(1) അലിഫ് ലാം റാ. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹുവിനെ മാത്രമാരാധിക്കുക എന്ന തൗഹീദും മതനിയമങ്ങളും വിശദീകരിക്കുന്ന ഖുർആനിലെ, അല്ലാഹുവിൽ നിന്നാണ് അവതരിക്കപ്പെട്ടിരിക്കുന്നത് എന്ന് അറിയിക്കുന്ന വളരെ ഔന്നത്യമേറിയ വചനങ്ങളാണ് ഈ ആയത്തുകൾ.
(2) അന്ത്യനാളിൽ കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുകയും, ഇഹലോകത്തായിരിക്കെ തങ്ങൾ നിലകൊണ്ടിരുന്ന നിഷേധത്തിൻ്റെ നിരർത്ഥകത വ്യക്തമാവുകയും ചെയ്താൽ (മരിക്കുന്നതിന് മുൻപ്) തങ്ങൾ മുസ്ലിംകളായിരുന്നെങ്കിൽ എന്ന് (അല്ലാഹുവിനെ) നിഷേധിച്ചവർ ആഗ്രഹിച്ചു പോകും.
(3) അല്ലാഹുവിൻ്റെ റസൂലേ! ഈ നിഷേധികളെ താങ്കൾ വിട്ടേക്കുക. കന്നുകാലികൾ തിന്നുന്നത് പോലെ തിന്നുകയും, അവസാനിച്ചു പോകുന്ന ഈ ഐഹികലോകത്തിലെ ആസ്വാദനങ്ങൾ അവർ ആസ്വദിക്കുകയും ചെയ്യട്ടെ. കാലങ്ങളേറെ ഇനിയും ജീവിക്കുമെന്ന ധാരണ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിൽ നിന്നും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്നും അവരെ അശ്രദ്ധരാക്കിയിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ മുൻപിൽ വന്നെത്തിയാൽ, തങ്ങൾ അകപ്പെട്ടിരിക്കുന്ന നഷ്ടത്തിൻ്റെ വ്യാപ്തി അവർക്ക് മനസ്സിലാകുന്നതാണ്.
(4) അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ട ഒരു അവധിയില്ലാതെ അതിക്രമം ചെയ്ത ഒരു നാടിൻ്റെ മേലും നാം ശിക്ഷ ഇറക്കിയിട്ടില്ല. ആ നിശ്ചിതസമയത്തിൽ നിന്ന് നേരത്തെയോ വൈകിയോ അത് സംഭവിക്കുകയില്ല.
(5) ഒരു സമൂഹത്തിലേക്കും അവരുടെ അവധി വന്നെത്തുന്നതിന് മുൻപായി ശിക്ഷ വന്നെത്തുകയില്ല. അവരുടെ അവധി വന്നു കഴിഞ്ഞാലാകട്ടെ; അവരിൽ നിന്ന് ആ ശിക്ഷ വൈകുകയുമില്ല. അതിനാൽ, അല്ലാഹു അവർക്ക് അവധി നീട്ടിനൽകിയിരിക്കുന്നു എന്നതിൽ അതിക്രമികൾ വഞ്ചിതരാകാതിരിക്കട്ടെ.
(6) മക്കയിലുണ്ടായിരുന്ന കാഫിറുകൾ അല്ലാഹുവിൻ്റെ ദൂതരോട് -ﷺ- പറഞ്ഞു: ഹേ ഉൽബോധനം അവതരിപ്പിക്കപ്പെട്ട മനുഷ്യാ! അങ്ങനെയാണല്ലോ നീ ജൽപ്പിക്കുന്നത്. തീർച്ചയായും ഇത്തരം ജൽപ്പനങ്ങൾ ഉന്നയിക്കുന്നതിനാൽ നീയൊരു ഭ്രാന്തൻ തന്നെയാകുന്നു. ഭ്രാന്തന്മാരുടെ പോലെയാണ് നീ പ്രവർത്തിക്കുന്നത്.
(7) നീ സത്യവാന്മാരിൽ പെട്ടവനാണെങ്കിൽ നിനക്ക് ഞങ്ങളുടെ അരികിൽ മലക്കുകളെ കൊണ്ടുവന്നുകൂടേ? അവർ നീ അല്ലാഹുവിൽ നിന്നുള്ള ദൂതനും നബിയുമാണെന്നും, ഞങ്ങളുടെ മേൽ അല്ലാഹുവിൻ്റെ ശിക്ഷ വന്നെത്തുന്നതാണെന്നും നിനക്ക് വേണ്ടി സാക്ഷ്യം പറയട്ടെ!
(8) മലക്കുകളെ കൊണ്ടുവന്നു കൂടേ എന്ന അവരുടെ നിർദേശത്തിനുള്ള മറുപടി അല്ലാഹു നൽകുന്നു. അവൻ പറയുന്നു: യുക്തിപൂർവ്വകമായി, നിങ്ങൾക്കുള്ള ശിക്ഷ ഇറക്കിക്കൊണ്ട് നിങ്ങളെ നശിപ്പിക്കാനുള്ള സമയമായാൽ മാത്രമെ നാം മലക്കുകളെ ഇറക്കുകയുള്ളൂ. നാം മലക്കുകളെ ഇറക്കുകയും, അവർ വിശ്വസിക്കാതിരിക്കുകയും ചെയ്താൽ പിന്നെ അവർക്ക് അവധി നൽകപ്പെടുന്നതല്ല; മറിച്ച് അവർ ഉടനടി ശിക്ഷിക്കപ്പെടുന്നതാണ്.
(9) ജനങ്ങൾക്ക് ഉൽബോധനമായി കൊണ്ട് മുഹമ്മദ് നബി -ﷺ- യുടെ ഹൃദയത്തിൽ ഈ ഖുർആൻ അവതരിപ്പിച്ചവൻ നാമാകുന്നു. നാം തന്നെ ഈ ഖുർആനിനെ സംരക്ഷിക്കുന്നതാണ്. അതിൽ വല്ലതും കടത്തിക്കൂട്ടുകയോ കുറവു വരുത്തുകയോ തിരിമറി നടത്തുകയോ മാറ്റത്തിരുത്തലുകൾ വരുത്തുകയോ ചെയ്യുന്നതിൽ നിന്ന് നാം അതിനെ സംരക്ഷിക്കും.
(10) അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായിരുന്ന -മുൻപ് കഴിഞ്ഞു പോയ- അനേകം കൂട്ടങ്ങളിലേക്ക് നാം താങ്കൾക്ക് മുൻപ് ധാരാളം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അപ്പോൾ അവരെ ഇവർ കളവാക്കി. സ്വന്തം സമൂഹത്തിൻ്റെ നിഷേധം ഏറ്റുവാങ്ങുന്ന ആദ്യത്തെ റസൂലല്ല താങ്കൾ.
(11) നിഷേധികളുടെ ആ കൂട്ടങ്ങളിലേക്ക് ഏതൊരു ദൂതൻ കടന്നു ചെന്നപ്പോഴും അവർ അദ്ദേഹത്തെ നിഷേധിക്കുകയും, പരിഹസിച്ചു തള്ളാതിരിക്കുകയും ചെയ്തിട്ടില്ല.
(12) ആ കഴിഞ്ഞു പോയ സമൂഹത്തിലെ മനുഷ്യരുടെ ഹൃദയങ്ങളിൽ നിഷേധം നാം പ്രവേശിപ്പിച്ചതു പോലെ, മക്കയിലെ ബഹുദൈവാരാധകരുടെ ഹൃദയങ്ങളിലും നാം അത് പ്രവേശിപ്പിക്കുന്നതാണ്. (സത്യവിശ്വാസത്തോടുള്ള) അവരുടെ അവഗണനയും ശത്രുതയും കാരണത്താലാണത്.
(13) മുഹമ്മദ് നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ഖുർആനിൽ അവർ വിശ്വസിക്കുന്നില്ല. അല്ലാഹുവിൻ്റെ ദൂതന്മാർ കൊണ്ടുവന്നതിനെ കളവാക്കിയ മുൻസമുദായങ്ങളുടെ കാര്യത്തിൽ അവരെ നശിപ്പിക്കുകയെന്ന, അല്ലാഹുവിൻ്റെ നടപടിക്രമം നടപ്പിലാക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. താങ്കളെ നിഷേധിക്കുന്നവർ അതിൽ നിന്നും പാഠം ഉൾക്കൊള്ളട്ടെ.
(14) വ്യക്തമായ തെളിവുകളോടെ സത്യം അവർക്ക് ബോധ്യപ്പെട്ടാലും, ആകാശത്ത് നിന്ന് അവർക്കായി ഒരു വാതിൽ നാം തുറന്നു കൊടുക്കുകയും അതിലൂടെ അവർ കയറിപ്പോയി കൊണ്ടിരുന്നാലും ഈ നിഷേധികൾ (സത്യത്തോട്) ശത്രുത പുലർത്തുന്നവരായിരിക്കും.
(15) (അങ്ങനെയെല്ലാം സംഭവിച്ചാലും) അവർ (നബി -ﷺ- യെ) സത്യപ്പെടുത്തുകയില്ല. അവർ പറയും: ഞങ്ങളുടെ കണ്ണുകൾക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം തടസ്സം ബാധിച്ചിരിക്കുകയാണ്. അല്ല! ഞങ്ങൾ ഈ കാണുന്നതെല്ലാം കേവലം മന്ത്രവാദം മാത്രമാണ്. ഞങ്ങൾ മാരണം ബാധിച്ചവരാണ്.
(16) ആകാശത്ത് നാം വലിയ നക്ഷത്രങ്ങളെ നിശ്ചയിച്ചിരിക്കുന്നു. ജനങ്ങൾ കടലിലും കരയിലുമുള്ള യാത്രകളിലെ ഇരുട്ടുകളിൽ അവ കൊണ്ട് വഴികണ്ടെത്തുന്നു. അത് നോക്കിക്കാണുന്നവർക്ക് വേണ്ടി നാമതിനെ ഭംഗിയുള്ളതാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ ഇതിലൂടെ മനസ്സിലാക്കുന്നതിനാണ് (ഇപ്രകാരം ചെയ്തത്).
(17) അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളിൽ നിന്നും നാം ആകാശത്തെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു.
(18) (മലക്കുകളുടെ) ഉന്നതസഭയിൽ നിന്ന് കട്ടുകേൾക്കാൻ ശ്രമിച്ചവനൊഴികെ. ജ്വലിക്കുന്ന നക്ഷത്രം അവനെ പിടികൂടുകയും, കരിച്ചു കളയുകയും ചെയ്യുന്നതാണ്.
(19) ഭൂമിയാകട്ടെ, ജനങ്ങൾക്ക് വസിക്കുന്നതിനായി അതിനെ നാം വിശാലമാക്കുകയും, മനുഷ്യരെയും കൊണ്ട് അത് നീങ്ങിപ്പോകാതിരിക്കാൻ ഉറച്ചു നിൽക്കുന്ന പർവ്വതങ്ങൾ അതിൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. യുക്തമായ രൂപത്തിൽ, നിശ്ചയിക്കപ്പെട്ട കണക്ക് പ്രകാരം വ്യത്യസ്തയിനം ചെടികൾ നാമതിൽ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
(20) ജനങ്ങളേ! ഭൂമിയിൽ നിങ്ങൾ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണവും പാനീയവും നിങ്ങൾക്കായി നാമവിടെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾക്ക് പുറമെയുള്ള, നിങ്ങൾ ഉപജീവനം നൽകാത്ത മനുഷ്യർക്കും ജീവികൾക്കും ജീവിക്കാനാവശ്യമായതും നാം അവിടെ നിശ്ചയിച്ചിരിക്കുന്നു.
(21) മനുഷ്യരും മൃഗങ്ങളും പ്രയോജനപ്പെടുത്തുന്ന എന്തൊരു കാര്യമുണ്ടോ, അതെല്ലാം ഉണ്ടാക്കുവാനും ജനങ്ങൾക്ക് ഉപകാരമുള്ളതാക്കി തീർക്കാനും നാം കഴിവുള്ളവനാണ്. അവയെല്ലാം നാം ഉണ്ടാക്കുന്നത് നമ്മുടെ യുക്തിക്കും ഉദ്ദേശത്തിനും അനുസരിച്ച് നിശ്ചയിക്കപ്പെട്ട തോതനുസരിച്ചാകുന്നു.
(22) മേഘങ്ങളിൽ വെള്ളം നിറക്കുന്ന കാറ്റുകളെ നാം അയക്കുകയും ചെയ്തു. ആ മേഘങ്ങളിൽ നിന്ന് നാം മഴ വർഷിക്കുകയും, മഴവെള്ളത്തിൽ നിന്ന് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു. ജനങ്ങളെ! ഭൂമിയിൽ ഉറവകളും കിണറുകളുമായി തീരുന്ന രൂപത്തിൽ ആ വെള്ളം സംഭരിച്ചു വെക്കുന്നത് നിങ്ങളാരുമല്ല. അല്ലാഹു മാത്രമാകുന്നു ആ വെള്ളത്തെ ഭൂമിയിൽ സംഭരിക്കുന്നത്.
(23) തീർച്ചയായും, നാം തന്നെയാകുന്നു ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചു കൊണ്ടും, മരണ ശേഷം പുനരുജ്ജീവിപ്പിച്ചു കൊണ്ടും മരിച്ചവരെ ജീവിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ അവരുടെ ആയുസ്സ് പൂർത്തീകരിച്ചാൽ മരിപ്പിക്കുന്നതും നാം തന്നെ. ഭൂമിയെയും അതിന് മുകളിലുള്ളവരെയും അനന്തരമെടുക്കുന്ന, എന്നെന്നും നിലനിൽക്കുന്നവനും നാം തന്നെ.
(24) നിങ്ങളിൽ നേരത്തെ ജനിച്ചതും മരിച്ചതും ആരെല്ലാമെന്ന് നാം അറിഞ്ഞിട്ടുണ്ട്. ജനനവും മരണവും വൈകിയത് ആർക്കെല്ലാമാണെന്നും നാം അറിഞ്ഞിട്ടുണ്ട്. അതിലൊരു കാര്യവും നമുക്ക് അവ്യക്തമാവുകയില്ല.
(25) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവ്; അവനാകുന്നു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നവൻ. സൽകർമ്മിക്ക് അവൻ്റെ നന്മക്ക് പ്രതിഫലം നൽകുന്നതിനും, തിന്മ ചെയ്തവന് അവൻ്റെ തിന്മക്ക് പ്രതിഫലം നൽകുന്നതിനുമത്രെ അത്. തീർച്ചയായും അവൻ തൻ്റെ നിയന്ത്രണത്തിൽ അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ഒന്നും അവ്യക്തമാകാത്ത, സർവ്വതും അറിയുന്നവനും (അലീം) ആകുന്നു.
(26) ഉണങ്ങിയ, മുട്ടിയാൽ ശബ്ദം പുറപ്പെടുവിക്കുന്ന മണ്ണിൽ നിന്ന് നാം ആദമിനെ സൃഷ്ടിച്ചു. കാലമേറെ അങ്ങനെ കഴിഞ്ഞതിനാൽ മണത്തിന് മാറ്റം വന്ന കറുത്ത നിറമുള്ള മണ്ണായിരുന്നു അത്.
(27) ആദമിൻ്റെ സൃഷ്ടിപ്പിന് മുൻപ് ജിന്നുകളുടെ പിതാവിനെ കഠിനമായ ചൂടുള്ള അഗ്നിയിൽ നിന്ന് നാം സൃഷ്ടിച്ചു.
(28) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവ് മലക്കുകളോടും അവരോടൊപ്പം കഴിഞ്ഞിരുന്ന ഇബ്'ലീസിനോടും ഇപ്രകാരം പറഞ്ഞ സന്ദർഭം ഓർക്കുക: മുട്ടിയാൽ മുഴക്കമുണ്ടാക്കുന്ന, മണത്തിന് മാറ്റം വന്ന കറുത്ത ഉണങ്ങിയ മണ്ണിൽ നിന്ന് ഞാനിതാ മനുഷ്യനെ സൃഷ്ടിക്കാൻ പോവുകയാണ്.
(29) ഞാൻ അവൻ്റെ രൂപം ശരിപ്പെടുത്തുകയും, സൃഷ്ടിപ്പ് പൂർത്തീകരിക്കുകയും ചെയ്താൽ എൻ്റെ കൽപ്പന അനുസരിച്ചു കൊണ്ടും, (മനുഷ്യന്) അഭിവാദ്യമായി കൊണ്ടും നിങ്ങൾ അവന് സുജൂദ് ചെയ്യുക.
(30) അപ്പോൾ മലക്കുകൾ ആ കൽപ്പന നിറവേറ്റി. അവരെല്ലാം അവരുടെ രക്ഷിതാവ് കൽപ്പിച്ചതു പ്രകാരം സാഷ്ടാംഗം (സുജൂദ്) ചെയ്തു.
(31) എന്നാൽ മലക്കുകളിൽ പെട്ടവനായിരുന്നില്ലെങ്കിലും അവരോടൊപ്പം കഴിഞ്ഞു കൂടിയിരുന്ന ഇബ്'ലീസ് മലക്കുകളോടൊപ്പം ആദമിന് സുജൂദ് ചെയ്യാൻ വിസമ്മതിച്ചു.
(32) ആദമിന് സാഷ്ടാംഗം (സുജൂദ്) ചെയ്യാൻ വിസമ്മതിച്ച ഇബ്'ലീസിനോട് അല്ലാഹു ചോദിച്ചു: എൻ്റെ കൽപ്പന പ്രാവർത്തികമാക്കി കൊണ്ട് ആദമിന് സാഷ്ടാംഗം ചെയ്ത മലക്കുകളോടൊപ്പം സുജൂദ് ചെയ്യാതിരിക്കാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?
(33) ഇബ്'ലീസ് അഹങ്കാരത്തോടെ പറഞ്ഞു: കറുത്ത നിറത്തിലുണ്ടായിരുന്ന, മാറ്റം സംഭവിച്ച, ഉണങ്ങിയ മണ്ണിൽ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് സാഷ്ടാംഗം ചെയ്യുക എന്നത് എനിക്ക് ശരിയാവുകയില്ല.
(34) അല്ലാഹു ഇബ്'ലീസിനോട് പറഞ്ഞു: എങ്കിൽ നീ സ്വർഗത്തിൽ നിന്ന് പുറത്തു പോവുക. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
(35) തീർച്ചയായും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരെയും നിനക്ക് മേൽ ശാപവും എൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെടുന്ന സ്ഥിതിയുമുണ്ടായിരിക്കും.
(36) ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! സൃഷ്ടികൾ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് അവധി നീട്ടിനൽകേണമേ! അതു വരെ നീ എന്നെ മരിപ്പിക്കരുതേ!
(37) അല്ലാഹു പറഞ്ഞു: ഞാൻ ആയുസ്സ് നീട്ടിനൽകിയ, അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു നീ.
(38) ഒന്നാമത് കാഹളത്തിൽ ഊതപ്പെടുന്നതോടെ സർവ്വസൃഷ്ടികളും മരിച്ചു വീഴുന്ന സമയം വരെ.
(39) ഇബ്'ലീസ് പറഞ്ഞു: എൻ്റെ രക്ഷിതാവേ! നീ എന്നെ വഴികേടിലാക്കിയതിനാൽ ഭൂമിയിൽ അവർക്ക് (മനുഷ്യർക്ക്) ഞാൻ തിന്മകൾ നല്ലതായി തോന്നിപ്പിക്കുകയും, അവരെയെല്ലാം നേരായ പാതയിൽ (സ്വിറാതുൽ മുസ്തഖീമിൽ) നിന്ന് ഞാൻ വഴിപിഴപ്പിക്കുകയും ചെയ്യും.
(40) നിൻ്റെ ദാസന്മാരിൽ നിന്ന് നിന്നെ ആരാധിക്കുന്നതിനായി നീ തിരഞ്ഞെടുത്തവരൊഴികെ.
(41) അല്ലാഹു പറഞ്ഞു: എന്നിലേക്കെത്തിക്കുന്ന നേരായ മാർഗമാകുന്നു ഇത്.
(42) തീർച്ചയായും എൻ്റെ നിഷ്കളങ്കരായ ദാസന്മാരുടെ മേൽ നിനക്ക് യാതൊരു ശക്തിയോ അവരെ പിഴപ്പിക്കാനുള്ള സ്വാധീനമോ ഇല്ല; നിന്നെ പിൻപറ്റിയ വഴിപിഴച്ചവരൊഴികെ.
(43) തീർച്ചയായും നരകം ഇബ്'ലീസിനും അവനെ പിൻപറ്റിയ വഴിപിഴച്ചവർക്കുമെല്ലാമുള്ള വാഗ്ദത്ത ഗേഹമാകുന്നു.
(44) നരകത്തിന് ഏഴ് വാതിലുകളുണ്ട്. അവരതിലൂടെ പ്രവേശിക്കുന്നതായിരിക്കും. ഇബ്'ലീസിൻ്റെ അനുയായികളിൽ നിന്ന് നിശ്ചിത എണ്ണം പേർ അതിലെ ഓരോ വാതിലുകളിലൂടെയും പ്രവേശിക്കുന്നതായിരിക്കും.
(45) തീർച്ചയായും തങ്ങളുടെ രക്ഷിതാവിനെ, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും സൂക്ഷിച്ചവർ സ്വർഗങ്ങളിലും അരുവികളിലുമായിരിക്കും.
(46) അവിടെ പ്രവേശിക്കുമ്പോൾ അവരോട് പറയപ്പെടും: എല്ലാ കുഴപ്പങ്ങളിൽ നിന്നും സുരക്ഷിതരായി, ഭയപ്പാടുകളിൽ നിന്നെല്ലാം നിർഭയരായി അതിൽ നിങ്ങൾ പ്രവേശിച്ചു കൊള്ളുക.
(47) അവരുടെ ഹൃദയങ്ങളിൽ ഉണ്ടായിരുന്ന വെറുപ്പും ശത്രുതയും നാം നീക്കം ചെയ്യും. പരസ്പരം നോക്കിക്കൊണ്ട്, സ്നേഹമുള്ള സഹോദരങ്ങളായി കട്ടിലുകളിൽ ഇരിക്കുന്നവരായിരിക്കും അവർ.
(48) അവർക്ക് അവിടെ യാതൊരു ക്ഷീണവും ബാധിക്കുകയില്ല. അവിടെ നിന്ന് അവരൊരിക്കലും പുറത്താക്കപ്പെടുന്നവരുമല്ല. മറിച്ച്, എന്നെന്നും അവിടെ കഴിയുന്നവരായിരിക്കും അവർ.
(49) അല്ലാഹുവിൻ്റെ റസൂലേ! പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാണ് ഞാനെന്ന് എൻ്റെ ദാസന്മാരെ അറിയിക്കൂ!
(50) എൻ്റെ ശിക്ഷ തന്നെയാകുന്നു വേദനയേറിയ ശിക്ഷയെന്നും അവരെ അറിയിക്കുക. അതിനാൽ എൻ്റെ പാപമോചനം നേടിയെടുക്കാനും എൻ്റെ ശിക്ഷയിൽ നിന്ന് നിർഭയരാകാനും അവർ (തെറ്റുകളിൽ) നിന്ന് ഖേദിച്ചു മടങ്ങട്ടെ.
(51) ഇബ്രാഹീമിൻ്റെ അരികിൽ അദ്ദേഹത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സന്തോഷവാർത്തയും, ലൂത്വ് നബിയുടെ സമൂഹത്തിനുള്ള ശിക്ഷയെ കുറിച്ചും അറിയിക്കാൻ വന്ന മലക്കുകളിൽ പെട്ട അതിഥികളെ കുറിച്ചും അവരെ അറിയിക്കുക.
(52) അവർ അദ്ദേഹത്തിൻ്റെ അടുക്കൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് 'സലാം' പറഞ്ഞു. അവർ പറഞ്ഞതിനെക്കാൾ നല്ല രൂപത്തിൽ അവർക്ക് അദ്ദേഹം സലാം മടക്കി. അവർക്ക് ഭക്ഷിക്കുന്നതിനായി വേവിച്ച ഒരു പശുക്കുട്ടിയെ അദ്ദേഹം കൊണ്ടുവന്നു കൊടുക്കുകയും ചെയ്തു. അദ്ദേഹം ധരിച്ചത് അവർ മനുഷ്യരാണെന്നായിരുന്നു. എന്നാൽ അവർ മുന്നിൽ വെച്ച ഭക്ഷണത്തിൽ നിന്ന് കഴിക്കാതെ വന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഞങ്ങൾ നിങ്ങളെ കുറിച്ച് ഭയമുള്ളവരാകുന്നു.
(53) മലക്കുകളിൽ പെട്ട ആ ദൂതന്മാർ പറഞ്ഞു: നിങ്ങൾ ഭയക്കേണ്ടതില്ല. നിങ്ങൾക്ക് സന്തോഷമേകുന്ന കാര്യമാണ് ഞങ്ങൾക്ക് അറിയിക്കാനുള്ളത്. താങ്കൾക്ക് ജ്ഞാനിയായ ഒരു ആൺകുട്ടി ജനിക്കുമെന്നതാണ് ആ വാർത്ത.
(54) തനിക്കൊരു മകൻ ജനിക്കാനിരിക്കുന്നു എന്ന് സന്തോഷവാർത്ത അറിയിച്ചതിൽ അത്ഭുതം കൂറിക്കൊണ്ട് ഇബ്രാഹീം അവരോട് പറഞ്ഞു: എനിക്ക് ബാധിച്ചിരിക്കുന്ന ഈ വാർദ്ധക്യവും പ്രായക്കൂടുതലും ഉണ്ടായിരിക്കെ നിങ്ങൾ എനിക്ക് (ഒരു കുഞ്ഞുണ്ടാകും എന്ന്) സന്തോഷവാർത്ത അറിയിക്കുകയോ?! എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എനിക്ക് സന്തോഷവാർത്ത അറിയിക്കുന്നത്?!
(55) മലക്കുകളിൽ പെട്ട ആ ദൂതന്മാർ ഇബ്രാഹീമിനോട് പറഞ്ഞു: ഒരു സംശയവുമില്ലാത്ത യാഥാർത്ഥ്യം തന്നെയാണ് ഞങ്ങൾ താങ്കൾക്ക് സന്തോഷവാർത്തയായി അറിയിച്ചിരിക്കുന്നത്. അതിനാൽ ഞങ്ങൾ സന്തോഷവാർത്ത അറിയിച്ച കാര്യത്തിൽ നിരാശയടഞ്ഞവരിൽ താങ്കൾ ഉൾപ്പെടരുത്.
(56) ഇബ്രാഹീം പറഞ്ഞു: അല്ലാഹുവിൻ്റെ നേരായ പാതയിൽ നിന്ന് വഴിപിഴച്ചവരല്ലാതെ തൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തെപ്പറ്റി നിന്ന് നിരാശയടയുമോ?!
(57) ഇബ്രാഹീം ചോദിച്ചു: അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരേ! നിങ്ങൾ വരാനുള്ള (മുഖ്യ) കാരണമെന്താണ്?!
(58) മലക്കുകളിൽ പെട്ട ആ ദൂതന്മാർ പറഞ്ഞു: ഭീകരമായ കുഴപ്പം സൃഷ്ടിക്കുകയും, ഗുരുതരമായ തെറ്റ് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ നശിപ്പിക്കുന്നതിനായി അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുകയാണ്. ലൂത്വ് നബിയുടെ സമൂഹമാണ് ഉദ്ദേശം.
(59) ലൂത്വിൻ്റെ കുടുംബവും അദ്ദേഹത്തിൽ വിശ്വസിച്ച അദ്ദേഹത്തിൻ്റെ അനുയായികളും ഒഴികെ. അവരെ ഈ നാശം ബാധിക്കുകയില്ല. അവരെയെല്ലാം നാം അതിൽ നിന്ന് രക്ഷപ്പെടുത്തുന്നതാണ്.
(60) അദ്ദേഹത്തിൻ്റെ ഭാര്യ ഒഴികെ. ശിക്ഷ ബാധിക്കുന്ന ബാക്കിയുള്ളവരുടെ കൂട്ടത്തിൽ അവളും ഉണ്ടായിരിക്കുന്നതാണെന്ന് നാം വിധിച്ചിരിക്കുന്നു.
(61) അങ്ങനെ ലൂത്വിൻ്റെ കുടുംബത്തിലേക്ക് അല്ലാഹു അയച്ച ആ മലക്കുകൾ മനുഷ്യരുടെ രൂപത്തിൽ വന്നെത്തിയപ്പോൾ;
(62) അവരോട് ലൂത്വ് -عَلَيْهِ السَّلَامُ- പറഞ്ഞു: അപരിചിതരായ ആളുകളാണല്ലോ?!
(63) മലക്കുകളിൽ പെട്ട ആ ദൂതന്മാർ ലൂത്വിനോട് പറഞ്ഞു: താങ്കൾ ഭയക്കേണ്ടതില്ല. എന്നാൽ ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത് -ഹേ ലൂത്വ്!- താങ്കളുടെ സമൂഹം സംശയത്തിൽ നിലകൊണ്ടിരുന്ന, അവരെ നശിപ്പിക്കുന്ന ശിക്ഷയും കൊണ്ടാണ്.
(64) തമാശയല്ല, ഗൗരവമേറിയ യാഥാർത്ഥ്യവുമായാണ് ഞങ്ങൾ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. ഞങ്ങൾ താങ്കളെ അറിയിച്ചതെല്ലാം സത്യമാകുന്നു.
(65) രാത്രിയുടെ ഒരു ഭാഗം നീങ്ങിക്കഴിഞ്ഞാൽ താങ്കളുടെ കുടുംബത്തോടൊപ്പം യാത്ര പുറപ്പെടുക. താങ്കൾ അവരുടെ പിന്നിൽ നടക്കുക. നിങ്ങളിൽ ഒരാളും അവർക്ക് വന്നിറങ്ങുന്ന ശിക്ഷ കാണുന്നതിനായി പിന്നിലേക്ക് തിരിഞ്ഞു നോക്കരുത്. അല്ലാഹു നിങ്ങളോട് പോകുവാൻ പറഞ്ഞ ദിശയിലേക്ക് തന്നെ നിങ്ങൾ നീങ്ങുക.
(66) നാം നിശ്ചയിച്ച കാര്യം ലൂത്വിന് നാം സന്ദേശമായി അറിയിച്ചു. പ്രഭാതത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഈ സമൂഹം മുഴുവനായി വേരോടെ പിഴുതെറിയപ്പെടും എന്നതായിരുന്നു അത്.
(67) സദൂം ദേശക്കാർ ലൂത്വിൻ്റെ അതിഥികളെ കണ്ട് സന്തോഷത്തോടെ അങ്ങോട്ട് വന്നു. അവരോട് സ്വവർഗരതിയെന്ന മ്ലേഛത പ്രവർത്തിക്കാം എന്ന ആഗ്രഹത്തിലാണവർ.
(68) ലൂത്വ് അവരോട് പറഞ്ഞു: തീർച്ചയായും ഇവർ എൻ്റെ അതിഥികളാണ്. നിങ്ങൾ അവരോട് വൃത്തികേട് ചെയ്യാം എന്ന് ആഗ്രഹിച്ചു കൊണ്ട് എന്നെ വഷളാക്കരുത്.
(69) ഈ മ്ലേഛത ഉപേക്ഷിച്ചു കൊണ്ട് നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. നിങ്ങളുടെ ഈ നീചമായ പ്രവർത്തനം കൊണ്ട് നിങ്ങളെന്നെ അപമാനിതനാക്കാതിരിക്കുക.
(70) അദ്ദേഹത്തിൻ്റെ സമൂഹം പറഞ്ഞു: ജനങ്ങളിൽ ആരെയും അതിഥികളായി സ്വീകരിക്കരുത് എന്ന് ഞങ്ങൾ നിന്നോട് വിലക്കിയിട്ടില്ലേ?!
(71) അതിഥികൾക്ക് മുൻപിൽ, തൻ്റെ ന്യായം ബോധിപ്പിച്ചു കൊണ്ട് ലൂത്വ് -عَلَيْهِ السَّلَامُ- തൻ്റെ സമൂഹത്തോട് പറഞ്ഞു: ഇതാ,എൻ്റെ പെൺമക്കൾ! അഥവാ, നിങ്ങളുടെ കൂട്ടത്തിലെ സ്ത്രീകൾ! നിങ്ങളുടെ ലൈംഗിക മോഹം ശമിപ്പിക്കണമെന്ന ഉദ്ദേശത്തിലാണെങ്കിൽ അവരെ നിങ്ങൾ വിവാഹം കഴിച്ചു കൊള്ളൂ.
(72) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ ജീവിതം തന്നെയാണെ സത്യം! തീർച്ചയായും ലൂത്വിൻ്റെ ജനത അവരുടെ അതിരുവിട്ട കാമേഛയിൽ വിഹരിക്കുകയായിരുന്നു.
(73) സൂര്യോദയത്തിൻ്റെ സമയത്തിൽ അവർ പ്രവേശിക്കവെ, ഘോരമായ ആ ശബ്ദം അവരെ പിടികൂടി.
(74) അങ്ങനെ അവരുടെ രാജ്യത്തെ -അതിൻ്റെ താഴ്ഭാഗം മേലെയാക്കി കൊണ്ട്- നാം തലകീഴായി മറിച്ചു കളഞ്ഞു. ചുട്ടുപഴുത്ത കടുത്ത ഇഷ്ടികക്കല്ലുകൾ അവർക്ക് മേൽ നാം വർഷിക്കുകയും ചെയ്തു.
(75) തീർച്ചയായും ലൂത്വ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തെ ബാധിച്ച ഈ നാശത്തിൻ്റെ ചരിത്രത്തിൽ ചിന്തിക്കുന്നവർക്ക് അനേകം ദൃഷ്ടാന്തങ്ങളുണ്ട്.
(76) ലൂത്വിൻ്റെ ജനതയുടെ രാജ്യം ഇന്നും നിലകൊള്ളുന്ന ഒരു വഴിയിൽ തന്നെയാണുള്ളത്. അതിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് അതിപ്പോഴും കാണാം.
(77) തീർച്ചയായും ഈ സംഭവിച്ചതിൽ മുഅ്മിനുകൾക്ക് ഗുണപാഠമുൾക്കൊള്ളാവുന്ന തെളിവുകളുണ്ട്.
(78) ഇടതിങ്ങിയ മരക്കൂട്ടങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്ന, ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ ജനത അതിക്രമികൾ തന്നെയായിരുന്നു. കാരണം അവർ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതനായ ശുഐബ് നബി -عَلَيْهِ السَّلَامُ- യെ കളവാക്കുകയും ചെയ്തു.
(79) അതിനാൽ നാം അവരോട് പ്രതികാരനടപടി സ്വീകരിച്ചു. അങ്ങനെ അവരെ ശിക്ഷ പിടികൂടി. തീർച്ചയായും ലൂത്വിൻ്റെ ജനതയുടെ നാടും, ശുഐബിൻ്റെ നാട്ടുകാരുടെ പ്രദേശങ്ങളും സഞ്ചരിക്കുന്നവർക്ക് കാണാൻ കഴിയുന്ന, വ്യക്തമായ വഴിയിൽ തന്നെയാകുന്നു.
(80) ഥമൂദ് ഗോത്രവും നിഷേധിച്ചു തള്ളി. (ഹിജാസിനും ശാമിനുമിടയിലുള്ള) ഹിജ്ർ നാട്ടുകാരായിരുന്നു അവർ. അവരുടെ ദൂതനായ സ്വാലിഹിനെ നിഷേധിച്ചു തള്ളിയതിലൂടെ അവർ സർവ്വ റസൂലുകളെയും നിഷേധിച്ചു.
(81) അദ്ദേഹം തൻ്റെ രക്ഷിതാവിൽ നിന്ന് കൊണ്ടുവന്നതിൻ്റെ സത്യത ബോധ്യപ്പെടുന്ന വ്യക്തമായ തെളിവുകളും ദൃഷ്ടാന്തങ്ങളും അവർക്ക് നാം നൽകി. അതിൽ പെട്ടതായിരുന്നു പർവ്വതം പിളർന്നു പുറത്തു വന്ന ഒട്ടകം. എന്നാൽ അവർ ആ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുകയോ, അവയെ പരിഗണിക്കുകയോ ചെയ്തില്ല.
(82) അവർ ഭയക്കുന്നതിൽ നിന്നെല്ലാം സുരക്ഷിതരായി കഴിയാവുന്ന ഭവനങ്ങൾ നിർമ്മിക്കുന്നതിനായി പർവ്വതങ്ങൾ അവർ വെട്ടിത്തുറക്കാറുണ്ടായിരുന്നു.
(83) അങ്ങനെ പുലർച്ചെയാകുന്ന വേളയിൽ ശിക്ഷയുടെ ഘോരശബ്ദം അവരെ പിടികൂടി.
(84) അവർ സമ്പാദിച്ചുണ്ടാക്കിയ സമ്പാദ്യങ്ങളോ ഭവനങ്ങളോ അല്ലാഹുവിൻ്റെ ശിക്ഷ അവരിൽ നിന്ന് തടുത്തു നിർത്തിയില്ല.
(85) ആകാശങ്ങളും ഭൂമിയും അവക്കിടയിലുള്ളതും നാം നിരർത്ഥകമായി -ഒരു ഉദ്ദേശവുമില്ലാതെ- സൃഷ്ടിച്ചിട്ടില്ല. അവയെല്ലാം യാഥാർത്ഥ്യത്തോടെയാണ് നാം സൃഷ്ടിച്ചത്. തീർച്ചയായും അന്ത്യനാൾ സംഭവിക്കുന്നതാണ്; യാതൊരു സംശയവുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളെ നിഷേധിക്കുന്നവരിൽ നിന്ന് തിരിഞ്ഞു കളഞ്ഞേക്കുക. അവർക്ക് മനോഹരമായി പൊറുത്തുകൊടുക്കുകയും ചെയ്യുക.
(86) തീർച്ചയായും -അല്ലാഹുവിൻ്റെ റസൂലേ!- നിൻ്റെ രക്ഷിതാവ് തന്നെയാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവനും (ഖല്ലാഖ്), അവയെല്ലാം നന്നായി അറിയുന്നവനും (അലീം).
(87) തീർച്ചയായും ഏഴ് വചനങ്ങളുള്ള സൂറതുൽ ഫാതിഹ നാം നിനക്ക് നൽകിയിട്ടുണ്ട്. മഹത്തരമായ ഖുർആനാകുന്നു അത്.
(88) കാഫിറുകൾക്ക് നാം സുഖാനുഭവങ്ങളായി നൽകിയിരിക്കുന്ന നശ്വരമായ ഐഹികവിഭവങ്ങളിലേക്ക് നീ കണ്ണുകൾ നീട്ടരുത്. അവരുടെ നിഷേധത്തിൽ നീ ദുഃഖിക്കേണ്ടതുമില്ല. മുഅ്മിനുകളോട് നീ വിനയം കാണിക്കുകയും ചെയ്യുക.
(89) അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും ശിക്ഷയിൽ നിന്ന് വ്യക്തമായ താക്കീത് നൽകുന്ന താക്കീതുകാരനാകുന്നു ഞാൻ.
(90) അല്ലാഹു അവതരിപ്പിച്ച അവൻ്റെ ഗ്രന്ഥങ്ങളെ ഛിന്നഭിന്നമാക്കുകയും, അതിൽ ചിലത് വിശ്വസിക്കുകയും, ചിലത് നിഷേധിക്കുകയും ചെയ്തവർക്ക് മേൽ അല്ലാഹു ഇറക്കിയ ശിക്ഷക്ക് സമാനമായത് ഞാൻ നിങ്ങളോട് താക്കീത് നൽകുന്നു.
(91) ഖുർആനിനെ വ്യത്യസ്ത ഭാഗങ്ങളാക്കി തീർക്കുകയും, അത് മാരണമാണെന്നും ജ്യോത്സ്യമാണെന്നും കവിതയാണെന്നുമൊക്കെആരോപിക്കുകയും ചെയ്തവർ.
(92) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ രക്ഷിതാവിനെ തന്നെയാണെ സത്യം! ഖുർആനിനെ ഭാഗങ്ങളാക്കി തീർത്തവരെയെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാം ചോദ്യം ചെയ്യുന്നത് തന്നെയാകുന്നു.
(93) അവർ ഇഹലോകത്തായിരിക്കെ ചെയ്തുവന്ന നിഷേധത്തെയും തിന്മകളെയും കുറിച്ച് നാം അവരോട് ചോദിക്കുക തന്നെ ചെയ്യും.
(94) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അല്ലാഹു താങ്കളോട് പ്രബോധനം ചെയ്യാൻ കൽപ്പിച്ചിരിക്കുന്ന കാര്യം താങ്കൾ പരസ്യമായി പറഞ്ഞു കൊള്ളുക. ബഹുദൈവാരാധകർ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിലേക്ക് താങ്കൾ തിരിഞ്ഞു നോക്കേണ്ടതില്ല.
(95) അവരെ നീ ഭയക്കേണ്ടതില്ല. ഖുറൈശികളിലെ കുഫ്റിൻ്റെ നേതാക്കന്മാരിൽ പെട്ട പരിഹാസക്കാരുടെ കുതന്ത്രത്തിൽ നിന്ന് താങ്കളെ രക്ഷപ്പെടുത്താൻ നാം താങ്കൾക്ക് മതിയാകുന്നു.
(96) അല്ലാഹുവിനോടൊപ്പം മറ്റ് ആരാധ്യന്മാരെ സ്വീകരിക്കുന്നവർ. അവരുടെ ഈ മ്ലേഛമായ ശിർക്കിൻ്റെ (പങ്കുചേർക്കലിൻ്റെ) അനന്തരഫലം വഴിയെ അവർ അറിഞ്ഞു കൊള്ളും.
(97) അല്ലാഹുവിൻ്റെ റസൂലേ! അവരിൽ നിന്ന് നീ നേരിടുന്ന പരിഹാസത്തിലും നിഷേധത്തിലും താങ്കളുടെ ഹൃദയം ഞെരുങ്ങുന്നുണ്ട് എന്നത് തീർച്ചയായും നാം അറിയുന്നുണ്ട്.
(98) അല്ലാഹുവിന് അനുയോജ്യമല്ലാത്തതിൽ നിന്ന് അവനെ പരിശുദ്ധപ്പെടുത്തി കൊണ്ടും, അവൻ്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾ എടുത്തു പറഞ്ഞ് അവനെ സ്തുതിച്ചു കൊണ്ടും നീ അല്ലാഹുവിലേക്ക് അഭയം തേടുക. അല്ലാഹുവിനെ ആരാധിക്കുകയും, അവന് വേണ്ടി നിസ്കരിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുകയും ചെയ്യുക. നിൻ്റെ ഹൃദയത്തിൻ്റെ ഞെരുക്കത്തിനുള്ള ശമനം അതിലുണ്ട്.
(99) അല്ലാഹുവിനെ ആരാധിക്കുന്നതിൽ നീ തുടർന്നു പോവുക. അങ്ങനെ മരണം നിനക്ക് വന്നെത്തുന്നത് വരെ അതേ നിലയിൽ നിൻ്റെ ജീവിതം തുടർന്നു കൊണ്ടുപോവുക.