91 - Ash-Shams ()

|

(1) അല്ലാഹു സൂര്യനെ കൊണ്ടും, കിഴക്ക് നിന്ന് അത് ഉദിച്ച ശേഷം ആകാശത്ത് ഉയർന്നു നിൽക്കുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.

(2) സൂര്യൻ അസ്തമിച്ചതിന് ശേഷം അതിനെ പിന്തുടർന്നു വരുന്ന ചന്ദ്രനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) പകൽ അതിൻ്റെ പ്രകാശം കൊണ്ട് ഭൂമിയുടെ മുകളിലുള്ളത് വെളിപ്പെടുത്തുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(4) രാത്രി ഭൂമിയുടെ മുകളിലുള്ളതിനെ മൂടുകയും, അങ്ങനെ അത് ഇരുട്ടു നിറഞ്ഞതായി മാറുകയും ചെയ്യുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(5) ആകാശത്തെ കൊണ്ടും, അതിൻ്റെ കൃത്യതയോടെയുള്ള നിർമ്മാണത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(6) ഭൂമിയെ കൊണ്ടും അതിനെ മനുഷ്യർക്ക് താമസിക്കാനായി വിതാനിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(7) എല്ലാ മനുഷ്യാത്മാക്കളെ കൊണ്ടും, അവയെ അല്ലാഹു നേരാംവണ്ണം സൃഷ്ടിച്ചത് കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.

(8) പ്രത്യേകിച്ചൊരു പഠനമൊന്നുമില്ലാതെ തന്നെ ഉപദ്രവകരമേതെന്നും ഉപകാരപ്രദമേതെന്നും അവക്ക് അവൻ മനസ്സിലാക്കി നൽകുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഉപദ്രവകമായതിൽ നിന്ന് വിട്ടു നിൽക്കുന്നതിനും, ഉപകാരമുള്ളവ സ്വീകരിക്കുന്നതിനും വേണ്ടി.

(9) ശ്രേഷ്ഠകരമായ കാര്യങ്ങൾ ചെയ്തു കൊണ്ട് ആത്മാവിനെ അലങ്കരിച്ചും, മ്ലേഛതകളിൽ നിന്ന് അതിനെ ശുദ്ധീകരിച്ചും തൻ്റെ ആത്മാവിനെ പരിശുദ്ധമാക്കിയവൻ അവൻ്റെ ലക്ഷ്യം നേടിയെടുത്തിരിക്കുന്നു.

(10) സ്വന്തം ആത്മാവിനെ തിന്മകളിലും വൃത്തികേടുകളിലും മുക്കിയവൻ പരാജിതനാകുകയും ചെയ്തിരിക്കുന്നു.

(11) അതിരില്ലാതെ തിന്മകൾ ചെയ്തും, അതിക്രമങ്ങൾ പ്രവർത്തിച്ചും ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ നിഷേധിച്ചിരിക്കുന്നു.

(12) അവരിലെ ഏറ്റവും ദൗർഭാഗ്യവാനായവൻ തൻ്റെ സമൂഹത്തിൻ്റെ പ്രേരണ കേട്ട് (അല്ലാഹുവിൻ്റെ ദൃഷ്ടാന്തമായ ഒട്ടകത്തെ അറുക്കുന്നതിനായി) എഴുന്നേറ്റു നിന്ന സന്ദർഭം;

(13) അല്ലാഹുവിൻ്റെ ദൂതനായ സ്വാലിഹ് അവരോട് പറഞ്ഞു: അല്ലാഹുവിൻ്റെ ഒട്ടകത്തെ നിങ്ങൾ വെറുതെ വിടുക. അതിന് (നിശ്ചയിക്കപ്പെട്ട) ദിവസത്തിൽ വെള്ളം കുടിക്കുവാൻ അനുവദിക്കുക. അതിനെ നിങ്ങൾ ഉപദ്രവിക്കരുത്.

(14) അവർ അവരുടെ ദൂതനെ ഒട്ടകത്തിൻ്റെ കാര്യത്തിൽ നിഷേധിച്ചു തള്ളി. അവരുടെ സമ്മതത്തോടെ കൂട്ടത്തിൽ ഏറ്റവും ദൗർഭാഗ്യവനായവൻ അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അവരെല്ലാം ആ തിന്മയിൽ പങ്കാളികളായിരുന്നു. അതിനാൽ അല്ലാഹു അവരെയെല്ലാം ശിക്ഷ കൊണ്ട് മൂടി. അവരുടെ തിന്മകൾ കാരണത്താൽ ആ അട്ടഹാസശബ്ദം അവരെ നശിപ്പിച്ചു. അവർക്കെല്ലാം തുല്ല്യമായ ശിക്ഷ തന്നെ അല്ലാഹു നൽകുകയും ചെയ്തു.

(15) അവരെ നശിപ്പിച്ച ആ ശിക്ഷ അവർക്ക് ബാധിപ്പിക്കുമ്പോൾ ഇതിൻ്റെ അനന്തരഫലമെന്തായിരിക്കുമെന്ന് അവൻ (അല്ലാഹു) ഭയന്നിട്ടില്ല.