95 - At-Tin ()

|

(1) അല്ലാഹു അത്തിയെ കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. ഈസ -عَلَيْهِ السَّلَام- നിയോഗിക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം.

(2) മൂസ നബി -عَلَيْهِ السَّلَام- യോട് അല്ലാഹു സംസാരിച്ച സ്ഥലമായ സീനാ പർവ്വതത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) അവിടെ പ്രവേശിക്കുന്നവർക്ക് നിർഭയത്വം ലഭിക്കുന്നതും, നബി -ﷺ- നിയോഗിക്കപ്പെട്ടതുമായ മക്കയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(4) മനുഷ്യനെ നാം ഏറ്റവും കൃത്യമായ ഘടനയോടും ഏറ്റവും ശ്രേഷ്ഠമായ രൂപത്തിലും സൃഷ്ടിച്ചിരിക്കുന്നു.

(5) പിന്നീട് നാം ഇഹലോകത്ത് അവനെ വാർദ്ധക്യത്തിലേക്കും (വാർദ്ധക്യ സഹജമായ) ബുദ്ധിശോഷണത്തിലേക്കും എത്തിച്ചു. അതോടെ അവന് തൻ്റെ ശരീരം കൊണ്ട് ഉപകാരമില്ലാതാകുന്നു. ഇത് പോലെ തന്നെയാണ് അവൻ തൻ്റെ ശുദ്ധപ്രകൃതിയെ തിന്മകൾ കൊണ്ട് നശിപ്പിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവന് (തൻ്റെ ശരീരം ഉപകാരം ചെയ്യുകയില്ല).

(6) അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർ വാർദ്ധക്യത്തിൽ എത്തിയെന്നു വന്നാലും ഒരിക്കലും മുറിയാത്ത പ്രതിഫലം -സ്വർഗം- അവർക്കുണ്ടായിരിക്കും. കാരണം അവർ തങ്ങളുടെ ശുദ്ധപ്രകൃതിയെ പരിശുദ്ധമാക്കിയവരാണ്.

(7) അല്ലാഹുവിൻ്റെ ശക്തിയുടെ അനേകം തെളിവുകൾ വീക്ഷിച്ചതിന് ശേഷവും -അല്ലയോ മനുഷ്യാ!- പ്രതിഫലനാളിനെ നിഷേധിക്കാൻ എന്തു കാരണമാണ് നിനക്കുള്ളത്?!

(8) അന്ത്യനാളിനെ പ്രതിഫലത്തിനായി നിശ്ചയിച്ച അല്ലാഹു വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവും, അങ്ങേയറ്റം നീതിമാനുമല്ലേ? അല്ലാഹു അവൻ്റെ അടിമകൾക്കിടയിൽ വിധി നടപ്പാക്കാതെ -നന്മ ചെയ്തവർക്ക് പ്രതിഫലവും, തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകാതെ- അവഗണിച്ചു വിടുമെന്ന് ചിന്തിക്കുന്നതാണോ ബുദ്ധി?