(1) ആകാശത്തെ കൊണ്ടും, രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന 'ത്വാരിഖ്' എന്ന നക്ഷത്രത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(2) അല്ലാഹുവിൻ്റെ റസൂലേ! 'ത്വാരിഖ്' എന്ന ഈ മഹത്തരമായ നക്ഷത്രത്തെ കുറിച്ച് നിനക്കറിയുമോ?
(3) പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.
(4) സ്വന്തം പ്രവർത്തനങ്ങൾ അന്ത്യനാളിൽ വിചാരണ ചെയ്യപ്പെടുന്നതിനായി രേഖപ്പെടുത്തി വെക്കാൻ അല്ലാഹു ഏൽപ്പിച്ച മലക് നിശ്ചയിക്കപ്പെടാത്ത ഒരു മനുഷ്യനുമില്ല.
(5) എന്തിൽ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന് അവൻ ചിന്തിച്ചു നോക്കട്ടെ; അല്ലാഹുവിൻ്റെ അപാരമായ ശക്തിയും മനുഷ്യൻ്റെ ദുർബലതയും അവന് അതിൽ നിന്ന് ബോധ്യപ്പെടും.
(6) ഗർഭപാത്രത്തിൽ തെറിച്ചു വീഴുന്ന ഒരു ദ്രാവകത്തിൽ നിന്നത്രെ അല്ലാഹു അവനെ സൃഷ്ടിച്ചത്.
(7) പുരുഷൻ്റെ മുതുകെല്ലിന് ഇടയിൽ നിന്നും, വാരിയെല്ലിനും ഇടയിൽ നിന്നാണ് ഈ ദ്രാവകം പുറത്തു വരുന്നത്.
(8) നിസ്സാരമായ ദ്രാവകത്തുള്ളികളിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനായ അല്ലാഹു, മരണശേഷം വിചാരണക്കും പ്രതിഫലം നൽകുന്നതിനുമായി അവനെ പുനരുജ്ജീവിപ്പിക്കാൻ തീർച്ചയായും കഴിവുള്ളവൻ തന്നെയാണ്.
(9) രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം; ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെച്ച ഉദ്ദേശങ്ങളും വിശ്വാസങ്ങളും അന്ന് മറനീക്കി പുറത്തു കൊണ്ടു വരപ്പെടും. അങ്ങനെ സൽകർമ്മിയും ദുഷ്കർമ്മിയും വേർതിരിയുകയും ചെയ്യും.
(10) അന്നേ ദിവസം അല്ലാഹുവിൻ്റെ ശിക്ഷയെ പിടിച്ചു വെക്കാൻ ഒരു ശക്തിയോ, അവനെ സഹായിക്കാൻ ഒരു സഹായിയോ മനുഷ്യന് ഉണ്ടായിരിക്കുകയില്ല.
(11) ആവർത്തിച്ച് മഴ വർഷിക്കുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(12) ചെടികളും ഫലങ്ങളും വൃക്ഷങ്ങളും മുളക്കുന്നതിനായി പിളർന്നു മാറുന്ന ഭൂമിയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(13) മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഖുർആൻ സത്യത്തെയും അസത്യത്തെയും വേർതിരിക്കുന്ന വാക്ക് തന്നെയാകുന്നു.
(14) ഇത് തമാശയോ നിരർത്ഥകതയോ അല്ല, മറിച്ച് യാഥാർഥ്യവും സത്യവുമാകുന്നു.
(15) തങ്ങളുടെ റസൂൽ കൊണ്ടു വന്നതിനെ കളവാക്കുന്നവർ അദ്ദേഹത്തിൻ്റെ പ്രബോധനത്തെ എതിർക്കുന്നതിനും തകർക്കുന്നതിനുമായി ധാരാളം തന്ത്രം മെനയുക തന്നെ ചെയ്യും.
(16) ഇസ്ലാമിൻ്റെ വിജയത്തിനും അസത്യത്തെ തകർക്കുന്നതിനുമായി ഞാനും തന്ത്രം പ്രയോഗിക്കും.
(17) അല്ലയോ റസൂലേ! (ഇസ്ലാമിനെ) തള്ളിക്കളഞ്ഞ ഇക്കൂട്ടർക്ക് താങ്കൾ കാലതാമസം നൽകുക. അവരുടെ ശിക്ഷക്കും നാശത്തിനുമായി തിരക്കു കൂട്ടാതെ അവർ കുറച്ച് സമയം കൂടി നൽകുക.