(1) പകലിൻ്റെ ആദ്യഭാഗം കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(2) രാത്രിയെ കൊണ്ടും, അതിൻ്റെ ഇരുട്ട് മൂടുകയും ജനങ്ങൾ ജോലികൾ അവസാനിപ്പിച്ച് വീടണയുകയും ചെയ്യുന്ന വേള കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
(3) അല്ലയോ റസൂലേ! അല്ലാഹുവിൽ നിന്നുള്ള സന്ദേശം കുറച്ചു കാലം നിലച്ച ഇടവേളയിൽ ബഹുദൈവാരാധകർ പറഞ്ഞു പരത്തിയപോലെ അങ്ങയുടെ റബ്ബ് അങ്ങയെ ഉപേക്ഷിക്കുകയോ, അങ്ങയോട് കോപിക്കുകയോ ചെയ്തിട്ടില്ല.
(4) ഇഹലോകത്തെക്കാൾ പരലോകം തന്നെയാണ് നിനക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്; കാരണം ഒരിക്കലും അവസനിക്കാത്ത സുഖാനുഗ്രഹങ്ങളാണ് അവിടെയുള്ളത്.
(5) നിനക്ക് തൃപ്തിയാകുന്നത് വരെ നിനക്കും നിന്നെ പിൻപറ്റിയവർക്കും അവൻ വാരിക്കോരി പ്രതിഫലം നൽകുന്നതാണ്.
(6) ചെറിയ കുട്ടിയായിരിക്കെ പിതാവ് നഷ്ടപ്പെട്ട അവസ്ഥയിലല്ലേ നിന്നെ അവൻ കണ്ടെത്തിയത്? എന്നിട്ടവൻ നിനക്ക് ആശ്രയം നൽകിയില്ലേ? നിൻ്റെ പ്രപിതാവായ അബ്ദുൽ മുത്വലിബിൻ്റെ സ്നേഹവും, അദ്ദേഹത്തിന് ശേഷം നിൻ്റെ പിതൃസഹോദരനായ അബൂ ത്വാലിബിൻ്റെ വാത്സല്യവും നിനക്കായി അവൻ കരുതി വെച്ചില്ലേ?
(7) എന്താണ് വേദഗ്രന്ഥമെന്നോ, എന്താണ് വിശ്വസിക്കേണ്ടതെന്നോ അറിയാത്ത നിലയിലായിരുന്നില്ലേ അവൻ നിന്നെ കണ്ടെത്തിയത്? എന്നിട്ട് നിനക്കറിയാത്തതെല്ലാം അവൻ നിനക്ക് പഠിപ്പിച്ചു നൽകിയില്ലേ?
(8) നിന്നെ ദരിദ്രനായല്ലേ അവൻ കണ്ടെത്തിയത്? എന്നിട്ട് നിന്നെ അവൻ ധന്യതയുള്ളവനാക്കിയില്ലേ?
(9) അതിനാൽ ചെറുപ്രായത്തിൽ പിതാവിനെ നഷ്ടപ്പെട്ട അനാഥയോട് നീ മോശമായി പെരുമാറരുത്; അവനെ അപമാനിക്കുകയുമരുത്.
(10) ആവശ്യക്കാരനായ, ചോദിച്ചു വരുന്നവരെ നീ ആട്ടിയോടിക്കരുത്.
(11) അല്ലാഹു നിനക്ക് ചെയ്ത അനുഗ്രഹങ്ങൾക്ക് നീ നന്ദി കാണിക്കുകയും, അതിനെ കുറിച്ച് നീ സംസാരിക്കുകയും ചെയ്യുക.