39 - Az-Zumar ()

|

(1) ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത പ്രതാപവാനും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും മഹത്തരമായ ലക്ഷ്യമുള്ളവനുമായ (ഹകീം) അല്ലാഹുവിങ്കൽ നിന്നാകുന്നു ഈ ഖുർആനിൻ്റെ അവതരണം.

(2) അല്ലാഹുവിൻറെ റസൂലേ! തീർച്ചയായും നിനക്ക് നാം ഈ ഖുർആൻ അവതരിപ്പിച്ചു തന്നിരിക്കുന്നത് സത്യവുമായി കൊണ്ടാണ്. അതിലെ എല്ലാ വൃത്താന്തങ്ങളും സത്യസന്ധവും, വിധിവിലക്കുകളെല്ലാം നീതിപൂർവ്വകവുമാണ്. അതിനാൽ നീ അല്ലാഹുവിനെ ഏകനാക്കിയും, ബഹുദൈവാരാധനയുടെ കളങ്കം കൂടിക്കലരാത്ത ഏകദൈവാരാധനയോടെയും അവനെ ആരാധിക്കുക.

(3) എല്ലാ പങ്കുചേർക്കലിൽ നിന്നും മുക്തമായ പരിപൂർണ്ണ കീഴ്വണക്കം അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ദുർമൂർത്തികളെയും (ത്വാഗൂതുകൾ) വിഗ്രഹങ്ങളെയും തങ്ങളുടെ രക്ഷാധികാരികളാക്കിയവർ അവരെ ആരാധിക്കുമ്പോൾ അതിനുള്ള ന്യായമായി പറയുക: 'അല്ലാഹുവിലേക്ക് ഞങ്ങളുടെ സ്ഥാനം അടുപ്പിക്കുവാനും, ഞങ്ങളുടെ ആവശ്യങ്ങൾ അവനിലേക്ക് എത്തിക്കുവാനും, ഞങ്ങൾക്ക് വേണ്ടി അല്ലാഹുവിങ്കൽ ശുപാർശ പറയാനും വേണ്ടിയല്ലാതെ ഞങ്ങൾ ഇവയെ ആരാധിക്കുന്നില്ല' എന്നായിരിക്കും. തീർച്ചയായും തൗഹീദിൻ്റെ (ഏകദൈവാരാധന) വിഷയത്തിൽ അഭിപ്രായഭിന്നതയിലായ, അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുഅ്മിനുകൾ ക്കും, ബഹുദൈവാരാധകരായ കാഫിറുകൾക്കും ഇടയിൽ പരലോകത്ത് അല്ലാഹു വിധി നടപ്പിലാക്കുന്നതാണ്. തീർച്ചയായും അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചു കൊണ്ട് അവൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നവർക്കും, അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ തീർത്തും നിഷേധിക്കുന്ന നന്ദികെട്ടവർക്കും സത്യം സ്വീകരിക്കാൻ അവൻ വഴിയൊരുക്കുന്നതല്ല.

(4) ഒരു സന്താനത്തെ സ്വീകരിക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ തൻ്റെ സൃഷ്ടികളിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതിനെ അവൻ തിരഞ്ഞെടുക്കുകയും, അതിന് ഒരു മകൻ്റെ സ്ഥാനം നൽകുകയും ചെയ്യുമായിരുന്നു. ഈ ബഹുദൈവാരാധകർ ആരോപിക്കുന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു. തൻ്റെ അസ്തിത്വത്തിലും ഗുണവിശേഷണങ്ങളിലും പ്രവർത്തികളിലും ഒരു പങ്കുകാരനുമില്ലാത്ത ഏകനും (വാഹിദ്), എല്ലാ സൃഷ്ടികളെയും അടക്കി ഭരിക്കുന്നവനുമാകുന്നു അവൻ.

(5) ആകാശഭൂമികളെ മഹത്തരമായ ഒരു ലക്ഷ്യത്തിന് വേണ്ടി അവൻ സൃഷ്ടിച്ചിരിക്കുന്നു. അതിക്രമികൾ പറയുന്നതു പോലെ വെറുതെയല്ല (അവനവയെ സൃഷ്ടിച്ചത്). രാത്രിയെ അവൻ പകലിൻ്റെ മേൽ പ്രവേശിപ്പിക്കുന്നു. പകലിനെ രാത്രിയുടെ മേലും പ്രവേശിപ്പിക്കുന്നു. അതിൽ ഒന്ന് മറഞ്ഞാൽ ഉടനെ മറ്റൊന്ന് വരുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴൊതുക്കിയിരിക്കുന്നു. അവ രണ്ടും നിശ്ചയിക്കപ്പെട്ട ഒരു സമയം -ഈ ജീവിതകാലഘട്ടം അവസാനിക്കുന്നത്- വരെ ചലിക്കുന്നു. അറിയുക! അവനത്രെ തൻ്റെ ശത്രുക്കളോട്പ്രതികാരനടപടി സ്വീകരിക്കുന്നവനും, ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്തവനുമായ മഹാപ്രതാപിയും (അസീസ്), ചെയ്തു പോയ തെറ്റുകളിൽ ഖേദിച്ചു കൊണ്ട് പശ്ചാത്തപിക്കുന്ന തൻ്റെ അടിമകൾക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനും (ഗഫ്ഫാർ).

(6) ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് ഒരു വ്യക്തിയിൽ നിന്ന് -ആദമിൽ നിന്ന്- നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ശേഷം ആദമിൽ നിന്ന് അദ്ദേഹത്തിൻ്റെ ഇണ ഹവ്വാഇനെയും സൃഷ്ടിച്ചു. ഒട്ടകം, പശു, ചെമ്മരിയാട്, കോലാട് എന്നിവയിൽ നിന്ന് എട്ടു ഇനങ്ങളെ നിങ്ങൾക്കായി അവൻ സൃഷ്ടിക്കുകയും ചെയ്തു. അഥവാ ഈ വർഗങ്ങളിലെല്ലാം ആണിനെയും പെണ്ണിനെയും അവൻ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രങ്ങളിൽ -അവരുടെ വയറിൻ്റെയും ഗർഭപാത്രത്തിൻ്റെയും മറുപിള്ളയുടെയും ഇരുട്ടുകൾക്കുള്ളിൽ- ഘട്ടംഘട്ടമായി അവൻ നിങ്ങളെ വളർത്തി കൊണ്ടു വരുന്നു. ഇവയെല്ലാം സൃഷ്ടിക്കുന്നവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന് മാത്രമാകുന്നു സർവ്വാധികാരവുമുള്ളത്. അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോൾ അവനെ മാത്രം ആരാധിക്കുക എന്നതിൽ നിന്ന് ഒന്നിനെയും സൃഷ്ടിക്കാത്ത -അല്ലാഹുവിൻ്റെ സൃഷ്ടികളെ- ആരാധിക്കുന്നതിലേക്ക് എങ്ങനെയാണ് നിങ്ങൾ വഴിതെറ്റിക്കപ്പെടുന്നത്?!

(7) ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ നിഷേധിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങളുടെ വിശ്വാസത്തിൽ നിന്ന് ധന്യനാണ് (അവന് നിങ്ങളുടെ വിശ്വാസത്തിൻ്റെ ആവശ്യമില്ല). നിങ്ങളുടെ നിഷേധം അവനൊരു ഉപദ്രവവും വരുത്തി വെക്കുകയുമില്ല. നിങ്ങളുടെ നിഷേധത്തിൻ്റെ ദോഷഫലം നിങ്ങളിലേക്ക് തന്നെയാണ് മടങ്ങി വരിക. തൻ്റെ അടിമകൾ അവനെ നിഷേധിക്കുകയെന്നത് അല്ലാഹു തൃപ്തിപ്പെടുന്നുമില്ല. അവനവരോട് നിഷേധികളാവാൻ കൽപ്പിക്കുകയില്ല. കാരണം, അല്ലാഹു ഒരിക്കലും മ്ലേഛതകളും തിന്മകളും കൽപ്പിക്കുന്നവനല്ല. നിങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും, അവനിൽ വിശ്വസിക്കുകയുമാണെങ്കിൽ നിങ്ങളുടെ നന്ദി അവൻ തൃപ്തിപ്പെടുകയും, അതിനവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും. ആരും മറ്റൊരാളുടെയും തിന്മകൾ വഹിക്കുകയില്ല. മറിച്ച്, ഒരോരുത്തരും അവരവരുടെ പ്രവർത്തനങ്ങളാൽ പണയം വെക്കപ്പെട്ടവരാണ്. ശേഷം നിങ്ങളുടെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ നിങ്ങൾ മടങ്ങുക. അപ്പോൾ നിങ്ങൾ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്നതിനെ കുറിച്ച് അവൻ നിങ്ങളെ അറിയിക്കുകയും, നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. തീർച്ചയായും അവൻ തൻ്റെ അടിമകളുടെ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.

(8) (അല്ലാഹുവിനെ) നിഷേധിക്കുന്ന ഒരുവന് രോഗമോ സമ്പത്തിൽ നഷ്ടമോ (കപ്പൽയാത്രക്കിടയിൽ) മുങ്ങിമരിക്കുമെന്ന ഭയമോ പോലുള്ള എന്തെങ്കിലും ദുരിതം ബാധിച്ചാൽ അവൻ തന്നെ ബാധിച്ച പ്രയാസം തന്നിൽ നിന്ന് നീക്കുവാനായി തൻ്റെ രക്ഷിതാവിലേക്ക് മാത്രം മടങ്ങിക്കൊണ്ട്, അവനെ വിളിച്ചു പ്രാർത്ഥിക്കും. ശേഷം അല്ലാഹു അവനെ ബാധിച്ച ദുരിതം മാറ്റികൊണ്ട് അവനെ അനുഗ്രഹിച്ചാൽ അവൻ മുൻപ് താഴ്മ പ്രകടിപ്പിച്ച തൻ്റെ രക്ഷിതാവിനെ -അല്ലാഹുവിനെ- അവൻ ഉപേക്ഷിക്കും. അല്ലാഹുവിന് പുറമെ ആരാധിക്കുന്നതിനായി ചില പങ്കാളികളെ അവൻ നിശ്ചയിക്കുകയും, അതിലൂടെ അല്ലാഹുവിലേക്ക് എത്തിക്കുന്ന മാർഗത്തിൽ നിന്ന് ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ റസൂലേ! ഈ അവസ്ഥയിൽ നിലകൊള്ളുന്നവരോട് പറയുക: നിൻ്റെ ബാക്കിയുള്ള ആയുസ്സ് കൂടി ഈ നിഷേധവുമായി മദിച്ചു കൊള്ളുക. അത് വളരെ കുറഞ്ഞ കാലം മാത്രമാകുന്നു. തീർച്ചയായും നീ എന്നെന്നും നരകത്തിൽ വസിക്കുന്നവരിൽ പെട്ടവൻ തന്നെയാകുന്നു.

(9) അല്ലാഹുവിനെ അനുസരിക്കുകയും, രാത്രി സമയങ്ങൾ തൻ്റെ രക്ഷിതാവിന് സാഷ്ടാംഗം ചെയ്തും അവന് വേണ്ടി നിന്നു നിസ്കരിച്ചും ചെലവഴിക്കുന്ന, പരലോക ശിക്ഷയെ ഭയക്കുകയും, തൻ്റെ രക്ഷിതാവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നവനോ നല്ലവൻ? അതല്ല, പ്രയാസഘട്ടങ്ങളിൽ അല്ലാഹുവിനെ ആരാധിക്കുകയും, സന്തോഷവേളകളിൽ അല്ലാഹുവിനെ നിഷേധിക്കുകയും അവന് പങ്കാളികളെ നിശ്ചയിക്കുകയും ചെയ്യുന്ന ആ നിഷേധിയോ നല്ലവൻ?! അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിനെ അറിയുകയും, അതിലൂടെ തങ്ങളുടെ മേൽ അല്ലാഹു എന്തെല്ലാമാണ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് മനസ്സിലാക്കിയവരും, ഇത്തരം കാര്യങ്ങളൊന്നും അറിയാത്തവരും സമമാകുമോ?! ശരിയായ ബുദ്ധിയുള്ളവർക്ക് മാത്രമേ ഈ രണ്ട് വിഭാഗങ്ങളും തമ്മിലുള്ള വേർതിരിവ് മനസ്സിലാകുകയുള്ളൂ.

(10) അല്ലാഹുവിൻ്റെ റസൂലേ! എന്നിലും എൻ്റെ ദൂതന്മാരിലും വിശ്വസിച്ചവരായ എൻ്റെ അടിമകളോട് പറയുക: നിങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽ നിന്ന് ഇഹലോകത്ത് വെച്ച് തൻ്റെ പ്രവർത്തനങ്ങൾ നന്നാക്കിയവർക്ക് ഇഹപരലോകങ്ങളിൽ നന്മയുണ്ട്. ഇഹലോകത്ത് അവർക്ക് (അല്ലാഹുവിൻ്റെ സഹായത്താൽ) വിജയവും ആരോഗ്യവും സമ്പാദ്യവുമുണ്ടായിരിക്കും. പരലോകത്ത് സ്വർഗവും അവർക്കുണ്ടായിരിക്കും. അല്ലാഹുവിൻ്റെ ഭൂമി വിശാലമാണ്. അതിനാൽ ഒരു തടസ്സവുമില്ലാതെ അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന ഒരു പ്രദേശം കണ്ടെത്തുന്നത് വരെ നിങ്ങൾ പലായനം ചെയ്യുക. ക്ഷമാശീലർക്കാണ് പരലോകത്ത് എണ്ണമോ കണക്കോ ഇല്ലാതെ -ധാരാളമായി പലതരം- പ്രതിഫലങ്ങൾ നൽകപ്പെടുക.

(11) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എന്നോട് അല്ലാഹു കൽപ്പിച്ചിരിക്കുന്നത് ഞാൻ ആരാധനകൾ അവന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ ആരാധിക്കാനാണ്.

(12) ഈ സമുദായത്തിൽ അല്ലാഹുവിന് സമർപ്പിക്കുകയും കീഴൊതുങ്ങുകയും ചെയ്യുന്ന ആദ്യത്തെ (മുസ്ലിമാകാനും) അവൻ എന്നോട് കൽപ്പിച്ചിരിക്കുന്നു.

(13) അല്ലാഹുവിൻ്റെ റസൂലേ! പറയുക: ഞാൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അവനെ അനുസരിക്കാതിരിക്കുകയുമാണെങ്കിൽ ഭയാനകമായ ഒരു ദിവസത്തെ -പരലോക ദിനത്തിലെ- ശിക്ഷ (എന്നെ ബാധിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു.

(14) അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആരാധനകൾ സർവ്വവും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി കൊണ്ട് അവനെ മാത്രമാണ് ഞാൻ ആരാധിക്കുന്നത്. അവനോടൊപ്പം മറ്റാരെയും ഞാൻ ആരാധിക്കുന്നില്ല.

(15) അതിനാൽ ബഹുദൈവാരാധകരേ! നിങ്ങൾക്ക് തോന്നുന്നതിനെ -വിഗ്രഹങ്ങളെയോ മറ്റോ- നിങ്ങൾ ആരാധിച്ചു കൊള്ളുക. ഭീഷണിയുടെ സ്വരത്തിലുള്ള കൽപനാപ്രയോഗമാണിത്; അല്ലാതെ അവരോട് എന്തിനെയും ആരാധിക്കാൻ കൽപ്പിക്കുകയല്ല. അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും സ്വദേഹങ്ങളെയും തങ്ങളുടെ ബന്ധുക്കളെയും നഷ്ടപ്പെടുത്തിയവർ തന്നെയാണ് യഥാർഥ നഷ്ടക്കാർ. ഒന്നല്ലെങ്കിൽ അവരുടെ ബന്ധുക്കൾ സ്വർഗത്തിൽ പ്രവേശിക്കും; അപ്പോൾ ഇവർക്ക് അവരെ കാണാൻ കഴിയില്ല. അല്ലെങ്കിൽ അവരെല്ലാം ഒരുമിച്ച് നരകത്തിൽ പ്രവേശിക്കും; അവിടെ ഇവർ പരസ്പരം ഒരിക്കലും കണ്ടുമുട്ടുകയുമില്ല. അറിയുക! ഇത് തന്നെയാകുന്നു വ്യക്തമായ നഷ്ടം; അതിൽ യാതൊരു അവ്യക്തതയുമില്ല.

(16) അവർക്ക് മുകളിൽ പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. അവർക്ക് താഴെയും പുകയും തീപ്പൊരികളും കടുത്തചൂടുമുണ്ടായിരിക്കും. ഈ പറയപ്പെട്ട ശിക്ഷ; അതോർമ്മപ്പെടുത്തി കൊണ്ട് അല്ലാഹു തൻ്റെ ദാസന്മാരെ ഭയപ്പെടുത്തുന്നു. എൻറെ ദാസന്മാരേ! അതിനാൽ എൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, ഞാൻ വിലക്കിയവ ഉപേക്ഷിച്ചും നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ!

(17) വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് അകന്നുനിൽക്കുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിനെയും വെടിയുകയും, അല്ലാഹുവിലേക്ക് ഖേദിച്ചു കൊണ്ട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവരാരോ; അവർക്കാണ് മരണവേളയിലും ഖബ്റിലും പരലോകത്തുമെല്ലാം സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയുള്ളത്. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- എൻ്റെ അടിമകൾക്ക് താങ്കൾ സന്തോഷവാർത്ത അറിയിക്കുക.

(18) വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നല്ലതും മ്ലേഛമായതും വേർതിരിക്കുകയും, വാക്കുകളിൽ ഏറ്റവും നല്ലതിനെ -അതിലുള്ള നന്മകൾ കാരണത്താൽ- പിൻപറ്റുകയും ചെയ്യുന്നവർ; ഈ വിശേഷണങ്ങൾ ഉള്ളവർക്കാകുന്നു അല്ലാഹു സന്മാർഗത്തിലേക്ക് വഴികാണിച്ചിട്ടുള്ളത്. ഇക്കൂട്ടർ തന്നെയാകുന്നു നേരായ ബുദ്ധിയുള്ളവരും.

(19) അല്ലാഹുവിൻ്റെ റസൂലേ! നിഷേധത്തിലും വഴികേടിലും തുടർന്നു പോകുന്നത് കാരണത്താൽ ശിക്ഷയുടെ വചനം സ്ഥിരപ്പെട്ടു കഴിഞ്ഞ ഒരാളെ സന്മാർഗത്തിലേക്ക് എത്തിക്കാനും, അത് സ്വീകരിപ്പിക്കാനും താങ്കൾക്ക് യാതൊരു മാർഗവുമില്ല. അല്ലാഹുവിൻ്റെ റസൂലേ! ഈ സ്വഭാവവിശേഷണങ്ങളുള്ള ഒരാളെ താങ്കൾക്ക് നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുമോ?!

(20) എന്നാൽ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചു ജീവിച്ചവരാരോ; അവർക്ക് തട്ടുകളായി നിലകൊള്ളുന്ന ഉന്നതമായ മണിമാളികകളുണ്ട്. അതിൻ്റെ താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്നു. അല്ലാഹു അവർക്ക് നൽകിയ വാഗ്ദാനമാണത്. അല്ലാഹു അവൻ്റെ വാഗ്ദാനം ലംഘിക്കുകയില്ല.

(21) അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, ശേഷം അതിനെയവർ ഉറവകളിലും അരുവികളിലും പ്രവേശിപ്പിക്കുകയും, അനന്തരം ഈ വെള്ളം കൊണ്ട് വ്യത്യസ്ത വർണ്ണങ്ങളിലുള്ള വിളവുകൾ അവൻ പുറത്തു കൊണ്ടു വരികയും ചെയ്യുന്നത് നിങ്ങൾ കണ്ടറിഞ്ഞ കാര്യമാണ്. ശേഷം ആ വിളവുകൾ ഉണങ്ങുകയും, അങ്ങനെ പച്ചപ്പു നിറഞ്ഞു നിന്നിരുന്ന അത് മഞ്ഞ നിറമായി മാറുന്നതും നിനക്ക് കാണാം. ഉണങ്ങിയ വിളവുകളെ ശേഷം അവൻ നുരുമ്പിയ വൈക്കോലാക്കുന്നു. തീർച്ചയായും ഈ പറഞ്ഞതിൽ സജീവമായ ഹൃദയമുള്ളവർക്ക് ഒരു ഓർമ്മപ്പെടുത്തലുണ്ട്.

(22) അപ്പോൾ ഇസ്ലാം (സ്വീകരിക്കാൻ) അല്ലാഹു ഹൃദയവിശാലത നൽകുകയും, അങ്ങനെ (ഇസ്ലാമിൻ്റെ) സന്മാർഗം സ്വീകരിക്കുകയും ചെയ്തവൻ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവനെ പോലെയാണോ?! ഒരിക്കലും അവർ രണ്ടു പേരും തുല്യരാവുകയില്ല. സന്മാർഗം സ്വീകരിച്ചവർക്കാകുന്നു വിജയം. അല്ലാഹുവിൻ്റെ സ്മരണയിൽ നിന്ന് (അകന്നു കൊണ്ട്) ഹൃദയം കടുത്തു പോയവർക്കാകുന്നു പരാജയം. അക്കൂട്ടർ സത്യത്തിൽ നിന്ന് വ്യക്തമായ വഴികേടിലാകുന്നു.

(23) തൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ അല്ലാഹു ഏറ്റവും നല്ല സംസാരമായ ഖുർആൻ അവതരിപ്പിച്ചിരിക്കുന്നു. (ആശയങ്ങളിലെ) സത്യസന്ധതയിലും (വചനങ്ങളുടെ) ഭംഗിയിലും (ഘടനാപരമായ) യോജിപ്പിലും വൈരുദ്ധ്യങ്ങളില്ല എന്നതിലും (അതിലെ വചനങ്ങളെല്ലാം) ഒരുപോലെയാണ് അല്ലാഹു അവതരിപ്പിച്ചത്. അതിലെ ചരിത്രങ്ങളും വിധിവിലക്കുകളും, വാഗ്ദാനങ്ങളും താക്കീതുകളും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും വക്താക്കളുടെ വിശേഷണങ്ങളും മറ്റുമെല്ലാം (വിവിധയിടങ്ങളിലായി) ആവർത്തിക്കുന്ന രൂപത്തിലുമാണ് (അല്ലാഹു ഖുർആൻ അവതരിപ്പിച്ചത്). അതിലുള്ള താക്കീതുകളും ഭയപ്പെടുത്തുന്ന വാക്കുകളും കേട്ടാൽ തങ്ങളുടെ രക്ഷിതാവിനെ ഭയക്കുന്നവരുടെ തൊലികൾ വിറകൊള്ളുന്നു. ശേഷം, അതിലെ പ്രതീക്ഷ നൽകുന്ന വാക്കുകളും സന്തോഷവാർത്തകളും കേട്ടാൽ അവരുടെ ചർമ്മങ്ങളും ഹൃദയങ്ങളും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയാൽ ശാന്തമാവുകയും ചെയ്യുന്നു. ഈ പറയപ്പെട്ട ഖുർആനും, അതിൻ്റെ സ്വാധീനവുമെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന സന്മാർഗമാണ്. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവന് വഴിയൊരുക്കാതിരിക്കുകയും ചെയ്താൽ; അവനെ നേർവഴിയിലാക്കാൻ ഒരു മാർഗദർശിയും അവനില്ല തന്നെ.

(24) അല്ലാഹു നേർമാർഗത്തിലേക്ക് നയിക്കുകയും, ഇഹലോകത്ത് (നന്മകളിലേക്ക്) വഴിനടത്തുകയും, പരലോകത്ത് സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ത ഒരാൾ, (അല്ലാഹുവിനെ) നിഷേധിക്കുകയും, തൻ്റെ നിഷേധത്തിലായിരിക്കെ മരണപ്പെടുകയും, അങ്ങനെ കൈകളും കാലുകളും ചങ്ങലകളിൽ ബന്ധിക്കപ്പെട്ട നിലയിൽ നരകത്തിൽ അല്ലാഹു പ്രവേശിപ്പിക്കുകയും ചെയ്തവനെ പോലെയാകുമോ?! തൻ്റെ മുഖം കൊണ്ടല്ലാതെ നരകാഗ്നിയെ അവന് തടുക്കാൻ കഴിയുന്നില്ല. മുഖം കുത്തിയാണ് അവൻ നരകത്തിൽ വീണിരിക്കുന്നത്. കുഫ്റും പാപങ്ങളും മുഖേന സ്വദേഹങ്ങളോടുതന്നെ അക്രമം ചെയ്തവരോട് ആക്ഷേപസ്വരത്തിൽ പറയപ്പെടും: നിങ്ങൾ സമ്പാദിച്ച കുഫ്റും തിന്മകളും ആസ്വദിച്ചുകൊള്ളുക. ഇതാണ് നിങ്ങൾക്കുള്ള പ്രതിഫലം.

(25) ഈ ബഹുദൈവാരാധകർക്ക് മുൻപ് കഴിഞ്ഞു പോയ സമുദായങ്ങളും നിഷേധിച്ചിട്ടുണ്ട്. അപ്പോൾ അവർ നിനച്ചിരിക്കാത്ത രൂപത്തിൽ -പശ്ചാത്തപിച്ചു കൊണ്ട് (മരണത്തിനായി) ഒരുങ്ങിയിരിക്കാൻ കഴിയുന്നതിന് മുൻപ്- പൊടുന്നനെ ശിക്ഷ അവരെ ബാധിച്ചു.

(26) അങ്ങനെ ആ ശിക്ഷയാൽ അല്ലാഹു അവർക്ക് അപമാനവും നിന്ദ്യതയും ഇഹലോകത്ത് വെച്ചു തന്നെ രുചിപ്പിച്ചു. (എന്നാൽ) പരലോകത്ത് അവരെ കാത്തിരിക്കുന്ന ശിക്ഷ തന്നെയാകുന്നു ഇതിനെക്കാൾ ഭയാനകവും തീക്ഷ്ണവുമായിട്ടുള്ളത്. അതവർ മനസ്സിലാക്കിയിരുന്നെങ്കിൽ!

(27) മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനിൽ ജനങ്ങൾക്കായി എല്ലാ തരം ഉപമകളും നാം നൽകിയിട്ടുണ്ട്. നന്മയുടെയും തിന്മയുടെയും, സത്യത്തിൻ്റെയും അസത്യത്തിൻ്റെയും, (അല്ലാഹുവിലുള്ള) വിശ്വാസത്തിൻ്റെയും നിഷേധത്തിൻ്റെയും മറ്റുമെല്ലാം ഉപമകൾ. നാം നൽകിയ ആ ഉപമകളെ കുറിച്ച് അവർ ഉറ്റാലോചിക്കുന്നതിനും, സത്യത്തിന് യോജിച്ച് അവർ പ്രവർത്തിക്കുന്നതിനും, അസത്യം അവർ ഉപേക്ഷിക്കുന്നതിനും വേണ്ടിയാണത്.

(28) നാമതിനെ അറബി ഭാഷയിലുള്ള ഒരു ഖുർആൻ (വായിക്കപ്പെടുന്ന ഗ്രന്ഥം) ആക്കിയിരിക്കുന്നു. അതിൽ വക്രതയോ വ്യതിചലനമോ അവ്യക്തതയോ ഇല്ല. അല്ലാഹുവിൻ്റെ കൽപനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും അവർ അല്ലാഹുവിനെ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്.

(29) ബഹുദൈവാരാധകൻ്റെയും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവൻ്റെയും ഉപമയിതാ അല്ലാഹു വിവരിച്ചിരിക്കുന്നു. ഒരടിമ; പരസ്പരം വഴക്കടിച്ചു കൊണ്ടിരിക്കുന്ന ഉടമസ്ഥർക്ക് കീഴിലാണവൻ. ചിലരെ തൃപ്തിപ്പെടുത്തിയാൽ മറ്റു ചിലർക്കത് അനിഷ്ടകരമാകും. എപ്പോഴും പരിഭ്രാന്തിയിലും അസ്ഥിരതയിലുമാണവൻ. മറ്റൊരാൾ ഒരൊറ്റ ഉടമസ്ഥൻ്റെ കീഴിലാണ്. അവന് മാത്രമേ ഇവൻ്റെ ഉടമസ്ഥതയുള്ളൂ. തൻ്റെ യജമാനൻ്റെ ഇഷ്ടം എന്തിലാണെന്ന് അവനറിയാം. അതിനാൽ പരിപൂർണ്ണ സ്വസ്ഥതയിലും ശാന്തിയിലും സമാധാനത്തിലുമാണവൻ. ഈ രണ്ട് അടിമകളും ഒരിക്കലും സമമാവുകയില്ല. സർവ്വസ്തുതികളും അല്ലാഹുവിനാകുന്നു. എന്നാൽ അവരിൽ ബഹുഭൂരിപക്ഷവും കാര്യം മനസ്സിലാക്കുന്നില്ല. അതിനാൽ അവർ അല്ലാഹുവോടൊപ്പം മറ്റു പലരെയും അവൻ്റെ പങ്കാളികളാക്കുന്നു.

(30) അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾ മരിക്കുന്നതാകുന്നു. അവരും മരിക്കുന്നവർ തന്നെയാകുന്നു. യാതൊരു സംശയവും അക്കാര്യത്തിലില്ല.

(31) പിന്നീട് -ജനങ്ങളേ!- നിങ്ങളുടെ രക്ഷിതാവിൻ്റെ അടുക്കൽ വെച്ച് (ഇഹലോകത്ത്) അഭിപ്രായഭിന്നതയിലായ വിഷയങ്ങളിൽ നിങ്ങൾ തർക്കിക്കുന്നതാണ്. അപ്പോൾ സത്യവാനും അസത്യവാദിയുമെല്ലാം ആരാണെന്നത് വെളിവാകും.

(32) പങ്കാളിയോ ഇണയോ സന്താനമോ പോലെ, അല്ലാഹുവിന് അനുയോജ്യമല്ലാത്തവ അവനുണ്ടെന്ന് കള്ളം പറയുകയും, നബി -ﷺ- കൊണ്ടു വന്ന അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തെ നിഷേധിക്കുകയും ചെയ്തവനെക്കാൾ വലിയ അതിക്രമി മറ്റൊരാളില്ല. അല്ലാഹുവിനെയും, അവൻ്റെ ദൂതൻ കൊണ്ടു വന്നതിനെയും നിഷേധിച്ചവർക്ക് നരകത്തിലല്ലയോ പാർപ്പിടമുള്ളത്?! അതെ! തീർച്ചയായും അവർക്ക് അവിടെസങ്കേതവും പാർപ്പിടവുമുണ്ട്.

(33) തൻ്റെ വാക്കുകളിലും പ്രവർത്തനങ്ങളിലുമെല്ലാം സത്യവുമായി വന്ന നബിമാരും മറ്റും, അതിൽ വിശ്വസിച്ചു കൊണ്ട് ആ സത്യത്തെ ശരിവെക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരും; അവർ തന്നെയാകുന്നു തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ വിലക്കിയവ ഉപേക്ഷിക്കുകയും ചെയ്ത യഥാർത്ഥ സൂക്ഷ്മശാലികൾ.

(34) അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ആഗ്രഹിക്കുന്ന ശാശ്വതമായ ആസ്വാദനങ്ങൾ ഉണ്ടായിരിക്കും. അതാകുന്നു തങ്ങളുടെ സ്രഷ്ടാവിനോടും സഹജീവികളോടുമുള്ള പ്രവർത്തനങ്ങൾ നന്നാക്കിയവർക്കുള്ള പ്രതിഫലം.

(35) ഇഹലോകത്തായിരിക്കെ അവർ ചെയ്തു പോയ തിന്മകൾ പോലെ, (അവരുടെ പ്രവർത്തനങ്ങളിൽ) ഏറ്റവും മോശമായ കാര്യങ്ങൾ അല്ലാഹു അവരിൽ നിന്ന് മായ്ച്ചു കളയും; അവർ അതിൽ നിന്നെല്ലാം പശ്ചാത്തപിക്കുകയും, തങ്ങളുടെ രക്ഷിതാവിലേക്ക് കീഴ്വണക്കത്തോടെ മടങ്ങുകയും ചെയ്തതിനാലാണത്. അവർ ചെയ്തിരുന്ന ഏറ്റവും നല്ല സൽപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അവർക്കവൻ പ്രതിഫലം നൽകുകയും ചെയ്യും.

(36) തൻ്റെ ദാസനായ മുഹമ്മദ് നബി -ﷺ- ക്ക് അവിടുത്തെ മതകാര്യങ്ങളിലും ഭൗതിക വിഷയങ്ങളിലും, അവിടുത്തെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാനും അല്ലാഹു മതിയായവനല്ലയോ?! തീർച്ചയായും! അല്ലാഹു അവിടുത്തേക്ക് മതിയായവനാണ്. അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ അജ്ഞതയും വിഡ്ഢിത്തവും കാരണത്താൽ അല്ലാഹുവിന് പുറമെ തങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ താങ്കളെ ഉപദ്രവമേൽപ്പിക്കുമെന്ന് അവർ താങ്കളെ ഭയപ്പെടുത്തുന്നു. എന്നാൽ ആരെയെങ്കിലും അല്ലാഹു കൈവെടിയുകയും, സന്മാർഗത്തിലേക്ക് അവനെ വഴിനയിക്കാതിരിക്കുകയും ചെയ്താൽ; അവന് അതിലേക്ക് മാർഗദർശനം നൽകുകയും, വഴിനടത്തുകയും ചെയ്യുന്ന ഒരാളും തന്നെയില്ല.

(37) ആരെയെങ്കിലും അല്ലാഹു സന്മാർഗത്തിലേക്ക് വഴികാട്ടിയാൽ അവനെ വഴിപിഴപ്പിക്കുവാൻ സാധിക്കുന്ന ആരുമില്ല. ഒരാൾക്കും പരാജയപ്പെടുത്താൻ കഴിയാത്ത പ്രതാപവാനും, അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്യുന്നവരോട് പകരം വീട്ടുന്നവനുമല്ലയോ അല്ലാഹു?!

(38) അല്ലാഹുവിൻ്റെ റസൂലേ! 'ആരാണ് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത്' എന്ന് ഈ ബഹുദൈവാരാധകരോട് നീ ചോദിച്ചാൽ അവർ ഉറപ്പായും പറയും: 'അല്ലാഹുവാണ് അവയെ സൃഷ്ടിച്ചത്' എന്ന്. അവരുടെ ആരാധ്യവസ്തുക്കളുടെ ദുർബലത ബോധ്യപ്പെടുത്തുന്നതിനായി അവരോട് ചോദിക്കുക: അല്ലാഹുവിനു പുറമെ നിങ്ങൾ ആരാധിക്കുന്ന ബിംബങ്ങളെക്കുറിച്ച് നിങ്ങളെനിക്ക് പറഞ്ഞുതരൂ! അല്ലാഹു എനിക്കൊരു പ്രയാസം ബാധിപ്പിക്കണമെന്ന് ഉദ്ദേശിച്ചാൽ, ഈ വിഗ്രഹങ്ങൾക്ക് എന്നിൽ നിന്ന് ആ പ്രയാസം നീക്കിത്തരാനാവുമോ?! അല്ലെങ്കിൽ എൻ്റെ രക്ഷിതാവ് എൻ്റെ മേൽ എന്തെങ്കിലും കാരുണ്യം ചൊരിയാൻ ഉദ്ദേശിച്ചാൽ ഇവക്ക് അവൻ്റെ കാരുണ്യം എന്നിൽ നിന്ന് തടഞ്ഞു വെക്കാനാകുമോ?! അവരോട് പറയുക: എനിക്ക് അല്ലാഹു മാത്രം മതി. എൻ്റെ എല്ലാ കാര്യങ്ങളിലും അവനെയാണ് ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നത്. അവൻ്റെ മേൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവരെല്ലാം ഭരമേൽപ്പിക്കേണ്ടത്.

(39) അല്ലാഹുവിൻ്റെ റസൂലേ! പറയുക: എൻ്റെ ജനങ്ങളേ! അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുകാരെ നിശ്ചയിക്കുക എന്ന, നിങ്ങൾ സ്വന്തത്തിന് തൃപ്തിപ്പെട്ടിരിക്കുന്ന ഈ അവസ്ഥയിൽ തന്നെ തുടർന്നു കൊള്ളുക. ഞാനാകട്ടെ; എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചതനുസരിച്ച് -ഏകദൈവാരാധനയിലേക്കും, അല്ലാഹുവിന് മാത്രം ആരാധനകൾ നിഷ്കളങ്കമാക്കുന്നതിലേക്കും ക്ഷണിച്ചു കൊണ്ടാണ്- ഞാൻ പ്രവർത്തിക്കുന്നത്. ഓരോ മാർഗങ്ങളും എവിടെയാണ് ചെന്നവസാനിക്കുക എന്നത് നിങ്ങൾ വഴിയെ അറിഞ്ഞു കൊള്ളും.

(40) ആർക്ക് മേലാണ് ഇഹലോകത്ത് അപമാനകരവും നിന്ദ്യവുമായ ശിക്ഷ വന്നെത്തുന്നതെന്നും, പരലോകത്ത് -ഒരിക്കലും അവസാനിക്കുകയോ മാറുകയോ ചെയ്യാത്ത- ശാശ്വതമായ ശിക്ഷ വന്നു ഭവിക്കുകയെന്നും നിങ്ങൾ വഴിയെ അറിയും.

(41) അല്ലാഹുവിൻ്റെ റസൂലേ! ജനങ്ങൾക്ക് വേണ്ടി -അവരെ താങ്കൾ താക്കീത് ചെയ്യേണ്ടതിനായി- സത്യപ്രകാരമുള്ള ഖുർആൻ താങ്കളുടെ മേൽ നാം ഇറക്കിത്തന്നിരിക്കുന്നു. അപ്പോൾ ആരെങ്കിലും സന്മാർഗം സ്വീകരിച്ചാൽ അതിൻ്റെ ഉപകാരം അവന് തന്നെയാകുന്നു. അവൻ സന്മാർഗത്തിലായാൽ അല്ലാഹുവിന് അതിൽ യാതൊരു ഉപകാരവും ഇല്ല; കാരണം, അവൻ (എല്ലാ ഉപകാരത്തിൽ നിന്നും) ധന്യതയുള്ളവനാകുന്നു. ആരെങ്കിലും വഴികേടിലായാൽ അതിൻ്റെ ഉപദ്രവവും അവന് തന്നെയാകുന്നു. അല്ലാഹുവിന് യാതൊരു ഉപദ്രവവും അതു കൊണ്ട് ഉണ്ടാവുകയില്ല. അവരോട് സന്മാർഗം സ്വീകരിക്കൂ എന്ന് നിർബന്ധിക്കാൻ അവരുടെ കൈകാര്യകർത്താവൊന്നുമല്ല താങ്കൾ. (ജനങ്ങൾക്ക്) എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടത് അവർക്ക് എത്തിച്ചു കൊടുക്കുക എന്നത് മാത്രമേ താങ്കളുടെ മേൽ ബാധ്യതയുള്ളൂ.

(42) അന്തിമ അവധി എത്തിയാൽ ആത്മാവുകളെ പിടികൂടുന്നത് അല്ലാഹുവാകുന്നു. ആയുസ്സ് എത്തിയിട്ടില്ലാത്തവയെ അവൻ നിദ്രയുടെ വേളയിലും പിടികൂടുന്നു. അവയിൽ അവൻ മരണം വിധിച്ചവയെ പിടിച്ചു വെക്കുകയും, അല്ലാത്തവയെ അല്ലാഹുവിൻ്റെ അറിവിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവധി വരെ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും (ആത്മാവുകളെ അല്ലാഹു ഇപ്രകാരം) പിടിച്ചു വെക്കുന്നതിലും വിട്ടയക്കുന്നതിലും, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതിലും ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്. ഇതിനെല്ലാം കഴിവുള്ളവൻ ജനങ്ങളെ അവരുടെ മരണ ശേഷം വിചാരണക്കും പ്രതിഫലത്തിനുമായി ഉയിർത്തെഴുന്നേല്പിക്കാൻ കഴിവുള്ളവനാണെന്ന കാര്യം (ഈ ദൃഷ്ടാന്തങ്ങൾ) അറിയിക്കുന്നു.

(43) ബഹുദൈവാരാധകർ തങ്ങളുടെ വിഗ്രഹങ്ങളെ അല്ലാഹുവിന് പുറമെ ശുപാർശക്കാരായി നിശ്ചയിക്കുകയും, അവരിൽ നിന്ന് ഉപകാരങ്ങൾ പ്രതീക്ഷിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻറെ റസൂലേ! അവരോട് പറയുക: നിങ്ങൾക്കോ സ്വദേഹങ്ങൾക്ക് പോലുമോ യാതൊന്നും ഉടമപ്പെടുത്താത്തവരും, ഒന്നും ചിന്തിച്ചു മനസ്സിലാക്കാൻ കഴിയാത്തവരുമായിട്ടും അവയെ നിങ്ങൾ ശുപാർശക്കാരായി സ്വീകരിച്ചിരിക്കുകയാണോ?! സംസാരിക്കാനോ കേൾക്കാനോ കാണാനോ, ഉപകാരോപദ്രവങ്ങൾ ചെയ്യുവാനോ സാധിക്കാത്ത നിർജ്ജീവ വസ്തുക്കളാണവ?

(44) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് മാത്രമാകുന്നു സർവ്വ ശുപാർശയുടെയും ആധിപത്യം. അവൻ്റെ അനുമതിയില്ലാതെ ഒരാളും അവൻ്റെ അടുക്കൽ ശുപാർശ പറയുകയില്ല. അല്ലാഹു തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ (അനുമതി ലഭിച്ചവർ) അവൻ്റെ അടുക്കൽ ശുപാർശ പറയുകയുമില്ല. അവന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും സർവ്വാധികാരവും. ശേഷം അവനിലേക്ക് മാത്രമാകുന്നു അന്ത്യനാളിൽ നിങ്ങൾ വിചാരണക്കും പ്രതിഫലത്തിനുമായി മടങ്ങുന്നതും. അവിടെ നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുന്നതുമാണ്.

(45) അല്ലാഹുവിനെ പറ്റി മാത്രം പറയപ്പെട്ടാൽ പരലോകത്തിലും അവിടെയുള്ള പുനരുത്ഥാനത്തിലും വിചാരണയിലും പ്രതിഫലത്തിലും വിശ്വസിക്കാത്ത ബഹുദൈവാരാധകരുടെ ഹൃദയങ്ങൾ വെറുപ്പോടെ അകന്നു പോകും. എന്നാൽ അവർ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ കുറിച്ച് പറയപ്പെട്ടാലാകട്ടെ, അവർ സന്തോഷഭരിതരും ആഹ്ളാദചിത്തരുമായി മാറും.

(46) അല്ലാഹുവിൻ്റെ റസൂലേ! പറയുക: ആകാശഭൂമികളെ മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനും, മറഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്നവനുമായ അല്ലാഹുവേ! അതിൽ യാതൊന്നും നിനക്ക് അവ്യക്തമാവുകയില്ല. നിൻ്റെ അടിമകൾ ഇഹലോകത്ത് അഭിപ്രായഭിന്നതയിലായിരുന്ന വിഷയങ്ങളിൽ നീ മാത്രമാണ് പരലോകത്ത് വിധി നടപ്പിലാക്കുക. അപ്പോൾ അവിടെ വെച്ച് സത്യവാനും കള്ളവാദിയും ആരെല്ലാമാണെന്നതും, സൗഭാഗ്യവാനും ദൗർഭാഗ്യവാനും ആരാണെന്നതും വ്യക്തമാകും.

(47) ബഹുദൈവാരാധനയും തിന്മകളും പ്രവർത്തിച്ചു കൊണ്ട് സ്വന്തങ്ങളോട് അതിക്രമം പ്രവർത്തിച്ചവർക്ക് ഭൂമിയിലുള്ള അമൂല്യമായ സമ്പാദ്യങ്ങൾ മുഴുവനും അതോടൊപ്പം അതിന് സമാനമായതും ഇരട്ടിയിരട്ടിയായി ഉണ്ടായിരുന്നെങ്കിലും, അതെല്ലാം -പുനരുജ്ജീവിപ്പിക്കപ്പെട്ട ശേഷം- തങ്ങളുടെ കണ്മുന്നിൽ കാണുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവർ പ്രായശ്ചിത്തമായി നൽകുമായിരുന്നു. പക്ഷേ അതിനവർക്ക് സാധിക്കുകയില്ല. അങ്ങനെ ഉണ്ട് എന്ന് സങ്കൽപ്പിച്ചാൽ തന്നെയും അതൊന്നും അവരിൽ നിന്ന് സ്വീകരിക്കപ്പെടുകയുമില്ല. അവർ മനസ്സിൽ കണ്ടിട്ടു പോലുമില്ലാത്ത പല തരം ശിക്ഷകൾക്ക് അല്ലാഹുവിൻറെ അടുക്കൽ അവർക്ക് വെളിവാകും.

(48) അവർ ചെയ്തു കൂട്ടിയ ബഹുദൈവാരാധനയുടെയും തിന്മകളുടെയും ദൂഷ്യഫലങ്ങൾ അവർക്ക് പ്രകടമാകും. ഇഹലോകത്ത് അവർക്ക് താക്കീത് നൽകപ്പെട്ട സന്ദർഭത്തിൽ അവർ പരിഹസിച്ചു തള്ളിയിരുന്ന ശിക്ഷ അവരെ വലയം ചെയ്യുന്നതുമാണ്.

(49) (അല്ലാഹുവിനെ) നിഷേധിച്ച മനുഷ്യന് എന്തെങ്കിലും രോഗമോ ദാരിദ്ര്യമോ മറ്റോ ബാധിച്ചാൽ അവൻ തന്നെ ബാധിച്ച പ്രയാസം നീക്കുവാനായി നമ്മെ വിളിച്ചു പ്രാർത്ഥിക്കും. ശേഷം അവന് നാം ആരോഗ്യമോ സമ്പാദ്യമോ പോലുള്ള വല്ല അനുഗ്രഹവും നൽകിയാൽ ആ നിഷേധി പറയും: ഇതൊക്കെ അല്ലാഹു എനിക്ക് നൽകിയിരിക്കുന്നത് ഞാൻ ഇതിനെല്ലാം അർഹനാണ് എന്ന് അവന് അറിയുന്നതു കൊണ്ടാണ്. എന്നാൽ ഇതെല്ലാം അവന് ഒരു പരീക്ഷണവും അവനെ (ക്രമേണ തിന്മകൾക്കിടയിൽ) പൊടുന്നനെ പിടികൂടാൻ വേണ്ടിയുമാണ്. എന്നാൽ (അല്ലാഹുവിനെ) നിഷേധിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇക്കാര്യം അറിയുന്നില്ല. അതിനാൽ അവർക്ക് മേൽ അല്ലാഹു ചൊരിഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളിൽ അവർ വഞ്ചിതരായി പോകുന്നു.

(50) ഇതേ വാക്ക് അവർക്ക് മുൻപുള്ള കാഫിറുകളും പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ സമ്പാദിച്ചു വെച്ച സമ്പാദ്യങ്ങളോ സ്ഥാനമാനങ്ങളോ അവർക്ക് യാതൊരു ഉപകാരവും ചെയ്തില്ല.

(51) അപ്പോൾ അവർ ചെയ്തു വെച്ച ബഹുദൈവാരാധനയുടെയും തിന്മകളുടെയും ദൂഷ്യഫലം അവർക്ക് ബാധിച്ചു. മുൻഗാമികൾക്ക് സംഭവിച്ചതു പോലെ, ബഹുദൈവാരാധനയും ശിർക്കും ചെയ്തു കൂട്ടി സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ച ഇക്കൂട്ടർക്കും തങ്ങളുടെ തിന്മകളുടെ ഫലം ബാധിക്കുന്നതാണ്. അവർക്ക് ഒരിക്കലും അല്ലാഹുവിൽ നിന്ന് രക്ഷപ്പെടാനോ, അവനെ പരാജയപ്പെടുത്താനോ സാധിക്കുകയില്ല.

(52) (എനിക്ക് അർഹതപ്പെട്ടതാണെന്ന് അറിയുന്നത് കൊണ്ടാണ് അല്ലാഹു എൻ്റെ മേൽ അനുഗ്രഹങ്ങൾ ചൊരിയുന്നത് എന്ന്) പറഞ്ഞ ബഹുദൈവാരാധകർ അല്ലാഹുവാണ് താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം വിശാലമാക്കുന്നതെന്നും താൻ ഉദ്ദേശിക്കുന്നവർക്ക് ഉപജീവനം ഇടുക്കമുള്ളതാക്കുന്നതെന്നും മനസ്സിലാക്കിയിട്ടില്ലേ?! (ഉപജീവനം വിശാലമാക്കപ്പെട്ടവർ) നന്ദി കാണിക്കുന്നുണ്ടോ അല്ല, നന്ദികേട് കാണിക്കുന്നുണ്ടോ എന്നും, (ഉപജീവനം ഇടുക്കപ്പെട്ടവർ) ക്ഷമിക്കുന്നുണ്ടോ അല്ല, അല്ലാഹുവിൻ്റെ വിധിയിൽ ദേഷ്യം പ്രകടിപ്പിക്കുകയാണോ ചെയ്യുന്നത് എന്നും പരീക്ഷിക്കുന്നതിനാണ് ഇത്. തീർച്ചയായും ഈ പറഞ്ഞ രൂപത്തിൽ (അല്ലാഹു) ഉപജീവനം വിശാലമാക്കുന്നതിലും ഇടുക്കമുള്ളതാക്കുന്നതിലും വിശ്വാസികളായ ജനങ്ങൾക്ക് അല്ലാഹുവിൻ്റെ സർവ്വനിയന്ത്രണം ബോധ്യപ്പെടുത്തുന്ന തെളിവുകളുണ്ട്. കാരണം, അവരാണ് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഗുണപാഠം സ്വീകരിക്കുന്നവർ. എന്നാൽ കാഫിറുകളാകട്ടെ; അവർ ഈ ദൃഷ്ടാന്തങ്ങളെ അവഗണിച്ചു കൊണ്ടാണ് കടന്നു പോവുക.

(53) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനുള്ള ആരാധനയിൽ പങ്കാളികളെ നിശ്ചയിച്ചും, തിന്മകൾ ചെയ്തു കൂട്ടിയും സ്വദേഹളോട് അതിക്രമം പ്രവർത്തിച്ചവരേ! അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്നും, നിങ്ങളുടെ തിന്മകൾ അവൻ പൊറുത്തു തരുന്നതിൽ നിന്നും നിങ്ങൾ നിരാശരാകരുത്! തീർച്ചയായും തന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയ ഏതൊരാൾക്കും അല്ലാഹു അവൻ്റെ എല്ലാ തിന്മകളും പൊറുത്തു നൽകും. തീർച്ചയായും അവൻ തന്നെയാകുന്നു പശ്ചാത്തപിക്കുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം).

(54) (സംഭവിച്ചു പോയ തെറ്റുകളിൽ) ഖേദത്തോടെ പശ്ചാത്തപിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചും നിങ്ങളുടെ രക്ഷിതാവിലേക്ക് മടങ്ങുകയും, അവന് കീഴൊതുങ്ങുകയും ചെയ്യുക. (ഇതെല്ലാം) അന്ത്യനാളിൽ അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നതിന് മുൻപാകട്ടെ. (അവൻ്റെ ശിക്ഷ വന്നിറങ്ങിയാൽ) പിന്നെ നിങ്ങളുടെ വിഗ്രഹങ്ങളെയോ ബന്ധുക്കളെയോ സഹായികളായി നിങ്ങൾ കണ്ടെത്തുകയില്ല.

(55) ഖുർആനിനെ -നിങ്ങളുടെ രക്ഷിതാവ് അവൻ്റെ ദൂതൻറെ മേൽ അവതരിപ്പിച്ച ഏറ്റവും നല്ലതിനെ- നിങ്ങൾ പിൻപറ്റുക. അതിലെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുക. -നിങ്ങൾ പ്രതീക്ഷിക്കാത്ത അവസരത്തിൽ, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു കൊണ്ട് തയ്യാറെടുക്കാൻ കഴിയുന്നതിന് മുൻപ്- പൊടുന്നനെ ശിക്ഷ നിങ്ങളിലേക്ക് എത്തുന്നതിന് മുൻപാകട്ടെ (ഇതെല്ലാം).

(56) പരലോകത്ത് കടുത്ത നിരാശയിൽ ചിലർ ഇപ്രകാരം പറയാതിരിക്കുന്നതിന് നിങ്ങൾ (അല്ലാഹു കൽപ്പിച്ചത്) പ്രവർത്തിക്കുക. (അന്ന് അയാൾ പറയും:) നിഷേധവും തിന്മകളും കാരണത്താൽ അല്ലാഹുവിനുള്ള അനുസരണയിൽ ഞാൻ വരുത്തിയ വീഴ്ചയിലും, വിശ്വസിക്കുകയും (അല്ലാഹുവിനെ) അനുസരിക്കുകയും ചെയ്തവരെ പരിഹസിച്ചതിലും എനിക്കുള്ള ഖേദം എത്ര വലുതാണ്!

(57) അല്ലെങ്കിൽ അല്ലാഹുവിൻ്റെ വിധിയെ ന്യായീകരണമാക്കി പിടിച്ചു കൊണ്ട് ചിലർ ഇപ്രകാരം പറയാതിരിക്കുന്നതിന്: 'അല്ലാഹു എനിക്ക് നേർവഴി സ്വീകരിക്കാൻ അവസരം നൽകിയിരുന്നെങ്കിൽ ഞാൻ അവനെ സൂക്ഷിക്കുന്നവരിൽ ഉൾപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുമായിരുന്നു.'

(58) അല്ലെങ്കിൽ ശിക്ഷ നേരിൽ കാണുന്ന വേളയിൽ 'എനിക്ക് ഒന്നു കൂടി ഇഹലോകത്തേക്ക് മടങ്ങിപ്പോകാൻ സാധിച്ചിരുന്നെങ്കിൽ, ഞാൻ അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും, പ്രവർത്തനങ്ങൾ നന്നാക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുകയും ചെയ്യാം' എന്ന് ആശയോടെ ചിലർ പറയാതിരിക്കുന്നതിനും.

(59) നീ ജൽപ്പിച്ചതു പോലെ സന്മാർഗം സ്വപ്നം കാണുക എന്നതിലല്ല കാര്യം. എൻ്റെ ദൃഷ്ടാന്തങ്ങൾ നിനക്ക് ഉറപ്പായും വന്നെത്തിയിരുന്നു. അപ്പോൾ നീ അവയെ നിഷേധിച്ചു കളയുകയും, അഹങ്കാരം നടിക്കുകയും ചെയ്തു. അല്ലാഹുവിനെയും അവൻ്റെ ദൃഷ്ടാന്തങ്ങളെയും അവൻ്റെ ദൂതരെയും നിഷേധിക്കുന്നവരുടെ കൂട്ടത്തിലുമായിരുന്നു നീ.

(60) അന്ത്യനാളിൽ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചവർ -അവന് പങ്കുകാരുണ്ടെന്നും സന്താനമുണ്ടെന്നും ജൽപ്പിച്ചവർ-; മുഖങ്ങൾ കറുത്തിരുണ്ട നിലയിൽ നിനക്കവരെ കാണാൻ കഴിയും. അവരുടെ ദൗർഭാഗ്യത്തിൻ്റെ അടയാളമാണത്. അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിക്കാതെ അഹങ്കരിച്ചവർക്ക് നരകത്തിൽ വാസസ്ഥലമില്ലയോ?! അതെ! തീർച്ചയായും അവർക്കവിടെ വാസസ്ഥലമുണ്ട്.

(61) തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അവനെ സൂക്ഷിച്ചവരെ അവരുടെ വിജയസ്ഥാനത്ത് -സ്വർഗത്തിൽ- പ്രവേശിപ്പിച്ചു കൊണ്ട് അല്ലാഹു രക്ഷപ്പെടുത്തും. ശിക്ഷ അവരെ സ്പർശിക്കുകയേ ഇല്ല. ഇഹലോകത്ത് അവർക്ക് നഷ്ടപ്പെട്ട വിഭവങ്ങളോർത്ത് അവരവിടെ ദുഃഖിക്കുകയുമില്ല.

(62) അല്ലാഹു എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചവനാകുന്നു. അവനല്ലാതെ മറ്റൊരു സ്രഷ്ടാവില്ല. എല്ലാത്തിനെയും സൂക്ഷിക്കുന്നവനും അവനാകുന്നു; അവയുടെയെല്ലാം കാര്യം അവൻ നിയന്ത്രിക്കുകയും, അവൻ ഉദ്ദേശിക്കുന്ന രൂപത്തിൽ അവയെ മാറ്റിമറിക്കുകയും ചെയ്യുന്നു.

(63) ആകാശങ്ങളിലെയും ഭൂമിയിലെയും അനുഗ്രഹ ഖജനാവുകളുടെ താക്കോലുകൾ അവൻ്റെ അധീനതയിൽ മാത്രമാകുന്നു. ഉദ്ദേശിക്കുന്നവർക്ക് അവ അവൻ നൽകുന്നു. ഉദ്ദേശിക്കുന്നവരിൽ നിന്ന് അവയെ അവൻ തടഞ്ഞു വെക്കുന്നു. അല്ലാഹുവിൻ്റെ ആയത്തുകളെ (ദൃഷ്ടാന്തങ്ങൾ) നിഷേധിച്ചവർ; അവർ തന്നെയാകുന്നു നഷ്ടക്കാർ. കാരണം ഇഹലോകത്ത് (ഇസ്ലാമിൽ) വിശ്വസിക്കാൻ അവർക്ക് സാധിച്ചില്ല. പരലോകത്താകട്ടെ; അവർ നരകത്തിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതുമാണ്.

(64) അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുവാൻ നിന്നോട് കൽപ്പിക്കുന്ന ഈ ബഹുദൈവാരാധകരോട് പറയുക: അല്ലയോ നിങ്ങളുടെ രക്ഷിതാവിനെ കുറിച്ച് വിവരവുമില്ലാത്തവരേ! അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കാനാണോ നിങ്ങൾ എന്നോട് കൽപ്പിക്കുന്നത്?! അല്ലാഹുവല്ലാതെ മറ്റാരും ആരാധിക്കപ്പെടാൻ അർഹതയേ ഉള്ളവരല്ല. അതിനാൽ അല്ലാഹുവല്ലാത്ത ആരെയും ഒരിക്കലും ഞാൻ ആരാധിക്കുകയില്ല.

(65) അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും താങ്കൾക്കും താങ്കൾക്ക് മുൻപുള്ള ദൂതന്മാർക്കും അല്ലാഹു ഇപ്രകാരം സന്ദേശം നൽകിയിരിക്കുന്നു: നിങ്ങളെങ്ങാനും അല്ലാഹുവിനോടൊപ്പം മറ്റാരെയെങ്കിലും ആരാധിച്ചാൽ നിങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഉറപ്പായും നിഷ്ഫലമായിത്തീരും. നിങ്ങളുടെ മതവിശ്വാസം നശിക്കുന്നതിലൂടെ ഇഹലോകത്തും, (അല്ലാഹുവിൻ്റെ) ശിക്ഷയിൽ പ്രവേശിക്കുന്നതിലൂടെ പരലോകത്തും നഷ്ടക്കാരിൽ ഉറപ്പായും നിങ്ങൾ ഉൾപ്പെടുകയും ചെയ്യും.

(66) അല്ല! നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനിൽ ഒരാളെയും നീ പങ്കുചേർക്കരുത്. അല്ലാഹു ചൊരിഞ്ഞു തന്ന അനുഗ്രഹങ്ങൾക്ക് നന്ദിയുള്ളവരുടെ കൂട്ടത്തിൽ നീ ഉൾപ്പെടുകയും ചെയ്യുക.

(67) അല്ലാഹുവിന് കൽപ്പിച്ചു നൽകേണ്ട ആദരവ് ബഹുദൈവാരാധകർ അവന് കൽപ്പിച്ചു നൽകിയിട്ടില്ല. അതു കൊണ്ടാണല്ലോ അവർ അല്ലാഹുവിന് പുറമെയുള്ള ദുർബലരും അശക്തരുമായ സൃഷ്ടികളെ അവനോടൊപ്പം പങ്കു ചേർത്തത്? അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ച് അവർ അശ്രദ്ധരാവുകയും ചെയ്തു. അതിൻ്റെ അടയാളങ്ങളിൽ ഒന്നാണ് പർവ്വതങ്ങളും വൃക്ഷങ്ങളും അരുവികളും സമുദ്രങ്ങളുമെല്ലാമുള്ള ഭൂമി മുഴുവൻ അന്ത്യനാളിൽ അല്ലാഹുവിൻ്റെ കൈപ്പിടിയിലായിരിക്കും എന്നത്. ഏഴ് ആകാശങ്ങൾ അവൻ്റെ വലതുകയ്യിൽ ചുരുട്ടിപ്പിടിച്ച നിലയിലുമായിരിക്കും. ബഹുദൈവാരാധകർ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നതിൽ നിന്നെല്ലാം അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

(68) കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് അതിൽ ഊതുന്ന ദിവസം ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം മരിച്ചു വീഴും; മരിക്കരുതെന്ന് അല്ലാഹു നിശ്ചയിച്ചവരൊഴികെ. പിന്നീട് മലക്ക് ഒരിക്കൽ കൂടി പുനരുത്ഥാനത്തിനായി കാഹളത്തിൽ ഊതുമ്പോൾ അവർ മുഴുവനുമതാ എഴുന്നേൽക്കുന്നു. അല്ലാഹു തങ്ങളെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് (ആകാംക്ഷയോടെ) അവർ ഉറ്റുനോക്കുന്നു.

(69) തൻ്റെ അടിമകൾക്കിടയിൽ വിധി പ്രഖ്യാപിക്കുന്നതിനായി അല്ലാഹു വെളിവായാൽ ഭൂമി പ്രകാശിക്കും. ജനങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ നിവർത്തി വെക്കപ്പെടുകയും, നബിമാരും മുഹമ്മദ് നബി -ﷺ- യുടെ സമൂഹവും കൊണ്ടു വരപ്പെടുകയും ചെയ്യും. (അവർ) ഓരോ നബിമാർക്കും വേണ്ടി അവരുടെ സമൂഹങ്ങളുടെ വിഷയത്തിൽ സാക്ഷി പറയും. അല്ലാഹു അവർക്കെല്ലാമിടയിൽ വിധി പ്രഖ്യാപിക്കുകയും ചെയ്യും. അന്നേ ദിവസം അവരോടാരോടും അനീതി കാണിക്കപ്പെടുകയില്ല. ഒരു മനുഷ്യൻ്റെയും തിന്മ വർദ്ധിപ്പിക്കപ്പെടുകയോ, നന്മ കുറക്കപ്പെടുകയോ ഇല്ല.

(70) അല്ലാഹു എല്ലാവർക്കും അവരുടെ പ്രതിഫലം -നന്മയാകട്ടെ തിന്മയാകട്ടെ- പൂർത്തീകരിച്ചു നൽകും. അല്ലാഹു അവർ പ്രവർത്തിച്ചതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിലെ നന്മയോ തിന്മയോ ഒന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല. ഈ ദിവസം അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവർക്കവൻ നൽകുന്നതുമാണ്.

(71) അല്ലാഹുവിനെ നിഷേധിച്ചവരെ മലക്കുകൾ നരകത്തിലേക്ക് നിന്ദ്യരായ നിലക്ക് കൂട്ടംകൂട്ടമായി തെളിക്കും. അങ്ങനെ അവർ നരകത്തിൻ്റെ അടുക്കൽ എത്തിയാൽ നരകം ഏൽപ്പിക്കപ്പെട്ടിട്ടുള്ള അതിൻ്റെ കാവൽക്കാരായ മലക്കുകൾ നരകവാതിലുകൾ തുറക്കും. ആക്ഷേപങ്ങൾ ചൊരിഞ്ഞു കൊണ്ടായിരിക്കും അവരെ മലക്കുകൾ വരവേൽക്കുക; അവർ പറയും: നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെയുള്ള നബിമാർ അവരുടെ മേൽ അവതരിപ്പിക്കപ്പെട്ട അല്ലാഹുവിൻ്റെ ആയത്തുകൾ നിങ്ങൾക്ക് പാരായണം ചെയ്തു കേൾപ്പിച്ചു കൊണ്ടും, അന്ത്യനാളിലെ കടുത്ത ശിക്ഷയെ കുറിച്ച് താക്കീത് ചെയ്തു കൊണ്ടും നിങ്ങളിലേക്ക് വന്നിട്ടില്ലേ?! തങ്ങളുടെ (സ്വന്തം തെറ്റുകൾ) അംഗീകരിച്ചു കൊണ്ട് (അല്ലാഹുവിനെ) നിഷേധിച്ചവർ പറയും: അതെ! അതെല്ലാം ഉണ്ടായിട്ടുണ്ട്. എന്നാൽ ശിക്ഷയുടെ വചനം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഞങ്ങളാകട്ടെ, (അല്ലാഹുവിനെ) നിഷേധിക്കുന്നവരുമായിരുന്നു.

(72) അവരുടെ മേൽ അപമാനഭാരം ചൊരിഞ്ഞു കൊണ്ടും, അല്ലാഹുവിൻ്റെ കാരുണ്യത്തെ ഇനിയൊരിക്കലും പ്രതീക്ഷിക്കേണ്ടതില്ലെന്ന നിരാശ പകർന്നു നൽകിയും, നരകത്തിൽ നിന്നൊരിക്കലും പുറത്തു കടക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു കൊണ്ടും അവരോട് പറയപ്പെടും: നരകത്തിൻ്റെ വാതിലുകളിലൂടെ പ്രവേശിച്ചു കൊള്ളുക. അതിൽ എന്നെന്നും നിങ്ങൾ നിത്യവാസികളായിരിക്കും. സത്യത്തിന് നേർക്ക് അഹങ്കാരം നടിക്കുകയും, ഔന്നത്യം കാണിക്കുകയും ചെയ്തവരുടെ വാസസ്ഥലം എത്ര മോശവും വൃത്തികെട്ടതുമായിരിക്കുന്നു.

(73) അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ വിലക്കിയവ ഉപേക്ഷിച്ചും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച, (അല്ലാഹുവിൽ) വിശ്വസിച്ചവരെ മലക്കുകൾ സ്വർഗത്തിലേക്ക് സൗമ്യതയോടെ ആനയിക്കും. അവർ സ്വർഗത്തിൻ്റെ അടുക്കൽ വന്നെത്തിയാൽ അതിൻ്റെ കവാടങ്ങൾ അവർക്ക് വേണ്ടി തുറക്കപ്പെടും. സ്വർഗം ഏൽപ്പിക്കപ്പെട്ട മലക്കുകൾ അവരോട് പറയും: എല്ലാ ഉപദ്രവങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷയുണ്ടാകട്ടെ! നിങ്ങളുടെ ഹൃദയങ്ങളും പ്രവർത്തനങ്ങളും ശുദ്ധമായിരുന്നു. അതിനാൽ സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക; എന്നെന്നേക്കുമായി നിങ്ങളതിൽ വസിക്കുന്നവരാകുന്നു.

(74) സ്വർഗത്തിൽ പ്രവേശിച്ചാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ പറയും: തൻ്റെ ദൂതന്മാരുടെ വാക്കുകളിലൂടെ നമുക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയ അല്ലാഹുവിന് സർവ്വസ്തുതികളും. നമ്മെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന് അവൻ നമുക്ക് വാഗ്ദാനം നൽകിയിരുന്നു. ഈ സ്വർഗഭൂമി അവൻ നമുക്ക് അനന്തരം നൽകിയിരിക്കുന്നു. നമുക്ക് ഇഷ്ടമുള്ളിടത്തെല്ലാം ഇവിടെ നമുക്ക് വസിക്കാം. തങ്ങളുടെ രക്ഷിതാവിൻ്റെ തിരുവദനം പ്രതീക്ഷിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നവരുടെ പ്രതിഫലം എത്ര വിശിഷ്ടമായിരിക്കുന്നു!

(75) സാക്ഷ്യം വഹിക്കപ്പെടുന്ന പ്രസ്തുത ദിനത്തിൽ മലക്കുകൾ അല്ലാഹുവിൻ്റെ സിംഹാസനത്തെ വലയം ചെയ്തിരിക്കും. അവർ അല്ലാഹുവിന് അനുയോജ്യമല്ലാത്ത -നിഷേധികളുടെ ജൽപ്പനങ്ങളിൽ നിന്ന്- അവനെ പരിശുദ്ധപ്പെടുത്തുന്നുണ്ടായിരിക്കും. സർവസൃഷ്ടികൾക്കുമിടയിൽ അല്ലാഹു നീതിപൂർവ്വം വിധി കൽപ്പിക്കും. അങ്ങനെ ആദരിക്കപ്പെടേണ്ടവർ ആദരിക്കപ്പെടുകയും, ശിക്ഷിക്കപ്പെടേണ്ടവർ ശിക്ഷിക്കപ്പെടുകയും ചെയ്യും. '(അല്ലാഹുവിൽ) വിശ്വസിച്ചവരായ ദാസന്മാർക്ക് കാരുണ്യവും, നിഷേധികൾക്ക് ശിക്ഷയും വിധിച്ചു എന്നതിൽ സർവ്വ സൃഷ്ടികളുടെയും രക്ഷിതാവിന് എല്ലാ സ്തുതികളും' എന്ന് പറയപ്പെടും.