88 - Al-Ghaashiya ()

|

(1) ജനങ്ങളെ ഭയാനകത കൊണ്ട് മൂടുന്ന അന്ത്യനാളിനെ കുറിച്ചുള്ള വർത്തമാനം നിനക്ക് വന്നെത്തിയോ?

(2) അന്ത്യനാളിൽ മനുഷ്യർ സൗഭാഗ്യവാന്മാരോ ദൗർഭാഗ്യവാന്മാരോ ആയി വേർതിരിയും; ദൗർഭാഗ്യവാന്മാരുടെ മുഖങ്ങൾ അന്നേ ദിവസം അപമാനഭാരത്താൽ താഴ്ന്നിരിക്കും.

(3) ചങ്ങലകളാൽ ബന്ധിക്കപ്പെടുകയും വലിച്ചിഴക്കപ്പെടുകയും ചെയ്തതിനാൽ പരിക്ഷീണവും തളർന്നതുമായിരിക്കും.

(4) നരകത്തിൻ്റെ ചൂടേറിയ അഗ്നിയിൽ ആ മുഖങ്ങൾ പ്രവേശിക്കുന്നതാണ്.

(5) ചുട്ടുതിളക്കുന്ന വെള്ളത്തിൻ്റെ ഉറവയിൽ നിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്.

(6) ഏറ്റവും മോശവും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണമല്ലാതെ അവർക്ക് ഉണ്ടായിരിക്കുകയില്ല. 'ശിബ്രിഖ്' എന്നു പേരുള്ള ഒരു ചെടിയിൽ നിന്നായിരിക്കും അവർ ഭക്ഷിക്കുക; അതാകട്ടെ ഉണക്കം ബാധിച്ചാൽ വിഷമയമായി തീരുകയും ചെയ്യും.

(7) അത് ഭക്ഷിക്കുന്നവന് പോഷണം നൽകുകയോ, അവൻ്റെ വിശപ്പിന് ശമനമുണ്ടാക്കുകയോ ഇല്ല.

(8) സൗഭാഗ്യവാന്മാരുടെ മുഖങ്ങളിൽ അവർക്ക് ലഭിച്ച അനുഗ്രഹങ്ങൾ കാരണത്താൽ സുഖാനുഭൂതിയും പ്രസന്നതയും സന്തോഷവും പ്രകടമായിരിക്കും.

(9) ഇഹലോകത്ത് ചെയ്ത സൽകർമ്മങ്ങൾ കാരണത്താൽ അവ തൃപ്തിയടഞ്ഞവയായിരിക്കും. തങ്ങളുടെ പ്രതിഫലം ഇരട്ടിയിരട്ടിയായി ഒരുക്കി വെക്കപ്പെട്ട നിലയിൽ അവ കണ്ടെത്തുകയും ചെയ്യും.

(10) ഉയർന്ന സ്ഥാനവും പദവിയുമുള്ള സ്വർഗത്തിൽ.

(11) അനർഥമായതോ അനാവശ്യമായതോ ആയ ഒരു വാക്കും അവിടെ നീ കേൾക്കുകയില്ല.

(12) ഈ സ്വർഗത്തിൽ ഒഴുകുന്ന ഉറവകളുണ്ട്; (സ്വർഗവാസികൾ) അത് പൊട്ടിക്കുകയും, അവർ ഉദ്ദേശിക്കുന്നത് പോലെ ഒഴുക്കുകയും ചെയ്യും.

(13) ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്.

(14) കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.

(15) മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.

(16) അവിടെ പലയിടത്തായി വിരിച്ചിടപ്പെട്ട ധാരാളം പരവതാനികൾ ഉണ്ട്.

(17) ചിന്തോദ്ദീപകമായി ഒട്ടകത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ സൃഷ്ടിച്ചിരിക്കുന്നതെന്നും, മനുഷർക്കായി അതിനെ സംവിധാനിച്ചിരിക്കുന്നതെന്നും?!

(18) ആകാശത്തിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ അവർക്ക് മുകളിൽ ഒരു മേൽക്കൂര പോലെ ഉയർത്തിയിരിക്കുന്നതെന്നും, അതവരുടെ മുകളിലേക്ക് വീഴാതെ എങ്ങനെ നിൽക്കുന്നുവെന്നും?

(19) പർവ്വതങ്ങളിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അല്ലാഹു അതിനെ ഉയർത്തിയിരിക്കുന്നതെന്നും, ഭൂമി ജനങ്ങളുമായി ഇളകാത്തവണ്ണം അതിനെ കൊണ്ട് എങ്ങനെ ഉറച്ചു നിൽക്കുന്നുവെന്നും?!

(20) ഭൂമിയിലേക്ക് അവർ നോക്കുന്നില്ലേ?! എങ്ങനെയാണ് അവൻ അതിനെ വിതാനിച്ചിരിക്കുന്നതെന്നും, ജനങ്ങൾ സുഖകരമായി വസിക്കാൻ തക്കവണ്ണം അതിനെ ഒരുക്കിയിരിക്കുന്നതെന്നും?!

(21) അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- നീ അവരെ ഉപദേശിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ച് ഭയപ്പെടുത്തുക. നീ ഒരു ഉൽബോധകൻ മാത്രമാണ്. അവരെ ഉൽബോധിപ്പിക്കുക എന്നത് മാത്രമേ നിന്നിൽ നിന്ന് വേണ്ടതായുള്ളൂ. അവർക്ക് (ഇസ്ലാം) സ്വീകരിക്കാനുള്ള സൗഭാഗ്യം നൽകുക എന്നത് അല്ലാഹുവിൻ്റെ കയ്യിൽ മാത്രമാണ്.

(22) അവരെ (ഇസ്ലാം) സ്വീകരിക്കാൻ നിർബന്ധിക്കാൻ നീ അവരുടെ മേൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല.

(23) എന്നാൽ അവരിൽ നിന്ന് (ഇസ്ലാമിൽ) വിശ്വസിക്കാതെ തിരിഞ്ഞു കളയുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുകയും ചെയ്തവൻ;

(24) പരലോകത്ത് അല്ലാഹു അവനെ ഏറ്റവും ഭീകരമായ ശിക്ഷക്ക് വിധേയനാക്കുന്നതാണ്; നരകത്തിൽ ശാശ്വതനായി കഴിയേണ്ടി വരിക എന്നതാണത്.

(25) തീർച്ചയായും നമ്മുടെ അടുക്കലേക്ക് മാത്രമാണ് മരണ ശേഷം അവർ മടങ്ങാനിരിക്കുന്നത്.

(26) പിന്നീടു അവരുടെ പ്രവത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തുക എന്നതും നമ്മുടെ മേൽ മാത്രമുള്ള കാര്യമാണ്. നിനക്കോ മറ്റാർക്കെങ്കിലുമോ അതിനുള്ള അവകാശമില്ല.