(1) അല്ലാഹു അവൻ്റെ റസൂലിനെ -ﷺ- പറഞ്ഞയച്ചതിന് ശേഷവും എന്തു കാര്യത്തെ കുറിച്ചാണ് ഈ മുശ്രിക്കുകൾ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്?
(2) അവർ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത് ഗൗരവതരമായ ആ വാർത്തയെ കുറിച്ചാണ്. പുനരുത്ഥാനത്തെ കുറിച്ചുള്ള വൃത്താന്തം ഉൾക്കൊള്ളുന്ന, അവരുടെ റസൂലിൻ്റെ മേൽ അവതരിച്ച ഈ ഖുർആനാകുന്നു ആ വാർത്ത.
(3) സിഹ്ർ എന്നോ കവിതയെന്നോ ജോത്സ്യമെന്നോ പഴമക്കാരുടെ പുരാണമെന്നോ; എന്തു വിശേഷണമാണ് നൽകുക എന്നതിൽ അവർ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ഈ ഖുർആൻ.
(4) അവർ ജൽപ്പിക്കുന്നത് പോലെയല്ല കാര്യം. ഖുർആനിനെ കളവാക്കിയ ഇക്കൂട്ടർ തങ്ങളുടെ നിഷേധത്തിൻ്റെ മോശമായ പര്യവസാനം എന്താണെന്ന് അറിയുക തന്നെ ചെയ്യും.
(5) അവർക്ക് പിന്നീട് അക്കാര്യം ഉറപ്പാവുക തന്നെ ചെയ്യും.
(6) അവർക്ക് സ്വസ്ഥമായി വസിക്കാൻ യോജ്യമായ നിലയിൽ ഭൂമിയെ നാം ഒരുക്കി കൊടുത്തില്ലേ?
(7) ഭൂമി ഇളകി പോകാതിരിക്കുന്നതിനായി നാം അതിന് മുകളിൽ ആണികളെ പോലെ നിലകൊള്ളുന്ന പർവ്വതങ്ങളെ നിശ്ചയിച്ചു
(8) അല്ലയോ ജനങ്ങളേ! പുരുഷന്മാരും സ്ത്രീകളുമായി നിങ്ങളെ നാം വ്യത്യസ്ത ഇനങ്ങളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
(9) നിങ്ങളുടെ ഉറക്കത്തെ ജോലിത്തിരക്കുകളിൽ നിന്നുള്ള വിശ്രമമായി നാം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
(10) രാത്രിയെ അതിൻ്റെ ഇരുട്ടിനാൽ നിങ്ങൾക്കൊരു മറയായി നാം നിശ്ചയിച്ചിരിക്കുന്നു; നഗ്നതകൾ മറക്കുന്ന നിങ്ങളുടെ വസ്ത്രം പോലെ.
(11) പകലിനെ നാം സമ്പാദിക്കാനും ഉപജീവനം അന്വേഷിക്കാനുമുള്ള വേദിയാക്കിയിരിക്കുന്നു.
(12) നിങ്ങൾക്ക് മുകളിൽ ശക്തമായ - കൃത്യതയോടെ നിർമ്മിക്കപ്പെട്ട - ഏഴു ആകാശങ്ങളും നാം നിർമ്മിച്ചിരിക്കുന്നു.
(13) സൂര്യനെ ശക്തമായി ജ്വലിക്കുകയും പ്രകാശം ചൊരിയുകയും ചെയ്യുന്ന വിളക്കായി നാം മാറ്റിയിരിക്കുന്നു.
(14) മഴ പെയ്യാറായ കാർമേഘങ്ങളിൽ നിന്ന് കുത്തിച്ചൊരിയുന്ന വെള്ളം ധാരാളമായി നാം ഇറക്കി തന്നിരിക്കുന്നു.
(15) അത് മുഖേന വിവിധയിനം ധാന്യങ്ങളും സസ്യങ്ങളും നാം പുറത്തു കൊണ്ടു വരുന്നതിന് വേണ്ടി.
(16) അത് (വെള്ളം) മുഖേന മരങ്ങളുടെ ശാഖകൾ ഇടകലർന്നു തിങ്ങി നിൽക്കുന്ന പൂന്തോട്ടങ്ങൾ നാം പുറത്തു കൊണ്ടു വരുന്നതിനും വേണ്ടി.
(17) തീർച്ചയായും സൃഷ്ടികൾക്കിടയിൽ വിധിനിർണ്ണയിക്കപ്പെടുന്ന ദിവസത്തിൻ്റെ സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; അത് ഒരിക്കലും (പ്രസ്തുത സമയത്തിൽ നിന്ന്) വൈകുകയില്ല.
(18) ഹേ ജനങ്ങളേ! മലക്ക് കാഹളത്തിൽ രണ്ടാമത് ഊതുന്ന ദിവസം നിങ്ങളെല്ലാം കൂട്ടംകൂട്ടമായി വരുന്നതാണ്.
(19) ആകാശം തുറക്കപ്പെടും. തുറന്നിട്ട വാതിലുകൾ പോലെ അതിൽ വിടവുകൾ ഉണ്ടായിരിക്കും.
(20) പർവ്വതങ്ങൾ സഞ്ചരിക്കപ്പെടും; അവ ഊതിപ്പറത്തപ്പെട്ട ധൂളികൾ ആയിത്തീരും. അങ്ങനെ അവ മരീചിക പോലെയാവുകയും ചെയ്യും.
(21) തീർച്ചയായും നരകം പതിയിരിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാകുന്നു.
(22) (നരകം) അതിക്രമകാരികൾക്ക് മടങ്ങിച്ചെല്ലാനുള്ള സങ്കേതമായിരിക്കും.
(23) അവരതിൽ അവസാനമില്ലാതെ കാലങ്ങളോളം വസിക്കുന്നവരായിരിക്കും.
(24) കത്തിജ്വലിക്കുന്ന നരകത്തിൻ്റെ ചൂടിൽ നിന്ന് തണുപ്പ് നൽകുന്ന കുളിർമ്മയുള്ള കാറ്റോ, ആസ്വദിക്കാൻ കഴിയുന്ന എന്തെങ്കിലുമൊരു പാനീയമോ അവർക്കവിടെ ലഭിക്കുകയില്ല.
(25) ചുട്ടുതിളക്കുന്ന വെള്ളമോ, നരകക്കാരുടെ ചലങ്ങളിൽ നിന്നൊലിക്കുന്ന 'ഗസ്സാഖോ' അല്ലാതെ അവർ അവിടെ രുചിക്കുകയില്ല.
(26) അവർ നിലകൊണ്ടിരുന്ന കുഫ്റിനും (ഇസ്ലാമിനെ നിഷേധിക്കൽ) വഴികേടിനും യോജിച്ച പ്രതിഫലമത്രെ അത്.
(27) ഭൂമിയിൽ ജീവിക്കവെ പരലോകത്ത് തങ്ങളെ അല്ലാഹു വിചാരണ ചെയ്യുന്നതിനെ കുറിച്ച് ഭയമുള്ളവരായിരുന്നില്ല. കാരണം അവർ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നില്ല. അവർ പുനരുത്ഥാനത്തെ ഭയന്നിരുന്നെങ്കിൽ അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുമായിരുന്നു.
(28) നമ്മുടെ റസൂലിൻ്റെ മേൽ അവതരിപ്പിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ അവർ അങ്ങേയറ്റം നിഷേധിച്ചു തള്ളുകയും ചെയ്തു.
(29) അവരുടെ എല്ലാ പ്രവർത്തനങ്ങളെയും നാം തിട്ടപ്പെടുത്തുകയും എണ്ണിക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട അവരുടെ ഏടുകളിൽ അവ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
(30) അതിനാൽ -അതിക്രമികളേ!- നിങ്ങൾ ഒരിക്കലും നിലക്കാത്ത ഈ ശിക്ഷ ആസ്വദിക്കുക! ഇപ്പോഴുള്ള ശിക്ഷയുടെ മേൽ കൂടുതൽ ശിക്ഷയല്ലാതെ മറ്റൊന്നും നാം നിങ്ങൾക്ക് വർദ്ധിപ്പിച്ചു തരികയില്ല.
(31) അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റിയും അവൻ്റെ വിലക്കുകൾ ഒഴിവാക്കിയും തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചവർക്ക് അവർ തേടിക്കൊണ്ടിരിക്കുന്ന വിജയത്തിൻ്റെ സ്ഥാനമുണ്ട്. സ്വർഗമാകുന്നു അത്.
(32) പൂന്തോട്ടങ്ങളും മുന്തിരികളും.
(33) സമപ്രായക്കാരായ, തുടുത്ത മാറിടമുള്ള തരുണീമണികൾ.
(34) മദ്യത്തിൻ്റെ നിറഞ്ഞ കോപ്പകളും.
(35) സ്വർഗത്തിൽ നിരർത്ഥകമായ ഒരു വാക്കോ, കളവോ അവർ കേൾക്കുകയില്ല. അവർ പരസ്പരം കളവ് പറയുകയുമില്ല.
(36) ഇതെല്ലാം അല്ലാഹു അവർക്ക് അനുഗ്രഹമായും അവനിൽ നിന്ന് വേണ്ടുവോളം നൽകുന്ന ദാനവുമാകുന്നു.
(37) ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻ്റെയും രക്ഷിതാവും, ഇഹ-പരലോകങ്ങളിൽ അങ്ങേയറ്റം വിശാലമായ കാരുണ്യമുള്ളവനുമായ അല്ലാഹു; ഭൂമിയിലും ആകാശങ്ങളിലുമുള്ള സർവ്വർക്കും അവൻ്റെ അനുമതിയില്ലാതെ അവനോട് ചോദിക്കുക എന്നത് പോലും സാധിക്കുകയില്ല.
(38) ജിബ്രീലും മലക്കുകളും അണിയണിയായി നിൽക്കുന്ന ദിവസം. അതിവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹു അനുമതി നൽകിയവരല്ലാതെ, അല്ലാഹുവിനെ ഏകനാക്കുന്ന വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) പറഞ്ഞവരല്ലാതെ, ഒരാളും മറ്റൊരാൾക്ക് വേണ്ടി ശുപാർശ പറയാനായി സംസാരിക്കുകയില്ല.
(39) നിങ്ങൾക്ക് വിശദീകരിച്ചു നൽകപ്പെട്ട ഈ ദിനം; സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ലാത്ത ദിനമത്രെ അത്. അതിനാൽ ആരെങ്കിലും അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തൻ്റെ രക്ഷിതാവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് അതിലേക്കുള്ള മാർഗം കണ്ടെത്തിക്കൊള്ളട്ടെ.
(40) ഹേ ജനങ്ങളേ! അടുത്തു തന്നെ സംഭവിക്കാനിരിക്കുന്ന ശിക്ഷയെ കുറിച്ച് നാം നിങ്ങൾക്ക് താക്കീത് ചെയ്തിരിക്കുന്നു. അന്നേ ദിവസം മനുഷ്യൻ താൻ ഇഹലോകത്ത് വെച്ച് മുൻകൂട്ടി പ്രവർത്തിച്ചു വെച്ചത് നോക്കിക്കാണും. ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലെന്ന ആശയോടെ കാഫിർ (അമുസ്ലിം) പറയും: മൃഗങ്ങളെ പോലെ ഞാനും മണ്ണായി തീർന്നിരുന്നെങ്കിൽ. അവയോട് (മൃഗങ്ങളോട്) പരലോകത്ത് 'നിങ്ങൾ മണ്ണായിത്തീരുക' എന്ന് പറയപ്പെടുന്നതാണ്.