98 - Al-Bayyina ()

|

(1) യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ തങ്ങളുടെ (പിഴച്ച) വിശ്വാസത്തിലുള്ള അവരുടെ യോജിപ്പും ഒരുമയും വിട്ടുപോരുകയേ ഇല്ല; അവർക്ക് വ്യക്തവും ശക്തവുമായ തെളിവ് വന്നു കിട്ടുന്നത് വരെ.

(2) - ശുദ്ധിയുള്ളവരല്ലാതെ സ്പർശിക്കാത്ത - പരിശുദ്ധമാക്കപ്പെട്ട ഏടുകൾ പാരായണം ചെയ്യുന്ന, അല്ലാഹു നിയോഗിക്കുന്ന ഒരു ദൂതനാണ് (അവർ കാത്തിരിക്കുന്ന) ഈ വ്യക്തമായ തെളിവ്.

(3) ആ ഏടുകളിൽ സത്യസന്ധമായ വർത്തമാനങ്ങളും, നീതിപൂർവ്വകമായ വിധിവിലക്കുകളുമാണ് ഉള്ളത്. അവർക്ക് നന്മയുള്ളതിലേക്ക് അത് ജനങ്ങളെ നയിക്കുന്നു.

(4) തൗറാത്ത് നൽകപ്പെട്ട യഹൂദരോ, ഇഞ്ചീൽ നൽകപ്പെട്ട നസ്വാറാക്കളോ ഭിന്നിച്ചത് അല്ലാഹു അവരിലേക്ക് നബിയെ നിയോഗിക്കാതെയല്ല; (നബിയെ നിയോഗിച്ചതിന് ശേഷം തന്നെയാണ് അവർ ഭിന്നിച്ചത്). അവരിൽ ചിലർ മുസ്ലിംകളായി. മറ്റു ചിലർ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയുടെ സത്യസന്ധത വ്യക്തമായി ബോധ്യപ്പെട്ടിട്ടും തങ്ങളുടെ നിഷേധത്തിൽ ഉറച്ചു നിൽക്കുകയും ചെയ്തു.

(5) അവരുടെ ഗ്രന്ഥങ്ങളിൽ - തൗറാത്തിലും ഇഞ്ചീലിലും - കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മാത്രമേ ഈ ഖുർആനിലും കൽപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നറിയുമ്പോഴാണ് യഹൂദ-നസ്വാറാക്കളുടെ അതിക്രമത്തിൻ്റെ വലിപ്പവും അവരുടെ ശത്രുതയും മനസ്സിലാവുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക, ബഹുദൈവാരാധന ഉപേക്ഷിക്കുക, നിസ്കാരം നിലനിർത്തുകയും സകാത്ത് നൽകുകയും ചെയ്യുക; (ഇതൊക്കെയാണ് ആ കൽപ്പനകൾ). ഈ കൽപ്പിക്കപ്പെട്ട കാര്യങ്ങൾ തന്നെയാകുന്നു വളവുകളില്ലാത്ത നേരായ മതം.

(6) തീർച്ചയായും യഹൂദ-നസ്വാറാക്കളിലും ബഹുദൈവാരാധകരിലും പെട്ട (ഇസ്ലാമിനെ) നിഷേധിച്ചവർ അന്ത്യനാളിൽ നരകാഗ്നിയിൽ പ്രവേശിക്കുകയും, അതിൽ ശാശ്വതരായി വസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തതിനാൽ അവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവർ.

(7) തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർ തന്നെയാകുന്നു സൃഷ്ടികളിൽ ഏറ്റവും ഉത്തമർ.

(8) അവരുടെ രക്ഷിതാവിങ്കൽ അവർക്കുള്ള പ്രതിഫലം സ്വർഗത്തോപ്പുകളാകുന്നു. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകി കൊണ്ടിരിക്കും. അതിലവർ ശാശ്വതരായി വസിക്കുന്നതായിരിക്കും. അവർ അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു എന്നതിനാൽ അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അവർക്ക് അല്ലാഹു കാരുണ്യമായി നൽകിയ അനുഗ്രഹങ്ങളിൽ അവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടിരിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുകയും, അവൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവൻ്റെ വിലക്കുകളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നവർക്ക് ഈ കാരുണ്യം ലഭിക്കുന്നതായിരിക്കും.