92 - Al-Lail ()

|

(1) അല്ലാഹു രാത്രിയെ കൊണ്ടും, ഇരുട്ട് കൊണ്ട് ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതെല്ലാം മൂടിക്കളയുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.

(2) പകൽ മറ നീക്കി പുറത്തു വരികയും പ്രകടമാവുകയും ചെയ്യുന്ന വേളയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(3) രണ്ട് വിഭാഗം പേരെ -പുരുഷനെയും സ്ത്രീയെയും- സൃഷ്ടിച്ചതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.

(4) അല്ലയോ ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ പ്രവർത്തനങ്ങൾ വ്യത്യസ്തമാണ്. അതിൽ സ്വർഗപ്രവേശനത്തിന് കാരണമാകുന്ന സൽകർമ്മങ്ങൾ ഉണ്ട്; നരക പ്രവേശനത്തിന് കാരണമാകുന്ന തിന്മകളും ഉണ്ട്.

(5) എന്നാൽ ആരെങ്കിലും തൻ്റെ മേൽ ബാധ്യതയായ ദാനങ്ങൾ -സകാത്തും കുടുംബചിലവുകളും പാപത്തിന് പശ്ചാത്താപമായുമുള്ള ദാനങ്ങളും- നിർവ്വഹിക്കുകയും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ സൂക്ഷിച്ച് വിട്ടു നിൽക്കുകയും ചെയ്തുവോ;

(6) അല്ലാഹു അവന് പകരം നൽകുമെന്ന് വാഗ്ദാനം ചെയ്ത (സ്വർഗമെന്ന പ്രതിഫലത്തെ) സത്യപ്പെടുത്തുകയും ചെയ്തുവോ;

(7) അവന് നാം സൽകർമ്മങ്ങളും, അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനവും എളുപ്പമാക്കി കൊടുക്കുന്നതാണ്.

(8) എന്നാൽ ആരെങ്കിലും നിർബന്ധമായും ചിലവഴിക്കേണ്ട വിഷയങ്ങളിൽ പിശുക്ക് കാണിക്കുകയും, തൻ്റെ സമ്പാദ്യം കൊണ്ട് അല്ലാഹുവിൻ്റെ സഹായത്തിൽ നിന്ന് ധന്യത നടിക്കുകയും, അവൻ്റെ ഔദാര്യത്തിൽ നിന്ന് ചോദിക്കാതിരിക്കുകയും;

(9) അല്ലാഹു പകരമായി നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളതിനെയും അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ദാനധർമ്മത്തിനുള്ള പ്രതിഫലത്തെയും കളവാക്കുകയും ചെയ്തുവോ

(10) അവന് നാം തിന്മ പ്രവർത്തിക്കാൻ എളുപ്പം നൽകുന്നതാണ്; നന്മ പ്രവർത്തിക്കുന്നത് പ്രയാസകരവുമാക്കുന്നതാണ്.

(11) അവൻ നശിക്കുകയും നരകത്തിൽ പ്രവേശിക്കുകയും ചെയ്താൽ അവൻ്റെ സമ്പാദ്യം അവന് യാതൊരു ഉപകാരവും ചെയ്യുന്നതല്ല.

(12) സത്യത്തിൻ്റെ വഴി അസത്യത്തിൽ നിന്ന് വേർതിരിച്ചു വിശദീകരിച്ചു നൽകൽ നമ്മുടെ ബാധ്യതയാകുന്നു.

(13) തീർച്ചയായും ഐഹികജീവിതവും പാരത്രിക ജീവിതവും നമുക്കുള്ളത് തന്നെയാകുന്നു. നാം ഉദ്ദേശിക്കുന്ന രൂപത്തിൽ അതിൽ നാം മാറ്റത്തിരുത്തലുകൾ വരുത്തുന്നതാണ്. ഞാനല്ലാത്ത മറ്റൊരാൾക്കും അതിന് സാധിക്കുകയില്ല തന്നെ.

(14) അല്ലയോ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ ധിക്കരിക്കുകയാണെങ്കിൽ ആളിക്കത്തുന്ന നരകത്തെ കുറിച്ച് -ഞാനിതാ- നിങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.

(15) ആ നരകത്തിൻ്റെ ചൂട് അങ്ങേയറ്റം ദൗർഭാഗ്യവാനായ വ്യക്തിയല്ലാതെ അനുഭവിക്കുകയില്ല; (ഇസ്ലാം) സ്വീകരിക്കാത്തവരാകുന്നു അവർ.

(16) റസൂൽ -ﷺ- കൊണ്ടു വന്ന (ഇസ്ലാമിനെ) നിഷേധിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുന്നതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തവർ.

(17) ജനങ്ങളിൽ ഏറ്റവും അല്ലാഹുവിനെ സൂക്ഷിച്ചിരുന്ന വ്യക്തി -അബൂബക്ർ സിദ്ധീഖ്- അതിൽ നിന്ന് അകറ്റപ്പെടുന്നതാണ്.

(18) തിന്മകളിൽ നിന്ന് സ്വന്തത്തെ ശുദ്ധീകരിക്കുന്നതിനായി തൻ്റെ സമ്പാദ്യം നന്മയുടെ വഴികളിൽ ചിലവഴിച്ച വ്യക്തി.

(19) അവൻ തൻ്റെ സമ്പാദ്യത്തിൽ നിന്ന് ദാനം ചെയ്യുന്നത് -താൻ ചെയ്തു കൊടുത്ത ഒരു ഉപകാരത്തിൻ്റെ പേരിൽ- പകരമെന്തെങ്കിലും നേടാൻ വേണ്ടിയല്ല.

(20) തൻ്റെ സമ്പാദ്യം ചിലവഴിക്കുന്നത് കൊണ്ട് -അല്ലാഹുവിൻ്റെ സൃഷ്ടികളെയല്ല-; മറിച്ച് തൻ്റെ രക്ഷിതാവിൻ്റെ തിരുവദനമത്രെ അദ്ദേഹം ഉദ്ദേശിക്കുന്നത്.

(21) അല്ലാഹു അദ്ദേഹത്തിന് നൽകുന്ന മാന്യമായ പ്രതിഫലത്തിൽ അദ്ദേഹം തൃപ്തിപ്പെടുന്നതാണ്.