82 - Al-Infitaar ()

|

(1) ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;

(2) നക്ഷത്രങ്ങൾ ചിന്നിച്ചിതറി കൊണ്ട് ഉതിർന്നു വീണാൽ.

(3) സമുദ്രങ്ങൾ ഒന്നിനു മീതെ ഒന്നായി തുറന്നു വിടപ്പെടുകയും, അങ്ങനെ അവ കൂടിക്കലരുകയും ചെയ്താൽ.

(4) ഖബ്റുകൾക്കുള്ളിൽ കിടക്കുന്നവരെ പുനരുജ്ജീവിപ്പിക്കുന്നതിനായി അതിലെ മണ്ണ് കീഴ്മേൽ മറിക്കപ്പെടുകയും ചെയ്താൽ;

(5) ആ സന്ദർഭത്തിൽ ഓരോ വ്യക്തിയും താൻ മുൻപ് ചെയ്തു വെച്ച പ്രവർത്തനങ്ങളും, ചെയ്യാതെ പിന്തിച്ച പ്രവർത്തനങ്ങളും അറിയുന്നതാണ്.

(6) അല്ലയോ നിൻ്റെ രക്ഷിതാവിനെ നിഷേധിച്ച മനുഷ്യാ! നിനക്ക് അവധി നൽകുകയും, നിന്നോടുള്ള ഔദാര്യത്താൽ ഉടനടി നിന്നെ ശിക്ഷക്കായി പിടികൂടാതെ അവധാനത കാണിക്കുകയും ചെയ്ത നിൻ്റെ രക്ഷിതാവിൻ്റെ കൽപ്പനകളോട് എതിരാകാൻ നിന്നെ പ്രേരിപ്പിച്ചതെന്താണ്?

(7) നിന്നെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുകയും, എല്ലാ അവയവങ്ങളും ഒത്ത നിലയിൽ നിന്നെ ആക്കുകയും ചെയ്തവനത്രെ അവൻ.

(8) നിന്നെ ഏതൊരു രൂപത്തിൽ അവൻ സൃഷ്ടിക്കാൻ ഉദ്ദേശിച്ചോ; ആ രൂപത്തിൽ അവൻ നിന്നെ ആക്കിയിരിക്കുന്നു. ഒരു കഴുതയുടെയോ കുരങ്ങിൻ്റെയോ നായയുടെയോ രൂപത്തിൽ നിന്നെ സൃഷ്ടിക്കാതെ അവൻ നിന്നോട് അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു.

(9) -സ്വയം വഞ്ചിതരായവരേ-! നിങ്ങൾ ധരിച്ചു വെച്ചത് പോലെയേ അല്ല കാര്യം! പക്ഷേ നിങ്ങൾ പ്രതിഫല നാളിനെ നിഷേധിക്കുകയും, അതിന് വേണ്ടി പ്രവർത്തിക്കാതിരിക്കുകയുമാണ്.

(10) നിങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷിക്കുന്ന ചില മലക്കുകൾ നിങ്ങൾക്ക് മേലുണ്ട്.

(11) അല്ലാഹുവിങ്കൽ ആദരണീയരായ, നിങ്ങളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകാർ.

(12) നിങ്ങൾ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും അവർ അറിയുന്നു. അതവർ രേഖപ്പെടുത്തുകയും ചെയ്യുന്നു.

(13) ധാരാളമായി നന്മയും സൽകർമ്മങ്ങളും പ്രവർത്തിക്കുന്നവർ അന്ത്യനാളിൽ എന്നെന്നും നിലനിൽക്കുന്ന അനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

(14) മ്ലേഛതകൾ ചെയ്യുന്നവർ നരകാഗ്നിയിൽ തന്നെയായിരിക്കും; അതവരുടെ മേൽ കത്തിജ്വലിക്കുന്നതായിരിക്കും.

(15) പ്രതിഫലനാളിൽ അവരതിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂട് അനുഭവിച്ചറിയുകയും ചെയ്യുന്നതാണ്.

(16) അതിൽ നിന്ന് അവർക്ക് ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല. മറിച്ച് അവർ അതിൽ ശാശ്വതരായിരിക്കും.

(17) ഹേ റസൂൽ! പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

(18) വീണ്ടും; പ്രതിഫലനാളിൻ്റെ ദിവസം എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

(19) ഒരാൾക്കും മറ്റൊരാളെ സഹായിക്കാൻ കഴിയാത്ത ദിവസം. അന്ന് എല്ലാ കാര്യങ്ങളുടെയും അധികാരം അല്ലാഹുവിന് മാത്രമായിരിക്കും; മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. അവൻ ഉദ്ദേശിക്കുന്നത് പോലെ അതിൽ മാറ്റത്തിരുത്തലുകൾ വരുത്തും.