44 - Ad-Dukhaan ()

|

(1) ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

(2) സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) തീർച്ചയായും നാം ഖുർആൻ 'ലൈലതുൽ ഖദ്റിൽ' (നിർണ്ണയത്തിൻറെ രാത്രി) അവതരിപ്പിച്ചിരിക്കുന്നു. അനേകം നന്മകളുള്ള രാത്രിയാകുന്നു അത്. തീർച്ചയായും നാം ഈ ഖുർആൻ കൊണ്ട് (നമ്മുടെ ശിക്ഷയെ കുറിച്ച്) ഭയപ്പെടുത്തുന്നവനാകുന്നു.

(4) (സൃഷ്ടികളുടെ) ഉപജീവനവും ആയുസ്സും പോലുള്ള, പ്രസ്തുത വർഷത്തിലേക്ക് അല്ലാഹു നിശ്ചയിക്കുന്ന ഖണ്ഡിതമായ കാര്യങ്ങൾ (എപ്രകാരമായിരിക്കണമെന്ന്) ആ രാത്രിയിൽ അവൻ വേർതിരിച്ചു വിവരിക്കുന്നു.

(5) നമ്മുടെ പക്കൽ നിന്നുള്ള എല്ലാ ഖണ്ഡിതമായ കാര്യവും നാം വിശദീകരിച്ചു നൽകുന്നു. തീർച്ചയായും നാം ദൂതരെ അയക്കുന്നവനാകുന്നു.

(6) അല്ലാഹുവിൻറെ റസൂലേ! താങ്കളുടെ രക്ഷിതാവ് അവൻറെ പക്കൽ നിന്നുള്ള കാരുണ്യമായി കൊണ്ട് ഓരോ സമൂഹത്തിലേക്കും അവരുടെ ദൂതന്മാരെ നിയോഗിക്കുന്നു. തീർച്ചയായും അവൻ തന്നെയാകുന്നു തൻറെ അടിമകളുടെ സംസാരങ്ങളെല്ലാം കേൾക്കുന്ന 'സമീഉം', അവരുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും നന്നായി അറിയുന്ന 'അലീമും'. അതിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.

(7) ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിൻറെയും രക്ഷിതാവ്. അതിൽ നിങ്ങൾക്ക് ദൃഢവിശ്വാസമുണ്ടെങ്കിൽ നിങ്ങൾ എൻറെ ദൂതന്മാരിൽ വിശ്വസിക്കുക.

(8) അവനല്ലാതെ ആരാധനക്ക് യഥാർത്ഥ അർഹനായി മറ്റാരുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അവനല്ലാതെ ജീവൻ നൽകുകയോ മരിപ്പിക്കുകയോ ചെയ്യുന്ന ഒരാളും തന്നെയില്ല. നിങ്ങളുടെയും നിങ്ങളുടെ പൂർവ്വപിതാക്കളുടെയും രക്ഷിതാവ്.

(9) ഈ ബഹുദൈവാരാധകർക്ക് അതിൽ ദൃഢവിശ്വാസമില്ല തന്നെ. എന്നാൽ അവർ തങ്ങളുടെ സംശയത്തിൽ നിലകൊള്ളുകയും, നിരർത്ഥകമായ കാര്യങ്ങളിൽ വ്യാപൃതരായി അതിനെ കുറിച്ച് അശ്രദ്ധരാവുകയുമാണ്.

(10) അല്ലാഹുവിൻറെ റസൂലേ! അതിനാൽ നിൻറെ സമൂഹത്തിന് വരാനിരിക്കുന്ന സമീപസ്ഥമായ ശിക്ഷ നീ കാത്തിരിക്കുക. വിശപ്പിൻ്റെ കാഠിന്യത്താൽ അവർക്ക് തങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന വ്യക്തമായ ഒരു പുകയും കൊണ്ട് ആകാശം വരുന്ന ദിവസം.

(11) അത് നിൻറെ സമൂഹത്തെ മുഴുവനായി ബാധിക്കും. അവരോട് പറയപ്പെടും: നിങ്ങൾക്ക് ബാധിച്ചിരിക്കുന്ന ഈ ശിക്ഷ വേദനാജനകമായ ശിക്ഷയാകുന്നു.

(12) അപ്പോൾ അവർ അവരുടെ രക്ഷിതാവായ അല്ലാഹുവിലേക്ക് താണപേക്ഷിച്ചു കൊണ്ട് ചോദിക്കും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങൾക്ക് മേൽ നീ അയച്ചിരിക്കുന്ന ഈ ശിക്ഷ നീ ഞങ്ങളിൽ നിന്ന് ഒഴിവാക്കി തരേണമേ! ഇത് ഒഴിവാക്കി തന്നാൽ, ഞങ്ങൾ നിന്നിലും, നിൻറെ ദൂതരിലും വിശ്വസിച്ചു കൊള്ളാം.

(13) എങ്ങനെയാണ് അവർ ഉൽബോധനം ഉൾക്കൊള്ളുകയും, അവരുടെ രക്ഷിതാവിലേക്ക് ആരാധനാനിരതരായി മടങ്ങുകയും ചെയ്യുക?! അവരിലേക്ക് വ്യക്തമായ പ്രവാചകത്വവുമായി ഒരു ദൂതൻ (മുഹമ്മദ് നബി -ﷺ-) വരുകയും, അവർക്ക് അദ്ദേഹത്തിൻറെ സത്യസന്ധതയും വിശ്വസ്തതയും ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

(14) എന്നിട്ടും അവർ അദ്ദേഹത്തെ സത്യപ്പെടുത്താതെ, തിരിഞ്ഞു കളഞ്ഞു. നബി -ﷺ- യെ കുറിച്ച് അവർ പറഞ്ഞു: ഇവനൊരു ദൂതനൊന്നുമല്ല. ആരോ ഇവനെ പഠിപ്പിച്ചു വിട്ടതാണ്. അവർ പറഞ്ഞു: അവനൊരു ഭ്രാന്തനാണ്.

(15) നാം നിങ്ങളുടെ മേൽ നിന്ന് ശിക്ഷ കുറച്ചൊന്ന് ഒഴിവാക്കുമ്പോഴേക്ക് നിങ്ങൾ നിഷേധത്തിലേക്കും (നബിയെ) കളവാക്കുന്നതിലേക്കും വീണ്ടും മടങ്ങിപ്പോകുന്നു.

(16) അല്ലാഹുവിൻറെ റസൂലേ! ബദ്ർ യുദ്ധ ദിനം നിൻറെ സമൂഹത്തിലെ നിഷേധികളെ നാം കടുത്ത പിടുത്തം പിടിക്കുന്ന ദിവസം അവർക്കായി നീ കാത്തിരിക്കുക. അല്ലാഹുവിനെ അവർ നിഷേധിച്ചതിനും, അവൻറെ ദൂതനെ അവർ കളവാക്കിയതിനും നാം അവരിൽ നിന്ന് പകരം വീട്ടുന്നതാണ്.

(17) ഇവർക്ക് മുൻപ് നാം ഫിർഔൻറെ സമൂഹത്തെ പരീക്ഷിച്ചിട്ടുണ്ട്. അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കും, അവനെ മാത്രം ആരാധിക്കുന്നതിലേക്കും ക്ഷണിക്കുന്ന, അല്ലാഹുവിൽ നിന്നുള്ള മാന്യനായ ഒരു ദൂതൻ അവരിലേക്ക് വന്നിട്ടുണ്ട്. മൂസ -عَلَيْهِ السَّلَامُ- യാണ് ഉദ്ദേശം.

(18) മൂസ -عَلَيْهِ السَّلَامُ- ഫിർഔനിനോടും അവൻറെ സമൂഹത്തോടും പറഞ്ഞു: ഇസ്രാഈൽ സന്തതികളെ നിങ്ങൾ എനിക്ക് വിട്ടു തരിക. അവർ അല്ലാഹുവിൻറെ ദാസന്മാരാണ്. അവരെ അടിമകളാക്കുവാൻ നിങ്ങൾക്ക് യാതൊരു അവകാശവുമില്ല. ഞാനാകട്ടെ, നിങ്ങളിലേക്കുള്ള അല്ലാഹുവിൻറെ ദൂതനുമാണ്. നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യത്തിൽ വിശ്വസ്തനുമാണ്. അതിൽ ഞാൻ എന്തെങ്കിലും കൂട്ടുകയോ കുറക്കുകയോ ചെയ്യില്ല.

(19) നിങ്ങൾ അല്ലാഹുവിനുള്ള ആരാധന വെടിഞ്ഞു കൊണ്ടും, അവൻറെ അടിമകൾക്ക് മേൽ ഔന്നത്യം നടിച്ചു കൊണ്ടും അവൻറെ മേൽ അഹങ്കാരം കാണിക്കരുത്. വ്യക്തമായ തെളിവ് ഞാൻ നിങ്ങൾക്ക് കൊണ്ടു വന്നു തരാം.

(20) നിങ്ങളെന്നെ കല്ലെറിഞ്ഞു കൊല്ലാതിരിക്കാൻ നിങ്ങളുടെയും എൻറെയും രക്ഷിതാവിൻറെ മേൽ ഞാൻ ഭരമേൽപ്പിച്ചിരിക്കുന്നു.

(21) ഞാൻ കൊണ്ടു വന്നത് സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങൾ വിട്ടുമാറി കൊള്ളുക. എന്നെ ഉപദ്രവിക്കാനായി നിങ്ങൾ എന്നിലേക്കടുക്കരുത്.

(22) അപ്പോൾ മൂസ -عَلَيْهِ السَّلَامُ- തൻറെ രക്ഷിതാവിനെ വിളിച്ചു പ്രാർത്ഥിച്ചു: ഫിർഔനും അവൻറെ കൂട്ടാളികളുമടങ്ങുന്ന ഈ സമൂഹം കുറ്റവാളികളായ ഒരു സമൂഹം തന്നെ. എത്രയും വേഗം ശിക്ഷിക്കപ്പെടാൻ അർഹരാണ് ഇവർ.

(23) അപ്പോൾ മൂസയോട് അല്ലാഹു അദ്ദേഹത്തിൻറെ സമൂഹത്തെയും കൂട്ടി രാത്രിയിൽ പുറപ്പെടാൻ കൽപ്പിച്ചു. ഫിർഔനും കൂട്ടരും അവരെ പിന്തുടരുന്നതാണെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

(24) സമുദ്രം കടക്കുന്ന വേളയിൽ മുൻപുള്ളതു പോലെ തന്നെ, അതിനെ ശാന്തമായി വിട്ടേക്കുവാൻ മൂസയോടും അദ്ദേഹത്തോടൊപ്പമുള്ള ഇസ്രാഈൽ സന്തതികളോടും അല്ലാഹു കൽപ്പിച്ചു. തീർച്ചയായും ഫിർഔനും അവൻറെ സൈന്യവും സമുദ്രത്തിൽ മുക്കി നശിപ്പിക്കപ്പെടാൻ പോകുന്നവരാണ്.

(25) ഫിർഔനും അവൻറെ സമൂഹവും എത്രയെത്ര പൂന്തോട്ടങ്ങളും ഒഴുകുന്ന ഉറവകളുമാണ് പിന്നിൽ ഉപേക്ഷിച്ചു പോയത്!

(26) എത്രയെത്ര കൃഷികളും മാന്യമായ ഇരിപ്പിടങ്ങളുമാണ് അവർ പിറകിൽ ഉപേക്ഷിച്ചു പോയത്!

(27) സുഖാനുഭവങ്ങളോടെ അവർ വസിച്ചിരുന്ന എത്രയെത്ര സൗഭാഗ്യങ്ങൾ അവർ പിന്നിൽ അവശേഷിപ്പിച്ചു!

(28) അതാണ് അവർക്ക് സംഭവിച്ചത്! അവരുടെ പൂന്തോട്ടങ്ങളും ഉറവകളും കൃഷിയിടങ്ങളും സ്ഥാനമാനങ്ങളുമെല്ലാം നാം മറ്റൊരു സമൂഹത്തിന് -ഇസ്രാഈൽ സന്തതികൾക്ക്- അനന്തരമായി നൽകി.

(29) ഫിർഔനും കൂട്ടരും മുങ്ങി നശിച്ചപ്പോൾ ആകാശമോ ഭൂമിയോ അവർക്ക് വേണ്ടി വിതുമ്പിയില്ല. അവർക്ക് (ചെയ്തു പോയ തെറ്റുകളിൽ നിന്ന്) പശ്ചാത്തപിച്ചു മടങ്ങാൻ മാത്രം സമയം നീട്ടി നൽകപ്പെടുകയും ചെയ്തില്ല.

(30) അപമാനകരമായ ശിക്ഷയിൽ നിന്ന് ഇസ്രാഈൽ സന്തതികളെ നാം രക്ഷിക്കുക തന്നെ ചെയ്തു. (അതിന് മുൻപ്) ഫിർഔനും കൂട്ടരും അവരുടെ ആണ്മക്കളെ കൊലപ്പെടുത്തുകയും, പെണ്മക്കളെ ജീവിക്കാൻ വിടുകയും ചെയ്യുമായിരുന്നു.

(31) ഫിർഔൻറെ പീഡനത്തിൽ നിന്ന് നാം അവരെ രക്ഷിക്കുക തന്നെ ചെയ്തു. തീർച്ചയായും അല്ലാഹുവിൻറെ കൽപ്പനകളെയും അവൻറെ മതത്തെയും ധിക്കരിക്കുന്ന ഒരു അഹങ്കാരിയായിരുന്നു അവൻ.

(32) ഇസ്രാഈൽ സന്തതികളെ അവരുടെ കാലഘട്ടത്തിലെ ലോകജനതയിൽ നാം (ഉൽകൃഷ്ടരായി) തിരഞ്ഞെടുക്കുകയുണ്ടായി. അതിനാൽ അവരിൽ ധാരാളം നബിമാർ (നിയോഗിക്കപ്പെടുകയുണ്ടായി).

(33) മൂസയുടെ (പ്രവാചകത്വത്തെ) ബലപ്പെടുത്തുന്ന ചില തെളിവുകളും പ്രമാണങ്ങളും നാം അവർക്ക് നൽകി. മന്നും സൽവയും പോലെ പ്രകടമായ അനുഗ്രഹങ്ങൾ നിറഞ്ഞവയായിരുന്നു അവ.

(34) എന്നാൽ പുനരുത്ഥാനത്തെ നിഷേധിച്ചു കൊണ്ട്, ഈ ബഹുദൈവാരാധകരായ നിഷേധികളിതാ പറയുന്നു:

(35) നമ്മുടെ ആദ്യത്തെ മരണമല്ലാതെ, അതിന് ശേഷം ഒരു ജീവിതവുമില്ല. ആ മരണത്തിന് ശേഷം പിന്നീട് നമ്മൾ ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരേയല്ല.

(36) ഹേ മുഹമ്മദ്! നീയും നിൻറെ കൂടെയുള്ള നിൻറെ അനുചരന്മാരും കൂടി മരിച്ചു പോയ ഞങ്ങളുടെ പൂർവ്വ പിതാക്കളെ ജീവിപ്പിച്ചു കൊണ്ടു വാ! അല്ലാഹു വിചാരണക്കും പ്രതിഫലത്തിനുമായി മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കും എന്ന നിങ്ങളുടെ വാദം സത്യമാണെങ്കിൽ (അതാണ് നിങ്ങൾ ചെയ്യേണ്ടത്!)

(37) അല്ലാഹുവിൻറെ റസൂലേ! നിന്നെ കളവാക്കുന്ന ഈ ബഹുദൈവാരാധകരാണോ ശക്തിയിലും കരുത്തിലും മികച്ചു നിൽക്കുന്നവർ?! അതല്ല, തുബ്ബഇൻറെ സമൂഹവും അവർക്ക് മുൻപ് കഴിഞ്ഞു പോയ ആദ്-ഥമൂദ് സമൂഹങ്ങളോ?! അവരെയെല്ലാം നാം നശിപ്പിച്ചു. അവർ തീർച്ചയായും കുറ്റവാളികൾ തന്നെയായിരുന്നു.

(38) ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയും നാം തമാശയായി സൃഷ്ടിച്ചതല്ല.

(39) ആകാശങ്ങളെയും ഭൂമിയെയും മഹത്തരമായ ഒരു ഉദ്ദേശത്തോടെ മാത്രമാണ് നാം സൃഷ്ടിച്ചത്. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം തിരിച്ചറിയുന്നില്ല.

(40) അല്ലാഹു അവൻറെ അടിമകൾക്കിടയിൽ വിധി തീർപ്പാക്കുന്ന അന്ത്യനാളാകുന്നു എല്ലാ സൃഷ്ടികൾക്കുമുള്ള അവധി. അന്നവൻ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നതാണ്.

(41) ഒരു ബന്ധുവിന് മറ്റൊരു ബന്ധുവിനെയോ, ഒരു കൂട്ടുകാരന് മറ്റൊരു കൂട്ടുകാരനെയോ സഹായിക്കാൻ കഴിയാത്ത ദിവസം. അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന് എന്തെങ്കിലും തടുത്തു നിർത്താനും അവർക്ക് സാധിക്കുകയില്ല. കാരണം അന്നേ ദിവസം സർവ്വ അധികാരവും അല്ലാഹുവിനായിരിക്കും. ഒരാൾക്കും ഒരു അധികാരവും അന്ന് അവകാശപ്പെടാൻ പോലും കഴിയില്ല.

(42) അല്ലാഹു ആരുടെ മേൽ കരുണ ചൊരിഞ്ഞുവോ; അവരൊഴികെ. അവർക്ക് മുൻപ് ചെയ്തു വെച്ച സൽകർമ്മങ്ങൾ ഉപകാരം ചെയ്യും. ഒരാൾക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത മഹാപ്രതാപിയായ 'അസീസും', തൻറെ സൃഷ്ടികളിൽ ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങിയവർക്ക് പൊറുത്തു കൊടുക്കുന്ന 'റഹീമു'മാകുന്നു അവൻ.

(43) അല്ലാഹു നരകത്തിൻറെ അടിത്തട്ടിൽ മുളപ്പിച്ചിട്ടുള്ള സഖ്ഖൂം വൃക്ഷം.

(44) ഗുരുതരമായ തിന്മകൾ ചെയ്തു കൂട്ടിയവനുള്ള ഭക്ഷണം അതാകുന്നു. (ഇസ്ലാമിനെ) നിഷേധിച്ചവരാണ് ഉദ്ദേശം. അതിലെ (സഖ്ഖൂം വൃക്ഷത്തിലെ) മ്ലേഛമായ ഫലങ്ങളിൽ നിന്നവൻ ഭക്ഷിക്കും.

(45) ടാർ പോലെയുണ്ടായിരിക്കും ഈ ഫലം. അവരുടെ വയറുകളിൽ കടുത്ത ചൂടിനാൽ അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കും.

(46) അങ്ങേയറ്റം ചൂടു പിടിച്ച വെള്ളം കിടന്നു തിളക്കുന്ന പോലെ.

(47) നരകത്തിൻറെ കാവൽക്കാരായ 'സബാനിയതി'നോട് പറയപ്പെടും: അവനെ പിടിക്കുക! നരകത്തിൻറെ മദ്ധ്യത്തിലേക്ക് പരുഷമായി അവനെ വലിച്ചു കൊണ്ടു പോവുക.

(48) ശേഷം അവൻറെ തലക്ക് മുകളിലൂടെ ചൂടുള്ള വെള്ളം നിങ്ങൾ കുത്തിച്ചൊരിയുക. അങ്ങനെ ശിക്ഷ അവനെ വിട്ടു പിരിയുകയേ ഇല്ല.

(49) അവനെ പരിഹാസ്യനാക്കി കൊണ്ട് പറയപ്പെടും: വേദനയേറിയ ഈ ശിക്ഷ നീ രുചിച്ചറിയ്! ആർക്കും അടുക്കാൻ കഴിയാത്ത തരം പ്രതാപിയും, സമൂഹമദ്ധ്യത്തിൽ മാന്യനുമായിരുന്നല്ലോ നീ.

(50) പരലോകത്ത് സംഭവിക്കുമോ എന്ന് നിങ്ങൾ സംശയിച്ചിരുന്ന അതേ ശിക്ഷയാണിത്. ഇപ്പോൾ കൺമുന്നിൽ കണ്ടതോടെ നിങ്ങളുടെ സംശയമെല്ലാം നീങ്ങിയിരിക്കുമല്ലോ?!

(51) തങ്ങളുടെ രക്ഷിതാവിൻറെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, വിലക്കുകൾ ഉപേക്ഷിച്ചും ജീവിച്ചവർ ഒരു പ്രയാസവും ബാധിക്കാത്ത നിലയിൽ നിർഭയരായി ഒരിടത്ത് വസിക്കുന്നതായിരിക്കും.

(52) പൂന്തോട്ടങ്ങൾക്കും ഒഴുകുന്ന അരുവികൾക്കുമിടയിൽ.

(53) സ്വർഗത്തിൽ അവർ കട്ടിയുള്ളതും നേർത്തതുമായ പട്ടുവസ്ത്രങ്ങൾ ധരിക്കും. അവർ പരസ്പരം അഭിമുഖീകരിച്ചു കൊണ്ടായിരിക്കും ഉണ്ടാവുക; ആർക്കും മറ്റൊരാളെ കാണുന്നതിനായി പിന്നിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ല.

(54) ഈ പറഞ്ഞ ആദരണീയമായ പ്രതിഫലങ്ങൾക്കൊപ്പം, -കറുകറുത്ത കൃഷ്ണമണിയും അതിനു ചുറ്റും ശുദ്ധ വെളുപ്പും നിറഞ്ഞ- വിശാലമായ നയനങ്ങളുള്ള ഉത്തമരായ സ്ത്രീകളെ അവർക്ക് നാം വിവാഹം കഴിപ്പിച്ചു നൽകും.

(55) അവർ ഉദ്ദേശിക്കുന്ന പഴവർഗങ്ങൾ കൊണ്ടു വരാൻ തങ്ങളുടെ ഭൃത്യന്മാരോട് അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കും; എന്നെങ്കിലും ഇതെല്ലാം അവസാനിച്ചു പോകുമെന്ന ഭയമോ, ഇവ കഴിച്ചത് കൊണ്ടെന്തെങ്കിലും പ്രയാസമുണ്ടാകുമോ എന്ന പേടിയോ ഇല്ലാതെ.

(56) അവരതിൽ നിത്യവാസികളായിരിക്കും. അവിടെ മരണം ഇനിയവർ അനുഭവിക്കില്ല. ഇഹലോകത്ത് വെച്ചുണ്ടായ ആദ്യ മരണമല്ലാതെ. അവരുടെ രക്ഷിതാവ് നരകശിക്ഷയിൽ നിന്ന് അവരെ കാത്തു രക്ഷിച്ചിരിക്കുന്നു.

(57) നിൻറെ രക്ഷിതാവ് അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹവും ഔദാര്യവുമത്രെ ഇത്. അപ്രകാരം സ്വർഗത്തിൽ പ്രവേശിക്കപ്പെട്ടു എന്നതും, നരകത്തിൽ നിന്ന് കാത്തുരക്ഷിക്കപ്പെട്ടു എന്നതും തന്നെയാണ് മഹത്തരമായ വിജയം. അതിനോട് അടുത്തു നിൽക്കുന്ന മറ്റൊരു വിജയവുമില്ല.

(58) അല്ലാഹുവിൻറെ റസൂലേ! ഈ ഖുർആൻ നിൻറെ ഭാഷയായ അറബിയിൽ അവതരിപ്പിച്ചു കൊണ്ട് നാം എളുപ്പമുള്ളതും ലളിതവുമാക്കിയത് അവർ അതിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളുന്നതിന് വേണ്ടി മാത്രമാണ്.

(59) അതിനാൽ നബിയേ! അവരുടെ നാശവും നിൻറെ വിജയവും കാത്തിരിക്കുക! അവരാകട്ടെ, നിൻറെ മരണവും കാത്തിരിക്കുന്നവരാണ്.