(1) അല്ലയോ വസ്ത്രം കൊണ്ട് മൂടിയവനേ! നബി -ﷺ- യാണ് ഉദ്ദേശം.
(2) എഴുന്നേറ്റ് നിൽക്കുക! അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് നൽകുകയും ചെയ്യുക!
(3) നിൻ്റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും;
(4) തിന്മകളിൽ നിന്ന് നിന്നെ ശുദ്ധിയാക്കുകയും, മലിനതകളിൽ നിന്ന് നിൻ്റെ വസ്ത്രം ശുദ്ധീകരിക്കുകയും ചെയ്യുക.
(5) വിഗ്രഹങ്ങളെ ആരാധിക്കുന്നതിൽ നിന്ന് നീ അകന്നു നിൽക്കുക.
(6) നീ ചെയ്ത സൽകർമ്മങ്ങൾ ധാരാളമുണ്ടല്ലോ എന്ന ധാരാണയിൽ അല്ലാഹുവിനോട് സ്വയം മേന്മ പറയാതിരിക്കുക.
(7) നീ നേരിടുന്ന ഉപദ്രവങ്ങളിൽ അല്ലാഹുവിന് വേണ്ടി ക്ഷമ കൈക്കൊള്ളുക.
(8) എന്നാൽ കാഹളത്തിൽ രണ്ടാമതും ഊതപ്പെട്ടാൽ.
(9) അന്നേ ദിവസം വളരെ കഠിനമായ ദിവസമായിരിക്കും.
(10) അല്ലാഹുവിനെയും റസൂലിനെയും നിഷേധിച്ചവർക്ക് എളുപ്പമില്ലാത്ത ദിവസം.
(11) അല്ലാഹുവിൻ്റെ റസൂലേ! മാതാവിൻ്റെ ഗർഭപാത്രത്തിൽ മറ്റാരുടെയും സഹായമില്ലാതെ ഞാൻ സൃഷ്ടിച്ചവനെ എനിക്ക് വിട്ടേക്ക്. അന്നവന് സമ്പാദ്യമോ സന്താനമോ ഇല്ലായിരുന്നു. (വലീദ് ബ്നു മുഗീറഃയാണ് ഉദ്ദേശം).
(12) അവന് നാം ധാരാളം സമ്പാദ്യം നൽകുകയും ചെയ്തു.
(13) അവനോടൊപ്പം എപ്പോഴും എല്ലാ സദസ്സുകളിലും സന്നിഹിതരായിരിക്കുന്ന മക്കളെയും നാമവന് നൽകി. അവന് ധാരാളം സമ്പാദ്യമുള്ളത് കൊണ്ട് ജോലിക്കായി ദൂരപ്രദേശങ്ങളിലേക്ക് അവർ പോകേണ്ടി വരുന്നില്ല.
(14) അവന് നാം ജീവിതസുഖങ്ങളും ഉപജീവനവും സമ്പാദ്യവുമെല്ലാം വിശാലമാക്കി നൽകി.
(15) ഇതെല്ലാം നൽകിയതിന് ശേഷവും, അവൻ എന്നെ നിഷേധിച്ചു. എങ്കിലും നാം അവന് വർദ്ധിപ്പിച്ചു നൽകണമെന്നാണ് അവൻ ആഗ്രഹിക്കുന്നത്.
(16) അവൻ ധരിച്ചതു പോലെയൊന്നുമല്ല കാര്യം! അവൻ നമ്മുടെ ദൂതൻ്റെ മേൽ നാം അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളോട് കടുത്ത ശത്രുത പ്രകടിപ്പിക്കുന്നവനും, അവയെ നിഷേധിക്കുന്നവനുമായിരിക്കുന്നു.
(17) അവന് സഹിക്കാൻ കഴിയാത്ത ഒരു ശിക്ഷ അവൻ്റെ മേൽ നാം കെട്ടിവെക്കുന്നതാണ്.
(18) ഈ അനുഗ്രഹങ്ങളെല്ലാം ചൊരിഞ്ഞു കൊടുത്തതിന് ശേഷവും, ഈ നിഷേധി ഖുർആനിനെ തകർക്കാൻ എന്തു പറയുമെന്നാണ് ചിന്തിച്ചത്. അതിനായി ചിലതെല്ലാം അവൻ മനസ്സിൽ കണക്കു കൂട്ടുകയും ചെയ്തു.
(19) അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
(20) വീണ്ടും അവൻ ശപിക്കപ്പെടുകയും കടുത്ത ശിക്ഷ അവനെ ബാധിക്കുകയും ചെയ്യട്ടെ! എങ്ങനെയാണവൻ കണക്കു കൂട്ടിയത്?!
(21) ശേഷം ഖുർആനിനെ കുറിച്ച് എന്തു പറയുമെന്നതിൽ ഒരിക്കൽ കൂടി അവനൊന്നു ചിന്തിച്ചു നോക്കി.
(22) ഖുർആനിനെ കുറിച്ച് പറയാൻ ആക്ഷേപമൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ അവൻ്റെ മുഖം നന്നായി ചുളിയുകയും, അതിൻ്റെ മേൽ കരുവാളിപ്പ് പടരുകയും ചെയ്തു.
(23) അങ്ങനെ അവൻ (ഇസ്ലാമിൽ) വിശ്വസിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും, നബി -ﷺ- യെ പിൻപറ്റുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും ചെയ്തു.
(24) അവൻ പറഞ്ഞു: മുഹമ്മദ് ഈ കൊണ്ടു വന്നിരിക്കുന്നത് അല്ലാഹുവിൻ്റെ സംസാരമൊന്നുമല്ല. ആരിൽ നിന്നോ അവൻ കേട്ടുപകർത്തിയ മാരണമാകുന്നു ഇത്.
(25) ഇത് അല്ലാഹുവിൻ്റെ സംസാരമല്ല. മനുഷ്യൻ്റെ സംസാരമാണിത്.
(26) നരകത്തിൻ്റെ തട്ടുകളിൽ ഒന്നായ സഖറിൽ ഈ കാഫിറിനെ നാം ഇട്ടെരിച്ചു കളയുന്നതാണ്. അതിലെ കഠിന ചൂട് അവൻ അനുഭവിക്കും.
(27) മുഹമ്മദ്! എന്താണ് സഖർ എന്ന് നിനക്കറിയുമോ?
(28) ശിക്ഷിക്കപ്പെടുന്നവനിൽ നിന്ന് ഒന്നും ബാക്കി വെക്കാതെ എല്ലാറ്റിലും ചെന്നെത്തുന്നതത്രെ അത്. പിന്നെ അവൻ പഴയപടി തന്നെയാകും. വീണ്ടും അതേ ശിക്ഷ തന്നെ ആവർത്തിക്കപ്പെടും. അവസാനമില്ലാതെ ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും.
(29) അതിൻ്റെ ചൂട് അങ്ങേയറ്റം കരിച്ചു കളയുന്നതും, തൊലികൾക്ക് മാറ്റം വരുത്തുന്നതുമാണ്.
(30) അതിൻ്റെ കാര്യങ്ങൾ ഏൽപ്പിക്കപ്പെട്ട പത്തൊമ്പത് മലക്കുകളുണ്ട്. അവർ നരകത്തിൻ്റെ കാവൽക്കാരാണ്.
(31) നരകത്തിൻ്റെ കാവൽക്കാരായി മലക്കുകളെയല്ലാതെ നാം നിശ്ചയിച്ചിട്ടില്ല. മനുഷ്യർക്ക് അവരെ പരാജയപ്പെടുത്തുക സാധ്യമേയല്ല. എന്നാൽ അല്ലാഹുവിനെ നിഷേധിച്ചവർക്ക് ഒരു പരീക്ഷണമായല്ലാതെ ഈ എണ്ണം അവൻ നിശ്ചയിച്ചിട്ടില്ല. ഇതെല്ലാം കേട്ടാൽ അല്ലാഹുവിനെ നിഷേധിച്ചവർ അവർക്ക് തോന്നിയതെല്ലാം പറയും; അതാകട്ടെ, അവരുടെ ശിക്ഷ ഇരട്ടിയാകാൻ കാരണമാകുന്നതുമാണ്. തൗറാത്ത് നൽകപ്പെട്ട യഹൂദർക്കും, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കൾക്കും ഖുർആൻ അവതരിച്ചിട്ടുള്ളത് തങ്ങളുടെ ഗ്രന്ഥങ്ങളെ സത്യപ്പെടുത്തി കൊണ്ടാണെന്ന് ദൃഢബോധ്യം വരും. വേദക്കാർ ഖുർആനിലുള്ളതിനോട് യോജിക്കുമ്പോൾ അത് (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ വിശ്വാസവും വർദ്ധിപ്പിക്കും. അങ്ങനെ യഹൂദ-നസ്വാറാക്കൾക്കും മുസ്ലിംകൾക്കും കാര്യങ്ങൾ സംശയലേശമന്യെ ബോധ്യപ്പെടും. (ഇസ്ലാമിൻ്റെ കാര്യത്തിൽ) സംശയത്തിലായവരും നിഷേധികളും പറയും: 'എന്താണ് അല്ലാഹു വിചിത്രമായ ഈ എണ്ണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്?' ഈ എണ്ണം നിഷേധിച്ചവരെ അല്ലാഹു വഴികേടിലാക്കുന്നതിൻ്റെയും അതിനെ സത്യപ്പെടുത്തിയവനെ സന്മാർഗത്തിലാക്കുന്നതിൻ്റെയും ഉദാഹരണമാണിത്. നിൻ്റെ രക്ഷിതാവിൻ്റെ സൈന്യത്തിൻ്റെ എണ്ണം ഒരാൾക്കും അറിയുകയില്ല; അതിനു മാത്രം ധാരാളമുണ്ട് അവർ. നരകം അല്ലാഹുവിൻ്റെ മഹത്വം മനുഷ്യർക്ക് ബോധ്യപ്പെടാനുള്ള ഒരു ഓർമ്മപ്പെടുത്തൽ മാത്രമാകുന്നു.
(32) നരകത്തിൻ്റെ കാവൽക്കാരെ പരാജയപ്പെടുത്തിയ ശേഷം അവിടെ നിന്ന് രക്ഷപ്പെടാം എന്ന് ചില ബഹുദൈവാരാധകർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം! ശേഷം അല്ലാഹു ചന്ദ്രനെ കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
(33) രാത്രിയെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പിന്തിരിഞ്ഞു പോകുന്ന വേളയിൽ.
(34) പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.
(35) തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.
(36) മനുഷ്യർക്ക് ഒരു താക്കീതും ഭയപ്പെടുത്തലുമാണത്.
(37) ജനങ്ങളേ! നിങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിൽ വിശ്വസിച്ചും സൽകർമ്മങ്ങൾ പ്രവർത്തിച്ചും മുന്നോട്ട് വരാൻ ഉദ്ദേശിക്കുന്നവർക്ക്; അല്ലെങ്കിൽ (ഇസ്ലാമിനെ) നിഷേധിച്ചും തിന്മകൾ പ്രവർത്തിച്ചും പിന്തി നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.
(38) ഓരോ വ്യക്തിയും അവൻ ചെയ്തു വെച്ച പ്രവർത്തനങ്ങളുടെ പേരിൽ പിടികൂടപ്പെടുന്നതാണ്. ഒന്നല്ലെങ്കിൽ അവൻ്റെ പ്രവർത്തനങ്ങൾ അവനെ നാശത്തിലേക്ക് തള്ളിയിടും. അല്ലെങ്കിൽ നാശത്തിൽ നിന്ന് അത് അവനെ രക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യും.
(39) (ഇസ്ലാമിൽ) വിശ്വസിച്ചവരൊഴികെ. തിന്മകളുടെ പേരിൽ അവർ പിടികൂടപ്പെടില്ല. അവർ ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ അവർക്ക് വിട്ടു പൊറുത്തു മാപ്പാക്കപ്പെടും.
(40) പരലോകത്ത് അവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കും.
(41) (ഇസ്ലാമിൽ) വിശ്വസിക്കാത്തവരെ പറ്റി; തിന്മകൾ പ്രവർത്തിച്ചു കൂട്ടി അവർ സ്വന്തങ്ങളെ നശിപ്പിച്ചിരിക്കുന്നു.
(42) അവർ ചോദിക്കും: എന്താണ് നിങ്ങളെ നരകാവകാശികളാക്കിയത്?!
(43) (ഇസ്ലാമിനെ) നിഷേധിച്ചവർ മറുപടിയായി പറയും: ഞങ്ങൾ ഇഹലോക ജീവിതത്തിൽ നിർബന്ധ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.
(44) അല്ലാഹു ഞങ്ങൾക്ക് നൽകിയ സമ്പാദ്യത്തിൽ നിന്ന് ദരിദ്രന് ഞങ്ങൾ ഭക്ഷണം നൽകിയിരുന്നില്ല.
(45) ഞങ്ങൾ തോന്നിവാസികളോടൊപ്പം കറങ്ങിത്തിരിയുമായിരുന്നു. വഴികേടിലായ, പിഴച്ച കൂട്ടരോട് ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു.
(46) പ്രതിഫലത്തിൻ്റെ നാളിനെ ഞങ്ങൾ നിഷേധിച്ചു കളയുമായിരുന്നു.
(47) ഞങ്ങളങ്ങനെ നിഷേധത്തിലായി ജീവിതം തുടർന്നു കൊണ്ടിരുന്നു; മരണം വന്നെത്തുന്നത് വരെ. പശ്ചാത്തപിക്കാൻ ഒരവസരം ഞങ്ങൾക്ക് ലഭിച്ചില്ല.
(48) പരലോകത്ത് അവർക്ക് മലക്കുകളുടെയോ നബിമാരുടെയോ സച്ചരിതരായ വ്യക്തികളുടെയോ മദ്ധ്യസ്ഥത ഒരു ഫലവും ചെയ്യില്ല. കാരണം അല്ലാഹുവിങ്കൽ ശുപാർശ സ്വീകരിക്കപ്പെടണമെങ്കിൽ അവൻ ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിയെയും തൃപ്തിപ്പെടണമെന്ന നിബന്ധനയുണ്ട്.
(49) എന്നിരിക്കെ ഈ ബഹുദൈവാരാധകരെ ഖുർആനിൽ നിന്ന് തിരിച്ചു കളയുന്ന കാര്യമെന്താണ്?!
(50) ഒരു നിലക്കും അടങ്ങി നിൽക്കാത്ത കാട്ടുകഴുതകളെ പോലെയാണ് അവർ ഖുർആനിൽ നിന്ന് തിരിഞ്ഞു കളയുന്നത്!!
(51) സിംഹത്തെ പേടിച്ചോടുന്ന പോലുണ്ട് അവർ.
(52) എന്നാൽ ഈ ബഹുദൈവാരാധകരിൽ ഓരോരുത്തരും തൻ്റെ തലയുടെ അടുത്തായി മുഹമ്മദ് അല്ലാഹുവിൻ്റെ ദൂതനാണെന്ന് അറിയിക്കുന്ന ഒരു നിവർത്തിയ ഏട് വേണമെന്നാണ് വിചാരിക്കുന്നത്! അദ്ദേഹം അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ വളരെ കുറവായതു കൊണ്ടോ, ഉള്ള തെളിവുകൾക്ക് വ്യക്തതക്കുറവുള്ളത് കൊണ്ടോ ഒന്നുമല്ല ഇത്; വെറും നിഷേധവും അഹങ്കാരവും മാത്രമാണ് ഇതെല്ലാം.
(53) എന്നാൽ കാര്യം അങ്ങനെയല്ല. തങ്ങളുടെ വഴികേടിൽ തന്നെ ഇവർ തുടർന്നു പോകുവാനുള്ള കാരണം അവർ പരലോകത്തിൽ വിശ്വസിക്കുന്നില്ല എന്നതാണ്. അതാണ് (ഇസ്ലാമിനെ) നിഷേധിക്കുന്നതിൽ അവരെ ഉറപ്പിച്ചു നിർത്തുന്നത്.
(54) അറിയുക! ഈ ഖുർആൻ ഒരു ഉപദേശവും ഓർമ്മപ്പെടുത്തലുമാകുന്നു.
(55) ആരെങ്കിലും ഖുർആൻ വായിച്ചു മനസ്സിലാക്കാനും, അതിൽ നിന്ന് പാഠം ഉൾക്കൊള്ളാനും, നന്നാകാനും ഉദ്ദേശിക്കുന്നെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ!
(56) അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ അവർ ഗുണപാഠം ഉൾക്കൊള്ളുകയില്ല. അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകളിൽ നിന്ന് വിട്ടു നിന്നും അങ്ങേയറ്റം സൂക്ഷിക്കപ്പെടാൻ അർഹൻ തന്നെ അല്ലാഹു. തൻ്റെ അടിമകൾക്ക് -അവർ പശ്ചാത്തപിച്ചാൽ- പൊറുത്തു കൊടുക്കാനും അർഹൻ തന്നെ.