചെയ്യുന്നവനത്രെ.

(35) യൂസുഫിൻറെ നിരപരാധിത്വത്തിനുള്ള തെളിവുകൾ കണ്ടറിഞ്ഞതിന് ശേഷവും അസീസിൻ്റെയും അയാളുടെ ആളുകളുടെയും തീരുമാനം യൂസുഫിനെ ഒരു നിശ്ചയിക്കാത്ത അവധിവരെ തടവിലാക്കുക തന്നെ വേണമെന്നായിരുന്നു. ആ നീചകൃത്യം പുറത്തറിയാതിരിക്കാനായിരുന്നു അത്.

(36) അവർ അദ്ദേഹത്തെ ജയിലിലടച്ചു. അവനോടൊപ്പം രണ്ട് യുവാക്കളും ജയിലിൽ പ്രവേശിച്ചു. അവരിൽ ഒരാൾ യൂസുഫിനോട് പറഞ്ഞു: ഞാൻ വീഞ്ഞ് ഉണ്ടാക്കാനായി മുന്തിരി പിഴിഞ്ഞെടുക്കുന്നതായി സ്വപ്നം കാണുന്നു. മറ്റൊരാൾ പറഞ്ഞു: ഞാൻ എൻ്റെ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്ക് താങ്കൾ അതിൻ്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീർച്ചയായും ഞങ്ങൾ താങ്കളെ കാണുന്നത് നന്മയുള്ളവരിൽ ഒരാളായിട്ടാണ്.

(37) യൂസുഫ് നബി (عليه السلام) പറഞ്ഞു: രാജാവിൽ നിന്നോ മറ്റോ നിങ്ങൾക്ക് കൊണ്ടുവന്ന് നൽകപ്പെടാറുള്ള ഭക്ഷണം നിങ്ങൾക്ക് വന്നെത്തുന്നതിൻ്റെ മുമ്പായി അതിൻ്റെ വ്യാഖ്യാനം ഞാൻ നിങ്ങൾക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എൻ്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതിൽ പെട്ടതത്രെ ആ വ്യാഖ്യാനം. അല്ലാതെ ജ്യോൽസ്യമോ കണക്കുനോട്ടമോ അല്ല. അല്ലാഹുവിൽ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മതം തീർച്ചയായും ഞാൻ ഉപേക്ഷിച്ചിരിക്കുന്നു.

(38) എൻ്റെ പിതാക്കളായ ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ മതം ഞാൻ പിന്തുടർന്നിരിക്കുന്നു. അതായത് തൗഹീദിൻറെ മതം. അല്ലാഹുവിനോട് യാതൊന്നിനെയും പങ്കുചേർക്കുവാൻ ഞങ്ങൾക്ക് പാടുള്ളതല്ല. അവൻ ഏകനാണ്. ഞാനും എൻ്റെ പിതാക്കളും പിൻപറ്റുന്ന ഈ തൗഹീദും വിശ്വാസവും ഞങ്ങൾക്കും, പ്രവാചകന്മാരെ നിയോഗിക്കുക വഴി സകല മനുഷ്യർക്കും അല്ലാഹു നല്കിയ അനുഗ്രഹത്തിൽ പെട്ടതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നന്ദികാണിക്കുന്നില്ല; അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്.

(39) ശേഷം ജയിലിലെ രണ്ട് സുഹൃത്തുക്കളെ അഭിസംബോധന ചെയ്തുകൊണ്ട് യൂസുഫ് ചോദിച്ചു: വ്യത്യസ്ത ആരാധ്യന്മാരെ ആരാധിക്കലാണോ ഉത്തമം; അതല്ല, ഏകനും പങ്കുകാരില്ലാത്തവനും, ആർക്കും കീഴ്പെടുത്താൻ കഴിയാത്ത സർവ്വാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കലാണോ ഉത്തമം?

(40) അവന്നുപുറമെ നിങ്ങൾ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധ്യരെന്ന് നാമകരണം ചെയ്തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല. ആരാധ്യതയിൽ അവക്ക് ഒരു വിഹിതവുമില്ല. അവയെ നിങ്ങൾ വിളിക്കുന്ന പേരിൻറെ സത്യതക്ക് തെളിവായി അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ല. എല്ലാ സൃഷ്ടികളിലും വിധികർതൃത്വം അല്ലാഹുവിന് മാത്രമാകുന്നു; നിങ്ങളും നിങ്ങളുടെ പിതാക്കളും പേരുവിളിക്കുന്ന നാമങ്ങൾക്കല്ല. അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന് അവൻ കല്പിച്ചിരിക്കുന്നു. അവനിൽ മറ്റുള്ളവരെ പങ്കുചേർക്കൽ അവൻ വിലക്കിയിരിക്കുന്നു. അതാകുന്നു തൗഹീദ്. വക്രതയില്ലാത്ത മതം അതത്രെ. പക്ഷെ മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവിൽ പങ്കുചേർക്കുകയും അങ്ങനെ ചില സൃഷ്ടികളെ ആരാധിക്കുകയും ചെയ്യുന്നു.

(41) ജയിലിലെ എൻ്റെ കൂട്ടുകാരേ, വീഞ്ഞാവാൻ മുന്തിരി പിഴിയുന്നതായി സ്വപ്നം കണ്ടവൻ ജയിലിൽ നിന്ന് പുറത്ത് പോവുകയും തൻ്റെ ജോലിയിലേക്ക് മടങ്ങി രാജാവിനെ കുടിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. എന്നാൽ തലയിൽ റൊട്ടി ചുമക്കുകയും, എന്നിട്ട് അതിൽ നിന്ന് പറവകൾ തിന്നുകയും ചെയ്യുന്നതായി സ്വപ്നം കണ്ട ആൾ കൊല്ലപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യും. എന്നിട്ട് അയാളുടെ തലയിലെ മാംസത്തിൽ നിന്ന് പറവകൾ കൊത്തിത്തിന്നും. നിങ്ങൾ ഇരുവരും വിധി ആരാഞ്ഞിരുന്ന ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അത് സംഭവിക്കുക തന്നെ ചെയ്യും. അതിൽ സംശയമേ ഇല്ല.

(42) അവർ രണ്ട് പേരിൽ നിന്ന് രക്ഷപ്പെടുന്നവനാണ് എന്ന് വിചാരിച്ച രാജാവിൻറെ പാനീയം വിളമ്പുകാരനോട് യൂസുഫ് പറഞ്ഞു: രാജാവിൻ്റെ അടുക്കൽ നീ എൻ്റെ കഥയും അവസ്ഥയും പ്രസ്താവിക്കുക. അദ്ദേഹം ജയിലിൽ നിന്ന് എന്നെ മോചിപ്പിച്ചേക്കാം. എന്നാൽ, രാജാവിനോട് അത് പ്രസ്താവിക്കുന്ന കാര്യം പിശാച് അവനെ മറപ്പിച്ച് കളഞ്ഞു. അങ്ങനെ ഏതാനും കൊല്ലങ്ങൾ യൂസുഫ് ജയിലിൽ തന്നെ താമസിച്ചു.

(43) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്നതായി ഞാൻ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാൻ കാണുന്നു. ഹേ,പ്രമാണിമാരും നേതാക്കന്മാരുമായവരേ, നിങ്ങൾ സ്വപ്നത്തിന് വ്യാഖ്യാനം നല്കുന്നവരാണെങ്കിൽ എൻ്റെ ഈ സ്വപ്നത്തിൻ്റെ വ്യാഖ്യാനം നിങ്ങളെനിക്ക് പറഞ്ഞുതരൂ

(44) അവർ പറഞ്ഞു: താങ്കളുടെ സ്വപ്നം പേക്കിനാവുകളാണ്. അങ്ങിനെയുള്ളവക്ക് വ്യാഖ്യാനങ്ങളില്ല. അത്തരം കുഴഞ്ഞുമറിഞ്ഞ പേക്കിനാവുകളുടെ വ്യാഖ്യാനത്തെപ്പറ്റി അറിവുള്ളവരല്ല ഞങ്ങൾ.

(45) ആ രണ്ട് ജയിൽ സുഹൃത്തുക്കളിൽ നിന്ന് രക്ഷപ്പെട്ട, രാജാവിൻറെ പാനീയം നൽകുന്നയാൾ ഒരു നീണ്ടകാലയളവിന് ശേഷം യൂസുഫിനെയും സ്വപ്നവ്യാഖ്യാനത്തിൽ അദ്ദേഹത്തിൻ്റെ അറിവും ഓർമിച്ചു. അയാൾ പറഞ്ഞു: രാജാവ് കണ്ടതിൻറെ വ്യാഖ്യാനത്തെപ്പറ്റി അതറിയുന്നവനോട് ചോദിച്ച് ഞാൻ നിങ്ങൾക്ക് വിവരമറിയിച്ചു തരാം. രാജാവേ, താങ്കളുടെ സ്വപ്നത്തിൻ്റെ വ്യാഖ്യാനത്തിനായി യൂസുഫിൻ്റെ അടുത്തേക്ക് എന്നെ നിയോഗിച്ചാലും.

(46) ജയിലിൽ നിന്ന് രക്ഷപ്പെട്ടവൻ യൂസുഫിൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ പറഞ്ഞു: ഹേ, സത്യസന്ധനായ യൂസുഫ്, തടിച്ച് കൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കൾ തിന്നുന്ന കാര്യത്തിലും ഏഴ് പച്ചക്കതിരുകളുടെയും വേറെ ഏഴ് ഉണങ്ങിയ കതിരുകളുടെയും കാര്യത്തിലും താങ്കൾ ഞങ്ങൾക്ക് വിധി പറഞ്ഞുതരണം. രാജാവിൻ്റെയും അദ്ദേഹത്തിൻ്റെ അടുത്തുള്ളവരിലേക്കും ആ വിവരവും കൊണ്ട് എനിക്ക് മടങ്ങാമല്ലോ. താങ്കളുടെ സ്ഥാനവും മഹത്വവും അങ്ങനെ അവർ മനസ്സിലാക്കുകയും ചെയ്യുമല്ലോ.

(47) യൂസുഫ് നബി (عليه السلام) സ്വപ്നവ്യാഖ്യാനമായി പറഞ്ഞു: നിങ്ങൾ ഏഴുകൊല്ലം തുടർച്ചയായി നന്നായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് ആ ഏഴു വർഷങ്ങളിൽ ഓരോ വർഷവും നിങ്ങൾ കൊയ്തെടുത്തതിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കുവാൻ അല്പം ഒഴിച്ച് ബാക്കി അതിൻ്റെ കതിരിൽ തന്നെ - അതിന് കേടു സംഭവിക്കാതിരിക്കാനായി - വിട്ടേക്കുക

(48) നിങ്ങൾ കൃഷി ചെയ്യുന്ന ക്ഷേമകരമായ ഏഴ് വർഷങ്ങൾക്ക് ശേഷം ക്ഷാമത്തിൻ്റെ ഏഴ് വർഷം വരും. ആ വർഷങ്ങളിൽ ക്ഷേമവർഷങ്ങളിൽ കൊയ്തെടുത്തത് മുഴുവൻ ജനങ്ങൾ ഭക്ഷിക്കും. നിങ്ങൾ വിത്തിന് വേണ്ടി കാത്തുവെക്കുന്നത് ഒഴികെ

(49) പിന്നീട് ആ ക്ഷാമവർഷങ്ങൾക്ക് ശേഷം മഴയുള്ള ഒരു വർഷം വരികയും കൃഷി ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യും. അന്ന് ജനങ്ങൾ അവർക്കാവശ്യമായ മുന്തിരി, ഒലീവ്, കരിമ്പ് പോലുള്ളവ പിഴിഞ്ഞെടുക്കുകയും ചെയ്യും

(50) യൂസുഫിൻ്റെ സ്വപ്നവ്യാഖ്യാനം രാജാവ് കേട്ടപ്പോൾ അദ്ദേഹം സഹായികളോട് പറഞ്ഞു: നിങ്ങൾ യൂസുഫിനെ ജയിലിൽ നിന്ന് പുറത്തിറക്കി എൻ്റെ അടുത്ത് കൊണ്ട് വരൂ. അങ്ങനെ തൻ്റെ അടുത്ത് രാജാവിൻറെ ദൂതൻ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീ നിൻ്റെ യജമാനനായ രാജാവിൻറെ അടുത്തേക്ക് തിരിച്ചുപോയിട്ട് സ്വന്തം കൈകൾ മുറിപ്പെടുത്തിയ ആ സ്ത്രീകളുടെ കഥയെന്താണെന്ന് അദ്ദേഹത്തോട് ചോദിച്ച് നോക്കുക. ജയിലിൽ നിന്ന് പുറത്ത് പോകുന്നതിന് മുമ്പ് തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനത്രെ അത്. തീർച്ചയായും എൻ്റെ രക്ഷിതാവ് അവർ എന്നോട് കാണിച്ച വശീകരണത്തെ പറ്റി നന്നായി അറിയുന്നവനാകുന്നു. അതിൽ നിന്ന് ഒന്നും അവന് ഗോപ്യമാവുകയില്ല

(51) രാജാവ് സ്ത്രീകളോടായി ചോദിച്ചു: യൂസുഫ് നിങ്ങളോടൊപ്പം മ്ലേഛവൃത്തിയിലേർപ്പെടാൻ നിങ്ങൾ അദ്ദേഹത്തോട് തന്ത്രപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ കാര്യമെന്തായിരുന്നു? സ്ത്രീകൾ രാജാവിനോടുള്ള മറുപടിയായി പറഞ്ഞു: 'യൂസുഫ് കുറ്റാരോപിതനായിത്തീരുക എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! അല്ലാഹു സത്യം! അദ്ദേഹത്തിൽ ഒരു തെറ്റും ഞങ്ങൾ കണ്ടിട്ടില്ല.' ഇത് കേട്ടപ്പോൾ പ്രമാണിയുടെ ഭാര്യ -താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു കൊണ്ട്- സംസാരിച്ചു. അവൾ പറഞ്ഞു: "സത്യം ഇപ്പോഴിതാ വ്യക്തമായിത്തീർന്നിരിക്കുന്നു. ഞാനാണ് അദ്ദേഹത്തെ വഴികേടിലാക്കാൻ ശ്രമിച്ചത്. അദ്ദേഹം എന്നെ പിഴവിലാക്കാൻ ശ്രമിച്ചിട്ടേയില്ല. തീർച്ചയായും ഞാൻ ആരോപിച്ച കാര്യങ്ങളിൽ നിന്ന് അദ്ദേഹം തൻ്റെ നിരപരാധിത്വം അവകാശപ്പെടുന്നത് സത്യസന്ധമായി കൊണ്ടാണ്."

(52) അസീസിൻ്റെ ഭാര്യ പറഞ്ഞു: ഞാനാണ് അദ്ദേഹത്തെ വശീകരിച്ചതെന്നും അദ്ദേഹം സത്യസന്ധനാണെന്നും ഞാൻ അംഗീകരിക്കുന്നത് യൂസുഫ് മനസ്സിലാക്കാൻ വേണ്ടിയാണ്; അഥവാ അദ്ദേഹത്തിൻ്റെ അസാന്നിദ്ധ്യത്തിൽ ഞാൻ അദ്ദേഹത്തെ വഞ്ചിച്ചിട്ടില്ലെന്ന്. വഞ്ചകന്മാരുടെ തന്ത്രത്തെ അല്ലാഹു ലക്ഷ്യത്തിലെത്തിക്കുകയില്ല എന്ന് ഈ സംഭവിച്ചതിൽ നിന്ന് എനിക്ക് വ്യക്തമായിരിക്കുന്നു.

(53) പ്രഭുവിന്റെ ഭാര്യ തുടർന്നു: എൻ്റെ മനസ്സിനെ ഞാൻ കുറ്റവിമുക്തമാക്കുന്നില്ല. എന്റെ മനസ്സ് ശുദ്ധമാണെന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. തീർച്ചയായും ആഗ്രഹങ്ങളിലേക്ക് ചായുന്നതിനാലും അവയെ തടഞ്ഞുനിർത്തൽ പ്രയാസകരമായതിനാലും മനുഷ്യമനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. അല്ലാഹുവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ. അവയെ അല്ലാഹു തിന്മയിൽ നിന്ന് കാത്തുരക്ഷിക്കും. തീർച്ചയായും എന്റെ രക്ഷിതാവ് അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരോട് ഏറെ പൊറുക്കുന്നവനും അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.

(54) യൂസുഫിന്റെ നിരപരാധിത്വം വ്യക്തമാവുകയും, അത് അറിയുകയും ചെയ്തപ്പോൾ രാജാവ് തൻ്റെ സഹായികളോട് പറഞ്ഞു: നിങ്ങൾ അദ്ദേഹത്തെ എന്റെ അടുത്ത് കൊണ്ട് വരൂ. ഞാൻ അദ്ദേഹത്തെ എന്റെ ഒരു പ്രത്യേകക്കാരനായി സ്വീകരിക്കുന്നതാണ്. അങ്ങനെ അവർ അദ്ദേഹത്തെ കൊണ്ടുവന്നു. അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ അറിവും ബുദ്ധിയും രാജാവിന് ബോധ്യപ്പെട്ടു. അപ്പോൾ രാജാവ് പറഞ്ഞു: യൂസുഫ്! തീർച്ചയായും താങ്കൾ ഇന്ന് നമ്മുടെ അടുക്കൽ സ്ഥാനവും പദവിയുമുള്ളവനും വിശ്വസ്തനുമാകുന്നു.

(55) യൂസുഫ് രാജാവിനോട് പറഞ്ഞു: താങ്കൾ എന്നെ ഈജിപ്തിലെ സാമ്പത്തിക, ഭക്ഷ്യ ഖജനാവുകളുടെ അധികാരമേല്പിക്കൂ. തീർച്ചയായും ഞാൻ വിശ്വസ്തനായ ഒരു സൂക്ഷിപ്പുകാരനും, ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അറിവും ഉൾക്കാഴ്ചയുള്ളവനുമായിരിക്കും.

(56) ജയിൽ മോചിതനാവാനും നിരപരാധിത്വം ബോധ്യപ്പെടുത്താനും യൂസുഫിന് നാം സൗകര്യം നൽകിയതു പോലെ, ഉദ്ദേശിക്കുന്നേടത്ത് താമസിക്കാവുന്ന വിധം ഈജിപ്തിൽ അദ്ദേഹത്തിന് നാം സ്വാധീനവും നല്കി. ഇഹലോകത്ത് നമ്മുടെ കാരുണ്യം നമ്മുടെ അടിമകളിൽ നിന്ന് ഉദ്ദേശിക്കുന്നവർക്ക് നാം നൽകുന്നു. സദ്'വൃത്തർക്കുള്ള പ്രതിഫലം നാം പാഴാക്കുകയില്ല; മറിച്ച് ഒരു കുറവും വരുത്താതെ നാമവർക്ക് അത് പൂർണമായി നൽകുന്നതാണ്.

(57) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും വിരോധങ്ങൾ വെടിയുകയും ചെയ്ത് സൂക്ഷ്മത പാലിക്കുകയും ചെയ്തവർക്ക് പരലോകത്ത് അല്ലാഹു ഒരുക്കിവെച്ച പ്രതിഫലമാകുന്നു ഇഹലോകത്തെ പ്രതിഫലത്തേക്കാൾ കൂടുതൽ ഉത്തമം.

(58) യൂസുഫിന്റെ സഹോദരന്മാർ അവരുടെ ചരക്കുകളുമായി ഈജിപ്തിലേക്ക് വരികയും, യൂസുഫിൻ്റെ അടുക്കൽ പ്രവേശിക്കുകയും ചെയ്തു. അപ്പോൾ അവർ തൻ്റെ സഹോദരന്മാരാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കാലദൈർഘൃവും രൂപമാറ്റവും കാരണം അദ്ദേഹം തങ്ങളുടെ സഹോദരനാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ കിണറ്റിലെറിഞ്ഞപ്പോൾ അദ്ദേഹം ചെറിയ കുട്ടിയായിരുന്നുവല്ലോ.

(59) അങ്ങനെ അവർ ആവശ്യപ്പെട്ട വിഭവങ്ങൾ അവർക്ക് ഒരുക്കികൊടുക്കുകയും, പിതാവൊത്ത ഒരു സഹോദരൻ കൂടി തങ്ങൾക്കുണ്ടെന്നും, അവനെ തങ്ങൾ പിതാവിൻ്റെ അരികിൽ നിർത്തിയ ശേഷം വന്നതാണെന്നും അവർ പറഞ്ഞപ്പോൾ യൂസുഫ് പറഞ്ഞു: നിങ്ങളുടെ പിതാവിലൂടെയുള്ള ആ സഹോദരനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരണം. എങ്കിൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് കൂടുതലായി ഞാൻ നിങ്ങൾക്ക് നൽകാം. ഞാൻ അളവിൽ കുറവ് വരുത്താതെ തികച്ചുതരുന്നുവെന്നും, ഏറ്റവും നല്ല ആതിഥ്യമാണ് ഞാൻ നല്കുന്നത് എന്നും നിങ്ങൾ കാണുന്നില്ലേ?

(60) എന്നാൽ അവനെ നിങ്ങൾ എന്റെ അടുത്ത് കൊണ്ടു വരുന്നില്ലെങ്കിൽ നിങ്ങൾക്ക് പിതാവൊത്ത ഒരു സഹോദരനുണ്ടെന്ന് നിങ്ങൾ പറഞ്ഞത് കളവാണെന്ന് എനിക്ക് വ്യക്തമാവും. എങ്കിൽ ഞാൻ നിങ്ങൾക്ക് ഭക്ഷണം അളന്നു തരികയില്ല, നിങ്ങൾ എൻറെ നാട്ടിലേക്ക് വരേണ്ടതുമില്ല.

(61) അദ്ദേഹത്തിൻറെ സഹോദരങ്ങൾ പറഞ്ഞു: പിതാവിനോട് അവനെ വിട്ടുതരാൻ ആവശ്യപ്പെടുകയും, അതിനായി നന്നായി ശ്രമിച്ചു നോക്കുകയും ചെയ്യാം. തീർച്ചയായും താങ്കൾ കൽപ്പിച്ചത് ഒരു കുറവും വരുത്താതെ പ്രവർത്തിക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നതാണ്.

(62) യൂസുഫ് തന്റെ ഭൃത്യന്മാരോട് പറഞ്ഞു: അവർ കൊണ്ട് വന്ന ചരക്കുകൾ അവരുടെ ഭാണ്ഡങ്ങളിൽ തന്നെ നിങ്ങൾ വെച്ചേക്കുക. അവർ മടങ്ങിച്ചെല്ലുമ്പോൾ അവരിൽ നിന്ന് നാം ഒന്നും എടുത്തിട്ടില്ലെന്ന് അവർ മനസ്സിലാക്കും. തങ്ങളുടെ സത്യസന്ധത യൂസുഫിന് ബോധ്യപ്പെടുത്തി നൽകുന്നതിനും, തങ്ങളുടെ ചരക്കുകൾ യൂസുഫ് സ്വീകരിക്കുന്നതിനും വേണ്ടി വീണ്ടും സഹോദരനോടൊപ്പം മടങ്ങിവരാൻ അത് അവരെ നിർബന്ധിതരാക്കുന്നതാണ്.

(63) അങ്ങനെ അവർ തങ്ങളുടെ പിതാവിന്റെ അടുത്ത് തിരിച്ചെത്തിയപ്പോൾ യൂസുഫ് അവരെ ആദരിച്ചതിനെ കുറിച്ച് അവർ അദ്ദേഹത്തോട് വിവരിച്ചു. അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളോടൊപ്പം ഞങ്ങളുടെ സഹോദരനെയും കൂടി താങ്കൾ അയച്ചുതന്നില്ലെങ്കിൽ ഞങ്ങൾക്ക് അളന്നുതരുന്നത് തടയപ്പെട്ടിരിക്കുന്നു. അതിനാൽ അവനെ ഞങ്ങളോടൊപ്പം അയച്ചുതരണം. എങ്കിൽ ഞങ്ങൾക്ക് ഭക്ഷണം അളന്നുകിട്ടുന്നതാണ്. തീർച്ചയായും താങ്കളുടെ അടുത്തേക്ക് സുരക്ഷിതനായി മടങ്ങിയെത്തുന്നതുവരെ ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്ന് താങ്കളോട് ഞങ്ങൾ കരാർ ചെയ്യുന്നു.

(64) അവരുടെ പിതാവ് അവരോട് പറഞ്ഞു: അവന്റെ സഹോദരനായ യൂസുഫിൻറെ കാര്യത്തിൽ മുമ്പ് ഞാൻ നിങ്ങളെ വിശ്വസിച്ചത് പോലെയല്ലാതെ അവന്റെ കാര്യത്തിൽ നിങ്ങളെ എനിക്ക് വിശ്വസിക്കാനാകുമോ? അവൻ്റെ കാര്യത്തിൽ നിങ്ങളെ ഞാൻ വിശ്വസിച്ചു. അവനെ നോക്കിക്കൊള്ളാമെന്ന് നിങ്ങളെനിക്ക് വാക്കും തന്നു. എന്നാൽ ആ വാക്ക് നിങ്ങൾ പാലിച്ചില്ല. അതിനാൽ നിങ്ങളുടെ കരാറിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല. അല്ലാഹുവിൽ മാത്രമാണ് എൻ്റെ വിശ്വാസം. അവൻ സംരക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നവരെ നല്ലവണ്ണം കാത്തുസൂക്ഷിക്കുന്നവനാകുന്നു അവൻ. അവൻ കരുണ ചൊരിയണമെന്ന് ഉദ്ദേശിക്കുന്നവരോട് ഏറ്റവും കാരുണ്യം ചൊരിയുന്നവനുമാകുന്നു അവൻ.

(65) അവർ കൊണ്ടുവന്ന അവരുടെ ഭക്ഷ്യ സാധനങ്ങൾ തുറന്നുനോക്കിയപ്പോൾ അതിൻ്റെ വില തങ്ങൾക്ക് തിരിച്ചുനല്കപ്പെട്ടതായി അവർ കണ്ടെത്തി. അവർ പിതാവിനോട് പറഞ്ഞു: പ്രഭുവിൽ നിന്ന് ഈ ആദരവിന് ശേഷം നമുക്ക് എന്തുവേണം? നമ്മുടെ ഭക്ഷണത്തിന്റെ വില ഇതാ ആദരവായി നമുക്ക് തന്നെ പ്രഭു തിരിച്ചുതന്നിരിക്കുന്നു. മേലിലും ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ട് വരാം. താങ്കൾ ഭയപ്പെടുന്നതിൽ നിന്ന് ഞങ്ങളുടെ സഹോദരനെ ഞങ്ങൾ കാത്തുകൊള്ളുകയും ചെയ്യാം. അവനെ കൂടെകൂട്ടിയാൽ ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് ഞങ്ങൾക്ക് കൂടുതൽ കിട്ടുകയും ചെയ്യും. ഒരു ഒട്ടകത്തിന് വഹിക്കാവുന്ന അളവ് പ്രഭുവിനെ സംബന്ധിച്ച് കുറഞ്ഞ ഒരു അളവാകുന്നു.

(66) അവരുടെ പിതാവ് അവരോട് പറഞ്ഞു: തീർച്ചയായും നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ട് വന്നുതരുമെന്ന് അല്ലാഹുവിന്റെ പേരിൽ എനിക്ക് ഉറപ്പ് നല്കുന്നത് വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങൾ എല്ലാവരും മടങ്ങിവരാൻ കഴിയാത്ത ആപത്തുകളാൽ വലയം ചെയ്യപ്പെടുന്നുവെങ്കിൽ ഒഴികെ. അങ്ങനെ അല്ലാഹുവിനെ സാക്ഷിയാക്കി ശക്തമായ ഉറപ്പ് അദ്ദേഹത്തിന് അവർ നല്കിയപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേൽനോട്ടം വഹിക്കുന്നവനാകുന്നു. അവൻ്റെ സാക്ഷ്യം നമുക്ക് മതി.

(67) അവരോടുള്ള ഉപദേശമായി പിതാവ് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ ഈജിപ്തിൽ പ്രവേശിക്കുമ്പോൾ ഒരേ വാതിലിലൂടെ ഒന്നിച്ചു പ്രവേശിക്കാതെ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക. നിങ്ങൾക്ക് വല്ല ഉപദ്രവങ്ങളും വരുത്താൻ ആരെങ്കിലും ഉദ്ദേശിച്ചാൽ രക്ഷക്ക് നല്ലത് അതാണ്. അല്ലാഹു നിങ്ങൾക്ക് ഉദ്ദേശിച്ച ഏതെങ്കിലും ഉപദ്രവം നിങ്ങളിൽ നിന്ന് തടുക്കാനോ, അവൻ ഉദ്ദേശിക്കാത്ത ഏതെങ്കിലും നന്മ നിങ്ങൾക്ക് നേടിത്തരാനോ അല്ല ഞാനിത് പറയുന്നത്. അല്ലാഹുവിൻ്റേതല്ലാത്ത മറ്റൊരു വിധിയുമില്ല തന്നെ. അവൻ്റെ തീരുമാനമല്ലാതെ മറ്റൊരു തീരുമാനവുമില്ല. അവന്റെ മേൽ മാത്രമാകുന്നു ഞാൻ എല്ലാം ഭരമേല്പിച്ചിരിക്കുന്നത്. അവന്റെ മേൽ തന്നെയാണ് ഭരമേല്പിക്കുന്നവർ എല്ലാറ്റിലും ഭരമേല്പിക്കേണ്ടത്.

(68) അങ്ങനെ അവർ തങ്ങളുടെ സഹോദരനെയും കൂട്ടി യാത്രതിരിച്ചു. അവരുടെ പിതാവ് അവരോട് കല്പിച്ച വിധത്തിൽ അവർ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിച്ചു. അല്ലാഹുവിങ്കൽ നിന്നുണ്ടാകുന്ന യാതൊന്നും തടുക്കുവാൻ വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുന്നത് കൊണ്ട് സാധ്യമല്ലായിരുന്നു. യഅ്ഖൂബിന്റെ സന്താനങ്ങളോടുള്ള വാത്സല്യത്തിൻ്റെ ഭാഗം മാത്രമായിരുന്നു അത്. അത് അദ്ദേഹം പ്രകടിപ്പിക്കുകയും, അവരോട് ഉപദേശമായി പറയുകയും ചെയ്തുവെന്ന് മാത്രം. അല്ലാഹു വിധിച്ചതല്ലാതെ മറ്റൊന്നും സംഭവിക്കില്ല എന്ന് അദ്ദേഹത്തിനറിയാം. നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാൽ അദ്ദേഹം അറിവുള്ളവൻ തന്നെയാണ്. അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസം ഉണ്ടായിരിക്കണമെന്നും, ഭൗതിക കാരണങ്ങൾ അവലംബിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അതറിയുന്നില്ല.

(69) യൂസുഫിന്റെ സഹോദരന്മാർ യൂസുഫിന്റെ അടുത്ത് കടന്ന് ചെന്നപ്പോൾ അദ്ദേഹം തന്റെ സഹോദരനെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അദ്ദേഹം രഹസ്യമായി അവനോട് പറഞ്ഞു: തീർച്ചയായും ഞാൻ തന്നെയാണ് നിന്റെ സഹോദരൻ യൂസുഫ്. ആകയാൽ നിൻറെ സഹോദരന്മാർ പ്രവർത്തിക്കുന്ന വിവരക്കേടുകൾ -നമ്മോടുള്ള അവരുടെ ഉപദ്രവമോ വിദ്വേഷമോ, എന്നെ കിണറ്റിലിട്ടതോ പോലുള്ള കാര്യങ്ങൾ- ഓർത്ത് ദുഃഖിക്കേണ്ടതില്ല.

(70) യൂസുഫ് തൻ്റെ വേലക്കാരോട് സഹോദരന്മാരുടെ ഒട്ടകപ്പുറത്ത് ഭക്ഷ്യസാധനങ്ങൾ ഒരുക്കിക്കൊടുക്കാൻ വേണ്ടി കൽപ്പിച്ചപ്പോൾ, അദ്ദേഹം ഭക്ഷണം അളക്കുന്ന രാജാവിൻറെ പാനപാത്രം തന്റെ സഹോദരന്റെ ഭാണ്ഡത്തിൽ അവരറിയാതെ വെച്ചു. സഹോദരനെ തന്നോടൊപ്പം നിർത്താൻ വേണ്ടിയായിരുന്നു അത്. അവർ സ്വകുടുംബങ്ങളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു: ഹേ; ഭക്ഷ്യസാധനങ്ങൾ ഒട്ടകപ്പുറത്ത് ചുമന്ന സംഘമേ, തീർച്ചയായും നിങ്ങൾ മോഷ്ടാക്കൾ തന്നെയാണ്.

(71) യൂസുഫിൻറെ സഹോദരങ്ങൾ അവരുടെ പിന്നിൽ നിന്നു വിളിച്ചു പറഞ്ഞയാളോടും കൂടെയുള്ളവർക്കും നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു: ഞങ്ങളിൽ മോഷണം ആരോപിക്കാൻ മാത്രം എന്താണ് നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുള്ളത്?

(72) വിളംബരക്കാരനും കൂട്ടാളികളും യൂസുഫിൻറെ സഹോദരന്മാരോട് പറഞ്ഞു: രാജാവിന്റെ അളവുപാത്രം ഞങ്ങളുടെ കയ്യിം നിന്ന് നഷ്ടപ്പെട്ടിരിക്കുന്നു. പരിശോധിക്കുന്നതിന് മുമ്പ് തന്നെ അത് കൊണ്ട് വന്ന് തരുന്നവന് ഒരു ഒട്ടകത്തിന് വഹിക്കാവുന്നത് സമ്മാനമായി നല്കുന്നതാണ്. ഞാനത് ഏറ്റിരിക്കുന്നു.

(73) യൂസുഫിൻറെ സഹോദരങ്ങൾ അവരോട് പറഞ്ഞു: അല്ലാഹു തന്നെ സത്യം! ഞങ്ങളുടെ അവസ്ഥകൾ കണ്ടതിൽ നിന്ന് തന്നെ ഞങ്ങളുടെ നിരപരാധിത്വവും വിശുദ്ധിയും നിങ്ങൾക്കറിയാമല്ലോ. ഞങ്ങൾ ഈജിപ്തിൽ കുഴപ്പമുണ്ടാക്കാൻ വേണ്ടി വന്നവരല്ല. ഞങ്ങൾ ജീവിതത്തിൽ മോഷ്ടാക്കളായിരുന്നിട്ടുമില്ല.

(74) വിളംബരക്കാരനും അവൻ്റെ കൂട്ടാളികളും ചോദിച്ചു: മോഷണത്തിൽ നിങ്ങൾ നിരപരാധികളാണെന്ന നിങ്ങളുടെ അവകാശവാദം കള്ളമാണെങ്കിൽ മോഷ്ടിച്ചവന് നിങ്ങളുടെ അടുക്കൽ എന്ത് ശിക്ഷയാണ് നൽകുക?

(75) യൂസുഫിൻറെ സഹോദരങ്ങൾ പറഞ്ഞു: ഞങ്ങളുടെ അടുത്ത് മോഷ്ടാവിനുള്ള ശിക്ഷ ഇപ്രകാരമത്രെ. ഏതൊരുവന്റെ യാത്രാ ഭാണ്ഡത്തിലാണോ മോഷ്ടിക്കപ്പെട്ട വസ്തു കാണപ്പെടുന്നത് അവനെ മോഷ്ടിക്കപ്പെട്ടവന് ഏൽപ്പിക്കലാണ് അതിനുള്ള ശിക്ഷ. അടിമയാക്കി ശിക്ഷിക്കുക എന്നതാണ് ഞങ്ങൾ മോഷ്ടാക്കൾക്ക് പ്രതിഫലമായി നല്കുന്നത്.

(76) അവരുടെ ഭാണ്ഡങ്ങൾ പരിശോധിക്കാൻ അവരെ യൂസുഫിൻറെ അടുത്തേക്ക് മടക്കി. തൻ്റെ തന്ത്രം പൊളിയാതിരിക്കാൻ അദ്ദേഹം തന്റെ നേർസഹോദരന്റെ ഭാണ്ഡങ്ങൾ പരിശോധിക്കുന്നതിന് മറ്റു സഹോദരങ്ങളുടെ ഭാണ്ഡങ്ങൾ പരിശോധിക്കുവാൻ തുടങ്ങി. പിന്നീട് തന്റെ സഹോദരന്റെ ഭാണ്ഡം പരിശോധിച്ച് അതിൽ നിന്ന് അദ്ദേഹമത് പുറത്തെടുത്തു. സഹോദരൻറെ ഭാണ്ഡത്തിൽ അളവ് പാത്രം വെക്കാൻ വേണ്ടി യൂസുഫിന് വേണ്ടി നാം തന്ത്രം പ്രയോഗിച്ചപോലെ മോഷ്ടാവിനെ പിടിച്ചുവെക്കുക എന്ന സഹോദരങ്ങളുടെ നാട്ടിലെ ശിക്ഷ നടപ്പാക്കാനും നാം തന്ത്രം പ്രയോഗിച്ചു. രാജാവിന്റെ നാട്ടിലെ നിയമമനുസരിച്ച് മോഷ്ടാവിന് അടിയും പിഴയും ശിക്ഷയായി നൽകുകയായിരുന്നെങ്കിൽ തൻ്റെ സഹോദരനെ അദ്ദേഹത്തിന് പിടിച്ചു വെക്കാൻ സാധിക്കുമായിരുന്നില്ല; അല്ലാഹു മറ്റൊരു വഴിയിലൂടെ അത് നടപ്പാക്കാൻ ഉദ്ദേശിച്ചെങ്കിലല്ലാതെ. യൂസുഫിന്റെ പദവി ഉയർത്തിയ പോലെ നാം ഉദ്ദേശിക്കുന്നവരുടെ പല പദവികൾ നാം ഉയർത്തുന്നു. അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്. എല്ലാവരുടെ അറിവിന് മുകളിൽ എല്ലാം അറിയുന്ന അല്ലാഹുവിൻറെ അറിവുണ്ട്.

(77) യൂസുഫിൻറെ സഹോദരന്മാർ പറഞ്ഞു: അവൻ മോഷ്ടിക്കുന്നുവെങ്കിൽ അതിൽ അത്ഭുതമില്ല. മുമ്പ് അവന്റെ സഹോദരനും മോഷ്ടിക്കുകയുണ്ടായിട്ടുണ്ട്. യൂസുഫിനെ (അ) യാണ് അവരുദ്ദേശിച്ചത്. എന്നാൽ അവരുടെ വാക്ക് തനിക്ക് സൃഷ്ടിച്ച പ്രയാസം യൂസുഫ് മറച്ചു വെച്ചു. അദ്ദേഹം അവരോട് അത് പ്രകടിപ്പിച്ചില്ല. അദ്ദേഹം മനസ്സിൽ പറഞ്ഞു: മുമ്പുണ്ടായിരുന്ന അസൂയയും ചീത്ത പ്രവർത്തനവും ഏതൊന്നായിരുന്നോ അതുതന്നെയാണ് ഇപ്പോഴുമുള്ള നിങ്ങളുടെ നിലപാട്. നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന ആരോപണത്തെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.

(78) യൂസുഫിൻറെ സഹോദരന്മാർ യൂസുഫിനോട് പറഞ്ഞു: പ്രഭോ! ഇവനെ വളരെ സ്നേഹിക്കുന്ന ധാരാളം പ്രായമുള്ള വൃദ്ധനായ ഒരു പിതാവുണ്ട് ഇവന്. അതിനാൽ ഇവന് പകരമായി ഞങ്ങളിൽ ഒരാളെ പിടിച്ച് വെക്കുക. തീർച്ചയായും ഞങ്ങളോടും മറ്റുള്ളവരോടുമുള്ള പെരുമാറ്റത്തിൽ നിന്ന് താങ്കളെ ഞങ്ങൾ കാണുന്നത് സദ് വൃത്തരിൽപെട്ട ഒരാളായിട്ടാണ്. അതിനാൽ അങ്ങിനെ ഞങ്ങളോട് നന്മ ചെയ്താലും.

(79) യൂസുഫ് (അ) പറഞ്ഞു: അക്രമിക്ക് പകരമായി നിരപരാധിയോട് അതിക്രമം ചെയ്യുന്നതിൽ നിന്നും അല്ലാഹുവിൽ ശരണം. രാജാവിൻറെ അളവുപാത്രം ആരുടെ ഭാണ്ഡത്തിൽ കണ്ടെത്തിയോ അവനെയല്ലാതെ നാം പിടിച്ച് വെക്കുകയോ? എങ്കിൽ തീർച്ചയായും നിരപരാധിയെ ശിക്ഷിച്ച് കുറ്റവാളിയെ ഒഴിവാക്കിയതിനാൽ നാം അക്രമകാരികൾ തന്നെയായിരിക്കും.

(80) അങ്ങനെ തങ്ങളുടെ ആവശ്യം യൂസുഫ് സ്വീകരിക്കില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടപ്പോൾ അവർ ജനങ്ങളിൽ നിന്ന് മാറിയിരുന്ന് കൂടിയാലോചന നടത്തി. അവരിൽ വലിയ സഹോദരൻ പറഞ്ഞു: അല്ലാഹുവിൻ്റെ പേരിൽ നിങ്ങളുടെ പിതാവ് നിങ്ങളിൽ നിന്ന് എടുത്ത ഉറച്ച കരാറിനെ കുറിച്ച് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. നിങ്ങൾക്ക് പ്രതിരോധിക്കാൻ സാധിക്കാത്ത രൂപത്തിൽ നിങ്ങളേവരെയും ഒരുമിച്ച് ബാധിക്കുന്ന എന്തെങ്കിലും സംഭവിക്കുകയാണെങ്കിലല്ലാതെ, അദ്ദേഹത്തിൻ്റെ മകനെ ഉറപ്പായും തിരിച്ചെത്തിക്കുമെന്നതായിരുന്നു ആ കരാർ. അതിന് മുൻപ് നിങ്ങൾ യൂസുഫിൻ്റെ കാര്യത്തിൽ വരുത്തിയ വീഴ്ച്ചയുമുണ്ട്; അവൻ്റെ കാര്യത്തിലും പിതാവിന് നൽകിയ കരാർ നിങ്ങൾ പാലിക്കുകയുണ്ടായിട്ടില്ല. അതിനാൽ തൻ്റെ അടുത്തേക്ക് തിരിച്ചു വന്നു കൊള്ളൂ എന്ന് എന്റെ പിതാവ് എനിക്ക് അനുവാദം തരികയോ, എൻ്റെ സഹോദരനെ കൂടെക്കൂട്ടാൻ അല്ലാഹു എനിക്ക് വിധി തരികയോ ചെയ്യുന്നത് വരെ ഞാൻ ഈജിപ്തിൻ്റെ മണ്ണിൽ നിന്നു തിരിച്ചു വരികയില്ല. വിധികർത്താക്കളിൽ ഏറ്റവും ഉത്തമനത്രെ അവൻ. അവൻ സത്യവും നീതിയുമാണ് വിധിക്കുക.

(81) അവരിലെ ഏറ്റവും പ്രായമുള്ള സഹോദരൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിപ്പോവുക. എന്നിട്ട് അദ്ദേഹത്തോട് പറയൂ. ഞങ്ങളുടെ പിതാവേ, താങ്കളുടെ മകൻ മോഷണം നടത്തിയിരിക്കുന്നു. മോഷണത്തിന് ശിക്ഷയായി ഈജിപ്തിലെ പ്രഭു അവനെ അടിമയാക്കിയിരിക്കുന്നു. അവൻ്റെ ഭാണ്ഡത്തിൽ നിന്ന് അളവുപാത്രം പുറത്തെടുക്കുന്നത് ഞങ്ങൾ കണ്ട് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഞങ്ങൾ പറയുന്നത്. അവൻ മോഷ്ടിക്കുമെന്ന് ഞങ്ങൾക്കറിവില്ലായിരുന്നു. അറിയുമായിരുന്നെങ്കിൽ മടക്കിക്കൊണ്ടുവരുമെന്ന് താങ്കളോട് വാക്ക് തരികയുമില്ലായിരുന്നു.

(82) ഞങ്ങളുടെ പിതാവേ, ഞങ്ങൾ പറയുന്നതിൻറെ സത്യത ബോധ്യപ്പെടാൻ ഞങ്ങൾ താമസിച്ച ഈജിപ്തിലെ ജനങ്ങളോടും, ഞങ്ങൾ ഇങ്ങോട്ട് ഒന്നിച്ച് യാത്ര ചെയ്ത യാത്രാസംഘത്തോടും താങ്കൾ ചോദിച്ച് നോക്കുക. തീർച്ചയായും അവൻ മോഷണം നടത്തി എന്ന് താങ്കളോട് ഞങ്ങൾ പറയുന്നത് സത്യം തന്നെയാകുന്നു.

(83) പിതാവ് അവരോട് പറഞ്ഞു: അവൻ മോഷണം നടത്തി എന്ന് നിങ്ങൾ പറയുന്നതല്ല ശരി. മുമ്പ് അവൻ്റെ സഹോദരൻ യൂസുഫിനെതിരെ കുതന്ത്രം പ്രയോഗിച്ച പോലെ അവനെതിരെയും കുതന്ത്രം പ്രയോഗിക്കാൻ നിങ്ങളുടെ മനസ്സുകൾ നിങ്ങൾക്ക് ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിനോടല്ലാതെ മറ്റാരോടും ആവലാതി ബോധിപ്പിക്കാതെ മനോഹരമായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും -യൂസുഫിനെയും, സഹോദരനെയും, വലിയ സഹോദരനെയും- അല്ലാഹു എന്റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്. തീർച്ചയായും അവൻ എൻ്റെ അവസ്ഥ അറിയുന്നവനും എൻ്റെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ യുക്തിമാനുമാകുന്നു.

(84) അവരിൽ നിന്നു തിരിഞ്ഞുകളഞ്ഞിട്ട് അദ്ദേഹം പറഞ്ഞു: യൂസുഫിന്റെ കാര്യത്തിൽ എൻ്റെ ദുഃഖം എത്ര കഠിനമാണ്! ദുഃഖവും വ്യസനവും നിമിത്തം കരഞ്ഞു അദ്ദേഹത്തിന്റെ ഇരുകണ്ണുകളും വെളുത്ത് പോയി. അങ്ങനെ അദ്ദേഹം ദുഃഖം ജനങ്ങളിൽ നിന്ന് മറച്ചുവെച്ച് കഴിയുകയാണ്.

(85) യൂസുഫിന്റെ സഹോദരങ്ങൾ പിതാവിനോട് പറഞ്ഞു: ഞങ്ങളുടെ പിതാവേ! അല്ലാഹു സത്യം, താങ്കളുടെ രോഗം കഠിനമാവുകയോ, അല്ലെങ്കിൽ താങ്കൾ മരണമടയുകയോ ചെയ്യുന്നതു വരെ യൂസുഫിനെ ഓർത്തു വിഷമിച്ചുകൊണ്ടേയിരിക്കും.

(86) പിതാവ് അവരോട് പറഞ്ഞു: എന്റെ വേവലാതിയും വ്യസനവും ഞാൻ അല്ലാഹുവോട് മാത്രമാണ് ബോധിപ്പിക്കുന്നത്. അല്ലാഹുവിനെ കുറിച്ച് നിങ്ങൾക്കറിയാത്ത പലതും എനിക്കറിയാം; അവൻ്റെ ദയയെ കുറിച്ചും, അവൻ്റെ നന്മകളെ കുറിച്ചും, അതീവപ്രയാസത്തിൽ അകപ്പെട്ടവൻ്റെ പ്രാർത്ഥനക്ക് അവൻ ഉത്തരം നൽകുന്നതിനെ കുറിച്ചും, പ്രയാസം ബാധിച്ചവന് അവൻ നൽകുന്ന പ്രതിഫലത്തെ കുറിച്ചുമെല്ലാം എനിക്കറിയാം.

(87) പിതാവ് അവരോട് പറഞ്ഞു: എന്റെ മക്കളേ, നിങ്ങൾ പോയി യൂസുഫിനെയും അവന്റെ സഹോദരനെയും സംബന്ധിച്ച് അന്വേഷിച്ച് നോക്കുക. തൻ്റെ അടിമകൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിങ്ങൾ നിരാശപ്പെടരുത്. (അല്ലാഹുവിനെ) നിഷേധിച്ച ജനങ്ങളല്ലാതെ അല്ലാഹുവിങ്കൽ നിന്നുള്ള ആശ്വാസത്തെയും തുറവിയെയും പറ്റി നിരാശപ്പെടുകയില്ല, തീർച്ച. കാരണം അല്ലാഹുവിൻറെ മഹത്തരമായ കഴിവിനെ കുറിച്ചും അടിമകളോടുള്ള അവൻറെ സൂക്ഷ്മമായ ഔദാര്യത്തെപ്പറ്റിയും അവർ അജ്ഞരാണ്.

(88) അവർ പിതാവിൻറെ കൽപ്പന അനുസരിച്ചു കൊണ്ട് യൂസുഫിനെയും സഹോദരനെയും അന്വേഷിച്ച് പോയി. അങ്ങനെ യൂസുഫിന്റെ അടുക്കൽ എത്തിയപ്പോൾ അവർ പറഞ്ഞു: ഞങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും ബാധിച്ചിരിക്കുന്നു. മോശമായതും നിസ്സാരമായതുമായ ചരക്കുകളേ ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളൂ. അതിനാൽ മുമ്പ് താങ്കൾ ഞങ്ങൾക്ക് നൽകിയത് പോലെ അളവ് തികച്ചുതരികയും, കൂടുതൽ നൽകിക്കൊണ്ടും, ഞങ്ങളുടെ ചരക്ക് വിലകുറഞ്ഞതാണെന്നത് പരിഗണിക്കാതെയും ഞങ്ങളോട് ഔദാര്യം കാണിക്കുകയും ചെയ്യണം. തീർച്ചയായും അല്ലാഹു ഉദാരമതികൾക്ക് ഏറ്റവും നല്ല പ്രതിഫലം നല്കുന്നതാണ്.

(89) അവരുടെ സംസാരം കേട്ടപ്പോൾ യൂസുഫിന് അവരോട് ദയയും കാരുണ്യവും തോന്നി. തന്നെ പരിചയപ്പെടുത്തിയ ശേഷം അദ്ദേഹം അവരോട് പറഞ്ഞു: തങ്ങൾ ചെയ്യുന്നതിൻ്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ യൂസുഫിന്റെയും അവന്റെ സഹോദരന്റെയും കാര്യത്തിൽ നിങ്ങൾ ചെയ്തു കൂട്ടിയതെന്താണെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ?

(90) അവർ അത്ഭുതപ്പെട്ടു. അവർ ചോദിച്ചു: നീ തന്നെയാണോ യൂസുഫ്? യൂസുഫ് പറഞ്ഞു: ഞാൻ തന്നെയാണ് യൂസുഫ്. എന്നോടൊപ്പമുള്ളത് എൻ്റെ നേർസഹോദരനും! ഞങ്ങൾ അകപ്പെട്ട പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടും, ഞങ്ങളുടെ സ്ഥാനം ഉയർത്തിക്കൊണ്ടും അല്ലാഹു ഞങ്ങളോട് ഔദാര്യം ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവിനെ സൂക്ഷിക്കുകയും, പരീക്ഷണങ്ങളിൽ ക്ഷമിക്കുകയും ചെയ്യുന്നവർ; അവരുടെ പ്രവർത്തനം ഏറ്റവും നല്ല നന്മയിൽ പെട്ടതാണ്. അപ്രകാരം പ്രവർത്തിക്കുന്ന സദ് വൃത്തർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല; മറിച്ചു അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അവൻ കാത്തുസൂക്ഷിക്കുന്നതാണ്.

(91) തങ്ങൾ ചെയ്ത കാര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സഹോദരങ്ങൾ പറഞ്ഞു: അല്ലാഹുവെ തന്നെയാണ, തീർച്ചയായും നന്മ നിറഞ്ഞ ഗുണങ്ങൾ നൽകി അല്ലാഹു നിനക്ക് ഞങ്ങളെക്കാൾ മുൻഗണന നല്കിയിരിക്കുന്നു. തീർച്ചയായും നിന്നോട് മോശമായി പെരുമാറിയതിൽ ഞങ്ങൾ തെറ്റുകാരും അതിക്രമികളുമായിരുന്നു.

(92) അവരുടെ മാപ്പപേക്ഷ യൂസുഫ് സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു: ഇന്ന് നിങ്ങളെ ശിക്ഷിക്കുവാനോ ആക്ഷേപിക്കുവാനോ കാരണമായ ഒരു ആക്ഷേപവും നിങ്ങളുടെ മേലില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽ വെച്ച് ഏറ്റവും കാരുണികനാകുന്നു.

(93) പിതാവിൻ്റെ കാഴ്ചക്ക് സംഭവിച്ചതിനെക്കുറിച്ച് അവർ അറിയിച്ചപ്പോൾ തൻ്റെ കുപ്പായം യൂസുഫ് അവർക്ക് നൽകി. അദ്ദേഹം പറഞ്ഞു: എന്റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കിൽ അദ്ദേഹത്തിൻ്റെ കാഴ്ച്ച തിരിച്ചു വരുന്നതാണ്. നിങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളെയും കൊണ്ട് എന്റെ അടുത്ത് വരുകയും ചെയ്യുക.

(94) യാത്രാസംഘം ഈജിപ്തിൽ നിന്ന് പുറപ്പെട്ട് അവിടുത്തെ പട്ടണം കഴിഞ്ഞപ്പോൾ യഅ്ഖൂബ് (അ) തൻ്റെ അടുത്തുള്ള സന്താനങ്ങളോടും മറ്റും പറഞ്ഞു: തീർച്ചയായും എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. നിങ്ങളെന്നെ അറിയാത്തത് പറയുന്ന ബുദ്ധിഭ്രമം പറ്റിയ വൃദ്ധനായി കരുതുന്നില്ലെങ്കിൽ.

(95) അദ്ദേഹത്തിന് സമീപമുണ്ടായിരുന്ന മക്കൾ പറഞ്ഞു: അല്ലാഹു സത്യം! യൂസുഫിന് താങ്കളുടെ അടുത്തുള്ള സ്ഥാനവും, അവനെ രണ്ടാമതൊരിക്കൽ കൂടി കാണാമെന്ന താങ്കളുടെ ആഗ്രഹവും കാരണത്താൽ പഴയ അതേ വ്യാമോഹങ്ങളിലാണ് താങ്കളിപ്പോഴും.

(96) യഅ്ഖൂബിന്റെ അടുത്ത് സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അയാൾ യൂസുഫിൻറെ കുപ്പായം അദ്ദേഹത്തിന്റെ മുഖത്ത് വെച്ച് കൊടുത്തു. അപ്പോൾ അദ്ദേഹം കാഴ്ചയുള്ളവനായി മാറി. തന്റെ മക്കളോട് അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ അങ്ങേയറ്റത്തെ ദയയെയും നന്മയെയും കുറിച്ച് നിങ്ങൾക്കറിഞ്ഞുകൂടാത്ത ചിലത് ഞാൻ അറിയുന്നുണ്ട് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ?

(97) യൂസുഫിൻറെയും സഹോദരന്റെയും വിഷയത്തിൽ ചെയ്ത തെറ്റുകൾക്ക് തങ്ങളുടെ പിതാവായ യഅ്ഖൂബ് (അ) നോട് ഖേദപ്രകടനം നടത്തിക്കൊണ്ട് മക്കൾ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങളുടെ മുൻപാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ അല്ലാഹുവിനോട് പ്രാർത്ഥിക്കണേ! തീർച്ചയായും യൂസുഫിൻറെയും അദ്ദേഹത്തിൻ്റെ സഹോദരന്റെയും വിഷയത്തിൽ ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.

(98) പിതാവ് അവരോട് പറഞ്ഞു: നിങ്ങൾക്ക് വേണ്ടി എന്റെ രക്ഷിതാവിനോട് ഞാൻ വഴിയെ പാപമോചനം തേടുന്നതാണ്. തീർച്ചയായും തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവരുടെ പാപങ്ങൾ ഏറെ പൊറുക്കുന്നവനും (ഗഫൂർ) അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു അവൻ.

(99) യഅ്ഖൂബും കുടുംബവും അവരുടെ നാട്ടിൽ നിന്ന് ഈജിപ്തിലേക്ക് യൂസുഫിനെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. അങ്ങനെ അവർ അദ്ദേഹത്തിൻറെ മുമ്പാകെ പ്രവേശിച്ചപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്ക് അണച്ചു കൂട്ടി. അദ്ദേഹം തൻ്റെ കുടുംബത്തോടും സഹോദരങ്ങളോടും പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നിങ്ങൾ നിർഭയരായിക്കൊണ്ട് ഈജിപ്തിൽ പ്രവേശിച്ചു കൊള്ളുക. നിങ്ങൾക്കവിടെ ഒരു ഉപദ്രവവും ബാധിക്കുകയില്ല.

(100) അദ്ദേഹം തന്റെ മാതാപിതാക്കളെ താനിരിക്കുന്ന രാജപീഠത്തിന്മേൽ കയറ്റിയിരുത്തി. അദ്ദേഹത്തിൻ്റെ മാതാപിതാക്കളും പതിനൊന്ന് സഹോദരങ്ങളും അദ്ദേഹത്തെ പ്രണമിച്ചു. ആദരവിൻ്റെ ഭാഗമായുള്ള പ്രണാമമായിരുന്നു അത്; ആരാധനയുടേതല്ല. സ്വപ്നത്തിൽ ദർശിച്ച പോലെ അല്ലാഹുവിൻറെ കൽപ്പന യാഥാർഥ്യമായി. യൂസുഫ് (അ) പിതാവിനോട് പറഞ്ഞു: എന്റെ പിതാവേ, മുമ്പ് ഞാൻ താങ്കളോട് വിവരിച്ച, ഞാൻ കണ്ട സ്വപ്നത്തിൻ്റെ പുലർച്ചയാണിത്. എന്റെ രക്ഷിതാവ് അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു. എന്നെ അവൻ ജയിലിൽ നിന്ന് പുറത്തുകൊണ്ട് വന്ന സന്ദർഭത്തിലും, എന്റെയും എന്റെ സഹോദരങ്ങളുടെയും ഇടയിൽ പിശാച് കുഴപ്പം ഇളക്കിവിട്ടതിന് ശേഷം മരുഭൂമിയിൽ നിന്ന് അവൻ നിങ്ങളെയെല്ലാവരെയും എന്റെ അടുത്തേക്ക് കൊണ്ടുവന്ന സന്ദർഭത്തിലും അവൻ എന്നോട് നന്മ ചെയ്തിരിക്കുന്നു. തീർച്ചയായും എന്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീർച്ചയായും അവൻ അടിമകളുടെ എല്ലാ കാര്യങ്ങളും അറിയുന്നവനും, തൻ്റെ നടപടിക്രമത്തിൽ അങ്ങേയറ്റം യുക്തിയുള്ളവനുമത്രെ.

(101) ശേഷം യൂസുഫ് തൻ്റെ രക്ഷിതാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു: എൻ്റെ രക്ഷിതാവേ, നീ എനിക്ക് ഈജിപ്തിലെ ഭരണാധികാരം നല്കുകയും, സ്വപ്നവാർത്തകളുടെ വ്യാഖ്യാനം പഠിപ്പിച്ചുതരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, മുൻമാതൃകയില്ലാതെ അവയെ ഉണ്ടാക്കുകയും ചെയ്തവനേ! നീ ഇഹത്തിലും പരത്തിലും എന്റെ എല്ലാ കാര്യങ്ങളുടെയും രക്ഷാധികാരിയാകുന്നു. എൻ്റെ അവധി അവസാനിക്കുമ്പോൾ നീ എന്നെ മുസ്ലിമായി മരിപ്പിക്കുകയും, എൻ്റെ പിതാക്കളിലും മറ്റുമുള്ള സജ്ജനങ്ങളായ നബിമാരുടെ കൂട്ടത്തിൽ ഉന്നതമായ സ്വർഗ്ഗത്തിലെ ഫിർദൗസിൽ ചേർക്കുകയും ചെയ്യേണമേ.

(102) നബിയേ, മേൽപറയപ്പെട്ട യൂസുഫിൻറെയും സഹോദരങ്ങളുടെയും കഥ നിനക്ക് നാം സന്ദേശമായി നല്കുന്ന അദൃശ്യവാർത്തകളിൽ പെട്ടതത്രെ. നിനക്കതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. യൂസുഫിനെ കിണറിൽ ഇടാൻവേണ്ടി തീരുമാനിച്ചപ്പോഴും, അവർ തന്ത്രം പ്രയോഗിച്ചപ്പോഴും നീ യൂസുഫിൻറെ സഹോദരങ്ങളുടെ അടുക്കൽ ഉണ്ടായിരുന്നില്ല. അതിനെ കുറിച്ച് നിനക്ക് നാം സന്ദേശം നൽകുകയാണ് ചെയ്തത്.

(103) നബിയേ, ജനങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിക്കുന്നതിന് വേണ്ടി താങ്കൾക്ക് സാധ്യമായ നിലക്കെല്ലാം താങ്കൾ പരിശ്രമിച്ചാലും അവരിൽ അധികപേരും വിശ്വസിക്കുന്നവതല്ല. അവരെക്കുറിച്ചോർത്ത് ദുഃഖത്താൽ നീ നിൻറെ ജീവൻ കളയേണ്ടതില്ല.

(104) നബിയേ, അവർ ചിന്തിക്കുന്നവരായിരുന്നെങ്കിൽ അവർ താങ്കളിൽ വിശ്വസിക്കുമായിരുന്നു. കാരണം നീ അവരോട് ഖുർആനിൻറെ പേരിലോ താങ്കൾ പ്രബോധനം ചെയ്യുന്നതിൻറെ പേരിലോ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഖുർആൻ ലോകർക്ക് വേണ്ടിയുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.

(105) അല്ലാഹുവിൻറെ ഏകത്വത്തെ അറിയിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങൾ ആകാശങ്ങളിലും ഭൂമിയിലും വ്യാപിച്ചുകിടക്കുന്നു. അവയെക്കുറിച്ച് ചിന്തിക്കാതെ അവഗണിച്ചുകൊണ്ട് അവർ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. അതിലേക്കവർ തിരിഞ്ഞുനോക്കുന്നേയില്ല.

(106) അവരിൽ അധികപേരും അല്ലാഹു സ്രഷ്ടാവാണ്, ഉപജീവനം നല്കുന്നവനാണ്, മരിപ്പിക്കുന്നവനാണ് എന്നെല്ലാം വിശ്വസിക്കുന്നത് വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ട് അവനിൽ പങ്കുചേർക്കുന്നവരായിക്കൊണ്ട് മാത്രമാണ്. അവന് സന്താനങ്ങളുണ്ടെന്ന് പോലും അവർ വാദിക്കുന്നു. അവനെത്ര പരിശുദ്ധൻ.

(107) അവർക്ക് തടഞ്ഞു വെക്കാൻ സാധിക്കാത്ത വിധം അവരെ വലയം ചെയ്യുകയും, ആകെ മൂടുകയും ചെയ്യുന്ന ശിക്ഷ ഇഹലോകത്തായിരിക്കെ തങ്ങൾക്ക് വന്നെത്തുന്നതിനെപ്പറ്റി ബഹുദൈവ വിശ്വാസികൾ നിർഭയരായിരിക്കുകയാണോ? അല്ലെങ്കിൽ അവർക്ക് തയ്യാറെടുക്കാൻ സാധിക്കാത്തവണ്ണം നിനച്ചിരിക്കാതെ പെട്ടെന്ന് അന്ത്യദിനം അവർക്ക് വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?

(108) നബിയേ! താങ്കൾ പ്രബോധനം ചെയ്യുന്ന സമൂഹത്തോട് പറയുക: ഞാൻ ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്ന എന്റെ മാർഗം ഇതാണ്. വ്യക്തമായ തെളിവോട് കൂടി ഞാനും എന്നെ പിൻപറ്റുകയും എൻ്റെ മാർഗം സ്വീകരിക്കുകയും എൻ്റെ ചര്യ മാതൃകയാക്കുകയും ചെയ്യുന്നവരും അതിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കാത്തതോ, അവൻ്റെ പൂർണ്ണതക്ക് വിരുദ്ധമായതോ ആയ എന്തൊരു കാര്യം അല്ലാഹുവിലേക്ക് ആരെല്ലാം ചേർത്തിപ്പറഞ്ഞാലും അവൻ അതിൽ നിന്നെല്ലാം പരിശുദ്ധനാകുന്നു. ഞാൻ അല്ലാഹുവിൽ പങ്കുചേർക്കുന്നവരിൽ പെട്ടവനല്ല. മറിച്ച്, അവനെ ഏകനാക്കുന്നവരോടൊപ്പമാണ് ഞാനുള്ളത്. അവൻ എത്ര പരിശുദ്ധൻ!

(109) നബിയേ, നിനക്ക് മുമ്പും മനുഷ്യരിൽ നിന്ന് പുരുഷന്മാരെ തന്നെയാണ് നാം ദൂതന്മാരായി നിയോഗിച്ചിട്ടുള്ളത്; മലക്കുകളെയല്ല. താങ്കൾക്ക് സന്ദേശം നൽകിയത് പോലെ അവർക്കും നാം സന്ദേശം നൽകി. അവരെല്ലാം പട്ടണങ്ങളിൽ നിന്നുള്ളവരായിരുന്നു; ഗ്രാമവാസികളിൽ നിന്ന് നബിമാരുണ്ടായിട്ടില്ല. അങ്ങനെ അവരുടെ സമൂഹം അവരെ കളവാക്കിയപ്പോൾ നാം അവരെ നശിപ്പിച്ചു. അപ്പോൾ താങ്കളെ കളവാക്കുന്നവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിയിട്ടില്ലേ? എന്നാൽ പരലോകത്തുള്ള അനുഗ്രഹങ്ങളാണ് ഇഹലോകത്ത് സൂക്ഷ്മത പാലിച്ചവർക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്. അക്കാര്യം നിങ്ങൾ ഗ്രഹിക്കുന്നില്ലേ? എങ്കിൽ അല്ലാഹുവിൻറെ കൽപ്പനകൾ പാലിച്ചുകൊണ്ടും, അവൻ വിരോധിച്ചവ വെടിഞ്ഞു കൊണ്ടും നിങ്ങളവനെ സൂക്ഷിക്കുക. അല്ലാഹുവിൻ്റെ കൽപ്പനകളിൽ ഏറ്റവും ഗൗരവമേറിയത് അല്ലാഹുവിലുള്ള വിശ്വാസവും, അവൻ്റെ വിലക്കുകളിൽ ഏറ്റവും ഗുരുതരമായത് അവനിൽ പങ്കുചേർക്കലുമാണ്.

(110) നാം നിയോഗിക്കുന്ന ദൈവദൂതന്മാരുടെ ശത്രുക്കൾക്ക് നാം അവധി നീട്ടിനൽകുന്നതാണ്. അവരെ വഴിയെ പിടികൂടേണ്ടതിനായി ഉടനടി നാമവരെ ശിക്ഷിക്കുകയില്ല. അങ്ങനെ തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കപ്പെടില്ലെന്ന് നബിമാർ നിരാശപ്പെടുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശിക്ഷിക്കുകയും അവനിൽ വിശ്വസിച്ചവരെ അവൻ രക്ഷിപ്പെടുത്തുകയും ചെയ്യുന്നതാണ് എന്ന് അവർ തങ്ങളോട് പറഞ്ഞത് കളവാണെന്ന് നിഷേധികൾ വിചാരിക്കുകയും ചെയ്തപ്പോൾ നമ്മുടെ സഹായം ദൂതന്മാർക്ക് വന്നെത്തി. നിഷേധികൾക്ക് ബാധിച്ച നാശത്തിൽ നിന്ന് നബിമാരും (അവരിൽ) വിശ്വസിച്ചവരും രക്ഷപ്പെട്ടു. എന്നാൽ നമ്മുടെ ശിക്ഷ ഇറങ്ങുന്ന വേളയിൽ കുറ്റവാളികളായ ജനങ്ങളിൽ നിന്നും നമ്മുടെ ശിക്ഷ തടുക്കപ്പെടുന്നതല്ല.

(111) തീർച്ചയായും പ്രവാചകന്മാരുടെയും അവരുടെ സമൂഹത്തിൻറെയും ചരിത്രത്തിലും, യൂസുഫ് നബിയുടെയും സഹോദരന്മാരുടെയും ചരിത്രത്തിലും യഥാർത്ഥ ബുദ്ധിമാന്മാർക്ക് ഗുണപാഠമുണ്ട്. ഈ ചരിത്രങ്ങൾ ഉൾക്കൊള്ളുന്ന ഖുർആൻ അല്ലാഹുവിൻറെ പേരിൽ കെട്ടിയുണ്ടാക്കപ്പെട്ട ഒരു വർത്തമാനമല്ല. പ്രത്യുത; ഖുർആനിന് മുൻപ് അല്ലാഹുവിൽ നിന്നിറക്കപ്പെട്ട വേദങ്ങളെ ശരിവെക്കുന്നതും, വിശദീകരണം ആവശ്യമുള്ള വിധിവിലക്കുകളും മതനിയമങ്ങളും വിശദീകരിക്കുന്നതും, എല്ലാ നന്മകളിലേക്കും വഴികാട്ടുന്നതും, വിശ്വസിക്കുന്നവർക്ക് കാരുണ്യവുമാകുന്നു (ഖുർആൻ). അതിൽ വിശ്വസിച്ചവർ; അവർക്കാകുന്നു ഖുർആൻ ഉപകാരപ്രദമാവുക.