8 - Al-Anfaal ()

|

(1) അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ അനുചരന്മാർ (സ്വഹാബികൾ) യുദ്ധാർജ്ജിത സ്വത്തുക്കളെ കുറിച്ച് -എങ്ങനെ അവ വീതിക്കണമെന്നും, ആർക്കെല്ലാം വീതിക്കണമെന്നും- താങ്കളോട് ചോദിക്കുന്നു. അല്ലാഹുവിൻ്റെ റസൂലേ! അവരുടെ ചോദ്യത്തിന് ഉത്തരമായി പറയുക: യുദ്ധാർജ്ജിത സ്വത്തുക്കൾ അല്ലാഹുവിനും അവൻ്റെ ദൂതനുമാണ്. അതിനാൽ ആ കാര്യത്തിൽ -അത് വീതംവെക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം- വിധിക്കുന്നതിനുള്ള അവകാശവും അല്ലാഹുവിനും അവൻ്റെ ദൂതർക്കുമത്രെ. നിങ്ങളുടെ മേലുള്ള ബാധ്യത അല്ലാഹുവിനും റസൂലിനും കീഴൊതുങ്ങുകയും, സമർപ്പിക്കുകയും ചെയ്യലത്രെ. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക. സ്നേഹത്തിലൂടെയും ബന്ധംപുതുക്കുന്നതിലൂടെയും നല്ല സ്വഭാവത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും നിങ്ങൾക്കിടയിലുള്ള ബന്ധവിഛേദനങ്ങളും അകൽച്ചയും ശരിയാക്കുകയും ചെയ്യുക. അല്ലാഹുവിനെ അനുസരിക്കുക എന്നതും, അവൻ്റെ റസൂലിനെ അനുസരിക്കുക എന്നതും എപ്പോഴും നിങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക; നിങ്ങൾ (അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യദിനത്തിലും) യഥാർത്ഥത്തിൽ വിശ്വസിച്ചവരാണെങ്കിൽ. കാരണം (ഈ പറഞ്ഞതിലുള്ള) വിശ്വാസം നന്മകൾ പ്രവർത്തിക്കാനും, തിന്മകളിൽ നിന്ന് അകന്നു നിൽക്കാനും പ്രേരിപ്പിക്കുന്നതാണ്. (ആയത്തിൽ പരാമർശിക്കപ്പെട്ട) സ്വഹാബികളുടെ ചോദ്യം ബദ്ർ യുദ്ധത്തിന് ശേഷമായിരുന്നു.

(2) അല്ലാഹുവിനെ കുറിച്ച് സ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പേടിച്ചു നടുങ്ങുകയും നന്മകൾ പ്രവർത്തിക്കുന്നതിനായി ഹൃദയങ്ങളും ശരീരങ്ങളും യോജിച്ചു നിൽക്കുകയും, അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അതിനെ കുറിച്ച് ഉറ്റാലോചിക്കുകയും അങ്ങനെ തങ്ങളുടെ വിശ്വാസം മുൻപുള്ളതിനോടൊപ്പം വീണ്ടും വർദ്ധിക്കുകയും, നന്മകൾ നേടിയെടുക്കുന്നതിലും തിന്മകൾ തടുക്കുന്നതിലും തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും ചെയ്യുന്നവർ; അവർ മാത്രമാണ് (അല്ലാഹുവിൽ വിശ്വസിച്ച) യഥാർത്ഥ വിശ്വാസികൾ.

(3) നിസ്കാരം അതിൻ്റെ പരിപൂർണ്ണമായ രൂപത്തിൽ അവയുടെ കൃത്യസമയങ്ങളിൽ തന്നെ നിർവ്വഹിക്കുന്നതിൽ കണിശത നിലനിർത്തുകയും, നാം ഉപജീവനം നൽകിയതിൽ നിന്ന് നിർബന്ധവും ഐഛികവുമായ ദാനധർമ്മങ്ങൾ (സകാത്തും സദഖയും) നൽകുന്നവർ.

(4) ഈ പറയപ്പെട്ട വിശേഷണങ്ങൾ ഉള്ളവർ; അവർ തന്നെയാകുന്നു (അല്ലാഹുവിൽ) യഥാർത്ഥത്തിൽ വിശ്വസിച്ചവർ. കാരണം അവർ ഈമാനിൻ്റെയും (ഹൃദയവിശ്വാസം) ഇസ്ലാമിൻ്റെയും (പ്രവർത്തനങ്ങൾ) പ്രകടമായ ഗുണവിശേഷണങ്ങൾ ഒരുമിപ്പിച്ചിരിക്കുന്നു. അവർക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലുള്ള ഉന്നതമായ പദവികളും, അവരുടെ തെറ്റുകൾക്കുള്ള പാപമോചനവും, മാന്യമായ ഉപജീവനവുമാകുന്നു. അല്ലാഹു അവർക്കായി ഒരുക്കി വെച്ചിട്ടുള്ള അനുഗ്രഹങ്ങളാകുന്നു അത്.

(5) യുദ്ധാർജ്ജിത സ്വത്ത് വീതം വെക്കുന്നതിൽ നിങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസവും ഭിന്നതയും സംഭവിച്ചതിന് ശേഷം അല്ലാഹു നിങ്ങളിൽ നിന്ന് യുദ്ധാർജ്ജിത സ്വത്ത് വീതംവെക്കുന്നത് എടുത്തു നീക്കുകയും, അല്ലാഹുവിനും റസൂലിനുമാണ് അത് എന്ന് നിശ്ചയിക്കുകയും ചെയ്തതു പോലെ; -അല്ലാഹുവിൻ്റെ റസൂലേ!- ബഹുദൈവാരാധകരെ യുദ്ധത്തിൽ നേരിടുന്നതിനായി താങ്കളെ മദീനയിൽ നിന്ന് നമ്മുടെ സന്ദേശത്തിലൂടെ പുറത്തിറക്കുകയും ചെയ്തു. മുസ്ലിംകളിൽ ചിലർക്ക് അതിൽ അനിഷ്ടമുണ്ടായിരിക്കെ തന്നെയായിരുന്നു അതും.

(6) അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരുമായുള്ള യുദ്ധത്തിൻ്റെ കാര്യത്തിൽ -അത് ഉറപ്പായും സംഭവിക്കുന്നതാണ് എന്ന് വ്യക്തമായതിന് ശേഷവും- അല്ലാഹുവിൽ വിശ്വസിച്ച മുസ്ലിംകളിൽ ചിലർ താങ്കളോട് തർക്കിക്കുകയായിരുന്നു. മരണത്തിലേക്ക് നോക്കിക്കൊണ്ടിരിക്കെ, അതിലേക്ക് അവർ വലിച്ചിഴക്കപ്പെടുന്നത് പോലെയായിരുന്നു അത്. യുദ്ധത്തിനായി പുറപ്പെടുന്നതിൽ അവർക്കുണ്ടായിരുന്ന കടുത്ത അനിഷ്ടമായിരുന്നു അതിൻ്റെ കാരണം. കാരണം (ബദ്ർ അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു എന്നതിനാൽ) യുദ്ധത്തിനായി അവർ തയ്യാറെടുക്കുകയോ, അതിന് വേണ്ട സന്നാഹങ്ങൾ അവർ ഒരുക്കുകയോ ചെയ്തിരുന്നില്ല.

(7) നബിയോട് തർക്കിച്ച മുസ്ലിംകളേ! ബഹുദൈവാരാധകരിൽ രണ്ടിലൊരു സംഘത്തെ അല്ലാഹു നിങ്ങൾക്ക് കീഴ്പ്പെടുത്തി നൽകും എന്ന് അവൻ നിങ്ങളോട് വാഗ്ദാനം നൽകിയ സന്ദർഭം ഓർക്കുക. (അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള) യാത്രാസംഘവും അവർ വഹിക്കുന്ന സമ്പത്തുമായിരുന്നു ഒന്ന്; നിങ്ങൾക്ക് അത് യുദ്ധാർജ്ജിത സ്വത്തായി എടുക്കാം. അതല്ലെങ്കിൽ യുദ്ധത്തിന് തയ്യാറെടുക്കുകയും, ബഹുദൈവാരാധകരുടെ സൈന്യത്തിന് മേൽ നിങ്ങൾക്ക് സഹായം നൽകപ്പെടുകയും ചെയ്യുക എന്നതായിരുന്നു (രണ്ടാമത്തേത്). നിങ്ങളാകട്ടെ, യാത്രാസംഘത്തെ ലഭിച്ചിരുന്നെങ്കിൽ എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. യുദ്ധമൊന്നുമില്ലാതെ എളുപ്പത്തിൽ അവരെ കീഴടക്കാമെന്നതായിരുന്നു (ആ ആഗ്രഹത്തിന് പിന്നിലെ) കാരണം. അല്ലാഹുവാകട്ടെ, നിങ്ങളോട് യുദ്ധത്തിന് കൽപ്പിക്കുന്നതിലൂടെ സത്യത്തെ വിജയിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. അങ്ങനെ, ബഹുദൈവാരാധകരിലെ തലവന്മാരെ നിങ്ങൾ കൊന്നുകളയുകയും, അവരിൽ ധാരാളം പേരെ നിങ്ങൾ തടവിലാക്കുകയും, അതിലൂടെ ഇസ്ലാമിൻ്റെ ശക്തി പ്രകടമാകുവാനുമായിരുന്നു അത്.

(8) ഇസ്ലാമിനെയും മുസ്ലിംകളെയും വിജയിപ്പിച്ചു കൊണ്ട് അല്ലാഹു സത്യത്തെ സ്ഥാപിക്കുവാനും, അസത്യത്തെ തകർത്തു കളയാനുമത്രെ അത്. കാരണം, അതിലൂടെ ഇസ്ലാം സത്യമാണെന്നുള്ള തെളിവുകൾ പ്രകടമാവുകയും, അസത്യം നിരർത്ഥകമാണെന്നതിനുള്ള അടയാളങ്ങൾ വെളിവാവുകയും ചെയ്യും. ബഹുദൈവാരാധകർക്ക് അത് അനിഷ്ടകരമായാലും അല്ലാഹു ഇസ്ലാമിനെ വിജയിപ്പിക്കുക തന്നെ ചെയ്യുന്നതാണ്.

(9) ബദ്ർ യുദ്ധ ദിവസം നിങ്ങൾ സ്മരിക്കുകയും ചെയ്യുക. നിങ്ങളുടെ ശത്രുവിനെതിരെ നിങ്ങൾക്ക് വിജയം നൽകാൻ അല്ലാഹുവിനോട് നിങ്ങൾ സഹായം തേടിയിരുന്ന സന്ദർഭം. അല്ലാഹുവിൽ വിശ്വസിച്ചവരേ! അപ്പോൾ തുടരെത്തുടരെ വരുന്ന ആയിരം മലക്കുകളെ കൊണ്ട് അല്ലാഹു നിങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതാണെന്ന് അറിയിച്ചു കൊണ്ട് അവൻ നിങ്ങൾക്ക് ഉത്തരം നൽകി.

(10) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ശത്രുക്കൾക്കെതിരെ അല്ലാഹു നിങ്ങളെ സഹായിക്കും എന്ന സന്തോഷവാർത്തയും, നിങ്ങളുടെ ഹൃദയങ്ങൾ സഹായം ലഭിക്കുമെന്ന ഉറപ്പിനാൽ സമാധാനചിത്തമാകുന്നതിനും വേണ്ടി മാത്രമായിരുന്നു അല്ലാഹു മലക്കുകളെ അയച്ചത്. എണ്ണപ്പെരുപ്പത്തിലോ, യുദ്ധസന്നാഹങ്ങളുടെ ആധിക്യത്തിലോ ഒന്നുമല്ല വിജയം. മറിച്ച് വിജയം അല്ലാഹുവിൽ നിന്ന് മാത്രമാണ്. തീർച്ചയായും അല്ലാഹു അവൻ്റെ അധികാരത്തിൽ മഹാ പ്രതാപമുള്ളവനാകുന്നു (അസീസ്); അവനെ ഒരാളും പരാജയപ്പെടുത്തുകയില്ല. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും വിധിനിർണ്ണയത്തിലും ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനും (ഹകീം) ആകുന്നു അവൻ.

(11) (അല്ലാഹുവിൽ) വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ആ മയക്കം ഇട്ടുതന്ന സന്ദർഭം സ്മരിക്കുക. ശത്രുവിനെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായ ഭയത്തിൽ നിന്ന് നിർഭയത്വം നൽകുന്നതായിരുന്നു ആ മയക്കം. ആകാശത്ത് നിന്ന് നിങ്ങൾക്ക് മേൽ അവൻ മഴ വർഷിക്കുകയും ചെയ്തു. എല്ലാ അശുദ്ധികളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കുന്നതിനും, പിശാചിൻ്റെ ദുർബോധനങ്ങൾ നിങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനും, നിങ്ങളുടെ ഹൃദയങ്ങൾ ഉറപ്പിച്ചു നിർത്തുന്നതിനും അതിലൂടെ യുദ്ധത്തിൽ (ശത്രുവിനെ) കണ്ടുമുട്ടുമ്പോൾ നിങ്ങളുടെ ശരീരങ്ങൾ ഉറച്ചു നിൽക്കുന്നതിനുമായിരുന്നു ആ മഴ വർഷിച്ചത്. അതോടൊപ്പം മണൽ നിറഞ്ഞ (ബദ്റിലെ) ഭൂമിയിൽ കാലുകൾ തെന്നിപ്പോകാതെ ഉറപ്പിച്ചു നിർത്താനും (ആ മഴ കാരണമായി).

(12) നബിയേ! താങ്കളുടെ രക്ഷിതാവ് മലക്കുകളെ കൊണ്ട് ബദ്റിൽ നിരന്ന മുസ്ലിംകളെ സഹായിച്ച വേളയിൽ അവർക്ക് ബോധനം നൽകിയ സന്ദർഭം; (അല്ലാഹു അവരോട് പറഞ്ഞു:) മലക്കുകളേ! നിങ്ങളെ സഹായിച്ചും പിന്തുണച്ചും ഞാൻ നിങ്ങളോടൊപ്പമുണ്ട്. അതിനാൽ ശത്രുക്കൾക്കെതിരെയുള്ള യുദ്ധത്തിൽ മുസ്ലിംകളുടെ ദൃഢനിശ്ചയം ഉറപ്പിച്ചു നിർത്തുക. അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ കടുത്ത ഭയം ഞാൻ ഇട്ടുനൽകുന്നതാണ്. അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- (അല്ലാഹുവിനെ) നിഷേധിച്ചവരുടെ പിരടികളിൽ നിങ്ങൾ വെട്ടിക്കൊള്ളുക; അവർ മരിച്ചു വീഴട്ടെ. അവരുടെ സന്ധികളിലും പാർശ്വങ്ങളിലും വെട്ടിക്കൊള്ളുക; അവർക്ക് നിങ്ങളോട് യുദ്ധം ചെയ്യാൻ സാധ്യമാകാതെ വരട്ടെ!

(13) (അല്ലാഹുവിനെ) നിഷേധിച്ചവരുടെ മേൽ വന്നുഭവിച്ച ഈ ശിക്ഷ -അവർ കൊല്ലപ്പെടുകയും, അവരുടെ സന്ധികൾ വെട്ടേൽക്കേണ്ടി വരുകയും ചെയ്തു എന്നത്-; അല്ലാഹുവിനോടും അവൻ്റെ ദൂതനോടും അവർ എതിർത്തു നിന്നതത്രെ അതിൻ്റെ കാരണം. അല്ലാഹുവും അവൻ്റെ ദൂതനും അവരോട് കൽപ്പിച്ചത് അവർ പ്രാവർത്തികമാക്കിയില്ല. വിലക്കിയതിൽ നിന്ന് വിട്ടുനിൽക്കാനും അക്കൂട്ടർ തയ്യാറായില്ല. ആരെങ്കിലും അല്ലാഹുവിനോടും റസൂലിനോടും എതിർത്തു നിൽക്കുന്നെങ്കിൽ തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. (അവർക്കുള്ള ശിക്ഷയായി) ഇഹലോകത്ത് അവർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും, പരലോകത്ത് നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്.

(14) -അല്ലാഹുവിനോടും അവൻ്റെ ദൂതനോടും എതിരിട്ടു നിൽക്കുന്നവരേ!- ഈ പറയപ്പെട്ട ശിക്ഷ; അത് നിങ്ങൾ ഇഹലോകത്ത് നേരത്തെ തന്നെ ആസ്വദിച്ചു കൊള്ളുക. -നിഷേധത്തിലും ധിക്കാരത്തിലും നിലകൊള്ളവെ തന്നെയാണ് നിങ്ങൾ മരിക്കുന്നതെങ്കിൽ- പരലോകത്ത് നരകശിക്ഷയും നിങ്ങൾക്ക് ഉണ്ടായിരിക്കും.

(15) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! ബഹുദൈവാരാധകരുമായി യുദ്ധഭൂമിയിൽ മുഖാമുഖം അടുത്തെത്തിയാൽ നിങ്ങൾ അവരുടെ മുന്നിൽ തകർന്നടിയുകയോ, പിന്തിരിഞ്ഞ് ഓടുകയോ ചെയ്യരുത്. മറിച്ച്, അവരുടെ മുൻപിൽ ഉറച്ചു നിൽക്കുകയും, അവരുമായുള്ള ഏറ്റുമുട്ടലിൽ ക്ഷമയോടെ നിലകൊള്ളുകയും ചെയ്യുക. അല്ലാഹു അവൻ്റെ സഹായവും പിന്തുണയുമായി നിങ്ങളോടൊപ്പമുണ്ട്.

(16) ശത്രുക്കളുടെ യുദ്ധം വഴിതിരിച്ചു വിടാൻ വേണ്ടിയുള്ള തന്ത്രത്തിൻ്റെ ഭാഗമായി പിന്തിരിഞ്ഞോടുന്നതായി അവർക്ക് തോന്നിപ്പിക്കുകയും അവർക്ക് നേരെ ആഞ്ഞടിക്കാൻ ഉദ്ദേശിക്കുകയോ, അല്ലെങ്കിൽ (യുദ്ധത്തിന്) തയ്യാറായി നിൽക്കുന്ന മുസ്ലിംകളുടെ മറ്റൊരു സൈനികസംഘത്തിലേക്ക് ചേരുകയും അവരുടെ സഹായം തേടുന്നതിനും വേണ്ടിയോ അല്ലാതെ ആരെങ്കിലും അവരിൽ (ശത്രുക്കളിൽ) നിന്ന് പിന്തിരിഞ്ഞോടിയാൽ അല്ലാഹുവിൻ്റെ കോപവുമായി -അതിന് അർഹതയുള്ളവനായി കൊണ്ടാണ്- അവൻ മടങ്ങിയിരിക്കുന്നത്. പരലോകത്ത് അവൻ്റെ സ്ഥാനം നരകമായിരിക്കും. എത്ര മോശമാണ് അവൻ ചെന്നുചേരുന്ന ആ സ്ഥാനം. എത്ര മോശമാണ് അവൻ്റെ മടക്കഗേഹം.

(17) അല്ലാഹുവിൽ വിശ്വസിച്ചവരേ! ബദ്ർ യുദ്ധദിവസം ബഹുദൈവാരാധകരെ നിങ്ങളുടെ ശക്തിയും കഴിവും കൊണ്ടല്ല നിങ്ങൾ കൊലപ്പെടുത്തിയത്. മറിച്ച്, അല്ലാഹുവാണ് അതിന് നിങ്ങളെ സഹായിച്ചത്. അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകരെ (കയ്യിൽ ഒരു പിടി മണ്ണുമായി) താങ്കൾ എറിഞ്ഞപ്പോൾ താങ്കളല്ല അവർക്കത് കൊള്ളിച്ചത്. മറിച്ച്, താങ്കളുടെ ഏറ് അവരിലേക്ക് എത്തിച്ചു കൊണ്ട് അല്ലാഹുവാണ് അവരെ എറിഞ്ഞത്. അല്ലാഹു അവനിൽ വിശ്വസിച്ചവരെ -അവർ എണ്ണത്തിലും യുദ്ധസന്നാഹത്തിലും കുറവുള്ളവരായിട്ടും- അവരുടെ ശത്രുക്കൾക്കെതിരെ വിജയം നൽകിക്കൊണ്ട് അനുഗ്രഹിക്കാനും, അതിലൂടെ അവർ അല്ലാഹുവിന് നന്ദി കാണിക്കുമോ എന്ന് അവരെ പരീക്ഷിക്കുവാനുമായിരുന്നു അത്. തീർച്ചയായും അല്ലാഹു നിങ്ങളുടെ പ്രാർത്ഥനകളും വാക്കുകളും നന്നായി കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ പ്രവർത്തനങ്ങളും, നിങ്ങളുടെ നന്മ ഏതിലെന്നും ഏറ്റവും നന്നായി അറിയുന്നവനുമാകുന്നു (അലീം) അല്ലാഹു.

(18) (മുൻപുള്ള ആയത്തുകളിൽ) പരാമർശിക്കപ്പെട്ട നിലയിൽ ബഹുദൈവാരാധകർ (യുദ്ധത്തിൽ) കൊല്ലപ്പെടുകയും, അവരെ (നബി -ﷺ- യുടെ) ഏറ് ബാധിപ്പിക്കുകയും, അങ്ങനെ അവർ പരാജയപ്പെടുകയും പിന്തിരിഞ്ഞോടുകയും, അല്ലാഹു (അവനിൽ) വിശ്വസിച്ചവർക്ക് അവരുടെ ശത്രുക്കൾക്ക് മേൽ വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്തതെല്ലാം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. (അല്ലാഹുവിനെ) നിഷേധിച്ചവർ ഇസ്ലാമിനെതിരെ മെനയുന്ന തന്ത്രങ്ങളെ അല്ലാഹു ദുർബലമാക്കുന്നതാണ്.

(19) ബഹുദൈവാരാധകരേ! അല്ലാഹുവിൻ്റെ ശിക്ഷയും അവനിൽ നിന്നുള്ള കുഴപ്പവും അതിക്രമികളും അതിരുകവിഞ്ഞവരുമായ ആളുകൾക്ക് മേൽ വന്നുപതിക്കട്ടെ എന്നതായിരുന്നു നിങ്ങൾ ആഗ്രഹിച്ചിരുന്നതെങ്കിൽ അല്ലാഹുവിതാ നിങ്ങൾ തേടിയിരുന്നത് നിങ്ങൾക്ക് മേൽ തന്നെ ബാധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ഗുണപാഠമായി തീരാവുന്ന ശിക്ഷയും, അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് ഒരു പാഠവുമായി അവൻ നിങ്ങൾക്ക് മേൽ അത് (ശിക്ഷ) ഇറക്കിയിരിക്കുന്നു. ഇനി നിങ്ങൾ അത് തേടുന്നത് അവസാനിപ്പിച്ചാൽ അതാകുന്നു നിങ്ങൾക്ക് നല്ലത്. അല്ലാഹു നിങ്ങൾക്ക് അവധി നൽകുകയും, നിങ്ങളോട് ഉടനടി പ്രതികാരനടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തേക്കാം. ഇനിയും നിങ്ങൾ അതിന് മെനക്കെടുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരുമായി യുദ്ധം ചെയ്യുകയുമാണെങ്കിൽ വീണ്ടും നിങ്ങൾക്ക് മേൽ ശിക്ഷ ഇറക്കുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവരെ സഹായിക്കുകയും ചെയ്തു കൊണ്ട് നാം (ഇത്) ആവർത്തിക്കുന്നതാണ്. നിങ്ങളുടെ ആൾക്കൂട്ടവും നിങ്ങളുടെ സഹായികളും -എത്രയെല്ലാം എണ്ണത്തിലും യുദ്ധസന്നാഹത്തിലും കൂടുതലുണ്ടെങ്കിലും-, അല്ലാഹുവിൽ വിശ്വസിച്ചവർ എത്ര കുറവാണെങ്കിലും അതൊന്നും നിങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യുകയില്ല. തീർച്ചയായും അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ സഹായിച്ചും അവർക്ക് ശക്തിയേകിയും അവരോടൊപ്പമുണ്ട്. ആരോടെങ്കിലുമൊപ്പം അല്ലാഹുവുണ്ടെങ്കിലും അവനെ പരാജയപ്പെടുത്താൻ ഒരാളുമില്ല.

(20) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിനെ നിങ്ങൾ അനുസരിക്കുക. അവൻ്റെ റസൂലിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവിടുത്തെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും റസൂലിനെയും നിങ്ങൾ അനുസരിക്കുക. അവിടുത്തെ കൽപ്പനക്ക് എതിരുനിന്നു കൊണ്ടും, അവിടുത്തെ വിലക്കുകൾ പ്രവർത്തിച്ചു കൊണ്ടും നിങ്ങൾ അല്ലാഹുവിൻ്റെ റസൂലിൽ നിന്ന് തിരിഞ്ഞു കളയരുത്. അല്ലാഹുവിൻ്റെ ആയത്തുകളാകട്ടെ; നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നു.

(21) (അല്ലാഹുവിൽ) വിശ്വസിച്ചവരേ! കപടവിശ്വാസികളെയും ബഹുദൈവാരാധകരെയും പോലെ നിങ്ങളാകരുത്. അവർക്ക് അല്ലാഹുവിൻ്റെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങൾക്ക് മേൽ ഓതി കേൾപ്പിക്കപ്പെടുന്ന ഖുർആൻ ഞങ്ങളുടെ ചെവികൾ കൊണ്ട് ഞങ്ങൾ കേട്ടിരിക്കുന്നു. എന്നാൽ ചിന്തിച്ചു കൊണ്ടോ, ഗുണപാഠം ഉൾക്കൊള്ളാൻ വേണ്ടിയോ, അങ്ങനെ തങ്ങൾ കേട്ടതിൽ നിന്ന് പ്രയോജനം ഉൾക്കൊള്ളുന്നതിനോ വേണ്ടിയല്ല അവർ അത് കേട്ടത്.

(22) തീർച്ചയായും ഭൂമിക്ക് മുകളിൽ ചലിക്കുന്ന സൃഷ്ടികളിൽ അല്ലാഹുവിൻ്റെ അടുക്കൽ ഏറ്റവും മോശമായവർ, സത്യം കേൾക്കുകയോ, കേട്ടു സ്വീകരിക്കുകയോ ചെയ്യാത്ത ഊമകളും, സത്യം ഉച്ചരിക്കാത്ത ബധിരന്മാരുമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും ഉൾക്കൊള്ളാത്തവരാകുന്നു അക്കൂട്ടർ.

(23) (അല്ലാഹുവിനെ) നിഷേധിക്കുന്ന ഈ ബഹുദൈവാരാധകന്മാരിൽ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു അറിഞ്ഞിരുന്നെങ്കിൽ അവർക്ക് ഉപകാരപ്പെടുകയും, തെളിവുകളും പ്രമാണങ്ങളും പിൻപറ്റുകയും ചെയ്യുന്ന രൂപത്തിൽ അവൻ അവരെ കേൾപ്പിക്കുമായിരുന്നു. എന്നാൽ അവരിൽ യാതൊരു നന്മയുമില്ല എന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. ഇനി അല്ലാഹു അവരെ കേൾപ്പിച്ചു നൽകി എന്ന് തന്നെ ധരിച്ചാൽ പോലും, അവർ ധിക്കാരപൂർവം അതിൽ നിന്ന് തിരിഞ്ഞു കളയുകയും, അതിനെ അവഗണിക്കുകയും ചെയ്യുമായിരുന്നു.

(24) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവും അവൻ്റെ റസൂലും കൽപ്പിച്ച കാര്യങ്ങൾ പിൻപറ്റുകയും, വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് കീഴൊതുക്കത്തോടെ നിങ്ങൾ അല്ലാഹുവിനും അവൻ്റെ റസൂലിനും ഉത്തരം നൽകുക; നിങ്ങൾക്ക് ജീവൻ നൽകുന്ന സത്യത്തിലേക്ക് റസൂൽ നിങ്ങളെ ക്ഷണിച്ചാൽ (ഉടനടി നിങ്ങൾ ഉത്തരം നൽകുക). അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന് നിങ്ങൾ ഉറച്ചു വിശ്വസിക്കുകയും ചെയ്യുക. സത്യം (ഇസ്ലാം) നിങ്ങൾ തള്ളിക്കളഞ്ഞതിന് ശേഷം, പിന്നീട് നിങ്ങൾ അത് സ്വീകരിക്കാൻ ഉദ്ദേശിച്ചാൽ തന്നെയും സത്യത്തിന് കീഴൊതുങ്ങുന്നതിനും നിങ്ങൾക്കും ഇടയിൽ മറ സൃഷ്ടിക്കാൻ അവൻ കഴിവുള്ളവനാണ്. അതിനാൽ സത്യം സ്വീകരിക്കാൻ നിങ്ങൾ ധൃതി കൂട്ടുക. അല്ലാഹുവിലേക്ക് മാത്രമാണ് പരലോകത്ത് നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുന്നത് എന്നതിൽ നിങ്ങൾ ദൃഢവിശ്വാസമുള്ളവരാവുകയും ചെയ്യുക. നിങ്ങൾ ഇഹലോകത്ത് പ്രവർത്തിച്ച നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവിടെ വെച്ച് അവൻ പ്രതിഫലം നൽകുന്നതാണ്.

(25) അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിൻ്റെ ശിക്ഷയെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളിൽ തെറ്റു ചെയ്തവരെ മാത്രമായിരിക്കില്ല അത് ബാധിക്കുക. മറിച്ച് അവനെയും അവനല്ലാത്തവരെയും അത് ബാധിക്കുന്നതാണ്. അതിക്രമങ്ങൾ പ്രകടമാവുകയും, ആരും അതിനെ തിരുത്താൻ ഇല്ലാതെയാവുകയും ചെയ്താലാണ് ഇപ്രകാരം ശിക്ഷ സംഭവിക്കുക. അല്ലാഹു, തന്നെ ധിക്കരിച്ചവരെ കഠിനമായി ശിക്ഷിക്കുന്നവനാണ് എന്നതിൽ നിങ്ങൾ ദൃഢവിശ്വാസമുള്ളവരാവുക; അതിനാൽ അല്ലാഹുവിനെ ധിക്കരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുക.

(26) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾ മക്കയിലായിരുന്ന കാലഘട്ടം ഓർക്കുക. എണ്ണത്തിൽ വളരെ കുറവായിരുന്ന, ആ നാട്ടുകാർ നിങ്ങളെ അടിച്ചമർത്തുകയും ദുർബലരാക്കുകയും ചെയ്തിരുന്ന കാലം. നിങ്ങളുടെ ശത്രുക്കൾ ഞൊടിയിടയിൽ നിങ്ങളെ പിടികൂടുമെന്ന് നിങ്ങൾ ഭയന്നിരുന്നു. അങ്ങനെ അല്ലാഹു നിങ്ങളെ ഒരു അഭയസ്ഥാനത്തിലേക്ക് -മദീനയിലേക്ക്- ഒരുമിച്ചു ചേർത്തു. യുദ്ധരണാങ്കണങ്ങളിൽ -ബദ്റിൽ- നിങ്ങളുടെ ശത്രുക്കൾക്കെതിരെ വിജയം നൽകിക്കൊണ്ട് അവൻ നിങ്ങൾക്ക് ശക്തി പകർന്നു. നിങ്ങൾക്കവൻ പരിശുദ്ധമായ ഉപജീവനം നൽകുകയും ചെയ്തു; നിങ്ങളുടെ ശത്രുക്കളിൽ നിന്ന് നിങ്ങൾ പിടിച്ചെടുത്ത യുദ്ധാർജ്ജിത സ്വത്തുക്കൾ അതിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നിങ്ങൾ അവനോട് നന്ദി കാണിക്കുന്നതിനും, അങ്ങനെ അവൻ നിങ്ങൾക്ക് അവൻ്റെ അനുഗ്രഹങ്ങൾ വർദ്ധിപ്പിച്ചു നൽകുന്നതിനുമാണിതെല്ലാം. നിങ്ങൾ അല്ലാഹുവിനോട് നന്ദികേട് കാണിക്കരുത്. അങ്ങനെയെങ്കിൽ അവൻ അവയെല്ലാം നിങ്ങളിൽ നിന്ന് എടുത്തു മാറ്റുകയും, നിങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നതാണ്.

(27) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! കൽപ്പനകൾ പ്രാവർത്തികമാക്കാതെയും വിലക്കുകൾ ഉപേക്ഷിക്കാതെയും നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും വഞ്ചിക്കരുത്. മതപരമായതോ മറ്റോ ആയ കാര്യങ്ങളിൽ നിങ്ങളുടെ മേൽ വിശ്വസിച്ചേൽപ്പിക്കപ്പെട്ട കാര്യങ്ങളിലും -ചെയ്യുന്നത് വഞ്ചനയാണെന്ന് അറിഞ്ഞു കൊണ്ട്- നിങ്ങൾ വഞ്ചന കാണിക്കരുത്. അങ്ങനെ വന്നാൽ നിങ്ങൾ വഞ്ചകന്മാരിൽ ഉൾപ്പെടുന്നതാണ്.

(28) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ സമ്പാദ്യങ്ങളും സന്താനങ്ങളും അല്ലാഹുവിൽ നിന്ന് നിങ്ങൾക്കുള്ള ഒരു പരീക്ഷണവും പരീക്ഷയുമാണെന്ന് മനസ്സിലാക്കുക. അത് ചിലപ്പോൾ പരലോകത്തിന് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും, വഞ്ചന പ്രവർത്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹുവിൻ്റെ പക്കൽ മഹത്തരമായ പ്രതിഫലമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക. അതിനാൽ നിങ്ങളുടെ സമ്പത്തിനെയും സന്താനങ്ങളെയും പരിഗണിച്ചു കൊണ്ട് വഞ്ചന നടത്തുന്നതിലൂടെ ആ പ്രതിഫലം നിങ്ങൾ നഷ്ടപ്പെടുത്താതിരിക്കുക.

(29) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്തവരേ! അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയാണെങ്കിൽ സത്യവും അസത്യവും വേർതിരിക്കാനുള്ള കഴിവ് അല്ലാഹു നിങ്ങൾക്ക് നൽകുന്നതാണെന്ന് നിങ്ങൾ മനസ്സിലാക്കുക. അങ്ങനെ വന്നാൽ സത്യവും അസത്യവും നിങ്ങൾക്ക് മേൽ കൂടിക്കലർന്ന് അവ്യക്തമാവുകയില്ല. നിങ്ങൾ ചെയ്തു പോയ തിന്മകൾ അല്ലാഹു നിങ്ങളിൽ നിന്ന് മായ്ച്ചു കളയുകയും, നിങ്ങളുടെ പാപങ്ങൾ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. അല്ലാഹു മഹത്തരമായ ഔദാര്യമുള്ളവനാകുന്നു. തൻ്റെ ദാസന്മാരിൽ സൂക്ഷ്മത പാലിക്കുന്നവർക്ക് അവൻ ഒരുക്കി വെച്ചിട്ടുള്ള സ്വർഗം അവൻ്റെ മഹത്തരമായ ഔദാര്യത്തിൽ പെട്ടതാണ്.

(30) അല്ലാഹുവിൻ്റെ റസൂലേ! താങ്കളെ തടവിലാക്കുകയോ കൊന്നു കളയുകയോ നാട്ടിൽ നിന്ന് (മക്കയിൽ നിന്ന്) വേറെയെവിടേക്കെങ്കിലും നാടുകടത്തുകയോ ചെയ്യുന്നതിനായി തന്ത്രം മെനയുക എന്ന ഉദ്ദേശത്തിൽ ബഹുദൈവാരാധകർ ഒത്തുകൂടിയ സന്ദർഭം ഓർക്കുക! അവർ താങ്കൾക്കെതിരെ തന്ത്രം മെനയുമ്പോൾ അല്ലാഹു അവരുടെ തന്ത്രം അവർക്കെതിരെ തന്നെ തിരിച്ചു. അല്ലാഹുവും തന്ത്രം മെനഞ്ഞു. ഏറ്റവും നന്നായി തന്ത്രം മെനയുന്നവൻ അല്ലാഹുവത്രെ.

(31) അവർക്ക് മേൽ നമ്മുടെ ആയത്തുകൾ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ സത്യത്തിനോടുള്ള നിഷേധവും, അഹങ്കാരവും മൂലം അവർ പറയും: ഇതു പോലുള്ളത് ഞങ്ങൾ മുൻപും കേട്ടിട്ടുണ്ട്. ഖുർആൻ പോലെയുള്ളത് പറഞ്ഞുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ ഞങ്ങൾക്കും പറയാൻ കഴിയുമായിരുന്നു. നാമീ കേട്ട ഖുർആൻ പൂർവ്വികരുടെ കള്ളങ്ങളല്ലാതെ മറ്റൊന്നുമല്ല; അതിനാൽ ഞങ്ങൾ ഇതിൽ വിശ്വസിക്കുകയേയില്ല.

(32) അല്ലാഹുവിൻ്റെ റസൂലേ! ബഹുദൈവാരാധകർ ഇപ്രകാരം പറഞ്ഞ സന്ദർഭം സ്മരിക്കുക: അല്ലാഹുവേ! മുഹമ്മദ് കൊണ്ട് വന്നത് സത്യമാണെങ്കിൽ ഞങ്ങൾക്ക് മേൽ ആകാശത്ത് നിന്ന് നീ ഞങ്ങളെ നശിപ്പിക്കുന്ന ഒരു കല്ല് താഴേക്കിടേണമേ! അതല്ലെങ്കിൽ ഞങ്ങൾക്ക് കഠിനമായ ഒരു ശിക്ഷ കൊണ്ടുവരേണമേ!നിഷേധത്തിൻ്റെയും നിരാസത്തിൻ്റെയും പാരമ്യത്തിലാണ് അവരത് പറഞ്ഞത്.

(33) അല്ലാഹു താങ്കളുടെ ജനതയെ -താങ്കൾക്ക് ഉത്തരം നൽകിയ താങ്കളുടെ അനുയായികളെയോ, താങ്കൾ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതായിട്ടുള്ള താങ്കളുടെ (പ്രബോധിത) സമൂഹമോ ആകട്ടെ; അവരെ- താങ്കൾ അവർക്കിടയിൽ ജീവനോടെ ഉള്ള അവസ്ഥയിൽ അല്ലാഹു മുഴുവനായും നശിപ്പിക്കുന്ന രൂപത്തിൽ ശിക്ഷിക്കുന്നതല്ല. താങ്കൾ അവർക്കിടയിൽ ഉണ്ട് എന്നത് ശിക്ഷയിൽ നിന്ന് അവർക്കുള്ള കാവലാകുന്നു. തങ്ങളുടെ തെറ്റുകളിൽ നിന്ന് അവർ പശ്ചാത്താപം തേടിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല.

(34) അവരെ ശിക്ഷിക്കുന്നതിൽ നിന്ന് എന്തൊരു കാര്യമാണ് തടസ്സമുണ്ടാക്കുന്നത്?! ശിക്ഷ നിർബന്ധമാക്കാവുന്ന പ്രവർത്തനങ്ങൾ അവർ ചെയ്തു കഴിഞ്ഞിരിക്കുന്നു; മസ്ജിദുൽ ഹറാമിൽ ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നതിൽ നിന്നും, അവിടെ നിസ്കരിക്കുന്നതിൽ നിന്നും അവർ ജനങ്ങളെ തടഞ്ഞിരിക്കുന്നു. ബഹുദൈവാരാധകർ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരേയല്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നവരല്ലാതെ അവൻ്റെ ഇഷ്ടദാസന്മാർ (ഔലിയാക്കൾ) ആവുകയില്ല. എന്നാൽ ബഹുദൈവാരാധകരിൽ ബഹുഭൂരിപക്ഷവും അക്കാര്യം അറിയുന്നില്ല; അതു കൊണ്ടാണ് തങ്ങൾ അല്ലാഹുവിൻ്റെ ഇഷ്ടദാസന്മാരാണ് എന്ന് അവർ അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്; അവരാകട്ടെ അങ്ങനെയല്ല താനും.

(35) ബഹുദൈവാരാധകർ മസ്ജിദുൽ ഹറാമിൻ്റെ അരികിൽ വെച്ച് നടത്തിയിരുന്ന പ്രാർത്ഥന ചൂളംവിളിയും കൈകൊട്ടുമല്ലാതെ മറ്റൊന്നുമല്ല. അതിനാൽ -ബഹുദൈവാരാധകരേ!- (ബദ്ർ) യുദ്ധത്തിൽ കൊല്ലപ്പെട്ടു കൊണ്ടും, തടവിലാക്കപ്പെട്ടു കൊണ്ടും അല്ലാഹുവിൻ്റെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തത് കാരണത്താലാണത്.

(36) തീർച്ചയായും അല്ലാഹുവിനെ നിഷേധിച്ചവർ അല്ലാഹുവിൻ്റെ മതത്തിൽ നിന്ന് (ഇസ്ലാമിൽ നിന്ന്) ജനങ്ങളെ തടയുന്നതിനായി തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതാണ്. എന്നാൽ അവർ ഉദ്ദേശിച്ചത് ഒരിക്കലും അവർക്ക് നേടിയെടുക്കുക സാധ്യമല്ല. ഖേദം മാത്രമായിരിക്കും അവർ തങ്ങളുടെ സമ്പത്ത് ചെലവഴിച്ചു എന്നതിൻ്റെ പര്യവസാനം. കാരണം, അവരുടെ സമ്പത്തും അത് ചെലവഴിച്ചതിന് പിന്നിലുള്ള അവരുടെ ഉദ്ദേശവും പാഴായിപ്പോകുന്നതാണ്. പിന്നീട് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വിജയം നൽകപ്പെടുന്നതിലൂടെ അവർ പരാജിതരാക്കപ്പെടുന്നതുമാണ്. അല്ലാഹുവിനെ നിഷേധിച്ചവർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നരകത്തിലേക്ക് തെളിക്കപ്പെടും. അങ്ങനെ അവരതിൽ ശാശ്വതവാസികളായി പ്രവേശിക്കുന്നതാണ്.

(37) അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുന്നതിനായി സമ്പത്ത് ചെലവഴിച്ച, കാഫിറുകളായ ഇക്കൂട്ടർ നരകത്തിലേക്ക് തെളിക്കപ്പെടുന്നതാണ്. ദുഷിച്ചവരായ കാഫിറുകളെ നല്ലവരായ മുഅ്മിനുകളിൽ നിന്ന് അല്ലാഹു വേർതിരിക്കുന്നതിനത്രെ അത്. മോശം പ്രവർത്തനങ്ങളെയും സമ്പാദ്യങ്ങളെയും വ്യക്തികളെയും ഒന്നിനു മുകളിൽ ഒന്നായി ഒരുമിച്ചു കൂട്ടിയ ശേഷം അവ അവൻ നരകത്തിലേക്ക് ഇടുന്നതിനുമത്രെ അത്. അക്കൂട്ടർ തന്നെയാകുന്നു യഥാർത്ഥ നഷ്ടക്കാർ; കാരണം അന്ത്യനാളിൽ അവർ സ്വദേഹങ്ങളെയും അവരുടെ കുടുംബങ്ങളെയും നഷ്ടത്തിൽ അകപ്പെടുത്തിയിരിക്കുന്നു.

(38) അല്ലാഹുവിൻ്റെ റസൂലേ! നിൻ്റെ ജനതയിൽ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് പറയുക: അവർ അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിക്കുന്നത് അവസാനിപ്പിക്കുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് അതിൽ വിശ്വസിച്ചവരെ തടയുന്നത് നിർത്തുകയും ചെയ്താൽ അവരുടെ മുൻപ് കഴിഞ്ഞുപോയ തിന്മകൾ അല്ലാഹു അവർക്ക് പൊറുത്തു നൽകുന്നതാണ്. കാരണം ഇസ്ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. അവർ തങ്ങളുടെ നിഷേധത്തിലേക്ക് തിരിച്ചു മടങ്ങുകയാണെങ്കിൽ മുൻഗാമികളുടെ കാര്യത്തിൽ അല്ലാഹുവിൻ്റെ നടപടിക്രമം കഴിഞ്ഞു പോയിട്ടുണ്ട്. അവർ നിഷേധിക്കുകയും, അതിൽ തുടരുകയും ചെയ്താൽ അല്ലാഹു അവർക്ക് (ഇഹലോകത്ത്) ശിക്ഷ ധൃതിയിൽ നൽകുന്നതാണ് (എന്നതാണ് ആ നടപടിക്രമം).

(39) അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിനെ നിഷേധിച്ചവരായ നിങ്ങളുടെ ശത്രുക്കളോട് നിങ്ങൾ യുദ്ധം ചെയ്യുക. അങ്ങനെ ബഹുദൈവാരാധനയോ, മുസ്ലിംകളെ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് തടയുന്ന സ്ഥിതിവിശേഷമോ ഇല്ലാതെയാകുന്നത് വരെയും, ദീനും (ഇസ്ലാം) സൽകർമ്മങ്ങളും -ഒരു പങ്കാളിയുമില്ലാതെ- അല്ലാഹുവിന് മാത്രമാവുകയും ചെയ്യുന്നത് വരെ (യുദ്ധം ചെയ്യുക). ഇനി അല്ലാഹുവിനെ നിഷേധിച്ചവർ അവർ മുൻപ് നിലകൊണ്ടിരുന്ന ശിർക്കും, അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കലുമെല്ലാം അവസാനിപ്പിക്കുകയാണെങ്കിൽ അവരെ നിങ്ങൾ വിട്ടേക്കുക. തീർച്ചയായും അവരുടെ പ്രവർത്തനങ്ങൾ അല്ലാഹു വീക്ഷിക്കുന്നുണ്ട്; യാതൊരു രഹസ്യവും അവന് അവ്യക്തമാവുകയില്ല.

(40) അവരോട് കൽപ്പിക്കപ്പെട്ട കാര്യത്തിൽ നിന്ന് -അല്ലാഹുവിനെ നിഷേധിക്കുന്നതും, അവൻ്റെ മാർഗത്തിൽ നിന്ന് തടസ്സം സൃഷ്ടിക്കുന്നതും അവസാനിപ്പിക്കണമെന്ന കൽപ്പനയിൽ നിന്ന്- അവർ തിരിഞ്ഞു കളയുകയാണെങ്കിൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!-; അവർക്കെതിരിൽ നിങ്ങളെ അല്ലാഹു സഹായിക്കുന്നതാണെന്ന് ദൃഢ വിശ്വാസമുള്ളവരാവുക. രക്ഷാധികാരിയായി സ്വീകരിച്ചവനെ സംബന്ധിച്ചിടത്തോളം എത്ര നല്ല രക്ഷാധികാരിയാണ് അല്ലാഹു! ആരെ അല്ലാഹു സഹായിച്ചോ അവനുള്ള എത്ര നല്ല സഹായി ആണ് അല്ലാഹു! ആരെങ്കിലും അല്ലാഹുവിനെ രക്ഷാധികാരിയായി സ്വീകരിച്ചാൽ അവൻ വിജയിച്ചിരിക്കുന്നു. ആരെയെങ്കിലും അല്ലാഹു സഹായിച്ചാൽ അവൻ രക്ഷപ്പെട്ടിരിക്കുന്നു.

(41) അറിയുക! -അല്ലയോ മുഅ്മിനീങ്ങളേ- അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിൽ കാഫിറുകളെ പരാജയപ്പെടുത്തി കൊണ്ട് നിങ്ങൾ അവരിൽ നിന്ന് എടുത്ത എന്തും അഞ്ച് ഭാഗങ്ങളായി വീതിക്കപ്പെടണം. അതിൽ നാല് ഭാഗം ജിഹാദിൽ പങ്കെടുത്തവര്ക്കിടയിൽ വീതിക്കപ്പെടേണ്ടതാണ്. ബാക്കിയുള്ള അഞ്ചിലൊരു ഭാഗം വീണ്ടും അഞ്ചായി വീതം വെക്കപ്പെടണം. അതിൽ ഒരു ഭാഗം മുസ്ലിമീങ്ങളുടെ പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടതിനായി അല്ലാഹുവിനും റസൂലിനുമുള്ളതാണ്. ഒരു ഭാഗം ബനൂ ഹാശിമുകാരിലും, ബനുൽ മുത്വലിബുകാരിലും പെട്ട നബി-ﷺ-യുടെ കുടുംബക്കാർക്കാണ്. ഒരു ഭാഗം യതീമുകൾ(പിതാവ് നഷ്ടപ്പെട്ട പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത കുട്ടികൾ)ക്കും, ഒരു ഭാഗം ഫുഖറാക്കൾ(ദരിദ്രർ)ക്കും മിസ്കീന്മാർ(പാവപ്പെട്ടവർ)ക്കും ഒരു ഭാഗം യാത്ര മുടങ്ങിയ വഴിപോക്കർക്കുമാകുന്നു. നിങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരും, സത്യവും അസത്യവും വേർതിരിക്കപ്പെട്ട ബദ്ർ യുദ്ധദിനത്തിൽ നമ്മുടെ ദാസനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ -നിങ്ങളുടെ ശത്രുക്കൾക്കെതിരെ- ഇറക്കിയ സഹായത്തിലും വിശ്വസിക്കുന്നവരുമാണെങ്കിൽ. നിങ്ങളെ സഹായിച്ച അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

(42) താഴ്വരയിൽ മദീനയോട് അടുത്തുള്ള ഭാഗത്ത് നിങ്ങളും, മക്കയോട് അടുത്തുള്ള ഭാഗത്ത് മുശ്രിക്കുകളും ആയിരുന്ന സന്ദർഭം നിങ്ങൾ ഓർക്കുക. കച്ചവടസംഘമാകട്ടെ, ചെങ്കടലിനോട് ചേർന്ന് നിങ്ങൾ നിൽക്കുന്ന ഇടത്തെക്കാൾ താഴ്ചയുള്ള ഭാഗത്തുമായിരുന്നു. നിങ്ങളും മുശ്രിക്കുകളും ബദ്റിൽ ഏറ്റുമുട്ടാം എന്ന് മുൻപ് തീരുമാനിച്ച് ഉറപ്പിച്ചതായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മറ്റു ചിലരോട് അത് പാലിക്കാതെ പോകുമായിരുന്നു. എന്നാൽ മുൻനിശ്ചയമൊന്നുമില്ലാതെ അല്ലാഹു നിങ്ങളെ ബദ്റിൽ ഒരുമിച്ചു കൂട്ടി. മുഅ്മിനീങ്ങളെ സഹായിക്കുകയും കാഫിറുകളെ അപമാനിക്കുകയും, അല്ലാഹുവിൻ്റെ ദീനിനെ പ്രതാപമുള്ളതാക്കുകയും, ശിർക്കിനെ അപമാനിതമാക്കുകയും ചെയ്യുക എന്ന –അല്ലാഹു മുൻപെ നിശ്ചയിച്ച ഒരു കാര്യം- പൂർത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അങ്ങനെ അവരിൽ നിന്ന് മരണപ്പെട്ടവർക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കപ്പെടുന്നതിന് വേണ്ടി; മുഅ്മിനുകൾ എണ്ണത്തിലും ആയുധശക്തിയിലും കുറവുള്ളവരായിട്ടും മുശ്രിക്കുകൾക്കെതിരെ അല്ലാഹു അവരെ സഹായിച്ചു. അവരിൽ ജീവിച്ചിരിക്കുന്നവർ അല്ലാഹു വ്യക്തമാക്കിയ അവൻ്റെ തെളിവ് കണ്ടുകൊണ്ട് ജീവിക്കാൻ വേണ്ടിയുമാണത്. ഇനി ആർക്കും അല്ലാഹുവിനെതിരെ ഒരു തെളിവും ബാക്കി നിൽക്കുന്നില്ല. അല്ലാഹു എല്ലാവരുടെയും സംസാരം കേൾക്കുന്നവനും, അവരുടെയെല്ലാം പ്രവർത്തനങ്ങൾ അറിയുന്നവനുമാകുന്നു. അതിൽ ഒന്നും തന്നെ അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്ക് അവൻ നല്കുന്നതുമാണ്.

(43) അല്ലാഹുവിൻ്റെ റസൂലേ! ഓർക്കുക; അല്ലാഹു താങ്കൾക്ക് ഉറക്കത്തിൽ മുശ്രിക്കുകളെ എണ്ണത്തില് കുറവുള്ളവരായി കാണിച്ചു തന്നു എന്നത് നിനക്കും മുഅ്മിനീങ്ങള്ക്കും മേൽ അവൻ ചൊരിഞ്ഞ അനുഗ്രഹങ്ങളിൽ പെട്ടതാണ്. അങ്ങനെ മുഅ്മിനീങ്ങളെ നീ അത് അറിയിക്കുകയും, അവർ നന്മ സംഭവിക്കുക തന്നെ ചെയ്യും എന്ന് പ്രതീക്ഷയുള്ളവരാവുകയും ചെയ്തു. തങ്ങളുടെ ശത്രുക്കളെ പടക്കളത്തിൽ കണ്ടുമുട്ടാനും അവരോട് ഏറ്റുമുട്ടാനുമുള്ള മുഅ്മിനീങ്ങളുടെ തീരുമാനം ദൃഢമാവുകയും ചെയ്തു. അല്ലാഹുവെങ്ങാനും മുശ്രിക്കുകളെ എണ്ണക്കൂടുതലുള്ളവരായി നിനക്ക് കാണിച്ചു തന്നിരുന്നെങ്കിൽ നിന്നോടൊപ്പമുള്ള സ്വഹാബികളുടെ മനോധൈര്യം കെട്ടുപോവുകയും, അവർ യുദ്ധത്തെ ഭയക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹു അതിൽ നിന്ന് അവരെ സംരക്ഷിക്കുകയും, പരാജയത്തിൽ നിന്ന് അവരെ കാത്തുരക്ഷിക്കുകയും ചെയ്തു. റസൂൽ -ﷺ- യുടെ കണ്ണിൽ മുശ്രിക്കുകളെ അവന് എണ്ണം കുറച്ചു കാണിച്ചു. തീർച്ചയായും അല്ലാഹു ഹൃദയങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്നതും, മനസ്സുകൾ ഒളിച്ചു വെക്കുന്നതും അറിയുന്നവനാകുന്നു.

(44) ഹേ മുഅ്മിനീങ്ങളേ! മുശ്രിക്കുകളുമായി നിങ്ങൾ ഏറ്റുമുട്ടിയ വേളയിൽ അവരെ എണ്ണം കുറഞ്ഞവരായി നിങ്ങൾക്ക് അല്ലാഹു കാണിച്ചു തന്ന സന്ദർഭം ഓർക്കുക. അങ്ങനെ അവരുമായി യുദ്ധം ചെയ്യാൻ അല്ലാഹു നിങ്ങൾക്ക് ധൈര്യം തന്നു. നിങ്ങളെ അവരുടെ കണ്ണുകളിൽ എണ്ണം കുറവുള്ളവരാക്കിയും അവൻ കാണിച്ചു കൊടുത്തു; അങ്ങനെ യുദ്ധത്തിൽ പിൻവാങ്ങേണ്ടി വരുന്നതിനെ കുറിച്ച് ചിന്തിക്കാതെ അവർ നിങ്ങളോട് യുദ്ധം ചെയ്യുന്നതിനായി മുന്നോട്ട് വരികയും ചെയ്തു. മുശ്രിക്കുകളെ കൊലപ്പെടുത്തിയും തടവിലാക്കിയും അവരോട് പകരം വീട്ടുന്നതിനും, യുദ്ധത്തിൽ സഹായിക്കപ്പെട്ടും ശത്രുക്കളുടെ മേൽ വിജയം നേടിയും മുഅ്മിനീങ്ങളെ അനുഗ്രഹിക്കുന്നതിനും, അങ്ങനെ അല്ലാഹു മുൻപേ നിശ്ചയിച്ച കാര്യം നടപ്പിൽ വരുത്തുന്നതിനും വേണ്ടിയത്രെ ഇത്. അല്ലാഹുവിലേക്ക് മാത്രമാകുന്നു കാര്യങ്ങൾ മടക്കപ്പെടുന്നത്; തിന്മ ചെയ്തവർക്ക് അവരുടെ തിന്മയുടെ ഫലം നൽകുന്നതിനും, നന്മ ചെയ്തവർക്ക് അവരുടെ നന്മക്കുള്ള പ്രതിഫലം നൽകുന്നതിനും വേണ്ടി.

(45) അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! നിങ്ങൾ കാഫിറുകളുടെ ഒരു സൈന്യത്തെ നേരിട്ടാൽ അവർക്ക് മുൻപിൽ ഉറച്ചു നിൽക്കുകയും, ഭീരുത്വം കാട്ടാതിരിക്കുകയും ചെയ്യുക. അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും അവനോട് പ്രാർഥിക്കുകയും ചെയ്യുക. അവർക്കെതിരെ നിങ്ങളെ സഹായിക്കാൻ കഴിവുള്ളവൻ അവനാണ്. (ഇപ്രകാരം പ്രവർത്തിക്കുന്നത്) നിങ്ങൾ തേടുന്ന ലക്ഷ്യം നിങ്ങൾക്ക് സാധ്യമാക്കുകയും, നിങ്ങൾ ഭയപ്പെടുന്നത് നിങ്ങളിൽ നിന്ന് അകറ്റുകയും ചെയ്തേക്കാം.

(46) നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും എല്ലാ അവസ്ഥാന്തരങ്ങളിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നത് നിങ്ങൾ മുറുകെ പിടിക്കുക. നിങ്ങൾ അഭിപ്രായങ്ങളിൽ ഭിന്നിക്കരുത്. തീർച്ചയായും അഭിപ്രായവ്യത്യാസം നിങ്ങളുടെ ദുർബലതക്കും ഭയത്തിനും ശക്തി ഇല്ലാതായി പോകുന്നതിനുമുള്ള കാരണമാണ്. ശത്രുവിനെ കണ്ടുമുട്ടിയാൽ നിങ്ങൾ ക്ഷമിക്കുക! തീർച്ചയായും ക്ഷമാശീലരെ സഹായിച്ചും അവരെ പിന്തുണച്ചും അവർക്ക് വിജയം നൽകിയും അല്ലാഹു അവരോടൊപ്പമുണ്ട്. ആരുടെയെങ്കിലും ഒപ്പം അല്ലാഹു ഉണ്ടെങ്കിൽ വിജയിക്കുന്നതും സഹായം ലഭിക്കുന്നതും അവൻ തന്നെ; സംശയമില്ല.

(47) മക്കയിൽ നിന്ന് അഹങ്കാരത്തോടെയും ജനങ്ങളെ കാണിക്കാൻ വേണ്ടിയും പുറപ്പെട്ട, ജനങ്ങളെ അല്ലാഹുവിൻ്റെ ദീനിൽ നിന്ന് തടസ്സം സൃഷ്ടിക്കുകയും അതിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുകയും ചെയ്യുന്ന ബഹുദൈവാരാധകരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെ വലയം ചെയ്തിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ഒന്നും അല്ലാഹുവിന് അവ്യക്തമാവുകയില്ല; അവക്കെല്ലാം അവർക്ക് അവൻ പ്രതിഫലം നൽകുന്നതുമാണ്.

(48) അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങൾ ഓർക്കുകയും ചെയ്യുക. പിശാച് ബഹുദൈവാരാധകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഭംഗിയാക്കി തോന്നിപ്പിക്കുകയും, മുസ്ലിംകളുമായി യുദ്ധത്തിലേർപ്പെടാനും ഏറ്റുമുട്ടാനും അവർക്ക് ധൈര്യം പകരുകയും ചെയ്ത സന്ദർഭം. അവൻ അവരോടായി പറഞ്ഞു: ഇന്ന് നിങ്ങളെ പരാജയപ്പെടുത്താൻ ആരും തന്നെയില്ല. ഞാൻ നിങ്ങളെ ഉറപ്പായും സഹായിക്കുന്നതാണ്. നിങ്ങളുടെ ശത്രുവിൽ നിന്ന് ഞാൻ നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. അങ്ങനെ രണ്ട് കൂട്ടരും -അല്ലാഹുവിൽ വിശ്വസിച്ചവരും അവരെ സഹായിച്ചു കൊണ്ടുള്ള മലക്കുകളും അടങ്ങുന്ന സംഘവും, ബഹുദൈവാരാധകരും അവരുടെ സഹായിയായ പിശാചടങ്ങുന്ന സംഘവും- നേർക്കുനേരെ വന്നപ്പോൾ പിശാച് പിന്തിരിഞ്ഞോടി. ബഹുദൈവാരാധകരോട് അവൻ പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളിൽ നിന്നൊഴിവാണ്. (അല്ലാഹുവിൽ) വിശ്വസിച്ചവരെ സഹായിക്കുന്നതിനായി മലക്കുകൾ വന്നിരിക്കുന്നത് ഞാനിതാ നോക്കിക്കാണുന്നുണ്ട്. അല്ലാഹു എന്നെ നശിപ്പിച്ചു കളയുമെന്ന് ഞാൻ പേടിക്കുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു; അവൻ്റെ ശിക്ഷ സഹിക്കാൻ ഒരാൾക്കും സാധിക്കുകയില്ല.

(49) കപടവിശ്വാസികളും ദുർബല വിശ്വാസികളും ഇപ്രകാരം പറഞ്ഞിരുന്ന സന്ദർഭവും നിങ്ങൾ ഓർക്കുക: എണ്ണത്തിൽ കുറവാണെങ്കിലും, യുദ്ധസന്നാഹങ്ങൾ ദുർബലമാണെങ്കിലും ശത്രുക്കൾക്കെതിരെ നിങ്ങൾ തന്നെ വിജയം വരിക്കുമെന്ന് ഇക്കൂട്ടർക്ക് വാഗ്ദാനം നൽകുന്ന ഇവരുടെ ദീൻ -ഇസ്ലാം- മുസ്ലിംകളെ വഞ്ചിച്ചിരിക്കുന്നു. എന്നാൽ ആരെങ്കിലും അല്ലാഹുവിൻ്റെ മേൽ മാത്രം ഭരമേൽപ്പിക്കുകയും, അവൻ വാഗ്ദാനം ചെയ്ത സഹായത്തിൽ ദൃഢവിശ്വാസമുള്ളവർ ആയിരിക്കുകയും ചെയ്താൽ അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യുന്നതാണ് എന്ന കാര്യം ഇക്കൂട്ടർ മനസ്സിലാക്കിയിട്ടില്ല. അല്ലാഹു ഒരിക്കലും (അവനിൽ ഭരമേൽപ്പിച്ചവരെ) പരാജയപ്പെടുത്തുന്നതല്ല; അവർ എത്ര ദുർബലരാണെങ്കിലുംശരി. അല്ലാഹു മഹാപ്രതാപമുള്ളവനത്രെ; ആർക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അല്ലാഹു അങ്ങേയറ്റം യുക്തിമാനാകുന്നു.അവൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും (അവൻ ഏറ്റവും യുക്തമായത് പ്രവർത്തിക്കുന്നവനത്രെ).

(50) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിഷേധിച്ചവരുടെ ആത്മാവുകൾ മലക്കുകൾ പിടിക്കുകയും ഊരിയെടുക്കുകയും ചെയ്യുന്ന സന്ദർഭത്തിന് താങ്കളെങ്ങാനും സാക്ഷിയായിരുന്നെങ്കിൽ! അവർ മുന്നോട്ടു വന്നാൽ മലക്കുകൾ അവരുടെ മുഖത്തടിക്കുന്നതാണ്. അവർ പിന്തിരിഞ്ഞോടിയാൽ അവരുടെ പിൻഭാഗങ്ങളിലും മലക്കുകൾ മർദ്ധിക്കുന്നതാണ്. അവരോട് മലക്കുകൾ ഇപ്രകാരം പറയുകയും ചെയ്യും: അല്ലാഹുവിനെ നിഷേധിച്ചവരേ! കരിച്ചു കളയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക. നബിയേ! താങ്കളെങ്ങാനും അതിന് സാക്ഷിയായിരുന്നെങ്കിൽ തീർച്ചയായും അങ്ങേയറ്റം ഗുരുതരമായ ഒരു കാഴ്ചക്ക് തന്നെയാകുമായിരുന്നു താങ്കൾ സാക്ഷ്യം വഹിക്കുന്നത്.

(51) നിങ്ങളുടെ ആത്മാവുകൾ പിടികൂടുന്ന സന്ദർഭത്തിൽ വേദനയേറിയ ശിക്ഷ നിങ്ങളെ ബാധിക്കുവാനും, നിങ്ങളുടെ ഖബറുകളിലും പരലോകത്തും കരിച്ചു കളയുന്ന നരകശിക്ഷ നിങ്ങൾക്ക് ലഭിക്കാനുമുള്ള കാരണം ഇഹലോകത്ത് നിങ്ങളുടെ കൈകൾ പ്രവർത്തിച്ച (പ്രവർത്തനങ്ങൾ) തന്നെയാണ്. അല്ലാഹു മനുഷ്യരോട് അനീതി പ്രവർത്തിക്കുകയില്ല. അവൻ അവർക്കിടയിൽ നീതിപൂർവ്വകമായേ വിധിക്കുകയുള്ളൂ. ഏറ്റവും നന്നായി വിധിക്കുന്നവനും, അങ്ങേയറ്റം നീതിയുള്ളവനുമാകുന്നു അല്ലാഹു.

(52) അല്ലാഹുവിനെ നിഷേധിച്ച (മക്കയിലെ) ഇക്കൂട്ടർക്ക് ബാധിച്ച ശിക്ഷ അവർക്ക് മാത്രം ലഭിച്ച ശിക്ഷയൊന്നുമല്ല. മറിച്ച്, എല്ലാ കാലഘട്ടത്തിലും എല്ലായിടത്തുമുള്ള കാഫിറുകളുടെ കാര്യത്തിൽ അല്ലാഹു നടപ്പിലാക്കിയ അവൻ്റെ നടപടിക്രമമാണിത്. ഫിർഔൻ്റെ കൂട്ടരെയും അവർക്ക് മുൻപുള്ള ജനസമൂഹങ്ങളെയും അവർ അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചപ്പോൾ ഇതു പോലെ ശിക്ഷ ബാധിച്ചിട്ടുണ്ട്. അങ്ങനെ അവരുടെ തിന്മകളുടെ ഫലമായി പ്രതാപവാനും സർവ്വ ശക്തനുമായവൻ്റെ പിടുത്തം അല്ലാഹു അവരെ പിടികൂടുകയും, അവരുടെ മേൽ അവൻ്റെ ശിക്ഷ അവൻ ഇറക്കുകയും ചെയ്തു. തീർച്ചയായും അല്ലാഹു അതിശക്തനാകുന്നു; അവൻ പരാജിതനാവുകയോ തോൽപ്പിക്കപ്പെടുകയോ ഇല്ല. തന്നെ ധിക്കരിക്കുന്നവരെ കഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു അവൻ.

(53) അല്ലാഹു ഒരു ജനതയുടെ മേൽ അവൻ്റെ പക്കൽ നിന്നുള്ള അനുഗ്രഹം ചൊരിഞ്ഞാൽ അത് അവരിൽ നിന്ന് അവൻ എടുത്തു മാറ്റുകയില്ല; അവർ അവരുടെ നല്ല അവസ്ഥയിൽ നിന്ന് മോശം അവസ്ഥയിലേക്ക് മാറിയാലല്ലാതെ. അതായത്, അല്ലാഹുവിലുള്ള വിശ്വാസവും അവൻ്റെ മതത്തിൽ നേരെനിലകൊള്ളുന്നതും അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നതുമെല്ലാം നിർത്തി കൊണ്ട്, അല്ലാഹുവിനെ നിഷേധിക്കുകയും ധിക്കരിക്കുകയും അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് അവർ മാറി എന്ന കാരണത്താലാണ് അവർക്ക് ആ കഠിനമായ ശിക്ഷ വന്നുഭവിച്ചത്. അല്ലാഹു അവൻ്റെ അടിമകളുടെ സംസാരങ്ങൾ എല്ലാം കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങൾ എല്ലാം അറിയുന്നവനും (അലീം) ആണ് എന്നതിനാലുമാണ് അത് സംഭവിച്ചത്. അവന് യാതൊന്നും അവ്യക്തമാവുന്നതല്ല.

(54) നിഷേധികളായ ഇക്കൂട്ടരുടെ അവസ്ഥ അല്ലാഹുവിനെ നിഷേധിച്ച, ഇവർക്ക് മുൻപുള്ള ഫിർഔൻ്റെ കൂട്ടരുടെയും അവർക്ക് മുൻപുള്ള നിഷേധികളായ സമൂഹങ്ങളുടെയും അവസ്ഥ പോലെ തന്നെയാണ്. അവരുടെ രക്ഷിതാവിൻ്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു. അപ്പോൾ അല്ലാഹു അവർ ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ അവരെ നശിപ്പിച്ചു. ഫിർഔൻ്റെ കൂട്ടരെ അല്ലാഹു സമുദ്രത്തിൽ മുക്കി നശിപ്പിച്ചു. ഫിർഔൻ്റെ ജനതയും അവർക്ക് മുൻപുള്ള സമൂഹങ്ങളുമെല്ലാം അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തു കൊണ്ട് അതിക്രമം പ്രവർത്തിച്ചവരായിരുന്നു. അങ്ങനെ അവർ അല്ലാഹുവിൻ്റെ ശിക്ഷക്ക് അർഹരാവുകയും, അതവർക്ക് മേൽ വന്നുഭവിക്കുകയും ചെയ്തു.

(55) ഭൂമിക്ക് മുകളിൽ ചലിക്കുന്ന ജീവികളുടെ കൂട്ടത്തിൽ ഏറ്റവും മോശമായിട്ടുള്ളവർ അല്ലാഹുവിനെയും അവൻ്റെ ദൂതന്മാരെയും നിഷേധിച്ചവരാകുന്നു. സർവ്വ ദൃഷ്ടാന്തങ്ങളും അവർക്ക് വന്നെത്തിയാലും അവർ വിശ്വസിക്കുന്നതല്ല. തങ്ങളുടെ നിഷേധത്തിൽ തന്നെ അവർ തുടരുന്നതാണ്. അവരുടെ സന്മാർഗത്തിൻ്റെ മാർഗങ്ങളെല്ലാം -ബുദ്ധിയും കേൾവിയും കാഴ്ച്ചയുമെല്ലാം- ഫലശൂന്യമായിത്തീർന്നിരിക്കുന്നു.

(56) ബനൂ ഖുറൈദയെ പോലെ, താങ്കൾ കരാറുകളിലും സന്ധികളിലും ഏർപ്പെട്ട കൂട്ടർ; താങ്കളുമായി ചെയ്ത കരാറുകളതാ അവർ എല്ലാ തവണയും ലംഘിക്കുന്നു. അല്ലാഹുവിനെ അവർ ഭയക്കുന്നേയില്ല. അതു കൊണ്ടാണ് അവർ തങ്ങളുടെ കരാറുകൾ പൂർത്തീകരിക്കാത്തതും, സന്ധിനിയമങ്ങൾ പാലിക്കാത്തതും.

(57) അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ കരാറുകൾ ലംഘിച്ചവരുമായി താങ്കൾ യുദ്ധത്തിലേർപ്പെട്ടാൽ അവർക്ക് കടുത്ത ശിക്ഷ തന്നെ താങ്കൾ നൽകുക. മറ്റുള്ളവർ കൂടി കേട്ടറിയുന്ന തരത്തിലുള്ള ശിക്ഷയാകട്ടെ അത്. അങ്ങനെ അവർ അതിൽ നിന്ന് പാഠമുൾക്കൊള്ളുകയും, താങ്കളുമായി യുദ്ധത്തിലേർപ്പെടുകയോ താങ്കളുടെ ശത്രുക്കളെ താങ്കൾക്കെതിരെ സഹായിക്കുകയോ ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയിലാകട്ടെ.

(58) അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ കരാറിലേർപ്പെട്ട ഏതെങ്കിലും ജനതയിൽ നിന്ന് വഞ്ചനയും കരാർലംഘനവും ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭിക്കുകയും, അങ്ങനെ സംഭവിക്കുമെന്ന് താങ്കൾ ഭയക്കുകയും ചെയ്താൽ അവരുടെ കരാർ അസാധുവായിരിക്കുന്നുവെന്ന് അവരെ താങ്കൾ അറിയിച്ചേക്കുക. അങ്ങനെ അക്കാര്യം താങ്കളെ പോലെ അവരും തുല്യമായി അറിയട്ടെ. കരാർ അസാധുവായ കാര്യം അവരെ അറിയിക്കുന്നതിന് മുൻപ് പൊടുന്നനെ താങ്കൾ അവരെ അക്രമിക്കരുത്. അങ്ങനെ അവരെ അക്രമിക്കുന്നത് വഞ്ചനയാണ്. അല്ലാഹു വഞ്ചകന്മാരെ ഇഷ്ടപ്പെടുന്നില്ല. മറിച്ച്, അവരോട് അവൻ കോപിക്കുകയാണ് ചെയ്യുക. അതിനാൽ വഞ്ചന നടത്തുന്നത് താങ്കൾ സൂക്ഷിക്കുക.

(59) അല്ലാഹുവിനെ നിഷേധിച്ചവർ തങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടുവെന്നും, അവനിൽ നിന്ന് കുതറിമാറിയെന്നും ധരിക്കേണ്ടതേയില്ല. അല്ലാഹുവിനെ അവർക്ക് തോൽപ്പിക്കാനോ, അവൻ്റെ ശിക്ഷയിൽ നിന്ന് അവർക്ക് രക്ഷപ്പെടാനോ സാധിക്കുകയില്ല. മറിച്ച് അല്ലാഹു അവരെ പിടികൂടുന്നതും, അവരെ കണ്ടെത്തുന്നതുമാണ്.

(60) അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങൾക്ക് ഒരുക്കാൻ കഴിയുന്നത്ര സംഘബലവും അമ്പെയ്ത്ത് പോലുള്ള ആയുധശേഷിയും നിങ്ങൾ സ്വരുക്കൂട്ടിക്കൊള്ളുക. കെട്ടിനിർത്തിയ കുതിരകളെയും അല്ലാഹുവിൻ്റെ മാർഗത്തിൽ നിങ്ങൾ ഒരുക്കി നിർത്തുക. അങ്ങനെ അല്ലാഹുവിൻ്റെയും നിങ്ങളുടെയും ശത്രുക്കളായ, നിങ്ങളുടെ നാശം കാത്തിരിക്കുന്ന നിഷേധികളെ നിങ്ങൾ ഭയപ്പെടുത്തുക. മറ്റൊരു വിഭാഗം ജനങ്ങളെയും അതിലൂടെ നിങ്ങൾ ഭയപ്പെടുത്തുന്നുണ്ട്; അവരെയോ അവർ നിങ്ങളോട് മനസ്സിൽ സൂക്ഷിക്കുന്ന ശത്രുതയോ നിങ്ങൾക്ക് അറിയില്ലെങ്കിലും അല്ലാഹു അവരെയും അവരുടെ മനസ്സുകളിൽ ഒളിപ്പിക്കുന്നതിനെയും അറിയുന്നുണ്ട്. നിങ്ങൾ ചെലവഴിക്കുന്നതെന്തും -അത് കുറവോ കൂടുതലോ ആകട്ടെ- അല്ലാഹു നിങ്ങൾക്ക് ഇഹലോകത്ത് തന്നെ അതിന് പകരം നൽകുന്നതാണ്. അതിൻ്റെ പ്രതിഫലമാകട്ടെ പരലോകത്ത് യാതൊരു കുറവുമില്ലാതെ അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യും. അതിനാൽ അല്ലാഹുവിൻ്റെ മാർഗത്തിൽ ചെലവഴിക്കുന്നതിന് നിങ്ങൾ ധൃതികൂട്ടുക.

(61) ഇനി അവർ രമ്യതയിലേക്ക് നീങ്ങുകയും, നിന്നോട് യുദ്ധം ചെയ്യുന്നത് ഉപേക്ഷിക്കുകയുമാണെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളും അതിലേക്ക് തന്നെ ചായുക. അവരുമായി കരാറിലേർപ്പെടുകയും, അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, അവനിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുക. അല്ലാഹു ഒരിക്കലും നിന്നെ പരാജയപ്പെടുത്തുന്നതല്ല. തീർച്ചയായും അവൻ അവരുടെ സംസാരങ്ങൾ കേൾക്കുന്നവനും (സമീഅ്) അവരുടെ മനസ്സിലെ ഉദ്ദേശങ്ങളും പ്രവർത്തനങ്ങളും നന്നായി അറിയുന്നവനും (അലീം) ആകുന്നു.

(62) അവർ രഞ്ജിപ്പിലേക്കും യുദ്ധം ഉപേക്ഷിക്കുന്നതിലേക്കും മാറിയത് നിന്നെ വഞ്ചിക്കുന്നതിനും, അതിലൂടെ നീയുമായി യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നതിനും ആയിരുന്നെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- തീർച്ചയായും അവരുടെ കുതന്ത്രവും വഞ്ചനയും തടുക്കാൻ താങ്കൾക്ക് അല്ലാഹു മതിയായവനാണ്. അവനാകുന്നു തൻ്റെ സഹായം കൊണ്ട് താങ്കൾക്ക് ശക്തി നൽകിയവൻ. അല്ലാഹുവിൽ വിശ്വസിച്ച മുഹാജിറുകളെയും അൻസ്വാറുകളെയും കൊണ്ട് താങ്കളെ സഹായിച്ചവനും അവനത്രെ.

(63) (ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ്) ഭിന്നിച്ചു നിലകൊണ്ടിരുന്ന, (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ ഹൃദയങ്ങളെ കൂട്ടിയിണക്കിയത് അല്ലാഹുവാകുന്നു. അവരെ കൊണ്ടാണല്ലോ അല്ലാഹു താങ്കളെ സഹായിച്ചത്. ഭിന്നിച്ചു നിൽക്കുന്ന അവരുടെ ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിനായി ഭൂമിയിലുള്ള മുഴുവൻ സമ്പത്തും താങ്കൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലും അവയെ ഒരുമിച്ചു കൂട്ടാൻ താങ്കൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ അല്ലാഹുവാകുന്നു അവരെ ഒരുമിച്ചു കൂട്ടിയത്. തീർച്ചയായും അവൻ തൻ്റെ അധികാരത്തിൽ മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ വിധിനിർണ്ണയത്തിലും പ്രപഞ്ചനിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് ചെയ്യുന്നവനുമാകുന്നു അവൻ.

(64) നബിയേ! തീർച്ചയായും താങ്കളുടെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് താങ്കളെയും താങ്കളോടൊപ്പമുള്ള മുഅ്മിനുകളെയും പ്രതിരോധിക്കാൻ അല്ലാഹു മതിയായവനാണ്. അതിനാൽ അല്ലാഹുവിൽ താങ്കൾ പ്രതീക്ഷയർപ്പിക്കുകയും അവനിൽ താങ്കൾ ഭരമേൽപ്പിക്കുകയും ചെയ്യുക.

(65) നബിയേ! അല്ലാഹുവിൽ വിശ്വസിച്ചവരെ താങ്കൾ യുദ്ധത്തിന് പ്രേരിപ്പിക്കുക. അവരുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുകയും, ലക്ഷ്യം ഉന്നതമാക്കുകയും ചെയ്യുന്ന രൂപത്തിൽ അവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക. അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിനെ നിഷേധിച്ചവരുമായി യുദ്ധം ചെയ്യുന്നതിൽ ക്ഷമയോടെ നിലകൊള്ളുന്ന ഇരുപത് പേർ നിങ്ങളിൽ നിന്നുണ്ടെങ്കിൽ കാഫിറുകളിൽ നിന്നുള്ള ഇരുന്നൂറ് പേരെ അവർ വിജയിച്ചടക്കും. നിങ്ങളിൽ നിന്ന് ക്ഷമാശീലരായ നൂറ് പേരുണ്ടെങ്കിൽ അവർ കാഫിറുകളിലെ ആയിരം പേരെ വിജയിച്ചടക്കുന്നതാണ്. അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാരെ സഹായിക്കുകയും, അവൻ്റെ ശത്രുക്കളെ തകർക്കുകയും ചെയ്യുന്നതാണ് എന്ന അല്ലാഹുവിൻ്റെ നടപടിക്രമം തിരിച്ചറിയാത്തവരാണ് കാഫിറുകൾ എന്നതാണ് അതിൻ്റെ പിന്നിലെ കാരണം. യുദ്ധത്തിന് പിന്നിലുള്ള ലക്ഷ്യവും അവർ തിരിച്ചറിയുന്നില്ല. ഭൂമിയിൽ ഔന്നത്യം നടിക്കാൻ മാത്രമത്രെ അവർ യുദ്ധം ചെയ്യുന്നത്.

(66) അല്ലാഹുവിൽ വിശ്വസിച്ചവരേ! ഇപ്പോൾ അല്ലാഹു നിങ്ങൾക്ക് എളുപ്പമാക്കി തന്നിരിക്കുന്നു; കാരണം, നിങ്ങളുടെ ബലഹീനത അവൻ അറിഞ്ഞിരിക്കുന്നു. അതിനാൽ, നിങ്ങളോടുള്ള അനുകമ്പയാൽ അവൻ നിങ്ങൾക്ക് എളുപ്പം നൽകിയിരിക്കുന്നു. (യുദ്ധവേളയിൽ) (അല്ലാഹുവിനെ) നിഷേധിച്ച പത്തു പേർക്ക് മുൻപിൽ ഒരാൾ ഉറച്ചു നിൽക്കണമെന്നതിന് പകരം രണ്ട് പേർക്ക് മുൻപിൽ ഒരാൾ ഉറച്ചു നിന്നാൽ മതിയെന്ന് അവൻ നിയമമാക്കിയിരിക്കുന്നു. നിങ്ങളുടെ കൂട്ടത്തിൽ ക്ഷമാശീലരായ നൂറു പേരുണ്ടെങ്കിൽ (അല്ലാഹുവിനെ) നിഷേധിച്ചവരിൽ പെട്ട ഇരുന്നൂറ് പേരെ അവർ പരാജയപ്പെടുത്തുന്നതാണ്. ക്ഷമാശീലരായ ആയിരം പേർ നിങ്ങളിൽ നിന്നുണ്ടെങ്കിൽ അല്ലാഹുവിനെ നിഷേധിച്ചവരുടെ കൂട്ടത്തിൽ നിന്ന് രണ്ടായിരം പേരെ അവർ പരാജയപ്പെടുത്തുന്നതാണ്; അല്ലാഹുവിൻ്റെ അനുമതിയോടെ. ക്ഷമാശീലരായ മുഅ്മിനുകൾക്കൊപ്പം അവരെ പിന്തുണച്ചും സഹായിച്ചും അല്ലാഹുവുണ്ട്.

(67) താനുമായി യുദ്ധത്തിലേർപ്പെട്ട, അല്ലാഹുവിനെ നിഷേധിച്ചവരിൽ (കാഫിറുകളിൽ) നിന്ന് തടവുകാരെ സ്വീകരിക്കുക എന്നത് ഒരു നബിക്കും പാടുള്ളതല്ല. അവരിൽ നിന്ന് ധാരാളം പേരെ കൊന്നൊടുക്കിയിട്ടല്ലാതെ. (അല്ലാഹുവിനെ) നിഷേധിച്ചവരുടെ ഹൃദയത്തിൽ ഭയം പ്രവേശിപ്പിക്കുന്നതിനും, അങ്ങനെ അവർ പിന്നീട് യുദ്ധത്തിന് വരാതിരിക്കുന്നതിനുമത്രെ അത്. അല്ലാഹുവിൽ വിശ്വസിച്ചവരേ! മോചനദ്രവ്യം സ്വീകരിച്ച് (മോചിപ്പിക്കുന്ന രൂപത്തിൽ) ബദ്റിലെ തടവുകാരെ കൈകാര്യം ചെയ്യാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. അല്ലാഹുവാകട്ടെ പരലോകമാണ് ഉദ്ദേശിക്കുന്നത്. ദീനിനെ വിജയിപ്പിച്ചു കൊണ്ടും, അതിന് ശക്തി പകർന്നു കൊണ്ടുമാണ് ആ പരലോകം നേടിയെടുക്കാൻ കഴിയുക. അല്ലാഹു അവൻ്റെ അസ്തിത്വത്തിലും വിശേഷണങ്ങളിലും അധീശത്വത്തിലും മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തിമാനുമാകുന്നു അവൻ.

(68) യുദ്ധാർജ്ജിത സ്വത്തുകളും തടവുകാരുടെ മോചനദ്രവ്യവും നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന് അല്ലാഹു മുൻകൂട്ടി രേഖപ്പെടുത്തുകയും, അപ്രകാരം അവൻ വിധിക്കുകയും നിർണ്ണയിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ അല്ലാഹുവിൽ നിന്നുള്ള കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുക തന്നെ ചെയ്യുമായിരുന്നു. യുദ്ധാർജ്ജിത സ്വത്തും തടവുകാരുടെ മോചനദ്രവ്യവും നിങ്ങൾക്ക് അനുവദനീയമാണെന്ന് അറിയിക്കുന്ന അല്ലാഹുവിൻ്റെ സന്ദേശം വരുന്നതിന് മുൻപ് തന്നെ നിങ്ങൾ അവ സ്വീകരിച്ചതായിരുന്നു (ശിക്ഷ ബാധിക്കേണ്ടതിനുള്ള) കാരണം.

(69) അതിനാൽ -അല്ലാഹുവിൽ വിശ്വസിച്ചവരേ!- കാഫിറുകളിൽ നിന്ന് നിങ്ങൾ എടുത്ത യുദ്ധാർജ്ജിത സ്വത്തിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അത് നിങ്ങൾക്ക് അനുവദനീയമാകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു അവനിൽ വിശ്വസിച്ച തൻ്റെ ദാസന്മാരോട് ഏറെ പൊറുക്കുന്നവനും (ഗഫൂർ), അവരോട് ധാരാളമായി കരുണ ചൊരിയുന്നവനുമാകുന്നു.

(70) നബിയേ! ബദ്ർ യുദ്ധദിനം നിങ്ങളുടെ കൈകളിൽ അകപ്പെട്ട ബഹുദൈവാരാധകരിലെ തടവുകാരോട് പറയുക: നിങ്ങളുടെ ഹൃദയങ്ങളിൽ നന്മയോടുള്ള ആഗ്രഹവും, നല്ല ഉദ്ദേശവും ഉള്ളതായി അല്ലാഹു അറിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട മോചനദ്രവ്യത്തെക്കാൾ ഉത്തമമായത് അവൻ നിങ്ങൾക്ക് നൽകുന്നതാണ്. അതിനാൽ നിങ്ങളിൽ നിന്ന് പിടിച്ചെടുക്കപ്പെട്ടതിൽ നിങ്ങൾ വ്യസനിക്കേണ്ടതില്ല. അല്ലാഹു നിങ്ങളുടെ തെറ്റുകൾ നിങ്ങൾക്ക് പൊറുത്തു നൽകുകയും ചെയ്യുന്നതാണ്. തൻ്റെ ദാസന്മാരിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും അവരോട് അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാകുന്നു അവൻ. പിൽക്കാലഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ച നബി -ﷺ- യുടെ എളാപ്പയായ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനെ പോലുള്ളവർക്ക് ഈ ആയത്തിൽ അല്ലാഹു നൽകിയ വാഗ്ദാനം യാഥാർത്ഥ്യമായി തീർന്നിട്ടുണ്ട്.

(71) അല്ലാഹുവിൻ്റെ റസൂലേ! സംസാരത്തിലൂടെ താങ്കളെ വഞ്ചിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ ഇതിന് മുൻപ് അവർ അല്ലാഹുവിനെ വഞ്ചിട്ടുണ്ട്. അല്ലാഹുവാകട്ടെ, അവർക്ക് മേൽ താങ്കൾക്ക് സഹായം നൽകുകയും ചെയ്തു. അങ്ങനെ അവരിൽ നിന്ന് ധാരാളം പേർ കൊല്ലപ്പെടുകയും, തടവിലാക്കപ്പെടുകയും ചെയ്തു. അതിനാൽ ഇവർ ഇനിയും ഇത് ആവർത്തിക്കുകയാണെങ്കിൽ സമാനമായത് വീണ്ടും അവർ പ്രതീക്ഷിച്ചു കൊള്ളട്ടെ. അല്ലാഹു തൻ്റെ സൃഷ്ടികളെക്കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും നന്നായി അറിയുന്നവനും (അലീം), ഏറ്റവും യുക്തമായ രൂപത്തിൽ കാര്യങ്ങളെ നിയന്ത്രിക്കുന്നവനും (ഹകീം) ആകുന്നു.

(72) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ റസൂലിനെ സത്യപ്പെടുത്തുകയും, അല്ലാഹുവിൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും, അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് -അതല്ലെങ്കിൽ നിർഭയരായി അല്ലാഹുവിനെ ആരാധിക്കാൻ കഴിയുന്ന ഒരിടത്തേക്ക്- പാലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ വചനം (ലാ ഇലാഹ ഇല്ലല്ലാഹ്) ഉന്നതമാക്കുന്നതിനായി തങ്ങളുടെ സമ്പത്തും ശരീരങ്ങളും ദാനം നൽകിക്കൊണ്ട് കഠിനപരിശ്രമത്തിൽ ഏർപ്പെടുകയും ചെയ്തവരും, (പാലായനം ചെയ്തു വന്നവരെ) തങ്ങളുടെ ഭവനങ്ങളിൽ സ്വീകരിക്കുകയും, അവരെ സഹായിക്കുകയും ചെയ്തവരും; ഈ രണ്ട് വിഭാഗവും -പാലായനം ചെയ്ത മുഹാജിറുകളും അവരെ സഹായിച്ച നാട്ടുകാരും പരസ്പരം സഹായിക്കുന്നതിലും പിന്തുണക്കുന്നതിലും ഉറ്റമിത്രങ്ങളാകുന്നു. എന്നാൽ അല്ലാഹുവിൽ വിശ്വസിക്കുകയും അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തേക്ക് പാലായനം ചെയ്യാതിരിക്കുകയും ചെയ്തവർ; -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അക്കൂട്ടർ അല്ലാഹുവിൻ്റെ മാർഗത്തിൽ പാലായനം ചെയ്യുന്നത് വരെ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് നിങ്ങൾക്ക് മേൽ ബാധ്യതയില്ല. (അല്ലാഹുവിനെ) നിഷേധിച്ചവർ അവരോട് അതിക്രമം പ്രവർത്തിക്കുകയും, അവർ നിങ്ങളുടെ സഹായം ആവശ്യപ്പെടുകയുമാണെങ്കിൽ ശത്രുക്കൾക്കെതിരെ അവരെ നിങ്ങൾ സഹായിക്കുക; നിങ്ങൾക്കും അവരുടെ ശത്രുവിനും ഇടയിൽ ലംഘിക്കപ്പെടാത്ത ഒരു കരാറുണ്ടെങ്കിൽ ഒഴികെ. (അപ്പോൾ ആ കരാർ നിങ്ങൾ പാലിക്കുക). അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്.

(73) അല്ലാഹുവിനെ നിഷേധിച്ചവർ; അവരുടെ നിഷേധമാണ് അവരെ ഒരുമിപ്പിക്കുന്നത്. അതിനാൽ അവർ പരസ്പരം സഹായിക്കുന്നതാണ്. അതിനാൽ, (അല്ലാഹുവിൽ) വിശ്വസിച്ച ഒരാൾ ഒരിക്കലും അവരെ ഉറ്റമിത്രങ്ങളാക്കുകയില്ല. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിച്ചവരുമായി ആത്മബന്ധം സ്ഥാപിക്കുകയും, (അല്ലാഹുവിനെ) നിഷേധിച്ചവരെ ശത്രുക്കളായി പരിഗണിക്കുകയും ചെയ്തില്ലെങ്കിൽ അത് (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് ഒരു കുഴപ്പമായി മാറുന്നതാണ്. കാരണം അവരുടെ മുസ്ലിം സഹോദരങ്ങളെ സഹായികളായി അവർക്ക് ലഭിക്കുന്നതല്ല. അങ്ങനെ അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ജനങ്ങളെ തടയുക എന്ന വമ്പിച്ച കുഴപ്പം ഉടലെടുക്കുന്നതാണ്.

(74) അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ മാർഗത്തിൽ (അനിസ്ലാമിക രാജ്യത്തു നിന്ന് ഇസ്ലാമിക രാജ്യത്തേക്ക്) പാലായനം ചെയ്തവരും, അവർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും ചെയ്തവരും; അക്കൂട്ടർ തന്നെയാകുന്നു യഥാർത്ഥ വിശ്വാസത്തിൻ്റെ സ്വഭാവഗുണങ്ങളുള്ളവർ. അവരുടെ പ്രതിഫലം അല്ലാഹുവിൽ നിന്ന് അവരുടെ തെറ്റുകൾക്കുള്ള പാപമോചനവും, അവനിൽ നിന്നുള്ള മാന്യമായ ഉപജീവനം -അതായത് സ്വർഗവും- ആകുന്നു.

(75) ഇസ്ലാമിലേക്ക് ആദ്യം കടന്നു വന്ന മുഹാജിറുകൾക്കും അൻസ്വാറുകൾക്കും ശേഷം ഇസ്ലാം സ്വീകരിക്കുകയും, അനിസ്ലാമിക രാജ്യത്ത് നിന്ന് ഇസ്ലാമിക രാജ്യത്തിലേക്ക് പാലായനം ചെയ്യുകയും, അല്ലാഹുവിൻ്റെ വചനം ഉന്നതമാകുന്നതിനും അവനെ നിഷേധിച്ചവരുടെ വാദം തകരുന്നതിനും വേണ്ടി അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും ചെയ്തവർ; -അല്ലാഹുവിൽ വിശ്വസിച്ചവരേ!- അവർ നിങ്ങളിൽ പെട്ടവർ തന്നെയാണ്. നിങ്ങൾക്കുള്ള അവകാശങ്ങളെല്ലാം അവർക്കും ഉണ്ട്. നിങ്ങളുടെ മേലുള്ള നിർബന്ധ ബാധ്യതകളെല്ലാം അവർക്ക് മേലുമുണ്ട്. മുൻപ് അല്ലാഹുവിൽ വിശ്വസിക്കുകയും (മക്കയിൽ നിന്ന്) പാലായനം നടത്തുകയും ചെയ്തതിൻ്റെ പേരിലുണ്ടായിരുന്ന അനന്തരാവകാശത്തെക്കാൾ കുടുംബബന്ധമുള്ളവർ തമ്മിലാണ് അല്ലാഹുവിൻ്റെ നിയമത്തിൽ, അനന്തരാവകാശത്തിന് കൂടുതൽ അർഹതയുള്ളത്. തീർച്ചയായും, അല്ലാഹു എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. തൻ്റെ അടിമകൾക്ക് പ്രയോജനകരമായത് എന്താണെന്ന് അവൻ ഏറ്റവും നന്നായി അറിയുന്നു. അതാണ് അവൻ അവർക്ക് നിയമമായി നിശ്ചയിച്ചു നൽകുന്നത്.