(1) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്ന കാര്യം നിൻ്റെ രക്ഷിതാവിൻ്റെ നാമം ഉച്ചരിച്ചു കൊണ്ട് വായിച്ചു തുടങ്ങുക. അവനാണ് എല്ലാത്തിനെയും സൃഷ്ടിച്ചവൻ.
(2) മനുഷ്യനെ അവൻ ഒരു ബീജമായിരുന്നതിന് ശേഷം, രക്തക്കട്ടയിൽ നിന്ന് അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
(3) അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു നിനക്ക് ബോധനം നൽകുന്നത് വായിക്കുക! നിൻ്റെ രക്ഷിതാവ് ഏറ്റവും ഔദാര്യമുള്ളവനാകുന്നു; അവനോളം ഔദാര്യമുള്ള മറ്റൊരാളുമില്ല തന്നെ. അവൻ ധാരാളമായി നന്മ ചൊരിയുന്നവനും ദാനം നൽകുന്നവനുമാകുന്നു.
(4) പേന കൊണ്ട് എഴുതാനും വരക്കാനും (മനുഷ്യനെ) പഠിപ്പിച്ചവൻ.
(5) മനുഷ്യന് മുൻപ് അറിയാതിരുന്നത് അവൻ പഠിപ്പിച്ചു നൽകിയിരിക്കുന്നു.
(6) സത്യം! തീർച്ചയായും അബൂ ജഹ്ലിനെ പോലെ തെമ്മാടിയായ മനുഷ്യർ അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ധിക്കരിക്കുന്നതിൽ അങ്ങേയറ്റം അതിരു കവിയുന്നു.
(7) തനിക്കുള്ള സ്ഥാനവും സമ്പാദ്യവും എന്തിനും മതിയായതാണെന്ന ചിന്ത കാരണത്താൽ.
(8) അല്ലയോ മനുഷ്യാ! തീർച്ചയായും നിൻ്റെ രക്ഷിതാവിങ്കലേക്കാണ് അന്ത്യനാളിൽ മടങ്ങാനുള്ളത്. ശേഷം എല്ലാവർക്കും അർഹമായ പ്രതിഫലം തന്നെ അവൻ നൽകും.
(9) വിലക്കുകയും വിരോധിക്കുകയും ചെയ്യുന്ന അബൂ ജഹ്ലിൻ്റെ കാര്യത്തെക്കാൾ അത്ഭുതകരമായ എന്തെങ്കിലും നീ കണ്ടിട്ടുണ്ടോ?
(10) നമ്മുടെ അടിമയായ മുഹമ്മദ് -ﷺ- കഅ്ബയുടെ അരികിൽ നിസ്കരിക്കുമ്പോൾ (അവൻ അദ്ദേഹത്തെ അതിൽ നിന്ന് തടയുന്നു).
(11) തൻ്റെ രക്ഷിതാവിൽ നിന്നുള്ള സന്മാർഗത്തിലും ഉറച്ച ബോധ്യത്തിലുമാണ് (നിസ്കരിക്കുന്നതിൽ നിന്ന്) വിലക്കപ്പെടുന്ന അദ്ദേഹം നിലകൊള്ളുന്നതെങ്കിലോ?
(12) അല്ലെങ്കിൽ അദ്ദേഹം ജനങ്ങളോട് അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടുനിന്നും അല്ലാഹുവിനെ സൂക്ഷിക്കണമെന്നാണ് കൽപ്പിക്കുന്നതെങ്കിലോ? ഈ രൂപത്തിലുള്ള ഒരാൾ (കഅ്ബയുടെ സമീപത്ത് ആരാധിക്കുന്നതിൽ നിന്ന്) വിലക്കപ്പെടേണ്ടതുണ്ടോ?
(13) (നബി -ﷺ- യെ) വിലക്കുന്ന ഇയാൾ നബി -ﷺ- എത്തിച്ചു കൊടുത്ത (സത്യം) നിഷേധിക്കുകയും, അതിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്യുന്നെങ്കിൽ അവൻ്റെ അവസ്ഥയെന്താണ്? അവൻ അല്ലാഹുവിനെ ഭയക്കുന്നില്ലേ?!
(14) നിസ്കാരത്തിൽ നിന്ന് തടയുന്ന ഈ വ്യക്തി അല്ലാഹു അവനെ കാണുന്നുണ്ടെന്നും, അവൻ്റെ അടുക്കൽ നിന്ന് ഒരു കാര്യവും മറഞ്ഞു പോവുകയില്ലെന്നും മനസ്സിലാക്കിയിട്ടില്ലേ?
(15) ഈ വിഡ്ഡി ധരിച്ചു വെച്ചിരിക്കുന്നത് പോലെയല്ല കാര്യം. നമ്മുടെ അടിമയായ മുഹമ്മദ് നബി -ﷺ- യെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കുകയും, അദ്ദേഹത്തെ കളവാക്കുന്നതിൽ നിന്ന് അവൻ പിന്തിരിയുകയും ചെയ്തിട്ടില്ലെങ്കിൽ, അവൻ്റെ മൂർദ്ധാവ് ശക്തിയായി പിടിച്ചു വലിച്ചു കൊണ്ട് അവനെ നരകത്തിലേക്ക് ഇടുന്നതാണ്.
(16) ആ മൂർദ്ധാവിൻ്റെ ഉടമ സംസാരിച്ചാൽ കള്ളം പറയുന്നവനും, പ്രവർത്തനത്തിൽ തെറ്റ് സംഭവിച്ചവനുമാണ്.
(17) മൂർദ്ധാവിൽ പിടിച്ച് അവനെ നരകത്തിലേക്ക് വലിക്കുന്ന വേളയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവൻ തൻ്റെ കൂട്ടുകാരെയും, സദസ്സിലെ കൂട്ടാളികളെയും വിളിച്ച് സഹായം തേടി നോക്കട്ടെ
(18) നരകത്തിൻ്റെ കാവൽക്കാരായ പരുഷരായ, അല്ലാഹുവിൻ്റെ ഒരു കൽപ്പനയും ധിക്കരിക്കാത്ത, അവൻ കൽപ്പിച്ചത് പ്രവർത്തിക്കുന്ന, മലകുകളെ നാമും വിളിക്കാം. ഏത് കൂട്ടരാണ് കൂടുതൽ ശക്തിയും കഴിവുമുള്ളവരെന്ന് അവൻ നോക്കട്ടെ.
(19) നിന്നെ ഉപദ്രവമേൽപ്പിക്കാം എന്ന ഈ അതിക്രമിയുടെ ധാരണ പോലെയല്ല കാര്യം. അതിനാൽ നീ അവൻ്റെ കൽപ്പനയോ വിലക്കോ അനുസരിക്കേണ്ടതില്ല. നീ അല്ലാഹുവിന് സാഷ്ടാംഘം വീഴുകയും, നന്മകൾ പ്രവർത്തിച്ചു കൊണ്ട് അവനിലേക്ക് അടുക്കുകയും ചെയ്യുക.