(1) അന്ത്യനാൾ സംഭവിച്ചാൽ; അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല.
(2) ഇഹലോകത്ത് അതിനെ നിഷേധിച്ചിരുന്നവർ ഉണ്ടായിരുന്നത് പോലെ, അതിനെ നിഷേധിക്കാൻ കഴിയുന്ന ഒരാളും അന്നുണ്ടായിരിക്കുകയില്ല.
(3) ഈ സംഭവം അതിക്രമികളായ (ഇസ്ലാമിനെ) നിഷേധിച്ചവരെ നരകത്തിലേക്ക് താഴ്ത്തുകയും, (ഇസ്ലാമിക) വിശ്വാസികളായ സൂക്ഷ്മത പാലിച്ചവരെ സ്വർഗത്തിലേക്ക് ഉയർത്തുന്നതുമാണ്.
(4) ഭൂമി ശക്തിയായി കുലുക്കി വിറപ്പിക്കപ്പെടുകയും;
(5) പർവ്വതങ്ങൾ ഇടിച്ച് പൊടിയാക്കപ്പെടുകയും;
(6) ഇടിച്ച് പൊടിയാക്കപ്പെട്ടതിനാൽ അത് പാറിപ്പറക്കുന്ന -ഉറച്ചു നിൽക്കാത്ത- ധൂളികളായി തീരുകയും ചെയ്താൽ;
(7) അന്നേ ദിവസം നിങ്ങൾ മൂന്ന് തരക്കാരായി തീരുകയും ചെയ്താൽ;
(8) അപ്പോൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ വലതു കയ്യിൽ സ്വീകരിക്കുന്നവരാണ് വലതു പക്ഷക്കാർ. എത്ര ഉന്നതവും മഹത്തരവുമാണ് അവരുടെ സ്ഥാനം?!
(9) തങ്ങളുടെ പ്രവർത്തനങ്ങളുടെ ഏടുകൾ ഇടതു കയ്യിൽ സ്വീകരിക്കുന്നവരാണ് ഇടതു പക്ഷക്കാർ. എത്ര മോശവും നിന്ദ്യവുമാണ് അവരുടെ അവസ്ഥ?!
(10) ഇഹലോകത്ത് നന്മകൾ പ്രവർത്തിച്ചു കൊണ്ട് മുന്നേറിയവർ; അവർ തന്നെയാണ് പരലോകത്തും സ്വർഗത്തിൽ പ്രവേശിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരിക്കുന്നവർ.
(11) അവരാകുന്നു അല്ലാഹുവിങ്കൽ സാമീപ്യം നല്കപ്പെട്ടവർ.
(12) സുഖാനുഭൂതികളുടെ സ്വർഗത്തോപ്പുകളിൽ. വ്യത്യസ്ത തരം അനുഗ്രഹങ്ങളിൽ അവർ സുഖജീവിതം നയിക്കുന്നതാണ്.
(13) (മുഹമ്മദ് നബി-ﷺ-യുടെ) ഈ സമുദായത്തിലും, (മറ്റു നബിമാരുടെ) മുൻസമുദായങ്ങളിലും പെട്ട ഒരു വിഭാഗം പേരും,
(14) അവസാനകാലക്കാരിൽ നിന്ന് വളരെ കുറച്ചു പേരുമാണവർ. (നന്മകളിൽ) മുന്നേറിയ, (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവരിൽ പെട്ടവരാണ് അവർ.
(15) സ്വർണനൂലു കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ ആയിരിക്കും (അവർ).
(16) ആ കട്ടിലുകളിൽ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും അവർ. അവരിലാർക്കും മറ്റൊരാളെ പിന്നോട് തിരിഞ്ഞു നോക്കേണ്ടി വരില്ല.
(17) അവരെ സേവിക്കുന്നതിനായി ചെറുപ്രായമുള്ള കുട്ടികൾ അവർക്ക് ചുറ്റുമുണ്ടായിരിക്കും; അവർക്ക് ഒരിക്കലും വാർദ്ധക്യമോ നാശമോ ബാധിക്കുകയില്ല.
(18) പിടികളില്ലാത്ത കോപ്പകളും, പിടിയുള്ള കൂജകളും, സ്വർഗത്തിൽ അവസാനമില്ലാതെ ഒഴുകുന്ന മദ്യക്കോപ്പകളുമായി.
(19) അത് ഇഹലോകത്തെ മദ്യം പോലെയല്ല. അത് കുടിച്ചവർക്ക് തലവേദനയോ, ബുദ്ധിക്ക് അസ്ഥിരതയോ സംഭവിക്കില്ല.
(20) ഈ ബാലന്മാർ സ്വർഗവാസികൾ തിരഞ്ഞെടുത്ത പഴവർഗങ്ങളുമായി അവർക്ക് ചുറ്റും നടന്നു കൊണ്ടിരിക്കും.
(21) അവരുടെ മനസ്സുകൾ കൊതിക്കുന്ന രുചിയുള്ള പക്ഷി മാംസവും കൊണ്ട് അവർക്ക് ചുറ്റും ആ ബാലന്മാർ ചുറ്റിത്തിരിയും.
(22) വിടർന്ന കണ്ണുകളുള്ള, സുന്ദരികളായ തരുണികൾ അവർക്കുണ്ടായിരിക്കും.
(23) ചിപ്പികളിൽ സൂക്ഷിക്കപ്പെട്ട മുത്തു പോലെയുള്ളവർ.
(24) അവർ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്ന സൽകർമ്മങ്ങളുടെ ഫലമായി കൊണ്ടാണ് (അവർക്ക് അതെല്ലാം നൽകപ്പെടുന്നത്).
(25) വൃത്തികെട്ട വാക്കുകളോ, ആക്ഷേപം നിറഞ്ഞ സംസാരമോ അവർക്കവിടെ കേൾക്കേണ്ടി വരികയില്ല.
(26) മലക്കുകൾ സലാം പറഞ്ഞു കൊണ്ട് അഭിവാദ്യം ചെയ്യുന്നതും, അവർ പരസ്പരം നടത്തുന്ന അഭിവാദ്യങ്ങളുമല്ലാതെ അവരവിടെ കേൾക്കുകയില്ല.
(27) തങ്ങളുടെ (പ്രവർത്തനങ്ങളുടെ) ഗ്രന്ഥം വലതുകൈകളിൽ ലഭിക്കുന്ന വലതുപക്ഷക്കാർ; എത്ര മഹത്തരമാണ് അല്ലാഹുവിങ്കൽ അവർക്കുള്ള സ്ഥാനവും പദവിയും.
(28) മുള്ളുകൾ മുറിച്ചു നീക്കപ്പെട്ട, ഒരു ഉപദ്രവവും ഉണ്ടാക്കാത്ത ഇലന്തമരവും,
(29) അടുക്കടുക്കായി കുലകളുള്ള വാഴപഴങ്ങളും,
(30) ഒരിക്കലും അവസാനിക്കാത്ത, വിശാലമായ തണലും,
(31) ഒരിക്കലും നിൽക്കാതെ, ഒഴുകി കൊണ്ടിരിക്കുന്ന വെള്ളവും,
(32) അവസാനിക്കാത്ത, ധാരാളം പഴവർഗങ്ങളും,
(33) ഇതെല്ലാം അവർക്ക് അവസാനിക്കാതെ നൽകപ്പെട്ടു കൊണ്ടിരിക്കും. അതിന് പ്രത്യേകം വിളവെടുപ്പു കാലമില്ല. അവർ ഉദ്ദേശിക്കുന്ന സമയത്ത് ഒരു തടസ്സവും ഉദ്ദേശിച്ചത് ലഭിക്കുന്നതിൽ അവർക്ക് ഉണ്ടാവുകയില്ല.
(34) കട്ടിലുകൾക്ക് മീതെ വിരിക്കപ്പെട്ടിട്ടുള്ള, ഉയർന്ന മെത്തകളും.
(35) മുൻപ് പ്രസ്താവിക്കപ്പെട്ട സ്വർഗസ്ത്രീകള പരിചിതമല്ലാത്ത രൂപത്തിൽ നാം ഉണ്ടാക്കിയിരിക്കുന്നു.
(36) അവരെ നാം കന്യകളാക്കിയിരിക്കുന്നു; ഒരാളും അവരെ ഒരിക്കൽ പോലും സ്പർശിച്ചിട്ടില്ല.
(37) അവരുടെ ഇണകൾക്ക് സ്നേഹവതികളായ, സമപ്രായക്കാരായവർ.
(38) സൗഭാഗ്യത്തിൻ്റെ അടയാളമായി വലതു ഭാഗത്തേക്ക് സ്വീകരിച്ചാനയിക്കപ്പെടുന്ന വലതു പക്ഷക്കാർക്ക് വേണ്ടിയാകുന്നു നാം അവരെ സൃഷ്ടിച്ചിരിക്കുന്നത്.
(39) പൂർവ്വികരായ നബിമാരുടെ സമൂഹങ്ങളിൽ നിന്ന് ഒരു വിഭാഗമാകുന്നു അവർ.
(40) മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ നിന്ന് ഒരു വിഭാഗവുമത്രെ അവർ. അവരാകുന്നു അവസാനത്തെ സമുദായം.
(41) തങ്ങളുടെ (പ്രവർത്തനങ്ങളുടെ) ഗ്രന്ഥം ഇടതുകൈകളിൽ ലഭിക്കുന്ന ഇടതുപക്ഷക്കാർ; എത്ര മോശമാണ് അവരുടെ അവസ്ഥയും പര്യവസാനവും.
(42) തുളച്ചു കയറുന്ന ഉഷ്ണകാറ്റിലും, ചുട്ടുതിളക്കുന്ന വെള്ളത്തിലും (ആയിരിക്കും അവർ).
(43) കറുത്തിരണ്ട പുകയുടെ തണലിലും.
(44) നല്ല (സുഖമുള്ള) കാറ്റോ, കാണാൻ ഭംഗിയുള്ളതോ അല്ല (അത്).
(45) അവർ എത്തിച്ചേർന്നിട്ടുള്ള ഈ ശിക്ഷയിൽ അകപ്പെടുന്നതിന് മുൻപ് ഇഹലോകത്ത് സുഖലോലുപരായി ജീവിച്ചിരുന്നവരായിരുന്നു അവർ. തങ്ങളുടെ ദേഹേഛകൾ നേടിയെടുക്കുകയല്ലാതെ മറ്റൊരു ചിന്ത അവർക്കില്ലായിരുന്നു.
(46) അല്ലാഹുവിനെ നിഷേധിക്കുന്നതിലും, അവന് പുറമെ വിഗ്രഹങ്ങളെ ആരാധിക്കുന്നതിലും, ഉറച്ചു നിൽക്കുന്നവരായിരുന്നു അവർ.
(47) അവർ പുനരുത്ഥാനത്തെ നിഷേധിക്കുകയും, അതിനെ പരിഹസിച്ചും, ഒരിക്കലും അത് സംഭവിക്കില്ലെന്ന ഭാവേനയും പറയുമായിരുന്നു: നാം മരിക്കുകയും, മണ്ണും ജീർണ്ണിച്ച എല്ലുമായി തീരുകയും ചെയ്തതിന് ശേഷം നാം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുകയോ?!
(48) നമുക്ക് മുൻപ് മരണപ്പെട്ടു പോയ നമ്മുടെ പൂർവ്വികരായ പിതാക്കളും പുനരുജ്ജീവിപ്പിക്കപ്പെടുമെന്നോ?!
(49) അല്ലാഹുവിൻ്റെ റസൂലേ! പുനരുത്ഥാനത്തെ നിഷേധിക്കുന്ന ഇക്കൂട്ടരോട് പറയുക: തീർച്ചയായും ജനങ്ങളിൽ ആദ്യകാലക്കാരും പിൽക്കാലക്കാരുമെല്ലാം,
(50) അവരെല്ലാം അന്ത്യനാളിൽ വിചാരണക്കും പ്രതിഫലത്തിനുമായി ഒരുമിച്ചു കൂട്ടപ്പെടുന്നതാകുന്നു; യാതൊരു സംശയവും അക്കാര്യത്തിലില്ല.
(51) പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
(52) പിന്നീട് നിങ്ങൾ -പുനരുത്ഥാനത്തെ നിഷേധിക്കുകയും, അല്ലാഹുവിൻ്റെ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും ചെയ്ത നിങ്ങൾ- ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ സക്ഖൂം എന്ന വൃക്ഷത്തിൻ്റെ ഫലങ്ങൾ ഭക്ഷിക്കുക തന്നെ ചെയ്യുന്നതാണ്. ഏറ്റവും ഉപദ്രവകരവും മ്ലേഛവുമായ ഫലമത്രെ അത്.
(53) ആ കയ്പ്പേറിയ മരത്തിൽ നിന്ന് ഭക്ഷിച്ച് നിങ്ങളുടെ കാലിവയറുകൾ നിങ്ങൾ നിറക്കുന്നവരാകുന്നു.
(54) അതോടൊപ്പം കടുത്ത ചൂടുള്ള, തിളച്ചു പൊള്ളുന്ന വെള്ളം കുടിക്കുന്നവരുമാകുന്നു.
(55) രോഗബാധ കാരണത്താൽ ദാഹമവസാനിക്കാതെ, ആർത്തിയോടെ വെള്ളം കുടിക്കുന്ന ഒട്ടകത്തെ പോലെ നിങ്ങളത് ധാരാളമായി കുടിക്കുന്നതാണ്.
(56) ഈ പറയപ്പെട്ട കയ്പ്പേറിയ ഭക്ഷണവും, തിളച്ചു മറിയുന്ന വെള്ളവുമായിരിക്കും പ്രതിഫലനാളിൽ അവരെ വരവേൽക്കുക.
(57) പുനരുത്ഥാനത്തെ നിഷേധിക്കുന്നവരേ! അസ്തിത്വമേ ഇല്ലാതിരുന്ന നിങ്ങളെ ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചവൻ നാമാകുന്നു. അപ്പോൾ നിങ്ങളുടെ മരണ ശേഷം (ഒരിക്കൽ കൂടി) നിങ്ങളെ നാം പുനരുജ്ജീവിപ്പിക്കുമെന്നത് എന്തു കൊണ്ട് നിങ്ങൾക്ക് സത്യപ്പെടുത്തി കൂടാ?!
(58) അല്ലയോ ജനങ്ങളേ! അപ്പോൾ നിങ്ങളുടെ ഇണകളുടെ ഗർഭാശയങ്ങളിൽ നിങ്ങൾ നിക്ഷേപിക്കുന്ന ശുക്ലത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
(59) നിങ്ങളാണോ അത് സൃഷ്ടിച്ചത്?! അതല്ല, നാമാണോ അത് സൃഷ്ടിക്കുന്നവൻ?!
(60) നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നിങ്ങളിൽ ഓരോരുത്തർക്കും നിർണ്ണിതമായ ഒരു അവധിയുണ്ട്. അത് നേരത്തെയാവുകയോ വൈകുകയോ ചെയ്യില്ല. നാമാകട്ടെ ഒരിക്കലും അശക്തനാവുകയുമില്ല;
(61) നിങ്ങൾക്കറിവുള്ള സൃഷ്ടിപ്പും രൂപവും മാറ്റം വരുത്താനും, നിങ്ങൾക്കറിയാത്ത സൃഷ്ടിപ്പിലും രൂപത്തിലും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുവാനും (നാം അശകതനല്ല).
(62) എങ്ങനെയാണ് നാം നിങ്ങളെ ആദ്യ തവണ സൃഷ്ടിച്ചതെന്ന് നിങ്ങൾ അറിഞ്ഞിട്ടുണ്ട്. അങ്ങനെ ആദ്യ തവണ നിങ്ങളെ സൃഷ്ടിച്ചവന് മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നത് നിങ്ങൾ പരിഗണിക്കുകയും, അറിയുകയും ചെയ്യുന്നില്ലേ?!
(63) ഭൂമിയിൽ നിങ്ങൾ വിതറിയ വിത്തുകളെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
(64) ആ വിതറിയ വിത്തുകളെ മുളപ്പിക്കുന്നത് നിങ്ങളാണോ?! അതല്ല, നാമാണോ അത് മുളപ്പിക്കുന്നത്?!
(65) ആ വിളവ് തുരുമ്പാക്കി മാറ്റണമെന്ന് നാം ഉദ്ദേശിച്ചിരുന്നെങ്കിൽ, അത് പാകമാവുകയും വിളവെടുക്കാനാവുകയും ചെയ്യുമ്പോൾ അപ്രകാരം നാം അതിനെ തുരുമ്പാക്കി മാറ്റുമായിരുന്നു. അതിനെന്തു സംഭവിച്ചുവെന്ന് അത്ഭുതം കൂറി നിൽക്കുക (മാത്രമേ) നിങ്ങൾക്ക് കഴിയൂ.
(66) നിങ്ങൾ പറയും: നാം ചിലവഴിച്ചതെല്ലാം നഷ്ടത്തിലായി. നാം ശിക്ഷിക്കപ്പെട്ടിരിക്കുന്നു.
(67) അല്ല, നാം ഉപജീവനം തടയപ്പെട്ടവരാകുന്നു.
(68) ദാഹിച്ചാൽ നിങ്ങളെടുത്തു കുടിക്കുന്ന വെള്ളത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
(69) ആകാശത്തുള്ള കാർമേഘങ്ങളിൽ നിന്ന് നിങ്ങളാണോ അത് ഇറക്കിയത്?! അതല്ല, നാമാണോ അത് ഇറക്കി തന്നത്?!
(70) ആ വെള്ളം കടുത്ത ഉപ്പുള്ളതാക്കി മാറ്റുവാൻ നാം ഉദ്ദേശിച്ചിരുന്നെങ്കിൽ അപ്രകാരം നാം ചെയ്യുമായിരുന്നു. കുടിക്കാനോ കാലികൾക്ക് നൽകാനോ അതുപകരിക്കാതെയാകും. എന്നിരിക്കെ നിങ്ങളോടുള്ള കാരുണ്യമായി, ശുദ്ധജലം ഇറക്കിത്തന്ന അല്ലാഹുവിനോട് നിങ്ങൾ നന്ദി കാണിക്കാത്തതെന്താണ്?!
(71) നിങ്ങളുടെ ആവശ്യങ്ങൾക്കായി നിങ്ങൾ ഉണ്ടാക്കുന്ന തീയിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?!
(72) തീ കത്തിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ നിങ്ങളാണോ ഉണ്ടാക്കിയത്?! അല്ല, നാമാണോ നിങ്ങളോടുള്ള അനുകമ്പയായി അത് ഉണ്ടാക്കി നൽകിയത്?!
(73) (ഭൂമിയിലെ) ഈ തീയിനെ, നരകത്തെ കുറിച്ച് നിങ്ങൾക്കൊരു ഓർമ്മപ്പെടുത്തലാക്കിയിരിക്കുന്നു. നിങ്ങളിലെ യാത്രക്കാർക്ക് അതൊരു ഉപകാരമാക്കിയും നാം നിശ്ചയിച്ചിരിക്കുന്നു.
(74) അല്ലാഹുവിൻ്റെ റസൂലേ! അതിനാൽ അങ്ങ് മഹാനായ അങ്ങയുടെ രക്ഷിതാവിനെ അവന് യോജ്യമല്ലാത്തവയിൽ നിന്ന് പരിശുദ്ധപ്പെടുത്തുക.
(75) അല്ലാഹു നക്ഷത്രങ്ങളുടെ മണ്ഡലങ്ങൾ കൊണ്ടും, അസ്തമസ്ഥാനങ്ങൾ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.
(76) തീർച്ചയായും നക്ഷത്രങ്ങളുടെ അസ്തമസ്ഥാനങ്ങൾ കൊണ്ടുള്ള ഈ ശപഥം വളരെ ഗൗരവതരം തന്നെയാണ് -അതിൻ്റെ ഗൗരവം നിങ്ങൾക്കറിയുമെങ്കിൽ-. കാരണം എണ്ണിക്കണക്കാക്കുവാൻ കഴിയാത്തത്ര ദൃഷ്ടാന്തങ്ങളും ഗുണപാഠങ്ങളും അതിലുണ്ട്.
(77) അല്ലയോ ജനങ്ങളേ! നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെടുന്ന ഈ ഖുർആൻ ആദരണീയമായ ഒരു ഖുർആൻ (പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം) തന്നെയാകുന്നു. അത്ര മഹത്തരമായ നന്മകൾ അത് ഉൾക്കൊള്ളുന്നുണ്ട്.
(78) ജനങ്ങളുടെ കണ്ണെത്താതെ സംരക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. ലൗഹുൽ മഹ്ഫൂദ്വ് ആണ് ഉദ്ദേശം.
(79) തിന്മകളിൽ നിന്നും ന്യൂനതകളിൽ നിന്നും പരിശുദ്ധരായ മലക്കുകളല്ലാതെ അത് സ്പർശിക്കുകയില്ല.
(80) സൃഷ്ടികളുടെയെല്ലാം രക്ഷിതാവായ അല്ലാഹുവിൽ നിന്ന് അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിക്കപ്പെട്ടതാകുന്നു ഇത്.
(81) അല്ലയോ ബഹുദൈവാരാധകരേ! അപ്പോൾ ഈ സംസാരത്തെയാണോ നിങ്ങൾ നിഷേധിക്കുന്നത്?! ഇതാണോ നിങ്ങൾ സത്യപ്പെടുത്താതിരിക്കുന്നത്?!
(82) അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക എന്നത് അവനെ നിഷേധിക്കാനുള്ള വഴിയാക്കുകയാണോ നിങ്ങൾ?! (അല്ലാഹു ഇറക്കി തന്ന) മഴ നക്ഷത്രങ്ങളിലേക്ക് നിങ്ങൾ ചേർത്തുന്നു. 'ഇന്നയിന്ന നക്ഷത്രത്തിനാൽ ഞങ്ങൾക്ക് മഴ ലഭിച്ചു' എന്ന് നിങ്ങൾ പറയുകയും ചെയ്യുന്നു.
(83) എന്നാൽ ആത്മാവ് തൊണ്ടക്കുഴിയിൽ എത്തിയാൽ എന്തു കൊണ്ടാണ് (നിങ്ങൾക്കതിനെ പിടിച്ചു നിർത്താനാകാത്തത്)?
(84) അന്നേരം നിങ്ങളുടെ മുന്നിൽ മരണാസന്നനായി കിടക്കുന്ന വ്യക്തിയെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു.
(85) നമ്മുടെ അറിവിനാലും ശക്തിയാലും മലക്കുകളുടെ സാന്നിധ്യത്തിനാലും നാമാണ് നിങ്ങളുടെ മുന്നിലെ മരണാസന്നനായ വ്യക്തിയോട് നിങ്ങളെക്കാൾ അടുത്തുള്ളത്. എന്നാൽ നിങ്ങൾ ആ മലക്കുകളെ കാണുന്നില്ല.
(86) അപ്പോൾ നിങ്ങൾ ജൽപ്പിക്കുന്നത് പോലെ, പുനരുജ്ജീവിപ്പിക്കപ്പെടുകയോ, പ്രവർത്തനങ്ങൾക്ക് തക്ക പ്രതിഫലം നൽകപ്പെടുകയോ ചെയ്യുന്നവരല്ല നിങ്ങളെങ്കിൽ;
(87) നിങ്ങളുടെ മുന്നിൽ മരണാസന്നനായ കിടക്കുന്ന വ്യക്തിയുടെ ആത്മാവ് എന്തേ നിങ്ങൾക്ക് തിരിച്ചു വെക്കാൻ കഴിയുന്നില്ല?! നിങ്ങൾക്കൊരിക്കലും അതിന് സാധിക്കുകയില്ല.
(88) അപ്പോൾ മരണപ്പെട്ട ഈ വ്യക്തി നന്മകളിലേക്ക് മുന്നേറിയിരുന്നവനായിരുന്നെങ്കിൽ;
(89) അവന് ആശ്വാസമുണ്ട്; ഇനി ക്ഷീണമില്ല. വിശിഷ്ടമായ ഉപജീവനവും, അല്ലാഹുവിൻ്റെ കാരുണ്യവുമുണ്ട്. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന സുഖാനുഗ്രഹങ്ങളുടെ സ്വർഗമുണ്ട്.
(90) എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
(91) എന്നാൽ ഈ മരിച്ച വ്യക്തി വലതുപക്ഷക്കാരിൽ പെട്ടവനാണെങ്കിൽ അവൻ്റെ കാര്യത്തിൽ നീ വ്യസനിക്കേണ്ടതില്ല. അവർക്ക് പരിപൂർണ്ണ നിർഭയത്വവും രക്ഷയുമുണ്ട്.
(92) എന്നാൽ ഈ മരിച്ച വ്യക്തി അല്ലാഹുവിൻ്റെ ദൂതർ കൊണ്ടു വന്ന മതത്തെ കളവാക്കുകയും, നേരായ മാർഗത്തിൽ (ഇസ്ലാമിൽ) നിന്ന് വഴി തെറ്റുകയും ചെയ്തവനാണെങ്കിൽ;
(93) അവന് ലഭിക്കാൻ പോകുന്ന സ്വീകരണം കടുത്ത ചൂടുള്ള, ചുട്ടു തിളക്കുന്ന വെള്ളമായിരിക്കും.
(94) ചുട്ടെരിക്കുന്ന നരകത്തിൽ കടന്നെരിയലും അവനുണ്ട്.
(95) അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്കീ പറഞ്ഞു തന്നത് തന്നെയാണ് ഒരു സംശയവുമില്ലാത്ത, ഉറപ്പായ യാഥാർത്ഥ്യം.
(96) അതിനാൽ നീ നിൻ്റെ മഹാനായ രക്ഷിതാവിൻ്റെ നാമം എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധപ്പെടുത്തുകയും, അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.