9 - At-Tawba ()

|

(1) മുസ്ലിംകളേ! അറബ് ഉപദ്വീപിൽ നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകരുമായുള്ള കരാറുകൾ അവസാനിച്ചിരിക്കുന്നു എന്ന് അല്ലാഹുവിൽ നിന്നും അവൻ്റെ റസൂലിൽ നിന്നുമുള്ള പ്രഖ്യാപനമിതാ!

(2) അതിനാൽ -ബഹുദൈവാരാധകരേ!- നാല് മാസക്കാലത്തോളം ഭൂമിയിൽ നിങ്ങൾ നിർഭയരായി വിഹരിച്ചു കൊള്ളുക. അതിന് ശേഷം നിങ്ങളുമായി (നിലവിലുള്ള) ഒരു കരാറോ സംരക്ഷണമോ നിലനിൽക്കുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുന്നതിൽ തന്നെ നിങ്ങൾ ഉറച്ചു നിൽക്കുകയാണെങ്കിൽ അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് കുതറിരക്ഷപ്പെടാൻ കഴിയില്ലെന്ന കാര്യം ഉറച്ച് മനസ്സിലാക്കിക്കൊള്ളുക. അല്ലാഹുവിനെ നിഷേധിച്ചവരെ ഭൂമിയിൽ (യുദ്ധത്തിൽ) നശിപ്പിച്ചു കൊണ്ടും (മുസ്ലിംകളുടെ കൈകളാൽ) തടവിൽ പെടുത്തി കൊണ്ടും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിച്ചു കൊണ്ടും അല്ലാഹു അപമാനിക്കുന്നതാണെന്നും ഉറച്ച് മനസ്സിലാക്കി കൊള്ളുക. ഈ പറയപ്പെട്ട കാര്യം തങ്ങളുടെ കരാറുകൾ ലംഘിച്ചവർക്കും, സമയപരിധിയില്ലാതെ -നിരുപാധികമായ- കരാറിൽ ഏർപ്പെട്ടവർക്കും ബാധകമാണ്. എന്നാൽ നിശ്ചിതസമയപരിധി വരെ കരാറിലേർപ്പെട്ടവരാണെങ്കിൽ അവരുടെ കരാർ കാലാവധി അവസാനിക്കുന്നത് വരെ -അതിനി നാല് മാസത്തിൽ കൂടുതലാണെങ്കിലും- അത് അവരോട് പൂർത്തീകരിക്കേണ്ടതാണ്.

(3) ബലിപെരുന്നാൾ ദിനത്തിൽ സർവ്വ മനുഷ്യർക്കുമുള്ള അല്ലാഹുവിൽ നിന്നുള്ള അറിയിപ്പും, അവൻ്റെ റസൂലിൽ നിന്നുള്ള അറിയിപ്പുമാണിത്. അല്ലാഹു ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അവൻ്റെ ദൂതരും അപ്രകാരം തന്നെ ബഹുദൈവാരാധകരിൽ നിന്ന് ഒഴിവാണ്. അതിനാൽ -ബഹുദൈവാരാധകരേ!- നിങ്ങൾ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അതാണ് നിങ്ങൾക്ക് നല്ലത്. ഇനി നിങ്ങൾ അല്ലാഹുവിനോട് പശ്ചാത്തപിക്കുന്നത് അവഗണിച്ചു വിടുകയാണെങ്കിൽ അല്ലാഹുവിൻ്റെ അടുക്കൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു കൊള്ളുക. അവൻ്റെ ശിക്ഷയിൽ നിന്ന് നിങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവർക്ക് പ്രയാസമുണ്ടാക്കുന്ന ആ വാർത്ത താങ്കൾ അറിയിച്ചു നൽകുക: അവരെ കാത്തിരിക്കുന്ന അല്ലാഹുവിൻ്റെ വേദനയേറിയ ശിക്ഷയാണത്.

(4) ബഹുദൈവാരാധകരുടെ കൂട്ടത്തിൽ നിന്ന് നിങ്ങൾ കരാറിലേർപ്പെടുകയും, ആ കരാർ പാലിക്കുകയും, ഒരു കരാർലംഘനവും നടത്താതിരിക്കുകയും ചെയ്തവരൊഴികെ. അവർ മുൻപ് പറഞ്ഞ വിധിയിൽ നിന്ന് ഒഴിവാണ്. അതിനാൽ അവരുടെ കരാർ -അതിൻ്റെ കാലാവധി അവസാനിക്കുന്നത് വരെ- നിങ്ങൾ പൂർത്തീകരിച്ചു നൽകുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അവൻ്റെ കൽപ്പനകളിൽ പെട്ടതാണ് കരാർ പാലനം. വഞ്ചനയാകട്ടെ അവൻ വിലക്കിയതുമാണ്.

(5) നിങ്ങളുടെ ശത്രുക്കൾക്ക് നിങ്ങൾ നിർഭയത്വം വാഗ്ദാനം നൽകിയ, യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങൾ അവസാനിച്ചാൽ ബഹുദൈവാരാധകരെ കണ്ടെത്തുന്നിടത്ത് വെച്ച് നിങ്ങൾ കൊന്നുകളയുക. അവരെ നിങ്ങൾ തടവിലാക്കുകയും, അവരുടെ കോട്ടകളിൽ അവരെ ഉപരോധിക്കുകയും, അവരുടെ വഴികളിൽ അവർക്കായി പതിയിരിക്കുകയും ചെയ്യുക. ഇനി അവർ തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും, നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിൻ്റെ സകാത്ത് നൽകുകയും ചെയ്തുവെങ്കിൽ; അവർ നിങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളായി തീർന്നിരിക്കുന്നു. അതിനാൽ അവരോട് നിങ്ങൾ യുദ്ധം ഒഴിവാക്കുക. തീർച്ചയായും തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും, അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്നവനുമാകുന്നു അല്ലാഹു.

(6) രക്തവും സമ്പാദ്യവും ചിന്താൻ നിങ്ങൾക്ക് അനുവാദമുള്ള ബഹുദൈവാരാധകരിൽ ആരെങ്കിലും താങ്കളുടെ അരികിൽ പ്രവേശിക്കുകയും സംരക്ഷണം ആവശ്യപ്പെടുകയും ചെയ്താൽ -അല്ലാഹുവിൻ്റെ റസൂലേ!- അവൻ്റെ ആവശ്യത്തിന് താങ്കൾ ഉത്തരം നൽകുക. അങ്ങനെ അവൻ ഖുർആൻ കേൾക്കട്ടെ. ശേഷം അവന് നിർഭയത്വമുള്ള സ്ഥലത്തേക്ക് അവനെ എത്തിക്കുക. കാരണം (അല്ലാഹുവിനെ) നിഷേധിച്ചവർ ഈ മതത്തെകുറിച്ചുള്ള യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടില്ല. ഖുർആൻ പാരായണം കേൾക്കുകയും, അത് തിരിച്ചറിയുകയും ചെയ്താൽ അവർ ചിലപ്പോൾ സന്മാർഗം സ്വീകരിച്ചേക്കാം.

(7) അല്ലാഹുവിൽ പങ്കുചേർക്കുന്നവരുമായി അല്ലാഹുവിൽ നിന്നും അവൻ്റെ റസൂലിൽ നിന്നും നിർഭയത്വം വാഗ്ദാനം ചെയ്യപ്പെടുക എന്നതും കരാറുണ്ടാവുക എന്നതും ശരിയാവുകയില്ല. മുസ്ലിംകളേ! ഹുദൈബിയ്യ സന്ധിയുടെ വേളയിൽ മസ്ജിദുൽ ഹറാമിനരികിൽ വെച്ച് നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകരൊഴികെ. അവർ നിങ്ങൾക്കും അവർക്കുമിടയിലുള്ള കരാർ പാലിക്കുകയും അത് ലംഘിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം നിങ്ങളും അത് നിലനിർത്തുകയും, കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നു.

(8) അവർ നിങ്ങളുടെ ശത്രുക്കളായിരിക്കെ അവർക്കെങ്ങനെ കരാറും നിർഭയത്വവും വാഗ്ദാനം ചെയ്യപ്പെടും?! നിങ്ങളെ വിജയിച്ചടക്കാൻ കഴിഞ്ഞാൽ നിങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനെയോ, നിങ്ങളുമായുള്ള കുടുംബബന്ധമോ, കരാറോ അവർ പരിഗണിക്കുകയില്ല. മറിച്ച്, ഏറ്റവും കടുത്ത ശിക്ഷ തന്നെ അവർ നിങ്ങളെ അനുഭവിപ്പിക്കുന്നതാണ്. അവരുടെ നാവുകൾ കൊണ്ട് നിങ്ങളെ തൃപ്തിപ്പെടുത്തുന്ന വാക്കുകൾ അവർ ഉച്ചരിക്കുന്നുവെന്ന് മാത്രം. എന്നാൽ അവരുടെ ഹൃദയങ്ങൾ അവരുടെ സംസാരത്തോട് യോജിക്കുന്നതല്ല. അവർ പറയുന്നത് അവർ പാലിക്കുകയില്ല. കരാർ ലംഘിച്ചു കൊണ്ട് അല്ലാഹുവിനെ അനുസരിക്കുന്നതിൽ ധിക്കാരം വെച്ചു പുലർത്തുന്നവരാണ് അവരിൽ ബഹുഭൂരിപക്ഷവും.

(9) അല്ലാഹുവിൻ്റെ ആയത്തുകളെ പിൻപറ്റുന്നതിന് പകരമായി -അതിൽ പെട്ടതാണല്ലോ കരാർ പാലനം- അവർ പകരം സ്വീകരിച്ചത് വളരെ വിലകുറഞ്ഞ, ഐഹികലോകത്തിലെ തുച്ഛമായ വിഭവങ്ങളാകുന്നു. തങ്ങളുടെ ഇഷ്ടങ്ങളും ദേഹേഛകളും നേടിയെടുക്കുന്നതിനത്രെ അത്. അങ്ങനെ സത്യം പിൻപറ്റുന്നതിൽ നിന്ന് അവർ സ്വയം തടഞ്ഞു. അതിനെ അവർ അവഗണിക്കുകയും, മറ്റുള്ളവരെ സത്യത്തിൽ നിന്ന് അവർ തടസ്സപ്പെടുത്തുകയും ചെയ്തു. തീർച്ചയായും അവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് വളരെ ചീത്തയാകുന്നു.

(10) ഒരു മുഅ്മിനിൻ്റെയും കാര്യത്തിൽ അല്ലാഹുവിനെയോ കുടുംബബന്ധത്തെയോ കരാറുകളെയോ അവർ പരിഗണിക്കുകയില്ല. അത്ര കടുത്ത ശത്രുതയിലാണ് അവർ കഴിഞ്ഞു കൂടുന്നത്. അനീതിയും (ഇസ്ലാമിനോട്) ശത്രുതയും വെച്ചുപുലർത്തി കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിച്ചവരാണ് അക്കൂട്ടർ.

(11) എന്നാൽ അവർ തങ്ങളുടെ നിഷേധത്തിൽ നിന്ന് അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതരാണെന്നുമുള്ള രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ റസൂലുല്ലാഹ് എന്ന വാക്ക്) ഉച്ചരിക്കുകയും, നിസ്കാരം നിലനിർത്തുകയും, തങ്ങളുടെ സമ്പത്തിലെ സകാത്ത് (നിർബന്ധദാനം) നൽകുകയും ചെയ്താൽ അവർ മുസ്ലിംകളായി മാറിയിരിക്കുന്നു. ഇസ്ലാമിലെ നിങ്ങളുടെ സഹോദരങ്ങളാകുന്നു അവർ. നിങ്ങൾക്കുള്ളതെല്ലാം ഇനി അവർക്കുമുണ്ട്; നിങ്ങൾക്കുള്ള ബാധ്യതകൾ അവർക്കുമുണ്ട്. പിന്നീട് അവരുമായി യുദ്ധം ചെയ്യുന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അവർ ഇസ്ലാം സ്വീകരിച്ചു എന്നത് അവരുടെ രക്തവും സമ്പാദ്യവും അഭിമാനവും സംരക്ഷിക്കുന്നു. മനസ്സിലാക്കുന്ന ജനങ്ങൾക്ക് വേണ്ടി നാം ആയത്തുകൾ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. അവരാകുന്നു അതിൽ നിന്ന് പ്രയോജനമെടുക്കുകയും, മറ്റുള്ളവർക്ക് ഉപകാരം നൽകുകയും ചെയ്യുന്നവർ.

(12) നിങ്ങൾ കരാറിലേർപ്പെട്ട ബഹുദൈവാരാധകർ ഒരു നിശ്ചിത കാലയളവിലേക്ക് യുദ്ധം ഉപേക്ഷിക്കാമെന്ന കരാറും ഉറപ്പും ലംഘിക്കുകയും, നിങ്ങളുടെ മതത്തെ -ഇസ്ലാമിനെ- ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തുവെങ്കിൽ അവരുമായി നിങ്ങൾ യുദ്ധത്തിലേർപ്പെടുക. അവർ നിഷേധത്തിൻ്റെ നേതാക്കളും തലവന്മാരുമാകുന്നു. യാതൊരു കരാറുകളും അവരുമായി ഇല്ല തന്നെ. അവരുടെ ജീവന് സുരക്ഷ നൽകുന്ന യാതൊരു ഉറപ്പുകളും ഇനിയില്ല. അവരുടെ നിഷേധവും കരാർലംഘനവും ഇസ്ലാമിനോടുള്ള പരിഹാസവും അവർ അവസാനിപ്പിക്കുന്നതിനായി അക്കൂട്ടരോട് നിങ്ങൾ യുദ്ധത്തിലേർപ്പെടുക.

(13) (അല്ലാഹുവിൽ) വിശ്വസിച്ചവരേ! തങ്ങളുടെ കരാറുകളും ഉറപ്പുകളും ലംഘിക്കുകയും, ദാറുന്നദ്വയിൽ ഒത്തുകൂടി നബി (ﷺ) യെ മക്കയിൽ നിന്ന് പുറത്താക്കാൻ പരിശ്രമിക്കുകയും ചെയ്തവരോട് എന്തു കൊണ്ടാണ് നിങ്ങൾ യുദ്ധം ചെയ്യാതിരിക്കുന്നത്?! നബി (ﷺ) യുടെ പക്ഷത്തുണ്ടായിരുന്ന ഖുസാഅഃ ഗോത്രത്തിനെതിരെ ഖുറൈഷികളുടെ പക്ഷത്തുണ്ടായിരുന്ന ബക്ർ ഗോത്രത്തെ സഹായിച്ചു കൊണ്ട് അവരാണ് നിങ്ങളുമായി യുദ്ധം തുടങ്ങി വെച്ചത്. അപ്പോൾ അവരെ നിങ്ങൾ ഭയപ്പെടുകയും, അവരുമായി യുദ്ധത്തിന് മുന്നിട്ടിറങ്ങാതിരിക്കുകയും ചെയ്യുകയാണോ?! നിങ്ങൾ യഥാർത്ഥ മുഅ്മിനുകളാണെങ്കിൽ നിങ്ങൾ ഭയപ്പെടാൻ ഏറ്റവും അർഹതയുള്ളവൻ അല്ലാഹുവാണ്.

(14) (അല്ലാഹുവിൽ) വിശ്വസിച്ചവരേ! ഈ ബഹുദൈവാരാധകരോട് നിങ്ങൾ യുദ്ധം ചെയ്യുക. നിങ്ങൾ അവരോട് യുദ്ധം ചെയ്താൽ അല്ലാഹു നിങ്ങളുടെ കൈകളിലൂടെ അവരെ ശിക്ഷിക്കുന്നതാണ്. പരാജയവും തടവും അനുഭവിപ്പിച്ചു കൊണ്ട് അവൻ അവരെ അപമാനിതരാക്കുന്നതാണ്. നിങ്ങൾക്ക് വിജയം നൽകിക്കൊണ്ട് അവർക്ക് മേൽ അവൻ നിങ്ങളെ സഹായിക്കുന്നതാണ്. ശത്രുക്കൾക്ക് വന്നുഭവിച്ച നാശവും പരാജയവും തടവുശിക്ഷയും, മുസ്ലിംകൾക്ക് ലഭിച്ച വിജയവും അറിയുന്നതിലൂടെ യുദ്ധത്തിന് സാക്ഷികളാകാത്ത മുഅ്മിനീങ്ങളുടെ ഹൃദയങ്ങളിലെ രോഗം അവൻ സൗഖ്യപ്പെടുത്തുന്നതുമാണ്.

(15) ശത്രുക്കൾക്കെതിരെ ലഭിച്ച വിജയത്താൽ തൻ്റെ മുഅ്മിനുകളായ ദാസന്മാരുടെ ഹൃദയത്തിലെ രോഷം അവൻ നീക്കിക്കളയുകയും ചെയ്യുന്നതാണ്. (ഇസ്ലാമിനോടും മുസ്ലിംകളോടും) ശത്രുത വെച്ചു പുലർത്തുന്ന ഇക്കൂട്ടർ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു നൽകുന്നതുമാണ്. മക്കാ വിജയദിവസം ഇസ്ലാം സ്വീകരിച്ച ചില മക്കക്കാരുടെ കാര്യം ഉദാഹരണം. അവരിൽ നിന്ന് പശ്ചാത്തപിച്ചവരുടെ സത്യസന്ധത അല്ലാഹു നന്നായി അറിയുന്നവനാണ്. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും നിയമനിർമ്മാണത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനുമാണ് അവൻ.

(16) (അല്ലാഹുവിൽ) വിശ്വസിച്ചവരെ! ഒരു പരീക്ഷണവുമില്ലാതെ അല്ലാഹു നിങ്ങളെ വെറുതെ വിട്ടേക്കുന്നതാണ് എന്ന് നിങ്ങൾ ധരിച്ചിരിക്കുകയാണോ?! പരീക്ഷണമെന്നത് അല്ലാഹുവിൻ്റെ (മാറ്റമില്ലാത്ത) നടപടിക്രമമാണ്. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി യുദ്ധം ചെയ്തവരെയും, അല്ലാഹുവിനും അവൻ്റെ റസൂലിനും അല്ലാഹുവിൽ വിശ്വസിച്ചവർക്കും പുറമെ നിഷേധികളിൽ നിന്ന് രഹസ്യകൂട്ടുകെട്ട് സ്വീകരിക്കുകയോ അവരോട് ആത്മബന്ധം പുലർത്തുകയോ, അടുപ്പക്കാരെ സ്വീകരിക്കുകയോ അവരോട് സ്നേഹം വെച്ചു പുലർത്തുകയോ ചെയ്യാത്തവരെയും അല്ലാഹു അറിയുകയും എല്ലാവർക്കും വ്യക്തമായി തീരുകയും ചെയ്യുന്നതുവരെ നിങ്ങൾ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാകുന്നതല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവൻ പ്രതിഫലം നൽകുന്നതുമാണ്.

(17) ആരാധനകൾ നടത്തി കൊണ്ടോ, മറ്റേതെങ്കിലും തരത്തിലുള്ള സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടോ അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കുക എന്നതിന് ബഹുദൈവാരാധകർക്ക് അവകാശമില്ല. അവരാകട്ടെ, തങ്ങളുടെ പ്രവർത്തനങ്ങളിലൂടെ (അല്ലാഹുവിനെ) നിഷേധിക്കുന്നവരാണ് തങ്ങൾ എന്ന് സ്വയം സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുണ്ട്. അക്കൂട്ടരുടെ പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമലമായിരിക്കുന്നു; കാരണം പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാൻ വേണ്ടതായ നിബന്ധന -(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിക്കുക എന്നത്- അവർ പാലിച്ചിട്ടില്ല. മരണപ്പെടുന്നതിന് മുൻപ് തങ്ങളുടെ ബഹുദൈവാരാധനയിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങിയിട്ടില്ലെങ്കിൽ അന്ത്യനാളിൽ അവർ നരകത്തിൽ പ്രവേശിക്കുന്നതാണ്; എന്നെന്നേക്കുമായി അവരതിൽ കഴിഞ്ഞു കൂടുന്നതുമാണ്.

(18) അല്ലാഹുവിൻ്റെ മസ്ജിദുകൾ പരിപാലിക്കാനും, അതിന് വേണ്ടതായ കാര്യങ്ങൾ നിർവ്വഹിക്കാനും അർഹതയുള്ളത് അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും, അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും, പരലോകത്തിൽ വിശ്വസിക്കുകയും, നിസ്കാരം നിലനിർത്തുകയും, തൻ്റെ സമ്പത്തിൽ നിന്ന് സകാത്ത് നൽകുകയും, അല്ലാഹുവിനെയല്ലാതെ മറ്റാരെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവർക്കാണ്. അല്ലാഹുവിൻ്റെ നേരായ മാർഗത്തിലേക്ക് സന്മാർഗം നൽകപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടാവുന്നവർ അക്കൂട്ടരാകുന്നു. എന്നാൽ അല്ലാഹുവിൽ പങ്കുചേർത്തവരാകട്ടെ; അവർ അതിൽ നിന്ന് ബഹുദൂരം അകലെയാകുന്നു.

(19) ബഹുദൈവാരാധകരേ! ഹജ്ജിന്ന് വരുന്നവർക്ക് വെള്ളം നൽകുകയും മസ്ജിദുൽ ഹറം പരിപാലിക്കുകയും ചെയ്യുന്നവരെ അല്ലാഹുവിൽ വിശ്വസിക്കുകയും അവനിൽ ആരെയും പങ്കുചേർക്കാതിരിക്കുകയും, പരലോകത്തിൽ വിശ്വസിക്കുകയും, തൻ്റെ ശരീരവും സമ്പത്തും കൊണ്ട് അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും, നിഷേധികളുടെ വാക്കിനെ നിന്ദ്യമാക്കുന്നതിനുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്തവരോട് നിങ്ങൾ തുല്ല്യതപ്പെടുത്തുകയാണോ?! അല്ലാഹുവിൻ്റെ അടുക്കൽ ശ്രേഷ്ഠതയുടെ കാര്യത്തിൽ അവർ തുല്ല്യരല്ല. ബഹുദൈവാരാധനയിൽ ഏർപ്പെട്ടു കൊണ്ട് അതിക്രമം പ്രവർത്തിച്ചവർക്ക് അല്ലാഹു മാർഗദർശനം നൽകുന്നതല്ല. അതിനി ഹാജിമാർക്ക് വെള്ളം നൽകുക എന്നത് പോലുള്ള നന്മകൾ അവർ പ്രവർത്തിച്ചാൽ പോലും.

(20) അല്ലാഹുവിൽ വിശ്വസിക്കുകയും, നിഷേധികളുടെ നാട്ടിൽ നിന്ന് ഇസ്ലാമിക നാട്ടിലേക്കുള്ള പാലായനം നടത്തുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് പോരാടുകയും ചെയ്തവർ; അക്കൂട്ടർ മറ്റുള്ളവരെക്കാൾ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനമുള്ളവരാണ്. ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവരാകുന്നു സ്വർഗം നേടിയെടുത്തവർ.

(21) അല്ലാഹുവിൻ്റെ കാരുണ്യത്തെ കുറിച്ചും, അവൻ അവരെ തൃപ്തിപ്പെടുമെന്നും, അങ്ങനെ തൃപ്തിപ്പെട്ടാൽ പിന്നെ അവരോട് ഒരിക്കലും അവൻ കോപിക്കുകയില്ലെന്നുമുള്ള, സന്തോഷമേകുന്ന കാര്യങ്ങൾ അവരുടെ രക്ഷിതാവ് അവരെ അറിയിക്കുന്നു. അവർക്കായി ഒരുക്കി വെക്കപ്പെട്ട സ്വർഗത്തോപ്പുകളിൽ, എന്നെന്നും നിലനിൽക്കുന്ന -ഒരിക്കലും മുറിഞ്ഞു പോകാത്ത- സുഖാനുഗ്രഹങ്ങളിൽ അവർ പ്രവേശിക്കുന്നതാണെന്നും.

(22) ആ സ്വർഗത്തോപ്പുകളിൽ അവസാനമില്ലാത്ത കാലത്തോളം അവർ വസിക്കുന്നതാണ്. ഇഹലോകത്തായിരിക്കെ അവർ ചെയ്ത സൽകർമ്മങ്ങളുടെ പ്രതിഫലമായാണ് അവർക്കത് നൽകപ്പെടുക. തീർച്ചയായും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിഷ്കളങ്കമായി അല്ലാഹുവിനെ മാത്രം ആരാധിച്ചവർക്ക് അല്ലാഹുവിങ്കൽ മഹത്തരമായ പ്രതിഫലമുണ്ട്.

(23) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂൽ കൊണ്ടു വന്നത് പിൻപറ്റുകയും ചെയ്തവരേ! നിങ്ങളുടെ രക്തബന്ധത്തിൽ പെട്ട പിതാക്കന്മാരെയോ സഹോദരങ്ങളെയോ, നിങ്ങളുടെ കുടുംബത്തിൽ പെട്ട മറ്റാരെയെങ്കിലുമോ -അവർ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നതിനെക്കാൾ അവനെ നിഷേധിക്കുന്നത് തിരഞ്ഞെടുത്താൽ; അവരെ- നിങ്ങളുടെ അടുത്ത സ്നേഹബന്ധമുള്ളവരായി സ്വീകരിക്കുകയും, അവരോട് മുസ്ലിംകളുടെ രഹസ്യങ്ങൾ അറിയിക്കുകയും, അവരുമായി അവ കൂടിയാലോചിക്കുകയും ചെയ്യരുത്. അങ്ങനെ അവർ നിഷേധത്തിൽ തന്നെ തുടരുന്നവരായിരിക്കെ ആരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുകയും, അവരോട് സ്നേഹബന്ധം പുലർത്തുകയും ചെയ്താൽ അവൻ അല്ലാഹുവിനെ ധിക്കരിക്കുകയും, അതിലൂടെ നാശത്തിൻ്റെ വഴികളിലേക്ക് സ്വയം വലിച്ചിഴച്ചു കൊണ്ട് സ്വന്തത്തോട് തന്നെ അതിക്രമം പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.

(24) അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സന്താനങ്ങളും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ച സമ്പാദ്യങ്ങളും, നിങ്ങൾ ലാഭം ആഗ്രഹിക്കുന്ന -നഷ്ടം ഭയക്കുന്ന- നിങ്ങളുടെ കച്ചവടവും, നിങ്ങൾ താമസിക്കാൻ ഇഷ്ടപ്പെടുന്ന നിങ്ങളുടെ ഭവനങ്ങളും; ഈ പറഞ്ഞതെല്ലാമാണ് അല്ലാഹുവിനെക്കാളും അവൻ്റെ റസൂലിനെക്കാളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തെക്കാളും നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയും നാശവും നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരം പുലർത്തുന്ന ഒരാളെയും അല്ലാഹുവിന് തൃപ്തികരമായ സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലേക്ക് അവൻ നയിക്കുന്നതല്ല.

(25) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ എണ്ണം കുറവായിട്ടും, യുദ്ധക്കോപ്പുകൾ ദുർബലമായിട്ടും അനേകം യുദ്ധങ്ങളിൽ നിങ്ങളുടെ ശത്രുക്കൾക്കെതിരിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും, നിങ്ങളാൽ കഴിയുന്നത് പ്രവർത്തിക്കുകയും, നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ അത്ഭുതം കൂറാതിരിക്കുകയും ചെയ്തപ്പോഴായിരുന്നു അതെല്ലാം. എണ്ണപ്പെരുപ്പമായിരുന്നില്ല നിങ്ങൾ ശത്രുക്കൾക്ക് മേൽ വിജയം വരിച്ചതിൻ്റെ കാരണം. ഹുനൈൻ യുദ്ധദിവസവും അവൻ നിങ്ങളെ സഹായിച്ചു. അന്ന് നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ നിങ്ങൾ അത്ഭുതം കൂറിക്കൊണ്ട് നിങ്ങൾ പറഞ്ഞു: നാമിന്ന് സൈന്യത്തിൻ്റെ എണ്ണക്കുറവ് കാരണത്താൽ പരാജയപ്പെടുകയേയില്ല. എന്നാൽ നിങ്ങളെ അത്ഭുതപ്പെടുത്തിയ ആ എണ്ണം നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്തില്ല. നിങ്ങളുടെ ശത്രു നിങ്ങളുടെ മേൽ വിജയം വരിച്ചു. ഭൂമി വിശാലമായിട്ടും അത് നിങ്ങൾക്ക് ഇടുങ്ങിയതായി മാറി. പിന്നീടാകട്ടെ നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ പരാജിതരായി ഓടിപ്പോവുകയും ചെയ്തു.

(26) നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ ഓടിരക്ഷപ്പെട്ട ശേഷം അല്ലാഹു അവൻ്റെ റസൂലിനും മുഅ്മിനുകൾക്കും മനസ്സിൽ ശാന്തിയും സമാധാനവും ഇറക്കി നൽകി. അങ്ങനെ അവർ യുദ്ധത്തിൽ ഉറച്ചു നിന്നു. നിങ്ങൾ കാണാത്ത ചില മലക്കുകളെയും അല്ലാഹു ഇറക്കി. അങ്ങനെ അല്ലാഹുവിനെ നിഷേധിച്ചവരെ കൊന്നും തടവിലാക്കിയും അവരുടെ സമ്പത്ത് പിടിച്ചെടുത്തും (സ്ത്രീകളെയും കുട്ടികളെയും) അടിമകളാക്കിയും അവർക്ക് അല്ലാഹു ശിക്ഷ നൽകുകയും ചെയ്തു. അല്ലാഹു അക്കൂട്ടർക്ക് നൽകിയ ആ പ്രതിഫലം; അതാകുന്നു തങ്ങളുടെ റസൂലിനെ നിഷേധിക്കുകയും കളവാക്കുകയും, അദ്ദേഹം കൊണ്ടു വന്നതിനെ അവഗണിക്കുകയും ചെയ്തവർക്കുള്ള ശിക്ഷ.

(27) പിന്നീട് ആ ശിക്ഷ ലഭിച്ചതിന് ശേഷം അയാൾ തൻ്റെ നിഷേധത്തിൽ നിന്നും വഴികേടിൽ നിന്നും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു നൽകുകയും, അവൻ്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നതാണ്. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു (റഹീം) അല്ലാഹു. കാരണം. അവരുടെ നിഷേധത്തിനും ധിക്കാരപ്രവൃത്തികൾക്കും ശേഷം അവൻ അവരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നു.

(28) അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ നിയമങ്ങൾ പിൻപറ്റുകയും ചെയ്തവരേ! ബഹുദൈവാരാധകർ മാലിന്യം മാത്രമാകുന്നു. അവരിലുള്ള (അല്ലാഹുവിനോടുള്ള) നിഷേധവും, അതിക്രമവും, മ്ലേഛസ്വഭാവങ്ങളും വൃത്തികെട്ട ആചാരങ്ങളും കാരണത്താലാണത്. അതിനാൽ അവർ ഇനി മസ്ജിദുൽ ഹറാം ഉൾപ്പെടുന്ന മക്കാ ഹറമിൽ പ്രവേശിക്കരുത്. ഹജ്ജ് ചെയ്യുന്നതിനോ ഉംറക്കായോ വേണ്ടിയാണ് അവർ വരുന്നതെങ്കിൽ കൂടി ഈ വർഷത്തിന് ശേഷം -അതായത് ഹിജ്റ ഒൻപതാം വർഷത്തിന് ശേഷം- അവർ അവിടെ പ്രവേശിക്കരുത്. മുസ്ലിംകളേ! അവർ നിങ്ങൾക്ക് കൊണ്ടെത്തിച്ചു തന്നിരുന്ന ഭക്ഷ്യവിഭവങ്ങളും വ്യത്യസ്ത കച്ചവടങ്ങളും നിന്നു പോവുകയും, അങ്ങനെ ദാരിദ്ര്യം ബാധിക്കുമെന്നും നിങ്ങൾ പേടിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് മതിവരുവോളം -അവൻ ഉദ്ദേശിച്ചാൽ- നിങ്ങൾക്ക് നൽകുന്നതാണ്. തീർച്ചയായും അല്ലാഹു നിങ്ങളുടെ ഇപ്പോഴുള്ള അവസ്ഥകൾ നന്നായി അറിയുന്നവനും (അലീം), നിങ്ങൾക്കായി ഏറ്റവും യുക്തമായത് ഒരുക്കി നൽകുന്നവനും (ഹകീം) ആകുന്നു.

(29) അല്ലാഹുവിൽ വിശ്വസിച്ചവരേ! ഒരു പങ്കുകാരനുമില്ലാത്ത ഏകആരാധ്യനായ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാത്ത, അല്ലാഹുവും അവൻ്റെ ദൂതനും നിഷിദ്ധമാക്കിയ ശവവും പന്നിമാംസവും മദ്യവും പലിശയും പോലുള്ളവ ഉപേക്ഷിക്കാത്ത, അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് കീഴൊതുങ്ങാത്ത യഹൂദ-നസ്വാറാക്കളിൽ പെട്ട നിഷേധികളോട് യുദ്ധം ചെയ്തുകൊള്ളുക. അങ്ങനെ അവർ പരാജിതരും ദുർബലരുമായ നിലയിൽ ജിസ്യ നൽകുന്നത് വരെ (യുദ്ധം ചെയ്യുക).

(30) തീർച്ചയായും യഹൂദരും നസ്വാറാക്കളും ബഹുദൈവാരാധകർ തന്നെയാകുന്നു. ഉസൈർ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് യഹൂദർ അല്ലാഹുവിൽ പങ്കുചേർത്തെങ്കിൽ, ഈസാ അല്ലാഹുവിൻ്റെ പുത്രനാണെന്ന് ജൽപ്പിച്ചു കൊണ്ട് നസ്വാറാക്കളും അല്ലാഹുവിൽ പങ്കുചേർത്തിട്ടുണ്ട്. അവർ നിർമ്മിച്ചുണ്ടാക്കിയ ഈ വിശ്വാസം യാതൊരു തെളിവും സ്ഥാപിക്കാതെ അവർ പറഞ്ഞുണ്ടാക്കിയത് മാത്രമാകുന്നു. അവർക്ക് മുൻപ് ബഹുദൈവാരാധകർ 'മലക്കുകൾ അല്ലാഹുവിൻ്റെ പുത്രന്മാരാണ്' എന്ന് പറഞ്ഞതിനോട് സമാനമാണ് ഇവരുടെ വാദം. അല്ലാഹു ഈ പറഞ്ഞതിൽ നിന്നെല്ലാം തീർത്തും ഔന്നത്യമുള്ളവനായിരിക്കുന്നു. അല്ലാഹു അവരെ നശിപ്പിക്കട്ടെ! എങ്ങനെയാണ് സുവ്യക്തമായ ശരിയിൽ നിന്ന് ഈ നിരർത്ഥകമായ വാദത്തിലേക്ക് അവർ വഴിതിരിച്ചു വിടപ്പെട്ടത്?!

(31) യഹൂദർ അവരിലെ പണ്ഡിതന്മാരെയും, നസ്വാറാക്കൾ അവരിലെ പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള രക്ഷിതാക്കളായി സ്വീകരിച്ചു. അല്ലാഹു നിഷിദ്ധമാക്കിയത് അവർ അനുയായികൾക്ക് അനുവദനീയമാക്കുകയും, അല്ലാഹു അനുവദിച്ചു നൽകിയത് അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്തു കൊണ്ടിരുന്നു. നസ്വാറാക്കൾ അല്ലാഹുവിന് പുറമെ മർയമിൻ്റെ മകൻ ഈസായെയും ആരാധ്യനായി സ്വീകരിച്ചു. യഹൂദരിലെ പണ്ഡിതന്മാരോടും നസ്വാറാക്കളിലെ പുരോഹിതരോടും ഉസൈറിനോടും ഈസായോടുമെല്ലാം അല്ലാഹു കൽപ്പിച്ചതാകട്ടെ; അവനെ മാത്രമേ ആരാധിക്കാവൂ എന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുത് എന്നുമായിരുന്നു. അല്ലാഹുവാകുന്നു ഏകനായ ആരാധ്യൻ. അവന് പുറമെ ആരാധനക്ക് അർഹതയുള്ള മറ്റാരുമില്ല. ബഹുദൈവാരാധകരും മറ്റു ചിലരും പറയുന്നത് പോലെ, ഒരു പങ്കുകാരനുണ്ടാവുക എന്നതിൽ നിന്ന് അല്ലാഹു പരിശുദ്ധനും മഹത്വമുള്ളവനുമായിരിക്കുന്നു.

(32) അല്ലാഹുവിനെ നിഷേധിച്ചവരും അനിസ്ലാമികതയുടെ വഴി സ്വീകരിച്ച മറ്റു സമുദായങ്ങളും തങ്ങളുടെ കളവുകളിലൂടെയും, മുഹമ്മദ് നബി -ﷺ- യെ നിഷേധിക്കുന്നതിലൂടെയും ഇസ്ലാമിനെ തകർക്കുകയും നാമാവശേഷമാക്കുകയും ചെയ്യാമെന്നാണ് ധരിക്കുന്നത്. അങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, നബി -ﷺ- കൊണ്ടു വന്നത് സത്യമാണെന്നും ബോധ്യപ്പെടുത്തുന്ന വ്യക്തമായ പ്രമാണങ്ങളും തെളിവുകളും നിരർത്ഥകമാക്കാൻ കഴിയുമെന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ തൻ്റെ ദീൻ (ഇസ്ലാം) പൂർത്തീകരിക്കുകയും അതിനെ വിജയിപ്പിക്കുകയും, മറ്റെല്ലാത്തിനും മുകളിൽ ഇസ്ലാമിന് ഔന്നത്യം നൽകുകയും ചെയ്യാതെ അല്ലാഹു സമ്മതിക്കുകയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിൻ്റെ പൂർത്തീകരണവും വിജയവും ഔന്നത്യവും വെറുക്കുന്നെങ്കിലും അല്ലാഹു ഇസ്ലാം പൂർത്തീകരിക്കുകയും, അതിന് വിജയവും ഔന്നത്യവും നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു ഒരു കാര്യം ഉദ്ദേശിച്ചാൽ മറ്റാരുടെയും ഉദ്ദേശത്തിന് പിന്നെ യാതൊരു അർത്ഥവുമില്ല.

(33) അല്ലാഹുവാകുന്നു തൻ്റെ റസൂലായ മുഹമ്മദ് -ﷺ- യെ ജനങ്ങൾക്ക് സന്മാർഗമായ ഖുർആനും, സത്യമതമായ ഇസ്ലാമുമായി നിയോഗിച്ചത്. അവയിൽ അടങ്ങിയിട്ടുള്ള പ്രമാണങ്ങളും തെളിവുകളും വിധിവിലക്കുകളും മുഖേന ഇസ്ലാം മറ്റെല്ലാ മതങ്ങൾക്കും മേൽ ഔന്നത്യം നേടുന്നതിനത്രെ അത്. ബഹുദൈവാരാധകർ അത് വെറുത്താലും (അല്ലാഹു അത് നടപ്പിലാക്കുന്നതാണ്).

(34) (അല്ലാഹുവിൽ) വിശ്വസിക്കുകയും, അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! തീർച്ചയായും യഹൂദ പണ്ഡിതന്മാരിലും, നസ്വാറാ പുരോഹിതന്മാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ സമ്പാദ്യം യാതൊരു അർഹതയുമില്ലാതെ എടുക്കുന്നവരാകുന്നു. കൈക്കൂലിയിലൂടെയും മറ്റും അവരത് കൈക്കലാക്കുന്നു. അല്ലാഹുവിൻ്റെ ദീനിൽ (ഇസ്ലാമിൽ) ജനങ്ങൾ പ്രവേശിക്കുന്നതിന് അവർ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. സ്വർണ്ണവും വെള്ളിയും ഒരുമിച്ചു കൂട്ടുകയും, തങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ള സകാത്തെന്ന ദാനം നൽകാതിരിക്കുകയും ചെയ്യുന്നവർ; -നബിയേ!- പരലോകത്തുള്ള വേദയനയേറിയ ശിക്ഷയെ കുറിച്ച് -അവരെ ദുഖിപ്പിക്കുന്ന ആ വാർത്തയെ കുറിച്ച്- അവരെ അറിയിക്കുക!

(35) ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ ഒരുമിച്ചു കൂട്ടിയതും, (ദാനം ചെയ്യാതെ) തടഞ്ഞു വെച്ചതുമെല്ലാം നരകാഗ്നിയിലിട്ട് ചുട്ടുപഴുപ്പിക്കപ്പെടുന്നതാണ്. അങ്ങനെ അതിൻ്റെ ചൂട് കഠിനമായാൽ അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും പുറങ്ങളിലും അത് വെക്കുകയും, പരിഹാസത്തിൻ്റെ രൂപത്തിൽ അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും: നിങ്ങൾ സ്വരുക്കൂട്ടിയ -നിർബന്ധ ബാധ്യതകൾ നിങ്ങൾ നിർവ്വഹിച്ചിട്ടില്ലാത്ത- നിങ്ങളുടെ സമ്പാദ്യങ്ങളാകുന്നു ഇത്. അതിനാൽ അവകാശങ്ങൾ നിറവേറ്റാതെ നിങ്ങൾ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടിയതിൻ്റെ അനന്തരഫലവും നാശവും നിങ്ങൾ അനുഭവിച്ചു കൊള്ളുക.

(36) അല്ലാഹുവിൻ്റെ തീരുമാനവും വിധിയും പ്രകാരം ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. ആകാശഭൂമികളെ സൃഷ്ടിച്ചപ്പോൾ അല്ലാഹു ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയതാണ് അക്കാര്യം. ഈ പന്ത്രണ്ട് മാസങ്ങളിൽ നാല് മാസങ്ങൾ അല്ലാഹു യുദ്ധം നിഷിദ്ധമാക്കിയ പവിത്ര മാസങ്ങളാകുന്നു. ദുൽ ഖഅദഃ, ദുൽ ഹിജ്ജ, മുഹറം എന്നിങ്ങനെ തുടർച്ചയായി വരുന്ന മൂന്ന് മാസങ്ങളും, ഒറ്റയ്ക്കു വരുന്ന റജബ് മാസവുമാകുന്നു അവ. ഈ പറയപ്പെട്ട പന്ത്രണ്ട് മാസങ്ങളും, അതിലെ നാല് മാസങ്ങൾ പവിത്രമാണെന്നതുമെല്ലാം നേരായ മതത്തിൻ്റെ നിയമമാകുന്നു. അതിനാൽ ഈ മാസങ്ങളിൽ യുദ്ധത്തിൽ സ്വയം ഏർപ്പെട്ടു കൊണ്ടും, അതിൻ്റെ പവിത്രത പിച്ചിച്ചീന്തി കൊണ്ടും നിങ്ങൾ അതിക്രമം പ്രവർത്തിക്കരുത്. ബഹുദൈവാരാധകർ ഒന്നടങ്കം നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ നിങ്ങൾ അവരോടും ഒന്നടങ്കം യുദ്ധം ചെയ്യുക. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരോടൊപ്പമാണ് അല്ലാഹുവെന്ന് നിങ്ങൾ മനസ്സിലാക്കുക. അവരെ അവൻ സഹായിക്കുകയും (യുദ്ധത്തിലും മറ്റും) ഉറപ്പിച്ചു നിർത്തുകയും ചെയ്യുന്നു. ആരുടെയെങ്കിലുമൊപ്പം അല്ലാഹുവുണ്ടെങ്കിൽ അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല.

(37) -അറബികൾ ഇസ്ലാമിന് മുൻപ് (ജാഹിലിയ്യതിൽ) ചെയ്തു വന്നിരുന്നത് പോലെ- പവിത്രമാക്കപ്പെട്ട മാസങ്ങളുടെ പരിശുദ്ധി മറ്റേതെങ്കിലും മാസത്തിലേക്ക് മാറ്റുകയും, അതിന് ഈ പറഞ്ഞ സ്ഥാനം കൽപ്പിച്ചു നൽകുകയും ചെയ്യുക എന്നത് അല്ലാഹുവിനെ നിഷേധിച്ചതിന് പുറമെയുള്ള അവരുടെ നിഷേധത്തിലെ വർദ്ധനവാണ്. കാരണം, (അല്ലാഹുവിനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുക എന്നതിനൊപ്പം) പരിശുദ്ധമാക്കപ്പെട്ട മാസങ്ങളുടെ വിഷയത്തിലുള്ള അല്ലാഹുവിൻ്റെ വിധിയെയും അവർ നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിനെ നിഷേധിച്ചവരെ ഈ രൂപത്തിൽ മോശമായ ചര്യങ്ങൾ നിശ്ചയിച്ചു നൽകിക്കൊണ്ട് പിശാച് വഴിപിഴപ്പിക്കുന്നു. പരിശുദ്ധമായ മാസത്തെ മറ്റൊരു സാധാരണ മാസത്തിലേക്ക് നീക്കിവെച്ചു കൊണ്ട് ചില വർഷങ്ങളിൽ അവർ അതിലുള്ള യുദ്ധം അനുവദനീയമാക്കുന്നു. അല്ലാഹു പവിത്രമാക്കിയ മാസമല്ല അത് എങ്കിൽപ്പോലും വർഷത്തിൽ അവർ എണ്ണമൊപ്പിക്കാൻ വേണ്ടി ഏതെങ്കിലും നാലുമാസത്തെ പവിത്രമായി നിശ്ചയിക്കുകയും ചെയ്യും. യുദ്ധം നിഷിദ്ധമായ ഒരു പവിത്രമാസത്തെ അവർ അനുവദിക്കപ്പെട്ട സാധാരണ മാസമായി കണക്കാക്കിയാൽ അതിനു പകരം മറ്റൊരു മാസത്തെ അവർ പവിത്രമെന്ന് ജൽപിക്കുമായിരുന്നു. അങ്ങനെ അല്ലാഹു ആ മാസത്തിൽ നിഷിദ്ധമാക്കിയത് അവർ അനുവദനീയമാക്കുകയും, അല്ലാഹുവിൻ്റെ വിധിയോട് അതിലൂടെ എതിരാവുകയും ചെയ്യുന്നു. മ്ലേഛപ്രവൃത്തികൾ പിശാച് അവർക്ക് നന്നാക്കി തോന്നിപ്പിക്കുകയും, അങ്ങനെ അവർ അത് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട 'നസീഅ്' (പവിത്രമാസങ്ങൾ മാറ്റൽ) എന്ന ആചാരം അതിൽ പെട്ടതാണ്. അല്ലാഹു അവനെ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്യുന്നവരെ സന്മാർഗത്തിലേക്ക് വഴിനയിക്കുന്നതല്ല.

(38) അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും, അല്ലാഹു തങ്ങൾക്ക് നിശ്ചയിച്ച നിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുന്നവരേ! അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിലേക്കും, നിങ്ങളുടെ ശത്രുവിനെ നേരിടുന്നതിലേക്കും ക്ഷണിക്കപ്പെട്ടാൽ എന്താണ് നിങ്ങളുടെ അവസ്ഥ ഇപ്രകാരമാകുന്നത്?! നിങ്ങളുടെ വീടുകളിൽ കഴിഞ്ഞു കൂടാൻ ഇഷ്ടമുള്ളവരായി നിങ്ങളെങ്ങനെയാണ് മാറുന്നത്?! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുന്നവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്ന എന്നെന്നും നിലനിൽക്കുന്ന പാരത്രിക സുഖാനുഗ്രഹങ്ങൾക്ക് പകരമായി നശ്വരമായ ഐഹികജീവിതത്തിൻ്റെ വിഭവങ്ങളും അവസാനിക്കാനിരിക്കുന്ന ആസ്വാദനങ്ങളുമാണോ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നത്?! എങ്കിൽ ഐഹിക വിഭവങ്ങൾ പരലോകത്തിന് മുൻപിൽ തീർത്തും നിസ്സാരമാകുന്നു. അപ്പോൾ എങ്ങനെയാണ് ബുദ്ധിമാനായ ഒരാൾ നശ്വരമായതിനെ അനശ്വരതക്ക് പകരം തിരഞ്ഞെടുക്കുക?! മഹത്തരമായതിന് പകരം തീർത്തും നിസ്സാരമായത് സ്വീകരിക്കുക?!

(39) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനായി പുറപ്പെടുകയും, നിങ്ങളുടെ ശത്രുക്കളുമായി യുദ്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ പരാജയവും നിന്ദ്യതയും മറ്റും വരുത്തി വെച്ച് കൊണ്ട് അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാണ്. നിങ്ങൾക്ക് പകരം അല്ലാഹുവിനെ അനുസരിക്കുന്നവരും, യുദ്ധത്തിനായി കൽപ്പന നൽകപ്പെട്ടാൽ ഉടനടി പുറപ്പെടുന്നവരുമായ ഒരു സമൂഹത്തെ അവൻ പകരം കൊണ്ടുവരുന്നതാണ്. നിങ്ങൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് എതിര് നിൽക്കുന്നത് അല്ലാഹുവിന് യാതൊരു ഉപദ്രവവും ഏൽപ്പിക്കുകയില്ല. അല്ലാഹുവിന് നിങ്ങളുടെ യാതൊരു ആവശ്യവുമില്ല. നിങ്ങളാണ് അല്ലാഹുവിലേക്ക് കടുത്ത ആവശ്യവുമായി യാചിച്ചു ചെല്ലേണ്ടവർ. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. യാതൊന്നും അവന് അസാധ്യമല്ല. തൻ്റെ ദീനായ ഇസ്ലാമിനെയും, തൻ്റെ നബിയായ മുഹമ്മദ് നബി (ﷺ) യെയും നിങ്ങളില്ലാതെയും സഹായിക്കാൻ അവൻ കഴിവുള്ളവനാണ്.

(40) അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ റസൂലിനെ (ﷺ) നിങ്ങൾ സഹായിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് അവിടുന്ന് ക്ഷണിക്കുന്നതിന് നിങ്ങൾ ഉത്തരം നൽകുകയും ചെയ്യുന്നില്ലെങ്കിൽ അല്ലാഹു നിങ്ങളാരും അവിടുത്തോടൊപ്പം ഇല്ലാത്തപ്പോഴും നബിയെ സഹായിച്ചിട്ടുണ്ട്. ബഹുദൈവാരാധകർ അവിടുത്തെയും അബൂ ബക്ർ സിദ്ധീഖ് (رضي الله عنه) വിനെയും മക്കയിൽ നിന്ന് പുറത്താക്കിയ സന്ദർഭത്തിൽ. അവർ രണ്ടു പേരും -മൂന്നാമതൊരു വ്യക്തിയും ഒപ്പമില്ലാതെ- ഥൗർ ഗുഹയിൽ ബഹുദൈവാരാധകരിൽ നിന്ന് ഒളിച്ചിരിക്കുകയും, ശത്രുക്കൾ അവരെ അന്വേഷിച്ചു നടക്കുകയും ചെയ്തിരുന്ന സമയം. ബഹുദൈവാരാധകർ നബി (ﷺ) യെ പിടികൂടുമെന്ന് അബൂബക്ർ സിദ്ധീഖ് ഭയപ്പെട്ട സന്ദർഭത്തിൽ അവിടുന്ന് (ﷺ) അദ്ദേഹത്തോട് പറഞ്ഞു: വിഷമിക്കേണ്ട! തീർച്ചയായും നമ്മെ സഹായിച്ചു കൊണ്ടും, പിന്തുണച്ചു കൊണ്ടും അല്ലാഹു നമ്മോടൊപ്പമുണ്ട്! അപ്പോൾ അല്ലാഹു അവൻ്റെ ദൂതൻ്റെ മനസ്സിൽ അവനിൽ നിന്നുള്ള ശാന്തി ഇട്ടുകൊടുക്കുകയും, നിങ്ങൾ കാണാത്ത സൈന്യങ്ങളെ -അതായത് മലക്കുകളെ- അവിടുത്തേക്ക് പിന്തുണയായി ഇറക്കി നൽകുകയും ചെയ്തു. ബഹുദൈവാരാധകരുടെ വാക്കിനെ അവൻ നിന്ദ്യമാക്കി തീർക്കുകയും, ഇസ്ലാമിന് ഔന്നത്യം നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വചനം അവൻ ഉന്നതമാക്കുകയും ചെയ്തു. അല്ലാഹു അവൻ്റെ അസ്തിത്വത്തിലും അധീശത്വത്തിലും അധികാരത്തിലും മഹാപ്രതാപിയാകുന്നു. അവനെ ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ പ്രപഞ്ചനിയന്ത്രണത്തിലും വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനുമാകുന്നു അവൻ.

(41) അല്ലാഹുവിൽ വിശ്വസിച്ചവരേ! പ്രയാസമുള്ളപ്പോഴും എളുപ്പമുള്ളപ്പോഴും, യുവത്വത്തിലും വാർദ്ധക്യത്തിലും നിങ്ങൾ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനായി യാത്ര പുറപ്പെടുക. നിങ്ങളുടെ സമ്പത്തും ശരീരവുമായി യുദ്ധം ചെയ്യുക. ചടഞ്ഞിരിക്കുകയും സമ്പത്തും ശരീരവും സുരക്ഷിതമാക്കാനായി അവ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നതിനെക്കാൾ അല്ലാഹുവിൻ്റെ മാർഗത്തിൽ ഇറങ്ങിപ്പുറപ്പെടുകയും സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നതാണ് ഇഹലോകത്തും പരലോകത്തും നിങ്ങൾക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങൾക്ക് അക്കാര്യം ബോധ്യമുണ്ടെങ്കിൽ അതിനായി നിങ്ങൾ പരിശ്രമിക്കുക.

(42) നബിയേ! എളുപ്പത്തിൽ നേടിയെടുക്കാവുന്ന യുദ്ധാർജ്ജിത സ്വത്തിലേക്കും, പ്രയാസമില്ലാത്ത യാത്രയിലേക്കുമായിരുന്നു താങ്കൾ ക്ഷണിച്ചിരുന്നതെങ്കിൽ യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കാൻ താങ്കളോട് അനുവാദം ചോദിക്കുന്ന ഈ കപടവിശ്വാസികൾ താങ്കളെ പിൻപറ്റുമായിരുന്നു. എന്നാൽ ശത്രുവിലേക്ക് എത്തിപ്പെടാൻ താണ്ടിക്കടക്കേണ്ട, അവർക്ക് വിദൂരമായ ഒരു ലക്ഷ്യത്തിലേക്കാണ് താങ്കൾ അവരെ ക്ഷണിച്ചത്. കപടവിശ്വാസികളുടെ കൂട്ടത്തിൽ നിന്ന് താങ്കളോട് അനുവാദം ചോദിക്കുന്ന ഇക്കൂട്ടർ താങ്കൾ മടങ്ങിച്ചെന്നാൽ പറയുക ഇപ്രകാരമായിരിക്കും: നിങ്ങളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ ഞങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ ഞങ്ങളും നിങ്ങളോടൊപ്പം വന്നേനേ! യുദ്ധത്തിൽ നിന്ന് പിന്തിനിന്നു കൊണ്ടും, ഈ കള്ള സത്യങ്ങൾ ചെയ്തു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷ വരുത്തിവെച്ചു കൊണ്ട് അവർ സ്വയം നശിപ്പിക്കുകയാണ്. അവരുടെ ഈ അവകാശവാദങ്ങളും, ശപഥങ്ങളുമെല്ലാം കള്ളമാണെന്ന് അല്ലാഹുവിന് അറിയാം.

(43) അല്ലാഹുവിൻ്റെ റസൂലേ! യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കാൻ അവർക്ക് അനുവാദം നൽകിയേക്കാം എന്ന് താങ്കൾ തീരുമാനമെടുത്തത് അല്ലാഹു പൊറുത്തു തന്നിരിക്കുന്നു. എന്തിനാണ് താങ്കൾ അവർക്ക് അത് അനുവദിച്ചു നൽകിയത്?! തങ്ങൾ ഉന്നയിച്ച ഒഴിവുകഴിവുകളിൽ സത്യസന്ധത പുലർത്തിയവർ ആരെന്നും, കളവു പറയുന്നവർ ആരെന്നും ബോധ്യപ്പെടുന്നത് വരെ (താങ്കൾ എന്തിനാണ് അവർക്ക് അനുവാദം നൽകിയത്?!) അങ്ങനെ, സത്യം പറഞ്ഞവർക്കു മാത്രം അനുവാദം നൽകുകയും കളവ് പറഞ്ഞവർക്ക് നൽകാതിരിക്കുകയും ചെയ്യാമായിരുന്നു.

(44) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്തിനിൽക്കാൻ താങ്കളോട് അനുമതി ചോദിക്കുക എന്നത് അല്ലാഹുവിലും പരലോകത്തിലും സത്യസന്ധമായി വിശ്വസിച്ചവരുടെ മാർഗത്തിൽ പെട്ടതല്ല. മറിച്ച് യുദ്ധത്തിന് പുറപ്പെടാൻ ആവശ്യപ്പെട്ടാൽ ഉടനടി ഇറങ്ങിപ്പുറപ്പെടുകയും, തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെടുകയും ചെയ്യുക എന്നതാണ് അവരുടെ രീതി. താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ സാധിക്കാത്ത വിധം എന്തെങ്കിലും ഒഴിവുകഴിവുകൾ ഉണ്ടെങ്കിലല്ലാതെ (യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കാൻ) താങ്കളോട് അനുമതി ചോദിക്കാത്ത, സൂക്ഷ്മത പാലിക്കുന്ന തൻ്റെ ദാസന്മാരെ അല്ലാഹുവിന് നന്നായി അറിയാവുന്നതാണ്.

(45) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്മാറി നിൽക്കാൻ വേണ്ടി താങ്കളോട് അനുമതി ചോദിക്കുന്നവർ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്ത മുനാഫിഖുകളാണ്; തീർച്ച. അല്ലാഹുവിൻ്റെ മതത്തിൻ്റെ കാര്യത്തിൽ അവരുടെ ഹൃദയങ്ങളെ സംശയം ബാധിച്ചിരിക്കുന്നു. പരിഭ്രാന്തരായി, സത്യം കണ്ടെത്താൻ കഴിയാതെ തങ്ങളുടെ സംശയത്തിൽ ആടിക്കളിച്ചു കൊണ്ടിരിക്കുകയാണ് അവർ.

(46) താങ്കളോടൊപ്പം അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിന് പുറപ്പെടാൻ തങ്ങളും ഉദ്ദേശിക്കുന്നുണ്ട് എന്ന അവരുടെ അവകാശവാദം സത്യമായിരുന്നെങ്കിൽ അതിനായി അവർ വേണ്ട വിഭവങ്ങൾ ഒരുക്കി നിർത്തുമായിരുന്നു. എന്നാൽ താങ്കളോടൊപ്പം അവർ പുറപ്പെടുന്നത് അല്ലാഹു വെറുത്തു. അതിനാൽ യുദ്ധത്തിന് പുറപ്പെടുക എന്നത് അവർക്ക് ഭാരമുള്ളതായി തീരുകയും, തങ്ങളുടെ വീടുകളിൽ ചടഞ്ഞിരിക്കുക എന്നത് അവർ തിരഞ്ഞെടുക്കുകയും ചെയ്തു.

(47) ഈ കപടവിശ്വാസികൾ നിങ്ങളോടൊപ്പം പുറപ്പെടാതിരുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് നന്മയാണ്. അവരെങ്ങാനും നിങ്ങളോടൊപ്പം വന്നിരുന്നെങ്കിൽ കുഴപ്പമല്ലാതെ മറ്റൊന്നും അവർ നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരില്ലായിരുന്നു. നിങ്ങളെ തളർത്തുകയും, (നിങ്ങളുടെ മനസ്സിൽ) സംശയങ്ങൾ ഇട്ടുതരികയുമണ് അവർ ചെയ്യുക. നിങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതിനായി നിങ്ങളുടെ അണികൾക്കിടയിലൂടെ അവർ ഏഷണിയുമായി ഓടിനടക്കുമായിരുന്നു. അല്ലാഹുവിൽ വിശ്വസിച്ചവരേ! അവർ പടച്ചുണ്ടാക്കുന്ന കളവുകൾക്ക് ചെവി കൊടുക്കുകയും, ശേഷം അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിലുണ്ട്. അങ്ങനെയാണ് നിങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉടലെടുക്കുക. മുസ്ലിംകൾക്കിടയിൽ സംശയങ്ങളും തെറ്റിദ്ധാരണകളും പരത്തുന്ന കപടവിശ്വാസികളിൽ പെട്ട അതിക്രമികളെ അല്ലാഹു നന്നായി അറിയുന്നവനാകുന്നു.

(48) (അല്ലാഹുവിൽ) വിശ്വസിച്ചവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും, അവരുടെ ഒരുമ ഇല്ലാതെയാക്കുകയും ചെയ്തു കൊണ്ട് കുഴപ്പം സൃഷ്ടിക്കാൻ ഈ കപടവിശ്വാസികൾ തബൂക് യുദ്ധത്തിന് മുൻപും പരിശ്രമിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! കുതന്ത്രങ്ങൾ മെനഞ്ഞു കൊണ്ട് താങ്കൾക്കെതിരെ അവർ കാര്യങ്ങൾ തിരിച്ചു വിട്ടിട്ടുണ്ട്. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുവാനുള്ള താങ്കളുടെ ഉറച്ച തീരുമാനത്തിൽ ഇവരുടെ തന്ത്രങ്ങൾ ചിലപ്പോൾ സ്വാധീനം ചെലുത്തിയേക്കാമായിരുന്നു. പക്ഷെ,അല്ലാഹുവിൻ്റെ അടുക്കൽ നിന്നുള്ള സഹായവും പിന്തുണയും താങ്കൾക്ക് വന്നെത്തുകയും, അല്ലാഹു അവൻ്റെ ദീനിന് (ഇസ്ലാമിന്) പ്രതാപം നൽകുകയും, തൻ്റെ ശത്രുക്കളെ പരാജിതരാക്കുകയും ചെയ്തു; അവർക്കതിൽ വെറുപ്പുണ്ടെങ്കിലും (അത് സംഭവിച്ചു). കാരണം അക്കൂട്ടർ സത്യത്തിന് മേൽ അസത്യത്തിന് വിജയം ലഭിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്.

(49) കപടവിശ്വാസികളുടെ കൂട്ടത്തിൽ കെട്ടിച്ചമച്ച ഒഴിവുകഴിവുകൾ മുന്നോട്ടു വെക്കുന്ന ചിലരുണ്ട്. അവർ പറയും: അല്ലാഹുവിൻ്റെ റസൂലേ! (അല്ലാഹുവിൻ്റെ മാർഗത്തിലുള്ള) യുദ്ധത്തിൽ നിന്ന് മാറി നിൽക്കാൻ എനിക്ക് അനുമതി നൽകിയാലും! താങ്കളോടൊപ്പം യുദ്ധത്തിന് പുറപ്പെടാൻ എന്നെ താങ്കൾ നിർബന്ധിക്കരുത്; അങ്ങനെ ശത്രുക്കളിലെ -അതായത് റോമക്കാർ- സ്ത്രീകളെ കണ്ടുകഴിഞ്ഞാൽ ഞാൻ തെറ്റിൽ വീണു പോയേക്കാം! അറിയുക; തങ്ങൾ വീണുപോയേക്കാമെന്ന് അവർ ജൽപ്പിക്കുന്ന തിന്മയെക്കാൾ വലിയ കുഴപ്പത്തിൽ അവർ പതിച്ചു കഴിഞ്ഞിരിക്കുന്നു. കപടവിശ്വാസമെന്ന കുഴപ്പമാകുന്നു അത്. യുദ്ധത്തിൽ നിന്ന് പിന്തിനിൽക്കുക എന്ന കുഴപ്പമാകുന്നു അത്. തീർച്ചയായും നരകാഗ്നി അല്ലാഹുവിനെ നിഷേധിച്ചവരെ വലയം ചെയ്യുന്നതാണ്. അവരിൽ ഒരാളും അതിൽ നിന്ന് രക്ഷപ്പെടുകയില്ല. അതിൽ നിന്ന് ഓടിരക്ഷപ്പെടാൻ ഒരു വഴിയും അവർക്ക് കണ്ടെത്താനും സാധിക്കില്ല.

(50) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിൽ നിന്ന് താങ്കൾക്ക് സന്തോഷപ്രദമായ എന്തെങ്കിലും അനുഗ്രഹമോ വിജയമോ യുദ്ധാർജ്ജിത സ്വത്തോ ലഭിച്ചാൽ അവരത് വെറുക്കുകയും, അതിലവർ ദുഖിക്കുകയും ചെയ്യും. താങ്കൾക്ക് എന്തെങ്കിലും കാഠിന്യം ബാധിച്ചു കൊണ്ടുള്ള പ്രയാസമോ, താങ്കളുടെ ശത്രുവിന് വിജയമോ ഉണ്ടായാൽ ഈ കപടവിശ്വാസികൾ പറയും: 'ഞങ്ങളുടെ കാര്യങ്ങൾ ഞങ്ങൾ മുൻപ് തന്നെ സൂക്ഷിച്ചിട്ടുണ്ട്. മുസ്ലിംകൾ യുദ്ധത്തിന് പുറപ്പെട്ടിറങ്ങിയത് പോലെ യുദ്ധത്തിന് പുറപ്പെടാതെ ഉറച്ച തീരുമാനമെടുക്കുകയാണ് ഞങ്ങൾ ചെയ്തത്. അവർ (മുസ്ലിംകൾ) യുദ്ധത്തിന് പോയതിനാൽ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയുമെല്ലാം ചെയ്തു.' ശേഷം സന്തോഷവാന്മാരായി സമാധാനത്തോടെ അവർ തങ്ങളുടെ കുടുംബത്തിലേക്ക് മടങ്ങിച്ചെല്ലുന്നതാണ്.

(51) അല്ലാഹുവിൻ്റെ റസൂലേ! ഈ കപടവിശ്വാസികളോട് പറയുക: അല്ലാഹു ഞങ്ങൾക്കു വിധിച്ചതല്ലാതെ മറ്റൊന്നും ഞങ്ങളെ ബാധിക്കുകയില്ല. അവൻ ഞങ്ങളുടെ രക്ഷിതാവും ഞങ്ങൾ അഭയം തേടിച്ചെല്ലുന്ന അവലംബവുമാണ്. ഞങ്ങളുടെ കാര്യങ്ങളെല്ലാം അവൻ്റെ മേലാണ് ഞങ്ങൾ ഭരമേൽപ്പിച്ചിരിക്കുന്നത്. (അല്ലാഹുവിൽ) വിശ്വസിച്ചവർ തങ്ങളുടെ കാര്യങ്ങൾ അവനിലാണ് ഏൽപ്പിക്കുക. അവർക്ക് അവൻ മതിയായവനാണ്. ഭരമേൽപ്പിക്കാൻ അവനെത്ര നല്ലവൻ.

(52) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഞങ്ങൾക്ക് വിജയമോ രക്തസാക്ഷിത്വമോ അല്ലാതെ മറ്റെന്ത് വന്നുഭവിക്കുന്നതാണ് നിങ്ങൾ കാത്തിരിക്കുന്നത്?! എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷ വന്നിറങ്ങുകയും അങ്ങനെ അവൻ നിങ്ങളെ നശിപ്പിക്കുകയും ചെയ്യുകയോ, അല്ലെങ്കിൽ -അല്ലാഹു നിങ്ങളോട് യുദ്ധം ചെയ്യാൻ ഞങ്ങൾക്ക് അനുമതി നൽകുകയും, അങ്ങനെ- ഞങ്ങളുടെ കൈ കൊണ്ട് നിങ്ങളെ കൊലപ്പെടുത്തിയും തടവിലാക്കിയും നിങ്ങളെ അല്ലാഹു ശിക്ഷിക്കുകയോ ചെയ്യുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നത്. അതിനാൽ ഞങ്ങളുടെ പര്യവസാനം നിങ്ങൾ കാത്തിരുന്നോളൂ; ഞങ്ങൾ നിങ്ങളുടെ അവസാനവും കാത്തിരിക്കുന്നവരാണ്.

(53) അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: നിങ്ങളുടെ സമ്പത്ത് ഇഷ്ടത്തോടെയോ വെറുപ്പോടെയോ നിങ്ങൾ ചെലവഴിച്ചു കൊള്ളുക. അല്ലാഹു നിങ്ങൾ ചെലവഴിച്ചതൊന്നും നിങ്ങളിൽ നിന്ന് സ്വീകരിക്കുകയില്ല; നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവനെ അനുസരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്തു എന്നതാണ് കാരണം.

(54) അവരുടെ സമ്പത്ത് സ്വീകരിക്കപ്പെടാതിരിക്കാൻ മൂന്ന് കാരണങ്ങളല്ലാതെ മറ്റൊന്നുമില്ല. (ഒന്ന്:) അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചു. (രണ്ട്:) നിസ്കരിക്കാൻ നിന്നാൽ മടിയും അലസതയും അവർ പുലർത്തി. (മൂന്ന്:) ഇഷ്ടത്തോടെയല്ല അവർ ദാനം ചെയ്യുന്നത്; മറിച്ച് വെറുപ്പോടെയാണ്. കാരണം തങ്ങളുടെ നിസ്കാരത്തിനോ ദാനധർമ്മങ്ങൾക്കോ എന്തെങ്കിലും പ്രതിഫലം അവർ പ്രതീക്ഷിക്കുന്നില്ല.

(55) അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ സമ്പാദ്യങ്ങളോ സന്താനങ്ങളോ താങ്കളെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. അവയൊന്നും താങ്കൾ (അവരുടെ) നന്മയായി കാണേണ്ടതില്ല. അവരുടെ സമ്പാദ്യങ്ങളുടെയും സന്താനങ്ങളുടെയുമെല്ലാം പര്യവസാനം മോശമാകുന്നു. അല്ലാഹു അവയെല്ലാം നേടിയെടുക്കുന്നതിന് വേണ്ടിയുള്ള പരിശ്രമവും ക്ഷീണവും, അവയിൽ സംഭവിക്കുന്ന ദുരിതങ്ങളും അവർക്കൊരു ശിക്ഷയായി മാറ്റുന്നതാണ്. അങ്ങനെ അല്ലാഹുവിനെ നിഷേധിക്കുന്നവരായ അവസ്ഥയിൽ അവരുടെ ആത്മാവുകളെ അല്ലാഹു പിടികൂടുന്നത് വരെ (അത് തുടരും). പിന്നീട് നരകത്തിൽ ഏറ്റവും അടിത്തട്ടിൽ അവർ എന്നെന്നേക്കുമായി ശിക്ഷിക്കപ്പെടുകയും ചെയ്യും.

(56) (അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ കൂട്ടത്തിൽ പെട്ടവർ തന്നെയാണ് ഞങ്ങളെന്ന് കപടവിശ്വാസികൾ സത്യം ചെയ്തു പറയും. എത്ര മാത്രം നിങ്ങളോടൊപ്പമാണെന്ന് അവർ പുറമേക്ക് തോന്നിച്ചാലും അവരുടെ മനസ്സിനുള്ളിൽ അവർ നിങ്ങളോടൊപ്പമല്ല. ബഹുദൈവാരാധകർക്ക് നിങ്ങളെ കൊണ്ട് സംഭവിച്ച യുദ്ധത്തിലെ മരണവും അടിമത്വവും അവർക്കും സംഭവിക്കുമെന്ന് പേടിക്കുന്ന ഒരു ജനത മാത്രമാകുന്നു അവർ. അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഇസ്ലാം പുറമേക്ക് അവർ പ്രകടിപ്പിക്കുന്നു എന്ന് മാത്രം.

(57) തങ്ങൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയുന്ന കോട്ടയോ, ഒളിച്ചിരിക്കാൻ സാധിക്കുന്ന തരത്തിൽ പർവ്വതങ്ങളിൽ എവിടെയെങ്കിലും വല്ല ഗുഹയോ, കടന്നുകൂടാൻ കഴിയുന്ന ഏതെങ്കിലും തുരങ്കമോ കണ്ടെത്താൻ കഴിഞ്ഞാൽ അഭയം തേടിക്കൊണ്ട് ഈ കപടവിശ്വാസികൾ അതിൽ വേഗം തന്നെ പ്രവേശിക്കുന്നതായിരിക്കും.

(58) അല്ലാഹുവിൻ്റെ റസൂലേ! തങ്ങൾ ഉദ്ദേശിച്ചത് ലഭിച്ചില്ലെങ്കിൽ ദാനധർമ്മങ്ങൾ വീതംവെക്കുന്ന കാര്യത്തിൽ താങ്കളെ കുറ്റം പറയുന്ന ചിലർ കപടവിശ്വാസികളുടെ കൂട്ടത്തിലുണ്ട്. അവർക്ക് അതിൽ നിന്ന് എന്തെങ്കിലും നൽകിയാൽ താങ്കളെ അവർ തൃപ്തിപ്പെടുകയും ചെയ്യും. അവർക്ക് താങ്കൾ നൽകിയില്ലെങ്കിലാകട്ടെ, താങ്കളെ അവരിങ്ങനെ കുറ്റം പറഞ്ഞു കൊണ്ടേയിരിക്കും.

(59) ദാനധർമ്മങ്ങൾ വീതിക്കുന്ന കാര്യത്തിൽ താങ്കളെ ആക്ഷേപിക്കുന്ന ഈ കപടവിശ്വാസികൾ അല്ലാഹു അവർക്ക് നിശ്ചയിച്ചതിലും അല്ലാഹുവിൻ്റെ റസൂൽ അവർക്ക് നൽകിയതിലും തൃപ്തിയടയുകയും, 'ഞങ്ങൾക്ക് അല്ലാഹു മതി. അവൻ്റെ ഔദാര്യത്തിൽ നിന്ന് അല്ലാഹു ഞങ്ങൾക്ക് നൽകുന്നതാണ്. അല്ലാഹു നൽകിയതിൽ നിന്ന് അവൻ്റെ റസൂലും ഞങ്ങൾക്ക് നൽകുന്നതാണ്. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് നൽകുന്നതിനായി അല്ലാഹുവിൽ മാത്രം പ്രതീക്ഷ വെക്കുന്നവരാകുന്നു ഞങ്ങൾ' എന്ന് പറയുകയും ചെയ്തിരുന്നെങ്കിൽ. താങ്കളെ ആക്ഷേപിക്കുന്നതിനെക്കാൾ അവരെ സംബന്ധിച്ചിടത്തോളം ഉത്തമം അതാകുമായിരുന്നു.

(60) നിർബന്ധ ദാനധർമ്മം (സകാത്ത്) നൽകേണ്ടത് ഇനി പറയുന്നവർക്ക് മാത്രമാണ്: ജോലിയോ മറ്റോ ഉള്ളതിനാൽ പണമുണ്ട് എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട സമ്പത്ത് ഇല്ലാതിരിക്കുകയും ജനങ്ങൾക്ക് അവരുടെ അവസ്ഥ വ്യക്തമാവാതെ പോവുകയും ചെയ്യുന്ന ഫുഖറാക്കൾ. പറയപ്പെടാവുന്ന സമ്പത്തൊന്നുമില്ലാത്ത, കടുത്ത ദാരിദ്ര്യ സ്ഥിതി കാരണത്താലോ അവർ തന്നെ പറഞ്ഞതിനാലോ ദാരിദ്ര്യമുള്ളതായി ആളുകൾക്ക് ബോധ്യപ്പെട്ട മിസ്കീനുമാർ. ഭരണാധികാരി സകാത്ത് ശേഖരിക്കാൻ നിശ്ചയിച്ചവർ. ഇസ്ലാം സ്വീകരിക്കാൻ കാരണമാകുന്ന രൂപത്തിൽ ദീനിലേക്ക് അടുപ്പിക്കാൻ കഴിയുന്ന കാഫിറുകൾ; അല്ലെങ്കിൽ ഈമാൻ ശക്തിപ്പെട്ടേക്കാവുന്ന വിധത്തിലുള്ള ദുർബല വിശ്വാസികൾ; അല്ലെങ്കിൽ, (ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരെ) ഉപദ്രവം അഴിച്ചു വിടുന്നവർക്ക് സമ്പത്ത് കൊടുത്താൽ അവരത് നിർത്തിവെക്കുമെങ്കിൽ അവർക്ക്. അടിമകളെ മോചിപ്പിക്കുന്നതിന്. ദൂർത്തോ തിന്മകളിൽ ചെലവഴിച്ചതോ കാരണത്താലല്ലാതെ കടംബാധിക്കുകയും, അത് തിരിച്ചടക്കാൻ സാധിക്കാതെ വരികയും ചെയ്തവർ. അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ (യുദ്ധത്തിന്) ഒരുക്കാൻ. യാത്രാവിഭവങ്ങൾ തീർന്നു പോയ യാത്രക്കാരൻ. ഇവർക്ക് മാത്രമേ സകാത്ത് നൽകാവൂ എന്നത് അല്ലാഹുവിൽ നിന്ന് നിശ്ചയിക്കപ്പെട്ട വിധിയാണ്. തൻ്റെ അടിമകൾക്ക് നന്മ ഏതിലാണെന്ന് നന്നായി അറിയുന്നവനാണ് അല്ലാഹു. തൻ്റെ നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമത്രെ അവൻ.

(61) കപടവിശ്വാസികളുടെ കൂട്ടത്തിൽ നബി -ﷺ- യെ വാക്കുകൾ കൊണ്ട് ഉപദ്രവിക്കുന്ന ചിലരുണ്ട്. നബിയുടെ സഹനശീലം കണ്ടാൽ അവർ പറയുക ഇപ്രകാരമാണ്: ഇദ്ദേഹം എല്ലാവരുടെ വാക്കും കേൾക്കുകയും, എല്ലാം വിശ്വസിക്കുകയും ചെയ്യും. സത്യവും അസത്യവും വേർതിരിക്കുകയില്ല. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: തീർച്ചയായും റസൂൽ -ﷺ- നല്ലതല്ലാതെ കേൾക്കുകയില്ല. അവിടുന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും, സത്യസന്ധരായ മുസ്ലിംകൾ അറിയിക്കുന്നത് വിശ്വസിക്കുകയും, അവരോട് കാരുണ്യം ചൊരിയുകയും ചെയ്യുന്നു. നബി -ﷺ- യെ അല്ലാഹു നിയോഗിച്ചു എന്നത് അദ്ദേഹത്തിൽ വിശ്വസിച്ചവർക്ക് കാരുണ്യമാണ്. നബി -ﷺ- യെ ഏത് നിലക്ക് ഉപദ്രവിക്കുന്നവരുമാകട്ടെ; അവർക്കെല്ലാം വേദനയേറിയ ശിക്ഷയുണ്ട്.

(62) അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തു കൊണ്ട് കപടവിശ്വാസികൾ പറയുന്നു: അവർ നബി -ﷺ- യെ ഉപദ്രവിക്കുന്ന ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്ന്. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി മാത്രമാണ് അവരിതെല്ലാം പറയുന്നത്. എന്നാൽ അവർ യഥാർത്ഥ വിശ്വാസികളാണെങ്കിൽ, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, അവൻ്റെ റസൂലിൽ വിശ്വസിച്ചു കൊണ്ടും അവർ തൃപ്തിപ്പെടുത്താൻ ഏറ്റവും അർഹരായിട്ടുള്ളത് അല്ലാഹുവും അവൻ്റെ റസൂലുമാണ്.

(63) തങ്ങളുടെ ഇത്തരം പ്രവൃത്തിയിലൂടെ അവർ അല്ലാഹുവിനോടും റസൂലിനോടും എതിർത്തു നിൽക്കുകയാണെന്നും, അങ്ങനെ അവരോട് എതിരാകുന്നവർ അന്ത്യനാളിൽ ശാശ്വതരായി നരകാഗ്നിയിൽ പ്രവേശിക്കുമെന്നും ഈ കപടവിശ്വാസികൾ മനസ്സിലാക്കിയിട്ടില്ലേ?! അതാകുന്നു വമ്പിച്ച അപമാനവും നിന്ദ്യതയും.

(64) കപടവിശ്വാസികൾ തങ്ങളുടെ ഹൃദയങ്ങളിൽ ഒളിപ്പിച്ചു വെക്കുന്നത് മുഅ്മിനുകളെ അറിയിക്കുന്ന ഏതെങ്കിലും സൂറത് (ഖുർആനിലെ അദ്ധ്യായം) അല്ലാഹു അവൻ്റെ റസൂലിൻ്റെ മേൽ അവതരിപ്പിക്കുമോ എന്ന് കപടവിശ്വാസികൾ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! പറയുക: കപടവിശ്വാസികളേ! അല്ലാഹുവിൻ്റെ ദീനിനെ പരിഹസിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് നിങ്ങൾ തുടർന്നു കൊള്ളുക. ഖുർആനിൽ ഒരു അദ്ധ്യായം അവതരിപ്പിച്ചു കൊണ്ടോ, അല്ലാഹുവിൻ്റെ റസൂലിന് സന്ദേശം നൽകിക്കൊണ്ടോ നിങ്ങൾ ഭയപ്പെടുന്ന കാര്യം അല്ലാഹു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യുന്നതാണ്.

(65) അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികൾ (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകളെ കുറിച്ച് പറഞ്ഞുണ്ടാക്കിയ ആക്ഷേപങ്ങളെയും ഇകഴ്ത്തലുകളെയും കുറിച്ച് അല്ലാഹു താങ്കളെ അറിയിക്കുകയും, അങ്ങനെ അതിനെ കുറിച്ച് അവരോട് താങ്കൾ ചോദിക്കുകയും ചെയ്താൽ അവർ പറയും: ഞങ്ങൾ തമാശ നിറഞ്ഞ സംസാരത്തിലായിരുന്നു. ഞങ്ങളൊരിക്കലും കാര്യമായി പറഞ്ഞതായിരുന്നില്ല. അല്ലാഹുവിൻ്റെ റസൂലേ! ചോദിക്കുക: അല്ലാഹുവിനെയും, അവൻ്റെ ആയത്തുകളെയും, അവൻ്റെ റസൂലിയുമാണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരുന്നിരുന്നത്?!

(66) ഈ കള്ളന്യായങ്ങൾ നിങ്ങൾ ഒഴിവുകഴിവായി പറയേണ്ടതേയില്ല. ഈ പരിഹാസത്തിലൂടെ നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ ഒളിച്ചു വെച്ചത് നിങ്ങൾ പരസ്യമാക്കിയിരിക്കുന്നു. നിങ്ങളിൽ നിന്ന് ഒരു കൂട്ടർക്ക് അവർ തങ്ങളുടെ കാപട്യം ഉപേക്ഷിക്കുകയും, പശ്ചാത്തപിക്കുകയും, അല്ലാഹുവിനെ നിഷ്കളങ്കമായി ആരാധിക്കുകയും ചെയ്തതിനാൽ നാം മാപ്പു നൽകിയാലും, നിങ്ങളിലെ മറ്റൊരു വിഭാഗത്തെ നാം ശിക്ഷിക്കുന്നതാണ്; അവർ തങ്ങളുടെ കാപട്യത്തിൽ തന്നെ തുടരുകയും, അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതിരിക്കുകയും ചെയ്തതിനാലാണ് അത്.

(67) കപടവിശ്വാസികളിലെ പുരുഷന്മാരും സ്ത്രീകളുമെല്ലാം അവരുടെ കാപട്യത്തിൽ ഒരു പോലെയാകുന്നു. അവർ (അല്ലാഹുവിൽ വിശ്വസിച്ച) മുസ്ലിംകൾക്ക് നേരെ വിരുദ്ധമാകുന്നു. അക്കൂട്ടർ തിന്മ കൽപ്പിക്കുകയും, നന്മ വിരോധിക്കുകയും ചെയ്യുന്നു. അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കാതെ തങ്ങളുടെ സമ്പത്തിൽ അവർ പിശുക്ക് കാണിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാതെ അവനെ അവർ ഉപേക്ഷിച്ചു; അപ്പോൾ നന്മയിലേക്ക് നയിക്കാതെ അല്ലാഹുവും അവരെ ഉപേക്ഷിച്ചു. തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവിനെ അനുസരിക്കാതെയും, സത്യമാർഗത്തിൽ പ്രവേശിക്കാതെയും തിന്മകൾ പ്രവർത്തിച്ചും വഴികേടുകളിൽ പ്രവേശിച്ചും ധിക്കാരം പ്രവർത്തിച്ചവരാകുന്നു.

(68) (തങ്ങളുടെ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങാത്ത കപടവിശ്വാസികൾക്കും (അല്ലാഹുവിനെ) നിഷേധിച്ചവർക്കും അല്ലാഹു നരകം വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നെന്നേക്കുമായി അവരതിൽ പ്രവേശിക്കുന്നതാണ്. ശിക്ഷയായി അവർക്കത് മതിയായതാണ്. അല്ലാഹു അവൻ്റെ കാരുണ്യത്തിൽ നിന്ന് അവരെ ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു; അവർക്ക് സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്.

(69) കപടവിശ്വാസികളുടെ സമൂഹമേ! നിങ്ങൾക്ക് മുൻപ് (അല്ലാഹുവിനെയും റസൂലിനെയും) നിഷേധിച്ചു തള്ളിയ സമൂഹങ്ങളെ പോലെ തന്നെയാകുന്നു നിഷേധത്തിൻ്റെയും പരിഹാസത്തിൻ്റെയും കാര്യത്തിൽ നിങ്ങളും. അവർ നിങ്ങളെക്കാൾ ശക്തിയും, സമ്പത്തും സന്താനവും ഉള്ളവരായിരുന്നു. ഐഹികജീവിതത്തിൽ അവർക്ക് നിർണ്ണയിക്കപ്പെട്ട സുഖാനുഭവങ്ങൾ കൊണ്ട് അവർ സുഖിച്ചു കഴിഞ്ഞു. കപടവിശ്വാസികളേ! മുൻപുള്ളവർ അവർക്ക് ലഭിച്ച വിഹിതം കൊണ്ട് സുഖിച്ചതു പോലെ, നിങ്ങൾക്ക് വിധിക്കപ്പെട്ട സുഖാനുഭവങ്ങൾ കൊണ്ട് നിങ്ങളും സുഖിക്കുന്നു. മുൻപുള്ളവർ (അല്ലാഹുവിനെ) നിഷേധിക്കുകയും തങ്ങളുടെ നബിമാരെ ആക്ഷേപിക്കുകയും ചെയ്യുന്നതിൽ മുഴുകിയത് പോലെ സത്യത്തെ നിഷേധിക്കുകയും, നബി (ﷺ) യെ ആക്ഷേപിക്കുകയും ചെയ്യുന്നതിൽ നിങ്ങളും മുഴുകിയിരിക്കുന്നു. ഈ പറയപ്പെട്ട ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ ഉള്ളവർ; (അല്ലാഹുവിനെ) അവർ നിഷേധിച്ചതിനാൽ അക്കൂട്ടരുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ നിഷ്ഫലമായിരിക്കുന്നു. സ്വയം നാശത്തിലേക്ക് നയിച്ചു കൊണ്ട് തങ്ങളെ തന്നെ നഷ്ടക്കാരാക്കിയവർ അക്കൂട്ടരാകുന്നു.

(70) മുൻകഴിഞ്ഞ നിഷേധികളായ ജനതകളുടെ വൃത്താന്തവും, അവരുടെ കാര്യത്തിൽ നടപ്പിലാക്കപ്പെട്ട ശിക്ഷയെക്കുറിച്ചും ഇക്കൂട്ടർ അറിഞ്ഞിട്ടില്ലേ?! നൂഹിൻ്റെ ജനതയും, ഹൂദിൻ്റെ ജനതയും, സ്വാലിഹിൻ്റെ ജനതയും, മദ്യൻകാരും, ലൂത്വിൻ്റെ നാട്ടുകാരുമെല്ലാം; അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി വന്നെത്തുകയുണ്ടായി. അല്ലാഹു അവരോടൊന്നും അനീതി പ്രവർത്തിച്ചിട്ടില്ല; അവർക്കെല്ലാം അല്ലാഹുവിൻ്റെ ദൂതന്മാർ താക്കീത് നൽകിയിട്ടുണ്ട്. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തു കൊണ്ട് അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിക്കുകയാണുണ്ടായത്.

(71) (അല്ലാഹുവിൽ വിശ്വസിച്ച) വിശ്വാസികളും വിശ്വാസിനികളും അന്യോന്യം സഹായിക്കുന്നവരും പിന്തുണക്കുന്നവരുമാകുന്നു. കാരണം, (അല്ലാഹുവിലും അവൻ്റെ റസൂലിലും ഇസ്ലാം ദീനിലുമുള്ള) വിശ്വാസം അവരെ ഒരുമിപ്പിക്കുന്നു. (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന) തൗഹീദും നിസ്കാരവും പോലെ അല്ലാഹുവിന് തൃപ്തികരമായ എല്ലാതരം നന്മകളും അവർ കൽപ്പിക്കുന്നു. (അല്ലാഹുവിലുള്ള) നിഷേധവും പലിശയും പോലുള്ള, അല്ലാഹുവിന് കോപമുണ്ടാക്കുന്നതായ എല്ലാ തിന്മയിൽ നിന്നും അവർ വിലക്കുകയും ചെയ്യുന്നു. നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ അവർ നിർവ്വഹിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അവർ അനുസരിക്കുകയും ചെയ്യുന്നു. സ്തുത്യർഹമായ ഈ സ്വഭാവവിശേഷണങ്ങൾ പുലർത്തുന്ന ഇവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തുന്നതാണ്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമാകുന്നു അവൻ.

(72) അല്ലാഹുവിൽ വിശ്വസിച്ച മുഅ്മിനുകൾക്കും മുഅ്മിനുകളായ സ്ത്രീകൾക്കും അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന് അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു. അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു; അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. അവരവിടെ മരിക്കുകയോ, അതിൽ അവരുടെ അനുഗ്രഹങ്ങൾ അവസാനിക്കുകയോ ഇല്ല. സ്ഥിരവാസത്തിൻ്റെ സ്വർഗത്തോപ്പുകളിലെ വിശിഷ്ടമായ പാർപ്പിടങ്ങളിൽ അവരെ പ്രവേശിപ്പിക്കാമെന്നും അല്ലാഹു അവരോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവർക്ക് മേൽ അല്ലാഹു വർഷിക്കുന്ന അവൻ്റെ തൃപ്തിയാകുന്നു അതിനെക്കാളെല്ലാം വലുത്. മറ്റേതൊരു വിജയവും കൊണ്ട് താരതമ്യപ്പെടുത്താനാകാത്ത മഹത്തരമായ വിജയമാകുന്നു ഈ പറയപ്പെട്ട പ്രതിഫലം.

(73) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെ നിഷേധിച്ചവരുമായി ആയുധം കൊണ്ടും, കപടവിശ്വാസികളോട് നാവ് കൊണ്ടും തെളിവുകൾ കൊണ്ടും താങ്കൾ യുദ്ധത്തിലേർപ്പെടുക. രണ്ട് വിഭാഗത്തോടും പരുഷത സ്വീകരിക്കുകയും ചെയ്യുക; അവരതിന് അർഹരാകുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവരുടെ സങ്കേതം നരകാഗ്നിയാകുന്നു. അവരുടെ ആ സങ്കേതം എത്ര മോശമായിരിക്കുന്നു.

(74) അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് കപടവിശ്വാസികൾ പറയും: '(നബിയേ!) താങ്കൾക്ക് വിവരം കിട്ടിയത് പോലെ, ഞങ്ങൾ താങ്കളെ ചീത്ത പറയുകയോ, താങ്കളുടെ ദീനിനെ കുറ്റം പറയുകയോ ചെയ്തിട്ടില്ല.' എന്നാൽ (നബിയേ!) താങ്കൾ അറിഞ്ഞതു പോലെ, ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന സംസാരം അവർ നടത്തുക തന്നെ ചെയ്തിരിക്കുന്നു. ഇസ്ലാം പുറത്തേക്ക് പ്രകടിപ്പിച്ചതിന് ശേഷം തനിച്ച നിഷേധം അവർ പ്രകടമാക്കിയിരിക്കുന്നു. നബി -ﷺ- യെ കൊലപ്പെടുത്തുക എന്നതിന് അവർ ആഗ്രഹിച്ചെങ്കിലും അതവർക്ക് സാധിച്ചില്ലെന്ന് മാത്രം. അല്ലാഹു തൻ്റെ നബിക്ക് ഔദാര്യമായി നൽകിയ യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് ഇവർക്കും നൽകിക്കൊണ്ട് അവർക്ക് സമ്പത്ത് നൽകി എന്നതല്ലാതെ മറ്റൊന്നും അവർക്ക് (നബി-ﷺ-യുടെ മേൽ) കുറ്റമായി പറയാനില്ല. (കുറ്റപ്പെടുത്താവുന്ന ഒന്നും നബി -ﷺ- യിൽ ഇല്ലെന്നർത്ഥം). തങ്ങളുടെ കപടവിശ്വാസത്തിൽ നിന്ന് അവർ പശ്ചാത്തപിച്ചു മടങ്ങുന്നെങ്കിൽ അതാണ് ഈ അവസ്ഥയിൽ തുടരുന്നതിനെക്കാൾ അവർക്ക് നല്ലത്. ഇനി അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയാണെങ്കിൽ ഇഹലോകത്ത് യുദ്ധത്തിൽ കൊന്നൊടുക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ വരുത്തി വെച്ചു കൊണ്ട് അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്. പരലോകത്താകട്ടെ നരകാഗ്നി കൊണ്ട് വേദനയേറിയ ശിക്ഷയും അവർക്ക് നൽകുന്നതാണ്. ശിക്ഷയിൽ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന ഒരു രക്ഷാധികാരിയോ, അത് തടുത്തു നിർത്തുന്ന ഒരു സഹായിയോ അവർക്കുണ്ടായിരിക്കുകയില്ല.

(75) അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് ഞങ്ങൾക്ക് നൽകുകയാണെങ്കിൽ ഞങ്ങൾ ആവശ്യക്കാർക്ക് വേണ്ടി സമ്പത്ത് ദാനം ചെയ്യുകയും, പ്രവർത്തനങ്ങൾ നന്നാക്കുന്ന സദ്'വൃ ത്തരുടെ കൂട്ടത്തിൽ ഞങ്ങൾ ഉറപ്പായും ഉൾപ്പെടുകയും ചെയ്യുന്നതാണ്' എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനോട് കരാർ ചെയ്ത ചിലർ കപടവിശ്വാസികളുടെ കൂട്ടത്തിലുണ്ട്.

(76) അങ്ങനെ അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് നൽകിയപ്പോൾ അവർ അല്ലാഹുവോട് ചെയ്ത കരാർ പാലിക്കുകയുണ്ടായില്ല. മറിച്ച്, തങ്ങളുടെ സമ്പത്ത് അവർ പിടിച്ചു വെക്കുകയും, അതിൽ നിന്ന് ഒന്നും ദാനം ചെയ്യാതിരിക്കുകയുമാണ് ഉണ്ടായത്. അല്ലാഹുവിലുള്ള വിശ്വാസത്തെ അവഗണിച്ചു കൊണ്ട് അക്കൂട്ടർ തിരിഞ്ഞു കളയുകയും ചെയ്തു.

(77) അന്ത്യനാൾ വരെ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു കപടവിശ്വാസം ഉറപ്പിച്ചു നൽകി എന്നതാണ് അവർക്ക് അവസാനം സംഭവിച്ചത്. അല്ലാഹുവിനോടുള്ള കരാർ ലംഘിക്കുകയും, കളവ് പറയുകയും ചെയ്തതിന് അവർക്കുള്ള ശിക്ഷയായിരുന്നു അത്.

(78) കപടവിശ്വാസികൾ തങ്ങളുടെ സദസ്സുകളിൽ മറച്ചു പിടിക്കുന്ന തന്ത്രവും ചതിയും അല്ലാഹു അറിയുന്നുണ്ട് എന്നും, അല്ലാഹു അദൃശ്യകാര്യങ്ങൾ അങ്ങേയറ്റം അറിയുന്നവനാണ് എന്നും അവർക്ക് മനസ്സിലായിട്ടില്ലേ?! അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അല്ലാഹുവിന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ അവർക്ക് നൽകുന്നതുമാണ്.

(79) അല്ലാഹുവിൽ വിശ്വസിച്ചവരുടെ കൂട്ടത്തിൽ നിന്ന് ചെറുതെങ്കിലും ദാനധർമ്മങ്ങൾ നൽകാൻ സന്നദ്ധത കാണിക്കുന്നവർ -വളരെ കുറച്ച് മാത്രം സ്വരുക്കൂട്ടാനേ അവർക്ക് കഴിഞ്ഞുള്ളൂ; അത്തരക്കാരെ- കുറ്റം പറയുകയും, അവരെ പരിഹസിച്ചു കൊണ്ട് 'ഇവരുടെ ദാനധർമ്മം കൊണ്ട് എന്ത് ഉപകാരമാണുള്ളത്?!' എന്ന് ചോദിക്കുകയും ചെയ്യുന്നവർ; അല്ലാഹുവിൽ വിശ്വസിച്ചവരെ അവർ പരിഹസിച്ചതിൻ്റെ ഫലമായി അല്ലാഹു അക്കൂട്ടരെ പരിഹസിച്ചിരിക്കുന്നു. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതാണ്.

(80) അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ അവർക്ക് വേണ്ടി പാപമോചനം തേടുകയോ, അതല്ലെങ്കിൽ തേടാതിരിക്കുകയോ ചെയ്യുക. അവർക്ക് വേണ്ടി എഴുപത് തവണ താങ്കൾ പാപമോചനം തേടിയാലും -പാപമോചനം തേടുന്നത് എത്ര അധികമുണ്ടെങ്കിലും- അതൊന്നും അല്ലാഹുവിൻ്റെ പാപമോചനം ലഭിക്കുന്നതിലേക്ക് അവരെ എത്തിക്കുകയില്ല. കാരണം, അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങളെ ബോധപൂർവ്വവും ഉദ്ദേശപൂർവ്വവും ധിക്കരിച്ചവരെ അവൻ സത്യത്തിലേക്ക് വഴിനയിക്കുന്നതല്ല.

(81) തബൂക് യുദ്ധത്തിൽ പങ്കെടുക്കാതെ ചടഞ്ഞിരുന്നവർ, നബി -ﷺ- യെ ധിക്കരിച്ചു കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാതെ മാറിയിരുന്നതിൽ ആഹ്ളാദിച്ചിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവർ പ്രവർത്തിച്ചതു പോലെ, തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിനിറങ്ങുന്നത് അവർ വെറുത്തിരിക്കുന്നു. കപടവിശ്വാസികളിൽ പെട്ട തങ്ങളുടെ സഹോദരങ്ങളോട് അവർ പറഞ്ഞു: നിങ്ങൾ ഈ കടുത്ത ചൂടിൽ പുറപ്പെടേണ്ട! തബൂക്ക് യുദ്ധം കടുത്ത ഉഷ്ണകാലത്താണ് നടന്നത്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: കപടവിശ്വാസികളെ കാത്തിരിക്കുന്ന നരകാഗ്നി അവരീ ഓടിരക്ഷപ്പെടുന്ന വേനൽചൂടിനെക്കാൾ കാഠിന്യമുള്ളതാകുന്നു. അവർക്കത് മനസ്സിലായിരുന്നെങ്കിൽ!

(82) അതിനാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിൽ നിന്ന് പിന്തിരിഞ്ഞു പോയ ഇക്കൂട്ടർ തീർന്നു പോകുന്ന ഈ ഐഹികജീവിതത്തിൽ കുറച്ചു കാലം ചിരിക്കട്ടെ! ബാക്കിയുള്ള പാരത്രിക ജീവിതത്തിൽ മുഴുവൻ അവർ കരയുകയും ചെയ്യട്ടെ! ഇഹലോകത്ത് അവർ ചെയ്തു കൂട്ടിയ നിഷേധത്തിനും തിന്മകൾക്കും ധിക്കാരങ്ങൾക്കുമുള്ള പ്രതിഫലമാണത്.

(83) അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ കപടവിശ്വാസത്തിൽ ഉറച്ചു നിലകൊള്ളുന്ന ഈ മുനാഫിഖുകളുടെ കൂട്ടത്തിലേക്ക് അല്ലാഹു താങ്കളെ മടക്കി അയക്കുകയും, മറ്റേതെങ്കിലുമൊരു യുദ്ധത്തിൽ താങ്കളോടൊപ്പം പുറപ്പെടാൻ അവർ അനുവാദം ചോദിക്കുകയും ചെയ്താൽ പറഞ്ഞേക്കുക: കപടവിശ്വാസികളെ! അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നതിനായി നിങ്ങൾ എന്നോടൊപ്പം ഒരിക്കലും ഇനി പുറപ്പെടുന്നതല്ല. നിങ്ങൾക്കുള്ള ശിക്ഷയാണത്. എന്നോടൊപ്പം നിങ്ങൾ ഉണ്ടാകുന്നത് കൊണ്ട് സംഭവിച്ചേക്കാവുന്ന ഉപദ്രവങ്ങളിൽ നിന്നുള്ള മുൻകരുതലുമാണ് ഈ തീരുമാനം. തബൂക്ക് യുദ്ധത്തിൽ ചടഞ്ഞിരിക്കാനും, പിന്തിനിൽക്കാനുമാണ് നിങ്ങൾ തൃപ്തിപ്പെട്ടത്. അതിനാൽ യുദ്ധത്തിന് വരാൻ കഴിയാതെയിരിക്കുന്ന രോഗികളോടും സ്ത്രീകളോടും കുട്ടികളോടൊപ്പം മാറിയിരുന്നു കൊള്ളുക.

(84) അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളിൽ പെട്ട ഒരാളുടെയും മയ്യിത്തിന് വേണ്ടി താങ്കൾ നിസ്കരിച്ചു പോകരുത്. അവന് വേണ്ടി പ്രാർത്ഥിക്കാനോ പാപമോചനം തേടുന്നതിനോ അവൻ്റെ ഖബറിന് അരികിൽ നിൽക്കുകയും ചെയ്യരുത്. കാരണം, അവർ അല്ലാഹുവിലും അവൻ്റെ റസൂലിലും അവിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കാതെ ധിക്കാരികളായാണ് അവർ മരിച്ചത്. അത്തരക്കാർക്ക് വേണ്ടി നിസ്കരിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാൻ പാടില്ല.

(85) അല്ലാഹുവിൻ്റെ റസൂലേ! കപടവിശ്വാസികളുടെ സമ്പത്തോ അവരുടെ സന്താനങ്ങളോ താങ്കളെ വിസ്മയിപ്പിക്കാതിരിക്കട്ടെ. അല്ലാഹു അതെല്ലാം കൊണ്ട് അവരെ ഇഹലോകത്ത് വെച്ച് തന്നെ ശിക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്. അവയെല്ലാം നേടിയെടുക്കാൻ വേണ്ടി അവർ നേരിടുന്ന പ്രയാസങ്ങളും, അവ കാരണത്താൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളുമെല്ലാം അവർക്കുള്ള ശിക്ഷയാണ്. അല്ലാഹുവിനെ നിഷേധിക്കുന്ന അവസ്ഥയിൽ തന്നെ അവരുടെ ആത്മാവുകൾ അവരുടെ ശരീരങ്ങളെ വിട്ടുപിരിയുന്നതിനുമത്രെ (ഈ അനുഗ്രഹങ്ങൾ അവർക്ക് നൽകിയിരിക്കുന്നത്).

(86) അല്ലാഹുവിൽ വിശ്വസിക്കാനും, അവൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യാനും കൽപ്പിക്കുന്ന ഒരു സൂറത്ത് (ഖുർആനിലെ അദ്ധ്യായം) അല്ലാഹു തൻ്റെ നബിയുടെ മേൽ അവതരിപ്പിച്ചാൽ അവരുടെ കൂട്ടത്തിൽ സമ്പത്തും സൗകര്യങ്ങളും ഉള്ളവർ താങ്കളോടൊപ്പം പുറപ്പെടാതിരിക്കാൻ അനുമതി ആവശ്യപ്പെടും. അവർ പറയും: 'ദുർബലരും മാറാരോഗികളുമായിട്ടുള്ള, യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ അനുവാദമുള്ളവരോടൊപ്പം മാറിയിരിക്കാൻ ഞങ്ങളെയും അനുവദിക്കണം.'

(87) യുദ്ധത്തിന് പുറപ്പെടാതിരിക്കാൻ ഒഴിവുകഴിവുള്ളവരോടൊപ്പം ചടഞ്ഞിരിക്കുന്നതിൽ തൃപ്തിയടഞ്ഞതിലൂടെ ഈ കപടവിശ്വാസികൾ തങ്ങൾക്ക് നിന്ദ്യതയും അപമാനവും സ്വയം തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ നിഷേധവും കപടവിശ്വാസവും കാരണത്താൽ അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് മുദ്രവെച്ചിരിക്കുന്നു. അതിനാൽ തങ്ങൾക്ക് പ്രയോജനകരമായത് എന്തെല്ലാമാണെന്ന് അവർ തിരിച്ചറിയുകയില്ല.

(88) എന്നാൽ അല്ലാഹുവിൻ്റെ റസൂലും, അവിടുത്തോടൊപ്പം വിശ്വസിച്ച മുസ്ലിംകളും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്ന് ഇക്കൂട്ടരെ പോലെ ചടഞ്ഞിരുന്നില്ല. അവർ അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് യുദ്ധത്തിലേർപ്പെട്ടു. അങ്ങനെ (യുദ്ധത്തിൽ) വിജയവും, അതിലൂടെ യുദ്ധാർജ്ജിത സ്വത്തുക്കൾ ലഭിക്കുകയും ചെയ്തു കൊണ്ട് അവർക്ക് ഐഹികനേട്ടങ്ങൾ ലഭിച്ചു. സ്വർഗത്തിൽ പ്രവേശിക്കുകയും, തങ്ങൾ ആഗ്രഹിച്ചത് (സ്വർഗവും അല്ലാഹുവിൻ്റെ തൃപ്തിയും) നേടുകയും, ഭയപ്പെട്ടതിൽ നിന്ന് (നരകവും അല്ലാഹുവിൻ്റെ കോപവും) രക്ഷപ്പെടുകയും ചെയ്തു കൊണ്ട് പാരത്രിക നന്മകളും അവർ നേടിയെടുത്തു. ഇതെല്ലാം അല്ലാഹുവിങ്കൽ അവർക്കുള്ള പ്രതിഫലമാണ്.

(89) അല്ലാഹു അവർക്ക് സ്വർഗത്തോപ്പുകൾ ഒരുക്കിവെച്ചിരിക്കുന്നു; അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്ത് കൂടെ നദികൾ ഒഴുകുന്നു. അവരതിൽ എന്നെന്നേക്കുമായി വസിക്കുന്നതായിരിക്കും. ഒരിക്കലും മരണം അവരെ ബാധിക്കുന്നതല്ല. ഈ പറയപ്പെട്ട പ്രതിഫലമാകുന്നു മഹത്തരമായ വിജയം; മറ്റൊരു വിജയനേട്ടവും അതിനോട് തുല്യമാവുകയില്ല.

(90) മദീനയിലും അതിൻ്റെ ചുറ്റുമുള്ള ഗ്രാമീണ അറബികളിൽ പെട്ട ഒരു കൂട്ടവും അല്ലാഹുവിൻ്റെ റസൂലിനോട് ഒഴികഴിവുകൾ ബോധിപ്പിച്ചു കൊണ്ട് വന്നെത്തി. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൽ നിന്നും, നബിയോടൊപ്പം പുറപ്പെടുന്നതിൽ നിന്നും മാറിനിൽക്കാൻ അനുവാദം നൽകുന്നതിനായിരുന്നു അത്. നബി -ﷺ- യോടൊപ്പം പുറപ്പെടാതിരിക്കാൻ അനുമതിയൊന്നും ചോദിക്കാതെ തന്നെ യുദ്ധത്തിൽ നിന്ന് മാറിനിന്ന മറ്റൊരു കൂട്ടരുമുണ്ട്. കാരണം അവർ നബിയെ സത്യപ്പെടുത്തുകയോ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ല. അവരുടെ ഈ നിഷേധം കാരണത്താൽ വേദനയേറിയ കടുത്ത ശിക്ഷ അക്കൂട്ടരെ ബാധിക്കുന്നതാണ്.

(91) സ്ത്രീകൾക്കും കുട്ടികൾക്കും രോഗികൾക്കും ദുർബലർക്കും അന്ധർക്കും, ചെലവഴിക്കാൻ യാതൊരു സമ്പത്തും കണ്ടെത്താൻ കഴിയാത്ത ദരിദ്രർക്കും മേൽ യുദ്ധത്തിന് പുറപ്പെടാത്തതിൽ യാതൊരു കുറ്റവുമില്ല. കാരണം, അവർക്ക് ന്യായമായ ഒഴികഴിവുകളുണ്ട്. അവർ അല്ലാഹുവിനോടും അവൻ്റെ റസൂലിനോടും നിഷ്കളങ്കത പുലർത്തുകയും, അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുകയാണെങ്കിൽ (അവർക്ക് മേൽ തെറ്റില്ല). ഈ പറയപ്പെട്ട ഒഴികഴിവുകൾ ഉള്ള, സദ്'വൃത്തരായവരെ ശിക്ഷിക്കാൻ യാതൊരു വഴിയുമില്ല. അല്ലാഹു നന്മ പ്രവർത്തിക്കുന്നവരുടെ തെറ്റുകൾ ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.

(92) അല്ലാഹുവിൻ്റെ റസൂലേ! തങ്ങളെ (രണാങ്കണത്തിലേക്ക്) വഹിക്കാൻ വാഹനം അന്വേഷിച്ചു വരികയും, 'നിങ്ങളെ വഹിക്കാൻ ഒരു വാഹനവും ഞാൻ കാണുന്നില്ല' എന്ന് പറഞ്ഞു കൊണ്ട് താങ്കൾ തിരിച്ചയക്കുകയും ചെയ്ത -അക്കാരണത്താൽ യുദ്ധത്തിൽ നിന്ന് മാറിനിന്നവരുടെ മേലും- കുറ്റമില്ല. താങ്കളുടെ അരികിൽ നിന്ന് മടങ്ങിപ്പോകുമ്പോൾ തങ്ങൾക്ക് ഒന്നും ചെലവഴിക്കാൻ കൈയിലില്ലെന്നതിലും, (അവർക്ക് നൽകാൻ) താങ്കൾക്ക് ഒരു വാഹനം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതിലുമുള്ള ദുഃഖത്താൽ കണ്ണുനീർ വാർത്തുകൊണ്ടാണ് അവർ തിരിച്ചു പോയത്.

(93) ഒഴിവുകഴിവിന് അർഹരായവരെ ശിക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ല എന്ന് വ്യക്തമാക്കിയ ശേഷം ശിക്ഷക്ക് അർഹരാവുന്നവരെ കുറിച്ച് (അല്ലാഹു) പറയുന്നു: പ്രവാചകരേ, ജിഹാദിന് വേണ്ട സന്നാഹങ്ങൾ ഒരുക്കാൻ കഴിവുണ്ടായിരിക്കെ താങ്കളോട് ജിഹാദിൽ നിന്ന് പിന്തിനിൽക്കാൻ അനുവാദം ചോദിക്കുന്നവരാകുന്നു അവർ. അവരാണ് ശിക്ഷിക്കപ്പെടാൻ അർഹതയുള്ളവർ. വീടുകളിൽ ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളോടൊപ്പം കൂടി സ്വയം നിന്ദ്യതയിലും പതിത്വത്തിലും തൃപ്തി അടയുകയും ചെയ്തിരിക്കുന്നു അവർ. അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്ര വെച്ചിരിക്കുന്നു. അതിനാൽ ഉപദേശം അവരിൽ സ്വാധീനം ചെലുത്തുകയില്ല. അതിനാൽ തന്നെ നല്ലത് തിരഞ്ഞെടുക്കാൻ അവരുടെ നന്മ ഏതിലാണെന്നോ, ചീത്ത വർജ്ജിക്കാൻ അവർക്ക് ദോഷമായവ ഏതിലാണെന്നോ അവർക്കറിയില്ല.

(94) മുസ്ലിങ്ങൾ മടങ്ങിവന്നപ്പോൾ ജിഹാദിൽ നിന്നും പിന്തിനിന്ന കപടവിശ്വാസികൾ ദുർബലമായ ഒഴിവുകഴിവുകൾ ബോധിപ്പിക്കുന്നു. അവർക്ക് മറുപടി പറയാൻ അല്ലാഹു നബിയോടും മുഅ്മിനുകളോടും നിർദേശിക്കുന്നു: കളവായ ഒഴികഴിവുകൾ നിങ്ങൾ ബോധിപ്പിക്കേണ്ടതില്ല; നിങ്ങൾ പറയുന്നത് ഞങ്ങൾ വിശ്വസിക്കുകയേയില്ല. നിങ്ങളുടെ മനസ്സുകളിലുള്ള ചിലത് അല്ലാഹു ഞങ്ങളെ അറിയിച്ചിട്ടുണ്ട്.നിങ്ങൾ പശ്ചാത്തപിക്കുകയും, അങ്ങനെ അല്ലാഹു ആ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുമോ എന്നും അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ കാപട്യത്തിൽ തുടരുമോ എന്നും അല്ലാഹുവും അവൻ്റെ ദൂതനും കാണുന്നതുമാണ്. ശേഷം എല്ലാം അറിയുന്ന അല്ലാഹുവിലേക്ക് നിങ്ങൾ മടക്കപ്പെടുകയും നിങ്ങൾ ചെയ്തത് അവൻ നിങ്ങളെ അറിയിക്കുകയും അതിന് നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.അതിനാൽ പശ്ചാത്താപത്തിലേക്കും സൽക്കർമ്മങ്ങളിലേക്കും നിങ്ങൾ ധൃതികാണിക്കുക.

(95) മുഅ്മിനുകളേ, നിങ്ങൾ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാൽ പിന്തിനിന്നവർ നിങ്ങളോട് അവരുടെ നിരർത്ഥകമായ കളവിനെ ഉറപ്പിക്കാനായി അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്യും. നിങ്ങൾ അവരെ ആക്ഷേപിക്കുന്നതിൽ നിന്നും കുറ്റപ്പെടുത്തുന്നതിൽ നിന്നും വിട്ടു ഒഴിഞ്ഞുകളയുവാൻ വേണ്ടിയത്രെ അത്. വെറുപ്പുള്ളവർ ഒഴിവാക്കിവിടുന്നതെങ്ങനെയാണോ അപ്രകാരം അവരെ നിങ്ങൾ ഒഴിവാക്കുകയും വെടിയുകയും ചെയ്യുക. തീർച്ചയായും ഉള്ളകം വൃത്തികെട്ടവരാകുന്നു അവർ. അവരുടെ സങ്കേതം നരകമത്രെ. അവർ പ്രവർത്തിച്ച് കൊണ്ടിരുന്ന കാപട്യത്തിനും പാപത്തിനുമള്ള പ്രതിഫലമാണത്

(96) അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചവരേ, പിന്തിനിന്നവർ നിങ്ങളോട് സത്യം ചെയ്യുന്നത് നിങ്ങൾക്ക് അവരെപ്പറ്റി തൃപ്തിയാവാനും അവർ പറയുന്ന ഒഴികഴിവുകൾ നിങ്ങൾ സ്വീകരിക്കാനും വേണ്ടിയാണ്. നിങ്ങൾ അവരെ തൃപ്തിപ്പെടരുത്. ഇനി നിങ്ങൾക്ക് അവരെപ്പറ്റി തൃപ്തിയായാൽ നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് എതിരാവും. കാപട്യവും അവിശ്വാസവുമായി അവനെ ധിക്കരിക്കുന്ന ഒരു വിഭാഗത്തെ അല്ലാഹു തൃപ്തിപ്പെടുകയില്ല. അതിനാൽ - വിശ്വാസികളേ - അല്ലാഹു തൃപ്തിപ്പെടാത്തവരെ തൃപ്തിപ്പെടുന്നതിനെ നിങ്ങൾ സൂക്ഷിക്കുക.

(97) അഅ്റാബികൾ (മരുഭൂവാസികൾ) അവിശ്വാസവും കാപട്യവുമുള്ളവരായാൽ നഗരവാസികളായ മറ്റുള്ളവരെക്കാൾ കൂടുതൽ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. ദീനിനെക്കുറിച്ച് അജ്ഞരാവാൻ കൂടുതൽ അർഹരുമാണവർ. അവരുടെ പരുഷതയും മറ്റുള്ളവരുമായി കൂടിക്കലരാതിരിക്കുന്നതും നിമിത്തം അല്ലാഹു അവൻ്റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്ത നിർബന്ധമായ കാര്യങ്ങളും ഐച്ഛികമായവയും നിയമവ്യവസ്ഥകളും അറിയാതിരിക്കാൻ കൂടുതൽ തരപ്പെട്ടവരുമാണവർ. അല്ലാഹു അവരുടെ അവസ്ഥകൾ എല്ലാം അറിയുന്നവനാകുന്നു. അവന്ന് അതിലൊന്നും തന്നെ മറഞ്ഞുപോകുകയില്ല. തൻ്റെ നിയന്ത്രണത്തിലും നിയമനിർമാണത്തിലും യുക്തിമാനുമാകുന്നു അവൻ.

(98) കപടവിശ്വാസികളായ മരുഭൂവാസികളിൽ തങ്ങൾ ദാനമായി അല്ലാഹുവിൻറെ മാർഗ്ഗത്തിൽ ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുന്നവരുണ്ട്. ചെലവഴിച്ചാൽ പ്രതിഫലം നൽകപ്പെടുകയില്ലെന്നും ചെലവഴിക്കാതിരുന്നാൽ അല്ലാഹു ശിക്ഷിക്കുകയില്ലെന്നും ധരിക്കുന്നത് കാരണമാണത്. എന്നാൽ ലോകമാന്യത്തിനും അവിശ്വാസം മറച്ചുവെക്കാനും ചിലപ്പോൾ ചെലവഴിക്കുകയും ചെയ്യും അവർ. നിങ്ങൾക്ക് -വിശ്വാസികൾക്ക് - വിപത്തുകൾ വരുന്നത് അവർ കാത്തിരിക്കുന്നു. എങ്കിൽ നിങ്ങളിൽ നിന്ന് അവർക്ക് രക്ഷപ്പെടാമായിരുന്നു. വിശ്വാസികൾക്ക് ബാധിക്കാൻ അവർ ആഗ്രഹിക്കുന്ന കെടുതികളും വിപത്തുകളും അവരുടെ മേൽ തന്നെ അല്ലാഹു ആക്കിയിരിക്കുന്നു. അല്ലാഹു അവർ പറയുന്നതെല്ലാം കേൾക്കുന്നവനും മനസ്സിൽ സൂക്ഷിക്കുന്നതെല്ലാം അറിയുന്നവനുമത്രെ.

(99) അല്ലാഹുവിലും ഖിയാമത്ത് നാളിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്ന ധനം അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിൻ്റെ പ്രാർത്ഥനയും പാപമോചനവും കൊണ്ട് വിജയിക്കാനുള്ള മാർഗ്ഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്റാബികളുടെ കൂട്ടത്തിലുണ്ട്. അറിയുക: തീർച്ചയായും അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ചെലവഴിക്കലും അവർക്ക് വേണ്ടിയുള്ള റസൂലിൻ്റെ പ്രാർത്ഥനയും അവർക്ക് അല്ലാഹുവിങ്കൽ സാമീപ്യം നൽകുന്നതാണ്. അവൻ്റെ സ്വർഗ്ഗവും പാപമോചനവും ഉൾക്കൊള്ളുന്ന വിശാലമായ തൻ്റെ കാരുണ്യത്തിൽ പ്രവേശിപ്പിച്ച് അവൻ അതിന് പ്രതിഫലം നൽകുന്നതാണ്. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിക്കുന്നവർക്ക് പൊറുത്ത് കൊടുക്കുന്നവനും അവരോട് കരുണയുള്ളവനുമാകുന്നു

(100) മുഹാജിറുകളിൽ നിന്ന് ആദ്യമായി വിശ്വാസത്തിലേക്ക് മുന്നോട്ട് വരികയും നാടും വീടും ഒഴിവാക്കി അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ ഹിജ്റ പോകുകയും ചെയ്തവരും, അവൻ്റെ നബിയെ സഹായിച്ച അൻസാറുകളും, വിശ്വാസത്തിലും കർമ്മത്തിലും വാക്കുകളിലും സുകൃതം ചെയ്തുകൊണ്ട് മുഹാജിറുകളെയും അൻസാറുകളെയും പിന്തുടർന്നവരുമാരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനാവുകയും അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അവൻ അവർക്ക് നൽകിയ മഹത്തായ പ്രതിഫലം നിമിത്തം അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. കൊട്ടാരങ്ങൾക്ക് താഴെ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗ്ഗത്തോപ്പുകൾ അവർക്ക് അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. ആ പ്രതിഫലമാകുന്നു മഹത്തായ വിജയം.

(101) നിങ്ങളുടെ ചുറ്റും താമസിക്കുന്ന മരുഭൂവാസികളുടെ കൂട്ടത്തിലും, മദീനക്കാരുടെ കൂട്ടത്തിലും കപടവിശ്വാസത്തിൽ നിലയുറപ്പിക്കുന്നവരും അതിൽ കടുത്തുപോയവരുമുണ്ട്. നബിയേ, താങ്കൾക്ക് അവരെ അറിയില്ല. അല്ലാഹുവാണ് അവരെക്കുറിച്ചറിയുന്നവൻ. രണ്ട് പ്രാവശ്യം അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്. ഒരു പ്രാവശ്യം ഇഹലോകത്ത് വെച്ച് അവരുടെ കാപട്യം വെളിവാക്കിയും, കൊലയും ബന്ധനവും മുഖേനയും, രണ്ടാമത് ഖബ്ർശിക്ഷ കൊണ്ട് പരലോകത്തും. പിന്നീട് ഖിയാമത്ത് നാളിൽ നരകത്തിൻ്റെ അടിത്തട്ടിലെ വമ്പിച്ച ശിക്ഷയിലേക്ക് അവർ തള്ളപ്പെടുന്നതുമാണ്

(102) ഒഴിവുകഴിവില്ലാതെ യുദ്ധത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിനിന്ന ചിലർ മദീനയിലുണ്ട്. അവർക്ക് ഒഴിവുകഴിവുകളില്ലെന്ന് സ്വയം അംഗീകരിക്കുകയും തെറ്റായ ഒഴികഴിവുകൾ കൊണ്ടുവരാതിരിക്കുകയും ചെയ്തവരാണവർ. അല്ലാഹുവിനെ അനുസരിക്കുക, അവൻ്റെ മതനിയമങ്ങൾ മുറുകെ പിടിക്കുക, അവൻ്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക തുടങ്ങിയ മുൻപ് അവർ ചെയ്തിട്ടുള്ള സൽക്കർമ്മങ്ങളെ, അല്ലാഹു പൊറുത്ത് കൊടുക്കാനും മാപ്പാക്കാനുമാഗ്രഹിക്കുന്ന വേറെ ദുഷ്കർമ്മവുമായി അവർ കൂട്ടികലർത്തിയിരിക്കുന്നു. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്ന അവൻ്റെ അടിമകളുടെ പാപം പൊറുക്കുന്നവനും അവരോട് കരുണയുള്ളവനുമാകുന്നു

(103) പ്രവാചകരേ, അവരെ പാപത്തിൻ്റെയും തെറ്റുകളുടെയും കറകളിൽ നിന്ന് ശുദ്ധീകരിക്കാനുതകുന്നതും, അവരുടെ നന്മകൾ വളർത്താനുതകുന്നതുമായ ദാനം (സകാത്ത്) അവരുടെ സ്വത്തുക്കളിൽ നിന്ന് നീ വാങ്ങുകയും, അതിന് ശേഷം അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും നിൻറെ പ്രാർത്ഥന അവർക്ക് സമാധാനവും കാരുണ്യവുമത്രെ. അല്ലാഹു നിൻ്റെ പ്രാർത്ഥന കേൾക്കുന്നവനും അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും അറിയുന്നവനുമാകുന്നു

(104) അവനിലേക്ക് പശ്ചാത്തപിക്കുന്നവരുടെ തൗബ അല്ലാഹു സ്വീകരിക്കുമെന്ന് ജിഹാദിൽ നിന്ന് പിന്തിനിൽക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തവർ അറിയട്ടെ. തീർച്ചയായും അവൻ ദാനങ്ങളെ ഏറ്റുവാങ്ങും; അവൻ അതാവശ്യമില്ലാത്ത ധന്യനുമാണ്. ദാനം ചെയ്യുന്നവരുടെ ദാനങ്ങൾക്ക് അവൻ പ്രതിഫലം നൽകും. അല്ലാഹു തന്നെയാണ് തൻ്റെ അടിമകളുടെ പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും അവരോട് കരുണ ചൊരിയുന്നവനും.

(105) (നബിയേ), ജിഹാദിൽ നിന്ന് പിന്തിനിൽക്കുകയും പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്തവരോട് പറയുക: നിങ്ങൾക്ക് നഷ്ടപ്പെട്ട കോട്ടം നിങ്ങൾ പരിഹരിക്കുകയും പ്രവർത്തനങ്ങൾ അല്ലാഹുവിന് നിഷ്കളങ്കമാക്കുകയും ചെയ്യുക.അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനം നിങ്ങൾ പ്രവർത്തിച്ച് കൊള്ളുക. അല്ലാഹുവും അവൻ്റെ ദൂതനും യഥാർത്ഥ വിശ്വാസികളും നിങ്ങളുടെ പ്രവർത്തനം കണ്ടുകൊള്ളും. എല്ലാം അറിയുന്നവനായ നിങ്ങളുടെ റബ്ബിൻ്റെ അടുക്കലേക്ക് ഖിയാമത്ത് നാളിൽ നിങ്ങൾ മടക്കപ്പെടും. നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവനറിയും. നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതും അതിന് പ്രതിഫലം നൽകുകയും ചെയ്യും.

(106) തബൂക്ക് യുദ്ധത്തിൽ നിന്ന് കാരണമില്ലാതെ പിന്തിനിന്ന ചിലരുണ്ട്. അല്ലാഹുവിൻ്റെ തീരുമാനത്തിനും വിധിക്കും കാത്തിരിക്കുന്നവരാണവർ. അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ വിധിക്കും: അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയില്ലെങ്കിൽ അവൻ അവരെ ശിക്ഷിക്കാം. അല്ലെങ്കിൽ പശ്ചാത്തപിച്ചാൽ പൊറുത്ത് കൊടുത്തേക്കാം. ശിക്ഷ അർഹിക്കുന്നവരെയും മാപ്പർഹിക്കുന്നവരെയും അല്ലാഹുവിന്നറിയാം. തൻ്റെ നിയന്ത്രണത്തിലും നിയമങ്ങളിലും യുക്തിജ്ഞനത്രെ അവൻ. ഇവിടെ പരാമർശിക്കപ്പെട്ടവർ: മുറാറത്തുബ്നു റബീഅ്, കഅ്ബുബ്നു മാലിക്, ഹിലാലുബ്നു ഉമയ്യഃ എന്നിവരാകുന്നു.

(107) മുസ്ലിങ്ങൾക്ക് ദ്രോഹമായും അല്ലാഹുവിനോടുള്ള ധിക്കാരമായും, കപട വിശ്വാസികൾക്ക് ശക്തിപകർന്ന് അവിശ്വാസം പ്രകടമാക്കാനും, വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയും, പള്ളിയുണ്ടാക്കുന്നതിന് മുമ്പുതന്നെ അല്ലാഹുവോടും അവൻ്റെ ദൂതനോടും യുദ്ധം ചെയ്തവർക്ക് താവളമുണ്ടാക്കികൊടുക്കുവാൻ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും കപടന്മാരുടെ കൂട്ടത്തിലുണ്ട്. ഞങ്ങൾ മുസ്ലിംകൾക്ക് നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് ആ കപടവിശ്വാസികൾ നിങ്ങളോട് ആണയിട്ട് പറയുകയും ചെയ്യും. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു

(108) (നബിയേ,) അപ്രകാരമുള്ള മസ്ജിദിൽ നിസ്കരിക്കാനുള്ള കപടവിശ്വാസികളുടെ ക്ഷണത്തിന് നീ ഒരിക്കലും ഉത്തരം ചെയ്യരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്മേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഖുബാ പള്ളിയാണ് ഈ പള്ളിയേക്കാൾ നിന്നു നമസ്കരിക്കുവാൻ നിനക്ക് ഏറ്റവും അർഹതയുള്ളത്. അശുദ്ധിയിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും വെള്ളം കൊണ്ടും, പാപങ്ങളിൽ നിന്ന് പശ്ചാത്താപത്തിലൂടെയും തൗബയിലൂടെയും ശുദ്ധികൈവരിക്കുവാൻ ഇഷ്ടപ്പെടുന്ന ചില ആളുകൾ ഖുബാ പള്ളിയിലുണ്ട്. അശുദ്ധിയിൽ നിന്നും അഴുക്കിൽ നിന്നും പാപങ്ങളിൽ നിന്നും ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു

(109) അല്ലാഹുവിൻ്റെ കൽപ്പനകൾ ശിരസ്സാവഹിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവിലുള്ള ഭക്തിയിന്മേലും, സൽപ്രവർത്തനങ്ങളുടെവിശാലത കൊണ്ട് അല്ലാഹുവിൻ്റെ തൃപ്തിക്ക് വേണ്ടി പ്രവർത്തിച്ചും തൻ്റെ കെട്ടിടം സ്ഥാപിച്ചവനും, മുസ്ലിങ്ങൾക്കിടയിൽ കുഴപ്പമുണ്ടാക്കാനും ഭിന്നത സൃഷ്ടിക്കാനും അവിശ്വാസത്തിന് ശക്തിപകരാനും പള്ളിയുണ്ടാക്കിയവരും സമമാകുമോ ? ഒരിക്കലുമില്ല തന്നെ. ഒന്നാമത്തെത് ശക്തവും വീഴ്ച ഭയപ്പെടേണ്ടതില്ലാത്ത വിധം പരസ്പരം ചേർന്ന് നിൽക്കുന്നതുമാണ്. മറ്റേത് കുഴിയുടെ വക്കത്ത് കെട്ടിടം സ്ഥാപിച്ച് അത് തകർന്ന് വീണവനെപ്പോലെയാണ്. തന്നെയും കൊണ്ട് ആ കെട്ടിടം പതിച്ചത് നരകാഗ്നിയിലാണ്. അവിശ്വാസവും കാപട്യവും മറ്റുമുള്ള ഒരു ജനതയെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല.

(110) അവർ സ്ഥാപിച്ച അവരുടെ പള്ളി അവരുടെ ഹൃദയങ്ങളിൽ നിലനിൽക്കുന്ന കപടതയും, സംശയവും, വിപത്തുമായി മരണം അവരുടെ ഹൃദയങ്ങളെ കഷ്ണം കഷ്ണമാക്കുന്നത് വരെയോ വാൾ കൊണ്ട് കൊല്ലപെടുന്നത് വരെയോ തുടരുന്നതാണ്. അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവനാകുന്നു. തൻ്റെ വിധിതീർപ്പിൽ യുക്തിയുള്ളവനുമാകുന്നു അല്ലാഹു. അത് നന്മക്കോ അല്ലെങ്കിൽ തിന്മക്കോ ഉള്ള പ്രതിഫലമാകട്ടെ.

(111) തീർച്ചയായും മുഅ്മിനുകളുടെ പക്കൽ നിന്ന്, സ്വർഗ്ഗമെന്ന ഉയർന്ന വിലക്ക് പകരമായി അവരുടെ ദേഹങ്ങളെ - അവരെല്ലാം അവൻ്റെതായിട്ട് കൂടി; അവനിൽ നിന്നുള്ള അനുഗ്രഹമായി - അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിൻ്റെ വചനം ഉന്നതമായിത്തീരാൻ അവിശ്വാസികളോട് യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കാഫിറുകളെ കൊല്ലുകയും കാഫിറുകളുടെ കയ്യാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. മൂസാ നബിയുടെ തൗറാത്തിലും ഈസാ നബിയുടെ ഇൻജീലിലും മുഹമ്മദ് നബി(ﷺ)യുടെ ഖുർആനിലും തൻ്റെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാൾ തൻ്റെ കരാർ നിറവേറ്റുന്നവനായി മറ്റാരുമില്ല. അതിനാൽ മുഅ്മിനുകളേ, നിങ്ങൾ അല്ലാഹുവുമായി നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുകയും ആഹ്ളാദിക്കുകയും ചെയ്യുക. അതിൽ നിങ്ങൾ വമ്പിച്ച ലാഭം കൊയ്തിരിക്കുന്നു. ആ ഇടപാടിനാണ് മഹത്തായ വിജയമുള്ളത്.

(112) ഈ പ്രതിഫലത്തിന് അർഹരായിട്ടുള്ളവർ അല്ലാഹു വെറുക്കുകയും കോപിക്കുകയും ചെയ്യുന്നതിൽ നിന്ന്, അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് മടങ്ങിയവരും, അല്ലാഹുവിനെ ഭയപ്പെടുന്നവരും അവന് വിനയപ്പെട്ട് അവനെ അനുസരിക്കുന്നതിൽ പരിശ്രമിക്കുന്നവരും, എല്ലായ്പോഴും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരും, വ്രതമനുഷ്ഠിക്കുകയും, നമസ്കരിക്കുകയും, അല്ലാഹുവും റസൂലും കൽപ്പിച്ചത് കൽപ്പിക്കുന്നവരും വിരോധിച്ചത് വിരോധിക്കുന്നവരും, അല്ലാഹുവിൻ്റെ കൽപനകളെ സൂക്ഷിക്കുന്നവരും വിരോധങ്ങളെ വെടിയുന്നവരുമാകുന്നു. നബിയേ, ഈ വിശേഷങ്ങൾക്ക് അർഹരായിട്ടുള്ള സത്യവിശ്വാസികൾക്ക് ഇഹലോകത്തും പരലോകത്തും സന്തോഷകരമായതുണ്ട് എന്ന അവരെ അറിയിക്കുക.

(113) ശിർക്ക് ചെയ്ത് മരണപ്പെട്ടതിനാൽ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണ് ബഹുദൈവവിശ്വാസികൾ എന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവർക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുവാൻ - അവർ അടുത്ത ബന്ധമുള്ളവരായാൽ പോലും - പ്രവാചകനും സത്യവിശ്വാസികൾക്കും പാടുള്ളതല്ല

(114) ഇബ്രാഹീം തൻ്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം മുസ്ലിമാവണം എന്ന ആഗ്രഹത്താൽ താങ്കൾക്ക് വേണ്ടി ഞാൻ പാപമോചനം തേടും എന്ന് വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാൽ പിതാവ് തൻ്റെ ഉപദേശം സ്വീകരിക്കാത്തതിനാലോ അല്ലെങ്കിൽ പിതാവ് അവിശ്വാസിയായാണ് മരണപ്പെടുക എന്ന് വഹ്'യ് മുഖേന അറിഞ്ഞതിനാലോ അല്ലാഹുവിൻ്റെ ശത്രുവാണെന്ന് ഇബ്റാഹീമിന് വ്യക്തമായപ്പോൾ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു. പിതാവിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പാപമോചനം അദ്ദേഹത്തിൻ്റെ ഇജ്തിഹാദ് (അദ്ദേഹം ശരിയെന്ന് മനസിലാക്കി ചെയ്തത്) മാത്രമായിരുന്നു. അല്ലാഹുവിൻ്റെ വഹ്യിന് എതിരാവാനായിരുന്നില്ല. തീർച്ചയായും ഇബ്രാഹീം ധാരാളമായി അല്ലാഹുവിലേക്ക് കേണുമടങ്ങുന്നയാളും അക്രമികളായ തൻ്റെ ജനതക്ക് മാപ്പ് നൽകുന്നവനുമായിരുന്നു.

(115) ഒരു ജനതക്ക് മാർഗദർശനം നൽകി അവർ വർജ്ജിക്കേണ്ട നിഷിദ്ധങ്ങൾ വ്യക്തമാക്കി കൊടുക്കുന്നത് വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. നിഷിദ്ധങ്ങൾ വ്യക്തമാക്കിയ ശേഷവും അവരത് പ്രവർത്തിച്ചാൽ അവരെ പിഴച്ചവരായി ഗണിക്കും. തീർച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു, ഒന്നും അവന് ഗോപ്യമാവുകയില്ല തന്നെ. നിങ്ങൾ അറിയാത്തത് അവൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.

(116) നിശ്ചയമായും അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യം. അവയിൽ അവന് പങ്കുകാരില്ല. അവയിൽ നിന്ന് ഒന്നും അവനെ തൊട്ട് ഗോപ്യമാവുകയുമില്ല. അവനുദ്ദേശിക്കുന്നവരെ അവൻ ജീവിപ്പിക്കുകയും, അവനുദ്ദേശിക്കുന്നവരെ മരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളേ, നിങ്ങൾക്ക് അല്ലാഹുവെ കൂടാതെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കുന്ന ഒരു കൈകാര്യ കർത്താവോ, നിങ്ങളിൽ നിന്ന് തിന്മകൾ തടയുകയും ശത്രുക്കളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന ഒരു സഹായിയോ ഇല്ലതാനും

(117) തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തി നിൽക്കുവാൻ കപടവിശ്വാസികൾക്ക് അനുമതി നൽകിയ മുഹമ്മദ് നബിﷺക്ക് അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ട്. കഠിനമായ ചൂടും, ശത്രുക്കളുടെ ശക്തിയും, വിഭവ ദാരിദ്ര്യവുമുണ്ടായിട്ടും തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തിരിയാതിരുന്ന - അവരിൽ നിന്ന് ഒരു വിഭാഗം സന്ദർഭത്തിൻ്റെ കാഠിന്യം കാരണം യുദ്ധം ഒഴിവാക്കാൻ ഉദ്ദേശിച്ച ശേഷം - മുഹാജിറുകളുടെയും അൻസാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു . എന്നിട്ട് ഉറച്ചു നിൽക്കാനും യുദ്ധത്തിന് പുറപ്പെടാനും അല്ലാഹു അവരെ അനുഗ്രഹിക്കുകയും അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു.തീർച്ചയായും, അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു. പശ്ചാത്തപിക്കാൻ അനുഗ്രഹിച്ചു എന്നതും അത് അവരിൽ നിന്നും സ്വീകരിച്ചു എന്നതും അവൻ്റെ കാരുണ്യത്തിൽ പെട്ടതത്രെ.

(118) തബൂക്ക് യുദ്ധത്തിൽ നബി (ﷺ) യോടൊപ്പം പുറപ്പെടുന്നതിൽ നിന്ന് പിന്തിനിന്നതിന് ശേഷം പശ്ചാത്താപം സ്വീകരിക്കാൻ താമസിക്കുകയും പിന്നേക്ക് മാറ്റിവെക്കുകയും ചെയ്യപ്പെട്ട കഅ്ബുബ്നു മാലിക്, മുറാറ ബ്നു റബീഅ്, ഹിലാലുബ്നു ഉമയ്യഃ എന്നീ മൂന്ന് പേരുടെയും പശ്ചാത്താപം അല്ലാഹു സ്വീകരിച്ചിരിക്കുന്നു. നബി (ﷺ) അവരെ വിട്ട് നിൽക്കാൻ ജനങ്ങളോട് കൽപ്പിച്ചിരുന്നു. അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവർക്ക് ഇടുങ്ങിയതായിത്തീരുന്ന തരത്തിൽ അവർക്ക് വിഷമവും ദുഃഖവും ബാധിച്ചു. ഏകാന്തത കാരണം തങ്ങളുടെ മനസ്സുകൾ തന്നെ അവർക്ക് ഞെരുങ്ങിപ്പോയി. അല്ലാഹുവിങ്കൽ നിന്ന് രക്ഷതേടുവാൻ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു. അപ്പോൾ അല്ലാഹു പശ്ചാത്താപത്തിന് അനുഗ്രഹിച്ചുകൊണ്ട് അവരോട് കാരുണ്യം കാണിക്കുകയും അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു തൻ്റെ അടിമകളോട് ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

(119) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ പ്രവാചകനെ പിൻപറ്റുകയും അവൻ്റെ മത നിയമങ്ങളനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും വിരോധങ്ങൾ വെടിഞ്ഞും അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക. വിശ്വാസത്തിലും വാക്കുകളിലും പ്രവർത്തനങ്ങളിലും സത്യവാന്മാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക. സത്യസന്ധതയിലല്ലാതെ നിങ്ങൾക്ക് വിജയമില്ല.

(120) മദീനക്കാർക്കും അവരുടെ ചുറ്റുമുള്ള മരുഭൂവാസികൾക്കും അല്ലാഹുവിൻ്റെ ദൂതൻ യുദ്ധത്തിന് പുറപ്പെട്ടാൽ അതിൽ നിന്ന് പിന്മാറി നിൽക്കാനോ, സ്വയം പിശുക്ക് കാണിക്കാനോ, അദ്ദേഹത്തിൻ്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ സ്വന്തം കാര്യങ്ങളിൽ താല്പര്യം കാണിക്കാനോ പാടുള്ളതല്ല. മറിച്ച്, അവർ സ്വശരീരത്തെ പ്രവാചകനെ സംരക്ഷിക്കാൻ ബലികഴിക്കണം. അതെന്തുകൊണ്ടെന്നാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ അവർക്ക് ദാഹമോ ക്ഷീണമോ വിശപ്പോ നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവർ കാൽ വെക്കുകയോ, ശത്രുവിനെ വധിക്കുക, ബന്ദിയാക്കുക, പരാജയം ഏൽപിക്കുക, ഗനീമത്തുകൾ ലഭിക്കുക തുടങ്ങിയവ സംഭവിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവർക്ക് ഒരു സൽകർമ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീർച്ചയായും സുകൃതം ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല. മറിച്ച്, പൂർണമായി അവൻ അവർക്കത് നൽകുകയും അതിലുപരി വർദ്ധിപ്പിക്കുകയും ചെയ്യും.

(121) ചെറുതോ വലുതോ ആയ സമ്പത്ത് അവർ ചെലവഴിക്കുന്നതും, വല്ല താഴ്വരയും അവർ മുറിച്ചുകടന്ന് പോകുന്നതും, അങ്ങനെയുള്ള അവരുടെ അധ്വാനവും യാത്രയുമെല്ലാം അവർക്ക് പ്രതിഫലം നൽകാനുള്ള പുണ്യകർമ്മമായി രേഖപ്പെടുത്തപ്പെടും. അങ്ങനെ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അത്യുത്തമമായ കാര്യത്തിന് പരലോകത്ത് അല്ലാഹു അവർക്ക് പ്രതിഫലം നൽകുന്നതുമാണ്

(122) സത്യവിശ്വാസികൾ ആകമാനം യുദ്ധത്തിന്ന് പുറപ്പെടാവതല്ല, ശത്രുക്കൾ വിജയിച്ചാൽ സത്യവിശ്വാസികൾ വേരോടെ പിഴുതെറിയപ്പെടാതിരിക്കാനാണത്. എന്നാൽ അവരിലെ ഒരു സംഘം പുറപ്പെട്ട് പോയിക്കൂടേ ? എങ്കിൽ ബാക്കിയുള്ളവർക്ക് നബിയോടൊപ്പം നിന്ന് ഖുർആനിൽ നിന്നും മതനിയമങ്ങളിൽ നിന്നും കേട്ട് മതകാര്യങ്ങളിൽ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകൾ അവരുടെ അടുത്തേക്ക് തിരിച്ചുവന്നാൽ അവർ പഠിച്ച കാര്യങ്ങളിൽ അവർക്ക് താക്കീത് നൽകുവാനും കഴിയും. അല്ലാഹുവിൻ്റെ കൽപനകളെ അനുസരിച്ചും വിരോധങ്ങളെ വെടിഞ്ഞും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചു കൊണ്ടത്രേ അത്. ഇത് പ്രവാചകൻ പല പ്രദേശത്തേക്കും തൻ്റെ അനുയായികളിൽ നിന്ന് തെരഞ്ഞെടുത്ത് നിയോഗിക്കാറുണ്ടായിരുന്ന സംഘങ്ങളെ സംബന്ധിച്ചാണ്.

(123) അടുത്ത് താമസിക്കുന്ന കാഫിറുകളോട് യുദ്ധം ചെയ്യാൻ മുഅ്മിനുകളോട് അല്ലാഹു കൽപ്പിക്കുന്നു. അവർ അടുത്തുള്ളത് മുഅ്മിനുകൾക്ക് അപകടത്തിന് കാരണമാകുമെന്നതിനാലാണത്. അപ്രകാരം അവരെ ഭയപ്പെടുത്താനും അവരുടെ ഉപദ്രവം തടയാനും, ശക്തിയും കാഠിന്യവും പ്രകടിപ്പിക്കുകയും ചെയ്യാനും കൽപ്പിക്കുന്നു. അല്ലാഹു അവൻ്റെ സഹായം കൊണ്ടും ശക്തിപ്പെടുത്തൽ കൊണ്ടും സൂക്ഷ്മത പാലിക്കുന്ന മുഅ്മിനുകളോടൊപ്പമാണ്.

(124) നബി (ﷺ) ക്ക് അല്ലാഹു ഒരു സൂറത്ത് അവതരിപ്പിച്ചാൽ കപടവിശ്വാസികളിൽ ചിലർ പരിഹസിച്ചുകൊണ്ട് ചോദിക്കും: നിങ്ങളിൽ ആർക്കാണ് ഈ അവതരിപ്പിക്കപ്പെട്ട സൂറത്ത് കൊണ്ട് മുഹമ്മദ് കൊണ്ടുവന്നതിൽ വിശ്വാസം വർദ്ധിച്ചത് ? എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകനെ സത്യപ്പെടുത്തുകയും ചെയ്തവർക്ക് സൂറത്ത് അവതരിക്കുന്നത് മുഖേന അവരുടെ നേരേയാതെയുണ്ടായിരുന്ന വിശ്വാസത്തോടൊപ്പം വീണ്ടും വിശ്വാസം വർദ്ധിപ്പിക്കുക തന്നെയാണ് ചെയ്തത്. വഹ്'യ് അവതരിച്ചതിൽ അവർ സന്തോഷം കൊള്ളുകയും ചെയ്യുന്നു; അതിൽ ഇഹലോകത്തും പരലോകത്തും അവർക്കുപകാരമുള്ളതാണുള്ളത്.

(125) എന്നാൽ വിധികളും കഥകളുമായി ഖുർആൻ അവതരിച്ചത് കപടവിശ്വാസികൾക്ക് - അവർ അതിൽ അവിശ്വസിക്കുന്നത് നിമിത്തം - അവരുടെ രോഗവും ദുഷ്ടതയും വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ഖുർആൻ അവതരിപ്പിക്കപ്പെടുന്നതിനനുസരിച്ച് അവരുടെ ഹൃദയ രോഗങ്ങൾ വർദ്ധിക്കുന്നു. കാരണം, ഓരോന്നും ഇറങ്ങുമ്പോഴും അവരതിൽ സംശയിക്കുകയും അവിശ്വാസത്തിൽ തന്നെ അവർ മരണമടയുകയും ചെയ്യുന്നു.

(126) ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ അവരുടെ അവസ്ഥ വ്യക്തമാക്കിയും കാപട്യം വെളിപ്പെടുത്തിയും അല്ലാഹു അവരെ പരീക്ഷിക്കുന്നു എന്ന് അവർ കാണുന്നില്ലേ? അല്ലാഹു അങ്ങിനെ ചെയ്യുന്നു എന്നറിഞ്ഞിട്ടും അവരുടെ അവിശ്വാസത്തിൽ നിന്ന് അവർ ഖേദിച്ചുമടങ്ങുകയോ കാപട്യം അവസാനിപ്പിക്കുകയോ ചെയ്യുന്നില്ല. അവർക്ക് ബാധിച്ചത് അല്ലാഹുവിൽ നിന്നാണെന്ന് അവർ ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.

(127) ഏതെങ്കിലും ഒരു അദ്ധ്യായം കപടവിശ്വാസികളുടെ അവസ്ഥ വിവരിക്കുന്ന ആയത്തുകളുമായി അവതരിപ്പിക്കപ്പെട്ടാൽ കപടവിശ്വാസികളിൽ ചിലർ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തിൽ നോക്കും. ആരും കാണുന്നില്ലെങ്കിൽ അവർ സദസ്സിൽ നിന്ന് തിരിഞ്ഞുപോവുകയും ചെയ്യും. അവർ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാൽ അല്ലാഹു അവരുടെ മനസ്സുകളെ നന്മയിൽ നിന്നും സന്മാർഗ്ഗത്തിൽ നിന്നും തിരിച്ചുകളഞ്ഞിരിക്കുകയാണ്.

(128) തീർച്ചയായും - അറബികളേ - നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള നിങ്ങളെ പോലെ അറബിയായ ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത് സഹിക്കാൻ കഴിയാത്തവനും, നിങ്ങൾ സന്മാർഗ്ഗത്തിലാവുന്ന കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുള്ളവനും, മുഅ്മിനുകളോട് പ്രത്യേകമായി അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം

(129) എന്നാൽ അവർ നിന്നിൽ നിന്ന് തിരിഞ്ഞുകളയുകയും നീ കൊണ്ടുവന്നതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം (നബിയേ,) പറയുക: എനിക്ക് അല്ലാഹു മതി. യഥാർത്ഥത്തിൽ അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ്റെ മേൽ മാത്രമാണ് ഞാൻ ഭരമേൽപിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിൻറെ നാഥൻ