(1) ഒരു മുൻമാതൃകയുമില്ലാതെ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച അല്ലാഹുവിന് സർവ്വസ്തുതിയും. അല്ലാഹുവിൻ്റെ പ്രാപഞ്ചികമായ തീരുമാനങ്ങൾ നടപ്പിലാക്കുന്ന ദൂതന്മാരെ മലക്കുകളിൽ നിന്ന് നിശ്ചയിച്ചവനാണവൻ. അവരിൽ ചിലർ നബിമാർക്ക് അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നവരുമാണ്. ഏൽപ്പിക്കപ്പെട്ട കാര്യം നിർവ്വഹിക്കാൻ കഴിയുന്ന വിധം അവനവർക്ക് ശക്തി നൽകുകയും ചെയ്തു. അവരിൽ രണ്ട് ചിറകുള്ളവരും മൂന്നും നാലും ചിറകുകളുള്ളവരുമുണ്ട്. തങ്ങളോട് കൽപ്പിക്കപ്പെട്ട കാര്യം നടപ്പിൽ വരുത്തുന്നതിനായി അവ ഉപയോഗിച്ചു കൊണ്ട് അവർ പറക്കുന്നു. അല്ലാഹു തൻ്റെ സൃഷ്ടികളിൽ അവൻ ഉദ്ദേശിക്കുന്ന പോലെ -അവയവമോ ഭംഗിയോ ശബ്ദമോ- വർദ്ധിപ്പിച്ചു നൽകുന്നു. തീർച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊന്നും അസാധ്യമാവുകയില്ല.
(2) തീർച്ചയായും എല്ലാ വസ്തുക്കളുടെയും താക്കോലുകൾ അല്ലാഹുവിൻ്റെ പക്കലാണ്. അല്ലാഹു അവൻ്റെ അനുഗ്രഹമായി വല്ല ഉപജീവനമോ സന്മാർഗമോ സൗഭാഗ്യമോ മറ്റോ മനുഷ്യർക്ക് തുറന്നു നൽകിയാൽ അത് തടുത്തു വെക്കാൻ സാധിക്കുന്ന ഒരാളുമില്ല. അതിൽ വല്ലതും അല്ലാഹു പിടിച്ചു വെച്ചാൽ അത് അല്ലാഹു തടഞ്ഞു വെച്ചതിന് ശേഷം തുറന്നു കൊടുക്കാനും ആരുമില്ല. അവനാകുന്നു ഒരാൾക്കും പരാജയപ്പെടുത്താൻ സാധിക്കാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ സൃഷ്ടിപ്പിലും വിധിയിലും നിയന്ത്രണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം).
(3) ഹേ ജനങ്ങളേ! അല്ലാഹു നിങ്ങൾക്ക് ചെയ്തു തന്ന അനുഗ്രഹങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾ കൊണ്ടും നാവുകൾ കൊണ്ടും ശരീരാവയവങ്ങൾ കൊണ്ട് (സൽകർമ്മങ്ങൾ) പ്രവർത്തിച്ചും സ്മരിക്കുക. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ വർഷിപ്പിക്കുന്ന മഴയിലൂടെയും, ഭൂമിയിൽ മുളപ്പിച്ചു നൽകിയ ഫലവർഗങ്ങളിലൂടെയും കൃഷിയിലൂടെയും മറ്റും നിങ്ങൾക്ക് ഉപജീവനം നൽകുന്നവനായി അല്ലാഹുവല്ലാത്ത മറ്റൊരു സ്രഷ്ടാവുണ്ടോ?! ആരാധനക്കർഹനായി അല്ലാഹുവല്ലാതെ മറ്റാരും തന്നെയില്ല. അപ്പോൾ അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നത് എന്നതെല്ലാം (അറിഞ്ഞതിന്) ശേഷം എങ്ങനെയാണ് നിങ്ങൾ ഈ സത്യത്തിൽ നിന്ന് വഴിതിരിച്ചു വിടപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുകയും, അവന് പങ്കുകാരുണ്ടെന്ന് ജൽപ്പിക്കുകയും ചെയ്യുക?!
(4) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ നിഷേധിച്ചു തള്ളുന്നുവെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. സ്വന്തം നാട്ടുകാരാൽ നിഷേധിച്ചു തള്ളപ്പെട്ട ആദ്യത്തെ ദൂതരല്ല താങ്കൾ. ഇതിന് മുൻപ് ആദിനെയും ഥമൂദിനെയും ലൂത്വിൻ്റെ ജനതയെയും പോലുള്ളവർ അവരുടെ ദൂതന്മാരെ നിഷേധിച്ചു തള്ളിയിട്ടുണ്ട്. അല്ലാഹുവിലേക്ക് മാത്രമാകുന്നു എല്ലാ കാര്യങ്ങളും മടക്കപ്പെടുന്നത്. അങ്ങനെ നിഷേധികളെ അവൻ നശിപ്പിക്കുകയും, അല്ലാഹുവിൻ്റെ ദൂതരെയും മുഅ്മിനുകളെയും അവൻ സഹായിക്കുകയും ചെയ്യും.
(5) ഹേ ജനങ്ങളേ! തീർച്ചയായും അല്ലാഹു വാഗ്ദാനം ചെയ്ത പുനരുത്ഥാനവും അന്ത്യനാളിലെ പ്രതിഫലവുമെല്ലാം സത്യമാകുന്നു; യാതൊരു സംശയവും അതിലില്ല. ഐഹിക ജീവിതത്തിൻ്റെ സുഖസൗകര്യങ്ങളും ദേഹേഛകളും സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ട് ഈ ദിവസത്തിനായി തയ്യാറെടുക്കുന്നതിൽ നിന്നും നിങ്ങളെ വഞ്ചിതരാക്കാതിരിക്കട്ടെ! അസത്യത്തെ അലങ്കരിച്ചു കാണിച്ചു തന്നു കൊണ്ടും, ഇഹലോകത്തിലേക്ക് ചായിച്ചു കൊണ്ടും പിശാചും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ!
(6) ഹേ ജനങ്ങളേ! പിശാച് നിങ്ങളോട് അവസാനിക്കാത്ത ശത്രുതയുള്ള, കടുത്ത ശത്രുവാകുന്നു. അതിനാൽ അവനോട് എതിരിട്ടു നിന്നു കൊണ്ട് ഒരു ശത്രുവായി തന്നെ നിങ്ങളവനെ സ്വീകരിക്കുക. പിശാച് അവൻ്റെ അനുയായികളെ ക്ഷണിക്കുന്നത് അല്ലാഹുവിനെ നിഷേധിക്കാനും, അങ്ങനെ അന്ത്യനാളിൽ കത്തിജ്വലിക്കുന്ന നരകത്തിൽ കടന്നെരിയുക എന്ന പര്യവസാനത്തിലേക്ക് അവർ എത്തുവാനുമാകുന്നു.
(7) പിശാചിനെ പിൻപറ്റിക്കൊണ്ട് അല്ലാഹുവിനെ നിഷേധിച്ചവർക്ക് ശക്തമായ ശിക്ഷയുണ്ട്. അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാകട്ടെ; തങ്ങളുടെ തെറ്റുകൾക്ക് അല്ലാഹുവിൽ നിന്നുള്ള പാപമോചനവും, അവനിൽ നിന്നുള്ള മഹത്തരമായ പ്രതിഫലവും -അതായത് സ്വർഗം- അവർക്കുണ്ട്.
(8) തീർച്ചയായും, പിശാച് ഒരുവൻ്റെ മോശം പ്രവർത്തനം നല്ലതായി തോന്നിപ്പിച്ചു നൽകുകയും, അങ്ങനെ അത് നല്ലതാണെന്ന് ധരിക്കുകയും ചെയ്തവൻ; അല്ലാഹു സത്യം അലങ്കൃതമാക്കി നൽകുകയും, അത് സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തവനെ പോലെയല്ല അവൻ. തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, അവൻ ഉദ്ദേശിക്കുന്നവരെ സത്യവഴിയിലാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കാൻ കഴിയുന്ന ആരുമില്ല. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- വഴികേടിലായവരുടെ പിഴവ് കണ്ടുള്ള സങ്കടത്താൽ താങ്കൾ സ്വന്തത്തെ നശിപ്പിക്കരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു. അവരുടെ പ്രവർത്തനങ്ങളിൽ നിന്ന് ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല.
(9) അല്ലാഹുവാകുന്നു കാറ്റിനെ അയച്ചവൻ. അങ്ങനെ ആ കാറ്റ് മേഘങ്ങളെ ഇളക്കി വിടുകയും, ആ മേഘങ്ങളെ ചെടികളില്ലാത്ത ഒരു നാട്ടിലേക്ക് നാം തെളിക്കുകയും ചെയ്തു. അങ്ങനെ അതിലെ വെള്ളം കൊണ്ട് ഉണങ്ങിക്കിടന്നിരുന്ന ഭൂമിയെ നാം ജീവനുള്ളതാക്കുകയും, അതിൽ ചെടികൾ മുളപ്പിക്കുകയും ചെയ്തു. നിർജ്ജീവമായി കിടന്ന ഈ ഭൂമിയെ അതിന് ശേഷം അതിൽ മുളച്ചു പൊന്തിയ ചെടികളിലൂടെ ജീവനുള്ളതാക്കിയതു പോലെയായിരിക്കും അന്ത്യനാളിൽ മരിച്ചവർ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.
(10) ആരെങ്കിലും ഇഹലോകത്തോ പരലോകത്തോ പ്രതാപം ഉദ്ദേശിക്കുന്നെങ്കിൽ അല്ലാഹുവിൽ നിന്നല്ലാതെ അതവൻ തേടാതിരിക്കട്ടെ! കാരണം, അല്ലാഹുവിന് മാത്രമാകുന്നു ഇഹപരലോകങ്ങളിലെ പ്രതാപം മുഴുവനുമുള്ളത്. അവനെ കുറിച്ചുള്ള നല്ല ദിക്റുകൾ (അല്ലാഹുവിനെ സ്മരിക്കുന്ന വാക്കുകൾ) അവനിലേക്ക് കയറിപ്പോകുന്നു. അടിമകളുടെ സൽപ്രവർത്തനങ്ങൾ അവയെ അല്ലാഹുവിലേക്ക് ഉയർത്തുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ ദൂതരെ -ﷺ- കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പോലെ, കുതന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കുന്നവർ; അവർക്ക് കടുത്ത ശിക്ഷയുണ്ട്. (അല്ലാഹുവിനെ) നിഷേധിച്ച അക്കൂട്ടരുടെ തന്ത്രങ്ങൾ നിഷ്ഫലമാവുകയും നശിക്കുകയും ചെയ്യും. അവരുടെ ഒരുദ്ദേശവും ഫലവത്താവുകയില്ല.
(11) അല്ലാഹു; അവനാകുന്നു നിങ്ങളുടെ പിതാവായ ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചത്. ശേഷം, നിങ്ങളെ അവൻ ഒരു ബീജകണത്തിൽ നിന്ന് സൃഷ്ടിച്ചു. ശേഷം, അവൻ നിങ്ങളെ പുരുഷന്മാരും സ്ത്രീകളുമാക്കുകയും നിങ്ങൾ പരസ്പരം വിവാഹബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അല്ലാഹു അറിയാതെ ഏതൊരു സ്ത്രീയും ഒരു ഗർഭസ്ഥശിശുവിനെ ഗർഭം ധരിക്കുകയോ, കുഞ്ഞിനെ പ്രസവിക്കുകയോ ചെയ്യുന്നില്ല. അവന് അതിൽ ഒരു കാര്യവും മറഞ്ഞു പോവുകയില്ല. ലൗഹുൽ മഹ്ഫൂദ്വ് എന്ന ഏടിൽ രേഖപ്പെടുത്തപ്പെടാതെ അവൻ്റെ സൃഷ്ടികളിൽ ഒരാളുടെയും ആയുസ്സ് വർദ്ധിപ്പിക്കപ്പെടുകയോ കുറയുകയോ ചെയ്യില്ല. തീർച്ചയായും ഈ പറഞ്ഞതെല്ലാം -നിങ്ങളെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതും, ഘട്ടംഘട്ടമായി നിങ്ങളെ ഉണ്ടാക്കിയതും, നിങ്ങളുടെ ആയുസ്സ് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതുമെല്ലാം- അല്ലാഹുവിന് വളരെ എളുപ്പമാണ്.
(12) രണ്ട് ജലാശയങ്ങൾ സമമാവുകയില്ല. അതിലൊന്ന് ശുദ്ധമായ, അങ്ങേയറ്റം ഹൃദമായ, കുടിക്കാൻ എളുപ്പമുള്ള വെള്ളമുള്ളതാണ്. രണ്ടാമത്തേത് ഉപ്പും കയ്പ്പുമുള്ളതാണ്. കടുത്ത ഉപ്പ് കാരണത്താൽ അത് കുടിക്കാൻ കഴിയില്ല. ഈ രണ്ട് ജലാശയങ്ങളിൽ നിന്നും നിങ്ങൾ ശുദ്ധമായ മാംസം -അതായത് മത്സ്യം- ഭക്ഷിക്കുന്നു. അതിൽ നിന്ന് മുത്തുകളും പവിഴങ്ങളും നിങ്ങൾ പുറത്തെടുക്കുകയും, അലങ്കാരമായി അവ ധരിക്കുകയും ചെയ്യുന്നു. കച്ചവടത്തിലൂടെ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ തേടിപ്പിടിക്കുന്നതിന് വേണ്ടി, മുന്നോട്ടും പിന്നോട്ടും കുതിക്കുന്ന കപ്പലുകൾ സമുദ്രത്തെ പിളർത്തി സഞ്ചരിക്കുന്നതും നിനക്ക് കാണാം. അല്ലാഹു നിങ്ങളുടെ മേൽ ചൊരിഞ്ഞ അവൻ്റെ ധാരാളക്കണക്കിന് അനുഗ്രഹങ്ങൾക്ക് നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ ഇത്.
(13) അല്ലാഹു രാത്രിയെ പകലിൽ പ്രവേശിപ്പിക്കുകയും, അങ്ങനെ അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പകലിനെ അവൻ രാത്രിയിൽ പ്രവേശിപ്പിക്കുകയും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവയോരോന്നും അല്ലാഹുവിന് അറിയാവുന്ന ഒരു അവധി വരെ -അന്ത്യനാൾ വരെ- സഞ്ചരിക്കുന്നു. ഇതെല്ലാം നിർണ്ണയിക്കുകയും, ഇവയെ സഞ്ചരിപ്പിക്കുകയും ചെയ്തവനാരോ; അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അധികാരം സർവ്വവും അവന് മാത്രമാകുന്നു. അവന് പുറമെ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ ഒരു ഈത്തപ്പനയുടെ കുരുവിൻ്റെ പാടയുടെ അത്ര പോലും അധീനപ്പെടുത്തുന്നവരല്ല. അപ്പോൾ എങ്ങനെയാണ് എനിക്ക് പുറമെ നിങ്ങൾ അവരെ ആരാധിക്കുക?!
(14) നിങ്ങളുടെ ആരാധ്യന്മാരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ നിങ്ങളുടെ പ്രാർത്ഥന കേൾക്കുകയില്ല. അവ ജീവനില്ലാത്ത, കേൾവിയില്ലാത്ത നിർജ്ജീവ വസ്തുക്കൾ മാത്രമാണ്. ഇനി അവർ നിങ്ങളുടെ പ്രാർത്ഥന കേട്ടുവെന്ന് വെച്ചാൽ പോലും, അവ നിങ്ങൾക്കുത്തരം നൽകുകയില്ല. പരലോകത്ത് നിങ്ങളുടെ ശിർകിൽ നിന്ന് (ബഹുദൈവാരാധനയിൽ നിന്ന്) അവർ ഒഴിയുന്നതും, നിങ്ങൾ അവരെ ആരാധിച്ചതിനെ അവർ നിഷേധിക്കുന്നതുമാണ്. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെക്കാൾ സത്യസന്ധമായി നിനക്ക് വിവരിച്ചു തരാൻ മറ്റാരുമില്ല.
(15) അല്ലയോ ജനങ്ങളേ! നിങ്ങളുടെ സർവ്വ വിഷയങ്ങളിലും എല്ലാ അവസ്ഥകളിലും അല്ലാഹുവിലേക്ക് ആവശ്യക്കാരാകുന്നു നിങ്ങൾ. അല്ലാഹു; അവനാകട്ടെ നിങ്ങളുടെ ഒരു സഹായവും ആവശ്യമില്ലാത്ത മഹാധന്യതയുള്ളവനും (ഗനിയ്യ്), ഇഹലോകത്തും പരലോകത്തും തൻ്റെ ദാസന്മാർക്ക് നിർണയിക്കുന്നതിലെല്ലാം സ്തുത്യർഹനുമാകുന്നു (ഹമീദ്).
(16) നിങ്ങളെ നശിപ്പിക്കുന്ന നിലയിലുള്ള ഒരു വിപത്ത് കൊണ്ട് നിങ്ങളെ തുടച്ചു നീക്കാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ അപ്രകാരം ചെയ്യുമായിരുന്നു. നിങ്ങൾക്ക് പകരം അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു പുതിയ സൃഷ്ടിയെ അവൻ കൊണ്ടു വരുകയും, അവർ അല്ലാഹുവിൽ ഒന്നും തന്നെ പങ്കുചേർക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
(17) നിങ്ങളെ നശിപ്പിച്ചു കൊണ്ട് തുടച്ചു നീക്കുകയും, പുതിയൊരു സൃഷ്ടിയെ കൊണ്ടു വരികയും ചെയ്യുക എന്നത് അല്ലാഹുവിന് അസാധ്യമായ കാര്യമേയല്ല.
(18) പാപം ചെയ്ത ഒരാളും തന്നെ മറ്റൊരു പാപിയുടെ തിന്മ ഏറ്റെടുക്കുകയില്ല. മറിച്ച്, ഓരോ പാപികളും അവരവരുടെ തിന്മകൾ മാത്രമാണ് ഏറ്റെടുക്കുക. തൻ്റെ തിന്മകളുടെ ഭാരം വഹിക്കുന്ന ഏതെങ്കിലുമൊരാൾ അവൻ്റെ തിന്മകളിൽ നിന്ന് എന്തെങ്കിലുമൊന്ന് ഏറ്റെടുക്കാനായി മറ്റൊരാളെ വിളിച്ചാലും, അതിൽ നിന്ന് ഒന്നും തന്നെ ഏറ്റെടുക്കപ്പെടുകയില്ല. അവൻ്റെ കുടുംബത്തിൽ പെട്ടവരെയാണ് അങ്ങനെ വിളിച്ചതെങ്കിലും (അവർ ഏറ്റെടുക്കാൻ തയ്യാറാവുകയില്ല). അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായി ഭയപ്പെടുകയും, നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നവരെയാണ് താങ്കൾ അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തേണ്ടത്. കാരണം, അവരേ താങ്കളുടെ താക്കീതിൽ നിന്ന് പാഠമുൾക്കൊള്ളുകയുള്ളൂ. ആരെങ്കിലും തിന്മകളിൽ നിന്ന് സ്വയം പരിശുദ്ധി നേടിയാൽ അവൻ സ്വന്തത്തിന് വേണ്ടിയാണ് പരിശുദ്ധി നേടുന്നത്. കാരണം, അതിൻ്റെ ഗുണഫലങ്ങളെല്ലാം അവന് തന്നെയാണ് ലഭിക്കുക. തീർച്ചയായും, അല്ലാഹു അവൻ്റെ നന്മകളിൽ നിന്ന് ധന്യനാണ്. അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടക്കം.
(19) അന്ധനും കാഴ്ചയുള്ളവനും സമമാകില്ല എന്നതു പോലെ (അല്ലാഹുവിൽ) വിശ്വസിച്ചവനും നിഷേധിച്ചവനും തുല്യമാകില്ല.
(20) ഇരുളുകളും വെളിച്ചവും സമമാകില്ലെന്നതു പോലെ, (അല്ലാഹുവിലുള്ള) വിശ്വാസവും നിഷേധവും തുല്യമാകില്ല.
(21) തണലും ചൂടുള്ള കാറ്റും സമമാവില്ലെന്ന പോലെ, സ്വർഗവും നരകവും അവയുടെ അനുഭവങ്ങളും തുല്യമാവുകയില്ല.
(22) ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവില്ലെന്ന പോലെ, (അല്ലാഹുവിൽ) വിശ്വസിച്ചവരും നിഷേധിച്ചവരും തുല്യരാവുകയില്ല. തീർച്ചയായും, നേർമാർഗത്തിലാകണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരെ അവൻ (സത്യം) കേൾപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! ഖബ്റുകളിൽ കിടക്കുന്ന മരിച്ചവർക്ക് സമാനരായ കാഫിറുകളെ താങ്കൾക്ക് കേൾപ്പിക്കാനാവില്ല.
(23) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് അവരെ താക്കീത് ചെയ്യുന്ന ഒരു താക്കീതുകാരൻ മാത്രമാകുന്നു താങ്കൾ.
(24) അല്ലാഹുവിൻ്റെ റസൂലേ! അങ്ങയെ നാം അയച്ചിരിക്കുന്നത് യാതൊരു സംശയവുമില്ലാത്ത സത്യവുമായാണ്. അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് ഒരുക്കി വെച്ചിരിക്കുന്ന മാന്യമായ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവനും, (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന വേദനാജനകമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവനുമായി കൊണ്ട്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുന്ന ഒരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നെത്താത്ത മുൻകഴിഞ്ഞ ഒരു സമൂഹവും ഉണ്ടായിട്ടില്ല.
(25) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ സമൂഹം താങ്കളെ കളവാക്കുന്നെങ്കിൽ അതിൽ താങ്കൾ ക്ഷമ കൈക്കൊള്ളുക. തൻ്റെ സമൂഹത്താൽ കളവാക്കപ്പെട്ട ആദ്യത്തെ റസൂലല്ല താങ്കൾ. ഇവർക്ക് മുൻപുള്ള സമുദായങ്ങളും അവരുടെ ദൂതന്മാരെ നിഷേധിച്ചിട്ടുണ്ട്. ആദും ഥമൂദും ലൂത്വിൻ്റെ ജനതയും ഉദാഹരണം. അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ തങ്ങളുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അല്ലാഹുവിൽ നിന്നുള്ള വ്യക്തമായ തെളിവുകളുമായി ചെന്നിട്ടുണ്ട്. ആ ദൂതന്മാർ (വേദഗ്രന്ഥങ്ങളുടെ) ഏടുകളും, ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യുന്നവർക്ക് വെളിച്ചം വീശുന്ന ഗ്രന്ഥവുമായും അവരിലേക്ക് ചെന്നിട്ടുണ്ട്.
(26) എന്നാൽ അതെല്ലാമുണ്ടായിട്ടും അവർ അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിച്ചു. അവർ അല്ലാഹുവിൽ നിന്ന് കൊണ്ടു വന്നതിനെ അവർ സത്യപ്പെടുത്തിയില്ല. അപ്പോൾ ഞാൻ നിഷേധിച്ചവരെ നശിപ്പിച്ചു. അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- ഞാൻ അവരെ നശിപ്പിച്ച വേളയിൽ എങ്ങനെയുണ്ടായിരുന്നു അവരോടുള്ള എൻ്റെ എതിർപ്പെന്ന് താങ്കൾ ആലോചിച്ചു നോക്കുക!
(27) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു ആകാശത്ത് നിന്ന് മഴവെള്ളം വർഷിക്കുകയും, അങ്ങനെ വൃക്ഷങ്ങളെ നാം ആ വെള്ളം കുടിപ്പിക്കുകയും, അതു മൂലം വ്യത്യസ്ത വർണ്ണങ്ങളിലുള്ള -ചുവപ്പും പച്ചയും മഞ്ഞയും മറ്റുമെല്ലാം നിറങ്ങളുള്ള- ഫലവർഗങ്ങൾ നാം പുറത്തു കൊണ്ടു വരികയും ചെയ്തു. പർവ്വതങ്ങളിലുമുണ്ട് വെളുത്തതും ചുവന്നതും, ഇരുണ്ട കറുപ്പുള്ളതുമായ വഴികൾ.
(28) മനുഷ്യരിലും മൃഗങ്ങളിലും കന്നുകാലികളിലും (ഒട്ടകം, പശു, ആട്) അതു പോലെ വ്യത്യസ്ത വർണ്ണങ്ങളുള്ളവയുണ്ട്. അല്ലാഹുവിൻ്റെ സ്ഥാനത്തെ ആദരിക്കുകയും അവനോട് ഭയഭക്തിയുണ്ടാവുകയും ചെയ്യുക അല്ലാഹുവിനെ അറിഞ്ഞവർ മാത്രമായിരിക്കും. കാരണം, അവർ അല്ലാഹുവിൻ്റെ വിശേഷണങ്ങളും അവൻ്റെ മതനിയമങ്ങളും അവൻ്റെ ശക്തിയുടെ തെളിവുകളും മനസ്സിലാക്കിയിരിക്കുന്നു. തീർച്ചയായും ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയും (അസീസ്), തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് അങ്ങേയറ്റം പൊറുത്തു നൽകുന്നവനുമാകുന്നു (ഗഫൂർ) അല്ലാഹു.
(29) തീർച്ചയായും നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച, അല്ലാഹുവിൻ്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അതിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, ഏറ്റവും നല്ല നിലക്ക് നിസ്കാരം പൂർത്തീകരിക്കുകയും, നാം ഉപജീവനമായി നൽകിയതിൽ നിന്ന് സകാത്തായും (നിർബന്ധദാനം) മറ്റും രഹസ്യമായും പരസ്യമായും ദാനം നൽകുകയും ചെയ്യുന്നവർ; അവർ തങ്ങളുടെ ഈ പ്രവർത്തനങ്ങൾ കൊണ്ട് പ്രതീക്ഷ വെക്കുന്നത് അല്ലാഹുവിങ്കലുള്ള -ഒരിക്കലും നഷ്ടം സംഭവിക്കാത്ത- ഒരു കച്ചവടമാകുന്നു.
(30) അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലം അല്ലാഹു അവർക്ക് പൂർണ്ണമായി നൽകുന്നതിനും, തൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് വർദ്ധിപ്പിച്ചു നൽകുന്നതിനും വേണ്ടി. അവൻ അതിന് കഴിവുള്ളവനാകുന്നു. തീർച്ചയായും ഈ സ്വഭാവഗുണങ്ങളുള്ളവർക്ക് ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ സൽകർമ്മങ്ങൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമാണ് (ശകൂർ) അല്ലാഹു.
(31) അല്ലാഹുവിൻ്റെ റസൂലേ! താങ്കൾക്ക് നാം സന്ദേശമായി നൽകിയ ഈ ഗ്രന്ഥം; അത് തന്നെയാകുന്നു ഒരു സംശയവുമില്ലാത്ത സത്യം. മുൻകഴിഞ്ഞ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതായി അല്ലാഹു അതിനെ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും, അല്ലാഹു തൻ്റെ ദാസന്മാരെ കുറിച്ച് സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു. ഓരോ ജനതയിലേക്കുമുള്ള ദൂതന്മാർക്ക് അവരവരുടെ കാലഘട്ടത്തിൽ ആവശ്യമായത് അവൻ സന്ദേശമായി നൽകുന്നു.
(32) പിന്നീട് എല്ലാ ജനതകൾക്കും മേൽ നാം തിരഞ്ഞെടുത്ത മുഹമ്മദ് നബി -ﷺ- യുടെ സമൂഹത്തിന് ഖുർആൻ നാം നൽകി. അവരിൽ നിഷിദ്ധങ്ങൾ (ഹറാമുകൾ) പ്രവർത്തിച്ചു കൊണ്ടും, നിർബന്ധകർമ്മങ്ങൾ (വാജിബുകൾ) ഉപേക്ഷിച്ചും സ്വന്തത്തോട് അതിക്രമം പ്രവർത്തിച്ചവരുണ്ട്. നിർബന്ധകർമ്മങ്ങൾ പ്രവർത്തിക്കുകയും നിഷിദ്ധങ്ങൾ ഉപേക്ഷിക്കുകയും ചെയ്തുവെങ്കിലും -ചില ഐഛികകർമ്മങ്ങൾ (സുന്നത്തുകൾ) ഉപേക്ഷിച്ചും വെറുക്കപ്പെട്ട പ്രവർത്തനങ്ങൾ (മക്റൂഹുകൾ) ചെയ്തും- മദ്ധ്യമനിലപാട് സ്വീകരിച്ചവരുമുണ്ട്. അല്ലാഹുവിൻ്റെ അനുമതിയോടെ നന്മകളിൽ മുന്നേറിയവരും അക്കൂട്ടത്തിലുണ്ട്. നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ പ്രവർത്തിക്കുകയും, നിഷിദ്ധവും വെറുക്കപ്പെട്ടതുമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ടാണ് അവരത് നേടിയെടുത്തത്. ഈ സമൂഹത്തെ അല്ലാഹു തിരഞ്ഞെടുക്കുകയും അവർക്ക് ഖുർആൻ നൽകുകയും ചെയ്തു എന്നത് തന്നെയാകുന്നു മഹത്തരമായ അനുഗ്രഹം; അതിന് തുല്യമായ മറ്റൊരു അനുഗ്രഹവുമില്ല തന്നെ.
(33) സ്ഥിരവാസത്തിൻ്റെ സ്വർഗത്തോപ്പുകൾ; (അല്ലാഹു) തിരഞ്ഞെടുത്തവരായ ഇക്കൂട്ടർ അവിടെ പ്രവേശിക്കുന്നതാണ്. മുത്തുകളും സ്വർണവളകളും അവരവിടെ ധരിക്കുന്നതാണ്. അവിടെ അവരുടെ വസ്ത്രം പട്ടായിരിക്കും.
(34) സ്വർഗത്തിൽ പ്രവേശിച്ച ശേഷം അവർ പറയും: നരകത്തിൽ പ്രവേശിക്കുമെന്ന ഭയം കാരണത്താൽ ഞങ്ങൾക്കുണ്ടായിരുന്ന ദുഃഖം ഞങ്ങളിൽ നിന്ന് നീക്കം ചെയ്ത അല്ലാഹുവിന് സർവ്വസ്തുതിയും. തീർച്ചയായും നമ്മുടെ രക്ഷിതാവ് അവൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയവർക്ക് ധാരാളം പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), അവരുടെ നന്മകൾക്ക് അങ്ങേയറ്റം നന്ദിയുള്ളവനുമത്രെ (ശകൂർ).
(35) സ്ഥിരവാസത്തിനുള്ള -ഇനിയൊരിക്കലും മാറിത്താമസിക്കേണ്ടതില്ലാത്ത- (സ്വർഗത്തിൽ) ഞങ്ങളെ താമസിപ്പിച്ചവൻ. ഞങ്ങളുടെ കഴിവോ ശക്തിയോ കൊണ്ടല്ല; മറിച്ച് അവൻ്റെ ഔദാര്യത്താലത്രെ (ഞങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചത്). ഇവിടെ ഒരു പ്രയാസമോ ക്ഷീണമോ നമ്മെ ബാധിക്കുകയില്ല.
(36) അല്ലാഹുവിനെ നിഷേധിച്ചവർക്ക് കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ശിക്ഷയുണ്ട്. അവരതിൽ നിത്യവാസികളായിരിക്കും. ഒരിക്കലും മരണം അവരുടെ മേൽ വിധിക്കപ്പെടുകയില്ല; അങ്ങനെയെങ്കിൽ അവർക്ക് മരിക്കുകയും ഈ ശിക്ഷയിൽ നിന്ന് ആശ്വാസം കൊള്ളുകയും ചെയ്യാമായിരുന്നു. നരകത്തിൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് യാതൊരു ഇളവും നൽകപ്പെടുകയുമില്ല. ഇതു പോലുള്ള (കഠിനമായ ശിക്ഷയാണ്) അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ അങ്ങേയറ്റം നിഷേധിക്കുന്ന എല്ലാവർക്കും പരലോകത്ത് നാം നൽകുക.
(37) അവരവിടെ കഴിയുന്ന വിധം ഉച്ചത്തിൽ അട്ടഹസിച്ചു കൊണ്ട് സഹായം കേണുവിളിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഈ നരകത്തിൽ നിന്നൊന്ന് ഞങ്ങളെ പുറത്തു കൊണ്ടുവരിക. ഇഹലോകത്ത് ഞങ്ങൾ മുൻപ് ചെയ്തിരുന്ന പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി -നിൻ്റെ തൃപ്തി ലഭിക്കുന്നതിനും, നിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി- ഇനി ഞങ്ങൾ സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊള്ളാം. അപ്പോൾ അല്ലാഹു അവർക്ക് മറുപടി നൽകും: ഗുണപാഠം ഉൾക്കൊള്ളാൻ ഉദ്ദേശിക്കുന്നവന് ഉൽബോധനം സ്വീകരിക്കാൻ വേണ്ടത്ര ആയുസ്സ് നാം നിങ്ങൾക്ക് നൽകിയില്ലേ?! അങ്ങനെ അവന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും, സൽകർമ്മങ്ങൾ പ്രവർത്തിക്കാനും (മതിയാകുവോളം സമയമില്ലായിരുന്നോ?!) അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങളെ താക്കീത് ചെയ്യുന്ന ദൂതൻ നിങ്ങളിലേക്ക് വരികയും ചെയ്തില്ലേ?! ഇനി നിങ്ങൾക്ക് യാതൊരു ന്യായവുമില്ല. ഇതിനെല്ലാം ശേഷം ഇനിയൊരു ഒഴിവുകഴിവും ബാക്കിയില്ല. അതിനാൽ രുചിച്ചു കൊള്ളുക ഈ നരകശിക്ഷ! (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവരെ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനോ, അവൻ്റെ ശിക്ഷ ലഘൂകരിച്ചു നൽകാനോ ഒരു സഹായിയുമില്ല.
(38) തീർച്ചയായും, അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യം അറിയുന്നവനാകുന്നു. അതിൽ ഒന്നും തന്നെ അവന് വിട്ടുപോവുകയില്ല. തീർച്ചയായും അവൻ തൻ്റെ ദാസന്മാർ അവരുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്ന നന്മയും തിന്മയുമെല്ലാം നന്നായി അറിയുന്നവനാകുന്നു.
(39) നിങ്ങളിൽ ചിലരെ മറ്റു ചിലർക്ക് ശേഷം ഭൂമിയിൽ പിന്നാലെ വരുന്നവരാക്കിയവൻ അല്ലാഹുവാകുന്നു. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടിയാണത്. ആരെങ്കിലും അല്ലാഹുവിനെയും അവൻ്റെ ദൂതൻ കൊണ്ടു വന്ന സന്ദേശത്തെയും നിഷേധിക്കുന്ന പക്ഷം അവൻ്റെ നിഷേധത്തിൻ്റെ പാപഫലവും ശിക്ഷയും അവനിലേക്ക് തന്നെയാണ് മടങ്ങുക. അവൻ്റെ രക്ഷിതാവായ അല്ലാഹുവിന് അത് യാതൊരു ഉപദ്രവവും ചെയ്യില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം അല്ലാഹുവിങ്കൽ കടുത്ത കോപമല്ലാതെ മറ്റൊന്നും വർദ്ധിപ്പിക്കുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് അവരുടെ നിഷേധം നഷ്ടമല്ലാതെ മറ്റൊന്നും അധികരിപ്പിക്കുകയുമില്ല. അവർ വിശ്വസിച്ചിരുന്നെങ്കിൽ അവർക്ക് ലഭിക്കുമായിരുന്ന, അല്ലാഹു അവർക്ക് വേണ്ടി ഒരുക്കി വെച്ച സ്വർഗമാണവർക്ക് നഷ്ടമായത്.
(40) അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കാളികളെ കുറിച്ച് -അവർ എന്തൊന്നാണ് ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ളതെന്ന്- നിങ്ങളൊന്ന് എനിക്ക് പറഞ്ഞു തരിക?! അതിലെ പർവ്വതങ്ങൾ അവർ സൃഷ്ടിച്ചതാണോ?! അതിലുള്ള നദികളോ, അവിടെയുള്ള മൃഗങ്ങളെയോ അവർ സൃഷ്ടിച്ചിട്ടുണ്ടോ?! ഇനി അതല്ലെങ്കിൽ അവർ ആകാശങ്ങളെ സൃഷ്ടിക്കുന്നതിൽ അല്ലാഹുവിനോടൊപ്പം പങ്കാളികളായിരുന്നോ?! അതുമല്ലെങ്കിൽ അവരുണ്ടാക്കിയ പങ്കാളികളെ ആരാധിക്കുന്നത് ശരിയാണെന്ന് സ്ഥാപിക്കുന്ന തെളിവ് വല്ലതുമടങ്ങുന്ന ഏതെങ്കിലും ഗ്രന്ഥം നാമവർക്ക് നൽകിയിട്ടുണ്ടോ?! എന്നാൽ ഈ പറഞ്ഞതൊന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാൽ (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും സ്വദേഹങ്ങളോട് അതിക്രമം പ്രവർത്തിച്ചവർ പരസ്പരം വഞ്ചനയല്ലാതെ വാഗ്ദാനം നൽകുന്നില്ല.
(41) തീർച്ചയായും, അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും അവ രണ്ടും നീങ്ങിപ്പോകാതെ തടുത്തു വെച്ചിരിക്കുന്നു. അവ രണ്ടും നീങ്ങിപ്പോയി എന്നു വിചാരിക്കുക; എങ്കിൽ അവയെ അതിന് ശേഷം പിടിച്ചു നിർത്താനും അല്ലാഹുവല്ലാതെ മറ്റാരുമില്ല. തീർച്ചയായും അവൻ ധൃതിപെട്ട് ശിക്ഷിക്കാത്ത, സഹനശീലനാകുന്നു (ഹലീം). തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു കൊടുക്കുന്നവനുമാകുന്നു (ഗഫൂർ).
(42) (അല്ലാഹുവിനെ) നിഷേധിക്കുന്ന, (റസൂലുകളെ) കളവാക്കുന്ന ഇക്കൂട്ടർ ദൃഢവും ഉറച്ചതുമായ ശപഥങ്ങൾ ചെയ്തു കൊണ്ടു പറയും: അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ഏതെങ്കിലുമൊരു ദൂതൻ അല്ലാഹുവിൽ നിന്ന് വന്നാൽ, യഹൂദ-നസ്വാറാക്കളെക്കാളും മറ്റുള്ളവരെക്കാളുമെല്ലാം സ്ഥിരതയോടെ നിലകൊള്ളുന്നവരും, സത്യത്തെ പിൻപറ്റുന്നവരുമായിരിക്കും ഞങ്ങൾ. എന്നാൽ, അല്ലാഹുവിൽ നിന്നുള്ള ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- അവരിലേക്ക് വന്നപ്പോഴാകട്ടെ; അദ്ദേഹത്തിൻ്റെ വരവ് സത്യത്തിൽ നിന്നുള്ള അവരുടെ അകൽച്ചയും, അസത്യത്തിൽ കടിച്ചു തൂങ്ങുക എന്നതും വർദ്ധിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്തില്ല. തങ്ങൾക്ക് മുൻപുള്ളവരെക്കാൾ സന്മാർഗം സ്വീകരിക്കുന്നവരായിരിക്കും തങ്ങൾ എന്ന് ദൃഢതയുള്ള ശപഥങ്ങൾ ചെയ്തതൊന്നും അവർ പാലിച്ചില്ല.
(43) അല്ലാഹുവിൻ്റെ പേരിൽ അവർ നടത്തിയ ശപഥങ്ങളൊന്നും നല്ല ഉദ്ദേശത്തോടെയോ ശുദ്ധമായ ലക്ഷ്യത്തോടെയോ ആയിരുന്നില്ല. മറിച്ച്, ഭൂമിയിൽ അഹങ്കരിച്ചു നടക്കുന്നതിനും, ജനങ്ങളെ വഞ്ചിക്കുന്നതിനും വേണ്ടിയായിരുന്നു അതെല്ലാം. എന്നാൽ (ഇത്തരം) കുതന്ത്രങ്ങളെല്ലാം അതിൻ്റെ ആളുകളെ തന്നെയാണ് ചുറ്റിവരിയുക. അപ്പോൾ ഈ അഹങ്കാരികളായ കുതന്ത്രക്കാർ അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമല്ലാതെ മറ്റെന്താണ് കാത്തു നിൽക്കുന്നത്?! അവരുടെ സമാനനിലപാടുകാരായ മുൻഗാമികളെ നശിപ്പിച്ചതു പോലെ ഇവരെയും നശിപ്പിക്കുക എന്നതാണ് ആ നടപടിക്രമം. അഹങ്കാരികളെ നശിപ്പിക്കുക എന്ന അല്ലാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും നീ കണ്ടെത്തുകയില്ല; അവർക്ക് മേൽ നാശം വരാതിരിക്കുക എന്നതുണ്ടാകില്ല. അവൻ്റെ നടപടിക്രമത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ല; അവരല്ലാത്തവരുടെ (അഹങ്കാരികളല്ലാത്ത) മേൽ അത് വന്നുഭവിക്കുകയുമില്ല. കാരണം, അത് അല്ലാഹുവിൻ്റെ സ്ഥിരപ്പെട്ട നടപടിക്രമമാണ്.
(44) ഖുറൈഷികളിൽ പെട്ട നിന്നെ നിഷേധിക്കുന്ന കൂട്ടർ ഭൂമിയിലൂടെ സഞ്ചരിക്കുകയും, അവർക്ക് മുൻപ് നിഷേധിച്ചു തള്ളിയ സമൂഹങ്ങളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്യുന്നില്ലേ?! അല്ലാഹു അവരെ തകർത്തു കളഞ്ഞപ്പോൾ, അവരുടെ അന്ത്യം വളരെ മോശമായിരുന്നില്ലേ?! അവർ ഖുറൈഷികളെക്കാൾ ശക്തിയുള്ളവരായിരുന്നില്ലേ?! ആകാശങ്ങളിലോ ഭൂമിയിലോ ഉള്ള ഒന്നിനും തന്നെ അല്ലാഹുവിനെ പരാജയപ്പെടുത്തുക എന്നത് സാധ്യമല്ല. തീർച്ചയായും അവൻ ഈ നിഷേധികളുടെ പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയുന്നവനാകുന്നു (അലീം); അവന് അവരുടെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് മറഞ്ഞു പോവുകയോ നഷ്ടപ്പെടുകയോ ഇല്ല. അവൻ ഉദ്ദേശിക്കുന്ന നേരം അവരെ നശിപ്പിക്കാൻ കഴിവുള്ളവനുമാകുന്നു (ഖദീർ) അവൻ.
(45) മനുഷ്യർ ചെയ്ത തിന്മകളുടെയും അവർ പ്രവർത്തിച്ചു വെച്ച മ്ലേഛതകളുടെയും ശിക്ഷ ഉടനടി അല്ലാഹു നൽകിയിരുന്നെങ്കിൽ ഭൂമിക്ക് മുകളിലുള്ള സർവ്വരെയും അവർ ഉടമപ്പെടുത്തിയ മൃഗങ്ങളെയും സമ്പാദ്യങ്ങളെയുമെല്ലാം അല്ലാഹു പൊടുന്നനെ നശിപ്പിക്കുമായിരുന്നു. എന്നാൽ അല്ലാഹു അവരെ നിശ്ചയിക്കപ്പെട്ട ഒരു അവധി വരെ വിട്ടിരിക്കുന്നു; അന്ത്യനാളാകുന്നു ആ അവധി. പരലോകദിനം വന്നു കഴിഞ്ഞാൽ തീർച്ചയായും അല്ലാഹു തൻ്റെ അടിമകളെ നന്നായി കണ്ടറിയുന്നവനാകുന്നു. അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അപ്പോൾ അവരുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നൽകുന്നതാണ്. നന്മയാണെങ്കിൽ നന്മ. തിന്മയാണെങ്കിൽ തിന്മ.