55 - Ar-Rahmaan ()

|

(1) അതിവിശാലമായ കാരുണ്യമുള്ളവനായ റഹ്മാൻ.

(2) മനപാഠമാക്കാൻ എളുപ്പമാക്കിയും, അർഥം മനസ്സിലാക്കാൻ സൗകര്യപ്പെടുത്തിയും അവൻ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു.

(3) മനുഷ്യനെ നേരായ രൂപത്തിൽ അവൻ സൃഷ്ടിച്ചു. അവൻ്റെ രൂപം അവൻ നന്നാക്കുകയും ചെയ്തു.

(4) മനസ്സിലുള്ളത് പറഞ്ഞും എഴുതിയും ഫലിപ്പിക്കേണ്ടതെങ്ങനെ എന്നും അവൻ (മനുഷ്യനെ) പഠിപ്പിച്ചു.

(5) സൂര്യനെയും ചന്ദ്രനെയും അവൻ നിർണ്ണയിച്ചിരിക്കുന്നു. അവ രണ്ടും കൃത്യമായ കണക്കനുസരിച്ച് സഞ്ചരിക്കുന്നു. അതു വഴി മനുഷ്യർക്ക് വർഷങ്ങളുടെ എണ്ണവും കണക്കും അറിയാൻ കഴിയുന്നു.

(6) കൊമ്പില്ലാത്ത ചെടികളും, മറ്റു വൃക്ഷങ്ങളും അല്ലാഹുവിന് കീഴൊതുങ്ങിക്കൊണ്ടും, അവന് സമർപ്പിതരായും സാഷ്ടാംഘം (സുജൂദ്) ചെയ്യുന്നു.

(7) ആകാശത്തെ ഭൂമിക്കൊരു മേൽക്കൂരയായി അവൻ ഉയർത്തി നിർത്തിയിരിക്കുന്നു. ഭൂമിയിൽ അവൻ നീതി സ്ഥാപിക്കുകയും, അത് നിലനിർത്താൻ തൻ്റെ ദാസന്മാരോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു.

(8) (ഭൂമിയിൽ) അവൻ നീതി സ്ഥാപിച്ചത് -ജനങ്ങളേ- നിങ്ങൾ വഞ്ചന കാണിക്കാതിരിക്കാനും, അളവിലും തൂക്കത്തിലും ചതി പ്രയോഗിക്കാതിരിക്കാനുമാണ്.

(9) നിങ്ങൾക്കിടയിൽ പരസ്പരം നിങ്ങൾ നീതി നടപ്പിലാക്കുക. മറ്റുള്ളവർക്ക് അളന്നു കൊടുക്കുമ്പോൾ അളവിലോ തൂക്കത്തിലോ നിങ്ങൾ കുറവ് വരുത്തുകയും ചെയ്യരുത്.

(10) സൃഷ്ടികൾക്ക് വാസയോഗ്യമായ തരത്തിൽ ഭൂമിയെ അവൻ സംവിധാനിച്ചിരിക്കുന്നു.

(11) ഫലവർഹങ്ങൾ വിളയുന്ന വൃക്ഷങ്ങളും, ഈത്തപ്പഴം ഉൾക്കൊള്ളുന്ന കൂമ്പോളകളുള്ള ഈന്തപ്പനകളും ഭൂമിയിലുണ്ട്.

(12) ഗോതമ്പും ചോളവും പോലെ വൈക്കോലുള്ള ധാന്യങ്ങളും, നിങ്ങൾക്കിഷ്ടപ്പെടുന്ന സുഗന്ധമുള്ള മറ്റു ചെടികളുമുണ്ട്.

(13) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(14) ചുട്ട കളിമണ്ണ് പോലെ, മുട്ടിയാൽ മുഴക്കമുണ്ടാകുന്ന ഉണങ്ങിയ മണ്ണിൽ നിന്ന് അവൻ മനുഷ്യരുടെ പിതാവായ ആദം -عَلَيْهِ السَّلَامُ- നെ സൃഷ്ടിച്ചു.

(15) ജിന്നുകളുടെ പിതാവിനെ പുകയുടെ കലർപ്പില്ലാത്ത അഗ്നിയിൽ നിന്നും അവൻ സൃഷ്ടിച്ചു.

(16) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(17) ശൈത്യകാലത്തും വേനൽകാലത്തുമുള്ള സൂര്യൻ്റെ രണ്ട് ഉദയാസ്ഥമന സ്ഥാനങ്ങളുടെയും രക്ഷിതാവുമാകുന്നു അവൻ.

(18) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(19) അല്ലാഹു -ഉപ്പു രസമുള്ളതും ശുദ്ധമായതുമായ- രണ്ട് സമുദ്രങ്ങളെ കണ്ണുകൾക്ക് കാണാൻ കഴിയും വിധം കൂട്ടിക്കലർത്തിയിരിക്കുന്നു.

(20) അവ രണ്ടിനുമിടയിൽ പരസ്പരം അതിക്രമിച്ചു കടക്കാതിരിക്കാൻ ഒരു തടസ്സമുണ്ട്; ശുദ്ധമായ വെള്ളം അങ്ങനെയും, ഉപ്പുരസമുള്ളത് അതു പോലെയും തന്നെ നിലകൊള്ളുന്നതിന് വേണ്ടി.

(21) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(22) ഈ രണ്ട് സമുദ്രങ്ങളിൽ നിന്നും വലുതും ചെറുതുമായ മുത്തും പവിഴവും പുറത്തു വരുന്നു.

(23) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(24) സമുദ്രത്തിലൂടെ പർവ്വതം കണക്കെ സഞ്ചരിക്കുന്ന കപ്പലുകളുടെ നിയന്ത്രണം അവൻ്റെ കയ്യിൽ മാത്രമാകുന്നു.

(25) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(26) ഭൂമിക്ക് മുകളിലുള്ള എല്ലാ സൃഷ്ടികളും നശിക്കുന്നതാണ്; യാതൊരു സംശയവും അതിലില്ല.

(27) അല്ലാഹുവിൻ്റെ റസൂലേ! മഹത്വവും ഉദാരതയും സൃഷ്ടികൾക്ക് മേൽ ഔദാര്യവുമുള്ളവനായ, അങ്ങയുടെ രക്ഷിതാവിൻ്റെ മുഖം ബാക്കിയാകും; അവൻ ഒരിക്കലും നശിച്ചു പോവുകയില്ല.

(28) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(29) ആകാശങ്ങളിലുള്ള എല്ലാ മലക്കുകളും, ഭൂമിയിൽ വസിക്കുന്ന മനുഷ്യരും ജിന്നുകളും അവരുടെ ആവശ്യങ്ങൾ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. തൻ്റെ സൃഷ്ടികളുടെ കാര്യങ്ങൾ -മരണവും ജീവിതവും ഉപജീവനവും മറ്റുമെല്ലാം- നിയന്ത്രിച്ചു കൊണ്ട് എന്നും അവൻ കാര്യനിർവ്വഹണത്തിലാകുന്നു.

(30) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(31) അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ വിചാരണക്കായി നാം ഒഴിഞ്ഞിരിക്കുന്നതാണ്. അങ്ങനെ ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ പ്രതിഫലമോ ശിക്ഷയോ നാം നൽകുന്നതാണ്.

(32) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(33) പരലോകത്ത് അല്ലാഹു ജിന്നുകളെയും മനുഷ്യരെയും ഒരുമിച്ചു കൂട്ടിയാൽ അവരോട് പറയും: അല്ലയോ ജിന്നുകളെയും മനുഷ്യരുടെയും സമൂഹമേ! ആകാശങ്ങളുടെയും ഭൂമിയുടെയും ഏതെങ്കിലുമൊരു വശത്തിലൂടെ പുറത്തു കടക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ചെയ്തു കൊള്ളുക. എന്നാൽ പരിപൂർണ്ണ ശക്തിയും വ്യക്തമായ തെളിവുമില്ലാതെ നിങ്ങൾക്കത് കഴിയുകയില്ല. എവിടെ നിന്നാണ് നിങ്ങൾക്കത് ലഭിക്കുക?!

(34) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(35) അല്ലയോ ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ! നിങ്ങളുടെ നേർക്ക് നരകാഗ്നിയുടെ പുകയില്ലാത്ത തീജ്വാലയും, ജ്വാലയില്ലാത്ത പുകയും അയക്കപ്പെടും. അപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ രണ്ടു കൂട്ടർക്കും സാധിക്കുകയില്ല.

(36) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(37) മലക്കുകൾ ഇറങ്ങി വരുന്നതിനാൽ ആകാശം പൊട്ടിപ്പിളരുകയും, അങ്ങനെ അത് തിളങ്ങുന്ന എണ്ണ പോലെ ചുവന്ന നിറമാവുകയും ചെയ്താൽ.

(38) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(39) അന്നേ ദിവസം ഏതെങ്കിലും ജിന്നിനോടോ മനുഷ്യനോടോ അവൻ്റെ തിന്മകളെ കുറിച്ച് ചോദിക്കപ്പെടുകയില്ല; കാരണം അല്ലാഹുവിന് അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയാം.

(40) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(41) കുറ്റവാളികൾ അവരുടെ അടയാളത്താൽ -കറുത്തു കരുവാളിച്ച മുഖവും, തിമിരം ബാധിച്ച കണ്ണുകളും- കൊണ്ട് തിരിച്ചറിയപ്പെടും. അങ്ങനെ അവരുടെ കുടുമകൾ പിടിച്ച് കാലിലേക്ക് ചേർക്കപ്പെടുകയും, ആ രൂപത്തിൽ അവർ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും.

(42) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(43) ആക്ഷേപമായി അവരോട് പറയപ്പെടും: ഇതാ -അതിക്രമികൾ- അവരുടെ ഇഹലോക ജീവിതത്തിൽ നിഷേധിച്ചു തള്ളിയിരുന്ന നരകം. നിഷേധിക്കാൻ സാധിക്കാത്ത വണ്ണം അതവരുടെ കണ്മുന്നിൽ തന്നെയുണ്ട്.

(44) നരകത്തിലും തിളച്ചു മറിയുന്ന കടുത്ത ചൂടു വെള്ളത്തിലുമായി അവർ (നരകയാതന അനുഭവിച്ചു) കൊണ്ടിരിക്കും.

(45) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(46) തൻ്റെ രക്ഷിതാവിന് മുൻപിൽ, പരലോകത്ത് നിൽക്കേണ്ടി വരുമല്ലോ എന്ന ഭയത്തിൽ ജീവിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് രണ്ട് സ്വർഗത്തോപ്പുകളുണ്ട്.

(47) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(48) ഫലവർഗങ്ങൾ തരുന്ന, സുഖാനുഭവങ്ങളടങ്ങിയ, മഹത്തരമായ മരച്ചില്ലകൾ ഇടതിങ്ങിയ രണ്ട് സ്വർഗത്തോപ്പുകൾ.

(49) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(50) വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് അരുവികൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്.

(51) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(52) എല്ലാ പഴവർഗങ്ങളിൽ നിന്നും രണ്ട് ഇനങ്ങൾ അവിടെ (രണ്ട് സ്വർഗത്തോപ്പുകളിൽ) ഉണ്ട്.

(53) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(54) വിരിപ്പുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. അവയുടെ (വിരിപ്പുകളുടെ) ഉൾഭാഗങ്ങൾ കട്ടിയുള്ള പട്ടു കൊണ്ടായിരിക്കും. ആ രണ്ട് സ്വർഗങ്ങളിൽ നിന്ന് പറിച്ചെടുക്കാവുന്ന ഫലവർഗങ്ങളും പഴങ്ങളും നിൽക്കുന്നവർക്കും ഇരിക്കുന്നവർക്കും കിടക്കുന്നവർക്കുമെല്ലാം കൈ നീട്ടി പറിക്കാവുന്ന ദൂരത്തിൽ വളരെ അടുത്തായിരിക്കും.

(55) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(56) തങ്ങളുടെ ഇണകളെ മാത്രം നോക്കുന്ന, കന്യകത്വം നഷ്ടപ്പെട്ടിട്ടില്ലാത്ത, മനുഷ്യരോ ജിന്നോ സ്പർശിച്ചിട്ടില്ലാത്ത സ്ത്രീകൾ അവിടെയുണ്ടായിരിക്കും.

(57) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(58) ഭംഗിയിലും പരിശുദ്ധിയിലും അവർ മാണിക്യവും പവിഴവും പോലുണ്ടാകും.

(59) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(60) തൻ്റെ രക്ഷിതാവിനെ അനുസരിച്ച് കൊണ്ട് ജീവിതം നന്നാക്കിയവന്, അവൻ്റെ പ്രതിഫലം അല്ലാഹു ഏറ്റവും നന്നാക്കുക എന്നതല്ലാതെ മറ്റെന്ത് പ്രതിഫലമാണുള്ളത്?!

(61) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(62) ഈ രണ്ട് സ്വർഗങ്ങൾക്ക് പുറമെ വേറെ രണ്ട് സ്വർഗങ്ങൾ കൂടിയുണ്ട്.

(63) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(64) കടുത്ത പച്ചപ്പു നിറഞ്ഞ (രണ്ട് സ്വർഗത്തോപ്പുകൾ).

(65) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(66) വെള്ളം കുതിച്ചൊഴുകുന്ന രണ്ട് ഉറവകൾ ഈ രണ്ട് സ്വർഗത്തോപ്പുകളിലുമുണ്ട്. അവയിലെ ഒഴുക്ക് ഒരിക്കലും നിലക്കുകയില്ല.

(67) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(68) ഈ രണ്ട് സ്വർഗത്തോപ്പുകളിലും ധാരാളം പഴവർഗങ്ങളും, വലിയ ഈന്തപ്പനകളും, ഉറുമാൻ പഴവുമുണ്ട്.

(69) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(70) ആ സ്വർഗത്തോപ്പുകളിൽ ഉത്തമ സ്വഭാവമുള്ള, മനോഹര വദനങ്ങളുള്ള സ്ത്രീകളുണ്ട്.

(71) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(72) പരിശുദ്ധിയോടെ കൂടാരങ്ങളിൽ മറക്ക് പിന്നിൽ വസിക്കുന്ന വെളുത്ത തരുണികൾ.

(73) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(74) അവരുടെ ഇണകൾക്ക് മുൻപ് ഏതെങ്കിലും മനുഷ്യനോ ജിന്നോ അവർക്ക് അടുത്ത് വരിക പോലും ചെയ്തിട്ടില്ല.

(75) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(76) പച്ച തലയണയുറകളുള്ള തലയണകൾക്കും, അഴകുള്ള പരവതാനികൾക്കും മേൽ ചാരിയിരിക്കുന്നവരായി.

(77) അപ്പോൾ അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനവധി അനുഗ്രഹങ്ങളിൽ ഏതാണ് -മനുഷ്യരുടെയും ജിന്നുകളുടെയും സമൂഹമേ- നിങ്ങൾ നിഷേധിക്കുന്നത്?!

(78) മഹത്വവും ഔദാര്യവും ഉള്ളവനായ, അടിമകൾക്ക് മേൽ ധാരാളമായി നന്മ ചൊരിയുന്ന, നിൻ്റെ രക്ഷിതാവിൻ്റെ നാമം മഹത്വമുള്ളതും, ധാരാളം നന്മകളുള്ളതുമായിരിക്കുന്നു.