89 - Al-Fajr ()

|

(1) പ്രഭാതത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(2) ദുൽ ഹിജ്ജ മാസത്തിലെ ആദ്യ പത്ത് രാത്രികൾ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) വസ്തുക്കളിലെ ഒറ്റയും ഇണയുമായവയെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു.

(4) രാത്രി മുന്നിട്ടു വരികയും, തുടരുകയും, പിന്തിരിഞ്ഞു പോവുകയും ചെയ്യുന്ന വേളകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. മനുഷ്യരേ! നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിങ്ങൾക്ക് പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും എന്നതിനാണ് ഈ ശപഥങ്ങളെല്ലാം അവൻ പറഞ്ഞത്.

(5) ഈ ശപഥങ്ങൾ ബുദ്ധിയുള്ളവരെ തൃപ്തിപ്പെടുത്തുമോ?

(6) അല്ലാഹുവിൻ്റെ റസൂലേ! ഹൂദ് നബിയുടെ സമുദായമായ ആദ് ഗോത്രത്തെ കൊണ്ട്, അവർ തങ്ങളുടെ റസൂലിനെ കളവാക്കിയപ്പോൾ നിൻ്റെ രക്ഷിതാവ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ?

(7) തങ്ങളുടെ പ്രപിതാവായ ഇറം എന്ന വ്യക്തിയിലേക്ക് ചേർത്തിപ്പറഞ്ഞിരുന്ന, നല്ല നീളവും ശക്തിയുമുണ്ടായിരുന്ന ആദ് ഗോത്രക്കാർ.

(8) അവർക്ക് തുല്ല്യരായി മറ്റൊരു രാജ്യങ്ങളിലും അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടില്ലാത്തവരുടെ ഗോത്രം.

(9) സ്വാലിഹ് നബിയുടെ ഗോത്രമായ ഥമൂദ് ഗോത്രത്തെ കൊണ്ടും നിൻ്റെ രക്ഷിതാവ് എന്താണ് പ്രവർത്തിച്ചതെന്ന് നീ കണ്ടില്ലേ? പർവ്വതങ്ങളിളെ പിളർത്തി, അതിലെ കല്ലുകൾ കൊണ്ട് വീടുകൾ പണിതിരുന്നു അവർ.

(10) ജനങ്ങളെ ഉപദ്രവിക്കാൻ നിരത്തി നിർത്തിയ സൈന്യമുണ്ടായിരുന്ന ഫിർഔനിനെ കൊണ്ടും നിൻ്റെ രക്ഷിതാവ് എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ?

(11) ഇവരെല്ലാം അതിക്രമത്തിലും അന്യായത്തിലും അവരവരുടെ നാടുകളിൽ അതിരുകവിഞ്ഞവരായിരുന്നു.

(12) (ഇസ്ലാമിനെ) നിഷേധിക്കലും തിന്മകൾ നാട്ടിൽ പ്രചരിപ്പിക്കുകയും, അങ്ങനെ അവിടങ്ങളിലെല്ലാം കുഴപ്പം വിതക്കുകയും ചെയ്തിരുന്നു അവർ.

(13) അപ്പോൾ അല്ലാഹു അവർക്ക് കഠിനമായ ശിക്ഷ തന്നെ രുചിപ്പിച്ചു. ഭൂമിയിൽ നിന്ന് അവരെ അവൻ പിഴുതെറിയുകയും ചെയ്തു.

(14) അല്ലയോ റസൂൽ! നന്മ ചെയ്തവർക്ക് സ്വർഗം നൽകുന്നതിനും തിന്മ പ്രവർത്തിച്ചവർക്ക് നരകം നൽകുന്നതിനും. നിൻ്റെ രക്ഷിതാവ് ജനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി വീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.

(15) എന്നാൽ മനുഷ്യൻ; അവൻ്റെ രക്ഷിതാവ് അവനെ പരീക്ഷിക്കുകയും അവന് ആദരവ് നൽകുകയും, സമ്പത്തും സന്താനങ്ങളും സ്ഥാനവുമൊക്കെ അനുഗ്രഹമായി അവൻ്റെ മേൽ വർഷിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ തനിക്കുള്ള ആദരവ് കാരണത്താലാണ് ഇതെല്ലാം ലഭിച്ചത് എന്നവൻ ധരിക്കും. അവൻ പറയും: ഈ ആദരിവിനെല്ലാം അർഹതയുള്ളവനാണ് ഞാൻ എന്നതിനാൽ എൻ്റെ രക്ഷിതാവ് എന്നെ ആദരിച്ചിരിക്കുന്നു.

(16) എന്നാൽ അവൻ്റെ രക്ഷിതാവ് അവനെ പരീക്ഷിക്കുകയും, അവൻ്റെ ഉപജീവനം ഇടുങ്ങിയതാക്കുകയും ചെയ്താൽ തൻ്റെ റബ്ബിങ്കലുള്ള നിന്ദ്യത കാരണത്താലാണ് ഇത് സംഭവിച്ചത് എന്നവൻ ധരിക്കും. അവൻ പറയും: എൻ്റെ രക്ഷിതാവ് എന്നെ അപമാനിച്ചിരിക്കുന്നു.

(17) അല്ല! ഈ മനുഷ്യൻ ധരിച്ചു വെച്ചിരിക്കുന്നത് പോലെ - അനുഗ്രഹങ്ങൾ അല്ലാഹുവിൻ്റെ തൃപ്തിയുടെയും, പ്രയാസങ്ങൾ അവൻ്റെ അവഗണനയുടെയും അടയാളമാണ് - എന്നതല്ല കാര്യം. മറിച്ച്, യാഥാർഥ്യമെന്തെന്നാൽ നിങ്ങൾക്ക് അല്ലാഹു നൽകിയ വിഭവങ്ങളിൽ നിന്ന് അനാഥർക്ക് നിങ്ങൾ നൽകുന്നില്ല.

(18) നിത്യഭക്ഷണം കണ്ടെത്താൻ കഴിയാത്ത ദരിദ്രന് ഭക്ഷണം നൽകാൻ നിങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല.

(19) സ്ത്രീകളുടെയും അനാഥകളുടെയും അവകാശങ്ങൾ അവ അനുവദനീയമാണോ എന്നൊന്നും നോക്കാതെ നിങ്ങൾ വാരിത്തിന്നുകയാണ്.

(20) ധനത്തെ നിങ്ങൾ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു. അതിനോടുള്ള ആർത്തി കാരണത്താൽ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്നതിൽ നിങ്ങൾ പിശുക്ക് കാണിക്കുകയും ചെയ്യുന്നു.

(21) ഇങ്ങനെയൊന്നുമല്ല നിങ്ങളുടെ പ്രവർത്തനങ്ങൾ ആകേണ്ടത്. ഭൂമി ശക്തിയായി കുലുക്കപ്പെടുകയും, അത് ആടിയുലയുകയും ചെയ്താൽ (സംഭവിക്കുന്നത് എന്തായിരിക്കുമെന്ന്) നിങ്ങൾ ഓർക്കുക.

(22) അല്ലയോ റസൂൽ! നിൻ്റെ രക്ഷിതാവ് അവൻ്റെ അടിമകൾക്കിടയിൽ വിധി കൽപ്പിക്കാനായി വരികയും, മലക്കുകൾ അണിയണിയായി സന്നിഹിതരാവുകയും ചെയ്താൽ.

(23) അന്നേ ദിവസം നരകം കൊണ്ടു വരപ്പെടുന്നതാണ്; അതിന് എഴുപതിനായിരം ചങ്ങലകൾ ഉണ്ടായിരിക്കും. ഓരോ ചങ്ങലയിലും എഴുപതിനായിരം മലക്കുകൾ പിടിച്ചു വലിക്കുന്നുണ്ടായിരിക്കും. അന്നേ ദിവസം മനുഷ്യൻ അല്ലാഹുവിൻ്റെ വിഷയത്തിൽ താൻ വരുത്തിയ കുറവുകൾ ഓർക്കും. എന്നാൽ അന്നേ ദിവസം ഈ ഓർമ്മ അവനെന്ത് ഉപകാരം ചെയ്യാനാണ്; കാരണം ഇത് പ്രതിഫലത്തിൻ്റെ ദിവസമാണ്; പ്രവർത്തനത്തിൻ്റേതല്ല.

(24) അന്നേ ദിവസം നിരാശയുടെ കാഠിന്യത്താൽ അവൻ പറയും: യഥാർഥ ജീവിതമാകുന്ന പാരത്രിക ലോകത്തിനായി ഞാൻ സൽകർമ്മങ്ങൾ മുൻകൂട്ടി ചെയ്തുവെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

(25) അന്നേ ദിവസം അല്ലാഹു ശിക്ഷിക്കുന്നത് പോലെ ഒരാളും തന്നെ ശിക്ഷിക്കുകയില്ല. കാരണം അല്ലാഹുവിൻ്റെ ശിക്ഷയാണ് ഏറ്റവും കഠിനവും എന്നെന്നും നിലനിൽക്കുന്നതും.

(26) അവൻ (ഇസ്ലാമിനെ) നിഷേധിച്ചവരെ ചങ്ങലകളിൽ ബന്ധിക്കുന്നത് പോലെ ഒരാളും ബന്ധിക്കുകയുമില്ല.

(27) (ഇസ്ലാമിൽ) വിശ്വസിച്ചവൻ്റെ ആത്മാവിനോട് മരണവേളയിലും അന്ത്യനാളിലും പറയപ്പെടും: അല്ലയോ! (ഇസ്ലാമിലുള്ള) വിശ്വാസത്തിലും സൽകർമ്മങ്ങളിലും സമാധാനമടഞ്ഞ ആത്മാവേ!

(28) നിൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെട്ടു കൊണ്ട്; നിനക്ക് ലഭിക്കാനിരിക്കുന്ന മഹത്തരമായ പ്രതിഫലത്തിൽ തൃപ്തിയടഞ്ഞ നിലയിൽ, നീ ചെയ്ത സൽകർമ്മങ്ങളാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തി കൊണ്ടും നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് മടങ്ങുക.

(29) എൻ്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ നീയും പ്രവേശിച്ചു കൊള്ളുക.

(30) അവരോടൊപ്പം -സൽകർമ്മികൾക്കായി ഞാൻ ഒരുക്കിയ- സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.